অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഡിഫ്തീരിയ

ഇക്കാലത്ത്‌ ടോണ്‍സിലൈറ്റിസ് എന്ന് കേള്‍ക്കാത്ത ആരും ഉണ്ടാവില്ല. നമ്മില്‍ പലരും അതിന്റെ ബുദ്ധിമുട്ട് അനുഭവിച്ചവരുമാണ്. വേദനകൊണ്ട് ഉമിനീര് പോലും ഇറക്കാന്‍ പറ്റാതെ തൊണ്ടയില്‍ ഉപ്പുവെള്ളം കുലുക്കുഴിഞ്ഞു, പണിയും പിടിച്ച്, മരുന്നും ഗുളികയും കഴിച്ച് അഞ്ചാറ് ദിവസം കിടപ്പിലായ ദിവസങ്ങള്‍. അടിക്കടി വരുന്ന ടോണ്‍സിലൈറ്റിസ് മാറ്റാന്‍ ചിലപ്പോഴെങ്കിലും ഓപ്പറേഷന്‍ ചെയ്യേണ്ടി വരാറുണ്ട്.

എന്നാല്‍, തൊണ്ടവേദന വന്നു കിടപ്പിലായോരാര്‍ക്കും ജീവഹാനി സംഭവിച്ചതായി പറഞ്ഞു കേള്‍ക്കാറില്ല. എന്നാല്‍, ഇനി വരും നാളുകളില്‍ ഇക്കാര്യം നമ്മള്‍ അങ്ങനെയങ്ങ് ലാഘവത്തോടെ എടുക്കണ്ട. അതും സംഭവിക്കാം.

‘ഏയ്‌ ചെറിയൊരു തൊണ്ടവേദനയല്ലെ. അതെത്ര കാര്യമാക്കാനില്ല’ എന്ന് പറഞ്ഞു മരുന്നുകടയില്‍ ചെന്ന് രണ്ടു ഗുളികയും വാങ്ങി ഉപ്പുവെള്ളം പിടിച്ചു കമ്പിളി പുതപ്പിനുള്ളിലേക്ക് വലിഞ്ഞു കയറാന്‍ വരട്ടെ. ഇത് ഡിഫ്തീരിയ എന്ന ഏറെ ഗൌരവമുള്ള അസുഖമാവാം. നിങ്ങളുടെ കുഞ്ഞിന് യഥാവിധി പ്രതിരോധ കുത്തിവെപ്പ്‌ എടുത്തിട്ടില്ലെങ്കില്‍ വൈകരുത്, ഒരു ഡോക്ടറെ കണ്ടു പരിശോധിപ്പിക്കണം. കുത്തിവെപ്പ് എടുക്കാത്ത കുഞ്ഞുങ്ങളുടെ അച്ഛനമ്മമാര്‍ വെച്ചു താമസിപ്പിക്കണ്ട, ഒരു നിമിഷം പോലും. എടുക്കാന്‍ മറന്നതോ മാറ്റിവച്ചതോ ആയ ഓരോ കുത്തിവെപ്പും അടുത്ത ദിവസം തന്നെ കൊടുക്കണം. ഓരോ കുഞ്ഞിന്റേയും ജീവന്‍ ഈ നാടിന് വിലപ്പെട്ടതാണ്.

എന്താണ് ഡിഫ്തീരിയ

ഡിഫ്തീരിയക്ക് കാരണക്കാരനായ രോഗാണു ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത് വായുവിലൂടെയാണ്. മറ്റു സ്രവങ്ങളിലൂടെയും ചിലപ്പോള്‍ പകരം. വാ പൊത്താതെ ചുമക്കുന്നൊരു രോഗിയുടെ മുന്നില്‍ നില്‍ക്കുമ്പോഴോ ഒക്കെ ഇത് പകരാം. നേരിയ പനിയും തൊണ്ടവേദനയും ആയി തുടങ്ങും. എന്നാല്‍ തൊണ്ടയില്‍ ടോണ്‍സിലിന്  മേലെ നേരിയ ഒരു പാട രൂപപ്പെടും. അത് മെല്ലെ ശ്വാസനാളിയിലേക്ക് പടരാം. ചുറ്റുപാട് മുഴുവന്‍ നീരുവന്നു വീര്‍ക്കും. ശ്വാസതടസ്സം കൊണ്ട് മാത്രം മരണം സംഭവിക്കാം. എന്നാല്‍ ഇതിലും വലിയൊരു വിന വരാനിരിക്കുന്നതേയുള്ളൂ. തൊണ്ടയില്‍ പെറ്റുപെരുകുന്ന ഈ രോഗാണു ഒരു വിഷപദാര്‍ത്ഥം ഉണ്ടാക്കുന്നു. അത് പതിയെ രക്തത്തില്‍ കടന്ന് ഹൃദയത്തെ, ഞെരമ്പുകളെ, കിഡ്നിയെ എല്ലാം സാരമായി ബാധിക്കുന്നു. ഇതില്‍ ഏറ്റവും പ്രധാനം ഹൃദയത്തെ ബാധിക്കുന്നത് തന്നെ. ഹൃദയത്തെ ബാധിച്ചാല്‍ രക്ഷപ്പെടാനുള്ള സാധ്യത തീരെക്കുരവ്‌. ഒരു പരിധിവരെ ഇവരെ മരണത്തില്‍ നിന്ന് രക്ഷിക്കാന്‍ ഈയടുത്തകാലം വരെ പറ്റുമായിരുന്നു. രക്തത്തിലേക്ക് കയറുന്ന വിഷത്തെ നിര്‍വീര്യമാക്കുന്ന ആന്റിടോക്സിന്‍ രണ്ട് തരമാണ്. കുതിരയില്‍ നിന്നെടുത്തതും മനുഷ്യ സീറത്തില്‍ നിന്നെടുത്തതും. രോഗാവസ്ഥയുടെ തുടക്കത്തില്‍ കൊടുക്കാന്‍ പറ്റിയാല്‍ ചിലപ്പോള്‍ രക്ഷപ്പെടുത്താന്‍ പറ്റും.

ഹാവൂ ആശ്വാസമായി. ഒരു കച്ചിത്തുരുമ്പെങ്കിലും ഉണ്ടല്ലോ പിടിക്കാന്‍ അങ്ങനെ ആശ്വസിക്കാനും നമ്മള്‍ക്കിന്നിപ്പൊ നിര്‍വ്വാഹം ഇല്ല. ഇപ്പോള്‍ ഈ മരുന്ന് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ലഭ്യമല്ല. അസുഖം വന്നാല്‍ ദൈവവിശ്വാസിയാണെങ്കില്‍ മേലോട്ട് നോക്കി മുട്ടുപ്പായി പ്രാര്‍ത്ഥിക്കാം ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകാതിരിക്കാന്‍.

നമ്മുടെ നാടിന്റെ ആരോഗ്യ മേഖലയിലെ കയറ്റിറക്കങ്ങള്‍

ഒരു നാല് പതിറ്റാണ്ട് കാലം മുന്‍പത്തെ വൈദ്യ വിദ്യാഭ്യാസ കാലം. ആതുര സേവനത്തിന്റെ ബാലപാഠങ്ങള്‍ ചൊല്ലിയും തള്ളിയും പഠിപ്പിച്ചുതന്ന ഒരുപാട് ഗുരുനാഥന്മാര്‍. തീരുമാനങ്ങള്‍ എടുക്കാന്‍ ബുദ്ധിമുട്ടുന്ന സന്ദര്‍ഭങ്ങളില്‍ ഗുരുമുഖത്തുനിന്ന് പണ്ടെങ്ങോ കേട്ടുപഠിച്ച പാഠങ്ങള്‍ ഓര്‍മയില്‍ വരും. സന്നിഗ്ദ്ധ ഘട്ടങ്ങളില്‍ അവരുടെ ചെയ്തികളും തീരുമാനങ്ങളും ഓര്‍മയില്‍ വരും. തെറ്റുകള്‍ ചൂണ്ടിക്കാട്ടി തിരുത്തുന്നതിനിടയില്‍ കിട്ടിയ ചെവിപിടിയും പിച്ചും ഓര്‍മയില്‍ മധുരിക്കും. മുന്നിലെ ഇരുളലിഞ്ഞു പുതിയ വഴി തെളിയുന്ന അറിവിന്റെ നേരിയ നെയ്ത്തിരി.

കേട്ടുമറന്നു പോയ മൊഴിമുത്തുകള്‍ ചിലത ഓര്‍മയില്‍ വരുന്നു
  • തൊണ്ടവേദനക്കാരുടെ തൊണ്ടയില്‍ വെളുത്ത നേര്‍ത്ത പാട കാണുന്നെങ്കില്‍ ശ്രദ്ധിക്കണം, ഡിഫ്തീരിയ ആവും. പരിശോധിക്കുന്നവര്‍ മാസ്ക് ധരിക്കണം; സ്വയരക്ഷക്ക്.
  • മൂക്കൊലിപ്പുള്ള കുട്ടികളുടെ മൂക്കില്‍ പാടകെട്ടി തടഞ്ഞിരിക്കുന്നെങ്കില്‍, രക്തസ്രാവം ഉണ്ടെങ്കില്‍, കുത്തിവെപ്പ് എല്ലാം എടുത്തോ എന്ന് ചോദിക്കണം. ഡിഫ്തീരിയ ചിലപ്പോള്‍ മൂക്കിലും വരാം.
  • ശ്വാസം വലിക്കുമ്പോള്‍ തടസ്സം ഉണ്ടായി ശബ്ദം വരുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം. ശ്വാസനാളിയിലേക്ക് വല്ലതും കയറിയിരിക്കാം. കപ്പലണ്ടിയും മാലയുടെ മണികളും ഒക്കെ. മറക്കരുതാത്ത മറ്റൊന്ന് ചിലപ്പോഴെങ്കിലും ഡിഫ്തീരിയ ശ്വാസനാളത്തെ ബാധിച്ചിതവുമാവാം.
  • കാരണമറിയാതെയുള്ള ഹൃദയത്തിന്റെ താളപ്പിഴകള്‍ ഹാര്‍ട്ട് ഫെയ്ലര്‍ (heart failure)
  • കാരണമറിയാത്ത ഞരമ്പിന്റെ തളര്‍ച്ച

അതിനുശേഷം എണ്‍പതുകളിലും തൊണ്ണൂറുകളുടെ ആദ്യ പകുതിയും വരെ ഒരുപാട് കേസുകള്‍, ഒരുപാട് മരണങ്ങള്‍. ആ കാലഘട്ടത്തില്‍ നമ്മള്‍ മലയാളികള്‍ ശാസ്ത്രത്തിന്റെ നന്മകളെ രണ്ടും കയ്യും നീട്ടി സ്വീകരിച്ചിരുന്നു. തൊള്ളായിരത്തി എഴുപത്തെട്ട് തുടങ്ങി രോഗപ്രതിരോധ കുത്തിവെപ്പുകള്‍ ആരോഗ്യ മേഖലയില്‍ വരുത്തിയ മാറ്റം ആരെയും അസൂയപ്പെടുത്തുന്നതായിരുന്നു. അന്നുവരെ മനുഷ്യരാശിയെ കൊന്നൊടുക്കിയിരുന്ന ഒരുപാട് പകര്‍ച്ച വ്യാധികളെ കൈപ്പിടിയില്‍ ഒതുക്കാന്‍ നമുക്ക്‌ സാധിച്ചു. വികസിത രാജ്യങ്ങള്‍ നേടിയെടുത്തതിനെ കവച്ചു വയ്ക്കുന്ന ആരോഗ്യ സൂചികകളില്‍ പലപ്പോഴും നമ്മള്‍ മലയാളികള്‍ ഇത്തിരി അഹങ്കരിച്ചിരുന്നു. എന്നാല്‍ പതിയെ കാറ്റ് മാറിവീശി. പ്രതിരോധ കുത്തിവെപ്പ് എടുത്ത തൊണ്ണൂറ്റിയെട്ട് ശതമാനം കുട്ടികളില്‍ നിന്ന് ഇന്നത്‌ എണ്‍പത്തിരണ്ട് ശതമാനത്തിലേക്ക് കൂപ്പുകുത്തി. ഫലമോ ഈ മണ്ണില്‍ നിന്ന് തൂത്തെറിഞ്ഞിരുന്ന പ്രകര്‍ച്ച്ച വ്യാധികള്‍ ഓരോന്നായി പൂര്‍വ്വാധികം ശക്തിയായി. വില്ലന്‍ ചുമയും ടെറ്റ്നാസും ടിബിയും ഡിഫ്തീരിയയും എല്ലാം.

ഇതിന് രണ്ട് പ്രത്യാഘാതങ്ങള്‍ ആണുള്ളത്. പ്രതിരോധ കുത്തിവെപ്പ്‌ എടുക്കുന്നതില്‍ പിന്നോക്കം പോയ ജില്ലകളിലെ കുട്ടികള്‍ക്ക്‌ എല്ലാ പകര്‍ച്ചവ്യാധികളും വരാന്‍ സാധ്യത കൂടി എന്നത് ഒരു വശം. അതിലേറെ ഗൗരവമുള്ള മറ്റൊരു വസ്തുത ഇന്നത്തെ തലമുറയിലെ ചെറുപ്പക്കാര്‍ക്കും ഇത് പിടിപെടാന്‍ സാധ്യതയുണ്ട് എന്നതാണ്.

അതെങ്ങനെ ? ആ തലമുറ തൊണ്ണൂറുകളില്‍ എല്ലാ കുത്തിവെപ്പും എടുത്തവര്‍ ആണല്ലോ പിന്നെ എങ്ങനെ ? ചോദ്യം ന്യായം. ഉത്തരം പറയുന്നതിന് പ്രതിരോധ ശേഷിയുടെ പുറകിലെ ശാസ്ത്രം ഒരിത്തിരി. നാട്ടില്‍ വ്യാപകമായ ഒരു പകര്‍ച്ച വ്യാധിക്കെതിരെ കുത്തിവെപ്പുകള്‍ വേണ്ടവിധം കിട്ടിയ കുഞ്ഞ് പ്രതിരോധശേഷി നേടിക്കഴിഞ്ഞാല്‍ ചുറ്റുപാടില്‍ നിന്ന് ഈ രോഗമുള്ളവരുമായി പിന്നീട് ഉണ്ടാവുന്ന സംസര്‍ഗ്ഗങ്ങള്‍ ഇയാളുടെ പ്രതിരോധശേഷി വീണ്ടും വീണ്ടും ഉദ്ദീപിപ്പിക്കും. പ്രതിരോധം നേടിയ ശേഷം പിന്നീടൊരിക്കലും ഇങ്ങനെ ഒരു രോഗാണു സംസര്‍ഗ്ഗം ഉണ്ടാവുന്നില്ല എങ്കില്‍ നേടിയെടുത്ത പ്രതിരോധം വളരെ പതിയെയെങ്കിലും കുറഞ്ഞുവരും. അതുകൊണ്ടാണ് ചിലപ്പോഴെങ്കിലും വില്ലന്‍ ചുമയും ഒക്കെ നമ്മള്‍ യുവാക്കളില്‍ കാണുന്നത്. ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ കൗമാരപ്രായത്തില്‍ കുത്തിവെപ്പ് ഒരു തവണ എടുക്കുന്നത് നന്നാവും. നമ്മള്‍ കുഞ്ഞായിരിക്കുമ്പോള്‍ മൂന്ന് രോഗങ്ങളെ പ്രതിരോധിക്കുന്ന ട്രിപ്പിള്‍ വാക്സിന്‍ എടുത്തത്‌ ഓര്‍മ്മയുണ്ടാവും (ഡിഫ്തീരിയ, വില്ലന്‍ചുമ, ടെറ്റനസ്). ഇതിന്റെ ചെറിയൊരു വകഭേദം Td വാക്സിന്‍ അല്ലെങ്കില്‍ Tdap വാക്സിന്‍ ഒരിക്കല്‍ മാത്രം.

പ്രതിരോധ കുത്തുവെപ്പുകള്‍

പ്രതിരോധ കുത്തിവെപ്പുകള്‍ ആധുനിക വൈദ്യശാസ്ത്രത്തിന്റെ എടുത്തു പറയാവുന്ന നേട്ടങ്ങളില്‍ ഒന്നാണ്. ഈ രംഗത്തെ എത്രയോ മഹാരഥന്മാര്‍ ഊണും ഉറക്കവും ചിലപ്പോഴൊക്കെ ജീവനും ത്യജിച്ചു നേടിയെടുത്ത് നമ്മള്‍ക്ക് നല്‍കിയ വരം. നൂറ്റാണ്ടുകളായി മരണം വിതച്ചിരുന്ന പകര്‍ച്ച വ്യാധികളെ ഒന്നൊന്നായി നമുക്ക് നിയന്ത്രിക്കാന്‍ പറ്റിയത എത്ര വലിയ കാര്യം. ഇതിന്റെ ഗുണം ഇവിടെ ജനിച്ചുവീഴുന്ന ഓരോ കുഞ്ഞിനും കിട്ടണം. അത് കിട്ടാത്തത് കൊണ്ടുമാത്രം ജീവിതം മുഴുവന്‍ അനുഭവിക്കേണ്ടി വരുന്ന വൈകല്യങ്ങള്‍ക്കും മരണത്തിനും ഉത്തരവാദികളായവര്‍ ശിക്ഷിക്കപ്പെടണം. അറിഞ്ഞുകൊണ്ട് ദോഷം ചെയ്യുന്നതുപോലെ തന്നെ കുറ്റകരമാണ് അറിഞ്ഞുകൊണ്ട് ഗുണം നിഷേധിക്കുന്നതും.

നമുക്ക് ആരോഗ്യത്തിന് ഗുണം ചെയ്യും എന്ന് ലോക ജനത ആകെ അംഗീകരിച്ച ഒരു കാര്യം അറിഞ്ഞുകൊണ്ട് നിഷേധിക്കാന്‍ നമ്മള്‍ക്ക് അധികാരമില്ല; അത് രക്ഷിതാവായാല്‍ പോലും ! സ്വയം തീരുമാനം എടുക്കാനുള്ള പക്വത ഇല്ലാത്തവര്‍ക്ക്‌ വേണ്ടി തീരുമാനമെടുക്കേണ്ടവര്‍ കുഞ്ഞിന് ആവശ്യമായത് ചെയ്തു കൊടുക്കുന്നില്ല എങ്കില്‍ ആ കര്‍ത്തവ്യം ഏറ്റെടുക്കാന്‍ സമൂഹത്തിന് ബാധ്യതയുണ്ട്, അവകാശവുമുണ്ട്. പ്രതിരോധ കുത്തിവെപ്പുകള്‍ സൗജന്യമായി കൊടുക്കാനുള്ള ബാധ്യതയും ഭരിക്കുന്നവരുടെതാണ്. ഈ അവകാശത്തിന് തടസ്സം നില്‍ക്കുന്ന വ്യക്തിയോ പ്രസ്ഥാനങ്ങളോ ശിക്ഷിക്കപ്പെടണം. അതിന് ഇന്നത്തെ നിയമവ്യവസ്ഥ സമ്മതിക്കുന്നില്ലെങ്കില്‍ അത് പൊളിച്ചെഴുതണം. ആത്യന്തികമായി നിയമങ്ങള്‍ നിലകൊള്ളുന്നത് മനുഷ്യന് വേണ്ടിയാണ്. നിയമപുസ്തകങ്ങളില്‍ വായിച്ചു പഠിക്കാനുള്ള വെറും ഖണ്ഡികകള്‍ ആവാനല്ല.

ഡോ.പുരുഷോത്തമന്‍
ശിശുരോഗ വിഭാഗം തലവന്‍
ഗവ:മെഡിക്കല്‍ കോളേജ്‌

അവസാനം പരിഷ്കരിച്ചത് : 6/19/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate