অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ചര്‍മ്മരോഗ ചികിത്സ

ചെറുതും വലുതുമായ ചര്‍മ്മ രോഗങ്ങള്‍ ഉണ്ടാകാറുണ്ട്. യഥാസമയം ചികിത്സിച്ചാല്‍ മാറാത്ത ചര്‍മ്മരോഗങ്ങള്‍ അപൂര്‍വമാണ്.

ചര്‍മ്മരോഗം ഭയപ്പെടാനില്ലെന്ന് ചിലര്‍ പറയാറുണ്ട്. എന്നാല്‍ ചര്‍മ്മത്തെ ബാധിക്കുന്ന ഏതുരോഗവും നിസാരമായി തള്ളിക്കളയരുത് എന്നാണ് ആധുനിക വൈദ്യശാസ്ത്രം പറയുന്നത്.

ഇന്ന് ശാസ്ത്രം അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നുകാണുന്ന എല്ലാ ചര്‍മ്മരോഗങ്ങള്‍ക്കും ഫലപ്രദമായ ചികിത്സ ലഭ്യമാണ്. മുഖക്കുരു മുതല്‍ ചര്‍മ്മത്തെ ബാധിക്കുന്ന കാന്‍സര്‍ വരെ ഒട്ടുമിക്ക രോഗങ്ങളും ചികിത്സിച്ച് മാറ്റാവുന്നതാണ്.

രോഗം തിരിച്ചറിയണം


ചര്‍മ്മരോഗ ചികിത്സാരംഗത്ത് വന്‍ കുതിപ്പാണ് കഴിഞ്ഞ കാല്‍നൂറ്റാണ്ടില്‍ നടന്നിട്ടുള്ളത്. മരുന്നുകളും മറ്റ് ചികിത്സാ മാര്‍ഗങ്ങളും പരീക്ഷിച്ച് വിജയിച്ചു കഴിഞ്ഞു. ഇതിന്റെ ഫലമായി ചര്‍മ്മരോഗങ്ങളെ പിടിച്ചുകെട്ടാന്‍ സാധിക്കുന്നു.

പുത്തന്‍ രോഗങ്ങള്‍ രംഗപ്രവേശം ചെയ്യുമ്പോള്‍ ആദ്യം രോഗകാരണം എളുപ്പം കണ്ടെത്താന്‍ കഴിഞ്ഞെന്നുവരില്ല. രോഗത്തിന്റെ കാരണങ്ങള്‍ കണ്ടെത്തി മരുന്നുകളും ചികിത്സാ മാര്‍ഗങ്ങളും വികസിപ്പിച്ചെടുക്കുന്ന രീതിയാണുള്ളത്. ഇതിനുള്ള കാലതാമസം പുതിയ രോഗങ്ങളുടെ കാര്യത്തില്‍ മാത്രം ഉണ്ടാകുന്നു.

ഗുളികകളും ലേപനങ്ങളും സര്‍ജറികളും ചര്‍മ്മരോഗ ചികിത്സയുടെ ഭാഗമായി ഇന്നു നിലവിലുണ്ട്. അതുപോലെ ലേസര്‍ പോലുള്ള ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള ചികിത്സാരീതികളും പ്രചാരം നേടിയിട്ടുണ്ട്.

ചര്‍മ്മരോഗങ്ങള്‍ രണ്ടായിരത്തിലേറെ തിരിച്ചറിയപ്പെട്ടിട്ടുണ്ടെങ്കിലും എല്ലാം സാധാരണമല്ല. പൊതുവായി കാണപ്പെടുന്ന ചര്‍മ്മരോഗങ്ങളും അവയുടെ ചികിത്സാ മാര്‍ഗങ്ങളും.

സൗന്ദര്യം കെടുത്തും മുഖക്കുരു


മുഖക്കുരു ഒരു രോഗമല്ലെങ്കിലും ചര്‍മ്മത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുത്ത പ്രതിഭാസമാണിത്. ഒരുപക്ഷേ, യുവാക്കളെയും കൗമാരക്കാരെയും ഉറക്കംകെടുത്തുന്ന പ്രശ്‌നമാണിത്. അതുകൊണ്ടുതന്നെ ദിനംപ്രതി മുഖക്കുരുവിന് ചികിത്സതേടിയെത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്.

പ്രത്യേകിച്ച് സൗന്ദര്യത്തിന് വലിയ പ്രാധാന്യമുള്ള ഇക്കാലത്ത്. മുഖക്കുരു മൂലമുണ്ടാകുന്ന പാടുകള്‍ക്കും കുഴികള്‍ക്കുമാണ് ചികിത്സ ആവശ്യമായി വരുന്നത്. മുഖക്കുരു മാറാനും മുഖക്കുരു മൂലമുള്ള പാടുകള്‍ മാറാനും ലേപനങ്ങളും ഗുളികകളും ഇന്ന് ലഭ്യമാണ്.

വലിയ മുഖക്കുരു, ഇടയ്ക്ക് വലുതാവുകയും ചെറുതാവുകയും ചെയ്യുന്ന മുഖക്കുരു ഇവയ്ക്ക് സാധാരണ മരുന്ന് ഫലപ്രദമല്ല. അതിനായി ഇപ്പോള്‍ റെറ്റിനോയ്ഡ് ഗുളികയാണ് ഉപയോഗിക്കുന്നത്.

ഇത് ഈ പ്രശ്‌നമുള്ളവര്‍ക്ക് ഫലപ്രദമാണ്. മൂന്നുമാസത്തെ ചികിത്സകൊണ്ട് നിശേഷം മാറ്റാന്‍ കഴിയും. കൂടാതെ മാറിയതിനുശേഷം വീണ്ടും മുഖക്കുരു ഉണ്ടാകാതിരിക്കാനും ഇത് ഒരു പരിധിവരെ സഹായിക്കും.

പാടുകളും കുഴികളും മാറാന്‍


മുഖക്കുരു വന്നതിനുശേഷമുള്ള പാടുകളും കുഴികളും മാറാന്‍ പീലിംഗ് സഹായിക്കും. പത്തു ദിവസം ഇടവിട്ട് 3-6 പ്രാവശ്യംവരെ പീല്‍ ചെയ്യേണ്ടിവരും. ഇതിന് ഉപയോഗിക്കുന്നത് എ.എച്ച്.എ പീല്‍ ആണ്.

ഇത് മറ്റുള്ള ചികിത്സാരീതികളെ അപേക്ഷിച്ച് കൂടുതല്‍ ഫലപ്രദവും സുരക്ഷിതവുമാണ്. ലേസര്‍ ചികിത്സയും ഇപ്പോള്‍ പ്രചാരത്തിലുണ്ട്. പ്രത്യേക തരത്തിലുള്ള ലേസര്‍ ഉപയോഗിച്ചാണ് ലേസര്‍ ചികിത്സ നടത്തുന്നത്.

പ്ലാസ്റ്റിക് സര്‍ജറിപോലെ ആശുപത്രിയില്‍ കിടക്കേണ്ടി വരുന്നില്ല എന്നതും ബാന്റേജിന്റെ ആവശ്യം വരുന്നില്ല എന്നതുമാണ് ലേസര്‍ ചികിത്സയുടെ നേട്ടം. ലേസര്‍ ചികിത്സ 20 - 30 മിനിറ്റുകള്‍കൊണ്ട് കഴിയും. ഇതുകഴിഞ്ഞാല്‍ ഉടനെ സാധാരണ ജോലികള്‍ ചെയ്യാവുന്നതാണ്. കുഴികളുടെ ആഴം അനുസരിച്ച് 50 -80 ശതമാനംവരെ മാറ്റാവുന്നതാണ്. 3-4 ദിവസങ്ങള്‍കൊണ്ട് മാറ്റം അറിയാനാവുന്നതുമാണ്.

കറുത്തപാടുകള്‍


കറുത്തപാടുകള്‍ പല തരത്തിലാണുള്ളത്. മുഖത്തെ കറുത്ത പാടുകള്‍ സമയദോഷംകൊണ്ട് ഉണ്ടാകുന്നതാന്നെന്ന് പലരും കരുതുന്നു. കറുത്തപാടുകള്‍ എളുപ്പം ചികിത്സിച്ചുമാറ്റാന്‍ കഴിയില്ല. ഇതിന് ദീര്‍ഘകാലത്തെ ചികിത്സ തന്നെ വേണ്ടിവരും.

ചെറിയ തോതിലുള്ള പാടുകള്‍ ക്രീം ഉപയോഗിച്ച് മാറ്റാനാവും. സണ്‍സ്‌ക്രീന്‍ ഇതില്‍ പ്രധാനമാണ്. ഇത് ഉപയോഗിക്കാന്‍ ഡോക്ടറുടെ നിര്‍ദേശം ആവശ്യമില്ല. പീല്‍ചെയ്യുന്നതും കറുത്തപാടുകള്‍ മാറ്റുന്നതിന് സഹായിക്കും.

ലേസര്‍ ചികിത്സയും ചെയ്തുവരുന്നുണ്ട്. കറുത്തപാടുകള്‍, വെയിലേറ്റ് ഉണ്ടാകുന്ന പാടുകള്‍, കാക്കപുള്ളി തുടങ്ങിയവ മാറാന്‍ ലേസര്‍ ചികിത്സ നടത്താം. ഇതിനായി പലതരം ലേസറുകള്‍ ഉപയോഗിക്കുന്നു.

അരിമ്പാറ


അരിമ്പാറ സാധാരണമായ ഒരു ചര്‍മ്മരോഗമാണ്. ആണ്‍പെണ്‍ വ്യത്യാസമില്ലാതെ അരിമ്പാറ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് സൗന്ദര്യപ്രശ്‌നം കൂടിയാണ്.

അരിമ്പാറ നീക്കം ചെയ്യാന്‍ പല മാര്‍ഗങ്ങളും നിലവിലുണ്ട്. ലിക്വിഡ് നൈട്രജന്‍ ക്രയോ തെറാപ്പിയിലൂടെ അരിമ്പാറ ഫ്രീസ് ചെയ്ത് നശിപ്പിക്കുകയാണ് ചെയ്യുന്നത്. വേദന രഹിതമാണിത്.

സങ്കീര്‍ണമല്ലാത്ത ഈ രീതി വളരെ വേഗം പൂര്‍ത്തിയാക്കാവുന്നതാണ്. യാതൊരു വിധ പാര്‍ശ്വഫലങ്ങളും ഉണ്ടാകുന്നില്ല എന്നതും ഈ രീതിയുടെ നേട്ടമാണ്.

കുട്ടികളില്‍ ഉണ്ടാകുന്ന അരിമ്പാറ നീക്കം ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗമാണിത്. ചില അരിമ്പാറകള്‍ വീണ്ടും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇങ്ങനെ ആവര്‍ത്തിച്ചുണ്ടാകുന്ന അരിമ്പാറ നീക്കം ചെയ്യാന്‍ ലേസര്‍ ചികിത്സ വേണ്ടിവരും.

അമിതരോമവളര്‍ച്ചയും മുടികൊഴിച്ചിലും


അമിത രോമവളര്‍ച്ചയും മുടി കൊഴിച്ചിലും ഇന്ന് പലരുടെയും ഉറക്കംകെടുത്തുന്നു. ഇതിനായി മരുന്നുകള്‍ പലതും പരീക്ഷിച്ചു പരാജയപ്പെട്ടവരാണ് അധികവും.

മുടികൊഴിയുന്നതിന് കാരണങ്ങള്‍ പലതാണ്. പാരമ്പര്യവും ഒരു പ്രധാന ഘടകമാണ്. എന്നാല്‍ കൃത്യമായ കാരണം കണ്ടെത്തിയുള്ള ചികിത്സയാണ് അഭികാമ്യം.

മാനസികസമ്മര്‍ദം, ഹോര്‍മോണ്‍ തകരാറുകള്‍, പോഷകാഹാരക്കുറവ്, ഡയറ്റ്, മരുന്നുകളുടെ ഉപയോഗം തുടങ്ങിയവയാണ് മുടികൊഴിച്ചിലിന് മുഖ്യകാരണങ്ങള്‍. കാരണം കണ്ടെത്തി ചികിത്സ നടപ്പാക്കിയാല്‍ മുടികൊഴിച്ചില്‍ പിടിച്ചുനിര്‍ത്താന്‍ കഴിയും.

അമിത രോമവളര്‍ച്ച അല്ലെങ്കില്‍ അനാവശ്യ രോമവളര്‍ച്ചയുടെ പ്രധാന കാരണം പാരമ്പര്യമാണ്. മറ്റൊന്ന് ഹോര്‍മോണ്‍ തകരാറാണ്. ആദ്യം വ്യക്തിക്ക് പാരമ്പര്യമുണ്ടോ എന്നു കണ്ടെത്തണം. ഇല്ലാ യെങ്കില്‍ ഹോര്‍മോണ്‍ തകരാര്‍ തന്നെയാവും എന്നു കരുതാം.

രണ്ടു പ്രധാന ചികിത്സാ രീതികളാണ് അമിതരോമവളര്‍ച്ചയ്ക്ക് പ്രതിവിധിയായുള്ളത്. ഇലക്‌ട്രോലിസ്, ലേസര്‍ എന്നിവയാണവ. ഈ ചികിത്സകള്‍ കൊണ്ട് അമിത രോമവളര്‍ച്ച പൂര്‍ണമായും ശാശ്വതമായും മാറ്റാന്‍ സാധിക്കും. എന്നാല്‍ ഒറ്റത്തവണത്തെ ചികിത്സകൊണ്ട് രോമവളര്‍ച്ച തടയാനാവില്ല.

ലേസര്‍ ചികിത്സയാകുമ്പോള്‍ മാസത്തില്‍ ഒരിക്കല്‍ എന്ന നിലയില്‍ ആറ് മുതല്‍ എട്ടു തവണ വരെ ചെയ്യേണ്ടിവരും. അതേസമയം ഇലക്‌ട്രോലിസ് ആണെങ്കില്‍ രണ്ടാഴ്ചയിലൊരിക്കല്‍ ചെയ്യണം. ഇത് 6 മാസം മുതല്‍ 1 വര്‍ഷം വരെ തുടരേണ്ടിവരും.

ഹോര്‍മോണ്‍ തകരാറാണ് അമിതരോമവളര്‍ച്ചയ്ക്ക് കാരണമെങ്കില്‍ മരുന്നുകൊണ്ട് മാറ്റിയെടുക്കാവുന്നതാണ്.

അമിത രോമം നീക്കം ചെയ്യാന്‍ ലേസര്‍ ചികിത്സയാണ് സാധാരണ തെരഞ്ഞെടുക്കുന്നത്. മികച്ച ഒരു ലേസര്‍ സെന്ററിലെ വിദഗ്ധനായ ലേസര്‍ സര്‍ജനെക്കൊണ്ട് വേണം ചികിത്സ നടത്താന്‍.

കടപ്പാട്:
ഡോ. രാജേഷ് നായര്‍ 
സ്‌കിന്‍ കെയര്‍ ക്ലിനിക് 
പട്ടം, തിരുവനന്തപുരം

അവസാനം പരിഷ്കരിച്ചത് : 6/12/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate