অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മാനസിക പ്രശ്നങ്ങൾ

മാനസിക പ്രശ്നങ്ങൾ

സ്കിസോഫ്രീനിയ

ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും ഒക്ടോബര്‍ 10ന് ലോക മാനസികാരോഗ്യദിനമായി ആചരിക്കുകയാണ്. ഇത്തവണ ‘ലിവിങ് വിത്ത് സ്കിസോഫ്രീനിയ’ എന്ന വിഷയമാണ് മാനസികാരോഗ്യദിനത്തിന്‍െറ ഭാഗമായി ലോകമെമ്പാടും ചര്‍ച്ച ചെയ്യുന്നത്. സ്കിസോഫ്രീനിയ (schizophrenia) അഥവ ചിത്തഭ്രമം എന്നത് ഗൗരവമേറിയ ഒരു മനോരോഗമാണ്. 100 പേരില്‍ ഒരാള്‍ക്ക് വീതം ഏറിയോ കുറഞ്ഞോ ഈ രോഗം കണ്ടുവരുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. കേരളത്തില്‍ മൂന്നു ലക്ഷത്തോളം പേര്‍ ഈ രോഗത്തിന്‍െറ പിടിയിലാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ മുഴുവനായി ബാധിക്കുന്ന രോഗാവസ്ഥയാണിത്. രോഗിയുടെ സ്വഭാവത്തെയും വിചാരവികാരങ്ങളെയും മുഴുവനായി മാറ്റിമറിക്കുന്ന ഈ രോഗം യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയാനും യുക്തിപൂര്‍വം ചിന്തിക്കാനുമുള്ള വ്യക്തികളുടെ കഴിവിനെ ഭാഗികമായോ പൂര്‍ണമായോ ഇല്ലാതാക്കുന്നു. സ്വാഭാവികമായി പെരുമാറാനും വികാരങ്ങള്‍ പങ്കുവെക്കാനുമൊക്കെ ഇക്കൂട്ടര്‍ക്ക് പ്രയാസമനുഭവപ്പെടും. അയഥാര്‍ഥ്യങ്ങളായ ചിന്തകള്‍, മിഥ്യാ ധാരണകള്‍, അടിസ്ഥാനമില്ലാത്ത സംശയങ്ങള്‍ എന്നുതുടങ്ങി ഒരു വ്യക്തിയുടെ സാമൂഹിക ജീവിതം താറുമാറാക്കുന്ന നിരവധി ഘടകങ്ങള്‍ ഈ രോഗത്തിന്‍െറ ലക്ഷണമായി കണ്ടുവരുന്നു. ഇല്ലാത്ത കാര്യങ്ങള്‍ കാണുന്നതായും ശബ്ദങ്ങള്‍ കേള്‍ക്കുന്നതായും രോഗികള്‍ അവകാശപ്പെടുകയും അതിനനുസരിച്ച് പെരുമാറുകയും ചെയ്യും. ചില രോഗികളില്‍ അമിതകോപവും അക്രമ വാസനയും കണ്ടേക്കാം. കടുത്ത ആത്മഹത്യാപ്രവണതയും ഈ രോഗത്തിന്‍െറ പ്രത്യേകതയാണ്.
സ്ത്രീ-പുരുഷ ഭേദമന്യേ കണ്ടുവരുന്ന ഈ രോഗം 25നും 30നും ഇടക്ക് പ്രായമുള്ള സ്ത്രീകളിലും15നും 30നും ഇടക്ക് പ്രായമുള്ള പുരുഷന്മാരിലുമാണ് പൊതുവെ പ്രത്യക്ഷപ്പെടുക. അപൂര്‍വമായി കുട്ടികളിലും പ്രായമായവരിലും ഇത് കണ്ടുവരുന്നുണ്ട്. 
തലച്ചോറിലെ ചില രാസവസ്തുക്കളുടെ ഏറ്റക്കുറച്ചിലുകളാണ് രോഗകാരണം. പാരമ്പര്യവും ഒരു പ്രധാന രോഗകാരണമാണ്. ജന്മനാ തലച്ചോറിനുണ്ടാകുന്ന തകരാറുകള്‍, തലക്ക് സംഭവിക്കുന്ന ക്ഷതങ്ങള്‍, തലച്ചോറിനെ ബാധിക്കുന്ന വൈറസ് രോഗങ്ങള്‍ എന്നിവയും സ്കിസോഫ്രീനിയ രോഗത്തിന് കാരണമായി കണ്ടുവരുന്നുണ്ട്. രോഗസാധ്യതയുള്ള വ്യക്തികള്‍ക്കുണ്ടാകുന്ന കടുത്ത മാനസിക സംഘര്‍ഷങ്ങളും രോഗം പ്രത്യക്ഷപ്പെടാന്‍ ഇടയാക്കും.
മസ്തിഷ്കത്തിലെ ഗ്ളൂട്ടമേറ്റ് (glutamate), ഡോപമൈന്‍ (dopamine) എന്നീ രാസസംയുക്തങ്ങളിലുണ്ടാകുന്ന മാറ്റങ്ങളെ തുടര്‍ന്നാണ് ഒരു വ്യക്തിയില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ടുതന്നെ ഈ രാസവസ്തുക്കളുടെ സാന്നിധ്യം മരുന്നുകള്‍ ഉപയോഗിച്ച് സാധാരണ നിലയിലാക്കുകയാണ് ചികിത്സയുടെ ഭാഗമായി ചെയ്യുന്നത്. മരുന്നുകളോടൊപ്പം സൈക്കോ തെറപ്പി എന്ന മന$ശാസ്ത്ര ചികിത്സയും തലച്ചോറിലേക്ക് നേരിയ അളവില്‍ വൈദ്യൂതി കടത്തിവിടുന്ന ഇലക്¤്രടാകണ്‍വല്‍സിവ് തെറപ്പിയും ചില രോഗികള്‍ക്ക് നല്‍കി വരാറുണ്ട്.
രോഗം പ്രത്യക്ഷപ്പെട്ടാല്‍ അത് ആഴ്ചകളോളം നീണ്ടുനിന്നേക്കാം.
അദൃശ്യമായ കാര്യങ്ങള്‍ കാണുക, ഇല്ലാത്ത ശബ്ദങ്ങള്‍ കേള്‍ക്കുക, ഇല്ലാത്ത വസ്തുക്കള്‍ മണക്കുന്നതായും രുചിക്കുന്നതായുമുള്ള തോന്നല്‍, യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത ചിന്തകള്‍, തൊട്ടതിനും പിടിച്ചതിനും സംശയം, താന്‍ ദൈവമാണ് എന്ന രീതിയിലുള്ള അസാധാരണമായ ചിന്തകള്‍, തന്നെ ആരോ ആക്രമിക്കാനോ അപായപ്പെടുത്താനോ ശ്രമിക്കുന്നെന്ന തോന്നല്‍, അവനവന്‍െറ ചിന്തയിലുള്ള കാര്യങ്ങള്‍ മറ്റുള്ളവര്‍ മനസ്സിലാക്കുന്നുവെന്നും അവര്‍ തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്നുമുള്ള തോന്നല്‍ എന്നിവയാണ് രോഗിയെ വലക്കുന്ന പ്രധാന ലക്ഷണങ്ങള്‍. ഭൂരിപക്ഷം രോഗികളിലും വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയാത്ത രീതിയിലുള്ള നിഷ്ക്രിയത്വവും പ്രകടമാവും. ചിലര്‍ ആരോടും സംസാരിക്കാതെ ഒരുകാര്യത്തിലും താല്‍പര്യം കാണിക്കാതെ ദീര്‍ഘനാള്‍ സമൂഹത്തില്‍നിന്ന് ഉള്‍വലിഞ്ഞ് ജീവിക്കും.
സ്കിസോഫ്രീനിയ അഥവ ചിത്തഭ്രമം ബാധിച്ചവരില്‍ 30 മുതല്‍ 40 ശതമാനം വരെ രോഗികള്‍ വിദഗ്ധ ചികിത്സയുടെ സഹായത്തോടെ രോഗവിമുക്തി നേടുമ്പോള്‍ 40 ശതമാനത്തോളം പേര്‍ മരുന്നുകളുടെയും കുടുംബാംഗങ്ങളുടെയും സമൂഹത്തിന്‍െറയും പിന്തുണയോടെ സ്വാഭാവിക ജീവിതം നയിക്കുന്നു. ചെറിയൊരു വിഭാഗം പേരില്‍ രോഗമുക്തി അസാധ്യവുമാണ്.
മുന്‍ കാലങ്ങളെ അപേക്ഷിച്ച് വിദഗ്ധ ചികിത്സയിലൂടെ ഭേദമാക്കാവുന്ന ഒരു രോഗമായി സ്കിസോഫ്രീനിയ ഇന്ന് മാറിയിട്ടുണ്ട്. മരുന്നുകളോടൊപ്പം ആവശ്യമായ സാമൂഹിക പിന്തുണയും കുടുംബാംഗങ്ങളുടെ സഹകരണവുമുണ്ടെങ്കില്‍ ഈ രോഗത്തെ ഒരു പരിധിവരെ പിടിച്ചുനിര്‍ത്താന്‍ കഴിയും.

മനോരോഗങ്ങള്‍ തുടക്കത്തില്‍ കണ്ടത്തെി ചികിത്സിക്കുക

നമ്മുടെ ശരീരം പോലെയോ അതിലധികമോ പ്രാധാന്യമേറിയതാണ് നമ്മുടെ മനസ്സും. ആര്‍ക്കും പിടികൊടുക്കാത്ത ഒരു മഹാസമസ്യയാണത്.എന്നാല്‍, മഹത്തായൊരു അനുഗ്രഹവും. അതിന്‍െറ ഓളപ്പരപ്പില്‍ ചെറിയൊരു വ്യതിയാനം മതി എല്ലാ താളവും തെറ്റാന്‍.നിഗൂഢമായ മനസ്സിന്‍െറ ഉള്ളറകളിലേക്ക് ഊളിയിട്ട് അതിന്‍െറ നിമ്നോന്നതികളില്‍ അടിഞ്ഞുകൂടുന്ന അഴുക്കുകളെ കണ്ടത്തെി നിര്‍മാര്‍ജനം ചെയ്ത് താളം വീണ്ടെടുത്തു നല്‍കുന്ന അതിസാഹസികമായ ദൗത്യമാണ് മനഃശാസ്ത്രചികിത്സകന് നിര്‍വഹിക്കാനുള്ളത്. ഇതിന് ഏറെ ക്ഷമയും ശേഷിയും കൂടിയേ തീരൂ.
ശരീരത്തിന് രോഗം വന്നാല്‍ താരതമ്യേന വേഗത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്നതിനാല്‍ ചികിത്സ എളുപ്പമാണ്. എന്നാല്‍, മനസ്സിനെ രോഗം ബാധിച്ചാല്‍ ഒട്ടുമിക്കവര്‍ക്കും അത് രോഗമാണെന്ന് മനസ്സിലാകില്ല. മനസ്സിലായാല്‍ തന്നെ ചികിത്സ തേടേണ്ടിവരുമ്പോള്‍ വീണ്ടും സന്ദേഹം. മറ്റാരെങ്കിലും അറിഞ്ഞെങ്കിലോ? മാനസിക രോഗിയെന്ന് ഒരിക്കല്‍ മുദ്രകുത്തപ്പെട്ടാല്‍ ജീവിതത്തില്‍ പിന്നെ ആ പേരുദോഷം മാറില്ളെങ്കിലോ? അസുഖം കൂടുതല്‍ സങ്കീര്‍ണവും അപകടകരവുമായ തലത്തിലത്തെി പിടിവിട്ട് നാലാള്‍ അറിയുന്ന നിലയിലത്തെിയാലേ പലരും ചികിത്സിക്കാന്‍ ഒരുമ്പെടൂ. ചികിത്സക്ക് ആരെ സമീപിക്കണം എന്നതാണ് പിന്നീടുള്ള പ്രശ്നം. ഈ ആധുനിക യുഗത്തിലും മാനസികമായ പ്രശ്നങ്ങള്‍ വരുമ്പോള്‍ കൂടുതല്‍പേരും ആദ്യം സമീപിക്കുക മന്ത്രവാദികള്‍, ആള്‍ദൈവങ്ങള്‍ അല്ളെങ്കില്‍ മതപുരോഹിതര്‍ തുടങ്ങിയ തട്ടിപ്പുകേന്ദ്രങ്ങളെയാണ്. മനോരോഗം പിശാചുബാധ മൂലമാണെന്നാണ് പലരുടെയും വിശ്വാസം.ചിലരാകട്ടെ ദൈവശാപമെന്ന് സങ്കടപ്പെട്ട് നെടുവീര്‍പ്പിടും.
മനഃശാസ്ത്ര ചികിത്സാരംഗം ഏറെ പുരോഗതി പ്രാപിച്ച ഇക്കാലത്ത് ഒട്ടുമിക്ക മാനസികരോഗ-പ്രശ്നങ്ങള്‍ക്കും ഫലപ്രദമായ ചികിത്സയുണ്ട്. വിവിധ രീതിയിലുള്ള ഒൗഷധരഹിത തെറപ്പികളിലൂടെയാണ് മനഃശാസ്ത്ര ചികിത്സകന്‍ രോഗം സുഖപ്പെടുത്തുന്നത് . ഉത്കണ്ഠ, വിഷാദം,ഒ.സി.ഡി അഥവാ വൊസ്വാസ്, പഠന വൈകല്യങ്ങള്‍, ഉറക്കമില്ലായ്മ, വിക്ക്, ദാമ്പത്യ-ലൈംഗിക-കുടുംബ അസ്വാരസ്യങ്ങള്‍ തുടങ്ങി ആളുകളിലുണ്ടാവുന്ന വ്യക്തിത്വ സംബന്ധിയായ അസ്വാഭാവികതകള്‍, കുട്ടികള്‍, യുവാക്കള്‍, മുതിര്‍ന്നവര്‍ എന്നിവരിലുണ്ടാവുന്ന പ്രത്യേക മാനസിക പ്രശ്നങ്ങള്‍ എന്നിവയാണ് ഇന്ന് കണ്ടുവരുന്ന പ്രധാന മാനസിക രോഗങ്ങള്‍.

ഉത്കണ്ഠ/ടെന്ഷന്


ടെന്‍ഷനില്ലാത്തവര്‍ ആരുമില്ല. ഓരോരുത്തര്‍ക്കും അവരവരുടെ നിലക്കനുസരിച്ച് ഏറ്റക്കുറച്ചിലുണ്ടാകുമെന്ന് മാത്രം. അതുപോലെ ഭയം, മറ്റുള്ളവരെ അഭിമുഖീകരിക്കാനുള്ള പേടി, മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയാതിരിക്കുക, കൈകാലുകള്‍ വിയര്‍ത്ത് തളര്‍ന്നുപോകുന്നതായി അനുഭവപ്പെടുക, തൊണ്ടവരളുക, വിറയല്‍, അമിതദാഹം, തൊണ്ടയില്‍ തടസ്സം, കക്കൂസില്‍ പോകാന്‍ തോന്നുക എന്നിവയെല്ലാം ടെന്‍ഷന്‍ മൂലമുണ്ടാകുന്ന ഉത്കണ്ഠയുടെ ലക്ഷണങ്ങളാണ്. ഇത്തരം അനുഭവങ്ങള്‍ ചെറിയതോതിലെങ്കിലും ആര്‍ക്കെങ്കിലും ഉണ്ടാവുകയാണെങ്കില്‍ ഉടന്‍ ക്ളിനിക്കല്‍ സൈക്കോളജിസ്റ്റി (മനഃശാസ്ത്ര ചികിത്സകന്‍)നെ സമീപിച്ചാല്‍ കൂടുതല്‍ സങ്കീര്‍ണാവസ്ഥയില്‍ എത്തുന്നതിന് മുമ്പുതന്നെ ബിഹേവിയര്‍ തെറപ്പി, കൗണ്‍സലിങ് എന്നിവയിലൂടെ ഈ രോഗാവസ്ഥ സുഖപ്പെടുത്താം. ഈരീതിയില്‍ പൂര്‍ണമായും സുഖപ്പെടുത്താവുന്ന മാനസിക പ്രശ്നങ്ങളാണ് ഉത്കണ്ഠയും ടെന്‍ഷനും.
ടെന്‍ഷന്‍ ദീര്‍ഘകാലം നിലനിന്നാല്‍ തലവേദന, തലക്കുഭാരം, ദേഹമാസകലമോ കൈകാലുകളിലോ വേദന, തരിപ്പ്, ചുട്ടുനീറല്‍, ബോധക്ഷയം,കൊടിഞ്ഞി (മൈഗ്രെയ്ന്‍) എന്നിവയായി മാറാം. ഇത്തരം പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ മൂലകാരണം ശാരീരികമല്ളെന്ന് ഉറപ്പുവരുത്തിയാല്‍ മനഃശാസ്ത്ര ചികിത്സകനെ സമീപിക്കുകയാണ് ചെയ്യേണ്ടത്. രോഗകാരണം ഹിപ്നോസിസ്,സൈക്കോതെറപ്പി രീതികളിലൂടെ കൃത്യമായി കണ്ടത്തെി ചികിത്സിച്ച് സുഖപ്പെടുത്താന്‍ കഴിയും.

വിഷാദം


മാനസികരോഗങ്ങളില്‍ വലിയ അപകടകാരിയാണ് വിഷാദം. സമയത്ത് വേണ്ട ചികിത്സ നല്‍കിയാല്‍ ഈ രോഗം ഭേദപ്പെടുത്താവുന്നതേയുള്ളൂ. ഉന്മേഷക്കുറവ്, ജോലിചെയ്യാന്‍ മടി, ജീവിതനൈരാശ്യം, സ്വയം മോശമാണെന്ന തോന്നല്‍, കുടുംബത്തിലും കൂട്ടുകാര്‍ക്കിടയിലും ഒറ്റപ്പെടല്‍, പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ളെന്ന തോന്നല്‍, സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള ബുദ്ധിമുട്ടുകള്‍ കാരണം മറ്റുള്ളവരുമായുള്ള ബന്ധങ്ങള്‍ ക്രമേണ നശിക്കുന്ന ദുരവസ്ഥ എന്നീ മാനസിക ബുദ്ധിമുട്ടുകള്‍ ആര്‍ക്കെങ്കിലും അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് വിഷാദത്തിന്‍െറ തുടക്കമാണെന്ന് മനസ്സിലാക്കണം.
ഭാവിയെക്കുറിച്ചുള്ള വേവലാതിയാണ് ഉത്കണ്ഠയിലേക്ക് നയിക്കുന്നതെങ്കില്‍ പഴയകാലത്തെക്കുറിച്ചുള്ള ചിന്തകളാണ് ഒരാളെ വിഷാദത്തിലേക്ക് നയിക്കുന്നത്. പുലര്‍കാലവേളയില്‍ മാനസികമായി താന്‍ ഒറ്റപ്പെട്ടുവെന്ന തോന്നല്‍, സന്തോഷമില്ലായ്മ, പുറംലോകത്തുനിന്നും ഉള്‍വലിയാനുള്ള പ്രവണത, തീരുമാനമെടുക്കാനുള്ള കഴിവില്ലായ്മ, ലൈംഗിക താല്‍പര്യക്കുറവ് എന്നീ അവസ്ഥകളെല്ലാം വിഷാദം ബാധിച്ചതിന്‍െറ ലക്ഷണങ്ങളാണ്. വിഷാദത്തിന്‍െറ തീക്ഷ്ണതക്കനുസരിച്ച് നോര്‍മല്‍ ഡിപ്രഷന്‍,മൈല്‍ഡ് ഡിപ്രഷന്‍,മോഡറേറ്റ് ഡിപ്രഷന്‍,സിവ്യര്‍ ഡിപ്രഷന്‍ എന്നിങ്ങനെ തരംതിരിക്കാം.നോര്‍മല്‍ ഡിപ്രഷനും മൈല്‍ഡ് ഡിപ്രഷനും കോഗ്നിറ്റീവ് തെറപ്പിയിലൂടെ ഒരു മനഃശാസ്ത്ര ചികിത്സകന് സുഖപ്പെടുത്താന്‍ സാധിക്കും.

വിഷാദവും വിദ്യാര്ഥികളും


വിദ്യാര്‍ഥികളില്‍ വിഷാദം പഠനത്തിലുള്ള താല്‍പര്യക്കുറവായാണ് തുടക്കത്തില്‍ കാണിക്കുക. പഠനം ഒരു ഭാരമായി തോന്നുക, അമിതമായി പ്രതീക്ഷ പുലര്‍ത്തുന്ന മാതാപിതാക്കളോട് കുട്ടിക്ക് തന്‍െറ കുറവുകള്‍ വെളിപ്പെടുത്താനുള്ള പേടി, അശ്രദ്ധമായ വസ്ത്രധാരണം, ഭക്ഷണത്തിലും കളികളിലും താല്‍പര്യക്കുറവ് ഇതെല്ലാം കുട്ടികളിലെ വിഷാദരോഗത്തിന്‍െറ ലക്ഷണങ്ങള്‍ ആവാം. കൂട്ടുകാരെയും വീട്ടുകാരെയും ഉള്‍പ്പെടുത്തിയുള്ള ഫാമിലി തെറപ്പികളാണ് ഈ അവസ്ഥ സങ്കീര്‍ണമാകാതിരിക്കാനും ഇല്ലായ്മ ചെയ്യാനും സഹായകമാകുക.
വിഷാദം പ്രായമായവരില്‍
വിഷാദരോഗം മുതിര്‍ന്നവരില്‍ ശരീര വേദന, കടച്ചില്‍, കോച്ചല്‍, തലവിങ്ങല്‍, നെഞ്ചില്‍ കനത്തഭാരം വെച്ചതുപോലെ തോന്നല്‍, ശരീരം ചുട്ടുനീറുക, വയറുവേദന, കാലത്ത് 2-3 മണിയോടെ ഉണര്‍ന്ന് പിന്നെ ഉറങ്ങാതിരിക്കുക എന്നിങ്ങനെയാണ് പ്രത്യക്ഷപ്പെടാറ്. ഈ ഘട്ടങ്ങളില്‍ രോഗിയെ ഒരു മനഃശാസ്ത്ര ചികിത്സകന്‍െറ അടുത്തത്തെിച്ചാല്‍ സാധാരണ നില കൈവരിക്കാനാവും.
എന്നാല്‍, വിഷാദം അതിന്‍െറ പാരമ്യതയിലത്തെിയാല്‍ അമിതമായ ആത്മഹത്യാ പ്രവണത രോഗി പ്രകടിപ്പിക്കും. ഡിപ്രസീവ് സ്റ്റൂപ്പര്‍ എന്നാണ് ഈ ഘട്ടം അറിയപ്പെടുന്നത്. ശാരീരിക, മാനസിക ചലനങ്ങള്‍ പോലും സാധ്യമാകാത്ത ഈ ഘട്ടത്തില്‍ മനഃശാസ്ത്ര ചികിത്സകന് പിടിയിലൊതുങ്ങാതെ വരാം. സൈക്യാട്രിസ്റ്റിന്‍െറ സഹായത്തോടെ മരുന്ന്, ഷോക്ക് ചികിത്സകള്‍ ചെയ്യുന്നതിലൂടെയേ രോഗിയെ രക്ഷപ്പെടുത്താന്‍ കഴിയൂ.

ഒബ്സസീവ് കമ്പല്സിവ് ഡിസ്ഓര്ഡര്അഥവാ വൊസ്വാസ്

അമിതവൃത്തിബോധം കൊണ്ടും അനിഷ്ടകരമായ ഒരേചിന്ത നിര്‍ത്താന്‍ കഴിയാതെ വീണ്ടും വീണ്ടും തികട്ടിവരുന്നതും വ്യക്തിയിലുണ്ടാക്കുന്ന പ്രയാസം പറയേണ്ടതില്ലല്ളോ.ഒ.സി.ഡി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഒബ്സസീവ് കമ്പല്‍സിവ് ഡിസ്ഓര്‍ഡര്‍ ഉള്ള ഇത്തരം ആളുകള്‍ അവസ്ഥ മറികടക്കാന്‍ പലമാര്‍ഗങ്ങള്‍ തേടുമെങ്കിലും സാധിക്കില്ല.മനഃശാസ്ത്ര ചികിത്സയിലൂടെ ഇതില്‍നിന്ന് മോചനം നേടാം.സൈക്യാര്‍ട്ടി സൈക്കോളജി സമന്വയ ചികിത്സ വേണ്ടിവന്നേക്കാം.

മനോവിഭ്രാന്തി


ചിലര്‍ ചെറുപ്പം തൊട്ടേ വളരെ സെന്‍സിറ്റിവ് ആയിരിക്കും. ചെറിയ പ്രശ്നം മതി അവരുടെ മനസ്സാകെ മാറ്റിമറിക്കാന്‍. ചെറിയ സമ്മര്‍ദങ്ങള്‍പോലും താങ്ങാന്‍ കഴിയില്ല. പ്രശ്നങ്ങള്‍ മറ്റുള്ളവരോട് പങ്കുവെച്ചാല്‍ ആശ്വാസം ലഭിക്കുമെങ്കിലും അവരുടെ മനസ്സ് അതിന് സമ്മതിക്കില്ല. പ്രശ്നങ്ങള്‍ അബോധമനസ്സില്‍ കിടന്ന് പെരുകി ബാധകൂടിയതുപോലെ വേറൊരു വ്യക്തിയായി താദാത്മ്യം പ്രാപിച്ച് സംസാരം ആ വ്യക്തിയെ പോലെയിരിക്കുക എന്നതാണ് ഇത്തരം മാനസിക രോഗങ്ങളുടെ പാരമ്യത. ഇങ്ങനെയുള്ള മനോവിഭ്രാന്തി ഹിപ്നോട്ടിക് ചികിത്സയിലൂടെ ഫലപ്രദമായി സുഖപ്പെടുത്താം.


ഉറക്ക സംബന്ധമായ മാനസിക പ്രശ്നങ്ങള്‍


ഉറക്കം മനുഷ്യന്‍െറ വലിയൊരു അനുഗ്രഹമാണ്. വിദ്യാര്‍ഥികളില്‍ പലരും അമിത ഉറക്കം കാരണം പഠിക്കാനേ കഴിയുന്നില്ല എന്നു പരാതിപറയാറുണ്ട്.എന്നാല്‍, ഒട്ടും ഉറങ്ങാന്‍ കഴിയാതെ ഒരു നിമിഷനേരത്തേക്കെങ്കിലും ഒന്നുറങ്ങിയിരുന്നെങ്കിലെന്ന് ആശിക്കുന്ന എത്രയോപേരെ നമുക്കിടയില്‍ കാണാം. വേറെ ചിലര്‍ക്കാകട്ടെ ഉറക്കത്തില്‍ സംസാരിക്കുക, പേടിസ്വപ്നം കാണുക, ഉറക്കത്തില്‍ നടക്കുക തുടങ്ങിയ പ്രയാസങ്ങള്‍. ഇതെല്ലാം പലതരം ടെന്‍ഷന്‍ മൂലമുണ്ടാകുന്ന മാനസിക പ്രശ്നങ്ങളാണ്. ഉറക്കഗുളികയുടെ സഹായമില്ലാതെ തന്നെ ബിഹേവിയര്‍ തെറപ്പി, സ്ലീപ് തെറപ്പി, ഹിപ്നോസിസ് തുടങ്ങിയ മനഃശാസ്ത്ര ചികിത്സാ വിധികളിലൂടെ സ്ഥായിയായിതന്നെ ഈ ബുദ്ധിമുട്ടുകളില്‍നിന്ന് മുക്തരാവാം.

ദാമ്പത്യ-ലൈംഗിക പ്രശ്നങ്ങള്


വിവാഹ ജീവിതത്തില്‍ തൃപ്തികരമായ ലൈംഗിക ബന്ധത്തിന് വളരെ പ്രാധാന്യമുണ്ട്. എന്നാല്‍, പല ദമ്പതികളും വ്യത്യസ്ത കാരണങ്ങളാല്‍ അങ്ങനെയൊരു സൗഭാഗ്യം ലഭിക്കാന്‍ കഴിയാത്തവരാണ്. നവദമ്പതികള്‍ വിവാഹം കഴിഞ്ഞ് ഒരാഴ്ചക്കുള്ളിലെങ്കിലും പൂര്‍ണാര്‍ഥത്തിലുള്ള ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടേ മതിയാകൂ. അതിന് സാധിക്കുന്നില്ളെങ്കില്‍ ഒരു മടിയും കരുതാതെ തങ്ങള്‍ക്ക് ഏറ്റവും അടുപ്പമുള്ള ഡോക്ടറോട് വിവരങ്ങള്‍ ധരിപ്പിക്കണം. അദ്ദേഹത്തിന്‍െറ പരിധിക്ക് പുറത്തുള്ള കാര്യമാണെങ്കില്‍ ഗൈനക്കോളജിസ്റ്റിനെയോ യൂറോളജിസ്റ്റിനെയോ കാണേണ്ടിവരും. ശാരീരിക കാരണങ്ങള്‍ കൊണ്ടല്ളെന്ന് ഉറപ്പുവരുത്തിയാല്‍ പിന്നീട് തീര്‍ച്ചയായും സമീപിക്കേണ്ടത് ക്ളിനിക്കല്‍ സൈക്കോളജിസ്റ്റിനെയാണ്. ദാമ്പത്യ പ്രശ്നങ്ങളില്‍ 90 ശതമാനവും മനസ്സുമായി ബന്ധപ്പെട്ടതായിരിക്കും. സ്ത്രീക്ക് സ്ത്രീയോടും പുരുഷന് പുരുഷനോടും ലൈംഗിക താല്‍പര്യം തോന്നുക അഥവാ സ്വവര്‍ഗരതി, കുട്ടികളോട് കൂടുതല്‍ ലൈംഗിക താല്‍പര്യമുണ്ടാവുക, ഉദ്ധാരണക്കുറവ്, ലൈംഗിക വികാരമില്ലായ്മ, രതിയോട് അറപ്പ്, ശീഘ്രസ്ഖലനം എന്നിവയെല്ലാം വിവാഹജീവിതത്തില്‍ വളരെ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. രോഗികളുടെ പൂര്‍ണ സഹകരണമുണ്ടെങ്കില്‍ സെക്സ് തെറപ്പിയിലൂടെ ഇവ പരിഹരിക്കാവുന്നതേയുള്ളൂ .
കുട്ടികളിലും മുതിര്‍ന്നവരിലുമുണ്ടാകുന്ന വിക്ക്, നഖംകടി, കുട്ടികള്‍ക്കിടയിലെ ഉറക്കത്തില്‍ മൂത്രമൊഴിക്കല്‍ സ്വഭാവം എല്ലാം അധികവും മാനസിക പ്രശ്നങ്ങളാണ്. കുടുംബത്തിലെ ജീവിതസാഹചര്യങ്ങള്‍ മൂലമുണ്ടാകുന്ന പലതരം ടെന്‍ഷനുകളാണ് അതിന് മുഖ്യകാരണം. കുടുംബാന്തരീക്ഷം ശരിയാക്കുന്നതുള്‍പ്പെടെ പ്രത്യേകം ബിഹേവിയര്‍ തെറപ്പികളിലൂടെ പരിഹാരം കാണാം.
കൗണ്‍സലിങ് മനഃശാസ്ത്ര ചികിത്സയില്‍ മുഖ്യമായ ഇനമാണ്. സൈക്കോ തെറപ്പി, ബിഹേവിയര്‍ തെറപ്പി, കോഗ്നേറ്റീവ് സൈക്കോ തെറപ്പി, ഹിപ്നോസിസ്, അവേര്‍ഷന്‍ തെറപ്പി, പലതരം ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുള്ള ചികിത്സകള്‍, ഫാമിലി തെറപ്പി, മാരിറ്റല്‍ തെറപ്പി എന്നീ ഒൗഷധരഹിത ചികിത്സാ രീതികളാണ് ഒരു മനഃശാസ്ത്ര ചികിത്സകന്‍ മുഖ്യമായും പ്രയോഗിക്കുന്നത്.
വിളയേത് കളയേത് എന്ന് തിരിച്ചറിയാന്‍ കഴിയാത്തവിധം വ്യാജന്മാര്‍ വാഴുന്ന അരങ്ങാണ് മനഃശാസ്ത്ര ചികിത്സാ രംഗം. ശരിയായ അറിവോ യോഗ്യതയോ ഇല്ലാതെ കൗണ്‍സലിങ്,ഹിപ്നോട്ടിസം എന്ന പേരുകളില്‍ തട്ടിപ്പുകേന്ദ്രങ്ങള്‍ ഇന്ന് എത്രയോ കാണാം. മാനസികപ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ അത് കൂടുതല്‍ പഴകാനനുവദിക്കാതെ ഉടനെതന്നെ ഒരു മനഃശാസ്ത്രചികിത്സകനെ സമീപിക്കുകയാണ് വേണ്ടത്. ഒട്ടുമിക്ക മനോരോഗങ്ങളും മനസ്സിന്‍െറ പ്രശ്നങ്ങള്‍മൂലമായതിനാല്‍ മരുന്നില്ലാതെതന്നെ സുഖപ്പെടുത്താവുന്നതേയുള്ളൂ.

ടെന്‍ഷന്‍

ഒരു ശരാശരി മലയാളി ഇന്ന് നേരിടുന്ന പ്രശ്നങ്ങളില്‍ പ്രധനപ്പെട്ടതാണ് ടെന്‍ഷന്‍ അഥവാ മാനസിക സംഘര്‍ഷം. കേരളത്തെ ഒരു ‘ടെന്‍ഷന്‍ ഫാക്ടറി’ എന്നാണ് പ്രമുഖ മനോരോഗവിദഗ്ധനും കോളമിസ്റ്റുമായ ഡോ. സി.ജെ. ജോണ്‍ ഈയിടെ വിശേഷിപ്പിച്ചത്. ദൈനംദിന ജീവിതത്തിനിടയില്‍ ടെന്‍ഷനെക്കുറിച്ച് പരാതിപ്പെടാത്തവരുണ്ടാവില്ല. എല്‍.കെ.ജി ക്ളാസിലെ കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമേറിയവര്‍ വരെ ടെന്‍ഷന്‍െറ പിടിയിലാണ്. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വകഭേദമില്ലാതെ ടെന്‍ഷനടിച്ചു കഴിയുന്നവരാണ് അധികപേരും. 
എന്താണ് ടെന്‍ഷന്‍...? മാനസിക സംഘര്‍ഷം അഥവാ മനസ്സിന്‍െറ പിരിമുറുക്കമാണിത്. ഒരു വ്യക്തി നേരിടുന്ന ഏതെങ്കിലും പ്രശ്നത്തെക്കുറിച്ച് മനസ്സ് നിരന്തരം സംഘര്‍ഷഭരിതമാകുമ്പോള്‍, അത് ദൈനംദിന ജീവിതത്തെ ബാധിക്കാന്‍ തുടങ്ങുമ്പോള്‍ ആ വ്യക്തി ടെന്‍ഷന് വിധേയമായി എന്ന് കരുതാം.
ജീവിതത്തിന് വേഗമേറുകയും എല്ലാ രംഗത്തും മത്സരം ഉടലെടുക്കുകയും സമൂഹം പൊതുവെ സ്വാര്‍ഥതയിലേക്ക് വഴിമാറുകയും ചെയ്തതോടെയാണ് വ്യക്തികള്‍ ടെന്‍ഷന് അടിമപ്പെടാന്‍ തുടങ്ങിയതെന്നാണ് സാമൂഹിക ശാസ്ത്രജ്ഞരും മന$ശാസ്ത്ര വിദഗ്ധരും കരുതുന്നത്. സഹവര്‍ത്തിത്വത്തിന് പകരം ഓരോരുത്തരും സ്വന്തംകാര്യം നോക്കാന്‍ തുടങ്ങിയതോടെ ജീവിതത്തില്‍ പിന്തള്ളപ്പെടുമോ എന്ന ഭയം ഭൂരിപക്ഷത്തിനെയും ബാധിച്ചു തുടങ്ങി. മറ്റുള്ളവരുമായി താരതമ്യം ചെയ്ത് തനിക്കങ്ങനെയാകാന്‍ കഴിഞ്ഞില്ലല്ലോ എന്ന സങ്കടം താമസിയാതെ ടെന്‍ഷന് വഴിമാറുന്നു. തന്‍െറ കഴിവിനെക്കാള്‍ കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതരാവുമ്പോള്‍, തനിക്ക് അര്‍ഹതയുള്ളതിനേക്കാള്‍ കൂടുതല്‍ ലഭിക്കണമെന്ന് ആഗ്രഹം ഉള്ളില്‍ വളരുമ്പോള്‍ ഒരു വ്യക്തി ടെന്‍ഷന്‍െറ പാതയിലേക്ക് പതുക്കെ നടന്നടുക്കുകയാണ്.
എല്ലാ ദാരിദ്ര്യങ്ങള്‍ക്കുമിടയിലും വൈകാരികമായ ഒരു സുരക്ഷിതത്വം പണ്ടുള്ളവര്‍ അനുഭവിച്ചിരുന്നു. ഒരു വ്യക്തിക്ക് എന്തെങ്കിലും പ്രശ്നങ്ങള്‍ വന്നാല്‍ കുടുംബമോ സമൂഹമോ ഇടപെട്ടായിരുന്നു അതിനെ നേരിട്ടിരുന്നത്. എന്നാല്‍, ഇന്ന് കഥയാകെ മാറി. മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയാത്തവണ്ണം ഓരോരുത്തരും സ്വന്തം പ്രശ്നങ്ങളില്‍ പെട്ട് ഉഴറുകയാണ്.
കുടുംബത്തിനകത്തും തൊഴിലിടങ്ങളിലും പൊതുരംഗത്തും പ്രശ്നങ്ങള്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. പരസ്പരം സ്നേഹിക്കുകയും പിന്തുണക്കുകയും ചെയ്യുന്നതിന് പകരം മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന പ്രവണതയാണ് എല്ലായിടത്തും. വലിയൊരളവ് ദാമ്പത്യങ്ങളും പ്രശ്നകലുഷിതങ്ങളാണ്. അതുകൊണ്ടുതന്നെ മനസ്സിന്‍െറ സംഘര്‍ഷങ്ങള്‍ പൂര്‍ണമായി ഒഴിവാക്കുക എന്നത് പ്രായോഗികമല്ല. മറിച്ച് ദൈനംദിന ജീവിതത്തിലെ പ്രശ്നങ്ങളെ നേരിടാനും വെല്ലുവിളികളെ അതിജീവിക്കാനും വ്യക്തികള്‍ സജ്ജരാവുകയാണ് വേണ്ടത്.
ടെന്‍ഷനെ അതിജീവിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം ടെന്‍ഷന്‍െറ കാരണം കണ്ടെത്തി അതിനെ വിശകലനം ചെയ്യുക എന്നതാണ്. കാരണം കണ്ടെത്തുന്നതോടെ പ്രശ്നപരിഹാരത്തിന് പലപ്പോഴും വഴിതെളിയാനുള്ള സാധ്യത വര്‍ധിക്കും. ഇതുതന്നെ ടെന്‍ഷന്‍ കുറയാന്‍ കാരണമായിത്തീരും. എന്തെങ്കിലും രീതിയില്‍ പ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞാല്‍ ടെന്‍ഷന്‍ അതോടെ അവസാനിക്കുകയും ചെയ്യും. പരിഹരിക്കാന്‍ കഴിയില്ലെന്ന് തോന്നുന്ന പ്രശ്നങ്ങള്‍ വിശ്വസ്തരായ സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ പങ്കുവെച്ചാലും മനസ്സിന്‍െറ ഭാരം കുറയും. ജീവിതത്തില്‍ ഒറ്റക്കല്ലെന്ന തോന്നലുണ്ടാവുന്നതാണ് ഇവിടെ തുണയാവുന്നത്.
മനസ്സിന്‍െറ ഭാരംകുറക്കാന്‍ നൂറ്റാണ്ടുകളായി മനുഷ്യന്‍ പിന്തുടരുന്ന മാര്‍ഗമാണ് ഭക്തിയുടെ വഴി. വാര്‍ധക്യത്തില്‍ പലരും ഭക്തിയുടെ വഴി തേടുന്നത് ഒറ്റപ്പെടലും ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കുന്ന ടെന്‍ഷനുകളെ അതിജീവിക്കാനാണ്. തന്‍െറ പ്രശ്നങ്ങള്‍ ഈശ്വരനില്‍ അര്‍പ്പിക്കുക വഴി വലിയൊരു ആശ്വാസമാണ് ഇതിലൂടെ ലഭിക്കുക.
മനസ്സ് സംഘര്‍ഷങ്ങളില്‍ ഉഴറുമ്പോള്‍ സന്തോഷം നല്‍കിയ പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുക്കുന്നത് ആശ്വാസം നല്‍കുമെന്ന് മന$ശാസ്ത്രജ്ഞര്‍ പറയുന്നു. ജീവിതത്തിലെ നേട്ടങ്ങളും വിജയങ്ങളും ആഹ്ളാദം നല്‍കുന്ന സംഭവങ്ങളും ഓര്‍ക്കുമ്പോള്‍ മനസ്സിന്‍െറ സമ്മര്‍ദം കുറയുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
ശ്രുതിമധുരമായ ഗാനങ്ങള്‍ കേള്‍ക്കുന്നതും പ്രശ്നങ്ങളെല്ലാം തല്‍ക്കാലത്തേക്ക് മാറ്റിവെച്ച് ഇഷ്ടപ്പെട്ടവരോടൊപ്പം ഉല്ലാസയാത്ര നടത്തുന്നതും ടെന്‍ഷന്‍െറ അളവ് കുറക്കും.
മനസ്സിന് പ്രയാസമുണ്ടാകുമ്പോള്‍ അറിയാതെ നെടുവീര്‍പ്പിട്ടുപോകുന്നത് സ്വാഭാവികമാണ്. യഥാര്‍ഥത്തില്‍ ഇത് അറിയാതെ സംഭവിക്കുന്ന കാര്യമല്ല. ടെന്‍ഷനെ നേരിടാനായി ശരീരം സൃഷ്ടിക്കുന്ന രക്ഷാമാര്‍ഗമാണിത്. നെടുവീര്‍പ്പിലൂടെ കൂടുതല്‍ ശ്വാസം ഉള്ളിലേക്കെടുക്കുമ്പോള്‍ അധികതോതില്‍ ഓക്സിജന്‍ ശ്വാസകോശത്തിലെത്തുകയും അത് ശരീരകോശങ്ങളിലെത്തി മനസ്സിന് ചെറിയതോതില്‍ ആശ്വാസം നല്‍കുകയും ചെയ്യും.
യോഗയിലൂടെയും പ്രാണായാമം പോലുള്ള ശ്വസന വ്യായാമത്തിലൂടെയും മനസ്സിന് വിശ്രാന്തി ലഭിക്കുമെന്ന് പറയുന്നതിന് പിറകിലെ ശാസ്ത്രം ഇതാണ്. ചിലതരം വ്യായാമ മുറകളും മനസ്സിനെ ശാന്തമാക്കാനുപകരിക്കും.
പൂച്ചെടികള്‍ നട്ടുവളര്‍ത്തുക, വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കുക, അലങ്കാര മത്സ്യങ്ങളെ വളര്‍ത്തുക തുടങ്ങി അവരവര്‍ക്കിഷ്ടമുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതും ടെന്‍ഷന്‍ കുറക്കാന്‍ സഹായിക്കും.
ജീവിതത്തില്‍ സത്യസന്ധതയും ധാര്‍മികതയും വെച്ചു പുലര്‍ത്തുന്നവര്‍ക്കും മനസ്സില്‍ രഹസ്യങ്ങളില്ലാത്തവര്‍ക്കും ടെന്‍ഷനെ പേടിക്കേണ്ടെന്നാണ് മതഗ്രന്ഥങ്ങള്‍ പറയുന്നത്.
അതേസമയം, ടെന്‍ഷന്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കുകയും അത് നിത്യജീവിതത്തെ ബാധിക്കാന്‍ തുടങ്ങുകയും ചെയ്താല്‍ ഉടന്‍ ഒരു സൈക്കോളജിസ്റ്റിന്‍െറയോ സൈക്യാട്രിസ്റ്റിന്‍െറയോ സഹായം തേടേണ്ടതാണ്.

മാനസിക പ്രശ്നങ്ങളും കൗണ്‍സലിങ്ങും

 

ഒട്ടേറെ മാനസിക സമ്മര്‍ദങ്ങള്‍ വ്യക്തിജീവിതങ്ങളെ കലുഷമാക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ ശാരീരിക രോഗങ്ങളേക്കാള്‍ മാനസിക രോഗങ്ങളും മാനസിക പ്രശ്നങ്ങള്‍ മൂലമുണ്ടാവുന്ന ശാരീരിക രോഗങ്ങളുമാണ് ഇന്ന് കൂടുതലായി കണ്ടുവരുന്നത്. ഇത്തരം പ്രശ്നങ്ങളുടെ പരിഹാരത്തിനും വ്യക്തിബന്ധങ്ങളിലും കുടുംബബന്ധങ്ങളിലുമുണ്ടാവുന്ന തകര്‍ച്ചയില്‍നിന്ന് കരകയറാനും ഇന്ന് പലരും കൗണ്‍സലിംഗിനെ ആശ്രയിക്കുന്നുണ്ട്. കൂടാതെ, അപകര്‍ഷബോധം, പരാജയഭീതി, ആത്മവിശ്വാസക്കുറവ്, കുറ്റബോധം തുടങ്ങി നിരവധി മാനസികാവസ്ഥകളില്‍നിന്ന് മോചനം നേടാനും മനോരോഗ ചികിത്സകര്‍ അടക്കമുള്ള ഡോക്ടര്‍മാര്‍ ഇന്ന് മരുന്ന് ഉപയോഗിച്ചുള്ള ചികിത്സക്കൊപ്പം കൗണ്‍സലിങ്ങ് കൂടുതലായി നിര്‍ദേശിച്ചു തുടങ്ങിയിട്ടുണ്ട്. കുടുംബത്തിനുള്ളിലും തൊഴിലിടങ്ങളിലുമുണ്ടാകുന്ന പ്രശ്നങ്ങളെ അതിജീവിക്കാനാവാതെ വലയുന്നവരും ലഹരി ഉപയോഗങ്ങള്‍ക്ക് അടിമപ്പെട്ടവരും ഇന്ന് കൗണ്‍സലിങ്ങിന്‍െറ വഴി തേടുന്നുണ്ട്.

അതേസമയം, കൗണ്‍സലിങ്ങിനെക്കുറിച്ച് വിദ്യാസമ്പന്നര്‍ക്കിടയില്‍ പോലും ശരിയായ ധാരണയില്ല എന്നതാണ് വാസ്തവം. ഒരു മധ്യസ്ഥന്‍െറയോ ഉപദേശകന്‍െറയോ റോളാണ് കൗണ്‍സലര്‍ക്കെന്നാണ് ഭൂരിപക്ഷം പേരും കരുതുന്നത്. അതുകൊണ്ടുതന്നെ എന്‍െറ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരു മൂന്നാമന്‍െറ ആവശ്യമില്ല എന്ന് കരുതി കൗണ്‍സലിങ്ങിന് പോകാത്തവരും ധാരാളമാണ്. നമ്മുടെ കുടുംബപ്രശ്നങ്ങള്‍ എന്തിനാണ് മറ്റുള്ളവര്‍ക്ക് മുന്നില്‍ കെട്ടഴിക്കുന്നത് എന്ന് സന്ദേഹിക്കുന്നവരും ചുരുക്കമല്ല.

ആരോടെങ്കിലും ഇതൊന്നു പറയാന്‍ കഴിഞ്ഞെങ്കില്‍, എന്നെ സഹായിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ എന്നൊക്കെ ഒരിക്കലെങ്കിലും തോന്നാത്തവരുണ്ടോ? ഇത്തരം സന്ദര്‍ഭങ്ങളിലെ സഹായം അഥവാ ‘ആശ്വാസമാണ്’ കൗണ്‍സലിങ്.

കൗണ്‍സലിങ് നല്‍കുന്നയാളെ കൗണ്‍സലര്‍ എന്നും സ്വീകരിക്കുന്നയാളെ ‘ക്ളയന്‍റ്’ അഥവാ ‘കൗണ്‍സലി’ എന്നുമാണ് പറയുന്നത്. അതായത്, കൗണ്‍സലിങ് സ്വീകരിക്കുന്നയാള്‍ ഒരു രോഗിയല്ല എന്നര്‍ഥം.

ഒരു പ്രശ്നം അഥവാ ബുദ്ധിമുട്ട് ചിന്താശേഷിയെ പുറകോട്ട് വലിക്കുന്നു. വഴിമുട്ടി നില്‍ക്കുന്നു എന്ന തോന്നല്‍. ഇനി മുന്നോട്ടു പോകാന്‍ കഴിയില്ല എന്ന വിശ്വാസം. പ്രതീക്ഷകളസ്തമിച്ച് തളരുന്ന നിമിഷം. ഈ സമയത്ത് ആ വ്യക്തിയെ മനസ്സിലാക്കി കൂടെ നില്‍ക്കലാണ് കൗണ്‍സലിങ്ങില്‍ സംഭവിക്കുന്നത്. ഒട്ടേറെ വഴികള്‍ മുന്നിലുണ്ടെന്ന് ബോധ്യപ്പെടാനും സ്വന്തമായൊരു വഴി തെരഞ്ഞെടുക്കാനും കൗണ്‍സലിങ് സഹായിക്കും.

ഒരു പ്രശ്നസന്ദര്‍ഭത്തില്‍ സ്വന്തം ശക്തിയും ദൗര്‍ബല്യവും തിരിച്ചറിഞ്ഞ് യാഥാര്‍ഥ്യബോധത്തോടെ പ്രശ്നപരിഹാരത്തിന് പ്രാപ്തമാക്കുന്ന പ്രക്രിയ അഥവാ സഹായമാണ് കൗണ്‍സലിങ്. അതുകൊണ്ടുതന്നെ, പ്രശ്നം അനുഭവിക്കുന്ന വ്യക്തിക്ക് സ്വന്തം കഴിവുകളും, മനോഭാവങ്ങളും താല്‍പര്യങ്ങളും അംഗീകരിക്കാന്‍ കഴിയണം.

കൗണ്‍സലിങ് എന്നത് തുടര്‍ച്ചയും വളര്‍ച്ചയുമുള്ള പ്രക്രിയയാണ്; ഏറെ ശ്രമകരവും. അതുകൊണ്ടുതന്നെ കൗണ്‍സലിങ് നല്‍കുന്നയാള്‍ അതായത്, കൗണ്‍സലര്‍ പ്രത്യേക പരിശീലനം ലഭിച്ച വ്യക്തിയായിരിക്കണം.

സ്വന്തം പ്രശ്നത്തെ അംഗീകരിക്കുകയും സഹായം ആവശ്യമുണ്ടെന്ന് തിരിച്ചറിയുകയും ചെയ്യുന്ന വ്യക്തിക്കു മാത്രമേ കൗണ്‍സലിങ് പ്രയോജനപ്പെടുകയുള്ളൂ. കാരണം, സ്വീകരിക്കേണ്ടത് അയാളാണ്. അതുപോലെത്തന്നെ പ്രധാനമാണ് കൗണ്‍സലറുടെ അംഗീകാരവും തിരിച്ചറിവും. തന്‍െറ ക്ളയന്‍റിനെ ഉപാധികളില്ലാതെ സ്വീകരിക്കാനും വ്യക്തിത്വത്തെ അംഗീകരിച്ച് കൂടെ നില്‍ക്കാനും കൗണ്‍സലര്‍ തയാറാവണം. തന്‍െറ അടുത്തുവരുന്നത് കുറ്റവാളിയോ സമൂഹം വെറുക്കുന്ന രോഗികളോ ആവട്ടെ അവരെ വ്യക്തിപരമായി അംഗീകരിക്കാന്‍ കൗണ്‍സലര്‍ക്ക് കഴിയണം.

പ്രശ്നസന്ദര്‍ഭങ്ങളിലെ കൂടെ നില്‍ക്കലും പ്രശ്നപരിഹാരത്തിന് സഹായിക്കലുമാണ് കൗണ്‍സലര്‍ ചെയ്യുന്നത്. അല്ലാതെ കൗണ്‍സലിങ് എന്നാല്‍ ഉപദേശം നല്‍കലല്ല. ഒരാള്‍ മറ്റൊരാളുടെ പ്രശ്നങ്ങള്‍ പരിഹരിക്കലുമല്ല.

കൗണ്‍സലിങ്ങിലൂടെ പ്രശ്നത്തിന്‍െറ ഗൗരവവും അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും യാഥാര്‍ഥ്യബോധത്തോടെ കാണാന്‍ കഴിവു ലഭിക്കുന്നു. സ്വന്തം കഴിവുകളും പരിമിതികളും ഉള്‍ക്കൊണ്ട് വസ്തുനിഷ്ഠമായി അവയെ സമീപിക്കാന്‍ വ്യക്തികള്‍ പ്രാപ്തരാകുകയും ചെയ്യുന്നു. ഇതാണ് കൗണ്‍സലിങ്ങിന്‍െറ കാതല്‍. ഇവിടെ ഒരാള്‍ മറ്റൊരാളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നില്ല. എന്നാല്‍, വിഷമങ്ങള്‍ മനസ്സിലാക്കി കൂടെനിന്ന് മറികടക്കാന്‍ സഹായിക്കുന്നു.

മറ്റൊരാള്‍ക്കുവേണ്ടി തീരുമാനമെടുക്കുന്ന ആളല്ല കൗണ്‍സലര്‍. എന്നാല്‍, സ്വന്തമായി തീരുമാനത്തിലെത്താന്‍ സഹായിക്കുന്നു. ഈ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ സഹായമായി, സാമീപ്യമായി ഒപ്പം നില്‍ക്കുന്നു.

തന്‍െറ മുന്നിലിരിക്കുന്ന വ്യക്തിയുടെ മാനസികാവസ്ഥ ഉള്‍ക്കൊള്ളാനും അതിനെ തെറ്റ്, ശരി എന്നൊന്നും ഒറ്റയടിക്കു വേര്‍തിരിക്കാതെ അവരോടൊപ്പം നില്‍ക്കാനുമുള്ള സന്നദ്ധത കൗണ്‍സലര്‍ക്ക് ഉണ്ടായിരിക്കണം. ക്ളയന്‍റ്-കൗണ്‍സലര്‍ ബന്ധം ശക്തമാക്കുന്നതിലെ നിര്‍ണായക ഘടകമാണിത്.

തന്‍െറ ചിന്തകളും മാനസികാവസ്ഥയും മനസ്സിലാക്കി തന്‍െറ കാഴ്ചപ്പാടിലൂടെ കാര്യങ്ങളെ കാണാന്‍ ഒരാള്‍ തയാറാവുന്നതുതന്നെ പ്രശ്നത്തില്‍ അകപ്പെട്ടിരിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കും. ‘നിങ്ങളുടെ പ്രശ്നങ്ങള്‍ എനിക്കു മനസ്സിലാവുന്നുണ്ട്. അത് നിങ്ങളെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട് അല്ലേ?’ എന്നീ രീതിയിലുള്ള കൗണ്‍സലറുടെ ഇടപെടലുകള്‍ ഗുണം ചെയ്യും.

തന്‍െറ അനുഭവങ്ങളുടെ പശ്ചാത്തലത്തിലോ മുന്‍വിധികളോടെയോ ഒരു പ്രശ്നത്തെയും സമീപിക്കരുത്. ഏതെങ്കിലും ഒരു പക്ഷത്തുനിന്നുകൊണ്ടല്ല, വസ്തുനിഷ്ഠമായി വേണം പ്രശ്നങ്ങളെ കാണാന്‍.

കൗണ്‍സലിങ്ങിന് വിദഗ്ധ പരിശീലനം ആവശ്യമാണ്. എങ്കിലേ ഫലപ്രദമായ സഹായം നല്‍കാന്‍ സാധിക്കൂ. അല്ലെങ്കില്‍ വെളുക്കാന്‍ തേക്കുന്നത് പാണ്ടാവുകയാകും ഫലം. ഇവിടെ ആര്‍ക്കും മറ്റൊരാളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാവില്ല. ഒരു പ്രശ്നം അനുഭവിക്കുന്നവര്‍ക്കു മാത്രമേ അതു പരിഹരിക്കാനും കഴിയൂ. എന്നാല്‍, ഒരാളുടെ വിഷമസ്ഥിതിയില്‍ അയാളെ മനസ്സിലാക്കി കൂടെ നില്‍ക്കല്‍ ഏറെ പ്രധാനമാണ്. തന്നെ പൂര്‍ണമായി മനസ്സിലാക്കുന്നവര്‍ കൂടെയുണ്ട് എന്നത് വിഷമിക്കുന്നവര്‍ക്ക് പറഞ്ഞറിയിക്കാനാവാത്ത ആശ്വാസമാണ് നല്‍കുക

കൗമാരക്കാരിലെ മാനസിക പ്രശ്നങ്ങള്‍

 

ഉത്കണ്ഠാ രോഗങ്ങള്‍ കൗമാരപ്രായക്കാരിലാണ് അധികമായി കണ്ടുവരുന്നത്. ഏകദേശം 15 ശതമാനം പേര്‍ക്കും ഇത്തരം രോഗങ്ങളുണ്ടെന്ന് കണക്കുകള്‍ പറയുന്നു. ഫലപ്രദമായി ചികിത്സിച്ചില്ലെങ്കില്‍ ജീവിതത്തിന്‍െറ പല മേഖലകളെയും ദോഷകരമായി ബാധിച്ചേക്കാം.

സോഷ്യല്ഫോബിയ

പൊതുചടങ്ങുകളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനും അപരിചിതരുമായി ഇടപെടാതിരിക്കാനും പരമാവധി ശ്രദ്ധിക്കുന്ന 10 ശതമാനം പേര്‍ കൗമാരക്കാര്‍ക്കിടയിലുണ്ട്. കഠിനമായ ഉത്കണ്ഠ കാരണമാണിത്. എതിര്‍ ലിംഗത്തിലുള്ളവരുമായി സംസാരിക്കാനും പൊതുചടങ്ങുകളില്‍ പ്രസംഗിക്കാനും ഇക്കൂട്ടര്‍ക്ക് ബുദ്ധിമുട്ടാണ്. ഇവരാണ് സോഷ്യല്‍ ഫോബിയക്കാര്‍. മറ്റുള്ളവര്‍ തന്നെ മാത്രം വീക്ഷിക്കുന്നുവെന്ന തോന്നലാണിതിന് കാരണം. അമിതമായ നെഞ്ചിടിപ്പ്, വിറയല്‍, നാക്കും ചുണ്ടുകളും വരണ്ടുണങ്ങുക, അമിത വിയര്‍പ്പ് തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.
വീട്ടില്‍ത്തന്നെ ചടഞ്ഞുകൂടാനായിരിക്കും ഇവര്‍ക്ക് താല്‍പര്യം. ഇത്തരം കുട്ടികളില്‍ അപകര്‍ഷബോധം കൂടുതലായിരിക്കും. ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും ഏറക്കുറെ തുല്യമായ തോതില്‍ ഇതു കണ്ടുവരുന്നുണ്ട്.

സ്പെസിഫിക് ഫോബിയ

പ്രത്യേക സംഗതിയുമായി ബന്ധപ്പെട്ട് കഠിനമായ ഉത്കണ്ഠ തോന്നുന്ന അവസ്ഥയാണ് സ്പെസിഫക് ഫോബിയ. ഉദാഹരണത്തിന്, ചില കുട്ടികള്‍ക്ക് പരീക്ഷ അടുക്കുമ്പോള്‍ കഠിനമായ ഉത്കണ്ഠ ഉണ്ടാകാറുണ്ട്. പഠിച്ചിരുന്ന കാര്യങ്ങള്‍ മറക്കുന്നതിനാല്‍ മാര്‍ക്ക് കുറയുക, പരീക്ഷ എഴുതാതിരിക്കുക, ശ്രദ്ധക്കുറവ് തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാം. ചിലര്‍ക്ക് ഇഴജന്തുക്കളെ കാണുക, മൃഗങ്ങളുമായി ഇടപെടുക, ഇരുട്ട്, അടച്ചിട്ട മുറി, ഉയരത്തില്‍ നില്‍ക്കുക, ഇടിയും മിന്നലും തുടങ്ങിയ ഏതെങ്കിലും സാഹചര്യത്തിലായിരിക്കും ഉത്കണ്ഠ തീവ്രമാകുന്നത്.

പാനിക് അറ്റാക്

ഒരു വ്യക്തിക്ക് ചുറ്റുപാടുകളില്‍നിന്നുള്ള സമ്മര്‍ദങ്ങളോ ശാരീരികപ്രശ്നങ്ങളോ ഒന്നുംതന്നെ ഇല്ലാതെ പെട്ടെന്ന് ഉണ്ടാകുന്ന അമിതമായ ഉത്കണ്ഠയും പരിഭ്രമവുമാണ് പാനിക് അറ്റാക്. ഈ അവസ്ഥ ഏതാനും മിനിറ്റുകളോ മണിക്കൂറുകളോ മാത്രമേ നീണ്ടുനില്‍ക്കൂ. പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ ഉണ്ടാകുന്ന കഠിനമായ അവസ്ഥയാണ് പാനിക് അറ്റാക്. ഏതുസമയത്തും ഇത് അനുഭവപ്പെടാം. ഈ അവസ്ഥയുടെ മൂര്‍ധന്യത്തില്‍ രോഗിക്ക് ചുറ്റുപാടുകളെക്കുറിച്ചുള്ള ഓര്‍മ നഷ്ടപ്പെടുക, ഉടന്‍ മരിക്കുമെന്ന തോന്നല്‍, ഭ്രാന്തുപിടിക്കുമെന്ന അവസ്ഥ, നിയന്ത്രണം നഷ്ടപ്പെടുമെന്ന തോന്നല്‍, ശരീരം വിയര്‍ക്കല്‍, കൈ കാല്‍ വിറക്കുക, വായ വരളുക, ശ്വാസംമുട്ടല്‍, നെഞ്ച് മുറുകുക, തലകറക്കം എന്നിവ അനുഭവപ്പെടാം. ചിലരില്‍ ഈ അവസ്ഥ ഒരു ദിവസംതന്നെ പലപ്രാവശ്യം ആവര്‍ത്തിക്കാറുണ്ട്. മറ്റു ചിലരില്‍ ഇത് ആഴ്ചകളോ മാസങ്ങളോ കഴിഞ്ഞേ ആവര്‍ത്തിക്കാറുള്ളൂ.

പാനിക് അറ്റാക്കിന്െറ ലക്ഷണങ്ങള്

കാരണമില്ലാതെ ശക്തമായ ഹൃദയമിടിപ്പ്, വിയര്‍പ്പ്, വിറയല്‍, ശ്വാസ തടസ്സം നേരിടുന്നുവെന്ന തോന്നല്‍, നെഞ്ചുവേദനയോ നെഞ്ചിലെ അസ്വസ്ഥതയോ, മനംപിരട്ടല്‍, തലചുറ്റുന്നതുപോലെ തോന്നല്‍, ചുറ്റുപാടുകളെക്കുറിച്ചുള്ള ബോധം നഷ്ടമാകല്‍, നിയന്ത്രണം നഷ്ടപ്പെട്ട് ഭ്രാന്ത് പിടിക്കുകയാണെന്ന തോന്നല്‍, ഉടന്‍ മരിച്ചുപോകുമോയെന്ന പേടി, കൈകാലുകളിലും മറ്റു ശരീര ഭാഗങ്ങളിലും മരവിപ്പും ചൂടു വ്യാപിക്കലും.

എങ്ങനെ കണ്ടുപിടിക്കാം?


വിശദമായ ശാരീരിക പരിശോധനയാണ് പ്രാഥമിക നടപടി. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവരില്‍ പാനിക് അറ്റാക് കൂടുതല്‍ കണ്ടുവരുന്നു. ആസ്ത്മക്കുള്ള മരുന്നുകള്‍പോലെ ചില ശാരീരിക രോഗങ്ങള്‍ക്കുള്ള മരുന്നുകളും പാനിക് അറ്റാക് ഉണ്ടാക്കാറുണ്ട്. ഏകദേശം 25വയസ്സിനോടടുത്താണ് മിക്കവരിലും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്.

കാരണങ്ങള്‍

അസുഖത്തിനുള്ള ശരിയായ കാരണം ഗവേഷകര്‍ക്ക് ഇതുവരെയും പൂര്‍ണമായി മനസ്സിലാക്കാനായിട്ടില്ല. തലച്ചോറിലെ വികാരങ്ങളെ നിയന്ത്രിക്കുന്ന ലിംബിക് വ്യൂഹത്തിലെ നാഡികള്‍ പരസ്പര ആശയവിനിമയത്തിന് ഉപയോഗിക്കുന്ന രാസപദാര്‍ഥങ്ങളുടെ അസന്തുലിതാവസ്ഥ മൂലം രക്തത്തിലും തലച്ചോറിലും അഡ്രിനാലിന്‍െറ അളവ് അമിതമാകുന്നതാകാം അസുഖകാരണമെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു. തലച്ചോറിലെ ബ്രെയിന്‍ സ്റ്റെം, ലിംബിക് വ്യൂഹം, പ്രീഫ്രോണ്ടല്‍ കോര്‍ട്ടക്സ് എന്നീ ഭാഗങ്ങളാണ് ഉത്കണ്ഠയെ നിയന്ത്രിക്കുന്നത്.
വിവാഹമോചനം, തൊഴില്‍നഷ്ടപ്പെടല്‍, ഉറ്റവരുടെ മരണം തുടങ്ങിയ വിഷമഘട്ടങ്ങളെ തുടര്‍ന്നായിരിക്കും പലരിലും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്. എന്നാല്‍, ചെറുപ്പകാലത്ത് മാനസികസംഘര്‍ഷങ്ങള്‍ അനുഭവിച്ചവര്‍ക്ക് പാനിക് ഡിസോര്‍ഡര്‍ വരാനുള്ള സാധ്യത കൂടുതലാണ്.

ചികിത്സ

പലകേസുകളിലും മനോരോഗ വിദഗ്ധന്‍െറ പരിശോധനക്കുശേഷം ഔധചികിത്സ വേണ്ടിവരും. രോഗം ഫലപ്രദമായി നിയന്ത്രിക്കാന്‍ ഇന്ന് നിരവധി ഔധങ്ങള്‍ ലഭ്യമാണ്. ആന്‍റിഡിപ്രസന്‍റ് മരുന്നുകളാണ് ഇതില്‍ പ്രധാനം. കോഗ്നിറ്റിവ് ബിഹേവിയര്‍ തെറപ്പിയോടൊപ്പം മരുന്നുകള്‍കൂടി ഉപയോഗിക്കുകയാണെങ്കില്‍ മിക്ക രോഗികള്‍ക്കും കാര്യമായ പുരോഗതി കാണാറുണ്ട്. രോഗം പൂര്‍ണമായും തടയാന്‍ ഫലപ്രദമായ മാര്‍ഗങ്ങളൊന്നുമില്ലെങ്കിലും കാപ്പിയിലടങ്ങിയ കഫീന്‍, മദ്യം, പുകവലി, കോള എന്നിവ കുറയുന്നതിലൂടെ രോഗത്തിന്‍െറ തീവ്രത കുറക്കാന്‍ സാധിക്കും.

അഗോറ ഫോബിയ

പാനിക് അറ്റാക്കിന്‍െറ മറ്റൊരു രൂപമാണ് അഗോറ ഫോബിയ. ഒറ്റപ്പെട്ട സ്ഥലങ്ങളിലോ തിക്കിലും തിരക്കിലോ അകപ്പെട്ടാല്‍ അവിടെനിന്ന് രക്ഷപ്പെടാന്‍ സാധിക്കുമോ, ചികിത്സ ലഭിക്കുമോ എന്ന നിരന്തരമായ ഭയം കാരണം വ്യക്തികളുടെ പെരുമാറ്റത്തിലുണ്ടാകുന്ന പ്രകടമായ മാറ്റങ്ങളാണ് അഗോറ ഫോബിയ. പാനിക് ഡിസോര്‍ഡര്‍ ദീര്‍ഘകാലം നീണ്ടുനിന്നാല്‍ പലരിലും ഈ അവസ്ഥകൂടി ഉണ്ടാകാം.

കരുതിയിരിക്കാം

മസ്തിഷ്കത്തിലെ ചില രാസപദാര്‍ഥങ്ങളുടെ അളവിലുണ്ടാകുന്ന വ്യത്യാസമാണ് ഉത്കണ്ഠാരോഗങ്ങള്‍ക്ക് കാരണം. ജനിതകകാരണങ്ങള്‍, ജീവിതസാഹചര്യങ്ങള്‍, ചെറുപ്പത്തിലുണ്ടാകുന്ന ദുരനുഭവങ്ങള്‍ തുടങ്ങിയ പലതും കാരണമായേക്കാം. ഔധങ്ങളും മന$ശാസ്ത്രചികിത്സയും സംയോജിപ്പിച്ച ചികിത്സയാണ് അത്യുത്തമം.
കുട്ടിയെപ്പറ്റി മാതാപിതാക്കള്‍ അമിതപ്രതീക്ഷ വെച്ചുപുലര്‍ത്തുന്നതും അവരുടെ നേട്ടങ്ങള്‍ക്ക് അതീവപ്രാധാന്യം കൊടുക്കുന്നതും ഉത്കണ്ഠാരോഗങ്ങള്‍ക്കുള്ള സാധ്യത കൂട്ടാറുണ്ട്.

അമിത കോപം, ആത്മനിന്ദ, ആത്മഹത്യ, സ്വയം പീഢനം

സന്തോഷം പോലെ സങ്കടം പോലെ അസൂയ പോലെ നമ്മുടെ മനസ്സിലെ ഒരു സാധാരണ വികാരം മാത്രമാണ് ദേഷ്യം അഥവാ കോപം. എന്നാല്‍ അനിയന്ത്രിതമാകുമ്പോള്‍ അത് ചില രോഗലക്ഷണങ്ങളായി മാറുന്നു. അമിതമായ കോപം വ്യക്തിബന്ധങ്ങളില്‍ കടുത്ത ആഘാതമാണ് സൃഷ്ടിക്കുക. കോപിക്കുന്ന വ്യക്തിയെയും അതിന് വിധേയനാവുന്ന വ്യക്തിയെയും അത് ഒരുപോലെ ബാധിക്കുന്നു. ഒരു പക്ഷെ കോപത്തിനിരയാവുന്ന വ്യക്തിയേക്കാള്‍ കോപിക്കുന്ന വ്യക്തിയെയാണ് അത് പ്രതികൂലമായി ബാധിക്കുക. കോപം മനസിനോടൊപ്പം ശരീരത്തെയും പലതരത്തില്‍ ബാധിക്കുന്നു.

എല്ലാ മനുഷ്യരിലും കണ്ടുവരുന്ന ഒരുവികാരമാണ് കോപം. പലപ്പോഴും അതൊരു രോഗത്തിന്‍െറയോ വ്യക്തിവൈകല്യത്തിന്‍െറയോ ഭാഗമായല്ല ഉണ്ടാവുന്നത്. എന്നാല്‍ അപൂര്‍വം ചിലരില്‍ ‘ബോര്‍ഡര്‍ലൈന്‍’ വ്യക്തിത്വവൈകല്യത്തിന്‍െറ ഭാഗമായി അമിതകോപം കണ്ടുവരാറുണ്ട്. പെട്ടെന്നുണ്ടാകുന്ന അമിതകോപത്തിന് പുറമെ മറ്റ് ചില ലക്ഷണങ്ങള്‍ കൂടി ഇക്കുട്ടരില്‍ പ്രകടമാകാറുണ്ട്.

സ്കിസോഫ്രീനിയ പോലുള്ള ഗൗരവമേറിയ മനോരോഗങ്ങള്‍ക്കും ഹിസ്റ്റീരിയ പേലുള്ള താരതമ്യേന ലഘുവായ അവസ്ഥകള്‍ക്കും ഇടയില്‍ സ്ഥിതിചെയ്യുന്ന ഒരുതരം പ്രത്യേക വൃക്തിത്വവൈകല്യമാണ് ‘ബോര്‍ഡര്‍ലൈന്‍ പേഴ്സണാലിറ്റി’യുള്ളവരില്‍ കണ്ടുവരുന്നത്.

പൊതുവെ മനോരോഗ വിദഗ്ദര്‍ വേണ്ടത്ര പരിഗണന കൊടുക്കാത്ത ഒരു മേഖലയാണിത്. അതുകൊണ്ടുതന്നെ ഈ രോഗത്തിന്‍െറ പിടിയിലകപ്പെടുന്നവര്‍ പലപ്പോഴും ചികില്‍സ കിട്ടാതെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും വിമര്‍ശനത്തിനും വെറുപ്പിനും അകല്‍ച്ചക്കും ഇരയായി ജീവിതം തള്ളിനീക്കുന്നു.

കേരളത്തില്‍ നടക്കുന്ന വിവാഹ മോചനക്കേസുകളില്‍ കുടുംബ ബന്ധങ്ങളിലുണ്ടാവുന്ന തകര്‍ച്ചയുടെ കാരണങ്ങളില്‍ അമിതകോപം ഒരു പ്രധാന ഘടകമാണെന്ന് വിവിധ കുടുംബകോടതികളിലെ കൗണ്‍സലര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. പല കേസുകളിലും ദമ്പതികളില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് അമിതകോപമുള്ളതായി മറ്റേയാള്‍ പരാതിപ്പെടാറുണ്ടെന്ന് ഇവര്‍ പറയുന്നു. പങ്കാളിയുടെ അമിതകോപം ജീവിതം ദുരന്തപൂര്‍ണമാക്കുന്നതായാണ് ചിലരുടെ പരാതി.

ചെറിയ കാര്യത്തിന് പോലും പൊട്ടിത്തെറിക്കുക, ദേഷ്യം വന്നാല്‍ കൈയില്‍ കിട്ടിയ വസ്തുക്കള്‍ എറിഞ്ഞുടക്കുക, പങ്കാളിയെ ദേഹോപദ്രവമേല്‍പ്പിക്കുക, ചുമരില്‍ തലയിടിച്ചും തലക്കടിച്ചും മറ്റും സ്വയം പീഡിപ്പിക്കുക തുടങ്ങിയ സ്വഭാവമുള്ള നിരവധി പേര്‍ വിവാഹ മോചനകേസുകളുടെ ഭാഗമായി കുടുംബകോടതികളില്‍ എത്തിച്ചേരാറുണ്ടെന്ന് കൗണ്‍സിലര്‍മാര്‍ പറയുന്നു.

ഇത്തരത്തില്‍ ദേഷ്യം പ്രകടിപ്പിക്കുന്നവരില്‍ ചിലരെങ്കിലും ബോര്‍ഡര്‍ലൈന്‍ പേഴ്സണാലിറ്റിയുള്ളവരാവാമെന്ന് പ്രമുഖ മനോരോഗവിദഗ്ദരും മനശാസ്ത്രജ്ഞരും പറയുന്നു.

താനുമായി ബന്ധപ്പെടുന്നവരെ അമിതമായി ഇഷ്ടപ്പെടുകയും ഉടന്‍തന്നെ കഠിനമായി വെറുക്കുകയും ചെയ്യുന്നത് ഇക്കുട്ടരുടെ ഒരു സ്വഭാവവിശേഷമാണ്. ഒന്നുകില്‍ വളരെ നല്ലവര്‍ അല്ളെങ്കില്‍ തന്‍െറ ശത്രു എന്നനിലയിലാണ് ഈ വ്യക്തിത്വത്തിന്‍െറ ഉടമകള്‍ ആളുകളെ കാണുന്നത്. ഒരു വ്യക്തി ജീവിതപങ്കാളിയെ ഇത്തരത്തില്‍ കാണാന്‍ തുടങ്ങുമ്പോള്‍, ഈ രീതിയില്‍ പെരുമാറാന്‍ തുടങ്ങുമ്പോള്‍ കുടുംബബന്ധങ്ങളുടെ തകര്‍ച്ച ആരംഭിക്കുകയായി.

കോപിക്കുന്ന വ്യക്തിപോലും ഇത്തരം കോപത്തെ അംഗീകരിക്കുന്നില്ളെന്നാണ് വാസ്തവം. കോപത്തിന് ശേഷം കടുത്ത പശ്ചാതാപം ഇവരെ വേട്ടയാടുന്നു. തന്‍െറ പെരുമാറ്റത്തെയും കോപത്തിനിരയായ വ്യക്തിയെയും ഓര്‍ത്ത് ഇക്കുട്ടര്‍ അസ്വസ്തരാവുന്നു. ഇനിയൊരിക്കലും കോപിക്കില്ളെന്ന് പലതവണ കരുതുമെങ്കിലും ഇവര്‍ തങ്ങളുടെ സ്വഭാവം ആവര്‍ത്തിച്ചുകൊണ്ടിരിക്കും. ഒരോ കോപത്തിന് ശേഷവും ഇവര്‍ പാശ്ചതാപിക്കുകയും സ്വയം ശപിക്കുകയും ചെയ്യും.

തന്‍െറ ഇഷ്ടത്തിനോ സങ്കല്‍പ്പത്തിനോ വിരുദ്ധമായി മറ്റുള്ളവര്‍ പെരുമാറുന്നത് ഇത്തരം വ്യക്തിത്വമുള്ളവരെ എളുപ്പത്തില്‍ പ്രകോപിപ്പിക്കുന്നു. മറ്റുള്ളവരുടെ വ്യക്തിത്വത്തെയോ വികാരങ്ങളെയോ ഇക്കൂട്ടര്‍ വലിയ തോതില്‍ അംഗീകരിക്കാറില്ല.

സത്യസന്ധതയും ആത്മാര്‍ഥതയും കൂടുതലുള്ളവരിലാണ് അമിതകോപവും കൂടുതലായി കണ്ടുവരുന്നതെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

കള്ളത്തരങ്ങളും മറ്റുള്ളവരുടെ അത്മാര്‍ഥതയില്ലായ്മയും ഇത്തരക്കാരെ അസ്വസ്തരും കോപിഷ്ടരുമാക്കുന്നു. നിരന്തരം അടക്കിവെക്കുന്ന കോപവും പലപ്പോഴും പൊട്ടിത്തെറിയില്‍ കലാശിക്കാറുണ്ട്.

മറ്റുവരുടെ നിസ്സാരമായ വീഴ്ചകള്‍പോലും ക്ഷമിക്കാന്‍ കഴിയാതെ രൂക്ഷമായി പ്രതികരിക്കുന്ന ഇവര്‍ സമൂഹത്തിനും കുടുംബത്തിനും മുന്നില്‍ താമസിയാതെ മുന്‍കോപക്കാരിയെന്നോ മുന്‍കോപക്കാരനെന്നോ മുദ്രകുത്തപ്പെടുന്നു. പിന്നീട് ശരിയായ കാര്യത്തിനുള്ള ഇത്തരക്കാരുടെ കോപം പോലും മുന്‍കോപമെന്ന ‘സ്വഭാവദൂഷ്യ’ത്തിന്‍െറ കണക്കില്‍പ്പെടുത്തി മറ്റുള്ളവര്‍ രക്ഷപ്പെടുന്നു.ഇത്തരം വ്യക്തികള്‍ ജീവിതത്തല്‍ പലപ്പോഴും കടുത്ത മനോവ്യഥ അനുഭവിക്കുന്നവരാണ്.

സ്ഥിരമായ ശൂന്യതാബോധമാണ് ഇത്തരം വ്യക്ത്വമുള്ളവരില്‍കണ്ടുവരുന്ന മറ്റൊരു പ്രശ്നം. തന്നെ ആര്‍ക്കും ഇഷ്ടമല്ല അല്ളെങ്കില്‍ താന്‍ ഒന്നിനും കൊള്ളാത്തവരാരെണന്നതരത്തിലുള്ള നെഗറ്റീവ് ചിന്ത ഇക്കൂട്ടരെ സദാ വേട്ടയാടിക്കൊണ്ടിരിക്കും. ഭാഗ്യം ഒട്ടുമില്ലാത്ത വ്യക്തിയാണ് താനെന്നും ഈശ്വരന്‍ തന്നെ കൈവിട്ടുവെന്നും ചിലര്‍ കരുതുന്നു.

ഇത്തരക്കാര്‍ക്ക് തന്‍െറ വ്യക്തിത്വത്തെക്കുറിച്ച് വ്യക്തമായ ബോധം ഉണ്ടായിരിക്കില്ല. മറ്റുള്ളവരോട് താന്‍ എപ്പോള്‍ എങ്ങിനെ പെരുമാറും എന്നകാര്യത്തില്‍ ഇവര്‍ക്ക് കൃത്യമായ ധാരണയുണ്ടായിരിക്കില്ല. വാക്കുകളും പ്രവര്‍ത്തികളും തന്‍െറ കൈപിടിയില്‍ ഒതുങ്ങാത്ത അവസ്ഥ. അതുകൊണ്ടുതന്നെ ദൈനംദിന ജീവിതത്തിലെ ഓരോനിമിഷവും ഇവര്‍ ആശങ്കയോടെ അഭിമുഖീകരിക്കുന്നു. നിരന്തരമായ ഇത്തരം അസ്വസ്തകളും ആശങ്കകളും ഉറക്കത്തെയും വിശ്രമത്തെയും ബാധിക്കുന്നതോടെ അതും കോപത്തിന് കാരണമാവുന്നു.

തന്‍െറ പെരുമാറ്റം കാരണം മറ്റുള്ളവര്‍ തന്നെ ഉപേക്ഷിച്ചുപോകുമോ തിരസ്കരിക്കുമോ വെറുക്കുമോ തുടങ്ങിയ ഭയം ഇത്തരക്കാരെ നിരന്തരം വേട്ടയാടികൊണ്ടിരിക്കും. കൂടെയുള്ളവര്‍ അകല്‍ച്ചകാണിക്കുമ്പോള്‍ സ്വയം മുറിവേല്‍പ്പിക്കുന്ന സ്വഭാവം ചിലരിലെങ്കിലും കണ്ടുവരുന്നുണ്ട്.

ദാമ്പത്യത്തിലും സൗഹൃദങ്ങളിലുമുണ്ടാകുന്ന തകര്‍ച്ച, മറ്റ് കുടുംബാംഗങ്ങളോടുള്ള പെരുമാറ്റത്തിലും ജോലിസ്ഥലത്തുമുണ്ടാകുന്ന തുടര്‍ച്ചയായ പ്രശ്നങ്ങള്‍ എന്നിവയാണ് ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വരോഗം അഥവാ ബോര്‍ഡര്‍ലൈന്‍ പേഴ്സണാലിറ്റി ഡിസോഡര്‍ എന്ന രോഗമുള്ളവരില്‍ കൂടുതലായി കണ്ടുവരുന്നത്.

പെട്ടെന്നുള്ള അമിതകോപവും തൊട്ടതിനും പിടിച്ചതിനുമുള്ള വഴക്കും വ്യക്തികളുടെ സ്വഭാവത്തിന്‍െറ വൈകല്യം മാത്രമായി എഴുതിതള്ളുന്നതിന് പകരം ബേര്‍ഡര്‍ലൈന്‍ വ്യക്തിത്വരോഗം പോലുള്ള അസുഖമുള്ളവരാണോ എന്ന് തിരിച്ചറിഞ്ഞ് വിദഗ്ദ ചികില്‍സ തേടുകയായിരിക്കും ഉത്തമം.

അതേസമയം ഈ രോഗം വ്യക്തിത്വത്തിന്‍െറ തന്നെ ഭാഗമായതിനാല്‍ അതിനെ തള്ളിപ്പറയുവാനോ രോഗമാണെന്ന് തിരിച്ചറിഞ്ഞ് ചികില്‍സിക്കാനോ രോഗമുള്ളവര്‍ പലപ്പോഴും തയാറാവാറില്ല.

വിവാഹപ്പിറ്റേന്ന് വിഷാദം വിരുന്നെത്തുമ്പോള്‍

'നവവധു ഭര്‍ത്തൃവീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍ അല്ലെങ്കില്‍ തൂങ്ങിമരിച്ച നിലയില്‍'. ഇത്തരം വാര്‍ത്തകള്‍ ഇന്ന് പത്രങ്ങളില്‍ പതിവായിരിക്കുന്നു.മണവാട്ടിയുടെ വേഷത്തിലുള്ള യുവതിയുടെ ഫോട്ടോയും വാര്‍ത്തയും കാണുമ്പോള്‍ കല്യാണം കഴിഞ്ഞ് ഒരാഴ്ചയാവും മുമ്പുതന്നെ സ്ത്രീധന പീഡനമോ എന്നെല്ലാവരും മൂക്കത്ത് വിരല്‍ വെക്കുന്നു. അല്ലെങ്കില്‍ പ്രണയനൈരാശ്യം എന്ന പതിവ് കുറ്റം ചാര്‍ത്തി വിധിയെഴുതുന്നു. എന്നാല്‍, യഥാര്‍ഥത്തില്‍ എന്താണ് സംഭവിക്കുന്നത്...?
ചില കേസുകളില്‍ സ്ത്രീധന പീഡനവും പ്രണയ നൈരാശ്യവുമൊക്കെ കടന്നുവരാറുണ്ടെങ്കിലും ഭൂരിപക്ഷം ആത്മഹത്യകള്‍ക്ക് പിറകിലും ചിന്താശേഷി നഷ്ടമായ ഒരു മനസ്സിന്റെ സാന്നിധ്യമാണെന്നാണ് മനോരോഗ വിദഗ്ധര്‍ കരുതുന്നത്. പലപ്പോഴും അത് 'അഡ്ജസ്റ്റ്മെന്റ് ഡിസ് ഓഡര്‍' എന്ന് ഡോക്ടര്‍മാര്‍ വിളിക്കുന്ന പരിതസ്ഥിതിയുമായി യോജിച്ചുപോകാനാവാത്ത മാനസികാവസ്ഥയും വിഷാദവും ചേര്‍ന്നുള്ള രോഗം കാരണമാവാം.ഇത്തരത്തില്‍ ആത്മഹത്യ ചെയ്യുന്നവരേക്കാള്‍ എത്രയോ കൂടുതല്‍ പേര്‍ ആത്മഹത്യാശ്രമങ്ങളുടെ പേരില്‍ ആശുപത്രികളിലും സൈക്യാട്രിസ്റ്റുകളുടെയടുത്തും എത്തുന്നുണ്ട്. ഇവരുടെ പ്രശ്നങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ ഭൂരിപക്ഷം കേസുകളിലും ഈ അഡ്ജസ്റ്റ്മെന്റ് ഡിസ് ഓഡറും വിഷാദരോഗവും വില്ലനായി കാണാറുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
വിവാഹത്തിന്റെ തൊട്ടടുത്ത നാള്‍ വധുവോ വരനോ ആത്മഹത്യയില്‍ അഭയം തേടുമ്പോള്‍ ഇഷ്ടമില്ലാത്ത വിവാഹത്തിന്റെ പരിണിതഫലം എന്നേ ആരും കരുതു. എന്നാല്‍, പ്രണയിച്ച് വിവാഹം കഴിച്ചവരിലും ഇഷ്ടത്തോടെ വിവാഹം കഴിച്ചവരിലും ഇത്തരം പ്രവണത കാണുമ്പോള്‍ അതിന്റെ യഥാര്‍ഥ കാരണമറിയാതെ എല്ലാവരും കുഴങ്ങുന്നു.പ്രത്യേക കാരണങ്ങള്‍ കൂടാതെത്തന്നെ ഒരാളില്‍ വിഷാദരോഗം തലപൊക്കാമെന്നുള്ളതും ഒരു വസ്തുതയാണ്.
വധുവാണ് ജീവനൊടുക്കിയതെങ്കില്‍ വരനും കുടുംബവും പ്രതിക്കൂട്ടിലാവുന്നു. മറിച്ച്, വരനാണ് മരിച്ചതെങ്കില്‍ ഹിന്ദു സമുദായത്തില്‍ പെണ്ണിന് 'ചൊവ്വാ ദോഷ'മുണ്ടോ എന്ന് സംശയിക്കുന്നു. മറ്റ് സമുദായങ്ങളും വിധവയായ പെണ്ണിനെ ആശങ്കയോടെ അല്ലെങ്കില്‍ ഭയത്തോടെ നോക്കുന്നു. എന്നാല്‍, ഇവിടെയെല്ലാം നമ്മുടെ സമൂഹം കഥയറിയാതെ ആട്ടം കാണുകയാണെന്നതാണ് വാസ്തവം.
വിഷാദരോഗം അഥവാ ഡിപ്രഷന്‍ ബാധിക്കുകയും കൃത്യമായ ചികിത്സയോ സഹായഹസ്തമോ ലഭിക്കാതെവരുകയും ചെയ്യുമ്പോഴാണ് ഒരു വ്യക്തി പലപ്പോഴും ആത്മഹത്യയില്‍ അഭയം തേടുന്നത്. ആത്മഹത്യ ചെയ്യാന്‍ മാത്രം എന്ത് പ്രശ്നമാണ് ഇത്തരം വ്യക്തികള്‍ക്കുള്ളതെന്ന് കുടുംബാംഗങ്ങളും അടുത്തറിയുന്നവരും അദ്ഭുതപ്പെടുമ്പോള്‍ ഈ വ്യക്തികള്‍ അനുഭവിച്ച യഥാര്‍ഥ പ്രശ്നം ആരും കാണാതെ പോകുന്നു. യഥാസമയത്ത് കൃത്യമായ വിദഗ്ധ ചികിത്സ ലഭിച്ചിരുന്നെങ്കില്‍ രക്ഷപ്പെടുമായിരുന്ന ഒരു ജീവനാണ് പൊലിഞ്ഞുപോയതെന്ന് ആരും ഓര്‍ക്കുന്നില്ല.
വിവാഹത്തെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ വധുവിന്റെ മുഖത്തുള്ള സങ്കടഭാവത്തെ മാതാപിതാക്കളെയും സഹോദരങ്ങളെയും പിരിഞ്ഞതിലുള്ള സങ്കടമായി തെറ്റിദ്ധരിക്കുന്നതാണ് ദുരന്തത്തിലേക്കുള്ള ആദ്യചുവടുവെപ്പ്. വിഷാദരോഗത്തിന്റെ ഈ തിരനോട്ടത്തെ 'രണ്ട് ദിവസം കഴിഞ്ഞാല്‍ ഇതൊക്കെ മാറിക്കൊള്ളും' എന്ന പതിവുരീതിയില്‍ എല്ലാവരും എഴുതിത്തള്ളുന്നു. വിഷാദം ബാധിച്ച വധുവിന്റെ മൌനത്തെയും നിഷ്ക്രിയാവസ്ഥയെയും അവളുടെ പ്രത്യേക സ്വഭാവമായോ പുതിയ വീടുമായി പൊരുത്തപ്പെടാനുള്ള വിമുഖതയായോ വിലയിരുത്തപ്പെടുന്നു.
കരച്ചിലിനെ വീട് വിട്ടുപോന്ന ദുഃഖമായി അവഗണിക്കുന്നു. എന്നാല്‍, ഈ സമയത്തൊക്കെ രോഗിയായ വ്യക്തി അത്യാവശ്യമായ ചികിത്സയോ സാന്ത്വനമോ ലഭിക്കാതെ വിഷാദത്തിന്റെ ആഴങ്ങളിലേക്ക് മുങ്ങിക്കൊണ്ടിരിക്കുകയായിരിക്കും.ഇനി വ്യക്തിയുടെ ഈ അവസ്ഥ തിരിച്ചറിഞ്ഞാലോ..? മനോരോഗിയായ ഒരാളെ ഞങ്ങളുടെ തലയില്‍ കെട്ടിവെച്ചുവെന്നും ഈ ബന്ധവുമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്നുമുള്ള രീതിയില്‍ കുടുംബാംഗങ്ങള്‍ തീരുമാനമെടുക്കുന്നു. ഫലമോ.. വിഷാദത്തിന്റെ പിടിയിലകപ്പെട്ട് നിസ്സഹായാവസ്ഥയിലായ രോഗി കൂടുതല്‍ വിഷാദത്തിലേക്ക് പതിക്കുന്നു. ഭര്‍ത്താവില്‍നിന്നും ഭര്‍തൃവീട്ടില്‍നിന്നും സഹായവും സമാശ്വസിപ്പിക്കലും ലഭിക്കുന്നതിന് പകരം രോഗം മറച്ചുവെച്ച് വിവാഹം കഴിപ്പിച്ചുവെന്ന കുറ്റപ്പെടുത്തലും ഒറ്റപ്പെടുത്തലും രോഗത്തിന്റെ കാഠിന്യാവസ്ഥയെ വര്‍ധിപ്പിക്കുന്നു. ഇതോടെ രോഗി മരണത്തിന്റെ വഴിയിലേക്ക് നീങ്ങുന്നു.
ഇത്തരം അവസ്ഥകള്‍ ഏത് കുടുംബത്തെയും ഏത് സമയത്തും ബാധിച്ചേക്കാവുന്നതായതിനാല്‍ വിഷാദരോഗത്തെക്കുറിച്ചുള്ള പ്രാഥമിക അറിവുകളെങ്കിലും എല്ലാവര്‍ക്കും ഉണ്ടായിരിക്കേണ്ടതാണ്.
എന്താണ് വിഷാദ രോഗം? എങ്ങനെ അത് തിരിച്ചറിയാം? രോഗം തിരിച്ചറിഞ്ഞാല്‍ പിന്നീട് എന്ത് ചെയ്യണം? എന്നീ കാര്യങ്ങളെക്കുറിച്ച് സാധാരണക്കാര്‍ക്ക് മാത്രമല്ല തികച്ചും വിദ്യാസമ്പന്നരായ വ്യക്തികള്‍ക്ക് പോലും ഒട്ടും അറിവില്ലെന്നതാണ് വാസ്തവം.
അമിതമായ ക്ഷീണം, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ, തലവേദന, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളുമായി ജനറല്‍ ഡോക്ടര്‍മാരെ സമീപിക്കുമ്പോള്‍ പോലും രോഗം മനസ്സിനാണെന്നും ആ നിലക്കുള്ള ചികിത്സയാണ് വേണ്ടതെന്നും തിരിച്ചറിയാന്‍ വൈകുന്നു.
ലോകത്തില്‍ നൂറില്‍ പതിനഞ്ചോളം പേര്‍ക്ക് വിഷാദരോഗം ചെറിയതോതിലെങ്കിലും ഉണ്ടാകുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഇത്തരത്തില്‍ വിഷാദരോഗം പിടിപെടുന്ന 15 ശതമാനം പേരും ആത്മഹത്യയില്‍ അഭയം തേടുന്നുവെന്നും ഈ കണക്ക് സൂചിപ്പിക്കുന്നു.
സങ്കടവും വിഷാദവും രണ്ട് വ്യത്യസ്ത കാരണങ്ങള്‍ മൂലമുണ്ടാകുന്ന മാനസികാവസ്ഥയാണ്. ഇവയെ ഒന്നാണെന്ന് തെറ്റിദ്ധരിക്കുന്നതോ വേര്‍തിരിച്ച് കാണാന്‍ കഴിയാതിരിക്കുന്നതോ ആണ് പലപ്പോഴും രോഗം അവഗണിക്കപ്പെടാനുള്ള പ്രധാന കാരണം.
നിത്യജീവിതത്തിലെ പല ഘട്ടങ്ങളിലും നമുക്ക് സങ്കടം വന്നേക്കാം. ഈ സങ്കടം വിഷാദത്തിന്റെ ഒരു ഭാഗം മാത്രമാണ്. സാധാരണ സങ്കടം അതുണ്ടാവാനുണ്ടായ കാരണം ഇല്ലാതാവുമ്പോള്‍ പതുക്കെ കുറയുന്നു. അല്ലെങ്കില്‍ ആ അവസ്ഥയുമായി പൊരുത്തപ്പെടുമ്പോള്‍ ഇല്ലാതാകുന്നു. എന്നാല്‍, വിഷാദരോഗം മൂലമുണ്ടാകുന്ന സങ്കടം കൂറെക്കൂടി തിവ്രമായതും സ്ഥിരമായി നില്‍ക്കുന്നതുമായിരിക്കും. നിസ്സാര കാരണങ്ങള്‍ക്കുപോലും അമിതമായി സങ്കടപ്പെടുകയോ അത് നീണ്ടുനില്‍ക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ അക്കാര്യം ശ്രദ്ധിക്കേണ്ടതാണ്.
ചിലരില്‍ പ്രത്യേക കാരണങ്ങളില്ലാതെത്തന്നെ ദുഃഖവും സങ്കടവും കണ്ടേക്കാം. അതിരാവിലെ ഉറക്കമുണരുക, പിന്നീട് ഉറക്കം വരാതിരിക്കുക, മനസ്സില്‍ നെഗറ്റീവ് ചിന്തകള്‍ മാത്രം സ്ഥാനം പിടിക്കുക, ജോലികള്‍ ചെയ്യാനും മറ്റുള്ളവരോട് ഇടപഴകാനും ബുദ്ധിമുട്ട് തോന്നുക, നേരത്തേ താല്‍പര്യമുണ്ടായിരുന്ന കാര്യങ്ങളില്‍ താല്‍പര്യം ഇല്ലാതാവുക, ഭക്ഷണത്തോടും ലൈംഗിക കാര്യങ്ങളിലും താല്‍പര്യം കുറയുക, സ്വയം കുറ്റപ്പെടുത്തുക, സ്വന്തം കഴിവുകളെ കാണാതിരിക്കുക, തന്നെ ആര്‍ക്കും സഹായിക്കാന്‍ കഴിയില്ലെന്നും താന്‍ ഈ ഭൂമിക്ക് ഒരു ഭാരമാണെന്നും തോന്നുക, ഇനി മരണം മാത്രമാണ് പ്രതിവിധി എന്ന് തീരുമാനിക്കുക തുടങ്ങിയ ലക്ഷണങ്ങളാണ് പൊതുവെ വിഷാദരോഗം ബാധിച്ചവരില്‍ കാണുന്നത്. അപൂര്‍വം ചിലരില്‍ ഉറക്കക്കൂടുതലും എപ്പോഴും ഉറക്കം തൂങ്ങുന്ന അവസ്ഥയും ഭക്ഷണത്തോട് ആര്‍ത്തിയും കണ്ടേക്കാം.
ഒരാളില്‍ ഇത്തരം അവസ്ഥ സ്വയം തിരിച്ചറിയുകയോ മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടുകയോ ചെയ്താല്‍ ഉടന്‍ ചികിത്സ തേടേണ്ടതാണ്്.
വിവാഹത്തോടനുബന്ധിച്ചുള്ള വിഷാദരോഗം യഥാര്‍ഥത്തില്‍ ആ വ്യക്തിയുടെ ഉള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന രോഗാവസ്ഥ പുത്തേക്ക് പ്രത്യക്ഷപ്പെടുന്നതാണ്. അല്ലെങ്കില്‍ ഒരു വ്യക്തിയില്‍ ചെറിയതോതില്‍ തിരിച്ചറിയപ്പെടാതെ പോകുന്ന രോഗാവസ്ഥ ഗുരുതരാവസ്ഥയിലെത്തുന്നതാണ്.
ഒരു വ്യക്തിയുടെ മനസ്സിനകത്തെ സംഘര്‍ഷങ്ങളും ആശങ്കകളും പരിധി കടക്കുമ്പോഴാണ് ഇത്തരം രോഗങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. വിവാഹം ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട സംഭവമാണ്. ഭാവിജീവിതത്തെക്കുറിച്ചുള്ള ആശങ്കകളും പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവില്ലായ്മയും ഭയവും ചേര്‍ന്ന് പൊതുവെ മാനസികാരോഗ്യം കുറഞ്ഞ വ്യക്തിയെ കീഴ്പ്പെടുത്തുമ്പോഴാണ് വിഷാദരോഗം പോലുള്ള മാനസികപ്രശ്നങ്ങള്‍ തലപൊക്കുന്നത്.
മേല്‍പറഞ്ഞ ലക്ഷണങ്ങള്‍ ഒരു വ്യക്തിയില്‍ കണ്ടാല്‍, പ്രത്യേകിച്ച് വിവാഹത്തിന് തൊട്ടുപിറകെ അനുഭവപ്പെട്ടാല്‍ ഉടന്‍ വിദഗ്ധചികിത്സ തേടേണ്ടതാണ്. പാരമ്പര്യമായി വിഷാദരോഗം പോലുള്ള മാനസികപ്രശ്നങ്ങളുള്ള വ്യക്തികള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കണം.
ദീര്‍ഘകാലത്തെ ക്ഷമയോടെയുള്ള ചികിത്സകൊണ്ടും കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സ്നേഹപൂര്‍ണമായ പിന്തുണയുമുണ്ടെങ്കില്‍ നിശേãഷം മാറ്റിയെടുക്കാവുന്ന രോഗമാണിത്.

വിഷാദരോഗം പ്രതിസന്ധി സൃഷ്ടിക്കുമ്പോള്‍

ലോകത്താകമാനമുള്ള ജനങ്ങളുടെ മാനസികാരോഗ്യത്തിന് ഭീഷണി സൃഷ്ടിക്കുന്ന പ്രശ്നങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നതാണ് ഡിപ്രഷന്‍ അഥവാ വിഷാദരോഗം. ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തില്‍ 17 രാഷ്ട്രങ്ങളിലായി നടത്തിയ സര്‍വേയില്‍ ഇരുപതില്‍ ഒന്ന് എന്ന തോതില്‍ ആളുകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള വിഷാദരോഗം ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ലോകത്ത് 35 കോടി ജനങ്ങള്‍ക്ക് വിഷാദരോഗമുള്ളതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ മാനവരാശിക്ക് ഭീഷണിയായിട്ടുള്ള രോഗങ്ങളില്‍ മൂന്നാംസ്ഥാനമാണ് ഈ രോഗത്തിനുള്ളത്. 2030ഓടെ ഇത് ഒന്നാംസ്ഥാനത്തെത്തുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കുന്നു. ഈ സാഹചര്യത്തിലാണ് വിഷാദരോഗത്തെക്കുറിച്ച് സമൂഹത്തിന് ബോധവത്കരണം നല്‍കേണ്ട ആവശ്യകത ഉയര്‍ന്നുവരുന്നത്.
എന്താണ് വിഷാദരോഗം? അത് എങ്ങനെ തിരിച്ചറിയാം? തിരിച്ചറിഞ്ഞാല്‍ പിന്നീട് എന്തു ചെയ്യണം? എന്നീ കാര്യങ്ങളെക്കുറിച്ച് സാധാരണക്കാര്‍ക്കുമാത്രമല്ല വിദ്യാസമ്പന്നര്‍ക്കുപോലും ഒട്ടും അറിവില്ലെന്നതാണ് സത്യം. നിരവധിപേരെ ആത്മഹത്യയിലേക്ക് നയിക്കുന്നതും എന്നാല്‍ വേണ്ടത്ര പരിഗണന കിട്ടാതിരിക്കുന്നതുമായ ഒരു പ്രധാന ആരോഗ്യപ്രശ്നമാണിത്. ഈ രോഗത്തെ ഗൗരവമുള്ള പൊതുജനാരോഗ്യപ്രശ്നമായി ഇനിയും കാണാതിരിക്കുന്നത് ആശങ്കയുണര്‍ത്തുന്ന കാര്യമാണ്. ജനങ്ങളുടെ മാനസികാരോഗ്യം പരിപാലിക്കപ്പെടേണ്ടത് അതിപ്രധാനമായ ഒരു കാര്യമാണെന്നുള്ള ബോധം സമൂഹത്തിനും സര്‍ക്കാറുകള്‍ക്കും ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു.

സങ്കടവും വിഷാദവും

സങ്കടവും വിഷാദവും രണ്ട് വ്യത്യസ്ത കാരണങ്ങള്‍മൂലമുണ്ടാകുന്ന മാനസികാവസ്ഥയാണ്. ഇവ ഒന്നാണെന്ന് തെറ്റിദ്ധരിക്കുന്നതോ വേര്‍തിരിച്ച് കാണാന്‍ കഴിയാതിരിക്കുന്നതോ ആണ് പലപ്പോഴും രോഗം അവഗണിക്കപ്പെടാനുള്ള കാരണം.
ഒരു വ്യക്തിയുടെ ജീവിതകാലത്തിനിടയില്‍ നിരവധി ഘട്ടങ്ങളില്‍ സങ്കടകരമായ അവസ്ഥകള്‍ വന്നേക്കാം. ഇങ്ങനെയുണ്ടാവുന്ന സങ്കടവും ദു$ഖകരമായ അവസ്ഥയുമെല്ലാം അതിന്‍െറ കാരണങ്ങളും സാഹചര്യങ്ങളും ഇല്ലാതാവുമ്പോള്‍ കുറഞ്ഞുവരുകയും പതുക്കെ ഇല്ലാതാവുകയും ചെയ്യുന്നു. അല്ലെങ്കില്‍, ദു$ഖകരമായ അവസ്ഥയുമായി വ്യക്തി പൊരുത്തപ്പെടുകയോ സധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുകയോ ചെയ്യുന്നു. എന്നാല്‍, വിഷാദരോഗത്തിന്‍െറ ഭാഗമായുണ്ടാകുന്ന സങ്കടം താരതമ്യേന തീവ്രമായതും വിട്ടുമാറാത്തതുമായിരിക്കും. നിസ്സാര കാരണങ്ങളെചൊല്ലി അമിതമായി സങ്കടപ്പെടുകയും ആ അവസ്ഥ നീണ്ടുനില്‍ക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അക്കാര്യം ഗൗരവമായെടുത്ത് ചികിത്സതേടേണ്ടതാണ്.
ചില വ്യക്തികളില്‍ പ്രത്യകിച്ച് കാരണങ്ങളൊന്നുമില്ലാതെ വിഷാദാവസ്ഥ കണ്ടേക്കാം. ഉറക്കം വരാതിരിക്കുക, ഉറങ്ങിയാല്‍തന്നെ കുറച്ചു മണിക്കൂറുകള്‍ക്കകം ഉണരുക, പിന്നീട് ഉറക്കം വരാതിരിക്കുക, മനസ്സില്‍ നിഷേധ ചിന്തകള്‍ മാത്രം ഉയരുക, ദൈനംദിന ജോലികളില്‍ മുഴുകാനും വ്യക്തികളോട് ഇടപഴകാനും പ്രയാസം അനുഭവപ്പെടുക, ഇഷ്ടത്തോടെ ചെയ്തിരുന്ന കാര്യങ്ങളില്‍ താല്‍പര്യം കുറയുക, ആഹാരത്തോടും ലൈംഗിക കാര്യങ്ങളിലും വിരക്തി തോന്നുക, സ്വയം നിന്ദിക്കുക, അവനവന്‍െറ കഴിവുകളെ കാണാതിരിക്കുക, താന്‍ മറ്റുള്ളവര്‍ക്ക് ഒരു ഭാരമാണെന്നും ഇനി മരണംമാത്രമാണ് മാര്‍ഗം എന്നും തോന്നുക തുടങ്ങി നിരവധി ലക്ഷണങ്ങള്‍ ഈ രോഗം ബാധിച്ചവരില്‍ കണ്ടുവരുന്നു. അപൂര്‍വം വ്യക്തികളില്‍ ഉറക്കമില്ലായ്മക്കു പകരം കൂടുതല്‍ ഉറങ്ങാനുള്ള പ്രവണതയും ഭക്ഷണം കഴിക്കാന്‍ ആര്‍ത്തിയും കണ്ടുവരുന്നുണ്ട്. ഇത്തരം ലക്ഷണങ്ങളും അവസ്ഥയും സ്വയം തിരിച്ചറിയുകയോ കുടുംബാംഗങ്ങളുടെയോ സുഹൃത്തുക്കളുടെയോ ശ്രദ്ധയില്‍പ്പെടുകയോ ചെയ്താല്‍ ഒട്ടും താമസിയാതെ ഒരു മാനസികരോഗ വിദഗ്ധനെ സമീപിക്കേണ്ടതാണ്.
നിരന്തരവും അമിതവുമായ ക്ഷീണവും ഉറക്കപ്രശ്നങ്ങളും ഭക്ഷണത്തോട് താല്‍പര്യമില്ലായും ശരീരവേദനകളും അനുഭവപ്പെടുമ്പോള്‍ സ്വാഭാവികമായും അവയെല്ലാം ശാരീരികപ്രശ്നങ്ങളായി മാത്രമാണ് വിലയിരുത്തപ്പെടുന്നത്. ഇത്തരം ലക്ഷണങ്ങളുമായി ജനറല്‍ ഡോക്ടര്‍മാരെ സമീപിക്കുമ്പോള്‍ പോലും രോഗം മനസ്സിനാണെന്നും ആ നിലക്കുള്ള ചികിത്സയാണ് വേണ്ടതെന്നും തിരിച്ചറിയാന്‍ വൈകുന്നു. ഇത് രോഗത്തിന്‍െറ തുടക്കത്തില്‍തന്നെ രോഗിയെ പ്രതികൂലമായി ബാധിക്കുന്നു.
വിഷാദരോഗത്തിന്‍െറ ഭാഗമായി അനുഭവപ്പെടുന്ന സങ്കടാവ്സഥ കൂടുതല്‍ തീവ്രവും സങ്കീര്‍ണവുമാണ്. ഒരുകാര്യത്തിലും ആഹ്ളാദിക്കാന്‍ കഴിയാത്ത അവസ്ഥ വന്നുചേരുകയും രോഗിയുടെ ഊര്‍ജം നഷ്ടമാവുകയും പകരം നിഷേധവികാരങ്ങള്‍ നിറയുകയും ചെയ്യുന്നു. രോഗിയുടെ മനസ്സില്‍ തന്‍െറ ജീവിതം അവസാനിക്കാന്‍ പോകുന്ന പ്രതീതി സൃഷ്ടിക്കപ്പെടുന്നു. കുറ്റബോധവും ആത്മനിന്ദയും നിരന്തരം മനസ്സിനെ അലോസരപ്പെടുത്തുന്നു.

കാരണങ്ങള്‍

വിഷാദരോഗത്തിന്‍െറ മൂലകാരണങ്ങള്‍ പലതാണ്. ചില ശാരീരികപ്രശ്നങ്ങളും രോഗത്തിന് കാരണമാവാറുണ്ട്. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം കുറയുമ്പോഴുണ്ടാവുന്ന ഹൈപ്പോതൈറോയിഡിസം ഇത്തരത്തില്‍ ഒന്നാണ്. അര്‍ബുദംപോലുള്ള ഗുരുതര രോഗങ്ങളുടെ കൂടെയും വിഷാദരോഗം കണ്ടുവരുന്നുണ്ട്.
ജനിതകഘടകങ്ങളും മറ്റൊരു കാരണമാണ്. മാതാപിതാക്കള്‍ക്കോ അടുത്ത കുടുംബാംഗങ്ങള്‍ക്കോ ഈ രോഗമുണ്ടെങ്കില്‍ വിഷാദരോഗം വരാനുള്ള സാധ്യത കൂടുതലാണ്.
ദൈനംദിന ജീവിതത്തില്‍ സംഭവിക്കുന്ന ദുരന്തങ്ങളും കടുത്ത സംഘര്‍ഷങ്ങളും വിഷാദരോഗം വരാന്‍ സാധ്യതയുള്ള വ്യക്തികളെ അതിലേക്ക് തള്ളിവിടും. അടുത്ത ബന്ധുക്കളുടെയോ സുഹൃത്തുക്കളുടേയോ അപ്രതീക്ഷിത മരണം, മാറാരോഗങ്ങള്‍, പ്രണയനൈരാശ്യം, ജോലി നഷ്ടപ്പെടല്‍, വിവാഹമോചനം, ബന്ധങ്ങളുടെ തകര്‍ച്ച, സാമ്പത്തിക പ്രതിസന്ധി, അഭിമാനനഷ്ടം തുടങ്ങിയ ജീവിത പ്രതിസന്ധികള്‍ വ്യക്തികളെ കടുത്ത മാനസിക തകര്‍ച്ചയിലേക്കും തുടര്‍ന്ന് വിഷാദരോഗത്തിലേക്കും നയിച്ചേക്കാം. എന്നാല്‍, എല്ലാവരിലും ഇത്തരം പ്രതിസന്ധികള്‍ രോഗകാരണമാകാറില്ല.
തലച്ചോറിലെ കോശങ്ങള്‍ തമ്മില്‍ വിവരങ്ങള്‍ കൈമാറുന്ന വിവിധങ്ങളായ രാസവസ്തുക്കളുടെ ഏറ്റക്കുറച്ചിലുകളാണ് രോഗത്തിന്‍െറ പ്രധാനകാരണം. ന്യൂറോട്രാന്‍സ്മിറ്ററുകളായ സെറോടോണിന്‍െറയും നോര്‍-എപിനെഫ്രിന്‍െറയും വ്യതിയാനം രോഗാവസ്ഥ സൃഷ്ടിക്കും.
തലച്ചോറിലെ ഇത്തരം രാസവസ്തുക്കള്‍ ക്രമപ്പെടുത്താനുള്ള മരുന്നുകളാണ് രോഗത്തിനുള്ള പ്രധാന ചികിത്സ. മുന്‍കാലങ്ങളെ അപേക്ഷിച്ച് മാനസികാരോഗ്യരംഗത്തുണ്ടായ ഗവേഷണങ്ങളും പുരോഗതിയും വളരെ ഫലപ്രദമായതും പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞതുമായ മരുന്നുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.
വേദനസംഹാരികള്‍പോലെ, കഴിച്ചുതുടങ്ങി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഫലംകിട്ടുന്ന തരത്തിലുള്ളതല്ല ഇത്തരം മരുന്നുകളുടെ പ്രവര്‍ത്തനം. മറിച്ച്, ഉപയോഗിച്ചു തുടങ്ങി ഏതാനും ആഴ്ചകള്‍ക്കുശേഷമേ രോഗശമനം കണ്ടുതുടങ്ങുകയുള്ളൂ. രോഗം കുറഞ്ഞതായി തോന്നിയാലും ഡോക്ടറുടെ നിര്‍ദേശമില്ലാതെ മരുന്നുകള്‍ നിര്‍ത്തരുത് എന്നത് ചികിത്സയിലെ പ്രധാന കാര്യമാണ്. ആറുമാസം മുതല്‍ ഒരു വര്‍ഷംവരെ സാധാരണയായി മരുന്നുകള്‍ കഴിക്കേണ്ടിവരും. ചില ഘട്ടങ്ങളില്‍ രോഗം ആവര്‍ത്തിക്കാതിരിക്കാന്‍ തുടര്‍ച്ചയായി മരുന്ന് കഴിക്കേണ്ട അവസ്ഥയും വന്നേക്കാം.
രോഗം അതിരുകടക്കുകയും ആത്മഹത്യാപ്രവണത രൂക്ഷമാവുകയും ചെയ്യുന്നപക്ഷം ഇലക്ട്രോ കണ്‍വള്‍സിവ് തെറപ്പി വളരെ ഫലപ്രദമാണ്. ഷോക്ക് ചികിത്സ എന്ന പേരില്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഈ ചികിത്സാരീതിയില്‍ സിനിമകളിലും മറ്റും കാണുന്നതുപോലെ രോഗിയെ ബലംപ്രയോഗിച്ച് കിടത്തി വായില്‍ എന്തെങ്കിലും വസ്തുക്കള്‍ തിരുകി ശരീരത്തെ തളര്‍ത്തുന്ന വിധത്തില്‍ ഷോക്ക് ഏല്‍പ്പിക്കുന്നില്ല. മറിച്ച്, രോഗിയെ ചെറുതായി മയക്കിയശേഷം ആധുനിക ഉപകരണത്തിന്‍െറ സഹായത്തോടെ ഏതാനും നിമിഷത്തേക്ക് തലച്ചോറിലേക്ക് നേരിയതോതില്‍ പ്രത്യേക വോള്‍ട്ടേജിലുള്ള വൈദ്യുതി കടത്തിവിടുകയാണ് ചെയ്യുന്നത്. മരുന്നുകളേക്കാള്‍ വേഗത്തില്‍ ഫലംനല്‍കുന്ന ചികിത്സാരീതിയാണിത്.
വിഷാദരോഗികള്‍ക്ക് മരുന്നുകളോടൊപ്പം കൗണ്‍സലിങ്ങും സൈക്കോ തൊറപ്പിയും നല്‍കുന്നതും ഗുണപരമായ ഫലങ്ങള്‍ സൃഷ്ടിക്കും. പ്രത്യേകിച്ച്, ജീവിത സംഘര്‍ഷങ്ങളുടെ നടുവില്‍ കഴിയുന്ന രോഗികള്‍ക്ക്.

സംശയ രോഗം

ഗൗരവമേറിയ മനോരോഗങ്ങളില്‍ ഉള്‍പ്പെട്ടതാണ് സംശയരോഗം. സംശയരോഗത്തിന്‍െറ ലക്ഷണങ്ങള്‍ മറ്റുപല മനോരോഗങ്ങളിലും കാണാറുണ്ട്. എന്നാലും സംശയങ്ങള്‍ മാത്രം ഉണ്ടാകുന്ന രോഗാവസ്ഥയാണ് സംശയരോഗം അഥവാ ഡെലൂഷനല്‍ ഡിസോഡര്‍. മറ്റു മനോരോഗങ്ങളെ അപേക്ഷിച്ച് സംശയരോഗം താരതമ്യേന കുറവാണ് കണ്ടുവരുന്നത്. നിത്യജീവിതത്തില്‍ സംഭവ്യമായ കാര്യങ്ങളോടനുബന്ധിച്ചുള്ള മിഥ്യാധാരണയാണ് ഈ രോഗത്തിന്‍െറ കാതല്‍. ഉദാഹരണം: ഭാര്യക്ക് പരപുരുഷ ബന്ധമുണ്ട്, അയല്‍വാസി തന്നെ കൊല്ലാന്‍ പദ്ധതിയിട്ടിരിക്കുന്നു എന്നൊക്കെയാകാം ഇത്തരം മിഥ്യാധാരണകള്‍. ഇവ ഒന്നോ അതിലധികമോ ഉണ്ടാകാം. ഇത്തരം മിഥ്യാധാരണകളൊഴികെ മറ്റെല്ലാ കാര്യങ്ങളിലും അതായത്, ഭക്ഷണം, കുളി, ജോലി, ജനങ്ങളുമായുള്ള ഇടപഴകല്‍ തുടങ്ങി എല്ലാ കാര്യങ്ങളിലും രോഗി തികച്ചും സാധാരണ സ്വഭാവമാണ് കാണിക്കുക. അതുകൊണ്ടുതന്നെ രോഗനിര്‍ണയം ഏറെ ശ്രമകരമാണ്.
സമൂഹത്തില്‍ 10,000ത്തില്‍ മൂന്നുപേര്‍ക്കെങ്കിലും ഈ അസുഖം ഉള്ളതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 25 വയസ്സുമുതല്‍ 90 വയസ്സ് വരെയുള്ള കാലഘട്ടത്തില്‍ എപ്പോള്‍ വേണമെങ്കിലും ഈ അസുഖം ആരംഭിക്കാമെങ്കിലും ഏകദേശം 40കളിലാണ് സാധാരണ ആരംഭം. പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് ഈ രോഗം പിടിപെടാനുള്ള സാധ്യത അല്‍പം കൂടുതലാണ്. വിവാഹിതര്‍, ജോലിക്കാര്‍, കുടിയേറ്റക്കാര്‍, താഴ്ന്ന വരുമാനക്കാര്‍, മറ്റുള്ളവരുമായി ബന്ധമില്ലാതെ ഒറ്റക്ക് താമസിക്കുന്നവര്‍ എന്നിവരിലും ഈ അസുഖം വരാനുള്ള സാധ്യത കൂടുതലാണ്.

കാരണങ്ങള്‍

ഈ അസുഖത്തിനുള്ള ശരിയായ കാരണം എന്താണെന്നത് അജ്ഞാതമാണ്. മിക്കവാറും ഒന്നിലധികം കാരണം ഒരേസമയം ഒരു വ്യക്തിയില്‍ സമ്മേളിക്കുമ്പോഴാണ് അസുഖം പ്രത്യക്ഷപ്പെടുക.
മനുഷ്യന്‍െറ വികാരവിക്ഷോഭങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറില്‍ സ്ഥിതിചെയ്യുന്ന ലിംബിക് വ്യൂഹം, ശരീര ചലനങ്ങളെ നിയന്ത്രിക്കുന്ന ബേസല്‍ ഗാംഗ്ളിയ എന്നീ ഗ്രന്ഥികളെ ബാധിക്കുന്ന പല രോഗങ്ങളിലും വിവിധതരത്തിലുള്ള സംശയങ്ങള്‍ രൂപപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ലിംബിക് വ്യൂഹവും ബേസല്‍ ഗാംഗ്ളിയയുമായുള്ള പരസ്പര ബന്ധമാണ് മനുഷ്യന്‍െറ വികാരങ്ങളെയും ചിന്തകളെയും പെരുമാറ്റങ്ങളെയും നിയന്ത്രിക്കുന്നത്. അതുകൊണ്ടുതന്നെ ഈ ഭാഗങ്ങളിലുള്ള ഘടനാപരവും പ്രവര്‍ത്തനപരവുമായിട്ടുള്ള വൈകല്യങ്ങളാവാം ഒരുപക്ഷേ സംശയരോഗത്തിനുള്ള കാരണം. തലച്ചോറിലെ നാഡീകോശങ്ങള്‍ തമ്മില്‍ ആശയവിനിമയങ്ങള്‍ കൈമാറാന്‍ വേണ്ട ഡോപ്പമിന്‍ എന്ന ന്യൂറോ ട്രാന്‍സ്മിറ്ററിന്‍െറ കൂടുതലായുള്ള പ്രവര്‍ത്തനമാണ് ഇത്തരത്തിലുള്ള വൈകല്യങ്ങള്‍ക്ക് കാരണമെന്ന് അനുമാനിക്കുന്നു.
മറ്റു മനോരോഗങ്ങളെ അപേക്ഷിച്ച് താരതമ്യേന സമൂഹത്തില്‍ കുറവാണ് കാണപ്പെടുന്നതെങ്കിലും സംശയരോഗിയുടെ സ്വഭാവവും പെരുമാറ്റവുംമൂലം വ്യക്തിബന്ധങ്ങളിലും കുടുംബബന്ധങ്ങളിലും ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഈ രോഗം പ്രത്യേക പരിഗണന അര്‍ഹിക്കുന്നു.
ആത്മഹത്യ, കൊലപാതകം, ദാമ്പത്യകലഹം, വിവാഹമോചനം എന്നിവയെല്ലാം പലപ്പോഴും സംശയരോഗത്തിന്‍െറ പ്രത്യാഘാതങ്ങളാണ്. സാവധാനമാണ് രോഗലക്ഷണങ്ങള്‍ കാണുക. ഭര്‍ത്താവിന്‍െറ സംശയം ഒരു രോഗമാണെന്നറിയാതെ ജീവിതകാലം മുഴുവന്‍ നരകയാതന അനുഭവിക്കുന്ന ഭാര്യ, ഭാര്യയുടെ സംശയംമൂലം കുടുംബത്തിലും സമൂഹത്തിലും അവഹേളനം സഹിക്കേണ്ടിവരുന്ന ഭര്‍ത്താവ്, മറ്റൊരാള്‍ തന്നെ വധിച്ചേക്കാമെന്ന ഭയത്താല്‍ ഏത് സമയവും ജാഗരൂകനായിരിക്കുന്ന ഒരാള്‍ എന്നിങ്ങനെ നിരവധിപേര്‍ സംശയരോഗത്തിന്‍െറ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്നവരാണ്.

പീഡന സംശയം

താന്‍ ചതിക്കപ്പെടുന്നു, തന്നെ ആരോ പിന്തുടരുന്നു, ഭക്ഷണപാനീയങ്ങളില്‍ വിഷവസ്തുക്കള്‍ ചേര്‍ത്ത് കൊല്ലാന്‍ ശ്രമിക്കുന്നു, തനിക്കെതിരെ ദുര്‍മന്ത്രവാദികളെ പ്രയോഗിക്കുന്നു എന്നൊക്കെയാകാം ഇത്തരം സംശയങ്ങള്‍.

ചാരിത്ര്യ സംശയരോഗം

പങ്കാളിയുടെ ചാരിത്ര്യത്തിലുള്ള സംശയമാണ് ഈ രോഗത്തിന്‍െറ പ്രധാന ലക്ഷണം. കൂടുതലും പുരുഷന്‍മാരിലാണ് ഈ രോഗം കണ്ടുവരുന്നത്. സംശയാലുവായ ഭര്‍ത്താവ് ഭാര്യയുടെ ഓരോ ചലനവും സുസൂക്ഷ്മം നിരീക്ഷിക്കുന്നു. ഒരു വാക്ക് അല്ലെങ്കില്‍ ഒരു നോട്ടംപോലും സൂക്ഷ്മമായി വിശകലനം ചെയ്ത് തന്‍െറ സംശയത്തിന് അനുകൂലമായ തെളിവുകള്‍ ഭാര്യയുടെ മുന്നില്‍ അവതരിപ്പിക്കുന്നു. സംശയത്തിനാസ്പദമായ തെളിവുകള്‍ ഇവര്‍ പങ്കാളിയുടെ കിടക്കവിരിയില്‍നിന്നോ അടിവസ്ത്രങ്ങളില്‍നിന്നോ മറ്റു സ്വകാര്യ വസ്തുക്കളില്‍നിന്നോ ശേഖരിക്കുന്നു.

പ്രേമമെന്ന സംശയരോഗം (Erotomania)

കൂടുതലും സ്ത്രീകളിലാണ് ഈ രോഗം കണ്ടുവരുന്നത്. ഇറോട്ടോ മാനിയയുള്ള സ്ത്രീ പലപ്പോഴും ഒരു ഏകാന്ത പഥികയായിരിക്കും. വളരെ രസകരമായ ഒരു രോഗമാണിത്. തന്നേക്കാള്‍ സാമ്പത്തികമായും സാമൂഹികപരമായും ഉന്നതിയിലുള്ള ഒരു വ്യക്തി മറ്റുള്ളവര്‍ കാണാതെ രഹസ്യമായി തന്നെ പ്രേമിക്കുന്നു എന്നതാണ് ഇത്തരത്തിലുള്ള സംശയരോഗത്തിന്‍െറ മുഖ്യ ലക്ഷണം. ടെലിഫോണ്‍, ഇ-മെയില്‍, കത്ത് എന്നിവ മുഖേനയോ സമ്മാനങ്ങള്‍ നല്‍കിയോ അല്ലെങ്കില്‍ പ്രത്യേക സന്ദര്‍ഭങ്ങള്‍ മനഃപൂര്‍വം ഉണ്ടാക്കിയോ ഈ വ്യക്തിതന്നെ കാണാനും സംസാരിക്കാനും ശ്രമിക്കുന്നു എന്ന് ഇവര്‍ വിശ്വസിക്കുന്നു.

ശാരീരിക രോഗസംശയം

ശാരീരിക രോഗ സംശയം പലതരത്തിലാകാം. വായയില്‍നിന്നോ മൂക്കില്‍നിന്നോ വിയര്‍പ്പില്‍നിന്നോ ദുര്‍ഗന്ധം വമിക്കുന്നു, മുടിയിലോ ചെവിയിലോ അല്ലെങ്കില്‍ ശരീരത്തിന്‍െറ ഉള്‍ഭാഗത്തോ പ്രാണികള്‍ അരിച്ചുനടക്കുന്നു, ശരീരഭാഗങ്ങളായ മൂക്ക്, ചുണ്ട്, ചെവി മുതലായവ വൃത്തികെട്ട ആകൃതിയിലാണ്, ശരീരാവയവങ്ങളായ കുടല്‍, തലച്ചോറ് എന്നിവ പ്രവര്‍ത്തിക്കുന്നില്ല എന്നിങ്ങനെ നിരവധി തരത്തിലും രൂപത്തിലും ഇത്തരം സംശയങ്ങള്‍ ഉണ്ടാകാറുണ്ട്.

താന്‍ വലിയ ആളാണെന്ന സംശയം

ഇത്തരം സംശയരോഗത്തില്‍ രോഗിക്ക് അമാനുഷിക കഴിവുള്ളതായോ ദൈവത്തിന്‍െറ പ്രതിരൂപമായോ ധാരാളം സമ്പത്തുള്ളതായോ അതിപ്രശസ്തനായ വ്യക്തിയായോ പ്രധാനപ്പെട്ട വ്യക്തികളുമായി നേരിട്ട് ബന്ധമുള്ള ആളായോ മറ്റും തോന്നുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
സംശയരോഗികള്‍ക്ക് ശരിയായ ചികില്‍സ ലഭിക്കുകയാണെങ്കില്‍ ഏതാണ്ട് പകുതിപേര്‍ പൂര്‍ണ സുഖം പ്രാപിക്കുകയും 10 ശതമാനം പേര്‍ ഭാഗികമായി സുഖംപ്രാപിക്കുന്നതായും കണ്ടിട്ടുണ്ട്. 30 ശതമാനം പേര്‍ക്ക് ചെറിയ രീതിയിലുള്ള മാറ്റങ്ങള്‍ മാത്രം കാണുമ്പോള്‍ 10 ശതമാനം പേര്‍ പൂര്‍ണമായും രോഗത്തിന്‍െറ പിടിയില്‍ അമരുന്നു.
ഇതൊക്കെയാണെങ്കിലും സംശയരോഗത്തില്‍ രോഗിയുടെയും ഡോക്ടറുടെയും അടുത്ത ബന്ധുക്കളുടെയും ആത്മാര്‍ഥമായ ഒരു കൂട്ടായ്മ ഉണ്ടാക്കിയെടുത്താല്‍, താരതമ്യേന ചികില്‍സിച്ച് ഭേദമാക്കിയെടുക്കാന്‍ പ്രയാസമുള്ള ഈ രോഗവും ഒരു പരിധിവരെ വിജയകരമായി നിയന്ത്രിക്കാന്‍ സാധിക്കും.

സ്ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദം

എല്ലാവരുടെയും ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സമ്പത്ത് പ്രകൃതിയിലുണ്ട്. എന്നാല്‍ ഒരുത്തന്റെപോലും ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ പ്രകൃതിക്കാവില്ല.'' എന്ന് ഗാന്ധിജി പറഞ്ഞത് ജീവിതസമ്മര്‍ദ്ദങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ട് തന്നെയാണ്. വൈദ്യശാസ്ത്ര സ്ഥിതിവിവരക്കണക്കില്‍ ഓരോ രോഗവും ഇത്രശതമാനം ആളുകളെ ബാധിക്കുന്നുവെന്ന് കണക്കാക്കിവരുന്നു. സ്ട്രെസിന്റെകാര്യത്തില്‍ അത് നൂറ് ശതമാനം പേരെ ബാധിച്ചിരിക്കുന്നു എന്നുവേണം പറയാന്‍. ജീവിതത്തില്‍ ഒരിക്കല്‍പോലും മാനസിക സമ്മര്‍ദ്ദങ്ങള്‍ അനുഭവിക്കാത്തവരില്ല. എല്ലാവരിലും പ്രകടമായ രോഗലക്ഷണങ്ങള്‍ കണ്ടുവരുന്നില്ല എന്നുമാത്രം. സ്ട്രെസ് സര്‍വ്വസാധാരണ മാണെങ്കിലും അത്ര നിസ്സാരമായി തള്ളാന്‍ കഴിയുന്നതല്ല. ഇന്ന് കാണുന്ന എല്ലാ രോഗത്തിന് പിന്നിലും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് പങ്കുണ്ട്. ശാരീരികമോ മാനസികമോ ആയ പല മാറ്റങ്ങളും മാനസിക സമ്മര്‍ദ്ദത്തിന്റെഫലമായി സംഭവിക്കുന്നു.

ശരീരവും മനസ്സും ഒന്നാണ്

മാനസികമോ, ശാരീരികമോ, സാമൂഹികമോ ആയ ആവശ്യങ്ങള്‍ നിറവേറ്റാനായി ഓരോ വ്യക്തിയും സദാസമയവും പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. ലക്ഷ്യപ്രാപ്തിക്കായുള്ള പരിശ്രമങ്ങള്‍ക്കിടയില്‍ തടസ്സങ്ങള്‍ നേരിടേണ്ടിവരുന്നു. ചിലര്‍ ഇത്തരം തടസ്സങ്ങളോട് വേഗത്തില്‍ പൊരുത്തപ്പെടുന്നു. ചിലരാകട്ടെ ഒരിക്കലും പൊരുത്തപ്പെടുവാന്‍ കഴിയാതെ ദു$ഖത്തിലും നിരാശയിലും കാലം കഴിക്കും.
മനുഷ്യരിലുണ്ടാവുന്ന അശുഭചിന്തകളുടെ ഫലമായി കോപവും ഭയവുംമൂലം അഡ്രീനല്‍ഗ്രനഥിക്കുണ്ടാകുന്ന ഉത്തേജനവും തന്മൂലം ശരീരത്തില്‍ വരുന്ന മാറ്റങ്ങളും എല്ലാ വൈദ്യശാഖകളും അംഗീകരിക്കുന്നുണ്ട്.
ഉഗ്രരൂപത്തിലുള്ള ക്രോധാവസ്ഥയില്‍ ശരീരം അതി സങ്കീര്‍ണ്ണപ്രവര്‍ത്തനങ്ങള്‍ക്ക് വിധേയമാകുന്നു. ക്രോധാവസ്ഥ മാറുമ്പോള്‍ സ്ഥൂലശരീരം പൂര്‍വ്വസ്ഥിതിയിലേക്ക് എത്തിച്ചേരുന്നുണ്ട്. എന്നാല്‍ സൂക്ഷ്മശരീരം പൂര്‍വ്വസ്ഥിതി പ്രാപിക്കാന്‍ വളരെ സമയമെടുക്കും.
ആധുനിക മനുഷ്യന്റെജീവിത സാഹചര്യങ്ങള്‍ സദാ സമ്മര്‍ദ്ദങ്ങള്‍ക്കും ക്രോധത്തിനും വിധേയമാണ്. അതിനാല്‍ സൂക്ഷ്മശരീരത്തില്‍ എല്ലാ സമയത്തും രോഗാവസ്ഥ ഉണ്ടായിക്കൊണ്ടിരിക്കും. സാധാരണയായി ജീവിതസമ്മര്‍ദ്ദങ്ങളെ നേരിടുവാന്‍ ശരീരത്തെ സഹായിക്കുന്നത് കോര്‍ട്ടിസോണ്‍ പോലുള്ള അന്ത:സ്രാവങ്ങളാണ്. സ്ട്രെസിന്റെപ്രവര്‍ത്തനം കോര്‍ട്ടിസോണ്‍പോലുള്ള അന്ത:സ്രാവങ്ങളുടെ അളവില്‍ വ്യതിയാനം വരുത്തുന്നു. ഉറക്കക്കുറവ്, ക്ഷീണം, ദഹനക്കുറവ്, ശ്വാസതടസ്സം തുടങ്ങിയ നിരവധി രോഗങ്ങള്‍ ശരീരത്തിനെയും വിരസത, അസ്വസ്ഥത, മാന്ദ്യം തുടങ്ങിയ രോഗങ്ങള്‍ മനസ്സിനെയും ബാധിക്കുന്നു. പലപ്പോഴും ഈ മാറ്റങ്ങള്‍ ജീവശരീരത്തിന്റെനിലനില്‍പ്പിനും നന്‍മക്കുമായി സ്വയം രൂപപ്പെടുത്തുന്നതായികാണാം.

ദഹനവ്യൂഹവും ഭക്ഷണവും

കടുത്ത സമ്മര്‍ദ്ദമുള്ളപ്പോള്‍ ആമാശയത്തിന്റെും, ദഹനരസങ്ങളുടെയും പ്രവര്‍ത്തനം പ്രതികൂലമായിരിക്കും. സ്വസ്ഥമായ മനസ്സുള്ളപ്പോഴേ ഭക്ഷണം ദഹിപ്പിക്കാന്‍ ശരീരത്തിന് കഴിയൂ. അങ്ങനെയല്ലാത്ത അവസ്ഥയില്‍ ആഹരിച്ചാല്‍ ഭക്ഷണം ആമാശയത്തില്‍ കിടന്ന് ചീയാനും പുളിച്ച് നുരയാനും തന്‍മൂലം രക്തം വിഷമയമാകാനും സാദ്ധ്യതയുണ്ട്. ഈ സമയം ജീവശരീരം സ്വയം സംരക്ഷണ നടപടി എന്ന നിലയില്‍ വിശപ്പില്ലായ്മ ഉണ്ടാക്കും. എല്ലാ മാനസിക സമ്മര്‍ദ്ദങ്ങളും- സംഘര്‍ഷങ്ങളും- ശാരീരിക രോഗങ്ങളുണ്ടാക്കും എന്ന് ആധുനിക ശാസ്ത്രം സമ്മതിക്കുന്നു. എന്നാല്‍ മാനസിക സംഘര്‍ഷത്തിന് മനുഷ്യന്‍ കഴിക്കുന്ന ഭക്ഷണത്തിനും പങ്കുണ്ട് എന്നതിന് ആധുനിക ശാസ്ത്രത്തില്‍ വേണ്ടത്ര സ്ഥാനം നല്‍കി കാണുന്നില്ല.
പ്രകൃതിചികിത്സയുടെ തത്വശാസ്ത്രം ലളിതജീവതത്തിലധിഷ്ഠിതമായി നിലനില്ക്കുന്നു. അതോടൊപ്പം തന്നെ ഉത്തേജനമുണ്ടാക്കുന്നതും ഗുരുത്വമുള്ളതുമായ ഭക്ഷണ പദാര്‍ത്ഥങ്ങളെ വെറുക്കുകയും ചെയ്യുന്നു.
ഏകാന്തവിശ്രമവും ഉപവാസവും സമ്മര്‍ദ്ദത്തിന് കൈക്കൊണ്ട ചികിത്സയാണ്. എന്നാല്‍ വ്യക്തി അതിനോട് സമരസപ്പെട്ടതിനുശേഷമേ അനുഷ്ഠിക്കാവൂ. ഭക്ഷണം കഴിക്കാന്‍ അതിയായ താല്പര്യമുള്ള വ്യക്തി ഉപവസിക്കാന്‍ തുടങ്ങിയാല്‍ അത് മറ്റൊരു സമ്മര്‍ദ്ദമായി രൂപാന്തരപ്പെടും. അതിനാല്‍ ആദ്യം വേണ്ടത് സമ്മര്‍ദ്ദത്തെകുറിച്ചുള്ള അറിവും ചെയ്യുന്ന ചികിത്സകൊണ്ട് (ഉപവാസം) ശരീരത്തില്‍ ഉണ്ടാകുന്ന മാറ്റവും ഗുണവും ബോദ്ധ്യപ്പെടുകയാണ്. കാര്യം ബോദ്ധ്യമായാല്‍ പൂര്‍ണ്ണ വിശ്രമത്തോടൊപ്പം ഉപവാസം ആരംഭിക്കാം. ആത്മശുദ്ധീകരണത്തിന് ഉപവാസം ഏറ്റവും ഉചിതമാണെന്ന് എല്ലാ മതങ്ങളും ഉല്‍ഘോഷിക്കുന്നുണ്ട്.
ശ്രമവും വിശ്രമവും
വിശ്രമിക്കാന്‍ ഒട്ടും അറിയാത്ത ജീവിയായിരിക്കുന്നു ആധുനിക മനുഷ്യന്‍. പ്രവര്‍ത്തിയിലൂടെ ക്ഷീണിക്കപ്പെടുകയും കേടുവരുകയും ചെയ്യുന്ന ശരീരമനസ്സുകള്‍ക്ക് ശുദ്ധീകരണവും നവീകരണും സംഭവിക്കുന്നത് വിശ്രമത്തിലൂടെയാണ്. അനാവശ്യമായുണ്ടാക്കിയ ബാധ്യതകള്‍ തീര്‍ക്കാനായി രാപ്പകല്‍ കഷ്ടപ്പെടുന്ന മനുഷ്യന് വിശ്രമം എന്തെന്നറിയാതെ പോയി. സ്ട്രെസ്സ് മാനേജ്മെന്‍്റ് ആധുനിക മന:ശാസ്ത്ര ശാഖയിലെ ഒന്നാണ്.
മൗനവൃതവും ഉപവാസവും സമ്മര്‍ദ്ദത്തിന് പ്രകൃതി ചികിത്സയിലെ പരിഹാരങ്ങളാണ്. ഇവയിലൂടെ ശരീരത്തിനു ലഭിക്കുന്നത് വിശ്രമമാണ്.
ഏതു തരത്തിലുള്ള മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കും പരിഹാരമായി പ്രകൃതി ജീവനരീതി മാറുന്നത് അതിന്റെപ്രശംസനീയമായ മിതത്വവീക്ഷണം നിമിത്തമാണ്. പ്രകൃതിയിലെ മനുഷ്യനൊഴികെയുള്ള മറ്റു ജീവജാലങ്ങളെല്ലാം ദൈനംദിന കാര്യങ്ങളില്‍ പുലര്‍ത്തുന്ന മിതത്വം ശ്രദ്ധിക്കുന്നവര്‍ക്ക് അത് വേഗത്തില്‍ മനസ്സിലാകും. മനസ്സിന്റെശാന്തിക്ക് ഇതുതന്നെയാണ് ശരിയായ മാര്‍ഗ്ഗം.

കുഞ്ഞുമനസ്സുകളെ വിഷാദം വിഴുങ്ങുമ്പോള്

വിഷാദം എല്ലാ മനുഷ്യരിലുമുണ്ടാകുന്ന സാധാരണ വികാരമാണ്. സന്തോഷകരമല്ലാത്ത കാര്യങ്ങളോടുള്ള മനസ്സിന്‍െറ സ്വാഭാവികമായ പ്രതികരണമാണിത്. എന്നാല്‍ ചിലപ്പോഴൊക്കെ ഒരു രോഗം എന്ന അവസ്ഥയിലേക്ക് ഇത് പരിണമിക്കാറുണ്ട്. വൈദ്യശാസ്ത്രം ഇത്തരമൊരവസ്ഥയെ ഡിപ്രഷന്‍ അഥവാ വിഷാദരോഗം എന്ന് വിളിക്കുന്നു. തലച്ചോറിലെ വിവിധ രാസവസ്തുക്കളുടെ ഏറ്റക്കുറച്ചിലാണ് ഈ രോഗത്തിന്‍െറ മൂലകാരണമായി കണ്ടെത്തിയിരിക്കുന്നത്.
സാധാരണഗതിയില്‍ ഒരുവ്യക്തിക്കുണ്ടാകുന്ന വിഷാദാവസ്ഥ ഒരു നിശ്ചിത സമയത്തിനകം കുറഞ്ഞുവരികയോ ഇല്ലാതാവുകയോ ചെയ്യും. യാഥാര്‍ഥ്യങ്ങളോട് അനുരഞ്ജനപ്പെടുമ്പോഴാണ് ഒരാള്‍ക്ക് ദുഃഖത്തെ അതിജീവിക്കാനാവുക. എന്നാല്‍ സാധാരണ സമയപരിധി കഴിഞ്ഞിട്ടും ഒരു വ്യക്തിക്ക് ദുഃഖത്തില്‍ നിന്നോ വിഷാദത്തില്‍ നിന്നോ രക്ഷപ്പെടാനാകുന്നില്ലെങ്കില്‍ അത് രോഗാവസ്ഥയിലേക്കുള്ള മാറ്റമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് കാരണമില്ലാത്ത സങ്കടങ്ങള്‍ തോന്നുകയോ സങ്കടങ്ങള്‍ സ്ഥായിയായി നില്‍ക്കുകയോ അതിന്‍െറ കൂടെ മറ്റുചില ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുകയോ ചെയ്താല്‍ വ്യക്തിയെ വിദഗ്ധ പരിശോധനക്ക് വിധേയമാക്കേണ്ടതാണ്.
സന്തോഷിക്കാന്‍ കഴിയാത്ത അവസ്ഥയോടൊപ്പം നിസ്സാര കാര്യങ്ങള്‍ക്കുപോലും അമിതമായ സങ്കടപ്പെടല്‍, ജീവിതത്തോട് മടുപ്പ്, നിരാശാ ബോധം, ഉറക്കക്കുറവ്, വിശപ്പില്ലായ്മ, ഭക്ഷണത്തിന് രുചിയില്ലായ്മ, തന്നെ ഒന്നിനും കൊള്ളില്ലെന്ന് അല്ലെങ്കില്‍ തനിക്ക് ഒന്നിനും കഴിയില്ലെന്ന രീതിയിലുള്ള നിഷേധാത്മ ചിന്തകള്‍, തന്നെ ആര്‍ക്കും ഇഷ്ടമല്ലെന്ന തോന്നല്‍, ജീവിതം മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്ന ബോധം, ആത്മഹത്യാ പ്രവണത എന്നിവയാണ് വിഷാദരോഗം ബാധിച്ച മുതിര്‍ന്ന വ്യക്തികള്‍ക്കുണ്ടാകുന്ന ലക്ഷണങ്ങള്‍. ലോകാരോഗ്യ സംഘടന നടത്തിയ പഠനങ്ങളില്‍ ലോകത്ത് നൂറില്‍ ഏഴുപേര്‍ക്ക് ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തിലുള്ള വിഷാദരോഗാവസ്ഥയുള്ളതായി കണക്കാക്കിയിരിക്കുന്നു. 2020 ആകുമ്പോഴേക്കും ലോകത്തിന് ഭീഷണിയാകുന്ന രണ്ടാമത്തെ രോഗമായി വിഷാദരോഗം മാറുമെന്നാണ് കണക്കുകൂട്ടല്‍.
മുതിര്‍ന്ന വ്യക്തികളിലുള്ളതുപോലെ കുട്ടികളിലും അടുത്തകാലത്തായി ഈ രോഗം കൂടുതലായി കണ്ടെത്തിയിട്ടുണ്ട്. 0.4 മുതല്‍ 2 ശതമാനം കുട്ടികള്‍ക്കെങ്കിലും വിഷാദരോഗം പിടിപെടുന്നുണ്ടെന്നാണ് കണക്ക്. അതേസമയം കൗമാരക്കാരില്‍ ഇത് 2 മുതല്‍ 10 ശതമാനം വരെയാണ്. മുതിര്‍ന്നവരില്‍ പുരുഷന്മാരുടേതിനേക്കാള്‍ ഇരട്ടിയോളം സ്ത്രീകള്‍ ഈ രോഗത്തിന്‍െറ പിടിയിലാവുമ്പോള്‍ കുട്ടികളില്‍ ഇത് ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ഒരു പോലെ കണ്ടുവരുന്നു.
കുട്ടികളിലെ വിഷാദാവസ്ഥയുടെ ലക്ഷണങ്ങള്‍ മുതിര്‍ന്നവരുടേതിനെ അപേക്ഷിച്ച് വളരെ വ്യത്യസ്തമാണ്. മനസ്സിലെ വിഷാദത്തെ ശരിയായ രീതിയില്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്തതിനാല്‍ കുട്ടികള്‍ പലപ്പോഴും കോപത്തിന്‍െറയും അക്രമത്തിന്‍െറയും മാര്‍ഗത്തിലേക്ക് തിരിയുകയാണ് പതിവ്.
നന്നായി പഠിച്ചിരുന്ന കുട്ടികള്‍ പഠനകാര്യങ്ങളില്‍ പിന്നാക്കം പോകുകയോ സ്കൂളില്‍ പോകാതെ മുങ്ങിനടക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ അതൊരുപക്ഷേ മാനസികാവസ്ഥയിലുള്ള വ്യതിയാനങ്ങളുടെ ലക്ഷണമായി കണക്കാക്കാവുന്നതാണ്. തൊട്ടതിനും പിടിച്ചതിനും കോപാകുലരാവുക, നിസ്സാര കാര്യങ്ങള്‍ക്കുപോലും അക്രമാസക്തരാവുക, എല്ലാറ്റില്‍ നിന്നും ഉള്‍വലിഞ്ഞ് ഒറ്റക്കിരിക്കുക, വളര്‍ത്തുജീവികളെ ക്രൂരമായി ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യുക, മോഷണ സ്വഭാവം കാണിക്കുക, ധാരാളമായി നുണപറയുക, സിഗററ്റ്, മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിക്കാന്‍ തുടങ്ങുക, അസ്വഭാവികമായ രീതിയില്‍ ഭയം അനുഭവിക്കുക, അകാരണമായ സംശയങ്ങള്‍, ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്ന് തോന്നുക, മറ്റുള്ളവര്‍ കളിയാക്കുന്നുവെന്ന് തോന്നുക തുടങ്ങിയവയാണ് കുട്ടികളിലെ വിഷാദാവസ്ഥയുടെ ചില ലക്ഷണങ്ങള്‍. ആത്മഹത്യാ പ്രവണതയും ഈ അവസ്ഥയില്‍ കണ്ടേക്കാം.
ഇവയുടെ കൂടെ വിശപ്പില്ലായ്മ, ഉറക്കക്കുറവ്, തൂക്കക്കുറവ്, തലവേദന, ഛര്‍ദി, വയറുവേദന, ശരീരവേദന, തുടര്‍ച്ചയായ ക്ഷീണം തുടങ്ങിയ ശാരീരികപ്രശ്നങ്ങളും പ്രത്യക്ഷപ്പെടാറുണ്ട്.
ജനിതക കാരണങ്ങളാണ് പൊതുവേ മാനസികരോഗങ്ങളുടെ ഒരു പ്രധാന കാരണം. കുട്ടികളിലെ വിഷാദരോഗത്തിന്‍െറ കാര്യത്തിലും ഇതൊരു പ്രധാന ഘടകം തന്നെയാണ്. ഇതുകൂടാതെ മാതാപിതാക്കളെ നഷ്ടപ്പെടല്‍, പിതാവിന്‍െറ അമിതമായ മദ്യപാനം, മാതാപിതാക്കളുടെ നിരന്തരമായ കലഹങ്ങള്‍, മറ്റ് ശാരീരിക രോഗങ്ങള്‍ എന്നിവയും കുട്ടികളെ വിഷാദാവസ്ഥയിലേക്ക് നയിച്ചേക്കാം. പഠനവുമായി ബന്ധപ്പെട്ട കടുത്ത സമ്മര്‍ദങ്ങളും ചിലപ്പോള്‍ രോഗത്തിന് കാരണമാകുന്നുണ്ട്.
തുടക്കത്തിലെ കണ്ടെത്തി ചികില്‍സിച്ചില്ലെങ്കില്‍ ഇത് ഒരു വ്യക്തിയുടെ ജീവിതത്തെതന്നെ ബാധിച്ചേക്കും. കുട്ടികളുടെ മാനസിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുകമാത്രമല്ല ചിലര്‍ ആത്തമഹത്യയുടെ വഴിതേടുകയും ചെയ്യും. കുട്ടികളില്‍ ആത്മഹത്യാപ്രവണത കണ്ടാല്‍ ഉടന്‍ വിദഗ്ധചികില്‍സ ലഭ്യമാക്കേണ്ടതുണ്ട്. ഒരിക്കലും അവഗണിക്കാന്‍ പാടില്ലാത്ത ലക്ഷണമാണ് ആത്മഹത്യാ പ്രവണത.
കുടുംബത്തില്‍ സംഘര്‍ഷങ്ങളുണ്ടെങ്കില്‍ അവ പരിഹരിക്കുക, പഠനഭാരം കുറച്ച് മാനസിക സമ്മര്‍ദം കുറക്കുക, കുട്ടിക്ക് പറയാനുള്ള കാര്യങ്ങള്‍ ക്ഷമയോടെയും അനുഭാവപൂര്‍വവും കേള്‍ക്കുക, ആവശ്യമായ മാനസിക പിന്തുണ നല്‍കുക തുടങ്ങിയവയാണ് വിഷാദാവസ്ഥ മാറ്റിയെടുക്കാനുള്ള പ്രാഥമിക കാര്യങ്ങള്‍. ആവശ്യമെന്ന് തോന്നുന്നപക്ഷം മനോരോഗചികില്‍സാ വിദഗ്ധരുടെ സഹായവും തേടണം.

കടപ്പാട്:മാധ്യമം

അവസാനം പരിഷ്കരിച്ചത് : 5/9/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate