অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ചിക്കുൻഗുനിയ

ചികുന്‍ ഗുനിയ വൈറസിന്റെ ജാതകം

ഇന്നോ ഇന്നലെയോ ഭൂമിയിലവതരിച്ച രോഗമൊന്നുമല്ല ചികുന്‍ഗുനിയ. ലോകാരോഗ്യസംഘടനയുടെ 2006ലെ റിപ്പോട്ട് പ്രകാരം 1779മുതല്‍ക്കേ ചികുന്‍ഗുനിയ പ്രചാരത്തിലുണ്ട്. ഡെങ്കിപ്പനി, എലിപ്പനി എന്നിവയുമായി ലക്ഷണങ്ങളില്‍ നല്ല സാമ്യമുള്ളതിനാലാവാം ചികുന്‍ഗുനിയയെ മുന്‍കാലങ്ങളില്‍ വേര്‍തിരിക്കാന്‍ പ്രയാസമായിരുന്നു. മൊസാംബീക്കും റ്വാണ്ട ബുറുണ്ടി ടാന്‍സാനിയയെന്നിവയടങ്ങുന്ന ടാഞ്ജാന്യിക്കയും ഉള്‍പ്പടെയുള്ള കിഴക്കന്‍ ആഫ്രിക്കന്‍ പ്രദേശങ്ങളില്‍ 1952ലാണ് ആദ്യമായി മനുഷ്യനില്‍ നിന്നും കൊതുകില്‍ നിന്നും ചികുന്‍ഗുനിയ വൈറസ് കണ്ടെത്തുന്നത്. മക്കോണ്ടെ ഭാഷയിലെ "ഒടിഞ്ഞുമടങ്ങി നില്‍ക്കുന്ന" എന്നര്‍ത്ഥം വരുന്ന 'കുന്‍ഗുന്യാല' എന്ന മൂലപദത്തില്‍ നിന്നാണ് ചികുന്‍ഗുനിയ എന്ന പേരുവരുന്നത്. പിന്നീട് 1958, '63, '73 എന്നിങ്ങനെ പല കാലഘട്ടങ്ങളിലായി ഈ വൈറസിന്റെ മൂന്ന് ഉപവര്‍ഗ്ഗങ്ങളെ സ്ഥിരീകരിച്ചിട്ടുണ്ട് - പടിഞ്ഞാറേ ആഫ്രിക്കന്‍, കിഴക്കനാഫ്രിക്കന്‍, ഏഷ്യന്‍ എന്നിങ്ങനെ വിളിക്കാം ഇവയെ. 2006ലെ തെക്കേയിന്ത്യന്‍ ചികുന്‍ ഗുനിയ പകര്‍ച്ചപ്പനിക്കാലത്തിനു മുന്‍പ് ഇന്ത്യയില്‍ 1963-73 കാലത്താണ് ഇന്ത്യയില്‍ ഇത് റിപ്പോട്ട് ചെയ്യപ്പെട്ടത്. അക്കാലത്ത് ബംഗാളില്‍ 200-ഓളം പേരുടെ മരണത്തിനിടയാക്കുകയും ചെയ്തു ഈ രോഗം. തായ്ലന്റ്, മൗറീഷ്യസ്, മലേഷ്യ ഓസ്ട്രേയ്ലിയ തുടങ്ങി ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപസമൂഹങ്ങളിലും ഇറ്റലി ഫ്രാന്‍സ് ഉള്‍പ്പടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളിലുമൊക്കെ ഈ രോഗം റിപ്പോട്ട്ചെയ്തിട്ടുണ്ട്

വൈറസ്സിന് ജീവനുള്ള കോശത്തിനു വെളിയില്‍ ജീവിക്കുക ഏറെക്കുറേ അസാധ്യമാണ്. അതിനാല്‍ അത് ഒരു ജന്തുവില്‍ നിന്ന് മറ്റൊന്നിലേയ്ക്ക് തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്നതിലൂടെയാണ് വംശനാശം സംഭവിക്കാതെ നിലനിന്ന് പോരുന്നത്. ചികുന്‍ ഗുനിയ വൈറസ് അഥവാ ചിക്-വൈറസ് (CHIK-V) മൂന്ന് ജനിതകരൂപത്തില്‍ കാണുന്നുവെന്ന് പറഞ്ഞല്ലോ. വൈറസിന്റെ പ്രോട്ടീന്‍ ആവരണത്തിലെ ചില്ലറ മാറ്റങ്ങളാണ് ഈ രൂപവ്യതിയാനത്തിനു മുഖ്യകാരണമെങ്കിലും ഇവ സംക്രമിക്കുന്ന രീതിയും അല്പം വ്യത്യസ്തമാണ്. ഉദാഹരണത്തിന് ചിക് വൈറസിന്റെ ആഫ്രിക്കന്‍ ഉപവര്‍ഗ്ഗങ്ങള്‍ കാട്ടുകുരങ്ങുകളില്‍ നിന്നും കൊതുകിലേയ്ക്കും അവിടെ നിന്ന് മനുഷ്യരിലേയ്ക്കും സംക്രമിക്കുന്ന രീതിയിലാണ് പരിണമിച്ചിരിക്കുന്നത് (ഇതിനെ sylvatic cycle എന്നു വിളിക്കും). മനുഷ്യന്‍ എന്ന കണ്ണി ഇല്ലാതായാലും കുരങ്ങും കൊതുകും തമ്മിലുള്ള "കൊടുക്കല്‍ വാങ്ങലി"ലൂടെ ഈ ചാക്രിക പ്രക്രിയ തുടരുമെന്നര്‍ത്ഥം. ചിക് വൈറസിന്റെ ഏഷ്യന്‍ ഉപവര്‍ഗ്ഗമാകട്ടെ കൊതുകില്‍ നിന്ന് മനുഷ്യനിലേയ്ക്കും അവിടെ നിന്ന് മറ്റൊരു കൊതുകുവഴി മറ്റൊരു മനുഷ്യനിലേയ്ക്കും എന്ന രീതിയിലാണ് സംക്രമിക്കുക (mosquito-human-mosquito cycle). മനുഷ്യവാസം വര്‍ധിച്ചതിന്റെ ഫലമായുണ്ടായ പാരിണാമിക മാറ്റമാവാം ഇത്.

ചിക് വൈറസിന്റെ ഉപവര്‍ഗ്ഗങ്ങളെല്ലാം എയീഡിസ് ഈജിപ്റ്റി (Aedes aegypti) എന്ന ഒരു കടുവാക്കൊതുകു സ്പീഷീസിന്റെ കുത്തുവഴിയാണ് പ്രധാനമായും പകരുകയെങ്കിലും ഏയീഡിസ് കൊതുകിന്റെ തന്നെ മറ്റ് പല സ്പീഷിസുകളിലും, എന്തിന് മന്ത് പരത്തുന്ന ക്യൂലെക്സ് കൊതുകില്‍ പോലും ഈ വൈറസ് കണ്ടെത്തപ്പെട്ടിട്ടുണ്ട്. ശരീരത്തില്‍ കടുവയുടെ പോലെ വരകളുള്ള കൊതുകിനെയാണ് കടുവാക്കൊതുകെന്ന് വിളിക്കുന്നത്. എന്നാല്‍ ഇത്തവണ കേരളത്തെയടക്കം ആക്രമിച്ച ചിക് പകര്‍ച്ചവ്യാധിക്ക് ഒരു വ്യത്യസ്തതയുണ്ട്. 2005ന് ശേഷം കണ്ടെത്തിയ വൈറല്‍ സാമ്പിളുകളില്‍ 90%ത്തിനും ഒരു അതിസൂക്ഷ്മ മ്യൂട്ടേഷന്‍ വന്നിട്ടുള്ളതായും അതുമൂലം എയീഡിസ് കൊതുകുകള്‍ക്ക്, വിശേഷിച്ച് മുന്‍പ് ഈ വൈറസ് പകര്‍ത്തുന്നതില്‍ കാര്യമായ പങ്കില്ലാതിരുന്ന ഏയീഡിസ് ആല്‍ബൊപിക്റ്റസ് (Ae. albopictus) എന്ന കൊതുകു സ്പീഷീസിന് ഈ വൈറസിനെ കൂടുതല്‍ എളുപ്പം മനുഷ്യനിലേയ്ക്ക് സംക്രമിപ്പിക്കാനാവും എന്നും നമുക്ക് മനസ്സിലായി. 2005ഡിസംബറില്‍ ആന്ധ്രാപ്രദേശിലെ അനന്ത്പുര്‍ ജില്ലയിലാരംഭിച്ച് ദക്ഷിണേന്ത്യയിലാകെ പടര്‍ന്ന രണ്ടാം ചികുന്‍ ഗുനിയ സീസണിലാണ് ഇന്ത്യയില്‍ ഈ വൈറസിന്റെ ആഫ്രിക്കന്‍ ഉപവര്‍ഗ്ഗം (East Central South African genotype) വ്യാപിക്കുന്നത്. 2006 പകുതിയായപ്പോള്‍ തന്നെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമാത്രം ഏതാണ്ട് 10 ലക്ഷം ചികുന്‍ ഗുനിയ കേസുകള്‍ റിപ്പോട്ട് ചെയ്യപ്പെട്ടു.

ഈ മ്യൂട്ടേഷന്റെ സങ്കീര്‍ണതകളിലേയ്ക്ക് കടക്കുന്നില്ല, എങ്കിലും ഇത്രമാത്രം പറയാം - ഈ പരിവര്‍ത്തനം മൂലം കൂടുതല്‍ ഫലപ്രദമായി വൈറസിനു പെരുകാനും കൊതുകില്‍ നിന്ന് മനുഷ്യനിലേയ്ക്ക് സംക്രമിക്കാനും ആവുന്നു. ഈ മ്യൂട്ടേഷന്‍ ജൈവായുധനിര്‍മാണ വേളയില്‍ സംഭവിച്ചതാണെന്നും മറ്റുമുള്ള "ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ " ഒരുപാട് കറങ്ങി നടപ്പുണ്ട്. അതെന്തായാലും ഇങ്ങനൊരു മ്യൂട്ടേഷന്‍ വൈറസുകളുടെ ജൈവ ചക്രത്തില്‍ ആരും കൃത്രിമമായി ഉണ്ടാക്കാതെ തന്നെ സ്വാഭാവികമായി വരാവുന്നതേയുള്ളൂ. ഇന്‍ഫ്ലുവെന്‍സ വൈറസുകള്‍ തന്നെ മികച്ച ഉദാഹരണം.

എന്തുകൊണ്ട് ചികുന്‍ ഗുനിയ ?

ചിക് വൈറസിന്റെ മൂന്ന് ഉപവര്‍ഗങ്ങളും ഒരേ ആദിമ ആഫ്രിക്കന്‍ വര്‍ഗത്തില്‍ നിന്ന് പരിണമിച്ചു പിരിഞ്ഞതാണെന്ന് ജനിതകപഠനങ്ങള്‍ തെളിവു നല്‍കുന്നു. മുപ്പത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയെ ആക്രമിച്ച ചിക് വൈറസിന്റെ ഏഷ്യന്‍ ജനിതക ഉപവര്‍ഗ്ഗത്തില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ വന്നിരിക്കുന്നത് ആഫ്രിക്കന്‍ ഉപവര്‍ഗ്ഗമാണ്. അതും രോഗവ്യാപനതീവ്രത വര്‍ധിപ്പിക്കുന്ന ഒരു ജനിതവ്യതിയാനത്തോടുകൂടി.

യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്ക് ചികുന്‍ ഗുനിയ വ്യാപിച്ച സമയത്ത് നടന്ന പഠനങ്ങള്‍ വിരല്‍ ചൂണ്ടിയത് രണ്ട് കാരണങ്ങളിലേയ്ക്കാണ് : ഒന്ന്, ടൂറിസ്റ്റുകള്‍ വഴി വിദേശത്തു നിന്നാവാം വൈറസ് ആദ്യമായി അവിടെ എത്തിയത്. രണ്ട്, ചൂട് കൂടുന്ന കാലത്ത് കൊതുകിന്, വിശേഷിച്ച് എയീഡിസ് കൊതുകിനുണ്ടാകുന്ന സംഖ്യാവര്‍ധനവ്. കാട്ടുകുരങ്ങും കൊതുകുമടങ്ങുന്ന ചാക്രിക വ്യവസ്ഥയില്‍ നിന്നും നേരിട്ട് മനുഷ്യനെ കണ്ണിചേര്‍ത്തുള്ള വ്യവസ്ഥയിലേയ്ക്ക് ഈ വൈറസിന്റെ ജീവചക്രം പരിണമിച്ചതും നമുക്കറിയാം.

കേരളത്തെപ്പോലെ മഴലഭ്യത കൂടുതലുള്ള, മഴവെള്ളം കെട്ടിനിന്ന് കൊതുകുപെരുകാന്‍ സാധ്യതയേറെയുള്ള ഒരു സ്ഥലത്ത് കൊതുകുജന്യ രോഗങ്ങള്‍ ഒരുകാലത്തും വിട്ടുമാറാന്‍ പോകുന്നില്ല. കൊതുകിലൂടെ പകരാന്‍ സാധ്യതയുള്ള ജനിതക മ്യൂട്ടേഷന്‍ വന്നതോ അല്ലാത്തതോ ആയ വൈറസുകള്‍ക്ക് അങ്ങനെയുള്ള പ്രദേശങ്ങളില്‍ "കൊയ്ത്തുകാല"മായിരിക്കുമെന്നതില്‍ സംശയമൊന്നും വേണ്ട. ചികുന്‍ ഗുനിയ പകര്‍ച്ചവ്യാധി ആ നിലയ്ക്ക് നോക്കുമ്പോള്‍ പൊട്ടാന്‍ കാത്തിരുന്ന ഒരു ടൈം ബോംബാണ്. അതില്‍ ആരെയും പഴിപറഞ്ഞിട്ടും കാര്യമില്ല. ജനസാന്ദ്രതക്കൂടുതല്‍ മൂലം ഒരു രോഗിയില്‍ നിന്ന് ഈ വൈറസിന് കൊതുകിന്റെ ശരീരത്തിലൂടെ മറ്റൊരു മനുഷ്യനിലേയ്ക്ക് പോകാന്‍ എളുപ്പമാകുന്നു. മനുഷ്യനാണ് ഇവിടെ ഈ വൈറസിന്റെ "സംഭരണി"യായി (reservoir) പ്രവര്‍ത്തിക്കുന്നത്.

വെള്ളം കെട്ടിനില്‍ക്കാനും കൊതുകിനു മുട്ടയിട്ട് പെരുകാനുമുള്ള എല്ലാ ഭൗതിക സാഹചര്യവും അനിവാര്യമായ നഗരവല്‍ക്കരണത്തിലൂടെ നമ്മള്‍ തന്നെ ഒരുക്കിക്കൊടുത്തിരിക്കുന്നു. മലിനജലത്തിലെ ബാക്റ്റീരിയ വിസര്‍ജ്ജിക്കുന്ന ചിലതരം കൊഴുപ്പുകണികകള്‍ പെണ്‍ കൊതുകിന് മുട്ടയിടാനുള്ള ജൈവപ്രേരണ നല്‍കുന്നു. ചെടിച്ചട്ടിയുടെ ചുവട്ടിലെയും മരപ്പൊത്തിനകത്തെയും പൊട്ടിയ ചട്ടിയുടെയും കലത്തിന്റെയും വലിച്ചെറിയുന്ന കരിക്കിന്‍ തൊണ്ടിലെയും ടയറുകളിലെയും കപ്പുകളിലെയും ചിരട്ടക്കഷ്ണങ്ങളിലെയും വെള്ളം മുതല്‍ ഓടകളിലെയും ടാങ്കുകളിലെയും കുപ്പികളിലെയും പൊട്ടക്കിണറുകളിലെയും കൂളറുകളിലെയും വെള്ളം വരെ ഈ കൊതുകുകള്‍ക്ക് മുട്ടയിടല്‍ കേന്ദ്രങ്ങളാണ്. റബര്‍ ടാപ്പിംഗിനായി കെട്ടിവയ്ക്കുന്ന ചിരട്ടയില്‍ നിറയുന്ന മഴവെള്ളം റബ്ബര്‍ കര്‍ഷകന്റെ അന്തകനാകുമ്പോള്‍ നഗരത്തിലെ ചേരികളില്‍ കൂട്ടിയിടുന്ന പ്ലാസ്റ്റിക് കുപ്പികളും പാട്ടകളും അവിടെ കൊതുകിന്റെ താണ്ഡവത്തിനു വേദിയാകുന്നു.

ഇങ്ങനെ എയീഡിസ് പകര്‍ത്തുന്ന രോഗങ്ങളില്‍ ചികുന്‍ഗുനിയ മാത്രമല്ല, ഡെങ്കിപ്പനി, മഞ്ഞപ്പനി, മസ്തിഷ്കത്തെ ബാധിക്കുന്ന ചിലതരം രോഗങ്ങള്‍ എന്നിങ്ങനെ മറ്റു ചിലതു കൂടിയുണ്ട്. രക്തമൂറ്റുന്ന കുഴലിലൂടെ കൊതുകിലേയ്ക്കെത്തുന്ന വൈറസ് അതിന്റെ വയറ്റിലും അണ്ഡാശയത്തിലുമൊക്കെ പെരുകുന്നു. അണ്ഡാശയത്തിലൂടെ കൊതുകിന്റെ മുട്ടയിലേയ്ക്കും ചിക്-വൈറസിന്റെ പകര്‍പ്പുകള്‍ ചെല്ലുന്നു. ഏറ്റവും ഭയാനകമായ അവസ്ഥ എയീഡിസ് കൊതുകിടുന്ന മുട്ടകള്‍ ഒരു വര്‍ഷം വരെ നശിക്കാതെ കിടക്കുമെന്നതാണ്. ഈ മഴക്കാലത്ത് ഇട്ട മുട്ടകള്‍ ഒരുപക്ഷേ അടുത്ത വേനലും കഴിഞ്ഞ് വരുന്ന മാസങ്ങളിലേ വിരിയുകയുള്ളൂ എന്നര്‍ത്ഥം.

ചികുന്‍ ഗുനിയ : ലക്ഷണശാസ്ത്രം

ഫ്രാന്‍സിലെ പാസ്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ എലികളില്‍ നടന്ന പഠനങ്ങളാണ് ചിക്-വൈറസ് മനുഷ്യനില്‍ എങ്ങനെയൊക്കെ പ്രവര്‍ത്തിക്കുന്നു എന്ന അനുമാനങ്ങള്‍ക്ക് നാന്ദിയായത്. രക്തമൂറ്റുന്ന സമയത്ത് കൊതുകില്‍ നിന്ന് നമ്മുടെ രക്തത്തിലേയ്ക്ക് പകരുന്ന വൈറസ് കരളില്‍ ചെന്നാണ് ആദ്യം കൂട്ടമായി പെരുകുക. അവിടെ നിന്ന് രക്തത്തിലെ ശ്വേതകോശങ്ങള്‍ വഴി പേശികളിലും സന്ധികളിലും ചര്‍മ്മപാളികളിലുമെത്തുന്നു. കൈകാലുകളിലെ സന്ധികളിലും പേശികളിലും ഇവ വീണ്ടും പെരുകുന്നതായാണ് കണ്ടിട്ടുള്ളത്. പേശികള്‍ അസ്ഥിയുമായി ചേരുന്ന സ്ഥാനങ്ങളും സന്ധികളുമൊക്കെ പൊതുവേ വേദന സംവേദനം ചെയ്യുന്ന നാഡികളുടെ സാന്ദ്രത കൂടിയ സ്ഥലങ്ങളാണ്. ഇതാവാം ചികുന്‍ഗുനിയയില്‍ ഇത്ര കടുത്ത സന്ധിവേദനയ്ക്ക് കാരണം. ചില അവസരങ്ങളില്‍ രക്തത്തിലെ ചിക്-വൈറസ് കോശങ്ങള്‍ ഏറെക്കുറേ ഇല്ലാതാവുകയും രോഗം ഏതാണ്ട് ഭേദമാകുകയും ചെയ്താലും കാലിലെ പേശികളില്‍ വൈറസ് കോശങ്ങള്‍ ആഴ്ചകളോളം നിലനില്‍ക്കുന്നതായി കണ്ടിട്ടുണ്ട്.വൈറസ് ആക്രമണത്തെത്തുടര്‍ന്നുള്ള നീര്‍ക്കെട്ട് മൂലം പേശികളുടെയും സന്ധിയിലെ തരുണാസ്ഥിയുടെയും (cartilage) അവസ്ഥ സന്ധിവാതത്തിലും മറ്റും കാണുന്നതിനു സമാനമാവുന്നു എന്നാണ് പരിശോധനകളില്‍ തെളിയുന്നത്. ചികുന്‍ ഗുനിയ വന്നതിനു ശേഷവും ദീര്‍ഘകാലത്തേയ്ക്ക് സന്ധിവേദനയും കൈകാല്‍ കഴപ്പും മറ്റും വരുന്നത് ഇതുമൂലമാവണം.

ഒരു ശരാശരി രോഗിയില്‍ പനിയായിട്ടാണ് ആദ്യം ഈ രോഗം അവതരിക്കുക. ഒപ്പം കഫക്കെട്ട്, തൊണ്ടവീക്കം എന്നിവയും ചിലപ്പോള്‍ കാണാം. ഒന്നോ രണ്ടോ ദിവസം നീണ്ടു നില്‍ക്കുന്ന കടുത്ത പനി പെട്ടന്ന് താഴുമെങ്കിലും ഒപ്പം വരുന്ന ശരീരവേദന ഒരാഴ്ചയോളം ഒരേ രീതിയില്‍ തുടരും. കൈകാലുകളിലെ വലിയ പേശികളും കൈമുട്ട്, തോള്‍ക്കുഴ, കാല്‍മുട്ട്, കണങ്കാല്‍ എന്നിവിടങ്ങളില്‍ നീരോടുകൂടിയോ അല്ലാതെയോ ആണ് വേദന വരുക. സന്ധികളില്‍ മാത്രമായ വേദന പലപ്പോഴും പനിയൊക്കെ വിട്ട് ഒന്നു രണ്ടാഴ്ചകഴിഞ്ഞാണ് വരുന്നത്. പനി ഒരാഴ്ചകഴിഞ്ഞ് വീണ്ടും ചാക്രികമായി ആവര്‍ത്തിക്കുന്ന പ്രതിഭാസവും കണ്ടിട്ടുണ്ട്. പകര്‍ച്ചവ്യാധിയുടെ 2005ലെ ഇന്ത്യന്‍ പതിപ്പിന് ശരീരവേദനയും ദീര്‍ഘകാലം തുടരുന്ന സന്ധിവാതവും മുന്‍പില്ലാത്തവിധം കൂടുതലാണെന്നാണ് നിരീക്ഷണങ്ങള്‍ . ഇത് വൈറസിന്റെ മ്യൂട്ടേഷനുമായി ബന്ധപ്പെട്ട വര്‍ധിത വീര്യവുമാവാം എന്ന് അനുമാനിക്കപ്പെടുന്നു. മറ്റൊരു സാധ്യത ഈ വൈറസ് ഇവിടെ പുതുതായി പ്രചാരത്തില്‍ വന്നതാണെന്നതാണ്; അതുകൊണ്ടുതന്നെ ഈ വൈറസിനെതിരേ പാരിണാമികമായി ആര്‍ജ്ജിക്കുന്ന പ്രതിരോധ ശേഷി ഒരു സമൂഹമെന്ന നിലയ്ക്ക് നമുക്കില്ല.

ഏറ്റവും സാധാരണയായി കാണപ്പെടുന്ന ലക്ഷണങ്ങള്‍ പനി, ശരീരവേദന, സന്ധിവേദന, ചൊറിച്ചിലോടെയോ അല്ലാതെയോ തൊലിപ്പുറത്ത് പൊങ്ങുന്ന ചുവന്ന പാടുകളും തടിപ്പും, കാലുകളിലെ നീര്, ഓക്കാനം, ആഹാരത്തിനോട് വിരക്തി, വായ്ക്ക് രുചിയില്ലായ്മ (ലോഹത്തിന്റെ ഒരുതരം ചുവ), എന്നിവയാണ്. സോറിയാസിസ് പോലുള്ള ത്വക് രോഗങ്ങള്‍ ഉള്ളവര്‍ക്ക് ചികുന്‍ ഗുനിയ വരുമ്പോള്‍ മുന്‍ അസുഖങ്ങള്‍ മൂര്‍ച്ഛിക്കുന്നതായും തൊലിപ്പുറത്തുള്ള ചുണങ്ങിന്റെയും തടിപ്പിന്റെയും ആക്കം കൂടുന്നതായും കണ്ടിട്ടുണ്ട്. കണ്ണുകളുടെ ചലനം ഉണ്ടാക്കുന്ന വേദന, പ്രകാശത്തോടുള്ള വെറുപ്പ്, വായ്പ്പുണ്ണ്, രക്തസ്രാവം എന്നീ ലക്ഷണങ്ങള്‍ താരതമ്യേന കുറവാണ്.

ലക്ഷണങ്ങളുടെ തീവ്രതയിലും പ്രായവ്യത്യാസം പ്രകടമാണ്. 45വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ മേല്പ്പറഞ്ഞ ലക്ഷണങ്ങള്‍ തീവ്രതയോടെ കാണപ്പെടുമ്പോള്‍ 15വയസ്സിനു താഴെയുള്ളവരില്‍ രോഗലക്ഷണങ്ങളുടെ തീവ്രതയും അവ കാണപ്പെടുന്ന കാലദൈര്‍ഘ്യവും കുറവാണ് എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. വളരെ അപൂര്‍വമായി മസ്തിഷകാവരണത്തെ ബാധിക്കുന്ന മെനിഞ്ജൈറ്റിസും മസ്തിഷ്കത്തിന്റെ പുറംപാളിയെ ബാധിക്കുന്ന എന്‍സെഫലൈറ്റിസും കാണപ്പെടാറുണ്ട്. 2005-2009 കാലത്തെ ചികുന്‍ ഗുനിയ വൈറസിന്റെ ഇന്ത്യന്‍ രൂപത്തിന്, വിശേഷിച്ച് കേരളത്തില്‍ പടരുന്ന ഉപവര്‍ഗ്ഗത്തിന് തൊലിപ്പുറത്തെ പാടുകളും തടിപ്പും വീര്‍ത്തുപൊങ്ങലും ഉണ്ടാക്കാന്‍ കഴിവ് കൂടുതലാണെന്ന് കാണുന്നു. ഇത് ഈ വൈറസിന്റെ പടിഞ്ഞാറേ ആഫ്രിക്കന്‍ ഉപവര്‍ഗ്ഗത്തിനോ 1963-73 കാലത്ത് ഇന്ത്യയില്‍ പടര്‍ന്ന ഏഷ്യന്‍ ഉപവര്‍ഗ്ഗത്തിനോ സാധാരണയായുള്ള ലക്ഷണമല്ല. ഒരുപക്ഷേ ഇത് വൈറസിന്റെ ഉല്പരിവര്‍ത്തനവുമായി (മ്യൂട്ടേഷന്‍) ബന്ധപ്പെട്ട സംഗതിയുമാവാം. ഇതില്‍ ഡെങ്കിയുടെയും ചികുന്‍ഗുനിയയുടെയും ലക്ഷണങ്ങള്‍ സമാനമായതിനാല്‍ ലാബ് പരിശോധനകളില്ലാതെ വേര്‍തിരിച്ചറിയാന്‍ വളരെ ബുദ്ധിമുട്ടാണ്. ചില അവസരങ്ങളില്‍ രണ്ട് രോഗങ്ങളും ഒരേ വ്യക്തിയില്‍ കാണുകയും ചെയ്യാം.

സാധാരണ ഗതിയില്‍ ചികുന്‍ഗുനിയ മരണകാരണമാകാറില്ലെങ്കിലും പ്രായത്തിന്റേതായ ആരോഗ്യക്കുറവുള്ളവരിലും കരള്‍, വൃക്ക രോഗങ്ങളുള്ളവരിലും ഇത് അപൂര്‍വമായെങ്കിലും മാരകമാകുന്നുവെന്ന് നിരീക്ഷപ്പെട്ടിട്ടുണ്ട്. അതിനാല്‍ ഇത്തരക്കാര്‍ക്ക് വിദഗ്ധചികിത്സ ലഭ്യമാക്കേണ്ടിവരും. ഇപ്പോഴത്തെ അറിവു വച്ച് ചിക്-വൈറസ് അമ്മയില്‍ നിന്നും ഗര്‍ഭസ്ഥ ശിശുവിലേയ്ക്ക് ആദ്യ മൂന്ന് മാസം മുതല്‍ക്കു തന്നെ പകരാന്‍ സാധ്യതയുണ്ട്. പ്രസവ സമയത്തടക്കം ഈ പകര്‍ച്ച സാധ്യമാണെന്നും ചില കേസ് റിപ്പോട്ടുകള്‍ ചൂണ്ടുന്നു.

കൂട്ടത്തില്‍ പറയട്ടെ,

തക്കാളിപ്പനി

എന്നൊരു രോഗത്തെപ്പറ്റി ഇപ്പോള്‍ വ്യാപകമായി കേട്ടുവരുന്നു. ഇങ്ങനെയൊരു പനി സാങ്കേതികമായി നിലവിലില്ല. ചികുന്‍ ഗുനിയയുടെ ലക്ഷണമായ തൊലിപ്പുറത്തെ തടിപ്പുകള്‍ ചിലരില്‍ അല്പം തീവ്രമായി കാണുന്നതിനെയാണ് പൊതുജനം തക്കാളിപ്പനി എന്ന് വിളിക്കുന്നത്. തൊലി തക്കാളിപോലെ ചുവന്ന് വീര്‍ത്ത് കുമിളപോലെ പൊങ്ങുന്ന അവസ്ഥയെയാണിത്. കാലുകള്‍, തുടയിടുക്ക്, കൈയുടെ മടക്കുകള്‍ എന്നിങ്ങനെയുള്ള ഭാഗങ്ങളിലാണ് ഇത് സാധാരണ കാണപ്പെടുക. മിക്ക സര്‍വേകളും സൂചിപ്പിക്കുന്നത് ഈ "തക്കാളി" ലക്ഷണങ്ങള്‍ തീരെ പ്രായം കുറഞ്ഞ കുട്ടികളില്‍ ആണ് കൂടുതലുമെന്നാണ്. ഈ പ്രശ്നമുള്ളവരില്‍ ചര്‍മ്മത്തിനടിയിലെ രക്തക്കുഴലുകള്‍ക്ക് ചുറ്റും നീര്‍ക്കെട്ടുണ്ടാവുന്നതായി തൊലിയുടെ സൂക്ഷ്മ പരിശോധനയില്‍ നിന്ന് മനസ്സിലാക്കാനായിട്ടുണ്ട്. ഏതാണ്ട് 2-3% വരുന്ന രോഗികളിലാണ് ഇത് കണ്ടിട്ടുള്ളതെങ്കിലും ഇങ്ങനെ പൊട്ടിയൊലിക്കുന്ന കുമിളകളില്‍ മറ്റു അണുക്കള്‍ മൂലമുള്ള ഇന്‍ഫക്ഷനുള്ള സാധ്യതയുമുള്ളതിനാല്‍ ഇത് സൂക്ഷിക്കേണ്ട ഒരവസ്ഥയാണ്. അടുത്തിടെ കിട്ടിയ വിവരം വച്ച് കോക്സാക്കി വൈറസ് ബാധ മൂലം വായ്ക്കുള്ളിലും കൈകാലുകളിലും കുമിളകളും പുണ്ണും വരുന്ന ഹാന്‍ഡ്-ഫുട്-മൌത് രോഗ ("Hand Foot and Mouth Disease") ത്തെയും തക്കാളിപ്പനി എന്ന് വിളിക്കുന്നുണ്ട് നാട്ടില്‍ . ഇത് ചികുന്‍‌ഗുന്യയുമായി ബന്ധമുള്ള വൈറല്‍ രോഗമല്ല. കുട്ടികളെയാണ് അധികവും ഇതു ബാധിക്കുന്നത്.

രോഗപ്രതിരോധം

കൊതുകുജന്യരോഗങ്ങളുടെ പ്രതിരോധപ്രവര്‍ത്തനങ്ങളെ മുഖ്യമായും മൂന്നായിട്ടാണ് തരം തിരിക്കാറ്. കൊതുകു മുട്ടയിട്ട് പെരുകാന്‍ സാധ്യതയുള്ളയിടങ്ങളെ ശുദ്ധീകരിക്കുക, കൊതുകുകളെ നേരിട്ട് നശിപ്പിക്കുക, കൊതുകുകടിയില്‍ നിന്ന് സ്വയം സംരക്ഷിക്കുക എന്നിവയാണവ.
മുകളില്‍ സൂചിപ്പിച്ചതുപോലെ കൊതുകു മുട്ടയിടാന്‍ സാധ്യതയുള്ള ഇടങ്ങളെ ശുചിയാക്കി വയ്ക്കുക എന്നതാണ് കൊതുകിനെതിരേയുള്ള പോരാട്ടത്തില്‍ ഏറ്റവും ഫലപ്രദമായ നടപടി. റോഡുവക്കത്ത് വലിച്ചെറിയുന്ന കരിക്കിന്‍ തൊണ്ടും കോളക്കുപ്പിയും ചട്ടിയും കലവും പാഴ് ടയറും മുതല്‍ വീടിനുള്ളില്‍ വളര്‍ത്തുന്ന ചെടികളുടെ ചുവടും കട്ടിലിന്റെ ഈര്‍പ്പമാര്‍ന്ന അടിഭാഗവും തുണികള്‍ തൂക്കിയിരിക്കുന്ന ഇടങ്ങളും കുളിമുറിയില്‍ കെട്ടിനില്‍ക്കുന്ന വെള്ളവും വരെ കൊതുകിന് മുട്ടയിടാനോ പതിയിരിക്കാനോ ഉള്ള സ്ഥലങ്ങളാണ്. ടാങ്കുകള്‍, പാട്ടകള്‍, ടെറസ്സ് എന്നിവിടങ്ങളില്‍ വെള്ളം കെട്ടിനിര്‍ത്തുന്നത് കഴിവതും ഒഴിവാക്കുക, ഇനി അവശ്യമെങ്കില്‍ കൊതുകുകയറാത്തവിധം അടച്ചു വയ്ക്കുകയെങ്കിലും ചെയ്യുക. റബര്‍ ടാപ്പിംഗിനു വച്ചിരിക്കുന്ന ചിരട്ടകള്‍ ടാപ്പിംഗില്ലാത്തപ്പോള്‍ കമിഴ്ത്തിവയ്ക്കുക. ഇതെല്ലാം സര്‍ക്കാരിന്റെ ജോലിയാണെന്ന് കരുതിയിരിക്കുകയാണെങ്കില്‍ ചികുന്‍ഗുനിയയല്ല അതിലും മാരകമായ വല്ലതും വന്ന് നാടു മുഴുവന്‍ കിടപ്പായാലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല.

കൊതുകുകടിയില്‍ നിന്ന് സ്വയം സംരക്ഷിക്കാന്‍ നമുക്കു ചെയ്യാവുന്ന ലളിതമായ കാര്യങ്ങള്‍ കൊതുകുവല ഉപയോഗിക്കുക, ക്രീമുകള്‍ ഉപയോഗിക്കുക, കൈകാലുകള്‍ സംരക്ഷിക്കുന്ന തരത്തില്‍ വസ്ത്രമണിയുക എന്നിവയാണ്. കൊതുകുകളടക്കം മനുഷ്യരക്തമൂറ്റുന്ന മിക്ക ഷഡ്പദങ്ങളുടെയും സ്വഭാവവും ജൈവചക്രവും മനുഷ്യന്റെ ദിനചര്യകള്‍ക്കനുസരിച്ച് പരിണമിച്ചിട്ടുണ്ട്. ഏയീഡിസ് കൊതുകുകള്‍ പകല്‍നേരം രക്തമൂറ്റുന്നവയായതിനാല്‍ കൊതുകുവല ഉപയോഗം കാര്യമായ സംരക്ഷണം തരുന്നില്ല. എന്നാല്‍ ചികുന്‍ഗുനിയ ലക്ഷണങ്ങളുള്ള രോഗി കൊതുകുവല ഉപയോഗിക്കുന്നതുവഴി മറ്റുള്ളവരിലേയ്ക്ക് ഇത് കൊതുകുവഴി പടരാതെ നോക്കാം. കൊതുകുകള്‍ കൂട്ടമായി മനുഷ്യരെ ആക്രമിക്കുന്ന സന്ധ്യാസമയങ്ങളില്‍ വാതിലുകളും ജനാലകളും അടച്ചിടുക. പ്രാണികള്‍ കടക്കാതിരിക്കാന്‍ പാകത്തിന് ഇഴയടുപ്പമുള്ള നേര്‍ത്ത വലയുപയോഗിച്ച് ജനാലകളും കിളിവാതിലുകളും സംരക്ഷിക്കുന്നത് പല രാജ്യങ്ങളിലും വളരെ ഫലപ്രദമായി ഉപയോഗിക്കുന്ന രീതിയാണ്. അടുക്കളയിലെ ചിമ്മിനിയും കക്കൂസിന്റെ വെന്റിലേറ്ററുമൊക്കെ ഇങ്ങനെ കൊതുകുകടക്കാന്‍ സാധ്യതയുള്ളിടങ്ങളാണെന്നോര്‍ക്കുക. കൈകളും കാലുകളും മറയ്ക്കുന്ന കുപ്പായം കൊതുകുകടിയില്‍ നിന്ന് സംരക്ഷണം തരുമെന്ന കാര്യത്തില്‍ സംശയമൊന്നും വേണ്ട. പ്രത്യേകിച്ച് കൊതുകുകള്‍ കൈകളും കാലുകളും പോലെ എളുപ്പം രക്തം കിട്ടുന്നയിടങ്ങളിലാണ് കൂടുതലും കുത്തുന്നത് എന്നിരിക്കെ. പക്ഷേ, കൈലിമുണ്ടും തോര്‍ത്തും "ഔദ്യോഗിക വേഷമായ" നമ്മുടെ നാട്ടില്‍ എത്രകണ്ട് പ്രാവര്‍ത്തികമാകുമെന്നറിയില്ല.

സര്‍വസാധാരണയായി നമ്മള്‍ ഉപയോഗിച്ചുപോരുന്ന കൊതുകുനിവാരണിയാണ് കൊതുകുതിരികള്‍. അലെത്രിനുകള്‍ ഉള്‍പ്പെടുന്ന പൈറത്രോയിഡുകള്‍ അടങ്ങിയ ഇവയുടെ ബാഷ്പരൂപം കൊതുകുകളുടെ നാഡീവ്യവസ്ഥയെ മരവിപ്പിക്കുകയാണ് ചെയ്യുന്നത്. സാമ്പ്രാണി പോലെ കത്തിക്കുന്ന കൊതുകുതിരികളിലെ (coils) ഹാനികരമായ രാസവസ്തുക്കള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കാന്‍സര്‍കാരിയാകാമെന്ന് ചില പഠനങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്. അതേസമയം ഗുഡ്നൈറ്റ്, ഓള്‍ ഔട്ട് ആദിയായ ഇലക്ട്രിക് തിരികള്‍ (mats) കാന്‍സര്‍കാരികളൊന്നുമാവുന്നില്ലെങ്കിലും ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകാമെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും ഒന്നുമില്ലാത്തതിലും ഭേദമാണ് കൊതുകു തിരികള്‍. പക്ഷേ ഇതിലും ഒരു പ്രശ്നമുള്ളത് കിടക്കാന്‍ നേരം തിരി കത്തിച്ചുവയ്ക്കുന്നതുകൊണ്ട് പകല് കുത്തുന്ന കൊതുകുകളെ ഓടിക്കാനാവില്ല എന്നതാണ്. മറ്റൊരു വളരെ ഫലപ്രദമായ സംരക്ഷണോപാധിയാണ് കൊതുകുകളെ അകറ്റുന്ന ക്രീമുകള്‍ . DEET (N,N-diethyl meta toluamide എന്ന് ശാസ്ത്രനാമം) എന്ന രാസവസ്തു ചേര്‍ന്ന ക്രീമാണ് കൊതുകുകടി ഒഴിവാക്കാന്‍ ഇന്ന് സര്‍വസാധാരണയായി ഉപയോഗിക്കാറ്.മനുഷ്യചര്‍മ്മത്തിന്റെ സാന്നിധ്യം കൊതുകു മനസിലാക്കുന്നത് അതില്‍ നിന്നും ഉത്സര്‍ജ്ജിക്കപ്പെടുന്ന വിയര്‍പ്പും ഗന്ധവും വച്ചാണ്. ഈ ഗന്ധത്തിനെയാണ് DEETയും Bayrepel-ഉം പോലുള്ള ക്രീമുകള്‍ മാറ്റുന്നത്. ഇതിലൂടെ കൊതുകിനെ അകറ്റിനിര്‍ത്താമെന്നല്ലാതെ കൊല്ലാനാവില്ല. ക്രീം കഴുകിക്കളയുന്നതോടെ സംരക്ഷണം ഇല്ലാതാവുകയും ചെയ്യും. മുറിവുകള്‍ക്ക് മുകളിലും കണ്ണും ചുണ്ടും മൂക്കിനുള്‍ഭാഗവും പോലുള്ള ലോല ചര്‍മ്മമുള്ളയിടങ്ങളിലും ക്രീമുപയോഗിക്കുന്നതൊഴിവാക്കണം. വസ്ത്രം കൊണ്ട് മറയ്ക്കാത്ത ഭാഗത്താണ് ക്രീം തേയ്ക്കേണ്ടത്. അല്പം കൈത്തണ്ടയിലോ മറ്റോ പുരട്ടിനോക്കി അലര്‍ജിയില്ല എന്നുറപ്പിച്ചിട്ടേ ഇത് പൂശാവൂ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

വലിയ പ്രദേശങ്ങളില്‍ കൊതുകുകളുടെ നിയന്ത്രണത്തിന് നശീകരണ രാസവസ്തുക്കള്‍ ബാഷ്പരൂപത്തില്‍ തളിക്കുക എന്നതാണ് പ്രായോഗികമായ മറ്റൊരു പ്രതിരോധം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ ഈ സ്പ്രേയിംഗും ഫോഗിംഗും രാത്രിയിലാണ് അധികവും നടത്തുന്നത് എന്നതിനാല്‍ പൂര്‍ണവളര്‍ച്ചയെത്തിയ കൊതുകുകളെ കൊല്ലാന്‍ ഇത് അത്ര ഫലപ്രദമല്ല. എന്നാല്‍ ലാര്‍വാ പ്രായത്തിലുള്ള കൊതുകിന്‍ കുഞ്ഞുങ്ങളെ നശിപ്പിക്കാന്‍ ഇത് നല്ലതാണുതാനും (പകല്‍ സമയം ഫോഗിംഗ് വണ്‍റ്റുകള്‍ക്കും തേനീച്ചകള്‍ക്കും മറ്റ് ഷഡ്പദങ്ങള്‍ക്കുമൊക്കെ ഹാനികരമാണെന്നതു കണക്കിലെടുത്താണ് രാത്രി ഇതു ചെയ്യുന്നത്).

രോഗനിര്‍ണയം

രോഗബാധയെത്തുടര്‍ന്ന്‍ നമ്മുടെ രക്തത്തിലുയരുന്ന ചില പ്രോട്ടീനുകളുടെ അളവിനെ അടിസ്ഥാനപ്പെടുത്തി ചെയ്യുന്ന എലൈസ (MAC-ELISA) ടെസ്റ്റാണ് പരിശോധനയില്‍ ലളിതവും താരതമ്യേന ചെലവുകുറഞ്ഞതും.എന്നാല്‍ ആക്രമിച്ച വൈറസ് ഏതാണെന്നറിയാന്‍ മികച്ചത് പിസിആര്‍ വിദ്യയാണ് (Reverse transcription polymerase chain reaction). ചികുന്‍ ഗുനിയ ബാധ കൃത്യമായി കണ്ടെത്താനുള്ള രക്തപരിശോധനകള്‍ ഇങ്ങനെ മൂന്നോ നാലോ എണ്ണമുണ്ടെങ്കിലും അവയെല്ലാം ചിലവേറിയവയായതിനാല്‍ ഏറിയപങ്ക് രോഗികളിലും രോഗലക്ഷണങ്ങളും രോഗത്തിന്റെ സ്വഭാവവും വച്ച് അനുമാനിക്കുകയേ ഡോക്ടര്‍മാരെ സംബന്ധിച്ചിടത്തോളം നിവര്‍ത്തിയുള്ളൂ. ചില സഥലങ്ങളില്‍ ചിക്കുന്‍ഗുനിയ കണ്ടെത്താനുള്ള രക്തപരിശോധനാ കിറ്റ് സര്‍ക്കാര്‍ മുഖാന്തരം എത്തിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും അവ വ്യാപകമല്ല. ചിലയിടങ്ങളിലാകട്ടെ ഈ കിറ്റിന്റെ പേരില്‍ വന്‍ തട്ടിപ്പും നടക്കുന്നുണ്ട് ! മഹാഭൂരിപക്ഷം രോഗികളിലും ഇത് മാരകമല്ലാത്തതിനാല്‍ രോഗലക്ഷണങ്ങളിലൂടെ രോഗനിര്‍ണയം നടത്തുന്നതില്‍ പ്രശ്നമൊന്നും വരാറില്ല. മാത്രമല്ല ഇത്രയേറെ രോഗികളില്‍ ഈ ടെസ്റ്റുകള്‍ നടത്തുക വഴിയുണ്ടാവുന്ന ധനനഷ്ടം ഭീമമായിരിക്കും. എന്നാല്‍ ചികുന്‍ ഗുനിയയ്ക്കു പുറമേ ഡെങ്കിപ്പനിയോ എലിപ്പനിയോ ചിക്കന്‍ പോസ്ക് പോലുള്ള മറ്റ് വൈറല്‍ രോഗങ്ങളോ മറ്റോ ഉണ്ടെങ്കില്‍ അവയെ ഇതില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയുണ്ടാവും, അപ്പോഴാണ് ലാബ് പരിശോധനകള്‍ അത്യാവശ്യമാകുക.

രോഗചികിത്സ

ചികുന്‍ഗുനിയയ്ക്ക് നിയതമായ ഒരു മരുന്നോ ചികിത്സാമുറയോ ഇല്ല. സാധാരണഗതിയില്‍ രണ്ടുമൂന്നാഴ്ചയ്ക്കപ്പുറം ചികുന്‍ഗുനിയയുടെ പ്രശ്നങ്ങള്‍ നീണ്ടുനില്‍ക്കാറില്ല എന്നതിനാല്‍ രോഗലക്ഷണങ്ങള്‍ നോക്കി അതിനാശ്വാസം പകരാനുതകുന്ന വേദന സംഹാരികളും വിശ്രമവും മാത്രമേ ചികിത്സയായി വേണ്ടൂ. ഇടവിട്ടു വരുന്ന പനിക്ക് പാരസെറ്റമോളും സന്ധിവേദനയ്ക്ക് NSAID ഗണത്തില്പ്പെട്ട ബ്രൂഫെന്‍, ഡൈക്ലോഫീനാക് തുടങ്ങിയ മരുന്നുകളും മാത്രമാണ് ഇതുവരെയുള്ള പഠനങ്ങളില്‍ ഫലപ്രദമായി കണ്ടിട്ടുള്ളത്. (ആസ്പിരിന്‍ NSAID ഗണത്തില്പ്പെട്ട ഒരു വേദനസംഹാരികൂടിയാണെങ്കിലും രക്തസ്രാവത്തിന്റെ സാധ്യതകള്‍ കൂട്ടാം എന്നതിനാല്‍ ചികുന്‍ ഗുനിയ, ഡെങ്കി ആദിയായവയില്‍ അത് അഭികാമ്യമല്ല.)

തൊലിപ്പുറത്തു വരുന്ന കുമിളകളില്‍ അണുബാധയുണ്ടായാല്‍ അതിന് ചിലപ്പോള്‍ ആന്റിബയോട്ടിക്കുകള്‍ ആവശ്യമായി വരും. കണ്ണിനുള്ളിലോ വായ്ക്കുള്ളില്‍ നിന്നോ ചര്‍മ്മത്തിനു കീഴിലോ രക്തസ്രാവം കണ്ടാല്‍ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതാണ്. മുന്‍പ് പറഞ്ഞതുപോലെ തീരെ പ്രായം കുറഞ്ഞ കുഞ്ഞുങ്ങള്‍ക്കും പ്രായമേറിയവര്‍ക്കും കരള്‍, വൃക്ക, ഹൃദയം എന്നിവ സംബന്ധിച്ച മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കും ചികുന്‍ ഗുനിയ ബാധിച്ചാല്‍ കൂടുതല്‍ ശ്രദ്ധിക്കണം.

ഒരിക്കല്‍ ചിക്-വൈറസ് ബാധയുണ്ടായവരില്‍ ആജീവനാന്ത പ്രതിരോധശേഷിയുണ്ടാകുന്നതിനാല്‍ വീണ്ടും ഈ ഇന്‍ഫക്ഷന്‍ വരാറില്ല എങ്കിലും പനിവരുന്നവര്‍ കൊതുകടിയിലൂടെ മറ്റുള്ളവര്‍ക്ക് രോഗം പകരാനുള്ള സാധ്യത കണക്കിലെടുത്ത് കൊതുകുവലയും മറ്റും ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.ഈ പനി വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ നിര്‍ജ്ജലീകരണം ഒഴിവാക്കണം, അതിന് ധാരാളം വെള്ളം കുടിക്കുക. നന്നായി വിശ്രമിക്കുക. വേദന സംഹാരികള്‍ കഴിക്കുമ്പോള്‍ നിയന്ത്രണം പാലിക്കണം, കാരണം അമിതമായാല്‍ ഇത് ആമാശയത്തില്‍ രക്തസ്രാവമുണ്ടാക്കുകയോ വൃക്കത്തകരാറിലേക്ക് നയിക്കുകയോ ചെയ്യാം. കൂട്ടത്തില്‍ പറയട്ടെ, ഇതൊരു വൈറല്‍ രോഗമാണ്, ഇതിനു പുറമേ ഒരു ബാക്റ്റീരിയല്‍ അണുബാധ (super-infection) കൂടിയുണ്ടാവാത്തിടത്തോളം ഇതിനു ആന്റിബയോട്ടിക് ഫലപ്രദമല്ല, അതിനാല്‍ ആന്റിബയോട്ടിക് ആരെങ്കിലും കുറിച്ചു നല്‍കിയാല്‍ അതെന്തിന് എന്നന്വേഷിക്കാന്‍ രോഗിയെന്ന നിലയ്ക്ക് നിങ്ങള്‍ക്ക് ബാധ്യതയുണ്ട്.

ദീര്‍ഘകാലം നില്‍ക്കുന്ന സന്ധിവാതത്തിനു ക്ലോറോക്വിന്‍ എന്ന മരുന്ന് (മലേറിയയ്ക്ക് ഉപയോഗിക്കുന്ന മരുന്ന്) ഫലപ്രദമാണെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. നീണ്ടുനില്‍ക്കുന്ന ചികുന്‍ഗുനിയ സന്ധിവാതത്തിന് റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്ന സന്ധിവാതത്തിനു പ്രയോഗിക്കുന്ന മരുന്നുകളായ സ്റ്റീറോയ്ഡുകളും മറ്റും ഉപയോഗിച്ച് വളരെ നല്ല ഫലം കണ്ടതായി റിപ്പോട്ടുകള്‍ ഉണ്ടെങ്കിലും സ്റ്റിറോയ്ഡുകളുടെ ഉപയോഗകാര്യത്തില്‍ വൈദ്യലോകം ഇപ്പോഴും ഒരു നിലപാടെടുത്തിട്ടില്ല. കാരണം വൈറസ് മൂലമുള്ള ഒരു ഇന്‍ഫക്ഷനില്‍ സ്റ്റീറോയ്ഡ് ഉപയോഗിക്കുമ്പോള്‍ രോഗപ്രതിരോധശേഷി കുറയാനും വൈറസിന്റെ ആക്രമണം വര്‍ധിക്കാനുമിടയാകുമെന്ന ഭയമാണ്. ചികുന്‍ഗുനിയ സന്ധിവാതത്തിന്റെ കാര്യത്തില്‍ ഇതെത്രത്തോളം ശരിയാണെന്നും നമുക്ക് വ്യക്തമായറിയില്ല.

സന്ധിവാതത്തിനു ഫലപ്രദമാണെന്നവകാശപ്പെട്ട് കീഴാര്‍നെല്ലിയും കമ്മ്യൂണിസ്റ്റ് പച്ചയും മുതല്‍ ഹോമിയോ മരുന്നു വരെ നാട്ടില്‍ വ്യാപകമായി വന്‍ വിലയ്ക്ക് വിറ്റഴിക്കുന്നുണ്ട്. ഈ വ്യാജചികിത്സകളെക്കൂടി സൂക്ഷിക്കുക. ഈ "ചികിത്സ"കളൊന്നും കൃത്യമായ പഠനങ്ങളുടെ വെളിച്ചത്തില്‍ വ്യാപിക്കുന്നതല്ല എന്നുകൂടി ഓര്‍മ്മവച്ചേക്കുക.

പന്നിപ്പനി വിശേഷങ്ങള്‍

വൈറസുകളും ജന്തുക്കളും തമ്മിലുള്ളത് ദശലക്ഷക്കണക്കിനു വര്‍ഷങ്ങളുടെ പാരസ്പര്യമാണ്. വൈറസിന് സ്വന്തമായി ഒരു കോശവ്യവസ്ഥയില്ല. ആകെയുള്ളത് കുറച്ച് ജീനുകളുടെ ഒരു കഷ്ണം ജനിതകവസ്തുവാണ്. അത് ഡി.എന്‍.ഏയുടെയോ ആര്‍.എന്‍.ഏയുടെയോ ഒരു നാര് ആവാം. അതിന്റെ ഇരട്ടിപ്പിന് കോശവ്യവസ്ഥയും ഊര്‍ജ്ജവും പ്രോട്ടീനുകളുമൊക്കെ ആവശ്യമുണ്ട് വൈറസിന്. സ്വന്തമായി ഇതൊന്നുമില്ലാത്ത ഇവന്‍ സസ്യങ്ങളിലേക്കും ജന്തുക്കളിലേക്കും മനുഷ്യനിലേക്കും കുടിയേറുന്നു. ഒരു പരാദജീവിതം. ഈ കോശങ്ങളില്‍ ചെന്ന് പെരുകുന്ന കൂട്ടത്തില്‍ ഇവയുടെ ജീനുകളില്‍ ചില്ലറ മാറ്റങ്ങള്‍ വരാറുണ്ട്. ഇത് മുഖ്യമായും രണ്ട് രീതിയിലാകാം : ഒന്ന്, കേറിച്ചെല്ലുന്ന കോശത്തിന്റെ ജീനുകള്‍ വൈറസ് കുഞ്ഞുങ്ങളുടെ ജീനുകള്‍ക്കിടയില്‍ പെട്ടുപോകുക. ഒരു മുത്തുമാലയില്‍ ഒരേതരം മുത്തുകള്‍ കോര്‍ക്കുന്നതിനിടയില്‍ ഏതാനും വ്യത്യസ്ത മുത്തുകള്‍ പെട്ടുപോകുന്നതു പോലെ. രണ്ട്, കോശത്തിനകത്ത് പെരുകുന്ന നേരത്ത് സ്വന്തം ജീനുകളുടെ തന്നെ സ്ഥാനം മാറി കോര്‍ക്കാനിടയാകുക. ഇത് പുതിയ വൈറസ് രൂപങ്ങളുടെ ആവിര്‍ഭാവത്തിനും വികാസപരിണാമങ്ങള്‍ക്കും സഹായിക്കുന്ന അനേകം സങ്കേതങ്ങളില്‍ പ്രധാനമായ ഒന്നാണ്.

കൊടുക്കല്‍ വാങ്ങലുകളുടെ സഹസ്രാബ്ദങ്ങള്‍

ദശലക്ഷക്കണക്കിന് ജീവികളിലെ കോശങ്ങളിലൂടെ കടന്നു പോകുന്ന വൈറസുകളുടെ കോടിക്കണക്കിന് പകര്‍പ്പുകള്‍ ഉണ്ടാകുമ്പോള്‍ ഇത്തരം ജനിതക സങ്കലനം രൂപം കൊടുക്കുന്നത് ഒരു പുതിയ വൈറസ്സിനാവാം. അല്ലെങ്കില്‍ മുന്‍പ് അത്ര ആക്രമണ ശേഷികാണിക്കാത്ത ഒരു വൈറസ്സിന് ഇതിലൂടെ കൂടുതല്‍ കോശങ്ങളിലേയ്ക്ക് പകരാനുള്ള വര്‍ധിച്ച കഴിവുകളാകാം ലഭിക്കുക.

ലളിതമായിപ്പറഞ്ഞാല്‍ ഇങ്ങനെയാണ് മനുഷ്യനില്‍ രോഗങ്ങളുണ്ടാക്കുന്ന ഏതാണ്ടെല്ലാ വൈറസുകളുടെയും ഉത്ഭവചരിതം. ചില വൈറസുകള്‍ കാട്ടുജീവികളില്‍ കിടന്നു കറങ്ങുന്നവയാകും. ചിലത് നാട്ടു ജീവികളിലും വളര്‍ത്തുമൃഗങ്ങളിലും ജൈവ ചക്രം പൂര്‍ത്തിയാക്കുന്നവയായിരിക്കും. ജനസംഖ്യാ വര്‍ധനവ്, ഭൂഖണ്ഡാന്തര യാത്രകള്‍, കാട്ടിലേയ്ക്കും മറ്റും ജനാവാസകേന്ദ്രങ്ങള്‍ വ്യാപിക്കല്‍ എന്നിങ്ങനെ രോഗാണുവിന്റെ നൈസര്‍ഗ്ഗിക ജൈവ ചക്രത്തില്‍ മനുഷ്യനോ മറ്റു ജന്തുക്കളോ കണ്ണിയാകാനുള്ള സാധ്യതകള്‍ ഇന്ന് വളരെ കൂടുതലാണ്. ഇതിനിടയില്‍ മനുഷ്യന്‍ വന്നുപെടുന്നതോടെ വൈറസിന് ആക്രമിക്കാനും പെരുകാനുമുള്ള കോശങ്ങളുടെ ഒരു പുതിയ വാഹകനെ (host) കിട്ടുന്നു. ഈ പെരുകല്‍ പ്രക്രിയയില്‍ അത് ശരീരത്തിലുണ്ടാക്കുന്ന പ്രതികരണങ്ങളും ക്ഷതങ്ങളുമാണ് രോഗമായി നാം അനുഭവിക്കുന്നത്.

സര്‍വ്വ സാധാരണയായി കാണുന്ന ഒരുതരം ജലദോഷ/ശ്വാസകോശ രോഗ വൈറസായ ഇന്‍ഫ്ലുവെന്‍സാ (influenza) വൈറസിന്റെ അനേകം ബന്ധുക്കളില്‍ ചിലതാണ് പന്നിപ്പനി വൈറസുകള്‍ (swine-origin influenza). ഓര്‍തോമിക്സോ വിറിഡേ എന്ന വലിയ കുടുംബത്തിലെ അഞ്ച് ജനുസ്സുകളിലെ പ്രധാനപ്പെട്ട മൂന്നെണ്ണമാണ് ഏ, ബി, സി എന്നിങ്ങനെ പേരുകളുള്ള ഇന്‍ഫ്ലുവെന്‍സാ വൈറസുകള്‍. ഇവയെല്ലാം മനുഷ്യനില്‍ രോഗമുണ്ടാക്കുന്നവയാണെങ്കിലും ജനിതകസങ്കലനവും രോഗകാരക ശേഷിയും ആക്രമണതീവ്രതയും വച്ച് നോക്കുമ്പോള്‍ ഇന്‍ഫ്ലുവെന്‍സ-ഏ ആണ് ഇതില്‍ വീര്യം കൂടിയവന്‍. ലോകവ്യാപകമായ മഹാമാരികള്‍ നിശ്ചിതകാലം കൂടുമ്പോള്‍ ഉണ്ടാകുന്നതും Influenza-Aയുടെ ഉപവര്‍ഗ്ഗങ്ങളില്‍ സംഭവിക്കുന്ന മ്യൂട്ടേഷനുകള്‍ മൂലമാണ്.

ഈ വൈറസുകളുടെ കോശത്തിന് നേര്‍ത്ത ഒരു ആവരണമുണ്ട്. ഈ ആവരണത്തില്‍ മുത്തുപതിപ്പിച്ചതു പോലെ കാണപ്പെടുന്ന ചില പ്രോട്ടീനുകളും ഉണ്ട്. ഈ പ്രോട്ടീനുകള്‍ വൈറസിനെ മറ്റൊരു കോശത്തിനു പുറത്ത് ഒട്ടിച്ചേര്‍ന്നിരിക്കാനും അതു വഴി ആ കോശത്തിനുള്ളില്‍ കയറിപ്പറ്റാനുമൊക്കെ സഹായിക്കുന്നു. ഇതില്‍ രണ്ടെണ്ണമാണ് പ്രധാനം : ഹീം അഗ്ലൂട്ടിനിന്‍ (H), ന്യൂറാമിനിഡേയ്സ് (N) എന്നിവ. ഹീം അഗ്ലൂട്ടിനിന്‍ വൈറസ്സിനെ അതാക്രമിക്കുന്ന കോശത്തിന്റെ പുറത്തേയ്ക്ക് ഒട്ടാന്‍ സഹായിക്കുന്നു. ന്യൂറാമിനിഡേയ്സ് ആകട്ടെ കോശത്തിനുള്ളില്‍ വൈറസ് പെരുകിയുണ്ടാകുന്ന കുഞ്ഞുങ്ങളെ “സഞ്ചി”കളിലാക്കി കോശത്തിനു പുറത്തിറക്കാന്‍ സഹായിക്കുന്നു.
ഈ പ്രോട്ടീനുകളുടെ ടൈപ്പ് അനുസരിച്ച് ഇന്‍ഫ്ലുവെന്‍സാ വൈറസുകളെ H, N എന്നീ അക്ഷരങ്ങളുടെ വിവിധ കോമ്പിനേഷനുകളില്‍ ഉപവര്‍ഗങ്ങളായി (serotype) തിരിച്ച് പേരിട്ടു വിളിക്കുന്നു. H1N1, H1N2, H3N2 എന്നിങ്ങനെ മനുഷ്യനെ ബാധിക്കുന്നതെന്നു കണ്ടെത്തിയിട്ടുള്ള ഇന്‍ഫ്ലുവെന്‍സാ വൈറസ് ഉപവര്‍ഗങ്ങള്‍ ഒത്തിരിയുണ്ട്. മുകളില്‍ പറഞ്ഞ സങ്കേതങ്ങളിലൂടെ ഇതു കാലക്രമത്തില്‍ രൂപാന്തരപ്പെടുന്നു. ഇതില്‍ പന്നിപ്പനിയെന്ന് വിളിക്കുന്ന ഇന്‍ഫ്ലുവെന്‍സയുടെ കാരണം H1N1 വൈറസാണ്. അല്പകാലം മുന്‍പ് പക്ഷിപ്പനിഭീതി പടര്‍ന്നത് H5N1 എന്ന ടൈപ്പ് ഇന്‍ഫ്ലുവെന്‍സാ വൈറസിനെ ചുറ്റിപ്പറ്റിയും.

പന്നിയും പന്നിപ്പനിയും

പല ജന്തു ശരീരങ്ങളിലും കയറിയിറങ്ങുന്ന വൈറസിന്റെ ജനിതം മാറ്റിയെഴുതപ്പെടുന്നതിന്റെ സാങ്കേതിക വിശേഷം മുകളില്‍ പറഞ്ഞല്ലോ. പക്ഷിപ്പനി വൈറസിനെയും മനുഷ്യ ഇന്‍ഫ്ലുവെന്‍സ വൈറസിനെയും ഒരേ സമയം വഹിക്കാന്‍ പന്നികളുടെ കോശങ്ങളിലെ ചില സ്വീകരിണികള്‍ (receptors) സഹായിക്കുന്നു എന്ന്‍ കണ്ടെത്തിയിട്ടുണ്ട്. സ്വാഭാവികമായും ഒന്നിലധികം തരം വൈറസ്സുകളാല്‍ അണുബാധയേറ്റ പന്നിയുടെ കോശത്തിനുള്ളില്‍ വൈറസിന്റെ ജീനുകള്‍ക്ക് സങ്കലനം സംഭവിക്കാവുന്നതേയുള്ളൂ. പന്നിപ്പനിയെന്ന (Swine-origin Influenza) പേരു വീണതും ഇങ്ങനെയാണ്.
1990കളില്‍ത്തന്നെ ചില പന്നികളില്‍ നിന്നും കണ്ടെത്തിയ ഇഫ്ലുവെന്‍സ വൈറസ്സ് സാമ്പിളുകളില്‍ മൂന്ന് വൈറസ്സുകളുടെയും ജീനുകള്‍ ഇടകലര്‍ന്നിട്ടുണ്ട്. അമേരിക്കയില്‍ പന്നിവളര്‍ത്തല്‍ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് പന്നികളുമായി ഇടപഴകിയ ചിലരില്‍ 2005ല്‍ ഏതാനും പന്നിപ്പനി കേസുകള്‍ കണ്ടിരുന്നു. ഈവര്‍ഷം മാര്‍ച്ചില്‍ മെക്സിക്കോയില്‍ ആരംഭിച്ച് ലോകവ്യാപകമായ പന്നിപ്പനിയുടെ ഉത്ഭവം ഇതുപോലെയായിരുന്നിരിക്കാം എന്നാണ് അനുമാനിക്കപ്പെടുന്നത് (പന്നിയിറച്ചി കഴിക്കുന്നതിലൂടെ ഈ വൈറസ് പകരില്ല എന്നത് ശ്രദ്ധിക്കുക.)

2009 മാര്‍ച്ച് മാസം മുതല്‍ ലോകവ്യാപകമായ പന്നിപ്പനിയുടെ വൈറസില്‍ 4 വൈറസുകളുടെ ജീനുകളാണ് കണ്ടെത്തിയിരിക്കുന്നത് - രണ്ടെണ്ണം പന്നികളിലേത്, ഒന്ന് പക്ഷികളിലേത്, മറ്റൊന്ന് മനുഷ്യരിലേതും ! വിശദമായ കണക്കെടുക്കുമ്പോള്‍ കാണുന്നത് ഇങ്ങനെ : ഏതാണ്ട് 30% ജീനുകള്‍ ഉത്തര അമേരിക്കന്‍ ഭൂഖണ്ഡത്തിലെ പന്നികളില്‍ കാണുന്ന ഇന്‍ഫ്ലുവെന്‍സ വൈറസില്‍ നിന്ന്, 17%ത്തോളം ജീനുകള്‍ യൂറോപ്പിലെയും ഏഷ്യയിലെയും പന്നികളിലേതില്‍ നിന്ന്, 34%ത്തോളം അമേരിക്കയിലെ തന്നെ പക്ഷിപ്പനി ഇന്‍ഫ്ലുവെന്‍സ വൈറസില്‍ നിന്ന്. ബാക്കി 17%ത്തോളം വന്നിരിക്കുന്നത് മനുഷ്യരില്‍ കാണുന്ന ഇന്‍ഫ്ലുവെന്‍സ രോഗ വൈറസുകളില്‍ നിന്നും. 

പനിയെച്ചൊല്ലി കലഹിക്കുമ്പോള്‍

ഇന്‍ഫ്ലുവെന്‍സ വൈറസ് വകഭേദങ്ങളും അതുണ്ടാക്കുന്ന രോഗവും മനുഷ്യനുള്ള നാടുകളിലെല്ലാം ഉണ്ട്. രണ്ട് രീതിയിലാണ് ഈ വൈറസ് രോഗകാരിയാകുക. ഒന്ന് ഒരു രാജ്യത്തിനകത്തോ ഒരു ചെറുസമൂഹത്തിനുള്ളിലോ മാത്രമായി ഒതുങ്ങുന്ന വര്‍ഷാവര്‍ഷം ആവര്‍ത്തിക്കുന്ന ഇന്‍ഫ്ലുവെന്‍സ പകര്‍ച്ചപ്പനി (epidemic). മറ്റൊന്ന് 10 മുതല്‍ 50 വര്‍ഷങ്ങള്‍ കൂടുമ്പോള്‍ രാജ്യാതിര്‍ത്തികളും ഭൂഖണ്ഡങ്ങളും കടന്ന് ലോകവ്യാപകമായി പകരുന്ന മഹാമാരികള്‍ (pandemic).

ഇതില്‍ ആദ്യം പറഞ്ഞ തരം പനി ഒരു ഭൂവിഭാഗത്തില്‍ ഒതുങ്ങുന്നതിനാല്‍ അവിടെത്തന്നെ ഇതിനെ ചികിത്സിച്ച് നിര്‍ത്താം. മുകളില്‍ വിശദീകരിച്ച ഹീം അഗ്ലൂട്ടിനിന്‍ (H) ന്യൂറാമിനിഡേയ്സ് (N) എന്നീ ആവരണപ്രോട്ടീന്‍ കണികകള്‍ക്കെതിരേ മനുഷ്യശരീരത്തില്‍ ഉത്പാദിപ്പിക്കുന്ന ആന്റിബോഡികളാണ് ചെറു സമൂഹങ്ങളില്‍മാത്രമായി വിവിധതരം ഇന്‍ഫ്ലുവെന്‍സ എപ്പിഡെമിക്കുകളെ ഒതുക്കി നിര്‍ത്തുന്നതിനു കാരണം. സ്വാഭാവികമായ ഈ പ്രതിരോധശേഷി കുറഞ്ഞവരില്‍ നിന്നും മറ്റിടങ്ങളിലേക്ക് പകരാതിരിക്കാന്‍ ആ ജനങ്ങള്‍ക്ക് പ്രതിരോധകുത്തിവയ്പ്പ് നല്‍കിയാല്‍ മതിയാകും.

എന്നാല്‍ഹീം അഗ്ലൂട്ടിനിന്‍, ന്യൂറാമിനിഡേയ്സ് കണികകളുടെ ഘടനയില്‍ വര്‍ഷാവര്‍ഷം വരുന്ന ചെറു വ്യതിയാനങ്ങള്‍ മൂലം ഓരോ വര്‍ഷവും വൈറസ്സിന് ഒരു പുതിയ മാറ്റം സാങ്കേതികമായി ഉണ്ടാവുന്നു. ഇതിനെ ആന്റിജെനിക് ഡ്രിഫ്റ്റ് എന്നു വിളിക്കും.

ഇതു മൂലം തൊട്ടു മുന്‍പത്തെ വര്‍ഷം വന്ന ഇന്‍ഫ്ലുവെന്‍സയ്ക്കെതിരേ ഉണ്ടായ ശാരീരിക പ്രതിരോധശേഷി അടുത്തകൊല്ലത്തില്‍ വരുന്ന ഫ്ലൂവിനെ ശരിക്ക് പ്രതിരോധിക്കില്ല . ഭാഗ്യവശാല്‍ സാമാന്യം ആരോഗ്യമുള്ളവരില്‍ വളരെപ്പെട്ടന്നുതന്നെ ഇന്‍ഫ്ലുവെന്‍സയ്ക്കെതിരേ പുതിയ പ്രതിരോധം രൂപപ്പെട്ടുവരും. ഒരു കൊല്ലം ഉപയോഗിച്ച പ്രതിരോധ വാക്സീന്‍ പോലും അടുത്തകൊല്ലം ഉപയോഗിക്കാനാവാത്ത അവസ്ഥയുള്ളതിനാല്‍ വര്‍ഷാവര്‍ഷം ഉണ്ടാവുന്ന വൈറസ് രൂപാന്തരത്തെ പുറകേ നടന്ന് തേടിപ്പിടിച്ച് വാക്സീനും അതനുസരിച്ച് മാറ്റേണ്ടിയും വരുന്നു.

അതേ സമയം ലോകവ്യാപകമായി വരുന്ന pandemicകള്‍ ഈ ലേഖനത്തിന്റെ ആദ്യഭാഗത്തു പറഞ്ഞതു പോലെ വൈറസ്സിന്റെ ജീനുകളില്‍ സംഭവിക്കുന്ന സങ്കലനം മൂലമാണ്. ഇങ്ങനെ ആരംഭിക്കുന്ന രോഗചക്രത്തിന് endemic ഇന്‍ഫ്ലുവെന്‍സയുടെ രൂപമായിരിക്കില്ല. രൂക്ഷത മാത്രമല്ല രോഗവ്യാപന തോതും പല സമയത്തുണ്ടായ മഹാമാരികള്‍ക്ക് പലതാണ്. പൊതുവേ pandemicകള്‍ ഉണ്ടാക്കുന്ന ഇന്‍ഫ്ലുവെന്‍സാ വൈറല്‍ രൂപങ്ങള്‍ക്ക് രോഗവ്യാപന തീവ്രത കൂടുതലാണ്. ഒറ്റത്തുമ്മലിലോ ചുമയിലോ തന്നെ ബാഷ്പങ്ങളിലൂടെയും കണികകളായും ഇത് അന്തരീക്ഷത്തില്‍ വ്യാപിച്ച് അടുത്തുള്ളവരെയെല്ലാം ആക്രമിക്കുന്നു. അങ്ങനെ മനുഷ്യനില്‍ നിന്ന് മനുഷ്യനിലേയ്ക്ക് വേഗം വ്യാപിക്കാനും അതുവഴി മാസങ്ങളും ചിലപ്പോള്‍ വര്‍ഷങ്ങള്‍ തന്നെയും നീണ്ടു നില്‍ക്കുന്ന ചാക്രിക വ്യവസ്ഥയുണ്ടാക്കാന്‍ pandemicകളില്‍ വൈറസ്സിനു പറ്റും.

പുതിയ രോഗങ്ങളെപ്പറ്റി എല്ലാ സമൂഹങ്ങളിലും ഉണ്ടാകുന്നതുപോലെ കേരളത്തിലും സംശയങ്ങളുണ്ടായി. എന്താണ് ഇപ്പോഴീ പുതിയ രോഗം വരുന്നത് ? ഇതൊന്നും പണ്ട് കേട്ടിട്ടുപോലുമില്ലല്ലോ. സംശയങ്ങള്‍ നല്ലതു തന്നെ. പക്ഷേ അത് ചരിത്രം മറക്കുന്നതിനും നിഷേധിക്കുന്നതിനുമാകുമ്പോള്‍ സൂക്ഷിക്കണം.

ബി.സി 412 മുതല്‍ക്കുള്ള ഗ്രീക്ക് എഴുത്തുകളില്‍ ഇന്‍ഫ്ലുവെന്‍സയ്ക്ക് സമാനമായ ലക്ഷണങ്ങള്‍ വ്യാപകമായി പടരുന്നതിനെപ്പറ്റി പറയുന്നുണ്ട്. 1510ല്‍ ആഫ്രിക്കയില്‍ നിന്ന് പുറപ്പെട്ട് യൂറൊപ്പിനെ ബാധിച്ച പകര്‍ച്ചപ്പനിയെപ്പറ്റി റിപ്പോട്ടുകളുണ്ട്. 1918-1920 കാലത്ത് യൂറോപ്പില്‍ കൊടുമ്പിരികൊണ്ട യുദ്ധം മൂലം വ്യാപകമായി പട്ടാളസംഘങ്ങളെ വിസ്ഥാപിക്കുന്ന സമയം. പട്ടാളക്കാരുടെ രാജ്യാന്തര പര്യടനങ്ങളോടൊപ്പം പുതിയ ഇനം ഇന്‍ഫ്ലുവെന്‍സ വൈറസ്സും ഭൂഖണ്ഡങ്ങള്‍ കയറിയിറങ്ങി. ലോകത്തിന്റെ മൊത്തം ജനസംഖ്യയുടെ പകുതിയെയോളം ആ ഇന്‍ഫ്ലുവെന്‍സ ബാധിച്ചു, 2 കോടിക്കു മുകളില്പേര്‍ മരിക്കുകയും ചെയ്തു. ഇന്ത്യയില്‍ 1781ലും 1889ലും 1918ലും 1957ലും ഇന്‍ഫ്ലുവെന്‍സ പകര്‍ച്ചപ്പനിയുടെ വിളയാട്ടമുണ്ടായിട്ടുണ്ട്. 1918ന്റെ പകര്‍ച്ചപ്പനി ബ്രിട്ടിഷ് ഇന്ത്യയില്‍ മാത്രം കൊന്നൊടുക്കിയത് 60ലക്ഷം പേരെയാണ് ! പ്ലേഗ് മൂലം രണ്ട് ദശകങ്ങളിലായി മരിച്ചവരുടെ ഏതാണ്ട് പകുതി എണ്ണം ആളുകള്‍ അന്ന് മാസങ്ങള്‍ക്കകം മരിച്ചു. 1957ലെ പകര്‍ച്ചവ്യാധിയാകട്ടെ ഭാഗ്യവശാല്‍ വീര്യം കുറഞ്ഞ വൈറസ് വകഭേദം മൂലമായരുന്നു. അന്ന് അത് എട്ടുമാസം കൊണ്ട് 45ലക്ഷത്തോളം പേരെ ബാധിച്ചെങ്കിലും മരണം 1200ല്‍ താഴെയായിരുന്നു.

സിംഗപ്പൂരു നിന്നും 1600ഓളം ആളുകളെയും കൊണ്ടു വന്ന കപ്പലില്‍ 254 ഇന്‍ഫ്ലുവെന്‍സ കേസുകള്‍ റിപ്പോട്ട് ചെയ്തതിനെപ്പറ്റിയും അവര്‍ മദിരാശിയില്‍ ഇറങ്ങിയതിനെപ്പറ്റിയും പിന്നെ ആ രോഗികളില്‍ നിന്ന് ഇന്ത്യയാകെ ഇതു പടര്‍ന്നതുമൊക്കെ അന്ന് കൂനൂരിലെ പാസ്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡെപ്പ്യൂട്ടി ഡയറക്റ്ററായിരുന്ന ഡോ: ഐ.ജി.കെ മേനോന്റെ നേതൃത്വത്തില്‍ ശ്രദ്ധയോടെ അന്വേഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം അന്ന് ലോകാരോഗ്യസംഘടനാ ബുള്ളറ്റിനില്‍ എഴുതിയ ശാസ്ത്ര റിപ്പോട്ട് ഇന്ന് ചരിത്ര രേഖയാണ്.

ഈ കഥയൊന്നുമറിയാതെ പലരും ഈ പകര്‍ച്ചപ്പനിയുടെ പ്രാധാന്യത്തെ കുറച്ചുകാട്ടാന്‍ ശ്രമിക്കുന്നുണ്ട്. പനിയുടെ കാഠിന്യവും രോഗതീവ്രതയും ഭയാനകമല്ലെങ്കിലും ഈ വിധമുള്ള നിഷേധാത്മക സമീപനവും "ഗൂഢാലോചനാ സിദ്ധാന്തം" പ്രചരിപ്പിക്കലും പൊതുജനത്തിനിടയിലും കുറേയൊക്കെ അധികാരികളിലും രോഗത്തെപ്രതി ഉണ്ടാക്കാവുന്ന നിസംഗത ചെറുതല്ല. 

ലോകാരോഗ്യസംഘടനയുടെ 'ജാഗ്രതാ നില'കളും പന്നിപ്പനിയും

ലോകാരോഗ്യസംഘടന ഈ പകര്‍ച്ചവ്യാധിയ്ക്കെതിരേയുള്ള ജാഗ്രതാ നില 6 ആക്കി എന്ന പ്രഖ്യാപനം വന്നതോടെ വ്യാപകമായ പരിഭ്രാന്തി ഏറിയകൂറും ഈ "ജാഗ്രതാ നില" (alertness levels) എന്താണെന്ന് അറിയാതെയായിരുന്നു. ജാഗ്രതാ നിലകളെന്താണെന്ന് വ്യക്തമാക്കാന്‍ ഇതിനോടൊപ്പം നല്‍കിയിട്ടുള്ള ചിത്രം വലിപ്പം കൂട്ടി കാണുക .

ഇതില്‍ ഒന്നാമത്തേത് ഒരു രോഗാണുമൂലമുള്ള മഹാമാരിക്ക് മുന്‍പുള്ള ഘട്ടമാണ്(ചിത്രത്തില്‍ പച്ച കള്ളി). ലോകാരോഗ്യസംഘടനയുടെ നിഷ്കര്‍ഷപ്രകാരമുള്ള ആദ്യ രണ്ട് ജാഗ്രതാ ലെവലുകള്‍ ഈ ഘട്ടത്തിലാണ്. അതായത് മൃഗങ്ങളില്‍ പുതിയ രോഗാണു കണ്ടെത്തുന്നു, എന്നാല്‍ മനുഷ്യനില്‍ ഇതെത്തിയിട്ടില്ല. അതേസമയം മനുഷ്യനില്‍ രോഗമെത്തുന്നതിന്റെ സാധ്യതകള്‍ ഉണ്ടുതാനും. കാലക്രമേണ മനുഷ്യനിലേയ്ക്ക് വ്യാപിക്കുന്ന വൈറസ് മനുഷ്യസമൂഹങ്ങളില്‍ ജൈവചക്രം സ്ഥാപിക്കുന്നതോടെ ഒരു രോഗിയില്‍ നിന്ന് മറ്റൊരാളിലേയ്ക്ക് വളരെ വേഗം ഇത് വ്യാപിക്കുന്നു. ഒപ്പം രോഗലക്ഷണങ്ങളും അതുമൂലമുള്ള ബുദ്ധിമുട്ടുകളും വ്യാപകമാകുന്നു. ഇങ്ങനെ പല ഘട്ടങ്ങളും കടന്ന് രോഗം രാജ്യാതിര്‍ത്തികള്‍ കടന്ന് ജാതിമതവംശസമൂഹഭേദമന്യേ ലോകമാസകലം പടരുന്നതോടെ പാന്‍ഡെമിക് എന്ന അവസ്ഥയാകുന്നു. ഈ ഘട്ടത്തില്‍ ജാഗ്രതാ നില 6 ആയി ലോകാരോഗ്യസംഘടന പ്രഖ്യാപിക്കുന്നു. ഈ ജാഗ്രതാ നിലകള്‍ പ്രഖ്യാപിക്കുന്നതിനു വ്യക്തമായ ഉദ്ദേശ്യമുണ്ട്. ഒരു രോഗം നിങ്ങളുടെ സമൂഹത്തില്‍ വ്യാപകമാകുകയാണ്, നേരിടാന്‍ തയ്യാറാവുക, ബജറ്റ് നിര്‍ദ്ദേശങ്ങളിലും പോളിസികളിലും അതനുസരിച്ച് വേണ്ടുന്ന മാറ്റങ്ങള്‍ വരുത്തുക, മരുന്നുകള്‍ ശേഖരിക്കുക, രോഗം വ്യാപകമാകാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കുക, ഏതൊക്കെ പ്രായത്തിലും ആരോഗ്യസ്ഥിതിയിലും ഉള്ളവരാണ് ഇതിനടിപ്പെടാന്‍ സാധ്യത, ഏതെല്ലാം വിഭാഗം ജനങ്ങള്‍ക്കാണ് പ്രത്യേകം ശ്രദ്ധവേണ്ടത്, ഇതിന്റെ ചികിത്സയ്ക്കായി സ്വസമൂഹങ്ങള്‍ക്ക് ബാധകമായ ഗൈഡ് ലൈനുകള്‍ നിര്‍മ്മിക്കുക, ഇതിന്റെ ചികിത്സയ്ക്കും പ്രതിരോധത്തിനും കൂടുതല്‍ വിഭവശേഷി ഉപയോഗിക്കുക എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങള്‍ ഒറ്റ വാക്കില്‍ കൊടുക്കുകെയെന്നതാണ് Pandemic alertness level-കള്‍ പ്രഖ്യാപിക്കുന്നതിലൂടെ സാധിക്കുന്നത്.

ചിത്രത്തില്‍ സൂചിപ്പിക്കുന്നതു പോലെ ജാഗ്രതാ നില 6 എന്നാല്‍ "ഇതാ ലോകം മുഴുവന്‍ ചത്തൊടുങ്ങാന്‍ പോകുന്നേ" എന്ന നിലവിളിയല്ല ! കൂടുതല്‍ രാജ്യങ്ങളിലേയ്ക്ക് ഇതു പകരുന്നു എന്ന് മാത്രമേ അതുകൊണ്ടുദ്ദേശിക്കുന്നുള്ളൂ. രോഗത്തിന്റെ കാഠിന്യത്തെയോ പ്രഹരശേഷിയേയോ മാരകത്വത്തെയോ ഒന്നും ഈ നമ്പര്‍ സൂചിപ്പിക്കുന്നില്ല. അതേ സമയം വൈറസുകള്‍ കൂടുതല്‍ മനുഷ്യരിലൂടെ കടന്നുപോകുമ്പോള്‍ അതുകള്‍ക്കുണ്ടാകാവുന്ന ജനിതകമ്യൂട്ടേഷനുകളെ പറ്റിയും രോഗകാരകശേഷി(infectivity)യെ പറ്റിയും ഇത് വ്യംഗ്യമായ സൂചന തരുന്നുണ്ട്. രോഗത്തിന്റെ ഗതിവിഗതികളെപ്പറ്റി അത്തരം സൂചനകള്‍ നല്‍കുക എന്നതുകൂടി ഈ 'ജാഗ്രതാ നില'പ്രഖ്യാപനത്തിലടങ്ങിയിരിക്കുന്നു.

രോഗപ്പകര്‍ച്ച, രോഗാതുരത, ലക്ഷണശാസ്ത്രം

സാധാരണ ജലദോഷപ്പനികളില്‍ വരുന്ന പനി, തൊണ്ടവേദന, ചുമ, തലവേദന, മൂക്കൊലിപ്പ് തുമ്മല്‍ എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ തന്നെയാണ് ഭൂരിഭാഗം പന്നിപ്പനി കേസുകളിലും കാണുന്നത്. പേശികളിലും സന്ധികളിലുമുള്ള വേദനയും വ്യാപകമാണ്.ഛര്‍ദ്ദിയും വയറിളക്കവും ചിലരില്‍ ഉണ്ടാവാം. പ്രായം കുറഞ്ഞ കുഞ്ഞുങ്ങളിലും പ്രായമേറിയവരിലും രോഗപ്രതിരോധശേഷിക്കുറവുള്ള ജനവിഭാഗങ്ങളിലും ഈ ലക്ഷണങ്ങളില്ലാതെയും പന്നിപ്പനി കാണാം. ചെറുസമൂഹങ്ങളില്‍ ഒതുങ്ങുന്ന epidemic ആയാലും ലോകമാകെ പടരുന്ന മഹാമാരിയായാലും സാധാരണ ഇന്‍ഫ്ലുവെന്‍സ രൂക്ഷമായി ബാധിക്കുന്നത് പ്രായം കൂടിയവരെയും കുട്ടികളെയുമാണ്. എന്നാല്‍ 2009ലെ പന്നിപ്പനി മഹാമാരി എല്ലാപ്രായത്തിലുള്ളവരെയും ഏറെക്കുറേ ഒരുപോലെ ബാധിക്കുന്നതായാണ് കണ്ടുവരുന്നത്.

ഒരുവയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളില്‍ വെറും പനിയും ഊര്‍ജ്ജക്കുറവുമല്ലാതെ ചുമയും മൂക്കൊലിപ്പും മറ്റ് അനുബന്ധ ലക്ഷണങ്ങളും പലപ്പോഴും കാണാറില്ല. എന്നാല്‍ കുട്ടികളില്‍ പൊതുവേ ശ്വാസകോശത്തെ വ്യാപകമായി ബാധിക്കുന്ന നീര്‍ക്കെട്ടും മറ്റും കൂടുതല്‍ കാണാമെന്നതിനാല്‍ സൂക്ഷിക്കേണ്ടതുണ്ട്. ഗര്‍ഭിണികളാണ് സൂക്ഷിക്കേണ്ട മറ്റൊരു കൂട്ടര്‍. മഹാമാരികളില്‍ മാത്രമല്ല, വര്‍ഷാവര്‍ഷം ആവര്‍ത്തിക്കുന്ന സാദാ പകര്‍ച്ചപ്പനികളിലും ഇവര്‍ക്ക് രോഗസാധ്യതയും കോമ്പ്ലിക്കേയ്ഷനുകളും കൂടുതലായിരിക്കും.

മുതിര്‍ന്നവരില്‍ പൊതുവേ കാര്യമായ പ്രശ്നങ്ങളില്ലാതെയാണ് 99% രോഗികളും പന്നിപ്പനിയിലൂടെ കടന്നുപോയിട്ടുള്ളത്. പ്രശ്നങ്ങള്‍ കണ്ടതാകട്ടെ ശ്വാസകോശ രോഗങ്ങളുള്ളവരിലും (ഉദാ: പുകവലി കൊണ്ടുള്ള ബ്രോങ്കൈറ്റിസ്, ആസ്മ) എയിഡ്സ്, കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ മൂലം പ്രതിരോധം കുറഞ്ഞവരിലും ഹൃദ്രോഗികളിലും ഗര്‍ഭിണികളിലുമൊക്കെയാണ്. പ്രമേഹരോഗികളും പൊതുവേ ഇമ്മ്യൂണിറ്റി കുറവാകയാല്‍ ശ്രദ്ധിക്കണം. ഒരു കൗതുകമെന്തെന്നാല്‍ പ്രായം ചെന്നവരില്‍ ഈ വൈറസിനെതിരേ ചെറിയ തോതില്‍ പ്രതിരോധശേഷിയും പല സ്ഥലങ്ങളിലും കാണുന്നുവെന്നതാണ്. ഈ മഹാമാരിക്ക് തൊട്ടുമുന്‍പുള്ള 1957-58ലെ പകര്‍ച്ചപ്പനിയില്‍ നിന്ന് ലഭിച്ച പ്രതിരോധശേഷിയാവണം പ്രായം കൂടിയവരില്‍ ഇപ്പോള്‍ കാണുന്ന ഈ പ്രതിഭാസമെന്നാണ് വിലയിരുത്തല്‍ .

വൈറസ്സിന്റെ ജനിതകപ്രത്യേകതകള്‍ മൂലം പെട്ടെന്ന് വ്യാപിക്കുന്നതാണ് പന്നിപ്പനിയെങ്കിലും ഭാഗ്യവശാല്‍ ഇത് ആളെക്കൊല്ലിയല്ല. മൊത്തം രോഗബാധിതരില്‍ ഏതാണ്ട് 0.5% ആളുകള്‍ക്കേ ആശുപത്രികളില്‍ കിടത്തിച്ചികിത്സ വേണ്ടിവന്നിട്ടുള്ളൂ എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വൈറസ് ബാധ കൊണ്ടുവരുന്ന ന്യുമോണിയയും പനിമൂലമുള്ള നിര്‍ജലീകരണവുമൊക്കെയാണ് കിടത്തിചികിത്സ വേണ്ടിവന്നവരില്‍ ഏറിയപങ്കിനുമുണ്ടായിരുന്ന പ്രശ്നങ്ങള്‍ . രോഗത്തിന്റെ ഉത്ഭവ സ്ഥലമായ മെക്സിക്കോയില്‍ മരണപ്പെട്ടവരുടെ നാലിലൊന്ന് പേര്‍ നേരത്തേ മറ്റ് രോഗങ്ങളൊന്നുമുള്ളവരായിരുന്നില്ല എന്നത് ഒരു അപൂര്‍വതയാണ്. മെക്സിക്കോയ്ക്ക് പുറത്ത് ഈ പ്രതിഭാസം ഉണ്ടായിട്ടില്ല. പന്നിപ്പനി ബാധിച്ച് മരിക്കുന്നവരുടെ ശതമാനം ഓരോ രാജ്യത്തും വ്യത്യസ്തമാണ്. വികസിത രാജ്യങ്ങളില്‍ മരണം വെറും 0.3 % ആയിരിക്കുമ്പോള്‍ മൂന്നാം ലോകരാജ്യങ്ങളില്‍ ഇത് 3 - 4% വരെ എത്തിയിട്ടുണ്ട്.

രോഗലക്ഷണങ്ങള്‍ കാണിക്കുന്ന എല്ലാവരുടെയും തൊണ്ട, മൂക്ക് എന്നിവിടങ്ങളില്‍ നിന്നും swab സാമ്പിളുകള്‍ എടുത്ത് പരിശോധിച്ച് ഉറപ്പുവരുത്തുക എന്നത് ഒരു മഹാമാരിയുടെ ആദ്യഘട്ടങ്ങളില്‍ സാധിച്ചേക്കുമെങ്കിലും സമൂഹത്തിലെ വലിയൊരു പങ്കിലേയ്ക്ക് രോഗം എത്തിക്കഴിഞ്ഞാല്‍ ഇങ്ങനെ ആവര്‍ത്തിക്കുന്നത് വന്‍ സാമ്പത്തിക നഷ്ടമേ ഉണ്ടാക്കൂ. അതിനാല്‍ രോഗലക്ഷണങ്ങള്‍ നോക്കിയും നിങ്ങളുടെ ചുറ്റുവട്ടത്ത് സമാനലക്ഷണമുള്ള പകര്‍ച്ചപ്പനി വ്യാപകമാണോ എന്ന് ശ്രദ്ധിച്ചും മാത്രം ടെസ്റ്റുകള്‍ ചെയ്താല്‍ മതിയാകും. പന്നിപ്പനിയുടെ രോഗലക്ഷണങ്ങള്‍ പൊതുവേ എല്ലാതരം ജലദോഷപ്പനികള്‍ക്കും കാണുന്നതാകയാല്‍ പന്നിപ്പനിയാണെന്ന് സ്ഥിരീകരിക്കാതിരിക്കെ തന്നെ പല സമൂഹങ്ങളിലും ഈ രോഗം വ്യാപിക്കുന്നുണ്ട്. കോമ്പ്ലിക്കേഷന്റെ സാധ്യതകളോ മറ്റ് രോഗങ്ങളോ ഇല്ലാത്ത ആളുകളില്‍ ടെസ്റ്റുകള്‍ ചെയ്യേണ്ട കാര്യമില്ല എന്നാണ് ലോകാരോഗ്യസംഘടനയും പറയുന്നത്.

ചികിത്സയും പ്രതിരോധവും

വൈറസ്സിന്റെ ജനിതകമാറ്റത്തിലും വ്യാപനത്തിന്റെ തോതിലും ഇത്തവണത്തെ പന്നിപ്പനി 1918ന്റെ മാരകമായ ഇന്‍ഫ്ലുവെന്‍സ പകര്‍ച്ചപ്പനിയുടെ ലക്ഷണങ്ങളാണ് ആദ്യം മുതല്‍ക്കേ കാണിച്ചിരുന്നത് എന്നതുകൊണ്ടാവാം ഇതിനോടുള്ള സമീപനത്തില്‍ അല്പം എടുത്തുചാട്ടങ്ങള്‍ ആദ്യ മാസങ്ങളില്‍ വൈദ്യലോകത്താകെ ഉണ്ടായത്. രോഗലക്ഷണം കണ്ട ഏതാണ്ടെല്ലാവര്‍ക്കും കണ്ണും മൂക്കുമില്ലാതെ സനാമിവിറും(zanamivir) ഒസെല്‍റ്റാമിവിറും (oseltamivir) കൊടുക്കുക എന്ന രീതിയാണ് ആദ്യമാദ്യം പല സെന്ററുകളും അവലംബിച്ചത്. എന്നാല്‍ പനിവ്യാപനത്തിന്റെ തോതും ദിശയും കൂടുതല്‍ തെളിഞ്ഞുവന്നതോടെ പ്രധാന ആരോഗ്യഗവേഷണ കേന്ദ്രങ്ങളൊക്കെ തങ്ങളുടെ നിര്‍ദ്ദേങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

ശ്വാസകോശത്തെയാകെ ബാധിക്കുന്ന ഗൗരവതരമായ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍, കിടത്തിചികിത്സ വേണ്ടിവരുന്നവര്‍, 65നുമേലോ 2നു താഴെയോ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, ക്യാന്‍സറും എച്.ഐ.വിയും മറ്റും ഉള്ളവര് എന്നിങ്ങനെയുള്ള രോഗീവിഭാഗങ്ങളില്‍ മാത്രം ഒസെല്‍റ്റാമിവിറും സനാമിവിറും പോലുള്ള ആന്റി വൈറല്‍ മരുന്നുകള്‍ ഉപയോഗിച്ചാല്‍ മതി എന്നാണ് വിദഗ്ധതലത്തിലുള്ള തീരുമാനം. മേല്‍ സൂചിപ്പിച്ചവരില്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ടെസ്റ്റിന്റെ റിസള്‍ട്ടിനു കാത്തു നില്‍ക്കാതെ 48മണിക്കൂറില്‍ത്തന്നെ ചികിത്സ ആരംഭിക്കണമെന്നാണ് നിര്‍ദ്ദേശം. അറിഞ്ഞോ അറിയാതെയോ രോഗിയുമായി ഇടപഴകിയവരില്‍ രോഗം വന്നാല്‍ കോമ്പ്ലിക്കേഷനുകളുണ്ടാവാന്‍ സാധ്യതയുള്ളവരുണ്ടെങ്കില്‍ അത്തരക്കാരിലും മുന്‍കൂറായി ചികിത്സ ആരംഭിക്കാം.

ഈ വകുപ്പിലൊന്നും പെടാത്ത സാധാരണ രോഗികള്‍ക്ക് പനിക്കും ശരീരവേദനയ്ക്കും മറ്റും ലക്ഷണമനുസരിച്ചുള്ള ലഘു ചികിത്സകള്‍ മതിയാകും. ലഘുവായ, ദഹിക്കാനെളുപ്പമുള്ള ആഹാരം, ധാരാളം വെള്ളം (കഞ്ഞിവെള്ളം, കഞ്ഞി, പഴച്ചാറുകള്‍ ) എന്നിവ നല്ലത്. അനാവശ്യമായി മരുന്നുകള്‍ കഴിക്കുന്നതും നല്ലതല്ല. ആന്റിബയോട്ടിക്കുകള്‍ വൈറല്‍ രോഗത്തിന് പ്രയോജനം ചെയ്യില്ല. ആസ്പിരിനും മറ്റും നിവര്‍ത്തിയുണ്ടെങ്കില്‍ ഇന്‍ഫ്ലുവെന്‍സയുള്ളപ്പോള്‍ കഴിക്കാതിരിക്കുക.

തുമ്മലിലൂടെ അന്തരീക്ഷത്തില്‍ പടരുന്ന വെള്ളത്തുള്ളികളിലേറിയാണ് വൈറസ് അന്യരിലെത്തുന്നത്. മൂക്കുതുടച്ചിട്ടോ വായപൊത്തി ചുമച്ചിട്ടോ ഒക്കെ രോഗി പലയിടത്തും സ്പര്‍ശിക്കുമ്പോള്‍ അവിടെയും രോഗാണു പരക്കുന്നു. ജലദോഷ വൈറസ് സര്‍വസാധാരണയായി പരക്കുന്നതും ഈ രീതികള്‍ വഴിത്തന്നെ. ഇതുകൊണ്ടാണ് കഴിയുന്നതും രോഗികള്‍ മറ്റുള്ളവരുമായി ഇടപഴകുന്നതും വസ്തുക്കള്‍ പൊതുവായി കൈകാര്യം ചെയ്യുന്നതും ഒഴിവാക്കാന്‍ വിദഗ്ധര്‍ ആവശ്യപ്പെടുന്നത്. ഹസ്തദാനം, മുഖത്ത് സ്പര്‍ശിക്കല്‍, പൊതുസ്ഥലങ്ങളില്‍ തുപ്പുക, മൂക്കുപിഴിഞ്ഞിടുക എന്നിവ ചെയ്യുന്നത് നിര്‍ദ്ദോഷമാണെന്ന് നിങ്ങള്‍ കരുതുന്നെങ്കില്‍ ഓര്‍ക്കുക,രോഗം മാരകമല്ലെങ്കിലും ഈ വൈറസ്സിന്റെ സംക്രമണശേഷി കൂടുതലാണ്, ഒരല്പം മതി അത് മറ്റുള്ളവരിലേക്ക് എത്താന്‍.

പന്നിപ്പനി വാക്സീനുകളും നമ്മളും

ലാബിലെ കൃത്രിമാന്തരീക്ഷത്തില്‍ വൈറസിനെ വളര്‍ത്തുക എന്ന ദുഷ്കരമായ പ്രവര്‍ത്തി എളുപ്പമായത് 1930കളില്‍ പുതിയ ടെക്നീക്കുകള്‍ കണ്ടെത്തിയതോടെയാണ്. തുടര്‍ന്ന് 1940കളുടെ പകുതിയോടെ ആദ്യ ഇന്‍ഫ്ലുവെന്‍സ പ്രതിരോധ വാക്സീന്‍ വികസിപ്പിക്കപ്പെട്ടു. രണ്ടാം ലോകയുദ്ധത്തിലെ പട്ടാളക്കാരായിരുന്നു ആദ്യകാല ഗുണഭോക്താക്കള്‍. ഇന്ത്യയില്‍ വ്യാപകമായ 1957ലെ ഇന്‍ഫ്ലുവെന്‍സ പകര്‍ച്ചപ്പനിയെ നേരിടാന്‍ 1958ന്റെ ആദ്യത്തോടെ കൂനൂരിലെ പാസ്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും പൂനെയിലെ സായുധസേനാ മെഡിക്കല്‍ കോളെജും ചേര്‍ന്ന് ഒരു പ്രതിരോധകുത്തിവയ്പ്പു തദ്ദേശീയമായി വികസിപ്പിച്ചിരുന്നു. അന്ന് പനിയുടെ പകര്‍ച്ച വേഗത്തില്‍ നിന്നതിനാല്‍ വാക്സീന്‍ ഉപയോഗിക്കപ്പെട്ടില്ല.

ഇന്‍ഫ്ലുവെന്‍സയ്ക്കെതിരേയുള്ള ഏറ്റവും ഫലപ്രദമായ പ്രതിരോധം കുത്തിവയ്പ്പാണെന്ന് കാലങ്ങളോളമുള്ള വാക്സീന്റെ ഉപയോഗം നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ഇന്ന് വര്‍ഷം തോറും മഞ്ഞുകാലത്ത് ഇന്‍ഫ്ലുവെന്‍സ കേസുകള്‍ വര്‍ധിക്കുന്ന രാജ്യങ്ങളില്‍ മിക്കതിലും തണുപ്പ് ആരംഭിക്കുന്നതിനു മുന്‍പുള്ള മാസങ്ങളില്‍ ഇന്‍ഫ്ലുവെന്‍സ വാക്സീന്‍ നല്‍കുന്ന പതിവുണ്ട്. പ്രായമേറിയവര്‍, കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, ആശുപത്രിയിലും മറ്റും ജോലിചെയ്യുന്നവര്‍, പട്ടാളക്കാര്‍ എന്നിങ്ങനെയുള്ള ജനവിഭാഗങ്ങള്‍ക്കാണ് ഈ കുത്തിവയ്പ്പുയജ്ഞത്തില്‍ മുഖ്യ പരിഗണന. ലോകമാസകലം വ്യാപിച്ചുകൊണ്ടിരിക്കുന്ന മഹാമാരിയുടെ നിലയിലേക്ക് പന്നിവൈറസ് ഇന്‍ഫ്ലുവെന്‍സ വളര്‍ന്നതോടെ അടുത്തുവരുന്ന മഞ്ഞുമാസങ്ങളിലെ മുഖ്യ രോഗകാരകനും ഇതായിരിക്കും എന്നേതാണ്ടുറപ്പായിട്ടുണ്ട്. സ്വാഭാവികമായും തണുപ്പുകാലത്ത് കേസുകളുടെ എണ്ണവും ഇപ്പോഴുള്ളതിലും വളരെ കൂടുതലാവും. ഇക്കാരണങ്ങളാല്‍ തന്നെ പന്നി വൈറസ് ഇന്‍ഫ്ലുവെന്‍സയ്ക്കെതിരേ വാക്സീന്‍ നിര്‍മ്മിക്കാനും ചുരുങ്ങിയ കാലത്തിനിടയ്ക്ക് പരമാവധി സുരക്ഷിതത്വ പരീക്ഷണങ്ങള്‍ നടത്താനും ഗവേഷക സംഘങ്ങള്‍ തമ്മില്‍ കടുത്ത മത്സരമുണ്ട്. ഓസ്ട്രേയ്ലിയയും സ്വിറ്റ്സര്‍ലന്റും ഫ്രാന്‍സും അമേരിക്കയും തദ്ദേശീയമായി വാക്സീനുകള്‍ വികസിപ്പിച്ചുകഴിഞ്ഞു. 

ഇന്ത്യയെപ്പോലെ സാമ്പത്തിക പരാധീനതകളുള്ള ഒരു രാജ്യത്ത് ഇന്‍ഫ്ലുവെന്‍സയ്ക്കെതിരേ വാക്സീന്‍ വ്യാപകമായി ഉപയോഗിക്കുന്നതില്‍ അര്‍ത്ഥമില്ല എന്നാണ് ഇതേപ്പറ്റി പഠിച്ച പല വിദഗ്ധരുടെയും അഭിപ്രായം. ഒന്നാമത് ഇന്ത്യയിലെ ശ്വാസകോശരോഗങ്ങള്‍ക്ക് കാരണമെന്ന് പറയാന്‍ ഇന്‍ഫ്ലുവെന്‍സയേക്കാള്‍ ഗൗരവപ്പെട്ട വൈറസുകളും ബാക്റ്റീരിയകളും വേറെ ഉണ്ട്. വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇത് വലിയൊരു വ്യത്യാസമാണ്. മാത്രമല്ല ശീതമേഖലയിലെ രാജ്യങ്ങളെ അപേക്ഷിച്ച് വര്‍ഷം മുഴുവന്‍ ഇന്‍ഫ്ലുവെന്‍സ വൈറസ് പകര്‍ച്ചയ്ക്ക് സാധ്യതയുള്ള ഉഷ്ണമേഖലാ രാജ്യങ്ങളിലെ ആവശ്യകതയനുസരിച്ചുള്ള വാക്സീന്‍ നിര്‍മാണം ബുദ്ധിമുട്ടും ചെലവും കൂടിയതാണ്. അതുകൊണ്ടുള്ള മെച്ചമാകട്ടെ മറ്റ് പല രോഗങ്ങളെയും താരതമ്യം ചെയ്യുമ്പോള്‍ തുലോം കുറവും. ഇതൊക്കെക്കൊണ്ടാകാം ഉയര്‍ന്ന രോഗസാധ്യതയോ കോമ്പ്ലിക്കേഷന്റെ സാധ്യതയോ ഉള്ള high risk ആളുകളിലല്ലാതെ (മുകളില്‍ നോക്കുക) നമ്മുടെ നാട്ടില്‍ ഈ വാക്സീനിന്റെ പൊതുവായ ഉപയോഗത്തെ സംബന്ധിച്ച് നിര്‍ദ്ദേശങ്ങളൊന്നും വന്നിട്ടില്ല. 
ചുരുക്കത്തില്‍
മാധ്യമങ്ങള്‍ കഥയറിയാതെ പ്രചരിപ്പിക്കുന്നതല്ല പന്നിപ്പനിയെ സംബന്ധിച്ച യാഥാര്‍ത്ഥ്യം. അതിഭീകരനായ ആളെക്കൊല്ലിയായി ഈ വൈറസ് ഇതുവരെ രൂപം മാറിയിട്ടില്ല. പ്രതിരോധശേഷി കുറഞ്ഞ ജനവിഭാഗങ്ങളും മറ്റ് രോഗങ്ങളാല്‍ സ്വതവേ ദുര്‍ബലരായവരുമാണ് ഇതുവരെ പന്നിപ്പനിക്കിരയായി മരിച്ചവരില്‍ ഭൂരിഭാഗവും. പനിവന്നവരില്‍ 95%ത്തോളം പേരും യാതൊരു ദീര്‍ഘകാല പരാധീനതകളുമില്ലാതെ സുഖപ്പെട്ടു. മറ്റ് ആരോഗ്യപ്രശ്നങ്ങളോ റിസ്കോ ഇല്ലാത്തവരില്‍ ഇതിന്റെ ചികിത്സ അനാവശ്യമാണ്. ലക്ഷണങ്ങളെ മാനേജ് ചെയ്യലാകട്ടെ തികച്ചും ലളിതവും. ഇതൊക്കെയാണെങ്കിലും ആളെക്കൊല്ലിയായി ഈ വൈറസ് മാസങ്ങള്‍ കഴിയുമ്പോള്‍ രൂപം മാറാന്‍ ചെറുതല്ലാത്ത സാധ്യത ഉണ്ട് എന്നോര്‍മ്മിക്കുക. മനുഷ്യനെ ആക്രമിച്ച പതിനൊന്നോളം ഇന്‍ഫ്ലുവെന്‍സ മഹാമാരികളുടെ ചരിത്രം മറക്കാതിരിക്കുക.

1. പ്രതിരോധ കുത്തിവയ്പ്പ് അവനവന്റെ സുരക്ഷ മാത്രമല്ല ലക്ഷ്യമിടുന്നത്. അന്യന്റെ സുരക്ഷ കൂടിയാണ്. ഒരു വ്യക്തിയിലേക്ക് രോഗാണു സംക്രമിക്കുന്നത് തടയുമ്പോള്‍ നാം ആ സമൂഹത്തിലൂടെയുള്ള അണുവിന്റെ ആകമാന സഞ്ചാരത്തെയാണു തടയുന്നത് എന്ന വിശാല ബോധം കൂടിയുള്‍പ്പെടുന്നു ഇതില്‍
വാക്സ്സീനുകളും മരുന്നുകളാണു. ഫലം ഉണ്ടെങ്കില്‍ പാര്‍ശ്വഫലവും ഉണ്ടാകുമെന്നതില്‍ സംശയമൊന്നും വേണ്ട. അപ്പോള്‍ തീര്‍ച്ചയായും വാക്സീനുകള്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഉണ്ട്. എന്നുവച്ച് അത് എടുക്കാതിരിക്കുന്നത് - പ്രത്യേകിച്ച് അതിനു സാമ്പത്തിക സാമൂഹിക സാഹചര്യങ്ങള്‍ തടസ്സമല്ലാതിരിക്കുമ്പോള്‍ - സാമൂഹിക ദ്രോഹമാണെന്നാണു ഈയുള്ളവന്റെ വക്രബുദ്ധി പറയുന്നത് :))
2. വാക്സീനുകള്‍ക്കെതിരേ ഒരു തരം അനാവശ്യഭയം ഉണ്ടാവുകയോ ഉണ്ടാക്കിയെടുക്കുകയൊ ചെയ്യുന്നത് ഇപ്പോള്‍ ഒരു ഫാഷനായി മാറിയിട്ടുണ്ട് . ചില വാക്സീനുകള്‍, ഉദാ: ഹെപ്പറ്റൈറ്റിസ് - ബി, എം.എം.ആര്‍ , ഡിപിറ്റി തുടങ്ങിയവയിലെ രാസഘടനയില്‍ മെര്‍ക്കുറി പോലുള്ള വിഷാംശം ഉള്ളതിന്റെ പേരില്‍ ഒരുപാട് തെറ്റിദ്ധാരണകള്‍ക്കും തര്‍ക്കങ്ങള്‍ക്കും വഴിവച്ചിട്ടുണ്ടെന്നത് നേര്.
തൈമെറൊസാല്‍ (thimerosal) അഥവാ തയോമെര്‍സല്‍ എന്ന ഓര്‍ഗാനോമെര്‍ക്യൂറിക് സമ്യുക്തം ഈ വാക്സീനില്‍ അണുബാധ വരാതിരിക്കാനായി പ്രിസര്‍വേറ്റിവ് എന്ന നിലയ്ക്ക് ചേര്‍ക്കാറുണ്ടായിരുന്നു. സാധാരണഗതിയില്‍ ശരീരത്തില്‍ വിഷമയം ആകാന്‍ സാധ്യതയുള്ള മെര്‍ക്കുറി അളവുകള്‍ക്കും വളരെ താഴെയുള്ള അളവിലേ ഇത് എഫ്.ഡി ഏ പോലുള്ള ഏജന്‍സികള്‍ അനുവദിച്ചിരുന്നുള്ളൂ. എന്നാല്‍ ജപ്പാനിലെ മിനമതാ അത്യാഹിതം (മെര്‍ക്കുറി കലര്‍ന്ന മത്സ്യം കഴിച്ച് മെര്‍ക്കുറി വിഷബാധയേറ്റ സംഭവം) വാക്സീനുകളിലെ മെര്‍ക്കുറിയുമായി ഏച്ചുകെട്ടി ഭീതിപരത്തിയവരില്‍ പത്രമാധ്യമങ്ങള്‍ മാത്രമല്ല ചില ശിശുരോഗ വിദഗ്ധരും ഉള്‍പ്പെടും :)

മെഥില്‍ മെര്‍ക്കുറിയാണു (methyl mercury) മിനമതാ സംഭവത്തിലെ വില്ലനെങ്കില്‍ തൈമെറൊസാലില്‍ അത് എഥില്‍ മെര്‍ക്കുറിയാണു (ethyl). രണ്ടും കടലും കുളവും പോലെ വ്യത്യസ്ഥം. മെഥില്‍ മെര്‍ക്കുറിക്ക് 50ദിവസത്തോളം ശരീരത്തില്‍ ഹാഫ് ലൈഫ്. എഥില്‍ മെര്‍ക്കുറി കഷ്ടിച്ച് 4 ദിവസം കൊണ്ട് ശരീരത്തില്‍ പകുതിയാകുന്നു.
തൈമെറൊസാല്‍ നേരാം വണ്ണം നടത്തിയ ഒരു പഠനത്തിലും ഓട്ടിസത്തിനോ മറ്റ് വിഷബാധാസംബന്‍ധിയായ പ്രശ്നങ്ങള്‍ക്കോ കാരണമായതായി കണ്ടെത്തിയിട്ടില്ല. എങ്കിലും അതിനെതിരായി വന്ന പ്രചാരണങ്ങള്‍ക്ക് ശക്തി കൂടിയപ്പോള്‍ പീഡിയാട്രിക് അക്കാഡമികളും ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്റ്റ്രേയ്ഷനും വാക്സീനുകളില്‍ തൈമെറൊസാല്‍ ചേര്‍ക്കുന്നത് 90കളുടെ ഒടുക്കത്തോടെ നിരോധിച്ചു.

ഈ പ്രചാരണങ്ങളുടെ വെളിച്ചത്തില്‍ എലികളിലും മറ്റും നടന്ന ഇടക്കാല പഠനങ്ങള്‍ പരിശോധിച്ച കമ്മറ്റികള്‍ തൈമെറൊസാലിനെതിരെയാണു വിധിച്ചത്. എന്നാല്‍ രീതിശാസ്ത്രപരമായി വ്യക്തതയുള്ള അനുകൂലവും പ്രതികൂലവുമായ ഫലങ്ങള്‍ കാണിച്ച 12 പഠനങ്ങള്‍ അപഗ്രഥിച്ചതില്‍ നിന്നും 2004ലെ Immunization Safety Review Committee എത്തിച്ചേര്‍ന്ന നിഗമനം MMR വാക്സീനെയോ തൈമെറൊസാലിനെയോ ഓട്ടിസവുമായി ബന്ധപ്പെടുത്താനുള്ള തെളിവുകള്‍ വളരെ ദുര്‍ബലമാണ് എന്നതായിരുന്നു.

ആര്‍ക്കൈവ്സ് ഒഫ് ജനറല്‍ സൈക്കിയാട്രിയില്‍ (ഈ വര്‍ഷം ജനുവരി) വന്നത് : കാലിഫോണിയ ഡിപ്പാട്ട്മെന്റ് ഒഫ് ഡിവലപ്മെന്റല്‍ സ്റ്റഡീസിന്റെ 1995 ജനു 1 മുതല്‍ 2007 മാര്‍ച്ച് 31 വരെയുള്ള കാലയവില്‍ നടന്ന പഠനം വ്യക്തമാക്കുന്നത് വാക്സീനിലെ തൈമെറൊസാല്‍ തീരെ ഇല്ലാതായ കാലയളവിലും ഓട്ടിസത്തിന്റെ തോത് കുറഞ്ഞിട്ടില്ല, കൂടിയെങ്കിലേ ഉള്ളൂ !!

കൂട്ടത്തില്‍ പറയട്ടെ, MMR വാക്സീനും ഓട്ടിസവുമായുള്ള ബന്ധം സ്ഥാപിക്കാന്‍ 'ശ്രമിച്ച' ചില പഠനങ്ങള്‍ പില്‍ക്കാലത്ത് വിവാദമായിട്ടുണ്ട്. ഉദാ: 1998ലെ പ്രശസ്തമായ ആന്‍ഡ്രൂ വേയ്ക്ഫീല്‍ഡ് പഠനത്തില്‍ ഉള്‍പ്പെട്ട പല ഓട്ടിസ്റ്റിക് കുട്ടികളുടെയും രക്ഷിതാക്കള്‍ വാക്സീന്‍ മൂലമാണു ഓട്ടിസം വരുന്നതെന്ന് നഷ്ടപരിഹാരം തേടി നിയമവഴിക്ക് പോയവരായിരുന്നു. 2006 മേയ്-ജൂണ്‍ കാലത്ത് ചില പത്രങ്ങള്‍ കൊണ്ടാടിയ റിപ്പോട്ടാണു MMR കുത്തിവയ്പ്പിനെ ഒട്ടിസവുമായി ബന്ധപ്പെടുത്തിയ ഡോ: സ്റ്റീവന്‍ വാക്കറുടെ ഒരു പോസ്റ്റര്‍ അവതരണം (International Meeting for Autism Researchല്‍ അവതരിപ്പിച്ചത്) . കാള പെറ്റതും കയറിനായി ഓടിയ മാധ്യമങ്ങള്‍ ഒടുവില്‍ മീസിത്സ് ബാധയാണോ തന്റെ പഠനത്തിലെ രോഗികളില്‍ ഓട്ടിസത്തിന് കാരണമായത് എന്ന് നോക്കിയിട്ടില്ലെന്നും അതിനു സാധ്യതയുണ്ടെന്നും അതിനാല്‍ വാക്സീനാണു ഓട്ടിസത്തിനു കാരണമെന്ന് പറയാനാകില്ലെന്നും ഡോ:വാക്കര്‍ കൈകഴുകിയതോടെ പിടി വിട്ടു.
3. റൂബെല്ല (ജര്‍മ്മന്‍ മീസിത്സ്) വൈറല്‍ അണുബാധ താരതമ്യേന പ്രശ്നരഹിതമാണെങ്കിലും ചില പ്രത്യാഘാതങ്ങള്‍ ഭീകരമാണ്. റൂബെല വരുന്ന ഗര്‍ഭിണികളില്‍ - വിശേഷിച്ച് ആദ്യ 6 മാസം - 80% കുഞ്ഞുങ്ങളിലും പ്രസവാനന്തരം അന്ധത, ബാധിര്യം, ഹൃദയത്തില്‍ തുള എന്നിങ്ങനെയുള്ള ഏതെങ്കിലും പ്രശ്നം ഒറ്റയ്ക്കോ ഒരുമിച്ചോ കാണാം . ഗര്‍ഭിണികളില്‍ അതിനാല്‍ തന്നെ ഈ അസുഖത്തിനു വലിയ പ്രാധാന്യമുണ്ട്.
പുരുഷനിലും സ്ത്രീയിലും കുട്ടികളിലൂം വ്യത്യാസമില്ലാതെ വരുന്ന റൂബെല്ല 6000 രോഗികളില്‍ 1 എന്ന നിരക്കില്‍ തലച്ചോറിനെ ബാധിക്കാം. (post infectious encephalopathy). ഇത് വരുന്നവരില്‍ 20% പേര്‍ മരിക്കാന്‍ സാധ്യത. കുട്ടികളില്‍ നിന്ന് ഗര്‍ഭിണികളിലേക്കുള്ള സംക്രമണ സാധ്യത വലുതാണെന്നുകൂടിയിരിക്കെ റൂബെല വാക്സീനെ തള്ളിക്കളയുന്നത് ശുദ്ധ മണ്ടത്തരമാണെന്നാണു ഈയുള്ളവന്റെ വിനീതമായ അഭിപ്രായം.
അത് പെണ്‍ കുട്ടികള്‍ക്ക് മാത്രമല്ല ആണ്‍കുട്ടികള്‍ക്കും വേണം താനും. (ആദ്യം പറഞ്ഞ സാമൂഹിക സുരക്ഷാ തത്വം തന്നെ ഇവിടെയും)
റൂബെല വാക്സീന്‍ പ്രചാരത്തിലാകുന്നത് 1970ക്കളുടെ തുടക്കത്തില്‍. വളരെ ശുഷ്കാന്തിയോടെ പ്രതിരോധകുത്തിവയ്പ്പ് യജ്ഞം നടപ്പാക്കിയ ഫിന്‍ലന്റ് ബ്രിട്ടന്‍ അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ ക്രമമായി റൂബെല കേയ്സുകള്‍ കുറഞ്ഞുവന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. (1975 കാലഘട്ടത്തില്‍ വര്‍ഷം തോറും ഏതാണ്ട് 750 ഗര്‍ഭസ്ഥ റൂബെല അബോര്‍ഷനുകളും 50 പ്രസവാനന്തര വൈകല്യങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്ന ബ്രിട്ടനില്‍ 2001 ആകുമ്പോള്‍ അത് 7 റൂബെല്ലക്കുഞ്ഞുങ്ങള്‍ എന്ന തൊതിലേക്ക് ജനനം കുറഞ്ഞു. ഫിന്‍ലന്റും അമേരിക്കയും ഏതാണ്ട് 0 നിരക്കെത്തിക്കഴിഞ്ഞു).

റൂബെല്ല വാക്സീനെതിരേയുള്ള മറ്റൊരു പ്രചരണം ത്രോമ്പോസൈറ്റോപീനിയ (ITP) എന്ന ഒരു രക്തസ്രാവ രോഗം ഉണ്ടാകുന്നു എന്നതാണു. ഭാഗികമായി ഇത് ശരിയാണു താനും. റൂബെല എടുക്കുന്ന 40,000 കുത്തിവയ്പ്പുകളില്‍ ഒരാള്‍ക്ക് ഈ രോഗം വാക്സീനിന്റെ പാര്‍ശ്വഫലമായി വരാം (സ്വീഡിഷ് കണക്ക്) . അമേരിക്കന്‍ കണക്കനുസരിച്ച് ഇത് 10 ലക്ഷം കുത്തിവയ്പ്പില്‍ 1 എന്ന തോതാണ് . എന്നാല്‍ റൂബെല്ല എന്ന രോഗം വന്നാലും ഇതേ അമിതരക്തസ്രാവ അവസ്ഥ ഉണ്ടാകാം. കുത്തിവയ്പ്പെടുക്കാതെ റൂബെല്ല വരുന്നവരില്‍ അതിന്റെ തോത് വച്ചു നോക്കുമ്പോള്‍ വാക്സീനിന്റെ പാര്‍ശ്വഫലത്തോത് അവഗണിക്കാവുന്നതത്രെ.

4. മീസിത്സ് (മണ്ണന്‍) അണുബാധ മൂക്ക് തൊണ്ട ശ്വാസകോശം എന്നിവയെ ബാധിക്കുന്ന ഒരു ‘ജലദോഷ’ ത്തിനപ്പുറം പോകുന്നത് അപൂര്‍വ്വമാണ്. എന്നാല്‍ ഇവനൊന്ന് ‘അറിഞ്ഞ് വിളയാടിയാല്‍ ‘ ശ്വാസകോശത്തില്‍ സ്ഥിരമായ നാശനഷ്ടമുണ്ടാക്കാമെന്ന് മാത്രമല്ല ഭാവിയിലേക്കുള്ള സ്ഥിരമായ (പ്രത്യേകിച്ച് കുട്ടി ഒരു പുകവലിക്കാരനൊക്കെ ആകുമെങ്കില്‍ ) നെഞ്ചുരോഗ ഫിക്സഡ് ഡിപ്പോസിറ്റ് കൂടിയാകും ഇത് :))

മൊത്തം രോഗികളില്‍ 5 % പേര്‍ക്ക് ബ്രോങ്കോ ന്യുമോണിയയായോ ബ്രോങ്കിയോളൈറ്റിസോ ആയി ഇത് മാറാമെന്ന് കണക്ക്.
SSPE പോലുള്ള തലച്ചോര്‍ കോശനാശ രോഗങ്ങള്‍ ഇന്‍ഫക്ഷന്‍ വന്ന് 5 മുതല്‍ 15 വര്‍ഷത്തിനു ശേഷമേ കാണാറുള്ളൂ. അതും അത്യപൂര്‍വ്വം : 1ലക്ഷത്തില്‍ ഒരാള്‍ക്ക് എന്ന തോതില്‍ .
കളി അവിടെയല്ല... മണ്ണന്റെ അണുബാധത്തോത് (ഇന്‍ഫക്റ്റിവിറ്റിക്ക് എന്തരാണോ മലയാളം..ആ പോട്ട് പുല്ല്) വളരെ വലുതാണു. രോഗി നാലാളുടെ ഇടയിലിരുന്ന് ഒറ്റ തുമ്മല്‍ തുമ്മിയാല്‍ ചുറ്റുമിരിക്കുന്ന നാലാള്‍ക്കും വൈറസ് ബാധയുണ്ടാകും. ഏതാണ്ട് 100 % ഇന്‍ഫക്റ്റിവിറ്റി !!
മണ്ണനും (measles) മുണ്ടി നീരും (mumps) ഒറ്റയ്ക്കൊറ്റയ്ക്ക് നോക്കിയാല്‍ താരതമ്യേന പ്രശ്നകാരികളല്ലാത്ത രോഗങ്ങളാണ്. എന്നാല്‍ പോഷകാഹാരക്കുറവും മറ്റും ഉള്‍പ്പടെയുള്ള സാമൂഹികപരിപ്രേക്ഷ്യത്തില്‍ കണ്ടാല്‍ ഭീകരന്മാരുമാണു.2006 ലെ കണക്കനുസരിച്ച് വര്‍ഷം തോറും 2,42, 000 ലക്ഷം കുട്ടികള്‍ (5 വയസ്സില്‍ താഴെയുള്ളവരാണു ഭൂരിഭാഗവും) മണ്ണന്‍ വന്ന് ശ്വാസകോശാണുബാധയാല്‍ ലോകത്ത് മരിയ്ക്കുന്നു. ഇതില്‍ 95 ശതമാനത്തോളം പേര്‍ നമ്മുടേതു പോലുള്ള വികസ്വര നാടുകളിലാണ്.

പ്രതിരോധക്കുത്തിവയ്പ്പിന്റെ ആവശ്യകതയെക്കുറിച്ച് ഇനിയെന്ത് പറയാന്‍ ?
5 . മുണ്ടി നീര്‍ അഥവാ parotitis epidemica യുടെ പ്രധാന ലക്ഷണം ചെവിക്ക് മുന്നില്‍ കവിളിലായി ഉള്ള തുപ്പല്‍ ഗ്രന്ഥികളുടെ വീക്കമാണു.

മുണ്ടിനീര്‍ , 10,000 പേരില്‍ ഒരാളെ മാത്രം കൊല്ലുന്ന താരതമ്യേന നിര്‍ദ്ദോഷിയായ രോഗമാകുന്നു. എന്നാല്‍ മുണ്ടി നീര്‍ വരുന്ന 30 % രോഗികളില്‍ അത് തലച്ചോറിനെ ബാധിക്കുന്ന മെനിഞ്ജൈറ്റിസ് ആയി മാറാറുണ്ട്.

കൌമാരമെത്താത്ത (ഏതാണ്ട് 12 വയസ്സില്‍ താഴെയുള്ള) ആണ്‍ കുട്ടികളില്‍ ഇത് വൃഷണത്തെ ഒട്ടും തന്നെ ബാധിക്കാറില്ല. പ്യൂബര്‍ട്ടി എത്തിയ കുട്ടികളില്‍ 20 - 40% പേര്‍ക്ക് മുണ്ടി നീര്‍ ‘അണ്ടിനീര്‍ ‘ (വൃഷണത്തില്‍ നീരുകെട്ടും എന്ന്) ആകുകയും ചെയ്യും !

എന്നാല്‍ ഇങ്ങനെ വൃഷണവീക്കം വരുന്നവര്‍ സ്ഥിരമായ ഷണ്ഡത്വം അപൂര്‍വ്വമാണെന്ന് കണക്കുകള്‍ കാണിക്കുന്നു.(5% സ്ത്രീകളില്‍ അണ്ഡാശയവീക്കവും കാണാം - വെറുമൊരു വയറ് വേദന വന്നങ്ങ് പൊയ്ക്കോളും. )

അപൂര്‍വ്വമായ കോമ്പ്ലിക്കേയ്ഷനുകള്‍ പറഞ്ഞാല്‍ പേടിയാകും. ഹൃദയത്തെ വരെ ബാധിക്കാം. 1000ത്തില്‍ 3 പേര്‍ക്ക് കേള്‍വിയും പോകാം.

നിലവിലുള്ള വാക്സീനുകളായ ലെനിന്‍ ഗ്രാഡ് - 3 (വോ തന്ന തന്ന ,റഷ്യാക്കാരന്റെ തന്ന :), റൂബിനി, യുറേബ് ഏ എം - 9 എന്നിങ്ങനെയുള്ള വാക്സീനുകളെ അപേക്ഷിച്ച് ഇഫക്റ്റ് കുറവാണേലും അമേരിക്കയില്‍ ലൈസന്‍സ് ചെയ്തിട്ടുള്ള Jeryl–Lynn വാക്സീന് സൈഡ് ഇഫക്റ്റുകള്‍ വളരെ കുറവാണു. അമേരിക്കയില്‍ ഇത് 2 ഡോസ് നല്‍കാനാണു വ്യവസ്ഥ.

6. ഈ മൂന്ന് വാക്സീനുകളും ചേര്‍ന്നതാണ് എം.എം.ആര്‍ . അത് കുട്ടിക്ക് 12 മാസം പ്രായമാകുമ്പോഴാണു നല്‍കേണ്ടത്. 9-ആം മാസം എം.എം.ആര്‍ ആണോ കൊടുത്തത് ? അതോ മീസിത്സ് മാത്രമോ ?

നാട്ടില്‍ അനുവര്‍ത്തിച്ചു പോരുന്ന Universal Immunisation Programme അനുസരിച്ച് 6 മാസത്തില്‍ മീസില്‍സ് വാക്സീന്‍ ഗവണ്മെന്റ് ഫ്രീയായി കൊടുക്കുന്നു. MMR ആണെങ്കില്‍ അത് 15 മാസമാകുമ്പോഴാണു ഇന്ത്യയില്‍ കൊടുക്കുക. ഇന്ത്യന്‍ അക്കാഡമി ഒഫ് പീഡിയാട്രീഷ്യന്‍സ് MMR ബൂസ്റ്റര്‍ കൊടുക്കാന്‍ നിര്‍ദ്ദേശിക്കുന്നില്ല. ഒരു ഡോസേ നാട്ടില്‍ ഉള്ളൂ.

അമേരിക്കയില്‍ 12 - 15 മാസത്തിനിടയിലും . അമേരിക്കയില്‍ സ്കൂള്‍ പ്രവേശനത്തിനു മുന്‍പ് 4-5 വയസ്സാകുമ്പോള്‍ ഒരു ബൂസ്റ്റര്‍ ഡോസ് MMR കൂടി കൊടുക്കും.

ഗര്‍ഭസ്ഥമായിരിക്കുമ്പോള്‍ മറുപിള്ള (പ്ലാസെന്റ) വഴി കുട്ടിയിലെത്തുന്ന രക്തത്തില്‍ അമ്മയുടെ ഉള്ളിലെ ആന്റീബോഡികള്‍ - അമ്മയ്ക്ക് ഈ കുത്തിവയ്പ്പുകള്‍ മുന്‍പ് എടുത്തിട്ടുണ്ടെങ്കിലോ അല്ലെങ്കില്‍ ഇവ രോഗമായി വന്നിട്ടുണ്ടെങ്കിലോ - ഉണ്ടാകും. പ്രസവാനന്തരം ഏതാണ്ട് 6 - 9 മാസം വരെ ഇത് നിലനില്‍ക്കും.പിന്നെ ക്രമേണ അവ നശിക്കും. അതുകൊണ്ടാണ്6 മാസം വരെയെങ്കിലും കാത്തിരിക്കാന്‍ നാം പറയുന്നത്. അതിനു മുന്നേ കൊടുക്കുമ്പോള്‍ വാക്സീനെ കുഞ്ഞിന്റെ ശരീരത്തിലെ മാതൃജന്യ ആന്റീബോഡികള്‍ ന്യൂട്രലൈസ് ചെയ്യാന്‍ സാധ്യതയുണ്ട് എന്ന് തിയറി :))

എം.എം ആര്‍ 9 മാസം കൊടുക്കാന്‍ വകുപ്പില്ലാത്തതാണ്. 

പീഡിയാട്രീഷ്യന്മാരുടെ കമ്മറ്റി അംഗീകരിച്ച Catch Up Schedule അനുസരിച്ച് 5 വയസ്സ് കഴിഞ്ഞിട്ടും ആദ്യ MMR ഡോസ് എടുത്തിട്ടില്ല എങ്കില്‍ എപ്പോള്‍ വേണമെങ്കിലും ആദ്യ ഡോസ് എടുക്കുക. എന്നിട്ട് കുറഞ്ഞത് 4 ആഴ്ച കഴിയുമ്പോള്‍ അടുത്ത MMR ഡോസ് എടുക്കാവുന്നതാണ്. പ്രായം 5 വയസ്സില്‍ താഴെയാണെങ്കില്‍ നേരത്തേ പറഞ്ഞ ഷെഡ്യൂള്‍ അനുസരിച്ച് തന്നെ പോകാം: ആദ്യഡോസ് എത്രയും പെട്ടന്ന്. പിന്നെ സ്കൂളില്‍ ചേര്‍ക്കാറാവുമ്പോള്‍ ബൂസ്റ്റര്‍ ഡോസും.

7 . ഹെപ്പറ്റൈറ്റിസ് - ബി വാക്സീന്‍ ദേവേട്ടന്‍ പറഞ്ഞപോലെ കുട്ടികള്‍ക്ക് അനാവശ്യമാണെന്നൊക്കെ തോന്നാം. ചില ആഗോള കണക്കുകള്‍ മറ്റൊന്നാണു പറയുക: ലോകത്തിന്റെ മുക്കാല്‍ ജനസംഖ്യയും ഹെപ്പറ്റൈറ്റിസ്-ബി ബാധയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിലാണു ജീവിക്കുന്നത്.

HIVയെക്കാള്‍ 100 ഇരട്ടി വേഗത്തിലാണു ഹെപ്പറ്റൈറ്റിസ് ബി ബാധയുണ്ടാകുക എന്നോര്‍ക്കുക. എച് ഐ വി ബാധയേക്കാള്‍ നാം ഭയക്കേണ്ടത് ഹെപ്പറ്റൈറ്റിസ്-ബി യെ ആണ് എന്ന് സാരം.

സംഗതി രക്തത്തിലൂടെയോ ലൈംഗികവേഴ്ചയിലൂടെയോ പ്രസവവേളയിലെ സ്രവങ്ങളിലൂടെയോ ഒക്കെയാണു ശരീരത്തില്‍ ഈ വൈറസ് പ്രവേശിക്കുന്നതെങ്കിലും കുട്ടികളിലേക്ക് ഇത് സംക്രമിക്കാന്‍ ചില വഴികളുണ്ട് : കുത്തിവയ്പ്പുകള്‍ വഴി, ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ വഴി , ഓപ്പറേഷന്‍ ഉപകരണങ്ങള്‍ വഴി, രക്തസംബന്ധിയായ രോഗങ്ങള്‍ (വിശേഷിച്ച് സിക്കിള്‍ സെല്‍ അനീമിയ, തലാസ്സീമിയ തുടങ്ങിയവ വികസ്വര രാജ്യങ്ങളില്‍ കൂടുതലാണ്) വരുന്നവരില്‍ , മുറിവുകളില്‍ നിന്ന് മുറിവുകളിലേക്ക്, പച്ചകുത്തിലൂടെ, നിര്‍ബന്ധത്താലുള്ള ലൈംഗിക വേഴ്ച വഴി (ബാലികാ ബാല പീഡനത്തില്‍ നാം ഒട്ടും മോശമല്ലല്ലോ).

ഹെപ് - ബി ബാധിക്കുന്ന 20 - 30% ആളുകളെ ഇത് രോഗവാഹക അവസ്ഥയില്‍ ആക്കുന്നു. സനാതന രോഗിയാകുന്നവരില്‍ 50 - 75 % ആളുകളും കരളില്‍ ക്യാന്‍സര്‍ വന്നാണു മരിക്കുക. ശേഷിച്ചവര്‍ മറ്റു കരള്‍ രോഗം വന്നും.

Hep-Bയുടെ high endemicity areas എന്നുപറയുന്ന ഇടങ്ങളില്‍ ഇന്ത്യയുള്‍പ്പെടുന്ന തെക്കുകിഴക്കന്‍ ഏഷ്യയും വരും. കിഴക്കന്‍ യൂറോപ്പിലെ ചില രാജ്യങ്ങളും സബ് സഹാറന്‍ ആഫ്രിക്കയുമൊക്കെ ഈ ഗ്രൂപ്പിലാണ്. ഇന്ത്യയിലെ ജനസംഖ്യയില്‍ നടന്ന ചിതറിയ ആന്റിജന്‍ അസേ പഠനങ്ങളില്‍ 0.1% മുതല്‍ 11.4% വരെ ആളുകള്‍ക്ക് ഹെപ്പറ്റൈറ്റിസ്-ബി അണുബാധ ഉണ്ടായിട്ടുള്ളതായി കാണുന്നു. ഇതില്‍ ലോകാരോഗ്യസംഘടന ഉറപ്പിച്ച " 5% " എന്ന നിരക്ക് എടുത്ത് കണക്കുകൂട്ടുമ്പോള്‍ പോലും ഹെപ്പറ്റൈറ്റിസ് - ബി ബാധിച്ചവരുടെ ആഗോളസംഖ്യയുടെ 15% വരും !!

ഇന്ത്യന്‍ അക്കാഡമി ഒഫ് പീഡിയാട്രിസ്ക് മുന്നോട്ടു വച്ച "വിപുലീകൃത പ്രതിരോധ കുത്തിവയ്പ്പ് യജ്ഞ'ത്തിന്റെ പ്രധാന പരിപാടികളിലൊന്ന് ഹെപ്പറ്റൈറ്റിസ്-ബി ബാധ പിടിച്ചു നിര്‍ത്തുകയെന്നതാണ്. ഹെപ്പറ്റൈറ്റിസ്-ബി വാക്സീനാകട്ടെ വളരെ വളരെ സുരക്ഷിതവുമാണ്. (ഇന്ത്യന്‍ കമ്പനികള്‍ സ്വന്തമായി പേറ്റന്റ് എടുത്ത് മറ്റിടങ്ങളെ അപേക്ഷിച്ച് കുറഞ്ഞ വിലയ്ക്ക് ഇത് നാട്ടില്‍ നല്‍കുന്നുണ്ട്.)

നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ, എത്രയും നേരത്തേ ഈ വാക്സീന്‍ കൊടുത്താല്‍ അത്രയും നേരത്തെ ഇത് വരുന്നതിനെതിരേ തടയിടാം. നാളെ അവനില്‍ നിന്നോ അവളില്‍ നിന്നോ - ലൈംഗികമായോ രക്തസംബന്ധമായോ - അത് മറ്റാര്‍ക്കും കിട്ടില്ല എന്നുറപ്പ് വരുത്താം.

8. പ്രതിരോധക്കുത്തിവയ്പ്പുകളെ കണ്ണുമടച്ച് എതിര്‍ക്കുകയും സ്പാം മെയിലുകള്‍ പടച്ചു വിടുകയും ചെയ്യുന്നവര്‍ ഈ കുത്തിവയ്പ്പുകള്‍ പ്രചാരത്തിലാവുന്നതിനു മുന്‍പും പിന്‍പും അതാത് രോഗങ്ങള്‍ വരുന്നതിന്റെ തോതും ആ രോഗങ്ങള്‍ മൂലം ഉണ്ടായ മരണങ്ങളുടെ നിരക്കുമൊക്കെ ഒന്ന് മനസ്സിരുത്തി പഠിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.

എപ്പോഴൊക്കെ നിലവിലുണ്ടായിരുന്ന പ്രതിരോധകുത്തിവയ്പ്പ് തീവ്രപരിപാടികള്‍ ആലസ്യത്തിലേക്ക് പോയിട്ടുണ്ടോ അപ്പോഴൊക്കെ അത് തടയേണ്ട രോഗങ്ങളുടെ തോതും കൂടിയിട്ടുണ്ട്. ഇംഗ്ലന്റ് വെയില്‍സ് സ്വീഡന്‍ ജപ്പാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ 1979 - 81കാലത്ത് വില്ലന്‍ ചുമയ്ക്കെതിരേയുള്ള പ്രതിരോധനടപടികള്‍ തടസ്സപ്പെട്ടപ്പോള്‍ വില്ലന്‍ ചുമയുടേ റേറ്റും കൂടിയിട്ടുണ്ട്.

വാക്സീനുകള്‍ക്കെതിരെ ഡയലോഗ് വിടുന്ന 750 വെബ്സൈറ്റുകളെ ഉള്‍പ്പെടുത്തി നടന്ന പിറ്റ്സ്ബെര്‍ഗ് യൂണിവേഴ്സിറ്റിയുടെ പഠനം കാണിക്കുന്ന കണക്കുകള്‍ രസകരമാണു :

* അത്തരം വെബ്സൈറ്റുകളില്‍ 91% വും വാക്സീന്‍ ഓട്ടിസം, മള്‍ട്ടിപ്പിള്‍ സ്ക്ലീറോസിസ് സഡന്‍ ഇന്‍ഫന്റ് ഡെത്ത് സിന്റ്രോം തുടങ്ങിയ അപൂര്‍വ രോഗങ്ങള്‍ക്ക്/അവസ്ഥകള്‍ക്ക് വഴിവയ്ക്കും എന്ന് പ്രചരിപ്പിക്കുന്നു .

* 83% വെബ് സൈറ്റുകള്‍ വാക്സീനുകളില്‍ മെര്‍ക്കുറി പോലുള്ള 'വിഷം' ഉണ്ടെന്നോ അല്ലെങ്കില്‍ ചില ബാച്ച് വാക്സീനുകള്‍ മൊത്തം contaminated ആണെന്നോ വാദിക്കുന്നു.

* 62% വെബ്സൈറ്റുകള്‍ പറയുന്നത് ഡോക്ടര്‍മാര്‍ മന:പൂര്‍വം കുത്തിവയ്പ്പിന്റെ സൈഡ് ഇഫക്റ്റ് പുറത്ത് പറയാത്തതാണെന്ന്.

* വാക്സീനുകള്‍ക്കെതിരേ കുരയ്ക്കുന്ന 67% വെബ്സൈറ്റുകള്‍ പ്രകൃതിചികിത്സ, ഹോമിയോ, കൈറോ പ്രാക്റ്റിക് രീതികള്‍ , ഹെര്‍ബല്‍ ഔഷധവും ഹോളിസ്റ്റിക് ഉഗാണ്ടന്‍ തിയറികളും മറ്റും നിര്‍ദ്ദേശിക്കുന്നവയാണെന്നത് യാദൃശ്ചികമല്ല :)) 16% Website കള്‍ ഈ വക ഉല്പ്പന്നങ്ങള്‍ വില്‍ക്കുന്നവയുമായിരുന്നു !

ജനിതകവസ്തുവിന്റെ തന്മാത്രാ ശാസ്ത്രം

ജനിതകവസ്തു അഥവാ ക്രോമസോമുകള്‍ നമ്മുടെ ഓരോ കോശത്തിന്റെയും കേന്ദ്രത്തില്‍ (ന്യൂക്ലിയസ്) ചെറു ചുരുളുകളായി കാണപ്പെടുന്ന ഡി.എന്‍.ഏ തന്മാത്രാമാലയുടെയും അനുബന്ധ പ്രോട്ടീനുകളുടെയും സാന്ദ്രീകൃത രൂപമാണ് . കുറേയേറെ തന്മാത്രകള്‍ മാലപോലെ കോര്‍ത്തുകിടക്കുന്ന നൂല്‍ ചുരുളുകളായി ഇവയെ സങ്കല്‍പ്പിക്കുന്നതാവും എളുപ്പം. ഇവയുടെ അതിസൂക്ഷ്മരൂപം നോക്കിയാല്‍ ഡി.എന്‍.ഏ അഥവാ ഡി ഓക്സി റൈബോന്യൂക്ലിക് ആസിഡ് എന്ന രാസവസ്തുവാണ് ഇതിന്റെ പ്രധാനഘടകമെന്നു മനസിലാവും. ഈ നേര്‍ത്തനാരുകള്‍ മറ്റുചില തന്മാത്രകളുമായി ചുറ്റിപ്പിണഞ്ഞ് കിടക്കുന്നതിനെ ന്യുക്ലിയോസോമുകള്‍ എന്ന് വിളിക്കാം. ഈ ന്യൂക്ലിയോസോം ചുരുളുകള്‍ വീണ്ടും സ്പ്രിങ്ങുപോലെ ചുരുണ്ട് ക്രൊമാറ്റിന്‍ എന്ന പേരില്‍ നൂല്‍ പോലെ കിടക്കുന്നു. സാങ്കേതികമായി പറഞ്ഞാല്‍ ചില്ലറ വ്യത്യാസങ്ങളുണ്ടെങ്കിലും ക്രൊമാറ്റിന്‍ ആണ് ആത്യന്തികമായി ചുരുണ്ട് കമ്പിളിനൂല്‍ പോലുള്ള ക്രോമസോമുകള്‍ ആയി കോശകേന്ദ്രത്തില്‍ കിടക്കുന്നത്.

സാധാരണ നിലയിലുള്ള ഒരു കോശത്തിന്റെ ന്യൂക്ളിയസിനുള്ളില്‍ ജനിതകവസ്തു ക്രോമാറ്റിന്‍ രൂപത്തിലാണുണ്ടാവുക. കോശം വിഭജനത്തിനു തയ്യാറെടുക്കുമ്പോഴാണ് ഈ ക്രോമാറ്റിന്‍ നാരുകള്‍ കട്ടിയാര്‍ന്ന് ക്രോമസോമുകളാവുക.

ഡി.എന്‍.ഏ എന്ന രാസവസ്തുവിനെ വളരെ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ അത് ഒരു ചുരുളന്‍ കോണിയുടെ രൂപത്തിലാണെന്നു കാണാം. ഇതിനു പ്രധാനമായും രണ്ടു ഘടകങ്ങളുണ്ട്: കൈവരികളും പടികളും. പഞ്ചസാര കണികകളോട് ബന്ധിപ്പിച്ചിരിക്കുന്ന ക്ഷാരഗുണമുള്ള (നൈട്രജന്‍ അടങ്ങിയ അമിനോ അംഗം ഉള്ള) രാസവസ്തുക്കളാണ് അഡനീന്‍, തൈമീന്‍, ഗ്വാനീന്‍, സൈറ്റോസിന്‍ എന്നിവ. ഇവയെ നൈട്രജന്‍ ബേയ്സുകള്‍ എന്നു വിളിക്കുന്നു. ഈ രാസവസ്തുക്കളുടെ ആദ്യാക്ഷരങ്ങളാണ് A, T, G, C എന്നത്. ആര്‍.എന്‍.ഏ എന്ന രണ്ടാം ജനിതകവസ്തുവിലാകട്ടെ തൈമീനു പകരം യുറാസില്‍ (U) ആണുള്ളത്. പഞ്ചസാരകണികകളുമായി ബന്ധിതമായ അഡനീനും, തൈമീനുമൊക്കെ ഫോസ്ഫോറിക് ആസിഡുമായി പ്രതിപ്രവത്തിക്കുമ്പോള്‍ ഇവയുടെ ഫോസ്ഫേറ്റുകള്‍ ഉണ്ടാകുന്നു. ഇവയാണ് ന്യൂക്ളിയോ ടൈഡുകള്‍. ഈ ചുരുളന്‍ കോണിയുടെ ‘പടി’ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് നൈട്രജന്‍ ബേയ്സുകള്‍ കൊണ്ടാണ്. അതേസമയം കൈവരികള്‍ ഫോസ്ഫേറ്റ്/പഞ്ചസാര സംയുക്ത ഭാഗം കൊണ്ടും.

ഈ ഭീമന്‍ തന്മാത്രയുടെ ഫോസ്ഫേറ്റ് അംഗത്തില്‍ ഉള്ള OH (ഹൈഡ്രോക്സില്‍) അംഗം മറ്റൊരു ന്യൂക്ളിയോടൈഡുമായി പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ ഈ ഹൈഡോക്സില്‍ അംഗവും രണ്ടാമത്തെ ന്യൂക്ളിയോടൈഡിന്റെ പഞ്ചസാരയുടെ CH2 അംഗവും ചേരുന്നു. ഒരു H2O (ജലം) തന്മാത്ര ഉണ്ടാകുന്നതോടെ, ഈ രണ്ടു ന്യൂക്ളിയോടൈഡുകളും ബന്ധിതമാകുന്നു. ഇങ്ങനെ ഒരു ചങ്ങലപോലെ ന്യൂക്ളിയോടൈഡുകള്‍ തമ്മില്‍ ബന്ധിപ്പിക്കുമ്പോള്‍ ചുരുളന്‍ കോണിയുടെ ഒരു പകുതി കിട്ടുന്നു. ഇതേ രീതിയില്‍ത്തന്നെയാണ് മറുപകുതിയും ഉണ്ടാവുന്നത്. എന്നാല്‍ ചെറിയൊരു വ്യത്യാസമുണ്ട്. ഒരു അഡനീന്‍ തന്മാത്ര ഒരു തൈമീന്‍ കണികയുമായി മാത്രമേ ബന്ധം സ്ഥാപിക്കൂ. ആര്‍.എന്‍.ഏയിലാണെങ്കില്‍ തൈമീനില്ലാത്തതുകൊണ്ട് യുറാസിലുമായിട്ടാണ് ഈ ബന്ധം. ഒരു ഗ്വാനീന്‍ തന്മാത്രയാകട്ടെ ഒരു സൈറ്റോസിനുമായി മാത്രമേ ബന്ധപ്പെടൂ. ഹൈഡ്രജന്‍ ബോണ്ടുകള്‍ എന്നു വിളിക്കപ്പെടുന്ന തരം ബന്ധമാണ് ഇവയൊക്കെ തമ്മില്‍.

അപ്പോള്‍ ഡി.എന്‍ ഏ കോണിയുടെ ഒരു പകുതിയുടെ ഒരറ്റത്തു നിന്നും മറ്റേ അറ്റംവരെ ന്യൂക്ളിയോടൈഡുകള്‍ AAG CTTGC...എന്നിങ്ങനെയാണ് അടുക്കിയിരിക്കുന്നതെങ്കില്‍ മറുപകുതിയില്‍ അക്ഷരങ്ങള്‍ TTCGAACG... എന്നപ്രകാരമായിരിക്കും. ഡി.എന്‍.ഏ കോണിയുടെ ഈ രണ്ട് കൈവരികള്‍ക്കും തങ്ങളില്‍ നിന്നും വേര്‍പ്പെട്ടുളള ഒരു സ്വതന്ത്രനിലനില്‍പ്പില്ല. ഇവ രണ്ടുപാമ്പുകള്‍ പിണഞ്ഞുകിടക്കുംപോലെ ഇഴചേര്‍ന്നു നില്‍ക്കുന്നു. ന്യൂക്ലിയോടൈഡുകള്‍ തമ്മിലുള്ള ഹൈഡ്രജന്‍ ബന്ധനങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട് - ഈ ബന്ധനങ്ങള്‍ക്ക് എളുപ്പത്തില്‍ ഇഴപിരിയാനും വേണ്ടപ്പോള്‍ ഇഴമുറുകാനും സാധിക്കും.

കോശത്തിനകത്ത് ന്യൂക്ളിയസ് എന്ന് വിളിക്കുന്ന കോശകേന്ദ്രത്തിലാണ് ഡി.എന്‍.ഏ പോലുള്ള ജനിതകവസ്തുക്കള്‍ കാണുക. കോശം വിഭജിക്കേണ്ടി വരുമ്പോള്‍, അല്ലെങ്കില്‍ വളരുമ്പോള്‍, ഈ കോശകേന്ദ്രവും രണ്ടാകും. അതിനു മുന്നോടിയായി ഡി.എന്‍.ഏ.യുടെ ഇരട്ടിക്കലും നടക്കും. ഈ ഇരട്ടിക്കല്‍, അഥവാ ഡി.എന്‍.ഏയുടെ പകര്‍പ്പ് എടുക്കലാണ് ‘റെപ്ളിക്കേഷന്‍ ’. പിരിയന്‍ കോണിയുടെ കൈവരികള്‍ പിരിയുന്നത് ഈ അവസരത്തിലാണ്. ഇഴപിരിഞ്ഞു കഴിഞ്ഞാല്‍ രണ്ട് വ്യത്യസ്ഥ നൂലുകള്‍ പോലെ ഇവ നില്‍ക്കുന്നു. ഈ 'നൂലുക'ളിലോരോന്നിന്റെയും പകര്‍പ്പെടുക്കുന്നു പകര്‍പ്പുകളും ഇതുപോലെ പിരിയന്‍ കോണികള്‍ ആയിത്തീരും. പകര്‍പ്പെടുത്തു കഴിഞ്ഞാലുടന്‍ പിരിഞ്ഞു നിന്ന കൈവരികള്‍ വീണ്ടും പിണയും. ഈ ആവശ്യങ്ങള്‍ക്കു വേണ്ടി ആയിരക്കണക്കിനു പ്രോട്ടീന്‍ തന്മാത്രകള്‍ കോശത്തിനകത്തു പണിയെടുക്കുന്നുണ്ട്. ഒരു ഫാക്ടറിയിലെ തൊഴിലാളികളെന്നപോലെ. ഈ പ്രോട്ടീനുകളില്‍ വാഹനങ്ങളുണ്ട് -ട്രാന്‍സ്പോര്‍ട്ടര്‍ പ്രോട്ടീനുകള്‍. മറ്റു തന്മാത്രകളെ ചുമന്നുകൊണ്ടു പോകുക എന്നതാണിവയുടെ ജോലി. ഇവയുടെയിടയില്‍ എന്‍സൈമുകള്‍ എന്നു വിളിക്കപ്പെടുന്ന രാസത്വരക പ്രോട്ടീനുകളും (catalyst) ഉണ്ട്. രാസപ്രതിപ്രവര്‍ത്തനങ്ങളെ വേഗത്തിലാക്കാനും, ഇഴപിരിഞ്ഞു നില്‍ക്കുന്ന ഡി.എന്‍.ഏ യെ വീണ്ടും ഇഴചേര്‍ക്കാനും, പുതിയ ഡി.എന്‍.ഏ തന്മാത്ര നിര്‍മ്മിക്കാനാവശ്യമായ ന്യൂക്ളിയോടൈഡ് കണികകള്‍ കൊണ്ടുവരുവാനും ഫോസ്ഫേറ്റ് അംഗവും പഞ്ചസാര തന്മാത്രയും തമ്മിലുള്ള പ്രതിപ്രവര്‍ത്തനം വഴി അവ തമമില്‍ ഒട്ടിച്ചു ചേര്‍ക്കാനുമൊക്കെ പ്രോട്ടീനുകള്‍ അദ്ധ്വാനിക്കുന്നു. ഈ അര്‍ത്ഥത്തില്‍ പ്രോട്ടീനുകളാണ് ജീവന്റെ അടിസ്ഥാനമായ തന്മാത്രകള്‍ എന്നു പറയുന്നതില്‍ തെറ്റില്ല. നമ്മുടെ ഏതൊരു ജൈവ/അജൈവ പ്രവര്‍ത്തനവും പ്രോട്ടീനുകളുടെ സഹായത്തോടെയേ നടക്കൂ. ഈ പ്രോട്ടീനുകളെ നിര്‍മ്മിക്കുന്നതിനാവശ്യമായ കോഡുകളാണ് ഡി.എന്‍.ഏ യില്‍ നാം കണ്ട A യും T യും C യും എല്ലാം....

പക്ഷിപ്പനി : നെല്ലും പതിരും

പക്ഷിപ്പനി

എന്നത് പക്ഷികളെയും ചില മൃഗങ്ങളെയും, അപൂര്‍വമാ‍യി മനുഷ്യനെയും ബാ‍ധിക്കുന്ന ഒരു വൈറസ് രോഗമാണ്. സര്‍വ്വ സാധാരണയായി കാണുന്ന ജലദോഷ വൈറസായ ഇന്‍ഫ്ലുവെന്‍സാ (influenza) വൈറസിന്റെ അനേകം ബന്ധുക്കളില്‍ ചിലതാണ് പക്ഷിപ്പനി വൈറസുകള്‍(avian influenza).

ഇന്‍ഫ്ലുവെന്‍സാ വൈറസുകളുടെ കോശത്തിന് നേര്‍ത്ത ഒരു ആവരണമുണ്ട്. ഈ ആവരണത്തില്‍ മുത്തുപതിപ്പിച്ചതു പോലെ കാണപ്പെടുന്ന ചില പ്രോട്ടീനുകളും ഉണ്ട്. ഈ പ്രോട്ടീനുകള്‍ വൈറസിനെ മറ്റൊരു കോശത്തിനു പുറത്ത് ഒട്ടിച്ചേര്‍ന്നിരിക്കാനും അതു വഴി ആ കോശത്തിനുള്ളില്‍ കയറിപ്പറ്റാനുമൊക്കെ സഹായിക്കുന്ന രണ്ട് രാസത്വരകങ്ങളാണ് (എന്‍സൈമുകള്‍).ഇതില്‍ രണ്ടെണ്ണമാണ് പ്രധാനം : ഹീം-അഗ്ലൂട്ടിനിന്‍(H), ന്യൂറാമിനിഡേസ് (N) എന്നിവ. ഈ പ്രോട്ടീനുകളുടെ ടൈപ്പ് അനുസരിച്ച് ഇന്‍ഫ്ലുവെന്‍സാ വൈറസുകളെ H, N എന്നീ അക്ഷരങ്ങളുടെ വിവിധ കോമ്പിനേഷനുകളില്‍ പേരിട്ടു വിളിക്കുന്നു.

H1N1, H1N2, H3N2 എന്നിവയാണ് മനുഷ്യനെ ബാധിക്കുന്നതെന്നു കണ്ടെത്തിയിട്ടുള്ള ഇന്‍ഫ്ലുവെന്‍സാ വൈറസ് ടൈപ്പുകള്‍. കാലാ‍കാലങ്ങളില്‍ ജൈവ പരിണാമഫലമായി ഇതു രൂപാന്തരം പ്രാപിക്കുന്നു. ഇതില്‍ ഇപ്പോള്‍ നാം വാര്‍ത്തകളില്‍ വായിക്കുന്ന പക്ഷിപ്പനിയുണ്ടാക്കുന്നത് H5N1 എന്ന ടൈപ്പ് ഇന്‍ഫ്ലുവെന്‍സാ വൈറസാണ്. ഇത് ഹോംഗ് കോംഗില്‍ 1997-ല്‍ സ്ഥിരീകരിക്കപ്പെട്ട പക്ഷിപ്പനി ബാധ മുതല്‍ക്ക് വ്യാപകമായ ഒരു വൈറസ് രൂപാന്തരമത്രെ.

പക്ഷിപ്പനി വൈറസിന്റെ വരവ് .

കാട്ടുപക്ഷികളില്‍ ഈ വൈറസ് കുടലിലാണ് കാണപ്പെടുന്നത്. ഇവയില്‍ ഈ രോഗാണു കാര്യമായ പ്രശ്നങ്ങളൊന്നുമുണ്ടാക്കുന്നതായി കണ്ടിട്ടില്ല. ഈ പക്ഷികളുടെ തുപ്പല്‍, കാഷ്ഠം, മറ്റു സ്രവങ്ങള്‍ എന്നിവ പലയിടത്തും വീഴുമ്പോള്‍ അതിലൂടെ ഈ വൈറസും പരക്കുന്നു. ഈ വിസര്‍ജ്ജ്യ വസ്തുക്കളുമായി (വെള്ളം, ആഹാരം തുടങ്ങിയ ) ഏതെങ്കിലും രീതിയില്‍ ബന്ധപ്പെടുന്ന വളര്‍ത്തു പക്ഷികളിലേയ്ക്ക് വൈറസ് പകരുന്നു.

വൈറസ് മൂലം ഉണ്ടാകുന്ന രോഗാവസ്ഥ എല്ലാ പക്ഷികളിലും ഒരുപോലെയാവില്ല. ചിലതില്‍ ഈ വൈറസ് വളരെ തീവ്രത കുറഞ്ഞ ഒരു ഇന്‍ഫക്ഷന്‍ മാത്രമേ ഉണ്ടാക്കുന്നുള്ളൂ. രോഗലക്ഷണങ്ങളില്‍ ആകെ കാണാവുന്നത് മുട്ടയിടലിന്റെ തോതു കുറയല്‍ മാത്രമാകാം. ഒപ്പം തൂവലുകള്‍ പിഞ്ചിപ്പോകുന്ന പ്രശ്നങ്ങളും കാണാറുണ്ട്. തീവ്രതകുറഞ്ഞ ഈ അവസ്ഥയില്‍ രോഗം ബാധിച്ച പക്ഷി മരണപ്പെടാറില്ല. ആഴ്ചകള്‍ക്കുള്ളില്‍ അവ ആരോഗ്യം വീണ്ടെടുക്കുകയും ചെയ്യും.
എന്നാല്‍ നാം ഏറ്റവും ഭയക്കുന്ന അവസ്ഥയുണ്ടാകുന്നത് രോഗതീവ്രത വളരെ കൂടുതലായിരിക്കുമ്പോഴാണ്. ഈയവസ്ഥ സംജാതമായാല്‍ ഏതാണ്ട് 48 - 72 മണിക്കൂറിനകം പക്ഷി മരിക്കും.
കാട്ടുപക്ഷികളെ തിന്നുക വഴി പല മൃഗങ്ങള്‍ക്കും ഈ രോഗം വരുന്നതായി നമുക്കറിയാം. ഉദാഹരണത്തിന് രോഗം ബാധിച്ച പക്ഷികളെതിന്ന് തായ്ലണ്ടിലും മറ്റും മൃഗശാലയിലെ കടുവകള്‍ ചത്തതായി റിപ്പോര്‍ട്ടുണ്ട്. വളര്‍ത്തു പൂച്ചകളും ഇങ്ങനെ ചത്തതായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെതുടര്‍ന്ന് വിപുലമായ അന്വേഷണങ്ങള്‍ നടത്തപ്പെട്ടു. വളര്‍ത്തുപൂച്ച ചത്തുവെന്നു കണ്ട കേസുകളിലൊക്കെയും രോഗം ബാധിച്ച പക്ഷികളെ അവ തിന്നതാ‍യി കണ്ടെത്തിയിട്ടുണ്ട്. പന്നി പോലുള്ള മൃഗങ്ങളില്‍ പക്ഷികളുടെ വിസര്‍ജ്യത്തില്‍ നിന്നും പക്ഷിപ്പനി പകരുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.

പക്ഷിപ്പനി മനുഷ്യനില്‍

മനുഷ്യരിലേക്ക് ഈ വൈറസ് പകരുന്നത് കോഴി, താറാവ് തുടങ്ങിയ വളര്‍ത്തു പക്ഷികളില്‍ നിന്നാണ് - അതും അവയുടെ വിസര്‍ജ്യവസ്തുക്കളുമായി ബന്ധപ്പെടുമ്പോള്‍ . ഒരു മനുഷ്യനില്‍ നിന്ന് മറ്റൊരാ‍ളിലേയ്ക്ക് ഈ രോഗം പകരുന്നത് അപൂര്‍വം.

ഈ വൈറസ് ബാധിച്ച മനുഷ്യരില്‍ ഇതുവരെ അറിവായിട്ടുള്ളതില്‍ വച്ച് ജലദോഷത്തിന്റെയും സാധാരണ കഫക്കെട്ടിന്റെയും ലക്ഷണങ്ങളാണ് കണ്ടിട്ടുള്ളത്. കണ്ണുദീനം/ചെങ്കണ്ണ് പോലുള്ള ലക്ഷണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പനിയും ചുമയും തൊണ്ടവീക്കവും ന്യ്യുമോണിയയും കാണാം. അപൂര്‍വ്വമായി തലച്ചോറിനെ ബാധിക്കുകയും ചെയ്യാറുണ്ട്.
പക്ഷിപ്പനി രോഗലക്ഷണം മാത്രം വച്ചു നിര്‍ണ്ണയിക്കാനൊക്കുകയില്ല. കാരണം ആരംഭത്തില്‍ മറ്റേതൊരു ന്യുമോണിയയേയും പോലെ ചില്ലറപ്രശ്നങ്ങള്‍ മാത്രമേ രോഗികളില്‍ കാണാറുള്ളൂ. അതിനാല്‍ കൃത്യമായ രോഗനിര്‍ണ്ണയത്തിന് രോഗിയുടെ മൂക്ക്, തൊണ്ട എന്നിവിടങ്ങളില്‍ നിന്നും ശേഖരിക്കുന്ന സ്രവങ്ങളില്‍ വൈറസ് ഉണ്ടോ എന്ന് നോക്കുകയാണ്. (പി.സി.ആര്‍ പോലുള്ള വിദ്യകളും ലാബില്‍ വൈറസിനെ വളര്‍ത്തുന്നത് പോലുള്ള വിദ്യകളും ഉപയോഗിച്ച് ). ടെസ്റ്റുകള്‍ ചെലവേറിയതും കാലതാമസമെടുക്കുന്നതുമായതിനാല്‍ നമ്മുടേതു പോലുള്ള ഒരു സെറ്റപ്പില്‍ ഇതെത്ര കണ്ട് പ്രായോഗികം എന്നറിയില്ല.

മനുഷ്യനില്‍ ഇന്ന് വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള പക്ഷിപ്പനി ബാധകളില്‍ 90% വും താരതമ്യേന വീര്യം കുറഞ്ഞതും മാരകമല്ലാത്തതുമാണ്. അപൂര്‍വം ചില അവസരങ്ങളിലൊഴിച്ച് മനുഷ്യനില്‍ നിന്നു മനുഷ്യനിലേക്ക് ഇതു പടരുന്നതായി കണ്ടിട്ടുമില്ല. കാരണം അത്രയ്ക്കും സാംക്രമിക ശേഷി ഈ വൈറസിന് ഇതു വരെ ആര്‍ജ്ജിക്കാനായിട്ടില്ല. എന്നിരുന്നാലും മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ നല്ലൊരു പങ്കിലും രോഗികള്‍ മരണപ്പെടുകയായിരുന്നു എന്നത് ആശങ്കാജനകം തന്നെ.

ഏവിയന്‍ ഇന്‍ഫ്ലുവന്‍സയുടെ തലക്കുറി

വൈറസുകളെ സംബന്ധിച്ച ഏറ്റവും ഭയപ്പെടുത്തുന്ന ഒരു സംഗതി അവയുടെ മ്യൂട്ടേഷനുകള്‍ ആണ്. വൈറസിനു പേരിനൊരു കോശ ആവരണം ഉണ്ടെന്നതൊഴിച്ചാല്‍ അതിന്റെ പ്രധാനശരീരഭാഗം എന്നു പറയാന്‍ ഒരു കഷ്ണം ജനിതകവസ്തു മാത്രമെയുള്ളൂ.
നമ്മുടെ ശരീരത്തിലെ ഒരു കോശത്തില്‍ കയറിപ്പറ്റി കഴിഞ്ഞാല്‍ വൈറസ് ആദ്യം ചെയ്യുക, അതിന്റെ ജീനുകളെ നമ്മുടെ കോശത്തിന്റെ ജീനുകളുടെ ഇടയിലേയ്ക്ക് തുരന്നു കയറ്റുക എന്നതാണ്. ഇതോടെ വൈറസ് ജീനുകള്‍ അവയുടെ തനിനിറം കാണിക്കുന്നു. ഒട്ടകത്തിന്‍ തലവയ്ക്കാന്‍ ഇടം കൊടുത്ത പഴയ കഥ ആവര്‍ത്തിക്കുന്നു. വൈറസ് ജീനുകള്‍ കോശത്തേ അതിന്റെ സ്വന്തം പ്രത്യുല്‍പ്പാദനത്തിനായി ഉപയോഗിച്ചുതുടങ്ങുമ്പോള്‍ കാര്യങ്ങള്‍ കൈവിട്ടു പോകുന്നു.
ഇങ്ങനെ പെറ്റു പെരുകുന്ന കുട്ടി വൈറസുകളുടെ ജീനുകള്‍ക്കിടയില്‍ മനുഷ്യ ജീനുകളും കാണാം. ഒട്ടനവധി ജീനുകളുടെ സങ്കലനങ്ങളും ഈ പ്രക്രിയയ്കിടയില്‍ നടക്കാമെന്നതാണ് ഭയപ്പെടുത്തുന്ന കാര്യം. ഇങ്ങനെ മാറിമറിയുന്ന ജീന്‍ സീക്വന്‍സുകള്‍ മൂലം പുതുതായി ഉണ്ടാകുന്ന വൈറസ് കുഞ്ഞുങ്ങളുടെ ആക്രമണ സ്വഭാവത്തില്‍ മാറ്റം വന്നാല്‍ ? ഒരു മരുന്നിനും തടയാനാ‍വാത്ത അവ വിധം സര്‍വ്വശക്തരായാല്‍ ? കൂടുതല്‍ തീവ്രതയുള്ള, മാരകമായ ഒരു രോഗാണുവായി അവ മാറിയാല്‍ ?ശാസ്ത്രലോകം ഭയപ്പെടുന്നത് ഇത്തരം മ്യൂട്ടേഷന്‍ (രൂപമാറ്റ) സാധ്യതകളെയാണ്. കാരണം മുന്‍പ് ലോകത്തില്ലാതിരുന്ന ഒരു രോഗാണു പുതുതായി രൂപം കൊള്ളുമ്പോള്‍ അതിനെതിരേ പ്രകൃത്യാ ഉള്ള യാതൊരു പ്രതിരോധശേഷിയും (natural immunity) ഇല്ലാത്ത ഭൂമിയിലെ ജനം രോഗബാധിതരായി മരിക്കാന്‍ സാധ്യത കൂടുതലാണ്.
ഈ ഭയം അസ്ഥാനത്തല്ല. പന്നിയില്‍ ഇങ്ങനെയുള്ള വൈറസ് മ്യൂട്ടേഷനുകള്‍ കാണാറുണ്ട്. പക്ഷിയില്‍ നിന്നും മനുഷ്യനില്‍ നിന്നും ഒരേസമയം രണ്ടു വ്യത്യസ്ഥ ഇന്‍ഫ്ലുവന്‍സാ വൈറസുകള്‍ പന്നിയില്‍ ഇന്‍ഫക്ഷനുണ്ടാക്കുന്നുവെന്നു കരുതുക (co-infection) . ചില അവസരങ്ങളില്‍ പന്നിയുടെ ശരീരത്തിലെ ഒരേ കോശത്തില്‍ ഈ രണ്ടു വൈറസുകളും സമ്മേളിച്ച് ജീന്‍ സങ്കലനത്തിനു വിധേയമാകുന്നു. ഇതോടെ കൂടുതല്‍ പ്രശ്നക്കാരനായ മാരകമാ‍യേക്കാവുന്ന ഒരു പുതിയതരം ഇന്‍ഫ്ലുവെന്‍സാ വൈറസ് ജന്മംകൊള്ളുകയായി. പുതിയ ചില വൈറല്‍ രൂപങ്ങളായ H9N2, H7N7 എന്നിവയൊക്കെ അങ്ങനെയുണ്ടായതാണോ എന്നു സംശയിക്കപ്പെടുന്ന.

ചികിത്സ, പ്രതിരോധക്കുത്തിവയ്പ്പ്

ഒസെല്‍റ്റാമിവിര്‍, സനാമിവിര്‍ എന്നിങ്ങനെയുള്ള മരുന്നുകള്‍ പക്ഷിപ്പനിക്കെതിരെ ഇപ്പോള്‍ ഉപയോഗിച്ചു വരുന്നുണ്ട്. ഏറെക്കുറെ ഫലപ്രദമാ‍ണിവയെങ്കിലും ചെറു കാലയളവില്‍ മാത്രം പ്രയോഗിക്കപെടുന്നതിനാല്‍ ഫലത്തെക്കുറിച്ചും സൈഡ് ഇഫക്റ്റുകളെക്കുറിച്ചും നിരന്തരപഠനങ്ങള്‍ ഇപ്പൊഴും നടക്കുന്നു.
സനോഫി പാസ്ചര്‍ കമ്പനി ഗവേഷിച്ച് നിര്‍മ്മിച്ച പ്രതിരോധ കുത്തിവയ്പ് ഇപ്പോള്‍ പക്ഷിപ്പനിക്കെതിരേ ലഭ്യമാണ്. എന്നാല്‍ മനുഷ്യരില്‍ പക്ഷിപ്പനി വളരെ പരിമിതമായ ചില സന്ദര്‍ഭങ്ങളില്‍ മാത്രമേ കണ്ടുവരുന്നുള്ളൂ‍ എന്നതിനാലും, ഭാവിയില്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന ലോകവ്യാപകമായ ഒരു ആരോഗ്യപ്രശ്നമായി പക്ഷിപ്പനി മാറുകയാണെങ്കില്‍ വാക്സിനേഷന്‍ കൊണ്ട് ഉണ്ടാകാവുന്ന പൊതുജന പ്രയോജനം കണക്കിലെടുത്തും അമേരിക്കന്‍ ഗവണ്മെന്റ് ഈ വാക്സീനിന്റെ സ്റ്റോക്ക് സൂക്ഷിക്കാനും വേണ്ടപ്പോള്‍ മാത്രം പൊതുജന ഉപയോഗത്തിന് തുറന്നുകൊടുക്കാനും തിരുമാനിച്ചിട്ടുണ്ട്.
ഇന്ത്യയിലെ കാര്‍ഷിക ഗവേഷണ സമിതിയുടെ - Indian Council of Agricultural Research (ICAR) - മുന്‍ കൈയ്യില്‍ ഭോപാലിലെ മൃഗരോഗ ലാബോറട്ടറി പക്ഷികളിലും മൃഗങ്ങളിലും പക്ഷിപ്പനിക്കെതിരേ പ്രതിരോധമുണ്ടാക്കുന്നതിന്റെ ഭാഗമായി ഒരു വാക്സീന്‍ വികസിപ്പിച്ചിട്ടുണ്ട്. ഇത് പക്ഷേ പ്രാഥമിക പരീക്ഷണഘട്ടത്തിലായതിനാല്‍ വ്യാപകമായി ഉപയോഗിച്ചുതുടങ്ങിയിട്ടില്ല എന്നാണറിവ്.

ഇരുപതോളം കമ്പനികള്‍ ഇന്ന് H5N1പക്ഷിപ്പനി വൈറസിനെതിരേ മനുഷ്യരില്‍ കുത്തിവയ്പ്പിനുള്ള മരുന്ന് വികസിപ്പിക്കുന്നതിന്റെ പല ഘട്ടങ്ങളിലാണ്. രോഗം വന്നു മരിച്ചവരും അല്ലാത്തവരുമായ മനുഷ്യരില്‍ നിന്നാണ് ഈ വൈറസിന്റെ സാമ്പിളുകള്‍ ശേഖരിച്ച് കുത്തിവയ്പ്പു മരുന്ന് തയാറാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നത്. ഈ സാമ്പിളുകള്‍ ആകട്ടെ അതീവ സുരക്ഷയില്‍ മാത്രം കൈകാര്യം ചെയ്തില്ലെങ്കില്‍ വൈറസിനു മ്യൂട്ടേഷന്‍ സംഭവിച്ച് ലോകത്ത് ഒരു മഹാദുരന്തം തന്നെവരുത്തിവയ്ക്കാം എന്ന് ഓര്‍ക്കുക. അതിനാല്‍ത്തന്നെ ദുര്‍ലഭമായ ഈ സാമ്പിളുകള്‍ കൈമാറ്റം ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തില്‍ ശക്തമായ നിയമാവലി നിലവിലുണ്ടാക്കിയിട്ടുണ്ട്. മരുന്നുകമ്പനികള്‍ അതിനാല്‍ തന്നെ ഈ സാമ്പിളുകള്‍ക്ക് വേണ്ടി രാജ്യങ്ങളോട് വിലപേശുന്ന അവസ്ഥയുമുണ്ട്

എന്നാല്‍ ഈ വൈറസ് ബാധ മൂലം ലോകത്തേറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച ഇന്‍ഡോനേഷ്യ വന്‍കിടകമ്പനികളോട് ആവശ്യപ്പെടുന്നത് തങ്ങളുടെ വൈറസ് സാമ്പിളുകള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന വാക്സീനുകളില്‍ ഒരു പങ്ക് ഇതു മുലം കഷ്ടതയനുഭവിക്കുന്ന ദരിദ്ര രാഷ്ട്രങ്ങള്‍ക്ക് നല്‍കണമെന്നാണ്. ഇതിന്റെ പേരില്‍ അമേരിക്കന്‍ കമ്പനികളും ഇന്‍ഡോനേഷ്യയും പലപ്പോഴും ഇടയുകയും ചെയ്തിരുന്നു എന്നത് ഈ രോഗാണുവിന്റെ രാഷ്ട്രീയ പ്രാധാന്യം വിളിച്ചു പറയുന്നു .
ഇപ്പോള്‍ ബാക്സ്റ്റര്‍ എന്ന അമേരിക്കന്‍ കമ്പനിയും ഇന്‍ഡോനേഷ്യന്‍ സര്‍ക്കാരും ചേര്‍ന്നു ഒരു പ്രതിരോധ കുത്തിവയ്പ്പു വികസിപ്പിക്കുന്നുണ്ട്, അമേരിക്കന്‍ സര്‍ക്കാരിന്റെ എതിര്‍പ്പുകളെ മറികടന്ന്.

തെറ്റിദ്ധാരണകള്‍ അകറ്റൂ... മുന്‍ കരുതലുകള്‍ എടുക്കൂ.

ഇതൊക്കെയാണെങ്കിലും പക്ഷിപ്പനിയെ ഇത്രകണ്ടു പേടിക്കേണ്ടകാര്യമൊന്നുമില്ല. വിയറ്റ്നാം, ചൈന, ജപ്പാന്‍, ഇന്‍ഡോനേഷ്യ തുടങ്ങി, മനുഷ്യരില്‍ പക്ഷിപ്പനി ഉണ്ടെന്നു കണ്ട നാ‍ടുകളിലൊക്കെയും കഷ്ടിച്ച് 100 - 400 ആളുകളെ മാത്രം ബാധിച്ച രോഗമാണിത് . നമ്മുടെ നാട്ടില്‍ ഒരു മിനുട്ടില്‍ മരിക്കുന്ന ക്ഷയരോഗികള്‍ അതിന്റെ ഇരട്ടിയോളം വരും...!

പക്ഷിപ്പനി ബാധിച്ച ജീവികളുടെ ശവശരീരമോ, മുട്ട തുടങ്ങിയ വസ്തുക്കളോ കൈകാര്യം ചെയ്യുന്നതില്‍ നിന്നും ഈ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷകര്‍, ഫാം തൊഴിലാളികള്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ ശ്രദ്ധാലുക്കളാവുക. എന്നാല്‍ സാധാരണ വീട്ടാവശ്യത്തിനുപയോഗിക്കുന്ന മുട്ട കോഴിയിറച്ചി എന്നിവ കൈകാര്യം ചെയ്യുമ്പോള്‍ താഴെപ്പറയുന്ന മുന്‍ കരുതലുകള്‍ എടുത്താല്‍ ഭയപ്പെടേണ്ട കാ‍ര്യമില്ല :

1. പക്ഷിയിറച്ചി, മുട്ട എന്നിവ കൈകാര്യം ചെയ്തുകഴിഞ്ഞാല്‍ കൈകള്‍ വൃത്തിയായി അര മിനുട്ട് നേരമെങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക.

2. ഇറച്ചി വെട്ടി കഴുകുകയോ മറ്റൊ ചെയ്യുമ്പോള്‍ മറ്റു ഭക്ഷണങ്ങളില്‍ നിന്നും മാറ്റി, വൃത്തിയുള്ള പലക, കത്തി എന്നിവയുപയോഗിച്ച് അതു ചെയ്യുക.

3. മുട്ടയുടെ പുറം നന്നായി കഴുകിയതിനു ശേഷം മാത്രം ഉടയ്ക്കുക.

4. മുട്ട പുഴുങ്ങിയോ പൊരിച്ചോ മാത്രം ഉപയോഗിക്കുക. പാ‍തി വേവിച്ചതോ ബുള്‍സ് ഐ ആക്കിയതോ ഉപയോഗിക്കുന്നതൊഴിവാക്കുക. പച്ചമുട്ട പാചകവിഭവങ്ങളില്‍ ചേര്‍ക്കുന്നത് പക്ഷിപ്പനിക്കാലത്തേയ്ക്കെങ്കിലും ഒഴിവാക്കുക.

5. മൈക്രൊ വേവ് അവന്‍ ഉപയോഗിക്കുന്നവര്‍ ഏറ്റവ്വും കുറഞ്ഞത് 160 ഡിഗ്രിയിലെങ്കിലും ഇറച്ചി പാചകം ചെയ്യാന്‍ ഓര്‍ക്കുക. സാധാരണ നാം കോഴി/താറാവ് കറിവയ്ക്കുമ്പോള്‍ ഏതാണ്ട് ഈ ചൂടിലാണ് പാചകം ചെയ്യാറ്.

6. മുട്ട, ഇറച്ചി എന്നിങ്ങനെയുള്ളവ മറ്റു ഭക്ഷണ പദാര്‍ത്ഥങ്ങളുമാ‍യി ഇടകലര്‍ത്തി വയ്ക്കരുത്. വാങ്ങിയാല്‍ കഴിവതും ഫ്രിഡ്ജിലും മറ്റും വയ്ക്കാതെ വേഗം ഉപയോഗിച്ചു തീര്‍ക്കണം.

7. പക്ഷിപ്പനിയുടെ പേരില്‍ വീട്ടില്‍ വളര്‍ത്തുന്ന പാവം കോഴിയെയും താറാവിനേയും കൊല്ലേണ്ടകാര്യമില്ല. എന്നാല്‍ ദേശാടനപ്പക്ഷികളൊക്കെ ധാരാളമായി വരുന്ന സ്ഥലങ്ങളിലെ (ഉദാ: കുമരകം) വളര്‍ത്തു പക്ഷികള്‍ക്കും മറ്റും എന്തെങ്കിലും പ്രശ്നങ്ങള്‍ കണ്ട്‍ാല്‍ മൃഗഡോക്ടറെ കാണിക്കാന്‍ ഒട്ടും അമാന്തിക്കയുമരുത്.

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate