অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

തലകറക്കം ; കാരണങ്ങളും പരിഹാരമാര്‍ഗങ്ങളും

തലകറക്കം ; കാരണങ്ങളും പരിഹാരമാര്‍ഗങ്ങളും

ഡോ. എസ്. സുജാത

സര്‍ക്കസ്സിലെ അഭ്യാസികള്‍ ഞാണിലൂടെ നടക്കുന്നത് കൈയടിയോടെ നാം കണ്ടു രസിക്കാറില്ലേ. സത്യത്തില്‍ നമ്മുടെ ഓരോരുത്തരുടെയും ശരീരം ദിവസവും ഇത്തരത്തില്‍ ബാലന്‍സ് ചെയ്യുന്നതുകൊണ്ടാണ് താഴെവീഴാതെ നടക്കാനും ഇരിക്കാനും കിടക്കാനും സാധിക്കുന്നത്. ഇതിന് സഹായിക്കുന്നത് ആന്തരികകര്‍ണത്തിലെ വളരെ സൂക്ഷ്മങ്ങളായ മൂന്ന് അവയവങ്ങളാണ് - യൂട്രിക്കിള്‍, സാക്ക്യൂള്‍, സെമിസര്‍ക്കുലര്‍ കനാലുകള്‍.

ഇവയെ പ്രത്യേക തരം ദ്രാവകം നിറച്ച ട്യൂബുകളോട് ഉപമിക്കാം. ഇതിനുള്ളില്‍ ചോക്കുപോലുള്ള കല്ലുകളും രോമം കൊണ്ടുള്ള ബ്രഷുപോലുള്ള പദാര്‍ഥങ്ങളുമുണ്ട്. തല മുന്നിലേക്കോ പുറകിലേക്കോ വശങ്ങളിലേക്കോ ചെരിയുമ്പോള്‍ ഈ ദ്രാവകവും അതിനുള്ളിലെ പദാര്‍ഥങ്ങളും ഇളകി മാറുന്നു. തത്സമയത്ത് ഉണ്ടാകുന്ന പ്രത്യേകതരം സിഗ്‌നലുകള്‍ തലച്ചോറിലേക്ക് കൈമാറും. തുടര്‍ന്ന് ചലനം സംബന്ധിച്ച വിവരങ്ങളും നിര്‍ദേശങ്ങളും തലച്ചോറില്‍ നിന്ന് ശരീരത്തിലെ വിവിധ മാംസപേശികളിലേക്ക് അയക്കപ്പെടുന്നു. നമ്മുടെ ബോധപൂര്‍വമായ സഹായമില്ലാതെ തന്നെ ശരീരത്തിന്റെ സന്തുലനം പരിപാലിക്കപ്പെടുന്നത് ഇങ്ങനെയാണ്. ഈ പ്രക്രിയയിലെ ഏറ്റവും പ്രധാനഭാഗം ചെവിയാണെന്ന് മനസ്സിലായിക്കാണുമല്ലോ. കണ്ണ്, തലച്ചോറിലെ സെറിബെല്ലം, കൈകാലുകളിലെ മാംസപേശികള്‍ എന്നിവയാണ് മറ്റ് പ്രധാന അവയവങ്ങള്‍.

പലപ്രാവശ്യം വട്ടംകറങ്ങി നിന്നുകഴിയുമ്പോള്‍ താഴെവീഴുമെന്ന തോന്നലുണ്ടാകാറില്ലേ. ഇത്തരത്തിലുള്ള തോന്നലാണ് 'വെര്‍ട്ടിഗോ'. ചെവിയുടെയോ കണ്ണിന്റെയോ മാംസപേശികളുടെയോ തലച്ചോറിന്റെ തന്നെയോ സാധാരണഗതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കേടുപറ്റുമ്പോള്‍ ഉണ്ടാകുന്ന അസുഖത്തിന്റെ ബാഹ്യലക്ഷണമാണ് വെര്‍ട്ടിഗോ. കറക്കം എന്നര്‍ഥംവരുന്ന ലാറ്റിന്‍ വാക്കില്‍ നിന്നാണ് വെര്‍ട്ടിഗോ ഉണ്ടായത്.

വെര്‍ട്ടിഗോ ഒരു രോഗമല്ല എന്നും രോഗലക്ഷണമാണെന്നും വ്യക്തമായല്ലോ. ഏതൊക്കെ രോഗങ്ങളാണ് വെര്‍ട്ടിഗോ ഉണ്ടാക്കുന്നതെന്ന് നോക്കാം.

ബി.പി.പി.വി. അഥവാ ബിനെയ്ന്‍ പരോക്‌സിസ്മല്‍ പൊസിഷണല്‍ വെര്‍ട്ടിഗോ:ഇത് വളരെ സാധാരണമാണ്. തലയുടെയോ കഴുത്തിന്റെയോ ഏതെങ്കിലും രീതിയിലുള്ള ചലനസമയത്ത് മാത്രമായി സംഭവിക്കുന്ന ഈ തലകറക്കം സെക്കന്‍ഡുകള്‍ക്കുള്ളില്‍ മാറിപ്പോകുന്നു. ആന്തരികകര്‍ണത്തിലെ യൂട്രിക്കിളിനുള്ളില്‍ ചോക്കുപോലുള്ള പദാര്‍ഥങ്ങളുണ്ടെന്ന് നേരത്തേ പറഞ്ഞല്ലോ. ഇവയുടെ സ്ഥാനമാറ്റംകൊണ്ടാണ് ബി.പി.പി.വി. ഉണ്ടാകുന്നത്. പ്രായമേറുന്നതും തലയ്‌ക്കേല്‍ക്കുന്ന ക്ഷതങ്ങളുമാണ് ഇതിന്റെ പ്രധാനകാരണങ്ങള്‍.

വെര്‍ട്ടിഗോ ഉണ്ടാക്കുന്ന മറ്റൊരു അസുഖമാണ് മെനിയേസ് ഡിസീസ്.ചെവിക്കുള്ളിലെ എന്റോലിംഫ് എന്ന ദ്രാവകം കൂടുതലാവുന്നതാണ് ഇതിന് കാരണം. ഈ അസുഖത്തില്‍,

തലകറക്കത്തോടൊപ്പം ചെവിയില്‍ പ്രത്യേക തരം ശബ്ദങ്ങള്‍, കേള്‍വിക്കുറവ്, ശക്തിയായ ഛര്‍ദി, ഓക്കാനം എന്നിവയും കാണാറുണ്ട്. അലര്‍ജി, വൈറല്‍ അണുബാധ, തലയ്‌ക്കേല്‍ക്കുന്ന ക്ഷതങ്ങള്‍, യാത്രചെയ്യുമ്പോഴുണ്ടാകുന്ന മോഷന്‍ സിക്ക്‌നസ്, മാനസിക പിരിമുറുക്കം, ചിലതരം മരുന്നുകള്‍, അമിതമായ മദ്യപാനം, അപസ്മാരം, മൈഗ്രേന്‍ എന്നിവയാണ് മറ്റു കാരണങ്ങള്‍.

തലച്ചോറിന്റെയോ സെറിബെല്ലത്തിന്റെയോ തകരാറുകള്‍കൊണ്ടുണ്ടാകുന്ന വെര്‍ട്ടിഗോ കൂടുതല്‍ ഗുരുതരമാണ്. ഇത്തരം തലകറക്കത്തോടൊപ്പം പക്ഷാഘാതം, കാഴ്ചക്കുറവ്, സംസാരശേഷിക്ക് വൈകല്യങ്ങള്‍ എന്നിവ സംഭവിക്കാം.

ലോകാരോഗ്യസംഘടന നടത്തിയ പഠനങ്ങളില്‍, 65 വയസ്സിനു മുകളിലുള്ള 40 ശതമാനത്തോളം പേരും വെര്‍ട്ടിഗോ മൂലമുള്ള പ്രയാസങ്ങള്‍ അനുഭവിക്കുന്നുണ്ട്. തലച്ചോറിന്റെ പ്രത്യേക ഭാഗങ്ങളിലേക്കുള്ള രക്തപ്രവാഹം പ്രായമേറുന്തോറും കുറഞ്ഞുവരുന്നു. ആന്തരിക കര്‍ണത്തിലെ ഞരമ്പുകളുടെ ശേഷി കുറയുകയും ചെയ്യും. ഇതുമൂലം വീഴാനുള്ള സാധ്യത കൂടുതലാണ്.

ഈയൊരു പേടികൊണ്ട് അധികംപേരും പുറത്തിറങ്ങാനോ ചെറിയ ജോലികള്‍പോലും ചെയ്യാനോ നില്ക്കാതെ മുറിക്കുള്ളില്‍ത്തന്നെ കഴിച്ചുകൂട്ടുന്നു. ഇത് പ്രായക്കൂടുതലിനോടൊപ്പം ഒറ്റപ്പെടലിനും നിരാശയ്ക്കും കാരണമാകാം.

ഇത്രയേറെ ബുദ്ധിമുട്ടുണ്ടാക്കുന്ന വെര്‍ട്ടിഗോ എന്ന രോഗാവസ്ഥയുടെ പരിഹാരം നേരത്തേയുള്ള രോഗനിര്‍ണയവും ചികിത്സയുമാണ്. രോഗലക്ഷണങ്ങളെക്കുറിച്ചുള്ള കൃത്യവും സൂക്ഷ്മവുമായ വിവരണം ഡോക്ടര്‍ക്ക് നലേ്കണ്ടതാണ്.

ഡിക്‌സ് ഹോള്‍പ്പൈക്ക് എന്ന ടെസ്റ്റ് വഴി ബി.പി.പി.വി. കൃത്യമായി കണ്ടുപിടിക്കാം. തലയുടെ പ്രത്യേക രീതിയിലുള്ള ചലനങ്ങള്‍ വെര്‍ട്ടിഗോ ഉണ്ടാക്കുന്നുണ്ടോയെന്ന് കണ്ടെത്തുന്ന പരിശോധനയാണിത്.

ഓഡിയോഗ്രാം, ഇലക്‌ട്രോ കോക്ലിയോഗ്രാഫി, റൊട്ടേഷന്‍ ടെസ്റ്റ്, ഓട്ടോ അക്ദാസ്റ്റിക് എമിഷന്‍, എം.ആര്‍.ഐ. സ്‌കാന്‍, സി.ടി. സ്‌കാന്‍ തുടങ്ങി ധാരാളം പരിശോധനകളിലൂടെ ആന്തരിക കര്‍ണത്തിന്റെ പ്രവര്‍ത്തനക്ഷമത തിട്ടപ്പെടുത്താം. രോഗത്തിന്റെ ഗൗരവമനുസരിച്ച് പരിശോധനകള്‍ വ്യത്യസ്തമാണ്.രോഗകാരണം കണ്ടുപിടിച്ചു കഴിഞ്ഞാല്‍ ചികിത്സ ഏറെക്കുറെ എളുപ്പമാണ്.തലച്ചോറിലെ മുഴകള്‍ ഓപ്പറേഷന്‍ വഴി ഭേദമാക്കാം. ആന്തരിക കര്‍ണത്തിലെ ദ്രാവകത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ ക്രമീകരിക്കാനും അങ്ങോട്ടുള്ള രക്തപ്രവാഹം നിയന്ത്രിക്കാനും മരുന്നുകള്‍ ലഭ്യമാണ്. പൊസിഷണല്‍ വെര്‍ട്ടിഗോയുടെ പരിഹാരം കഴുത്തിനും തലയ്ക്കും വിദഗ്ധ ഡോക്ടറുടെ മേല്‍നോട്ടത്തില്‍ നല്‍കുന്ന പ്രത്യേക വ്യായാമങ്ങളാണ്. ഇതിനെ എപ്പിലി മനുവിയര്‍ എന്നുവിളിക്കുന്നു.

ആന്തരിക കര്‍ണത്തിലെ പ്രത്യേക ഖരപദാര്‍ഥങ്ങള്‍ക്കുണ്ടാകുന്ന സ്ഥാനവ്യതിയാനം കൊണ്ടാണല്ലോ ബി.പി.പി.വി. ഉണ്ടാകുന്നത്. വ്യായാമചികിത്സയിലൂടെ അവയെ പൂര്‍വസ്ഥിതിയില്‍ ആക്കാനാകും. അഞ്ചു പ്രത്യേക ദിശകളിലേക്ക് തലയേയും കഴുത്തിനേയും തിരിക്കുകയാണ് ചെയ്യുന്നത്. ഇത് ചെയ്തശേഷം രോഗിക്ക് 48 മണിക്കൂര്‍ വിശ്രമം ആവശ്യമാണ്. അല്ലാത്തപക്ഷം തലകറക്കം കൂടുതലാവാന്‍ സാധ്യതയുണ്ട്.

ഒരിക്കല്‍ ഭേദമായാല്‍ വീണ്ടും വരാതിരിക്കാന്‍ വ്യായാമങ്ങള്‍ ചെയ്യണം. ഇരുന്നും കിടന്നും നടന്നും ചെയ്യാവുന്ന ഈ വ്യായാമങ്ങള്‍ ദിവസേന 20 മുതല്‍ 30 മിനിറ്റുവരെ ചെയ്യണം. വെര്‍ട്ടിഗോ ഉണ്ടാകുന്നത് പ്രത്യേക ചില ചലനങ്ങളുടെ സമയത്ത് മാത്രമായതിനാല്‍ അത്തരം ചലനങ്ങള്‍ ഒഴിവാക്കാനാണ് നമ്മുടെ പ്രവണത. എന്നാല്‍ ഇതു രോഗശമനത്തിനുള്ള സാധ്യത കുറയ്ക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം നിര്‍ദിഷ്ട വ്യായാമങ്ങള്‍ കൃത്യസമയത്ത് ചെയ്യണം.

ചുരുക്കത്തില്‍, ശരീരത്തിന്റെ സമതുലനാവസ്ഥയ്ക്ക് വരുന്ന ഏതുമാറ്റവും എത്രയും പെട്ടെന്ന് ഡോക്ടറെ അറിയിക്കണം. എന്നാല്‍ മാത്രമേ മറ്റു പരിശോധനകളിലൂടെ ശരിയായ രോഗനിര്‍ണയം സാധ്യമാകൂ. അതിലൂടെ, വെര്‍ട്ടിഗോ എന്ന ഈ ശാരീരികാവസ്ഥയില്‍ നിന്നും മോചനം നേടാനാവും.

അശ്വതി പി.എസ്

അവസാനം പരിഷ്കരിച്ചത് : 3/13/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate