Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ചിത്തഭ്രമം

മനസിന്റെ സമനില തെറ്റുകയും യാഥാര്‍ഥ്യ ബോധം ചിലപ്പോഴെങ്കിലും ഇല്ലാതാവുകയും ചെയ്യുന്ന അവസ്ഥയാണ് ചിത്തഭ്രമം

പൊതുസമൂഹത്തില്‍ സാധാരണമായി ഉപയോഗിക്കുന്ന ഒരു പദമാണ് ഭ്രാന്ത്. ഇതിന് സമാനമായി ഉപയോഗിക്കപ്പെടുന്ന മറ്റു പദങ്ങളാണ് 'വട്ട്', 'കിറുക്ക്' എന്നിവ. ഇവയ്‌ക്കോരോന്നിനും പലരും പല അര്‍ത്ഥങ്ങളായിരിക്കും ഉദ്ദേശിക്കുക. ഒരാള്‍ അസാധാരണമായ ഒരു കാര്യം പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുമ്പോള്‍ അയാള്‍ക്ക് ഭ്രാന്താണ് എന്ന് പറയാറുണ്ട്. പൊതു സമൂഹം സാമാന്യമായി ചെയ്തു വരുന്ന കാര്യങ്ങളില്‍ നിന്നും വിഭിന്നമായവയാണ് ഇവിടെ ഭ്രാന്ത് എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്. അസുഖത്തെ അല്ല, ചിലപ്പോള്‍ ലഘുവായ മാനസിക വൈകല്ല്യങ്ങളെയോ, പെരുമാറ്റത്തിലുണ്ടാകുന്ന അപാകതകളെയോ ചിലര്‍ ഭ്രാന്ത് എന്ന് വിളിക്കാറുണ്ട്. എന്നാല്‍ ഇവിടെ വിശദീകരിക്കുന്നത് ചിത്തഭ്രമ (Psychosis)ത്തെക്കുറിച്ചാണ്.


ഭ്രാന്ത്, ചിത്തഭ്രമം, സ്‌കിസോഫ്രിനിയ


മനസിന്റെ സമനില തെറ്റുകയും യാഥാര്‍ഥ്യ ബോധം ചിലപ്പോഴെങ്കിലും ഇല്ലാതാവുകയും ചെയ്യുന്ന അവസ്ഥയാണ് ചിത്തഭ്രമം അഥവാ സൈക്കോസിസ്. ഭ്രാന്ത് എന്നത് പല വൈകല്ല്യങ്ങളെയും കുറിക്കുന്ന പദമാണെങ്കില്‍ ചിത്തഭ്രമം എന്നത് മുകളില്‍ സൂചിപ്പിച്ച അവസ്ഥക്കു വിശേഷിച്ചു ചേരുന്ന പദമാണ്.

ഇത്തരത്തില്‍ ചിത്തഭ്രമം ബാധിച്ച രോഗികളുടെ ചിന്തകളും, പെരുമാറ്റവും, വൈകാരിക ഭാവവും (Emotional Expression) താറുമാറാകാറുണ്ട്. ഈ പ്രശ്‌നങ്ങളാകട്ടെ ദൈനംദിന കാര്യങ്ങള്‍ പോലും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലേക്ക് രോഗികളെ നയിക്കുന്നു. അവരുടെ സാമൂഹ്യ ഇടപഴകലുകളും അവതാളത്തിലാകുന്നു. സമാനമായ ഈ അവസ്ഥ കൗമാരപ്രായമുള്ളവരിലും യുവാക്കളിലും കണ്ടപ്പോള്‍ എമില്‍ക്രോപ്‌ലിന്‍ എന്ന മനഃശാസ്ത്രജ്ഞന്‍ അതിനെ ഡിമല്‍ഷ്യപ്രി കോക്‌സ് (Dementia Pre Cox) അഥവാ ചെറുപ്പക്കാരുടെ ഡിമന്‍ഷ്യ എന്നാണ് വിളിച്ചത്. ഈ ചിത്തഭ്രമരോഗം രോഗിയുടെ ക്രമാനുഗതമായ അപചയത്തിനും കാരണമായതു കൊണ്ടായിരിക്കണം ക്രോപ്‌ലിന്‍ ഡിമന്‍ഷ്യ എന്ന വാക്ക് ഉപയോഗിച്ചത്.

1911 - ല്‍ ബ്യൂലര്‍ എന്ന ശാസ്ത്രജ്ഞന്‍ ഇതേ അവസ്ഥയെ 'സ്‌കിസോഫ്രിനിയ' എന്നു വിളിച്ചു. അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍ 'സ്‌കിസം' എന്നത് ചിന്തയിലടങ്ങിയിരിക്കുന്ന ആശയങ്ങള്‍ പരസ്പരം മുറിഞ്ഞു പോവുകയും അവ തമ്മില്‍ തമ്മില്‍ ഒരു ബന്ധവുമില്ലാതെ ആവുകയും ചെയ്യുന്ന അവസ്ഥയും അതുപോലെ തന്നെ മനസ്സിന്റെ അടിസ്ഥാന ധര്‍മ്മങ്ങളായ 'ചിന്ത','വികാരം' എന്നിവ പരസ്പരം വേര്‍പിരിയുന്ന രോഗാതുരമായ അവസ്ഥയുമായിരുന്നു. (സ്‌കിസം എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ രണ്ടായി വിഭജിച്ചു പിളരുന്നത് എന്നാണ്). ചിലര്‍ ഇതിനെ വിഭജിക്കപ്പെട്ട വ്യക്തിത്വം (Split Personality) ആയി തെറ്റിധരിക്കാറുണ്ട്. യഥാര്‍ത്ഥത്തില്‍ ബഹുമുഖ വ്യക്തിത്ത്വ (Multiple Personality) എന്നത് സ്‌കിസോഫ്രിനയായുമായി ബന്ധമൊന്നും ഇല്ലാത്ത വേറൊരു അസുഖമാണ്.

ആരോഗ്യമുള്ള മാനസികാവസ്ഥയില്‍ ചിന്തകള്‍ക്ക് അനുസൃതമായിട്ടാണല്ലോ വികാരങ്ങള്‍ ഉണ്ടാകുന്നത്. ഉദാഹരണത്തിന് ജോലി കിട്ടുന്ന കാര്യത്തെക്കുറിച്ചാലോചിക്കുമ്പോള്‍ ഒരാള്‍ക്ക് സന്തോഷമുണ്ടാകുന്നു. കൊടുങ്കാറ്റിനെക്കുറിച്ചോര്‍ക്കുമ്പോള്‍ ഭയമുണ്ടാകുന്നു. എന്നാല്‍ സ്‌കിസോഫ്രിനിയയില്‍ ചിന്തയും വികാരവും തമ്മിലുള്ള ബന്ധം ഇല്ലാതാകുന്നു, അവ രണ്ടും വേറെ വേറെയാകുന്നു. അതുകൊണ്ട് ഉറ്റവരുടെ മരണത്തെക്കുറിച്ചു സംസാരിക്കുമ്പോഴും സ്‌കിസോഫ്രീനിയ ബാധിച്ച രോഗി ചിരിച്ചെന്നു വരും.

ബ്യൂലര്‍ നാല് രോഗ ലക്ഷണങ്ങളെ സ്‌കിസോഫ്രിനിയയുടെ അടിസ്ഥാന ലക്ഷണങ്ങളായി കണക്കാക്കുന്നു.

1. ചിന്തിക്കുമ്പോള്‍ പരസ്പരം യാതൊരു ബന്ധവുമില്ലാത്ത ആശയങ്ങളുണ്ടാവുക (ആശയങ്ങളുടെ ഒരു ചങ്ങല പോലുള്ള പ്രവാഹത്തെയാണ് ചിന്ത എന്ന പദം കൊണ്ട് കുറിക്കുന്നത്.)

2. സമൂഹത്തെിന്റെ പൊതു ബോധ മണ്ഡലത്തില്‍ നിന്നെല്ലാം വ്യത്യസ്തമായി തികച്ചും സ്വകാര്യമായ ഒരു പക്ഷെ മറ്റാര്‍ക്കും മനസ്സിലാകാത്ത ചിന്തകള്‍. ഇതിനെ ഓട്ടിസ്റ്റിക് ചിന്തകള്‍ (Autistic Thoughts) എന്നുവിളിക്കുന്നു.

3. മുഖം കല്ലുപോലെ തോന്നത്തക്ക വിധത്തില്‍ വൈകാരിക ഭാവം അപ്രത്യക്ഷമാവുക.

4. ഉഭയവാസന (anbivalence) അഥവാ വിരുദ്ധങ്ങളായ രണ്ട് വാസനകള്‍ ഒരേ സമയം മനസ്സിലുണ്ടാവുക. ഉദാഹരണത്തിന് ഒരു കാര്യം ചെയ്യാനും ചെയ്യതിരിക്കാനും തോന്നുക. അല്ലെങ്കില്‍ ശ്രമിക്കുക.

അടിസ്ഥാന ലക്ഷണങ്ങള്‍ക്കു പുറമെ അനുബന്ധിത ലക്ഷണങ്ങളും ബ്യൂലര്‍ സ്‌കിസോഫ്രിനയയില്‍ വിവരിച്ചിട്ടുണ്ട്. അവ 1. മിഥ്യാധാരണകള്‍ അഥവാ വിചിത്രമായ രീതിയിലുള്ള തെറ്റായ വിശ്വാസങ്ങള്‍ (Delusions), 2. മിഥ്യാശ്രവണം അഥവാ ഇല്ലാത്ത മനുഷ്യരുടെ ശബ്ദങ്ങള്‍ കേള്‍ക്കുക (Hallucinations) എന്നിവയാണ് അനുബന്ധിത ലക്ഷണങ്ങള്‍.

പ്രമുഖമായ ലക്ഷണങ്ങള്‍


ചിത്തഭ്രമം അഥവാ സൈക്കോസിസ് (Psychosis) പൊതുവായ ഒരു മാനസിക രോഗാവസ്ഥയാണ്. ഇതിന്റെ പ്രമുഖമായ ലക്ഷണങ്ങള്‍ താഴെ വിവരിക്കുന്നു.

1. മിഥ്യാധാരണകളും, മിഥ്യാശ്രവണവും ( ഇവയെക്കുറിച്ച് പിന്നീട് വിവരിക്കുന്നതാണ്)
2. ഇത്തരത്തിലുള്ള തെറ്റായ വിശ്വാസങ്ങളും അനുഭവങ്ങളും കാരണം രോഗിക്ക് യാഥാര്‍ത്ഥ്യബോധം നഷ്ടപ്പെടുന്നു. അയാള്‍ അയാളുടെതായ മറ്റാര്‍ക്കും മനസ്സിലാകാത്ത ഒരു ലോകത്ത് ജീവിക്കുന്നു.
3. ചിന്തയിലടങ്ങിയിരിക്കുന്ന ആശയങ്ങളുടെ അടക്കും ചിട്ടയും നഷ്ടമാകുന്നു. ഇതു മൂലം രോഗി പരസ്പര ബന്ധമില്ലാത്ത കാര്യങ്ങള്‍ സംസാരിക്കുന്നു. കേള്‍ക്കുന്ന മറ്റുളളവര്‍ക്ക് യാതൊന്നും മനസ്സിലാവുകയില്ല.
4. ഇല്ലാത്ത ശബ്ദം കേള്‍ക്കുന്നതു മൂലം രോഗി ചിലപ്പോള്‍ തനിയെ ഇരുന്നു സംസാരിക്കുന്നു. മറ്റു ചിലപ്പോള്‍ പ്രത്യക്ഷമായ കാരണമൊന്നുമില്ലാതെ പൊട്ടിച്ചിരിച്ചെന്നു വരാം.
5. മിഥ്യാ ശബ്ദങ്ങളില്‍ രോഗിയെക്കുറിച്ച് മറ്റുള്ളവര്‍ സംസാരിക്കുന്നത് കേള്‍ക്കുന്നതാണ് സാധാരണമായത് . മിഥ്യാ ധാരണകളില്‍ മറ്റുള്ളവര്‍ തന്നെ കൊല്ലാന്‍ വരുന്നു. ആരോ പുറകെ വരുന്നു, ഭക്ഷണത്തില്‍ ആരോ വിഷം കലര്‍ത്തിയിരിക്കുന്നു. താന്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്നു, മസ്തിഷ്‌ക്കത്തില്‍ ട്രാന്‍സ്മിറ്ററുകള്‍ ഘടിപ്പിച്ചിരിക്കുന്നു. മുതലായവ കണ്ടു വരുന്നു.
6. ചിലയവസരങ്ങളില്‍ ആരോടും ഒന്നും മിണ്ടാതെ, ഒരേ ദിശയില്‍ മാത്രം നോക്കിയിരിക്കുക. ശരീരം മൊത്തമായി ഈയവസരത്തില്‍ ഒരു മരം പോലെയാവുക. ഈ അവസ്ഥയെ 'കാറ്ററ്റോണിയ' (Catatonia) എന്നു വിളിക്കുന്നു. ജലപാനം പോലും ഇല്ലാതാകുന്ന ഈ അവസ്ഥ അപകടകരവും ചിലപ്പോള്‍ മരണത്തില്‍ കലാശിച്ചേക്കാവുന്നതുമാണ്.
7. രോഗിക്ക് ദൈനംദിന കാര്യങ്ങള്‍ ചെയ്യാനാകാതെ വരുന്നു. കുളിക്കുക, പല്ലുതേക്കുക, വസ്ത്രം മാറുക എന്നിവയെല്ലാം നിലക്കുന്നു. രോഗി പുറം ലോകത്തു നിന്നു തന്നെ ഉള്‍ വലിയുന്നു. കഴിയുന്നതും ഒറ്റക്കാകുന്നു.
8. ഇങ്ങനെയൊക്കെ ആണെങ്കിലും രോഗമുണ്ടെന്ന അവബോധം (Insight) രോഗിക്കുണ്ടാവാറില്ല. മുകളില്‍ സൂചിപ്പിച്ച സൈക്കോസിസിന്റെ ലക്ഷണങ്ങള്‍ സ്‌കിസോഫ്രിനിയായുടെ ഭാഗമായി വരാം; ചിലപ്പോള്‍ വിഷാദത്തിന്റേയോ (Depression), ഉന്മാദത്തിന്റേയോ (Mania) ഭാഗമായി കാണാം. മറ്റു ചിലപ്പോള്‍ ഇവ ഓര്‍മ്മനാശ രോഗം അഥവാ (Dementia) ഡിമന്‍ഷ്യയില്‍ കാണാം; മദ്യം; കഞ്ചാവ് എന്നിവയുടെ ലഹരി വര്‍ദ്ധിക്കുന്ന വേളയില്‍ കണ്ടെന്നു വരാം; തലച്ചോറിലെ മുഴകള്‍, അപസ്മാരം അഥവാ ചുഴലി രോഗം (Epilepsy) തുടങ്ങിയ ശാരീരിക രോഗങ്ങളുടെ ഭാഗമായി സൈക്കോസിസ് വരാം. ചില വിഷ പദാര്‍ത്ഥങ്ങള്‍ സൈക്കോസിസ് ഉണ്ടാക്കാം. എന്നാല്‍ പലപ്പോഴും സൈക്കോസിസ് മറ്റു രോഗങ്ങളുമായി ബന്ധപ്പെടാതെ അതു മാത്രമായും പ്രത്യക്ഷപ്പെടുന്നു. ഒന്നോ രണ്ടോ മാസങ്ങള്‍ക്കുള്ളില്‍ മാറുകയും ചെയ്യുന്നു. ലോക വ്യാപകമായി നോക്കിയാല്‍ സൈക്കോസിസുമായി ബന്ധപ്പെട്ട ഏറ്റവും മുഖ്യമായ മാനസികരോഗം സ്‌ക്കിസോഫ്രിനിയ തന്നെയാണ്. 'മാനവരാശിയെ ബാധിക്കുന്നവയില്‍ ഏറ്റവും മോശമായ അസുഖം' എന്നാണ് സ്‌കിസോഫ്രിനിയയെ സയന്‍സ് ജേര്‍ണലിന്റെ എഡിറ്റോറിയല്‍ വിശേഷിപ്പിച്ചത്. ലോകത്ത് എല്ലാ സമൂഹങ്ങളിലും നൂറില്‍ ഒരാള്‍ക്ക് എന്ന തോതില്‍ ഈ രോഗമുണ്ട്.


സ്‌കിസോഫ്രിനിയയുടെ കാരണം

ഒരു കാരണം കൊണ്ട് മാത്രമായി സ്‌കിസോഫ്രിനിയ ഉണ്ടാക്കുന്നതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. അതേ സമയം രണ്ടു സുപ്രധാന ഘടകങ്ങള്‍ തമ്മില്‍ പരസ്പരം ചേരുമ്പോഴാണ് സ്‌കിസോഫ്രിനിയ ഉണ്ടാകാനുള്ള സാധ്യത കൂടുന്നതെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. അവയില്‍ ഒന്ന് പാരമ്പര്യ ഘടകമായ ജീനുകളും മറ്റേത് പാരിസ്ഥിതിക ഘടകങ്ങളുമാണ്. ഒരു സവിശേഷ ജീനിന്റെ തകരാറ് കൊണ്ടു മാത്രം സ്‌കിസോഫ്രിനിയ ഉണ്ടാകുന്നില്ല. എന്നാല്‍ ഏതാനും ജീനുകളുടെ വൈകല്യം സ്‌കിസോഫ്രിനിയയുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഈ വൈകല്യങ്ങള്‍ തലമുറകളില്‍ നിന്നും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. ഈ ജീനുകളാകട്ടെ മസ്തിഷ്‌കത്തിലെ കോശങ്ങളെയും അവയുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും ചെയ്യുന്നവയാണ്. അതുകൊണ്ട് തന്നെ ഈ ജീനുകളുടെ വൈകല്ല്യങ്ങള്‍ മസ്തിഷ്‌കത്തിലെ നാഡീ കോശങ്ങളുടെ സര്‍ക്യൂട്ടിനേയും തത്ഫലമായി ചിന്തകളെയും സാരമായി ബാധിക്കുന്നു. മസ്തിഷ്‌കത്തിലെ ചില രാസ പദാര്‍ത്ഥങ്ങളുടെ (ഉദാഹരണത്തിന് ഡോപമിന്‍ എന്ന രാസപദാര്‍ത്ഥം) അസംതുലനാവസ്ഥക്കും ഈ ജനിതക വൈകല്യങ്ങള്‍ കാരണമാകുന്നു. മിഥ്യാ ധാരണകള്‍ക്കും (Delusion), മിഥ്യാശ്രവണങ്ങള്‍ക്കും(Hallucination) പുറകില്‍ ഡോപമിന്‍ എന്ന പദാര്‍ത്ഥത്തിന്റെ പങ്ക് കണ്ടെത്തിയിട്ടുണ്ട്.

പാരമ്പര്യത്തിനു നിദാനമായ ജീനുകള്‍ സ്‌കിസോഫ്രിനിയായുടെ ഏതാണ്ട് 50 ശതമാനം കാരണം മാത്രമെ ആകുന്നുള്ളു. മറ്റ് 50 ശതമാനം കാരണം പാരസ്ഥിതിക ഘടകങ്ങളാണ്. യഥാര്‍ത്ഥത്തില്‍ പാരിസ്ഥിതിക ഘടകങ്ങള്‍ ജനനം മുതലേ ആരംഭിക്കുന്നു. അതായത് ജനന സമയത്ത് മസ്തിഷ്‌കത്തിന് ഏല്‍ക്കുന്ന ആഘാതം മുതല്‍ (നീണ്ടു നില്‍ക്കുന്ന പ്രസവം ഒരുദാഹരണം) ജീവിതത്തിന്റെ ആദ്യ ദശാബ്ദങ്ങളിലുണ്ടാകുന്ന മാനസിക ആഘാതങ്ങള്‍ വരെ സ്‌കിസോഫ്രിനിയയുടെ സാധ്യത കൂടുന്നു. മാനസിക ആഘാതങ്ങളില്‍ കുട്ടിക്കാലത്തുണ്ടാകുന്ന മാതാപിതാക്കളില്‍ നിന്നുള്ള പീഡനം, ശാരീരിക അസുഖങ്ങള്‍, വികാരക്ഷോഭമുണ്ടാക്കുന്ന മറ്റു സാഹചര്യങ്ങള്‍ മുതലായവ സംശയിക്കപ്പെട്ടിട്ടുണ്ട്. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കുറഞ്ഞാല്‍ രോഗ സാധ്യതയും കുറഞ്ഞേക്കാം.


സ്‌കിസോഫ്രിനിയയുടെ ലക്ഷണങ്ങള്‍


മുകളില്‍ വിവരിച്ച ചിത്തഭ്രമം (Psychosis) ആയിട്ടാണ് സ്‌കിസോഫ്രിനിയ പ്രത്യക്ഷപ്പെടുന്നത്. പുരുഷന്മാരിലും സ്ത്രീകളിലും ഒരേ തോതിലാണ് അസുഖം ഉണ്ടാകുന്നത്. ആണുങ്ങളില്‍ 15 വയസ്സിനും 25 വയസ്സിനും ഇടയിലാണ് സാധാരണമായി ആദ്യ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നത്. അപൂര്‍വ്വമായി ഇതിലും നേരത്തെ വരാം, ചിലപ്പോള്‍ വൈകിയും. സ്ത്രീകളില്‍ താരതമ്യേന വൈകിയാണ് അസുഖം ആരംഭിക്കുന്നത്. എന്നിരുന്നാലും ഏതാണ്ട് മുപ്പതു വയസ്സോടെ അസുഖത്തിന്റെ പ്രാരംഭലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നു. അപൂര്‍വ്വമായി മുതിര്‍ന്ന പ്രായത്തിലും അസുഖം തുടങ്ങാറുണ്ട്. അസുഖം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരിലും സമ്പന്നരിലും എല്ലാ മത വിഭാഗങ്ങളില്‍പ്പെട്ടവരിലും ലോകത്തിലെ എല്ലാ സമൂഹങ്ങളിലും കണ്ടു വരുന്നു.

പ്രരംഭ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നത് വളരെ പ്രധാനമാണ്. കാരണം ഈ വേളയില്‍ അസുഖത്തെ ചികിത്സിച്ചാല്‍ അതിനെ വളരെയധികം നിയന്ത്രണത്തിലാക്കാം. താഴെപറയുന്ന ലക്ഷണങ്ങള്‍ ആദ്യഘട്ടത്തില്‍ത്തന്നെ കാണുന്നു.

1. ഒരാള്‍ മറ്റുള്ളവരില്‍ നിന്നെല്ലാം അകന്നുമാറി ഏകനായി കഴിയുക.
2. ആരോഗ്യ പരിപാലനത്തിന്റെ കാര്യത്തില്‍ അല്ലെങ്കില്‍ ഭക്ഷണകാര്യത്തില്‍ അമിതമായി മുഴുകുകയും അവയെക്കുറിച്ച് വിചിത്രമായ ആശയങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുക.
3. മുഖത്ത് വികാരഭാവങ്ങളെല്ലാം അസ്തമിച്ചതായി കാണുന്നവര്‍ക്ക് തോന്നുക.
4. മറ്റുള്ളവരെ സംശയദൃഷ്ടിയോടു കൂടി മാത്രം വീക്ഷിക്കുക.

ഈ ലക്ഷണങ്ങളെല്ലാം സ്‌കിസോഫ്രിനിയയുടെ ലക്ഷണങ്ങളാകണമെന്നില്ല. ചിലപ്പോള്‍ ഒരു മാനസിക രോഗത്തിന്റെ പോലും ലക്ഷണങ്ങളാകണമെന്നുമില്ല. പക്ഷെ മുകളില്‍ സൂചിപ്പിച്ച ലക്ഷണങ്ങള്‍ കൗമാര പ്രായമുള്ള ആണുങ്ങളിലോ, മുപ്പതു വയസ്സിനോടടുത്ത സ്ത്രീകളിലോ കാണുകയും അവരുടെ കുടുംബത്തില്‍ സ്‌കിസോഫ്രിനിയ മുന്‍പേ ഉണ്ടായിട്ടുള്ള ആരെങ്കിലും ഉണ്ടാവുകയും ചെയ്താല്‍ ഈ ലക്ഷണങ്ങളുടെ ഗൗരവം വര്‍ദ്ധിക്കുന്നു.

ലക്ഷണങ്ങള്‍ ഒരിക്കല്‍ ആരംഭിച്ചു കഴിഞ്ഞാല്‍ മൂന്നിലൊന്ന് വിഭാഗം രോഗികളില്‍ അവ ക്രമേണ വഷളാകുന്നു. മനുഷ്യന്റെ സാമൂഹ്യ അസ്തിത്വത്തെപാടെ നശിപ്പിക്കുന്ന രോഗമാണ് സ്‌കിസോഫ്രിനിയ. മാത്രമല്ല രോഗം സാവകാശം ദൈനംദിന കാര്യങ്ങള്‍ ചെയ്യാനുള്ള ഒരാളുടെ കഴിവുകളെ ഇല്ലാതാക്കുന്നു. 10 ശതമാനം പേര്‍ ആത്മഹത്യയിലൂടെ ജീവനൊടുക്കുന്നു എന്നാണ് കണക്ക്. ഏതാണ്ട് 50 ശതമാനം പേര്‍ മദ്യത്തിലും മയക്കു മരുന്നിലും അഭയം പ്രാപിക്കുന്നു. ഇത് കാര്യങ്ങള്‍ കൂടതുല്‍ വഷളാക്കുന്നു. പലപ്പോഴും മദ്യത്തിന്റെയോ മയക്കു മരുന്നിന്റെയോ ഉപയോഗമാണ് സ്‌കിസോഫ്രിനിയ ബാധിച്ച രോഗികളെ അക്രമാസക്തരാക്കുന്നത്. ഇവയുടെ ഉപയോഗമില്ലെങ്കില്‍ വെറും 6 ശതമാനം രോഗികള്‍ മാത്രമെ അക്രമാശക്തരാകാറുള്ളു.

വര്‍ഷങ്ങള്‍ കഴിയുന്നതോടെ ശുചിത്വം പോലുള്ള സ്വന്തം കാര്യങ്ങള്‍ രോഗികള്‍ക്ക് ശ്രദ്ധിക്കാനാകാതെ വരുന്നു. ചിലര്‍ക്ക് പരിചരണം ലഭിക്കുമ്പോള്‍ മറ്റു ചിലര്‍ വഴിയില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നു. സമൂഹം ചിലപ്പോഴെല്ലാം ഭ്രാന്ത് എന്നു വിളിക്കുന്ന അവസ്ഥ ഇതോടെ സംജാതമാകുന്നു. ശുചിത്വമില്ലാത്തതുകൊണ്ടും പോഷകാഹാരത്തിന്റെ കുറവും കൊണ്ടും രോഗികള്‍ക്ക് പെട്ടെന്നു അണുബാധ ഉണ്ടാകുന്നു. സ്‌കിസോഫ്രിനിയ ബാധിച്ചവര്‍ ധാരാളം പുക വലിക്കുന്നതുകൊണ്ട് ഒട്ടേറെപ്പേര്‍ ശ്വാസകോശ കാന്‍സറിനും കീഴടങ്ങുന്നു. രോഗത്തിന്റെ മൂര്‍ദ്ധന്യഘട്ടത്തില്‍ രോഗികള്‍ക്ക് ചിന്തിക്കാനോ ആശയ വിനിമയം നടത്താനോ കഴിയാറില്ല. മനുഷ്യാത്മകമായ എല്ലാ ഗുണങ്ങളെയും സ്‌കിസോഫ്രിനിയ തല്ലികെടുത്തുന്നു.

ചികിത്സ


സ്‌കിസോഫ്രിനിയ പൂര്‍ണ്ണമായും ഭേദമാക്കാനുള്ള ഔഷധമോ ചികിത്സയോ വൈദ്യശാസ്ത്രത്തില്‍ കണ്ടു പിടിക്കപ്പെട്ടിട്ടില്ല. എന്നാല്‍ രോഗത്തിന്റെ ലക്ഷണളെ ചികിത്സിച്ചു ഇല്ലാതാക്കുന്നതിലൂടെ സ്വതന്ത്രവും അര്‍ത്ഥപൂര്‍ണ്ണവുമായ സാധാരണ ജീവിതം എല്ലാ രോഗികള്‍ക്കല്ലെങ്കിലും നല്ലൊരു ശതമാനം രോഗികള്‍ക്കും നല്‍കാന്‍ ഔഷധങ്ങള്‍ക്കു കഴിയും. 'ആരോ കൊല്ലാന്‍ വരുന്നു' തുടങ്ങിയ മിഥ്യാധാരണകളെയും 'മറ്റുള്ളവര്‍ തന്നെപ്പറ്റി സംസാരിക്കുന്നത് ' കേള്‍ക്കുന്ന മിഥ്യാ കേള്‍വിയും ഇല്ലാതാക്കാന്‍ ഔഷധങ്ങള്‍ക്ക് സാധിക്കാറുണ്ട്. ഈ കാരണം കൊണ്ടു തന്നെ രോഗി മറ്റുള്ളവരെ സംശയത്തോടെ വീക്ഷിക്കുന്നത് ഒഴിവാക്കി കൂടുതല്‍ സാമൂഹ്യ ഇടപഴകലുകള്‍ക്ക് തയ്യാറാവുകയും, മുന്‍പ് ഒറ്റക്കിരുന്ന് സംസാരിക്കുകയോ ചിരിക്കുകയോ ചെയ്തവര്‍ അത് നിര്‍ത്തുകയും ചെയ്യുന്നു. തത്ഫലമായി ശുചിത്വം മുതലായ സ്വന്തം കാര്യങ്ങളിലേക്കും നിത്യേന ജീവിതത്തിലെ മറ്റു ആവശ്യങ്ങളിലേക്കും ശ്രദ്ധിക്കാന്‍ രോഗികള്‍ക്ക് സാധിക്കുന്നു. വേറൊരു തരത്തില്‍ നോക്കിയാല്‍ ഈ ഔഷധങ്ങള്‍ മനുഷ്യാത്മകമായ ഗുണങ്ങള്‍ വീണ്ടും കൈവരിക്കാന്‍ രോഗികളെ സഹായിക്കുന്നു. അവ ജീവിതത്തിന് അര്‍ത്ഥവും ഗുണനിലവാരവും നല്‍കുന്നു.

സ്‌കിസോഫ്രിനിയയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നത് ആന്റിസൈക്കോട്ടിക്ക് ഔഷധങ്ങളാണ്. രോഗികളില്‍ മയക്കമൊന്നും ഉണ്ടാക്കാത്ത, സുരക്ഷിതമായ ആന്റിസൈക്കോട്ടിക്കുകള്‍ ഇന്ന് ലഭ്യമാണ്.

ഈ ഔഷധങ്ങള്‍ക്ക് ചില പരിമിതികളുണ്ട്. ഒന്നാമതായി രോഗലക്ഷണങ്ങള്‍ മാറിയാലും അവ ദീര്‍ഘകാലം കഴിക്കേണ്ടി വരും. കാരണം ഔഷധങ്ങള്‍ നിര്‍ത്തിയാല്‍ 90 ശതമാനം പേരിലും രോഗലക്ഷണങ്ങള്‍ വീണ്ടും വരുമെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. ഔഷധങ്ങള്‍ നിര്‍ത്തി ഏതാനും, ആഴ്ചകളോ മാസങ്ങളോ കഴിഞ്ഞായിരിക്കും ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക. മൂന്നിലൊന്ന് രോഗികളില്‍ ഈ ഔഷധങ്ങള്‍ ലക്ഷണങ്ങളെ ഏതാണ്ട് പൂര്‍ണമായും ഇല്ലാതാക്കുമെങ്കിലും മറ്റു മൂന്നിലൊന്ന് വിഭാഗം രോഗികളില്‍ അവ ചില ലക്ഷണങ്ങളെ മാത്രമാണ് ഇല്ലാതാക്കുന്നത്. മറ്റു ചില ലക്ഷണങ്ങള്‍ നിലനില്‍ക്കുന്നു. ഉദാഹരണത്തിന് മിഥ്യാ ധാരണകളും മിഥ്യാകേള്‍വിയും ഇല്ലാതാകുമ്പോഴും ശുചിത്വ കാര്യങ്ങളിലും ദൈനംദിന കാര്യങ്ങളിലും ശ്രദ്ധിക്കാത്ത സാമൂഹ്യസമ്പര്‍ക്കം ഒഴിവാകുന്നു. ഒരു തരം നിസ്സംഗതയും, വൈകാരിക ഭാവങ്ങളുടെ അഭാവവും മാറാതെ നില്‍ക്കുന്നു. അവസാന മൂന്നിലൊന്ന് വിഭാഗം പേരില്‍ ഔഷധങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കാറുമില്ല. പൊതുവേ പറഞ്ഞാല്‍ എത്രയും നേരത്തെ ചികിത്സിക്കുന്നുവോ അത്രയും നല്ല ഫലങ്ങള്‍ ഔഷധങ്ങള്‍ കൊണ്ടു ലഭിക്കും. ഔഷധങ്ങള്‍ക്കു പുറമെ അപൂര്‍വ്വമായി ഷോക്ക് ചികിത്സയും 'കാറ്റഫോണിയ' പോലുള്ള ചില വിശേഷ ലക്ഷണങ്ങളുള്ള സ്‌കിസോഫ്രിനിയയില്‍ പ്രയോജനം ചെയ്യാറുണ്ട്.

പരിഗണനയും പരിചരണവും


ഔഷധങ്ങളാണ് മുഖ്യ ചികിത്സയെങ്കിലും രോഗികള്‍ക്കുള്ള സഹായം പല മേഖലകളിലും നല്‍കേണ്ടതുണ്ട്. ബന്ധുമിത്രാദികളുടെയും അധികാരികളുടെയും അനുകമ്പയാണ് രോഗികള്‍ക്ക് വേണ്ടത്. സ്‌കിസോഫ്രിനിയ ബാധിച്ചവരെല്ലാം അക്രമാസക്തരാണെന്നുള്ള ധാരണ ആദ്യം മാറ്റണം. വലിയൊരു തെറ്റിദ്ധാരണയാണിത്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗമാണ് പലപ്പോഴും ഈ രോഗികളെ അക്രമം കാട്ടാന്‍ പ്രേരിപ്പിക്കുന്നത്. മിഥ്യാധാരണകള്‍ കൊണ്ടുനടക്കുന്ന രോഗികളുമായിട്ടോ, മിഥ്യാധാരണ അനുഭവിക്കുന്ന രോഗികളുമായിട്ടോ ഒരിക്കലും തര്‍ക്കിക്കരുത്. അത് കാര്യങ്ങള്‍ കൂടുതല്‍ അവതാളത്തിലാക്കുകയേ ഉള്ളൂ. അതേ സമയം അവരുടെ തെറ്റായ വിശ്വാസങ്ങളോടും ഇല്ലാത്ത ശബ്ദങ്ങള്‍ കേള്‍ക്കുന്നതിനോടും യോജിക്കുകയും ചെയ്യരുത്. രണ്ടിനുമിടയിലുള്ള ഒരു സമീപനമാണ് വേണ്ടത്. അതായത് രോഗികളുടെ വിശ്വാസങ്ങളും അനുഭവങ്ങളും മനസ്സിലാക്കുന്നുവെന്നും അവ രോഗിയുടെ ദൃഷ്ടിയില്‍ മാത്രമാണ് യാഥാര്‍ത്ഥ്യമെന്നും പറയുക. മാത്രമല്ല 'ആരോ കൊല്ലാന്‍ വരുന്നു, മറ്റുള്ളവര്‍ തന്നെപ്പറ്റി മോശമായ കാര്യങ്ങള്‍ സംസാരിക്കുന്നു, മുതലായ അനുഭവങ്ങളില്‍ നിന്നും ശ്രദ്ധമാറ്റിക്കൊണ്ട് സുഹൃത്തുക്കളോടോ, കുടുംബാംഗങ്ങളോടോ സംസാരിക്കുക, സംഗീതം കേള്‍ക്കുക, രുചിയുള്ള ഭക്ഷണം കഴിക്കുക മുതലായ കാര്യങ്ങളിലേക്ക് താല്പര്യം ജനിപ്പിക്കാന്‍ ശ്രമിക്കുക.

രോഗലക്ഷണങ്ങളെ ഒരിക്കലും വിമര്‍ശിക്കരുത്. രോഗി കാര്യങ്ങളൊന്നും ചെയ്യാത്ത മടിയനാണ്, കുടുംബത്തിന്റെ ശാപമാണ് മുതലായ പരാമര്‍ശങ്ങള്‍ രോഗം വഷളാക്കുന്നതായി പഠനങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. അതുപോലെ തന്നെ രോഗിക്കു ചെയ്യാവുന്നതായ ലഘുവായ കാര്യങ്ങള്‍ പോലും രോഗിയെക്കൊണ്ടു ചെയ്യിക്കാതെ കുടുംബാംഗങ്ങള്‍ ചെയ്തു കൊടുക്കുന്നതിലൂടെ അമിത സംരക്ഷണം നല്‍കുന്നതും നല്ലതല്ല. സ്വന്തം ശുചിത്വം ഉള്‍പ്പെടെ കഴിയുന്നത്ര കാര്യങ്ങള്‍ ചെയ്യാന്‍ രോഗിയെ പ്രോത്സാഹിപ്പിക്കുകയും നല്ല കാര്യങ്ങള്‍- അവ എത്ര നിസ്സാരമാണെങ്കിലും, എത്ര ചെറിയ തോതിലാണെങ്കിലും- ഒരിക്കല്‍ ചെയ്തു കഴിഞ്ഞാല്‍ എല്ലായ്‌പ്പോഴും രോഗിക്ക് ഇഷ്ടമുള്ള എന്തെങ്കിലും ഉടനെ നല്‍കുകയും വേണം. ഇതിലൂടെ സ്വന്തം കാര്യങ്ങള്‍ ചെയ്യാനെങ്കിലും രോഗിക്ക് പ്രചോദനം കിട്ടും. ലളിതമായ കാര്യങ്ങളാണ് (ഉദാഹരണത്തിന് തുണി മടക്കിവെക്കുക) ആദ്യമായി ചെയ്യാന്‍ പ്രേരിപ്പിക്കേണ്ടത്.

ഔഷധങ്ങള്‍ കഴിക്കാന്‍ രോഗികള്‍ വിസ്സമതിക്കാറുണ്ട്, വിശേഷിച്ചും രോഗലക്ഷണങ്ങള്‍ ഒരിക്കല്‍ മാറിയാല്‍. ഇതിന്റെ കാരണങ്ങളെക്കുറിച്ച് ഡോക്ടറുമായി ചര്‍ച്ച ചെയ്യണം. ചിലപ്പോള്‍ ഔഷധങ്ങളുടെ പാര്‍ശ്വഫലങ്ങള്‍ മൂലമായിരിക്കും ഔഷധങ്ങള്‍ കഴിക്കാത്തത്. ഒട്ടുമിക്ക പാര്‍ശ്വഫലങ്ങളും പരിഹരിക്കാവുന്നതേയുള്ളൂ. മറ്റു ചിലപ്പോള്‍ ഔഷധങ്ങള്‍ തന്നെ വിഷമാണെന്ന് രോഗികള്‍ക്ക് മിഥ്യാധാരണയുണ്ടാകും. ഇതു തന്നെ രോഗത്തിന്റെ ഒരു ലക്ഷണമായിരിക്കും. നേരത്തെ സൂചിപ്പിച്ചതുപോലെ രോഗമുണ്ടെന്ന അവബോധത്തിന്റെ (Insight) അഭാവം കാരണം 'തനിക്ക് ഒരു കുഴപ്പവുമില്ല. അതുകൊണ്ട് മരുന്ന് കഴിക്കേണ്ടതില്ല' എന്ന നിഗമനത്തില്‍ രോഗി എത്തിച്ചേരുന്നു. ഈയവസരങ്ങളില്‍ മരുന്നുകള്‍ കഴിച്ചപ്പോള്‍ രോഗം കുറഞ്ഞ് ആശുപത്രിയില്‍ നിന്നും പോരാന്‍ സാധിച്ചതും, മരുന്നുകള്‍ കഴിക്കാതെ വന്നപ്പോള്‍ രോഗം വീണ്ടും വന്നതും ആശുപത്രിയിലായതും ക്ഷമയോടും സാവകാശത്തിലും പറഞ്ഞ് രോഗിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കേണ്ടതാണ്. ബന്ധുമിത്രാദികള്‍ മരുന്നുകള്‍ മുടങ്ങാതെ കഴിക്കാന്‍ രോഗിയെ ഓര്‍മ്മിപ്പിക്കുന്നത് അത്യാവശ്യമാണ്.

സ്‌കിസോഫ്രിനിയ ചികിത്സയുള്ള അസുഖമാണെന്നും, ഫലപ്രദമായ ചികിത്സയിലൂടെ നിരവധി രോഗികള്‍ക്ക് സാധാരണ മനുഷ്യരെപ്പോലെയുള്ള ജീവിതം സാധ്യമാണെന്നുമുള്ള പൊതുധാരണ സമൂഹത്തിലുണ്ടാകണം. അതിലും ഉപരിയായി സ്‌കിസോഫ്രിനിയ ബാധിച്ച രോഗികള്‍ സമൂഹത്തിന്റെ ഭാഗമാണെന്നും കഴിയാവുന്ന അത്ര ആളുകളെ പറഞ്ഞു ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഈ രോഗികളെ ഒറ്റപ്പെടുത്തുന്നതാണ് സമൂഹത്തിനും രോഗികള്‍ക്കും ആപത്ത്. കാരണം അവരെ ഒറ്റപ്പെടുത്തുന്നതിലൂടെ അവര്‍ ചികിത്സയില്‍ നിന്നും മാറി നില്‍ക്കുകയും തത്ഫലമായി അവരുടെ രോഗം വഷളാകുന്നതിലൂടെ സമൂഹത്തിനും വിനാശകരമായ ഫലങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. ഇതില്‍ നിന്നെല്ലാം മനസ്സിലാക്കേണ്ടത് ഈ രോഗികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് എല്ലാവരുടെയും കടമ എന്നതാണ്. പല രോഗികളും ചിത്രരചന, കഥാരചന, സംഗീതം, മറ്റു കലാസൃഷ്ടികള്‍ എന്നിവയില്‍ കഴിവുകള്‍ ഉള്ളവരായിരിക്കും. ഇവയെല്ലാം പ്രോത്സാഹിപ്പിക്കുകയാണ് രോഗമില്ലാത്തവര്‍ ചെയ്യേണ്ടത്. സ്‌കിസോഫ്രിനിയ ബാധിച്ചവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയും, അവരെ പഠനത്തിനും ജോലിക്കും സഹായിക്കുകയും ചെയ്യുക എന്ന കടമ ഗവണ്‍മെന്റ് ഏറ്റെടുക്കണം. അതുപോലെ തന്നെ അവരുടെ ശുചിത്വം, സുരക്ഷിതത്വം, പരിചരണം എന്നിവയും ഉറപ്പാക്കണം. സ്‌കിസോഫ്രിനിയയുള്ള രോഗികളുടെ ക്ഷേമവും അവകാശങ്ങളും ഒരു സമൂഹത്തില്‍ സംരക്ഷിക്കപ്പെടുന്നുണ്ടെങ്കില്‍ മാത്രമാണ് അത് ഒരു പരിഷ്‌കൃത സമൂഹം എന്ന വിശേഷണം അര്‍ഹിക്കുന്നത്. രോഗികളെ ചങ്ങലയില്‍ ബന്ധിപ്പിക്കുന്ന സമീപനം പ്രാകൃതവും ക്രൂരവുമാണ്.

'ഓസ്‌കാര്‍' പുരസ്‌കാരം നേടിയ 'ബ്യൂട്ടിഫുള്‍ മൈന്‍ഡ്' എന്ന ചിത്രത്തില്‍ സ്‌കിസോഫ്രിനിയ ബാധിച്ച ജോണ്‍ നാഷ് എന്ന ശാസ്ത്രജ്ഞന്‍ കൂടെയുള്ളവരുടെ പരിചരണവും ചികിത്സയും കൊണ്ട് രോഗത്തോട് പടവെട്ടുന്നതും ഒടുവില്‍ നോബല്‍ സമ്മാനത്തിന് അര്‍ഹനാകുന്നതുമാണ് ചിത്രീകരിച്ചിട്ടുള്ളത്. അതുപോലെ 'ഷൈന്‍' എന്ന ചിത്രം പിയാനോ കൊണ്ട് അത്ഭുതം സൃഷ്ടിക്കുന്ന സ്‌കിസോഫ്രിനിയ ബാധിച്ച രോഗിയുടെ കഥയാണ്.

സ്‌കിസോഫ്രിനിയ ബാധിച്ചവരിലും മനുഷ്യന്റെ നന്മയെ കണ്ടെത്താന്‍ സാധിക്കുന്നിടത്ത് രോഗത്തിനെതിരെയുള്ള യുദ്ധം വിജയം കണ്ടുതുടങ്ങുന്നു. ഒരു സൈക്യാട്രിസ്റ്റ് പറഞ്ഞതുപോലെ സ്‌കിസോഫ്രിനിയ ബാധിച്ച രോഗികള്‍ക്കുള്ള ചികിത്സയെന്നത് ഒരര്‍ത്ഥത്തില്‍ അവരുമായി ഇടപഴകുന്നതാണ്; അവരോടൊപ്പം ജീവിക്കുന്നതാണ്.

സ്‌കിസോഫ്രീനിയയെ അടുത്തറിയുകസ്‌കിസോഫ്രീനിയ എന്ന അസുഖത്തെ പലരും ഒരു രോഗമായി കണക്കാക്കുന്നില്ല. മറിച്ച് വളര്‍ത്ത്‌ദോഷമോ മറ്റു സാമൂഹികപ്രശ്‌നങ്ങളുടെയോ പ്രതിഫലനമാണെന്ന് തെറ്റിദ്ധരിച്ചിരിക്കുകയാണ്. ഈ രോഗത്തിന് എന്തെങ്കിലും ഗ്രഹദോഷമോ ദൈവശാപമോ അമാനുഷിക ശക്തികളോ കാരണമല്ല. ചിന്തകള്‍, പെരുമാറ്റങ്ങള്‍, വികാരങ്ങള്‍, പ്രവര്‍ത്തനശേഷി എന്നിവയില്‍ മസ്തിഷ്‌കകോശങ്ങളില്‍ സംഭവിക്കുന്ന ഭൗതികവും രാസായനികവുമായ മാറ്റങ്ങളാല്‍ വരുന്ന താളപ്പിഴകളാണ്. ജീവശാസ്ത്രപരമായ രോഗമാണ് സ്‌കിസോഫ്രീനിയ.
സ്‌കിസോഫ്രീനിയ ബാധിക്കുന്നവര്‍

സ്‌കിസോഫ്രീനിയ ഒരു വിരളമായ രോഗമല്ല. തികച്ചും സാധാരണമായ ഈ രോഗം നൂറുപേരില്‍ ഒരാളെ വീതം ഏതെങ്കിലും സമയത്ത് ബാധിക്കുന്നു. കേരളത്തില്‍ ഏകദേശം മൂന്നു ലക്ഷം ജനങ്ങള്‍ക്ക് ഈ രോഗമുണ്ട്. സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്ന രോഗമാണിത്. 15-നും 30-നും ഇടയ്ക്ക് പ്രായമുള്ള പുരുഷന്മാരിലും 25-നും 30-നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളിലുമാണ് സാധാരണയായി ഇതു കാണുന്നത്.

കാരണങ്ങള്‍

വിവിധ ഘടകങ്ങള്‍ കൂടിച്ചേര്‍ന്നുണ്ടാകുന്ന രോഗമാണിതെന്നു കരുതുന്നു. തലച്ചോറിലെ രാസപദാര്‍ഥങ്ങളായ ഡോപമിന്‍, ഗ്ലൂട്ടമേറ്റ് എന്നിവയുടെ ഏറ്റക്കുറച്ചിലുകള്‍ ഈ രോഗത്തിനു കാരണമാകുന്നു. പാരമ്പര്യം, ജന്മനാ തലച്ചോറിനേറ്റ നാശം, ഗര്‍ഭാവസ്ഥയില്‍ ബാധിച്ച വൈറസ് രോഗങ്ങള്‍, കുട്ടിക്കാലത്തെ ദുരനുഭവങ്ങള്‍ എന്നിവയൊക്കെ മറ്റു കാരണങ്ങളാണ്. മാനസിക സംഘര്‍ഷങ്ങളും കുടുംബപ്രശ്‌നങ്ങളുമൊക്കെ ഈ രോഗാവസ്ഥയെ കൂടുതല്‍ മോശമാക്കാം.

ലക്ഷണങ്ങള്‍

അസുഖം തുടങ്ങുന്നത് പെട്ടെന്നല്ല; ക്രമേണയാണ്. സ്‌കിസോഫ്രീനിയയ്ക്ക് ഒരായിരം മുഖങ്ങളുണ്ട്. ചുരുങ്ങിയത് ഒരു മാസമെങ്കിലും താഴെപ്പറയുന്ന ലക്ഷണങ്ങള്‍ സ്ഥിരമായി കണ്ടുവന്നാല്‍ രോഗം സ്‌കിസോഫ്രീനിയയാണെന്ന് അനുമാനിക്കാം. 1. ഒന്നിലും താത്പര്യമില്ലാതെ മറ്റുള്ളവരില്‍ നിന്നും ഒഴിഞ്ഞുമാറുക. 2. സംശയസ്വഭാവം: തന്നെ ആക്രമിക്കാന്‍ ശ്രമിക്കുന്ന പങ്കാളിക്ക് അവിഹിതബന്ധം, ബാഹ്യശക്തികള്‍ തന്നെ നിയന്ത്രിക്കുന്നു എന്നീ തരത്തിലുള്ള തെറ്റായതും സംഭവിക്കാന്‍ സാധ്യതയില്ലാത്തതുമായ ചിന്തകള്‍. 3. മിഥ്യാനുഭവങ്ങള്‍: മറ്റുള്ളവര്‍ക്ക് കേള്‍ക്കാന്‍ കഴിയാത്തതും കാണാന്‍ കഴിയാത്തതുമായ ശബ്ദങ്ങള്‍ കേള്‍ക്കുക, കാഴ്ചകള്‍ കാണുക. 4.വൈകാരികമാറ്റങ്ങള്‍: ഭയം, ഉത്കണ്ഠ, നിര്‍വികാരത, കാരണമില്ലാതെ ചിരിക്കുക, കരയുക. 5.ഇല്ലാത്ത വ്യക്തികളുമായി സംസാരിക്കുക, ബന്ധമില്ലാത്ത, അര്‍ഥമില്ലാത്ത സംസാരം, അംഗവിക്ഷേപങ്ങള്‍ കാണിക്കുക, കണ്ണാടി നോക്കി ചേഷ്ടകള്‍ കാണിക്കുക. 6.കഠിനമായ ദേഷ്യം, ആത്മഹത്യാപ്രവണത, കൊലപാതകവാസന. സ്‌കിസോഫ്രീനിയ രോഗികളില്‍ 30-40 ശതമാനംവരെ പൂര്‍ണമായി വിമുക്തിനേടുമ്പോള്‍ 30-40ശതമാനം പേര്‍ തുടര്‍ച്ചയായ പരിചരണത്തിന്റെയും മരുന്നുകളുടെയും സഹായത്താല്‍ ഏറെക്കുറെ മുന്നോട്ടു പോകാന്‍ കഴിവുള്ളവരാണ്.

ചികിത്സ

ശരിയായ ചികിത്സയിലൂടെയും പരിചരണങ്ങളിലൂടെയും സ്‌കിസോഫ്രീനിയ ഒട്ടൊക്കെ ഭേദമാക്കാം. ആരംഭത്തിലേ പ്രകടമായ ലക്ഷണങ്ങള്‍ ഇല്ലാതാക്കിയുള്ള ചികിത്സാരീതികളാണ് നിലവിലുള്ളത്. മരുന്നുകളോടൊപ്പം മറ്റു തെറാപ്പികളും നല്ല ഉപദേശങ്ങളും നല്കിയാല്‍ ചികിത്സ എളുപ്പമാകും. ഇലക്‌ട്രോകണ്‍വല്‍സീവ് തെറാപ്പിയും കൗണ്‍സലിങ്, പുനരധിവാസം പോലുള്ള സാമൂഹിക ചികിത്സകളും ഇന്നു വ്യാപകമാണ്.

സ്‌കിസോഫ്രീനിയയ്ക്കുള്ള മരുന്നുകള്‍ പൊതുവെ ആന്റിസൈകോട്ടിക്‌സ് എന്ന പേരില്‍ അറിയപ്പെടുന്നു. മസ്തിഷ്‌കത്തിലെ ഡോപ്പമിന്റെ അധികാവസ്ഥ കുറച്ചുകൊണ്ടുവരികയാണ് ഇത്തരം മരുന്നുകള്‍ ചെയ്യുന്നത്. പഴയകാല ഔഷധങ്ങളായ ക്ലോര്‍പ്രോമസിന്‍, ട്രൈഫ്ലൂപരസിന്‍, ഹാലോപെരിഡോള്‍ എന്നിവയ്ക്കു പുറമെ പാര്‍ശ്വഫലങ്ങള്‍ തീരെ കുറഞ്ഞതും അതേസമയം, കൂടുതല്‍ ഫലം ലഭിക്കുന്നതുമായ നവീന ഔഷധങ്ങളായ റിഡ്‌പെരിഡോണ്‍, ഒലാന്‍സിപൈന്‍, കൈ്വറ്റിയാപ്പിന്‍, ക്ലോസപ്പിന്‍, അമിസള്‍പ്പിറൈഡ് എന്നീ മരുന്നുകള്‍ വിദേശത്തെപ്പോലെ ഇന്ത്യയിലും ഇന്ന് ലഭ്യമാണ്. മരുന്നു കഴിക്കാന്‍ വിസമ്മതിക്കുന്ന രോഗികള്‍ക്കായി അവരറിയാതെ ഭക്ഷണത്തില്‍ ചേര്‍ത്തു കൊടുക്കുന്നതും രണ്ടാഴ്ചയിലോ മാസത്തിലൊരിക്കലോ ഇഞ്ചക്ഷന്‍ രൂപത്തില്‍ കൊടുക്കാവുന്നതുമായ മരുന്നുകളും ലഭ്യമാണ്.

ഇലക്‌ട്രോകണ്‍വല്‍സീവ് തെറാപ്പി

രോഗിയെ മയക്കിക്കിടത്തി ചെറിയ അളവില്‍ വൈദ്യുതി കടത്തിവിട്ട് തലച്ചോറിലെ തകരാറുകള്‍ പരിഹരിക്കുന്ന രീതിയാണിത്. ഇതിന് ഏകദേശം 40 സെക്കന്‍ഡു മാത്രമേ ആവശ്യമുള്ളൂ. ഇത്തരത്തില്‍ തലച്ചോറിലേക്ക് വൈദ്യുതി പ്രസരിപ്പിക്കുന്നത് ഒട്ടേറെ രാസപദാര്‍ഥങ്ങളുടെ അസന്തുലിതാവസ്ഥ ശരിയാക്കിയെടുക്കാന്‍ തലച്ചോറിനെ സഹായിക്കുന്നു.

സാമൂഹിക - മനഃശാസ്ത്ര ചികിത്സ


ആശയവിനിമയത്തിനുള്ള പ്രയാസം, സ്വന്തം ശരീരത്തെക്കുറിച്ചുള്ള ശ്രദ്ധയില്ലായ്മ, മറ്റുള്ളവരുമായി ബന്ധം സ്ഥാപിക്കാനും ബന്ധങ്ങള്‍ നിലനിര്‍ത്താനുമുള്ള താത്പര്യമില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങളാല്‍ വിഷമിക്കുന്ന രോഗികള്‍ക്ക് ഒരാശ്വാസമാണ് സാമൂഹിക - മനഃശാസ്ത്രചികിത്സ. സൈക്കോതെറാപ്പി, കോഗ്‌നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി, രോഗപരിചാരകര്‍ക്ക് രോഗത്തെക്കുറിച്ച് മനസ്സിലാക്കിക്കൊടുക്കുക എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ഈ ചികിത്സാരീതി.

സൈക്കോതെറാപ്പി

മാനസികവും വൈകാരികവുമായ പ്രശ്‌നങ്ങളെ ശാസ്ത്രീയമായ ഉപദേശങ്ങളിലൂടെ ഭേദമാക്കുന്ന രീതിയാണിത്. എന്നിരുന്നാലും സൈക്കോതെറാപ്പിക്കൊപ്പം മരുന്നുകളും ഉപയോഗിക്കേണ്ടതാണ്.

കോഗ്‌നറ്റീവ് ബിഹേവിയറല്‍ തെറാപ്പി

യുക്തിരഹിതമായ ചിന്തകളും കാഴ്ചപ്പാടുകളുമുള്ള സ്‌കിസോഫ്രീനിയ രോഗികള്‍ക്ക് അവരുടെ ചിന്താധാരയിലുള്ള തെറ്റുകള്‍ മനസ്സിലാക്കി തിരിച്ചറിവ് നല്‍കുന്ന രീതിയാണിത്. ഈ ചികിത്സാരീതി രോഗികളുടെ ചിന്തകളെയും പെരുമാറ്റത്തെയുമാണ് ലക്ഷ്യം വെക്കുന്നത്.

രോഗീപരിചാരകര്‍ക്കുള്ള ബോധവത്കരണം


ആസ്പത്രിവിട്ട് വീട്ടിലെത്തുന്ന രോഗികളെ പരിചരിക്കുന്നവര്‍ക്ക് സ്‌കിസോഫ്രീനിയയെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. രോഗികള്‍ വീണ്ടും പഴയ അവസ്ഥയിലേക്ക് മടങ്ങിപ്പോകാനുള്ള സാധ്യതകള്‍ കുറയ്ക്കാനുള്ള വഴികളെക്കുറിച്ച് പരിചാരകര്‍ അറിഞ്ഞിരിക്കണം. മരുന്നുകള്‍ കൃത്യസമയത്ത് നല്‍കാനും മരുന്നുകള്‍ കഴിച്ചില്ലെങ്കില്‍ ഉണ്ടാകാവുന്ന പ്രശ്‌നങ്ങളെക്കുറിച്ച് രോഗികളെ പറഞ്ഞുമനസ്സിലാക്കാനും രോഗീപരിചാരകര്‍ ശ്രദ്ധിക്കണം. ആസ്പത്രി വിട്ട രോഗികള്‍ക്ക് മതിയായ ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതും വളരെ പ്രധാനമാണ്.

മരുന്നുകള്‍ നിര്‍ത്തിയാല്‍


സ്വന്തം ഇഷ്ടപ്രകാരം മരുന്നുപയോഗം പെട്ടെന്ന് നിര്‍ത്തുന്നത് രോഗാവസ്ഥയിലേക്കുള്ള തിരിച്ചുപോക്കിലേക്കും മറ്റു പ്രശ്‌നങ്ങളിലേക്കും നയിക്കുന്നു. ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ മരുന്നുകള്‍ ഒരിക്കലും നിര്‍ത്തരുത്.

കടപ്പാട് : ആൽക്കെമിസ്റ്റ്

2.95652173913
സുബി Oct 14, 2016 06:55 PM

വിജ്ഞാനപ്രദം

sreejith Aug 11, 2016 03:48 PM

Oxitosine hormon adangiya nesal spray mookil uttikunnad manasil feeling (vikaarangal)undakunnuvenkil feeling normal aayaal chithabramam vannavarude chindayum normal aaville?.

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top