പരീക്ഷക്കാലത്ത് കുട്ടികൾ ഉത്കണ്ഠാകുലർ ആകാതിരിക്കാൻ മാതാപിതാക്കൾക്ക് പ്രത്യേകം തയ്യാറെടുക്കാം.
രക്ഷിതാക്കളും കുട്ടികളും ഒരേപോലെ പരീക്ഷാസംബന്ധമായ മാനസിക സമ്മർദ്ദത്തിന്റെ ചൂടറിയുന്ന കാലമാണിത്. മത്സരബുദ്ധി ആരോഗ്യപരമാണെങ്കിൽ കൂടിയും ചിലപ്പോഴത് മാതാപിതാക്കളെയും കുട്ടികളെയും അമിത സമർദ്ദത്തിനും ഉത്കണ്ഠയ്ക്കും അടിമപ്പെടുത്തുന്നു. പഠനമികവിനെ സംബന്ധിച്ച് ഉണ്ടാകുന്ന ഉത്കണ്ഠകളും അത് കുട്ടികളുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളും ഉടലെടുക്കുന്നത് ബോധപൂർവ്വമോ അബോധപൂർവ്വമോ അത് തങ്ങളുടെ കുട്ടികളിലേക്ക് ഭാരമിറക്കിവെയ്ക്കുന്ന രക്ഷിതാക്കളിൽ നിന്നാണെന്നാണ് മാനസികരോഗ വിദഗ്ദ്ധർ കണ്ടെത്തിയിരിക്കുന്നത്.
പരീക്ഷാസമയത്ത് എനിക്കെന്റെ കുട്ടിയെ എങ്ങനെ സഹായിക്കാം?
പരീക്ഷകൾ സുഗമമാക്കാൻ പ്രോത്സാഹിപ്പിക്കുന്ന ആള് മാത്രമാകണം രക്ഷിതാവ്. പരീക്ഷകളിലെ പ്രകടനമോർത്ത് കുട്ടി ഉത്കണ്ഠാകുലനും മാനസിക സമ്മർദ്ദത്തിലുമാണ് എന്ന കാര്യം ഓർക്കുക. ഈ പ്രത്യേക അവസരത്തിൽ, ഒരു രക്ഷിതാവായ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത്:
വിഷയങ്ങൾ വീണ്ടും വായിക്കാൻ ഉതകുന്ന രീതിയിൽ ഒരു ടൈം ടേബിൾ സൃഷ്ടിക്കുവാൻ കുട്ടിയെ സഹായിക്കുക.
പഠിക്കാനുള്ള കാര്യങ്ങൾ വീണ്ടും വായിച്ച് നോക്കാൻ കുട്ടിയെ സഹായിക്കുക.
അവരുടെ ആരോഗ്യം സംരക്ഷിക്കാൻ ആവശ്യമായ പോഷകസമൃദ്ധമായ ഭക്ഷണം നൽകുക.
കുട്ടിയുടെ ഉറക്കത്തിന്റെ രീതി നിരീക്ഷിക്കുകയും മതിയായ വിശ്രമം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക.
അവരുടെ ആശങ്കകളെ തരണം ചെയ്യാൻ ആവശ്യമായ വൈകാരികമായ പിന്തുണയും ഉറപ്പും നൽകുക.
എന്റെ കുട്ടി പരീക്ഷാ സമ്മർദ്ദം അനുഭവിക്കുന്നുണ്ടെന്ന് ഞാൻ എങ്ങനെയാണ് മനസിലാക്കുന്നത്?
ഒരു രക്ഷിതാവെന്ന നിലയ്ക്ക് നിങ്ങളുടെ കുട്ടി ഭയപ്പെടുമ്പോഴോ മാനസിക പിരിമുറുക്കം അനുഭവിക്കുമ്പോഴോ ഉത്കണ്ഠാകുലരാകുമ്പോഴോ എങ്ങനെയാവും പ്രതികരിക്കുക എന്ന് നിങ്ങൾക്കറിയാം. കുട്ടികൾ സാധാരണയായി തങ്ങളുടെ ഉത്കണ്ഠകളെയും സംഘർഷങ്ങളേയും ഇച്ചാഭംഗങ്ങളേയും അല്ലെങ്കിൽ പഠനത്തിലുള്ള തടസ്സങ്ങളേയും, പ്രയാസങ്ങളേയും കുറിച്ച് മാതാപിതാക്കളോട് സംസാരിക്കാറുണ്ട്. പരീക്ഷയ്ക്കായി കൃത്യമായി തയ്യാറെടുക്കാതിരിക്കുക, തങ്ങൾക്ക് ആവശ്യമുള്ള സീറ്റോ കോഴ്‌സോ കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യുമെന്ന പേടി ഉണ്ടാകുക, ശ്രദ്ധ ചെലുത്തി പഠിക്കാൻ സാധിക്കാതെ വരിക, പഠിച്ചതെല്ലാം മറന്ന് പോകുക, വിഷയങ്ങൾ പഠിച്ചെടുക്കാൻ പറ്റാതെ വരിക തുടങ്ങിയവ കുട്ടികൾ പ്രകടിപ്പിച്ച് വരുന്ന ചില ഉത്കണ്ഠകളാണ്. ഇത് കൂടാതെ കുട്ടികൾ കൂടുതൽ ഉറങ്ങുകയോ തീരെ ഉറങ്ങാതെ ഇരിക്കുകയോ ചെയ്യുന്നു. അതേസമയം മറ്റ് ചിലർക്ക് പരീക്ഷയ്ക്ക് തൊട്ട് മുമ്പ് വയറിന് പ്രശ്‌നമുണ്ടാകുകയോ പരീക്ഷാഫലത്തെക്കുറിച്ചോർത്ത് നിരാശയും ഉത്കണ്ഠയും ഉണ്ടാകുകയും ചെയ്യുന്നു. ഉത്കണ്ഠ കൂടുന്നതിന് അനുസരിച്ച് ചില വിദ്യാർത്ഥികൾ സ്വയം അപകടപ്പെടുത്തുന്ന തരത്തിലുള്ള പെരുമാറ്റത്തിലേക്ക് എത്താൻ സാധ്യതയുണ്ട്. ഇവയെല്ലാം തന്നെ പരീക്ഷയുണ്ടാക്കുന്ന മാനസിക സമ്മർദ്ദങ്ങളുടെയും ഉത്കണ്ഠകളുടെയും അടയാളങ്ങളാണ്. കുട്ടിയുടെ സമീപം തന്നെ ഉണ്ടാകുന്നതും നിരീക്ഷിക്കുന്നതും അവരുടെ സ്വഭാവത്തിന് എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ എന്ന് മനസിലാക്കുന്നതിന് സഹായിക്കും. മാർക്കിലല്ല, കാര്യങ്ങൾ പഠിക്കുന്നതിലാണ് ശ്രദ്ധ ചെലുത്തേണ്ടതെന്ന് ഉറപ്പാക്കുന്നതും അവരെ ഒരു വലിയ അളവുവരെ സമാധാനമായി ഇരിക്കാൻ സഹായിക്കുന്നു. നിങ്ങൾ സമാധാനമായി ഇരുന്ന്അവരുടെ പേടി വർദ്ധിപ്പിക്കാതെ അവരെ സമാധാനമായി നിർത്തുക എന്നതും പ്രധാനപ്പെട്ട കാര്യമാണ്.
എന്റെ കുട്ടിക്ക് രാത്രി പഠിക്കണം. അതിന് അനുവദിക്കണമോ?
എല്ലാ കുട്ടികളും വ്യത്യസ്ഥരാണ്, അതുപോലെ തന്നെയാണ് അവരുടെ പഠനശീലങ്ങളും. ചിലർ നേരത്തെ കിടന്ന് അതിരാവിലെ എഴുന്നേൽക്കുമ്പോൾ മറ്റ് ചിലർ രാത്രിയിലാകും കൃത്യമായി ശ്രദ്ധിക്കുക. നിങ്ങളുടെ കുട്ടിക്ക് രാത്രി പഠിക്കുവാൻ കഴിയുകയും രാവിലെ വിശ്രമിക്കുവാനും കഴിയുമെങ്കിൽ അങ്ങനെ ചെയ്യാൻ അവരെ അനുവദിക്കുക. കൂടാതെ കൗമാര പ്രായത്തിൽ കുട്ടികൾ കൂടുതൽ ഉറങ്ങുവാൻ സാധ്യത ഉണ്ടെന്നും ഓർക്കുക. അവരുടെ ഉറക്കം മുറിയുകയാണെങ്കിൽ പകൽ സമയങ്ങളിൽ കൃത്യമായി പ്രവർത്തിക്കാൻ അവർക്ക് കഴിയാതെ വരുന്നു.
എന്റെ കുട്ടിക്ക് ഒരു പഠനക്രമം രൂപീകരിക്കാൻ എങ്ങനെ കഴിയും?
കുട്ടിയുടെ ആവശ്യത്തിന് ആശ്രയിച്ചാണ് സഹായത്തിന്റെ അളവ്. രക്ഷിതാക്കൾക്ക് സഹായിക്കാൻ പറ്റുന്ന ചില വഴികളാണ്:
കോഴ്സിന്റെ എത്രത്തോളം ഭാഗമാണ് പൂർണ്ണമായിട്ടുള്ളതെന്ന് പരിശോധിക്കുക
ടൈം ടേബിൾ ഉണ്ടാക്കാനുള്ള നിർദ്ദേശങ്ങൾ നൽകുകയും അത് പിന്തുടരാൻ സഹായിക്കുകയും ചെയ്യുക
അവർക്ക് വ്യക്തമല്ലാത്ത ആശയങ്ങളെക്കുറിച്ച് വിശദീകരിക്കുക
കുറച്ച് സമയം വിശ്രമിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക.
അവർക്ക് എഴുതുന്നതിലും ഉത്തരങ്ങൾ ക്രമപ്പെടുത്തുന്നതിലും വേഗത കുറവാണെങ്കിൽ വീട്ടിൽ പരീക്ഷ നടത്തുക.
ഞാൻ പേടിക്കേണ്ടാത്ത കാര്യങ്ങൾ ഏതൊക്കെയാണ്?
ഉയർന്ന ക്ലാസിലെ പല കുട്ടികളും പരീക്ഷാസമയത്ത് പഠനത്തോട് ഉത്തരവാദിത്വം പുലർത്തുന്നു. അതിനാൽ അവരെ നിയന്ത്രിക്കുന്നത് ഒഴിവാക്കി, അവരുടേതായ നിലയിൽ പഠിക്കാനുള്ള സാഹചര്യം ഒരുക്കുക. പഠനത്തോട് ഉത്തരവാദിത്വം പുലർത്താൻ അവരെ പ്രേരിപ്പിക്കുക എന്നതാണ് പ്രധാനം. അതുകൊണ്ട് അമിതമായ നിരീക്ഷണവും ഉപദേശവും നന്നായി പഠിക്കുവാൻ അവരെ സഹായിക്കില്ല. ഹൈസ്‌കൂളിൽ ആയിട്ടും തങ്ങളുടെ കുട്ടികളുടെ കൂടെയിരുന്ന് പഠിപ്പിക്കുന്ന രക്ഷിതാക്കളെ ഞാൻ കണ്ടിട്ടുണ്ട്. ഇത് പിന്തുണ നൽകുന്നതിന് പകരം അവരുടെ സ്വാതന്ത്ര്യത്തിലേക്ക് നുഴഞ്ഞ് കയറുന്നതിന് തുല്യമാണ്. ഏതെങ്കിലും വിഷയങ്ങളോ ആശയങ്ങളോ മനസിലാക്കാൻ സഹായം വേണമെങ്കിൽ അവർക്ക് നിങ്ങളെ സമീപിക്കാമെന്ന് പറയുക. പരീക്ഷയെക്കുറിച്ച് ഓർത്ത് വിഷമിക്കുകയോ ഉത്കണ്ഠപ്പെടുകയോ ചെയ്യേണ്ടതില്ലെന്ന് അവരെ മനസിലാക്കിക്കുക.
ഇന്റർനെറ്റ് ഉപയോഗിക്കുവാനും ടിവി കാണാനും പുറത്ത് പോയി കളിക്കാനും കുട്ടിയെ അനുവദിക്കാമോ?
ഫോണിൽ ഒരു സന്ദേശം വന്നോയെന്ന് പരിശോധിക്കുവാനോ കുറച്ച് സമയത്തേക്ക് ഇന്റർനെറ്റ് ഉപയോഗിക്കുവാനോ പഠനത്തിൽനിന്ന് നിങ്ങളുടെ കുട്ടി ഒരിടവേള എടുക്കുകയാണെങ്കിൽ കുഴപ്പമില്ല. ഫോണിലും ഇന്റർനെറ്റിലും ചെലവഴിക്കുന്ന സമയത്തെക്കുറിച്ച് കൃത്യമായ ആത്മനിയന്ത്രണം ഉണ്ടാകേണ്ടതുണ്ട്. ഇതിന് പകരമായി ഒന്ന് നടക്കാൻ പോകുവാനോ കുറച്ചുസമയം പാട്ട് കേൾക്കുവാനോ അവരോട് ആവശ്യപ്പെടുക. ഇത് നിങ്ങളുടെ കുട്ടിയെ ഉന്മേഷം വീണ്ടെടുക്കാൻ സഹായിക്കുന്നു. തങ്ങളുടെ പ്രവൃത്തികൾക്ക് ഉത്തരവാദികളാവാൻ പ്രേരിപ്പിക്കുക എന്നതാണ് ഒരു രക്ഷിതാവ് എന്ന നിലയിൽ ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം.
ഒരു രക്ഷിതാവെന്ന നിലയ്ക്ക് ഞാൻ എങ്ങനെയാണ് പരീക്ഷാസമയത്തെ എന്റെമാനസിക സമ്മർദ്ദം കുറയ്ക്കുക?
ഓരോ കുട്ടിയും വ്യത്യസ്തരാണെന്നും ഓരോരുത്തർക്കും ശക്തിയും കഴിവുകളുമുണ്ടെന്ന വസ്തുത നിങ്ങൾ മനസിലാക്കേണ്ടതുണ്ട്. ഉയർന്ന മാർക്ക് ഉണ്ടെങ്കിലും ഇല്ലെങ്കിലും ആളുകൾക്ക് നന്നായി ജീവിക്കാൻ പറ്റുമെന്ന കാര്യം നിങ്ങൾ മനസിലാക്കേണ്ടതുണ്ട്. പക്ഷേ പഠനത്തിന്റെ അടിസ്ഥാനത്തിൽ മാത്രം നിങ്ങളുടെ കുട്ടിയെ അളക്കുന്നത് ശരിയായ കാര്യമല്ല. ഈ തെറ്റിദ്ധാരണയും മാനസികതടസവും മാറ്റേണ്ടതുണ്ട്. വിദ്യാഭ്യാസം എന്നത് ജീവിതത്തിലെ ഒരു ഭാഗം മാത്രമാണ്, ജീവിതമല്ല. കാഴ്ചപ്പാടിൽനിന്ന് കൊണ്ട് കുട്ടിയുടെ കഴിവുകളെ അംഗീകരിക്കുകയും അതിന്റെ സാധ്യതകൾ മനസിലാക്കുകയും ചെയ്യുന്നത് കുട്ടിയെ പിന്തുണയ്ക്കുന്നതിനുള്ള മാർഗ്ഗമാണ്.
എന്റെ കുട്ടിയോട് ഞാൻ എങ്ങനെയാണ് വിജയ പരാജയങ്ങളെക്കുറിച്ച് സംസാരിക്കുക?
ഒരു രക്ഷിതാവെന്ന നിലയിൽ പഠനത്തിലെ ജയപരാജയങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ ചിന്തകളെ വ്യക്തമാക്കാൻ ശ്രമിക്കാവുന്നതാണ്. ഉദാഹരണത്തിന്, 90 ശതമാനത്തിൽ കുറവ് മാർക്ക് ലഭിക്കുന്നത് പരാജയമാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ കുട്ടിയും അബോധത്തിൽ ഇത് സ്വീകരിക്കുന്നു. അതിനാൽ കുഴപ്പമില്ലാത്ത വിജയമെന്ന് അംഗീകരിക്കപ്പെടുന്ന 85 ശതമാനം മാർക്ക് വാങ്ങിയാൽപോലും അവർ നിരാശരായി കാണപ്പെടുന്നു. എന്തെന്നാൽ അവരുടെ രക്ഷിതാക്കൾ അത് മതിയായ മാർക്കായി പരിഗണിക്കുന്നില്ല. ഒരു രക്ഷിതാവെന്ന നിലയിൽ നിങ്ങളുടെ കുട്ടി വിവേകമുള്ളവനും ദയാലുവുമായ ഒരു വ്യക്തിയായി സമൂഹത്തിൽ ജീവിക്കുന്നതിനാണ് പ്രാധാന്യം കൊടുക്കേണ്ടത്.
നിങ്ങളുടെ കുട്ടിയെ പരിപാലിക്കുവാനുള്ള ഏറ്റവും നല്ല വഴി അവരുടെ ശക്തിയെ തിരിച്ചറിയുക, അഭിരുചികൾ മനസ്സിലാക്കുക, ആത്മാഭിമാനം വർദ്ധിപ്പിക്കുക, ആത്മവിശ്വാസം വളർത്തുക തുടങ്ങിയ കാര്യങ്ങളിൽ സഹായിക്കുകയാണ്. നിങ്ങളും കുട്ടിയുമായുള്ള ദൈംനംദിന സംഭാഷങ്ങളിൽ ഇത് പ്രതിഫലിക്കേണ്ടത് ആവശ്യമാണ്. വിജയത്തെ മാത്രമല്ല നിങ്ങൾ ബഹുമാനിക്കുന്നതെന്ന് വിശദമാക്കുക. വിജയപരാജയങ്ങളെ തുല്യമായി പരിഗണിക്കുകയും രണ്ടും പ്രധാനമാണെന്നുമുള്ള രീതിയിൽ പെരുമാറുക. നിങ്ങളുടെ കുട്ടിയുമായി സാധാരണ ഉണ്ടാകാറുള്ള സംസാരത്തിന്റെ സാരം എന്താണെന്ന് സ്വയം ചോദിക്കുക. അത് നിങ്ങളുടെ കുട്ടിയെ സന്തോഷവാനും ആത്മവിശ്വാസം ഉള്ളവനും ആക്കുന്നുണ്ടോ? ഇല്ലെങ്കിൽ നിങ്ങളുടെ കുട്ടിയെ ആരോഗ്യവാനും സന്തോഷമുള്ളവനുമായി വളർത്തിയെടുക്കാൻ നിങ്ങളുടെ സംസാരത്തിന്റെ രീതി മാറ്റുക.
ഞാൻ ഇന്ന് സ്‌കൂളിൽ പോകുന്നില്ല!
സാധാരണ കുട്ടികൾ പറയുന്ന കാര്യമാണ്. കുട്ടികളിൽ ഉണ്ടാകുന്ന വേര്‍പിരിയല്‍ ആകാംക്ഷയെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെന്നാണ് ഇവിടെ പറയുന്നത്.
നിങ്ങൾ എപ്പോഴാണ് അവസാനമായി കുട്ടിയുമായി “ഒളിച്ചേ കണ്ടേ” കളിച്ചത്? ഒരു നിമിഷം നിങ്ങളുടെ മുഖം ഒളിപ്പിച്ചശേഷം പെട്ടെന്ന് അത് വെളിവാക്കുമ്പോൾ കുട്ടിയിലുണ്ടാകുന്ന ആകാംക്ഷയും ആഹ്ലാദവും കണ്ട് നിങ്ങൾ അത്ഭുതപ്പെട്ടിട്ടുണ്ടോ? ഇതിനെക്കുറിച്ച് സ്വിസ് മനശാസ്ത്രജ്ഞൻ ഴാക് പിയജറ്റ് രൂപപ്പെടുത്തിയ വസ്തുനിലനില്‍ക്കുന്നു എന്ന ജ്ഞാനപദ്ധതിയിലാണ് ആദ്യമായി ചർച്ച ചെയ്തത്. പിയജറ്റ് മുന്നോട്ടുവെച്ച ആശയപ്രകാരം ആദ്യത്തെ എട്ട് മാസം കുട്ടിക്ക് തന്റെ മുമ്പിൽ കാണുന്നതല്ലാതെ വേറെയൊന്നും അറിയില്ല, അല്ലെങ്കിൽ വേറെ ഒന്നിനെക്കുറിച്ചും ബോധവാനല്ല. കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ കണ്ണിന് മുമ്പിലില്ലാത്തത് മനസിലുമില്ല എന്നതാണ് സ്വഭാവികമായ കാര്യം. എട്ട് മാസം മുതൽ 12 മാസം വരെയുള്ള കാലഘട്ടത്തിലാണ് തന്റെ മുമ്പിൽ കാണുന്നില്ലെങ്കിലും ഒരു വസ്തു നിലനിൽക്കുന്നുണ്ടെന്ന് കുട്ടി മനസിലാക്കുന്നത്. കാര്യങ്ങൾ മനസിലാക്കാൻ തുടങ്ങുക എന്ന ഘട്ടമാണ് ഇത്. ഇത് കുട്ടിക്ക് നൽകുന്നത് വലിയ തിരിച്ചറിവാണ്. അവന്റെ വളർച്ചാഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ലുകള്‍, അത് മിക്കവാറും മാതാപിതാക്കളോ അവനെ നോക്കുന്നവരോ ആകാം, കൺമുമ്പിൽനിന്ന് മറഞ്ഞാലും ഉള്ളത് തന്നെയാണെന്ന് അവൻ തിരിച്ചറിയുന്നു. അതിനനുസരിച്ച് അവൻ പ്രതികരിച്ച് തുടങ്ങുന്നു. അവരെ കണ്ടില്ലെങ്കില്‍ കരച്ചിലും വാശിയും ശാഠ്യവും പ്രകടിപ്പിക്കുന്നു.
ഒരു കുഞ്ഞിന് ഏകദേശം എട്ടു മാസം പ്രായമുള്ളപ്പോഴാണ് സെപ്പറേഷൻ ആങ്‌സൈറ്റി ആദ്യമായി കാണപ്പെടാന്‍ തുടങ്ങുന്നത്. മാതാപിതാക്കളുമായുള്ള ദൃഢമായ ബന്ധം തുടങ്ങുന്ന കാലഘട്ടമാണിത്. ആദ്യമായി സ്‌കൂളിൽ പോകുന്ന സമയങ്ങളിലാണ് സെപ്പറേഷൻ ആങ്‌സൈറ്റി പ്രധാനമായും പ്രകടമാകുക. വേർപിരിയുന്നത് മൂലമുള്ള ആകാംക്ഷ ഓരോ കുട്ടിയിലും ഓരോ തരത്തിലാണ് പ്രകടമാകുക.
- -സ്‌കൂളിൽ പോകാൻ താത്പര്യമില്ലായ്മ
- -അച്ഛന്റെയോ അമ്മയുടെയോ സാമീപ്യം എപ്പോഴും ആഗ്രഹിക്കുക,
- -അവരുടേയോ കുട്ടിയെ നോക്കുന്നവരുടേയോ പിറകേ നടക്കുക.
- -വേർപിരിയുന്ന സമയത്ത് (സ്‌കൂളിൽ ആക്കുന്ന സമയങ്ങളിൽ) ശാഠ്യം പിടിക്കുക പലതരത്തിലുള്ള അസുഖങ്ങൾ, തലവേദന, വയറുവേദന തുടങ്ങിയവ പ്രകടിപ്പിക്കുക.
ഇത് സാധാരണ കുട്ടികളിൽ കണ്ടുവരുന്ന ഒരു പ്രതിഭാസമാണ്. വളർച്ചാഘട്ടത്തിൽ പ്രകടിപ്പിക്കുന്ന ഈ സ്വഭാവവിശേഷം പ്രശ്‌നകാരിയല്ലെന്ന് മാത്രമല്ല കുട്ടിയുടെ വളർച്ചയുടെ സൂചന കൂടിയാണ്. തന്നെ സ്‌നേഹിക്കുന്നവരുമായുള്ള ദൃഢമായ ബന്ധത്തിന്റെ സൂചനയാണ് സെപ്പറേഷൻ ആങ്‌സൈറ്റി അഥവാ വേർപിരിയൽ വിഷാദം. താൻ സ്‌നേഹിക്കുന്നവരെ പിരിഞ്ഞിരിക്കാൻ വയ്യെന്നാണ് ഇതിലൂടെ കുട്ടി പറയാൻ ശ്രമിക്കുന്നത്. കുട്ടിയുടെ വൈകാരികാവസ്ഥകൾ മാതാപിതാക്കളും മനസിലാക്കണം. അതിനെ കൈകാര്യം ചെയ്യാനും ശ്രമിക്കണം. തങ്ങളെ പിരിഞ്ഞിരിക്കുന്നതിലുള്ള കുട്ടിയുടെ വേദന മനസിലാക്കണം. കുട്ടിയുടെ വാശിയും ശാഠ്യംപിടിക്കലും നേരിടാന്‍ തയ്യാറാകണം.
സെപ്പറേഷൻ ആങ്‌സൈറ്റി അനുഭവിക്കുന്ന കുട്ടിയെ സന്തോഷിപ്പിക്കാനുള്ള ചില കാര്യങ്ങളാണ് താഴെ പറയുന്നത്. ഇനി പറയുന്ന ആറ് കാര്യങ്ങൾ ചെയ്താൽ കുട്ടിയുടെ വിഷമം ഒരുപരിധിവരെ പരിഹരിക്കാൻ സാധിക്കും.
കുട്ടിയെ സ്‌കൂളിൽ വിട്ടശേഷം ഒരിക്കലും പതുങ്ങി സ്ഥലംവിടാന്‍ ശ്രമിക്കരുത്
തിരിഞ്ഞ് നോക്കി തിരിഞ്ഞ് നോക്കി പോകുന്ന മകനെ അല്ലെങ്കിൽ മകളെ നോക്കി നിൽക്കണം. അത് കുട്ടിയുടെ അരക്ഷിതബോധം കുറയ്ക്കാൻ ഇടയാക്കും. കുട്ടിയെ ഗേയ്റ്റിൽ വിട്ടശേഷം വളരെ വേഗത്തിൽ മടങ്ങുന്ന അച്ഛനുമമ്മയും കുട്ടിയുടെ ഉപേക്ഷിക്കപ്പെട്ടുവെന്ന തോന്നല്‍ ഇരട്ടിയാക്കും എന്ന് തിരിച്ചറിയുക. ആദ്യസമയങ്ങളിൽ കുറെയധികം സമയം കുട്ടിയോടൊപ്പം ചെലവഴിച്ച ശേഷം മാത്രം സ്‌കൂളിൽനിന്ന് പോരുക. പതുക്കെപ്പതുക്കെ ചെലവഴിക്കുന്ന സമയം കുറയ്ക്കുക. തിരികെയെത്തുന്ന സമയത്തെക്കുറിച്ച് കുട്ടി ബോധവാനാകുന്നത് വരെ ഇത് തുടരണം. സ്‌കൂളിൽ വിട്ടശേഷം മാതാപിതാക്കൾ തിരികെയെത്തുന്ന സമയത്തെക്കുറിച്ച് പതുക്കെ കുട്ടി ബോധവാനാകും. ഗുഡ്‌ബൈ പറഞ്ഞ് പോയശേഷം ഒരുറക്കവും ലഘുഭക്ഷണവും ചായകുടിയും കഴിഞ്ഞ് അച്ഛൻ/അമ്മ കൊണ്ടുപോകാൻ വരുമെന്ന കണക്കുകൂട്ടൽ കുട്ടിയിലുണ്ടാകും. അതുവരെ ക്ഷമയുള്ളവരായിരിക്കണം.
എന്താണ് പ്രതീക്ഷിക്കേണ്ടത് എന്ന കാര്യത്തിലും കുട്ടിക്ക് ഒരു ബോധ്യമുണ്ടാകണം: നിങ്ങൾ തിരിച്ച് പോരുന്നതിന് മുമ്പായി കുട്ടി എന്തെങ്കിലും കളിയിൽ ഏർപ്പെട്ടതായി ഉറപ്പുവരുത്താൻ ശ്രമിക്കണം. കളർ ചെയ്യാൻ തുടങ്ങുക, ചെറിയ കട്ടകള്‍ കൂട്ടിയിണക്കുക (ബില്‍ഡിംഗ് ബ്ലോക്സ്) തുടങ്ങി എന്തെങ്കിലും കാര്യത്തിൽ വ്യാപൃതനായി എന്ന് തോന്നിയാൽ മാത്രം മടങ്ങിപ്പോരാൻ ശ്രമിക്കുക. കുട്ടിയെ സമാധാനിപ്പിക്കാന്‍ ഏറ്റവും പറ്റിയ മാര്‍ഗം എന്താണെന്നതിനെപ്പറ്റി ടീച്ചറോട് സംസാരിക്കുക. ചില കുട്ടികള്‍ കഥാപുസ്തകങ്ങളോ പാട്ടുകളോ കൊണ്ടു ശാന്തരാകുന്നു.
വീട്ടിൽ പോകുമ്പോൾ സ്‌കൂളിലുണ്ടായ കാര്യങ്ങളെക്കുറിച്ച് ചോദിച്ചറിയുക: പ്രീ സ്‌കൂളിൽ ചേർക്കുന്നതിന് മുമ്പായി കുട്ടിയെ അവിടെ കൊണ്ടുപോകാൻ ശ്രമിക്കണം. അവിടെ പോകാനും കുട്ടികളോടൊപ്പം കളിക്കാനുമുള്ള താത്പര്യം കുട്ടിക്കും തോന്നണം. സ്‌കൂളിൽ പോകാൻ തുടങ്ങിയാൽ ടീച്ചർമാരുടെ പേരുകൾ ചോദിക്കണം. മറ്റുള്ള കുട്ടികളുടെ പേരുകൾ ചോദിക്കണം. മറ്റുള്ളവരുമായി സംസാരിക്കാനും ബന്ധം സ്ഥാപിക്കാനുമുള്ള താത്പര്യം കുട്ടിയിൽ വളർത്തിയെടുക്കണം. കുട്ടിയുടെ അധ്യാപകരുമായി ബന്ധം സ്ഥാപിക്കണം. ഇത് അധ്യാപകരുമായി നല്ല ബന്ധം സ്ഥാപിക്കുന്നതിന് കുട്ടിയേയും സഹായിക്കും. സ്‌കൂളിൽ കൊണ്ടുപോകുന്നതിനുള്ള സാധനങ്ങൾ തയ്യാറാക്കാൻ കുട്ടിയെ അനുവദിക്കുക. ഭക്ഷണസാധനങ്ങൾ പൊതിയുന്നതിനും ബാഗ് തയ്യാറാക്കുന്നതിനും വസ്ത്രങ്ങള്‍ എടുത്തുവയ്ക്കുന്നതിനും കുട്ടിയെ പ്രേരിപ്പിക്കുക. ഇത് സ്‌കൂളിൽ പോകുന്നതിനുള്ള താത്പര്യം വർദ്ധിപ്പിക്കും.
അമിത ആകാംക്ഷഭരിതരാകാതിരിക്കുക: മാതാപിതാക്കളെ അനുകരിക്കാനുള്ള ശ്രമം കുട്ടികളിൽ എപ്പോഴുമുണ്ടാകും. അതുകൊണ്ടുതന്നെ കുട്ടിയുടെ മുമ്പിൽവെച്ച് അമിതമായി ഉത്കണ്ഠാകുലർ ആകാതിരിക്കുക. നിങ്ങൾ അമിത ഉത്കണ്ഠാകുലർ ആണെങ്കിൽ നിങ്ങളുടെ കുട്ടി നിങ്ങളെ അനുകരിച്ച് നിങ്ങളുടെ തന്നെ ഒരു പ്രതിബംബമാകാന്‍ സാധ്യതയുണ്ട്. കുട്ടിയുടെ ഉച്ചത്തിലുള്ള കരച്ചിലിനിടയിലും നിങ്ങള്‍ക്ക് ശാന്തരായിരിക്കാന്‍ സാധിച്ചാല്‍ അതു പകുതി പ്രശ്നം പരിഹരിച്ചതുപോലെയാണ്. (പകുതി യുദ്ധം ജയിച്ചു).
വിഷമം മാറ്റാൻ സാധനങ്ങൾ: എന്തെങ്കിലും കളിപ്പാട്ടങ്ങളും കുട്ടികൾക്ക് ഇഷ്ടമുള്ള വസ്തുക്കളും, കൂടെ കരുതുന്നത് കുട്ടിയെ വൈകാരികമായി സഹായിക്കുന്നു. വീട്ടിലെ സുരക്ഷിതത്വം തോന്നുന്നതിന് ഇത് ഉപകരിക്കും. പാവയോ മറ്റ് കളിപ്പാട്ടങ്ങളോ ആവാം. പതുക്കെപ്പതുക്കെ കുട്ടി പരാശ്രയത്വം ഒഴിവാക്കുകയും സ്വതന്ത്രമായി നിൽക്കാൻ പഠിക്കുകയും ചെയ്യും. സമപ്രായക്കാരുടെ സ്വാധീനം കുട്ടിയെ കളിപ്പാട്ടങ്ങളിലുള്ള അധിക ആശ്രയത്തില്‍ നിന്ന് സ്വതന്ത്രനാക്കുന്നു.
വേർപിരിഞ്ഞിരിക്കുന്ന സമയം ആദ്യഘട്ടത്തിൽ വളരെ കുറവായിരിക്കണം: വളരെ പതുക്കെയാണ് അത് വർദ്ധിപ്പിക്കേണ്ടത്. കുട്ടിക്ക് മാതാപിതാക്കളെ പിരിഞ്ഞിരിക്കാനുള്ള സമയദൈർഘ്യം ആദ്യഘട്ടത്തിൽ കുറവായിരിക്കുന്നത് നല്ല ഫലമാണ് ഉണ്ടാക്കുക. പതുക്കെ അത് വർദ്ധിപ്പിച്ചാലും കുട്ടിക്ക് പ്രശ്‌നമില്ലാതാകും. ആരുമില്ല എന്ന തോന്നൽ ഉളവാക്കാത്ത രീതിയിൽവേണം ഇത് കൈകാര്യം ചെയ്യാൻ. കുട്ടി അത് കൈകാര്യം ചെയ്യുന്നു എന്ന് തോന്നിക്കഴിഞ്ഞാൽ സമയദൈർഘ്യം കൂട്ടാം. കുട്ടിക്ക് ഇഷ്ടമുള്ള ഒരു വ്യക്തിയോടൊപ്പമോ മുത്തശ്ശനോ മുത്തശ്ശിക്കോ ഒപ്പമോ സമയം ചെലവഴിക്കാന്‍ അനുവദിക്കുക.
ശ്രദ്ധിക്കേണ്ടത് എപ്പോൾ?
വേർപിരിയൽ ഉത്കണ്ഠ സാധാരണഗതിയിൽ മൂന്ന് വയസ് ആകുമ്പോഴേക്ക് മാറുന്നതാണ്. അതോടെ കുട്ടി പുതിയ സാഹചര്യത്തോട് പൊരുത്തപ്പെട്ട് കഴിയും. നാലര വയസ് മുതൽ അഞ്ച് വരെയും കുട്ടിക്ക് വേർപിരിയിൽ ഉത്കണ്ഠ ഉണ്ടെന്ന് തോന്നിയാൽ, അത് ഒരു മാസം വരെ നീണ്ടുനിൽക്കുകയും ചെയ്താൽ സെപ്പറേഷൻ ആങ്‌സൈറ്റി ഡിസോഡർ (വേർപിരിയൽ ഉത്കണ്ഠാ രോഗം) ആണെന്ന് വ്യക്തം.
'സ്‌കൂളിൽ പോകാൻ തീരെ താത്പര്യം കാണിക്കാതിരിക്കുന്നതും അമിതമായ പേടിയും സെപ്പറേഷൻ ആങ്‌സൈറ്റി രോഗത്തിന്റെ ലക്ഷണങ്ങളാണ്. കുട്ടിയുടെ ദിനചര്യകളെപ്പോലും ബാധിക്കുന്ന രീതിയിൽ ഇത് വളർന്ന് വരാം' നിംഹാൻസ് മനോരോഗവിദഗ്ദൻ ഡോ. ജോൺ വിജയ് സാഗർ പറയുന്നു. സെപ്പറേഷൻ ആങ്‌സൈറ്റി രോഗം മനസിലാക്കാനും വിലയിരുത്താനും പ്രത്യേകമായി രൂപകല്പന ചെയ്ത രീതികളാണ് മനോരോഗവിദഗ്ദ്ധർ സ്വീകരിക്കുന്നത്. അഭിമുഖത്തിലൂടെയും മറ്റ് പരിശോധനകളിലൂടെയുമാണ് ഇത് മനസ്സിലാക്കുന്നത്. മരുന്നുകളും മറ്റ് ചികിത്സാരീതികളും വഴിയാണ് സെപ്പറേഷൻ ആങ്‌സൈറ്റി രോഗാവസ്ഥ പരിഹരിക്കുന്നത്.' ചെറിയ കുട്ടികൾക്ക് നേരിട്ടുള്ള ചികിത്സാരീതിയല്ല പരീക്ഷിക്കുന്നത്. പ്ലേ തെറാപ്പിയും ആർട്ട് തെറാപ്പിയുമാണ് പരിഹരിക്കാനുള്ള ഒരു മാർഗ്ഗം. കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പിയും റിലാക്‌സേഷൻ രീതികളും ഗ്രേഡഡ് സ്‌കൂൾ സമ്പ്രദായങ്ങളും മുതിർന്ന കുട്ടികളിൽ വളരെ ഫലപ്രദമായിരിക്കും. ഉത്കണ്ഠ രോഗം കൂടുതൽ ഗുരുതരമാണെങ്കിൽ മാത്രമാണ് മരുന്നുകള്‍ ഉപയോഗിക്കുകയെന്നും ഡോ. ജോൺ വിജയ് സാഗർ വ്യക്തമാക്കുന്നു.
അനുബന്ധം:
കുട്ടികളിൽ ഉണ്ടാകുന്ന ഉത്കണ്ഠ രോഗത്തെ സംബന്ധിച്ചും അവരുടെ മാനസിക പ്രശ്‌നങ്ങളെ സംബന്ധിച്ചുമുള്ള പ്രശസ്തങ്ങളായ ചില ഗ്രന്ഥങ്ങളാണ് താഴെ കൊടുക്കുന്നത്. ഇത് കുട്ടികളെ കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന് സഹായിക്കുകയും മാതാപിതാക്കൾ അടുത്തില്ലെങ്കിലും ഉത്കണ്ഠാകുലർ ആകാതിരിക്കാൻ സഹായിക്കുകയും ചെയ്യും. പരിചയമില്ലാത്ത സ്ഥലത്തും പരിചയമില്ലാത്ത ആളുകളുമായും ഇടപഴകാനും സഹായിക്കും.
ഓഡ്രേ പെന്‍ രചിച്ച കിസ്സിങ്ങ് ഹാൻഡ്- കാട്ടിലെ സ്‌കൂളിൽ പോകാൻ താത്പര്യമില്ലാത്ത പേടിത്തൊണ്ടനായ ഒരു മരപ്പട്ടിയുടെ പേടി മാറ്റാൻ അമ്മ പറയുന്ന മാന്ത്രിക രഹസ്യമാണ് ഈ ബാലസാഹിത്യകൃതിയുടെ ഉള്ളടക്കം. ബാലസാഹിത്യകൃതികളിലെ ബെസ്റ്റ് സെല്ലറാണ് ഈ കൃതി.
മൂങ്ങക്കുട്ടികൾ (മാർട്ടിൻ വാഡെൽ): മനോഹരമായി ചിത്രീകരിച്ചിട്ടുള്ള ഈ കൃതി രാത്രിയിൽ ഉണർന്നെഴുന്നേറ്റ മൂന്ന് മൂങ്ങ കുട്ടികളുടെ കഥ പറയുന്നു. അമ്മ പോയതറിഞ്ഞ ഇവരുടെ പ്രശ്‌നങ്ങളാണ് ഇതിൽ പറയുന്നത്.
ലാമ ലാമ മിസ്സസ് മമ്മ (അന്നാ ഡെഡ്നേ): സ്‌കൂളിലെ ആദ്യദിനത്തിന്റെ ഉല്‍സാഹം തീരെ ഇല്ലാതെയാണ് ലാമ പോകുന്നത്, അമ്മ ക്ലാസ്സിൽ കൊണ്ടുപോയി വിട്ടെങ്കിലും വളരെയധികം പുതുമുഖങ്ങള്‍ക്ക് നടുവില്‍ അവന്‍ തീര്‍ത്തും ഒറ്റപ്പെട്ടതുപോലെ തോന്നി.
മമ്മി, പോകല്ലേ (എലിസബത്ത് ക്രേരി, മരിനാ മെഗലെ): അമ്മ ദൂരെ ഒരു യാത്ര പോകുന്നതിൽ മാത്യു അങ്ങേയറ്റം ദുഃഖിതനാണ്, പേടിയുമുണ്ട്. കഥ പുരോഗമിക്കുമ്പോൾ വായനക്കാരെ മാത്യുവിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ക്ഷണിക്കുകയാണ്.
പരീക്ഷാപ്പേടിയെ എങ്ങനെ നേരിടാം
പ്രായോഗികലക്ഷ്യങ്ങള്‍ നിശ്ചയിക്കുന്നതും കാര്യങ്ങള്‍ ചിട്ടപ്പെടുത്തുന്നതും പരീക്ഷാപ്പേടിയെ അകറ്റാൻ സഹായിക്കും
ഡോ. ഗരിമാ ശ്രീവാസ്തവ
നമുക്കിടയിൽ ഏറെപ്പേര്‍ക്കും പരീക്ഷയെന്നാല്‍ സമ്മര്‍ദ്ദത്തിന്റെയും ഉത്കണ്ഠയുടെയും സമയമാണ്. നമ്മുടെ ആ ബുദ്ധിമുട്ടുകള്‍ സാധാരണരീതിയിലാണെങ്കില്‍ അത് നമ്മളെ പരീക്ഷയ്ക്ക് കുടുതല്‍ സഹായിക്കും, ചിന്തയുടെ വേഗത കൂട്ടും, പഠനത്തിന്റെ ഫലം കൂട്ടും. സമ്മര്‍ദ്ദത്തിന്റെ ചില നിശ്ചിതതലങ്ങള്‍ പ്രകടനത്തെ മെച്ചപ്പെടുത്തുമെന്നും ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുമെന്നും പ്രായോഗികപരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നിരുന്നാലും, നിങ്ങളുടെ പരിഭ്രമം ആഴത്തിലാണെങ്കില്‍, അത് നിങ്ങളുടെ പ്രകടനത്തെ ബാധിക്കുകതന്നെ ചെയ്യും. നമ്മളില്‍ ഏറെ പേർക്കും പരീക്ഷ സംബന്ധമായ പരിഭ്രമങ്ങള്‍ കാണും. അതിന്റെ സൂചനകള്‍ കണ്ടെത്തുന്നതും അതിനെ കൈകാര്യംചെയ്യുന്നതും വളരെ പ്രധാനമാണ്. നമ്മുടെ ഉത്കണ്ഠയുടെ കാരണം ബോധ്യപ്പെട്ട് അത് നിയന്ത്രിച്ചാല്‍തന്നെ പകുതി ബുദ്ധിമുട്ട് കുറയും. അപ്പോള്‍ നിങ്ങൾക്കത് സ്വയം നിയന്ത്രിക്കാനും നിങ്ങളോടുതന്നെ നീതിപുലര്‍ത്താനും സാധിക്കും.
ഉത്കണ്ഠ കാരണം ഇനിപ്പറയുന്ന പ്രശ്നങ്ങളുണ്ടാകും:
- ഉറക്കം പൂർത്തിയാകാതെ വരികയോ, രാത്രിയില്‍ ഉറക്കം വരാതെയിരിക്കുകയോ.
- അസ്വസ്ഥതയും പെട്ടെന്ന് ദേഷ്യം വരലും.
- തലവേദന, ദേഹവേദന, വയര്‍അസ്വസ്ഥമാകുക പോലെയുള്ള ശാരീരികപ്രശ്നങ്ങള്‍.
- പെട്ടനുണ്ടാകുന്ന വിശപ്പ്, കൂടുതല്‍ ഭക്ഷണം കഴിക്കല്‍ അല്ലെങ്കില്‍ വിശപ്പ് നഷ്ടപ്പെടല്‍
ഇതുപോലെയുള്ള ലക്ഷണങ്ങൾ നിങ്ങള്‍ പരീക്ഷയ്ക്കോ മറ്റും മുന്‍പ് കാണുകയാണെങ്കിൽ, പരീക്ഷാസമയത്തും അതിനു മുന്‍പുമായി ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.
പരീക്ഷയ്ക്ക് മുൻപായി :-
1.ഒരു ആഴ്ചയിലെ റിവിഷന്‍ ദിനചര്യ ഉണ്ടാക്കി അത് അതേ രീതിയില്‍ ചെയ്യണം. അവസാന നിമിഷത്തിലെ പരീക്ഷാപ്പേടി ഒഴിവാകാന്‍ ഇത് സഹായകമാകും. എല്ലാം ഓർത്തെടുക്കാന്‍ കഴിയുന്നത് പഠനസമയത്തെ സമയ ക്രമീകരണത്തെ ആശ്രയിച്ചാണ്. പരീക്ഷാ സമയത്ത് സമയം ലാഭിക്കാനും ഇത് ഉപകരിക്കും. വിശ്രമസമയവും പൊതുകാര്യങ്ങള്‍ ചെയ്യാനുള്ള സമയവും ഉള്‍പ്പെടുത്തി യാഥാര്‍ഥ്യബോധത്തോടെ വേണം റിവിഷന്‍ സമയക്രമം തയ്യാറാക്കാന്‍.
2.തയ്യാറാക്കി കിട്ടുന്ന നോട്ടുകള്‍ക്കപ്പുറം നാം സ്വയം തയ്യാറാക്കിയ നോട്ടുകള്‍ വേണം ഉപയോഗിക്കാന്‍. പഠനഭാഗങ്ങളുമായി സജീവമായി ഇടപഴകാന്‍ ഇതു നിങ്ങളെ സഹായിക്കുമെന്നു മാത്രമല്ല വിഷയത്തിലെ വ്യത്യസ്ത ആശയങ്ങള്‍ക്കിടയില്‍ മികച്ച ബന്ധമുണ്ടാക്കിയെടുക്കാനും ഇതുപകരിക്കും.
3.വിവരങ്ങളെ മാനസികബന്ധപ്പടുത്തലുകളിലൂടെ (association) ചിത്രങ്ങളാക്കി വിശദീകരിക്കുന്ന മൈന്‍ഡ് മാപ്പുകള്‍, ഡയഗ്രങ്ങള്‍, ഫ്ളോചാർട്ടുകൾ തുടങ്ങിയവ വഴിയും മറ്റും കുടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യാം. വിവരങ്ങളുടെ ഏകോപനത്തിന് സംഗ്രഹ പട്ടികയും ഒരു നല്ല ഉപകരണമാണ് .
4.സ്വയം നോട്ടുകള്‍ തയ്യാറാക്കുക, ആവര്‍ത്തനപഠനത്തിനായി വിഷയങ്ങള്‍ തെരഞ്ഞെടുക്കുക, മുന്‍പ് വന്ന പരീക്ഷ പേപ്പറുകള്‍ വഴികാട്ടിയായി ഉപയോഗിക്കുക. പഴയ പരീക്ഷ പേപ്പറുകള്‍വച്ചുള്ള പരിശീലനം, മനസ്സിലാക്കിയവയിലെ വിടവ് നികത്താന്‍ ഉപകരിക്കും.
5.ആവശ്യമെങ്കില്‍ അധ്യാപകരുടെ അടുത്ത് സഹായം ചോദിക്കുക. ചില പ്രത്യേക വിഷയങ്ങളില്‍ നിങ്ങള്‍ക്ക് കൂട്ടുകാരുമൊത്തിരുന്ന പഠിക്കാവുന്നതാണ്. അത് അറിവുകളും കാഴ്ചപ്പാടുകളും പങ്കിടാന്‍ ഉപകരിക്കും.
6.ഇടയ്ക്കു ചെറിയ ഇടവേളകള്‍ എടുക്കണം. ഓരോ ഇടവേളയ്ക്കു ശേഷവും 10 മുതല്‍ 15 മിനിറ്റുവരെ മുന്‍പ് പഠിച്ച വിഷയം ഒന്നുകൂടി ഓര്‍ത്തു നോക്കണം. പിന്നെ 24 മണിക്കൂര്‍ കഴിഞ്ഞു അത് ഓർമയിലുണ്ടോ എന്ന് ഒന്നുകൂടി ഓര്‍ത്തുനോക്കുക. നിങ്ങളുടെ ഏകാഗ്രതയ്ക്ക് ഭംഗംവരാതെ നോക്കണം. അത് 40 മിനിട്ടില്‍ താഴെമാത്രം ദൈര്‍ഘ്യമുള്ളതായിരിക്കും.
7.നിങ്ങള്‍ റിവിഷൻ ചെയുമ്പോള്‍ നിശ്ശബ്ദവും ശല്യമില്ലാത്തതുമായ ഒരു സ്ഥലം തെരഞ്ഞെടുക്കുക.
8.ശരീരത്തിലെ ജലാംശം ചോര്‍ന്ന് ക്ഷീണിതരാകാതിരിക്കാന്‍ നന്നായി ഭക്ഷണം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം.
9.ബഹുബോധ രീതികള്‍ അവലംബിക്കുക- എഴുത്ത്, പറച്ചില്‍, കാണല്‍, കേള്‍ക്കല്‍ എന്നിങ്ങനെ. ഉദാഹരണത്തിന്, നിങ്ങള്‍ നോക്കിപ്പഠിക്കുന്ന ആളാണെങ്കില്‍ പ്രധാന വിവരങ്ങള്‍ ഒരു പേജിലേക്ക് ക്രോഡീകരിച്ച് ഒരു ചാര്‍ട്ട് ഉണ്ടാക്കി ഭിത്തിയില്‍ ഒട്ടിച്ചുവയ്ക്കുക. പ്രധാന വിവരങ്ങളും ആശയങ്ങളിലേക്കുള്ള ചൂണ്ടുപലകകളും വ്യത്യസ്ത വാദങ്ങളും പെട്ടെന്നു മനസ്സിലാക്കാന്‍ കളര്‍ പെന്‍സിലുകളുപയോഗിച്ച് അവ അടയാളപ്പെടുത്തുക. നിങ്ങള്‍ ശ്രവണത്തിലൂടെ പഠിക്കുന്ന ആളാണെങ്കില്‍ റിവിഷന്‍ നോട്ടുകള്‍ ഒരു വോയ്സ് റെക്കോഡറിലേക്കു പകര്‍ത്തുക. നിശ്ചിത ഇടവേളകളില്‍ അത് ശ്രവിക്കുന്നത് വിവരങ്ങള്‍ നന്നായി ഓര്‍ത്തെടുക്കാന്‍ സഹായിക്കും.
10.സര്‍വ്വേ, ചോദ്യം, വായന, ഓര്‍മിക്കല്‍, പരിശോധിക്കല്‍ എന്ന തന്ത്രമായിരിക്കണം പഠിക്കുമ്പോള്‍ ഉപയോഗിക്കേണ്ടത്.
പരീക്ഷാ സമയത്ത് :-
മിക്കയിടത്തും പരീക്ഷക്കു മുന്‍പായി 10 മിനിറ്റ് സമയം വായിക്കാനായി പരീക്ഷകര്‍ അനുവദിക്കാറുണ്ട്.
ഈ സമയം താഴെപ്പറയുംവിധം ക്രിയാത്മകമായി പ്രയോജനപ്പെടുത്തണം:
1.ചോദ്യപ്പേപ്പറിലെ നിർദ്ദേശങ്ങൾ ശ്രദ്ധിച്ചു വായിക്കുക. ഇത് നിങ്ങൾക്ക് നിർബന്ധമായും ചെയ്യേണ്ട ചോദ്യങ്ങൾ കണ്ടുപിടിക്കാൻ സഹായിക്കും. അതിനോടൊപ്പം തന്നെ ഒരു വിഭാഗത്തിലെ എത്ര ചോദ്യങ്ങൾക്ക് ഉത്തരമെഴുതേണ്ടതുണ്ടെന്ന് കണ്ടെത്താനും കഴിയും. എന്തൊക്കെയാണെങ്കിലും ഇതൊരു പ്രധാന സമയമാണ്, ഏറ്റവും നന്നായി തയ്യാറായി വന്നിട്ടുള്ളവര്‍ക്ക്പോലും സമ്മര്‍ദ്ദവും ഉല്‍ക്കണ്ഠയും മൂലം ഒന്നോടിച്ചു വായിക്കുന്നതിലൂടെ കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാന്‍ സാധിക്കാതെ വന്നേക്കാം..
2.എല്ലാ വിഭാഗങ്ങളും വായിച്ചു നോക്കി ഉത്തരമെഴുതാന്‍ കഴിയുന്നവയ്ക്കുനേരേ ശരി ചിഹ്നം കൊടുക്കണം. എന്താണ് ഉദ്ദേശിക്കുന്നതെന്ന് എല്ലായ്പോഴും അറിഞ്ഞിരിക്കണം. വായിക്കുമ്പോള്‍തന്നെ സൂചക പദങ്ങളും, വാക്യങ്ങളും മറ്റും അടിവരയിട്ട് വെയ്ക്കുക.
3. ഓരോ ചോദ്യത്തിനും ഉത്തരമെഴുതാന്‍ എത്ര നേരം വേണമെന്നും നിങ്ങളതിനെ ഏതു രീതിയിലാണ് സമീപിക്കുന്നതെന്നും കണക്കാക്കണം. ഒരിക്കല്‍ നിങ്ങൾ എഴുതിത്തുടങ്ങിയാൽ പിന്നെ അതിൽ തെറ്റൊന്നുമില്ലെന്ന് ഉറപ്പുവരുത്തുക. നിങ്ങളുടെ ഉത്തരം പ്രസക്തവും സമഗ്രവും വ്യത്യസ്തവും മൂല്യമുള്ളതുമായിരിക്കട്ടെ.
അഭിമുഖം: നിങ്ങളുടെ വിദ്യാർത്ഥികളുടെ പരീക്ഷാപ്പേടി കൈകാര്യം ചെയ്യുക
അധ്യാപകർ അറിയാതെതന്നെ അവരുടെ വിദ്യാർത്ഥികളുടെ പരീക്ഷാപ്പേടിക്ക് കാരണമാകുന്നു
പഠനകാര്യത്തിൽ മുൻനിരയിൽ നിൽക്കുന്ന വിദ്യാർത്ഥികൾക്കും ശരാശരി കുട്ടികൾക്കും സാധാരണയായി കണ്ടുവരാറുള്ള ഒന്നാണ് പരീക്ഷാപ്പേടി. ഇങ്ങനെ വിദ്യാർത്ഥികളിൽ പരീക്ഷാപ്പേടി സൃഷ്ടിക്കുന്നതിൽ അധ്യാപകർക്ക് കൃത്യമായ പങ്കുണ്ട്. മികച്ച വിജയശതമാനം ലക്ഷ്യമിടുന്ന സ്‌കൂൾ അധികൃതർ (ഉദാഹരണത്തിന്, കൂടുതൽ കുട്ടികൾ പരീക്ഷയിൽ ഉന്നതവിജയം നേടുന്നത്) കുട്ടികൾക്ക് മികച്ച വിജയശതമാനം ഉണ്ടാക്കാൻ അധ്യാപകരിൽ സമ്മർദ്ദം സൃഷ്ടിക്കുന്നു. അധ്യാപകർ പരീക്ഷയിൽ ഉന്നതവിജയം നേടുന്നതിനും വിജയശതമാനം കൂട്ടുന്നതിനും കുട്ടികളിൽ സമ്മർദ്ദം ചെലുത്തുന്നു. പരീക്ഷയിൽ ഉന്നതവിജയം നേടുന്നതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞാണ് ഇത് നടപ്പാക്കുന്നത്. അധ്യാപകർ നിരവധി സമ്മർദ്ദങ്ങള്‍ക്ക് അടിമപ്പെട്ടാണ് കുട്ടികളിൽ പരീക്ഷാപ്പേടി സൃഷ്ടിക്കുന്നത്. അധ്യാപകർ നേരിടുന്ന സമ്മർദ്ദങ്ങള്‍ പ്രധാനമായും രണ്ടു കാരണങ്ങള്‍ കൊണ്ടാണ്.
- മികച്ച പഠനനിലവാരം പുലർത്തുന്ന വിദ്യാർത്ഥികളിൽ വലിയ പ്രതീക്ഷ വെച്ചുപുലർത്തുന്നു. സ്‌കൂളിന്റെ സത്കീർത്തിയാണ് ലക്ഷ്യം.
- ശരാശരി നിലവാരമുള്ളവരും അതില്‍താഴെ നിലവാരം ഉള്ളവരുമായ വിദ്യാർത്ഥികളുടെ പരീക്ഷാഫലത്തെ പറ്റിയുള്ള ആശങ്കകൾ. അവരുടെ പ്രകടനം ആത്യന്തികമായി ബാധിക്കുന്നത് അധ്യാപകരെ തന്നെയാണ്. അതിന്റെ ഉത്തരവാദിത്തം അധ്യാപകര്‍ക്കാണ്.
നിംഹാൻസിലെ ക്ലിനിക്കൽ സൈക്കോളജി അഡീഷണൽ പ്രൊഫസർ ഡോ. എം മഞ്ജുള നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ഈ ലേഖനത്തിൽ എങ്ങനെയാണ് അധ്യാപകർ അറിഞ്ഞും അറിയാതെയും പരീക്ഷാപ്പേടിക്ക് കാരണമാകുന്നതെന്ന് വ്യക്തമാക്കുന്നു. ഒരു ക്ലാസിലെ എല്ലാ കുട്ടികളുടെയും പഠനനിലവാരം അടയാളപ്പെടുത്താനും നിയന്ത്രിക്കാനും ഒരധ്യാപകനും സാധ്യമല്ല. പഠനകാര്യങ്ങളിലും മറ്റുമുണ്ടാകുന്ന പേടിയും സമ്മർദ്ദവും കൈകാര്യം ചെയ്യാൻ കുട്ടികളെ സഹായിക്കാൻ മാത്രമാണ് അധ്യാപകർക്ക് കഴിയുക. വിദ്യാർത്ഥികളിലെ പരീക്ഷാപ്പേടിയും മറ്റും കൈകാര്യം ചെയ്യുന്ന അധ്യാപകർക്ക് ഉണ്ടാകാനിടയുള്ള ചില സംശയങ്ങൾക്കുള്ള ഉത്തരങ്ങളാണ് ഇവിടെ കൊടുക്കുന്നത്.
എങ്ങനെയാണ് വിദ്യാർത്ഥികളിലെ മാനസിക പിരിമുറുക്കം തിരിച്ചറിയുന്നത്?
വളരെക്കാലത്തെ പരിചയംകൊണ്ട് മികച്ച പഠനനിലവാരം ഉള്ള കുട്ടിയേയും ശരാശരിയും ശരാശരിയിൽ താഴെയുമുള്ള വിദ്യാർത്ഥികളേയും കണ്ടെത്താൻ എളുപ്പം സാധിക്കും. ഇത് പഠന നിലവാരത്തിനപ്പുറം ഓരോ വിദ്യാർത്ഥിക്കും പ്രത്യേക പരിഗണന കൊടുക്കാൻ അധ്യാപകരെ സഹായിക്കുന്നു. ഉന്നത പഠനനിലവാരം പുലർത്തുന്ന വിദ്യാർത്ഥികളെ കൂടുതൽ ശ്രദ്ധിക്കാനും പരിഗണിക്കാനും അധ്യാപകർ ശ്രമിക്കാറുണ്ട്. ഇത് മറ്റുള്ള കുട്ടികൾക്ക് മികച്ച രീതിയിൽ പഠിക്കാനും കൂടുതൽ മാർക്ക് വാങ്ങാനും അങ്ങനെ ടീച്ചറുടെ ശ്രദ്ധയും പരിഗണനയും നേടാനും പ്രചോദനമാകും.
എങ്ങനെയാണ് വിദ്യാർത്ഥികളും അധ്യാപകരും തമ്മിലുള്ള ഏറ്റവും മികച്ച ഇടപെടൽ സാധ്യമാകുക?
പഠനനിലവാരത്തിന്റെ പേരിൽ കുട്ടികളോട് ഒരു കാരണവശാലും അധ്യാപകർ പക്ഷഭേദം കാണിക്കാൻ പാടില്ല. ഓരോ വിദ്യാർത്ഥിയേയും കൂടുതൽ മികച്ച രീതിയിൽ പഠിക്കാൻ പ്രേരിപ്പിക്കുക മാത്രമേ ചെയ്യാവൂ.
പഠനനിലവാരം കുറഞ്ഞ കുട്ടികളെ അവഗണിക്കുന്നത് അവന്റെ ആത്മാഭിമാനം ഇല്ലാതാക്കുന്നതിന് കാരണമാകും. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി കൂടുതൽ സമയം ചെലവഴിക്കുകയാണ് അധ്യാപകർ ചെയ്യേണ്ടത്. അവർക്ക് പ്രചോദനം നൽകുക, പഠിക്കാൻ പ്രേരിപ്പിക്കുക എന്നിവ ചെയ്യാം. പഠനനിലവാരം കൂട്ടുന്നതിനായുള്ള പുതിയ മാർഗ്ഗങ്ങൾ കണ്ടുപിടിക്കുക, പഠനക്രമത്തിൽ മാറ്റം വരുത്തുക തുടങ്ങിയവ ചെയ്യാം. ആവശ്യമെങ്കിൽ മറ്റ് പിന്തുണകളും ആവാം. എല്ലാ കുട്ടികൾക്കും ഇത്തരത്തിലുള്ള പിന്തുണ ആവശ്യമായി വരും. അത് നൽകാൻ അധ്യാപകർ തയ്യാറാവണം. അധ്യാപകരുടെ ശക്തമായ പിന്തുണയും പ്രോത്സാഹനവും ഉണ്ടെങ്കിൽ പഠനനിലവാരം കുറഞ്ഞ കുട്ടികളും പഠനത്തിൽ താത്പര്യമില്ലാത്ത കുട്ടികളും വരെ മികച്ച വിജയം നേടാൻ സാധ്യതയുണ്ട്.
പരീക്ഷാ സമയങ്ങളിൽ വിദ്യാർത്ഥികളുടെ മാതാപിതാക്കളുമായുള്ള ആശയവിനിമയം ആവശ്യമുണ്ടോ?
ഇത് എല്ലായ്പോഴും ആവശ്യമായി വരില്ല. മാത്രവുമല്ല മാതാപിതാക്കളുമായുള്ള തെറ്റായ ആശയവിനിമയം ഉണ്ടാകാനും പാടില്ല. 'മകൾ/മകൻ നന്നായി പഠിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക' 'പുറത്ത് പോകാനോ ടിവി കാണാനോ അനുവദിക്കരുത്. ഇത് ഫൈനൽ പരീക്ഷയാണ്' തുടങ്ങിയതരത്തിലുള്ള ആശയവിനിമയങ്ങള്‍ മാതാപിതാക്കൾ എടുക്കുന്നത് മോശമായ തരത്തിലാകും. അത് വീട്ടിലും അമിത സമ്മർദ്ദം സൃഷ്ടിക്കുന്നതിന് കാരണമാകും. അധ്യാപകർ മിക്കവാറും അവരുടെ ആകാംക്ഷയും ഉത്കണ്ഠയുമാകും മാതാപിതാക്കളോട് പങ്കുവെയ്ക്കുന്നത്, അല്ലെങ്കിൽ അടിച്ചേൽപ്പിക്കുന്നത്. അതിന്റെ അമിതഭാരം ഏൽക്കേണ്ടിവരുന്നത് വിദ്യാർത്ഥികളാവും എന്ന കാര്യം ഓർക്കുക. മാതാപിതാക്കളും സമ്മർദ്ദത്തിന് അടിപ്പെട്ടാൽ വിദ്യാർത്ഥി പൂർണ്ണമായും പരീക്ഷാപ്പേടിയുടെ പിടിയിലാകും.
പരീക്ഷാസമയങ്ങളിൽ ഞാൻ എങ്ങനെയാണ് വിദ്യാർത്ഥികൾക്ക് വഴികാട്ടിയാവേണ്ടത്?
ഉന്നത പഠനനിലവാരം പുലർത്തുന്ന വിദ്യാർത്ഥികളോടും പഠനത്തിൽ പിന്നോക്കം നിൽക്കുന്നവരോടും അധ്യാപകർ വിവേചനം കാണിക്കാൻ തുടങ്ങുന്നതോടെ പ്രശ്‌നങ്ങൾ ആരംഭിക്കുന്നു. ഇത് പഠനത്തിൽ പിന്നാക്കം നിൽകുന്ന വിദ്യാർത്ഥികളുടെ ആത്മവിശ്വാസവും ആത്മാഭിമാനവും ഇല്ലാതാക്കും. വിദ്യാർത്ഥികളുടെ പഠനനിലവാരത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അതവരുടെ കഴിവുകളെയും ആത്മവിശ്വാസത്തേയും ഇല്ലാതാക്കും എന്ന കാര്യം കൂടി ഓർക്കുക.
അധ്യാപകർക്ക് വിദ്യാർത്ഥികളെ പിന്തുണയ്ക്കാൻ സാധിക്കുന്നത് ഇങ്ങനൊക്കെയാണ്
- കുട്ടികൾക്ക് പഠിക്കാനുള്ള ടൈം ടേബിൾ തയ്യാറാക്കി നൽകുക
- കുട്ടികളുടെ പ്രകടനങ്ങളെ ശ്രദ്ധിക്കുക, വേണ്ട നിർദ്ദേശങ്ങൾ നൽകുക.
- അവരുടെ പ്രതീക്ഷകൾ വിദ്യാർത്ഥികളിൽ അടിച്ചേൽപ്പിക്കാതെ അവരെ പിന്തുണയ്ക്കാൻ ശ്രമിക്കുക.
- വിദ്യാർത്ഥികളുടെ ലക്ഷ്യങ്ങളെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചുമുള്ള തുറന്ന ചർച്ചകൾ നടത്തുക.
കടപ്പാട് : malayalam.whiteswanfoundation.org