ജീവിതത്തില്‍ വിഷാദം അനുഭവിക്കാത്തവരായി ആരുമില്ല. എന്നെങ്കിലും ഏതെങ്കിലുമൊരു അവസരത്തില്‍ വിഷാദത്തിന്റെ നൂല്‍പ്പാലത്തിലൂടെ കടന്നുപോയിട്ടുള്ളവരാണ് ഓരോരുത്തരും. ജീവിതത്തെയും തൊഴിലിനെയും ആരോഗ്യത്തെയും ബന്ധങ്ങളെയുമൊക്കെ അത് സാരമായി ബാധിച്ചിട്ടുമുണ്ടാവാം.
പക്ഷേ, അത്തരം വിഷാദങ്ങള്‍ക്ക് ദിവസങ്ങളുടെയൊ മണിക്കൂറുകളുടെയൊ ആയുസ് മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. മനസ് മറവിയിലേക്ക് അല്ലെങ്കില്‍ മറ്റ് വിഷയങ്ങളിലേക്ക് തിരിയുമ്പോള്‍ ആ വിഷാദം അലിഞ്ഞ് ഇല്ലാതാകുന്നു.
ഇങ്ങനെ ദുഃഖങ്ങളിലും നഷ്ടബോധത്തിലുമൊക്കെ മനസുനൊന്ത് വിഷാദമനുഭവിക്കുകയും പിന്നീട് മനസിന്റെ തെളിമയിലേക്ക് തിരികെയെത്തുന്നവരുമാണ് ഏറെയും. ചെറിയൊരു ശതമാനത്തിനു മാത്രമേ ചികിത്സ ആവശ്യമായി വരുന്നുള്ളൂ. എന്നാല്‍ ഈ ചെറിയ ശതമാനം എന്നത് അത്ര ചെറുതല്ല എന്നതാണ് വാസ്തവം.
വിഷാദ രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ചികിത്സയ്‌ക്കെത്തുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ധന ഈ കണക്കുകള്‍ക്ക് അടിവരയിടുന്നതാണ്. നമ്മുടെ ജീവിത സാഹചര്യങ്ങളും തൊഴിലും സാമ്പത്തിക പ്രശ്‌നങ്ങളും മനുഷ്യബന്ധങ്ങളിലുണ്ടായ മാറ്റങ്ങളുമൊക്കെ അതിന് ആക്കം കൂട്ടി.
അപ്പോഴാണ് ചികിത്സ ആവശ്യപ്പെടുന്ന വിഷാദത്തിന്റെ അതിര്‍വരമ്പുകളെക്കുറിച്ച് ചോദ്യമുയരുന്നത്. വിഷാദരോഗത്തിനു ചികിത്സ തേടിയെത്തുന്നവര്‍ 'ഞാനൊരു വിഷാദരോഗിയാണോ?' എന്നൊരു ചോദ്യം മനഃശാസ്ത്രവിദഗ്ധര്‍ക്ക് മുന്നില്‍ വയ്ക്കുന്നതും ഈ അതിര്‍വരമ്പിനെക്കുറിച്ച് അറിയാത്തതുകൊണ്ടാണ്. ചികിത്സ അല്ലെങ്കില്‍ കൗണ്‍സിലിംഗ് ആവശ്യമുള്ള വിഷാദത്തിന് വ്യക്തമായ ലക്ഷണങ്ങളും സ്വഭാവവുമുണ്ട്. ഇവ തിരിച്ചറിഞ്ഞാല്‍ വിഷാദരോഗത്തില്‍ നിന്നും മുക്തിനേടാം.
മനഃശാസ്ത്രപരമായി വിഷാദത്തെ 'താഴ്ച' എന്നുപറയാം. മനസിന്റെ അവസ്ഥ താഴ്ന്നുപോകുന്നു എന്നര്‍ഥം. ഏതു പ്രായക്കാര്‍ക്കും ഈ അവസ്ഥ പിടിപെടാം. കുട്ടികളില്‍ അഞ്ചു വയസുമുതല്‍ വിഷാദം കണ്ടുവരുന്നുണ്ട്.
മുതിര്‍ന്നവരില്‍, കൗമാരക്കാരില്‍, കാന്‍സര്‍ രോഗികളില്‍ തുടങ്ങി ഏതു പ്രായക്കാരിലും ഏതു മേഖലയില്‍ ജോലി നോക്കുന്നവരിലും വിഷാദം കാണപ്പെടുന്നു. ഓരോരുത്തരിലും വിഷാദത്തിന്റെ സ്വഭാവം പലവിധമായിരിക്കും എന്നുമാത്രം. കുട്ടികളിലും മുതിര്‍ന്നവരിലും പുരുഷന്മാരിലും സ്ത്രീകളിലും വിഷാദം വ്യത്യസ്ത ഭാവങ്ങളിലാണ് കാണപ്പെടുന്നത്.
12 ശതമാനത്തിലധികം കൗമാരക്കാര്‍ വിഷാദത്തിനടിമകളാകുന്നുണ്ട്. ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികളാണ് വിഷാദത്തില്‍ പെടുന്നത്. കൗമാരത്തിലുണ്ടാകുന്ന ശാരീരിക മാറ്റവും ലൈംഗികോത്തേജന ഹോര്‍മോണുകളുടെ പ്രവര്‍ത്തനം മൂലമുള്ള ഉത്കണ്ഠയുമാണ് ഇതിന് പ്രധാനകാരണം.
മനസിനെ ബാധിക്കുന്ന വിഷാദം ക്രമേണ ശരീരത്തെയും ബാധിക്കുന്നു. അപ്പോഴാണ് വിഷാദം അതിന്റെ സീമകള്‍ മറികടക്കുന്നത്. മരണം, മാനഹാനി, പ്രണയനൈരാശ്യം, അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെടുക തുടങ്ങിയവ മൂലം മനസിനേല്‍ക്കുന്ന മുറിവുകള്‍ ചിലരില്‍ മായാതെ നില്‍ക്കുന്നു.
പ്രത്യേകിച്ച് മനസിന് കട്ടികുറഞ്ഞവരില്‍. ഇവരിലെ ലഘു വിഷാദമാണ് പിന്നീട് രോഗാവസ്ഥയിലേക്ക് നീങ്ങുന്നത്. എന്നാല്‍ ആ വ്യക്തി വിഷാദത്തിന്റെ പിടിയിലമരുന്നത് മറ്റാരും തിരിച്ചറിഞ്ഞെന്നുവരില്ല. ഒരു പക്ഷേ, വിഷാദം അതിന്റെ മൂര്‍ധന്യത്തിലെത്തിയതിനു ശേഷമായിരിക്കും കുടുംബാംഗങ്ങളൊ അടുത്ത സുഹൃത്തുക്കളൊ ഇക്കാര്യം ശ്രദ്ധിക്കുന്നത്.
മുമ്പ് വിവരിച്ച വസ്തുതകളുടെ അടിസ്ഥാനത്തില്‍ വിഷാദത്തെ 'വിഷാദ മാനസികാവസ്ഥ' എന്നും 'അതിവിഷാദ രോഗ'മെന്നും രണ്ടായി കാണാം. ചികിത്സാ സൗകര്യാര്‍ഥം ഇവയെ വിഷാദ തീവ്രതയനുസരിച്ച് സാമാന്യ വിഷാദം (മൈല്‍ഡ് ഡിപ്രഷന്‍), ഇടത്തരം വിഷാദം (മേഡറേറ്റ് ഡിപ്രഷന്‍), കടുത്ത വിഷാദം (സിവയര്‍ ഡിപ്രഷന്‍) എന്നിങ്ങനെ മൂന്നായി തിരിക്കാം. ശാരീരിക മാനസിക ലക്ഷണങ്ങള്‍ ഇവ മൂന്നിനുമുണ്ടാവും. ഏതു തരം വിഷാദമാണെന്ന് കണ്ടെത്തിയതിനു ശേഷമാണ് ചികിത്സ നിശ്ചയിക്കുന്നത്.
ഏതെങ്കിലും തരത്തില്‍ വിഷാദമനുഭവിക്കുന്നവര്‍ താന്‍ ഏതു തരം വിഷാദത്തിന്റെ ഗണത്തില്‍ പെടുന്നു എന്നത് തിരിച്ചറിയേണ്ടതുണ്ട്. ഇത് തിരിച്ചറിയാന്‍ ലക്ഷണങ്ങളുടെ മാര്‍ഗരേഖ മനഃശാസ്ത്രത്തില്‍ ഉപയോഗിക്കുന്നുണ്ട്.
എന്തായാലും രണ്ടോ മൂന്നോ അല്ലെങ്കില്‍ രണ്ടാഴ്ചയില്‍ കുറവ് കാലമോ നീണ്ടു നില്‍ക്കുന്ന വിഷാദത്തെ ഗൗരവമായി കാണേണ്ടതില്ല. ഈ ലക്ഷണങ്ങള്‍ ഒറ്റയ്‌ക്കോ കൂട്ടായോ രണ്ടാഴ്ചയില്‍ ഏറെ തുടരുകയോ, കൂടിയും കുറഞ്ഞുമിരിക്കുന്ന അവസ്ഥയോ ഉണ്ടെങ്കില്‍ പരിശോധന ആവശ്യമാണ്.
വിഷാദരോഗം സ്വയം കണ്ടെത്താനും മറ്റുള്ളവരിലെ രോഗാവസ്ഥ തിരിച്ചറിയുവാനും മാര്‍ഗങ്ങുണ്ട്.
1. വിഷാദാത്മകമായ മാനസികാവസ്ഥ :-
എപ്പോഴും ദുഃഖഭാവം ഉണ്ടോ എന്ന് സ്വയം ചിന്തിക്കുക. സന്തോഷമുണ്ടാകേണ്ട അവസരങ്ങളിലും മുഖം തെളിയില്ല. ചിരി വിടരില്ല. സ്ഥായിയായ ദുഃഖഭാവം. ചിലപ്പോള്‍ പെട്ടെന്ന് കരയും.
2. ജീവിതം ആസ്വദിക്കുന്നതിനുള്ള താല്‍പര്യമില്ലായ്മ :-
ജീവിതത്തില്‍ മടുപ്പ് അനുഭവപ്പെടുക. ദൈനംദിന പ്രവൃത്തികളില്‍ താല്‍പര്യം കുറയുന്നു. ഇഷ്ടമുള്ള പ്രവൃത്തികളില്‍നിന്നും വിട്ടുനില്‍ക്കാനുള്ള പ്രവണത. മുന്നോട്ട് ജീവിക്കണം എന്ന തോന്നല്‍ നഷ്ടമാകുന്നു.
3. അകാരണമായ ക്ഷീണം :-
ഉന്മേഷക്കുറവും ക്ഷീണവും അനുഭവപ്പെടുക. ഇതുമൂലം ജോലി ചെയ്യാന്‍ കഴിയാതെ വരുന്നു. ഒഴിഞ്ഞു മാറി എപ്പോഴും സ്വസ്ഥമായിരിക്കാന്‍ തോന്നുക.
4. ശ്രദ്ധക്കുറവ് :-
ഒരു കാര്യങ്ങളിലും വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കാനാവാത്ത അവസ്ഥ. ശ്രദ്ധക്കുറവു മൂലം ജോലിയില്‍ വീഴ്ചയുണ്ടാവുകയും ചിലപ്പോള്‍ ജോലി നഷ്ടമാകുന്ന അവസ്ഥയുണ്ടാവുകയും ചെയ്യുക.
5. ആത്മവിശ്വാസവും മതിപ്പും കുറയുക : -
ആത്മവിശ്വാസം തകരുക. മറ്റുള്ളവരെപ്പോലെ ജോലി ചെയ്യാന്‍ കഴിയില്ലെന്ന് സ്വയം വിശ്വസിക്കുക. സ്വന്തം കഴിവുകള്‍ നിസാരമായി കാണുക. കഴിവില്ലായ്മയില്‍ സ്വയം ഒതുങ്ങിക്കൂടുക.
6. കുറ്റബോധം നിറഞ്ഞ മനസ് :-
മനസില്‍ അകാരണമായി കുറ്റബോധം നിറയുക. മറ്റുള്ളവരോട് തെറ്റുചെയ്തുവോ എന്ന ചിന്ത വേട്ടയാടുക. മുന്‍കാല പ്രവര്‍ത്തികള്‍ തെറ്റായി പോയി എന്നു വിശ്വസിച്ച് പരിതപിക്കുക.
7. ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷക്കുറവ് :-
ജീവിതം ഇതോടെ അവസാനിച്ചു എന്ന ചിന്ത മനസില്‍ നിറയുക. ഭാവി ഇരുളടഞ്ഞതായി കരുതുക. ജീവിതത്തില്‍ ഇനി രക്ഷപ്പെടാന്‍ കഴിയില്ലെന്ന് വിശ്വാസം.
8. ആത്മഹത്യാ പ്രവണത :-
ചില സന്ദര്‍ഭങ്ങളിലെങ്കിലും ജീവന്‍ ഒടുക്കുന്നതിനെക്കുറിച്ചുള്ള ചിന്ത. അതിനുള്ള ശ്രമം. എല്ലാവര്‍ക്കും ഭാരമാകുന്നു എന്ന തോന്നല്‍ മനസില്‍ ശക്തമാവുക.
9. ഉറക്കത്തിലെ തകരാറ് :-
ഉറക്കം കുറയുകയോ അമിതമായി ഉറങ്ങുകയോ ചെയ്യുന്നു. രാത്രി ഉറങ്ങാന്‍ കഴിയാതെ വരുന്നു. പാതി ഉറക്കത്തില്‍ ഉണരുകയും പിന്നീട് ഉറക്കം ലഭിക്കാതെ വരികയും ചെയ്യുന്നു. വളരെ നേരത്തേ ഉറക്കം തെളിയുക.
10. വിശപ്പില്ലായ്മയും അമിത വിശപ്പും :-
ആഹാരം രുചിയില്ലെന്ന തോന്നല്‍. വിശപ്പില്ലായ്മയോ അമിതമായ ആഹാരം കഴിക്കുകയോ ചെയ്യുന്നു. ഇതുമൂലം ശരീരഭാരം വര്‍ധിക്കുകയോ അമിതമായി കുറയുകയോ ചെയ്യുന്നു.
11. വൈകാരികമായി പ്രതികരിക്കാന്‍ കഴിയാതെ വരിക :-
യാതൊരുവിധ വൈകാരിക പ്രതികരണവും ഉണ്ടാകാതിരിക്കുക. തമാശ കേട്ടാല്‍ ചിരിക്കില്ല. പ്രതികരിക്കേണ്ട അവസരങ്ങളില്‍പോലും അതിനാകാതിരിക്കുക.
12. മൂഡ് രാവിലെ മോശമായിരിക്കുക :-
ഉറക്കമുണരുമ്പോള്‍ കടുത്ത നിരാശയും സങ്കടവും തോന്നല്‍. ജോലികളൊന്നും ചെയ്യാന്‍ കഴിയാതെ വരിക.
13. ശാരീരിക ക്ഷമതയും ചലനവും കുറയുക :-
ഓടാനും നടക്കാനും കഴിയാതെ വരിക. പെട്ടെന്ന് തളരുക. ശരീരത്തിന്റെ ആകെ ചലനശേഷി കുറയുക.
ഈ ലക്ഷണങ്ങളില്‍ മൂന്നില്‍ കൂടുതല്‍ എണ്ണം രണ്ടാഴ്ചയിലേറെ കാലം കാണപ്പെടുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് വിദഗ്ധ പരിശോധനയും ചികിത്സയും ആവശ്യമുണ്ട്. വിഷാദം കണ്ടെത്തി ഉടന്‍ പ്രതിവിധി തേടിയാല്‍ രോഗികളെ സാധാരണ ജീവിതത്തിലേക്ക് എളുപ്പം മടക്കിക്കൊണ്ടുവരാനാവും.
കടപ്പാട്:
ജി. സൈലേഷ്യ
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
റിനൈ മെഡിസിറ്റി, കൊച്ചി
അവസാനം പരിഷ്കരിച്ചത് : 5/25/2020