ചിരിപ്പിച്ച് ചിരിപ്പിച്ച് കുട്ടികളെ സ്മാർട്ട് ആക്കാം.
ചിരിപ്പിച്ച് കുട്ടികളെ മിടുക്കരാക്കാമെന്നുകേട്ടു തല തല്ലി ചിരിക്കേണ്ട. സംഭവം സത്യം. ഫ്രാൻസിലെ ഒരുകൂട്ടം ഗവേഷകരാണ് ഈ പഠനത്തിനു പിന്നിൽ. ഒന്നിനും മൂന്നു വയസിനും ഇടയിലുള്ള കുട്ടികളെ എന്തെങ്കിലുമൊക്കെ തമാശ കാട്ടി രസിപ്പിച്ച് ചിരിപ്പിച്ചാൽ പുതിയ കാര്യങ്ങൾ പെട്ടെന്നു പഠിക്കാനുള്ള അവരുടെ കഴിവു വർധിക്കുമെന്നാണ് കണ്ടെത്തൽ.
18 മാസം പ്രായമുള്ള കുട്ടികളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണു റിപ്പോർട്ട്. പഠനത്തിന്റെ ഭാഗമായി മുതിർന്നവരെയും കുട്ടികളെയും ആദ്യം രണ്ടു ഗ്രൂപ്പായി തിരിച്ചു. പിന്നീട് അകലെയായി ഒരു കളിപ്പാട്ടവും അതെടുക്കാനുള്ള ഉപകരണവും നൽകി.
ആദ്യ ഗ്രൂപ്പിൽപെട്ടവർ കളിപ്പാട്ടം കൈക്കലാക്കിയ ശേഷം അതുമായി കുട്ടികളുടെ അരികിലിരുന്നു വെറുതെ കളിച്ചു. കുട്ടികളുടെ ഇടയിൽ ഒരു പ്രതികരണവും ഉണ്ടാക്കാൻ ഇവർക്ക് സാധിച്ചില്ല. എന്നാൽ രണ്ടാമത്തെ ഗ്രൂപ്പിൽപെട്ടവർ കളിപ്പാട്ടം കൈയിലെടുത്ത ശേഷം താഴേക്ക് വലിച്ചെറിഞ്ഞു. ഈ പ്രവൃത്തി പകുതിയിലധികം കുട്ടികളെ ചിരിപ്പിക്കുകയും പിന്നീട് കുട്ടികളിത് ആവർത്തിക്കുകയും ചെയ്തു.
ചിരിക്കുന്ന കുട്ടികൾക്ക് സാമൂഹികപരമായ കഴിവും ഗ്രഹണശക്തിയും കൂടുതലായിരിക്കും. ഈ കുട്ടികൾ മുതിർന്നവരെ അനുകരിക്കുകയും നന്നായി പെരുമാറുകയും ചെയ്യും. ചിരി കുട്ടികളുടെ ബുദ്ധിശക്തി വർധിപ്പിക്കും. ചിരിക്കുമ്പോൾ തലച്ചോറിലെ ഡോപമിൻറെ അളവു കൂടുന്നതാണിതിനു കാരണമെന്നും ഗവേഷകർ പറയുന്നു.കുട്ടികളെ ചിരിപ്പിച്ചാൽ ആ ചിരി വെറുതെയാവില്ലെന്ന് ഇപ്പോൾ മനസിലായില്ലേ? എന്തായാലും ഇനിമുതൽ അച്ഛനമ്മമാർ കുട്ടികളെ കുടുകുടെ ചിരിപ്പിച്ചോളൂ...അവരും സ്മാർട്ട് ആകട്ടെ...
കടപ്പാട്: മനോരമ ഓണ്‍ലൈന്‍
അവസാനം പരിഷ്കരിച്ചത് : 3/13/2020