অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ജന്തുജന്യ രോഗം

കൊച്ചു കുട്ടികളോടും പട്ടികളോടും സൂക്ഷിച്ച് കളിക്കണമെന്നാണ് ശാസ്ത്രം. എപ്പോഴാണ് ഇവരുടെ സ്വഭാവം മാറുന്നത് എന്ന് പ്രവചിക്കാന്‍ കഴിയില്ല. മനുഷ്യ ജീവിതം തുടങ്ങിയ കാലം മുതലേ മൃഗങ്ങളേയും അവന്‍ കൂടെ വളര്‍ത്തിയിരുന്നു. മനുഷ്യന്‍ ആദ്യമായി ഇണക്കി വളര്‍ത്തിയ മൃഗം നായയാണ്‌. ഇന്നും ഇണക്കി വളര്‍ത്തുന്ന മൃഗങ്ങളില്‍ പ്രഥമ സ്ഥാനം നായയ്ക്കാണ്. മുന്‍പ് നായ വളര്‍ത്തല്‍ നായാട്ടിനും സംരക്ഷണത്തിനും ആയിരുന്നു എന്നാല്‍ ഇന്ന് നായ വളര്‍ത്തല്‍ ഒരു വിനോദവും അതിലുപരി അവര്‍ നമ്മുടെ സന്തത സഹചാരിയും ആയി തീര്‍ന്നിരിക്കുന്നു. ചിലരുടെ വീടുകളില്‍ കുട്ടികളുടെ നല്ലൊരു കൂട്ടുകാരനാണ് നായ. ഇങ്ങനെ അവയെ അരുമകളായി വളര്‍ത്തുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ജന്തുജന്യ രോഗങ്ങളും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പകരാനുള്ള സാധ്യതയുണ്ട്.

എന്താണ് ജന്തുജന്യ രോഗം ?

മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേക്കും മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും നേരിട്ടോ അല്ലാതേയോ പകരുന്ന രോഗങ്ങള്‍ ജന്തുജന്യ രോഗങ്ങള്‍ അഥവാ Zoonoses എന്ന് അറിയപ്പെടുന്നു. ഏകദേശം ഇരുനൂറ്റി അന്‍പതിലധികം ജന്തുജന്യ രോഗങ്ങള്‍ ഉണ്ട്. രോഗങ്ങളുടെ പ്രാധാന്യമനുസരിച്ച് എല്ലാ വര്‍ഷവും ജൂലൈ ആറാം തിയതി ലോക ജന്തുജന്യ രോഗ ദിനമായി ആചരിക്കുന്നു. നായയെ വളര്‍ത്തുമ്പോള്‍ തെല്ലൊന്നു ശ്രദ്ധിച്ചാല്‍ പല അസുഖങ്ങളില്‍ നിന്നും മുക്തി നേടാം. സാധാരണയായി നായയുമായിട്ടുള്ള സമ്പര്‍ക്കം മൂലം കുട്ടികളിലും മറ്റുള്ളവരിലേക്കും പകരാന്‍ സാധ്യതയുള്ള ജന്തുജന്യ രോഗങ്ങളില്‍ ഒന്നാണ് പേവിഷബാധ.

1. പേവിഷ ബാധ

റാബ്ഡോ വൈറസ് എന്ന രോഗാണു ആണ് പേവിഷബാധയുടെ കാരണം. സംസ്ഥാനത്ത് പേവിഷബാധ ഉണ്ടാകുന്നത് പ്രധാനമായും പേവിഷബാധയേറ്റ നായയുടെ കടിയിലൂടെയാണ്. രണ്ടാമതായി പൂച്ചയുടെ കടിയിലൂടെയാണ്. രോഗം ബാധിച്ച മൃഗത്തിന്റെ ഉമിനീരിലൂടെ രോഗാണുക്കള്‍ പുറത്തുവരുന്നു. രോഗം ബാധിച്ചാല്‍ മരണം ഉറപ്പാണ്. ഇന്ത്യയില്‍ ഓരോ രണ്ടു സെക്കന്റിലും ഒരാള്‍ക്ക് നായയുടെ കടിയേല്‍ക്കുന്നു എന്നാണ് കണക്ക്. ഏറ്റവും ദുഖകരമായ കാര്യം കടിയേല്‍ക്കുന്നവരില്‍ പകുതിയിലേറെ പേരും പതിനഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളാണ് എന്നതാണ്. ഓരോ മണിക്കൂറിലും ഒരു കുട്ടി റാബിസ് ബാധിച്ച് മരണത്തിന് കീഴടങ്ങുന്നു. പ്രതിരോധ കുത്തിവെയ്പ്പാണ് നായ്ക്കള്‍ക്ക് രോഗം വരാതിരിക്കാനുള്ള ഏക മാര്‍ഗ്ഗം. രണ്ടു മാസം പ്രായമുള്ളപ്പോള്‍ ആദ്യ കുത്തിവെയ്പ്പ് എടുക്കണം. ഒരു മാസം കഴിയുമ്പോള്‍ ഒരു ബൂസ്റ്റര്‍ കുത്തിവെയ്പ്പും പിന്നീട് വര്‍ഷം തോറും ഓരോ കുത്തിവെയ്പ്പും നായക്ക് നല്‍കണം.

2. ഹൈഡാട്ടിസ് രോഗം

എക്കിനോകോക്കസ് ഗ്രാനുലോസസ് എന്ന നാടവിരയാണ് രോഗകാരണം. രോഗം ബാധിച്ച് മരിച്ച നായയുടെ കുടലില്‍ ഈ വിരകള്‍ ദശലക്ഷക്കണക്കിന് കാണുന്നു. ഇവയുടെ മലത്തിലൂടെ പുറത്തുവരുന്ന വിരയുടെ മുട്ട ഇടക്കാല ആതിഥേയരായ മനുഷ്യരുടെ സഹ്രീരത്തില്‍ ഭക്ഷണത്തിലൂടെ പ്രവേശിച്ച് ശ്വാസകോശ രോഗങ്ങള്‍, കരള്‍, തലച്ചോര്‍ ഇവിടങ്ങളില്‍ നീര്‍ക്കെട്ട് ഉണ്ടാക്കുന്നു. രോഗം ബാധിച്ചാല്‍ അത് മരണത്തിലേക്ക് വരെ നയിച്ചേക്കാം.

പ്രതിരോധമാര്‍ഗ്ഗം

  • വ്യക്തിശുചിത്വം പാലിക്കുകയാണ് ഒരു പ്രധാനപ്പെട്ട പ്രതിരോധ മാര്‍ഗ്ഗം.
  • കൃത്യമായ വിരയിളക്കല്‍: നായ്ക്കളില്‍ വിരയിളക്കുന്നത് മനുഷ്യരിലേക്കും രോഗം ബാധിക്കുന്നത് തടയും. ഒരു വെറ്റിനറി ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം നായക്ക് മൂന്ന് മാസം പ്രായമുള്ളപ്പോള്‍ ആദ്യം വിരയിളക്കാം. അടുത്തത് രോഗപ്രതിരോധ കുത്തിവെയ്പ്പിന് മൂന്ന്‍ ആഴ്ച മുന്‍പും എടുക്കാം.

3. ക്യൂട്ടേനിയാസ് ലാര്‍വ മൈഗ്രാന്‍സ് അന്‍കൈലോസ്രാമ

(Ancylostoma) ഇനത്തില്‍ പെട്ട ഒരു തരം വിരകള്‍ ആണ് രോഗ കാരണം. കുട്ടികളില്‍ ആണ് ഇത് കൂടുതല്‍ കണ്ടു വരുന്നത്. രോഗം ബാധിച്ച പട്ടിക്കുഞ്ഞുങ്ങളുമായി കുട്ടികള്‍ ഇടപഴകുമ്പോഴോ മണ്ണുവാരി കളിക്കുമ്പോഴോ ത്വക്കിലൂടെ അഥവാ ചര്‍മ്മത്തിലൂടെ ലര്‍വകള്‍ മനുഷ്യരിലേക്ക് പ്രവേശിക്കുന്നു. നായകളുടെയും പൂച്ചകളുടെയും വിസര്‍ജ്ജ്യവസ്തുക്കള്‍ വീണ് നനഞ്ഞ മണ്ണിലൂടെ ചെരുപ്പിടാതെ നടന്നാലും ഈ രോഗാവസ്ഥ ഉണ്ടാകാം.

4. വിസറല്‍ ലാര്‍വ മൈഗ്രന്‍സ്

ടോക്സോകാര കാനിസ് എന്ന വിരയുടെ ലാര്‍വയാണ് ഈ അസുഖത്തിന് കാരണം. നായയുടെ വിസര്‍ജ്യത്തിലൂടെ പുറത്ത് വരുന്ന വിരയുടെ മുട്ടകള്‍ വീണ് മലിനമായ മുറ്റത്ത് കളിക്കുന്ന കുട്ടി കൈ നന്നായി കഴുകാതെ  ഭക്ഷണമോ വെള്ളമോ കുടിച്ചാല്‍ ഈ രോഗം വരാം. ഇങ്ങനെ ശരീരത്തില്‍ എത്തിച്ചേര്‍ന്ന ലാര്‍വകള്‍ മനുഷ്യരില്‍ കുടല്‍ ഭിത്തികള്‍ തുരന്ന് കരളിലും ശ്വാസകോശത്തിലും കണ്ണിലും പറ്റിച്ചേര്‍ന്ന് ഗുരുതരമായി ബാധിക്കുന്നു. മൃഗങ്ങളുടെ വിസര്‍ജ്യങ്ങള്‍ ശരിയായ രീതിയില്‍ മറവ് ചെയ്തും വ്യക്തി ശുചിത്വം പാലിച്ചും ക്രമമായ രീതിയില്‍ ഓമനമൃഗങ്ങള്‍ക്ക് വിര മരുന്ന് നല്‍കിയും ഈ രോഗം പ്രതിരോധിക്കാം.

കുട്ടികള്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍

എത്ര പ്രിയപ്പെട്ട വളര്‍ത്തു മൃഗം ആണെങ്കിലും ശരി അല്പം അകലം നല്ലതാണ്. വീടിന് അകത്താണെങ്കിലും പുറത്താണെങ്കിലും അവയോട് ഇടപെടുമ്പോള്‍ എല്ലാവരും പ്രത്യേകിച്ച്, കുട്ടികള്‍ ശ്രദ്ധിക്കേണ്ടത് നിര്‍ബന്ധമാണ്‌.

  • തെരുവ് നായ്ക്കളെ ലാളിക്കരുത്.
  • പരിചയമില്ലാത്ത നായ്ക്കളുടെ സമീപത്ത് പോകരുത്.
  • നായ്ക്കള്‍ അടുത്ത് വന്നാല്‍ ഓടി മാറാന്‍ ശ്രമിക്കരുത്. ഓടിയാല്‍ അവ പിറകെ വന്ന് കടിക്കുകയാകും ഫലം.
  • നായ്ക്കള്‍ ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അടുത്ത് പോകരുത്.
  • നായയെ തലോടണമെങ്കില്‍ ഉടമസ്ഥന്റെ അനുവാദം വാങ്ങിയ ശേഷം അവരുടെ സാന്നിധ്യത്തില്‍ മാത്രം തലോടുക.
  • ഏത് സമയത്ത് നായയെ തലോടിയാലും ഉടനെ കൈയും നഖവും കാലുമൊക്കെ നന്നായി കഴുകി വൃത്തിയാക്കണം. വ്യക്തി ശുചിത്വം നിര്‍ബന്ധമാണ്‌. കാരണം വളര്‍ത്തു മൃഗങ്ങളില്‍ നിന്നും പടരാന്‍ സാധ്യതയുള്ള ചര്‍മ്മ രോഗങ്ങളൊക്കെ വ്യക്തി ശുചിത്വം കൊണ്ട് തടയാവുന്നതേയുള്ളൂ.
  • വളര്‍ത്തു നായ്ക്കളുടെ വിരയിളക്കങ്ങള്‍ ക്രമം പാലിക്കുക.
  • സമയാസമയങ്ങളില്‍ പ്രതിരോധ കുത്തിവെയ്പ്പ് വെറ്റിനറി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം നല്‍കുക.
  • ഇവയുടെ വിസര്‍ജ്യ വസ്തുക്കള്‍ ശരിയായ രീതിയില്‍ കുഴിച്ചിടുക.

നായ്ക്കളെ വൃത്തിയായി പരിപാലിക്കുകയും കൂടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും നല്ല ഭക്ഷണവും വെള്ളവും കൊടുക്കുകയും ചെയ്‌താല്‍ നായ്ക്കളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒട്ടനവധി അസുഖങ്ങള്‍ തടയാന്‍ സാധിക്കും.

ഡോ.സിസ്സി ഫിലിപ്പ്
അസി.ഡയറക്ടര്‍
മൃഗസംരക്ഷണ വകുപ്പ്

അവസാനം പരിഷ്കരിച്ചത് : 6/22/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate