Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / മാനസികാരോഗ്യം / താളം തെറ്റിക്കുന്ന 10 മനോരോഗങ്ങള്‍
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

താളം തെറ്റിക്കുന്ന 10 മനോരോഗങ്ങള്‍

പുരുഷായുസ്സിന്റെ ഏറ്റവും ക്രിയാത്മകമായ കാലഘട്ടമാണ് 18 മുതല്‍ 50 വയസ്സുവരെയുള്ള പ്രായം. എന്നാല്‍ ഈ പ്രായത്തിലുള്ള പുരുഷ•ാരുടെ പഠനത്തെയും ജോലിയേയും കുടുംബജീവിതത്തെയുമൊക്കെ ദോഷകരമായി ബാധിക്കുന്ന ധാരാളം മാനസിക ആരോഗ്യപ്രശ്‌നങ്ങളുണ്ട്.

 

ഇത്തരം രോഗങ്ങള്‍ ആരംഭത്തില്‍ തന്നെ കണ്ടെത്തിയാല്‍ അനായാസം ഭേദപ്പെടുത്താന്‍ കഴിയുന്നവയാണ് അവയില്‍  നല്ലൊരു പങ്കും.   ചില രോഗങ്ങള്‍ക്ക് ദീര്‍ഘകാല ചികിത്സകള്‍ വേണ്ടി വരും.   എന്നാല്‍ ജീവിത ശൈലികളിലെ ക്രമീകരണവും ലഹരിവര്‍ജനവും കായിക അധ്വാനവുമൊക്കെ ശീലിച്ചാല്‍ ഇവയില്‍ ചില രോഗങ്ങളുടെ സങ്കീര്‍ണത കുറയ്ക്കാന്‍ കഴിയും.

വിഷാദ രോഗം

‘മനോരോഗങ്ങളിലെ ജലദോഷം’ എന്നറിയപ്പെടുന്ന വിഷാദം ഏതു പ്രായത്തിലും കാണപ്പെടുന്ന ഒന്നാണ്.   പുരുഷ•ാരില്‍ 10 ശതമാനത്തോളം പേര്‍ക്ക് ജീവിതത്തില്‍ ഒരിക്കലെങ്കിലും വിഷാദരോഗം പിടിപെടാം.   രണ്ടാഴ്ചയില്‍ കൂടുതല്‍ ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന സ്ഥായിയായ വിഷാദം, ജോലിയും മറ്റു കാര്യങ്ങളും ചെയ്യാന്‍ തീരെ താത്പര്യമില്ലാത്ത അവസ്ഥ, കാരണമില്ലാതെയുള്ള ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.   ഉറക്കക്കുറവ്, വിശപ്പില്ലായ്മ, ശ്രദ്ധക്കുറവ്, ലൈംഗിക താത്പര്യമില്ലായ്മ, അനാവശ്യമായ കുറ്റബോധം, നിരാശ, ആത്മഹത്യാപ്രവണത എന്നിവയും ഉണ്ടാകാം.   വിഷാദരോഗം മൂര്‍ച്ഛിച്ചാല്‍ രോഗി ഒന്നും മിണ്ടാതെ ഭക്ഷണമോ വെള്ളമോ പോലും കഴിയാതെ ബിംബം പോലെയിരിക്കുന്ന സ്ഥിതിയുണ്ടാവാം.  രോഗിയുടെ ജീവന് അപകടമായ ഈ അവസ്ഥ ‘കാറ്ററ്റോനിയ’(ഇമമേീേിശമ) എന്നാണറിയപ്പെടുന്നത്.   അടുത്ത രക്തബന്ധമുള്ളവര്‍ക്ക് വിഷാദം വന്നിട്ടുണ്ടെങ്കില്‍ വിഷാദരോഗം വരാനുള്ള ജനിതകമായ സാധ്യത കൂടുതലായിരിക്കും.
വിഷാദരോഗം വന്നവരുടെ തലച്ചോറില്‍ സിറടോണിന്‍, നോര്‍എപിനെഫ്രിന്‍ തുടങ്ങിയ ചില  രാസവസ്തുക്കളുടെ അളവ് ക്രമീകരിക്കാന്‍ സഹായിക്കുന്ന ഔഷധങ്ങളും ഒപ്പം മനസ്സിലെ ചിന്താവൈകല്യങ്ങള്‍ തിരുത്താനുള്ള ബൗദ്ധിക പെരുമാറ്റ ചികിത്സയുമാണ് വിഷാദരോഗത്തിന് ആവശ്യമുള്ളത്.  കാറ്ററ്റോനിയ പോലെ അപകട അവസ്ഥകളില്‍ രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ ‘ഇലക്‌ട്രോ കണ്‍വള്‍സീവ് തെറാപ്പി’(ഇ.സി.ടി.) സഹായകമാണ്.

ബൈപോളാര്‍ ഡിസോഡര്‍

ഒരേ വ്യക്തിയുടെ ജീവിതത്തില്‍ വിഷാദ രോഗവും ഉ•ാദരോഗവും മാറിമാറി വരുന്ന അവസ്ഥയാണ് ‘ദ്വി ധ്രുവ വൈകാരിക രോഗം’ അഥവാ ബൈപോളാര്‍ ഡിസോഡര്‍.   അമിത സംസാരം, നിയന്ത്രണം വിട്ടുള്ള ആഹ്ലാദ പ്രകടനങ്ങള്‍, അമിത ദേഷ്യം, അളവില്‍ കവിഞ്ഞ ഭക്തി, അമിതമായ ഉര്‍ജ്ജസ്വലത എന്നിവയൊക്കെയാണ് ഉ•ാദ രോഗത്തിന്റെ ലക്ഷണങ്ങള്‍.   രോഗം കൂടുമ്പോള്‍ രോഗി മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ പാട്ടുപാടുക, നൃത്തം ചെയ്യുക, അശ്ലീല സംസാരം നടത്തുക, ലൈംഗിക ചേഷ്ടകള്‍ കാട്ടുക, അക്രമാസക്തനാകുക എന്നിവയൊക്കെ ചെയ്‌തേക്കാം.   ചില വ്യക്തികളില്‍ ചെറിയ തോതിലുള്ള അമിത സംസാരം, ദേഷ്യം, അമിത ലൈംഗിക താത്പര്യം, അധിക ജോലി ചെയ്യാനുള്ള ത്വര എന്നീ ലക്ഷണങ്ങളുള്ള ‘ലഘു ഉ•ാം’(വ്യുീാിശമ) എന്നവസ്ഥയും വരാം.
വിഷാദരോഗത്തിന് കാരണമായ എല്ലാ കാര്യങ്ങളും ബൈപോളാര്‍ രോഗത്തിനും കാരണമാം.   ഇതോടൊപ്പം തൈറോയ്ഡ് ഗ്രന്ഥിയുടെ തകരാറുകളും മസ്തിഷ്‌കത്തിനേല്ക്കുന്ന ക്ഷതങ്ങളും ഈ അവസ്ഥയിലേക്ക് നയിക്കാം.   മനസ്സിന്റെ വൈകാരികാവസ്ഥ സ്ഥിരപ്പെടുത്തുന്ന ‘മൂഡ് സ്റ്റെബിലൈസര്‍’ ഔഷധങ്ങളാണ് പ്രധാനമായും ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്.   രോഗം ഭേദമായതിനുശേഷം വീണ്ടും വരുന്നത് തടയാന്‍ ‘മനോനിറവധിഷ്ഠിത ബൗദ്ധിക ചികിത്സയും’ പ്രയോജനം ചെയ്യും.

പാനിക് ഡിസോഡര്‍

ഹൃദ്രോഗത്തിന് സമാനമായ ലക്ഷണങ്ങള്‍ വന്ന് ‘ഇപ്പോള്‍ വീണു മരിച്ചു പോകും’ എന്ന പ്രതീതി ഉളവാക്കുന്ന ഒരവസ്ഥയാണിത്.   നാലു ശതമാനത്തോളം പേര്‍ക്ക് ഇത് വരാം.   നെഞ്ച് വേദനയുമായി ഡോക്ടറെ കാണാനെത്തുന്നവരില്‍ 30 ശതമാനത്തോളം പേര്‍ക്ക് പാനിക് ഡിനോസര്‍ ആണെന്ന് ചില പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.  സമയത്ത് ചികിത്സലഭിക്കാതിരിന്നാല്‍, ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ പോലും ഭയപ്പെടുന്ന മാനസികാവസ്ഥയിലേക്ക് ഇവര്‍ എത്തിയേക്കും.   പരിചയമില്ലാത്ത സ്ഥലങ്ങളിലും തുറസ്സായ പ്രദേശങ്ങളിലും ഒറ്റയ്ക്ക് പോയാല്‍ ‘തനിക്കെന്തെങ്കിലും അപകടം പറ്റുമോ’ എന്ന് ചിന്തിച്ചു ഭയപ്പെടുന്ന ഈ അവസ്ഥയ്ക്ക് ‘അഗോറ ഫോബിയ’ (മഴീൃമുവീയശമ) എന്നാണ് പറയുന്നത്.
പാനിക് ഡിസോഡര്‍ ഉണ്ടാകുന്നവരുടെ തലച്ചോറില്‍ ഗാബ, നോര്‍ എപിനെഫ്രിന്‍, സിറടോണിന്‍ തുടങ്ങിയ രാസപദാര്‍ത്ഥങ്ങളുടെ അളവില്‍ വ്യതിയാനങ്ങള്‍ ഉള്ളതായി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.   ഉത്കണ്ഠ കൂടുതലുള്ള വ്യക്തിത്വങ്ങളില്‍ ഈ പ്രശ്‌നം കൂടുതലായി കണ്ടുവരുന്നുണ്ട്.  ചികിത്സിക്കാത്ത പക്ഷം വിഷാദരോഗം, ആത്മഹത്യാപ്രവണത, മദ്യാസക്തി, ലഹരിവസ്തുക്കളുടെ ദുരുപയോഗം എന്നീ പ്രശ്‌നങ്ങളിലെക്ക് ഇവര്‍ വഴുതിവീണേക്കാം.   മസ്തിഷ്‌കത്തിലെ രാസവ്യതിയാനങ്ങള്‍ ക്രമീകരിക്കാനുള്ള ഔഷധങ്ങള്‍, ബൗദ്ധിക പെരുമാറ്റ ചികിത്സ, റിലാക്‌സേഷന്‍ വ്യായാമങ്ങള്‍ എന്നിവ ഉപയോഗിച്ച് ഈ രോഗം ഭേദപ്പെടുത്താം.

സാമൂഹിക ഉത്കണ്ഠാ രോഗം

ആളുകളോട് സംസാരിക്കാന്‍ മടി, സഭാകമ്പം, അമിതമായ ലജ്ജാശീലം എന്നിവ കൈമുതലായ ചില ചെറുപ്പക്കാരെങ്കിലും നമുക്ക് ചുറ്റുമുണ്ട്.  പലപ്പോഴും കൗമാരത്തിന്റെ ആദ്യഘട്ടത്തില്‍ പ്രത്യക്ഷപ്പെടുന്ന ഈ അവസ്ഥ ചികിത്സിക്കാത്ത പക്ഷം യൗവനത്തിലേക്ക് പുരോഗമിക്കും.   സ്ത്രീകളോട് സംസാരിക്കാന്‍ സങ്കോചം, അധ്യാപകര്‍ ചോദ്യം ചോദിക്കുമ്പോള്‍ മറുപടി പറയാന്‍ പേടി തുടങ്ങിയവയായിരിക്കും പ്രാരംഭലക്ഷണങ്ങള്‍.   ഇക്കൂട്ടര്‍ കല്യാണങ്ങള്‍, സമ്മേളനങ്ങള്‍, ആള്‍ക്കാര്‍ കൂടുന്ന മറ്റു പൊതുചടങ്ങുകള്‍ എന്നിവയൊക്കെ കഴിയുന്നതും ഒഴിവാക്കും.   പൊതു സ്ഥലങ്ങളില്‍ ആളുകള്‍ തന്നെത്തന്നെ നിരീക്ഷിക്കുമെന്നും തന്റെ നടപ്പിലെയോ സംസാരത്തിലെയോ തകരാറുകള്‍ ചൂണ്ടിക്കാട്ടി പരിഹസിക്കുമെന്നും ഇവര്‍ കരുതും.   എവിടെപ്പോയാലും ആളുകള്‍ തന്നെത്തന്നെ നിരീക്ഷിക്കുന്നു എന്നതാണ് ഇവരുടെ പ്രധാന പ്രശ്‌നം.
ബൗദ്ധിക പെരുമാറ്റ ചികിത്സ, സിസ്റ്റമാറ്റിക് ഡിസൈന്‍സിറ്റൈസേഷന്‍ തുടങ്ങിയ മനശ്ശാസ്ത്ര ചികിത്സകളാണ് ഇവിടെ വേണ്ടത്.   എന്നാല്‍ കഠിനമായ സാമൂഹിക ഉത്കണ്ഠ ഉള്ളവര്‍ക്ക് ഉത്കണ്ഠ കുറയ്ക്കാനുള്ള മരുന്നുകളും ആവശ്യമായി വരും.

സവിശേഷ ഉത്കണ്ഠാ രോഗം

ഏതെങ്കിലും ഒരു സാഹചര്യത്തില്‍ മാത്രമോ അഥവാ ഒരു വസ്തുവിനെ കാണുമ്പോള്‍ മാത്രമോ കഠിനമായ ഉത്കണ്ഠ തോന്നുന്ന അവസ്ഥയാണിത്. രക്തം പേടി, ഇരുട്ടത്ത് പുറത്തിറങ്ങാന്‍ മടി, ഇവയൊക്കെ ഇതിന്റെ പല വകഭേദങ്ങളാണ്. സമൂഹത്തിലെ പത്തുശതമാനത്തോളം പുരുഷ•ാര്‍ക്ക് ഈ പ്രശ്‌നമുണ്ടാകാം.
ജനികഘടകങ്ങള്‍, കുട്ടിക്കാലത്തെ ദുരനുഭവങ്ങള്‍, അബോധമനസ്സിലെ സംഘര്‍ഷങ്ങള്‍ എന്നിവയൊക്കെ ഇതിന് കാരണമാകാം.   ഉത്കണ്ഠ ഉളവാക്കുന്ന സാഹചര്യത്തെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ‘എക്‌സ്‌പോഷര്‍ വിത്ത് റെസ്‌പോണ്‍സ് പ്രവന്‍ഷന്‍’ പോലെയുള്ള മനശാസ്ത്ര ചികിത്സകള്‍, റിലാക്‌സേഷന്‍ വ്യായാമങ്ങള്‍, കഠിനമായ ഉത്കണ്ഠ കുറയ്ക്കുവാനുള്ള ഔഷധങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് ചികിത്സ.

ഒ.ഡി.സി.

ആവര്‍ത്തന സ്വഭാവമുള്ള ചിന്തകളും പ്രവൃത്തികളും പ്രധാന ലക്ഷണമായിട്ടുള്ള രോഗമാണ് ഒബ്‌സെസ്റ്റീവ് കംപല്‍സീവ് ഡിസോഡര്‍ (ഒ.ഡി.സി.).  മനസ്സിലേക്ക് ആവര്‍ത്തിച്ച് കടന്നു വരുന്ന അസ്വസ്ഥതയുളവാക്കുന്ന ചിന്തകള്‍, തോന്നലുകള്‍, ദൃശ്യങ്ങള്‍ തുടങ്ങിയവയെയാണ് ‘ഒബ്‌സെഷന്‍’ എന്നു വിളിക്കുന്നത്.   ഉദാഹരണത്തിന് കൈ കഴുകിയ ശേഷവും കൈകളില്‍ അഴുക്കിരിപ്പുണ്ട് എന്ന ആവര്‍ത്തിച്ചുള്ള സംശയം.   കതകിന്റെ കുറ്റി ഇട്ടശേഷവും കുറ്റി നേരെ വീണിട്ടുണ്ടോ എന്ന ആവര്‍ത്തിച്ചുള്ള ശങ്ക.   ഈ തോന്നലുകള്‍ മനസ്സിലേക്ക് കടന്നു വരുമ്പോള്‍ രോഗിക്ക് കഠിനമായ ഉത്കണ്ഠ മറികടക്കാന്‍ അയാള്‍ ചെയ്യുന്ന ആവര്‍ത്തിച്ചുള്ള പ്രവൃത്തികളെയാണ് ‘കമ്പല്‍ഷന്‍’ എന്ന് പറയുന്നത്.   ഈ രോഗമുള്ളവരില്‍ 70 ശതമാനം പേരിലും 25 വയസ്സിനു മുന്‍പുതന്നെ രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങും.  ചില രോഗങ്ങള്‍ തനിക്കു ബാധിച്ചിട്ടുണ്ടോ എന്ന സംശയം, വഴിയിലൂടെ നടക്കുമ്പോള്‍ പട്ടി കടിച്ചോ എന്ന സംശയം, രക്തബന്ധുക്കള്‍ ഉള്‍പ്പെട്ട അസ്വാഭാവിക ലൈംഗിക ചിന്തകള്‍, ചീത്ത വാക്കുകള്‍ പറയാനുള്ള അനിയന്ത്രിതമായ ത്വര എന്നിവയും ഉണ്ടാകാം.   മസ്തിഷ്‌കത്തിലെ സിറടോണിന്‍, ഡോപ്പമിന്‍ തുടങ്ങിയ രാസപദാര്‍ത്ഥങ്ങളുടെ അളവിലെ വ്യതിയാനങ്ങള്‍, ജനിതക കാരണങ്ങള്‍, മസ്തിഷ്‌കത്തിന്റെ ചില മേഖലകളിലെ വലുപ്പ വ്യത്യാസങ്ങള്‍, കുട്ടിക്കാലത്തെ ദുരനുഭവങ്ങള്‍ തുടങ്ങി പലതും ഈ രോഗത്തിനു കാരണമാകാം.   മസ്തിഷ്‌കത്തിലെ രാസവ്യതിയാനങ്ങള്‍ പരിഹരിക്കാനുള്ള ഔഷധങ്ങളാണ് ഇതിന്റെ പ്രധാന ചികിത്സ.   മരുന്നുകളോടൊപ്പം പെരുമാറ്റ ചികിത്സാരീതികളും ആവശ്യമായി വരും.

സ്‌കിസോഫ്രിനിയ

ഒരുശതമാനം പുരുഷ•ാരില്‍ കണ്ടുവരുന്ന ഈ രോഗത്തിന് ദീര്‍ഘകാല ചികിത്സ ആവശ്യമാണ്.   പലപ്പോഴും ‘തനിക്ക് രോഗമുണ്ട്’ എന്ന യാഥാര്‍ത്ഥ്യം രോഗി തിരിച്ചറിയാറില്ല.  അനാവശ്യമായ ഭയം, സംശയങ്ങള്‍, പെരുമാറ്റവൈകല്യങ്ങള്‍, പെരുമാറ്റവൈകല്യങ്ങള്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.  തെറ്റായ കാര്യങ്ങള്‍ ശരിയാണെന്ന് ഉറച്ച വിശ്വാസം അഥവാ  ‘മിഥ്യാവിശ്വാസം’ ആണ് ഇവയില്‍ പ്രധാനം.   ആരോ തന്നെ കൊല്ലാന്‍ വരുന്നുണ്ടെന്നും തന്റെ ഭക്ഷണത്തില്‍ വീട്ടുകാര്‍ വിഷം കലര്‍ത്തിയിട്ടുണ്ടെന്നും ഇവര്‍ ഉറച്ചു വിശ്വസിക്കും.   തന്നെ ചില യന്ത്രങ്ങള്‍ ഉപയോഗിച്ച് ആരൊക്കെയോ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുവെന്നും താന്‍ മനസ്സില്‍ ചിന്തിക്കുന്നതെല്ലാം മറ്റുള്ളവര്‍ക്ക് ഉടന്‍ മനസ്സിലാകുമെന്നും ഇവര്‍ കരുതും.  അശരീരിശബ്ദങ്ങള്‍ ചെവില്‍ മുഴങ്ങുന്നതുപോലെയുള്ള ‘മിഥ്യാനുഭവങ്ങളും’ ഇവര്‍ക്കുണ്ടാകും.
ഈ രോഗം വഷളാകുമ്പോള്‍ സംസാരത്തില്‍ പരസ്പര ബന്ധമില്ലായ്മ കണ്ടുവരുന്നുണ്ട്.  ചില രോഗികളില്‍ സംസാരം കുറവ്, ഒരു കാര്യവും ചെയ്യാന്‍ താത്പര്യമില്ലായ്മ, ശ്രദ്ധക്കുറവ്, നിര്‍വികാരത ഒന്നിലും സന്തോഷം കണ്ടെത്താന്‍ കഴിയാത്ത അവസ്ഥ, മറ്റുള്ളവരോട് ഇടപെടാന്‍ താത്പര്യമില്ലായ്മ എന്നിവയും ഉണ്ടാകും.   രോഗം പഴകുന്നതനുസരിച്ച് ഓര്‍മ, ബുദ്ധി, ആസൂത്രണശേഷി, വിശകലനപാടവം തുടങ്ങി തലച്ചോറിന്റെ ധര്‍മ്മങ്ങള്‍ പലതും തകരാറിലാകും.   അപൂര്‍വമായി രോഗി ഒന്നും മിണ്ടാതെയും വെള്ളം കുടിക്കാതെയുമുള്ള ‘കാറ്ററ്റോനിയ’ എന്ന അവസ്ഥയിലേക്ക് പോകാം.   മസ്തിഷ്‌കത്തിലെ ഡോപ്പമിന്‍ എന്ന രാസവസ്തുവിന്റെ അളവിലെ വ്യതിയാനമാണ് ഈ രോഗത്തിന് കാരണമാകുന്നത്.   ജനിതക കാരണങ്ങളും ഈ രോഗത്തിനു പിന്നിലുണ്ട്.   ഡോപ്പമിന്റെ അളവ് ക്രമീകരിക്കാന്‍ സഹായിക്കുന്ന ‘വിഭ്രാന്തി വിരുദ്ധ ഔഷധങ്ങള്‍’ ആണ് ഇതിന്റെ ചികിത്സയ്ക്കുപയോഗിക്കുന്നത്.  രോഗലക്ഷണങ്ങള്‍ പൂര്‍ണമായും മാറിയാലും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം നിശ്ചിതകാലം മരുന്ന് തുടരണം.   ‘കാറ്ററ്റോനിയ’ ബാധിച്ചവര്‍ക്ക് ‘ഇലക്‌ടോ കണ്‍വള്‍സീവ് തെറാപ്പി’ വേണ്ടി വരാം.

സംശയരോഗം

ഏതെങ്കിലും കാര്യത്തെക്കുറിച്ച് അടിയുറച്ച ‘മിഥ്യാവിശ്വാസം’ വെച്ചുപുലര്‍ത്തുന്നവര്‍ക്ക് ‘സംശയരോഗം’ അഥവാ ‘ഡില്യൂഷണല്‍ ഡിസോഡര്‍’ ഉണ്ടെന്ന് കരുതാം.  ഭാര്യക്ക് മറ്റൊരാളുമായി അവിഹിതബന്ധം ഉണ്ടെന്ന അടിയുറച്ച മിഥ്യാവിശ്വാസമുള്ള വ്യക്തി ഉദാഹരണം.   അങ്ങനെയൊന്നുമില്ല എന്ന് ആരൊക്കെ പറഞ്ഞാലും അയാള്‍ വിശ്വസിക്കില്ല.   സമൂഹത്തിലെ 0.03 ശതമനം പുരുഷന്‍മാരില്‍ മാത്രം കണ്ടുവരുന്ന ഈ രോഗം കണ്ടെത്താനും വിഷമമാണ്.   കാരണം, പലപ്പോഴും ജീവിതപങ്കാളിക്കു മാത്രമേ ഈ രോഗം തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂ.   മറ്റെല്ലാവരോടും ഇയാള്‍ നല്ല രീതിയിലാകും പെരുമാറുക.   ശരീരത്തില്‍ രോഗാണുക്കള്‍ ഉണ്ടെന്നുള്ള സംശയവും ചില രോഗികളില്‍ ഉണ്ടാകാം.   മസ്തിഷ്‌കത്തിലെ ഡോപ്പമിന്റെ അളവിലെ വ്യതിയാനങ്ങള്‍ മിക്ക സംശയരോഗികളിലും കാണാം.  കഞ്ചാവ്, മദ്യം തുടങ്ങിയ ലഹരിവസ്തുക്കളുടെ ഉപയോഗം രോഗം വഷളാകാന്‍ കാരണമകും.  ചിട്ടയായ ചികിത്സയിലൂടെ രോഗം ഫലപ്രദമായി നിയന്ത്രിക്കാം.

മനോജന്യ ശാരീരിക ലക്ഷണങ്ങള്‍

ശരീരത്തിന് പ്രത്യേകിച്ച് തകരാറുകള്‍ ഒന്നുമില്ലാതെതന്നെ ആവര്‍ത്തിച്ച് ശാരീരിക രോഗലക്ഷണങ്ങള്‍ വരുന്ന അവസ്ഥയാണിത്.  ‘സൊമാറ്റോഫോം ഡിസോഡര്‍’ എന്ന് വിളിക്കുന്ന ഈ അവസ്ഥ ഒരുശതമാനം പുരുഷ•ാരില്‍ കാണാറുണ്ട്.  ആവര്‍ത്തിച്ചുള്ള വ്യത്യസ്തമായ ശാരീരിക ലക്ഷണങ്ങളാണ് ചിലര്‍ക്കുള്ളത്.   മറ്റു ചിലര്‍ക്ക് തനിക്ക് ‘കാന്‍സര്‍’, ‘എയ്ഡ്‌സ്’ എന്നിവപോലുള്ള മാരകരോഗങ്ങളുണ്ടോ എന്ന സംശയമാണ്.  വിട്ടുമാറാത്ത നടുവേദന, പിടലിവേദന തുടങ്ങിയ ലക്ഷണങ്ങളാണ് മറ്റു ചിലര്‍ക്ക്.  ഇടയ്ക്കിടെ മലവിസര്‍ജ്ജനം നടക്കുമോ എന്നു ഭയന്ന് രാവിലെ തന്നെ നിരവധി തവണ ടോയ്‌ലെറ്റില്‍ പോകുന്ന മറ്റൊരുകൂട്ടരുണ്ട്.   വയറ്റില്‍ എപ്പോഴും ‘ഗ്യാസാണ്’ എന്ന് പറഞ്ഞു നടക്കുന്ന വേറെ ചിലരുണ്ട്.   എന്നാല്‍ ഇവര്‍ക്കൊന്നും തന്നെ ശാരീരിക പരിശോധനകളിലോ ടെസ്റ്റുകളിലോ തകരാറുകള്‍ ഒന്നും കാണുന്നുമില്ല.  മധ്യവയസ്സു മുതലാണ് ഇത്തരം ലക്ഷണങ്ങള്‍  കൂടുതലായി പ്രകടമാകുന്നത്.  ഉത്കണ്ഠ കൂടുതലുള്ള വ്യക്തികളിലാണ് ഇത്തരം രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത്.  ഉപബോധമനസ്സിലെ വികലധാരണകളെ തിരുത്താനവശ്യമായ മനശ്ശാസ്ത്ര ചികിത്സകളും ഉത്കണ്ഠ കുറയ്ക്കാനുള്ള മരുന്നുകളും ഉപയോഗിച്ച് ഈ പ്രശ്‌നത്തെ മറികടക്കാം.

മദ്യ അടിമത്തം

18 വയസ്സിനും 65 വയസ്സിനും ഇടയിലുള്ള പുരുഷ•ാരില്‍ 60 ശതമാനത്തോളം പേര്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും മദ്യപിക്കാറുണ്ടെന്ന് ചില പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.   ഈ പ്രായത്തിലെ 15 ശതമാനം പുരുഷന്‍മാര്‍ മദ്യത്തിന് അടിമകളാണെന്നും കണക്കുകള്‍ പറയുന്നു.  ദിവസേന മദ്യം കഴിക്കുകയും ഉപയോഗിക്കുന്ന മദ്യത്തിന്റെ അളവ് ഘട്ടം ഘട്ടമായി കൂടി അളവ് നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയിലെത്തുകയും ചെയ്യുന്നവരാണ് ഇവര്‍.   മദ്യം ഒരു ദിവസം കിട്ടിയില്ലെങ്കില്‍ ഉറക്കക്കുറവ്, വിറയല്‍, വെപ്രാളം, അമിത നെഞ്ചിടിപ്പ് എന്നിവതൊട്ട് അപസ്മാരവു സ്ഥലകാലബോധമില്ലായ്മയും വരെയുള്ള പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ ഇവര്‍ക്കുണ്ടാകാം.
സ്ഥിരം മദ്യം കഴിക്കുന്ന ഒരു വ്യക്തി ഡോക്ടറുടെ നിര്‍ദേശം അനുസരിച്ച് മാത്രമേ പൊടുന്നനെ മദ്യം നിര്‍ത്താനാവൂ.   പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ വരാതിരിക്കാന്‍ സഹായിക്കുന്ന ഔഷധങ്ങള്‍ കഴിച്ചുകൊണ്ട് പൊടുന്നനെ മദ്യം നിര്‍ത്താം.   പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ പരിഹരിച്ചാല്‍ വീണ്ടും മദ്യപാനം തുടങ്ങുന്ന അവസ്ഥയായ ‘പുന:പതനം’ തടയാനുള്ള ചികിത്സ വേണം.   മദ്യാസക്തി കുറയ്ക്കാന്‍ സഹായിക്കുന്ന വിവിധ തരം മരുന്നുകളോടൊപ്പം കൗണ്‍സലിംഗ്, ഫാമിലി തെറാപ്പി എന്നിവയും അനുയോജ്യമായ പുനരധിവാസവും വേണ്ടി വരും.
കടപ്പാട് : മാതൃഭൂമി ആരോഗ്യമാസിക
2.92
Anonymous Nov 03, 2017 10:10 PM

ശക്തമായി ഭയന്ന ഒരാൾ രാത്രിയിലോ മറ്റോ ഇത് മനസിനെ ബാധിക്കാറുണ്ട് പലപ്പോഴും എന്താണിത് ഈ രോഗാവസ്ഥ എന്ത് പേരിൽ അറിയപെടുന്നു

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top