ജീവിതത്തില്‍ പലപ്രശ്നങ്ങളെയും അഭിമുഖീകരിക്കേണ്ടി വരുന്നെങ്കില്‍ , ജീവിതത്തിനു പരിപൂര്‍ണമായൊരു മാറ്റം ഉണ്ടാക്കുവാന്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയാണെങ്കില്‍ ശല്യമുണ്ടാക്കുന്ന ഒരു പ്രശ്നത്തിനു പരിഹാരം തേടിക്കൊണ്ടിരിക്കുകയാണെങ്കില്‍ നിങ്ങളുടെ മനസ്സിലെ പ്രേരക ശക്തിയെ തിരിച്ചറിയുക .അതിനെ മനസ്സിലാക്കുക.അത് വഴി നിങ്ങള്‍ക്ക് നിങ്ങളുടെ ഭാവി തന്നെ പൂര്‍ണമായും മാറ്റുവാന്‍ കഴിയും .
ചിലര്‍ പറയും ,നല്ലൊരു ജോലിയുണ്ട് ,ധാരാളം പണമുണ്ട്, സ്നേഹിക്കുന്ന ഒരു കുടുംബമുണ്ട് ,പിന്നെ ജീവിതത്തില്‍ എന്ത് മാറ്റം വേണം ?എന്നാല്‍ ഉയരത്തെക്കുറിച്ചുള്ള ഒരു ഭയം ഉണ്ട് .അടുത്ത ആഴ്ച വിനോദയാത്ര പോകുന്നു. ഉയരത്തെക്കുറിച്ചുള്ള ഭയം പെട്ടെന്ന് മാറ്റിയെടുക്കണം .
ഈ ഭയം മാറണം എന്ന് വിചാരിച്ചാല്‍ മാറിക്കിട്ടുമോ?
വേറെ ഒരു കൂട്ടരുണ്ട് . അവര്‍ക്ക് ശരീരഭാരം കുറയ്ക്കണം . അതിനുള്ള പരിശ്രമത്തിലാണ്. എന്താ ചെയ്യേണ്ടാതെന്നറിയാം. കുറച്ചു ആഹാരിക്കുക , കൂടുതല്‍ നടക്കുക ..പക്ഷെ സോഫയില്‍ നിന്ന് തനിച്ചു എഴുന്നേല്‍ക്കാന്‍ പോലും പറ്റുന്നില്ല . അപ്പോള്‍ എന്താണ് ചെയ്യേണ്ടത് ?
മറ്റൊരാള്‍ക്ക് വിമാനയാത്രയാണ് ഭയം .അത് ഒഴിവാക്കണമെങ്കില്‍ മനശാസ്ത്രത്തില്‍ ഒരു ബിരുദം എടുത്താല്‍ മതിയോ?
ഇങ്ങനെ ഒട്ടനവധി വ്യക്തിപരമായ പ്രശ്നങ്ങള്‍ പലര്‍ക്കും കാണാം. ലോകത്തില്‍ നന്നായി വിജയിച്ച കുറെ ആളുകള്‍ പ്രയോഗിച്ചിട്ടുള്ള തന്ത്രങ്ങളും പ്രയോഗവൈദഗ്ധ്യവും ഉപയോഗിച്ചാല്‍ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാം . അങ്ങനെ നിങ്ങളുടെ ഭാവിയുടെ ശില്പി ആയിത്തീരാന്‍ നിങ്ങള്‍ക്ക് ആകും . 1970 കളില്‍ അമേരിക്കയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗണിത ശാസ്ത്ര വിദ്യാര്‍ത്ഥി ആയിരുന്ന റിച്ചാര്‍ഡ് ബെന്‍സ്ലറും അതെ സര്‍വകലാശാലയിലെ ഭാഷ പ്രൊഫസറായ ജോണ്‍ ഗ്രൈന്‍സറും ചേര്‍ന്ന് ജീവിതത്തില്‍ വിജയം നേടിയവരെ മാതൃകയാക്കി ജീവിത വിജയം കൊയ്യാനുള്ള ഒരു കലയും ശാസ്ത്രവും വികസിപ്പിച്ചെടുത്തു. ഇതിനു Neuro Linguistic Programming (NLP)എന്നാണ് പറയുക.
ഒരാള്‍ക്ക് ഒരു കാര്യത്തില്‍ വിജയിക്കാമെങ്കില്‍ ആ വിഷയത്തില്‍ താല്പര്യമുള്ള മറ്റൊരാള്‍ക്ക് അപരന്‍റെ മാതൃക അനുകരിച്ചു ആ കാര്യത്തില്‍ വിജയിക്കാനാവുമെന്നു റിച്ചാര്‍ഡ് ബെന്‍സ്ലറും ജോണ്‍ ഗ്രൈന്സറും അവരുടെ ഗവേഷണങ്ങളിലൂടെ കണ്ടെത്തി.
ലോകത്തിലുള്ള ഒട്ടുമിക്ക പ്രവര്‍ത്തനങ്ങളും അനുകരണങ്ങളാണ്. അനുകരണത്തോടൊപ്പം മൗലികത്വംകൂടി ചേരുമ്പോഴാണ് പ്രതിഭ വികസിക്കുന്നത്.
ഏതു രംഗത്തും ഉന്നതമായ നിലവാരം പുലര്‍ത്തുന്നവര്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ സഹായിക്കുന്ന ഒരു രീതിയും നടപടിക്രമവും പിന്തുടരുന്നുണ്ട്. ഈ രീതിയെ മോഡല്‍ ചെയ്താല്‍ ,അനുകരിച്ചാല്‍ ഏതൊരാള്‍ക്കും അതേപോലെ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകും.
റിച്ചാര്‍ഡ് ബെന്‍സ്ലറും ജോണ്‍ ഗ്രൈന്‍ഡറും മനുഷ്യരുടെ നേട്ടങ്ങളെ അനുകരിക്കാന്‍ മൂന്നു അടിസ്ഥാന കാര്യങ്ങള്‍ നിര്‍ദ്ദേശിക്കുന്നു.
അപ്പോള്‍ നാം മാതൃകയാക്കാന്‍ ഉദ്ദേശിക്കുന്ന ആളുകളുടെ ശാരീരികവും മാനസികവുമായ എല്ലാ സവിശേഷതകളും സൂക്ഷ്മമായി നിരീക്ഷിക്കണം.
അവ അപഗ്രഥിച്ചു സ്വായത്തമാക്കലാണ് അടുത്ത പടി . അയാള്‍ സുഹൃത്തുകളുമായി ഇടപെടുന്ന രീതി ,ഉച്ചാരണ രീതി ,സംഭാഷണ രീതി , ആദരവും വിനയവും ,ആത്മനിയന്ത്രണം ,പക്വത ,എളിമ ,ജനാധിപത്യ ബോധം എന്നിവയൊക്കെ നിരീക്ഷണ വിധേയമാക്കണം.
ബാഹ്യഘടകങ്ങളോടൊപ്പം അയാളുടെ ആന്തരികമായ ചിത്രീകരണങ്ങളെയും അനുകരിക്കണം. അപ്പോള്‍ പഠനത്തിലും വ്യക്തി ബന്ധത്തിലും മിടുമിടുക്കരാകാനുള്ള NLP യെ ഒന്ന് പരിചയപ്പെട്ടാലോ .
ന്യൂറോ ലിംഗ്വസ്റ്റിക്സ് ,പ്രോഗ്രാമ്മിംഗ് എന്നീ മൂന്നു പദങ്ങളുടെ സമന്വയമാണ് NLP.
പഞ്ചേന്ദ്രിയങ്ങള്‍ ,മനസ്സ് ,മസ്തിഷ്കം എന്നിവയാണ് ന്യൂറോ എന്ന പദം സൂചിപ്പിക്കുന്നത്.
കണ്ണ് ,ചെവി ,മൂക്ക് ,ത്വക്ക്,നാക്ക് എന്നീ 5 ഇന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന കാഴ്ച ,കേള്‍വി ,മണം,സ്പര്‍ശം ,സ്വാദ് എന്നിവയിലൂടെയാണ് എല്ലാ അറിവുകളും നമ്മുടെ ഉള്ളിലേക്ക് കടന്നു വരുന്നത്. ഇതിന്‍റെ വെളിച്ചത്തില്‍ നമ്മുടെ ഉള്ളില്‍ ആന്തരിക ചിത്രീകരണം നടക്കുന്നു.വ്യക്തികള്‍ ലോകത്തെയും സംഭവങ്ങളെയും നോക്കി കാണുന്നത് ഈ ആന്തരിക ചിത്രീകരണത്തിന്‍റെ അടിസ്ഥാനത്തിലാണ്. അതിനാല്‍ ഒരാളുടെ മനസ്സില്‍ വസ്തുതകള്‍ ചിത്രീകരിക്കപ്പെടുന്ന രീതി മാറ്റിയെടുത്താലോ. വ്യക്തിയുടെ മാനസികാവസ്ഥയും മാറ്റിയെടുക്കാം .
ആശയവിനിമയം, ഭാഷ ,ആംഗ്യം ,അംഗവിക്ഷേപം എന്നിവയാണ് ലിംഗസ്റ്റിക്സ് എന്ന പദം പ്രതിനിധാനം ചെയ്യുന്നത്. പഞ്ചേന്ദ്രിയങ്ങളിലൂടെ സ്വാംശീകരിച്ച ആശയങ്ങളെയാണ് നാം മറ്റുള്ളവരുമായി വിനിമയം ചെയ്യുക. ആശയവിനിമയത്തില്‍ താരതമ്യേന ചെറിയ ഒരു പങ്കു മാത്രമേ ഭാഷയ്ക്ക്‌ഉള്ളു എന്നതാണ് സത്യം . വെറും 7 % മാത്രം .ആശയവിനിമയത്തില്‍ ഒന്നാം സ്ഥാനം ശരീരഭാഷ അഥവാ body language നാണ്.ഏകദേശം 56 %.ബാക്കി 37% സ്വരവ്യതിയാനങ്ങള്‍ അഥവാ voice modulation നാണ്. അപ്പോള്‍ ആശയവിനിമയത്തില്‍ മികവു പുലര്‍ത്തുവാന്‍ ഭാഷയെക്കാളും ശരീരഭാഷയും സ്വരവ്യതിയാനവുമാണ് ഉപയോഗപ്പെടുത്തേണ്ടത്.
നാം മാതൃകയാക്കാന്‍ ഉദ്ദേശിക്കുന്ന ആളുകളുടെ ആശയവിനിമയരീതി നിരീക്ഷിച്ചു അനുകരിച്ചാലോ ,വളരെ പെട്ടെന്ന് നമുക്ക് അയാളെപ്പോലെ ആശയവിനിമയം നടത്താനാകും.
ചിന്ത , വികാരം ,പ്രവൃത്തി എന്നിവയ്ക്കായി നാം മാനസികമായി ഉപയോഗപ്പെടുത്തുന്ന നടപടി ക്രമങ്ങളാണ് പ്രോഗ്രാമിംഗ്. നാം കമ്പ്യൂട്ടറില്‍ നടത്തുന്ന പ്രോഗ്രാമിംഗിനെപ്പോലെയാണ് നമ്മുടെ മനസ്സിലെ പ്രോഗാമിംഗും .
നമ്മുടെ ചിന്തകളും വിശ്വാസങ്ങളും അതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളും ഒക്കെ ഇത്തരം പ്രോഗ്രാമുകള്‍ അല്ലെങ്കില്‍ mental software ആണ്.
കമ്പ്യൂട്ടറില്‍ ചെയ്യുന്നത് പോലെ അഭിലഷണീയമല്ലാത്ത പ്രോഗ്രാമുകള്‍ ഒഴിവാക്കുകയോ കൂട്ടിച്ചേര്‍ക്കുകയോ അല്ലെങ്കില്‍ update ചെയ്യുകയോ ചെയ്താല്‍ എന്താണ് നമ്മുടെ മനസ്സില്‍ സംഭവിക്കുക? നമ്മുടെ ചിന്തകളിലും വികാരങ്ങളിലും പ്രവര്‍ത്തികളിലും മാറ്റം വരും . അതായതു നമ്മില്‍ മാറ്റം വരും .
അപ്പോള്‍ NLP ഒരു മികവിന്‍റെ ശാസ്ത്രമാണ്. നമുക്ക് ഓരോരുത്തര്‍ക്കും അത്ഭുതകരമായ വിജയം നേടിത്തന്ന ,നമ്മെ ഏറെ സന്തോഷിപ്പിച്ച ,നാം സ്വയം മറന്ന നിമിഷങ്ങളെ മനസ്സില്‍ പുന:സൃഷ്ട്ടിച്ചു വീണ്ടും അനുഭവങ്ങള്‍ ഉണ്ടാക്കി വിജയം സുനിശ്ചിതമാക്കാനുള്ള കലയും ശാസ്ത്രവുമാണ് NLP. മികവിന്‍റെ ശാസ്ത്രം .
നമ്മുടെ മസ്തിഷ്കത്തെയും നാഡിവ്യൂഹത്തെയും കാര്യക്ഷമമായി നിയന്ത്രിച്ചു ശരീരത്തെയും മനസ്സിനെയും ഒരേ താളക്രമത്തിലാക്കി എപ്രകാരം ജീവിത വിജയത്തിനു വിനിയോഗിക്കാം എന്നാണ് NLP വിശദീകരിക്കുന്നത്.
അതിനു NLPയില്‍ ചില ടെക്നിക്കുകള്‍ ഉണ്ട്. നങ്കൂരമിടല്‍ അഥവാ ആന്‍കറിംഗ് ആണ് ആദ്യം.
ചില പ്രതികരണങ്ങള്‍ക്ക് നമ്മുടെ മനസ്സില്‍ അലയൊലികള്‍ സൃഷ്ട്ടിക്കാനുള്ള ശക്തിയുണ്ട്.പ്രതീകങ്ങള്‍ ഉണ്ടാക്കി അതിനെ ജീവിത വിജയത്തിനു ഉപയോഗിക്കുന്ന വിദ്യയാണ് നങ്കൂരമിടല്‍.
ചിലര്‍ക്ക് ഒരു സദസ്സിനു മുന്നില്‍ ,സ്റ്റേജില്‍ കയറിയാല്‍ ശബ്ദം വായില്‍ നിന്ന് വരില്ല, ചിരിക്കും .എങ്ങനെ അതിനെ അതിജീവിക്കാം. മറ്റുള്ളവരുടെ പ്രശംസ പിടിച്ചുപറ്റിയ ഒരു പ്രവര്‍ത്തനം അപ്പോള്‍ മനസ്സില്‍ ഓര്‍ക്കുക .രണ്ടു മൂന്നു ദീര്‍ഘനിശ്വാസം നടത്തുക. ആ വിജയനിമിഷം പരമാവധി മനസ്സില്‍ പൊലിപ്പിക്കുക.അതിന്‍റെ മൂര്‍ദ്ധന്യാവസ്ഥയില്‍ പെരുവിരലും ചൂണ്ടുവിരലും ചേര്‍ത്തമര്‍ത്തി YES എന്ന് മന്ത്രിക്കുക. അപ്പോള്‍ ഈ ശക്തി നിങ്ങളിലേക്ക് പ്രവഹിക്കുകയും നിങ്ങള്ക്ക് മികച്ച പ്രകടനം കാഴ്ച വെക്കാന്‍ കഴിയും . ഇതാണ് നങ്കൂരമിടല്‍ അഥവാ ആന്‍കറിംഗ്. അടുത്തത് തകര്‍ക്കല്‍ രീതി അല്ലെങ്കില്‍ swish pattern ആണ്.
നിങ്ങളുടെ പരിചയത്തില്‍ സ്വഭാവദൂഷ്യമോ ,മനോവൈകല്യമോ , ഉള്ള ഒരാള്‍ ഉണ്ടെന്നു സങ്കല്‍പ്പിക്കുക.ഉദാഹരണത്തിന് പുകവലി ശീലം. പുകവലി മൂലം അയാള്‍ക്കുണ്ടാകുന്ന ഗുണങ്ങള്‍ അയാളുമായി ചര്‍ച്ച ചെയ്യുന്നു.അയാളില്‍ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു, പിരിമുറുക്കം മാറുന്നു എന്നൊക്കെയാവാം അയാളുടെ മറുപടി.
ഈ ഗുണങ്ങളെല്ലാം നിലനിര്‍ത്തിയാണ് പുകവലി ഒഴിവാക്കാനുള്ള ഒരു ടെക്നിക്ക് അയാളുടെ സമ്മതത്തോടെ അയാളെ വിധേയനാക്കുന്നു. ആസ്വദിച്ചു പുകവലിച്ചുകൊണ്ടിരിക്കുന്ന അയാളുടെ ഒരു വലിയ ഫ്രെയിം ചെയ്ത ഫോട്ടോ മനസ്സില്‍ സങ്കല്‍പ്പിക്കുന്ന പുകവലി ശീലം മാറി വന്ന ശേഷമുള്ള ഒരു ചെറിയ ഫോട്ടോ മനസ്സിന്‍റെ ഒരു കോണിലും പ്രതിഷ്ഠിക്കുന്നു .രണ്ടു മൂന്നു ദീര്‍ഘനിശ്വാസത്തിന് ശേഷം ചെറിയ ഫോട്ടോ മെല്ലെ മെല്ലെ വളര്‍ന്നു വന്നു വലിയ ഫോട്ടോയെ അടിച്ചു തകര്‍ക്കുന്നതായി visualise ചെയ്യുന്നു. അതിവേഗത്തില്‍ swish എന്ന് പറഞ്ഞുകൊണ്ട് വേണം ഈ തകര്‍ക്കല്‍ നടത്താന്‍. ദൂഷ്യം മാറിയ ചിത്രം അയാള്‍ക്ക് ആകര്‍ഷകമായിത്തോന്നുന്നതുവരെ swish pattern ആവര്‍ത്തിക്കുന്നു.
ഇനി നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള ഒരു ടെക്നിക്ക് ആണ്.മിടുക്കിന്‍റെ വൃത്തം അഥവാ സര്‍ക്കിള്‍ ഓഫ് എക്സലന്‍സ്. ജീവിതത്തില്‍ ഏറ്റവും ആത്മവിശ്വാസം തന്ന ഒരു മുഹൂര്‍ത്തം ഓര്‍മ്മിച്ചെടുത്ത് മനസ്സില്‍ അതേപോലെ ഒരു ഫീലിംഗ് ഉണ്ടാക്കുക. നിങ്ങള്ക്ക് ചുറ്റും മനസ്സുകൊണ്ട് ആകര്‍ഷകമായ ഒരു വൃത്തം വരയ്ക്കുക. വൃത്തത്തിന്‍റെ നടുവില്‍ നിന്ന് ഏതാനും ദീര്‍ഘനിശ്വാസമെടുത്തശേഷം അനുഭവത്തിന്‍റെ പാരമ്യതയില്‍ അയാം ഗുഡ്, അയാം എക്സലന്‍റ് , അയാം കോണ്‍ഫിഡന്‍റ് തുടങ്ങിയ ഏതെങ്കിലും ഒരു വാക്ക് മൂന്നു പ്രാവിശ്യം ആവര്‍ത്തിക്കുക.എന്നിട്ട് വൃത്തത്തിനു പുറത്ത് കടക്കുക.
ജീവിത വിജയം നേടിയവരെ മാതൃകയാക്കി നേട്ടങ്ങള്‍ സ്വന്തമാക്കാനുള്ള വിദ്യയാണ് NLP.
നമ്മുടെ മനസ്സ് കമ്പ്യൂട്ടര്‍ പോലെയാണ്.ചില സന്ദര്‍ഭങ്ങളില്‍ അത് കമ്പ്യൂട്ടര്‍ വൈറസ്സുകള്‍ പോലെയുള്ള അനാവശ്യമായ സ്വഭാവങ്ങള്‍ക്കും ശീലങ്ങള്‍ക്കും അടിമപ്പെടുന്നു.ഇത്തരം പ്രശ്നങ്ങളില്‍ നിന്ന് നമ്മുടെ മനസിനെ വീണ്ടെടുക്കാനുള്ള പ്രവര്‍ത്തന രീതിയാണ് NLP.
നമ്മുടെ മനസ്സുകള്‍ കമ്പ്യൂട്ടറുകള്‍ പോലെയാണ് എന്ന് പറയാറുണ്ട്. എന്നാല്‍ വസ്തുത തിരിച്ചാണ്.കമ്പ്യൂട്ടറുകള്‍ നമ്മുടെ മനസ്സുകള്‍ പോലെയാണ്.
കമ്പ്യൂട്ടറുകളില്‍ എന്ന പോലെ നമ്മിലും വൈറസ്സുകള്‍ പ്രവേശിക്കാറുണ്ട്. അതായതു നാം ആകുന്ന കമ്പ്യൂട്ടറില്‍ അവിചാരിതമായി നമ്മള്‍ ആഗ്രഹിക്കാത്ത പെരുമാറ്റ മാതൃകകള്‍ ഡൌണ്‍ലോഡ് ചെയ്യപ്പെടുന്നു. ഉദാഹരണമായി എന്തിനോടെങ്കിലും ഉള്ള ഭയം,അമിതാഹാരം , പുകവലി,മദ്യപാനം ,കുറ്റം പറച്ചില്‍ തുടങ്ങിയവ.ഇവ ജീവിതത്തില്‍ എവിടെയോ വെച്ച് നിങ്ങളിലെ പ്രവര്‍ത്തനമേഖലയിലേക്ക് ഡൌണ്‍ലോഡ് ചെയ്തവയാണ്. അഥവാ സ്വീകരിച്ചവയാണ്.പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് തടയാന്‍ ആന്റിവൈറസ്സുകള്‍ നാം കമ്പ്യൂട്ടറില്‍ സ്ഥാപിക്കും .കമ്പ്യൂട്ടര്‍ വര്‍ഷം തോറും സര്‍വീസ് ചെയ്യും .ഇതേ പോലെ നമ്മുടെ മനസ്സുകളെയും സര്‍വീസ് ചെയ്തു പെരുമാറ്റത്തില്‍ ആഗ്രഹിക്കാത്ത മാതൃകകളെ തുടച്ചു മാറ്റാം.ആശയവ്യക്തമായ ഭാവി പ്രദാനം ചെയ്യുന്ന സ്വഭാവത്തെ ഡൌണ്‍ലോഡ് ചെയ്യാം.
ഈ നൂറ്റാണ്ടില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് വേഗതയില്‍ പ്രതികരിക്കാനും ചിന്തിക്കാനും നാം പ്രാപ്തി നേടി. ഇന്ന് സമയനഷ്ടം കൂടാതെ ആശയവിനിമയം സാധ്യമാണ്. മിന്നല്‍ വേഗത്തില്‍ ലോകത്ത് എവിടെയും സന്ദേശങ്ങള്‍ അയക്കാം.ഓരോ പുതിയ യുഗവും അസാമാന്യ കഴിവുകളുടെ യന്ത്രോപകരണങ്ങളാണ് സംഭാവന ചെയ്യുന്നത്.എംപിത്രീ പ്ലയറുകള്‍ ,ഐപാഡുകള്‍,മെസ്സെഞ്ചറുകള്‍ ഇങ്ങനെ പലതും . 10കൊല്ലം മുന്‍പുള്ള അവസ്ഥയല്ല ഇന്ന്. പുതിയ വിവരങ്ങള്‍ മനസ്സിലാക്കാന്‍ നമ്മുടെ മനസ്സിന് വേഗതയില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്.ടെക്നോളജികൊണ്ട് ജീവിതം ലഘൂകരിക്കപ്പെടുന്നു. നമ്മുടെ മസ്തിഷ്കം അവ നേരിടുന്ന വസ്തുതകളോട് പ്രത്യേകരീതിയില്‍ പ്രതികരിക്കുമ്പോള്‍ അവ പ്രത്യേകരീതികള്‍ ആവിഷ്കരിക്കും. അത് മനസ്സില്‍ രേഖപ്പെടുത്തും.നാഡിവഴക്കം എന്നാണ് ശാസ്ത്രജ്ഞര്‍ ഇതിനെ വിളിക്കുക. തലച്ചോറിന്‍റെ അതിസൂക്ഷ്മമായ ഘടനയില്‍ പോലും യഥാര്‍ത്ഥത്തില്‍ മാറ്റം വരുത്താനാകും. ശരീരത്തിന്‍റെ വളര്‍ച്ച ഒരു ഘട്ടമാകുമ്പോള്‍ നിലക്കും . എന്നാല്‍ തലച്ചോറിന്‍റെ സ്ഥിതി നന്നല്ല. പുതിയ നാഡിബന്ധങ്ങള്‍ക്ക് വേണ്ടി വളരാനുള്ള കഴിവ് അതിനില്ല. എത്ര കൂടുതലായി നാം തലച്ചോറിനെ ഉപയോഗിക്കുന്നുവോ അതനുസരിച്ച് അതിന്‍റെ പേശികള്‍ക്ക് കൂടുതല്‍ കാഠിന്യം കിട്ടും .സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങളോടു എളുപ്പത്തില്‍ പ്രതികരിച്ചു നമ്മുടെ മസ്തിഷ്ക യുക്തമായുള്ള മാറ്റങ്ങള്‍ വരുത്തുന്ന തലച്ചോറാകുന്ന പ്രവര്‍ത്തന പദ്ധതിയില്‍ ഓരോ സമയത്തും ഓരോ പ്രശ്നങ്ങള്‍ നാം സൃഷ്ടിച്ചു നല്‍കും. കമ്പ്യൂട്ടറിന്‍റെ സാങ്കേതിക പദമനുസരിച്ചു ഈ പ്രശ്നങ്ങളെ വൈറസ്സുകള്‍ എന്ന് വിളിക്കാം. മോശമായ അനുഭവങ്ങള്‍ കുറേക്കാലം മനസ്സിനെ മദിച്ചുകൊണ്ടിരിക്കും . ഇവ ഉചിതമായ രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ മനസ്സില്‍ നിന്ന് മാറാതെ നില്‍ക്കും . ഇതില്‍ നിന്നും മോചനം നേടാന്‍ മനസാസ്ത്രജ്ഞന്‍ വേണ്ട.സ്വയം ശാക്തീകരിക്കാന്‍ NLP സഹായിക്കും.
അവസാനം പരിഷ്കരിച്ചത് : 6/10/2020