കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. പീഡോഫീലിയ എന്ന ഗുരുതരമായ ഈ മനോവൈകല്യം മുളയിലേ നുള്ളയില്ലെങ്കില്‍ വലിയ സാമൂഹിക പ്രത്യാഘാതങ്ങളാകും ഫലം.
ഇപ്പോള്‍ പീഡോഫിലിയയെക്കുറിച്ചുള്ള തുറന്നുപറച്ചിലുകള്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ തുടരെത്തുടരെ മാധ്യമങ്ങളിലൂടെ വരുന്ന തുറന്നു പറച്ചിലുകള്‍ ഭയവും ആശങ്കയും ഉയര്‍ത്തുന്നു. ആദ്യമായി കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന പ്രതിഫലനങ്ങള്‍ നിരന്തരം അതേ വാര്‍ത്തയില്‍ തന്നെ ആവര്‍ത്തിക്കുമ്പോള്‍ ഉണ്ടാവണമെന്നില്ല.
എന്നാല്‍ 'കുട്ടികള്‍ക്ക് നേരെ എന്തുകൊണ്ടിങ്ങനെ' എന്ന ചോദ്യം അനേകരിലേക്ക് ഇതിനോടകം വ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. കാരണങ്ങള്‍ ആരായുന്നതോടൊപ്പം പരിഹാരങ്ങളും തേടുന്നവര്‍ കുറവല്ല.
കുട്ടികളെ ലൈംഗിക വൈകൃതങ്ങള്‍ക്ക് ഉപയോഗിക്കുന്ന മനോവൈകൃതത്തിന് 'പീഡോഫീലിയ' എന്നു പറയുന്നു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് ആഴത്തിലുള്ള പഠനങ്ങള്‍ നടന്നു കഴിഞ്ഞു. കൂടെ തുടര്‍ന്നുകൊണ്ടുമിരിക്കുന്നു.
ഓരോ കുട്ടിയുടെയും തുറന്ന് പറച്ചിലുകള്‍ക്ക് ശേഷം വ്യത്യസ്തമായ ചില നിഗമനങ്ങളും ഉരുത്തിരിഞ്ഞ് വരാറുണ്ട്. എന്നാല്‍ ഇവയിലെല്ലാം പൊതുവായ ചില നടപടികള്‍ പിന്‍തുടരുന്നതിന്റെ ഭാഗമായി എന്തുകൊണ്ടിങ്ങനെ? എന്ന ചോദ്യത്തിന് കുടുതല്‍ പ്രാധാന്യം കൈവരുന്നു.
പുറത്തു വന്നിട്ടുള്ള സംഭവങ്ങളില്‍ കൂടുതലും കുട്ടികളോട് ഏറ്റവും അടുത്തവരും രക്തബന്ധത്തിലുള്ളവരോ അയല്‍വാസികളോ അടുത്തിടപഴകുന്ന കുടുംബാംഗങ്ങളോ ഒക്കെയാവാം പ്രതിസ്ഥാനത്ത്.
അതുകൊണ്ടുതന്നെ ഒരു കാര്യം വ്യക്തമാണ് കുട്ടികളുമായി ചങ്ങാത്തം സ്ഥാപിച്ചതിന് ശേഷമാണ് ഇവര്‍ ഉപദ്രവിക്കാന്‍ മുതിരുന്നത്. ഇതുവരെയുള്ള പഠനങ്ങളില്‍ നിന്നും വെളിവാക്കപ്പെട്ടിരിക്കുന്നത് ഇതൊരു രോഗാവസ്ഥ തന്നെയാണെന്നാണ്.
പ്രായത്തിനനുസരിച്ചുള്ള വളര്‍ച്ചയുടെ ഭാഗമായി ലൈംഗികതയും വ്യക്തികളില്‍ രൂപപ്പെടുന്നു. ആഗ്രഹനിവര്‍ത്തിക്കായി ചിലര്‍ അവസരങ്ങള്‍ ഉപയോഗിക്കുന്നു. മറ്റ് ചിലര്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നു.
വികാര വിചാരങ്ങളെ നിയന്ത്രിക്കുന്നതിനുള്ള കഴിവ് മനസിനെ ആശ്രയിച്ചിരിക്കുന്നതിനാല്‍ ഇതിനെയും ഒരുതരം മാനസിക രോഗങ്ങളുടെ ശ്രേണിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
ശാരീരിക - മാനസിക വളര്‍ച്ചയെത്തിയവരെന്ന് തോന്നിപ്പിക്കുന്ന ആളുകളില്‍ നിന്നും ഇത്തരം പ്രവര്‍ത്തികള്‍ ഉണ്ടാകുന്നതുകൊണ്ട് ഇത് പ്രായത്തിന്റെ പക്വതയില്ലായ്മ എന്ന് കാണാന്‍ കഴിയില്ല.
പ്രധാനമായും ഈ മാനസിക രോഗത്തിന് രണ്ട് ഭാഗങ്ങളാണുള്ളത്. ഒന്ന് കുട്ടികളുടെ മുന്‍പില്‍ നഗ്നതാ പ്രദര്‍ശനം നടത്തി സായൂജ്യമടയുന്നവര്‍, രണ്ടാമത്തെ വിഭാഗത്തില്‍പ്പെടുന്നവര്‍ ലൈംഗികാതിക്രമം നടത്തുന്നവര്‍.
തങ്ങളുടെ കുട്ടിക്കാലത്ത് മുതിര്‍ന്നവരില്‍ നിന്നും ലൈംഗകാതിക്രമം ഏല്‍ക്കേണ്ടി വന്നവര്‍, പില്‍ക്കാലത്ത് കുട്ടികളുടെ മേല്‍ ഇത് പ്രയോഗിക്കുന്നവരായി മാറും.
അറിവില്ലായ്മയുടെ കാലത്ത് മനസിലേറ്റ മുറിവാണ് പില്‍ക്കാലത്ത് പീഡോഫീലിയ എന്ന രോഗാവസ്ഥയിലേക്ക് ഇത്തരക്കാരെ കൊണ്ടുചെന്നെത്തിക്കുന്നത്. കൃത്യമായ സമയത്ത് ശരിയായ ചികിത്സ നല്‍കുകയാണെങ്കില്‍ രോഗാവസ്ഥയിലേക്ക് മാറാതെ കാക്കാന്‍ കഴിയും.
ശാരീരിക വളര്‍ച്ചയ്ക്കനുസരിച്ച് മാനസിക വളര്‍ച്ച സംഭവിക്കാത്തവരും ഈ രോഗത്തിന് അടിമപ്പെടാറുണ്ട്. ശരീരത്തിന് ലൈംഗികദാഹം അനുഭവപ്പെടുമെങ്കിലും മാനസിക വളര്‍ച്ചയില്ലാത്തതിനാല്‍ കുട്ടികളോട് ആഭിമുഖ്യം കാണിക്കുന്നവരുണ്ട്.
ഇവര്‍ക്ക് സമപ്രായക്കാരുമായി ചങ്ങാത്തം കൂടുവാനോ ആശയവിനിമയം നടത്തുവാനോ താല്‍പര്യമുണ്ടാവില്ല. ഇവര്‍ക്ക് കുട്ടികളുമായി ചങ്ങാത്തം കൂടാന്‍ എളുപ്പം കഴിയുകയും ചെയ്യും. അവസരോചിതമായി തങ്ങളുടെ ആഗ്രഹനിവര്‍ത്തീകരണത്തിന് ഈ ചങ്ങാത്തം ഉപയോഗിക്കുകയും ചെയ്യും.
അടുത്തതായി സംതൃപ്തമല്ലാത്ത ലൈംഗിക ജീവിതം നയിക്കുന്നവരാണ്. പങ്കാളിയുമായി സുഖകരമല്ലാത്ത, അല്ലെങ്കില്‍ തനിക്ക് പങ്കാളിയെ തൃപ്തിപ്പെടുത്താന്‍ കഴിയില്ല എന്ന മിഥ്യാധാരണയോ കാരണം അസംതൃപ്തമായ മാനസികാവസ്ഥയിലായവര്‍ പെട്ടെന്ന് കുട്ടികളിലേക്ക് തിരിയും.
കാരണം തങ്ങളുടെ കുറവുകള്‍ കുട്ടികള്‍ തിരിച്ചറിയില്ലെന്ന് അവര്‍ കരുതുന്നു. കൂടെ തന്റെ ആവശ്യങ്ങള്‍ കൃത്യമായി നിറവേറുകയും ചെയ്യും. അങ്ങനെ വരുമ്പോള്‍ സ്വന്തം കുടുംബത്തിലെ കുട്ടികളെപ്പോലും ഉപയോഗിക്കുന്നതിന് യാതൊരു മടിയുമില്ലാത്തവരായി ഇവര്‍ മാറുന്നു.
സ്വന്തം മകളോ, സഹോദരങ്ങളുടെ മകളോ എന്ന വകഭേദമില്ലാതെ ഏതൊരു കുട്ടിയുടെ നേര്‍ക്കും പ്രയോഗിക്കുന്ന ഈ ലൈംഗികാതിക്രമം തികച്ചും മാനസിക വൈകല്യമായി പരിണമിക്കുന്നു.
കുട്ടികളുടെ നിഷ്‌ക്കളങ്കതയും നിര്‍മ്മലതയും തികഞ്ഞ വാത്സസല്യത്തോടെ ആസ്വദിക്കാനുള്ളതാണ്. അതിനെ ലൈംഗികാതിക്രമത്തിലൂടെ പിച്ചീചീന്തുന്നതിലൂടെ അടുത്ത തലമുറയെ തികഞ്ഞ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്.
ഈ പ്രവണതയെ തടയേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. അതിന് കാത്തു നില്‍ക്കാതെ കാവലാളാവുകയെന്നതാണ് മനുഷ്യത്വം നശിച്ചിട്ടില്ലാത്ത ഓരോരുത്തരുടെയും കടമ.
പീഡോഫീലിയ ഒരു രോഗമാണ്. ഈ രോഗം ആദ്യം മനസിലാക്കാന്‍ കഴിയുന്നത് രോഗിക്കുതന്നെയാണ്. സ്വന്തം പ്രവര്‍ത്തിയിലൂടെ മറ്റുള്ളവരും സമൂഹവും അറിഞ്ഞ് വരുമ്പോള്‍ രോഗിയുടെ ശരീരവും രോഗാവസ്ഥയിലെത്തിച്ചേരും. ഇതൊഴിവാക്കേണ്ടത് മറ്റാരേക്കാളും രോഗിയുടെ ആവശ്യമാണ്.
അതുകൊണ്ട് പരിഹാരത്തിലേക്ക് അടുക്കുകയാണ് ഉത്തമം. ഈ രോഗത്തിന് ശരിയായ ചികിത്സയുണ്ട്. ഒരു മനശാസ്ത്രജ്ഞന്റെയോ സൈക്കോളജിസ്റ്റിന്റെയോ സഹായത്തോടെ രോഗിക്ക് സാധാരണ ജീവിതത്തിലേക്ക് വരാവുന്നതാണ്.
ഹോര്‍മോണ്‍ വ്യതിയാനത്തെയും മനോനിലയുടെ വ്യതിയാനത്തെയും കൃത്യമായ പരിശോധനയിലൂടെ തിരിച്ചറിഞ്ഞതിനു ശേഷം, മരുന്നുകളുടെയും സൈക്കോതെറാപ്പികളിലൂടെയും അനുബന്ധ ചികിത്സാമാര്‍ഗങ്ങളിലൂടെയും ഭേദപ്പെടുത്താവുന്നതാണ്. വൈകുന്ന ഓരോ സമയവും ക്ഷണിച്ച് വരുത്തുന്ന അപകടത്തിന്റെ കാഠിന്യം വര്‍ധിപ്പിക്കുന്നതായിരിക്കും ഫലം.
കുട്ടികളാണ് കുടുംബത്തിന്റെ സന്തോഷവും സമ്പാദ്യവും. അതുകൊണ്ട് കുട്ടികള്‍ക്ക് യാതൊരു കോട്ടവും തട്ടാതിരിക്കേണ്ടത് കുടുബാംഗങ്ങളുടെ കടമയും കര്‍ത്തവ്യവുമാണ്. വളര്‍ച്ചയുടെ ഓരോ പടവുകളിലും സംശയങ്ങളുടെ മേമ്പൊടിയോടെ അവര്‍ അവതരിപ്പിക്കുന്ന ഓരോ ചോദ്യവും പ്രധാനപ്പെട്ടതുതന്നെയാണ്.
കളിചിരികളും കുസൃതികളും തീര്‍ക്കുന്ന സന്തോഷ അന്തരീക്ഷത്തില്‍ വൈഷമ്യത്തിന്റെ കാര്‍മേഘങ്ങള്‍ പെയ്തിറങ്ങുന്നത് ഒഴിവാക്കണം. പലപ്പോഴും ചോദ്യങ്ങള്‍ മാതാപിതാക്കളോടാണ് ചോദിക്കാറ്. എന്നാല്‍ ലൈംഗികവും വിവാഹ ജീവിതത്തെയും കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ചമ്മലോടെയുള്ള ചിരിയുടെ അകമ്പടിയോടെ കുട്ടികള്‍ക്ക് മതിയായ ഉത്തരം കൊടുക്കാതിരിക്കാനാണ് മാതാപിതാക്കള്‍ സാധാരണ ചെയ്യാറ്.
ശരിയായ സംശയനിവാരണം നടത്താതിരിക്കുന്നത് വലിയെ തെറ്റും തികഞ്ഞ അപകടവുമാണെന്ന് ബോധ്യപ്പെടാന്‍ ഇനിയും കാലങ്ങള്‍ കാത്തിരിക്കേണ്ടി വരില്ല. ഒന്ന് മനസിലാക്കിയിരിക്കുന്നത് ഏവര്‍ക്കും നന്നായിരിക്കും.
കുട്ടികള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് നിങ്ങള്‍ മറുപടി നല്‍കാന്‍ തയാറാകാതിരുന്നാല്‍ അവര്‍ സംശയങ്ങള്‍ അന്യരോടോ, സഹപാഠികളോടോ ലഭ്യമായ മറ്റ് വ്യക്തികളോടോ ആവര്‍ത്തിക്കും. അല്ലാതെ ആ സംശയങ്ങള്‍ ഉപേക്ഷിക്കാറില്ല.
കിട്ടുന്ന ഉത്തരങ്ങള്‍ അവരില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ക്ക് അറിയാതാണെങ്കിലും നിങ്ങളും ഉത്തരവാദികളാണ്. അതുകൊണ്ട് അവരെ നിരുത്സാഹപ്പെടുത്തുന്നതിന് പകരം അടുത്ത് നിറുത്തി അറിയാവുന്ന തരത്തില്‍ മറുപടി കൊടുക്കുക. അറിയാത്ത കാര്യങ്ങള്‍ അറിവുള്ളവരുമായി ബന്ധപ്പെട്ടതിന് ശേഷം മാത്രം ഉത്തരമായി നല്‍കുക.
കുട്ടികളുമായി ശരിയായ രീതിയിലും ആരോഗ്യകരമായും ആശയവിനിമയം നടത്താന്‍ മാതാപിതാക്കള്‍ എപ്പോഴും ശ്രദ്ധിക്കണം. എങ്കില്‍ മാത്രമേ കുട്ടികള്‍ തുറന്ന് സംസാരിക്കാന്‍ തയാറാവുകയുള്ളൂ.
ചെറുതും വലുതുമായ സംഭവങ്ങളും സാഹചര്യങ്ങളും കുട്ടികള്‍ക്ക് തുറന്ന് പറയാനുള്ള സ്വാതന്ത്ര്യവും കുടുംബാന്തരീക്ഷത്തില്‍ നിലനിര്‍ത്തേണ്ടത് മാതാപിതാക്കളാണ്. സഹപാഠികളോ, കൂട്ടുകാരോ, പരിചയക്കാരോ ബന്ധുക്കളോ തുടങ്ങി അപരിചിതരില്‍ നിന്നുപോലും ഉണ്ടാകാവുന്ന അതിക്രമത്തെക്കുറിച്ച് കുട്ടികളില്‍ അവബോധം സൃഷ്ടിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
അവിചാരിതമായി സംഭവിക്കാവുന്ന ഇത്തരം സാഹചര്യങ്ങളെ സമചിത്തതയോടെ നേരിടാനും ആവശ്യമായ സഹായം ലഭ്യമാക്കി രക്ഷപെടാനും ഉള്ള ധൈര്യം കുട്ടികളില്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞാല്‍ ഒരു പരിധിവരെ ഇത്തരം പ്രതിസന്ധികളെ അതിജീവിക്കാന്‍ കഴിയും.
കുട്ടികളുടെ പ്രായത്തിനും അവരുടെ സംശയങ്ങള്‍ക്കും അനുസരിച്ചുള്ള ലൈംഗിക വിദ്യാഭ്യാസം മാതാപിതാക്കളില്‍ നിന്നും സ്‌കൂളില്‍ നിന്നും നല്‍കേണ്ടത് അത്യാവശ്യമായിരിക്കുന്നു. സ്വന്തം ശരീരത്തെക്കുറിച്ചുള്ള അവബോധം കുട്ടിയില്‍ ഉണ്ടാക്കിയെടുക്കുക എന്നതാണ് ആദ്യപടി. സ്വകാര്യ ഭാഗങ്ങളെക്കുറിച്ചുള്ള അറിവും ആവശ്യകതയും കുട്ടിക്ക് മനസിലാകുന്ന തരത്തിലാവണം പഠിപ്പിക്കേണ്ടത്.
സ്വശരീരത്തില്‍ മറ്റുള്ളവര്‍ സ്പര്‍ശിക്കാനും സ്പര്‍ശിക്കാന്‍ പാടില്ലാത്തതുമായ അവസ്ഥയെക്കുറിച്ച് കുട്ടി ബോധ്യപ്പെട്ടിരുന്നാല്‍, ഒഴിവാക്കാനും പ്രതിരോധിക്കാനും കഴിയും. ഏതെങ്കിലും തരത്തിലുള്ള കടന്നാക്രമണമോ ഇടപെടലോ ഉണ്ടായാലുടനെ മാതാപിതാക്കളുടെയും മുതിര്‍ന്നവരെയോ അറിയിക്കാന്‍ കുട്ടികള്‍ മടി കാണിക്കാത്ത വിധം അവരെ പ്രാപ്തരാക്കുക. മാതാപിതാക്കളുടെ അമിതമായ പേടിപ്പെടുത്തലുകള്‍ കുട്ടിയെ ആശയ സംവേദനത്തില്‍ നിന്നും അകറ്റുകയും തല്‍ഫലമായി അപ്രതീക്ഷിതമായ ദുരന്തങ്ങള്‍ വന്നു ഭവിക്കുകയും ചെയ്യും.
അനാരോഗ്യകരമായ ലൈംഗിക ബന്ധം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളെയും രോഗങ്ങളെയും കുറിച്ച് അറിവ് കൊടുക്കുന്നതോടൊപ്പം എപ്പോഴാണിവയൊക്കെ ആകാമെന്നതിനെക്കുറിച്ചും പഠിപ്പിക്കേണ്ടതുണ്ട്.
കുട്ടികളിലുണ്ടാകുന്ന ചെറുതും വലുതുമായ മാറ്റങ്ങളെ മനസിലാക്കാനും കുറ്റപ്പെടുത്താതെ കൂടെ നിര്‍ത്താനും മാതാപിതാക്കള്‍ തയാറായാല്‍ ഒരു നല്ല തലമുറയെ വാര്‍ത്തെടുക്കാന്‍ നമുക്കാകും. അപകടങ്ങള്‍ക്ക് ശേഷം പരിഹാരങ്ങള്‍ക്ക് പിന്നാലെ പായുന്നതിനേക്കാള്‍ നല്ലതാണ് ശരിയായ രീതിയില്‍ സഞ്ചരിക്കാന്‍ കഴിയുന്നത്.
ഡോ. അമൃത വിജയന്‍
കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ്
പുനര്‍നവ ഹോസ്പിറ്റല്‍
ഇടപ്പള്ളി, എറണാകുളം
അവസാനം പരിഷ്കരിച്ചത് : 7/27/2020