অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മാനസികാരോഗ്യ വിവരങ്ങൾ

മാനസികാരോഗ്യ വിവരങ്ങൾ

  1. മനസ്സിനേല്‍ക്കുന്ന മുറിവുകള്‍ക്കും പ്രഥമശുശ്രൂഷ
  2. കുട്ടികളിലെ ലഹരി ഉപയോഗം മുളയിലേ നുള്ളാം!
  3. മരുന്ന് വേണം മനസ്സിന്‌
  4. അമിത കോപം നിയന്ത്രിക്കാം
  5. കൗമാരക്കാര്‍ക്ക് നല്‍കാം വ്യക്തിത്വ വികസന പാഠങ്ങള്‍
  6. ആത്മഹത്യ മനസിന്റെ മറിമായങ്ങള്‍
  7. ലവ് ഹോര്‍മോണ്‍
  8. കൗമാരത്തിന്റെ പ്രശ്‌നങ്ങള്‍
  9. അവധിക്കാലത്ത് പഠനവൈകല്യം പരിഹരിക്കാം
  10. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് മീഡിയയും കുട്ടികളും
  11. ലൈംഗിക കുറ്റകൃത്യങ്ങളിലെ മനഃശാസ്ത്രം
  12. കോപത്തിനുപിന്നിലെ മാനസികാരോഗ്യം
  13. ഏറുന്ന അക്ഷരത്തെറ്റുകള്‍
  14. വിഷാദരോഗത്തെ പ്രതിരോധിക്കാം
  15. താളംതെറ്റിയ ജീവിതം; താളംതെറ്റുന്ന മനസ്സ്‌
  16. മാനസിക രോഗങ്ങള്‍: സത്യവും മിഥ്യയും

പഠനങ്ങള്‍ പറയുന്നത് ലോകത്തിലെ 8 മുതല്‍ 10 വരെ ശതമാനം പുരുഷന്മാരും 1020 ശതമാനം സ്ത്രീകളും ജീവിതത്തിലെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ വിഷാദത്തിലൂടെ കടന്നു പോയിട്ടുള്ളവരാണെന്നാണ്.

വൈദ്യശാസ്ത്ര രംഗത്ത് ഇത്രയും പുരോഗതി ഉണ്ടായിട്ടും, അസുഖം ബാധിക്കുന്നവരില്‍ ഒരു ശതമാനം രോഗികള്‍ പോലും മനഃശാസ്ത്രജ്ഞന്റെ അരികില്‍ നിന്ന് ചികിത്സ തേടുന്നില്ല എന്നതാണ് വസ്തുത.

തിരക്കേറിയ ജീവിതത്തിലെ ബന്ധങ്ങളിലെ വിള്ളലുകള്‍, തൊഴില്‍ പരമായ അനിശ്ചിതത്വം, മദ്യപാനം, തെറ്റായ ജീവിതശൈലി, ലഹരിമരുന്നുകളുടെ ഉപയോഗം എന്നിവയ്ക്കും വിഷാദരോഗവുമായി അഭേദ്യമായ ബന്ധമാണുള്ളത്. രോഗത്തെക്കുറിച്ചുള്ള അജ്ഞതയും അതില്‍ നിന്നുണ്ടാകുന്ന അപമാനഭീതിയുമാണ് വിഷാദരോഗത്തെ രോഗമായി കണ്ട് അംഗീകരിക്കാന്‍ സമൂഹം മടിക്കുന്നതിന്റെ പ്രധാന കാരണങ്ങള്‍. പലപ്പോഴും വ്യക്തിയുടെ സ്വഭാവ വൈകല്യങ്ങളോ ബാഹ്യ സമ്മര്‍ദങ്ങളോ ആണ് വിഷാദ രോഗം ഉണ്ടാവാന്‍ കാരണം എന്നാണ് പൊതുവേയുള്ള വിശ്വാസം. എന്നാല്‍, വിഷാദം തലച്ചോറിനെ ബാധിക്കുന്ന രോഗമായാണ് വൈദ്യശാസ്ത്രം കണക്കാക്കുന്നത്.

ഹൃദയാഘാതം, പ്രമേഹം എന്നതുപോലെ ഒരു രോഗാവസ്ഥ തന്നെയാണ് വിഷാദവും. വിഷാദരോഗത്തിന് രോഗി കാരണക്കാരനല്ല എന്നത് വീട്ടുകാരും സുഹൃത്തുക്കളും മനസ്സിലാക്കണം. രോഗിയെ അലസന്‍, അധീരന്‍ എന്നിങ്ങനെ മുദ്രകുത്തി അവഗണിക്കുകയാണ് പലപ്പോഴും ചെയ്യുന്നത്. ഇതിനൊന്നും ചികിത്സ ആവശ്യമില്ല, തനിയേ മാറിക്കോളും എന്നാണ് പൊതുവേയുള്ള മിഥ്യാധാരണ.

വിഷാദരോഗം തുടക്കത്തിലേ കണ്ടുപിടിച്ച് യോജിച്ച ചികിത്സ നല്‍കണം. അതിന് സര്‍ക്കാര്‍ തലത്തില്‍ത്തന്നെ നീക്കങ്ങളുണ്ടാവണം. കൂട്ടുകാര്‍ക്കോ സഹപ്രവര്‍ത്തകര്‍ക്കോ വിഷാദ രോഗമുണ്ടെന്നു തോന്നിയാല്‍ അവരെ ഒറ്റപ്പെടുത്താതെ ചികിത്സ നേടാന്‍ പ്രേരിപ്പിക്കാം. സമൂഹം ഒറ്റപ്പെടുത്തുമ്പോഴും പരിഹസിക്കുമ്പോഴും രോഗാവസ്ഥ കൂടുതല്‍ വഷളാവുകയേ ഉള്ളൂ. 
വിഷാദ രോഗം തുറന്നു പറയുക വഴി വലിയൊരു അളവു വരെ യുവാക്കള്‍ക്കിടയില്‍ ആരോഗ്യകരമായ ചര്‍ച്ചയ്ക്ക് തുടക്കമിടാന്‍ ദീപികയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇതു പോലെ പ്രശസ്തരായവര്‍ തങ്ങളുടെ രോഗവിവരങ്ങള്‍ തുറന്നു പറയുന്നതുപോലെ സാധാരണക്കാരും തുറന്ന മനസ്സോടെ ഈയവസ്ഥയെ നേരിടാന്‍ തയ്യാറാകണം.ഒപ്പം വേണ്ട ചികിത്സ നേടാനും എല്ലാവര്‍ക്കും കഴിയണം.

ലക്ഷണങ്ങള്‍

ഒന്നിലും താല്‍പര്യം ഇല്ലാതിരിക്കുക, ഏകാന്തത
അകാരണമായ ദുഃഖം, ഒന്നിലും ഉത്സാഹമില്ലായ്മ
വെറുപ്പ്, പെട്ടെന്നുള്ള ദേഷ്യം
അകാരണമായ ഉത്കണ്ഠ, ക്ഷീണം, ഭയം, ഉറക്കക്കുറവ്
വിശപ്പില്ലായ്മ, ചിലപ്പോള്‍ വിശപ്പ് കൂടുതല്‍
ഭക്ഷണം കൂടുതലോ കുറച്ചോ കഴിക്കുക
കൂടുതലായോ കുറവായോ ഉറങ്ങുക

ലക്ഷണങ്ങളെ നിസ്സാരമായി തള്ളിക്കളയാതിരിക്കുക. തുടക്കത്തിലേ തന്നെ നല്ല മനോരോഗ വിദഗ്ധനെ കണ്ട് മരുന്നുകള്‍ കൃത്യമായി കഴിക്കുക. അസുഖം പൂര്‍ണമായും ഭേദമാകും. മറച്ചു വെക്കാന്‍ ശ്രമിക്കുന്നതോ അവഗണിക്കുന്നതോ രോഗം കൂടുതല്‍ വഷളാക്കുവാനേ കാരണമാകൂ.
വിവരങ്ങള്‍:

ഡോ. ടി.ആര്‍. ജോണ്‍

അസോസിയേറ്റ് പ്രൊഫസര്‍ സൈക്യാട്രി,
എം.ഒ.എസ്.സി.എം.എം. മെഡിക്കല്‍ കോളേജ്,
കോലഞ്ചേരി.

മനുഷ്യശരീരത്തിലുണ്ടാകുന്ന മിക്കരോഗങ്ങള്‍ക്കും ശാരീരികവും മാനസികവുമായ രണ്ട് മാനങ്ങളുണ്ട്. ശാരീരികമായ ചികിത്സയ്ക്കാണ് ഡോക്ടര്‍മാരും രോഗികളും പ്രാധാന്യം നല്‍കുന്നത്.

പ്രഷറും ആസ്ത്മയും തടയാന്‍ ബ്രീത്തിങ് എക്‌സര്‍സൈസ് ചെയ്യാമെന്നുപറഞ്ഞാല്‍ അതൊക്കെ നടക്കുന്ന കാര്യമാണോ എന്ന രീതിയിലാണ് നാം പ്രതികരിക്കുക. എന്നാല്‍, എത്രദൂരം യാത്രചെയ്തും വിദഗ്ധ ഡോക്ടറെ കണ്ട് എത്ര വിലകൂടിയ മരുന്നും കഴിക്കാനുള്ള ക്ഷമയും വിശ്വാസവും നമുക്കുണ്ട്. അതുകൊണ്ടുതന്നെ ഡോക്ടര്‍മാര്‍തന്നെ രോഗങ്ങളുടെ മാനസിക തലങ്ങളെക്കുറിച്ച് കൂടുതല്‍ ചിന്തിക്കാനും ശ്രമിക്കാറില്ല.

രോഗങ്ങളുണ്ട് എന്ന തോന്നല്‍, പലപ്പോഴും അതിഗുരുതരമായ ഒരു രോഗമാവാറുണ്ട്. സൈക്കോസൊമാറ്റിക് രോഗങ്ങള്‍ എന്ന ഗണത്തിലാണ് ഇതിനെ കണക്കാക്കാറുള്ളത്. മെഡിക്കല്‍ പരിശോധനകള്‍ക്കുശേഷം കൗണ്‍സലിങ്ങും ബിഹേവിയര്‍ തെറാപ്പിയുമാണ് ഇത്തരം രോഗങ്ങള്‍ക്കുള്ള പരിഹാരം. മറ്റു മാനസികരോഗങ്ങളെ അപേക്ഷിച്ച് സൈക്കോസൊമാറ്റിക് രോഗങ്ങള്‍ക്ക് കൗണ്‍സലിങ് വളരെ ഫലപ്രദമാണ്. വയറിലോ നെഞ്ചിലോ തലയിലോ എന്തോ കാര്യമായ രോഗങ്ങളുണ്ടെന്ന തോന്നല്‍ കൂടിക്കൂടി നിത്യരോഗികളായിത്തീരുന്ന എത്രയോ പേര്‍ നമ്മുടെ ഇടയിലുണ്ട്.

മെഡിക്കല്‍ പരിശോധനകളില്‍ കാര്യമായ പ്രശ്‌നങ്ങളില്ലെന്ന് കണ്ടാല്‍, ഉത്കണ്ഠയകറ്റാനുള്ള ചില മരുന്നുകള്‍ കുറിച്ചുകൊടുക്കുന്നതിന് പകരം വിദഗ്ധ മനഃശാസ്ത്ര വിശകലനം നടത്തിയാല്‍ വളരെ ഫലപ്രദമായി ഇവ മാറ്റിയെടുക്കാവുന്നതാണ്.

അടുത്തിടെ എനിക്ക് വിഷമമുണ്ടാക്കിയ ഒരു കേസ് ഞാനിവിടെ കുറിക്കുന്നു. ഏകദേശം 35 വയസ്സുമുതല്‍ ഒരു സ്ത്രീ വയറുവേദനയ്ക്കും തലവേദനയ്ക്കും കിഡ്‌നിരോഗങ്ങള്‍ക്കുമായി നൂറിലധികം തവണ വിദഗ്ധ ഡോക്ടര്‍മാരെ ചികിത്സയ്ക്കുവേണ്ടി സമീപിച്ചു. 

എല്ലാ പരിശോധനകളിലും ഒരു രോഗവുമില്ലെന്ന് വിധിയെഴുതി ഏകദേശം 30 വര്‍ഷത്തോളം അവര്‍ ഒരു മാറാരോഗിയായി ജീവിച്ചു. ഏകമകന്‍ ആയുഷ്‌കാലം മുഴുവന്‍ ഉള്ള സ്വത്തുമുഴുവന്‍ വിറ്റുപെറുക്കി അമ്മയുമായി വിവിധ ആസ്പത്രികളില്‍ കയറിയിറങ്ങി. ഇതൊന്നും വിശ്വാസമാവാതെ എനിക്കെന്തോ മാരകരോഗമുണ്ടെന്ന് ഉറച്ചുവിശ്വസിച്ച് അവര്‍ ഒരുദിവസം സ്വയം ജീവനൊടുക്കി.
മരണത്തെ നമുക്ക് തടുത്തു നിര്‍ത്താനാവില്ലെങ്കിലും തുടക്കത്തില്‍ ഏതെങ്കിലുമൊരു ഘട്ടത്തില്‍ വിദഗ്ധമായ മനഃശാസ്ത്ര വിശകലനവും ബിഹേവിയര്‍ ചികിത്സയും കിട്ടിയിരുന്നെങ്കില്‍ അവരുടെ ജീവിതം എത്രയോ മെച്ചപ്പെടുമായിരുന്നു എന്നെനിക്കു തോന്നി.

ഇവിടെ പൂച്ചയ്ക്ക് ആര് മണികെട്ടും എന്നതാണ് പ്രശ്‌നം. മെഡിക്കല്‍ ഡോക്ടര്‍മാര്‍ മനഃശാസ്ത്രത്തില്‍ പരിശീലനം നേടിയിട്ടില്ല. സൈക്കോളജിസ്റ്റുകള്‍ മെഡിക്കല്‍ സയന്‍സിലും പരിശീലനം നേടിയിട്ടില്ല. 

പത്രക്കാര്‍ക്കും സംഘടനകള്‍ക്കും ഇത്തരം വിഷയങ്ങള്‍ വൈകാരികമായി ചര്‍ച്ചചെയ്യാന്‍ വളരെ എളുപ്പമാണെങ്കിലും ഇത് പരിഹരിക്കാന്‍ പാശ്ചാത്യ മോഡല്‍, സൈക്കോളജിയും സൈക്യാട്രിയും മെഡിസിനും 'സ്വത്വ' ബോധമില്ലാതെ പരസ്പരം സഹകരിച്ച് മുന്നോട്ടുപോകുമെന്ന പ്രതീക്ഷ ഈ മേഖലയില്‍ എട്ടുവര്‍ഷമായി പ്രാക്ടീസ് ചെയ്യുന്ന എനിക്കില്ല. 

മനഃശാസ്ത്ര ടെക്‌നിക്കുകള്‍ ഉപയോഗിച്ച് ശാരീരിക രോഗങ്ങളെ പ്രതിരോധിക്കുകയും ചികിത്സിക്കുകയും ചെയ്യുന്ന ബിഹേവിയറല്‍ മെഡിസിന്‍ എന്ന പുതിയൊരു ശാസ്ത്രശാഖ നിലവിലുണ്ടെങ്കിലും ഇന്ത്യയില്‍ ഇത്തരത്തിലൊരു രീതിക്ക് കാര്യമായി പ്രചാരമില്ല.

മനസ്സിനേല്‍ക്കുന്ന മുറിവുകള്‍ക്കും പ്രഥമശുശ്രൂഷ

ശാരീരികാരോഗ്യത്തിനൊപ്പം മാനസികാരോഗ്യത്തിനും ആധുനിക വൈദ്യശാസ്ത്രം വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ട്. ശരീരത്തിനേല്‍ക്കുന്ന മുറിവുകള്‍ക്കെന്ന പോലെ മനസ്സിനേല്‍ക്കുന്ന മുറിവുകള്‍ക്കും പരിചരണം ആവശ്യമാണ്. ദുരന്തങ്ങളും അപകടങ്ങളും ഉണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ ഇരകളാകുന്നവര്‍ക്ക് പിന്തുണ നല്‍കുക സഹജീവികളുടെ ധര്‍മമാണ്. ഇത്തരത്തിലുള്ള സഹായം നല്‍കുന്നതിനുള്ള ശാസ്ത്രീയ രീതിയാണ് മാനസിക പ്രഥമശുശ്രൂഷ (Psychological First Aid).

അപകടങ്ങള്‍, യുദ്ധം, പ്രകൃതി ദുരന്തങ്ങള്‍, ലൈംഗിക പീഡനമോ കവര്‍ച്ചയോ പോലുള്ള വ്യക്തികള്‍ക്കേല്‍ക്കുന്ന അതിക്രമങ്ങള്‍, ഉറ്റവരുടെ മരണം തുടങ്ങിയ കടുത്ത മാനസിക വിക്ഷോഭമുണ്ടാക്കുന്ന സാഹചര്യങ്ങളിലാണ് സൈക്കോളജിക്കല്‍ ഫസ്റ്റ് എയ്ഡിന് പ്രാധാന്യമുള്ളത്. മാനസികമായ പ്രഥമ ശുശ്രൂഷ നല്‍കാന്‍ നിങ്ങള്‍ ഒരു മനശ്ശാസ്ത്രജ്ഞനോ മനശ്ശാസ്ത്ര മേഖലയില്‍ വലിയ അവഗവാഹമുള്ള ആളോ ആവേണ്ടതില്ല. അതിന് മനുഷ്യത്വമുള്ള ഒരു മനസ്സും എന്തു ചെയ്യണം എന്തു ചെയ്യരുത് എന്ന വിവേചന ബോധവും മാത്രം മതി. അപകടത്തില്‍ പെടുകയോ ദുരന്തങ്ങള്‍ നേരിടേണ്ടി വരികയോ ചെയ്യുന്നവര്‍ക്ക് പിന്തുണ നല്‍കി പ്രായോഗിക സഹായങ്ങള്‍ ചെയ്തു കൊടുക്കുക എന്നതാണ് സൈക്കോളജിക്കല്‍ ഫസ്റ്റ് എയ്ഡ് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.

വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ വ്യത്യസ്ത രീതിയിലായിരിക്കും സൈക്കോളജിക്കല്‍ ഫസ്റ്റ് എയ്ഡ് ആവശ്യമായി വരിക. അപകടത്തിന്റെയോ ദുരന്തത്തിന്റെയോ തോതനുസരിച്ച് ഒരു വ്യക്തിയോ കുടുംബമോ ഒരു സമൂഹം തന്നെയോ ആകാം ഇരകള്‍. ഇത്തരം സന്ദര്‍ഭങ്ങളോട് ഓരോരുതളതരും പ്രതികരിക്കുന്നത് വ്യത്യസ്ത രീതിയിലായിരിക്കുകയും ചെയ്യും. ചിലര്‍ തികച്ചും മൂകരായി പോകുമ്പോള്‍ മറ്റു ചിലര്‍ മാനസിക വിഭ്രാന്തിയിലെന്ന പോലെ പെരുമാറിയേക്കാം. പ്രതികൂല സാഹചര്യങ്ങളില്‍ അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കാനാവുക എന്നതാണ് പ്രധാനം.

സൈക്കോളജിക്കല്‍ ഫസ്റ്റ് എയ്ഡ് എന്നാല്‍ ഒരു തരത്തിലും ഒരു മാനസികാപഗ്രഥനമല്ല. ഒരു കാരണവശാലും അപകടത്തില്‍ പെട്ടയാളെ സംസാരിക്കാന്‍ ന്ധിക്കരുതനിര്‍ബ്. അവര്‍ക്ക് ഇതാണ് നല്ലതെന്നു കരുതി ഒന്നും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയുമരുത്. അത് വിപരീത ഫലം ചെയ്‌തേക്കും. അവര്‍ക്ക് പറയാനുള്ളത് പറയാനനുവദിക്കുക. സംസാരിക്കുമ്പോള്‍ ഇടയില്‍ കയറി സംസാരിക്കുകയോ നിങ്ങളുടെ അഭിപ്രായങ്ങള്‍ പറയുകയോ ചെയ്യരുത്. നിശ്ശബ്ദരായിരിക്കുകയാണെങ്കില്‍ അങ്ങനെ തുടരാനനുവദിക്കുക. ഓര്‍ക്കുക, ഓരോ വ്യക്തിക്കും പ്രതികൂല സാഹചര്യങ്ങളെ നേരിടാന്‍ അവരുടേതായ രീതികളുണ്ട്.

പ്രാഥമിക പരിചണത്തിന് മുതിരും മുമ്പ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ദുരന്തത്തിന് ഇരയായ വ്യക്തി/വ്യക്തികള്‍ നിങ്ങളില്‍ നിന്നും സഹായം പ്രതീക്ഷിക്കുന്നുണ്ടോ എന്നതാണ്. നിങ്ങളുടെ സഹായം ആവശ്യമില്ലാത്തിടത്ത് കൂടുതല്‍ ഇടപെടലുകള്‍ക്ക് മുതിരരുത്. ആവശ്യങ്ങള്‍ മനസ്സിലാക്കുക എന്നതാണ് പിന്നീടു വരുന്ന പ്രധാനകാര്യം. ഇരകള്‍ക്ക് സാഹചര്യമായി പൊരുത്തപ്പെടാനും ശാന്തരായിരിക്കാനുമുള്ള അവസരമുണ്ടാക്കുക, കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകാനിടയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക എന്നീ കാര്യങ്ങളിലും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

ദുരന്തത്തില്‍ പെട്ടവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ക്കുള്ള സൗകര്യമൊരുക്കേണ്ടതും ആവശ്യമാണ്. ഭക്ഷണം, വെള്ളം എന്നിവയ്‌ക്കൊപ്പം വൈദ്യസഹായം, താമസ സൗകര്യം എന്നിവയ്ക്കുള്ള സാഹചര്യങ്ങളും ഉണ്ടാകണം. ഇത്തരം സേവനങ്ങള്‍ ലഭ്യമാക്കുന്നവരുമായി ബന്ധപ്പെടുത്തി കൊടുക്കാനാണ് ശ്രദ്ധിക്കേണ്ടത്. ആംബുലന്‍സ് വിളിക്കുക, പോലീസില്‍ വിവരമറിയിക്കുക, ബന്ധുക്കളുമായോ സന്നദ്ധ പ്രവര്‍ത്തകരുമായോ ബന്ധപ്പെടുത്തുക, അഭയാര്‍ത്ഥി ക്യാമ്പിലെത്തിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഇരകള്‍ക്ക് വേണ്ടി ചെയ്യാനാകുന്ന വലിയ സഹായമായിരിക്കും.

മറ്റുള്ളവരെ വിവരമറിയിക്കുക എന്നതിനൊപ്പം ഇരകള്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കുക എന്നതും പ്രധാനമാണ്. ഒരു കാരണവശാലും തെറ്റായ വിവരങ്ങള്‍ നല്‍കരുത്. അതുപോലെ തന്നെ താല്‍ക്കാലികമായി ആശ്വസം പകരുന്നതാണെങ്കില്‍ കൂടിയും നിങ്ങള്‍ക്ക് പാലിക്കാനാകാത്ത വാഗ്ദാനങ്ങളോ ഉറപ്പുകളോ നല്‍കരുത്. സഹായം നല്‍കുന്നതു പോലെ തന്നെ പ്രധാനമാണ് കൃത്യസമയത്തു തന്നെ അത് അവസാനിപ്പിക്കുക എന്നതും. നിങ്ങളുടെ റോള്‍ അവസാനിച്ചാലുടന്‍ പിന്‍വാങ്ങുക. ഒരിക്കലും നിങ്ങളുടെ സഹായം അവര്‍ക്കൊരു ഭാരമാകരുത്.

കടപ്പാട്: ഡബ്ല്യുഎച്ച്ഒ

കുട്ടികളിലെ ലഹരി ഉപയോഗം മുളയിലേ നുള്ളാം!

ആഴ്ചയില്‍ പത്തോ പതിനഞ്ചോ കുട്ടികളാണ് ലഹരി ഉപയോഗത്തില്‍ നിന്ന് കരകയറുന്നതിനായി ചികിത്സ തേടി എന്റെ അരികില്‍ എത്തുന്നത്. ഒരു ഡോക്ടറുടെ അടുത്ത് ഇത്രയും കുട്ടികള്‍ വരുന്നുണ്ടെങ്കില്‍ അത് വളരെ ഭീകരമായ ഒരു അന്തരീക്ഷത്തെയാണ് സൂചിപ്പിക്കുന്നത്.' എറണാകുളം റിനൈ മെഡി സിറ്റിയിലെ കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. വിവേക് പറയുന്നു. 

'ജോജോ ആന്‍ഡ് സെറ്റ്', 'ജോയിന്റ്', 'മരിജു', 'ഇല', 'സ്റ്റഫ്', 'സാധനം' എന്നൊക്കെ കുട്ടികള്‍ കോഡുഭാഷയില്‍ വിളിക്കുന്ന മയക്കു മരുന്ന്, പുകയില, ലഹരിവസ്തുക്കള്‍ എന്നിവ കുട്ടികള്‍ക്കിയില്‍ വളരെ വ്യാപകമാവുകയാണ്. തുടക്കത്തിലേ തന്നെ കണ്ടുപിടിക്കാന്‍ കഴിഞ്ഞാല്‍ അതിഭീകരമായ വിപത്തില്‍ നിന്ന് കുട്ടിയെ മോചിപ്പിക്കാന്‍ കഴിയും.

പെട്ടെന്നൊരു ദിവസം തുടങ്ങുന്നതല്ല

ലഹരി വസ്തുക്കളുടെ ഉപയോഗം ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല. അറിയാനുള്ള ആകാംക്ഷ, കിട്ടുമെന്ന് കേട്ടിട്ടുള്ള ഉന്മാദാവസ്ഥ, സമപ്രായക്കാരുടെ പ്രേരണ, ബോറടി മാറ്റാന്‍, വിഷാദം മാറ്റാന്‍, വീട്ടിലെ പ്രശ്‌നങ്ങള്‍ മറക്കാന്‍, ക്ഷീണം മാറ്റാന്‍, അധികമായി ലഭിക്കുന്ന പോക്കറ്റ് മണി എന്തു ചെയ്യണമെന്നറിയാതെ നടക്കുന്നവര്‍... എന്നിങ്ങനെ ലഹരിവസ്തുക്കളിലേക്ക് ശ്രദ്ധ മാറാന്‍ കാരണങ്ങള്‍ നിരവധിയാണ്. തുടക്കത്തിലേ കണ്ടുപിടിക്കാന്‍ കഴിഞ്ഞാല്‍ വലിയ ബുദ്ധിമുട്ടില്ലാതെ ഈ ആപത്കരമായ ദുശ്ശീലത്തില്‍ നിന്ന് കുട്ടിയെ പിന്തിരിപ്പിക്കാന്‍ സാധിക്കും.

ആണ്‍കുട്ടികള്‍ മാത്രമല്ല

നമ്മുടെ പെണ്‍കുട്ടികളും ഒട്ടും സുരക്ഷിതരല്ല. ഗേള്‍സ് ഹോസ്റ്റലുകളില്‍ ഫോണ്‍ വഴി ഓര്‍ഡര്‍ എടുത്ത് ലഹരി മരുന്നുകള്‍ എത്തിക്കുന്ന സംഘങ്ങളുണ്ട്. 2030 രൂപ കൂടുതല്‍ കൊടുത്താല്‍ സാധനം ഹോസ്റ്റലിനുള്ളില്‍ കിട്ടുമെന്നാണ് കൗണ്‍സലിങ്ങിനെത്തിയ ചില പെണ്‍കുട്ടികള്‍ ഡോക്ടറോട് പറഞ്ഞത്.സോഷ്യല്‍ മീഡിയകളും ഇതിന് കാരണമാകുന്നുണ്ട്. ഇത്തരത്തിലുള്ള ഗ്രൂപ്പില്‍ പെട്ടാല്‍ അവര്‍ ചെയ്യുന്നതെല്ലാം ഹീറോയിസമാണെന്നും ചെയ്യാതിരുന്നാല്‍ മോശക്കാരാകുമെന്നും തെറ്റിദ്ധരിക്കുന്നു. മയക്കുമരുന്നിന്റെ 'കിക്കി'നെക്കുറിച്ചും താന്‍ പരീക്ഷിച്ച പുതിയ 'സ്റ്റഫു' കളെക്കുറിച്ചുമെല്ലാം സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യുന്നത് മറ്റു സമപ്രായക്കാര്‍ക്കിടില്‍ ഹീറോ പരിവേഷം നല്‍കുമെന്ന് ചിലരെങ്കിലും കരുതുന്നു.

റാക്കറ്റുകള്‍

സ്‌കൂളുകളും ഹോസ്റ്റലുകളും കേന്ദ്രീകരിച്ച് മയക്കു മരുന്നിന്റെ റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് നഗരത്തിലെ പ്രമുഖ ഡോക്ടര്‍മാര്‍ ഒരേ സ്വരത്തില്‍ പറയുന്നത്. സ്‌കൂള്‍ യൂണിഫോമിന്റെ മറവില്‍ മയക്കുമരുന്ന് കച്ചവടം വ്യാപകമാണ്. ഒരിക്കല്‍ ഉപയോഗിച്ചു കഴിഞ്ഞാല്‍ അതിന്റെ പേരില്‍ ബ്ലാക്‌മെയില്‍ ചെയ്ത് കൂട്ടുകാരെക്കൂടി സംഘത്തില്‍ പെടുത്താന്‍ നിര്‍ബന്ധിക്കും. വലയില്‍ പെട്ടു പോകുന്ന കുട്ടി, ആരോടും പറയാന്‍ കഴിയാതെ അനുസരിക്കുകയും ചെയ്യും.

ലക്ഷണങ്ങള്‍

സ്‌കൂളില്‍ മുടങ്ങുക, സ്‌കൂളില്‍ പോവുകയാണെന്ന ഭാവത്തില്‍ മറ്റെവിടെയെങ്കിലും പോകുക, കുട്ടിയുടെ ശരീരത്തില്‍ നിന്നോ, വസ്ത്രങ്ങള്‍, മുറി എന്നിവിടങ്ങളില്‍ നിന്നോ സിഗററ്റിന്റെയോ പുകയുടെയോ മണം വരിക, പെട്ടെന്നുണ്ടാകുന്ന സ്വഭാവ വ്യതിയാനങ്ങള്‍. ദേഷ്യം, അമര്‍ഷം, പൊട്ടിത്തെറി, നിരാശ എന്നിവ അനിയന്ത്രിതമാവുക. വിക്കല്‍, സംസാരിക്കുമ്പോള്‍ തപ്പിത്തടയല്‍ എന്നിവ ഉണ്ടാവുക. 
ആവശ്യങ്ങള്‍ ഏറിവരിക, ആവശ്യത്തിന് പണം കിട്ടിയില്ലെങ്കില്‍ ചോദിക്കാതെ എടുത്തുകൊണ്ടു പോകുക, പോക്കറ്റിലോ ബാഗിലോ മുറിയിലോ ആവശ്യത്തില്‍ കൂടുതല്‍ പണം കാണപ്പെടുക, ചോദിച്ചാല്‍ കള്ളം പറയുക.

മുറിയില്‍ കയറി അധികനേരം വാതിലടച്ചിരിക്കുക, മണിക്കൂറുകളോളം കുളിക്കുക, ശരീരഭാരം അമിതമായി കുറയുകയോ കൂടുകയോ ചെയ്യുക, മറ്റു വിനോദോപാധികള്‍ ത്യജിക്കുക, ഇഷ്ടപ്പെട്ട ഹോബീസ്, ഹാബിറ്റ്‌സ് എന്നിവയില്‍ താത്പര്യം ഇല്ലാതാവുക. ഉറക്കം, ഭക്ഷണം എന്നിവ ഒന്നുകില്‍ വളരെ കുറഞ്ഞു പോവുക, അല്ലെങ്കില്‍ വളരെ കൂടുക, വ്യക്തിബന്ധങ്ങളില്‍ വിള്ളല്‍ വരിക, വീട്ടില്‍ ആര്‍ക്കും മുഖം നല്‍കാതെ ഒഴിഞ്ഞു മാറുക, പുതിയ കൂട്ടുകെട്ടുകള്‍ തുടങ്ങുക, പഴയ ചങ്ങാതിമാരെക്കുറിച്ച് ചോദിച്ചാല്‍ അവരെ കുറ്റം പറയുക, ദേഷ്യപ്പെടുക. നന്നായി പഠിക്കുന്ന കുട്ടി പെട്ടെന്ന് പഠനത്തില്‍ പിന്നാക്കം പോകുക, വീട്ടില്‍ നിന്ന് മാറിനില്‍ക്കാന്‍ താത്പര്യം കാട്ടുക.

ചികിത്സ

മരുന്നുകളും കൗണ്‍സലിങ്ങും ഒപ്പം കൊണ്ടുപോകണം. പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ കുറയ്ക്കാനും ശാരീരിക പ്രശ്‌നങ്ങള്‍ നേരിടാനും മരുന്ന് കൂടിയേ തീരൂ. ഒറ്റയടിക്ക് സ്വയം തീരുമാനിച്ച് മാറ്റാന്‍ കഴിയുന്ന ഒന്നല്ല മയക്കുമരുന്നുകളോടും ലഹരി വസ്തുക്കളോടുമുള്ള അഡിക്ഷന്‍. ഒരുതവണ ട്രീറ്റ്‌മെന്റ് എടുത്ത് മുഴുമിപ്പിക്കുന്നതിനു മുമ്പ് തന്നെ വീണ്ടും അവ ഉപയാഗിക്കാന്‍ സാധ്യതയുണ്ട്. അത് തുറന്നുപറഞ്ഞാല്‍ നാണക്കേടാവുമെന്നോ എല്ലാവരും കുറ്റപ്പെടുത്തുമെന്നോ കരുതേണ്ട. മരുന്നും കൗണ്‍സലിങ്ങും വഴി പൂര്‍ണമായും മാറ്റാന്‍ കഴിയുന്നതാണ് ഇത്തരം ലഹരി വസ്തുക്കളുടെ ഉപയോഗം.

രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടത്

ആവശ്യത്തിലധികം പോക്കറ്റ് മണി കുട്ടികള്‍ക്ക് നല്‍കരുത്. എന്നു കരുതി ന്യായമായ ആവശ്യങ്ങള്‍ക്ക് നല്‍കാതിരിക്കുകയുമരുത്.

ലഹരി മരുന്നുകള്‍ക്ക് അടിമപ്പെട്ടു എന്നുറപ്പിക്കാനായാല്‍ എത്രയും പെട്ടെന്ന് കൗണ്‍സലിങ് നല്‍കണം. പുറത്തറിയുമെന്നോ നാണക്കേടാണെന്നോ കരുതരുത്. കുട്ടിയുടെ ഭാവിയുടെയും ജീവിതത്തിന്റെയും കാര്യമാണെന്നോര്‍ക്കുക.

ഭീഷണിപ്പെടുത്തിയോ മര്‍ദിച്ചോ ഉപദേശിച്ചോ ശകാരിച്ചോ ഇത്തരത്തിലുള്ള ശീലം മാറ്റാന്‍ കഴിയില്ല. അതിന് മനഃശാസ്ത്ര വിദഗ്ദ്ധന്റെയോ കൗണ്‍സലിങ് വിദഗ്ദ്ധന്റെയോ സഹായവും മരുന്നുകളും വേണം. ഒപ്പംതന്നെ, എന്തു സംഭവിച്ചാലും ഞങ്ങള്‍ കൂടെയുണ്ടാവും എന്ന വിശ്വാസം കുട്ടിയിലുണ്ടാക്കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയണം.

ചികിത്സ തുടങ്ങിയാല്‍ പൂര്‍ണമായും അത് പിന്തുടരണം. പെട്ടെന്ന് നിര്‍ത്താന്‍ കഴിയുന്നതല്ല ഇത്തരം ലഹരി വസ്തുക്കളോടുള്ള അടിമത്തം. ചികിത്സയ്ക്കിടയില്‍ കുട്ടി ചിലപ്പോള്‍ വീണ്ടും അത്തരം ശീലങ്ങളിലേക്ക് മടങ്ങിപ്പോയേക്കാം. അപ്പോഴെല്ലാം ക്ഷമയോടെ അവനെ തിരിച്ചുകൊണ്ടുവരണം.
ചികിത്സാ സമയത്തോ അതിനു ശേഷമോ കൂട്ടിലിട്ട കിളിയെപ്പോലെ കുട്ടിയെ കൈകാര്യം ചെയ്യരുത്. ആവശ്യത്തിന് സ്വാതന്ത്ര്യം നല്‍കണം. നല്ല ചങ്ങാതിമാരെ ഇക്കാര്യത്തില്‍ സഹായത്തിന് വിളിക്കാം. 
ആരോഗ്യകരമായ കുടുംബാന്തരീക്ഷം കുട്ടിക്ക് നല്‍കുക. സംരക്ഷിക്കാനും സ്‌നേഹിക്കാനും ഒരു പ്രശ്‌നം വന്നാല്‍ ഒറ്റക്കെട്ടായി നിന്ന് നേരിടാനും കുടുംബം കൂടെയുണ്ടെന്ന വിശ്വാസം ഇത്തരം ശീലങ്ങളിലേക്ക് ഒരിക്കലും തിരികെപ്പോകാതിരിക്കാന്‍ കുട്ടിയെ സ്വയം പ്രേരിപ്പിക്കും.

(ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി കേരള ഘടകം സംഘടിപ്പിച്ച ശില്പശാലയില്‍ നിന്ന്)

മരുന്ന് വേണം മനസ്സിന്‌

ശരീരത്തിന് രോഗം വന്നാല്‍ ചികിത്സ തേടാന്‍ മടിയില്ല. മനസ്സിന് വ്യാധി വന്നാല്‍ ശാസ്ത്രീയ സഹായം സ്വീകരിക്കാന്‍ വിമുഖതയാണ്. സമനില തെറ്റി അമ്പരപ്പിക്കുന്ന പെരുമാറ്റം പ്രകടിപ്പിക്കുന്ന ഒരു നേരിയ ശതമാനത്തിന്റെ ചിത്രമാകും അപ്പോള്‍ മനസ്സില്‍ തെളിയുക. നോര്‍മലല്ലെന്ന് സമൂഹം കരുതുന്ന പലരെക്കാളും പാവങ്ങളാണ് ചികിത്സിച്ചു ഭേദമാക്കാവുന്ന ഉന്മാദരോഗമുള്ള ഇവര്‍. മനോരോഗത്തെ മോശപ്പെട്ട തട്ടിലാക്കുമ്പോഴുള്ള കുഴപ്പങ്ങള്‍ കൂടി അറിയണം. അതിരുകടന്ന വിഷാദവും ഉത്കണ്ഠയും ദൈനംദിന ജീവിതവുമായി പൊരുത്തപ്പെടാതെ വരുമ്പോഴുള്ള ആധികളുമൊക്കെയാണ് സര്‍വസാധാരണമായ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍. 15 ശതമാനത്തോളം കുട്ടികള്‍ക്കുമുണ്ട് പലതരത്തിലുള്ള മാനസിക പ്രശ്‌നങ്ങള്‍. എല്ലാവരും വിദഗ്ദ്ധസഹായം വേണ്ടവര്‍ തന്നെ. വട്ടനെന്നും ഭ്രാന്തനെന്നുമുള്ള പേര് കേള്‍ക്കേണ്ടിവരുമെന്നുള്ള ഭീതിമൂലം ഇവരില്‍ നല്ലൊരുപങ്കും സഹായം തേടില്ല. അസ്വസ്ഥതകള്‍ ഉള്ളില്‍ കടിച്ചമര്‍ത്തി ശരീരത്തിന്റെ ആരോഗ്യവും ജീവിതത്തിന്റെ ഗുണനിലവാരവും താഴോട്ടാക്കും.

ഹൃദയം ക്ലിയര്‍, മനസ്സ് കലുഷിതം

മാനസിക ആരോഗ്യം ഇല്ലെങ്കില്‍ ആരോഗ്യമേയില്ലെന്നതാണ് വസ്തുത. 45 വയസ്സുള്ള ഒരാള്‍ക്ക് ഹൃദ്രോഗം വന്നു. പേരുകേട്ട ഹൃദയരോഗ വിദഗ്ദ്ധന്‍ അടഞ്ഞ കൊറോണറി ധമനികളില്‍ സ്‌റ്റെന്റ് ഇട്ട് രക്തയോട്ടം മെച്ചപ്പെടുത്തി. എല്ലാം ഭദ്രം. പക്ഷേ, കക്ഷിയുടെ മനസ്സ് വിഷാദമൂകം. തുടങ്ങിവെച്ച ഒരു ബിസിനസ് ഉയരത്തിന്റെ പടവിലെത്തിയ വേളയിലാണ് ഈ അസുഖം. ഇതെനിക്ക് വന്നല്ലോയെന്ന ആകുലത. ജീവിതം തകര്‍ന്നല്ലോയെന്ന അകാരണമായ കുണ്ഠിതം. വല്ലാത്ത നൈരാശ്യം. ഊണില്ല ഉറക്കവുമില്ല, പഴയ പ്രസരിപ്പില്ല. 

ആത്മവിശ്വാസത്തെ ഉണര്‍ത്താന്‍ കാര്‍ഡിയോളജിസ്റ്റ് കിണഞ്ഞ് പരിശ്രമിച്ചു. ഒരു ഫലവുമില്ല. ഇതൊരു സ്വാഭാവിക പ്രതികരണമെന്ന മട്ടില്‍ വീട്ടുകാര്‍ പ്രാര്‍ത്ഥനകളും വഴിപാടുകളും നടത്തി. ഇത് ചില വ്യക്തികളില്‍ ഹൃദ്രോഗാനന്തരം ഉണ്ടാകുന്ന വിഷാദരോഗമായിരുന്നു. വിഷാദരോഗ നിവാരണ ഔഷധങ്ങള്‍ നല്‍കട്ടെയെന്ന നിര്‍ദേശത്തോട് എല്ലാവരും മുഖംതിരിച്ചു. ശാസ്ത്രീയമായ മാനസികാരോഗ്യ ഇടപെടല്‍ ഇല്ലാതെ, കടുത്ത വിഷാദവും പേറി അയാള്‍ ജീവിച്ചു. 

മനസ്സ് പ്രസാദാത്മകമല്ലെങ്കില്‍ വീണ്ടുമുള്ള ഹൃദ്രോഗ സാധ്യത വളരെ കൂടുതലാണ്. അതുതന്നെ സംഭവിച്ചു. രണ്ടുവര്‍ഷം തികയും മുമ്പേ ഇദ്ദേഹത്തിന് വീണ്ടും ഹാര്‍ട്ട് അറ്റാക്ക് ഉണ്ടായി. മിക്കവാറും എല്ലാ ശാരീരിക രോഗാവസ്ഥകളിലും രോഗത്തിനടിമപ്പെട്ട വ്യക്തി കൈക്കൊള്ളുന്ന വൈകാരിക പ്രതികരണമാണ് രോഗശാന്തിയെ നിര്‍ണയിക്കുന്ന ഒരു പ്രധാന ഘടകം. പൊരുത്തപ്പെടാതെ, മാനസികാരോഗ്യ തകര്‍ച്ചയില്‍ പെട്ടുപോകുന്നവരുടെ രോഗം സങ്കീര്‍ണമാകുമെന്നത് ശാസ്ത്രീയ നിരീക്ഷണങ്ങളാണ്. ആകുലതകള്‍ അടക്കി, ആത്മവിശ്വാസത്തോടെ നേരിട്ട്, കാന്‍സറിനെ കീഴടക്കിയ എത്രയോ പേര്‍ ഉണ്ട് നമുക്കിടയില്‍. പക്ഷേ, വിഷാദത്തിന്റെയും നിഷേധ വികാരത്തിന്റെയും പിടിയിലമര്‍ന്ന് രോഗാവസ്ഥകളെ സങ്കീര്‍ണമാക്കിയവരും കുറവല്ല. 

മരണത്തില്‍ നിന്ന് രക്ഷപ്പെടുത്തി, മനസ്സിനെയോ?

ആത്മഹത്യാ നിരക്കുകള്‍ കൂടുതലുള്ള സംസ്ഥാനമാണ് കേരളം. വിഷം കഴിച്ചും കൈ മുറിച്ചുമൊക്കെ ആസ്പത്രികളെ അഭയം പ്രാപിക്കുന്നവര്‍ ധാരാളമാണ്. ചെടിക്ക് തളിക്കാന്‍ വെച്ചിരുന്ന വിഷം കഴിച്ചും ഒപ്പം കൈമുറിച്ചും മരണം ഉറപ്പാക്കാന്‍ ശ്രമിച്ച ഒരു വയോധികന്‍ ആസ്പത്രിയിലായി. തീവ്രപരിചരണങ്ങളും ശസ്ത്രക്രിയയുമൊക്കെ വേണ്ടിവന്നു. നല്ലൊരു കാശ്‌ െചലവായി. കഥാപാത്രം രക്ഷപ്പെട്ടു. സ്വയമില്ലാതാക്കാന്‍ ശ്രമിച്ച ഒരു ശരീരമെന്ന നിലയില്‍ ഈ മുതിര്‍ന്ന പൗരനെ കണക്കാക്കിയാല്‍ ഈ ചികിത്സ പൂര്‍ണം. 

പക്ഷേ, അത് മതിയോ? ഇയാളുടെ മനസ്സിന് എന്ത് സംഭവിച്ചു എന്നുകൂടി വിശകലനം േെചേയ്യണ്ട? ഇദ്ദേഹം എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് വീട്ടുകാര്‍ക്കറിയില്ല. തികഞ്ഞ സന്തോഷത്തില്‍ ജീവിച്ചിരുന്ന വ്യക്തിയായിരുന്നു. അടുത്തകാലത്തായി ഒരു ഉള്‍വലിയല്‍ ഉണ്ടായിരുന്നു. മാനസികാരോഗ്യ വിശകലനത്തിനെത്തിയപ്പോഴാണ് വാര്‍ദ്ധക്യത്തില്‍ ഉണ്ടാകാവുന്ന ഒരു മനോരോഗം ഇയാളെ ബാധിച്ചിരുന്നു എന്ന് വ്യക്തമായത്. കുറ്റം പറയുന്ന അശരീരികള്‍ ഇയാളെ അലട്ടുകയായിരുന്നു. 'പോയി മരിക്കൂ' എന്നൊക്കെ ഈ മിഥ്യാശബ്ദങ്ങള്‍ കല്‍പ്പിക്കുമായിരുന്നു. 

ചികിത്സ ലഭിച്ചതോടെ ഈ വ്യക്തി പ്രസരിപ്പ് വീണ്ടെടുത്തു. മനുഷ്യന്റെ മനസ്സ് കാണാതെ ആത്മഹത്യാ ശ്രമം കുറ്റകര മെന്ന് എഴുതിവെച്ചിട്ടുള്ള നിയമത്തെ മാപ്പാക്കാം. മരിക്കാന്‍ ശ്രമിച്ച് ഗുരുതരാവസ്ഥയിലെത്തുന്ന വ്യക്തികളെ നല്ല ചികിത്സ കൊടുത്ത് രക്ഷപ്പെടുത്തിയിട്ട് മാനസികാരോഗ്യ സഹായം നല്‍കാതെ പറഞ്ഞു വിടുന്ന ആതുര സേവനത്തിന് എങ്ങനെ മാപ്പു നല്‍കും? അത് ചെയ്താലല്ലേ വൈദ്യശാസ്ത്ര ഇടപെടലുകള്‍ പൂര്‍ണമാകൂ?

കൊല്ലുന്ന സ്‌ട്രെസ്

ആധുനിക ജീവിതം സംഘര്‍ഷഭരിതമാണ്. തൊഴില്‍, വീട്, വ്യക്തിജീവിതം... ഇങ്ങനെ പലഭാഗങ്ങളില്‍ നിന്ന് പലതരം സമ്മര്‍ദങ്ങള്‍ നേരിടേണ്ടിവരാം. സ്‌ട്രെസിന് അടിമപ്പെടുന്നവര്‍ ധാരാളം. നേരിടാനും ശാന്തമായി കൈകാര്യം ചെയ്യുവാനുമുള്ള വൈഭവം ഇല്ലെങ്കില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉറപ്പാണ്. തലച്ചോറിന്റെ ജൈവപ്രകൃതത്തെ മാറ്റിമറിച്ച് തടി കേടാക്കുകയും ചെയ്യും. ഉത്പന്നങ്ങള്‍ കൂടുതല്‍ വില്‍ക്കാനുള്ള, ടാര്‍ഗറ്റുകള്‍ നേടിയെടുക്കാനുള്ള ഓട്ടത്തിലായിരുന്നു ഈ 35 വയസ്സുകാരന്‍.

മിടുക്കനായതുകൊണ്ട് ലക്ഷ്യങ്ങള്‍ നേടിയെടുത്തു. കമ്പനി ഓരോ മാസവും ടാര്‍ഗറ്റുകള്‍ ഉയര്‍ത്തി. വിശ്രമിക്കുവാന്‍ നേരമില്ലാതെ ഓടിനടന്ന് ഇയാള്‍ ജോലി ചെയ്തു. ബാങ്ക് ബാലന്‍സ് കുത്തനെ ഉയര്‍ന്നു. പക്ഷെ ആ പണം ഉപയോഗിച്ച് ഉല്ലസിക്കാന്‍ നേരമില്ല. സ്വസ്ഥമായിരുന്ന് ഉണ്ണാനാകുന്നില്ല. മൊബൈലില്‍ ചെവി വെച്ചാണ് തീറ്റ.

ടാര്‍ഗറ്റിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഉറക്കം പോകും. പേശികള്‍ വലിഞ്ഞു മുറുകുന്നതു പോലെയുള്ള സ്ഥിതി. തലവേദനയുമായി അയാള്‍ നിരവധി ഡോക്ടര്‍മാരെ കണ്ടു. ടെന്‍ഷന്‍ തലവേദനയെന്ന് എല്ലാവരും വിധിയെഴുതി. സ്‌ട്രെസ് മൂത്ത് ഇങ്ങനെ ആധിയും വ്യാധിയുമൊക്കെ ഉണ്ടാക്കിയെടുക്കുന്നത് മാനസികാരോഗ്യ പ്രശ്‌നം തന്നെയാണ്.

. നിഷേധ വികാരങ്ങളും വിചാരങ്ങളും കത്തിക്കയറാന്‍ തുടങ്ങുമ്പോള്‍ ധ്യാനമുറകള്‍ ശീലിക്കാം. ശ്വസന വ്യായാമം ചെയ്യാം. ഊര്‍ജം ഉണര്‍ത്താനും മനസ്സിനെ ശാന്തതയിലേക്ക് നയിക്കാനുമൊക്കെ വേണ്ടി ഉല്ലാസവേളകള്‍ ഇടയ്‌ക്കൊക്കെ സൃഷ്ടിക്കാം. പിന്തുണയ്ക്കായി സ്‌നേഹിക്കുന്നവരുമൊത്ത് ആഹ്ലാദവേളകള്‍ പങ്കിടാം. സ്‌ട്രെസ് മൊത്തമായി വിഴുങ്ങാത്ത മട്ടില്‍ നല്ലൊരു ദിനചര്യ ഉണ്ടാക്കാം. 
പിടിവിട്ടു പോകുമെന്നു തോന്നുമ്പോള്‍ വിദഗ്ദ്ധരുടെ സഹായം തേടുകയുമാകാം. പുതിയ ലോകത്തിലെ വേഗമേറിയ ജീവിത സാഹചര്യങ്ങളില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ പൊട്ടിമുളയ്ക്കുക സ്വഭാവികമാണ്. ചിലതില്‍ ജനിതക ജൈവ സ്വാധീനങ്ങളുണ്ടാകാം, വിശപ്പ് നഷ്ടമാകാം, ഉറക്കം പോകാം, ലൈംഗിക താത്പര്യം നഷ്ടമാകാം, ദൈനംദിന ജീവിതം ദുസ്സഹമാകാം... ഇതിനൊക്കെ വേണ്ടത് ശാസ്ത്രീയമായ മാനസികാരോഗ്യ ഇടപെടലുകളാണ്.

അമിത കോപം നിയന്ത്രിക്കാം

എന്തിനും ഏതിനും ദേഷ്യപ്പെടുന്ന സ്വഭാവമാണോ നിങ്ങള്‍ക്ക്? ദേഷ്യം വന്നാല്‍ ചെയ്യുന്നതും പറയുന്നതും നിയന്ത്രിക്കാന്‍ കഴിയാതെ വരുന്നോ? എങ്കില്‍ ഈ ലേഖനം നിങ്ങള്‍ക്കുള്ളതാണ്. ദേഷ്യം വരുന്നത് സാധാരണം തന്നെ. എന്നാല്‍ അമിത കോപം അല്പം ശ്രദ്ധ കൊടുക്കേണ്ട അവസ്ഥ തന്നെയാണ്. അമിത കോപത്തിന് പല കാരണങ്ങള്‍ ഉണ്ട്. ഇച്ഛാഭംഗം, വിഷാദം, അപകര്‍ഷതാബോധം, ഉത്കണ്ട, നൈരാശ്യം, ആത്മവിശ്വാസമില്ലായ്മ ഇതൊക്കെ അവയില്‍ ചിലത് മാത്രം. പരിഹാരം കാണാതെ പല പ്രശ്‌നങ്ങളും കൂടുതല്‍ സങ്കീര്‍ണമാകുന്നത് അതുകൊണ്ടാണ്. കോപം ഉണ്ടാകുന്ന സാഹചര്യങ്ങള്‍ വ്യത്യസ്തമായിരിക്കും. അതുകൊണ്ട് തന്നെ ഇവയെ അഭിമുഖീകരിക്കേണ്ട രീതിയും വ്യത്യസ്തമാണ്. അമിത കോപം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ചില വിദ്യകള്‍ നമുക്ക് ഇവിടെ പരിചയപ്പെടാം.

നാവിനെ അടക്കുക

തൊടുത്ത അമ്പ് പോലെയാണ് പറഞ്ഞുപോയ വാക്ക് എന്ന് പറയുന്നത് സത്യം തന്നെയാണ്. കോപിക്കുമ്പോള്‍ മാനസിക നിയന്ത്രണമില്ലാതെ നാം പറയുന്ന കാര്യങ്ങള്‍ പിന്നീട് പ്രശ്‌നം കൂടുതല്‍ വഷളാക്കും. അതിനാല്‍ ദേഷ്യം തോന്നുമ്പോള്‍ കഴിവതും സംസാരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. നാളിതുവരെയുള്ള സ്‌നേഹത്തിനു യാതൊരു പ്രാധാന്യവും കൊടുക്കതെയാവും പലപ്പോഴും പലതും പറയുക. ബന്ധങ്ങള്‍ ശിഥിലമാകാന്‍ ഇതിനേക്കാള്‍ കൂടുതല്‍ മറ്റെന്തു വേണം? അതുകൊണ്ട് നാവിനെ നിയന്ത്രിക്കാന്‍ പഠിക്കുക.

ശീലിക്കണം മനസ്സടക്കം

മനസ്സിനെ നിയന്ത്രിക്കുവാന്‍ സാധിച്ചാല്‍ എല്ലാം കഴിയുമ്പോള്‍ ഒന്നും വേണ്ടായിരുന്നു എന്ന തോന്നല്‍ ഒഴിവാക്കാം. കാര്യങ്ങള്‍ മനസ്സിലാക്കി സാഹചര്യങ്ങള്‍ കണക്കിലെടുത്തു മാത്രം പ്രതികരിക്കുക. ഇത് ബോധപൂര്‍വ്വം വളര്‍ത്തിയെടുക്കേണ്ട ഒരു ശീലമാണ്. ദേഷ്യം വരുമ്പോള്‍ നൂറു തൊട്ടു താഴേക്കു എണ്ണുക, കണ്ണടച്ച് ശ്വാസം അകത്തേക്കും പുറത്തേക്കും എടുക്കുക, ഒരുമിച്ചു ആസ്വദിച്ച നല്ല നിമിഷങ്ങള്‍ ഓര്‍ക്കുക തുടങ്ങിയ വിദ്യകള്‍ പരീക്ഷിച്ചു നോക്കാവുന്നതാണ്.

സ്വയം ഒരു അവലോകനം

എപ്പോഴാണ്, ആരോടാണ്, എന്തിനാണ് ദേഷ്യം തോന്നുന്നത്? എങ്ങിനെയാണ് ദേഷ്യം വരുമ്പോള്‍ പ്രതികരിക്കുക?ഇത് മാനസികാരോഗ്യത്തെയും ശാരീരികാരോഗ്യത്തെയും ബാധിക്കുന്നുണ്ടോ? മറ്റുള്ളവരുടെ പ്രതികരണമെന്താണ് ? അമിത കോപം മൂലം നിങ്ങളുടെ ബന്ധങ്ങള്‍ ശിഥിലമാകുന്നുണ്ടോ? ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്തുവാന്‍ ശ്രമിക്കുന്നത് പലപ്പോഴും നിങ്ങളെ തന്നെ വിലയിരുത്തുവാനും അതനുസരിച്ച് സ്വഭാവത്തില്‍ മാറ്റങ്ങള്‍ വരുത്തുവാനും സഹായിക്കുന്നതാണ്.

ശരീര ഭാഷ ശ്രദ്ധിക്കാം

എല്ലാം മനസ്സിലൊതുക്കി ഒന്നും മിണ്ടാതെയിരുന്നാലും നിങ്ങളുടെ അടവുകള്‍ വിജയിക്കണമെന്നില്ല. ശരീരഭാഷ ചിലപ്പോള്‍ നിങ്ങളെ ചതിച്ചേക്കാം. സംസാരിക്കാതെയിരിക്കുക, ചിരിക്കാതിരിക്കുക, വെറുതെ നടക്കുക, കതകു വലിച്ചടയ്ക്കുക, വെറുതെ കിടക്കുക, ഉത്തരമായി മൂളുക മാത്രം ചെയ്യുക അങ്ങനെ പലതും ദേഷ്യം വരുമ്പോള്‍ നിങ്ങള്‍ ചെയ്‌തേക്കാം. എന്നാല്‍ ഇതൊക്കെ ഒഴിവാക്കി ഒന്നും സംഭവിച്ചില്ല എന്ന മട്ടില്‍ പെരുമാറുന്നിടത്താണ് മിടുക്ക്. ഇയാള്‍ എന്തേ പ്രതികരിച്ചില്ല എന്ന മറ്റുള്ളവരുടെ അമ്പരപ്പ് ഒന്ന് ആസ്വദിക്കുകയും ചെയ്‌തോളു.

സന്തോഷം കണ്ടെത്തുക

മനസ്സിന് സന്തോഷം നല്കുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടുക വഴി നിങ്ങള്‍ക്ക് വേഗത്തില്‍ മനസ്സിനെ കീഴ്‌പ്പെടുത്തുവാന്‍ സാധിക്കും. ജീവിതത്തെ പ്രസാദാത്മകമായി കാണുന്നവര്‍ക്കും നര്‍മ്മബോധമുള്ളവര്‍ക്കും ഇത് വളരെ എളുപ്പമാണ്.ഗുരുതരമായ പ്രശ്‌നങ്ങളെ പോലും ലാഘവത്തോടെ നേരിടാന്‍ ഇത് നിങ്ങളെ സഹായിക്കും.ഒരല്‍പം ദേഷ്യം തോന്നിയാലും അത് വളര്‍ത്തിയെടുത്തു പ്രശ്‌നങ്ങള്‍ വഷളാക്കാതെയിരിക്കാന്‍ സന്തോഷമുള്ള ഒരു മനസ്സ് വളര്‍ത്തിയെടുക്കുക.

പരിഹാരം കണ്ടെത്തുക

ശാന്തമായി പ്രതികരിക്കുവാനും പ്രകോപനത്തിനടിമപ്പെടാതിരിക്കുവാനും കഴിഞ്ഞാല്‍ മിക്ക പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ എളുപ്പമാണ്. എന്നാല്‍ ഒരു കാര്യം പ്രത്യേകം ഓര്‍ക്കുക. ദേഷ്യത്തോടെയിരിക്കുമ്പോള്‍ ഒരിക്കലും തീരുമാനങ്ങള്‍ എടുക്കുകയോ പരിഹാരമാര്‍ഗങ്ങള്‍ ചിന്തിക്കുകയോ ചെയ്യരുത്. മനസ്സ് ശാന്തമായത്തിനു ശേഷം നടന്നത് എന്താണെന്നും എന്തുകൊണ്ടാണെന്നും വിശകലനം ചെയ്തു പ്രശ്‌നം പരിഹരിക്കുക.

വിദഗ്‌ധോപദേശം തേടുക

കഴിയാവുന്ന മാര്‍ഗങ്ങളൊക്കെ പരീക്ഷിച്ചിട്ടും നിങ്ങള്‍ക്ക് കോപം നിയന്ത്രിക്കുവാന്‍ കഴിയുന്നില്ലെങ്കില്‍ വിദഗ്‌ധോപദേശം തേടുന്നത് സഹായകമായിരിക്കും. ഒരു കൌണ്‍സിലിംഗ് കൊണ്ട് മാറാവുന്ന പ്രശ്‌നങ്ങളേ ചിലപ്പോള്‍ നിങ്ങള്‍ക്ക് ഉണ്ടാവൂ. ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ അതില്‍ നിന്നും മോചനം നേടാനുള്ള ചികിത്സകളും സ്വീകരിക്കാവുന്നതാണ്.

ഓര്‍ക്കുക, മുന്‍കോപം ഒന്നിനും പരിഹാരമാകുന്നില്ല. അത് നിങ്ങളുടെ ശരീരത്തെയും മനസ്സിനെയും കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് തള്ളി വിടുകയാണ് ചെയ്യുന്നത്

കൗമാരക്കാര്‍ക്ക് നല്‍കാം വ്യക്തിത്വ വികസന പാഠങ്ങള്‍

വെക്കേഷന്‍ എത്തിയതോടെ നൂറായിരം ക്ലാസ്സുകളും ക്യാമ്പുകളുമായി കുട്ടികള്‍ തിരക്കിലാണ്. ഇതില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുന്ന 'റിബല്‍' സംഘവുമുണ്ട്. ക്യാമ്പോ ക്ലാസ്സോ ഒന്നും ഇല്ലാതെ കുട്ടികളില്‍ വളര്‍ത്തിയെടുക്കാന്‍ കഴിയുന്ന ചിലതുണ്ട്. മൂല്യങ്ങളും ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളുെമല്ലാം കുട്ടികളില്‍ വളര്‍ത്താന്‍ വീടും വീട്ടിലെ അന്തരീക്ഷവും തന്നെ ധാരാളമാണ്.

ഇപ്പോഴത്തെ കുട്ടികള്‍ക്ക്, പ്രത്യേകിച്ച് കൗമാരക്കാര്‍ക്ക് പ്രശ്നങ്ങള്‍ ധാരാളമാണ്. 'പിരീഡ് ഓഫ് സ്ട്രെസ്സ് ആന്‍ഡ് സ്ട്രെയിന്‍' എന്നാണ് മനഃശാസ്ത്രത്തില്‍ കൗമാര കാലഘട്ടത്തെ വിശേഷിപ്പിക്കുന്നത്. കുട്ടിയുമല്ല, യുവാവുമല്ല എന്ന അവസ്ഥ. സമൂഹത്തിലും കുടുംബത്തിലും 'കുഴപ്പം പിടിച്ച പ്രായം' എന്ന മുറുമുറുപ്പ് കൂടിയാവുമ്പോള്‍ സ്ട്രെസ്സും സ്ട്രെയിനും കൂടുകയേയുള്ളൂ. ശരിയാം വിധം വഴികാട്ടിയാല്‍ ഏറ്റവും നല്ല പൗരന്മാരായി കുട്ടികളെ മാറ്റിയെടുക്കാന്‍ കഴിയുന്ന പ്രായമാണിത്.

കൂട്ടു കുടുംബങ്ങളായിരുന്നപ്പോള്‍ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും മുതിര്‍ന്നവരുടെയും അരികില്‍ നിന്ന് അറിഞ്ഞും അറിയാതെയും കിട്ടിയിരുന്ന മൂല്യങ്ങളും ജീവിത പാഠങ്ങളും ഇന്ന് കുട്ടികള്‍ക്കു കിട്ടുന്നില്ല. അതിനൊരു ശ്രമമുണ്ടാക്കിയാല്‍ നമ്മുടെ കുമാരന്മാരും കുമാരികളും വഴിതെറ്റില്ല എന്നുറപ്പ്. ഈ വെക്കേഷന് കുട്ടികളില്‍ ഈ മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കാം.

ഡിസിഷന്‍ മേക്കിങ്
സ്വന്തമായി തീരുമാനങ്ങളെടുക്കാനും അതിന്റെ വരുംവരായ്കകള്‍ നേരിടാനുമുള്ള കഴിവ് കുട്ടികളില്‍ ഉണ്ടാക്കാം. ഇന്നെന്തു ഡ്രസ് ഇടണം, ഏതു കോഴ്സ് പഠിക്കണം, ആരെ സുഹൃത്തുക്കളാക്കണം, ഏതു കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം എന്നെല്ലാം തീരുമാനിക്കാനുള്ള അവകാശം കുട്ടിക്ക് നല്‍കാം. വീട്ടിലെ കാര്യങ്ങളിലും അഭിപ്രായങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യം കുട്ടിക്ക് നല്‍കാം. എന്നു കരുതി, എവിടെയും എന്തും പറയാനുള്ള ലൈസന്‍സ് ആവരുത്. അവന്റെ അഭിപ്രായങ്ങള്‍ ശരിയല്ലെങ്കില്‍ കാര്യകാരണ സഹിതം മനസ്സിലാക്കി കൊടുക്കുക. കണ്ണും പൂട്ടി വിമര്‍ശിക്കരുത്.

ഇഫക്ടീവ് കമ്മ്യൂണിക്കേഷന്‍

നന്നായി ആശയവിനിമയം നടത്താനുള്ള അടിത്തറ വീട്ടില്‍ നിന്ന് കുട്ടിക്ക് നല്‍കാം. കുടുംബാംഗങ്ങള്‍ ഒന്നിച്ച് വിശേഷങ്ങള്‍ പങ്കുവെക്കാം. സുഹൃത്തുക്കളെക്കുറിച്ചും സിനിമ, സ്പോര്‍ട്സ്, സമകാലീന സംഭവങ്ങള്‍, ഇഷ്ടപ്പെട്ട വിഷയങ്ങള്‍ എന്നിവയെക്കുറിച്ചും വീട്ടില്‍ എല്ലാവരും തുറന്ന് സംസാരിച്ചാല്‍ ആശയവിനിമയം കുട്ടി സ്വായത്തമാക്കും. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക് അംഗീകാരം നല്‍കാനും തനിക്ക് വിയോജിപ്പുണ്ടെങ്കിലും മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തില്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്താതിരിക്കാനുമുള്ള വിവേകം ഉണ്ടാവുന്നതും വളരെ വലിയൊരു കാര്യം തന്നെയാണ്.

ക്രിട്ടിക്കല്‍ തിങ്കിങ്

ഒരു കാര്യത്തിന്റെ നല്ലതും ചീത്തയും വിശകലനം ചെയ്ത് ശരിയേത് തെറ്റേത് എന്നു മനസ്സിലാക്കാനുള്ള കഴിവാണ് ക്രിട്ടിക്കല്‍ തിങ്കിങ്. സമൂഹത്തില്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് വീട്ടില്‍ സംസാരിക്കാം. വികാരത്തിന്റെ അടിസ്ഥാനത്തിലല്ലാതെ വിവേകപൂര്‍വം ചിന്തിക്കാനും സ്വയം വിമര്‍ശനം നടത്തി തെറ്റുകള്‍ അംഗീകരിക്കാനുമുള്ള മനസ്സ് മുതിര്‍ന്നവരെ മാതൃകയാക്കിയേ കുട്ടികള്‍ മനസ്സിലാക്കൂ.

എംപതി

മറ്റുള്ളവരുടെ വിഷമങ്ങളില്‍ പങ്കു ചേരുവാനും അവര്‍ക്കായി സമയം ചെലവഴിക്കാനും കുട്ടികള്‍ക്ക് മാതൃകയാവാം. കൂട്ടുകാരനെ ആരെങ്കിലും തല്ലിയാല്‍ അവനെപ്പോയി തിരിച്ചു തല്ലുന്നതല്ല എംപതി. അവര്‍ക്കൊരു വിഷമം വന്നാല്‍ അവരെ ഒറ്റപ്പെടുത്താതെ കൂടെ ചേര്‍ത്ത് നല്ലവഴിക്ക് നീങ്ങാനുള്ള മനസ്സുണ്ടാവണം.

ക്രിയാത്മകതയും പ്രശ്ന പരിഹാരവും
പാഠപുസ്തകങ്ങള്‍ മാത്രം പഠിച്ച് മാര്‍ക്ക് നേടുന്നതല്ല ജീവിതം. സ്വന്തമായുള്ള കഴിവുകള്‍ തിരിച്ചറിഞ്ഞ് അതിനെ വേണ്ടുംവിധത്തില്‍ പോളിഷ് ചെയ്ത് എടുക്കണം. സ്വതന്ത്രമായും ക്രിയേറ്റീവ് ആയും ചിന്തിച്ച് ചെയ്യാനുള്ള കഴിവ് ജീവിതത്തില്‍ വളരെയധികം സഹായകരമാവും. പുതിയ സാഹചര്യങ്ങളുമായി ഇഴുകിച്ചേരാനുള്ള ബുദ്ധിമുട്ട് ഇന്ന് പല കുട്ടികള്‍ക്കുമുണ്ട്. വീട്ടില്‍ എന്തും ചോദിക്കുന്നതിനു മുമ്പ് തന്നെ കിട്ടി ശീലിച്ചിട്ടുള്ള 'അമൂല്‍ ബേബി'മാര്‍ക്ക് മറ്റൊരു സാഹചാര്യത്തില്‍ സ്വന്തം കാര്യങ്ങള്‍ തനിയെ ചെയ്യാന്‍ ബുദ്ധിമുട്ടാവും. പ്രശ്നങ്ങളെ നേരിടാന്‍ കഴിയാതെ കുറുക്കുവഴികള്‍ തേടും. പ്രശ്നങ്ങളെ നേരിടാനും മാറുന്ന സാഹചര്യങ്ങളുമായി ഇണങ്ങി ജീവിക്കാനും കുട്ടികള്‍ക്ക് മനസ്സുറപ്പ് നല്‍കാം. ഒരുമിച്ച് യാത്രകള്‍ പോയും മറ്റു സാഹചര്യങ്ങളില്‍ ജീവിച്ചും വീട്ടിലെ പ്രശ്നങ്ങള്‍ ഒരുമിച്ച് ചര്‍ച്ച ചെയ്ത് പരിഹാരം കാണാനും ഉള്‍പ്പെടുത്തിയും കുട്ടികളില്‍ ഈ കഴിവുകള്‍ വികസിപ്പിക്കാം.

സെല്‍ഫ് അവയര്‍നെസ്
സ്വന്തം സ്ഥാനം മനസ്സിലാക്കി അതിനനുസരിച്ച് ജീവിക്കാന്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കാം. അധികം സാമ്പത്തിക സ്ഥിതി ഇല്ലാത്ത കുടുംബത്തിലെ കുട്ടികള്‍ മറ്റുള്ളവരുടെ മുന്നില്‍ ആളാവാന്‍ വേണ്ടി മാത്രം ആര്‍ഭാട ജീവിതം നയിക്കുന്ന കാഴ്ച ഇന്ന് നഗരങ്ങളില്‍ പുതുമയല്ല. സ്വന്തം വീട്ടിലെ നിലയും വിലയുമറിഞ്ഞ് ജീവിക്കാം. ആര്‍ഭാടങ്ങളും പൊങ്ങച്ചങ്ങളും നൈമിഷികമാണെന്നും പിന്നീട് കുറ്റബോധം തോന്നുമെന്നും കുട്ടികള്‍ക്ക് അനുഭവങ്ങളിലൂടെ പറഞ്ഞു കൊടുക്കാം. വെറുതെ പിടിച്ചിരുത്തി ഉപദേശിച്ചിട്ട് കാര്യമില്ല.

അസര്‍ടീവ്നെസ്

സമ്മര്‍ദ്ദങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും അടിമപ്പെട്ടു പോകുന്ന പ്രായമാണിത്. വേണ്ടാത്ത കാര്യം വേണ്ട എന്നു കര്‍ശനമായി പറയാനും അതില്‍ ഉറച്ചു നില്‍ക്കാനും കുട്ടികള്‍ക്ക് ധൈര്യം നല്‍കാം. എടുത്ത തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതാണ് വ്യക്തിത്വം, സാഹചര്യങ്ങള്‍ക്കടിമപ്പെട്ടും നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങിയും ദുശ്ശീലങ്ങള്‍ക്ക് അടിമപ്പെടുന്നത് വ്യക്തിത്വമില്ലാത്തവരാണെന്നും അവര്‍ക്ക് ജീവിതത്തില്‍ വളരെയധികം കഷ്ടപ്പെടേണ്ടി വരുമെന്നും മനസ്സിലാക്കി കൊടുക്കുക.

വികാരങ്ങളെ മനസ്സിലാക്കാം

സ്വന്തം സ്ഥാനവും വ്യക്തിത്വവും തേടുന്ന പ്രായമാണ് കൗമാരം. ഹോര്‍മോണുകളുെട ഇടപെടല്‍ മൂലവും ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ മൂലവും വികാരങ്ങള്‍ക്ക് പെട്ടെന്നടിപ്പെടും. ദേഷ്യം, നിരാശ, വിഷാദം തുടങ്ങിയ വികാരങ്ങള്‍ വളരെപ്പെട്ടെന്ന് ഇവരില്‍ കാണാം. തിരിച്ചു ദേഷ്യപ്പെടാതെ അവര്‍ ശാന്തരാകുന്നതു വരെ ക്ഷമിക്കുക. അതിനുശേഷം ക്ഷമയോടെ പ്രശ്നങ്ങള്‍ ചോദിക്കുക. സപ്പോര്‍ട്ട് ചെയ്യാന്‍ മാതാപിതാക്കള്‍ ഉണ്ടെങ്കില്‍ കുട്ടികള്‍ പ്രശ്നങ്ങള്‍ തുറന്നു പറയുമെന്ന് ഉറപ്പ്.

ഇവയാണ് പ്രധാനപ്പെട്ട ലൈഫ് സ്‌കില്‍സ്. അക്കാദമിക രംഗത്ത് വളരെയധികം മികവു പുലര്‍ത്തുന്ന കുട്ടികള്‍ പ്രായോഗിക ജീവിതത്തില്‍ തോറ്റു പോകുന്നത് ഈ ജീവിത നിപുണതയുടെ അഭാവം കൊണ്ടാണ്. കുട്ടികള്‍ക്ക് സമയമുള്ള ഈ വെക്കേഷന്‍ സമയത്ത് ഉദ്യോഗത്തിനും മറ്റ് തിരക്കുകള്‍ക്കും അല്‍പം അവധികൊടുത്ത് അച്ഛനമ്മമാര്‍ക്ക് അവര്‍ക്കൊപ്പം ചേരാം. ദിവസവും ഒരു മണിക്കൂറെങ്കിലും കുട്ടികള്‍ക്കൊപ്പം ചെലവഴിക്കാം. ടി.വി. കാണുമ്പോഴോ ഭക്ഷണം കഴിക്കുമ്പോഴോ അല്ലാതെ കുട്ടികള്‍ക്ക് മാത്രമായി ഒരു മണിക്കൂര്‍. അതു വഴി അവര്‍ക്ക് നല്ല മാറ്റമുണ്ടാകുമെന്ന് ഉറപ്പ്. കുട്ടികളുടെ മുന്നില്‍ നല്ല മാതൃകകളാവാന്‍ അച്ഛനമ്മമാര്‍ക്ക് കഴിഞ്ഞാല്‍ ഒരിക്കലും അവര്‍ മറ്റു വഴികളില്‍ പോകില്ല.
വിവരങ്ങള്‍:

ഡോ. എം.എന്‍. വെങ്കിടേശ്വരന്‍
ചൈല്‍ഡ് ആന്‍ഡ് അഡോളസന്റ് കണ്‍സള്‍ട്ടന്റ്
നോര്‍ത്ത് പറവൂര്‍

ആത്മഹത്യ മനസിന്റെ മറിമായങ്ങള്‍

സ്വപ്നങ്ങള്‍ തകര്‍ന്നാല്‍.. ജീവിതം മുറിവേല്പിച്ചാല്‍.. പ്രണയം തകര്‍ന്നാല്‍... ബിസിനസ്സില്‍ കടം പെരുകിയാല്‍.. 'മരിക്കണം' എന്ന് ആരാണ് നിങ്ങളെ തെറ്റായി പഠിപ്പിച്ചത്? മാറാരോഗം വന്നാല്‍... പരീക്ഷയില്‍ പരാജയപ്പെട്ടാല്‍.. ജീവിത പങ്കാളിയോ മക്കളോ മരണപ്പെട്ടാല്‍.. കൃഷി വീണ്ടും നാശത്തിലായാല്‍... അച്ഛനും അമ്മയും വഴക്കു പറഞ്ഞാല്‍... ജീവിതത്തില്‍ ഒറ്റയ്ക്കായെന്ന് തോന്നിയാല്‍... ആത്മഹത്യയാണു പ്രതിവിധിയെന്ന് ഏതു തത്ത്വ സംഹിതയാണ് നിങ്ങളെ ഉദ്ബോധിപ്പിച്ചത്.? സ്വയം സൃഷ്ടിക്കാന്‍ സാധിക്കാത്ത ജീവിതം സ്വയം അവസാനിപ്പിക്കാന്‍ അവകാശമുണ്ടെന്ന് ആരാണ് നിങ്ങള്‍ക്ക് ഉപദേശിച്ചു തന്നത്? ജീവിതത്തേക്കാള്‍ നല്ലതാണ് മരണമെന്ന് പ്രഖ്യാപിക്കുന്ന സിനിമകളോ? വിഭ്രാന്തിയുടെ മൂര്‍ധന്യാവസ്ഥയില്‍ ചില സെമി സാഹിത്യ രോഗികള്‍ മരണത്തെ മഹത്ത്വവത്കരിച്ചെഴുതിയ കൃതികളോ? അതോ പൊരുതിത്തളര്‍ന്നുവെന്ന് നിങ്ങളെ തെറ്റിദ്ധരിപ്പിച്ച്, വിഷാദത്താഴ്വരയില്‍ നിങ്ങളെ തള്ളിയിട്ട നിങ്ങളുടെ മനസ്സോ?. 

സമയത്ത് ചികിത്സ ലഭിക്കാതെ താളം തെറ്റിയ തലച്ചോറിലെ ന്യൂറോ കെമിക്കലുകളോ? കുറ്റം ആരുടേതുമാകട്ടെ... ഏതു പ്രത്യയശാസ്ത്രത്തിന്റെയും പേരിലാവട്ടെ. അത് മഹത്വമല്ല, ഒളിച്ചോട്ടമാണ്. ജീവിതത്തില്‍ നിന്നും 'ക്വിറ്റ്' ചെയ്യാന്‍ എളുപ്പമാണ്. നൂറല്ല, ആയിരക്കണക്കിനു കാരണങ്ങള്‍ പറയാനുണ്ടാകും. നിരാശയും ഒറ്റപ്പെടലും ഭീരുത്വവും അപമാനവും ഭയവും ആശങ്കയും അപകര്‍ഷബോധവുമടക്കം പലതും. ഒന്നും...യാതൊന്നും നമ്മളുടെ ജീവന് പകരമാവില്ല.അത്രയ്ക്കുമത്രയ്ക്കും അമൂല്യമാണ് മനുഷ്യജന്‍മം. ഇത് ചിലരെങ്കിലും തിരിച്ചറിയാത്തതാണ് എന്റെ വേദന.

ഒരു പക്ഷേ, ഇതെല്ലാമറിയാമെങ്കിലും 'അറിവുകള്‍' ചിലരെയെങ്കിലും രക്ഷിക്കാത്തതെന്തേ? അവിടെയാണ് ഒരു വില്ലനെ നാം തിരിച്ചറിയേണ്ടത്. വിഷാദരോഗം അഥവാ ഡിപ്രഷന്‍. ആത്മഹത്യ പ്രവണതയും മരണ ചിന്തകളുമെല്ലാം ഡിപ്രഷന്റെ വിഷയങ്ങളാണ്. പുറമെ സന്തുഷ്ടരാണെങ്കിലും നമ്മെയും നമ്മുടെ ചില കുടുംബാംഗങ്ങളെയും നിശ്ശബ്ദമായി ഈ വില്ലന്‍ കാര്‍ന്നു തിന്നുന്നുണ്ടാകും. അതു തിരിച്ചറിയാന്‍ സാധിക്കുന്ന ഒരു സുഹൃത്തിനോ കുടുംബാംഗങ്ങള്‍ക്കോ അവരെ രക്ഷിക്കാനാകും. കാരണം ആത്മഹത്യാ ചിന്തയുള്ള വ്യക്തികള്‍ വിവരം പുറത്തു പറയുകയോ സഹായം ചോദിച്ചു വരികയോ ചെയ്യണമെന്നില്ല. അവര്‍ക്ക് മരിക്കണമെന്നുമില്ല. തുടര്‍ച്ചയായി അനുഭവിച്ചുകൊണ്ടിരിക്കുന്ന മനോദുഃഖത്തില്‍ നിന്നും അസ്വസ്ഥതകളില്‍ നിന്നും 'എങ്ങനെയെങ്കിലുമൊന്നു' രക്ഷപ്പെടുക എന്നതാണ് അവരുടെ ആവശ്യം.

ആത്മഹത്യാ പ്രവണതയുള്ളവരെ എങ്ങനെ തിരിച്ചറിഞ്ഞ് സഹായിക്കാം? പ്രധാന സിഗ്‌നലുകള്‍ മരണത്തെക്കുറിച്ച് ഇവര്‍ നടത്തുന്ന ചില പരാമര്‍ശങ്ങളാണ്. 'ഞാന്‍ ചാകും', 'എല്ലാം ഞാനൊരു ദിവസം അവസാനിപ്പിക്കും', 'ജീവിതം മടുത്തു, ആരും എന്നെ കെയര്‍ ചെയ്യുന്നില്ല' 'ഞാനില്ലാതിരിക്കുന്നതാണ് എന്റെകുടുംബത്തിനു നല്ലത്' എന്ന മട്ടിലുള്ള സംഭാഷണങ്ങള്‍ ചില സിഗ്‌നലുകള്‍ ആണ്. വിശപ്പില്ലായ്മ, ഉറക്കപ്രശ്‌നങ്ങള്‍ , ഭക്ഷണരീതിയിലും സംസാരത്തിലും പെരുമാറ്റത്തിലുമുള്ള ചില മാറ്റങ്ങള്‍, തീവ്രമായ കുറ്റബോധം, മരണത്തേക്കുറിച്ച് പതിവില്ലാതെ കഥകളും കവിതകളും വായിക്കുക, മരണത്തോടുള്ള താത്പര്യം ഉണര്‍ത്തുന്ന ഡയറിക്കുറിപ്പുകള്‍ എഴുതുക, കത്തിയോ ബ്ലേഡോ, കത്രികയോ ഗുളികകളോ സംശയാസ്പദമായ രീതിയില്‍ മുറിയില്‍ സംഭരിച്ചു വെക്കുക, ആര്‍ക്കും കൊടുക്കാതെ സൂക്ഷിച്ചു വെച്ചിരുന്ന ചില സ്വകാര്യ സാധനങ്ങള്‍ വെറുതെയെടുത്ത് മറ്റുള്ളവര്‍ക്കു കൊടുക്കുക, ഇന്നേവരെ വിളിച്ചിട്ടില്ലാത്തവരെ വിളിക്കുക, സംസാരത്തിനിടയില്‍ 'ഷ്്‌ല യള്‍വ' പറയുക, മദ്യപാനത്തിന്റെ അളവ്കൂട്ടുക, കഴിവതും ആളുകളില്‍ നിന്നകന്ന് ഒതുങ്ങിക്കൂടാന്‍ താത്പര്യപ്പെടുക തുടങ്ങി പലതും സൂചനകളാണ്. കടുത്ത വിഷാദാവസ്ഥയില്‍ നിന്നും ശാന്തവും സന്തോഷകരവുമായ ഒരു ഭാവത്തിലേക്ക് വളരെപ്പെട്ടെന്ന് മാറിയാല്‍ തീരുമാനമെടുത്തവന്റെ കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തതയായി മനസ്സിലാക്കണം.

Hopelessness, worthlessness, helplessness മൂഡിലൂടെ മനസ്സു കടന്നു പോയാല്‍ കടുത്ത ശൂന്യതയിലേക്ക് വ്യക്തി ചെന്നെത്തും. 'if i can't enjoy the life why should i live? എന്ന മൂഡ് ശക്തമാകാം. ഡിപ്രഷനോ, ബൈപോളാറോ, അമിതമദ്യപാനശീലമോ, കുടുംബത്തിലാരെങ്കിലും ആത്മഹത്യ ചെയ്ത പാരമ്പര്യമുള്ളവരോ, ഒരിക്കല്‍ ശ്രമിച്ചിട്ടുള്ളവരോ 'കടുംകൈ' ചെയ്തുപോകാന്‍ സാധ്യതയുണ്ട്. ഇതു വായിക്കുന്ന നിങ്ങളില്‍ മേല്പറഞ്ഞ ചില ബുദ്ധിമുട്ടുകള്‍ കണ്ടെത്തിയാല്‍ ഒരു മനോരോഗവിദഗ്ധനെ കണ്‍സള്‍ട്ട് ചെയ്യണം. മരുന്നും സൈക്കോ തെറാപ്പിയുമൊക്കെ വഴിയായി നമ്മുടെ തലച്ചോറിലെ ചിന്തകളെ നിയന്ത്രിച്ച് 'അബദ്ധത്തില്‍ പോലും' അബദ്ധം പറ്റാതെ നമുക്ക് രക്ഷപ്പെടാനാകും. 

മറ്റാരിലെങ്കിലും അവരുടെ ബുദ്ധിമുട്ടുകള്‍ കണ്ടാല്‍ സ്‌നേഹ പൂര്‍ണമായി ഇടപെടാന്‍ മടിക്കരുത്. ഒരു ജീവന്റെ കാര്യമാണ്. 'നിനക്കെന്തു പറ്റീടാ.... വല്ലാണ്ടു മൂഡ് ഓഫായിരിക്കുന്നതു പോലെ', 'നിന്റെ പ്രശ്‌നമെന്താണെന്നെനിക്കറിയില്ല. അതെന്തു തന്നെയായാലും ഞങ്ങളു കൂടെയുണ്ട്' തുടങ്ങിയ വാക്കുകളിലൂടെ ഇടപെട്ടു തുടങ്ങിയാല്‍ തന്റെ വിഷമങ്ങള്‍ പങ്കുവെക്കാന്‍ അവര്‍ തയ്യാറായേക്കും. അങ്ങനെ അവരെ ബോധ്യപ്പെടുത്തി ചികിത്സയിലേക്കെത്തിച്ചാല്‍ അവര്‍ രക്ഷപ്പെട്ടു.
ദൈവത്തില്‍ നിന്നും ദാനമായി കിട്ടിയ നമ്മുടെ ജീവിതം എത്ര പ്രതിസന്ധികള്‍ക്കിടയിലൂടെയും അര്‍ഥവത്തായി ജീവിച്ചു തന്നെ തീര്‍ക്കണമെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്നവരാണ് ഹെലന്‍ കെല്ലറും ലൂയി ബ്രെയിലും ബീഥോവനും ജന്മനാ രണ്ട് കൈകളും കാലുകളുമില്ലാതെ ജനിച്ച് ഇന്ന് ലോകത്തിനു മാതൃകയായി നില്‍ക്കുന്ന നിക്ക് വുജിസിക്കും നമ്മുടെ സ്വന്തം ഗിന്നസ് പക്രുവും പഞ്ചഗുസ്തി വീരന്‍ ജോബിയുമൊക്കെ ജീവിതത്തിന്റെ സാധ്യതകളിലേക്കാണ് നമ്മെ ക്ഷണിക്കുന്നത്. അന്ധകാരത്തിലേക്ക് മറയാനാഗ്രഹിക്കുന്നവരോട് സ്വജീവിതം കൊണ്ട് അവര്‍ പറയുന്നു. അരുത് മനുഷ്യാ അരുത്... പൊരുതാന്‍ നിന്നില്‍ ശേഷിയുണ്ട്.

സത്യമാണത്. ആത്മഹത്യ ചെയ്യാന്‍ മതിയായ 'കാരണ'ങ്ങളുണ്ടായിട്ടും മരിക്കാന്‍ ശ്രമിക്കാതെ ജീവിതത്തിലേക്ക് തിരികെ നടന്നുവന്നവരുടെ അനുഭവക്കുറിപ്പുകളുടെ സമാഹാരമാണ് 'ജീവിതം; മുറിവേറ്റിട്ടും ആത്മഹത്യ ചെയ്യാത്തവന്റെ വാക്ക്' എന്ന പുസ്തകം നാളെ, നമ്മുടെ ജീവിതവും അതിജീവനത്തിന്റെ ഒരു പുസ്തകമാകണം. അതുകൊണ്ട് പെട്ടെന്നൊരു നെഗറ്റീവ് മൂഡ് വന്നാല്‍ മനസ്സിനോടു പറയുക... നാളെയാകട്ടെ.. കുറച്ചു ദിവസം കഴിയട്ടെ.. ആ മൂഡങ്ങുമാറിക്കൊള്ളും... ചികിത്സ തേടുക.. സാഹചര്യങ്ങളെ നോക്കി 'പ്രശ്‌നം', പ്രോബ്ലൂ' എന്നു പറയാതെ 'ചലഞ്ച്, വെല്ലുവിളി' എന്നൊക്കെ പറഞ്ഞ് അങ്ങു ശീലിക്കൂ.. അത്ഭുതാവഹമായ മാറ്റം നമുക്ക് കാണാനാകും. തീര്‍ച്ച.

ലവ് ഹോര്‍മോണ്‍

പ്രണയം അതി തീവ്രമായ വികാരമാണ്. ഒരാളുടെ സ്വഭാവത്തെയും ചിന്തയേയും സ്വപ്നങ്ങളെയും വരെ അത് മാറ്റിമറിക്കും. കൗണ്‍സലിങ്ങിനു കൊണ്ടു വരുന്ന കാമുകീകാമുകന്മാരുടെ പ്രതികരണങ്ങള്‍ പോലും പലപ്പോഴും നമ്മളെ അമ്പരിപ്പിക്കും. ''എന്നെയാരും ഉപദേശിക്കേണ്ട...ഞാന്‍ തീരുമാനിച്ചു. ജീവിച്ചാലും മരിച്ചാലും അയാള്‍ക്കൊപ്പമായിരിക്കും'' എന്ന മട്ടില്‍ വലിയ വായില്‍ സംസാരിക്കുന്ന പതിനാലും പതിനഞ്ചും വയസ്സുള്ള പെണ്‍കുട്ടികളുമായി വരുന്ന രക്ഷകര്‍ത്താക്കള്‍ ധാരാളമുണ്ട്.

യാതൊരു വിധ ചിന്തയുമില്ലാതെ പ്രണയക്കടലിലേക്ക് എടുത്ത് ചാടിയവരാണിവര്‍. 'എന്തോ കൂടോത്രമോ, വശീകരണമോ ആണ്...എന്റെ മകള്‍ ഇങ്ങനെയായിരുന്നില്ല' എന്നു വിലപിക്കുന്ന അമ്മമാര്‍ നിരവധിയുണ്ട്. ഇത് മായയും മന്ത്രവുമല്ല. നമ്മുടെ ശരീരത്തിന്റെ ഹോര്‍മോണ്‍ കളികളാണ്. ഇതിനെക്കുറിച്ച് സാമാന്യമായ തിരിച്ചറിവുണ്ടാകുന്നത് എല്ലാവര്‍ക്കും നല്ലതാണ്.

നാം മനസ്സിലാക്കേണ്ട പൊതു സത്യം ഏതൊരു ആണും പെണ്ണും ദീര്‍ഘകാലം അടുത്ത് ഇടപഴികിയാല്‍ 'ഒരടുപ്പം' ഉണ്ടാകും എന്നതാണ്. അങ്ങനെയാണ് നല്ല സൗഹൃദങ്ങളുണ്ടാകുന്നത്. പക്ഷേ സൗഹൃദം ശ്രദ്ധിച്ചില്ലെങ്കില്‍ പ്രണയത്തിലേക്ക് വഴുതിമാറും എന്നത് പറയേണ്ടതില്ലല്ലോ.

ഇതില്‍ ശരിയായ വില്ലന്‍ നമ്മുടെ തലച്ചോറിലെ ന്യൂറോ കെമിക്കല്‍സ് ആണ്. പ്രായമോ വിദ്യാഭ്യാസ യോഗ്യതയോ സ്റ്റാറ്റസോ പ്രണയത്തെ സ്വാഭാവികമായി തടുത്തു നിര്‍ത്തുമെന്ന് ചിന്തിക്കുന്നതില്‍ കാര്യമില്ല. തല വെച്ചു കൊടുത്താല്‍ തലയ്ക്കകത്തിരിക്കുന്ന കെമിക്കലുകള്‍ പ്രേമത്തിനു കണ്ണില്ല എന്ന അവസ്ഥയിലൂടെ ഏതു വ്യക്തിയേയും കടത്തിവിടും.

അമേരിക്കയിലെ ററ്റ്ഗര്‍ യൂണിവേഴ്‌സിറ്റിയിലെ ഹെലന്‍ ഫിഷര്‍ മൂന്നു ഘട്ടങ്ങളായാണ് പ്രണയാനുഭവത്തെ തിരിച്ചിരിക്കുന്നത്.

ഒന്നാം ഘട്ടം: സ്ത്രീക്കും പുരുഷനും എവിടെവെച്ചും ആരോടും തോന്നുന്ന ലൈംഗിക ആകര്‍ഷണം. പദവിയോ പഠനമോ ജീവിത സാഹചര്യമോ വ്യക്തിയുടെ പശ്ചാത്തലമോ ഒന്നും പരിഗണിക്കാതെ ആരോടും ഈ ആകര്‍ഷണം തോന്നാം. 'ഇന്‍ഫാച്ച്വേഷന്‍' എന്ന ഓമനപ്പേരിലുള്ള പ്രണയഭാവം ടെസ്‌റ്റോസ്റ്റീറോണ്‍ എന്ന പുരുഷ ഹോര്‍മോണിന്റെയും ഈസ്ട്രജന്‍ എന്ന സ്ത്രീ ഹോര്‍മോണിന്റെയും സംഭാവനയാണ്. എതിര്‍ലിംഗത്തില്‍പ്പെട്ടവര്‍ തന്നെ ശ്രദ്ധിക്കണമെന്ന് ആഗ്രഹിക്കുന്നതും അവരെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നതുമെല്ലാം ഈ ഹോര്‍മോണുകളുടെ കളികളാണ്. എന്നാല്‍ മറ്റേയാള്‍ ഇതൊന്നും അറിയണമെന്നില്ല. ആരോടും പ്രണയം തോന്നാം എന്നൊരു പ്രശ്‌നം സ്വയം മനസ്സിലാക്കുകയും തിരിച്ചറിയുകയും ചെയ്തില്ലെങ്കില്‍ അബദ്ധ ബന്ധങ്ങളില്‍ ചെന്നു ചാടാന്‍ സാധ്യതയുണ്ട്.

രണ്ടാം ഘട്ടം: സ്വയം മനസ്സിലാവാതെ ഒന്നാം ഘട്ടത്തിലുണ്ടായ മൃദുലവികാരങ്ങളെ പരിപോഷിപ്പിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ ആകര്‍ഷണത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കും. ഒന്നു നേരില്‍ കാണാനും സംസാരിക്കാനുമൊക്കെ ആഗ്രഹിക്കും. എന്നാല്‍ അതിനുള്ള അവസരം ലഭിച്ചാല്‍ ഹൃദയമിടിപ്പ് വര്‍ധിക്കും, നാവിറങ്ങിപ്പോകും, ബി.പി. കൂടി മുഖം ചുവക്കും. സംസാരിക്കാന്‍ പ്ലാന്‍ ചെയ്ത കാര്യങ്ങള്‍ ഒന്നും സംസാരിക്കാനാകില്ല. 'നോര്‍ അഡ്രിനാലിന്‍' എന്ന കെമിക്കലിന്റെ പണികളാണിതെല്ലാം. പ്രണയിക്കുന്ന ആളെ കൂടുതല്‍ കരുതാനും ശ്രദ്ധിക്കാനുമൊക്കെ മനസ്സിനെ ഈ കെമിക്കല്‍ പ്രേരിപ്പിക്കും. 'നിഷ്‌കളങ്ക പ്രണയം' എന്നൊരു തോന്നലൊക്ക മനസ്സില്‍ ഉണ്ടാക്കാന്‍ കഴിവുള്ള 'അഡ്രിനാലിന്‍' സമ്മിശ്രമായ ഭാവങ്ങളിലൂടെ മനസ്സിനെ നയിക്കും.

മൂന്നാം ഘട്ടം: മൊബൈല്‍ ഫോണും, വാട്ട്‌സ്ആപ്പും, ഫെയ്‌സ്ബുക്കും, ഒരുമിച്ചുള്ള കറക്കങ്ങളും ഭക്ഷണവുമൊക്കെയായി ഈ പ്രണയത്തെ ഉണര്‍ത്തി വിട്ടാല്‍ 'ശരിയായ' വ്യക്തിയെത്തന്നെയാണോ, താന്‍ ഇഷ്ടപ്പെടുന്നത് എന്ന തിരിച്ചറിവിന്റെ ചിന്തയെ ഒരിക്കലും ഉണരാത്ത രീതിയില്‍ മൂന്നാം ഘട്ടം ഒതുക്കിക്കളയും. ആണ്‍കുട്ടിയും പെണ്‍കുട്ടിയും മാതാപിതാക്കളോട് റിബല്‍ സ്വഭാവം കാണിക്കുകയും താനിഷ്ടപ്പെടുന്ന ആളെ 'കണ്ണുമടച്ച് വിശ്വസിച്ച്' പോകുന്നതുമെല്ലാം 'ഓക്‌സിടോസിന്‍' 'വാസോപ്രസിന്‍' എന്നീ കെമിക്കലുകളുടെ മാജിക്കാണ്. അടുത്തിരിക്കാനും ചാരിയിരിക്കാനും കെട്ടിപ്പിടിക്കാനും ഉമ്മവയ്ക്കാനുമൊക്കെ ഈ കെമിക്കലുകള്‍ തോന്നിച്ചുകോണ്ടേയിരിക്കും. 'ലവ് ഹോര്‍മോണ്‍' ഉയര്‍ത്തിവിടുന്ന ഓളങ്ങളാണ് ശാരീരിക ബന്ധത്തിലേക്കും അടുപ്പത്തിലേക്കും 'എന്തു റിസ്‌കി' ലേക്കും കമിതാക്കളെ തള്ളിവിടുന്നത്.

അങ്ങനെയെങ്കില്‍ ഈ 'വഴിതെറ്റിക്കുന്ന' ലവ് ഹോര്‍മോണുകളെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത്. മനസ്സില്‍ ഹോര്‍മോണുകളുയര്‍ത്തുന്ന വികാരങ്ങളെ വിവേകം കൊണ്ടാണ് നേരിടേണ്ടത്. മനസ്സിന്റെ കടിഞ്ഞാണ്‍ വികാരങ്ങള്‍ ഏറ്റെടുത്താല്‍ അപക്വമായ തീരുമാനങ്ങളിലൂടെ ജീവിതം മുന്നോട്ടു പോകും. വൈകാരിക ബുദ്ധിയും വൈകാരിക പക്വതയും ഉചിത തീരുമാനങ്ങളെടുക്കാന്‍ വ്യക്തിയെ സഹായിക്കും.

അതിനായി സ്വയം ആരെന്ന് തിരിച്ചറിയണം. സ്വന്തം പ്രായം, സംസ്‌കാരം, കുടുംബം, ആശയങ്ങള്‍, സ്വപ്നങ്ങള്‍, വിദ്യാഭ്യാസ നിലവാരം തുടങ്ങിയവയുമായി പൊരുത്തപ്പെടുന്ന വ്യക്തിയോട് തോന്നുന്ന പ്രണയം മാത്രമേ മനസ്സില്‍ പ്രോത്സാഹിപ്പിക്കാവൂ.

ആര്‍ക്ക്, എപ്പോള്‍ വേണമെങ്കിലും പ്രണയാഭ്യര്‍ത്ഥനകള്‍ ലഭിക്കാം. മേല്പറഞ്ഞ ആശയങ്ങളുമായി പൊരുത്തപ്പെടുന്നവയല്ല എങ്കില്‍ അതില്‍ നിന്നും അപ്പോള്‍ത്തന്നെ മനസ്സുമാറ്റുന്നതാണ് ബുദ്ധി. അല്ലാത്തവ നല്ല സൗഹൃദങ്ങളുടെ തലത്തില്‍ തുടരട്ടെ. സംസാരത്തിലൂടെയും സഹവര്‍ത്തിത്വത്തിലൂടെയും വ്യക്തിയുടെ വ്യക്തിത്വത്തെ തിരിച്ചറിയാന്‍ ശ്രമിക്കുക. പ്രണയാവേശം മനസ്സില്‍ വന്നാലും സാവധാനം മാത്രം തീരുമാനമെടുക്കുക.

നിങ്ങള്‍ക്ക് പ്രണയം തോന്നുന്ന വ്യക്തിയെക്കുറിച്ച് ആളുകള്‍ പറയുന്ന നല്ലതും ചീത്തയും മനസ്സിലാക്കുക. 'എല്ലാം നുണയാണ്' എന്നെല്ലാം ചാടിക്കയറി വിചാരിക്കാന്‍ വരട്ടെ. മനസ് പ്രണയത്തിലകപ്പെടുന്നതിന് മുമ്പ് തന്നെ കാര്യങ്ങളെ മനസിലാക്കാന്‍ ശ്രമിച്ചില്ലെങ്കില്‍ പിന്നീടൊരിക്കലും സാധിക്കില്ല. അത് തകരുമ്പോഴല്ലാതെ എത്ര അടുത്ത ബന്ധമാണെങ്കിലും വിവാഹത്തിനു മുമ്പാള്ള ശാരീരിക അടുപ്പത്തിന് അനുവാദം കൊടുക്കാതിരിക്കുക. അവസരം ഉണ്ടാക്കാതിരിക്കുക. പല പ്രണയ വിവാഹങ്ങളും തകരുന്നത് അശ്രദ്ധമായി ഈ മേഖലയെ കൈകാര്യം ചെയ്യുന്നതു കൊണ്ടാണ്. 

കൗമാര പ്രായത്തില്‍ തോന്നുന്ന പ്രണയം ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലം വിവാഹപ്രായമെത്തുമ്പോള്‍ പലപ്പോഴും അപ്രസക്തമാറാകുണ്ട്. അതും കെമിക്കല്‍ മാജിക്കാണ്. അതുകൊണ്ട് ചാടിക്കയറി 'ഞാനിവനെയേ കെട്ടൂ' എന്നു വാശിപിടിക്കരുത്. വിവാഹ പ്രായമാകുമ്പോഴും 'എനിക്ക് നീയില്ലാതെ പറ്റില്ല' എന്ന ശക്തമായ ചിന്തയും ബോധ്യവും നിലനില്‍ക്കുന്നുണ്ടെങ്കില്‍ വീട്ടുകാരുമായാലോചിച്ച് തുടര്‍ നടപടികള്‍ ആകാം. ആവശ്യമെങ്കില്‍ ഒരു സൈക്കോളജിസ്റ്റിന്റേയോ കൗണ്‍സലറുടേയോ സഹായത്തോടെ നിങ്ങളുടെ മനസ്സിനെ പഠിക്കുക. ഉചിതമായ തീരുമാനം കൈക്കൊള്ളുക

കൗമാരത്തിന്റെ പ്രശ്‌നങ്ങള്‍

ബാല്യത്തില്‍നിന്ന് കൗമാരത്തിലേക്കുള്ള മാറ്റം നിര്‍ണായകമാണ്. അച്ഛനമ്മമാരെ ആശ്രയിക്കുമ്പോള്‍തന്നെ സ്വാതന്ത്ര്യംനേടാനുള്ള ആഗ്രഹം കൗമാരക്കാരിലുണ്ടാകും. ശാരീരികവും മാനസികവുമായ ഒരുപാട് പരിണാമങ്ങളിലൂടെ കടന്നുപോകുന്ന സമയം കൂടിയാണിത്. കൂട്ടുകാരുടെ സ്വാധീനവും സ്വഭാവരൂപവത്കരണത്തില്‍ പ്രധാന പങ്കുവഹിക്കും.

നന്നായി ആശയവിനിമയം നടത്തുകയാണ് കൗമാരക്കാരെ മനസ്സിലാക്കാനുള്ള നല്ല മാര്‍ഗം. അവര്‍ക്ക് തങ്ങളെക്കുറിച്ച് മതിപ്പുണ്ടാകണമെങ്കില്‍ അവരോട് മാതാപിതാക്കള്‍ നന്നായി പെരുമാറണം. ആത്മവിശ്വാസമാണ് അവര്‍ക്ക് നേട്ടങ്ങളുണ്ടാക്കാനുള്ള മൂലധനം എന്നറിയുക. അതും രക്ഷിതാക്കളുടെ സമീപനത്തിലൂടെയാണ് കിട്ടുന്നത്. 

കൗമാരക്കാരുടെ കുറ്റങ്ങള്‍ കണ്ടെത്താന്‍ മാത്രമാണ് മാതാപിതാക്കള്‍ ശ്രമിക്കാറ്. തുടര്‍ന്നുള്ള ശാസനയാകും പതിവ് പരിപാടി. എന്നാല്‍, നല്ല പ്രവൃത്തികളെ പ്രശംസിക്കാനും നേട്ടങ്ങളെ അംഗീകരിക്കാനും കഴിയണം. ചെറിയതെറ്റുകള്‍ ചൂണ്ടിക്കാട്ടി തിരുത്താനുള്ള സ്‌നേഹോപദേശം നല്‍കണം. നിയന്ത്രണത്തിന്റെ അദൃശ്യമായ കടിഞ്ഞാണുള്ള സൗഹൃദമാണ് കൗമാരക്കാരോടുള്ള സമീപനത്തില്‍ അഭികാമ്യമെന്ന് മനഃശാസ്ത്രജ്ഞര്‍ പറയുന്നു.

വിഷാദവും ഭക്ഷണം കഴിക്കുമ്പോഴുള്ള പ്രശ്‌നങ്ങളും കൗമാരക്കാരില്‍ സാധാരണ കണ്ടുവരാറുണ്ട്. അവര്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന് അറിയാന്‍ ശ്രദ്ധിക്കാവുന്ന മറ്റ് കാര്യങ്ങള്‍: 

* പെട്ടെന്നുള്ള കോപം, അസ്വസ്ഥത
* തൂക്കം തീരെ കുറയുകയോ വളരെ കൂടുകയോ ചെയ്യുന്നത്
* പഠനത്തില്‍ പെട്ടെന്ന് പിറകോട്ടുപോവുക
* ഏകാഗ്രതക്കുറവ്
* ദുഃഖം, വികാരവിക്ഷോഭങ്ങള്‍
* മറ്റുള്ളവരെയും ചുറ്റുമുള്ള സാധനങ്ങളും ശ്രദ്ധിക്കാതിരിക്കുക
* ക്ഷീണം, ഒന്നിനും താത്പര്യമില്ലാതിരിക്കുക
* നേട്ടങ്ങളില്‍ താത്പര്യമില്ലാത്ത അവസ്ഥ
* ആത്മവിശ്വാസക്കുറവ്
* ഉറക്കക്കുറവ്, അമിത ഉറക്കം

ഇവയിലേതെങ്കിലും കണ്ടാല്‍ മകന്/ മകള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെന്ന നിഗമനത്തില്‍ ഉടന്‍ എത്തേണ്ടതില്ല. അവര്‍ക്ക് തുറന്നുസംസാരിക്കാന്‍ അവസരമുണ്ടാക്കുക. പ്രശ്‌നങ്ങള്‍ അവരുടെ സഹകരണത്തോടെ പരിഹരിക്കാന്‍ ശ്രമിക്കുക. അതിനുമപ്പുറമാണെങ്കില്‍ വിദഗ്ധനായ കൗണ്‍സലറെ സമീപിക്കുക.

ഒ.കെ.മുരളീകൃഷ്ണന്‍

അവധിക്കാലത്ത് പഠനവൈകല്യം പരിഹരിക്കാം

എന്റെ മകന്‍ നല്ല ബുദ്ധിയുള്ള കുട്ടിയാ. ഏതുകാര്യവും ഒറ്റത്തവണ പറഞ്ഞാല്‍മതി അവന് മനസ്സിലാകും. പക്ഷേ, പറഞ്ഞിട്ടെന്തുകാര്യം! അവന്‍ ഭയങ്കര മടിയനാ. എത്ര പറഞ്ഞാലും പുസ്തകം വായിക്കില്ല'. ഇത്തരത്തില്‍ മക്കളെക്കുറിച്ച് പരാതി പറയുന്ന അമ്മമാരെ നമുക്ക് പലപ്പോഴും കാണാന്‍ കഴിഞ്ഞേക്കും. ഇത്തരം കുട്ടികള്‍ക്ക് പരീക്ഷയില്‍ മാര്‍ക്ക് കുറയാനും സാധ്യതയേറെയാണ്. എന്നാല്‍, 'മടി'യെന്ന് കുട്ടിയുടെ അമ്മ കരുതുന്ന കാര്യം ഒരുപക്ഷേ, പഠനവൈകല്യത്തിന്റെ ലക്ഷണമാകാം.

സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ 10 ശതമാനത്തോളം പേര്‍ക്ക് പഠനസംബന്ധമായ പ്രശ്‌നങ്ങളുണ്ടാകാറുണ്ട്. എന്നാല്‍, ഇത്തരം കുട്ടികളെല്ലാം ബുദ്ധിമാന്ദ്യമുള്ളവരല്ല. ഇവരില്‍ ചിലരെങ്കിലും അതിബുദ്ധിമാന്മാരായിരിക്കും. കാഴ്ച, കേള്‍വി എന്നീ ശേഷികളില്‍ വരുന്ന തകരാറുകളും ശ്രദ്ധക്കുറവും വിഷാദവുമെല്ലാം പഠനപ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. എന്നാല്‍, മേല്പറഞ്ഞ തകരാറുകളൊന്നുമില്ലെങ്കിലും വായനയിലോ എഴുത്തിലോ കണക്കുകൂട്ടുന്നതിലോ സവിശേഷമായ പോരായ്മയുള്ള കുട്ടികള്‍ക്ക് 'പഠന വൈകല്യം' ഉണ്ടെന്ന് സംശയിക്കാം.

എന്താണ് പഠന വൈകല്യം?

പഠനസംബന്ധമായ ഒന്നിലേറെ വൈകല്യങ്ങള്‍ക്ക് പൊതുവായി പറയുന്ന പേരാണ് 'പഠന വൈകല്യം'. വായിക്കാനുണ്ടാകുന്ന ബുദ്ധിമുട്ടിനെ 'ഡിസ്‌ലെക്‌സിയ' എന്നും എഴുത്തിനോടനുബന്ധിച്ച വൈകല്യത്തെ 'ഡിസ്ഗ്രാഫിയ' എന്നും കണക്കുസംബന്ധമായ തകരാറിനെ 'ഡിസ്‌കാല്‍ക്കുലിയ' എന്നും പറയാറുണ്ട്. ഇത്തരം വൈകല്യങ്ങളുള്ള കുട്ടികള്‍ക്ക് ശരാശരിയോ അതില്‍ക്കൂടുതലോ ബുദ്ധി ഉണ്ടെങ്കില്‍പ്പോലും വളരെ സാവധാനമേ പഠിക്കാന്‍ കഴിയൂ. ആവര്‍ത്തിച്ച് അക്ഷരത്തെറ്റുകള്‍ വരുത്തുക, വായിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുക എന്നിവയൊക്കെ ഇവര്‍ക്ക് സാധാരണയായി സംഭവിക്കാം. ചെറിയ ക്ലാസുകളില്‍ എഴുത്തും വായനയും പൊതുവേ കുട്ടികള്‍ക്ക് പ്രയാസമുണ്ടാക്കാം. എന്നാല്‍, ഏഴുവയസ്സ് കഴിഞ്ഞിട്ടും വായന, എഴുത്ത്, കണക്കുകൂട്ടല്‍ ഇവയിലേതിലെങ്കിലും കാര്യമായ ബുദ്ധിമുട്ടുണ്ടെങ്കില്‍ ആ കുട്ടിക്ക് പഠനവൈകല്യമുണ്ടെന്ന് കരുതാം. 

ഡിസ്‌ലെക്‌സിയ ഉള്ള കുട്ടികള്‍ പലപ്പോഴും പുസ്തകത്തില്‍ ചൂണ്ടുവിരല്‍ കൊണ്ട് അക്ഷരങ്ങള്‍ കണ്ടെത്തി അറച്ചറച്ചാകും വായിക്കുക. വായിക്കുമ്പോള്‍ ചില അക്ഷരങ്ങള്‍ വിട്ടുപോകുക, ഇല്ലാത്ത അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ക്കുക, ആദ്യത്തെ അക്ഷരംമാത്രം ശ്രദ്ധിച്ചിട്ട് ബാക്കി ഊഹിച്ച് വായിക്കുക എന്നിവയൊക്കെ ഇവരില്‍ കാണാം. ഒരു പ്രത്യേക താളത്തില്‍ തപ്പിത്തടഞ്ഞായിരിക്കും ഈ കുട്ടികള്‍ വായിക്കുക.

രചനാവൈകല്യം അഥവാ ഡിസ്ഗ്രാഫിയ ഉള്ള കുട്ടികള്‍ വളരെ സാവധാനമായിരിക്കും എഴുതുന്നത്. നിശ്ചിത സമയത്തിനുള്ളില്‍ പരീക്ഷയെഴുതി പൂര്‍ത്തിയാക്കാന്‍ ഇവര്‍ക്ക് കഴിയാറില്ല. ഇവരുടെ കൈയക്ഷരം മോശമായിരിക്കും. എഴുതുമ്പോള്‍ വരികള്‍ ചരിഞ്ഞുപോകുക, വിരാമചിഹ്നങ്ങളും വള്ളി, ദീര്‍ഘം തുടങ്ങിയവ വിട്ടുപോകുക എന്നിവയും ഉണ്ടാകാം. ഇത്തരം കുട്ടികള്‍ക്ക് ക്ലാസ്‌നോട്ട്‌സ് എഴുതിത്തീര്‍ക്കാനും പ്രയാസമാകും. അക്ഷരത്തെറ്റും വ്യാകരണപ്പിശകുകളും ധാരാളമായുണ്ടാകും. പ്രതിബിംബ സ്വഭാവമുള്ള അക്ഷരങ്ങളെഴുതുമ്പോള്‍ തിരിഞ്ഞുപോകുന്നതാണ് മറ്റൊരു പ്രശ്‌നം. 'സ' വേണ്ടയിടത്ത് 'ഡ' എന്നും ഇംഗ്ലീഷിലെ ഫ്രയയ്ത്ത എന്ന അക്ഷരത്തിനുപകരം ഫ്രലയ്ത്ത എന്നും ഇവര്‍ എഴുതും. 

ഗണിതവൈകല്യം അഥവാ ഡിസ്‌കാല്‍ക്കുലിയ ഉള്ളവര്‍ക്ക് മൂന്നാംക്ലാസൊക്കെ ആയാലും വിരലുകള്‍കൊണ്ടേ കൂട്ടാന്‍ കഴിയൂ. ഗുണനപ്പട്ടിക ഓര്‍ത്തുവെക്കാന്‍ പ്രയാസമായിരിക്കും. സംഖ്യകള്‍ തലതിരിഞ്ഞുപോകുന്നതും ഉത്തരക്കടലാസില്‍ ക്രിയ ചെയ്തുകിട്ടുന്ന സംഖ്യ എടുത്തെഴുതുമ്പോള്‍ തെറ്റുന്നതും സാധാരണം.

മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനത്തിലുള്ള ചില സവിശേഷതകളാണ് പഠനവൈകല്യത്തിന് കാരണമാകുന്നത്. ജനിതകകാരണങ്ങള്‍, ഗര്‍ഭകാലത്തെ അണുബാധ, പോഷകാഹാരക്കുറവ് എന്നിവയും പഠനവൈകല്യങ്ങള്‍ക്ക് കാരണമാകാം.

പരിഹാരം എങ്ങനെ?

പഠനവൈകല്യമുള്ള കുട്ടികള്‍ക്ക് ചില സവിശേഷഗുണങ്ങളുമുണ്ടാകും. ഇവരില്‍ പലരും മികച്ച ഭാവനാശേഷിയുള്ളവരായിരിക്കും. ഇവര്‍ പലപ്പോഴും ചിത്രങ്ങളുടെ രൂപത്തിലായിരിക്കും ചിന്തിക്കുക. പരിസരത്തെക്കുറിച്ച് നല്ല ശ്രദ്ധയുള്ളവരും കാര്യങ്ങള്‍ മനസ്സിലാക്കാന്‍ വളരെയേറെ താത്പര്യമുള്ളവരുമായിരിക്കുമിവര്‍. വാക്കുകള്‍കൊണ്ട് ചിന്തിക്കുന്ന മറ്റുകുട്ടികളേക്കാള്‍ വളരെ വേഗത്തിലായിരിക്കും ചിത്രങ്ങളുടെ രൂപത്തില്‍ ചിന്തിക്കുന്ന ഇവരുടെ മാനസികവ്യാപാരങ്ങള്‍. 

കുട്ടിയുടെ പ്രശ്‌നങ്ങളുടെ ചരിത്രം, അധ്യാപകരുടെ റിപ്പോര്‍ട്ട്, കുട്ടിയുടെ ശാരീരിക-മാനസികപരിശോധന, മറ്റു കഴിവുകള്‍ എന്നിവയൊക്കെ വിലയിരുത്തിയാണ് ചികിത്സ നടത്തുന്നത്. വായന, എഴുത്ത്, ഗണിതം എന്നിവയിലെ തകരാറുകള്‍ മനസ്സിലാക്കാനുള്ള ടെസ്റ്റുകള്‍ നല്‍കണം. കുട്ടിയുടെ പ്രശ്‌നത്തെക്കുറിച്ച് മാതാപിതാക്കള്‍ക്ക് കൗണ്‍സലിങ് നല്‍കേണ്ടതുണ്ട്. 'തെറ്റുതിരുത്തല്‍ വിദ്യാഭ്യാസം' അഥവാ 'റെമഡിയല്‍ എജ്യുക്കേഷന്‍' ആണ് പഠനവൈകല്യം പരിഹരിക്കാനുള്ള പ്രധാന പരിശീലനരീതി. ഇതില്‍ വൈദഗ്ധ്യം നേടിയ അധ്യാപകരുടെ സേവനം കുട്ടിക്ക് വളരെ പ്രയോജനപ്പെടും. ഇത്തരം കുട്ടികള്‍ക്ക് പെരുമാറ്റവ്യത്യാസങ്ങള്‍ക്കുള്ള ചികിത്സയും ഉടന്‍ നല്‍കേണ്ടതുണ്ട്. കുട്ടികളുടെ കലാപരവും സാങ്കേതികവുമായ കഴിവുകള്‍ കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിക്കേണ്ടതും അനിവാര്യമാണ്.

സോഷ്യല്‍ നെറ്റ്‌വര്‍ക്ക് മീഡിയയും കുട്ടികളും

സാങ്കേതികവിദ്യ മാനംമുട്ടെ വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മുടെ കുട്ടികള്‍ ഇന്ന് ജീവിക്കുന്നത്. നമ്മുടെ സ്‌കൂള്‍ കുട്ടികളുടെയും കൗമാരക്കാരുടെയും ജീവിതരീതിയില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തുന്ന ഘടകം ഏതാണെന്നു ചോദിച്ചാല്‍ അത് സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കിങ് തന്നെയാണ്. ഇന്റര്‍നെറ്റിന്റെയും സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കിന്റെയും ഉപയോഗം ഗുണദോഷ സമ്മിശ്രമാണ്. എങ്കിലും ഉപയോഗത്തില്‍ മിതത്വം പാലിച്ചില്ലെങ്കില്‍ ഗൗരവപൂര്‍ണമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം.

സാമൂഹികമായ ആശയവിനിമയം സാധ്യമാക്കുന്ന ഏതു സൈറ്റും സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കില്‍ പെടും. ഫേസ്ബുക്ക്, ട്വിറ്റര്‍, മൈ സ്‌പേസ്, ക്ലബ്ബ് പെന്‍ഗ്വിന്‍, സെക്കന്‍ഡ് ലൈഫ്, ലിങ്ക്ഡ്ഇന്‍, വീഡിയോ സൈറ്റായ യൂ ട്യൂബ്, ബ്ലോഗുകള്‍ ഇവയൊക്കെ ഈ ഗണത്തില്‍ പെടും. ഈയടുത്ത കാലത്ത് അമേരിക്കന്‍ ഐക്യനാടുകളില്‍ നടത്തിയ ഒരു സര്‍വെ പ്രകാരം കൗമാരക്കാരില്‍ 22 ശതമാനം പേരും ദിവസത്തില്‍ പത്തുപ്രാവശ്യത്തില്‍ കൂടുതല്‍ തങ്ങളുടെ ഇഷ്ടപ്പെട്ട സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ കയറുന്നവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 

50 ശതമാനത്തില്‍ കൂടുതല്‍ പേരും ദിവസേന ഒരു തവണയില്‍ കൂടുതല്‍ ഇത്തരം സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരാണത്രെ. കുട്ടികളില്‍ 75 ശതമാനം പേരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരും അവരില്‍തന്നെ 25 ശതമാനം പേരും മൊബൈല്‍ വഴി ഇത്തരം സൈറ്റുകളില്‍ കയറുന്നവരുമാണ്.

ആശയവിനിമയ പാടവം വര്‍ധിപ്പിക്കുക, പുതിയ കാര്യങ്ങള്‍ പഠിക്കുക എന്നീ കാര്യങ്ങള്‍ ഇത്തരം സൈറ്റുകളുടെ ഉപയോഗം മൂലം കുട്ടികള്‍ക്കു കിട്ടുന്ന ഗുണങ്ങളാണ്. സൂക്ഷിച്ചുപയോഗിച്ചാല്‍ പഠനത്തിന്റെ ഭാഗമായ പ്രോജക്ടുകള്‍ തയ്യാറാക്കുന്നതിനും സര്‍ഗാത്മകമായ കാര്യങ്ങളുടെ വികസനത്തിനും ഇവ കുട്ടികളെ സഹായിക്കുന്നു.

ഇരുണ്ട വശങ്ങള്‍

ശാരീരിക വളര്‍ച്ചയിലെ വേഗതക്കൊപ്പമെത്താത്ത മാനസികവളര്‍ച്ചയും തന്‍മൂലമുണ്ടാകുന്ന പക്വതയില്ലായ്മയും കുട്ടികളെ തിന്മകളിലേക്ക് വലിച്ചിഴയ്ക്കുന്നു. കണ്ടുപിടിച്ചു വരുമ്പോഴേക്ക് അവര്‍ ഇത്തരം ചെളിക്കുഴികളുടെയും ചതിക്കുഴികളുടെയും ആഴങ്ങളിലേക്ക് ആണ്ടുപോയിട്ടുണ്ടാകും. പല അധോലോക ഗ്യാങ്ങുകളുടെയും സാമൂഹികവിരുദ്ധ കൂട്ടായ്മകളുടെയും തുടക്കം ഇപ്പോള്‍ ഇത്തരം സൈറ്റുകളില്‍ നിന്നാണ്. സമാനസ്വഭാവക്കാരെ കണ്ടെത്താനും കൂട്ടുകൂടാനും അത്രയേറെ എളുപ്പമാണ്. 

ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട് ഒടുവില്‍ ഗുണ്ടകളുടെയും, പ്രത്യേകിച്ച് ജോലിയും കൂലിയും ഒന്നുമില്ലാതെ അലസഗമനം നടത്തുന്നവരുടെയും കൂടെ ഒളിച്ചോടി ജീവിതം തച്ചുടയ്ക്കുന്ന കൗമാരക്കാരുടെ കഥകള്‍ എത്രയെങ്കിലും നാം മാധ്യമങ്ങളിലൂടെ അറിയുന്നു. ചാറ്റിങ്ങും ഫോണ്‍ സെക്‌സും പിന്നാലെ ലൈംഗിക പരീക്ഷണങ്ങളും ഒക്കെയായി നീളാവുന്നതാണ് കൗമാരക്കാര്‍ക്കിടയിലെ ഇത്തരം ബന്ധങ്ങള്‍. സെക്സ്റ്റിങ് എന്നൊരു പുതിയ പദം തന്നെ ഇപ്പോള്‍ നിലവിലുണ്ട്. അശ്ലീലച്ചുവയുള്ള സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും നെറ്റ് വഴിയും മൊബൈല്‍ ഫോണ്‍ വഴിയും കൈമാറുന്നതിനെയാണ് ഇങ്ങനെ വിശേഷിപ്പിക്കുന്നത്.

പഠനത്തിലെ പിന്നാക്കാവസ്ഥയും ആരോഗ്യപ്രശ്‌നങ്ങളും

മദ്യത്തെയോ മയക്കുമരുന്നിനെയോ പോലെയോ ഒരുപക്ഷേ, അതിനെക്കാള്‍ ഭയാനകമായ രീതിയിലോ അടിമത്തം സൃഷ്ടിക്കുന്ന ഒന്നാണ് ഇന്റര്‍നെറ്റ് ഉപയോഗം. മണിക്കൂറുകളോളം കമ്പ്യൂട്ടര്‍ മോണിറ്ററില്‍ നോക്കിയിരിക്കുന്ന കുട്ടിയില്‍ കാഴ്ചയിലെ വൈകല്യങ്ങള്‍ മാത്രമല്ല, മാനസിക വൈകല്യങ്ങളും ഉണ്ടായേക്കാം. യഥാര്‍ഥ ലോകവും ഫാന്റസിയും തമ്മില്‍ ഇഴപിരിച്ചു കാണാന്‍ കഴിയാത്ത അവസ്ഥയിലേക്ക് കുട്ടി അതിവേഗം എത്തിപ്പെടുന്നു. 

ഇന്റര്‍നെറ്റിന്റെയും സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കിങ്ങിന്റെയും അമിതമായ ഉപയോഗം കുട്ടികളില്‍ വിഷാദരോഗം വരുത്തുന്നതായി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നെറ്റില്‍ കയറാന്‍ കഴിയാതെ വരുമ്പോള്‍ മദ്യപാനികളെപ്പോലെ 'വിത്ത്ഡ്രാവല്‍ സിന്‍ഡ്രോം' വരുന്നവരും ധാരാളം. ഫേസ്ബുക്ക് ഡിപ്രഷന്‍ എന്നാണ് ഇത്തരം അവസ്ഥയെ വിശേഷിപ്പിക്കുന്നത്.

പരിഹാരമാര്‍ഗങ്ങള്‍

ശരിയായ ബോധവത്കരണം തന്നെയാണ് ഫലപ്രദമായ മാര്‍ഗം. സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കിങ്ങിന്റെയും തന്മൂലം ഇന്റര്‍നെറ്റിന്റെയും അമിതോപയോഗം മൂലമുള്ള ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് രക്ഷിതാക്കളെയും അധ്യാപകരെയും ബോധവത്കരിക്കുകയും അവരിലൂടെ കുട്ടികളില്‍ ഇതിന്റെ മറഞ്ഞിരിക്കുന്ന ദൂഷ്യവശങ്ങളെക്കുറിച്ച് അവബോധം ഉണ്ടാക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. 

ഇതിന് അടിമപ്പെട്ട് പഠനവൈകല്യങ്ങളും വിഷാദവും ചിലപ്പോള്‍ അക്രമവാസനയും പ്രകടിപ്പിക്കുന്ന കുട്ടിക്ക് കൗണ്‍സലിങ് ഉള്‍പ്പെടെ വിദഗ്ധ ചികിത്സ വേണ്ടിവന്നേക്കാം. കൂട്ടുകാരുമായി വൈകീട്ട് കളികളിലും വ്യായാമങ്ങളിലും ഏര്‍പ്പെടുന്നതും വീട്ടില്‍ ഒറ്റപ്പെടുന്ന അവസ്ഥ സൃഷ്ടിക്കാതിരിക്കുന്നതും ഏറെ പ്രധാനമാണ്. സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കിങ്ങിന് അടിമപ്പെട്ട് നമ്മുടെ കുട്ടികള്‍ ഒടുവില്‍ 'ആന്റി സോഷ്യല്‍' ആകാതിരിക്കാന്‍ ഇതേയുള്ളൂ മാര്‍ഗം.

ലൈംഗിക കുറ്റകൃത്യങ്ങളിലെ മനഃശാസ്ത്രം

ലൈംഗിക കുറ്റകൃത്യങ്ങളെപ്പറ്റിയുള്ള പഠനങ്ങള്‍ക്ക് ഏറെ പഴക്കമുണ്ട്. കുറ്റവാളികളുടെ സ്വഭാവവിശേഷങ്ങള്‍ അപഗ്രഥിക്കുക, കുറ്റകൃത്യങ്ങള്‍ തടയുക, ഇരകള്‍ക്കു വേണ്ട ശുശ്രൂഷ നല്‍കുക, കുറ്റക്കാരെ ആവശ്യമെങ്കില്‍ ചികിത്സിക്കുക, പുനരധിവസിപ്പിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ഗവേഷണങ്ങള്‍ ഏറെ വിവരങ്ങള്‍ വെളിപ്പെടുത്തുകയുണ്ടായി. എന്നാല്‍ ഗവേഷണഫലങ്ങള്‍ പലപ്പോഴും സാമാന്യധാരണകളുമായി യോജിച്ചുപോകുന്നവയല്ല. ആക്രമണത്തിനു മുതിരുന്ന പുരുഷന്മാര്‍ അസാമാന്യമായ ആസക്തി പുലര്‍ത്തുന്നവരാണ് എന്നൊരു ധാരണ നിലവിലുണ്ട്. ഇതു ശരിയല്ല. ഇവരില്‍ ഏറെപേരും ആരോഗ്യകരമായ സാഹചര്യത്തില്‍ ലൈംഗികമായി നല്ല പ്രകടനം നടത്താന്‍ കഴിവുള്ളവരല്ല. സ്വന്തം കഴിവിലുള്ള വിശ്വാസക്കുറവും അപകര്‍ഷബോധവും ചിലപ്പോള്‍ ഇത്തരം പ്രവൃത്തികളിലേക്ക് നയിക്കുന്നു. 

പരീക്ഷണം നടത്താനും വിജയം ഉറപ്പുവരുത്താനുമുള്ള പ്രേരണയാണ് ഇവിടെ മുന്‍പില്‍ നില്‍ക്കുന്നത്. പ്രതികാരചിന്തയില്‍ സ്ത്രീയെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവരും കുറവല്ല. വ്യക്തിത്വത്തിലെ വൈകല്യമാണ് ഇനിയൊരു കാരണം. പിടിക്കപ്പെടുകയില്ല എന്നുറപ്പുള്ളപക്ഷം എന്തു തോന്ന്യാസവും കാട്ടാന്‍ തയ്യാറുള്ള ക്രിമിനല്‍ വ്യക്തിത്വങ്ങളുണ്ട്.

ധര്‍മാധര്‍മങ്ങളെപ്പറ്റിയുള്ള വിവേചനചിന്ത തീരെ നശിച്ചവരാണ് ഇക്കൂട്ടര്‍. ഇവരുടെ മുന്‍പില്‍ 'അനുകൂല' സാഹചര്യങ്ങളില്‍ ഒരു സ്ത്രീ വന്നുപെടുന്നപക്ഷം ആക്രമണം നടന്നതുതന്നെ. ഈയിടെ ഡല്‍ഹിയില്‍ നടന്ന സംഭവം ഇക്കൂട്ടത്തില്‍പ്പെടുത്താം. ഉന്മാദരോഗികളും അപസ്മാരരോഗമുള്ളവരും തലച്ചോറിന്റെ താളപ്പിഴകള്‍ മൂലം സ്ത്രീകളെ ആക്രമിക്കാറുണ്ട്. പെട്ടെന്നുണ്ടാവുന്ന വികാരങ്ങള്‍ നിയന്ത്രിക്കാനുള്ള കഴിവിന്റെ കുറവും ആക്രമണോത്സുകതയും ആണ് ഇതിന്റെ പിന്നില്‍. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സ്വാധീനത്തില്‍ സ്വബോധം നഷ്ടപ്പെട്ട് കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവരാണ് ഇനിയൊരു കൂട്ടര്‍. ഇത്തരം കൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ ചികിത്സിക്കാനും പുനരധിവസിപ്പിക്കാനുമായി 'ഫിനിക്‌സ് പ്രോഗ്രാം' എന്നാരു ചികിത്സാസമ്പ്രദായം പാശ്ചാത്യനാടുകളില്‍ നടപ്പാക്കിയിട്ടുണ്ട്. 

ആഴ്ചയില്‍ 30-35 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മനഃശാസ്ത്രചികിത്സയും കൗണ്‍സലിങ്ങും ആണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ വ്യക്തി മാനസികമായ നവീകരണത്തിന് സ്വയം സമര്‍പ്പിക്കാത്തപക്ഷം ഈ ചികിത്സകള്‍ പ്രത്യാശാജനകമല്ല. ബലാല്‍ക്കാരത്തിന് ഇരയായ സ്ത്രീയുടെ മാനസികാവസ്ഥകൂടി ശ്രദ്ധിക്കാം. സംഭവം നടന്നുകഴിഞ്ഞ് കുറെനേരത്തേക്ക് ഒന്നും ഓര്‍മിക്കാനാവാത്ത 'ബ്ലാക്ക് ഔട്ട്' അവസ്ഥയിലാവുന്നു പെണ്‍കുട്ടി. നടന്നത് സത്യമോ മിഥ്യയോ എന്ന സംശയവും അവളെ പിടികൂടുന്നു. പിന്നീട്, നടന്ന സംഭവങ്ങള്‍ ഒരു ചലച്ചിത്രത്തിലെന്നവണ്ണം മനസ്സിലേക്ക് കടന്നുവരികയായി. തനിക്കേറ്റ കളങ്കത്തെപ്പറ്റി അവള്‍ ബോധവതിയാവുന്നു. ആത്മഹത്യമുതല്‍ പ്രതികാരചിന്തവരെ പലതും മനസ്സിലേക്ക് കടന്നുവരികയായി. വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒരവസ്ഥയാണിത്.

ലൈംഗിക കുറ്റകൃത്യങ്ങളില്‍ ബലിയാടായവരില്‍ ഭൂരിഭാഗം പേരും പില്‍ക്കാലത്ത് ഗുരുതരമായ മാനസികപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നതായി കണ്ടിട്ടുണ്ട്. അപകര്‍ഷവും ആത്മനിന്ദയും ഇവരെ വേഗം ഗ്രസിക്കുന്നു. വിഷാദത്തിലേക്കും ആത്മഹത്യാപ്രവണതയിലേക്കും നീങ്ങുന്നവരാണ് ഒരു കൂട്ടര്‍; മറ്റൊരു വിഭാഗമാവട്ടെ പുരുഷവര്‍ഗത്തോടു മുഴുവന്‍ പകയും വാശിയുമായി ജീവിക്കുന്നു. ഉത്സാഹക്കുറവ്, ഭയം, സംശയം തുടങ്ങി പല രൂപത്തിലും പ്രശ്‌നങ്ങള്‍ ഉദയം ചെയ്യാം. ലൈംഗികമരവിപ്പ് ബാധിച്ച് മനഃശാസ്ത്രചികിത്സ തേടിയെത്തിയ പല സ്ത്രീകളും കുട്ടിക്കാലത്ത് മുതിര്‍ന്നവരുടെ ലൈംഗിക ചൂഷണത്തിന് ഇരയായതായി കണ്ടിട്ടുണ്ട്.
ബലാല്‍ക്കാരത്തിന് ഇരയായവരെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന കാര്യത്തില്‍ സമൂഹത്തിന്റെ കാഴ്ചപ്പാട് മെച്ചപ്പെടാനുണ്ട്. കുറ്റപ്പെടുത്തുകയോ മാനസികമായി പീഡിപ്പിക്കുകയോ ചെയ്യുന്നത് ആഴമേറിയ വിഷാദരോഗത്തിനും ആത്മഹത്യക്കും കാരണമാവുന്നു. മനോരോഗങ്ങള്‍ക്ക് സാധ്യതയുള്ളവരില്‍ അത് പുറത്തുവരാനുള്ള അവസരം കൂടിയാണിത്. കാഴ്ചക്കാര്‍ സഹതാപം പ്രകടിപ്പിക്കുന്നതും കണ്ണീരൊഴുക്കുന്നതും ദുഃഖം വര്‍ധിക്കാന്‍ കാരണമാവും.

അടിയന്തരമായി വൈദ്യസഹായം ലഭ്യമാക്കാനും ആത്മഹത്യ തടയാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാനുമാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ഉപദേശമോ കൗണ്‍സലിങ്ങോ ഈ ഘട്ടത്തില്‍ അരുത്. പകരം അവളെ സംസാരിക്കാന്‍ പ്രേരിപ്പിക്കുകയും സംഭാഷണം നിര്‍വികാരതയോടെ കേട്ടിരിക്കുകയും വേണം. അപല്‍ഘട്ടം തരണം ചെയ്താല്‍ മനഃശാസ്ത്രചികിത്സ ലഭ്യമാക്കാന്‍ മടിക്കരുത്.
മാനഭംഗം ചെയ്യപ്പെട്ടു എന്ന പരാതിയുമായി അധികാരികളെ സമീപിച്ചാല്‍ അതു കൂടുതല്‍ നാണക്കേടിന് കാരണമാകും എന്നുകരുതി സ്ത്രീകള്‍ പലപ്പോഴും മൗനംഭജിക്കുന്നു. സ്ത്രീയുടെ സമ്മതത്തിനു വിപരീതമായി നടക്കുന്ന ഇത്തരം പ്രവൃത്തികളെ ബലാല്‍ക്കാരമായി കണക്കാക്കാം. 

ഭീഷണിയിലൂടെ സമ്മതം നേടുന്നത് കൂടുതല്‍ കുറ്റകരമാണ്. മൈനറായ പെണ്‍കുട്ടിയാണ് ഇതിന് ഇരയാവുന്നതെങ്കില്‍ അവളുടെ സമ്മതം ഉണ്ടായിരുന്നാല്‍ക്കൂടി ബലാല്‍ക്കാരമായി പരിഗണിക്കപ്പെടുന്നു. ഉയര്‍ന്ന സ്ഥാനത്തുള്ള ഒരാള്‍ തന്റെ അധികാരം ഉപയോഗിച്ച് ഒരാളെ സ്വന്തം ഇംഗിതത്തിന് വഴിപ്പെടുത്തിയാല്‍ ശിക്ഷയുടെ കാഠിന്യം ഏറുകയേയുള്ളൂ. ഇത്തരം അവസരങ്ങളില്‍ സ്ത്രീയുടെ മൊഴി മുഖവിലയ്‌ക്കെടുക്കാന്‍ നിയമം തയ്യാറാവുന്നു. അതിനാല്‍ പരാതിക്കാര്‍ മടിച്ചുനില്‍ക്കാതെ നീതിപീഠത്തെ സമീപിക്കുകതന്നെ വേണം. മഹിളാസംഘടനകളും അഭിഭാഷകരുടെ ഫോറങ്ങളും ഇത്തരം കേസുകളില്‍ സൗജന്യ നിയമസഹായം നല്‍കാറുണ്ട്

കോപത്തിനുപിന്നിലെ മാനസികാരോഗ്യം

ഒരിക്കലെങ്കിലും നിരാശപ്പെട്ടിട്ടില്ലാത്ത, കലിപ്പ് കാണിക്കാത്ത, രക്തം തിളയ്ക്കാത്ത ആരുണ്ട്? പക്ഷേ, ഈ വികാരങ്ങള്‍ മാനസികാരോഗ്യത്തിനേല്‍പ്പിക്കുന്ന മുറിവിന്റെ ആഴത്തെക്കുറിച്ച് എത്രപേര്‍ക്കറിയാം. തീരാത്തകലിയും അടങ്ങാത്ത പകയും മനസ്സിനെ തളര്‍ത്തുന്ന നിരാശയും വിഷാദവുമെല്ലാം ഹൃദയാഘാതം മുതല്‍ അകാല വാര്‍ധക്യം വരെയുള്ള രോഗങ്ങളെയാണ് ക്ഷണിച്ചുവരുത്തുന്നത്.

ഹൃദയാഘാതം....പിന്നെ ഇതൊക്കെ എത്ര കേട്ടതാ അല്ലേ? പക്ഷേ, അകാല വാര്‍ധക്യം എന്ന് കേട്ടപ്പോള്‍ ഉള്ളൊന്ന് പിടഞ്ഞു. വളരെ ചെറുപ്പത്തിലേ മുടിയൊക്കെ നരയ്ക്കാനും കൊഴിയാനും തുടങ്ങി. ഇനിയിപ്പം ടെന്‍ഷനും മറ്റും കൂടി മുപ്പതില്‍തന്നെ അറുപതിന്റെ ലുക്ക്, ഹൊ! ഓര്‍ക്കാന്‍കൂടി പറ്റുന്നില്ല. അപ്പൊപ്പിന്നെ എന്തുചെയ്യും? വഴിയുണ്ടെന്നേ.

ആരോഗ്യകരമായ ഭക്ഷണശൈലി, കൃത്യമായ വ്യായാമം, നല്ല ചിരി, വികാരങ്ങളെ വിവേകത്തോടെ നേരിടല്‍, നല്ല ഉറക്കം, സംഗീത ആസ്വാദനം തുടങ്ങിയ വഴികള്‍ നിങ്ങള്‍ക്കുള്ളതാണ്. മാത്സര്യത്തിന്റെ, പിരിമുറുക്കത്തിന്റെ, വേഗത്തിന്റെ ഈ കാലഘട്ടത്തില്‍ ഇത്തിരി ഒന്നയഞ്ഞാല്‍ തീരാവുന്ന പ്രശ്‌നമല്ലേയുള്ളൂ. എന്നാ പിന്നെ അങ്ങ് അയഞ്ഞുകൂടേ?

വൈകാരിക സമ്മര്‍ദത്തിന് വിട

വികാരങ്ങളെ മണിച്ചിത്രത്താഴിട്ട് പൂട്ടി താക്കോലെടുത്ത് പൊട്ടക്കുളത്തില്‍ എറിഞ്ഞുകളഞ്ഞാല്‍ പ്രശ്‌നം തീര്‍ന്നു എന്ന് കരുതിയെങ്കില്‍ തെറ്റി. ഏത് പൂട്ടും തകര്‍ത്ത് പുറത്തുവരാന്‍ തക്കവണ്ണം കൊടുങ്കാറ്റിന്റെ കരുത്താണ് മനുഷ്യന്റെ വികാരങ്ങള്‍ക്ക്. അങ്ങനെ പുറത്തുവരുമ്പോഴാണ് പ്രവചനാതീതമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. അതുകൊണ്ട് ദേഷ്യമോ സങ്കടമോസന്തോഷമോ എന്തുതന്നെയായാലും ശരി അമര്‍ത്തി വെക്കാതിരിക്കുക. അതിയായ ദുഃഖം വരുമ്പോള്‍ പൊട്ടിക്കരയുക. അതില്‍ നാണിക്കാന്‍ ഒന്നുമില്ല. ദേഷ്യം വരുമ്പോള്‍ മുഷ്ടിചുരുട്ടി വായുവിലോ തലയിണയിലോ ഇടിച്ച് തീര്‍ക്കുക.

പഞ്ചിങ് ബാഗില്‍ ഇടിക്കാന്‍ പറ്റുമെങ്കില്‍ അത് ചെയ്യുക. (കൈയ്ക്ക് പരിക്കേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക). അതുമല്ലെങ്കില്‍ റാക്കറ്റ് ഉപയോഗിച്ച് ടെന്നീസ് ബോള്‍ നിലത്തടിച്ച് ദേഷ്യം തീര്‍ക്കുക. അതൊന്നുമല്ലെങ്കില്‍ വെറുതെ ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ എണ്ണിത്തുടങ്ങുക. മനസ്സ് ശാന്തമാകുമ്പോള്‍ നിര്‍ത്തുക.

പൊട്ടിച്ചിരി

ഉള്ളുതുറന്ന് ചിരിക്കാന്‍ കഴിയുന്നവര്‍ ഭാഗ്യവാന്മാര്‍. പൊട്ടിച്ചിരിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ പാഴാക്കരുത്. ചിരി ആയുസ് കൂട്ടുമെന്ന് പഴമക്കാര്‍ (ഇപ്പോള്‍ പുതുമക്കാരും) പറയുന്നുണ്ട്. ഉള്ളുതുറന്നുള്ള ചിരി വൈകാരികതലങ്ങളില്‍ ഏറെ മാറ്റമുണ്ടാക്കാന്‍ സഹായിക്കുന്ന എന്‍ഡോര്‍ഫിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കാന്‍ ശരീരത്തെ പ്രേരിപ്പിക്കുമെന്നാണ് ശാസ്ത്രം പറയുന്നത്. അല്ലെങ്കില്‍ തന്നെ പൊട്ടിച്ചിരിക്കുമ്പോള്‍ ശരീരത്തിനും മനസ്സിനും സ്വസ്ഥതയുണ്ടാകുമെന്ന കാര്യം നിങ്ങള്‍ക്കറിയില്ലേ.

റിലാക്‌സ്

സംഗീതം ആസ്വദിക്കുക. പോപ്പോ റാപ്പോ ക്ലാസിക്കലോ മെലഡീസോ എന്തുമാകട്ടെ, അവനവന് ഇഷ്ടമുള്ള സംഗീതം കേട്ട് അല്പസമയം കണ്ണടച്ച് ഒന്നിരുന്ന് നോക്ക്. മനസ്സിന്റെ ഭാരമെല്ലാം മെല്ലെ മെല്ലെ ഇറങ്ങിപ്പോകുന്നതറിയാം. സംഗീതത്തിന് അസുഖങ്ങളെപ്പോലും മാറ്റാന്‍ കഴിവുണ്ട്. മറ്റ് ശബ്ദങ്ങള്‍ ഒന്നും കടന്നുവരാതെ വയലിനില്‍നിന്നോ ഗിത്താറില്‍നിന്നോ പൊഴിയുന്ന മൃദുസംഗീതം മാത്രം കേട്ടു കൊണ്ട് എത്രനേരം വേണമെങ്കിലും നിങ്ങള്‍ക്കിരിക്കാന്‍ കഴിയും; സര്‍വവും മറന്ന്. സംഗീതം പോലെതന്നെ യോഗയും റിലാക്‌സ്‌ചെയ്യാന്‍ ഏറെ സഹായിക്കും.

വ്യായാമങ്ങള്‍

മാനസിക ഊര്‍ജത്തിന് വ്യായാമങ്ങളുമായി വളരെയേറെ ബന്ധമുണ്ട്. നടപ്പ്, ഓട്ടം, നീന്തല്‍, സൈക്കിളിങ് തുടങ്ങിയ എയ്‌റോബിക് വ്യായാമങ്ങള്‍ക്ക് സന്തോഷവും സ്വസ്ഥതയും നല്‍കുന്ന സെറോട്ടോണിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കാന്‍ കഴിയും. ഇനി മസില്‍ പെരുപ്പിക്കുന്ന ജിമ്മന്‍ വ്യായാമങ്ങള്‍ക്കാണെങ്കില്‍ ഡിപ്രഷന്‍, അകാരണമായ ദുഃഖം, ഭയം തുടങ്ങിയ പ്രതിലോമകരമായ വികാരങ്ങളെ ഒഴിവാക്കാന്‍ കഴിയുമെന്നാണ് പറയുന്നത്.

അതും പോരായെങ്കില്‍ വ്യായാമങ്ങളിലെ കടുപ്പക്കാരായ ബോക്‌സിങ്, ആയോധനകലകള്‍ തുടങ്ങിയവയും അഭ്യസിക്കാം. കൃത്യമായി വ്യായാമത്തിലൂടെ ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഊര്‍ജം കിട്ടുകയും നെഗറ്റീവ് ചിന്തകള്‍ അവസാനിക്കുകയും ചെയ്യും. ദിവസവും കൃത്യമായി വ്യായാമം ചെയ്യുന്നവര്‍ക്ക് ഏത് വെല്ലുവിളിയെയും നേരിടാനുള്ള കഴിവുണ്ടായിരിക്കും. വലിയ വലിയ ബിസിനസുകാരെയോ നടന്മാരെയോഭരണാധികാരികളെയോ എടുത്ത് പരിശോധിച്ച് നോക്കൂ. 95 ശതമാനം പേരും കൃത്യമായി വ്യായാമം ചെയ്യുന്നവരായിരിക്കും. വ്യായാമം ശീലിച്ചാല്‍ ശരീരവും കാണാന്‍ സുന്ദരമാകും. മനസ്സും ചെറുപ്പമാകും. സംശയമുണ്ടെങ്കില്‍ പരീക്ഷിച്ച് നോക്കിക്കോ.

വളര്‍ത്തുമൃഗങ്ങള്‍

വീട്ടിലൊരു പട്ടിക്കുട്ടിയോ പൂച്ചക്കുട്ടിയോ ഉണ്ടെങ്കില്‍ സങ്കടം വരുമ്പോള്‍ അവയോടൊത്ത് കുറച്ചുസമയം ചെലവഴിക്കുക. അവരുടെ ചെറിയ ചെറിയ കളികളും കുസൃതികളും നിങ്ങളുടെ സങ്കടത്തെ തുടച്ചുനീക്കും. (പൂച്ചയായാലും ശരി പട്ടിയായാലും ശരി വൃത്തി പ്രധാനമാണ്. അത് മറക്കരുത്. ഇല്ലെങ്കില്‍ ഇരട്ടിപ്പണിയാകും).

നട നട നടയോ നട

കലി വരുമ്പോഴോ സങ്കടം വരുമ്പോഴോ ഇറങ്ങി ഒറ്റയ്ക്ക് നടക്കണം. വെറുതെ അങ്ങ് നടക്കുമ്പോള്‍ മനസ് തണുക്കും. ഇതിനിടയില്‍ പല കാഴ്ചകള്‍... സുന്ദരിയായ ഒരു പെണ്‍കുട്ടി, മനോഹരമായ ഒരു പൂവ്, കിളികള്‍, നീലാകാശം, മൂവന്തിയിലെ സൂര്യന്‍... നടപ്പിനിടെയുള്ള ഈ കാഴ്ചകള്‍ മതി സഹൃദയനായ ഒരാള്‍ക്ക് ശാന്തനാകാന്‍. സൗന്ദര്യം ആസ്വദിക്കാത്തതായി, സൗന്ദര്യത്തെ ആരാധിക്കാത്തതായി ആരാണുള്ളത്. പിന്നെ, നടപ്പുകൊണ്ട് വ്യായാമത്തിന്റെ ഗുണവും കിട്ടും.

സാമൂഹിക ജീവിതം

കൂട്ടുകാര്‍, ബന്ധുക്കള്‍, ഓര്‍ക്കുട്ട്, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങി സാമൂഹികവത്കരണത്തിന് എന്തെന്ത് മാര്‍ഗങ്ങളാണിന്നുള്ളത്. കൂട്ടുകാര്‍ക്കൊപ്പം ഒരു യാത്ര, അല്ലെങ്കില്‍ കളികളോ വ്യായാമമോ അതും അല്ലെങ്കില്‍ എല്ലാവരും ഒന്നിച്ചുകൂടി പാചകവും വാചകമടിയും, സൈക്കിള്‍ സവാരി എന്നിങ്ങനെ എന്തെന്ത് പരിപാടികള്‍ ആസൂത്രണം ചെയ്യാം. വല്ലാതെ ഒറ്റയ്ക്കായിപ്പോയി എന്ന് തോന്നിയാല്‍ നേരെ കമ്പ്യൂട്ടര്‍ തുറന്ന് ഫേസ്ബുക്കിലേക്ക് പോവുക. തലകുത്തിമറിഞ്ഞ് ചിരിക്കാനുള്ള വീഡിയോ ക്ലിപ്പിങ്ങുകള്‍ നിങ്ങളുടെ കൂട്ടുകാര്‍ നിങ്ങള്‍ക്കായി അവരുടെ മതിലില്‍ (ണമാാ) പതിപ്പിച്ചിട്ടുണ്ടാകും. ഒന്നുപോയി നോക്കിക്കേ.

പദ്ധതിയിടുക

ശരിക്കും ബോറടിക്കുമ്പോള്‍ എന്തെങ്കിലും ആസൂത്രണം ചെയ്യുക. സിനിമയെ ഇഷ്ടപ്പെടുന്നവരാണെങ്കില്‍ മനസ്സില്‍ വെറുതെ നിങ്ങള്‍ സംവിധാനം ചെയ്യാനുദ്ദേശിക്കുന്ന സിനിമയ്ക്ക് തിരക്കഥ തയ്യാറാക്കുക. അല്ലെങ്കില്‍ അടുത്തദിവസം എങ്ങനെ ഭാവനാ സമ്പന്നമാക്കാമെന്ന് ചിന്തിക്കുക. അതനുസരിച്ച് അടുത്ത ദിവസത്തെ കാര്യങ്ങള്‍ ചിട്ടപ്പെടുത്തുക. ടൈംടേബിള്‍ പോലൊന്ന് തയ്യാറാക്കുക. (ടൈം മാനേജ്‌മെന്റ് പഠിക്കുകയുമാകാം). അല്ലെങ്കില്‍ അടുത്തദിവസം മുതല്‍ ജിമ്മിലെ വര്‍ക്ക്ഔട്ടില്‍ എന്ത് മാറ്റം വരുത്താമെന്ന് ആലോചിക്കുക. അതുമല്ലെങ്കില്‍ നാളെ നിങ്ങള്‍ പ്രധാനമന്ത്രിയായാല്‍ എന്തൊക്കെ ചെയ്യുമെന്ന് ചിന്തിക്കുക. (വെറുതെ ചിന്തിക്ക്. എങ്ങാനും നാളെ പ്രധാനമന്ത്രിയായാലോ?)

അനീഷ് ചന്ദ്രന്‍

ഏറുന്ന അക്ഷരത്തെറ്റുകള്‍

ആദ്യരാത്രിയില്‍ തന്നെ ഭര്‍ത്താവ് ഭാര്യയെ നിരീക്ഷിച്ചശേഷം വേദനിക്കുന്ന മനസ്സോടെ പറഞ്ഞു. 'നിനക്ക് സിനിമാനടിയുടെ ഗ്ലാമറും മാദകത്വവും ഇല്ല. ഇങ്ങനെയുള്ള ഒരു 'ഫിഗര്‍' അല്ല ഞാന്‍ ആഗ്രഹിച്ചത്. നീ കിടന്നോളൂ'. ഏറെ പ്രതീക്ഷയോടെ മണിയറയിലേക്കു കാല്‍വെച്ച നവവധു ഞെട്ടി. പിന്നെ കണ്ണീരുമായി കിടക്കയിലേക്ക് വീണു.

സോഫ്റ്റ്‌വേര്‍ എന്‍ജിനീയറായ ഭര്‍ത്താവിന്റെ തലയ്ക്ക് പിടിച്ചിരുന്നത് തിയേറ്ററിലും കമ്പ്യൂട്ടറിലും കാണുന്ന സിനിമയായിരുന്നു. പയ്യെപ്പയ്യെ അതൊരു മാസ്മര വലയമായി മാറി. വിവാഹദിവസംതന്നെ ഭാര്യയെ സിനിമയ്ക്ക് ക്ഷണിച്ചു. ഭാര്യ പിന്മാറി. സ്വരച്ചേര്‍ച്ചയില്ലായ്മയുടെ തുടക്കം ഭര്‍ത്താവ് തന്നെ കുറിച്ചു. പിറ്റേന്ന് നിര്‍ബന്ധത്തിന് വഴങ്ങി ഭാര്യയും തിയേറ്ററിലെത്തി. സിനിമ കഴിഞ്ഞപ്പോള്‍ മഴ ചാറി. ഭാര്യ ഓട്ടോറിക്ഷയില്‍ വീട്ടിലേക്കു പോയി. ഭര്‍ത്താവ് ബൈക്ക് ഓടിച്ചു കുതിച്ചു. നാല് ദിവസം ഒരേ വീട്ടില്‍ അന്തിയുറങ്ങിയിട്ടും ഒന്നും സംഭവിച്ചില്ല. അഞ്ചാംദിവസം അവര്‍ രണ്ട് വഴിക്ക് പിരിഞ്ഞു. ഭര്‍ത്താവിന്റെ കമ്പ്യൂട്ടര്‍ ലഹരിയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ ഭാര്യയുടെ ദുരന്തമായി മാറിയത്.

എറണാകുളം കുടുംബക്കോടതി വരാന്തയില്‍നിന്ന് പല മുഖങ്ങളെയും നിരീക്ഷിച്ചാല്‍ പൊള്ളുന്ന ജീവിതങ്ങളെ അടുത്തറിയാം. ചിലര്‍ കടുത്ത വാശിയിലാണ്. പൊട്ടിപ്പോയ ദാമ്പത്യബന്ധങ്ങള്‍ കൂട്ടിയിണക്കാന്‍ അവര്‍ ഒട്ടും ആഗ്രഹിക്കുന്നില്ല. കോടതി വരാന്തയില്‍ ഭര്‍ത്താവിനെ കാണുമ്പോഴും ചില സ്ത്രീകളുടെ മുഖത്ത് വിദ്വേഷത്തിന്റെ രോഷാഗ്‌നി കാണാം.

എന്നാല്‍ ഭര്‍ത്താക്കന്മാരില്‍ ചിലര്‍ക്കെല്ലാം ഇതൊക്കെ ഒരു അസംബന്ധ നാടകം. ഒരു ഫലിതംപോലെ. നിസ്സംഗ ഭാവം. വീട്ടുകാര്‍ കൂടിയാലോചിച്ച് പ്രതീക്ഷയോടെ നടത്തിയ വിവാഹങ്ങള്‍ പലരുടെയും മനസ്സിലെ മുറിപ്പാടുകളായി. മറ്റ് ചിലരാകട്ടെ സാന്ത്വന ചര്‍ച്ചകളുടെ ഫലമായി പിന്നീട് ഒന്നിച്ച് കൈകോര്‍ത്ത് വീണ്ടും ജീവിതത്തിന്റെ പാതയില്‍ നീങ്ങുന്നു.

കുടുംബക്കോടതി പരിസരവും വരാന്തയും രാവിലെ പത്ത് മണി കഴിയുമ്പോള്‍ തന്നെ വിവാഹമോചനത്തിന് കേസുകൊടുത്തവരെ കൊണ്ട് നിറയുകയാണ് കൂടെ ബന്ധുക്കളും അഭിഭാഷകരും ഉണ്ടാകും.

''ഇനി ഞങ്ങള്‍ക്ക് ഒരുമിച്ച് ജീവിക്കണം'', ഒരു വര്‍ഷമായി വേര്‍പിരിഞ്ഞ യുവാവും യുവതിയും കൈകൂപ്പി കുടുംബക്കോടതി ജഡ്ജി എന്‍. ലീലാമണിയുടെ ചേംബറില്‍ നിന്നു. മനസ്സ് മാറിയ ദമ്പതിമാരെ ജഡ്ജിയുടെ വാക്കുകള്‍ ആശ്വസിപ്പിച്ചു. ''മനസ്സ് അമ്മാനമാടരുത്. ജീവിതം വിലപ്പെട്ടതാണ്'', എന്ന മുഖവുരയോടെ സംസാരിച്ച ന്യായാധിപ ഭഗവദ്ഗീതയിലെ പ്രസക്തഭാഗങ്ങള്‍ ഉദ്ധരിച്ച് ജീവിതമൂല്യങ്ങളെക്കുറിച്ച് ഓര്‍മ്മിപ്പിച്ചു.

ഏഴ്ദിവസം മാത്രം ഒന്നിച്ച് ജീവിച്ച ദമ്പതിമാര്‍. അതിന് ശേഷം പിരിഞ്ഞതാണ്. ''ജീവിക്കാനുള്ള ആഗ്രഹം മനസ്സിനെ ഇപ്പോള്‍ സ്വാധീനിച്ചിരിക്കുന്നു. അതുകൊണ്ടാണ് ഉറച്ച മനസ്സോടെ ഇവിടെ നില്‍ക്കുന്നത്, യുവതി ന്യായാധിപയോട് മൊഴിഞ്ഞു. ''ഇനി സംഭവിക്കാന്‍ പോകുന്നത് നല്ലതായിരിക്കും. നമ്മുടെ ജീവിതത്തില്‍ കല്ലായി അലിഞ്ഞ് ചേരാതെ ചിലര്‍ കിടന്നാല്‍ അവരില്‍നിന്നും മാറി നില്‍ക്കുക'', ജഡ്ജി പറഞ്ഞു. മാതാപിതാക്കളുടെ സ്വാധീനമാണ് പെണ്‍കുട്ടിയെ ഭര്‍ത്താവില്‍നിന്ന് അകറ്റിനിര്‍ത്തിയിരുന്നത്.

വിവാഹമോചനത്തിലേക്ക് നയിക്കുന്ന കാരണങ്ങള്‍

സ്ത്രീകളുടെ കൈയില്‍ വരുമാനം വരാന്‍ തുടങ്ങിയത് കുടുംബ ബന്ധങ്ങളെ സാരമായി ബാധിക്കുന്നു. ശാരീരിക മാനസിക പീഡനങ്ങള്‍, ലൈംഗിക പീഡനം, മദ്യപാനം, മാനസിക രോഗങ്ങള്‍, സ്ത്രീധന പ്രശ്‌നങ്ങള്‍, ദേഹോപദ്രവം, സാമ്പത്തിക പ്രശ്‌നങ്ങള്‍, ഇന്റര്‍നെറ്റിന്റെ അതിപ്രസരം, കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണുകളുടെ അമിത ഉപയോഗം, അന്യ സ്ത്രീകളുമായുള്ളബന്ധം, ചാറ്റിങ്, മൊബൈലുകളില്‍ അഞ്ചും ആറും സിം ഉപയോഗിക്കല്‍ എന്നിവയാണ് വിവാഹമോചനത്തിലേക്ക് നയിക്കുന്നതിനുളള സുപ്രധാന കാരണങ്ങളായി എടുത്തു കാട്ടുന്നത്. 

സ്‌പെഷ്യല്‍ മാര്യേജ് ആക്ട് നിലവില്‍ വന്നതോടെ വീട്ടുകാരറിയാതെ വിവാഹങ്ങള്‍ നടത്തി അതേ വേഗത്തില്‍ പിരിയുന്നതും സ്ഥിരം കാഴ്ചയാണ്. പങ്കാളിയോടുളള ക്രൂരമായ പീഡനങ്ങളാണ് വിവാഹമോചനങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്നത്. സ്ത്രീധന മോഹവും പരസ്പരം വിശ്വാസമില്ലാത്തതും, ബന്ധുക്കളുടെ അമിതമായ ഇടപെടലുകളും രണ്ടു കൂട്ടരുടെയും സമാധാനം കെടുത്തുന്നു. യുവതലമുറയാണ് കൂടുതല്‍ വിവാഹമോചനം നേടുന്നതായി ബോധ്യപ്പെട്ടത്. സ്ത്രീധനം പ്രധാന പ്രശ്‌നമാണ്. ഭര്‍ത്തൃഗൃഹത്തില്‍ എത്തുന്ന വധുവിന്റെ സ്ത്രീധനം മുഴുവന്‍ കൈക്കലാക്കുന്ന ഭര്‍ത്താവിന്റെ അമ്മ തന്നെയാണ് പ്രധാന വില്ലത്തി. കാതില്‍ ഒരു സ്റ്റഡ്‌പോലും മരുമകള്‍ക്ക് ഇടാന്‍ നല്‍കാതെ സ്വന്തം കൈവശം സൂക്ഷിക്കുന്നു. സ്ത്രീധനത്തിന്റെ പേരില്‍ നടക്കുന്ന പീഡനങ്ങള്‍ ചെറുതല്ല. ആഭരണങ്ങള്‍ക്ക് പുറമെ പണം ആവശ്യപ്പെട്ടാണ് പലപ്പോഴും മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വരുന്നത്. സ്വന്തം വീട്ടിലേക്കുളള ഫോണ്‍ കോളുകള്‍ പോലും വിലക്കപ്പെടുന്നു. 

ഭര്‍ത്തൃഗൃഹം തടവറ ആണെന്ന തോന്നലിലേക്ക് നയിക്കുന്നു. അച്ഛന്റെയും അമ്മയുടെയും ഓഹരി നേടിയെടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കങ്ങളും അനവധിയാണ്. ആണ്‍കുട്ടികള്‍ പലപ്പോഴും അമ്മമാരോട് അമിത സ്‌നേഹം കാണിക്കുന്നുണ്ട് എന്ന തോന്നല്‍ തന്നെ ബന്ധം പിരിയലിന്റെ പ്രധാന ഒരു കാരണമായും കാണുന്നുണ്ട്. ചിലര്‍ അമ്മയെ ചുറ്റിപ്പറ്റി നില്‍ക്കുമ്പോള്‍ ഭാര്യമാര്‍ക്ക് ദേഷ്യം തോന്നുകയും അത് നിത്യേന അടിപിടിയില്‍ കലാശിക്കുകയും ചെയ്യുന്നു. അമ്മയുടെ വാക്കുകള്‍ക്കപ്പുറം ഒന്നും ഉള്‍ക്കൊള്ളാന്‍ തയ്യാറാകാത്ത സന്ദര്‍ഭത്തില്‍ കാതങ്ങളുടെ അകലം സൂക്ഷിക്കുന്നു.

ലൈംഗികതയുടെ അതിപ്രസരം

ലൈംഗിക ബന്ധത്തിന്റെ പവിത്രത മറക്കുന്നു. ലൈംഗികതയ്ക്കായി ചാറ്റിങ് ഒരു ഉപാധിയാക്കുന്നു.ഭാര്യയുമൊത്ത് ഒരേ ബെഡ്ഡില്‍ കിടന്ന് ഉറങ്ങുമ്പോള്‍ പോലും ചാറ്റിങ് നടത്തുന്നു. മൊബൈല്‍ ഫോണുകളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതു മൂലമുള്ള പ്രശ്‌നങ്ങളും ഉണ്ട്. വിവാഹേതരബന്ധങ്ങളും കേരളത്തില്‍ കൂടി വരുന്നതായി കുടുംബക്കോടതിയില്‍ നിലനില്‍ക്കുന്ന കേസുകള്‍ വ്യക്തമാക്കുന്നുണ്ട്. പരസ്പരം കാണാതെ മൊബൈലില്‍ ചാറ്റിങ് നടത്തി 75 ക്കാരനെ കണ്ട് പെണ്‍കുട്ടി ഞെട്ടിയ വാര്‍ത്ത അടുത്തിടെയാണ് കേരളത്തില്‍ അരങ്ങേറിയത്. 

സ്‌പെഷ്യല്‍ മാര്യേജ് ആക്ട് നിലവില്‍ വന്നതോടെ വിവാഹ മോചനങ്ങളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെന്ന് ജഡ്ജി എന്‍.ലീലാമണി പറഞ്ഞു. സമ്പന്ന വിഭാഗങ്ങളില്‍ പെട്ട സ്ത്രീകള്‍ക്ക് വീട്ടുകാര്യങ്ങള്‍ പോലും കൈകാര്യം ചെയ്യാന്‍ അറിയില്ല. ഇത് വാക്കുതര്‍ക്കങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഇന്റര്‍നെറ്റിന്റെ അതിപ്രസരം ഒരു പരിധി വരെ കുടുംബ ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്നുണ്ട്. 

രാത്രികാലങ്ങളില്‍ ഫേസ് ബുക്ക് പോലുളള സോഷ്യല്‍ മീഡിയകളില്‍ രസം തേടുന്നവരുമുണ്ട്.മൊബൈലുകള്‍ വഴി ഒളിപ്പിച്ചു വയ്ക്കുന്ന പല ബന്ധങ്ങളും പിന്നീട് ഭാര്യയോ ഭര്‍ത്താവോ അറിയുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നു.

മദ്യവും ലഹരിവസ്തുക്കളും

സ്വന്തം ഇഷ്ടപ്രകാരമല്ലാതെ വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി പലരും വിവാഹ ബന്ധം വേര്‍പെടുത്തുന്നുണ്ട്. ഭാര്യയും ഭര്‍ത്താവും തമ്മില്‍ യോജിക്കാവുന്ന രീതിയിലാണെങ്കിലും വീട്ടുകാര്‍ സമ്മതിക്കാതെ വഴുതി പോകുന്ന ബന്ധങ്ങളുണ്ട്. വീട്ടുകാരറിയാതെ വിവാഹം കഴിക്കുകയും പിരിയുകയും ചെയ്യുന്ന കേസുകളും സര്‍വസാധാരണമാണ്. മദ്യപാനവും ലഹരി വസ്തുക്കളുടെ ഉപയോഗവും ദാമ്പത്യത്തകര്‍ച്ചയ്ക്ക് പ്രധാന കാരണമാണ്. പുരുഷനോ സ്ത്രീക്കോ സംഭവിക്കുന്ന വന്ധ്യതകളും കഴിവില്ലായ്മയും വിവാഹമോചനത്തിലെത്തുന്നു.ചെറുപ്പം മുതല്‍ തന്നെ കുട്ടികളുടെ ആവശ്യങ്ങള്‍ സാധിച്ചു കൊടുത്തും സാധനങ്ങള്‍വാങ്ങിക്കൊടുത്തും കുട്ടികളെ ലാളിച്ചു വളര്‍ത്തുന്നു. ഇത് ഭാവിയില്‍ പിടിവാശിക്കു കാരണമാകുന്നു. കുട്ടികളുടെ വളര്‍ച്ചയില്‍ വീട്ടുകാര്‍ വേണ്ടത്ര ശ്രദ്ധിക്കാത്തതും പിന്നീട് പ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഇതുപോലെ മൊബൈലിലൂടെ പരിചയപ്പെട്ട് കല്യാണം കഴിക്കുന്നവര്‍ മൂന്നും നാലും മാസത്തിനുള്ളില്‍ പിരിയുന്നത് സര്‍വസാധാരണമാണ്. 

കേരളത്തിന് പുറത്ത് ഒന്നിച്ച് വളരെക്കാലം ജീവിച്ചതിനു ശേഷം താമസിച്ചിട്ട് നാട്ടിലെത്തുന്നവര്‍ കല്യാണം കഴിക്കുന്നതും കുറച്ചു മാസങ്ങള്‍ക്കകം വിവാഹ ബന്ധം വേര്‍പെടുത്തുന്നതും സ്ഥിരം കാഴ്ചയാണ്. കുടുംബക്കോടതിയിലെ വരാന്തയിലെത്തുന്ന പല ഭാര്യാ ഭര്‍ത്താക്കന്മാരും പ്രത്യേകിച്ചും യുവ തലമുറക്കാര്‍ മ്യൂച്വല്‍ കണ്‍സെന്റിലൂടെ വിവാഹമോചനം നേടിയ ശേഷം വളരെ സന്തോഷത്തോടെയാണ് കൈകൊടുത്തു പിരിഞ്ഞു പോകുന്നതെന്ന് ജഡ്ജി പറയുന്നു. വിവാഹമോചനം കിട്ടിക്കഴിഞ്ഞ് സുഹൃത്തുക്കളെ പോലെ ഒരേ ബൈക്കില്‍ കുടുംബക്കോടതി വളപ്പില്‍ നിന്ന് പോകുന്നവരും കുറവല്ല. പിരിയുന്നവരില്‍ ഒരു ശതമാനം ആളുകള്‍ മാത്രമാണ് വിഷമത്തോടെ കോടതി വളപ്പ് വിടുന്നത്. 10 ഉം 15 ഉം വര്‍ഷത്തെ പ്രണയത്തിന് ശേഷം വിവാഹം കഴിക്കുന്നവര്‍ കല്യാണത്തിനു ശേഷമായിരിക്കും ഒന്നിച്ചു പോകാന്‍ കഴിയില്ല എന്ന് പറഞ്ഞ് വേര്‍പിരിയുന്നത്.

കൗണ്‍സലിങ്

രണ്ടു പേരും ചേര്‍ന്ന് നല്‍കുന്ന പരാതിയാണെങ്കില്‍ കൂടിയും കൗണ്‍സലിങ്ങിന് പ്രസക്തിയുണ്ട്. ആറുമാസം സമയത്തിന് ശേഷം വീണ്ടും കൗണ്‍സലിങ് നടത്തി ഒന്നിക്കാനുള്ള സാധ്യത ഉണ്ടോ എന്ന് നോക്കുകയും, എന്നിട്ടും സാധ്യത ഇല്ല എന്ന് ബോധ്യപ്പെട്ടാല്‍ വിവാഹമോചനത്തിന് ജഡ്ജി അനുമതി നല്‍കും.എന്നാല്‍ രണ്ടു പേരില്‍ ഒരാള്‍ കണ്‍സന്റ് പിന്‍വലിച്ചാല്‍ ഒത്തുച്ചേരലിനുള്ള ശ്രമങ്ങള്‍ വീണ്ടും കൗണ്‍സിലര്‍മാര്‍ മുഖേനയും ചിലപ്പോള്‍ കോടതി ഇടപെട്ടും നടത്തുന്നു.എറണാകുളം കുടുംബക്കോടതിയില്‍ വിവാഹമോചനം തേടിയെത്തിയവരില്‍ പലരും യോജിച്ചു പോയ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പരാതി നല്‍കിയതിനു ശേഷം ആറുമാസത്തെ സമയം പുനര്‍ വിചാരണയ്ക്ക് നല്‍കും.കോടതിയില്‍ സിറ്റിങ്ങിനെത്തുന്ന കേസുകളില്‍ കൂട്ടിയോജിപ്പിക്കാന്‍ സാധ്യതയുള്ള കേസുകള്‍ ജഡ്ജി കൗണ്‍സലിംഗിന് നിര്‍ദ്ദേശിക്കും. മൂന്നോ നാലോ തവണ കൗണ്‍സലിംഗിന് ശേഷം ജഡ്ജിക്കു മുന്നില്‍ ചേംബര്‍ കൗണ്‍സലിംഗ് നടത്തും. ചിലത് ആദ്യ രണ്ടു മൂന്ന് കൗണ്‍സലിംഗില്‍ തന്നെ തീരുന്ന കേസുകളുമുണ്ട്. കേരളത്തിലെ മറ്റു കുടുംബക്കോടതികളില്‍ നിന്ന് വിത്യസ്തമായാണ് എറണാകുളത്ത് ചേംബര്‍ കൗണ്‍സലിങ് നടക്കുന്നത്. ഇതിലൂടെ എന്നും കൂടിച്ചേരലുകള്‍ക്കും കൂടുതല്‍ അവസരമൊരുങ്ങുന്നുണ്ട് എന്നും കൗണ്‍സലര്‍ വ്യക്തമാക്കുന്നു. കുടുംബക്കോടതിയിലെ കൗണ്‍സലിങ് മുറിയില്‍ ദമ്പതിമാര്‍ മനസ്സ് തുറക്കുമ്പോള്‍ കേള്‍ക്കുന്നതെല്ലാം ഞെട്ടിക്കുന്ന ജീവിതാനുഭവങ്ങളാണെന്ന് കൗണ്‍സലര്‍ ഗീത പറയുന്നു. 

'ഇന്നു മുതല്‍ മരണം വരെ സന്തോഷത്തിലും ദുഃഖത്തിലും സമ്പത്തിലും ദാരിദ്ര്യത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും പരസ്പര സ്‌നേഹത്തോടും വിശ്വസ്തതയോടും കൂടി ഏക മനസ്സോടെ ജീവിച്ചു കൊള്ളാമെന്ന് വിശുദ്ധ സുവിശേഷം സാക്ഷിയാക്കി ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു'....പള്ളിമേടയിലെ യേശുവിന്റെ കുരിശ് രൂപത്തിന് മുന്നില്‍ നിന്ന് വിവാഹ ദിനത്തില്‍ മേരിയും വര്‍ഗീസും ബൈബിളില്‍ കൈ വച്ച് പ്രതിജ്ഞ ഏറ്റു ചൊല്ലുമ്പോള്‍ ഇവര്‍ക്ക് ജീവിതത്തെക്കുറിച്ച് ഒരുപാട് പ്രതീക്ഷകള്‍ ഉണ്ടായിരുന്നു...അച്ഛനാകാനും കന്യാസ്ത്രീയാകാനും തീരുമാനിച്ച ഇവരെ ഒന്നിപ്പിച്ചത് വിധിയായിരുന്നു. രണ്ടു പേരും 30 കഴിഞ്ഞപ്പോഴാണ് വിവാഹിതരായത്. എന്നാലും വിവാഹം കഴിഞ്ഞ് 17 വര്‍ഷത്തോളം വിദേശത്തായിരുന്നു. 

ജീവിതം സുഖകരമായി മുന്നോട്ട് പോയ നാളുകള്‍. എന്നാല്‍ ഒരു വര്‍ഷത്തിന് മുന്‍പ് നാട്ടിലെത്തിയ ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയായിരുന്നു. വര്‍ഗീസിന് കിട്ടിയ പിതൃസ്വത്ത് ബന്ധുക്കള്‍ക്ക് നല്‍കി.അതു കൂടാതെ മേരി അറിയാതെ ഇത് വില്‍ക്കാന്‍ ശ്രമിച്ചുവെന്നുമാണ് ആരോപണം. കൗണ്‍സിലര്‍ ഗീതയുടെ മുന്നിലിരുന്ന് തങ്ങള്‍ക്കിടയിലുള്ള പൊരുത്തക്കേടുകളുടെ കഥ അഴിക്കുകയാണ് ഈ ദമ്പതിമാര്‍. 15 വയസ്സോളം പ്രായമുളള ബുദ്ധിമാന്ദ്യം സംഭവിച്ച മകന്‍ പപ്പയോടും മമ്മിയോടും എന്തൊക്കെയോ പറയാന്‍ ശ്രമിക്കുന്നുണ്ട്. കൗണ്‍സിലര്‍ അവന്റെ പേര് ചോദിച്ചപ്പോള്‍ സ്‌നേഹത്തോടെ പപ്പയുടെകവിളുകളില്‍ ഒരുമ്മ നല്‍കി അവന്‍. സ്വത്തുക്കളെല്ലാം മകന്റെ പേരില്‍ എഴുതിവെച്ച് വസ്തുവകകള്‍ വില്‍ക്കില്ല എന്ന ഉറപ്പാണ് മേരിക്കാവശ്യം. വര്‍ഷങ്ങളുടെ ഇഴയടുപ്പമുണ്ടെങ്കിലും വര്‍ഗീസിനെ വിശ്വസിക്കാന്‍ കഴിയില്ല എന്ന് മേരി പറഞ്ഞു കൊണ്ടിരിക്കുകയാണ്.

ബാംഗ്ലൂരിലെ ഐ.ടി കമ്പനിയില്‍ നല്ല ഉദ്യോഗം. നാട്ടില്‍ അന്വേഷിച്ചപ്പോള്‍ ആണ്‍കുട്ടിയെ കുറിച്ച് നല്ല അഭിപ്രായം. വീട്ടുകാര്‍ വഴി നേരിട്ടും അല്ലാതെയും ആണ്‍കുട്ടിയുടെ സ്വഭാവവും മറ്റുകാര്യങ്ങളിലും ഉറപ്പ് നേടി. ഇതൊക്കെ കേട്ടറിഞ്ഞ നന്ദിനി മനോഹരമായ ജീവിതസ്വപ്നം മനസ്സില്‍ നെയ്യുകയായിരുന്നു. വിവാഹത്തിന്റെ ആദ്യ നാളുകള്‍ കുഴപ്പങ്ങളൊന്നുമില്ലാതെ മുന്നോട്ട് പോയി. നാട്ടില്‍ നിന്നും ബാംഗ്ലൂരിലേക്കു ജീവിതം പറിച്ചു നട്ടപ്പോഴാണ് ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. ജോലി കഴിഞ്ഞെത്തുന്ന രാഹുല്‍ മുഴുവന്‍ സമയവും കംമ്പ്യൂട്ടറിനു മുന്നിലാണ് ചെലവഴിക്കുന്നത്. ഭാര്യയുടെ കാര്യങ്ങള്‍ അന്വേഷിക്കാനോ സ്‌നേഹത്തോടെ സംസാരിക്കാനോ സമയമില്ല. ഫേസ് ബുക്കും ചാറ്റിങ്ങുകളുമായി കമ്പ്യൂട്ടര്‍ ജീവിയായി അയാള്‍ ജീവിച്ചു. നാട്ടിലെത്തിയ നന്ദിനി ഈ വിവരങ്ങള്‍ വീട്ടുകാരോടും നാട്ടുകാരോടും വെളിപ്പെടുത്തി. പിന്നീട് ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കാന്‍ തുടങ്ങി. തുടര്‍ന്നാണ് എറണാകുളം കുടുംബക്കോടതിയില്‍ വിവാഹ മോചനം തേടിയെത്തിയത്. 

ഇയാളോടൊപ്പം ജീവിക്കാന്‍ എനിക്ക് താത്പര്യമില്ല. ഇനിയൊരിക്കലും ഒരുമിക്കുകയും വേണ്ട- ടെസ്സിയുടെ ശബ്ദം അല്പം ഉയര്‍ന്നു. പിന്നീട് ദുര്‍ബലമായ സ്വരം ഇടറി. കവിളിലൂടെ കണ്ണുനീര്‍ത്തുള്ളികള്‍ ധാരയായി ഒഴുകി. ഭര്‍ത്താവിന്റെ പീഡനം സഹിക്കാതെ കുടുംബക്കോടതിയില്‍ വിവാഹ മോചനം തേടിയെത്തിയതാണ് ടെസ്സി. വ്യത്യസ്ത മതവിഭാഗങ്ങളിലുള്ള ടെസ്സിയ്ക്കും സുനിലിനും മൂന്ന് വര്‍ഷത്തെ പ്രണയസാഫല്യമായിരുന്നു വിവാഹം. പരസ്പരം അറിയാവുന്നവര്‍ ജീവിതത്തെ കുറിച്ച് വ്യക്തമായ ലക്ഷ്യമുള്ളവര്‍. ലോ അക്കാദമിയില്‍ ഒരമിച്ച് പഠിക്കുമ്പോഴാണ് ഇവര്‍ പരിചയപ്പെടുന്നത്. പിന്നീട് ഇവര്‍ക്കിടയില്‍ ഉടലെടുത്ത സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ടെസ്സി ക്രിസ്റ്റ്യനും സുനില്‍ ഹിന്ദുവുമായതിനാല്‍ വീട്ടുകാരുടെ സമ്മതമില്ലാതെയായിരുന്നു വിവാഹം. രണ്ടു പേര്‍ക്കും ബാങ്കില്‍ ജോലി.ആദ്യകാലങ്ങളില്‍ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു. 

പക്ഷെ കുറച്ചു നാളുകള്‍ക്ക് ശേഷം സുനിലിനു ചില മാറ്റങ്ങള്‍ കാണാന്‍ തുടങ്ങി. മറ്റൊരു പെണ്‍കുട്ടിയുമായി രാത്രി കാലങ്ങളില്‍ സംസാരിക്കലും കറങ്ങി നടക്കലും. ഇതു ചോദ്യം ചെയ്ത ടെസ്സിക്ക് ദേഹോപദ്രവം ഏല്‍ക്കേണ്ടി വന്നു. എന്നാല്‍ സുനില്‍ പറയുന്നത് വ്യത്യസ്തമായ രീതിലാണ്. കല്യാണം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം വീട്ടിലേക്കെത്തിയ ടെസ്സിയുടെ അമ്മയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇവര്‍ വീട്ടിലെത്തിയതോടെ ടെസ്സി വീട്ടുകാര്യങ്ങളില്‍ ശ്രദ്ധിക്കാതെ കൊന്ത ജപിച്ച് ഇരിക്കുകയാണെന്നാണ് സുനിലിന്റെ ആരോപണം. എന്നാല്‍ വിവാഹമോചനമല്ലാതെ മറ്റു വഴിയില്ലെന്ന നിലപാടിലാണ് ടെസ്സി.

വിഷാദരോഗത്തെ പ്രതിരോധിക്കാം

കഴിഞ്ഞ രണ്ട് ദശാബ്ദമായി എല്ലാ വര്‍ഷവും ഒക്ടോബര്‍ 10 'ലോക മാനസികാരോഗ്യദിന'മായി ആചരിക്കാറുണ്ട്. ഈ വര്‍ഷത്തെ ലോക മാനസികാരോഗ്യദിനത്തിന്റെ പ്രമേയം 'വിഷാദരോഗം: ഒരു ആഗോള പ്രതിസന്ധി' എന്നതാണ്.

എന്താണ് വിഷാദരോഗം?

സ്ഥായിയായ വിഷാദം, ജോലി ചെയ്യാനും മറ്റുള്ളവരോട് ഇടപെടാനും താത്പര്യമില്ലായ്മ, കാരണമില്ലാത്ത ക്ഷീണം എന്നിവയില്‍ രണ്ട് ലക്ഷണങ്ങളെങ്കിലും രണ്ടാഴ്ചക്കാലം തുടര്‍ച്ചയായുണ്ടായാല്‍ ആ വ്യക്തിക്ക് വിഷാദരോഗമുണ്ടെന്ന് സംശയിക്കാം. ഇതോടൊപ്പം ഉറക്കക്കുറവ്, വിശപ്പില്ലായ്മ, ശ്രദ്ധക്കുറവ്, മറവി, നിരാശ, ആത്മഹത്യാ പ്രവണത തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. അകാരണമായ ഭയം, സംശയങ്ങള്‍, ചെവിയില്‍ അശരീരി ശബ്ദങ്ങള്‍ കേള്‍ക്കുന്നത് പോലെയുള്ള മിഥ്യാനുഭവങ്ങള്‍ എന്നിവയും ചിലപ്പോള്‍ കാണാറുണ്ട്. ശരീരഭാഗങ്ങളില്‍ വേദന, വയറെരിച്ചില്‍, കൈകാലുകള്‍ക്ക് പെരുപ്പ് തുടങ്ങിയ ശാരീരിക രോഗലക്ഷണങ്ങളും വിഷാദ രോഗത്തിന്റെ ഭാഗമായി ഉണ്ടാകാം.

എല്ലാ വിഷാദരോഗങ്ങളും ഒരുപോലെയാണോ?

അല്ല. ലക്ഷണങ്ങളുടെ സ്വഭാവമനുസരിച്ച് വിഷാദരോഗങ്ങള്‍ പലതരത്തിലുണ്ട്. ജീവിതത്തില്‍ ഒരിക്കലെങ്കിലും അമിതമായ സന്തോഷം, അമിത സംസാരം, അക്രമ സ്വഭാവം തുടങ്ങിയ ഉന്മാദ രോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ഒരാള്‍ക്ക് പില്‍ക്കാലത്ത് വിഷാദ രോഗത്തിന്റെ ലക്ഷണങ്ങള്‍ വന്നാല്‍ ഈ അവസ്ഥയെ 'ബൈപോളാര്‍ ഡിപ്രഷന്‍' എന്നു വിളിക്കുന്നു. ഇത്തരക്കാര്‍ക്ക് സ്ഥായിയായ വിഷാദത്തോടൊപ്പം അമിതമായ വിശപ്പ്, അമിത ഉറക്കം, ശാരീരിക ക്ഷീണം എന്നീ ലക്ഷണങ്ങള്‍ കണ്ടേക്കാം. ജീവിതത്തിലൊരിക്കലും 'ഉന്മാദരോഗ'ത്തിന്റെ ലക്ഷണങ്ങള്‍ വരാത്ത ഒരാള്‍ക്ക് വിഷാദരോഗം വന്നാല്‍ അതിനെ 'യൂണിപോളാര്‍ ഡിപ്രഷന്‍' എന്നാണ് വിളിക്കുന്നത്. വിഷാദത്തോടൊപ്പം അകാരണമായ ഭയം, സംശയങ്ങള്‍, മിഥ്യാനുഭവങ്ങള്‍ എന്നിവ ഉണ്ടാകുന്ന അവസ്ഥയെ 'സൈക്കോട്ടിക്ക് ഡിപ്രഷന്‍' എന്നാണ് പറയുന്നത്.

എന്താണ്‌വിഷാദ രോഗത്തിന്റെ കാരണം?

വിഷാദരോഗം ബാധിച്ചിട്ടുള്ളവരുടെ മസ്തിഷ്‌കത്തിലെ ചില ഭാഗങ്ങളില്‍ സിറട്ടോണിന്‍, നോര്‍എപിനെഫ്രിന്‍ തുടങ്ങിയ രാസപദാര്‍ഥങ്ങളുടെ അളവില്‍ കുറവുണ്ടായതായി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കുടുംബത്തില്‍ അടുത്ത ബന്ധുക്കള്‍ക്കാര്‍ക്കെങ്കിലും വിഷാദരോഗം ഉണ്ടായിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് വിഷാദരോഗം വരാനുള്ള സാധ്യത മൂന്നിരട്ടിവരെ കൂടുതലാണ്. സാമ്പത്തിക പ്രതിസന്ധി, വ്യക്തിബന്ധങ്ങളിലെ തകരാറുകള്‍, ഗാര്‍ഹികപീഡനം, മദ്യത്തിന്റെയും മറ്റു ലഹരിവസ്തുക്കളുടെയും ദുരുപയോഗം, ദീര്‍ഘകാലമായുള്ള ശാരീരിക രോഗങ്ങള്‍, വിവാഹം കഴിക്കാത്ത അവസ്ഥ എന്നിവയൊക്കെ വിഷാദരോഗസാധ്യത കൂട്ടുന്നു.

കുട്ടികള്‍ക്ക് വിഷാദരോഗം വരാറുണ്ടോ?

സാധാരണയായി 20 വയസ്സിനു മുകളിലുള്ളവരിലാണ് വിഷാദരോഗം കൂടുതലായി കണ്ടുവരുന്നതെങ്കിലും കുട്ടികളിലും കൗമാരപ്രായക്കാരിലും വിഷാദരോഗം ഉണ്ടാകാറുണ്ട്. സ്‌കൂളില്‍ പോകാന്‍ മടി, അകാരണമായ ദേഷ്യം, വിശപ്പില്ലായ്മ, മറ്റുള്ളവരോട് സംസാരിക്കാന്‍ താത്പര്യമില്ലായ്മ തുടങ്ങിയ ലക്ഷണങ്ങള്‍ ഈ ഘട്ടത്തില്‍ കുട്ടികള്‍ പ്രകടിപ്പിക്കാറുണ്ട്. പഠനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, ലൈംഗികപീഡനം, മോശമായ ഗൃഹാന്തരീക്ഷം തുടങ്ങിയവയൊക്കെ കുട്ടികളിലെ വിഷാദരോഗത്തിന് കാരണമാകാറുണ്ട്.

മറ്റ് ശാരീരിക രോഗങ്ങളുള്ളവര്‍ക്ക് വിഷാദരോഗം വരാമോ?

ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ശാരീരിക രോഗങ്ങള്‍ ഉള്ളവര്‍ക്ക് വിഷാദരോഗം വരാനുള്ള സാധ്യത കൂടുതലാണ്. ഉദാഹരണത്തിന്, ഒരു തവണ ഹൃദയാഘാതം വന്നവരില്‍ 25 ശതമാനം പേര്‍ക്ക് അടുത്ത മൂന്ന് മാസത്തിനുള്ളില്‍ വിഷാദരോഗം പിടിപെടാന്‍ സാധ്യതയുണ്ട്. ഇത്തരക്കാര്‍ക്ക് വിഷാദരോഗത്തിനുള്ള ചികിത്സ നല്‍കാത്തപക്ഷം ഒരു വര്‍ഷത്തിനകം വീണ്ടും ഹൃദയാഘാതം സംഭവിക്കാനുള്ള സാധ്യത ആറുമടങ്ങ് കൂടുതലാണ്.

വിഷാദരോഗത്തിന്റെ ഭാഗമായി ശാരീരിക ലക്ഷണങ്ങള്‍ വരാമോ?

ഇന്ത്യക്കാരായ വിഷാദരോഗികളില്‍ നല്ലൊരു ശതമാനത്തിനും വിവിധ ശാരീരിക ലക്ഷണങ്ങള്‍ കണ്ടുവരുന്നുണ്ട്. ഇടയ്ക്കിടെയുണ്ടാകുന്ന നെഞ്ചുവേദന, ശ്വാസംമുട്ടല്‍, വിട്ടുമാറാത്ത നടുവേദന, വയറ്റിലെ അസ്വസ്ഥതകള്‍, കൈകള്‍ക്കും കാലുകള്‍ക്കുമുണ്ടാകുന്ന പെരുപ്പ് എന്നിവയൊക്കെ വിഷാദരോഗമുള്ളവരില്‍ കാണാറുണ്ട്. ഈ ശാരീരിക രോഗലക്ഷണങ്ങള്‍ക്ക് ഡോക്ടറുടെ പരിശോധനയിലോ ടെസ്റ്റുകളിലോ പ്രത്യേകിച്ച് കാരണമൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍, അവ വിഷാദരോഗത്തിന്റെ ഭാഗമാണോ എന്ന് സംശയിക്കേണ്ടതുണ്ട്.

വിഷാദരോഗം ചികിത്സിച്ചില്ലെങ്കില്‍ കുഴപ്പമുണ്ടോ?

ഇന്ത്യയില്‍ വിഷാദരോഗമുള്ളവരില്‍ 25 ശതമാനം പേര്‍ക്കുമാത്രമേ ചികിത്സ കിട്ടുന്നുള്ളൂവെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. വിഷാദരോഗമുള്ളവരില്‍ 15 ശതമാനത്തോളം പേര്‍ ആത്മഹത്യ ചെയ്യാറുണ്ടെന്നാണ് കണക്കുകള്‍. ചികിത്സയെടുക്കാത്ത വിഷാദരോഗികള്‍ ആത്മഹത്യ ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്. ചില രോഗികളില്‍ വിഷാദരോഗം മൂര്‍ഛിച്ച് രോഗി ഒന്നും സംസാരിക്കാതെ, വെള്ളമോ ഭക്ഷണമോ കഴിക്കാതെ ഒരു പ്രതിമപോലെ ദീര്‍ഘനേരമിരിക്കുന്നഅവസ്ഥ ഉണ്ടാകാറുണ്ട്. ഈയവസ്ഥയ്ക്ക് 'കാറ്ററ്റോണിയ' എന്നാണ് പറയുന്നത്. രോഗി വെള്ളംപോലും കുടിക്കാന്‍ വിസമ്മതിക്കുന്ന ഈയവസ്ഥ ജീവനുതന്നെ അപകടമാണ്. വിഷാദരോഗത്തിനോടൊപ്പം അനുബന്ധമായി ശാരീരിക രോഗങ്ങളുള്ളവര്‍ക്ക് വിഷാദരോഗം ചികിത്സിക്കാത്തപക്ഷം, ശാരീരിക രോഗങ്ങള്‍ വഷളാകാനും സാധ്യതയുണ്ട്.

എന്താണ് വിഷാദരോഗത്തിന്റെ ചികിത്സ?

ഔഷധങ്ങളും മനഃശാസ്ത്ര സമീപനങ്ങളും ജീവിതശൈലീ ക്രമീകരണങ്ങളും ചേര്‍ന്നതാണ് വിഷാദരോഗത്തിന്റെ ചികിത്സ. മസ്തിഷ്‌കത്തിലെ സിറട്ടോണിന്‍, നോര്‍എപിനെഫ്രിന്‍ തുടങ്ങിയ രാസവസ്തുക്കളുടെ അളവ് ക്രമീകരിക്കാനുപകരിക്കുന്ന എസ്.എസ്.ആര്‍.ഐ., എസ്.എന്‍.ആര്‍.ഐ വിഭാഗം ഔഷധങ്ങളാണ് സാധാരണയായി ഉപയോഗിച്ചുവരുന്നത്. പുതിയ മരുന്നുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ താരതമ്യേന കുറവാണ്. ബൈപോളാര്‍ ഡിപ്രഷന്‍ ഉള്ളവര്‍ക്ക് മനസ്സിന്റെ വൈകാരികാവസ്ഥയെ ക്രമപ്പെടുത്തുന്ന 'മൂഡ് സ്റ്റെബിലൈസര്‍' മരുന്നുകള്‍ വേണ്ടിവരും. സൈക്കോട്ടിക് ഡിപ്രഷന്‍ ഉള്ളവര്‍ക്കാകട്ടെ മാനസിക വിഭ്രാന്തി മാറ്റാനുപകരിക്കുന്ന 'ആന്റി സൈക്കോട്ടിക്' ഔഷധങ്ങള്‍ വേണ്ടിവരാം. മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം നിശ്ചിതകാലം തുടര്‍ച്ചയായി ഉപയോഗിച്ചശേഷം ഘട്ടംഘട്ടമായി അളവ്കുറച്ച് നിര്‍ത്താന്‍ ശ്രമിക്കാവുന്നതാണ്. മനസ്സിലെ അസ്വസ്ഥതയുണ്ടാക്കുന്ന ചിന്തകളെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന 'കോഗ്‌നിറ്റീവ് ബിഹേവിയര്‍ തെറാപ്പി', മൈന്‍ഡ്ഫുള്‍നെസ്, റിലാകേ്‌സഷന്‍ എന്നിവയൊക്കെ പ്രയോജനം ചെയ്യുന്ന മനഃശാസ്ത്ര ചികിത്സകളാണ്. ചിട്ടയായ വ്യായാമവും ഭക്ഷണക്രമവുമായി തികഞ്ഞ ലക്ഷ്യബോധ്യത്തോടെയുള്ള ജീവിതരീതി വികസിപ്പിച്ചെടുക്കുന്നതും ലഹരിവസ്തുക്കള്‍ വര്‍ജിക്കുന്നതും നല്ലതാണ്. കടുത്ത ആത്മഹത്യാപ്രവണത ഉള്ളവര്‍ക്ക് 'ഷോക്ക് ചികിത്സ' വേണ്ടിവന്നേക്കാം.

വിഷാദരോഗം പ്രതിരോധിക്കാന്‍ മാര്‍ഗമുണ്ടോ?

ചെറുപ്പംമുതലേ വളരെ ചിട്ടയായ ഒരു ജീവിതശൈലി സ്വീകരിക്കുന്നത് വിഷാദരോഗം തടയാന്‍ ഒരു പരിധിവരെ സഹായിക്കും. ജീവിതത്തിലെ സമ്മര്‍ദങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള ശേഷി വികസിപ്പിക്കേണ്ടത് അനിവാര്യമാണ്. കൃത്യമായ ഉറക്കവും കൃത്യസമയത്തുള്ള ഭക്ഷണവും വളരെ പ്രധാനമാണ്. ദിവസേന ശാരീരിക വ്യായാമം ചെയ്യുന്നതും ഏറെ പ്രയോജനം ചെയ്യും.

താളംതെറ്റിയ ജീവിതം; താളംതെറ്റുന്ന മനസ്സ്‌

കേരളം സമീപകാലങ്ങളില്‍ താളംതെറ്റുന്ന ജീവിതത്തിന്റെയും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും നാടായി മാറിക്കൊണ്ടിരിക്കുകയാണ്. കാലാനുസൃതമായ മാറ്റങ്ങളിലൂടെ കേരളസമൂഹം ഉരുത്തിരിഞ്ഞുവരുമ്പോള്‍ മുഖച്ഛായ മാറുന്നത് സ്വാഭാവികം. പാശ്ചാത്യവത്കരണവും വിവരസാങ്കേതികവിദ്യയുടെ അതിപ്രസരവും മൂലം ശരാശരി മലയാളിയുടെ സ്വഭാവത്തിലും ശീലങ്ങളിലും വ്യതിയാനം വന്നുകൊണ്ടിരിക്കുന്നു. ഇന്ന് മലയാളി സ്വന്തം കുടുംബത്തിലേക്കും സ്വന്തം പ്രശ്‌നങ്ങളിലേക്കും മാത്രം ഉള്‍വലിയുന്നതുകൊണ്ട് സാമൂഹിക ജീവിതത്തിലുള്ള ഇടപെടലുകളും സേവനപ്രവര്‍ത്തനങ്ങളും കുറഞ്ഞുവരികയാണ്. അനുദിനം വര്‍ധിച്ചുവരുന്ന മത്സരബുദ്ധിയും കിടമത്സരവും സ്വാര്‍ഥബോധവുമെല്ലാം വ്യക്തികള്‍ തമ്മിലുള്ള പാരസ്പര്യത്തിന് വിള്ളല്‍ വീഴ്ത്തുന്നു. സഹാനുഭൂതിയുടെ കാര്യത്തിലും മലയാളി പിന്നാക്കം പോയിക്കൊണ്ടിരിക്കുന്നു. 

ജീവിതത്തിന്റെ ഏതു മേഖലയിലും എന്തൊക്കെ സംഭവിച്ചാലും ഒരുതരം നിസ്സംഗതയോടെ എല്ലാറ്റിന്റെയും കാഴ്ചക്കാരനായി മാറുകയാണ് ശരാശരി മലയാളി. വ്യക്തിജീവിതത്തിലും സാമൂഹികജീവിതത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ നിസ്സംഗത മലയാളിയുടെ മാനസികനിലയുടെ മാറ്റത്തിനും കാരണമാകുന്നു. 

ആധുനിക ജീവിതശൈലിയുടെ സമ്മര്‍ദങ്ങള്‍മൂലം സമൂഹത്തിലും കുടുംബവ്യവസ്ഥയിലും നിരവധി പ്രശ്‌നങ്ങള്‍ ഇന്ന് കേരളത്തിലുണ്ട്. കേരളത്തില്‍ മാനസികാരോഗ്യം നഷ്ടപ്പെടുന്നവരുടെ വര്‍ധനയ്ക്ക് നിരവധി ഘടകങ്ങളുണ്ട്. വിഷാദം, മദ്യപാനം, ആത്മഹത്യാപ്രവണത, മയക്കുമരുന്നുകളോടുള്ള ആസക്തി, അമിത ഉത്കണ്ഠ, നിത്യജീവിതത്തിലെ സംഘര്‍ഷങ്ങള്‍, വ്യക്തിബന്ധങ്ങളിലെ സംശയം, പെരുമാറ്റ വൈകല്യം തുടങ്ങിയ രോഗാവസ്ഥയിലകപ്പെടുന്നവരുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചുവരികയാണ്.

2001-ലെ കണക്കുപ്രകാരം 320 ലക്ഷം ജനസംഖ്യയുള്ള കേരളത്തില്‍ 32 ലക്ഷം പേര്‍ പലതരത്തിലുള്ള മാനസികരോഗങ്ങള്‍ അനുഭവിക്കുന്നവരാണ്. ഇതില്‍ത്തന്നെ 6.4 ലക്ഷം പേര്‍ സ്‌കിസോഫ്രീനിയ, വിഷാദരോഗം, ഉന്മാദരോഗം തുടങ്ങിയ ഗുരുതര മാനസികരോഗങ്ങള്‍ അനുഭവിക്കുന്നവരാണ്. നാഷണല്‍ സാമ്പിള്‍ സര്‍വേ പ്രകാരം ഭാരതത്തില്‍ ഒരുലക്ഷത്തില്‍ 132 മനോരോഗികളുള്ളപ്പോള്‍ കേരളത്തിലിത് 253 ആണ്. ഭാരതത്തിലെ നിരക്കിനേക്കാള്‍ രണ്ടുമടങ്ങ് കൂടുതല്‍. ആത്മഹത്യയുടെ കാര്യത്തിലായാലും കഴിഞ്ഞ എട്ടുവര്‍ഷമായി നമ്മുടെ സംസ്ഥാനം തന്നെയാണ് മുന്നില്‍. കേരളത്തിലെ ആത്മഹത്യയുടെ കാരണങ്ങള്‍ പരിശോധിക്കുമ്പോള്‍ ഒരു പ്രധാന കാരണം മാനസികരോഗങ്ങള്‍ തന്നെയാണ്. മദ്യപാനികളുടെ എണ്ണത്തിലും വന്‍ കുതിപ്പാണ് കേരളം കാണിക്കുന്നത്. 

ഇന്നും മാനസികരോഗികളോടും അവരുടെ കുടുംബത്തോടും സമൂഹത്തില്‍ പുച്ഛം, അവഗണന എന്നിവ നിലനില്‍ക്കുന്നു. ഇതു മാറ്റിയെടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. മാനസികരോഗങ്ങളെക്കുറിച്ചും കാരണങ്ങളെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചും വിപുലമായ രീതിയില്‍ പൊതുജനങ്ങളെ ബോധവത്കരിക്കുക എന്നതാണ് ഫലവത്തായ മാര്‍ഗം. ജീവിത പ്രതിസന്ധികള്‍ രൂക്ഷമാവുമ്പോള്‍ പലരുടെയും മനസ്സിന്റെ താളം തെറ്റുന്നു. ഇങ്ങനെയുള്ളവരില്‍ ഏറിയ പങ്കും പില്‍ക്കാലത്ത് മാനസികാസ്വാസ്ഥ്യങ്ങള്‍ അനുഭവിക്കുന്നു.

മനോരോഗ ചികിത്സയ്ക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും വികസ്വര രാജ്യങ്ങളെ അപേക്ഷിച്ച് കേരളം വളരെ പുറകിലാണ്. സ്വകാര്യ മേഖലയിലും സര്‍ക്കാര്‍ മേഖലയിലുമുള്ള എല്ലാ മനോരോഗ ചികിത്സകരെയും കൂട്ടിയാല്‍പ്പോലും സംസ്ഥാനത്ത് 200 ല്‍ താഴെ സൈക്യാട്രിസ്റ്റുകളേ ഉണ്ടാകൂ. ലോകാരോഗ്യസംഘടനയുടെ നിര്‍ദേശപ്രകാരം ഒരു ലക്ഷം ജനങ്ങള്‍ക്ക് നാല് സൈക്യാട്രിസ്റ്റുകളെങ്കിലും ഉണ്ടാവണം. കേരളത്തില്‍ ഒരു ലക്ഷം ജനങ്ങള്‍ക്ക് ഒരു സൈക്യാട്രിസ്റ്റെങ്കിലും ലഭ്യമല്ല. മനോരോഗികളെ ചികിത്സിക്കാന്‍ സൈക്യാട്രിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍, സൈക്യാട്രിക് നഴ്‌സ്, റീഹാബിലിറ്റേഷന്‍ സ്‌പെഷലിസ്റ്റ് എന്നിവരടങ്ങുന്ന ഒരു വിദഗ്ധ ടീമിന്റെ സേവനം ആവശ്യമാണ്. 

നിലവിലുള്ള കണക്കുകള്‍ നോക്കിയാല്‍ സര്‍ക്കാര്‍ മേഖലയില്‍ ഇത്തരം ഒരു വിദഗ്ധ ടീമിന്റെ ദൗര്‍ലഭ്യം പ്രകടമായി കാണാം. മാത്രമല്ല, ഇന്നത്തെ സാഹചര്യത്തില്‍ മനോരോഗ ചികിത്സാമേഖലയിലുള്ള ഒട്ടുമിക്ക വിദഗ്ധരും തങ്ങളുടെ പഠനം കഴിഞ്ഞാലുടനെതന്നെ ഭാരതം വിട്ട് വിദേശരാജ്യങ്ങളിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുകയാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ കേരളത്തിലെ മാനസികാരോഗ്യം ഇനിയും തകരാനാണ് സാധ്യത.

മുമ്പ് സൂചിപ്പിച്ച പതിനെട്ടര ലക്ഷം മനോരോഗികളെ കിടത്തി ചികിത്സിക്കുന്നതിന് സര്‍ക്കാര്‍ മേഖലയിലെ മൂന്ന് പ്രധാന ചികിത്സാകേന്ദ്രങ്ങളും (ഊളമ്പാറ, കുതിരവട്ടം, പടിഞ്ഞാറെകോട്ട) മെഡിക്കല്‍ കോളേജുകളിലെയും ജില്ലാ ആസ്പത്രികളിലെയും മാനസികാരോഗ്യ ചികിത്സാ വാര്‍ഡുകളുമടക്കം ലഭ്യമായ കിടക്കകള്‍ 1714 ആണ്. അതായത്, കിടത്തിച്ചികിത്സ ആവശ്യമുള്ള ഒരു ശതമാനം ആളുകള്‍ക്കുപോലും വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഇന്ന് കേരളത്തിലില്ല. ഉള്ള സൗകര്യങ്ങളാകട്ടെ നഗരങ്ങളില്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ. മാത്രമല്ല, ഇവരെ ചികിത്സിക്കേണ്ട ഡോക്ടര്‍മാരും അനുബന്ധ വിദഗ്ധരും നഗരങ്ങളിലും പ്രാന്തപ്രദേശങ്ങളിലുമാണ് താമസിക്കുന്നത്. ഇതുമൂലം ഗ്രാമങ്ങളിലും മലയോരപ്രദേശങ്ങളിലും താമസിക്കുന്ന നിര്‍ധന മാനസികരോഗികള്‍ക്ക് ശരിയായ ചികിത്സ ലഭിക്കാത്ത സ്ഥിതിയാണുള്ളത്. 

കേന്ദ്ര സര്‍ക്കാറിന്റെ ഡിസ്ട്രിക് മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിന്റെ ഭാഗമായി ഗ്രാമപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് സൗജന്യ മാനസികാരോഗ്യ ക്യാമ്പുകള്‍ നടത്തുന്നത് ഒരു പരിധിവരെ ജനങ്ങള്‍ക്കാശ്വാസം നല്കുന്നുണ്ട്. എന്നാലും സമയപരിധിമൂലം ഇത്തരം ക്യാമ്പുകളില്‍ മാനസികരോഗികളെ ശരിയായവിധം പരിശോധിച്ച് രോഗനിര്‍ണയം നടത്താനോ കൗണ്‍സലിങ് ചെയ്യാനോ കഴിയാറില്ല. മാനസികരോഗ ചികിത്സക്ക് ഉപയോഗിക്കുന്ന നവീന ആന്റി സൈക്കോട്ടിക് ഔഷധങ്ങളില്‍ പലതും രക്തത്തില്‍ പഞ്ചസാരയുടെയും കൊഴുപ്പിന്റെയും അളവ് കൂട്ടുന്നതും ശരീരഭാരം കൂട്ടുന്നവയുമാണ്. ഇത്തരം പ്രശ്‌നങ്ങള്‍ തുടക്കത്തിലേ തന്നെ ഇല്ല എന്ന് ഉറപ്പുവരുത്താനും ചികിത്സക്കിടയ്ക്ക് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ടോ എന്നറിയാനും വേണ്ട വിദഗ്ധ പരിശോധനകളും ഇത്തരം ക്യാമ്പുകളില്‍ ഉണ്ടാകണം.

മാനസികരോഗ ചികിത്സയില്‍ ഔഷധ ചികിത്സപോലെത്തന്നെ പ്രധാനപ്പെട്ട ഒന്നാണ് പുനരധിവാസ ചികിത്സ. നിര്‍ഭാഗ്യവശാല്‍ പുനരധിവാസ ചികിത്സയ്ക്ക് നമ്മുടെ നാട്ടില്‍ അത്രയധികം പ്രചാരം കൈവന്നിട്ടില്ല. മാനസികരോഗിയെ സ്വന്തം കാലില്‍നില്‍ക്കാന്‍ പ്രാപ്തനാക്കാനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും പുനരധിവാസം വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ടുതന്നെ മാനസികരോഗ ചികിത്സനല്കുന്ന എല്ലാ കേന്ദ്രങ്ങളിലും ഇത്തരം പുനരധിവാസകേന്ദ്രങ്ങള്‍കൂടി ആരംഭിക്കേണ്ടതുണ്ട്.

മാനസികരോഗികളുടെ പ്രശ്‌നങ്ങള്‍ പരസ്പരം പങ്കുവെക്കാനും സഹായിക്കാനും സമൂഹത്തില്‍ ഇവരോടുള്ള അവജ്ഞ അവസാനിപ്പിക്കാനും പൊതുജനങ്ങളെ ബോധവത്കരിക്കാനും തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാനും അവരുടേതായുള്ള ഒരു കൂട്ടായ്മ സംഘടിപ്പിക്കേണ്ടത് അത്യാവശ്യമാണ്. വിദേശരാജ്യങ്ങളില്‍ നാഷണല്‍ അലയന്‍സ് ഫോര്‍ മെന്റലി ഇല്‍, വേള്‍ഡ് ഫെഡറേഷന്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്ത് തുടങ്ങിയ പല സംഘടനകളും ഈ രംഗത്തുണ്ട്. മദ്രാസില്‍ സ്‌കാര്‍ഫ്, ബാംഗ്ലൂരില്‍ റിച്ച്മണ്ട് ഫെലോഷിപ്പ് എന്നീ സംഘടനകള്‍ ഇന്ത്യയിലും മാനസികരോഗികള്‍ക്ക് ആശ്വാസകരമായ രീതിയില്‍ നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.

മാനസിക രോഗങ്ങള്‍: സത്യവും മിഥ്യയും

മാനസികരോഗം എന്ന് കേള്‍ക്കുമ്പോഴേ മുഖംതിരിക്കുന്ന, പരിഷ്‌കൃതരെന്ന് അവകാശപ്പെടുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. സമൂഹത്തിന്റെ ഈ നിലപാടുമൂലം മാനസികരോഗമുള്ളവരും അവരുടെ കുടുംബാംഗങ്ങളും അനുഭവിക്കുന്ന വിഷമങ്ങള്‍ വിവരണാതീതമാണ്. മാനസികരോഗങ്ങളെക്കുറിച്ചുള്ള വ്യക്തമായ ബോധവത്കരണത്തിലൂടെ മാത്രമേ ഈ ദുരവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാന്‍ കഴിയുകയുള്ളൂ.

സാധാരണയായി കാണപ്പെടുന്ന മാനസിക രോഗങ്ങള്‍

സ്‌കീസോഫ്രീനിയ, ബൈപോളാര്‍ ഡിസോഡര്‍, വിഷാദരോഗം, പലതരത്തിലുള്ള അമിതമായ ഉത്കണ്ഠകള്‍, ഒബ്‌സസ്സീവ് കംപള്‍സ്സീവ് ഡിസോഡര്‍ എന്നിവയാണ് വളരെ സാധാരണയായി കണ്ടുവരുന്ന മാനസിക രോഗങ്ങള്‍. സ്‌കീസോഫ്രീനിയ, ബൈപോളാര്‍ ഡിസോഡര്‍ എന്നീ അസുഖങ്ങള്‍ നൂറില്‍ ഒരാള്‍ക്ക് വീതം കാണപ്പെടുന്നു. അമിതമായ ഉത്കണ്ഠ നൂറില്‍ 10 മുതല്‍ 15 വരെ ആളുകളില്‍ കാണപ്പെടുന്നു. ഒബ്‌സസ്സീവ് കംപള്‍സ്സീവ് ഡിസോഡര്‍ നൂറില്‍ 2-3 ആളുകള്‍ക്ക് കാണപ്പെടുന്നു. ശരിയായ രീതിയില്‍ കണക്കാക്കുകയാണെങ്കില്‍ ഏകദേശം 20 ശതമാനം (അഞ്ചില്‍ ഒരാള്‍) ജനങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള മാനസികരോഗം ഉണ്ട്. കേരളത്തിലെ കണക്ക് എടുക്കുകയാണെങ്കില്‍ 50 ലക്ഷത്തോളം ജനങ്ങള്‍ക്ക് ചികിത്സ ആവശ്യമായ രീതിയിലുള്ള മാനസിക പ്രശ്‌നങ്ങള്‍ ഉണ്ട്.

ആര്‍ക്കെല്ലാം മാനസികരോഗം ഉണ്ടാകാം

മാനസികരോഗം സമൂഹത്തിലെ ഏതൊരാള്‍ക്കും വരാം. മന:ശക്തി ഇല്ലാത്തവര്‍ക്കാണ് മാനസിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടാകുന്നത് എന്നത് തെറ്റിദ്ധാരണ മാത്രമാണ്. ഏത് പ്രായത്തിലുള്ളവര്‍ക്കും ആണ്‍, പെണ്‍ ഭേദമെന്യേ മാനസികരോഗം കാണപ്പെടുന്നു. സാമ്പത്തിക സ്ഥിതിയുടെയോ ബുദ്ധിപരമായ കഴിവിന്റെയോ അടിസ്ഥാനത്തില്‍ മാനസിക രോഗങ്ങള്‍ കാണപ്പെടുന്നില്ല. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റന്റ് ചര്‍ച്ചില്‍ ഒരു സ്‌കീസോഫ്രീനിയ രോഗിയായിരുന്നു. വിശ്വവിഖ്യാത ചിത്രകാരന്‍ വാന്‍ഗോഗ് ബൈപോളാര്‍ രോഗിയായിരുന്നു.

കാരണങ്ങള്‍

മാനസികരോഗങ്ങള്‍ എങ്ങനെ ഉണ്ടാകുന്നു എന്നതിനെപ്പറ്റി വളരെയധികം മിഥ്യാധാരണകള്‍ നിലവിലുണ്ട്. രോഗിയോ കുടുംബത്തിലുള്ളവരോ ചെയ്ത ദുഷ്പ്രവൃത്തികളുടെ അനന്തരഫലമാണ് മാനസികരോഗം എന്ന് വിശ്വസിക്കുന്ന ഒട്ടനവധി പേര്‍ നമുക്കിടയിലുണ്ട്. പ്രേതബാധയെന്നോ പിശാചിന്റെ ഉപദ്രവമെന്നോ ഇതിനെ കരുതുന്നവരുമുണ്ട്. ശത്രുക്കള്‍ ചെയ്ത മന്ത്രവാദത്തിന്റെ (കൂടോത്രം) ഫലമാണ് ഇത് എന്ന് കരുതുന്നവരുമുണ്ട്. എന്റെ കുട്ടിക്ക് അസുഖം ഒന്നും ഉണ്ടായിരുന്നില്ലെന്നും വിവാഹ ശേഷമാണ് രോഗം പിടിപെട്ടത് എന്നും പറഞ്ഞ് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നവരും കുറവല്ല. എന്നാല്‍, സത്യം ഇതില്‍നിന്ന് വളരെ വ്യത്യസ്തമാണ്. തലച്ചോറിലെ നാഡികളുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന ചിലതരം രാസപദാര്‍ഥങ്ങളുടെ അളവിലുണ്ടാകുന്ന വ്യതിയാനമാണ് മാനസികരോഗത്തിനുള്ള കാരണം. 

ഓരോ മാനസിക രോഗത്തിലും തലച്ചോറിന്റെ ഏത് ഭാഗമാണ് തകരാറിലായിരിക്കുന്നതെന്നും ഏത് രാസപദാര്‍ഥത്തിന്റെ അളവിലാണ് വ്യതിയാനം ഉണ്ടായിരിക്കുന്നതെന്നും ഇന്ന് കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. രാസപദാര്‍ഥങ്ങളുടെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങളുടെ യഥാര്‍ഥ കാരണം ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ലെങ്കിലും ജനിതകവും ജീവശാസ്ത്രപരവും സാമൂഹികവും പാരിസ്ഥിതികവുമായ പല കാരണങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നു.

മാനസിക അസ്വാസ്ഥ്യം പാരമ്പര്യരോഗമാണോ?

കുടുംബത്തിലെ ആര്‍ക്കെങ്കിലും മനസികരോഗമുണ്ടെങ്കില്‍ മറ്റ് കുടുംബാംഗങ്ങള്‍ക്ക് (രക്തബന്ധമുള്ളവര്‍ക്ക്) രോഗം വരുന്നതിനുള്ള സാധ്യത അല്പം കൂടുതലാണ് എന്നല്ലാതെ അസുഖം വരണമെന്ന് നിര്‍ബന്ധമില്ല. അച്ഛനും അമ്മയ്ക്കും അസുഖമുണ്ടെങ്കില്‍പ്പോലും എല്ലാ കുട്ടികള്‍ക്കും അസുഖം ഉണ്ടാകണമെന്നില്ല. പല തലമുറകളായി അസുഖം ഇല്ലാത്ത കുടുംബങ്ങളില്‍പ്പോലും ഇവ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. അസുഖം വരാനുള്ള കാരണങ്ങളില്‍ ഒന്നുമാത്രമാണ് പാരമ്പര്യം. ചുരുക്കത്തില്‍ പറഞ്ഞാല്‍ കുടുംബത്തില്‍ ആര്‍ക്കെങ്കിലും അസുഖം ഉണ്ടെങ്കില്‍ അസുഖം വരണമെന്നോ അസുഖം ഇല്ലാത്തതുകൊണ്ട് അസുഖം വരാതിരിക്കണമെന്നോ ഇല്ല.

എല്ലാ മാനസികരോഗികളും അക്രമാസക്തരാണോ?

രോഗികളില്‍ ഒരുശതമാനം പോലും അക്രമാസക്തരല്ല. ശരിയായ രീതിയിലുള്ള ചികിത്സ ലഭിക്കാത്ത കുറച്ചുപേര്‍ യാദൃച്ഛികമായി അക്രമാസക്തരാകുന്നതൊഴിച്ചാല്‍ ഭൂരിഭാഗം മാനസികരോഗികളും അക്രമവാസന ഉള്ളവരല്ല.

രോഗനിര്‍ണയം എങ്ങനെ?

മാനസിക രോഗങ്ങള്‍ കൃത്യമായി കണ്ടുപിടിക്കുന്നതിന് മറ്റ് അസുഖങ്ങളെപ്പോലെ രക്തപരിശോധനയോ ടെസ്റ്റുകളോ ഇല്ല. രോഗിയില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളിലൂടെയും ഡോക്ടര്‍ നടത്തുന്ന പരിശോധനയിലൂടെ എത്തിച്ചേരുന്ന നിഗമനങ്ങളിലൂടെയും മാത്രമേ രോഗനിര്‍ണയം നടത്താന്‍ സാധിക്കുകയുള്ളൂ. ഭൂരിഭാഗം മാനസിക രോഗികളുടെയും തലച്ചോറില്‍ സ്‌കാനിങ് കൊണ്ട് കണ്ടുപിടിക്കാന്‍ കഴിയുന്ന കുഴപ്പങ്ങളൊന്നും കാണാറില്ല.

ചികിത്സാ രീതികള്‍

രണ്ടുതരത്തിലുള്ള ചികിത്സാരീതികളാണ് നിലവിലുള്ളത്; മരുന്നുകളും സൈക്കോതെറാപ്പിയും. ഭൂരിഭാഗം അസുഖങ്ങളും ചികിത്സിക്കുന്നതിന് മരുന്നുകള്‍ അത്യാവശ്യമാണ്. സ്‌കീസോഫ്രീനിയ, ബൈപോളാര്‍ ഡിസോഡര്‍ എന്നിവ മരുന്നുകളില്ലാതെ സുഖപ്പെടുത്തുവാന്‍ സാധിക്കുകയില്ല. ചെറിയ തോതിലുള്ള ഒ.സി.ഡി., അമിതമായ ഉത്കണ്ഠ എന്നിവ സൈക്കോ തെറാപ്പി മൂലം ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കും. കുട്ടികളില്‍ കാണപ്പെടുന്ന പെരുമാറ്റദൂഷ്യങ്ങള്‍, പഠനവൈകല്യങ്ങള്‍ എന്നിവയ്ക്ക് സൈക്കോളജിസ്റ്റിന്റെ സഹായം ആവശ്യമാണ്.

അവസാനം പരിഷ്കരിച്ചത് : 7/12/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate