ലോകത്തേതൊരു നാട്ടിലും മൂന്നുനാലു ശതമാനമാളുകള്‍ക്കു ഗൌരവതരമായ മാനസികാസുഖങ്ങളുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ മനോരോഗങ്ങളെയും അവയുടെ ചികിത്സകളെയും പറ്റി നമ്മുടെ സാക്ഷരകേരളത്തിലടക്കം അനവധി മുന്‍വിധികളും അന്ധവിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ട്. അവ രോഗം യഥാസമയം തിരിച്ചറിയപ്പെടാതെ പോവാനും ശാസ്ത്രീയ ചികിത്സകള്‍ വൈകി മാത്രം ലഭ്യമാവാനും ചികിത്സകള്‍ പൂര്‍ണമായി ഫലിക്കാത്ത ഒരവസ്ഥയിലേക്കു രോഗം വഷളാവാനുമെല്ലാം ഇടയാക്കുന്നുമുണ്ട്. കേരളത്തില്‍ അങ്ങോളമിങ്ങോളം മനോരോഗബാധിതര്‍ക്കായുള്ള നൂറുകണക്കിന് റീഹാബിലിറ്റേഷന്‍ സെന്ററുകളുണ്ട്; അവിടെയെല്ലാംകൂടി ആയിരക്കണക്കിനു രോഗികള്‍ വര്‍ഷങ്ങളായി ബന്ധുമിത്രാദികളില്‍ നിന്നകന്നു ജീവിക്കുന്നുമുണ്ട്. ഈയൊരവസ്ഥ ഭാവിയിലെങ്കിലും മാറണമെങ്കില്‍ താഴെപ്പറയുന്ന തെറ്റിദ്ധാരണകളില്‍ നിന്നു നാം മുക്തരാവേണ്ടതുണ്ട്:
മാനസികരോഗികളെല്ലാം അക്രമപ്രിയരാണ് എന്നത് ഒരു തെറ്റിദ്ധാരണയാണ്. ചികിത്സയിലിരിക്കുന്ന, ലഹരികളൊന്നുമുപയോഗിക്കാത്ത രോഗികള്‍ അക്രമാസക്തരാവാനുള്ള സാദ്ധ്യത ഒരു മാനസികാസുഖവും ഇല്ലാത്തവരുടേതിനു സമംതന്നെയാണ്. മനോരോഗികള്‍ മറ്റുള്ളവരെ ഉപദ്രവിക്കാനല്ല, മറിച്ച് അക്രമങ്ങളുടെ ഇരകളാവാനാണു കൂടുതല്‍ സാദ്ധ്യത. എന്നാല്‍ സമൂഹത്തിലെ ഒന്നുരണ്ടു ശതമാനത്തോളം ആളുകള്‍ക്ക് ഇടക്കെപ്പോഴെങ്കിലും അക്രമാസക്തത തലപൊക്കാവുന്ന തരം മാനസികപ്രശ്നങ്ങള്‍ ബാധിച്ചിട്ടുണ്ട് എന്നതും പ്രസക്തമാണ്. ഇവരുടെ പരാക്രമങ്ങളെ എങ്ങിനെ നേരിടണം എന്നതിനെക്കുറിച്ചുള്ള കുടുംബാംഗങ്ങളുടെയും മറ്റും അജ്ഞത ചിലപ്പോള്‍ കൊലപാതകങ്ങളില്‍പ്പോലും കലാശിക്കാറുമുണ്ട്.
ചിലതരം രോഗികള്‍ അതിക്രമങ്ങളവലംബിക്കാന്‍ സാദ്ധ്യത കൂടുതലാണ്. മുമ്പ് ആക്രമണോത്സുകത പ്രകടിപ്പിച്ചിട്ടുള്ളവര്‍, ചികിത്സാവിധികള്‍ മുടക്കിയവര്‍, മദ്യമോ മറ്റു ലഹരിപദാര്‍ത്ഥങ്ങളോ ഉപയോഗിക്കുന്നവര്‍, ജീവിതപങ്കാളിയുടെ ചാരിത്ര്യത്തില്‍ സംശയമോ തനിക്ക് ഏറെ ശത്രുക്കളുണ്ട് എന്ന മിഥ്യാധാരണയോ പുലര്‍ത്തുന്നവര്‍, മറ്റുള്ളവരെ കയ്യേറ്റംചെയ്യാനാജ്ഞാപിക്കുന്ന അശരീരികള്‍ കേള്‍ക്കുന്നവര്‍, സ്ഥലകാലബോധം നഷ്ടമായവര്‍ തുടങ്ങിയവര്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു. അക്രമത്തിനു തൊട്ടുമുമ്പ് ഇവരില്‍പ്പലരും ഒച്ചവെക്കുക, പല്ലുകടിക്കുക, മുഷ്ടിചുരുട്ടുക, സാധനങ്ങള്‍ എടുത്തെറിയുക, അതിവേഗം അങ്ങോട്ടുമിങ്ങോട്ടും നടക്കുക, ഭീഷണിയോ ശാപവചനങ്ങളോ മുഴക്കുക തുടങ്ങിയ ദുസ്സൂചനകള്‍ വെളിപ്പെടുത്തിയേക്കാം.
ആക്രമോത്സുകരായി നില്‍ക്കുന്നവരുടെ മുറിയില്‍ വടി പോലുള്ള ആയുധങ്ങളുമായി പ്രവേശിക്കാതിരിക്കുക. നിങ്ങളുടെ നില്‍പ്പ് എപ്പോഴും രോഗിക്കും വാതിലിനും ഇടയിലായിരിക്കാന്‍ ശ്രദ്ധിക്കുക. രോഗിയില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കുക. മുറിയില്‍ മാരകായുധങ്ങള്‍ വല്ലതും ഉണ്ടോ എന്നു നോക്കിമനസ്സിലാക്കുക. കസേരകളും മറ്റും എടുത്തൊഴിവാക്കാന്‍ ശ്രമിക്കുക. രോഗിക്ക് പുറംതിരിഞ്ഞു നില്‍ക്കാതിരിക്കുക. പൊടുന്നനെയുള്ള ചലനങ്ങള്‍ ഒഴിവാക്കുക. കഴിവതും രോഗിയെ തനിച്ചു വിടരുത്. ഓര്‍മക്കുറവോ ആത്മഹത്യാപ്രവണതയോ സാരമായ ശാരീരികരോഗങ്ങളോ ഉള്ളവരെ പൂട്ടിയിടാതിരിക്കുക. ടിവിയില്‍ നിന്നും മറ്റുമുള്ള കോലാഹലങ്ങള്‍ ആക്രമണോന്മുഖതക്കു വളമാകും എന്നോര്‍ക്കുക.
ഭീഷണികളും വെല്ലുവിളികളും പരിഹാസങ്ങളും വാദപ്രതിവാദങ്ങളും ഒഴിവാക്കുക.
മുഖത്തേക്കു നോക്കി, എന്നാല്‍ തുറിച്ചുനോട്ടം ഒഴിവാക്കി, താഴ്ന്ന സ്വരത്തില്‍, ശാന്തതയോടെ, വളച്ചുകെട്ടോ മുന്‍വിധികളോ കൂടാതെ രോഗിയോടു സംസാരിക്കുക. സാന്ത്വനാശ്വാസങ്ങള്‍ പകരുക. ഭീഷണികളും വെല്ലുവിളികളും പരിഹാസങ്ങളും വാദപ്രതിവാദങ്ങളും ഒഴിവാക്കുക. ഒന്നും രോഗി മനസ്സറിഞ്ഞ് ചെയ്യുന്നതല്ല എന്ന് സ്വയമോര്‍മിപ്പിക്കുക. തന്‍റെ ഭാഗം വിശദീകരിക്കാന്‍ രോഗിക്ക് അവസരം കൊടുക്കുക. സാദ്ധ്യമായ സഹായങ്ങള്‍ മുന്നോട്ടുവെക്കുക. മിഥ്യാശത്രുക്കളെയും ദിവ്യശേഷികളെയുമൊക്കെക്കുറിച്ചുള്ള രോഗജന്യമായ അവകാശവാദങ്ങളെ എതിര്‍ക്കുകയോ അനുകൂലിക്കുകയോ ചെയ്യാതെ “അന്വേഷിക്കട്ടെ”, “ഒന്നാലോചിക്കട്ടെ” എന്നൊക്കെയുള്ള മട്ടില്‍ പ്രതികരിക്കുക. രോഗി ആയുധങ്ങള്‍ വല്ലതും കയ്യിലെടുത്തിട്ടുണ്ടെങ്കില്‍ അത് ഉടന്‍ താഴെയിടാന്‍ ആവശ്യപ്പെടുക. വഴങ്ങുന്നില്ലെങ്കില്‍ സമയംകളയാതെ പോലീസിലറിയിക്കുക.
കഴിവതും നേരത്തേ ചികിത്സ തേടുക. ഡോക്ടറുടെ സമ്മതമില്ലാതെ മരുന്നു നിര്‍ത്താതിരിക്കുക. ലഹരിയുപയോഗമോ ചികിത്സ മുടക്കലോ ഇനിയും അക്രമസംഭവങ്ങളിലേക്കു നയിച്ചാല്‍ നിങ്ങള്‍ കൈക്കൊള്ളാനുദ്ദേശിക്കുന്ന നടപടികളെക്കുറിച്ച് അസുഖം ശാന്തമായിരിക്കുന്ന വേളയില്‍ രോഗിക്ക് മുന്നറിയിപ്പു കൊടുക്കുക. വീട്ടില്‍ കഴിവതും മാരകായുധങ്ങള്‍ ഒഴിവാക്കുക. കത്തികളും മറ്റും ഭദ്രമായി മാത്രം സൂക്ഷിക്കുക. അടിയന്തിരസന്ദര്‍ഭങ്ങളില്‍ അഭയം പ്രാപിക്കാനായി സുശക്തമായ വാതിലുകളും ടെലിഫോണ്‍ സൌകര്യവുമുള്ള ഒരു മുറി പ്രത്യേകം കണ്ടുവെക്കുക.
“പത്താംക്ലാസില്‍ പഠിക്കുന്ന കാലം വരെയൊന്നും എന്‍റെ മോളെപ്പറ്റി ഒരാളും ഒരു പരാതീം പറഞ്ഞിട്ടില്ല. നല്ല അനുസരണയുള്ള കുട്ടി. പഠിക്കാനും മിടുക്കി. അങ്ങിനെയുള്ള അവളാണ് പത്തിലെ പരീക്ഷ കഴിഞ്ഞിരിക്കുന്ന സമയത്ത് പ്രത്യേകിച്ച് ഒരു മുന്‍പരിചയവുമില്ലാത്ത ഒരുത്തന്‍റെ കൂടെ ഒളിച്ചോടിപ്പോയത്! പോലീസും മറ്റും ഇടപെട്ട് മൂന്നാംദിവസമാ അവരവളെ തിരിച്ചു വീട്ടില്‍ക്കൊണ്ടുവന്നത്. അതുകഴിഞ്ഞ് ഞങ്ങളെല്ലാവരുംതന്നെ ആവതുള്ള പോലെയൊക്കെ അവളെ ഉപദേശിച്ചു മനസ്സിലാക്കിച്ചുവെച്ചതാ. പക്ഷേ, പ്ലസ് വണ്ണിനു ചേര്‍ന്ന് ഒരു മൂന്നുമാസമായപ്പോഴേക്കും പിന്നേം അതാ മറ്റൊരുത്തന്‍റെ കൂടെ...”
“അമ്മക്ക് ഞങ്ങള്‍ മൂന്ന്‍ പെണ്മക്കളാണ്. മൂന്നാളുടേം കല്യാണോം കഴിഞ്ഞു. മൂന്നാള്‍ക്കും കുട്ട്യോളുമായി. അമ്മേടെ പെരുമാറ്റത്തില് കുറേശ്ശെയായി മാറ്റങ്ങള് കാണാന്‍ തൊടങ്ങീട്ട് ഇപ്പൊ ഒരു മൂന്നു കൊല്ലമായി. വീട്ടീന്നു പുറത്തിറങ്ങുന്നത് അശേഷം നിര്‍ത്തി. വല്ല വിരുന്നുകാരും, പ്രത്യേകിച്ച് ഞങ്ങളാരുടെയെങ്കിലും ഭര്‍ത്താക്കന്മാര്‍, വന്നാല്‍ അമ്മ കതകുമടച്ച് സ്വന്തം മുറിയില്‍ ഒറ്റയിരിപ്പാണ്. ഈയിടെ ഞാന്‍ അമ്മയോട് മൂന്നുവയസ്സുള്ള എന്‍റെ മോനെ ഒന്നു കുളിപ്പിക്കാമോന്ന് ചോദിച്ചു. പാതിമനസ്സോടെയാണെങ്കിലും അമ്മ സമ്മതിക്കേം ചെയ്തു. പക്ഷേ അവന്‍റെ ദേഹത്ത് വെള്ളോം ഒഴിച്ച്, കുറച്ചൊക്കെ സോപ്പും തേച്ച്, അവനെയവിടെ ആ പടി വിട്ട് പെട്ടെന്നമ്മ തിരിച്ച് മുറിയിലേക്കു പോയി. ഞങ്ങള്‍ക്കാര്‍ക്കും ഒരെത്തുംപിടീം കിട്ടുന്നില്ല...”
പ്രഥമദൃഷ്ട്യാ പരസ്പരം സാമ്യങ്ങളൊന്നുമില്ലാത്ത രണ്ടു കഥകള്‍. എന്നാല്‍ ഇരുകഥകളിലെയും നായികമാരോട് കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞപ്പോള്‍ തെളിഞ്ഞുവന്നത് ഒരേ അടിസ്ഥാനകാരണമായിരുന്നു — ഓര്‍ക്കാപ്പുറത്ത് ചെവികളില്‍പ്പതിയുന്ന ചില അശരീരിശബ്ദങ്ങള്‍!
ആദ്യകഥയിലെ വിദ്യാര്‍ത്ഥിനി വീടിനു പുറത്തിറങ്ങുമ്പോഴൊക്കെ വല്ല പുരുഷന്‍മാരും എതിരെവന്നാലുടനെ ചെവിയില്‍ ഒരു സ്ത്രീശബ്ദം സ്നേഹവാത്സല്യപുരസ്സരം ബുദ്ധ്യുപദേശം തുടങ്ങും: “മോളു പോയി അവനെ പ്രേമിക്ക്...” “മോള് അയാളുടെ കൂടെ ഒളിച്ചോടിപ്പോ...” ഇതിങ്ങനെ അനുസ്യൂതം കേട്ടുകേട്ട് ചിന്തയുടെ വകതിരിവ് കൈമോശപ്പെട്ടുപോയ ദുര്‍നിമിഷങ്ങളിലാണ് അമ്മയെയും മറ്റു കുടുംബാംഗങ്ങളെയും കണ്ണീര്‍ക്കടലു കുടിപ്പിച്ച ഒളിച്ചോട്ടങ്ങളുണ്ടായത്. രണ്ടാംകഥയിലെ മുത്തശ്ശിയുടെ ചെവിയിലാവട്ടെ, ഒരു പുരുഷശബ്ദത്തിന്‍റെ ലൈംഗികച്ചുവയുള്ള കുത്തുവാക്കുകളാണു മുഴങ്ങിക്കൊണ്ടിരുന്നത്. വല്ല കല്യാണവീട്ടിലും ചെന്നാല്‍ “നീയാ ചെറുക്കന്‍റെ എവിടെയാടീ നോക്കിയത്?” എന്നാണു ചോദ്യം. മക്കളുടെ ഭര്‍ത്താക്കന്മാര്‍ വീട്ടില്‍ വരുമ്പോഴും കമന്‍റുകള്‍ക്ക് ഇതേ ഭാഷ. കൊച്ചുമകന്‍റെ അരക്കെട്ടില്‍ സോപ്പുതേക്കാന്‍ കൈനീട്ടിയപ്പോള്‍ ആ ശബ്ദംപറഞ്ഞ വഷളത്തരത്തില്‍ മനസ്സുമടുത്താണ് കുളിപ്പിക്കല്‍ പാതിയില്‍നിര്‍ത്തി ഓടിപ്പോവുകയുണ്ടായത്.
ഇത്തരക്കാരില്‍ ഏറ്റവും സാധാരണമായി കണ്ടുവരാറുള്ള അടിസ്ഥാനകാരണം സ്കിസോഫ്രീനിയ എന്ന മനോരോഗമാണ്.
എന്തുകൊണ്ടാണ് ഇവരെപ്പോലുള്ളവര്‍ ഇങ്ങിനെ അശരീരികള്‍ കേള്‍ക്കുന്നത്? ഇത്തരക്കാരില്‍ ഏറ്റവും സാധാരണമായി കണ്ടുവരാറുള്ള അടിസ്ഥാനകാരണം സ്കിസോഫ്രീനിയ എന്ന മനോരോഗമാണ്. ഈയസുഖം ബാധിച്ചവരില്‍ മിക്കപ്പോഴും ഇത്തരം ശബ്ദങ്ങളുടെ കൂടെ രോഗത്തിന്‍റെ മറ്റു സഹലക്ഷണങ്ങളും — അസ്ഥാനത്തുള്ള ഭീതികളും സംശയങ്ങളും, പരസ്പരബന്ധമില്ലാത്ത സംസാരം, വൃത്തിയിലും വെടിപ്പിലുമൊന്നും ശ്രദ്ധയില്ലായ്ക എന്നിങ്ങനെ — ദൃശ്യമാവാം. നിരന്തരം മദ്യം കഴിക്കുന്നവരെയും കാലക്രമത്തില്‍ അശരീരികള്‍ പിടികൂടാറുണ്ട്. ഇക്കൂട്ടര്‍ക്ക് പൊതുവെ കേള്‍ക്കാന്‍കിട്ടാറുള്ളത് വല്ലാതെ പേടിപ്പിക്കുന്ന തരം ശബ്ദങ്ങളാണു താനും. ഇതിനുപുറമെ മറ്റു ചില മാനസികരോഗങ്ങളുടെ ഭാഗമായും, അപസ്മാരവും പക്ഷാഘാതവും തൈറോയ്ഡ് രോഗങ്ങളും പോലുള്ള ശാരീരികാസുഖങ്ങളോ ചിലതരം മരുന്നുകളോ തലച്ചോറില്‍ വരുത്തുന്ന പാകപ്പിഴകളുടെ ഫലമായും അശരീരികള്‍ പ്രത്യക്ഷപ്പെടാം. മാനസികമോ ശാരീരികമോ ആയ കുഴപ്പങ്ങളൊന്നും ഇല്ലാത്തവരും ചിലപ്പോള്‍ നന്നായി തളര്‍ന്നിരിക്കുമ്പോഴോ വല്ലാതെ ഉറക്കമിളച്ചാലോ ഒക്കെ നൊടിനേരത്തേക്ക് ഇത്തരം ശബ്ദങ്ങള്‍ കേട്ടേക്കാം. (വെളിച്ചമോ ശബ്ദമോ കടക്കാത്ത ഇരുട്ടറകളില്‍ ഏകാന്തതടവനുഭവിക്കുന്നവരെ അശരീരികള്‍ പിടികൂടുന്നത് സാധാരണമാണ്. ഇതിനെ പ്രതിരോധിക്കാന്‍ അവരില്‍പ്പലരും തനിയെ എന്തെങ്കിലും സംസാരിച്ചുകൊണ്ടിരിക്കുക പോലുള്ള വിദ്യകള്‍ ഉപയോഗിക്കാറുമുണ്ട്.)
എങ്ങിനെയാണ് ഇപ്പറഞ്ഞ സാഹചര്യങ്ങളൊക്കെ അശരീരികളുടെ ആവിര്‍ഭാവത്തിലേക്കു നയിക്കുന്നത്? കാതുകളാണ് കാര്യങ്ങള്‍ കേള്‍ക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നത് എങ്കിലും കാതില്‍നിന്നുള്ള വിവരങ്ങള്‍ നാഡികള്‍ വഴി തലച്ചോറിലെ ചില കേന്ദ്രങ്ങളിലെത്തുമ്പോള്‍ ആ ഭാഗങ്ങളാണ് കേട്ട വിവരങ്ങളുടെ അര്‍ത്ഥങ്ങളും വ്യാഖ്യാനങ്ങളുമൊക്കെ നമുക്കു ബോദ്ധ്യപ്പെടുത്തിത്തരുന്നത്. അത്തരം മസ്തിഷ്കഭാഗങ്ങളില്‍ മേല്‍പ്പറഞ്ഞ രോഗങ്ങളും സാഹചര്യങ്ങളുമൊക്കെ ഉളവാക്കുന്ന വ്യതിക്രമങ്ങളാണ് അശരീരികളുടെ ഉത്ഭവത്തിനു നിദാനമാകുന്നത്. ചെവിയിലൂടെയും കര്‍ണനാഡികളിലൂടെയും ശബ്ദങ്ങളൊന്നും അകത്തേക്കു ചെല്ലാത്തപ്പോഴും അങ്ങിനെ സംഭവിക്കുന്നുണ്ട് എന്ന പ്രതീതി രോഗബാധിതമായ തലച്ചോര്‍ സ്വയം ഉത്പാദിപ്പിക്കുമ്പോഴാണ് അശരീരികള്‍ പിറവിയെടുക്കുന്നത്.
സ്കിസോഫ്രീനിയ അതു ബാധിക്കുന്നവരുടെ ചിന്താശേഷിയെയും താറുമാറാക്കുന്നതിനാലാണ് ഇത്തരം രോഗികള്‍ അശരീരികള്‍ പറയുന്ന കാര്യങ്ങളെ കണ്ണുമടച്ചു വിശ്വസിക്കുന്നതും, അവയെപ്പറ്റി ആരോടും തുറന്നുപറയാതിരിക്കുന്നതുമൊക്കെ. ഇക്കാരണത്താല്‍ത്തന്നെ അവര്‍ പലപ്പോഴും അശരീരികള്‍ക്ക് യഥാര്‍ത്ഥജീവിതത്തിലുള്ളവര്‍ പറയുന്ന കാര്യങ്ങളെക്കാളും പ്രാധാന്യം കല്‍പിക്കാന്‍ തുടങ്ങുകയും ചെയ്യാം. അഗതികളായ മനോരോഗികള്‍ക്കായുള്ള ഒരു സ്ഥാപനത്തില്‍ക്കഴിയുന്ന അമ്മിണിയമ്മ ഒരുദാഹരണമാണ്:
“പകലൊന്നും ഒരു കുഴപ്പവുമില്ല,” സ്ഥാപനത്തിലെ നഴ്സ് അമ്മിണിയമ്മയെപ്പറ്റി പറഞ്ഞുതുടങ്ങി: “പക്ഷേ രാത്രിയായാല്‍ ആഹാരമേ കഴിക്കില്ല. ഇവരുടെ അമ്മ കൊല്ലങ്ങള്‍മുമ്പ് മരിച്ചുപോയതാണ്.” “അതൊന്നുമല്ല, ഞാന്‍തന്നെ പറയാം.” അമ്മിണിയമ്മ ഇടക്കുകയറി: “പാവം എന്‍റെയമ്മ എന്നും രാത്രിക്ക് ഈ ജനലിന്‍റെയപ്പുറത്തുവന്നുനിന്ന് എന്നെ വിളിക്കും. ഇത്തിരി ആഹാരം തരാമോടീ എന്നു ചോദിക്കും. അമ്മക്കുകൂടി വല്ലതും കൊടുക്കാന്‍ ഞാന്‍ ഇതുങ്ങളോടു പറയും. ഇവരൊന്നും പക്ഷേ സമ്മതിക്കുകയേയില്ല. എന്‍റെ പെറ്റമ്മ പുറത്ത് വയറുവിശന്നുനടക്കുമ്പൊ ഞാനെങ്ങിനാ ഇതിനകത്തിരുന്ന് വല്ലതും കഴിക്കുന്നത്?!”
രോഗികള്‍ അശരീരികളെയിങ്ങനെ അന്ധമായി വിശ്വസിക്കാന്‍ തുടങ്ങുന്നത് പല അനര്‍ത്ഥങ്ങള്‍ക്കും ഇടയൊരുക്കുകയും ചെയ്യാം.
രോഗികള്‍ അശരീരികളെയിങ്ങനെ അന്ധമായി വിശ്വസിക്കാന്‍ തുടങ്ങുന്നത് പല അനര്‍ത്ഥങ്ങള്‍ക്കും ഇടയൊരുക്കുകയും ചെയ്യാം — അദൃശ്യരൂപികളുടെ പറച്ചിലുകേട്ട് സാധനങ്ങള്‍ നശിപ്പിക്കുക, മറ്റുള്ളവരെ ആക്രമിക്കുക, ആത്മഹത്യ ചെയ്യുക തുടങ്ങിയവയൊക്കെ അപൂര്‍വമായാണെങ്കിലും സംഭവിക്കുന്നുണ്ട്. (ഇരുപതോളം കുട്ടികളുടെ തലയറുത്തതിന് ഐവറികോസ്റ്റില്‍ കഴിഞ്ഞ മാസം പിടിയിലായ ആളുടെ ന്യായം “കുട്ടികളുടെ തലവെട്ടിയാല്‍ രാജാവാകുമെന്ന് ദൈവം പറഞ്ഞു” എന്നായിരുന്നു.)
ഇത്തരം സങ്കീര്‍ണതകള്‍ വന്നുഭവിക്കാമെന്നതുകൊണ്ടും, രോഗനിര്‍ണയവും ചികിത്സയും വൈകുന്നത് തലച്ചോറിലെ അപാകതകള്‍ കൂടുതല്‍ തീവ്രമാകാനും ചികിത്സക്കു വഴങ്ങാത്ത ഒരവസ്ഥയിലേക്കു വഷളാവാനും ഇടയാക്കാമെന്നതുകൊണ്ടും അശരീരികളുടെ സാന്നിദ്ധ്യത്തെപ്പറ്റി സംശയം ജനിക്കുമ്പോള്‍ത്തന്നെ നിജസ്ഥിതിയറിയാനും, ശാരീരികമോ മാനസികമോ ആയ മൂലകാരണങ്ങളെ കണ്ടുപിടിക്കാനും, അനുയോജ്യമായ ചികിത്സകള്‍ തുടങ്ങിവെക്കാനുമൊക്കെ ഒരു സൈക്ക്യാട്രിസ്റ്റിനെ സമീപിക്കുന്നതാവും നല്ലത്.
“കാത്തുകൊള്‍വിന്‍ മനസ്സിനെ ഭദ്രമായ്, കാല്‍ക്ഷണം മതി താളം പിഴക്കുവാന്‍” എന്നാണു കവിവാക്യം. എങ്ങനെയാണു മനസ്സു രൂപപ്പെടുന്നത്, എങ്ങനെയൊക്കെയാണതിനു താളംപിഴക്കാറുള്ളത് എന്നതിനെയെല്ലാംപറ്റി കഴിഞ്ഞ അഞ്ചുപത്തുവര്‍ഷങ്ങളില്‍ ഏറെ പുത്തനുള്‍ക്കാഴ്ചകള്‍ ലഭ്യമായിട്ടുണ്ട്. അഞ്ചിലൊരാളെയെങ്കിലും ജീവിതത്തിലൊരിക്കലെങ്കിലും സാരമായ മനോരോഗങ്ങളേതെങ്കിലും ബാധിക്കാമെന്നതിനാല്‍ത്തന്നെ ഇത്തരമറിവുകള്‍ ഏവര്‍ക്കും പ്രസക്തവുമാണ്.
തലക്കകത്തേക്കുള്ള വെളിച്ചമടികള്‍
8600 കോടിയോളം നാഡീകോശങ്ങളാണ് നമ്മുടെ തലച്ചോറിലുള്ളത്. അവയ്ക്കോരോന്നിനും സമീപകോശങ്ങളുമായി ആയിരക്കണക്കിനു ബന്ധങ്ങളുമുണ്ട്. നമ്മുടെ ചിന്തകളും വികാരങ്ങളും പെരുമാറ്റങ്ങളുമൊക്കെ ഈ കോശങ്ങളുടെയും അവ തമ്മിലെ ആശയവിനിമയത്തിന്റെയും സൃഷ്ടികളാണ്. തലച്ചോറിന്റെ ഘടനയെയും പ്രവര്‍ത്തനങ്ങളെയും, അതുവഴി മനോരോഗങ്ങളുടെ അടിസ്ഥാനകാരണങ്ങളെയും, പറ്റി അറിവുതരുന്ന പല സാങ്കേതികവിദ്യകളും ഗവേഷകര്‍ക്കിന്നു സഹായത്തിനുണ്ട്:
മനോവൃത്തികളുടെ ഫാക്ടറികള്‍
പത്തൊമ്പതാംനൂറ്റാണ്ടില്‍ വെടിമരുന്നുകൊണ്ടു പാറ പൊട്ടിക്കുന്നതിനിടെ കമ്പിപ്പാര തുളഞ്ഞുകയറി തലച്ചോറിന്റെ മുന്‍ഭാഗത്തുള്ള ഫ്രോണ്ടല്‍ലോബിനു പരിക്കേറ്റ ഫിനിയാസ് ഗെയ്ജ് എന്നയാള്‍ (ചിത്രം 5), അതേത്തുടര്‍ന്നു വ്യക്തിത്വമാകെ മാറി വീണ്ടുവിചാരമില്ലാതെ പെരുമാറാനും സദാ അശ്ലീലം പറയാനുമൊക്കെ തുടങ്ങിയതായിക്കണ്ടതില്‍പ്പിന്നെയാണ് “മനസ്സി”ന്റെ വ്യത്യസ്ത കഴിവുകള്‍ നിശ്ചിത മസ്തിഷ്കഭാഗങ്ങളുടെ നിയന്ത്രണത്തിലാവാമെന്ന ധാരണ ശാസ്ത്രലോകത്തിനു കിട്ടുന്നത്. തുടര്‍ന്ന്, ഏകാഗ്രതയും ആത്മനിയന്ത്രണവും വൈകാരിക സംയമനവുമൊക്കെ നമുക്കു തരുന്നത് ഫ്രോണ്ടല്‍ലോബിന്റെ ഭാഗമായ പ്രീഫ്രോണ്ടല്‍ കോര്‍ട്ടക്സ് ആണെന്നും, ഭയോത്ക്കണ്ഠകള്‍ ഉളവാക്കുന്നത് അമിഗ്ഡലയും ഓര്‍മശക്തി തരുന്നത് ഹിപ്പോകാമ്പസും ഉറക്കത്തെയും ലൈംഗികചോദനകളെയും നിയന്ത്രിക്കുന്നത് ഹൈപ്പോതലാമസും ആണെന്നുമൊക്കെ തെളിയുകയുണ്ടായി (ചിത്രം 6).
വിവിധ മനോരോഗങ്ങളില്‍ നിശ്ചിത മസ്തിഷ്കഭാഗങ്ങള്‍ക്കു പങ്കു വ്യക്തമായിട്ടുമുണ്ട്. ഉദാഹരത്തിന്, സ്കിസോഫ്രീനിയയില്‍ അമിഗ്ഡലയും ഹിപ്പോകാമ്പസും മറ്റനേകം ഭാഗങ്ങളും ശോഷിക്കുകയും അതിനാല്‍ ലാറ്റെറല്‍ വെന്‍ട്രിക്കിള്‍ എന്ന ഭാഗം വലുതാവുകയും ചെയ്യുന്നുണ്ട് (ചിത്രം 7). സ്കിസോഫ്രീനിയ ബാധിച്ച ചിലരില്‍ വികാരങ്ങളും ഓര്‍മയുമായി ബന്ധപ്പെട്ട പല കഴിവുകളും ശുഷ്കമായിപ്പോവുന്നത് ഇക്കാരണത്താലാണ്.
കൂട്ടുകെട്ടുകളിലെ കശപിശകള്‍
തലച്ചോറു നമുക്കു തരുന്ന വിവിധ കഴിവുകള്‍ സാദ്ധ്യമാക്കുന്നത് ഓരോരോ മസ്തിഷ്കഭാഗങ്ങള്‍ ഒറ്റക്കൊറ്റക്കു നിന്നല്ല, മറിച്ച് വിവിധ ഭാഗങ്ങള്‍ അവയെ കൂട്ടിഘടിപ്പിക്കുന്ന നാഡീപഥങ്ങള്‍ വഴി ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചാണ്. ഇത്തരം നാഡീപഥങ്ങളിലെ അപാകതകളും മനോരോഗങ്ങള്‍ക്കു കാരണമാവാം. ഉദാഹരണത്തിന്, ഓ.സി.ഡി. എന്ന രോഗത്തില്‍ വ്യാകുലചിന്തകള്‍ ഇടതടവില്ലാതെയുയരുന്നത് ചിന്തകള്‍ക്കു മേല്‍ ഒരു “ബ്രേക്കു” പോലെ വര്‍ത്തിക്കാറുള്ളൊരു നാഡീപഥം (ചിത്രം 8) തകരാറിലാവുമ്പോഴാണ്. ഓ.സി.ഡി.ക്കുള്ള മരുന്നുകളോ സൈക്കോതെറാപ്പികളോ ഫലംചെയ്യാത്തവര്‍ക്ക് പ്രസ്തുത നാഡീപഥത്തിലെ ചില ഘടകഭാഗങ്ങളിലെ സര്‍ജറിയോ തലച്ചോറിലേക്കിറക്കുന്ന ഇലക്ട്രോഡു വഴി ആ ഭാഗങ്ങളെ ഉത്തേജിപ്പിക്കുന്ന ‘ഡീപ്പ് ബ്രെയിന്‍ സ്റ്റിമുലേഷന്‍’ എന്ന ചികിത്സയോ (ചിത്രം 9) ആശ്വാസമാകാറുമുണ്ട്.
കൊടുക്കല്‍വാങ്ങലുകളിലെ ഏറ്റക്കുറച്ചിലുകള്‍
നാഡീകോശങ്ങള്‍ തമ്മില്‍ ആശയവിനിമയം സംഭവിക്കുന്നത് അവക്കിടയിലെ ‘സിനാപ്സ്’ എന്ന വിടവിലേക്ക് ഒരു കോശം ചുരത്തുന്ന നാഡീരസങ്ങള്‍ അടുത്ത കോശത്തില്‍ ചെന്നുപറ്റുമ്പോഴാണ് (ചിത്രം 10). ഇങ്ങനെ കൈമാറ്റം ചെയ്യപ്പെടുന്ന നാഡീരസങ്ങളുടെ അളവില്‍ പല മനോരോഗങ്ങളിലും വ്യതിയാനങ്ങള്‍ ദര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന്, ഡോപ്പമിന്‍ എന്ന നാഡീരസത്തിന്റെ അളവ് സ്കിസോഫ്രീനിയയില്‍ വര്‍ദ്ധിക്കുകയും ചില തരം വിഷാദങ്ങളില്‍ കുറയുകയും ചെയ്യുന്നുണ്ട്. മനോരോഗചികിത്സയില്‍ ഇപ്പോള്‍ ഉപയോഗിക്കപ്പെടുന്ന മരുന്നുകള്‍ മിക്കതും പ്രവര്‍ത്തിക്കുന്നത് സിനാപ്സുകളില്‍ നാഡീരസങ്ങളുടെ അളവ് ക്രമപ്പെടുത്തിക്കൊണ്ടാണു താനും.
പ്രവേശനദ്വാരങ്ങളിലെ പ്രശ്നങ്ങള്‍
നാഡീകോശഭിത്തികളില്‍ നാനാതരം ‘അയോണ്‍ ചാനലു’കള്‍ ഗേറ്റുകളെപ്പോലെ നിലകൊള്ളുന്നുണ്ട് (ചിത്രം 11). അവയിലൂടെ സോഡിയമോ കാല്‍സ്യമോ ഒക്കെ നേരാംവണ്ണം കടന്നുപോവേണ്ടത് നാഡീരസങ്ങളുടെ ചുരത്തലടക്കമുള്ള പല മസ്തിഷ്കപ്രക്രിയകള്‍ക്കും അത്യന്താപേക്ഷിതവുമാണ്. അയോണ്‍ ചാനലുകളിലെ തകരാറുകളും മനോരോഗങ്ങള്‍ക്കിടയാക്കാം. ഉദാഹരണത്തിന്, നാഡീകോശങ്ങളുടെ യഥാവിധിയുള്ള വളര്‍ച്ചക്കു നിര്‍ണായകമായ കാല്‍സ്യം ചാനലുകളിലെ പിഴവുകള്‍ ബൈപ്പോളാര്‍രോഗത്തിനും സ്കിസോഫ്രീനിയക്കും കാരണമാവാം.
വളര്‍ച്ചയിലെ വ്യതിയാനങ്ങള്‍
തലച്ചോര്‍ ഏറെ സങ്കീര്‍ണമാണ് എന്നതിനാല്‍ത്തന്നെ അതിനു വളര്‍ച്ച പൂര്‍ത്തിയാവാന്‍ മറ്റവയവങ്ങളെക്കാള്‍ സമയമെടുക്കുന്നുണ്ട്. മസ്തിഷ്കവളര്‍ച്ചയിലെ ക്രമക്കേടുകള്‍ മനോരോഗഹേതുവാകുകയും ചെയ്യാം. ഉദാഹരണത്തിന്, തലച്ചോറിന്റെ പുറംപാടയായ കോര്‍ട്ടക്സിനു തക്ക കനം കിട്ടുന്നത് പൊതുവെ ഏഴര വയസ്സോടെയാണെങ്കില്‍ എ.ഡി.എച്ച്.ഡി.യുള്ള കുട്ടികളില്‍ അതു പത്തര വയസ്സു വരെ വൈകുന്നുണ്ട്. ശ്രദ്ധയും ചലനങ്ങളുടെ മേല്‍ നിയന്ത്രണവും നമുക്കു തരുന്ന പ്രീഫ്രോണ്ടല്‍ കോര്‍ട്ടക്സിനെയാണ് ഈ കാലതാമസം ഏറ്റവും ബാധിക്കാറെന്നതിനാലാണ് അത്തരം കുട്ടികള്‍ വല്ലാത്ത പിരുപിരുപ്പും ശ്രദ്ധക്കുറവും കാണിക്കുന്നത്. പ്രീഫ്രോണ്ടല്‍ കോര്‍ട്ടക്സിനു തക്ക കനമെത്തുന്നതോടെ അവരില്‍പ്പലര്‍ക്കും പിരുപിരുപ്പു ശമിക്കുകയും അതിന്റെ മരുന്നു നിര്‍ത്താനാവുകയും ചെയ്യാറുമുണ്ട്.
ഒടുങ്ങാത്ത സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍
കൌമാരാന്ത്യത്തോടെ മസ്തിഷ്കത്തിനു വളര്‍ച്ച പൂര്‍ത്തിയായാല്‍പ്പിന്നെ നാഡീകോശങ്ങളൊന്നും പുതുതായി രൂപംകൊള്ളുകയില്ലെന്നും, പുതിയ സിനാപ്സുകള്‍ സൃഷ്ടിക്കപ്പെടുക ഓര്‍മയും അറിവുകളുമായി ബന്ധപ്പെട്ടു മാത്രമാണെന്നുമാണ് സമീപകാലം വരെ നിലനിന്ന ധാരണ. എന്നാല്‍ മുതിര്‍ന്നുകഴിഞ്ഞവരില്‍പ്പോലും ഹിപ്പോകാമ്പസ് പോലുള്ള ചില ഭാഗങ്ങളില്‍ പുത്തന്‍ നാഡീകോശങ്ങള്‍ ജന്മമെടുക്കുണ്ടെന്നും, സിനാപ്സുകളുടെ രൂപീകരണവും നശീകരണവും തലച്ചോറിലെങ്ങും ഏതുപ്രായത്തിലും നടക്കാമെന്നും ഇപ്പോള്‍ തെളിഞ്ഞുകഴിഞ്ഞിട്ടുണ്ട്. ആന്തരികമോ ബാഹ്യമോ ആയ ഘടകങ്ങളാല്‍ സംജാതമാവുന്ന, ഗുണകരമോ ഹാനികരമോ ആകാവുന്ന, ഇത്തരം പരിഷ്കരണങ്ങള്‍ക്ക് ‘ന്യൂറോപ്ലാസ്റ്റിക് മാറ്റങ്ങള്‍’ എന്നാണു പേര്.
ചിന്തകളോ വികാരങ്ങളോ ബുദ്ധിവൈഭവങ്ങളോ സാദ്ധ്യമാക്കുന്ന നാഡീപഥങ്ങളിലെ ന്യൂറോപ്ലാസ്റ്റിക് മാറ്റങ്ങള്‍ക്ക് മനോരോഗങ്ങളുടെ ആവിര്‍ഭാവത്തിലും പരിഹരണങ്ങളിലും പങ്കുണ്ടു താനും. നാഡീകോശങ്ങള്‍ പുതുതായി രൂപപ്പെടുന്നതിന് മാനസികസമ്മര്‍ദ്ദം തടസ്സവും, മറുവശത്ത് വിഷാദത്തിനുള്ള മരുന്നുകള്‍ പ്രോത്സാഹനവും ആവുന്നുണ്ട്. മനോരോഗങ്ങള്‍ വല്ലതും ദീര്‍ഘനാള്‍ നീളുകയോ വീണ്ടുംവീണ്ടും വരികയോ ചെയ്താലത് അനാരോഗ്യകരമായ ന്യൂറോപ്ലാസ്റ്റിക് മാറ്റങ്ങള്‍ക്കു കളമൊരുക്കുകയും അങ്ങിനെ രോഗം ചികിത്സക്കു വഴങ്ങാത്തതാവുകയും ചെയ്യാമെന്നത് സമയം പാഴാക്കാതെ ചികിത്സ തേടുക കൂടുതല്‍ പ്രസക്തമാക്കുന്നുണ്ട്. ഓട്ടം പോലുള്ള എയറോബിക് വ്യായാമങ്ങള്‍ ഗുണകരമായ ന്യൂറോപ്ലാസ്റ്റിക് മാറ്റങ്ങള്‍ക്കു വഴിവെച്ച് മനോരോഗങ്ങളെ പ്രതിരോധിക്കാനും ശമിപ്പിക്കാനും കുറേയൊക്കെ സഹായകമാവാറുമുണ്ട്.
ഉദരനിമിത്തം ബഹുകൃതരോഗം
നമ്മുടെ ശരീരത്തില്‍ നമ്മുടേതായി എത്ര കോശങ്ങളുണ്ടോ, അതിന്റെ പത്തിരട്ടിയെണ്ണം ബാക്ടീരിയകള്‍ നമ്മുടെ വയറിനുള്ളിലുണ്ട്. അവ തലച്ചോറിനെ സ്വാധീനിക്കുന്ന പലതരം തന്മാത്രകള്‍, ഡോപ്പമിനും സിറോട്ടോണിനും പോലുള്ള നാഡീരസങ്ങളടക്കം, ഏറെയളവില്‍ ഉത്പാദിപ്പിക്കുന്നുമുണ്ട്. പ്രസ്തുത ബാക്ടീരിയകളുടെ തരത്തിലോ അളവിലോ വരുന്ന വ്യതിയാനങ്ങള്‍ വിഷാദവും ഓട്ടിസവുമടക്കമുള്ള പല രോഗങ്ങള്‍ക്കും നിമിത്തമാവുന്നുണ്ടെന്ന പ്രാരംഭ നിഗമനത്തില്‍ ഗവേഷകര്‍ ഈയിടെ എത്തിച്ചേരുകയുണ്ടായി. ബാക്ടീരിയകളെ ഉപയോഗപ്പെടുത്തിയോ ക്രമപ്പെടുത്തിയോ ഉള്ള ചികിത്സകള്‍ മനോരോഗങ്ങള്‍ക്കു ഫലപ്രദമാവുമോ എന്നന്വേഷിക്കുന്ന പഠനങ്ങള്‍ പുരോഗമിക്കുന്നുമുണ്ട്.
ഇനി, മേല്‍നിരത്തിയ തകരാറുകള്‍ ഉദ്ഭവിക്കാറ് ഏതേതു കാരണങ്ങളാലാണെന്നും അവക്കെതിരെ വല്ല പ്രതിരോധവും സാദ്ധ്യമാണോയെന്നും നോക്കാം.
തൂത്താല്‍പ്പോകാവുന്ന തലയിലെഴുത്തുകള്‍
അയോണ്‍ ചാനലുകളും മിക്ക നാഡീരസങ്ങളും സിനാപ്സിലെ വിവിധ തന്മാത്രകളുമടക്കം തലച്ചോറിന്റെ പല പ്രധാന ഘടകഭാഗങ്ങളും പ്രോട്ടീനുകളാണ്. ഇത്തരം പ്രോട്ടീനുകളുടെയെല്ലാം നിര്‍മാണം നമുക്കു മാതാപിതാക്കളില്‍നിന്നു കിട്ടുന്ന ജീനുകളുടെ നിയന്ത്രണത്തിലുമാണ്. അതിനാല്‍ത്തന്നെ ജീനുകളിലെ വൈകല്യങ്ങള്‍ പ്രോട്ടീന്‍നിര്‍മാണങ്ങളിലെ അപാകതകള്‍ക്കും, അതുവഴി കോശങ്ങളുടെയും മസ്തിഷ്കത്തിന്റെ തന്നെയും പ്രവര്‍ത്തനങ്ങളിലെ പാകപ്പിഴകള്‍ക്കും, അങ്ങിനെ മനോരോഗങ്ങള്‍ക്കും ഇടയൊരുക്കാം. എന്നാല്‍, “ഇന്ന ജീനിലെ ഇന്ന കുഴപ്പത്താല്‍ ഇന്ന രോഗമുണ്ടാവുന്നു” എന്ന ചില ശാരീരികരോഗങ്ങളിലെ രീതിയല്ല മനോരോഗങ്ങളില്‍. മറിച്ച്, നൂറോ ആയിരമോ കണക്കിന് ജീനുകളുടെ നേരിയ സ്വാധീനങ്ങള്‍ ഒത്തുകലര്‍ന്ന് വിവിധ രോഗലക്ഷണങ്ങള്‍ സംജാതമാക്കുകയാണു പതിവ്.
എന്നാലും കുടുംബത്തിലാര്‍ക്കെങ്കിലും മനോരോഗമുണ്ടെന്നുവെച്ച് തന്നിലേക്കുമതു പടര്‍ന്നേക്കുമെന്ന് ‘തനിയാവര്‍ത്തനം’ സിനിമയിലേതു പോലെ ഭയപ്പെടേണ്ടതില്ല. മൊത്തം ജീനുകളും സമാനമായുള്ള, കാണാന്‍ ഒരുപോലിരിക്കുന്ന ഇരട്ടകളില്‍പ്പോലും ഒരാള്‍ക്കൊരു മനോരോഗം വന്നാല്‍ മറ്റേയാള്‍ക്കുമതു വരാന്‍ നൂറു ശതമാനം സാദ്ധ്യതയൊന്നുമില്ല. എന്നിരിക്കിലും മനോരോഗബാധിതരുള്ള കുടുംബങ്ങളില്‍ നിന്നുള്ളവര്‍ ലഹരിയുപയോഗം വര്‍ജിക്കുന്നതും നല്ല വ്യക്തിബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുന്നതും സമ്മര്‍ദ്ദ സാഹചര്യങ്ങളെ നേരിടുന്നതെങ്ങിനെയെന്ന പരിശീലനം നേടുന്നതും നന്നായി ഉറങ്ങാനും നല്ല ഭക്ഷണം കഴിക്കാനും ശാരീരികാരോഗ്യം നിലനിര്‍ത്താനും മനസ്സിരുത്തുന്നതുമെല്ലാം രോഗസാദ്ധ്യത പിന്നെയും കുറയാനുപകരിക്കും.
ഭ്രൂണാവസ്ഥയില്‍ കരഗതമാവുന്ന ജീനുകളില്‍ ഉള്ളടങ്ങിയ മേല്‍പ്പറഞ്ഞ പ്രശ്നങ്ങള്‍ മാത്രമല്ല, ഗര്‍ഭാവസ്ഥയിലോ വിവിധ പ്രായങ്ങളിലോ തലച്ചോറിന് ഏതെങ്കിലും തരം ക്ഷതങ്ങള്‍ നേരിടേണ്ടിവന്നാലതും മനോരോഗനിമിത്തമാവാം. ലഹരിയുപയോഗം, തലക്കേല്‍ക്കുന്ന പരിക്കുകള്‍, പക്ഷാഘാതം പോലുള്ള മസ്തിഷ്കരോഗങ്ങള്‍, തൈറോയ്ഡ്പ്രശ്നങ്ങള്‍ പോലുള്ള ശാരീരികരോഗങ്ങള്‍ തുടങ്ങിയവ ഇതില്‍പ്പെടുന്നു.
കച്ചോടം പൊട്ടിയപ്പോ...
അപ്പക്കച്ചവടം പൊട്ടിയപ്പോള്‍ മനോരോഗിയായിപ്പോയ അമ്മായിയെക്കുറിച്ചുള്ള പാട്ട് ഹിറ്റായിരുന്നു. ഇതുവരെ വിശദീകരിച്ച “ശാരീരിക” കാരണങ്ങള്‍ക്കു പുറമെ സംഘര്‍ഷങ്ങളും ദുരന്തങ്ങളും പോലുള്ള “മനസ്സിനെ” മുറിവേല്‍പിക്കുന്ന സാഹചര്യങ്ങള്‍ക്കും മനോരോഗഹേതുവാകാനാവുമെന്നതു സത്യം തന്നെയാണ്. എന്നാല്‍ അവയും പ്രശ്നമാവുന്നത് തലച്ചോറിനെ ബാധിച്ചുകൊണ്ടുതന്നെയാണ്. സമ്മര്‍ദ്ദവേളകളില്‍ ഒരാള്‍ മനോരോഗത്തിലേക്കു വഴുതുമോയെന്നതു നിര്‍ണയിക്കുന്നതില്‍ ജനിതക ഘടനക്കു പങ്കുണ്ടു താനും. ഉദാഹരണത്തിന്,സിറോട്ടോണിനെ സിനാപ്സില്‍നിന്നു പുനരാഗിരണം ചെയ്യുന്ന “പമ്പി”ന്റെ നിര്‍മാണം നിയന്ത്രിക്കുന്നൊരു ജീനുണ്ട്. അതിന്റെയൊരു പ്രത്യേക വകഭേദം പേറുന്നവര്‍ സമ്മര്‍ദ്ദസാഹചര്യങ്ങളില്‍ വിഷാദത്തിലേക്കു വഴുതാന്‍ സാദ്ധ്യത കൂടുതലുണ്ടെന്ന് തദ്’വിഷയകമായി നടന്ന അമ്പത്തിനാലു പഠനങ്ങളുടെ ഒരവലോകനം കണ്ടെത്തി.
ദുരനുഭവങ്ങള്‍ മനോരോഗങ്ങള്‍ക്കു വഴിവെക്കാറ് ജീനുകളുടെ പ്രവര്‍ത്തനരീതിയെയോ രോഗപ്രതിരോധവ്യവസ്ഥയെയോ ദുസ്സ്വാധീനിച്ചാണ്. അതേപ്പറ്റി അല്‍പമറിയാം.
ചൂടുവെള്ളത്തില്‍ വീണ പൂച്ച..
.കുഞ്ഞുപ്രായങ്ങളില്‍ അതിദാരിദ്ര്യമോ പീഡനങ്ങളോ കടുത്ത അവഗണനകളോ സഹിക്കേണ്ടിവന്നവര്‍ക്ക് മുതിര്‍ന്നുകഴിഞ്ഞാല്‍ ചെറിയ തിക്താനുഭവങ്ങള്‍ പോലും അതിയായ വൈഷമ്യങ്ങള്‍ ഉളവാക്കുകയും മനോരോഗനിമിത്തമാവുകയും ചെയ്യാം.
സമ്മര്‍ദ്ദങ്ങളെ നേരിടാന്‍ നമുക്കു പ്രാപ്തികിട്ടുന്നത് ‘എച്ച്.പി.എ. ആക്സിസ്’ എന്ന ഗ്രന്ഥിവ്യവസ്ഥ അഡ്രിനാലിന്‍, കോര്‍ട്ടിസോള്‍ എന്നീ ഹോര്‍മോണുകള്‍ സ്രവിക്കപ്പെടാനിടയാക്കുമ്പോഴാണ്. തീവ്രമായ ദുരനുഭവങ്ങള്‍ക്ക് എച്ച്.പി.എ. ആക്സിസുമായി ബന്ധപ്പെട്ട ജീനുകളുടെ പ്രവര്‍ത്തനരീതിയെ മാറ്റിമറിക്കാനാവും. ജീനുകളുടെ പ്രവര്‍ത്തനരീതിയില്‍ അടിച്ചേല്‍പിക്കപ്പെടുന്ന ഇത്തരം മാറ്റിമറിക്കലുകള്‍ക്ക് ‘എപ്പിജിനെറ്റിക് വ്യതിയാനങ്ങള്‍’ എന്നാണു പേര്. ദുരനുഭവചരിത്രമുള്ള പലരുടെയും എച്ച്.പി.എ. ആക്സിസ് നേരിയ പ്രകോപനങ്ങളില്‍പ്പോലും അമിതമായി പ്രതികരിച്ച് അമിതോത്ക്കണ്ഠയും മറ്റും ജനിപ്പിക്കുന്നത് എപ്പിജിനെറ്റിക് വ്യതിയാനങ്ങളുടെ പരിണിതഫലമായാണ്. എച്ച്.പി.എ. ആക്സിസിന്റെയീ അതിരുവിട്ട പ്രവര്‍ത്തനത്താലുളവാകുന്ന കോര്‍ട്ടിസോളിന്റെ കൂലംകുത്തലില്‍ ഹിപ്പോകാമ്പസ് ശുഷ്കിച്ചുപോവുന്നതും മറ്റുമാണ് ഇത്തരക്കാരുടെ മനസ്സുകളെ വിഷാദത്തിനും മറ്റും വളക്കൂറുള്ള മണ്ണാക്കുന്നത്.
ദുരനുഭവങ്ങളെ നേരിടാന്‍ സജ്ജത കൈവരുത്തുന്ന സൈക്കോതെറാപ്പികള്‍ വഴി ഇത്തരം എപ്പിജിനെറ്റിക് വ്യതിയാനങ്ങളെ തിരിച്ചു മാറ്റിയെടുക്കാനാവുമെന്നും സൂചനകളുണ്ട്.
വേലി വിളവുതിന്നുമ്പോള്‍
അണുബാധകളെയും മറ്റും ചെറുക്കാനുദ്ദേശിച്ചുള്ള രോഗപ്രതിരോധവ്യവസ്ഥ സ്വാസ്ഥ്യജീവിതത്തിനു നമുക്കെല്ലാം അത്യന്താപേക്ഷിതമാണ്. എന്നാല്‍, വിരഹദുഃഖമോ ഏറെനാള്‍ ഉറക്കമിളക്കുന്നതോ മാനസികമോ ലൈംഗികമോ ഒക്കെയായ പീഡനങ്ങളോ പോലുള്ള സമ്മര്‍ദ്ദ സാഹചര്യങ്ങള്‍ പ്രതിരോധവ്യവസ്ഥയുടെ അമിതപ്രതികരണത്തിനു കാരണഭൂതമാവുകയും അത് നാഡീരസങ്ങളുടെയും മറ്റും പ്രവര്‍ത്തനം അവതാളത്തിലാക്കി വിഷാദം പോലുള്ള രോഗങ്ങള്‍ക്കു കളമൊരുക്കുകയും ചെയ്യാം.
ഈ അമിതപ്രതികരണത്തെ ശമിപ്പിക്കാന്‍ ആരോഗ്യകരമായ ഭക്ഷണശീലങ്ങളും ആവശ്യത്തിനുറങ്ങുന്നതും ചിട്ടയായ വ്യായാമവും യോഗ പോലുള്ള റിലാക്സേഷന്‍വിദ്യകളുമൊക്കെ നല്ല ഉപാധികളാണ്. പ്രതിരോധവ്യവസ്ഥയെ തിരിച്ചുമയപ്പെടുത്താനുള്ള ആസ്പിരിന്‍ പോലുള്ള മരുന്നുകള്‍ ചില വിഷാദബാധിതര്‍ക്ക്, പ്രത്യേകിച്ചും പതിവു മരുന്നുകള്‍ ഫലംചെയ്യാത്തവര്‍ക്ക്, ഗുണകരമാണെന്നു പ്രാരംഭസൂചനകളുമുണ്ട്.
കോശങ്ങളുടെ കൊലയാളികള്‍
അവസാനമായി, ഹൃദ്രോഗത്തിന്റെയും കാന്‍സറിന്റെയുമൊക്കെ അടിസ്ഥാനകാരണങ്ങളിലൊന്നായ ‘ഓക്സിഡേറ്റീവ് സമ്മര്‍ദ്ദം’ എന്ന പ്രതിഭാസത്തിന് മാനസികാരോഗ്യത്തിലുള്ള പങ്കുകൂടി പരിചയപ്പെടാം. ഹാനികരമായ ചില തന്മാത്രകള്‍ ശരീരത്തില്‍ കുമിഞ്ഞുകൂടി കോശങ്ങളെ നശിപ്പിക്കുന്നതിനെയാണ് ഓക്സിഡേറ്റീവ് സമ്മര്‍ദ്ദമെന്നു വിളിക്കുന്നത്. അമിതമായ മാനസികസമ്മര്‍ദ്ദവും സിഗരറ്റുപുക, അന്തരീക്ഷമലിനീകരണം, അള്‍ട്രാവയലറ്റ് രശ്മികള്‍ തുടങ്ങിയ പാരിസ്ഥിതിക ഘടകങ്ങളുമുളവാക്കുന്ന ഓക്സിഡേറ്റീവ് സമ്മര്‍ദ്ദം മസ്തിഷ്കനാഡീകോശങ്ങളെ നശിപ്പിച്ച് വിഷാദവും സ്കിസോഫ്രീനിയയുമടക്കം പല രോഗങ്ങള്‍ക്കും നിമിത്തമാവുന്നുണ്ടെന്നു സൂചനകളുണ്ട്. അത്തരം സാഹചര്യങ്ങളില്‍ അധികം പെടാതെ ശ്രദ്ധിക്കുന്നതും ആവശ്യത്തിനുറങ്ങുന്നതും മിതമായ ശാരീരികവ്യായാമം മുടങ്ങാതെ ചെയ്യുന്നതും ‘ആന്‍റിഓക്സിഡന്‍റ്സ്’ അടങ്ങിയതരം പഴങ്ങളും ഇലക്കറികളും പച്ചക്കറികളുമെല്ലാം ശീലമാക്കുന്നതും ഇവിടെ കുറേയൊക്കെ പ്രതിരോധമാവുകയും ചെയ്യും.
എല്ലാം ശരിയാകും
നിലവില്‍ ആര്‍ക്കെങ്കിലുമൊരു മനോരോഗം നിര്‍ണയിക്കപ്പെടുന്നത് ഏതേതു പ്രക്രിയകളാണ് മസ്തിഷ്കത്തില്‍ അവതാളത്തിലായിട്ടുള്ളത് എന്നു സസൂക്ഷ്മം തിരിച്ചറിഞ്ഞിട്ടല്ല, മറിച്ച് ലക്ഷണങ്ങളുടെ വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞും മാനസികമായും ശാരീരികമായും പരിശോധിച്ചും ലബോറട്ടറി, സൈക്കോളജിക്കല്‍ ടെസ്റ്റുകള്‍ ആവശ്യാനുസരണം ഉപയോഗപ്പെടുത്തിയുമൊക്കെയാണ്. ഉദാഹരണത്തിന് അകാരണമായ നിരാശ, ഉറക്കത്തിലെയും വിശപ്പിലെയും വ്യതിയാനങ്ങള്‍, ഉത്സാഹമില്ലായ്ക എന്നിങ്ങനെ നിരവധി ലക്ഷണങ്ങളില്‍ കുറച്ചെണ്ണം നിശ്ചിത കാലം പ്രകടമാക്കുന്നവര്‍ക്കു വിഷാദം നിര്‍ണയിക്കപ്പെടുന്നുണ്ട്. അക്കൂട്ടത്തില്‍ ചിലര്‍ക്ക് സിറോട്ടോണിന്റെ അപര്യാപ്തതയും ചിലര്‍ക്ക് ഉദര ബാക്ടീരിയകളും ചിലര്‍ക്ക് എപ്പിജിനെറ്റിക് വ്യതിയാനങ്ങളും ചിലര്‍ക്ക് പ്രതിരോധവ്യവസ്ഥയുടെ അമിത പ്രതികരണവുമൊക്കെയാവാം രോഗകാരണം. ഇതു വേര്‍തിരിച്ചറിയുക പക്ഷേ നിലവിലത്ര പ്രായോഗികമല്ല.
മനോരോഗനിര്‍ണയരീതിയിലെ ഈയൊരു പരിമിതി ഓരോ രോഗിക്കും ഏറ്റവുമനുയോജ്യമായേക്കാവുന്ന ചികിത്സ നിശ്ചയിക്കുന്നതിനും, പുതിയ മരുന്നുകളും മറ്റു ചികിത്സകളും വികസിപ്പിച്ചെടുക്കുന്നതിനു പോലും, ഇന്നത്തെയവസ്ഥയില്‍ പ്രതിബന്ധമാവുന്നുണ്ട്. എന്നാല്‍, അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് മനോരോഗങ്ങളെ മസ്തിഷ്കവ്യതിയാനങ്ങളെ ആസ്പദമാക്കി തരംതിരിക്കാനും പേരുവിളിക്കാനുമുള്ളൊരു സംവിധാനം വികസിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. മസ്തിഷ്ക, ജനിതക പരിശോധനകളിലൂടെ മനോരോഗങ്ങള്‍ നിര്‍ണയിക്കാനും ഓരോ രോഗിയിലും അസുഖത്തിന്റെ മൂലകാരണം കണ്ടുപിടിക്കാനും തദനുസരണം അതീവകൃത്യമായ ചികിത്സകള്‍ വിധിക്കാനുമാവുന്ന കാലം അതിവിദൂരമല്ല. അന്ന്, കാന്‍സറിന്റെയും ഹൃദയരോഗങ്ങളുടെയും കാര്യത്തില്‍ ഇന്നൊട്ടൊക്കെ സാദ്ധ്യമായിക്കഴിഞ്ഞ പോലെ, മനോരോഗങ്ങളും രോഗപ്രക്രിയ തീവ്രമാവുന്നതിനും ലക്ഷണങ്ങള്‍ പ്രകടമായിത്തുടങ്ങുന്നതിനും ഏറെനാള്‍ മുന്നേ തന്നെ തിരിച്ചറിയാനും തക്ക പരിഹാര, പ്രതിരോധ മാര്‍ഗങ്ങള്‍ കൈക്കൊള്ളാനും ഏവര്‍ക്കുമവസരം കിട്ടും.
അതുവരേക്ക്, മനോരോഗബാധിതര്‍ക്ക് തങ്ങളുടെ പ്രശ്നം “മാനസികം” അല്ല, വൃക്കയുടെയോ കരളിന്റെയോ ഒക്കെ അസുഖങ്ങളെപ്പോലെ ഒരു നിശ്ചിത അവയവത്തെ ബാധിക്കുന്ന രോഗാവസ്ഥകളുടെ പ്രതിഫലനം തന്നെയാണ് എന്ന ആശ്വാസം പകരാനും, അസുഖത്തെപ്രതിയുള്ള ലജ്ജയും കുറ്റബോധവും അകലാനും, മനോരോഗികളോടു പലര്‍ക്കുമുള്ള വിവേചന, പരിഹാസ മനസ്ഥിതികളെ ഉടച്ചുകളയാനും മേല്‍വിവരിച്ച ഉള്‍ക്കാഴ്ചകള്‍ ഉപകരിക്കുകയും ചെയ്യും.
(ചിത്രങ്ങള്‍ക്കു കടപ്പാട്: ചിത്രം 1: neuroshrink.com ചിത്രം 2: neurocenter.unige.ch ചിത്രം 3: Human Connectome Project ചിത്രം 6: ibtimes.co.uk ചിത്രം 7: wikimedia.org ചിത്രം 8: tremorjournal.org ചിത്രം 9: kids.frontiersin.org ചിത്രം 11: Principles of Biochemistry)
മാനസികപ്രശ്നങ്ങള്‍ക്കും മനോരോഗങ്ങള്‍ക്കുമുള്ള പരിഹാരമാര്‍ഗങ്ങളില്‍ കൌണ്‍സലിംഗും സൈക്കോതെറാപ്പികളും പോലുള്ള മനശ്ശാസ്ത്രരീതികള്‍ക്കു ഗണ്യമായ സ്ഥാനമുണ്ട്. ഈ ചികിത്സകളെയും അവയെടുക്കാനൊരുങ്ങുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില സുപ്രധാന കാര്യങ്ങളെയും പരിചയപ്പെടാം.
കൌണ്‍സലിംഗിന്‍റെ പ്രസക്തികള്‍
“ഞാനന്നവനു കുറേ കൌണ്‍സലിംഗ് കൊടുത്തതാണ്” എന്ന മട്ടില്‍ സ്നേഹോപദേശങ്ങളെ പലരും “കൌണ്‍സലിംഗ്” എന്നു വിളിക്കാറുണ്ട്. പ്രൊഫഷണല്‍ കൌണ്‍സലിംഗിനു പക്ഷേ നിയതമായ രീതികളും നിയമാവലികളും പരിശീലനത്തിന്‍റെ ആവശ്യകതയുമുണ്ട്. വ്യക്തിപരമോ സാമൂഹികമോ മനശ്ശാസ്ത്രപരമോ ആയ പ്രശ്നവൈഷമ്യങ്ങള്‍ നേരിടുന്നവരെ മുന്‍വിധികളേതുമില്ലാതെ സഹായിക്കുകയും വഴികാണിക്കുകയുമാണ് പ്രൊഫഷണല്‍ കൌണ്‍സലിംഗിന്‍റെ രീതി. ഏതു ജോലി തെരഞ്ഞെടുക്കണം, പരീക്ഷക്ക് എങ്ങിനെ തയ്യാറെടുക്കണം എന്നതിനെയൊക്കെച്ചൊല്ലി വ്യാകുലപ്പെടുന്നവര്‍ക്ക് കൌണ്‍സലിംഗ് ഏറെ പ്രയോജനകരവുമാണ്.
വളര്‍ന്ന മാനസികപ്രശ്നങ്ങള്‍ക്കോ തീവ്രത പ്രാപിച്ചുകഴിഞ്ഞ മനോരോഗങ്ങള്‍ക്കോ പക്ഷേ കൌണ്‍സലിംഗ് കൊണ്ടുമാത്രം ശമനം കിട്ടാറില്ല. അതേസമയം അത്തരം സാഹചര്യങ്ങളിലും രോഗത്തെയും മരുന്നുകളെയും വിവിധ കാര്യങ്ങളിലെടുക്കേണ്ട മുന്‍കരുതലുകളെയും പറ്റി രോഗിക്കും കുടുംബാംഗങ്ങള്‍ക്കും അറിവു കൊടുക്കാനും, വ്യക്തിപരമോ തൊഴില്‍പരമോ ഒക്കെയായ അനുബന്ധ പ്രശ്നങ്ങളുടെ പരിഹാരത്തിനുമെല്ലാം കൌണ്‍സലിംഗ് അനുപേക്ഷണീയമാണ്.
സൈക്കോതെറാപ്പി എന്നാല്‍
കൌണ്‍സലിംഗിനെക്കാള്‍ സങ്കീര്‍ണമായ, കൂടുതല്‍ സമയവും സെഷനുകളും ആവശ്യമുള്ള, കുറച്ചുകൂടി കുഴപ്പംപിടിച്ചതോ പഴക്കംചെന്നതോ ആയ അവസ്ഥകള്‍ കൈകാര്യംചെയ്യുന്ന, പ്രശ്നത്തിന്‍റെ മൂലകാരണങ്ങളില്‍ കൂടുതല്‍ ശ്രദ്ധയര്‍പ്പിക്കുന്ന ചികിത്സാരീതികളാണ് സൈക്കോതെറാപ്പികള്‍ എന്നു സാമാന്യമായിപ്പറയാം.
നമ്മുടെ നാട്ടില്‍ പ്രാചുര്യമുള്ള തെറാപ്പികള്‍ വൈവാഹിക പൊരുത്തക്കേടുകള്‍ക്കുള്ള ‘മരൈറ്റല്‍ തെറാപ്പി’, കുടുംബപ്രശ്നങ്ങള്‍ക്കുള്ള ‘ഫാമിലി തെറാപ്പി’, ലൈംഗികവൈഷമ്യങ്ങള്‍ക്കുള്ള ‘സെക്സ് തെറാപ്പി’, കുട്ടികളിലെ പെരുമാറ്റവൈകല്യങ്ങള്‍ക്കുള്ള ‘ബിഹേവിയര്‍ തെറാപ്പി’, മദ്യാസക്തി പോലെ നിശ്ചിത പ്രശ്നങ്ങളുള്ള അനേകരെ ഒന്നിച്ചിരുത്തി സ്വാനുഭവങ്ങള്‍ ചര്‍ച്ച ചെയ്യാനും മറ്റും അവസരമൊരുക്കുന്ന ‘ഗ്രൂപ്പ് തെറാപ്പി’യുമൊക്കെയാണ്. ഓ.സി.ഡി. ബാധിതരുടെ അത്യധികമായ വൃത്തിയും മറ്റും പരിഹരിക്കാന്‍ ‘എക്സ്പോഷര്‍ ആന്‍ഡ് റെസ്പോണ്‍സ് പ്രിവെന്‍ഷനും’, ഉയരത്തോടോ അടഞ്ഞ മുറികളോടോ ഒക്കെയുള്ള ഫോബിയകള്‍ മാറ്റിയെടുക്കാന്‍ ‘സിസ്റ്റമാറ്റിക്ക് ഡീസെന്‍സിറ്റൈസേഷനും’ ഉപയോഗിക്കപ്പെടുന്നുണ്ട്.
‘സി.ബി.റ്റി’ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ‘കോഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പി’ക്കും പ്രചാരം കിട്ടിവരുന്നുണ്ട്. ചിന്തകളുടെയും പെരുമാറ്റങ്ങളുടെയും വികാരങ്ങളുടെയും പരസ്പരബന്ധത്തെപ്പറ്റി ബോദ്ധ്യമുളവാക്കി, ചിന്തകളെയും പെരുമാറ്റങ്ങളെയും ആരോഗ്യകരമാക്കാനും അതുവഴി കോപവും നിരാശയും ഉത്ക്കണ്ഠയും പോലുള്ള ദുര്‍വികാരങ്ങള്‍ക്കു കടിഞ്ഞാണിടാനും പ്രാപ്തികൊടുക്കുകയാണ് സി.ബി.റ്റിയുടെ രീതി. വിഷാദം, സോഷ്യല്‍ ഫോബിയ, ഓ.സി.ഡി എന്നിങ്ങനെ നിരവധി രോഗങ്ങള്‍ക്കതു ഫലപ്രദവുമാണ്.
കടന്നുപോയ്‌ക്കൊണ്ടിരിക്കുന്ന നിമിഷങ്ങളെപ്പറ്റി നല്ല അവബോധം കൈക്കൊണ്ട് അതതുനേരങ്ങളിലെ ചിന്തകളെയും വികാരങ്ങളെയും മുന്‍വിധികളില്ലാതെ സ്വീകരിച്ചാസ്വദിക്കാന്‍ പരിശീലിപ്പിക്കുന്ന ‘മൈന്‍ഡ് ഫുള്‍നസ് മെഡിറ്റേഷ’നും സ്വീകാര്യത കിട്ടിത്തുടങ്ങിയിട്ടുണ്ട്. വിഷാദമടക്കമുള്ള പല പ്രശ്നങ്ങള്‍ക്കും ഇതൊരു നല്ല പ്രതിവിധിയുമാണ്.
ഏതെങ്കിലും ഒരു രീതിയെ മാത്രമായിട്ട് ആശ്രയമാക്കാതെ, ഓരോ വ്യക്തിയുടെയും സവിശേഷ ആവശ്യങ്ങള്‍ക്കനുസൃതമായി പല തെറാപ്പികളുടെയും അംശങ്ങളെ കൂട്ടിക്കലര്‍ത്തി ഉപയുക്തമാക്കുന്ന ‘എക്ലെക്റ്റിക് തെറാപ്പി’ എന്ന സങ്കരശൈലിയാണ് നമ്മുടെ നാട്ടില്‍ കൂടുതലും അവലംബിക്കപ്പെടുന്നത്.
അനവധിയുണ്ട് തെരഞ്ഞെടുക്കാന്‍
ഫലപ്രദമായ വേറെയുമനേകം തെറാപ്പികള്‍ അടുത്ത കാലങ്ങളില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ച്ചിലതിനെപ്പറ്റി സ്വല്‍പമറിയാം.
വൈകാരികപ്രശ്നങ്ങള്‍
വിഷാദമോ ഉത്ക്കണ്ഠാരോഗങ്ങളോ വലിയ തീവ്രമല്ലാത്തപ്പോള്‍ സൈക്കോതെറാപ്പി മരുന്നുകളുടെയത്രതന്നെ ഫലപ്രദവും അവയേക്കാള്‍ സുരക്ഷിതവുമാണ്. പ്രിയമുള്ളവരുടെ അകല്‍ച്ചയോ വിയോഗമോ വിഷാദജനകമാകുമ്പോള്‍ ‘ഇന്‍റര്‍പേഴ്സണല്‍ തെറാപ്പി’യും, ദുരന്താനുഭവങ്ങള്‍ ഉറങ്ങാനുമുണരാനുമുളള സമയക്രമം തെറ്റിച്ചു വിഷാദമുളവാക്കുമ്പോള്‍ ‘സോഷ്യല്‍ റിതം തെറാപ്പി’യും കൈത്താങ്ങാവും.
അഡിക്ഷന്‍ ചികിത്സ
ലഹരിയുപയോഗം വേണ്ടെന്നുവെക്കാനോ ചികിത്സിപ്പിക്കാനോ തയ്യാറില്ലാത്തവര്‍ക്ക് അത്തരം താല്‍പര്യങ്ങള്‍ ജനിപ്പിക്കുന്ന ‘മോട്ടിവേഷനല്‍ ഇന്‍റര്‍വ്യൂയിംഗ്’, അതിനുപോലും ചെന്നിരിക്കാന്‍ മനസ്സില്ലാത്തവരുടെ ഉള്ളുമാറ്റിയെടുക്കാനുള്ള പ്രാപ്തി കുടുംബാംഗങ്ങള്‍ക്കു കൈവരുത്തുന്ന ‘കമ്മ്യൂണിറ്റി റീഇന്‍ഫോഴ്സ്മെന്‍റ് ആന്‍ഡ് ഫാമിലി ട്രെയിനിംഗ്’, ദാമ്പത്യ അസ്വാരസ്യങ്ങള്‍ മദ്യപാനത്തിനിടയാക്കുമ്പോള്‍ തുണക്കെത്തുന്ന ‘ബീഹേവിയോറല്‍ കപ്ള്‍സ് തെറാപ്പി’ എന്നിവ കേരളീയ സാഹചര്യത്തില്‍ ഏറെ പ്രസക്തമാണ്. മദ്യമില്ലാതെ ജീവിക്കാന്‍ ഒരുക്കമുള്ളവര്‍ക്ക് അതിനു പരിശീലനം കൊടുക്കാന്‍ ‘കോപ്പിംഗ് സ്കില്‍സ് ട്രെയിനിംഗും’ ലഭ്യമായുണ്ട്.
സ്കിസോഫ്രീനിയ
മരുന്നുകള്‍ക്കാണു പ്രാഥമ്യമെങ്കിലും സ്കിസോഫ്രീനിയാചികിത്സയില്‍ മനശ്ശാസ്ത്രമാര്‍ഗങ്ങളും പ്രധാനമാണ്. “ഏറെ ശത്രുക്കളുണ്ട്”, “അതിമാനുഷ ശക്തികളുണ്ട്” എന്നൊക്കെയുള്ള മിഥ്യാധാരണകളെ അവയിലെ പൊള്ളത്തരം വ്യക്തമാക്കിച്ചു ശിഥിലമാക്കാന്‍ ‘മെറ്റാകോഗ്നിറ്റീവ് തെറാപ്പി’യും, സമൂഹവുമായി നന്നായിടപഴകാനുള്ള നൈപുണ്യം പകരാന്‍ ‘സോഷ്യല്‍ സ്കില്‍സ് ട്രെയിനിംഗും’, ബുദ്ധിപരമായ കഴിവുകളില്‍പ്പിണയുന്ന പോരായ്മകള്‍ക്ക് ‘കോഗ്നിറ്റീവ് റെമഡിയേഷനും’ ഫലപ്രദമാവും.
ബാല്യകൌമാരപ്രശ്നങ്ങള്‍
പെരുമാറ്റക്കുഴപ്പങ്ങളുള്ള കുട്ടികളില്‍ അവയുടെ മൂലകാരണം കണ്ടെത്താനും ഉള്‍വൈഷമ്യങ്ങള്‍ക്കു ശമനമുണ്ടാക്കാനും കളിപ്പാട്ടങ്ങളും മറ്റുമുപയോഗപ്പെടുത്തിക്കൊണ്ടുള്ള ‘പ്ലേ തെറാപ്പി’ ഉപകരിക്കും. അക്രമപ്രവണതകളും നിയമലംഘനങ്ങളും ശീലമാക്കിയവരെ നേരെയാക്കിയെടുക്കാനുള്ള വൈദഗ്ദ്ധ്യം ‘പേരന്‍റ് മാനേജ്മെന്‍റ് ട്രെയിനിംഗ്’ അച്ഛനമ്മമാര്‍ക്കു കൊടുക്കും.
രോഗപ്രതിരോധം
കുടുംബപാരമ്പര്യത്താലോ ഇതര കാരണങ്ങളാലോ വിഷാദമോ സ്കിസോഫ്രീനിയയോ മറ്റോ വരാന്‍ സാദ്ധ്യതയുള്ളവരെ രോഗത്തിലേക്കു വഴുതാതെ കാക്കാന്‍ സി.ബി.റ്റിക്കും മറ്റും കുറേയൊക്കെയാവും. ഈയാവശ്യത്തിനു തെറാപ്പികള്‍ മരുന്നുകളേക്കാള്‍ സുരക്ഷിതവുമാണ്.
ഒരേ ലക്ഷ്യത്തിലേക്കുള്ള പല മാര്‍ഗങ്ങള്‍
മരുന്നുകള്‍ ശരീരത്തിലും മനശ്ശാസ്ത്രചികിത്സകള്‍ മനസ്സിലുമാണു പ്രവര്‍ത്തിക്കുന്നതെന്ന ധാരണ പ്രബലമാണ്. എന്നാല്‍, വ്യത്യസ്ത മനോരോഗങ്ങള്‍ക്കടിസ്ഥാനമാവുന്ന മസ്തിഷ്കവ്യതിയാനങ്ങളെ വിവിധ തെറാപ്പികള്‍ ക്രമപ്പെടുത്തുന്നുണ്ടെന്നാണു നാല്‍പതിലേറെ പഠനങ്ങളുടെ കണ്ടെത്തല്‍. ഓ.സി.ഡി.യില്‍ സൈക്കോതെറാപ്പി തലച്ചോറില്‍ പ്രവര്‍ത്തിക്കുന്നത് ആ അസുഖത്തിനുള്ള മരുന്നുകളുടേതിനു സമാനമായ രീതിയിലാണെന്നും തെളിഞ്ഞിട്ടുണ്ട്. പാനിക് ഡിസോര്‍ഡറിനു വഴിയിടുന്ന, ജീനുകളെ ഗ്രസിക്കുന്ന ചില പ്രവര്‍ത്തനവ്യതിയാനങ്ങളെ സി.ബി.റ്റി കൊണ്ടു തിരിച്ചുമാറ്റാനായതായി ഈ ഏപ്രിലില്‍ പ്രസിദ്ധീകൃതമായൊരു പഠനം വെളിപ്പെടുത്തുകയുമുണ്ടായി.
മികച്ച ഫലം കിട്ടുന്നതെപ്പോള്‍?
ഏതു തെറാപ്പിയാണ് അവലംബിക്കപ്പെടുന്നത് എന്നതിലും ചികിത്സയുടെ വിജയത്തിനു നിര്‍ണായകം, രോഗിയുടെ വികാരങ്ങള്‍ മനസ്സിലാക്കാനും അതിന്‍റെ വെളിച്ചത്തില്‍ ആ വ്യക്തിയോടു താല്‍പര്യം കാണിക്കാനുമുള്ള കഴിവ് (empathy) തെറാപ്പിസ്റ്റിന് എത്രത്തോളമുണ്ടെന്നതാണ്. തെറാപ്പിസ്റ്റുമായി നല്ലൊരു ബന്ധം രൂപപ്പെടുത്താനുള്ള കഴിവുള്ളവര്‍ക്കു തെറാപ്പി കൂടുതല്‍ ഫലംചെയ്യാറുമുണ്ട്. ഇരുവര്‍ക്കുമിടയില്‍ അന്യോന്യമുള്ള വിശ്വാസത്തിലും സ്വീകാര്യതയിലും അധിഷ്ഠിതമായ പരസ്പരബന്ധവും തെറാപ്പിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെപ്പറ്റി അഭിപ്രായൈക്യവും പ്രധാനമാണ്. രോഗിക്കു തെറാപ്പിയില്‍ നല്ല വിശ്വാസം വേണ്ടതുമുണ്ട്.
സ്വന്തം ചിന്തകളെയും വികാരങ്ങളെയുമെല്ലാം നിരീക്ഷിക്കാനും വിശകലനം ചെയ്യാനും താല്‍പര്യവും പാടവവുമുള്ളവര്‍ക്കേ സി.ബി.റ്റി വെച്ചുള്ള ചികിത്സകള്‍ പ്രായോഗികമാവൂ. മാനസികപ്രശ്നങ്ങളുടെയോ മനോരോഗങ്ങളുടെയോ കൂടെ വ്യക്തിത്വവൈകല്യങ്ങളും പിടിപെട്ടിട്ടുള്ളവര്‍ക്ക് തെറാപ്പി ദുഷ്കരവും നിഷ്ഫലവുമാവാന്‍ സാദ്ധ്യതയേറുന്നുമുണ്ട്.
തെറാപ്പിക്കും സൈഡെഫക്റ്റുണ്ട്
മരുന്നുകളുടെ പാര്‍ശ്വഫലങ്ങളോടുള്ള പേടിയാല്‍, “അസുഖം മാറിയില്ലെങ്കിലും വേണ്ടില്ല, മനശ്ശാസ്ത്രചികിത്സ മാത്രം മതി” എന്നുവെക്കുന്നവരുണ്ട്. എന്നാല്‍ ഇത്തരം ചികിത്സകളെടുക്കുന്നവരിലും അഞ്ചു മുതല്‍ ഇരുപതു വരെ ശതമാനത്തിനു പാര്‍ശ്വഫലങ്ങളുളവാകാമെന്നാണു പഠനങ്ങള്‍ പറയുന്നത്. ആത്മഹത്യാപ്രവണതയും മാനസികസമ്മര്‍ദ്ദവും അമിതമായ ഉത്തേജനവും ഇതിലുള്‍പ്പെടുന്നു. യോജിച്ച ചികിത്സ തെരഞ്ഞെടുക്കുന്നതില്‍ തെറാപ്പിസ്റ്റിനു പിഴവു പറ്റാനും രോഗിക്കു തെറാപ്പിസ്റ്റിന്മേല്‍ ആശ്രിതത്വം രൂപപ്പെടാനുമുള്ള സാദ്ധ്യതകളുമുണ്ട്. തെറാപ്പിയുടെ ദൂഷ്യഫലങ്ങള്‍ പ്രകടമാവുന്നത് പുതിയ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷമാവുക, ചികിത്സ പ്ലാന്‍ചെയ്തതിലുമേറെ നീണ്ടുപോവുക, തെറാപ്പിസ്റ്റുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുക എന്നൊക്കെയുള്ള രീതികളിലുമാവാം. പത്തിലൊരാള്‍ക്കു തെറാപ്പിക്കിടെ രോഗം മൂര്‍ച്ഛിക്കുകയും ചെയ്യാം.
പുതുതായി വെളിപ്പെടുന്ന പാര്‍ശ്വഫലങ്ങളുടെ പേരില്‍ മരുന്നുകള്‍ ചിലപ്പോള്‍ നിരോധിക്കപ്പെടാറുള്ള പോലെ, പ്രചാരം നേടിക്കഴിഞ്ഞ തെറാപ്പികള്‍ ഹാനികരമാണെന്നു കാലക്രമേണ തെളിഞ്ഞ ചരിത്രവുമുണ്ട്. കുഞ്ഞുകുഞ്ഞു കുറ്റകൃത്യങ്ങള്‍ ചെയ്തുതുടങ്ങിയ കൌമാരക്കാര്‍ക്ക്, അവരെയതില്‍നിന്നു പിന്തിരിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ, ജീവപര്യന്തമനുഭവിക്കുന്ന തടവുപുള്ളികളുമായി ഇടപഴകാനും അവരുടെ ജയിലനുഭവങ്ങളും ഉപദേശങ്ങളും കേള്‍ക്കാനും ന്യൂജഴ്സിയില്‍ അവസരമൊരുക്കപ്പെട്ടപ്പോള്‍ അതേത്തുടര്‍ന്നു പക്ഷേ ആ കൌമാരക്കാര്‍ പിന്നീട് അറസ്റ്റിലാവാനുള്ള സാദ്ധ്യത കൂടുകയാണുണ്ടായത്. ഭൂകമ്പമോ ബലാത്സംഗമോ പോലുള്ള ദുരന്തങ്ങള്‍ക്കു തൊട്ടുപിറകെ അതിന്‍റെ വിശദാംശങ്ങള്‍ കൌണ്‍സലിംഗിലും മറ്റും അയവിറക്കുന്നത് സംഭവം ഓര്‍മയില്‍ കൂടുതല്‍ തെളിച്ചത്തോടെ പതിയാനും പി.റ്റി.എസ്.ഡി.യെന്ന രോഗത്തിനു സാദ്ധ്യത കൂടാനും ഇടയാക്കുന്നുമുണ്ട്.
“സ്ക്രീന്തെറാപ്പി” പ്രശ്നരഹിതമല്ല
MoodGym എന്ന വെബ്സൈറ്റ് സൌജന്യമായിട്ടു ചെയ്തുതരുന്ന സി.ബി.റ്റി വിഷാദത്തിനു ഫലപ്രദമാണെന്ന് നിരവധി പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. Depression CBT self-help guide പോലുള്ള ആപ്പുകളും ഈ രംഗത്തുണ്ട്. സാമ്പത്തികഞെരുക്കമുള്ളവര്‍ക്കും തെറാപ്പിസ്റ്റുകള്‍ ലഭ്യരല്ലാത്ത നാടുകളിലുള്ളവര്‍ക്കും ഇവ സഹായകവുമാവാം. നേരിട്ടു തെറാപ്പിയെടുക്കുന്നവര്‍ക്ക് ദിനേന സ്വന്തം ചിന്തകളും വികാരതീവ്രതകളുമെല്ലാം കുറിച്ചുവെക്കുകയും പിന്നീടതു തെറാപ്പിസ്റ്റിനെക്കാണിക്കുകയും സുഗമമാക്കുന്ന ആപ്പുകളുമുണ്ട്.
അതേസമയം, വിഷാദശമനത്തിനുള്ള ആയിരത്തിലേറെ ആപ്പുകളില്‍ സിംഹഭാഗവും വിദഗ്ദ്ധ മേല്‍നോട്ടത്തില്‍ വികസിപ്പിക്കപ്പെട്ടവയോ ഫലപ്രാപ്തി തെളിഞ്ഞവയോ അല്ലെന്ന് ഒരു പഠനം പറയുന്നു. മലയാളം പോലുള്ള ഭാഷകളില്‍ ഇവയൊന്നും ലഭ്യമായിത്തുടങ്ങിയിട്ടുമില്ല. ആപ്പുകളിലും വെബ്സൈറ്റുകളിലും ചേര്‍ക്കപ്പെടുന്ന പേരും രോഗവിവരങ്ങളുമൊക്കെ പരസ്യപ്പെട്ടുപൊയ്ക്കൂടേ എന്നയാശങ്കയും ഉയര്‍ത്തപ്പെടുന്നുണ്ട്.
ഇനി, മനശ്ശാസ്ത്രചികിത്സയുമായി ബന്ധപ്പെട്ടു നമ്മുടെ നാട്ടില്‍ നിരീക്ഷിക്കപ്പെട്ടിട്ടുള്ള ചില പരിമിതികള്‍ പരിശോധിക്കാം.
മാറേണ്ട കാഴ്ചപ്പാടുകള്‍
മാനസികപ്രശ്നങ്ങള്‍ക്കു വിദഗ്ദ്ധസഹായം തേടാനുള്ള ലജ്ജക്കും വൈമനസ്യത്തിനും അറുതി വരേണ്ടതുണ്ട്. കുട്ടിയെ പുറത്താക്കുമെന്നു സ്കൂള്‍ അധികൃതരോ ഡൈവോഴ്സിനു ചെല്ലുമ്പോള്‍ കുടുംബക്കോടതിയോ മദ്യപിച്ചു വണ്ടിയോടിച്ചതിനു പിടിക്കുമ്പോള്‍ പോലീസുകാരോ പറഞ്ഞാല്‍ മാത്രം മനസ്സില്ലാമനസ്സോടെ സ്വീകരിക്കേണ്ട നടപടികളാണു മനശ്ശാസ്ത്രചികിത്സകളെന്ന മനോഭാവം നന്നല്ല. “ആരുടെയെങ്കിലും ഉപദേശം തേടുക സ്ത്രീകളും കുട്ടികളുമാണ്; അല്ലാതെ ആണുങ്ങള്‍ക്കതൊന്നും ചേരില്ല”, “സ്വന്തം പ്രശ്നങ്ങള്‍ മറ്റുള്ളവരോടു കൊട്ടിഘോഷിക്കുന്നത് പല്ലിട കുത്തി മണപ്പിക്കുന്നതിനു തുല്യമാണ്”, “കൌണ്‍സലിംഗിനു പോയാല്‍ പാശ്ചാത്യ ചിന്താഗതികള്‍ കുത്തിവെക്കപ്പെടും” എന്നൊക്കെയുള്ള ചിന്താഗതികളും മാറേണ്ടതുണ്ട്.
സിനിമകളുടെയും മറ്റും സ്വാധീനത്താലാവണം, മിക്ക മനോരോഗങ്ങളും ഉപബോധമനസ്സില്‍ ഒളിഞ്ഞു കിടക്കുന്ന ഏതോ ഭയത്തിന്‍റെ ബഹിര്‍സ്ഫുരണങ്ങളാണെന്നും ഹിപ്പ്നോട്ടിസത്തിലൂടെ അതിനെ പുറന്തള്ളുക മാത്രമാണ് ഫലപ്രദവും ശാശ്വതവുമായ പരിഹാരമെന്നും പരക്കെ വിശ്വസിക്കപ്പെടുന്നുണ്ട്. എന്നാല്‍, “ഹിസ്റ്റീരിയ” എന്നു പൊതുവെ വിളിക്കപ്പെടാറുള്ള ‘ഡിസോസിയേറ്റീവ് ഡിസോര്‍ഡറു’കളുടെ ആവിര്‍ഭാവത്തിലേ ഇപ്പോള്‍ ഉപബോധമനസ്സിനു കാര്യമായ പങ്കു കരുതപ്പെടുന്നുള്ളൂ. മറ്റു തെറാപ്പികള്‍ ധാരാളമായി രംഗത്തുവന്നതിനാല്‍ത്തന്നെ, ക്ലിനിക്കല്‍ സൈക്കോളജിയിലോ സൈക്ക്യാട്രിയിലോ പരിശീലനം നല്‍കുന്ന പ്രമുഖ കേന്ദ്രങ്ങളിലൊന്നും ഹിപ്പ്നോട്ടിസം സഗൌരവം പഠിപ്പിക്കപ്പെടുന്നുമില്ല.
സിനിമകളിലും പൊതുലേഖനങ്ങളിലും സൈക്കോഅനാലിസിസിനു കിട്ടുന്ന പ്രാമുഖ്യം പലരും ചികിത്സാകേന്ദ്രങ്ങളിലും പ്രതീക്ഷിക്കാറുണ്ട്. സൈക്കോഅനാലിസിസ് പക്ഷേയിന്ന് ക്ലിനിക്കല്‍ സൈക്കോളജിയുടെയോ സൈക്ക്യാട്രിയുടെയോ മുഖ്യധാരയില്‍ വരുന്നൊരു രീതിയല്ല. അതില്‍ പ്രാവീണ്യമുള്ളവര്‍ കേരളത്തില്‍ അപൂര്‍വവും അതില്‍ പരിശീലനത്തിനുള്ള അവസരം ഇന്ത്യയില്‍ത്തന്നെ വിരളവും ആണുതാനും.
വാളെടുത്തവരെല്ലാം...
ആധുനികജീവിതത്തിന്‍റെ തിരക്കുകള്‍ മനശ്ശാസ്ത്രചികിത്സക്കു വിപണിസാദ്ധ്യത കൂട്ടുന്നുണ്ടെന്ന അനുമാനം തൊട്ട്, വേദനിക്കുന്നവരെ സഹായിക്കാനുള്ള ആത്മാര്‍ത്ഥമായ ആഗ്രഹം വരെയുള്ള ഘടകങ്ങളാല്‍ പ്രചോദിതരായി തക്ക വിദ്യാഭ്യാസ യോഗ്യതകളില്ലാത്ത ഏറെപ്പേര്‍ ഈ രംഗത്തേക്കു ചികിത്സകവേഷംകെട്ടിയിറങ്ങുന്നുണ്ട്. മരുന്നുകള്‍ അനിവാര്യമായ സ്കിസോഫ്രീനിയയോ ബൈപ്പോളാര്‍ ഡിസോര്‍ഡറോ കടുത്ത വിഷാദമോ ഒക്കെയുള്ളവരെ “കൌണ്‍സലിംഗു” കൊണ്ടു ഭേദമാക്കാന്‍ ശ്രമിച്ചു രോഗം വഷളാക്കുന്നത് നിത്യസംഭവമാണ്. സ്വയംഭോഗത്തിനും സ്വവര്‍ഗാനുരാഗത്തിനും ചികിത്സ വിധിക്കുന്നവരുണ്ട്. ജീവിതപങ്കാളിയെപ്പറ്റിയുള്ള സംശയം മുഖ്യലക്ഷണമായ ‘ഡെല്യൂഷനല്‍ ഡിസോര്‍ഡര്‍’ ബാധിച്ചവരുടെ ഭാര്യമാര്‍ ഭര്‍ത്താവു തന്‍റെ ചാരിത്യ്രശുദ്ധിയെ വൃഥാ ചോദ്യംചെയ്യുന്നെന്നു സങ്കടപ്പെടുമ്പോള്‍ “തീയില്ലാതെ പുകയുണ്ടാവില്ലല്ലോ" എന്നു സന്ദേഹിക്കുന്നവരുണ്ട്. അമിതോത്ക്കണ്ഠയുള്ളവര്‍ക്ക് “അതിരുവിടുന്ന ഉള്‍വിലക്കുകളെ നിഷ്കാസനം ചെയ്യിക്കാന്‍” നഗ്നരാക്കി നിര്‍ത്തി ദേഹമാസകലം കയ്യോടിച്ച് “ടച്ച് തെറാപ്പി” പ്രയോഗിക്കുന്നവരുമുണ്ട്. നാടെങ്ങും കൂണുപോലെ മുളച്ചുപൊങ്ങുന്ന അനധികൃത കൗണ്‍സലിങ് കേന്ദ്രങ്ങളെ നിയന്ത്രിക്കണമെന്ന് സംസ്ഥാന ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് 2013-ല്‍ അംഗീകരിച്ച പരിഷ്കരിച്ച മാനസികാരോഗ്യനയം നിഷ്കര്‍ഷിക്കുകയുമുണ്ടായി.
സര്‍വരോഗസംഹാരി?
പേശികളെ ചുരുക്കുകയും വികസിപ്പിക്കുകയും ചെയ്ത് ശരീരത്തിനും മനസ്സിനും അയവുവരുത്തിക്കുന്ന ‘ജേക്കബ്സണ്‍സ് പ്രോഗ്രസീവ് മസ്കുലാര്‍ റിലാക്സേഷന്‍’ നാനാതരം പ്രശ്നങ്ങള്‍ക്ക് ഉപയുക്തമാക്കപ്പെടുന്നുണ്ട്. മാനസികസമ്മര്‍ദ്ദത്തിനും അമിതോത്ക്കണ്ഠക്കും ഈ റിലാക്സേഷന്‍ വിദ്യ നല്ലൊരു പ്രതിവിധിയാണെങ്കിലും പഠനത്തിലെ പിന്നാക്കാവസ്ഥ തൊട്ട് ലൈംഗികവൈഷമ്യങ്ങള്‍ വരെയുള്ള, മറ്റു മനശ്ശാസ്ത്രചികിത്സകള്‍ ലഭ്യമായ, പ്രശ്നങ്ങള്‍ക്ക് ഈയൊരു രീതി മാത്രമായി അവലംബിക്കുന്നത് ആശാസ്യമല്ല.
ചില മുന്‍കരുതലുകള്‍
വേണം, പ്രാദേശിക പഠനങ്ങള്‍
നമ്മുടെ നാട്ടിലെയും മിക്ക സൈക്കോതെറാപ്പികളും ഉടലെടുത്ത പാശ്ചാത്യ രാജ്യങ്ങളിലെയും സാഹചര്യങ്ങളില്‍ ചില അന്തരങ്ങളുണ്ട്. കുടുംബങ്ങളുടെ കെട്ടുറപ്പും കുടുംബാംഗങ്ങള്‍ തമ്മിലെ പരസ്പരാശ്രിതത്വവും ഇവിടെക്കൂടുതലാണ്. അവിടങ്ങളിലേതില്‍നിന്നു ഭിന്നമായി, സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള ത്രാണി കൌണ്‍സലിംഗിലൂടെ നേടിത്തരണമെന്നല്ല, മറിച്ച് തനിക്കുവേണ്ടി തീരുമാനങ്ങള്‍ എടുത്തുതരണമെന്നാവാം ഇവിടെ ചിലരെങ്കിലും ചികിത്സകരോടാവശ്യപ്പെടുന്നത്. അതുകൊണ്ടൊക്കെത്തന്നെ, വിവിധ തെറാപ്പികളുടെ സ്വീകാര്യതയും ഫലപ്രാപ്തിയും നമ്മുടെയാളുകളില്‍ എത്തരത്തിലാണെന്നറിയാനും അവയെ ആവശ്യാനുസരണം പരിഷ്കരിക്കാനുമുളള ഗവേഷണങ്ങള്‍ നടക്കേണ്ടതുണ്ട്.
(കടപ്പാട്: സിനി ജോസഫ്, പി.എച്ച്.ഡി. സ്കോളര്‍ ഇന്‍ ക്ലിനിക്കല്‍ സൈക്കോളജി, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്ക്യാട്രി, റാഞ്ചി.)
ഒരാള്‍ക്കു വിഷാദരോഗം നിര്‍ണയിക്കപ്പെടുന്നത് അകാരണമായ സങ്കടം, ഒന്നിലും ഉത്സാഹമില്ലായ്ക, തളര്‍ച്ച, സന്തോഷം കെടുത്തുന്ന ചിന്തകള്‍, ഉറക്കത്തിലോ വിശപ്പിലോ ഉള്ള വ്യതിയാനങ്ങള്‍ തുടങ്ങിയ കഷ്ടതകള്‍ നിത്യജീവിതത്തെ ബാധിക്കത്തക്ക തീവ്രതയോടെ കുറച്ചുനാള്‍ നിലനില്‍ക്കുമ്പോഴാണ്. അഞ്ചുപേരില്‍ ഒരാളെ വെച്ച് ഒരിക്കലെങ്കിലും പിടികൂടുന്ന ഈ രോഗം രണ്ടായിരത്തിയിരുപതോടെ മനുഷ്യരെ കൊല്ലാതെകൊല്ലുന്ന അസുഖങ്ങളുടെ പട്ടികയില്‍ രണ്ടാമതെത്തുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പു തരുന്നുണ്ട്.
വിഷാദം ബാധിക്കുന്നത് മനസ്സിനെയാണോ അതോ ശരീരത്തെയാണോ, അതുണ്ടാകുന്നത് മനക്കട്ടിയില്ലായ്ക കൊണ്ടോ അതോ ശാരീരികകാരണങ്ങള്‍ കൊണ്ടോ, മനസ്സിന്‍റെ വൈഷമ്യങ്ങള്‍ക്കു നല്ലത് മരുന്നുകളാണോ അതോ കൌണ്‍സലിങ്ങാണോ എന്നിങ്ങനെയുള്ള സംശയങ്ങള്‍ വിഷാദബാധിതരുടെയും കുടുംബാംഗങ്ങളുടെയും മറ്റും മനസ്സില്‍ സാധാരണമാണ്. ഭാഗ്യവശാല്‍, കഴിഞ്ഞ ഒരു പത്തുവര്‍ഷത്തിനിടയില്‍ ഗവേഷണരംഗത്തുണ്ടായ ചില വന്‍പുരോഗതികള്‍ ആ ചോദ്യങ്ങള്‍ക്കെല്ലാം പല കൃത്യമായ ഉത്തരങ്ങളും നല്‍കുന്നുണ്ട്. ആ ഉത്തരങ്ങളാണ് ഈ ലേഖനത്തിന്‍റെ വിഷയം.
വിഷാദകാരണങ്ങള്‍ക്ക് ഒരാമുഖം
പ്രഷര്‍, കാന്‍സര്‍ തുടങ്ങിയ മറ്റു സങ്കീര്‍ണരോഗങ്ങളുടേതു പോലെതന്നെ വിഷാദത്തിന്‍റെയും ആവിര്‍ഭാവത്തില്‍ ജനിതകഘടകങ്ങള്‍ക്കും ജീവിതസാഹചര്യങ്ങള്‍ക്കും പങ്കുണ്ട്. ഒരാള്‍ക്കു വിഷാദം പിടിപെടാനുള്ള സാദ്ധ്യതയുടെ മൂന്നിലൊന്ന് അയാളുടെ പാരമ്പര്യവും ബാക്കി അയാളുടെ ചുറ്റുപാടുകളും ആണു നിര്‍ണയിക്കുന്നത്.
വിഷാദബാധിതരുടെ ഏറ്റവുമടുത്ത ബന്ധുക്കള്‍ക്ക് അതേ രോഗം വരാനുള്ള സാദ്ധ്യത മറ്റുള്ളവരുടേതിനെക്കാള്‍ മൂന്നുനാലിരട്ടിയാണ്. വിഷാദം ചെറുപ്രായത്തിലേ ആരംഭിക്കുകയും പലതവണ വന്നുപോവുകയും ചെയ്തവരുടെ ബന്ധുക്കള്‍ക്കാണ് കൂടുതല്‍ രോഗസാദ്ധ്യതയുള്ളത്. പാരമ്പര്യമുള്ളവര്‍ക്ക് അനിഷ്ടസാഹചര്യങ്ങളൊന്നും നിലവിലില്ലാത്തപ്പോള്‍പ്പോലും വിഷാദം പ്രത്യക്ഷപ്പെടുകയും ചെയ്യാം.
ബാല്യത്തില്‍ കടുത്ത അവഗണനകളോ പീഡനങ്ങളോ നേരിടുന്നതും ഭാവിയില്‍ വിഷാദത്തിനു വഴിവെക്കാം. ഉദാഹരണത്തിന്, ഇത്തരമനുഭവങ്ങള്‍ സ്ത്രീകള്‍ക്കു വിഷാദം വരാനുള്ള സാദ്ധ്യതയെ നാലിരട്ടിയാക്കുന്നുണ്ട്. ഇങ്ങനെയുള്ളവരില്‍ വിഷാദം നേരത്തേ തലപൊക്കാനും, കൂടുതല്‍നാള്‍ നീണ്ടുനില്‍ക്കാനും, പൂര്‍ണമായി മാറാതിരിക്കാനുമൊക്കെയുള്ള സാദ്ധ്യതകളും ഏറെയാണ്.
പാരമ്പര്യമോ ദുരന്തബാല്യങ്ങളോ ഇല്ലാത്തവരിലും ദുര്‍ഘടസന്ധികളിലൂടെ കടന്നുപോകുന്നതും, മറ്റസുഖങ്ങള്‍ ബാധിക്കുന്നതും, ചില മരുന്നുകളോ ലഹരിപദാര്‍ത്ഥങ്ങളോ ഉപയോഗിക്കുന്നതുമൊക്കെ വിഷാദത്തെ വിളിച്ചുവരുത്താം. സങ്കടങ്ങള്‍ ഉള്ളിലൊതുക്കുന്ന ശീലവും ആര്‍ത്തവചക്രവുമായി ബന്ധപ്പെട്ട ഹോര്‍മോണ്‍ ചാഞ്ചാട്ടങ്ങളും സ്ത്രീകളെയും, രക്തക്കുഴലുകളിലെയും മറ്റും പ്രശ്നങ്ങള്‍ തലച്ചോറിലെ കോശക്കൂട്ടങ്ങളെ നശിപ്പിക്കുകയും നാഡീപഥങ്ങളെ താറുമാറാക്കുകയും ചെയ്യുന്നത് വൃദ്ധരെയും വിഷാദത്തിന് എളുപ്പത്തിലെത്തിപ്പിടിക്കാവുന്ന കനികളാക്കുന്നുണ്ട്.
ഇത്രയേറെ വ്യത്യസ്തങ്ങളായ ഒരുപറ്റം ഘടകങ്ങള്‍ അതുപോലെതന്നെ വ്യത്യസ്തങ്ങളായ കുറേ ലക്ഷണങ്ങളുള്ള ഒരസുഖത്തിന് വഴിവെക്കുന്നതെങ്ങനെ? മേല്പറഞ്ഞ കാരണങ്ങളോരോന്നും നമ്മുടെയുള്ളില്‍ എവിടെയൊക്കെ എന്തൊക്കെ പ്രശ്നങ്ങളുണ്ടാക്കിയാണ് വിഷാദത്തിന്‍റെ ലക്ഷണങ്ങള്‍ സൃഷ്ടിക്കുന്നത്? ഇനി അത്തരം കാര്യങ്ങളുടെ ഒരു വിശദമായ പരിശോധനയാവാം.
ഉള്‍മുറിവുകള്‍ പഴുത്തുവിങ്ങുമ്പോള്‍
നമ്മുടെ ശരീരത്തില്‍ വല്ല രോഗാണുക്കളും കയറിയാല്‍ കൂട്ടമണി മുഴക്കി ആ വിവരം അവയെ നശിപ്പിക്കാന്‍ സജ്ജരാക്കിയിട്ടുള്ള കോശങ്ങളെയെല്ലാം അറിയിക്കുന്നത് സൈറ്റോകൈനുകള്‍ എന്ന തന്മാത്രകളാണ്. കോശങ്ങളെ വിവരങ്ങള്‍ കൈമാറാന്‍ സഹായിക്കുന്ന ബ്ലൂടൂത്തുകളായി വര്‍ത്തിക്കുകയാണ് സൈറ്റോകൈനുകളുടെ ജോലി. രോഗാണുക്കളോടുള്ള ഇവയുടെ പ്രതികരണം അതിരുവിടുമ്പോഴാണ് നമ്മുടെ മുറിവുകള്‍ അമിതമായി പഴുക്കുന്നത്.
നാം സംഘര്‍ഷജനകമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോഴും ഇവ ഉത്തേജിപ്പിക്കപ്പെടുന്നുണ്ട്. വിഷാദരോഗികളുടെ രക്തത്തില്‍ ചില സൈറ്റോകൈനുകളുടെ അളവ് പതിവിലും കൂടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട്. നമ്മുടെയൊക്കെ തലച്ചോറുകളില്‍ സൈറ്റോകൈനുകള്‍ കോശങ്ങളെ പരസ്പരം മിണ്ടാന്‍ സഹായിക്കുകയും അവയുടെ വികാസത്തെ തുണക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇവയുടെ അമിതസാന്നിദ്ധ്യം കാലക്രമത്തില്‍ മസ്തിഷ്കകോശങ്ങളുടെ സ്വാഭാവികനാശം ദ്രുതഗതിയിലാകാനും സമീപകലകളുമായുള്ള അവയുടെ ആശയവിനിമയം താറുമാറാകാനുമൊക്കെ ഇടയാക്കുന്നുണ്ട്. ഈ കുഴപ്പങ്ങളുടെ അനന്തരഫലമായാണ് ചില രോഗികളിലെങ്കിലും വിഷാദം മുളപൊട്ടുന്നത്. ബെയ്സല്‍ ഗാന്‍ഗ്ലിയ, സിങ്കുലേറ്റ് കോര്‍ട്ടെക്സ് എന്നീ മസ്തിഷ്കഭാഗങ്ങളില്‍ സൈറ്റോകൈനുകള്‍ കുമിഞ്ഞുകൂടുന്നതാണ് യഥാക്രമം ക്ഷീണം, ഉത്ക്കണ്ഠ എന്നീ പ്രശ്നങ്ങള്‍ക്കു നിമിത്തമാകുന്നത്.
രസംകൊല്ലികളാവുന്ന നാഡീരസങ്ങള്‍
നമ്മുടെ വിശപ്പും ഉറക്കവും ഉന്മേഷവുമൊക്കെ തലച്ചോറിന്‍റെ നിയന്ത്രണത്തിലാണ്. ഇവയൊക്കെ തടസ്സമില്ലാതെ നടന്നുപോകാന്‍ മസ്തിഷ്കകോശങ്ങള്‍ തമ്മില്‍ കുറ്റമറ്റ ആശയവിനിമയം അത്യാവശ്യമാണ്. ഒരു കോശം സ്രവിപ്പിക്കുന്ന നാഡീരസങ്ങളെ അടുത്ത കോശം യഥാവിധി ആഗിരണം ചെയ്യുമ്പോഴാണ് ഈ ആശയവിനിമയം സാദ്ധ്യമാവുന്നത്. സിറോട്ടോണിന്‍, നോറെപ്പിനെഫ്രിന്‍, ഡോപ്പമിന്‍ എന്നീ രസങ്ങളെയുപയോഗിച്ച് ആശയവിനിമയം നടത്തുന്ന ചില നാഡീപഥങ്ങളാണ് വിഷാദത്തില്‍ നിലംപരിശാകുന്ന വിവിധ ശരീരപ്രക്രിയകളെയും സ്വഭാവസവിശേഷതകളെയും നിയന്ത്രിക്കുന്നത് (ചിത്രം 1). വിഷാദത്തില്‍ ഇവ മൂന്നിന്‍റെയും അളവ് കുറഞ്ഞുപോകുന്നുണ്ട്.
വിഷാദം പാരമ്പര്യമായി ലഭിക്കുന്നവരില്‍ ജനിതകവൈകല്യങ്ങളാവാം നാഡീരസങ്ങളുടെ ഈ ദൌര്‍ലഭ്യത്തിനു കാരണമാകുന്നത്. നാഡീരസങ്ങളുടെ ഉത്പാദനവുമായി ബന്ധപ്പെട്ട പ്രക്രിയകളില്‍ പല പ്രോട്ടീനുകള്‍ക്കും പങ്കുണ്ട്. ആ പ്രോട്ടീനുകളെ നിയന്ത്രിക്കുന്ന ജീനുകള്‍ക്കു പരമ്പരാഗതമായിക്കിട്ടുന്ന ചില വൈകല്യങ്ങളാവാം നാഡീരസനിര്‍മാണങ്ങളെ ഇങ്ങനെ താറുമാറാക്കുന്നത്.
ജീവിതദുര്‍ഘടങ്ങള്‍ വിഷാദത്തിലേക്കു തള്ളിവിടുന്നവരിലാവട്ടെ, നേരത്തേപറഞ്ഞ സൈറ്റോകൈനുകളാണു പ്രശ്നകാരികളാകുന്നത്. സൈറ്റോകൈനുകള്‍ക്ക് നാഡീരസങ്ങളുടെ ഉത്പാദനം മന്ദീഭവിപ്പിക്കാനും, സ്രവിപ്പിച്ച കോശത്തിലേക്കു തന്നെയുള്ള അവയുടെ പുനരാഗിരണം ത്വരിതപ്പെടുത്തി ബാക്കി കോശങ്ങള്‍ക്കുള്ള അവയുടെ ലഭ്യത കുറക്കാനും കഴിവുണ്ട്.
ഉണങ്ങിച്ചുരുളുന്ന ഓര്‍മച്ചെപ്പുകള്‍
ഹിപ്പോകാമ്പസ് എന്ന ഭാഗത്ത് പുത്തന്‍കോശങ്ങള്‍ ജന്മമെടുക്കുകയും നിലവിലുള്ള കോശങ്ങള്‍ തമ്മില്‍ പുതിയ കെട്ടുപാടുകള്‍ രൂപപ്പെടുകയും ചെയ്യുമ്പോഴാണ് നമുക്ക് ഓരോ കാര്യങ്ങള്‍ പഠിക്കാനും ഓര്‍മയില്‍ നിര്‍ത്താനും കഴിയുന്നത്. ഈ പ്രക്രിയകള്‍ സാദ്ധ്യമാക്കുന്നത് നാഡീപോഷകങ്ങള്‍ എന്ന തന്മാത്രകളാണ്. വിഷാദരോഗികളില്‍ സൈറ്റോകൈനുകള്‍ ഈ നാഡീപോഷകങ്ങളുടെ ഉത്പാദനത്തെയും അതുവഴി ഹിപ്പോകാമ്പസിലെ കോശനിര്‍മാണങ്ങളെയും തടസ്സപ്പെടുത്തുകയും, അങ്ങിനെ ഹിപ്പോകാമ്പസ് പതിവിലും ചെറുതായിത്തീരുകയും ചെയ്യുന്നുണ്ട്. ഈ സംഭവവികാസങ്ങളാണ് വിഷാദത്തില്‍ ഓര്‍മശക്തി കുറയാനും പുതിയ സാഹചര്യങ്ങളോടു പൊരുത്തപ്പെടാനുള്ള കഴിവു ദുര്‍ബലമാവാനും ഇടയാക്കുന്നത്.
ചൂടുവെള്ളത്തില്‍ വീണ പൂച്ച…
പ്രതികൂലസാഹചര്യങ്ങളില്‍ അകപ്പെടുമ്പോള്‍ നമ്മുടെയുള്ളില്‍ കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ സ്രവിക്കപ്പെടുന്നുണ്ട്. നാം എങ്ങനെയെങ്കിലും രക്ഷപ്പെട്ടോട്ടെ എന്നു കരുതി അതിനാവശ്യമായ ഗ്ലൂക്കോസ് രക്തത്തില്‍ ലഭ്യമാക്കാനാണ് ശരീരം ഇങ്ങിനെ ചെയ്യുന്നത്. വെള്ളം തിളച്ചുകഴിയുമ്പോള്‍ ചില കെറ്റിലുകള്‍ സ്വയം ഓഫാകുന്നതു പോലെ രക്തത്തില്‍ കോര്‍ട്ടിസോളിന്‍റെ അളവ് നിശ്ചിതപരിധിയില്‍ കവിയുമ്പോള്‍ ഹിപ്പോകാമ്പസിലെ ചില സെന്‍സറുകള്‍ അതു തിരിച്ചറിയുകയും കോര്‍ട്ടിസോള്‍നിര്‍മാണം തല്‍ക്കാലത്തേക്കു നിര്‍ത്തിവെപ്പിക്കുകയും ചെയ്യുന്നുണ്ട്.
എന്നാല്‍ വിഷാദബാധിതരില്‍ രോഗാരംഭത്തിനു മുമ്പുപോലും ഈ പ്രക്രിയയില്‍ പല പാകപ്പിഴകളും ദൃശ്യമാണ്. രക്തത്തില്‍ പതിവിലും കൂടുതല്‍ കോര്‍ട്ടിസോള്‍ കാണപ്പെടുക, മുമ്പിലുള്ള പ്രശ്നത്തിന്‍റെ ഗൌരവം ആവശ്യപ്പെടുന്നതിലും കൂടുതല്‍ കോര്‍ട്ടിസോള്‍ സ്രവിക്കപ്പെടുക, ഹിപ്പോകാമ്പസിലെ സെന്‍സറുകള്‍ വേണ്ടത്ര പ്രവര്‍ത്തനക്ഷമമല്ലാതിരിക്കുക എന്നിവ ഉദാഹരണങ്ങളാണ്. ഈ അനര്‍ത്ഥങ്ങളൊക്കെ വരുത്തിവെക്കുന്നതും സൈറ്റോകൈനുകള്‍ ആണെന്നാണു സൂചന. ചെറിയ പ്രതിസന്ധികള്‍ പോലും ചില വിഷാദരോഗികളെ വല്ലാതെ വിറപ്പിച്ചുകളയുന്നത് കോര്‍ട്ടിസോള്‍ ഇങ്ങനെ ക്രമാതീതമായി തുള്ളിക്കൊരുകുടംവെച്ച് പെയ്യുന്നതു കൊണ്ടാണ്.
കോര്‍ട്ടിസോളിന്‍റെ കുത്തൊഴുക്ക് നാഡീപോഷകങ്ങളെ തടസ്സപ്പെടുത്തി ഹിപ്പോകാമ്പസ്കോശങ്ങളെ തകര്‍ക്കുകയും അങ്ങിനെ വിഷാദത്തിനു വഴിയൊരുക്കുകയും ചെയ്യുന്നുണ്ട്. ഇക്കൂട്ടത്തില്‍ ഹിപ്പോകാമ്പസിലെ സെന്‍സറുകളും നശിച്ചുപോകുന്നത് കോര്‍ട്ടിസോള്‍നിര്‍മാണത്തിന്‍മേല്‍ തലച്ചോറിനുള്ള നിയന്ത്രണവും നഷ്ടമാക്കുന്നുണ്ട്. നിയന്ത്രണംവിട്ട് വീണ്ടുമുയരുന്ന കോര്‍ട്ടിസോളിന്‍റെ അളവ് അവശേഷിക്കുന്ന ഹിപ്പോകാമ്പസിനെയും ദ്രവിപ്പിക്കുന്നത് വിഷാദം ചികിത്സക്കു വഴങ്ങാതാകാനും, ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രത്യക്ഷപ്പെടാനും, ഒരിക്കലും വിട്ടുമാറാതെ ചിരസ്ഥായിയായിത്തീരാനുമൊക്കെ നിമിത്തമാകാറുമുണ്ട്. അസുഖം അധികം പഴകുന്നതിനു മുമ്പേ ചികിത്സയെടുക്കുന്നത് പടിപടിയായുള്ള ഈ അധപതനത്തിനു തടയിടാന്‍ സഹായിക്കും എന്നും സൂചനകളുണ്ട്.
നാഥനില്ലാക്കളരിയിലെ അഴിഞ്ഞാട്ടങ്ങള്‍
നമ്മുടെ വികാരവിചാരങ്ങളെ ഉത്പാദിപ്പിക്കുകയും നിയന്ത്രിച്ചുനിര്‍ത്തുകയും ചെയ്യുന്നത് പ്രീഫ്രോണ്ടല്‍ കോര്‍ട്ടക്സ് (പി.എഫ്.സി.), ലിംബിക് വ്യൂഹം എന്നീ മസ്തിഷ്കഭാഗങ്ങളും അവയെ കൂട്ടിയിണക്കുന്ന നാഡീപഥങ്ങളും ആണ്. ഈയൊരു ക്രമീകരണത്തിന്‍റെ ഘടകഭാഗങ്ങള്‍ തമ്മിലുള്ള സന്തുലനം പലവക കാരണങ്ങളാല്‍ അലങ്കോലമാകുന്നതാണ് ആത്യന്തികമായി വിവിധ വിഷാദലക്ഷണങ്ങള്‍ക്കു കളമൊരുക്കുന്നത്.
തലച്ചോറിന്‍റെ ഏറ്റവും മുന്‍ഭാഗത്തായാണ് പി.എഫ്.സി. നിലകൊള്ളുന്നത് (ചിത്രം 2). ഇതിന്‍റെ ഉള്‍ഭാഗം ആക്രമണോത്സുകത, ലൈംഗികത, ഭക്ഷണകാര്യങ്ങള്‍ എന്നിവയുടെയും; താഴ്ഭാഗം വികാരപ്രകടനങ്ങള്‍, സാമൂഹ്യഇടപെടലുകള്‍ എന്നിവയുടെയും; പുറംഭാഗം പ്രശ്നപരിഹാരശേഷി, ചിന്താശക്തി എന്നിവയുടെയും കാര്യങ്ങളാണു നോക്കിനടത്തുന്നത്. പുറംലോകത്തുനിന്ന് നാം സമാഹരിക്കുന്ന സങ്കീര്‍ണ്ണമായ വിവരങ്ങള്‍ക്കനുസൃതമായി നമ്മുടെ വികാരങ്ങളെയും ഉള്‍പ്രേരണകളെയും രൂപപ്പെടുത്തുന്നത് പി.എഫ്.സി.യാണ്.
വിഷാദത്തില്‍ ഹിപ്പോകാമ്പസിനെപ്പോലെ പി.എഫ്.സി.യും ചുരുങ്ങിപ്പോവുന്നുണ്ട്. പി.എഫ്.സി.യുടെ പുറംഭാഗത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നതാണ് വിഷാദബാധിതരില്‍ ചിന്തയും പെരുമാറ്റങ്ങളും മന്ദഗതിയിലാകാനും ആസ്വാദനശേഷികള്‍ ദുര്‍ബലമാകാനും ഇടയാക്കുന്നത്. നാഡീരസങ്ങളുടെയും കോര്‍ട്ടിസോളിന്‍റെയും അളവുകളില്‍ വരുന്ന വ്യതിയാനങ്ങളും അടിസ്ഥാനപരമായി പി.എഫ്.സി.യിലെ പ്രശ്നങ്ങളുടെ അനുരണനങ്ങളാണ്. എന്നാല്‍ പി.എഫ്.സി. എന്തുകൊണ്ട് ചുരുങ്ങിപ്പോകുന്നു എന്നതിന്‍റെ ഉള്ളുകള്ളികള്‍ ശാസ്ത്രജ്ഞര്‍ക്ക് ഇതുവരെ പിടികിട്ടിയിട്ടില്ല.
ലിംബിക് വ്യൂഹം സ്ഥിതിചെയ്യുന്നത് തലച്ചോറിന്‍റെ ഉള്‍ഭാഗത്തായാണ് (ചിത്രം 3). അവ്യക്തമോ വിചിത്രമോ ആയ ഭീഷണികളെ നേരിടാനും വൈകാരികകാര്യങ്ങളെ ഉള്‍ക്കൊള്ളുകയും ഓര്‍മയില്‍നിര്‍ത്തുകയും ചെയ്യാനുമൊക്കെ നമ്മെ പ്രാപ്തരാക്കുന്ന അമിഗ്ഡല, ആഹ്ലാദദായകമായ പ്രവൃത്തികളില്‍ മുഴുകുവാന്‍ നമ്മെ പ്രോത്സാഹിപ്പിക്കുന്ന സിങ്കുലേറ്റ് കോര്‍ട്ടക്സ്, നേരത്തേ നാം ഓര്‍മച്ചെപ്പ് എന്നു വിളിച്ച ഹിപ്പോകാമ്പസ് തുടങ്ങിയവ ഈ വ്യൂഹത്തിന്‍റെ ഭാഗങ്ങളാണ്.
പി.എഫ്.സി. സദാ ഒരു ചൂരലുമുയര്‍ത്തിപ്പിടിച്ചു നിലകൊള്ളുന്നതിനാലാണ് ലിംബിക് വ്യൂഹം അതിന്‍റെ വികാരപ്രകടനങ്ങളെ പാടുപെട്ട് അടക്കിയൊതുക്കി നിര്‍ത്തുന്നത്. വിഷാദത്തില്‍ പി.എഫ്.സി. ദുര്‍ബലമാകുന്നതു കൊണ്ടാണ് കിട്ടിയ അവസരം മുതലാക്കി ലിംബിക് വ്യൂഹം അച്ചടക്കംവിട്ടു പെരുമാറുന്നതും. നിരാശ, ഉത്ക്കണ്ഠ തുടങ്ങിയ ദുര്‍വികാരങ്ങള്‍ക്കു നിദാനം അമിഗ്ഡലയുടെയും സിങ്കുലേറ്റ് കോര്‍ട്ടക്സിന്‍റെയും നിയന്ത്രണംവിട്ട പെരുമാറ്റങ്ങളാണ്. ഇടതടവില്ലാത്ത ദുഷ്ചിന്തകള്‍ അമിഗ്ഡലയിലെയും അവസരോചിതമല്ലാത്ത വികാരപ്രകടനങ്ങള്‍ ഹിപ്പോകാമ്പസിലെയും ആഘോഷങ്ങളുടെ ബഹിര്‍സ്ഫുരണങ്ങളുമാണ്.
മീസോലിംബിക് പാത്ത് വേ എന്ന മറ്റൊരു നാഡീപഥമാണ് നിത്യജീവിതത്തിലെ ആഹ്ലാദവേളകളുടെ ആനന്ദം നമുക്ക് അനുഭവവേദ്യമാക്കുന്നത്. ഇതില്‍ വരുന്ന തകരാറുകളാണ് ഒന്നും ആസ്വദിക്കാനാവായ്ക, ഒന്നിലും ഉത്സാഹമില്ലായ്ക, ഊര്‍ജസ്വലതയില്ലായ്മ തുടങ്ങിയ വിഷാദലക്ഷണങ്ങള്‍ക്കു നിമിത്തമാകുന്നത്.
മാറ്റിവരക്കപ്പെടുന്ന തലവരകള്‍
ജനിതകഘടനയെ മാറ്റിമറിക്കാതെതന്നെ നമ്മുടെ ജീനുകള്‍ പ്രകടമാകുന്ന രീതികളില്‍ ചില വ്യതിയാനങ്ങള്‍ ഉളവാക്കാന്‍ ജീവിതസാഹചര്യങ്ങള്‍ക്കു സാധിക്കും. എപ്പിജെനിറ്റിക് വ്യതിയാനങ്ങള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. ഡി.എന്‍.എ.യെ ചുറ്റിക്കെട്ടിവെക്കുന്ന രീതിയെയും മറ്റുമാണ് ഈ വ്യതിയാനങ്ങള്‍ ബാധിക്കുന്നത്. ചിലരിലെങ്കിലും ബാല്യത്തിലെ തിക്താനുഭവങ്ങള്‍ വിഷാദത്തിനു വഴിവെക്കുന്നത് എപ്പിജെനിറ്റിക് വ്യതിയാനങ്ങള്‍ വഴിയാവാം. ഒരേ ജനിതകഘടനയുള്ള ഇരട്ടസഹോദരങ്ങളില്‍ ഒരാളെ മാത്രം പലപ്പോഴും വിഷാദത്തിനു കീഴടക്കാനാവുന്നതും ഇത്തരം വ്യതിയാനങ്ങള്‍ അയാളെ നിരായുധനാക്കുന്നതു കൊണ്ടാവാം.
ഏകത്വത്തില്‍ നാനാത്വം
ഇതൊക്കെ സൂചിപ്പിക്കുന്നത് വിഷാദം ചിക്കന്‍പോക്സിനെയൊക്കെപ്പോലെ ഒരു നിശ്ചിതകാരണം കൊണ്ടുണ്ടാകുന്ന ഒരൊറ്റ രോഗമല്ല; മറിച്ച് പലവിധ പ്രശ്നങ്ങള്‍ നാനാതരം ശരീരപ്രക്രിയകളെ തകിടംമറിക്കുമ്പോള്‍ സംജാതമാകുന്ന നിരവധി ലക്ഷണങ്ങളുടെ ഒരു സങ്കലനമാണ് എന്നാണ്. ചില ജീവിതദുരന്തങ്ങള്‍ സൈറ്റോകൈനുകളെയോ, ചില ജനിതകവൈകല്യങ്ങള്‍ നാഡീരസങ്ങളെയോ, ചില ശാരീരികരോഗങ്ങള്‍ ഹിപ്പോകാമ്പസിലെ സെന്‍സറുകളെയോ തകരാറിലാക്കുന്നത് വിഷാദത്തിനു വഴിവെക്കുന്നുണ്ട്. വിഷാദത്തിന്‍റെ ഇടനിലക്കാരായ ഇത്തരം ഘടകങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നവയാണ് എന്നതിനാല്‍ അവയില്‍ ഏതെങ്കിലുമൊന്നിനെ അവതാളത്തിലാക്കികൊണ്ട് ആരംഭിക്കുന്ന ഒരു പ്രശ്നം പതുക്കെയാണെങ്കിലും ബാക്കിയുള്ളവയെയും ബാധിക്കുന്നുമുണ്ട് (ചിത്രം 4).
വിഷാദവഴിയില്‍ ഒരിടത്താവളം
നിസ്സാരപ്രശ്നങ്ങളില്‍ പോലും വല്ലാതെ വിരണ്ടുപോവുക, യുക്തിരഹിതമായി മാത്രം ചിന്തിക്കുക, തീരെ ആത്മനിയന്ത്രണമില്ലാതിരിക്കുക, എല്ലാറ്റിനെയും നെഗറ്റീവായി നോക്കിക്കാണുക, എന്തിനുമേതിനും ആകുലപ്പെടുക തുടങ്ങിയ വൈകല്യങ്ങളെല്ലാം ഒന്നിച്ചുകാണപ്പെടുന്ന സ്ഥിതിവിശേഷം ന്യൂറോട്ടിസിസം എന്നറിയപ്പെടുന്നു. ഇതു ബാധിച്ചവര്‍ എല്ലായ്പ്പോഴും സങ്കടം, ഉത്ക്കണ്ഠ, ദേഷ്യം, അസൂയ, കുറ്റബോധം തുടങ്ങിയവയില്‍ ഉഴറുന്നവരായിരിക്കും. അവരുടെ മനസ്സുകള്‍ വിഷാദത്തിനു നല്ല വളക്കൂറുള്ള മണ്ണുകളുമായിരിക്കും.
വളര്‍ത്തുദോഷമോ മറ്റു ജീവിതസാഹചര്യങ്ങളോ അല്ല, മറിച്ച് ജനിതകവൈകല്യങ്ങളാണ് ഒരാളില്‍ ന്യൂറോട്ടിസിസം ജനിപ്പിക്കുന്നത്. പ്രസ്തുത വൈകല്യങ്ങളുടെ പരിണിതഫലമായി സിങ്കുലേറ്റ് കോര്‍ട്ടക്സിന്‍റെ നിയന്ത്രണത്തില്‍ നിന്ന് വിടുതി നേടുന്ന അമിഗ്ഡല തൊട്ടതിനും പിടിച്ചതിനുമൊക്കെ അമിതമായി പ്രതികരിക്കുന്നതാണ് ഇവരുടെ വികാരവിക്ഷുബ്ധതക്ക് നിദാനമാകുന്നത്. ജനിതകകാരണങ്ങളാല്‍ വിഷാദം ബാധിക്കുന്നവരില്‍ പകുതിയോളം പേരെ ആദ്യം ന്യൂറോട്ടിസിസമാണ് പിടികൂടുന്നത്.
ചികിത്സയില്‍ സംഭവിക്കുന്നത്
നിലവില്‍ ലഭ്യമായ വിഷാദമരുന്നുകള്‍ പ്രധാനമായും ചെയ്യുന്നത് വിവിധ നാഡീരസങ്ങളുടെ അളവ് പുനര്‍വര്‍ദ്ധിപ്പിക്കുകയാണ് (ചിത്രം 5). ഇതിനുപുറമെ നാഡീപോഷകങ്ങളുടെ അളവുകൂട്ടാനും, ഹിപ്പോകാമ്പസിലെ മുടങ്ങിക്കിടക്കുന്ന കോശനിര്‍മാണങ്ങളെ പുനരുത്തേജിപ്പിക്കാനും, ലിംബിക് വ്യൂഹത്തിന്മേലുള്ള നിയന്ത്രണം പി.എഫ്.സി.ക്കു തിരിച്ചുപിടിച്ചുകൊടുക്കാനുമൊക്കെ ഇവയില്‍ ചില മരുന്നുകള്‍ക്കു സാധിക്കുന്നുണ്ട്.
സൈറ്റോകൈനുകളെ നിയന്ത്രണവിധേയമാക്കുന്ന മരുന്നുകള്‍ ചില വിഷാദരോഗികളില്‍ ഫലംചെയ്യുന്നതായി കണ്ടുവരുന്നുണ്ട്. നാഡീപോഷകങ്ങളെ വിഷാദചികിത്സക്ക് ഉപയുക്തമാക്കാനുള്ള ശ്രമങ്ങള്‍ അവയെടുക്കുന്നവരില്‍ ലഹരിയുപയോഗം കൂടുന്നു എന്ന കാരണത്താല്‍ തല്‍ക്കാലം വഴിമുട്ടിനില്‍ക്കുകയാണ്. എന്നാലും ഹിപ്പോകാമ്പസ്കോശങ്ങളുടെ സംരക്ഷണവും പുനര്‍നിര്‍മാണവും ലക്ഷ്യമിട്ടുള്ള പല മരുന്നുകളും ഗവേഷണശാലകളില്‍ ഒരുങ്ങുന്നുണ്ട്.
ഇത്രയും വായിക്കുമ്പോള്‍ മരുന്നുകള്‍ മാത്രമാണോ ഇതിനൊക്കെ പരിഹാരം; കൌണ്‍സലിങ്ങ്, സൈക്കോതെറാപ്പി തുടങ്ങിയവക്ക് യാതൊരു പ്രസക്തിയുമില്ലേ എന്ന സംശയമുയരാം. മനസ്സും ശരീരവും രണ്ടാണ്, മരുന്നുകള്‍ ശരീരത്തിലും മറ്റു ചികിത്സകള്‍ മനസ്സിലുമാണ് പ്രവര്‍ത്തിക്കുന്നത് എന്നൊക്കെയുള്ള തെറ്റിദ്ധാരണകളാണ് ഇവിടെ പ്രശ്നം. രൂക്ഷമല്ലാത്ത വിഷാദങ്ങള്‍ക്ക് ഔഷധേതരചികിത്സകള്‍ മരുന്നുകളുടെയത്രതന്നെ ഫലപ്രദമാണ്. അത്തരം ചികിത്സകളും മേല്‍വിശദീകരിച്ച മസ്തിഷ്കവൈകല്യങ്ങളെ പരിഹരിക്കുന്നുമുണ്ട്. കോഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പി എന്ന സൈക്കോതെറാപ്പി പി.എഫ്.സി.യെ ഉത്തേജിപ്പിക്കുകയും വിഷാദനിവാരണത്തിനുതകുന്ന ചില എപ്പിജെനിറ്റിക് വ്യതിയാനങ്ങള്‍ സാദ്ധ്യമാക്കുകയും ചെയ്യുന്നുണ്ട്. ചില ധ്യാനനിഷ്‌ഠകള്‍ സൈറ്റോകൈനുകളുടെ അളവ് കുറക്കുന്നുമുണ്ട്. ഈ രണ്ടുകാര്യങ്ങളും നിലവിലുള്ള വിഷാദമരുന്നുകള്‍ക്ക് സാധിക്കാന്‍ കഴിയാത്തവയുമാണ്. അതുകൊണ്ടുതന്നെ ചിലരുടെയെങ്കിലും ചികിത്സകളില്‍ പരസ്പരപൂരകങ്ങളായി വര്‍ത്തിക്കാന്‍ മരുന്നുകള്‍ക്കും ഔഷധേതരചികിത്സകള്‍ക്കും സാധിക്കും.
കരളുറപ്പു നേടിയെടുക്കാം
വിഷാദത്തെ പ്രതിരോധിക്കാന്‍ നല്ല വ്യക്തിബന്ധങ്ങള്‍, ശുഭാപ്തിവിശ്വാസം, പ്രശ്നപരിഹാരശേഷി എന്നിവ സഹായകമാണ്. വിശാലമായി ചിന്തിക്കുക, ദുരനുഭവങ്ങളില്‍പ്പോലും നല്ല വശങ്ങള്‍ തേടുക തുടങ്ങിയ ശീലങ്ങള്‍ പി.എഫ്.സി.യെ ഉത്തേജിപ്പിക്കുകയും അമിഗ്ഡലയുടെ ഉന്മാദത്തെ തണുപ്പിക്കുകയും ചെയ്യുന്നുണ്ട്. പ്രശ്നങ്ങളെ നേരിട്ടു ശീലിക്കുന്നത് ഭാവിയില്‍ സമാനസന്ദര്‍ഭങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ വിഷാദം കടന്നുവരാനുപയോഗിച്ചേക്കാവുന്ന പഴുതുകളെ അടക്കും. എല്ലാറ്റിനും സ്വയം കുറ്റപ്പെടുത്തുക, വസ്തുതകളെയെല്ലാം ആത്മാഭിമാനത്തെ തകര്‍ക്കുന്ന രീതിയില്‍ ദുര്‍വ്യാഖ്യാനിക്കുക തുടങ്ങിയ ചിന്താപ്പിശകുകളെ നേരത്തേ തിരിച്ചറിഞ്ഞ് പരിഹരിക്കുന്നതും നല്ലതാണ്.
വിഷാദരോഗത്തിന് ആശ്വാസമേകുന്ന ഒട്ടനവധി മരുന്നുകളും മറ്റു ചികിത്സകളും ഇന്നു ലഭ്യമാണ്. എന്നിട്ടും രോഗബാധിതരില്‍ പകുതിയോളവും ഒരു ചികിത്സയും തേടുന്നില്ലെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. വിഷാദത്തെ അവഗണിക്കുന്നത് ബന്ധങ്ങളുടെ തകര്‍ച്ച, തൊഴില്‍നഷ്ടം, വിവാഹമോചനം, മദ്യത്തിന്‍റെയോ ലഹരിമരുന്നുകളുടെയോ ഉപയോഗം, പ്രമേഹവും ഹൃദ്രോഗവും പോലുള്ള മാരകരോഗങ്ങള്‍, ആത്മഹത്യ തുടങ്ങിയവക്ക് വഴിവെക്കാറുണ്ട്. വിഷാദചികിത്സയെക്കുറിച്ച് രോഗികളും കുടുംബാംഗങ്ങളും അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങളും ചില പതിവുസംശയങ്ങള്‍ക്കുള്ള മറുപടികളുമാണ് ഈ ലേഖനത്തിലുള്ളത്.
മരുന്നെടുക്കണോ വേണ്ടയോ
രൂക്ഷമല്ലാത്ത വിഷാദങ്ങള്‍ക്ക് മരുന്നുകള്‍ മാത്രമോ അല്ലെങ്കില്‍ ഔഷധേതരചികിത്സകള്‍ മാത്രമോ സ്വീകരിക്കാവുന്നതാണ്. മരുന്നുകള്‍ മുമ്പു ഫലം ചെയ്തിട്ടുള്ളവര്‍ക്കും, തീവ്രമായ രോഗമുള്ളവര്‍ക്കും, ദീര്‍ഘകാലചികിത്സ ആവശ്യമുള്ളവര്‍ക്കും മരുന്നുകളാണ് കൂടുതല്‍ അനുയോജ്യം. ഔഷധേതരചികിത്സകള്‍ കൊണ്ട് മുമ്പു പ്രയോജനം ലഭിച്ചിട്ടുള്ളവര്‍, തുടക്കത്തിലേ മരുന്നെടുക്കാന്‍ താല്പര്യമില്ലാത്തവര്‍, ഉടനെ ഗര്‍ഭം ധരിക്കാനുദ്ദേശിക്കുന്നവര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്നവര്‍ എന്നിവര്‍ക്ക് ഔഷധേതരചികിത്സകള്‍ തെരഞ്ഞെടുക്കാവുന്നതാണ്.
ഇനിയും ചിലര്‍ക്ക് മരുന്നുകളും ഔഷധേതരചികിത്സകളും ഒന്നിച്ചാവശ്യമായേക്കാം. അതികഠിനമായ വിഷാദമുള്ളവരും, ഗുരുതരമായ ജീവിതപ്രശ്നങ്ങളെ നേരിടുന്നവരും, വ്യക്തിബന്ധങ്ങളില്‍ ക്ലേശതയനുഭവിക്കുന്നവരും, കടുത്ത അന്തസംഘര്‍ഷങ്ങള്‍ സഹിക്കുന്നവരും, വ്യക്തിത്വവൈകല്യങ്ങളുള്ളവരും, നിശ്ചിതകാലം മരുന്നുകളോ ഔഷധേതരചികിത്സകളോ എടുത്തിട്ടും തക്കഫലം കിട്ടാത്തവരുമൊക്കെ ഈ ഗണത്തില്‍പ്പെടുന്നു. മരുന്നുകളെപ്പറ്റി അമിതമായ ആശങ്കകളുള്ളവര്‍ക്ക് അവ ദൂരീകരിക്കാനുതകുന്ന കൌണ്‍സലിങ്ങുകള്‍ വേണ്ടിവന്നേക്കാം.
ഏതു ചികിത്സാരീതി തെരഞ്ഞെടുക്കുന്നവരും വിഷാദത്തിനു പിന്നില്‍ മറ്റു ശാരീരികപ്രശ്നങ്ങളൊന്നുമില്ല എന്നുറപ്പുവരുത്താന്‍ ഒരു ഡോക്ടറുടെ മേല്‍നോട്ടത്തില്‍ തക്ക പരിശോധനകള്‍ക്കു വിധേയരാകുന്നത് നല്ലതാണ്.
മരുന്നുകളെപ്പറ്റി ചിലത്
മരുന്നു തുടങ്ങി ഒന്നുരണ്ടാഴ്ച കഴിഞ്ഞുമാത്രമാണ് അവയുടെ ഗുണഫലങ്ങള്‍ ദൃശ്യമാവുക.
മരുന്നുകള്‍ ഉപയോഗിക്കുന്നവരില്‍ ഏകദേശം നാലില്‍ മൂന്നുപേര്‍ക്ക് ആശ്വാസം കിട്ടാറുണ്ട്. തീവ്രമായ വിഷാദമുള്ളവര്‍ക്കാണ് മരുന്നുകള്‍ കൂടുതല്‍ ഫലംചെയ്യുന്നത്. ലഭ്യമായ മരുന്നുകള്‍ തമ്മില്‍ കാര്യശേഷിയുടെ കാര്യത്തില്‍ വലിയ വ്യത്യാസങ്ങളില്ല. ഒരു രോഗിക്ക് ഏതു മരുന്നു കൊടുക്കണമെന്ന് നിശ്ചയിക്കുന്നത് വില, പാര്‍ശ്വഫലങ്ങള്‍, മുമ്പ് ഏതു മരുന്നുകള്‍ ഫലിച്ചിട്ടുണ്ട്, രോഗിയുടെ താല്പര്യം, അയാള്‍ ഉപയോഗിക്കുന്ന മറ്റു മരുന്നുകളുമായുള്ള ചേര്‍ച്ച തുടങ്ങിയവ പരിഗണിച്ചാണ്.
മരുന്നു തുടങ്ങി ഒന്നുരണ്ടാഴ്ച കഴിഞ്ഞുമാത്രമാണ് അവയുടെ ഗുണഫലങ്ങള്‍ ദൃശ്യമാവുക. വിഷാദം വല്ലാതെ പഴകിയവര്‍ക്കും മറ്റു രോഗങ്ങളുള്ളവര്‍ക്കും ഇതു പിന്നെയും വൈകിയേക്കാം. മരുന്ന് ഫലംചെയ്യുന്നുണ്ടോ, പാര്‍ശ്വഫലങ്ങള്‍ തലപൊക്കുന്നുണ്ടോ എന്നൊക്കെ നിരീക്ഷിക്കാന്‍ ആദ്യത്തെ ഒന്നൊന്നര മാസക്കാലം അടുപ്പിച്ചുള്ള ഫോളോഅപ്പുകള്‍ അത്യാവശ്യമാണ്.
പാര്‍ശ്വഫലങ്ങള്‍: നാട്ടറിവും വസ്തുതകളും
“കിഡ്നി കേടാക്കും”, “തുടങ്ങിയാല്‍പ്പിന്നെ നിര്‍ത്താനേ പറ്റില്ല”, “എല്ലാം വെറും ഉറക്കഗുളികകളാണ്” എന്നിങ്ങനെ ഒട്ടേറെ തെറ്റിദ്ധാരണകള്‍ വിഷാദമരുന്നുകളെപ്പറ്റി നമ്മുടെ നാട്ടിലുണ്ട്.
ഇപ്പോള്‍ ഉപയോഗത്തിലുള്ള മരുന്നുകളില്‍ ഒന്നുപോലും കിഡ്നിയെ ബാധിക്കുന്നില്ല. മറ്റു പാര്‍ശ്വഫലങ്ങളുടെ കാര്യത്തിലും കഴിഞ്ഞ പത്തിരുപതു വര്‍ഷങ്ങള്‍ക്കിടയില്‍ അവതരിപ്പിക്കപ്പെട്ട മരുന്നുകള്‍ അവയുടെ മുന്‍ഗാമികളെക്കാള്‍ സുരക്ഷിതമാണ്. എന്നാല്‍ ഇവക്കും മറ്റേതൊരു രോഗത്തിനുള്ള മരുന്നുകളെയുംപോലെ അവയുടേതായ പാര്‍ശ്വഫലങ്ങള്‍ തീര്‍ച്ചയായുമുണ്ട്. അവയെല്ലാംതന്നെ തക്കസമയത്ത് ഡോക്ടറെ ബന്ധപ്പെടുക വഴി പരിഹരിച്ചെടുക്കാവുന്നവയുമാണ്. ഡോസ് കുറച്ചോ, മരുന്നു മാറ്റിയോ, പാര്‍ശ്വഫലങ്ങളെ നിയന്ത്രിക്കാനുള്ള വല്ല മരുന്നുകളും കുറിച്ചോ ഒക്കെ പ്രശ്നത്തിന് ആശ്വാസം തരാന്‍ ഡോക്ടര്‍ക്കു പറ്റും.
ഏറെനാളായി കഴിച്ചുകൊണ്ടിരുന്ന ഒരു മരുന്ന് ഒറ്റയടിക്കു നിര്‍ത്തുമ്പോള്‍ ചില വൈഷമ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടേക്കാം. മരുന്നു വഴി കിട്ടിക്കൊണ്ടിരുന്ന സംരക്ഷണം പെട്ടെന്നു മുടങ്ങുമ്പോള്‍ തലച്ചോറില്‍ നിന്നുണ്ടാകുന്ന ചില പ്രതികരണങ്ങള്‍ മാത്രമാണിവ. ഏറിയാല്‍ ഒന്നുരണ്ടാഴ്ചയേ ഇവ നീണ്ടുനില്‍ക്കൂ. മരുന്ന്‍ പൊടുന്നനെ നിര്‍ത്താതെ ഡോസ് അല്പാല്പമായി കുറച്ചുകൊണ്ടു വരുന്നത് ഈ വൈഷമ്യങ്ങളെ തടയാന്‍ സഹായിക്കും. ഇതല്ലാതെ മരുന്നിനോട് അമിതമായ ആസക്തിയോ നിയന്ത്രണം നഷ്ടപ്പെട്ട് കൂടുതല്‍ക്കൂടുതല്‍ മരുന്നെടുക്കാനുള്ള പ്രവണതയോ ഒരിക്കലും രൂപപ്പെടുന്നില്ല എന്നതിനാല്‍ മരുന്നിന് “അഡിക്ഷനാവും” എന്ന ആശങ്ക അടിസ്ഥാനരഹിതമാണ്.
വിഷാദം ഒരിക്കല്‍ വിരുന്നുവന്നാല്‍ നാലു തൊട്ട് ഒമ്പതു മാസങ്ങള്‍ വരെ കഴിഞ്ഞേ തിരിച്ചുപോകൂ. അതുകൊണ്ടുതന്നെ മരുന്നിന്‍റെ സഹായത്തോടെ വിഷാദത്തെ ഓടിച്ചുവിടുന്നവര്‍ അത്രയും മാസങ്ങള്‍ ചികിത്സ തുടരുന്നത് പോയ വിഷാദം പെട്ടെന്നു തിരിച്ചുവരാതിരിക്കാന്‍ സഹായിക്കും. ഭൂരിഭാഗം രോഗികള്‍ക്കും ഈയൊരു കാലയളവിനു ശേഷം മരുന്ന് നിര്‍ത്താന്‍ പറ്റാറുണ്ട്. ഭാഗികമായ ആശ്വാസം മാത്രം കിട്ടിയവര്‍ക്കും പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ജീവിതപ്രശ്നങ്ങള്‍ ബാക്കിയുള്ളവര്‍ക്കും ചിലപ്പോള്‍ പിന്നെയും കുറച്ചുകാലം കൂടി മരുന്നു തുടരേണ്ടിവന്നേക്കാം.
വിഷാദം ഒരിക്കല്‍ പിടിപെട്ടവരില്‍ നാലില്‍ മൂന്നുപേര്‍ക്ക് അത് ഭാവിയില്‍ വീണ്ടും വരാം. ചെറുപ്രായത്തിലേ രോഗം തുടങ്ങുന്നവര്‍ക്കും വിഷാദത്തിന്‍റെ ശക്തമായ കുടുംബപാരമ്പര്യമുള്ളവര്‍ക്കുമാണ് ഈ സാദ്ധ്യത കൂടുതലുള്ളത്. ഇങ്ങിനെയുള്ളവര്‍ക്ക്, അവര്‍ക്കു താല്പര്യമുണ്ടെങ്കില്‍, ദീര്‍ഘകാലത്തേക്ക് മരുന്നുകളെടുക്കാവുന്നതാണ്. ഇതിനുപുറമെ രണ്ടില്‍ക്കൂടുതല്‍ തവണ രോഗം വന്നവരും, വിഷാദം ഏറെക്കാലം വിട്ടുമാറാതെ നിന്നവരും, മാനസികമോ ശാരീരികമോ ആയ മറ്റു രോഗങ്ങള്‍ കൂടിയുള്ളവരും അനിശ്ചിതകാലത്തേക്ക് ചികിത്സയെടുക്കുന്നതാവും നല്ലത്. എന്നാലും ഇവര്‍ക്കൊക്കെപ്പോലും അസുഖം ആവര്‍ത്തിക്കാനുള്ള സാദ്ധ്യത ബോദ്ധ്യപ്പെട്ട ശേഷവും സ്ഥിരമായി മരുന്നു കഴിക്കാന്‍ താല്പര്യമില്ല എന്നു തീരുമാനിക്കാനും കഴിച്ചുകൊണ്ടിരിക്കുന്ന മരുന്ന് പതിയെ അളവുകുറച്ചുകൊണ്ടുവന്ന് നിര്‍ത്താനും തടസ്സങ്ങളൊന്നുമില്ല.
പാര്‍ശ്വഫലങ്ങളെക്കുറിച്ചുള്ള ആശങ്ക മൂലം മരുന്നില്ലാത്ത ചികിത്സകള്‍ മാത്രം മതി എന്നു തീരുമാനിക്കുന്നവരുണ്ട്. എന്നാല്‍ ഔഷധേതരചികിത്സകള്‍ കൊണ്ടും അവയുടേതായ പ്രശ്നങ്ങള്‍ വരാം. ഏറെ ക്ഷമയും ഏകാഗ്രതയും സമയവും ആവശ്യപ്പെടുന്ന പല ചികിത്സാരീതികളും ചില രോഗികള്‍ക്കെങ്കിലും താങ്ങാനാവാറില്ല. ജീവിതപ്രശ്നങ്ങളെയും അന്തസംഘര്‍ഷങ്ങളെയുമൊക്കെക്കുറിച്ചുള്ള മനസ്സുതുറന്ന ദീര്‍ഘമായ ചര്‍ച്ചകള്‍ സൃഷ്ടിക്കുന്ന കടുത്ത ഉത്ക്കണ്ഠയും മറ്റു തീവ്രവികാരങ്ങളും ചിലരിലെങ്കിലും വിപരീതഫലം സൃഷ്ടിക്കാറുമുണ്ട്.
തീണ്ടാപ്പാടകലെയൊരു പാവം ‘ഷോക്ക്തെറാപ്പി’
സിനിമകളും മറ്റും സൃഷ്ടിച്ച അപഖ്യാതി കാരണം അന്യംനിന്നുപോയിക്കൊണ്ടിരിക്കുന്ന ഫലപ്രദവും സുരക്ഷിതവുമായ ഒരു ചികിത്സാരീതിയാണ് ‘ഷോക്ക്തെറാപ്പി’ എന്നു വിളിക്കപ്പെടുന്ന ഇലക്ട്രോകണ്‍വല്‍സീവ് തെറാപ്പി (ഇ.സി.റ്റി.). അതികഠിനമായ വിഷാദമുള്ളവര്‍ക്കും, ആത്മഹത്യോന്മുഖത, ഭക്ഷണത്തോടുള്ള വിമുഖത തുടങ്ങിയ ജീവാപായസാദ്ധ്യതയുള്ള ലക്ഷണങ്ങളുള്ളവര്‍ക്കും, മറ്റു രോഗങ്ങള്‍ മൂലം മരുന്നുകള്‍ നിഷിദ്ധമായവര്‍ക്കും, ബാക്കി ചികിത്സകളൊക്കെ പരാജയപ്പെട്ടവര്‍ക്കുമെല്ലാം ഇ.സി.റ്റി. ഉത്തമമാണ്. ഇ.സി.റ്റി കിട്ടുന്നവരില്‍ എഴുപതുമുതല്‍ തൊണ്ണൂറുവരെ ശതമാനം രോഗികള്‍ക്ക് ശമനം ലഭിക്കുന്നുണ്ട് - മറ്റൊരു വിഷാദചികിത്സക്കും ഇത്രയും വിജയശതമാനം അവകാശപ്പെടാനാവില്ല. അനസ്തീഷ്യക്കു ശേഷമാണ് ഇ.സി.റ്റി. ലഭ്യമാക്കുന്നത് എന്നതിനാല്‍ സിനിമകളില്‍ കാണിക്കുന്ന പോലെ ചികിത്സക്കിടയില്‍ രോഗി അലമുറയിടുകയോ കൈകാലിട്ടടിക്കുകയോ ചെയ്യുകയില്ല.
കൌണ്‍സലിങ്ങോ സൈക്കോതെറാപ്പിയോ?
മരുന്നില്ലാത്ത ചികിത്സകള്‍ തേടുന്നവര്‍ കൌണ്‍സലിങ്ങും സൈക്കോതെറാപ്പിയും തമ്മിലുള്ള വ്യത്യാസം അറിഞ്ഞിരിക്കേണ്ടതുണ്ട്. കൌണ്‍സലിങ്ങിന്‍റെ പ്രധാന കര്‍ത്തവ്യം ഒരു നിശ്ചിത വൈഷമ്യത്തെയോ സാഹചര്യത്തെയോ തരണംചെയ്യാന്‍ ഒരാളെ സഹായിക്കുക എന്നതാണ്. സൈക്കോതെറാപ്പികളാകട്ടെ, ഏറേനാളായി സഹിക്കുന്ന ബുദ്ധിമുട്ടുകളുടെ അടിവേരുകളെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ നേടാനും അവയെ പിഴുതുകളയാനും രോഗികളെ പ്രാപ്തരാക്കുകയാണു ചെയ്യുന്നത്. ഏതെങ്കിലും പ്രത്യേക ലക്ഷണങ്ങളെയല്ല, മറിച്ച് രോഗിയുടെ ചിന്താശൈലിയിലും ഇടപെടലുകളിലുമൊക്കെയുള്ള അടിസ്ഥാനപരമായ പിഴവുകളെയാണ് സൈക്കോതെറാപ്പികള്‍ ഉന്നംവെക്കുന്നത്. ഇവ കൌണ്‍സലിങ്ങുകളെക്കാള്‍ കൂടുതല്‍ സമയമെടുക്കുന്നവയുമാണ്.
നിര്‍ദ്ദിഷ്ടയോഗ്യതകളൊന്നുമില്ലാത്ത പലരും പരസഹായകാംക്ഷയുടെയും മറ്റും പേരില്‍ കൌണ്‍സിലര്‍മാരായി പ്രവര്‍ത്തിക്കുന്നുണ്ട്. കൂടുതല്‍ സങ്കീര്‍ണങ്ങളായ സൈക്കോതെറാപ്പികള്‍ ലഭ്യമാക്കാന്‍ പക്ഷേ കുറച്ചുകൂടെ യോഗ്യതയും പരിശീലനവും വൈദഗ്ദ്ധ്യവും ആവശ്യമാണ്. എന്നിരിക്കിലും ഇവ രണ്ടിലുമേതാണു കിട്ടുന്നത് എന്നതല്ല, മറിച്ച് രോഗിയും ചികിത്സകനും തമ്മില്‍ നല്ലൊരു ബന്ധം രൂപപ്പെടുന്നുണ്ടോ എന്നതാണ് രോഗശമനത്തിനു കൂടുതല്‍ പ്രസക്തം.
കോഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പി, ഇന്‍റര്‍പേഴ്സണല്‍ തെറാപ്പി, മൈന്‍ഡ്ഫുള്‍നസ്സ് മെഡിറ്റേഷന്‍ തുടങ്ങിയ സൈക്കോതെറാപ്പികള്‍ വിഷാദത്തില്‍ ഫലപ്രാപ്തി തെളിയിച്ചിട്ടുണ്ട്. ഇവയുടെയെല്ലാം കാര്യശേഷി ഏകദേശം തുല്യവുമാണ്. ചികിത്സ അവസാനിപ്പിച്ചതിനു ശേഷവും നിലനില്‍ക്കുന്ന ഗുണഫലങ്ങള്‍ തരുന്ന കാര്യത്തില്‍ ഇവയെല്ലാം മരുന്നുകളെക്കാള്‍ മുന്നിലാണ്. എന്നാല്‍ ഒന്നോരണ്ടോ മാസങ്ങള്‍ ഇവയിലേതെങ്കിലും ശ്രമിച്ചുനോക്കിയിട്ട് പ്രയോജനമൊന്നും കാണുന്നില്ലെങ്കില്‍ മറ്റൊരു തെറാപ്പിയിലേക്കു മാറുകയോ മരുന്നുകള്‍ പരിഗണിക്കുകയോ ചെയ്യേണ്ടതുണ്ട്.
ചില കൌണ്‍സിലര്‍മാര്‍ വിഷാദചികിത്സയില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഒരു മാര്‍ഗമാണ് റിലാക്സേഷന്‍ വ്യായാമങ്ങള്‍. ഒരു ചികിത്സയും എടുക്കാതിരിക്കുന്നതിലും നല്ലത് ഇവയെങ്കിലും സ്വീകരിക്കുന്നതാണെങ്കിലും ഇത്തരം വ്യായാമങ്ങള്‍ സൈക്കോതെറാപ്പികളുടെയത്ര ഫലപ്രദമല്ല എന്നും, മരുന്നുകളോടുള്ള അനിഷ്ടം മൂലം ഇവ തെരഞ്ഞെടുക്കുന്നവര്‍ നിശ്ചിതസമയത്തിനുള്ളില്‍ ഫലം ദൃശ്യമാകുന്നില്ലെങ്കില്‍ സൈക്കോതെറാപ്പികളിലേക്കു മാറുകയാവും നല്ലത് എന്നുമാണ് ചികിത്സാരീതികളുടെ കാര്യശേഷിയുടെ വിഷയത്തില്‍ അവസാനവാക്കായ കോക്രെയ്ന്‍ കൊളാബറേഷന്‍റെ അനുമാനം.
വിഷാദകാലേ വിപരീതബുദ്ധി
തക്കപരിശീലനം ലഭിച്ച ചികിത്സകര്‍ ഏറ്റവുമുള്ള സൈക്കോതെറാപ്പി നമ്മുടെ നാട്ടില്‍ കോഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പി (സി.ബി.റ്റി.) ആണ്. വരുംകാലത്തെയും പുറംലോകത്തെയും തന്നെത്തന്നെയുമൊക്കെക്കുറിച്ച് യുക്തിരഹിതമായ വിശ്വാസങ്ങളും അനാരോഗ്യകരമായ മനോഭാവങ്ങളും വെച്ചുപുലര്‍ത്തുന്നതാണ് വിഷാദം ആവിര്‍ഭവിക്കുന്നതിനും ചിരപ്രതിഷ്ഠ നേടുന്നതിനും വഴിവെക്കുന്നത് എന്നാണ് സി.ബി.റ്റി.യുടെ അടിസ്ഥാനതത്വം. (ഏറെനാള്‍ നീണ്ടുനിന്ന വിഷാദത്തിന്‍റെ മിക്ക ലക്ഷണങ്ങള്‍ക്കും കുറച്ചുദിവസത്തെ ചികിത്സകൊണ്ട് നല്ല ആശ്വാസം ലഭിച്ചിട്ടും മുഖത്ത് അതിന്‍റെ തെളിച്ചമൊന്നും കാണിക്കാതിരുന്ന ഒരമ്മച്ചിയോട് അതെന്തേ അങ്ങനെ എന്നു തിരക്കിയപ്പോള്‍ കിട്ടിയ മറുപടി “ഓ, ഇതൊക്കെ അണയാന്‍ പോണ വെളക്കിന്‍റെ ആളിക്കത്തലല്ലേ?" എന്നായിരുന്നു!) ഇത്തരം വിശ്വാസങ്ങളെയും കാഴ്ചപ്പാടുകളെയും തിരിച്ചറിയാനും തള്ളിക്കളയാനും രോഗിയെ പ്രാപ്തനാക്കുകയാണ് സി.ബി.റ്റി.യുടെ രീതിശാസ്ത്രം.
പ്രതീക്ഷയേകുന്ന പുത്തന്‍സങ്കേതങ്ങള്‍
തലക്കരികെ പിടിക്കുന്ന ഒരു കോയിലില്‍ നിന്നുള്ള കാന്തികപ്രഭാവമുപയോഗിച്ച് ചില മസ്തിഷ്കകേന്ദ്രങ്ങളെ ഉത്തേജിപ്പിച്ചെടുക്കുന്ന രീതിയാണ് ട്രാന്‍സ്ക്രാനിയല്‍ മാഗ്നെറ്റിക് സ്റ്റിമുലേഷന്‍. മരുന്നുകള്‍ ഫലം ചെയ്യാത്തവരില്‍ മാത്രമാണ് ഇപ്പോഴിത് ഉപയോഗിച്ചുവരുന്നത്. ഇന്ത്യയിലെ ചില കേന്ദ്രങ്ങളിലും ഈ സൗകര്യം ലഭ്യമാണ്.
നമ്മുടെ ഭാവനില, ഉറക്കം എന്നിവയെ സ്വാധീനിക്കുന്ന വാഗസ് എന്ന ഞരമ്പിനെ നെഞ്ചിലെ തൊലിക്കടിയില്‍ പിടിപ്പിക്കുന്ന ഒരുപകരണം വഴി ഉത്തേജിപ്പിക്കുന്ന വാഗസ് നെര്‍വ് സ്റ്റിമുലേഷന്‍ എന്ന രീതി മറ്റു ചികിത്സകള്‍ പരാജയപ്പെട്ട രോഗികള്‍ക്കായി ചില വിദേശനാടുകളില്‍ ഉപയോഗിക്കുന്നുണ്ട്.
മൊബൈല്‍ഫോണ്‍ വലിപ്പത്തിലുള്ള ഒരുപകരണവും ചെവിക്കുടയിലും മറ്റും പിടിപ്പിക്കുന്ന ഇലക്ട്രോഡുകളും വെച്ച് തലച്ചോറിലേക്ക് നേരിയ വൈദ്യുതി കടത്തിവിടുന്ന രീതിയാണ് ക്രാനിയല്‍ ഇലക്ട്രോതെറാപ്പി സ്റ്റിമുലേഷന്‍. വീട്ടില്‍ വെച്ചും തുടരാവുന്ന ഈ ചികിത്സക്ക് അമേരിക്കയില്‍ ഉപയോഗാനുമതി കിട്ടിയിട്ടുണ്ട്.
അനസ്തീഷ്യക്കുപയോഗിക്കുന്ന കീറ്റമിന്‍ എന്ന ഇഞ്ചക്ഷന്‍ മറ്റു മരുന്നുകള്‍ അടിയറവു പറഞ്ഞ രോഗികളില്‍പ്പോലും ഉടനടി ശമനമുണ്ടാക്കുന്നുണ്ടെന്ന് ഈയിടെ വെളിപ്പെടുകയുണ്ടായി. ഏതാനും ദിവസങ്ങളേ ഈ ആശ്വാസം നീണ്ടുനില്‍ക്കൂ എന്ന പോരായ്മയുണ്ടെങ്കിലും ആത്മഹത്യാപ്രവണതയുള്ളവര്‍ക്കും മറ്റും കീറ്റമിന്‍ ഒരു ജീവൌഷധമായേക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം. ഈ മരുന്നിനെക്കുറിച്ചുള്ള അനേകം ഗവേഷണങ്ങള്‍ പുരോഗമിക്കുകയാണ്.
മറ്റു ചികിത്സകള്‍ പരാജയപ്പെട്ടവര്‍ക്കുള്ള, പരീക്ഷണാടിസ്ഥാനത്തില്‍ മാത്രം നല്‍കപ്പെടുന്ന, ഒരു ചികിത്സയാണ് ഡീപ്പ് ബ്രെയ്ന്‍ സ്റ്റിമുലേഷന്‍. തലച്ചോറില്‍ നിവേശിപ്പിക്കുന്ന ഇലക്ട്രോഡുകളെ നെഞ്ചിനുള്ളില്‍ ഘടിപ്പിക്കുന്ന പേസ്മേക്കര്‍ പോലുള്ള ഒരുപകരണം കൊണ്ട് നിരന്തരം ഉത്തേജിപ്പിക്കുകയാണ് ഇതിന്‍റെ രീതി.
രോഗബാധിതര്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതും
മുമ്പ് ഇഷ്ടമുണ്ടായിരുന്ന പ്രവൃത്തികള്‍ക്കായി ദിവസവും കുറച്ചുനേരം മാറ്റിവെക്കുന്നതും, എഴുത്ത്, വര തുടങ്ങിയ സര്‍ഗവൃത്തികളില്‍ ഏര്‍പ്പെടുന്നതും, പുതിയ ഹോബികള്‍ വളര്‍ത്തിയെടുക്കുന്നതും നല്ലതാണ്. ശാരീരികവ്യായാമങ്ങള്‍ സിറോട്ടോണിനെ വര്‍ദ്ധിപ്പിച്ച് നിരാശയും ക്ഷീണവുമകറ്റാന്‍ സഹായിക്കും. ചെയ്യാതെ മാറ്റിവെച്ചുകൊണ്ടിരിക്കുന്ന ഉത്തരവാദിത്തങ്ങളെ ചെറുഭാഗങ്ങളായി വിഭജിച്ച് അല്പാല്പമായി പൂര്‍ത്തീകരിക്കുന്നത് ആത്മവിശ്വാസം തിരിച്ചുകിട്ടാന്‍ വഴിയൊരുക്കും. ഉറക്കം വരുന്നില്ലെങ്കില്‍ തിരിഞ്ഞുംമറിഞ്ഞും കിടക്കാതെ, എഴുന്നേറ്റ്, കുറച്ചു നേരം മറ്റെന്തെങ്കിലും പ്രവൃത്തികള്‍ ചെയ്ത്, മയക്കം തോന്നുമ്പോള്‍ മാത്രം വീണ്ടും കിടക്കുന്നത് ഉറക്കക്കുറവ് വഷളാവാതിരിക്കാന്‍ ഉപകരിക്കും.
വിശപ്പോ ഉറക്കമോ സന്തോഷമോ തിരിച്ചുകിട്ടാനായി മദ്യത്തെ ആശ്രയിക്കാന്‍ തീരുമാനിക്കുന്നവര്‍ മദ്യം വിഷാദത്തെ വഷളാക്കും എന്നോര്‍ക്കണം. ആത്മഹത്യാചിന്തകളുള്ളവര്‍ അതു രഹസ്യമാക്കി വെക്കാതെ വിശ്വാസമുള്ള ആരോടെങ്കിലും കാര്യം തുറന്നുപറയാന്‍ ശ്രദ്ധിക്കണം.
കാശുവേണ്ടാത്ത ചില ഡിജിറ്റല്‍ ആയുധങ്ങള്‍
MoodGym എന്ന വെബ്സൈറ്റും Cognitive Diary CBT Self-Help, Depression CBT Self-Help Guideഎന്നീ ആണ്ട്രോയ്ഡ് ആപ്പുകളും വിഷാദചിന്തകളെ തുരത്താന്‍ കൂട്ടുതരും. www.findingoptimism.com തരുന്ന സോഫ്റ്റ്‌വെയര്‍ ഭാവനില, ഉറക്കം, വ്യായാമം തുടങ്ങിയവയിലെ വ്യതിയാനങ്ങള്‍ രേഖപ്പെടുത്താനും, അവ തമ്മിലുള്ള പരസ്പരബന്ധം തിരിച്ചറിയാനും, വിഷാദത്തിലെ ഏറ്റക്കുറച്ചിലുകളെ നേരത്തേ മനസ്സിലാക്കാനും സഹായിക്കും. Operation Reach Out എന്ന ആപ്ലിക്കേഷന്‍ ആത്മഹത്യാപ്രേരണകളെ മറികടക്കാന്‍ കൈത്താങ്ങായി നില്‍ക്കും. ഇവയെല്ലാം പക്ഷേ ഇംഗ്ലീഷില്‍ മാത്രമാണു ലഭ്യമായിട്ടുള്ളത്.
കുടുംബാംഗങ്ങള്‍ ശ്രദ്ധിക്കാന്‍
മറ്റസുഖങ്ങള്‍ സൃഷ്ടിക്കുന്ന കഷ്ടതകളെപ്പോലെതന്നെ വിഷാദത്തിന്‍റെയും ലക്ഷണങ്ങള്‍ നമ്മുടെ നിയന്ത്രണത്തിനു പുറത്താണ്.
മറ്റസുഖങ്ങള്‍ സൃഷ്ടിക്കുന്ന കഷ്ടതകളെപ്പോലെതന്നെ വിഷാദത്തിന്‍റെയും ലക്ഷണങ്ങള്‍ നമ്മുടെ നിയന്ത്രണത്തിനു പുറത്താണ്. അതുകൊണ്ടുതന്നെ അവരൊന്നാഞ്ഞു ശ്രമിച്ചാല്‍ വിഷാദം പമ്പകടക്കുമെന്ന വ്യാമോഹത്തില്‍ രോഗികളെ പറഞ്ഞുപഴകിയ ഉപദേശങ്ങള്‍ കൊണ്ടു മൂടാതിരിക്കുക. രോഗം വന്നതോ മാറാതിരിക്കുന്നതോ നിങ്ങളുടെ പിടിപ്പുകേടു കൊണ്ടാണെന്ന്‍ അനുമാനിക്കാതിരിക്കുക. ആത്മഹത്യാചിന്തകള്‍ വെളിപ്പെടുത്തുന്നവരെ ഗൌരവത്തിലെടുക്കുക. അവരെ തനിയെ വിടാതിരിക്കുക. വിഷാദബാധിതരോടൊത്തു ജീവിക്കുന്നതും അവരെ ശുശ്രൂഷിക്കുന്നതും സമ്മര്‍ദ്ദജനകമാകാമെന്നതിനാല്‍ സ്വന്തം മാനസികാരോഗ്യവും ശ്രദ്ധിക്കുക. ഒരു കുറ്റബോധവും കൂടാതെ ഇടക്ക് ചെറിയ ഇടവേളകള്‍ എടുക്കുക.
കടപ്പാട്-psychiatryhospital.org
അവസാനം പരിഷ്കരിച്ചത് : 2/15/2020
കൂടുതല്‍ വിവരങ്ങള്‍