অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മഞ്ഞപ്പിത്തം

 

മഞ്ഞപ്പിത്തം വന്നാല്‍ , വരാതിരിക്കാന്‍

ശുചിത്വം ഇല്ലായ്മയാണ് ഹെപ്പറ്റൈറ്റിസ് എ വൈറസ് പകരുന്നതിന് പ്രധാന കാരണം. രോഗം ബാധിച്ച വ്യക്തിയുടെ മലത്തില്‍ ധാരാളം വൈറസുകള്‍ ഉണ്ട്. രോഗി തുറസായ സ്ഥലങ്ങളില്‍ മലവിസര്‍ജ്ജനം നടത്തുന്നത് അപകടമാണ്.

രക്തത്തിലെ ബിലിറുബിന്റെ അളവ് ക്രമാതീതമായി ഉയരുന്നതാണ് മഞ്ഞപ്പിത്തം.

മഞ്ഞപ്പിത്തത്തിന്റെ ഒരു പ്രധാന കാരണം വൈറല്‍ ഹെപ്പറ്റൈറ്റിസ് ആണ്. പ്രത്യേകതരം ഹെപ്പറ്റൈറ്റിസ് വൈറസുകള്‍ ആണ് മഞ്ഞപ്പിത്തം ഉണ്ടാക്കുന്നത്. ആഹാരത്തിലൂടെയും രക്തത്തിലൂടെയും സുരക്ഷിതമല്ലാത്ത ലൈംഗിബന്ധങ്ങളിലൂടെയും ആണ് ഈ രോഗം പകരുന്നത്.

ഹെപ്പറ്റെറ്റിസ് എ

നമ്മുടെ നാട്ടില്‍ പരക്കെ കണ്ടുവരുന്ന മഞ്ഞപ്പിത്തമാണ് ഹെപ്പറ്റൈറ്റിസ് എ. പ്രധാനമായും വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ഈ രോഗം പകരുന്നത്. ലോകത്തില്‍ ഒരു വര്‍ഷം 14 ലക്ഷം പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് എ പിടിപെടുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

'ഫീക്കോ ഓറല്‍' എന്നാണ് ഈ പകര്‍ച്ച വ്യാധി അറിയപ്പെടുന്നത്. ഹെപ്പറ്റൈറ്റിസ് എ വഴിയുണ്ടാവുന്ന മഞ്ഞപ്പിത്തം ഭയപ്പെടേണ്ട ഒന്നല്ല. എന്നാല്‍ അതിജീവനശേഷിയുള്ള വൈറസുകളാണിവ. കാലാവസ്ഥ മാറ്റങ്ങള്‍ പോലും അതിജീവിക്കാനുള്ള ശക്തി ഇവയ്ക്കുണ്ട്.

ഒരേ സ്രോതസ്സില്‍നിന്ന് തുടങ്ങി പലരെയും ഒരേ സമയം ബാധിക്കുന്ന രോഗമായി ഇത് മാറുന്നു.

ശുചിത്വം

ശുചിത്വം ഇല്ലായ്മയാണ് ഹെപ്പറ്റൈറ്റിസ് എ വൈറസ് പകരുന്നതിന് പ്രധാന കാരണം. രോഗം ബാധിച്ച വ്യക്തിയുടെ മലത്തില്‍ ധാരാളം വൈറസുകള്‍ ഉണ്ട്. രോഗി തുറസായ സ്ഥലങ്ങളില്‍ മലവിസര്‍ജ്ജനം നടത്തുന്നത് അപകടമാണ്. ഈച്ചകള്‍ വഴി മലത്തിന്റെ അംശം നാം ഉപയോഗിക്കുന്ന ഭക്ഷണത്തിലോ വെള്ളത്തിലോ എത്തിയാല്‍ രോഗം പകരുന്നു.

മലിനജലം കുടിക്കാനോ ഭക്ഷണം പാകം ചെയ്യാനോ വീട്ടിലെ മറ്റ് ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കുന്നതും രോഗം പകരാന്‍ കാരണമാകുന്നു. ചപ്പുചവറുകളും മറ്റും കൂട്ടിയിടുന്നത് കൂടുതല്‍ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുകയാണ്. വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കാത്ത മേഖലകളില്‍ രോഗം വളരെ വേഗത്തില്‍ പടരും.

യുവജനങ്ങളിലാണ് ഈ രോഗം കൂടുതലായി കാണപ്പെടുന്നത്. ആധുനിക യുഗത്തില്‍ മനുഷ്യന്‍ ശുചിത്വത്തിന് പ്രാധാന്യം നല്‍കാന്‍ തുടങ്ങിയിരിക്കുന്നു. ഇതിനു ഉദാഹരണമാണ്. ഹെപ്പറ്റൈറ്റിസ് വൈറസുകളുടെ ആക്രമണം കുട്ടികളില്‍ കുറഞ്ഞുവരുന്നത്.

രോഗാവസ്ഥ

ഹെപ്പറ്റൈറ്റിസ് എ വൈറസ് മനുഷ്യ ശരീരത്തില്‍ പ്രവേശിച്ചാലുടന്‍ തന്നെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയില്ല. വളരെ സാവധാനത്തില്‍ മാത്രമേ ഇവ പ്രകടമാകൂ. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് 2 മുതല്‍ 7 ആഴ്ചക്കകം രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നു.

വിശപ്പില്ലായ്മ , ക്ഷീണം, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, പനി, മൂത്രത്തിന് നിറം മാറുക തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍.എന്നാല്‍ ചിലര്‍ക്ക് മഞ്ഞപ്പിത്തത്തിനൊപ്പം ചൊറിച്ചിലും ഉണ്ടാവുന്നു.

ചികിത്സ

ഹെപ്പറ്റൈറ്റിസ് എ അപകടകാരിയല്ലെങ്കിലും സൂക്ഷിക്കണം. ഈ വൈറസ് മൂലമുണ്ടാവുന്ന മഞ്ഞപ്പിത്തവും കരള്‍വീക്കവും ഗൗരവമുള്ളതല്ല. ഈ രോഗത്തിന് മരുന്നു ചികിത്സ ആവശ്യമില്ല. എന്നാല്‍ അപൂര്‍വ്വം ചില രോഗികളില്‍ രോഗം കഠിനമായി കാണാറുണ്ട്.

ഇങ്ങനെയുള്ളവര്‍ കൃത്യസമയത്തു തന്നെ വൈദ്യസഹായം തേടേണ്ടതാണ്. പകര്‍ച്ചവ്യാധിയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്ന രോഗമായതിനാല്‍ സമീപത്തു രോഗം എത്തിയെന്നറിയുമ്പോഴെ വേണ്ട പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ ശ്രദ്ധിക്കണം.

രക്തപരിശോധനയിലൂടെ ഹെപ്പറ്റൈറ്റിസ് എ വൈറസുകള്‍ കണ്ടെത്താന്‍ സാധിക്കും. ആവശ്യമെങ്കില്‍ ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ്, ബയോപ്‌സി എന്നീ പരിശോധനാരീതികള്‍ നടത്തി രോഗം സ്ഥിരീകരിക്കാവുന്നതാണ്. ഹെപ്പറ്റൈറ്റിസ് എ ക്കെതിരെയുള്ള വാക്‌സിനേഷന്‍ ഇപ്പോള്‍ നിലവിലുണ്ട്.

ഹെപ്പറ്റൈറ്റിസ് ബി

അതീവ ജാഗ്രത പുലര്‍ത്തേണ്ട രോഗമാണിത്. മഞ്ഞപ്പിത്തത്തിലെ ഏറ്റവും അപകടകാരിയായ വൈറസാണ് ഹെപ്പറ്റൈറ്റിസ് ബി. ലോകത്താകമാനം 200 കോടിയിലേറെ ആളുകള്‍ക്ക് ഹെപ്പറ്റൈറ്റിസ് ബി ബാധിച്ചിട്ടുണ്ട്.

ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കുന്ന സ്വഭാവമാണ് ഹെപ്പറ്റൈറ്റിസ് ബി വൈറസിന്റേത്. കരള്‍ കാന്‍സറിന് ഒരു പ്രധാന വഴിക്കാട്ടിയാണ് ഹെപ്പറ്റൈറ്റിസ് ബി വൈറസ്. ചില വ്യക്തികളില്‍ കരള്‍ വീക്കത്തിനൊപ്പം കടുത്ത മഞ്ഞപ്പിത്തം പ്രത്യക്ഷപ്പെടുകയും പിന്നീട് അത് മാറുകയും ചെയ്യുന്നു.

എന്നാല്‍ ഭൂരിഭാഗം വ്യക്തികളിലും രോഗലക്ഷണമൊന്നും കാണിക്കാതെ രോഗം പുരോഗമിക്കുന്നു. ക്രോണിക് ഹെപ്പറ്റൈറ്റിസ് എന്ന ഈ അവസ്ഥ ഭാവിയില്‍ കരള്‍ കാന്‍സറിനും സിറോസിസിനും വഴി തെളിക്കുന്നു.

രോഗലക്ഷണങ്ങളൊന്നും കാണിക്കില്ല എന്നതാണ് ഹെപ്പറ്റൈറ്റിസ് ബി യുടെ പ്രത്യേകത. ഹെപ്പറ്റൈറ്റിസ് ബി ബാധിച്ച അഞ്ച് ശതമാനത്തിലധികം രോഗികളിലും വൈറസുകള്‍ ശരീരത്തില്‍ തങ്ങിനില്‍ക്കുന്നു. ഇത് ഭാവിയില്‍ പല രോഗങ്ങള്‍ക്കും കാരണമാകുന്നു.

രോഗത്തെ കണ്ടെത്താം

കരളിന്റെ പ്രവര്‍ത്തനം വിലയിരുത്തിയാണ് രോഗത്തിന്റെ സ്വഭാവം മനസിലാക്കുക. ടോട്ടല്‍ ബിലിറൂബിന്‍, ഡയറക്ട് ബിലിറൂബിന്‍ തുടങ്ങിയ പരിശോധനകള്‍ വഴി ശരീരത്തിലെ ബിലിറുബിന്റെ അളവ് കണ്ടെത്താം.

ആധുനികയുഗത്തില്‍ മഞ്ഞപ്പിത്തം കണ്ടെത്താനുള്ള നിരവധി പരിശോധനകള്‍ നിലവിലുണ്ട്. എ.എല്‍.ടി, എ.എസ്.ടി, ആല്‍ക്കലൈന്‍ ഫോസ്ഫറ്റസ്, അല്‍ബുമിന്‍, ഗ്ലോബുലിന്‍, ടോട്ടല്‍ ബ്ലഡ് കൗണ്ട് എന്നീ പരിശോധനകള്‍ സഹായകരമാണ്.

ചികിത്സ

രോഗലക്ഷണങ്ങള്‍ക്ക് അനുസരിച്ച് ആവശ്യമെങ്കില്‍ ചികിത്സ നല്‍കുക. എന്നാല്‍ ദീര്‍ഘകാല രോഗത്തിന് ചികിത്സ വേണം. അല്ലെങ്കില്‍ ഭാവിയില്‍ കരളിനെ ദോഷകരമായി ബാധിക്കും. ചെലവേറിയ ചികിത്സാരീതികളാണെങ്കിലും ഇത് ഫലപ്രദമാണ്.

ഹെപ്പറ്റൈറ്റിസ് സി

വളരെയേറെ ശ്രദ്ധിക്കേണ്ട ഒരു പൊതുജനാരോഗ്യ പ്രശ്‌നമായി തീര്‍ന്നിരിക്കുകയാണ് ഹെപ്പറ്റൈറ്റിസ് സി വൈറസ്. പതുങ്ങിയിരുന്നു ആക്രമിക്കുന്ന സ്വഭാവമാണ് ഈ വൈറസിന്റേത്. ലക്ഷണങ്ങള്‍ പ്രകടമാകാത്തതിനാല്‍ രോഗിയാണെന്ന വിവരം ഭൂരിഭാഗം ആളുകളും അറിയുന്നില്ല.

ഇവര്‍ ക്രോണിക് ഹെപ്പറ്റൈറ്റിസ് എന്ന ദീര്‍ഘകാല രോഗത്തിന് അടിമകളാകുന്നു. രോഗം ബാധിച്ച് സാവധാനത്തില്‍ കരളിന് നീര്‍വീക്കമുണ്ടാക്കുന്നു. പിന്നീട് കരളിലെ കോശങ്ങള്‍ നശിച്ചു തുടങ്ങും.

ഹെപ്പറ്റൈറ്റിസ് സി ബാധിച്ചവര്‍ക്ക് ഭാവിയില്‍സിറോസിസ്, കരള്‍ കാന്‍സര്‍ തുടങ്ങിയ കരള്‍ രോഗങ്ങള്‍ ഉണ്ടാകാം. കരളിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായി നിലയ്ക്കുന്ന അവസ്ഥ വരെ ഉണ്ടാകാം.

ഹെപ്പറ്റൈറ്റിസ് ഡി

ഹെപ്പറ്റൈറ്റിസ് ബിയുടെ പിന്‍ഗാമിയെന്ന് ഇതിനെ വിശേഷിപ്പിക്കാം. കാരണം ഹെപ്പറ്റൈറ്റിസ് ഡി ക്ക് സ്വതന്ത്രമായി രോഗമുണ്ടാക്കാനുള്ള കഴിവില്ല.

ബി,സി വൈറസുകളുടെ കൂടെ മാത്രമേ, ഡി- വൈറസിന് പ്രവര്‍ത്തിക്കാന്‍ കഴിയൂ. ഹെപ്പറ്റൈറ്റിസ് ഡി വൈറസിന് സ്വന്തമായി നിലനില്‍ക്കാനാവില്ല.

ഹെപ്പറ്റൈറ്റിസ് ഡി വൈറസ് ശരീരത്തു പ്രവേശിച്ച് രണ്ടു മുതല്‍ എട്ട് ആഴ്ചക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നു. രോഗബാധിച്ചവരുടെ രക്തവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോഴാണ് രോഗം പകരുന്നത്.

ഹെപ്പറ്റൈറ്റിസ് ബിക്ക് സമാനമാണ് ഡിയുടെ രോഗലക്ഷണങ്ങള്‍. ഹെപ്പറ്റൈറ്റിസ് ബിക്കെതിരായ വാക്‌സിനിലൂടെ ഈ വൈറസില്‍ നിന്നും രക്ഷനേടാന്‍ സാധിക്കും.

ഹെപ്പറ്റൈറ്റിസ് ഇ

ഹെപ്പറ്റൈറ്റിസ് എ യുമായി സമാനതകളുണ്ട് ഹെപ്പറ്റൈറ്റിസ് ഇ ക്ക്. പകര്‍ച്ചവ്യാധിയായാണ് രോഗം പ്രത്യക്ഷപ്പെടുന്നത്. ശുചിത്വമില്ലായ്മയാണ് രോഗപകര്‍ച്ചക്ക് കാരണം.

രണ്ട് മുതല്‍ ഒന്‍പത് ആഴ്ചക്കകം രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നു. ക്ഷീണം, തളര്‍ച്ച, വിശപ്പില്ലായ്മ, മനംപിരട്ടല്‍, ഛര്‍ദി തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍.

ഹെപ്പറ്റൈറ്റിസ് ഇ ലോകജനതയില്‍ ഏകദേശം 20 ശതമാനത്തോളം പേരെ ബാധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

തിങ്ങിക്കൂടിയുള്ള താമസം, വെള്ളം തിളപ്പിക്കാതെ ഉപയോഗിക്കുക തുടങ്ങിയവ ഈ രോഗം ഉണ്ടാവാന്‍ കാരണമാകുന്നു. ഹെപ്പറ്റൈറ്റിസ്- ഇ ഗര്‍ഭിണികളെ ബാധിച്ചാല്‍ (പ്രത്യേകിച്ച് അവസാന ഘട്ടത്തില്‍) മരണനിരക്ക് 15-25 ശതമാനംവരെയാണ്.

വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. അരുണ്‍ എസ.് മേനോന്‍
കണ്‍സള്‍ട്ടന്റ് ഫിസിഷന്‍, ഒറ്റപ്പാലം

മഞ്ഞപ്പിത്തം കരുതിയിരിക്കുക

ബിലിറൂബിന്‍ എന്ന നിറമുള്ള പദാര്‍ഥം രക്തത്തില്‍ കൂടുതലായി കാണപ്പെടുന്നതാണ് മഞ്ഞപ്പിത്തത്തോട് അനുബന്ധിച്ച് ശരീരത്തില്‍ നിറം മാറ്റം 
ഉണ്ടാകുന്നതിനു കാരണം.

മഞ്ഞപ്പിത്തം ഒരു രോഗമല്ല. കരളിനെ ബാധിക്കുന്ന പലവിധ രോഗങ്ങളെ പ്രതിഫലിപ്പിക്കാനുള്ള ഒരു മാര്‍ഗമാണ് ഈ നിറം മാറ്റം. 
ബിലിറൂബിന്‍ എന്ന നിറമുള്ള പദാര്‍ഥം രക്തത്തില്‍ കൂടുതലായി കാണപ്പെടുന്നതാണ് മഞ്ഞപ്പിത്തത്തോട് അനുബന്ധിച്ച് ശരീരത്തില്‍ നിറം മാറ്റം ഉണ്ടാകുന്നതിനു കാരണം.

തൊലിക്കും മൂത്രത്തിനും മഞ്ഞനിറം, കണ്ണിന് മഞ്ഞനിറം എന്നീ ലക്ഷണങ്ങള്‍ കാണുമ്പോള്‍തന്നെ നമുക്ക് രോഗത്തെക്കുറിച്ച് മനസിലാക്കാന്‍ കഴിയും. പല കാരണങ്ങള്‍കൊണ്ടും രക്തത്തില്‍ ബിലിറൂബിന്റെ അളവ് കൂടാം. കരളിനെ ബാധിക്കുന്ന അണുബാധകളാണ് മഞ്ഞപ്പിത്തത്തിന് പ്രധാന കാരണം.

കൂടാതെ മദ്യപാനം, കരളിനെ ബാധിക്കുന്ന മരുന്നുകള്‍ ഉദാഹരണമായി പാരസെറ്റമോള്‍ ഉയര്‍ന്ന അളവില്‍ കഴിക്കുക, ടി.ബിക്കും മാനസികപ്രശ്‌നങ്ങള്‍ക്കുമുള്ള മരുന്നുകള്‍, ചില ലഹരിവസ്തുക്കളുടെ ഉപയോഗം, കൂണില്‍ അടങ്ങിയിരിക്കുന്ന ചിലതരം വിഷ വസ്തുക്കള്‍ എന്നിവയെല്ലാം മഞ്ഞപ്പിത്തം പ്രകടമാകാനുള്ള കാരണങ്ങളാണ്.

പാരമ്പര്യവും ഒരു ഘടകമാണ്. അതിനാല്‍ മഞ്ഞപ്പിത്തം ഉണ്ടായാല്‍ കരളിന്റെ എന്തു പ്രശ്‌നം കൊണ്ടാണ് ഇതു ഉണ്ടായതെന്ന് ആദ്യം മനസിലാക്കണം.

ബിലിറൂബിന്റെ അളവ്


ബിലിറൂബിന്റെ അളവ് പല കാരണങ്ങള്‍ക്കൊണ്ടും രക്തത്തില്‍ അധികരിക്കാം. ചുവന്ന രക്തകോശങ്ങളില്‍നിന്നാണ് ഇത് ഉണ്ടാകുന്നത്. 120 ദിവസമാണ് ചുവന്ന രക്താണുക്കളുടെ ആയുസ്.

ഇവ പ്രായമായി നശിക്കുമ്പോള്‍ ഈ ബിലിറൂബിന്‍ കരളില്‍ സംസ്‌കരിക്കപ്പെടുകയും പിത്തനീരിലൂടെ പിത്താശയത്തിലും വന്‍കുടലിലൂടെ മലത്തിലേക്കും വ്യാപിക്കുന്നു. ബാക്കി കുറച്ചു ഭാഗം യൂറോബിലിനോജന്‍ എന്ന പദാര്‍ഥമായി മൂത്രത്തിലൂടെ വിസര്‍ജിക്കപ്പെടുന്നു.

ബിലിറൂബിന്റെ ഈ ചയാപചയ പ്രക്രിയയില്‍ ഏതെങ്കിലും ഘട്ടത്തില്‍ അപാകത ഉണ്ടാകുമ്പോള്‍ ശരീരത്തുനിന്നു പുറത്തുപോകാതെ വരുന്നു. ഇത് മഞ്ഞപ്പിത്തത്തിനു കാരണമാകാം.

സാധാരണയായി രക്തത്തില്‍ 0.3 മുതല്‍ 0.8 മില്ലിഗ്രാം ബിലിറൂബിനാണ് ഉണ്ടാവുക. ഇത് 1 മില്ലിഗ്രാമില്‍ കൂടുമ്പോഴേ മഞ്ഞപ്പിത്തമെന്നു പറയാറുണ്ട്. എന്നാല്‍ 3 മില്ലിഗ്രാമില്‍ കൂടുമ്പോള്‍ മാത്രമേ മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ പ്രകടമാകുന്നുള്ളൂ.

കാരണങ്ങള്‍ പലത്

എലിപ്പനി, മലേറിയ, ഡെങ്കിപ്പനി എന്നീ രോഗങ്ങള്‍ക്കൊപ്പവും മഞ്ഞപ്പിത്തം ഉണ്ടാകാം. കരളില്‍ ഉണ്ടാകുന്ന പിത്തനീര് ചെറുകുടലിലേക്കു വരുന്ന വഴിയില്‍ തടസം നേരിട്ടാല്‍ പിത്തനീര് കെട്ടിനില്‍ക്കുന്നതിന് കാരണമാകാം. ഇത് കരളില്‍നിന്ന് രക്തത്തിലേക്ക് കലരുന്നു. ഈ അവസ്ഥയാണ് ഒബ്‌സ്ട്രക്ടീവ് ജോണ്ടിസ്.

സാധാരണ കാണപ്പെടുന്നത് വൈറല്‍ അണുബാധമൂലമുള്ള മഞ്ഞപ്പിത്തമാണ്. ഹെപ്പാറ്റോസെല്ലുലാര്‍ ജോണ്ടിസ് എന്നാണ് ഇത് പറയപ്പെടുന്നത്. അണുബാധമൂലമുള്ള കരള്‍ വീക്കത്തിന് പ്രധാനമായും ആറ് വൈറസുകളാണ് കാരണമാകുന്നത്.

എ,ബി,സി,ഡി,ഇ,ജി തുടങ്ങിയവ. മറ്റനേകം വൈറസുകളും മഞ്ഞപ്പിത്തത്തിന് കാരണമാകാം. അണുബാധയുള്ള വ്യക്തിയുടെ രക്തം സ്വീകരിക്കുക, രോഗി ഉപയോഗിച്ച അണുവിമുക്തമാക്കാത്ത സിറിഞ്ച് ഉപയോഗിക്കുക, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം എന്നിവ വഴി ബി, സി, ഡി ഇവ പകരാം. മലിനജലത്തിലൂടെയും ആഹാരപദാര്‍ഥത്തിലൂടെയും പകരുന്നവയാണ് എ യും ഇ യും.

വൈറസ് ഉണ്ടാക്കുന്ന മഞ്ഞപ്പിത്തത്തിന് തലകറക്കം, ക്ഷീണം, ഓക്കാനം, ചെറിയപനി എന്നീ ലക്ഷണങ്ങളാണ് സാധാരണ കാണപ്പെടുക. എ,ഇ ഇവയുടെ വൈറസുകള്‍ ശരീരത്തുകയറി മഞ്ഞനിറം കണ്ടു തുടങ്ങുന്നതോടെ പനി മാറുന്നു

പ്രകടമാകാത്ത മഞ്ഞപ്പിത്തം

വൈറസ് ബാധിച്ച വലിയൊരു ശതമാനം പേരിലും രോഗലക്ഷണമൊന്നും പ്രകടമാകാറില്ല. അതിനാല്‍ ഇവര്‍ രോഗിയാണെന്ന് തിരിച്ചറിയപ്പെടുന്നില്ല. അനിക്‌റ്റെറിക് ഹെപ്പറ്റൈറ്റിസ് എന്നാണ് ഇതിന്റെ ആരംഭഘട്ടത്തെ പറയുന്നത്.

കുട്ടികളില്‍ ചിക്കന്‍പോക്‌സ്, ഇന്‍ഫ്‌ളുവന്‍സ എന്നീ അസുഖങ്ങള്‍ക്ക് ആസ്പിരിന്‍പോലുള്ള ഗുളികകള്‍ കൊടുക്കുന്നതിന്റെ ഫലമായി ഈ അവസ്ഥവരാം. പുറത്തേക്ക് ലക്ഷണങ്ങള്‍ കാണിക്കുന്നില്ലെങ്കിലും അനിക്‌റ്റെറിക് ഹെപ്പറ്റൈറ്റിസ് ഗുരുതരമായ അവസ്ഥയാണ്. രക്തപരിശോധനയില്‍ ബിലിറൂബിന്‍ കൂടാതെതന്നെ കരള്‍കോശങ്ങളില്‍നിന്നുവരുന്ന എന്‍സൈം ന്റെ അളവും ഇവരില്‍ കൂടുതലായിരിക്കും.

ഹെപ്പറ്റെറ്റിസ് ബി, സി എന്നീ വൈറസുകള്‍ ബാധിച്ച നല്ലൊരു ശതമാനം ആളുകളിലും രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നില്ല. 5 മുതല്‍ 10 ശതമാനം പേരില്‍ മഞ്ഞപ്പിത്തം നിശബ്ദ രോഗവാഹകരാകാറുണ്ട്.

ഇവരില്‍ പ്രകടമായ ലക്ഷണങ്ങളൊന്നും ഉണ്ടാകുന്നില്ല. അതിനാല്‍ രോഗികള്‍ക്ക് സ്വയം തിരിച്ചറിയാന്‍ കഴിയുന്നില്ല. അവിചാരിതമായി നടത്തുന്ന രക്ത പരിശോധനയിലായിരിക്കും ഇവര്‍ രോഗവാഹകരാണെന്ന് തിരിച്ചറിയപ്പെടുന്നത്. രക്ത പരിശോധനയില്‍ ഹെപ്പറ്റൈറ്റിസ് ബിയുടെ സര്‍ഫസ് ആന്റിജന്‍, ഹെപ്പറ്റൈറ്റിസ് സിയുടെ ആന്റിബോഡി എന്നിവ കൂടുതലായി കാണപ്പെടുന്നു.

പലരുടെയും ഗള്‍ഫ് എന്ന സ്വപ്നം ഇതിലൂടെ തകര്‍ന്നുപോകാറുണ്ട്. കാരണം രോഗലക്ഷണങ്ങളൊന്നും ഇല്ലെങ്കിലും ഇവര്‍ നിശബ്ദവാഹകരാണ്. രക്തത്തിലൂടെ രോഗം മറ്റുള്ളവരിലേക്ക് പകര്‍ന്നു കിട്ടാം.ദീര്‍ഘകാലം നില്‍ക്കുന്നതിലൂടെ ഇത് ക്രോണിക് ഹെപ്പറ്റൈറ്റിസ്, മഹോദരം, മാരക രോഗങ്ങളായ കരള്‍ കാന്‍സര്‍, സിറോസിസ് എന്നിവയ്ക്കു കാരണമാകുന്നു.

സെക്‌സിലൂടെയും പകരും

രോഗിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുക, രക്തം സ്വീകരിക്കുക, അവര്‍ ഉപയോഗിച്ച സിറിഞ്ച്് ഉപയോഗിച്ചു കുത്തിവയ്ക്കുക (പ്രത്യേകിച്ചും മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നവര്‍) എന്നീ സാഹചര്യങ്ങളിലൂടെ മറ്റുള്ളവരിലേക്കും മഞ്ഞപ്പിത്തം പകരുന്നു.

തീവ്രമായ രോഗം ബാധിച്ചവരിലും പൂര്‍ണമായ രോഗമുക്തി ഉണ്ടായെന്നുവരില്ല. 2.8 ശതമാനം രോഗികളില്‍ വൈറസ് സ്ഥിരമായി ശരീരത്തു തങ്ങിനില്‍ക്കാം.മഞ്ഞപ്പിത്തം ബാധിച്ചവരില്‍ ആറുമാസത്തിനുശേഷവും ഹെപ്പറ്റൈറ്റിസ് ബി ആന്റിജന്‍ കാണപ്പെടുന്നുണ്ടെങ്കില്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ മടിക്കരുത്.

ഇവരിലും ഭാവിയില്‍ കരള്‍ കാന്‍സര്‍പോലുള്ള ഗുരുതരരോഗങ്ങള്‍ ഉണ്ടാകാം. വൃക്കരോഗങ്ങള്‍, രക്തക്കുഴലുകളിലെ അണുബാധ, സന്ധിവേദന എന്നിവയ്ക്കും ക്രോണിക് ഹെപ്പറ്റൈറ്റിസ് വഴിതെളിക്കാം. 50 ശതമാനം എയിഡ്‌സ് രോഗികളിലും ഹെപ്പറ്റൈറ്റിസ് ബി കാണപ്പെടുന്നുണ്ട്.

രോഗപ്രതിരോധം

മഞ്ഞപ്പിത്തം വന്നിട്ടു ചികിത്സിക്കുന്നതിലും നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ്. വാക്‌സിന്‍ എടുക്കുന്നതിലൂടെ ഹെപ്പറ്റൈറ്റിസ് ബി പൂര്‍ണമായും പ്രതിരോധിക്കാം. മാത്രമല്ല ഹെപ്പറ്റൈറ്റിസ് ബി മൂലം ഉണ്ടാകുന്ന കരള്‍ കാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിയും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ മേന്മ.

ഏത് പ്രായത്തിലും ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍ എടുക്കാവുന്നതാണ്. മൂന്ന് കുത്തിവയ്പ്പായാണ് ഇത് എടുക്കുന്നത്. ആദ്യ കുത്തിവയ്‌പ്പെടുത്ത് ഒരു മാസത്തിനുശേഷം രണ്ടാമത്തെ ഡോസും ആറുമാസം കഴിഞ്ഞ് മൂന്നാമത്തെ ഡോസും എടുക്കണം.

ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും ഏറ്റവും സുരക്ഷിതമായി എടുക്കാവുന്ന വാക്‌സിനാണിത്. അതിനാല്‍ ഗര്‍ഭിണികള്‍ ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധിക്കാന്‍ നിര്‍ബന്ധമായും വാക്‌സിന്‍ എടുക്കുന്നതാണ് നല്ലത്.

ബി ഹെപ്പറ്റൈറ്റിസ് ഉള്ളവരില്‍ മാത്രമാണ് ഡി ഹെപ്പറ്റൈറ്റിസ് കാണപ്പെടുന്നത്. അതിനാല്‍ ബി പ്രതിരോധിക്കുമ്പോള്‍ ഡി ഹെപ്പറ്റൈറ്റിസും പ്രതിരോധിക്കാം. ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍ ജീവിതവസാനംവരെ സംരക്ഷണം നല്‍കുന്നവയാണ്.

ഇത് ശരീരത്തില്‍ പ്രവര്‍ത്തന സജ്ഞമാണോയെന്നറിയാന്‍ ആന്റിബോഡി പരിശോധന നടത്തി നോക്കാവുന്നതാണ്. അഥവാ പ്രതിരോധശക്തി കുറഞ്ഞാല്‍ ഒരു ബൂസ്റ്റര്‍ ഡോസ്‌കൂടി എടുത്താല്‍ മതി.

ഹെപ്പറ്റൈറ്റിസ് എയ്‌ക്കെതിരെയും പ്രതിരോധവാക്‌സിന്‍ ഉണ്ട്. എന്നാല്‍ ഇത് ഗുരുതരമല്ലാത്തതിനാല്‍ എടുക്കണമെന്ന് നിര്‍ബന്ധം പിടിക്കാറില്ല. ഒരു സ്ഥലത്ത് മഞ്ഞപ്പിത്തം പടര്‍ന്നു പിടിച്ചാല്‍ മറ്റുള്ളവരിലേക്ക് പകരാതെ വാക്‌സിന്‍ എടുക്കുന്നതും പ്രയോജനപ്പെടണമെന്നില്ല.

കാരണം വൈറസുകള്‍ ശരീരത്തു പ്രവേശിച്ചിട്ടുണ്ടോയെന്ന് മൂന്‍കൂട്ടി മനസിലാക്കാന്‍ കഴിയില്ല. രോഗാണുക്കള്‍ ശരീരത്തു പ്രവേശിച്ച് മൂന്നാഴ്ചയ്ക്കു ശേഷം മാത്രമായിരിക്കും ഇത് തിരിച്ചറിയപ്പെടുന്നത്. ഒരിക്കല്‍ മഞ്ഞപ്പിത്തം വന്നു പോകുന്നവര്‍ക്ക് ശരീരത്തിന് സ്വാഭാവികമായി പ്രതിരോധശക്തി കിട്ടുന്നതാണ്.

മദ്യപര്‍ സൂക്ഷിക്കുക

ശാരീരിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാണ് കരള്‍. അതിനാല്‍ കരളിന്റെ സംരക്ഷണം മര്‍മ്മ പ്രധാനമാണ്. സാധാരണക്കാരെ അപേക്ഷിച്ച് മദ്യപരിലാണ് വൈറസ് മഞ്ഞപ്പിത്തം ബാധിച്ചാല്‍പോലും ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം.

കാരണം ഇവരില്‍ ആല്‍ക്കഹോളിന്റെ പ്രവര്‍ത്തനംമൂലം കരളിന് മഹോദരം, ലിവര്‍സിറോസിസ് തുടങ്ങിയ ഗുരതരമായ അവസ്ഥകള്‍ കാണപ്പെടാം. ഇങ്ങനെ രോഗാതുരമായ കരളിനെ മഞ്ഞപ്പിത്തം ബാധിക്കുകകൂടി ചെയ്യുമ്പോള്‍ അവയുടെ പ്രവര്‍ത്തനം തകരാറിലാകുന്നു. അതിനാല്‍ മദ്യപരില്‍ മഞ്ഞപ്പിത്തം ഗുരുതരമായ അവസ്ഥയിലെത്തുകയും മരണംവരെ സംഭവിക്കുകയും ചെയ്യാം.

പ്രമേഹരോഗികളെ മഞ്ഞപ്പിത്തം എങ്ങനെയാണ് ബാധിക്കുന്നത്? 
പ്രമേഹമുള്ളവര്‍ക്ക് പൊതുവേ പ്രതിരോധശക്തി വളരെ കുറവാണ്. ഇവര്‍ക്ക് മറ്റെല്ലാ രോഗങ്ങളുമെന്നപോലെ മഞ്ഞപ്പിത്തവും ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ മഞ്ഞപ്പിത്തം പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ക്ക് ഇവര്‍ കൂടുതല്‍ മുന്‍ഗണന നല്‍കണം.

ഗര്‍ഭിണികളും മഞ്ഞപ്പിത്തവും

ഹെപ്പറ്റൈറ്റിസ് ഇ ഗര്‍ഭിണികളില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. അബോര്‍ഷന്‍, കുഞ്ഞിന് വളര്‍ച്ചക്കുറവ്, കുഞ്ഞിനും അമ്മയ്ക്കും ജീവഹാനി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകാം. ഹെപ്പറ്റൈറ്റിസ് ബിയും ഗര്‍ഭിണികളില്‍ സങ്കീര്‍ണതകള്‍ ഉണ്ടാക്കുന്നുണ്ട്.

പ്രസവസമയത്ത് അമ്മയുടെയും കുഞ്ഞിന്റെയും രക്തം കൂടികലരുമ്പോഴാണ് ഇത് കുഞ്ഞിലേക്കെത്തുന്നത്. അപ്പോള്‍ അമ്മയില്‍നിന്ന് കുഞ്ഞിലേക്ക് രോഗം പകരാനുള്ള സാധ്യത കൂടുതലാണ്. ഇങ്ങനെ കുഞ്ഞിലെത്തുന്ന വൈറസ് ലക്ഷണങ്ങളൊന്നും ഉണ്ടാക്കാതെ ശരീരത്തു നിലനില്‍ക്കാം. ഇത് ഭാവിയില്‍ സിറോസിസ്‌പോലുള്ള രോഗങ്ങള്‍ക്ക് കാരണമായിത്തീരാം.

പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നതിലൂടെ ഇത്തരം കരള്‍ രോഗങ്ങളില്‍നിന്നും ഇവരെ സംരക്ഷിച്ചു നിര്‍ത്താവുന്നതാണ്. പ്രായമായവര്‍ക്കും ഗര്‍ഭിണികളിലും പ്രതിരോധശക്തി കുറവായതിനാല്‍ മഞ്ഞപ്പിത്തംമൂലമുള്ള അപകടസാധ്യത കൂടുതലാണ്. കരളിന്റെ പ്രവര്‍ത്തന തകരാറാണ് അപകടത്തിനു കാരണമാകുന്നത്. അതിനാല്‍ ഗര്‍ഭിണികളില്‍ മഞ്ഞപ്പിത്തം വന്നാല്‍ വളരെയധികം ശ്രദ്ധിക്കണം.

മഞ്ഞപ്പിത്ത പരിശോധന

കരളിന്റെ പ്രവര്‍ത്തനങ്ങളെ രക്തപരിശോധനയിലൂടെ മനസിലാക്കി അതിന്റെ അടിസ്ഥാനത്തിലാണ് മഞ്ഞപ്പിത്ത നിര്‍ണയം നടത്തുന്നത്്. വൈറസ് ഉണ്ടാക്കുന്ന മഞ്ഞപ്പിത്തത്തില്‍ വെളുത്ത അണുക്കളുടെ എണ്ണം കുറവായിരിക്കും. ബാക്ടീരിയ ഉണ്ടാക്കുന്നതില്‍ വെളുത്തഅണുക്കള്‍ കൂടിയിരിക്കും.

വൈറസ് മഞ്ഞപ്പിത്തത്തില്‍ ബിലിറൂബിനൊപ്പം എ.എല്‍.ടി, എ.എസ്.ടി തുടങ്ങിയ എന്‍സൈമുകളുടെ അളവ് കൂടുതലായിരിക്കും. രക്തത്തിലെ ആന്റിജന്‍, ആന്റിബോഡി എന്നിവയുടെ സാന്നിധ്യം മനസിലാക്കിയാണ് രോഗനിര്‍ണ്ണയം. എലിപ്പനിമൂലമുള്ള മഞ്ഞപ്പിത്ത ബാധിതരില്‍ എലിപ്പനിയുടെ ആന്റിബോഡീസിന്റെ സാമീപ്യം കാണപ്പെടുന്നു.

എ.എല്‍.ടി യുടെ അളവ് കൂടുതലായിരിക്കും. വൃക്കരോഗത്തിന്റെ ലക്ഷണങ്ങളും എലിപ്പനിക്കാരില്‍ പ്രകടമാണ്. ഇവരുടെ മൂത്രത്തില്‍ രക്തം, പ്രോട്ടീന്‍ തുടങ്ങിയവയുടെ സാന്നിധ്യവും ഉണ്ടാകും.

പല കാരണങ്ങള്‍ക്കൊണ്ട് മഞ്ഞപ്പിത്തം ഉണ്ടാകാമെന്നതിനാല്‍ കൃത്യമായ പരിശോധനകളുടെ അടിസ്ഥാനത്തില്‍ മാത്രമേ തുടര്‍ ചികിത്സകള്‍ നടത്താവൂ.

മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ മറ്റുള്ളവര്‍ പറഞ്ഞുകേട്ട അനുഭവങ്ങള്‍വച്ച് ഏതെങ്കിലും ചികിത്സ തേടരുത്. ഗുരുതരമല്ലാത്ത അണുബാധകള്‍പോലും അപകടകരമായ അവസ്ഥയില്‍ കൊണ്ടെത്തിക്കാന്‍ തെറ്റായ ചികിത്സാ രീതികള്‍ കാരണമാകാം.

കടപ്പാട്:
ഡോ. ബി. പദ്മകുമാര്‍
ഡോ. സംഘമിത്ര

മദ്യം വഴിതെളിക്കുന്നു മഞ്ഞപ്പിത്തത്തിന്

 

ആല്‍ക്കഹോളിക്ക് ഹെപ്പറ്റൈറ്റിസ് ബാധിച്ച വ്യക്തിയുടെ കരളിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണ പരാജയത്തിലേക്കാണ് പോകുന്നത്.

ഒരു നിശ്ചിത അളവില്‍ കൂടുതല്‍ മദ്യം മനുഷ്യ ശരീരത്തില്‍ എത്തുന്നതു വഴി ശരീരത്തിന് മാറ്റങ്ങള്‍ സംഭവിക്കുന്നു. ആല്‍ക്കഹോളിന്റെ അമിതമായ ഉപയോഗം മൂലം ഉണ്ടാകുന്ന മഞ്ഞപ്പിത്തമാണ് ആല്‍ക്കഹോളിക്ക് ഹെപ്പറ്റൈറ്റിസ് എന്ന് അറിയപ്പെടുന്നത്.

ദിവസവും കുറഞ്ഞത് 40 - 60 മില്ലിലിറ്റര്‍ മദ്യം ശരീരത്തിലെത്തുന്ന വ്യക്തിക്ക് 10 വര്‍ഷം കഴിയുമ്പോള്‍ ആല്‍ക്കഹോളിക്ക് ഹെപ്പറ്റൈറ്റിസ് എന്ന രോഗത്തിന് അടിമയാകുമെന്നതില്‍ സംശയമില്ല.

പതുങ്ങിയിരുന്നു ആക്രമിക്കുന്ന രീതിയാണ് ഈ രോഗത്തിന്. രോഗലക്ഷണങ്ങള്‍ പുറത്ത് കാണപ്പെടുന്നില്ല. അതുകൊണ്ടു തന്നെ രോഗം തിരിച്ചറിയുമ്പോഴേക്കും ചികിത്സകള്‍ ഫലിക്കാത്ത അവസ്ഥയിലായിരിക്കും രോഗി.

ഒരു ഔണ്‍സ് മദ്യത്തില്‍ 12 യൂണിറ്റ് ആല്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ട്. അതായത് 30 മില്ലിലിറ്റര്‍. 12 യൂണിറ്റില്‍ 10 - 12 മില്ലിലിറ്റര്‍ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ട്.

എന്നാല്‍ നമ്മുടെ നാട്ടില്‍ തന്നെ ഉണ്ടാക്കിയെടുക്കുന്ന മദ്യത്തിന്റെ വീര്യം (ആല്‍ക്കഹോളിന്റെ അളവ്) വളരെ കൂടുതലാണ്. സ്ഥിരമായി മദ്യം കഴിക്കുന്നവര്‍ ഈ രോഗത്തിന് അടിമയാകാന്‍ അധികം താമസമില്ല എന്ന് ഓര്‍ക്കുക.

മഞ്ഞപ്പിത്തവും കരളും

അമിതമായ മദ്യപാനം ശരീരത്തിന്റെ എല്ലാ ഭാഗത്തേയും ബാധിക്കും എന്നതില്‍ സംശയമില്ല. തലച്ചോറു മുതല്‍ കാല്‍പാദം വരെ ദോഷകരമായി ബാധിക്കുന്നു. ശരീരത്തിന്റെ മൊത്തം പ്രവര്‍ത്തനത്തെയും മന്ദഗതിയിലാക്കുകയാണ് ചെയ്യുന്നത്.

മഞ്ഞപ്പിത്തം വന്നാല്‍ ആദ്യം നോക്കേണ്ടത് കരളിന് എന്തു സംഭവിച്ചുവെന്നാണ്. രോഗത്തിന്റെ സ്വഭാവം കണ്ടെത്തിയശേഷം മാത്രം ചികിത്സ ആരംഭിക്കുക. കാരണം എല്ലാ മഞ്ഞപ്പിത്തത്തിന്റെയും സ്വഭാവം ഒരു പോലെയല്ല. ചിലത് ഭയപ്പെടേണ്ട ആവശ്യമില്ല. എന്നാല്‍ ചിലത് അപകടകാരിയാണ്. ഇത് മരണത്തിലേക്ക് നയിക്കുന്നു.

ആല്‍ക്കഹോളിക്ക് ഹെപ്പറ്റൈറ്റിസ് ബാധിച്ച വ്യക്തിയുടെ കരളിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണ പരാജയത്തിലേക്കാണ് പോകുന്നത്. സിറോസിസ്, കരള്‍ കാന്‍സര്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.

കരളിന്റെ കോശങ്ങള്‍ നശിച്ച് നീര്‍വീക്കമുണ്ടാകുന്നു. സിറോസിസ് ഉണ്ടായാല്‍ ഒരോ അവയവങ്ങളുടെയും പ്രവര്‍ത്തനത്തിന് മാറ്റങ്ങള്‍ സംഭവിക്കുന്നു. സെല്ലുകള്‍ നശിക്കുന്നതാണ് ഇതിനു പ്രധാന കാരണം. ചെറിയ ചെറിയ മുഴകള്‍ രൂപപ്പെടുകയും ഇത് പല അപകടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.

കരള്‍ എന്ന വിലപ്പെട്ട അവയവം

ആഹാരത്തില്‍ നിന്ന് വലിച്ചെടുക്കുന്ന പോഷകങ്ങളേയും മറ്റു വസ്തുക്കളെയും വേര്‍തിരിച്ച് ശരീരത്തിനാവശ്യമായ ഘടകങ്ങളേ പുറത്തേക്ക് കളയാന്‍ പാകത്തിലാക്കുന്ന ഒരു ഫാക്ടറിയാണ് കരള്‍.

അമിത മദ്യപാനം കരളിലെ കോശങ്ങള്‍ ചുരുങ്ങി നശിച്ചു പോകുന്നതിന് കാരണമാകുന്നു. ശരീരത്തിനാവശ്യമായ പല ഘടകങ്ങളും നിര്‍മ്മിക്കപ്പെടുന്നത് കരളിലാണ്. വിഷവസ്തുക്കള്‍ ശരീരത്തുനിന്ന് നീക്കം ചെയ്യുന്നതിനും രക്തശുദ്ധീകരണത്തിനും വലിയ പങ്കുണ്ട്.

ശരീരത്തിനകത്തെ ഏറ്റവും വലിയ അവയവമാണ് കരള്‍. ഉദരത്തിന്റെ വലതു ഭാഗത്ത് ഡയഫ്രത്തിന് താഴെയാണ് ഇതിന്റെ സ്ഥാനം. ഏതാണ്ട് ഒന്നര കിലോഭാരം ഉണ്ട്. ഒരേ സമയം വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളില്‍ കരള്‍ ഏര്‍പ്പെടുന്നു. ശരീരത്തിന്റെ എഞ്ചിന്‍ എന്നും കരളിനെ വിശേഷിപ്പിക്കാം. ദഹന രസങ്ങള്‍ ഉണ്ടാവുന്നത് കരളിലാണ്.

ദഹനപ്രക്രിയയ്ക്കു ശേഷം ആഹാരഘടകങ്ങള്‍ കരളില്‍ എത്തും. ഇവിടെ നിന്നാണ് ശരീരത്തിന് ആവശ്യമായ ഉര്‍ജ്ജം ലഭിക്കുന്നത്. കൊഴുപ്പ്, വിറ്റാമിനുകള്‍, ഗ്ലൂക്കോസ് എന്നിവയൊക്കെ കരളിലാണ് സംഭരിക്കുന്നത്. ഗ്ലൂക്കോസിനെ ഗ്ലൈക്കോജന്‍ ആക്കുന്നതും ആവശ്യം വരുമ്പോള്‍ ഇതിനെ വിഘടിപ്പിച്ച് ഗ്ലൂക്കോസാക്കുന്നതും കരളാണ്.

പ്ലാസ്മ പ്രോട്ടീനുകളുടെ ഉല്‍പാദനവും കൊളസ്‌ട്രോള്‍ ഉത്പാദനവും നിര്‍വഹിക്കുന്നത് കരള്‍ തന്നെ. ദഹനത്തിന് ആവശ്യമായ പിത്തരസം ഉത്പാദിപ്പിക്കുന്നതും കരളാണ്. ഇങ്ങനെ ഒരേ സമയം ഒട്ടനവധി പ്രവര്‍ത്തനങ്ങളില്‍ കരള്‍ ഏര്‍പ്പെട്ടിരിക്കുന്നു.

ആല്‍ക്കഹോളിക്ക് ഹെപ്പറ്റൈറ്റിസ് ബാധിച്ച വ്യക്തികള്‍ക്ക് ഈ പ്രവര്‍ത്തനങ്ങള്‍ താറുമാറാകുകയാണ്. രോഗം മൂര്‍ഛിച്ച അവസ്ഥയിലാണ് കണ്ടെത്തുന്നതെങ്കില്‍ ഒരിക്കലും ജീവന്‍ രക്ഷിക്കാനാവില്ല എന്നതാണ് സത്യം. ചികിത്സയിലൂടെ ജീവന്‍ കുറച്ചു ദിവസം കൂടി നീട്ടാമെന്നു മാത്രം.

രോഗനിര്‍ണ്ണയം നേരത്തെ നടത്താന്‍ സാധിക്കാത്തതാണ് ആല്‍ക്കഹോളിക്ക് ഹെപ്പറ്റൈറ്റിസ് ബാധിച്ച വ്യക്തിയെ മരണത്തിലേക്ക് നയിക്കുന്നതിന്റെ കാരണം. മറ്റെന്തെങ്കിലും ആവശ്യത്തിനായുള്ള പരിശോധനകളില്‍ ആവും മിക്കവാറും ഈ രോഗം കണ്ടെത്തുന്നത്.

ലക്ഷണങ്ങള്‍


വീട്ടുമാറാത്ത പനി, വിശപ്പില്ലായ്മ, മനംപിരട്ടല്‍, തലവേദന, വയറിന്റെ വലതുവശത്തു വേദന, മൂത്രത്തിനും ത്വക്കിനും കണ്ണിനും മഞ്ഞനിറം ഇവയൊക്കെ മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങളായി കണക്കാക്കാം. ഇങ്ങനെയുള്ള ലക്ഷണങ്ങളുമായി എത്തുന്നവരില്‍ കരളിന് എന്തെങ്കിലും പ്രശ്‌നം ഉണ്ടോ എന്നാണ് ആദ്യം പരിശോധിക്കുക.

ബിലിറൂബിന്‍

ബിലിറൂബിന്‍ എന്ന വര്‍ണ്ണവസ്തു രക്തത്തില്‍ കൂടുന്നതിന്റെ ഫലമായാണ് മഞ്ഞനിറം കാണപ്പെടുന്നത്. ചുവന്ന രക്ത കോശങ്ങളില്‍ നിന്നാണ് ബിലിറൂബിന്‍ ഉണ്ടാവുന്നത്.

ശരീരത്തില്‍ ആല്‍ക്കഹോളിന്റെ അംശം വര്‍ധിച്ചുവരുന്നതിന്റെ ഫലമായി ചുവന്ന രക്തകോശങ്ങള്‍ ആയുസ് എത്തുംമുമ്പ് നശിച്ചു പോകുന്നു. 'ഹീമോലിറ്റിക് ജോണ്ടിസ്' എന്നാണിത് അറിയപ്പെടുന്നത്.

കരളില്‍ ഉണ്ടാകുന്ന പിത്തരസം ചെറുകുടലില്‍ എത്തുന്ന വഴിയില്‍ തടസങ്ങള്‍ ഉണ്ടാകുന്നു. ഇത് പിത്തരസം കെട്ടിനില്‍ക്കുന്നതിന് കാരണമാകുന്നു. പിത്തരസം കരളില്‍ നിന്ന് തിരികെ 
രക്തത്തിലേക്ക് കയറുകയും ചെയ്യുന്നു. പിത്ത സഞ്ചിയില്‍ രൂപപ്പെടുന്ന കല്ലുകള്‍ കരളിന്റെ ശരിയായ പ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നു.

ആല്‍ക്കഹോളിന്റെ അളവ് കരളില്‍ എത്തുന്നതിലൂടെ ഒരോ കോശങ്ങളെയും വൈറസ് കേടുവരുത്തും. അവിടെ നീര്‍ക്കെട്ട് ഉണ്ടാവും. അതോടെ കരളിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നു. ഇത് മഞ്ഞപ്പിത്തത്തിന് വഴിതെളിക്കുന്നു.

കടപ്പാട്:
ഡോ. സുരേക്ഷ് ഇ. കെ

'മഞ്ഞപ്പിത്തം' പരിഹാരം ഹോമിയോപ്പതിയില്‍

മഞ്ഞപ്പിത്തം ചുവന്ന രക്താണുക്കള്‍ക്ക് അമിതനാശം സംഭവിക്കുന്നതുമൂലമോ കരളിന്റെ പ്രവര്‍ത്തനതകരാറോ അതുമല്ലെങ്കില്‍ പിത്തവാഹിനി കുഴലിലെ തടസം മൂലമോ സംഭവിക്കുന്നതാണ്

മഞ്ഞപ്പിത്തം രോഗമല്ല, രോഗലക്ഷണം മാത്രമാണ്. നമ്മുടെ രക്തത്തിലെ ചുവന്ന രക്താണുക്കള്‍ മരിക്കുമ്പോള്‍ സ്വാഭാവികമായുണ്ടാവുന്ന ഒരു വര്‍ണ്ണകമാണ് ബിലിറൂബിന്‍. ഈ ബിലിറൂബിന്‍ രക്തത്തില്‍ ക്രമാതീതമായി വര്‍ദ്ധിക്കുമ്പോള്‍ കരളിനും കിഡ്‌നിയ്ക്കും ഇത് പൂര്‍ണതോതില്‍ രക്തത്തില്‍ നിന്ന് പുറന്തള്ളാന്‍ കഴിയാതെ വരുന്നു.

അധികമുള്ള ബിലിറൂബിന്‍ രക്തത്തില്‍ത്തന്നെ അടിഞ്ഞുകൂടുന്നതിന്റെ ഫലമായി കണ്ണിലും നഖത്തിലും ചര്‍മ്മത്തിനടിയിലും, വായ്ക്കുള്ളിലുമൊക്കെ അടിയുന്ന അവസ്ഥയാണ് മഞ്ഞപ്പിത്തം എന്നുപറയുന്നത്.

രോഗകാരണങ്ങള്‍

വൈറസുകള്‍, ബാക്ടീരിയ, മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍, മദ്യം, ജനിതകപരം, തിരിച്ചറിയാനാവാത്ത മറ്റ് കാരണങ്ങള്‍ എന്നിവയാണ് മഞ്ഞപ്പിത്തത്തിനുള്ള പ്രധാന കാരണങ്ങള്‍.

കൂടാതെ എലിപ്പനിയെന്ന് അറിയപ്പെടുന്ന ലെപ്‌റ്റോസ്‌പൈറോസിസ്, സെപ്റ്റിസിമിയ തുടങ്ങിയ മറ്റുപല രോഗാവസ്ഥകളും കരളിനെ സാരമായി ബാധിക്കാനും മഞ്ഞപ്പിത്തത്തിന് കാരണമാവുകയും ചെയ്യാം.

മഞ്ഞപ്പിത്തം ചുവന്ന രക്താണുക്കള്‍ക്ക് അമിതനാശം സംഭവിക്കുന്നതുമൂലമോ കരളിന്റെ പ്രവര്‍ത്തനതകരാറോ അതുമല്ലെങ്കില്‍ പിത്തവാഹിനി കുഴലിലെ തടസം മൂലമോ സംഭവിക്കുന്നതാണ്. ഈ മൂന്ന് അടിസ്ഥാന കാരണങ്ങളാണ് സാധാരണഗതിയില്‍ ഒരാളെ മഞ്ഞപ്പിത്തത്തിലേയ്ക്ക് തള്ളിവിടുന്നത്.

ചുവന്നരക്താണുക്കള്‍ക്ക് അമിതനാശം

രക്തത്തിലെ അണുബാധ, രക്തത്തിലുണ്ടാവുന്ന ബിലിറൂബിനെ സ്വീകരിച്ച് സ്വാംശീകരിച്ച് പുറന്തള്ളുവാനുള്ള കരളിന്റെ കഴിവില്ലായ്മ, എന്‍സൈമിന്റെ അഭാവം, മരുന്നുകളുടെ അമിതോപയോഗം, മറ്റ് പോഷകാഹാരങ്ങളുടെ കുറവ്, ജനിതകപരമായ തകരാറുകള്‍ എന്നിവയാണ് ഈ അവസ്ഥയ്ക്ക് കാരണമാവുന്നത്.

ഈ അവസ്ഥയില്‍ രക്തപരിശോധനയില്‍ ഉയര്‍ന്ന അളവിലുള്ള ടോട്ടല്‍ ബിലിറൂബിനോടൊപ്പം ഇന്‍ഡയറക്ട് ബിലിറൂബിനും ഉയര്‍ന്ന അളവില്‍ കാണുന്നതാണ്. ഇതുകൂടാതെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വളരെ താഴ്ന്നിരിക്കും. മൂത്രം ഈ അവസ്ഥയില്‍ നിറമില്ലാത്ത അവസ്ഥയിലോ കടുത്ത നിറത്തിലോ കാണപ്പെടും. മലത്തിന് കടുത്ത മഞ്ഞനിറമായിരിക്കും.

വൈറസ് പ്രധാന വില്ലന്‍

നേരത്തെ സൂചിപ്പിച്ച പല കാരണങ്ങളും ഉണ്ടെങ്കിലും പ്രധാനമായും വൈറസുകളാണ് ഇവിടെ പ്രധാനവില്ലന്‍. ഇവ എ, ബി, സി, ഡി, ഇ, ജി എന്നീ വിധത്തില്‍ കാണുന്നു. ഇതില്‍ ഹെപ്പറ്റൈറ്റിസ് എ യും ബി യുമാണ് സാധാരണ കാണുന്ന മഞ്ഞപ്പിത്തത്തില്‍ ഉണ്ടാവുന്നത്.

മറ്റു വൈറസുകളെ അപേക്ഷിച്ച് ഇവ പകരുന്നതാകട്ടെ മലിനമാക്കപ്പെട്ട ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയും. കക്കൂസ് മാലിന്യങ്ങള്‍ പോലും പുഴയിലും മറ്റും തള്ളുന്ന നമ്മുടെ നാട്ടില്‍ രോഗസാധ്യത ഊഹിക്കാവുന്നതേയുള്ളു.

ബി, സി, ഡി എന്നിവ പകരുന്നത് അണുവിമുക്തമല്ലാത്ത രക്തം, മയക്കുമരുന്നുകള്‍ ശരീരത്തില്‍ കുത്തിവയ്ക്കാന്‍ ഉപയോഗിക്കുന്ന സിറിഞ്ച് മറ്റൊരാള്‍ ഉപയോഗിക്കുമ്പോള്‍, വഴിവിട്ട ലൈംഗിക ജീവിതത്തിലൂടെയുമൊക്കെയാണ് കൂടുതലായും പകരുന്നത്.

വൈറസുകളല്ലാതെയും രോഗാണുക്കള്‍ കരളിനെ ബാധിക്കാറുണ്ട്. അവയില്‍ പ്രധാനമാണ് എലിപ്പനി എന്ന് നാം ഓമനപ്പേരിട്ട് വിളിക്കുന്ന ലെപ്‌റ്റോസ്‌പൈറോസിസ്, ടോക്‌സോപ്ലാസ്‌മോസിസ് എന്നീ രോഗാവസ്ഥകള്‍.

തടസം മൂലം (ഒബ്‌സ്ട്രക്റ്റീവ് ജോണ്ടിസ്)

പിത്തവാഹിനിക്കുഴലിലുണ്ടാകുന്ന തടസംമൂലം കരള്‍ നിര്‍മിക്കുന്ന പിത്തം പുറത്തു പോകാതെ തിരിച്ച് രക്തത്തിലേക്കുതന്നെ പോവുന്ന അവസ്ഥയാണിത്. പിത്തവാഹിനിക്കുഴലിനുണ്ടാകുന്ന തടസം, പിത്താശയക്കല്ലുകള്‍, ആഗ്നേയഗ്രന്ഥിയുടെ നീര്‍ക്കെട്ട്, ആഗ്നേയഗ്രന്ഥിയിലുണ്ടാവുന്ന കല്ലുകളും മുഴകളും, ആമാശയത്തിലെ വിരകള്‍, മറ്റ് ആന്തരിക അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങള്‍ നിമിത്തമുണ്ടാകുന്ന സമ്മര്‍ദം തുടങ്ങിയവയാണ് കാരണങ്ങള്‍.

രോഗപ്രതിരോധം

രോഗകാരണങ്ങളില്‍ നിന്നും പ്രതിരോധം ആരംഭിക്കാം. 
1. കുടിക്കുന്ന വെള്ളം/ഭക്ഷണം എന്നിവയുടെ പരിശുദ്ധി പരമപ്രധാനമാണ്. അതിനാല്‍ തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം ഉപയോഗിക്കുക. അതുപോലെ ഭക്ഷണം വൃത്തിയുള്ളതും ശുദ്ധവുമായത് മാത്രം (തലേദിവസത്തെ ഭക്ഷണം ചിലപ്പോള്‍ രോഗാണുക്കളാല്‍ മലിനമാക്കപ്പെടാം. നാം അത് അറിയണമെന്നില്ല)

2. ജീവിതശൈലി പുനക്രമീകരണം അമിതസമ്മര്‍ദ്ദം, അതില്‍ നിന്നും രക്ഷപെടാന്‍ എന്ന പേരിലുള്ള മദ്യപാനം കരളിനെ സ്ഥായിയായ നാശത്തിലേക്ക് നയിക്കും. മദ്യപാനം പൂര്‍ണമായും ഒഴിവാക്കുക, ലളിതമായ ഭക്ഷണരീതി ശീലമാക്കുക.

3. നിയന്ത്രിത ലൈംഗികജീവിതം 
4. സ്വയം ചികിത്സ ഒഴിവാക്കണം. അംഗീകൃത ഡോക്ടറെ കണ്ടുമാത്രം ചികിത്സിക്കുക.

ചികിത്സ

രോഗം മഞ്ഞപ്പിത്തമാണെങ്കിലും യഥാര്‍ഥ കാരണം കണ്ടെത്തിയുള്ള ചികിത്സയാണ് വേണ്ടത്. എന്തെന്നാല്‍ മേല്‍പ്പറഞ്ഞ രോഗകാരണങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാവുന്നതും, ചിലത് നമ്മുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് സങ്കീര്‍ണാവസ്ഥകളിലെത്തിക്കാന്‍ ഉതകുന്നതുമാണ്.

മറ്റ് അവയവങ്ങളില്‍ നിന്നും കരളിനുള്ള ഗുണം പുനരുജ്ജീവനശേഷിയാണ്. അതുകൊണ്ട് രോഗിയുടെ രോഗപ്രതിരോധശക്തി ഉയര്‍ത്തുകയാണ് ചെയ്യേണ്ടത്. ശരിയായ വിശ്രമവും ശരിയായ പോഷകാഹാരവും രോഗിക്ക് നല്‍കണം.

നിര്‍ബന്ധമായ ഭക്ഷണപഥ്യങ്ങള്‍ ആവശ്യമില്ല. നാട്ടുനടപ്പ് ഉപ്പിടാത്ത കഞ്ഞിയും, പയറും, പപ്പടവുമൊക്കെയാണല്ലോ. ഇത് തികച്ചും തെറ്റാണ്. കാരണം ശരീരത്തില്‍ പോഷകങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ രോഗാക്രമണത്തെ തോല്‍പ്പിച്ച് രോഗപ്രതിരോധശക്തി കിട്ടൂ.

ശരീരത്തില്‍ ഗ്ലൂക്കോസിന്റെയോ, ജലത്തിന്റെയോ ഉപ്പിന്റെയോ അംശം കുറഞ്ഞുപോയാല്‍ രോഗം ഗുരുതരാവസ്ഥയിലേക്ക് നീങ്ങാനോ/നീണ്ടുനില്‍ക്കാനോ കാരണമാകും. അതിനാല്‍ കൃത്യമായ നിരീക്ഷണം ആവശ്യമാണ്. ഭക്ഷണപഥ്യം രോഗിയുടെ ഹിതമനുസരിച്ച് മതി. രോഗിയ്ക്കു വേണ്ട എന്നു തോന്നുന്നത് നിര്‍ബന്ധിച്ച് കൊടുക്കരുത്.

അതുപോലെ കട്ടിയായ ഭക്ഷണം കൊഴുപ്പുകൂടിയ ഭക്ഷണം. അച്ചാറുകള്‍, ഉപ്പിലിട്ടത്, മുതലായവ ഒഴിവാക്കുക. ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തണം.

ഹോമിയോപ്പതി

രോഗനിര്‍ണയത്തോടൊപ്പം രോഗത്തിലേയ്ക്കു നയിച്ച കാരണങ്ങള്‍ കണ്ടെത്തിയും രോഗിയുടെ മാനസികശാരീരികമായ തലങ്ങളെ ഉള്‍ക്കൊണ്ടും, മറ്റു രോഗാവസ്ഥകള്‍ ഉണ്ടെങ്കില്‍ അതുപരിഗണിച്ചുമുള്ള സമൂലമായ ചികിത്സാരീതി ആണ് ഹോമിയോപ്പതി. വ്യക്തമായ കേസ് അനാലിസിസിലൂടെ കണ്ടെത്തുന്ന മരുന്നാണ് രോഗിയ്ക്ക് നല്‍കുന്നത്.

രോഗം മഞ്ഞപ്പിത്തം ആണെങ്കിലും രോഗകാരണം പലതാണ്. അതുപോലെ ഓരോ രോഗിയുടെയും രോഗലക്ഷണങ്ങളും വ്യത്യസ്തമായതുകൊണ്ടു വ്യക്തിഗത ചികിത്സയാണ് നല്‍കുന്നത്. ഡോക്ടറുടെ നിര്‍ദേശാനുസരണം മരുന്നും, പഥ്യങ്ങളും കൃത്യമായ കാലയളവില്‍ പാലിച്ചാല്‍ രോഗശമനം ഹോമിയോപ്പതിചികിത്സ വാഗ്ദാനം ചെയ്യുന്നു.

വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. പി.എന്‍. കരംചന്ദ്
ഡോ. പടിയാര്‍ മെമ്മോറിയല്‍ ഹോമിയോപ്പതിക് കോളജ്
ചോറ്റാനിക്കര

കാ­ലം തെ­­റ്റി­­യെ­­ത്തു­­ന്ന മ­­ഞ്ഞ­­പ്പി­ത്തം­­

 

ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും മാത്രം പകരുന്ന രോഗമായിരുന്നു മഞ്ഞപ്പിത്തം. എന്നാല്‍ ഇന്ന് കാലം മാറിയതോടെ ആര്‍ക്കും എപ്പോള്‍വേണമെങ്കിലും പിടിപെടാവുന്ന രോഗമായി മാറിയിരിക്കുന്നു മഞ്ഞപ്പിത്തം. ഒരു ചെറിയ അശ്രദ്ധമതി മഞ്ഞപ്പിത്തം പിടിപെടാന്‍.

വേനല്‍ക്കാലവും മഴക്കാലവുമായിരുന്നു ഒരുകാലത്ത് മഞ്ഞപ്പിത്ത രോഗങ്ങള്‍ക്ക് വാതില്‍ തുറന്നു കൊടുത്തിരുന്നത്. വെള്ളവും ആഹാരസാധനങ്ങളും മലിനമാകാന്‍ സാധ്യത ഇക്കാലത്ത് കൂടുതലായതായിരുന്നു ഇതിനു കാരണം.

ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും മാത്രം പകരുന്ന രോഗമായിരുന്നു മഞ്ഞപ്പിത്തം. എന്നാല്‍ ഇന്ന് കാലം മാറിയതോടെ ആര്‍ക്കും എപ്പോള്‍വേണമെങ്കിലും പിടിപെടാവുന്ന രോഗമായി മാറിയിരിക്കുന്നു മഞ്ഞപ്പിത്തം.

ഒരു ചെറിയ അശ്രദ്ധമതി മഞ്ഞപ്പിത്തം പിടിപെടാന്‍. അതുകൊണ്ടുതന്നെ മഞ്ഞപ്പിത്തരോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. മഞ്ഞപ്പിത്തം ബാധിച്ചുള്ള മരണനിരക്കും കൂടുന്നുണ്ട്.

പൊതുജനാരോഗ്യകാഴ്ചപ്പാടില്‍ ഏറെ ശ്രദ്ധിക്കേണ്ട ഒരു രോഗാവസ്ഥയാണ് മഞ്ഞപ്പിത്തമെന്ന പേരില്‍ നമ്മുടെ സമൂഹത്തില്‍ പരക്കെ അറിയപ്പെടുന്ന രോഗസമുച്ചയം. പലപ്പോഴും ആധുനികവൈദ്യശാസ്ത്രത്തില്‍ പരിഹാരമില്ലെന്നുള്ള മിഥ്യാധാരണയാണ് പൊതുജനങ്ങള്‍ക്കുള്ളത്. ഇത് ചിലപ്പോഴെങ്കിലും അപകടമരണങ്ങള്‍ക്ക് കാരണമാകുന്നു.

പലതരത്തിലുള്ള സങ്കീര്‍ണങ്ങളായ രോഗങ്ങള്‍ മഞ്ഞപ്പിത്തത്തിനു കാരണമാകുന്നു. ഈ തിരിച്ചറിവില്ലാതെ രോഗികളെ പരിശോധനകള്‍ക്ക് വിധേയമാക്കാതെ നാടന്‍ ചികിത്സാരീതികള്‍ക്കായി അയയ്ക്കുന്ന നിര്‍ഭാഗ്യകരമായ അവസ്ഥയാണ് പലപ്പോഴും കണ്ടുവരുന്നത്.

അശ്രദ്ധയുടെ വില

നമ്മുടെ സമൂഹത്തില്‍ സാധാരണ കാണുന്ന മഞ്ഞപ്പിത്തരോഗം 90 ശതമാനവും എ മുതല്‍ ഇ വരെ ഇംഗ്ലീഷ് അക്ഷരമാലാക്രമത്തില്‍ അറിയപ്പെടുന്ന ഹെപ്പറ്റൈറ്റിസ് വൈറസുകളുടെ കടന്നാക്രമണംമൂലമാണ്്. ഇതില്‍ എ യും, ഇ യും വൈറസുകള്‍ പരക്കുന്നത് കുടിവെള്ളത്തിലൂടെയോ ഭക്ഷണപാനീയങ്ങളിലൂടെയോ ആണ്.

വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗിയുടെ മലമൂത്രവിസര്‍ജ്ജ്യത്തില്‍കൂടി ഒന്നു മുതല്‍ മൂന്നാഴ്ചവരെ കോടിക്കണക്കിന് വൈറസുകള്‍ പുറത്തേക്കു വരുന്നു. ഇത് മറ്റൊരാളുടെ ശരീരത്തില്‍ പ്രവേശിക്കുവാന്‍ ഇടവരുമ്പോള്‍ അവരിലേക്ക് രോഗം പകരുന്നു.

മലിനജലമുപയോഗിച്ച് തയാറാക്കുന്ന ശീതളപാനീയങ്ങള്‍, സര്‍ബ്ബത്ത്, ഐസ്‌ക്രീം, അശ്രദ്ധമായി പാകംചെയ്യുന്ന ചെമ്മീന്‍, കക്കായിറച്ചി തുടങ്ങിയവ മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കുവാന്‍ കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.

കേരളത്തില്‍ നിലനില്‍ക്കുന്ന പരിസരശുചിത്വമില്ലായ്മയാണ് മറ്റൊരു പ്രധാന കാരണം. ഇതിലൂടെ 30 വയസുവരെയുള്ള 50 ശതമാനത്തിലേറെ ചെറുപ്പക്കാര്‍ക്കാണ് ഹെപ്പറ്റൈറ്റിസ് എ, ഇ രോഗബാധ ഉണ്ടായിട്ടുള്ളതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

കുത്തിവയ്പ്പിലൂടെ പകരുന്നു

ഹെപ്പറ്റൈറ്റിസ് ബി, സി, ഡി (ഡെല്‍റ്റാവൈറസ്) എന്നീ മൂന്നു വൈറസുകള്‍ പ്രധാനമായും കുത്തിവയ്പുകളില്‍ കൂടിയാണ് ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്. അപൂര്‍വമായി ബി. ഹെപ്പറ്റൈറ്റിസ് രോഗിയുമായി വളരെ അടുത്തിടപെടുന്നതുമൂലം പകരുന്നതായും കണ്ടിട്ടുണ്ട്.

കുത്തിവയ്പുകളില്‍ക്കൂടി പകരാനുള്ള പ്രധാന കാരണം ഒരിക്കലുപയോഗിച്ച സിറിഞ്ചോ സൂചിയോ രോഗാണു കലര്‍ന്ന് അശുദ്ധമായ രക്തമോ ഉപയോഗിക്കുന്നതുമൂലമാണ്.

ഇത് നിയമംമൂലം തടയപ്പെട്ടിട്ടുണ്ടെങ്കിലും കുത്തിവയ്പുകളിലൂടെ ഇത്തരം വൈറസുകള്‍ പകരുന്നത് പൂര്‍ണ്ണമായും തടയുവാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. യാതൊരു നിയന്ത്രണവുമില്ലാതെ പ്രവര്‍ത്തിക്കുന്ന ചെറുതും വലുതുമായ ലാബറട്ടറികളും ക്ലിനിക്കുകളും നമ്മുടെ നാട്ടില്‍ ഇന്നു ധാരാളമുണ്ട്.

കുത്തിവയ്ക്കുന്ന മയക്കുമരുന്നിനടിമപ്പെട്ടിരിക്കുന്ന ആളുകളിലും ഇത് ഒരു പകര്‍ച്ചവ്യാധിയായി കാണപ്പെടുന്നു. ശക്തമായ പൊതുജനാഭിപ്രായത്തില്‍കൂടിയും, അധികാരികളുടെ കര്‍ശന നിയമനിര്‍മ്മാണത്തിലൂടെയും മാത്രമേ ഇതിന് ഒരു അവസാനമുണ്ടാകൂ.

രോഗത്തെക്കുറിച്ചുള്ള തെറ്റായ കാഴ്ചപ്പാടാണ് ഗുരുതരമായ അവസ്ഥയിലേക്ക് നയിക്കുന്നത്. ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ശരിയായ ചികിത്സ ലഭ്യമാക്കുകയാണ് മഞ്ഞപ്പിത്ത രോഗി പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം.

ശരീരത്തിലെ നിറം മാറ്റം

ശരീരത്തില്‍ കൈവെള്ളയിലും കണ്ണിലും മുഖത്തുമൊക്കെ മഞ്ഞനിറം ഉണ്ടാകുന്ന അവസ്ഥയെ മഞ്ഞപ്പിത്തമെന്നു വിളിക്കുന്നു. മൂത്രത്തിന്റെ നിറം ചുവപ്പുകലര്‍ന്ന മഞ്ഞയായി കാണുന്നതും ഇതിന്റെ ലക്ഷണങ്ങളിലൊന്നാണ്.

അപൂര്‍വ്വമായെങ്കിലും കാന്‍സര്‍ മുതല്‍ സാധാരണ കാണപ്പെടുന്ന ഹെപ്പറ്റൈറ്റിസ് രോഗംവരെ മഞ്ഞപ്പിത്തരോഗത്തിന് കാരണമാകുന്നു. പിത്താശയത്തിലോ അനുബന്ധധമനികളിലോ രൂപപ്പെടുന്ന കല്ലുകളും ചുവന്നരക്താണുക്കള്‍ ഇടയ്ക്കിടയ്ക്ക് കൂടുതലായി നശിക്കുന്ന രോഗാവസ്ഥയിലും മഞ്ഞപ്പിത്തലക്ഷണങ്ങള്‍ കാണപ്പെടുന്നു.

രോഗം തിരിച്ചറിയാം

ഹെപ്പറ്റൈറ്റിസ് വൈറസ് മൂലമുണ്ടാകുന്ന മഞ്ഞപ്പിത്തരോഗബാധകള്‍ ആരംഭത്തില്‍ വേര്‍തിരിച്ചറിയാന്‍ വിഷമമാണ്. പനിയും തലവേദനയും ശരീരവേദനയും ചൊറിച്ചിലും വയറിളക്കവുമൊക്കെ എല്ലാ വൈറസ് മഞ്ഞപ്പിത്തരോഗികളിലും കാണപ്പെടാറുണ്ട്.

എന്നാല്‍ വൈറസ്ബാധമൂലം രോഗലക്ഷണങ്ങള്‍ പുറമേ പ്രകടിപ്പിക്കുന്ന രോഗികളുടെ എണ്ണത്തേക്കാള്‍ ആയിരംമടങ്ങ് ആളുകള്‍ക്ക് പ്രകടമായ യാതൊരു രോഗലക്ഷണങ്ങളുമില്ലാതെതന്നെ രോഗബാധയുണ്ടാകുന്നു. ഇവരുടെ രക്തപരിശോധന നടത്തിയാല്‍ മാത്രമേ രോഗബാധയുണ്ടായതായി മനസിലാക്കാന്‍ കഴിയൂ.

ഹെപ്പറ്റൈറ്റിസ് എ ദീര്‍ഘകാലം നില്‍ക്കുന്ന രോഗമല്ല. എന്നാല്‍ ചിലരില്‍ മഞ്ഞപ്പിത്തം നീണ്ടു നില്‍ക്കാം. ഇതില്‍ എ യും ഇ യും ഹെപ്പറ്റൈറ്റിസ് രോഗികളില്‍ ഒരു ചെറിയ ശതമാനത്തിന് ദേഹത്ത് ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്യാം.

എങ്കിലും സൂക്ഷിച്ചാല്‍ രണ്ടോ മൂന്നോ ആഴ്ചകള്‍കൊണ്ട് പരിപൂര്‍ണ്ണമായി രോഗനിവാരണമുണ്ടാകുന്നു. 0.01 ശതമാനം രോഗികളില്‍ മാത്രമേ ഇത് മരണകാരണമായി കാണാറുള്ളൂ.

ആവര്‍ത്തിച്ചുള്ള രക്തപരിശോധനയിലൂടെ രോഗത്തിന്റെ അവസ്ഥയും വിട്ടുമാറുന്നതിന്റെ സൂചനയും മനസിലാക്കുവാന്‍ കഴിയും. പരിപൂര്‍ണ്ണവിശ്രമവും പോഷകാഹാരങ്ങള്‍ കഴിക്കുന്നതിലൂടെയും ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ധിപ്പിച്ച് രോഗവിമുക്തി നേടാവുന്നതാണ്.

ബി, സി, ഡി ഹെപ്പറ്റൈറ്റിസ് രോഗികളില്‍ 5-10 ശതമാനം ആളുകളില്‍ നീണ്ടുനില്‍ക്കുന്ന മഞ്ഞപ്പിത്തരോഗാവസ്ഥ ഉണ്ടാകുന്നു. അത് കാലക്രമേണ ലിവര്‍ സിറോസിസിനും, ലിവര്‍ കാന്‍സറിലും എത്തുന്നു. വളരെ കുറച്ചുരോഗികള്‍ മഞ്ഞപ്പിത്തം മൂര്‍ച്ഛിച്ച് ഫള്‍മിനന്റ് അവസ്ഥയിലെത്തി മരണം സംഭവിക്കുന്നു.

ഇത്തരം മാരകമായ രോഗാവസ്ഥയ്ക്കും ഭീമമായ പണച്ചെലവിനും കാരണമാകുന്ന ബി, സി, ഡി, ഹെപ്പറ്റൈറ്റിസ് രോഗം പൂര്‍ണമായും പ്രതിരോധിച്ചു നിര്‍ത്താവുന്നതാണ്. അത് പരിഷ്‌കൃതസമൂഹത്തിലെ ഓരോ പൗരന്റെയും ഭരണകര്‍ത്താക്കളുടെയും കടമയാണ്.

ചികിത്സ അറിയാന്‍

മഞ്ഞപ്പിത്തം ബാധിച്ച എല്ലാ രോഗികളെയും ആശുപത്രിയില്‍ കിടത്തി ചികിത്സക്കണമെന്നില്ല. ഉറക്കഗുളിക തുടങ്ങി കരളിന് പ്രതികൂലമായി പ്രവര്‍ത്തിക്കുന്ന മരുന്നുകളും മദ്യത്തിന്റെ ഉപയോഗവും നിര്‍ബന്ധമായും ഒഴിവാക്കേണ്ടതാണ്.

മഞ്ഞപ്പിത്തം ബാധിച്ച ഒരാളില്‍ ഉണ്ടായേക്കാവുന്ന രോഗങ്ങള്‍ക്ക് ശസ്ത്രക്രിയ വേണ്ടിവന്നാല്‍ കഴിയുന്നതും മാറ്റിവയ്ക്കുന്നതാണ് നല്ലത്. മയക്കത്തിനായി ഉപയോഗിക്കുന്ന ചില മരുന്നുകള്‍ കരളിന്റെ പ്രവര്‍ത്തനം അപൂര്‍വ്വമായിട്ടെങ്കിലും അവതാളത്തിലാക്കാം.

പഴകിയ ബി, സി, ഹെപ്പറ്റൈറ്റിസ് മൂലമുണ്ടാകുന്ന കരള്‍രോഗത്തിന് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഹെപ്പറ്റൈറ്റിസ് മൂലമുണ്ടാകുന്ന മാരകമായ അവസ്ഥയാണ് ഗ്ഗഹ്ലദക്ടത്മശ്ശമയ്ക്ക കുഹ്ലബ്ധയ്ക്കഗ്മഢ. പ്രതിരോധകുത്തിവയ്പുകള്‍ക്കുപരി പെട്ടെന്ന് പ്രതിരോധശേഷി കൂട്ടുവാനുള്ള ഇമ്മ്യുണോ ഗ്ലോബുലിന്‍ ഉപയോഗിക്കുന്നത് ഗുരുതരാവസ്ഥയില്‍ ഫലപ്രദമാണ്.

പകര്‍ച്ചവ്യാധി നിലനില്ക്കുന്ന അവസരത്തില്‍ സാധാരണയുള്ള പ്രതിരോധകുത്തിവയ്പുകള്‍ ശുപാര്‍ശ ചെയ്യുന്നില്ല. ബി ഹെപ്പറ്റൈറ്റിസ് രോഗികളില്‍ ഫലപ്രദമായ ചികിത്സയ്ക്കായി ചില ആന്റി വൈറസ് മരുന്നുകള്‍ നിലവിലുണ്ട്. ശ്രദ്ധയോടെ ചികിത്സിച്ചാല്‍ 90 മുതല്‍ 95 ശതമാനം ബി ഹെപ്പറ്റൈറ്റിസ് രോഗികള്‍ പൂര്‍ണമായും രോഗിവിമുക്തരാകുന്നു.

ഇന്റര്‍ഫിറോണ്‍ ആല്‍ഫ തുടങ്ങിയ ദീര്‍ഘകാല ചികിത്സകളിലൂടെ ശരീരത്തിലെ ബി വൈറസിന്റെ അളവ് കുറയ്ക്കുവാന്‍ വളരെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തരം ചികിത്സാരീതികള്‍ വളരെ അപൂര്‍വമായി മാത്രംചെയ്യാറുള്ളൂ. അത്യാവശ്യ സാഹചര്യങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ നടത്തുന്നത് പാര്‍ശ്വഫലങ്ങള്‍ ഒഴിവാക്കാന്‍ സഹായകമാണ്.

പ്രതിരോധ വാക്‌സിന്‍

ബി ഹെപ്പറ്റൈറ്റിസ് തടയുവാനുള്ള പ്രതിരോധവാക്‌സിനേഷന്‍ നിലവിലുണ്ട്. ഇത് കൃത്യമായി നല്‍കിയാല്‍ 95 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ബി രോഗബാധിതരായ അമ്മയില്‍നിന്നു ജനിക്കുന്ന നവജാതശിശുക്കള്‍ക്കും ജനനസമയത്തുതന്നെ ആന്റി ബി ഇമ്മ്യൂണോ ഗ്ലോബുലിനും ഒരു വയസാകുമ്പോള്‍ ആന്റി ബി വാക്‌സിനേഷനും നല്‍കേണ്ടതാണ്.

കടപ്പാട്:
ഡോ. പി.ടി. സക്കറിയ

ഹെപ്പറ്റെറ്റിസിനെ ഭയക്കണോ?

 

ലോകത്ത് പന്ത്രണ്ടിലൊരാള്‍ ഹെപ്പറ്റൈറ്റിസ് ബാധിതരാണെന്ന് ആരോഗ്യപഠനങ്ങള്‍. എയ്ഡ്സിനേക്കാള്‍ മാരകമാണ് ഹെപ്പറ്റൈറ്റിസ്.

ഹെപ്പറ്റെറ്റിസ് കടുത്ത വയറുവേദനയും ഛര്‍ദ്ദിയും ബാധിച്ച് അവശനായ നിലയിലാണ് രവി ആശുപത്രിയിലെത്തിയത്. പനി തുടങ്ങിയിട്ട് ഒരാഴ്ചയായി. ജോലിക്കുപോകേണ്ടതിനാല്‍ പാരസെറ്റാമോള്‍ കഴിച്ചപ്പോള്‍ താല്‍ക്കാലിക ആശ്വാസം കിട്ടിയെങ്കിലും രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ വയറുവേദനയും ഛര്‍ദ്ദിയും കലശലായി.

ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് മനസ്സിലാകുന്നത് ഹെപ്പറ്റൈറ്റിസ് ബിയുടെ അവസാന ഘട്ടത്തിലാണ് രവി. ഡോക്ടര്‍മാരും രവിയെ കൈയ്യൊഴിഞ്ഞു...... 

ഒരു രവിയാകാന്‍ നിങ്ങള്‍ക്ക് താല്‍പര്യമുണ്ടോ? രോഗലക്ഷണങ്ങള്‍ കാണപ്പെട്ടാല്‍ കൃത്യസമയത്ത് തന്നെ ആസുപത്രിയിലെത്തി ചികിത്സ നേടണം. കാരണം ഒളിച്ചിരുന്ന് ആക്രമിക്കുന്ന പോരാളിതന്നെയാണ് ഹെപ്പറ്റൈറ്റിസ് ബി.

കരളിന് ഉണ്ടാകുന്ന വീക്കവും രോഗാവസ്ഥയുമാണ് ഹെപ്പറ്റൈറ്റിസ്. മനസിലാവുംവിധം പറഞ്ഞാല്‍ മഞ്ഞപ്പിത്തത്തിന്റെ വകഭേദം. ചികിത്സയിലൂടെ ഭേദമാവുകയോ ഫൈബ്രോസിസ്, സിറോസിസ്, അര്‍ബുദം എന്നീ രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യാം.

വൈറസാണ് പ്രധാനമായും ഹെപ്പറ്റൈറ്റിസിന് കാരണമാകുന്നത്. അണുബാധ, മദ്യപാനം, പാരെസറ്റാമോള്‍ പോലെയുള്ള ഗുളികകളുടെ ഉപയോഗം, രോഗപ്രതിരോധ വ്യവസ്ഥയിലെ തകരാറുകള്‍ എന്നിവ മൂലവും ഹെപ്പറ്റൈറ്റിസ് ഉണ്ടാകാം.

ഇന്‍ഫക്ടീവ് ഹെപ്പറ്റൈറ്റിസ്


ബാക്ടീരിയ, വൈറസ് മുതലായ സൂക്ഷ്മ ജീവികള്‍മൂലം കരളിനുണ്ടാക്കുന്ന ഇന്‍ഫെക്ഷനാണ് ഇന്‍ഫക്ടീവ് ഹെപ്പറ്റൈറ്റിസ്.

വൈറല്‍ ഹെപ്പറ്റൈറ്റിസ്

വൈറസ് ബാധമൂലമുണ്ടാവുന്ന കരള്‍വീക്കമാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ്. വിദഗ്ധ ചികിത്സ നേടിയില്ലെങ്കില്‍ മഞ്ഞപ്പിത്തം മാത്രമല്ല ലിവര്‍ സിറോസിസ്,ലിവര്‍ ക്യാന്‍സര്‍ എന്നിവക്ക് വരെ കാരണമാകാം. എ,ബി.സി,ഡി,ഇ എന്നിങ്ങനെ വൈറല്‍ ഹെപ്പറ്റൈറ്റിസ് അഞ്ചുതരമുണ്ട്.

Hepatitis A

വ്യാപകമായി കണ്ടുവരുന്ന മഞ്ഞപ്പിത്തമാണ് ഹെപ്പറ്റൈറ്റിസ് എ. വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ഈ രോഗം പകരുന്നത്. മലിനജലമുപയോഗിച്ചുള്ള ശീതളപാനീയങ്ങള്‍, സര്‍ബത്ത്, ഐസ്‌ക്രീം, അശ്രദ്ധമായി പാകംചെയ്യുന്ന കടല്‍മത്സ്യങ്ങള്‍ തുടങ്ങിയവയും കാരണങ്ങളാണ്. ഹെപ്പറ്റൈറ്റിസ് എ തന്നെ രണ്ടു വിധമുണ്ട്. അക്യൂട്ട് ഹെപ്പറ്റൈറ്റിസ്(ഹ്രസ്വകാല രോഗം)ക്രോണിക് ഹെപ്പറ്റൈറ്റിസ് (ദീര്‍ഘകാല രോഗം).

കാരണങ്ങള്‍

ശുചിത്വം ഇല്ലായ്മയാണ് ഹെപ്പറ്റൈറ്റിസ് എ വൈറസ് പടരാന്‍ മുഖ്യ കാരണം. രോഗി തുറസായ സ്ഥലങ്ങളില്‍ മലവിസര്‍ജനം നടത്തരുത്. ഈച്ച വഴി മലത്തിന്റെ അംശം ഭക്ഷണത്തിലും വെള്ളത്തിലുമെത്തിയാല്‍ പെട്ടെന്ന് രോഗം ബാധിക്കും.മലിനജലം കുടിക്കുന്നതും പാകംചെയ്യാനും മറ്റുമുപയോഗിക്കുന്നതും രോഗം പകരാന്‍ ഇടയാക്കും.

ലക്ഷണങ്ങള്‍

വൈറസ് ശരീരത്തില്‍ പ്രവേശിച്ച് 2- 7 ആഴ്ചയ്ക്കകം രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നു.

1. വിശപ്പില്ലായ്മ 
2. ക്ഷീണം 
3. വയറുവേദന 
4. മനംപുരട്ടല്‍ 
5. ഛര്‍ദ്ദി 
6. പനി 
7. മൂത്രത്തിന്റെ നിറം മാറ്റം തുടങ്ങിയവയാണ് ഹെപ്പറ്റൈറ്റിസ് എ യുടെ പ്രധാന ലക്ഷണങ്ങള്‍.

ചികിത്സ

മരുന്നിനേക്കാള്‍ വിശ്രമമാണ് രോഗിക്കാവശ്യം. പകര്‍ച്ചവ്യാധിയായതുകൊണ്ട് ഉടനെ പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കണം. രക്തപരിശോധനയിലൂടെ വൈറസുകളെ കണ്ടെത്താം. ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ്, ബയോപ്‌സി എന്നീ പരിശോധനകള്‍ നടത്തി രോഗം സ്ഥിരീകരിക്കാം.

Hepatitis B


മഞ്ഞപ്പിത്തത്തിലെ ഏറ്റവും അപകടകാരിയായ വൈറസാണ് ഹെപ്പറ്റൈറ്റിസ് ബി. തുടക്കത്തിലേ കണ്ടെത്തിയില്ലെങ്കില്‍ ജീവനുതന്നെ ഭീഷണിയായേക്കാം. കരളിനെ ബാധിക്കുന്ന അര്‍ബുദത്തിന്റെ മുഖ്യ കാരണങ്ങളില്‍ ഒന്നാണ് ഹെപ്പറ്റൈറ്റിസ് ബി വൈറസ്.

ചില വ്യക്തികളില്‍ കരള്‍വീക്കത്തിനൊപ്പം കടുത്ത മഞ്ഞപ്പിത്തം ബാധിക്കുകയും പിന്നീട് മാറുകയും ചെയ്യും. രോഗലക്ഷണമൊന്നും പ്രകടമാകണമെന്നില്ല. ക്രോണിക് ഹൈപ്പറ്റൈറ്റിസ് എന്ന ഈ അവസ്ഥ ഭാവിയില്‍ കാന്‍സറിനും സിറോസിസിനും കാരണമാകുന്നു. വാക്‌സിനേഷനിലൂടെ രോഗത്തെ പൂര്‍ണമായും തടയാം.

രോഗം പകരുന്ന വഴികള്‍


1. ശരീരസ്രവങ്ങളിലൂടെയും രക്തത്തിലുടെയും
2. ഗര്‍ഭിണിണിയില്‍ നിന്നു നവജാത ശിശുവിലേക്ക്
3. സുരക്ഷിതമല്ലാത്ത രക്തദാനവും സ്വീകരണവും വഴി
4. അണുവിമുക്തമല്ലാത്ത സൂചി ഉപയോഗിച്ചുള്ള കുത്തിവയ്പ്
5. ലഹരിമരുന്നിന്റെ ഉപയോഗം
6. ലൈംഗികബന്ധത്തിലൂടെ എന്നിങ്ങനെ രോഗം പടരാം.

രോഗം തിരിച്ചറിയാം


കരളിന്റെ പ്രവര്‍ത്തനം വിലയിരുത്തിയാണ് രോഗം മനസിലാക്കുന്നത്. ടോട്ടല്‍ ബിലിറൂബിന്‍, ഡയറക്ട് ബിലിറൂബിന്‍ തുടങ്ങിയ പരിശോധനകള്‍വഴി ശരീരത്തിലെ ബിലിറൂബിന്റെ അളവ് കണ്ടെത്താം. എ.എല്‍.ടി., എ.എസ്.ടി., ആല്‍ക്കലൈന്‍ ഫോസ്ഫറ്റസ്, ആല്‍ബുമിന്‍, ഗ്ലോബുലിന്‍, ടോട്ടല്‍ ബ്ലഡ്കൗണ്ട് എന്നീ പരിശോധനകളും രോഗനിര്‍ണയത്തിന് സഹായിക്കും.

 

ചികിത്സ


രോഗം ചികിത്സിക്കുന്നതിനേക്കാള്‍ രോഗം വരാതെ സൂക്ഷിക്കുന്നതാണ് നല്ലത്. വാക്‌സിനിലൂടെ ഹെപ്പറ്റൈറ്റിക്‌സ് ബി പൂര്‍ണമായും പ്രതിരോധിക്കാം.

Hepatitis C


രോഗലക്ഷണം പ്രകടമാകാത്തതിനാല്‍ ഗുരുതരാവസ്ഥയില്‍ എത്തുമ്പോഴാണ് രോഗം തിരിച്ചറിയുന്നത്. അതിനാല്‍ ക്രോണിക് ഹെപ്പറ്റൈറ്റിസ് ബാധിക്കുന്നു. സാവധാനമാണ് കരള്‍വീക്കമുണ്ടാകുന്നത്. പിന്നീട് കരളിലെ കോശങ്ങളെ നശിപ്പിക്കും.

ഹെപ്പറ്റൈറ്റിസ് സി ബാധിച്ചവര്‍ക്ക് ഭാവിയില്‍ സിറോസിസ്, കരള്‍ കാന്‍സര്‍ തുടങ്ങിയ കരള്‍രോഗങ്ങള്‍ ഉണ്ടാകാം. കൂടാതെ കരളിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലയ്ക്കുന്ന അവസ്ഥ ഉണ്ടാവാം.

ഹെപ്പറ്റൈറ്റിസ് ബി, സി എന്നീ വൈറസുകള്‍ ബാധിച്ച നല്ലൊരു ശതമാനം ആളുകളിലും രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നില്ല. 5-10 % പേരിലും മഞ്ഞപ്പിത്തം നിശബ്ദരോഗമാകാറുണ്ട്.

ഇവരില്‍ പ്രകടലക്ഷണങ്ങളൊന്നും ഉണ്ടാകില്ല. അതിനാല്‍ രോഗികള്‍ക്ക് സ്വയം തിരിച്ചറിയാന്‍ കഴിയുന്നില്ല. രക്തപരിശോധനയിലായിരിക്കും ഇവര്‍ രോഗവാഹകരാണെന്ന് തിരിച്ചറിയപ്പെടുന്നത്.

Hepatitis D


വൈറസിന് സ്വതന്ത്രമായി രോഗമുണ്ടാക്കാനുള്ള കഴിവില്ല. ബി. സി. വൈറസുകളുടെ കൂടെ മാത്രമേ, ഡി വൈറസിന് പ്രവര്‍ത്തിക്കാന്‍ കഴിയൂ.
ഹെപ്പറ്റൈറ്റിസ് ഡി വൈറസ് ശരീരത്തില്‍ 2-8 ആഴ്ചകള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാക്കും.

 

രോഗികളുടെ രക്തവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോഴാണ് രോഗം പകരുന്നത്. ഹെപ്പറ്റൈറ്റിസ് ബി ക്ക് സമാനമാണ് ഡി യുടെ രോഗലക്ഷണങ്ങള്‍. ഹെപ്പറ്റൈറ്റിസ് ബി ക്കെതിരെ എടുക്കുന്ന വാക്‌സിനിലൂടെ ഈ വൈറസിനെയും പ്രതിരോധിക്കാനാകും.

Hepatitis E


ഹെപ്പറ്റൈറ്റിസ് എ യിലേതിന് സമാനമായി വെള്ളത്തിലൂടെയാണ് ഹെപ്പറ്റൈറ്റിസ് ഇ പകരുക. 2-9 ആഴ്ചക്കകം ക്ഷീണം, തളര്‍ച്ച, വിശപ്പില്ലായ്മ, മനംപുരട്ടല്‍, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കും.

Alcoholic hepatitis


മദ്യത്തിന്റെ അമിതോപയോഗം മൂലം ഉണ്ടാകുന്ന മഞ്ഞപ്പിത്തമാണ് ആല്‍ക്കഹോളിക്ക് ഹെപ്പറ്റൈറ്റിസ്. രോഗലക്ഷണങ്ങള്‍ പുറത്ത് കാണപ്പെടില്ല. രോഗം തിരിച്ചറിയുമ്പോഴേക്കും ചികിത്സ ഫലിക്കാത്ത അവസ്ഥയിലാവും.

മഞ്ഞപ്പിത്തവും കരളും


അമിത മദ്യപാനം ശരീരത്തിന്റെ എല്ലാ ഭാഗത്തേയും ബാധിക്കും മദ്യത്തിന്റെ അമിതമായ ഉപയോഗം തലച്ചോറു മുതല്‍ കാല്‍പ്പാദം വരെ ബാധിക്കുന്നു.

 

മഞ്ഞപ്പിത്തം വന്നാല്‍ രോഗത്തിന്റെ സ്വഭാവം കണ്ടെത്തിയശേഷം മാത്രം ചികിത്സ ആരംഭിക്കുക. കാരണം എല്ലാ മഞ്ഞപ്പിത്തവും ഒരുപോലല്ല. ചിലത് അപകടകാരിയാണ്.

ആല്‍ക്കഹോളിക്ക് ഹെപ്പറ്റൈറ്റിസ് ബാധിതന്റെ കരളിന്റെ പ്രവര്‍ത്തനം ക്രമേണ കുറയുന്നു. സിറോസിസ്, കരള്‍ ക്യാന്‍സര്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

കരളിന്റെ കോശങ്ങള്‍ നശിച്ച് നീര്‍വീക്കമുണ്ടാകുന്നു. സിറോസിസ് ഉണ്ടായാല്‍ ഓരോ അവയവങ്ങളുടെയും പ്രവര്‍ത്തനത്തിന് മാറ്റങ്ങള്‍ സംഭവിക്കുന്നു. സെല്ലുകള്‍ നശിക്കുന്നതാണ് പ്രധാനകാരണം. ചെറിയ ചെറിയ മുഴകള്‍ രൂപപ്പെടുകയും ഇത് പല അപകടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.

മഞ്ഞപ്പിത്തം

ശരീരത്തില്‍ കൈവെള്ളയിലും കണ്ണിലും മുഖത്തുമൊക്കെ മഞ്ഞനിറമുണ്ടാകുന്ന അവസ്ഥയാണ് മഞ്ഞപ്പിത്തം. മഞ്ഞപ്പിത്തം ഒരു രോഗമല്ല. കരളിനെ ബാധിക്കുന്ന പലവിധ രോഗങ്ങളെ പ്രതിഫലിക്കാനുള്ള ഒരു മാര്‍ഗമാണ് ഈ നിറം മാറ്റം.

 

ബിലിറൂബിന്‍ എന്ന നിറമുള്ള പദാര്‍ഥം രക്തത്തില്‍ കൂടുതലായി കാണപ്പെടുന്നതാണ് ശരീരത്തില്‍ നിറം മാറ്റം ഉണ്ടാകുന്നതിനു കാരണം. പല കാരണങ്ങള്‍കൊണ്ടും രക്തത്തില്‍ ബിലിറൂബിന്‍ കൂടാം. കരളിലെ അണുബാധകളാണ് പ്രധാന കാരണം.

ടി.ബി.ക്കും മാനസികപ്രശ്‌നങ്ങള്‍ക്കുമുള്ള മരുന്നുകള്‍, ചില ലഹരിവസ്തുക്കളുടെ ഉപയോഗം, കൂണില്‍ അടങ്ങിയിരിക്കുന്ന ചിലതരം വിഷവസ്തുക്കള്‍ എന്നിവയെല്ലാം മഞ്ഞപ്പിത്ത കാരണങ്ങളാണ്.

പാരമ്പര്യവും ഒരു ഘടകമാണ്. അതിനാല്‍ മഞ്ഞപ്പിത്തം ഉണ്ടായാല്‍ കരളിന്റെ എന്തു പ്രശ്‌നം കൊണ്ടാണ് ഇതുണ്ടായതെന്ന് ആദ്യം മനസിലാക്കണം.

എലിപ്പനി, മലേറിയ, ഡെങ്കിപ്പനി എന്നീ രോഗങ്ങള്‍ക്കൊപ്പവും മഞ്ഞപ്പിത്തം ഉണ്ടാകാം. കരളില്‍ ഉണ്ടാകുന്ന പിത്തനീര് ചെറുകുടലിലേക്കു വരുന്നവഴിയില്‍ തടസം നേരിട്ടാല്‍ പിത്തനീര് കെട്ടിനില്‍ക്കുന്നതിന് കാരണമാകാം.

ഇത് കരളില്‍നിന്ന് രക്തത്തിലേക്ക് കലരുന്നു. ഈ അവസ്ഥയാണ് ഒബ്‌സ്ട്രക്ടീവ് ജോണ്ടിസ്.വൈറല്‍ബാധമൂലമുള്ള മഞ്ഞപ്പിത്തമാണ് സാധാരണ കാണപ്പെടുന്നത്.

പ്രകടമാകാത്ത മഞ്ഞപ്പിത്തം


വൈറസ് ബാധിച്ച വലിയൊരു ശതമാനം പേരിലും രോഗലക്ഷണമൊന്നും പ്രകടമാകാറില്ല. അതിനാല്‍ ഇവര്‍ രോഗിയാണെന്ന് തിരിച്ചറിയപ്പെടുന്നില്ല. അനിക്‌റ്റെറിക് ഹെപ്പറ്റൈറ്റിസ് എന്നാണ് ഇതിന്റെ ആരംഭഘട്ടത്തെ പറയുന്നത്.

 

കുട്ടികളില്‍ ചിക്കന്‍പോക്‌സ്, ഇന്‍ഫ്‌ളുവന്‍സ എന്നീ അസുഖങ്ങള്‍ക്ക് ആസ്പിരിന്‍പോലുള്ള ഗുളികകള്‍ കൊടുക്കുന്നതിന്റെ ഫലമായി ഈ അവസ്ഥവരാം. പുറത്തേക്ക് ലക്ഷണങ്ങള്‍ കാണിക്കുന്നില്ലെങ്കിലും അനിക്‌റ്റൈറിക് ഹെപ്പറ്റൈറ്റിസ് ഗുരുതരമാണ്.

രോഗിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുക, രക്തം സ്വീകരിക്കുക, അവര്‍ ഉപയോഗിച്ച സിറിഞ്ച് ഉപയോഗിച്ചു കുത്തിവയ്ക്കുക, മയക്കുമരുന്നുകള്‍ ഉപയോഗിക്കുക എന്നീ സാഹചര്യങ്ങളിലൂടെ മറ്റുള്ളവരിലേക്കും മഞ്ഞപ്പിത്തം പകരുന്നു.

തീവ്രമായ രോഗം ബാധിച്ചവരിലും പൂര്‍ണമായ രോഗമുക്തി ഉണ്ടായെന്നുവരില്ല. 2-8 % രോഗികളില്‍ വൈറസ് സ്ഥിരമായി ശരീരത്തു തങ്ങിനില്‍ക്കാം. മഞ്ഞപ്പിത്തം ബാധിച്ചവരില്‍ ആറുമാസത്തിനുശേഷം ഹെപ്പറ്റെറ്റിസ് ബി ആന്റിജന്‍ കാണപ്പെടുന്നുണ്ടെങ്കില്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ മടിക്കരുത്.

വൃക്കരോഗങ്ങള്‍, രക്തക്കുഴലുകളിലെ അണുബാധ, സന്ധിവേദന എന്നിവയ്ക്കും ക്രോണിക് ഹെപ്പറ്റൈറ്റിസ് വഴിതെളിക്കാം. 50 ശതമാനം എയിഡ്‌സ് രോഗികളിലും ഹെപ്പറ്റൈറ്റിസ് ബി കാണപ്പെടുന്നുണ്ട്.

രോഗപ്രതിരോധം


ഏത് പ്രായത്തിലും ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍ എടുക്കാവുന്നതാണ്. മൂന്ന് കുത്തിവയ്പായാണ് ഇതെടുക്കുന്നത്. ആദ്യം കുത്തിവയ്‌പെടുത്ത് ഒരു മാസത്തിനുശേഷം രണ്ടാമത്തെ ഡോസും ആറുമാസം കഴിഞ്ഞ് മൂന്നാമത്തെ ഡോസും എടുക്കണം.

ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും ഏറ്റവും സുരക്ഷിതമായി എടുക്കാവുന്ന വാക്‌സിനാണിത്. അതിനാല്‍ ഗര്‍ഭിണികള്‍ ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധിക്കാന്‍ നിര്‍ബന്ധമായും വാക്‌സിന്‍ എടുക്കുന്നതാണ് നല്ലത്. ഹെപ്പറ്റൈറ്റിസ് ബി യുള്ള അമ്മയ്ക്ക് ജനിക്കുന്ന കുട്ടിക്ക് രോഗം വരാതിരിക്കാന്‍ വാക്‌സിന്‍ കൂടാതെ ഐ.ജി. (ഇമ്യൂണോ ഗ്ലോബിന്‍) ചികിത്സയും ലഭ്യമാണ്.

ബി ഹെപ്പറ്റൈറ്റിക്‌സ് ഉള്ളവരില്‍ മാത്രമാണ് ഡി ഹെപ്പറ്റൈറ്റിക്‌സ് കാണപ്പെടുന്നത്. അതിനാല്‍ ബി പ്രതിരോധിക്കുമ്പോള്‍ ഡി ഹെപ്പറ്റൈറ്റിക്‌സും പ്രതിരോധിക്കാം. ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍ ജീവിതാവസാനം വരെ സംരക്ഷണം നല്‍കുന്നവയാണ്.

ഇത് ശരീരത്തില്‍ പ്രവര്‍ത്തന സജ്ജമാണോയെന്നറിയാന്‍ ആന്റിബോഡി പരിശോധന നടത്തി നോക്കാവുന്നതാണ്. അഥവാ പ്രതിരോധശക്തി കുറഞ്ഞാല്‍ ഒരു ബൂസ്റ്റര്‍ ഡോസ്‌കൂടി എടുത്താല്‍ മതി.

ഹെപ്പറ്റൈറ്റിസ് എ യ്‌ക്കെതിരെയും പ്രതിരോധവാക്‌സിന്‍ ഉണ്ട്. ഗുരുതരമല്ലാത്തതിനാല്‍ നിര്‍ബന്ധമല്ല. ഒരു സ്ഥലത്ത് മഞ്ഞപ്പിത്തം പടര്‍ന്നുപിടിച്ചാല്‍ മറ്റുള്ളവരിലേക്ക് പകരാതെ വാക്‌സിന്‍ എടുക്കുന്നതും പ്രയോജനപ്പെടണമെന്നില്ല.

കാരണം വൈറസുകള്‍ ശരീരത്തു പ്രവേശിച്ചിട്ടുണ്ടോയെന്ന് മുന്‍കൂട്ടി മനസിലാക്കാന്‍ കഴിയില്ല. രോഗാണുക്കള്‍ ശരീരത്തു പ്രവേശിച്ച് മൂന്നാഴ്ചയ്ക്കുശേഷം മാത്രമായിരിക്കും ഇത് തിരിച്ചറിയപ്പെടുന്നത്. ഒരിക്കല്‍ മഞ്ഞപ്പിത്തം വന്നുപോകുന്നവര്‍ക്ക് ശരീരത്തിന് സ്വാഭാവികമായി പ്രതിരോധശക്തി കിട്ടുന്നതാണ്.

മഞ്ഞപ്പിത്ത പരിശോധന


കരളിന്റെ പ്രവര്‍ത്തനങ്ങളെ രക്തപരിശോധനയിലൂടെ മനസിലാക്കി അതിന്റെ അടിസ്ഥാനത്തിലാണ് മഞ്ഞപ്പിത്ത നിര്‍ണയം നടത്തുന്നത്. വൈറസ് ഉണ്ടാക്കുന്ന മഞ്ഞപ്പിത്തത്തില്‍ വെളുത്ത അണുക്കളുടെ എണ്ണം കുറവായിരിക്കും. ബാക്ടീരിയ ഉണ്ടാക്കുന്നതില്‍ വെളുത്ത അണുക്കള്‍ കൂടിയിരിക്കും.

വൈറസ് മഞ്ഞപ്പിത്തത്തില്‍ ബിലിറൂബിനൊപ്പം എ.എല്‍.ടി, എസ്.ടി. തുടങ്ങിയ എന്‍സൈമുകളുടെ അളവ് കൂടുതലായിരിക്കും. രക്തത്തിലെ ആന്റിജന്‍, ആന്റിബോഡി എന്നിവയുടെ സാന്നിധ്യം മനസിലാക്കിയാണ് രോഗനിര്‍ണയം.

എലിപ്പനിമൂലമുള്ള മഞ്ഞപ്പിത്ത ബാധിതരില്‍ എലിപ്പനിയുടെ ആന്റിബോഡീസിന്റെ സാമീപ്യം കാണപ്പെടുന്നു. വൃക്കരോഗ ലക്ഷണങ്ങളും എലിപ്പനിക്കാരില്‍ പ്രകടമാണ്. ഇവരുടെ മൂത്രത്തില്‍ രക്തം, പ്രോട്ടീന്‍ തുടങ്ങിയവയുടെ സാന്നിധ്യവും ഉണ്ടാകും.

പല കാരണങ്ങള്‍ക്കൊണ്ട് മഞ്ഞപ്പിത്തം ഉണ്ടാകാമെന്നതിനാല്‍ കൃത്യമായ പരിശോധനകളുടെ അടിസ്ഥാനത്തില്‍ മാത്രമേ തുടര്‍ചികിത്സകള്‍ നടത്താവൂ.

മഞ്ഞപ്പിത്തലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ പറഞ്ഞുകേട്ട അനുഭവങ്ങള്‍വച്ച് ചികിത്സ തേടരുത്. ഗുരുതരമല്ലാത്ത അണുബാധകള്‍പോലും അപകടകരമായ അവസ്ഥയില്‍ കൊണ്ടെത്തിക്കാന്‍ തെറ്റായ ചികിത്സാരീതികള്‍ കാരണമാകാം.

ഗര്‍ഭിണികളും മഞ്ഞപ്പിത്തവും


ഹെപ്പറ്റൈറ്റിസ് ഗര്‍ഭിണികളില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. അബോര്‍ഷന്‍, കുഞ്ഞിന് വളര്‍ച്ചക്കുറവ്, കുഞ്ഞിനും അമ്മയ്ക്കും ജീവഹാനി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകാം.

ഹെപ്പറ്റൈറ്റിസ് ബിയും ഗര്‍ഭിണികളില്‍ സങ്കീര്‍ണതകള്‍ ഉണ്ടാക്കുന്നുണ്ട്. പ്രസവസമയത്ത് അമ്മയുടെയും കുഞ്ഞിന്റെയും രക്തം കൂടിക്കല 
രുമ്പോഴാണ് ഇത് കുഞ്ഞിലേക്കെത്തുന്നത്.

അപ്പോള്‍ അമ്മയില്‍നിന്ന് കുഞ്ഞിലേക്ക് രോഗം പകരാനുള്ള സാധ്യത കൂടുതലാണ്. ഇങ്ങനെ കുഞ്ഞിലെത്തുന്ന വൈറസ് ലക്ഷണങ്ങളൊന്നും ഉണ്ടാക്കാതെ ശരീരത്തു നിലനില്‍ക്കാം. ഇത് ഭാവിയില്‍ സിറോസിസ്‌പോലുള്ള രോഗങ്ങള്‍ക്ക് കാരണമായിത്തീരാം.

പ്രതിരോധ കുത്തിവയ്പ് നല്‍കുന്നതിലൂടെ ഇത്തരം കരള്‍രോഗങ്ങളില്‍നിന്നും ഇവരെ സംരക്ഷിച്ചു നിര്‍ത്താവുന്നതാണ്. പ്രായമായവര്‍ക്കും ഗര്‍ഭിണികളിലും പ്രതിരോധശക്തി കുറവായതിനാല്‍ മഞ്ഞപ്പിത്തംമൂലമുള്ള അപകടസാധ്യത കൂടുതലാണ്.

കരളിന്റെ പ്രവര്‍ത്തനത്തകരാറാണ് അപകടത്തിനു കാരണമാകുന്നത്. അതിനാല്‍ ഗര്‍ഭിണികളില്‍ മഞ്ഞപ്പിത്തം വന്നാല്‍ വളരെയധികം ശ്രദ്ധിക്കണം.

വിവരങ്ങള്‍ക്ക് കടപ്പാട് 
ഡോ. ഇ.കെ സുരേഷ് 
ഫിസിഷന്‍, റിംസ് ഹോസ്പിറ്റല്‍, ഈരാറ്റുപേട്ട

 

അവസാനം പരിഷ്കരിച്ചത് : 5/5/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate