অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മുങ്ങി മരണം

മുങ്ങിമരണങ്ങൾ

കുറച്ചുവർഷങ്ങൾക്ക് മുൻപുള്ള ഒരു പത്രവാർത്ത മലയാളികളെ ഒന്നടങ്കം കണ്ണ് നനയിച്ചതു ഓർമ്മയിൽ ഉണ്ടാവും. ഒരു കുഞ്ഞിന് വേണ്ടി ഒരു പാട് കാലം കാത്തിരുന്നു ഒരിക്കലും നടക്കില്ല എന്ന് കരുതിയ സ്വപ്നം ഒടുക്കം സഫലമായതു ആധുനിക സാങ്കേതിക വിദ്യ കൊണ്ട് അറുപതു വയസ്സോടടുത്ത ഒരമ്മ. അമ്മൂമ്മയാകാനുള്ള പ്രായത്തിൽ പൊന്നുണ്ണിയെ കിട്ടിയ അമ്മ പൊന്നു പോലെ തന്നെ നോക്കി. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു വിരാമം ആയിരുന്നു കഥയ്ക്ക്, ഒരു ബക്കറ്റിൽ നിറച്ചു വെച്ച വെള്ളം ആ സ്വപ്നത്തിന്റെ തിരികൾ എന്നേക്കുമായി കെടുത്തി.

മുങ്ങി മരണം എന്ന് കേൾക്കുമ്പോ നമ്മളുടെ മനസ്സിൽ ആദ്യം ഓടി എത്തുന്നത് കുത്തിയൊഴുകുന്ന പുഴയിൽ ഒഴുകിയെത്തുന്ന അനാഥ ശവം, അതുമല്ലെങ്കിൽ കുളത്തിലോ പാറമടയിലോ മുങ്ങിയോ ആത്മഹത്യക്കായെടുത്തു ചാടിയതോ ഒക്കെ. എന്നാൽ ഒരിത്തിരി വെള്ളത്തിലും ഇത് സംഭവിക്കാം എന്ന് നമ്മൾ ആലോചിക്കാറില്ല. അങ്ങനെ ഒരു സാധ്യത ഓർമ്മിപ്പിക്കാൻ വേണ്ടിയാണ് ഈ കഥയിൽ തുടങ്ങിയത്. ഇന്നും ഉണ്ടായിരുന്നു ഒരു അപകട വാർത്ത. അവധി ആഘോഷിക്കാനെത്തിയ 3 യുവ സുഹൃത്തുക്കൾ പാറമടയിൽ മുങ്ങിമരിച്ച വാർത്ത. കേരളം കാണാനെത്തിയ അറബി വിനോദ സഞ്ചാരിയുടെ മകൻ കുമരകത്തെ റിസോർട്ടിൽ സ്വിമ്മിങ്ങ് പൂളിൽ ജലസമാധിയടഞ്ഞത് ഇയ്യിടെയാണ്. ഒരു ദിവസം ഇന്ത്യയിൽ എൺപത് പേർ മുങ്ങി മരിക്കുന്നുണ്ടെന്നാണ് കണക്ക്.

നമ്മുടെ നാട്ടിൽ ഉണ്ടാവുന്ന അസ്വാഭാവിക മരണങ്ങളിൽ പ്രധാനമായ ഒന്നാണ് മുങ്ങിമരണങ്ങൾ. വാഹനാപകട മരണങ്ങളും മറ്റപകട മരണങ്ങളും ആണ് ഏറ്റവും കൂടുതൽ ജീവനപഹരിക്കുന്നത്. തൂങ്ങി മരണങ്ങൾ, വിഷം കഴിച്ചുള്ള മരണങ്ങൾ എന്നിവ പിന്നാലെ വരും. ഇവ കഴിഞ്ഞാൽ ഏറ്റവും സാധാരണമായി കാണുന്നത് മുങ്ങി മരണങ്ങളാണ്. ധാരാളം ചെറുപ്പക്കാരും വിദ്യാർത്ഥികളും കുട്ടികളും മുങ്ങിമരണങ്ങൾക്കിരയാവുന്നുണ്ട്.

ജലത്തിൽ മുങ്ങുമ്പോൾ ശ്വസോച്ഛ്വാസം തടസപ്പെടുന്നു. മുങ്ങലിന് പകരം നമുക്ക് "Drowning" എന്ന വാക്ക് ഉപയോഗിക്കാം. തരം തിരിക്കാനും വിശദീകരിക്കാനും അതാവും എളുപ്പം. പല തരം Drowning ഉണ്ട്. നമ്മൾ കൂടുതലായും കാണുന്നത് ശുദ്ധജലത്തിൽ ഉണ്ടാവുന്നതും കടലിലെ ഉപ്പുരസമുള്ള ജലത്തിൽ ഉണ്ടാവുന്നതുമാണ്. ഇവയല്ലാത്ത കുറച്ചു തരങ്ങൾ കൂടിയുണ്ട്. Dry Drowning, Immersion Syndrome, Secondary Drowning എന്നിവയാണവ.

ശരീര ഭാരം മൂലം വീഴുന്ന വ്യക്തി വെള്ളത്തിൽ താഴുവാൻ തുടങ്ങുന്നു. എന്നാൽ നീന്തൽ, നീന്തലിന് സമാനമായ ശരീര ചലനങ്ങൾ, ശരീരത്തിന്റെ Buoyancy എന്നിവ മൂലം ശരീരം പൊങ്ങി നിൽക്കുന്നു. നീന്തൽ അറിയില്ലാത്തവരും നീന്താൻ സാധിക്കാത്തവരും സഹായത്തിനായി നിലവിളിക്കുകയും കൂടുതൽ ആയാസപ്പെടുകയും ചെയ്യുന്നു. ഇതിനാൽ ശ്വാസം വലിക്കുമ്പോൾ വായുവിനോടൊപ്പം കുറച്ചു ജലവും ശ്വാസ നാളിയിലും ശാസകോശത്തിലുമെത്തുന്നു. ഈ പ്രക്രിയ പല തവണ ആവർത്തിക്കുന്നു; ശരീരഭാരം കൂടുന്നതിനോടൊപ്പം ആ വ്യക്തി മുങ്ങുകയും ചെയ്യുന്നു.

ശുദ്ധ ജലത്തിലും കടൽ വെള്ളത്തിലും മുങ്ങുമ്പോൾ ശരീരത്തിൽ ഉണ്ടാവുന്ന മാറ്റങ്ങൾ വ്യത്യസ്‍തമാണ്.

ശുദ്ധജലത്തിൽ: ശ്വാസകോശത്തിനുളിലെത്തുന്ന ജലം "Alveoli" കളിലേക്ക് കടക്കുന്നു. ഇങ്ങനെ കടക്കുന്ന ജലം രക്തത്തിൽ കലരുകയും അതിനാൽ രക്തത്തിന്റെ അളവ് കൂട്ടുകയും സാന്ദ്രത കുറക്കുകയും ചെയ്യുന്നു. അളവ് കൂടുന്നതിനാൽ ഹൃദയത്തിന്റെ ജോലിഭാരം വർദ്ധിക്കുന്നു. പ്ലാസ്മയുടെ സാന്ദ്രത കുറയുകയും ചുവന്ന രക്താണുക്കൾ പൊട്ടി പൊട്ടാസ്യം രക്തത്തിലേക്ക് കൂടുതലായെത്തുകയും ചെയ്യുന്നു. ഈ മാറ്റങ്ങളുടെ ഫലമായി ഹൃദയത്തിലെ പേശികളുടെ പ്രവർത്തനം തടസപ്പെടുന്നു (Ventricular fibrillation). മരണം സംഭവിക്കുന്നു.

കടൽ വെള്ളത്തിൽ: Alveoli-ലെത്തുന്ന ജലത്തിന്റെ സാന്ദ്രത കൂടുതലാണെന്നറിയാമല്ലോ. അതിനാൽ രക്തത്തിലെ ജലം Alveoli ലേക്ക് കയറുന്നു. രക്തത്തിന്റെ സാന്ദ്രത കൂടുകയും അളവ് കുറയുകയും ചെയ്യുന്നു. ഇതിനാൽ ഹൃദയത്തിന്റെ പ്രവർത്തനം നിലക്കുന്നു. മരണം സംഭവിക്കുന്നു.

മുകളിൽ വിവരിച്ച രണ്ട് തരം മുങ്ങലുകളിലും ശ്വസന പ്രക്രിയ തടസപ്പെടുന്നുണ്ട്. ശരീരത്തിലെ കോശങ്ങൾക്ക് ഓക്സിജൻ ലഭിക്കാത്ത അവസ്ഥയുണ്ടാവുകയും ചെയ്യുന്നുണ്ട്. ഇതും മരണത്തിന് കാരണമാണ്.

ശുദ്ധജലത്തിൽ മരണം സംഭവിക്കാൻ 4 മുതൽ 5 മിനിറ്റ് വരെയും കടലിൽ 8 മുതൽ 12 മിനിറ്റ് വരെയും സമയം എടുക്കും.

എന്നാൽ ഇങ്ങനെ മാത്രമല്ല മുങ്ങിമരണങ്ങൾ സംഭവിക്കുക. അര മീറ്റർ വ്യാസത്തിൽ അരയടി ആഴമുള്ള വെള്ളത്തിൽ മുങ്ങി മരിച്ചവരുമുണ്ട്. വായും മൂക്കും മാത്രം അടഞ്ഞു നിൽക്കുന്ന തരത്തിൽ വെള്ളത്തിൽ മുങ്ങിയാലും മരണം സംഭവിക്കാം. അപസമാരം പോലെയുള്ള അസുഖങ്ങൾ ഉള്ളവരിലും ലഹരിക്കടിപ്പെട്ടവരിലും മറ്റസുഖങ്ങൾ മൂലവും ആഴം കുറഞ്ഞ വെള്ളത്തിൽ വീഴുന്നവർക്കാണ് ഇങ്ങനെ സംഭവിക്കുന്നത്. പലപ്പോഴും ഇങ്ങനെയുള്ള മരണങ്ങളിൽ വളരെയധികം ആരോപണങ്ങൾ ഉണ്ടാവാറുണ്ട്.

ഇതുമാത്രമല്ലാതെ മറ്റ് മൂന്നുതരം Drowning കൂടിയുടെന്ന് പറഞ്ഞിരുന്നല്ലോ.

Dry Drowning: വെള്ളം ശ്വാസകോശങ്ങളിൽ എത്തുന്നില്ല. ശ്വാസനാളിയുടെ ആരംഭത്തിൽ ജലമെത്തുകയും ശ്വാസനാളിയുടെ ആരംഭഭാഗം (Laryngeal spasm) സങ്കോചിക്കുകയും ചെയ്യുന്നു. വായു ശ്വാസകോശത്തിലെത്താതെ മരണം സംഭവിക്കുന്നു.

Secondary Drowning : വെള്ളത്തിൽ മുങ്ങിയ വ്യക്തി 24 മണിക്കൂറിൽ കൂടുതൽ ജീവനോടെ ഇരിക്കുകയും Drowning-ന്റെ സങ്കീർണ്ണതകളാൽ മരണമടയുകയും ചെയ്യുന്നു. മസ്തിഷ്കത്തിലേക്കുള്ള ഓക്സിജൻ ലഭ്യത കുറഞ്ഞതുകാരണം ഉണ്ടാകുന്ന പ്രശ്നങ്ങൾ, ഹൃദയത്തിലെ പേശികളിൽ ഓക്സിജൻ ലഭ്യത കുറഞ്ഞതുകാരണം ഉണ്ടാകുന്ന പ്രശ്നങ്ങൾ, ചുവന്ന രക്താണുക്കൾ നശിച്ചതുമൂലമുണ്ടാകുന്ന പ്രശ്നങ്ങൾ, അണുബാധ തുടങ്ങിയ പല കാരണങ്ങൾ കൊണ്ടും മരണം സംഭവിക്കാം.

Immersion Syndrome (Hydrocutiion): ജലത്തിൽ പ്രവേശിക്കുന്ന ആളുടെ ഹൃദയം Vaso-vagal inhibition മൂലം പ്രവർത്തന രഹിതമാകുന്നു.

ചിലപ്പോഴെങ്കിലും മുങ്ങി മരിക്കുന്നതിന് മുൻപ് വീഴ്ചയിൽ ഏറ്റ ആഘാതം മൂലവും മരണങ്ങൾ ഉണ്ടാവാറുണ്ട്.

വെള്ളത്തിൽ മുങ്ങിയ ഒരാൾ Suspended animation എന്ന ഒരു പ്രത്യേക അവസ്ഥയിലൂടെ കടന്നുപോകാൻ സാധ്യതയുണ്ട്. ജീവനുണ്ടെങ്കിലും ആന്തരിക ശാരീരിക പ്രവര്‍ത്തനങ്ങള്‍ താത്ക്കാലികമായി മന്ദീഭവിച്ച് ബോധമില്ലാത്ത അവസ്ഥയിലെത്തുന്നതാണിത്. ജീവൻ നഷ്ടപ്പെട്ട അവസ്ഥയാണെന്നേ തോന്നുകയുള്ളൂ. ഈ അവസ്ഥയിൽ നിന്നും ജീവനോടെ തിരിച്ചെത്തുക സാധ്യമാണ്.

വെള്ളത്തിൽ വീഴുന്നവരെ രക്ഷിക്കുന്ന വാർത്തകൾ പലപ്പോഴും നമ്മൾ വായിക്കാറുണ്ട്. നമ്മളിൽ പലരും പലരെയും രക്ഷിച്ചിട്ടുമുണ്ടാകും. രക്ഷിക്കാനായി ശ്രമിക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ച് കുറേയേറെ ലേഖനങ്ങൾ വന്നിട്ടുള്ളതിനാൽ അതിലേക്ക് കടക്കുന്നില്ല. എന്നാൽ, പ്രഥമ ശുശ്രൂഷയെ കുറിച്ച് ചില തെറ്റായ ധാരണകൾ ഇന്നുമുണ്ട്.

ഉദരഭാഗത്ത് അമർത്തി കുടിച്ച വെള്ളം കളയുക എന്നത് ഗുണകരമല്ല എന്നുമാത്രമല്ല ചിലപ്പോൾ ദോഷകരവുമാകാം. കാരണം അങ്ങിനെ ചെയ്യുമ്പോൾ ആമാശയത്തിലെ ആഹാര പദാർത്ഥങ്ങൾ ശ്വാസനാളിയിൽ എത്തിപ്പെടാനുള്ള സാധ്യതയുണ്ട്. അതിനാൽ അതൊഴിവാക്കുക.

വായിലും മൂക്കിലും മറ്റും എന്തെങ്കിലും തടസങ്ങളുണ്ടെങ്കിൽ മാറ്റുക. തല അൽപം ചെരിച്ചുകിടത്തുക. ആവശ്യമെങ്കിൽ കൃത്രിമ ശ്വാസോച്ഛ്വാസം (Artificial respiration), CPR എന്നിവ നൽകുക. താമസം കൂടാതെ ആവശ്യമായ സൗകര്യങ്ങൾ ഉള്ള ആശുപത്രിയിൽ എത്തിക്കുക.

ശ്രെദ്ധിക്കേണ്ട വസ്തുതകള്‍

ഒട്ടു മിക്ക മുങ്ങി മരണങ്ങളും തടയാവുന്നതാണ് എന്നതാണ് സത്യം.

1.അപകട സാധ്യത ഒഴിവാക്കുക.

പ്രതീക്ഷിക്കാത്തയിടങ്ങളിലും മുതിർന്നവരുടെ മേൽനോട്ടമെത്താതെ കുട്ടികൾ എത്തിപെടാവുന്ന ഇടങ്ങളിലുമുള്ള വെള്ളക്കെട്ടുകൾ ഒഴിവാക്കുക.

ഇത് ചെയ്യാൻ പറ്റാത്തയിടങ്ങളിൽ വേലി, മതിൽ കെട്ട് തുടങ്ങിയവയാകാം. പ്രളയസാധ്യതയുള്ളിടത്ത് വെള്ളപൊക്ക സുരക്ഷയ്ക്കായ് ശാസ്ത്രീയമായി ചിറ കെട്ടുകയും വരമ്പ് തീർക്കുകയും ചെയ്യുക. മൂടാത്ത കിണറുകൾ മറ്റൊരു അപകട സാധ്യതയാണ്. ആരെങ്കിലും വീണ് വാർത്തയാകുന്നത് വരെ അത് മൂടാൻ കാത്തു നിൽക്കണമെന്നല്ല.

പൊട്ടകിണറുകൾ, ചെറിയ കുളങ്ങൾ തുടങ്ങി ബക്കറ്റിലെ വെള്ളം വരെയും അപകട സാധ്യതകളാണ്‌.

തൊട്ടിലിൽ കിടക്കുന്ന കുഞ്ഞിന് മരിക്കാൻ ഒരു തൊട്ടിയിലെ വെള്ളം മതി. പ്രത്യേകിച്ച് ഫ്ലാറ്റുകളിലും മറ്റും ഇന്നത്തെ എല്ലാവർക്കും തിരക്കുള്ള ജീവിതത്തിൽ ഇത് ഓർമ്മയിലുണ്ടാവണം.

പാറമടകൾ വലിയൊരു പ്രശ്നമാണ്. ഖനനം കഴിഞ്ഞാൽ അവ ഉപേക്ഷിക്കുകയാണ് പതിവ്. അവിടെയുള്ള ജലത്തിൽ മുങ്ങിമരണങ്ങൾ സാധാരണമാണ്. കോട്ടയം മെഡിക്കൽ കോളേജിലെ ഞങ്ങളുടെ പ്രിയങ്കരനായ ഒരു വിദ്യാർത്ഥി മുങ്ങിമരിച്ചിട്ട് അഞ്ചുവർഷങ്ങൾ കഴിഞ്ഞു.

പാറമടകളിലെ ജലം ഗുണപരമായി വിനിയോഗിക്കാമോ എന്നത് പഠിക്കണം. ഖനനം നടത്തി ഉപയോഗശൂന്യമായ മടകളിൽ ധാരാളം ജലം ശേഖരിക്കാൻ സാധിക്കും. കുടിക്കാനും ആഹാരം പാകം ചെയ്യാനും ഉപകരിക്കില്ലായിരിക്കാം. എങ്കിലും വൃത്തിയായി പരിപാലിച്ചാൽ മറ്റുള്ള ആവശ്യങ്ങൾക്കായി ഉപയോഗിച്ചുകൂടേ ?

വേനൽ കാലത്ത് പോലും ധാരാളം ജലം ഉള്ള നിരവധി പാറമടകൾ നമ്മുടെ നാട്ടിലുണ്ട്. അവയൊക്കെ വൃത്തിയാക്കി ഉപയോഗ യോഗ്യമാക്കി, അവിടങ്ങളിൽ മോട്ടർ അടക്കമുള്ള സൗകര്യങ്ങൾ സ്ഥാപിച്ച് ജനോപകാരപ്രദമായ രീതിയിൽ ഉപയോഗിക്കാം. കുട്ടികളും മറ്റും ഇറങ്ങാതെ ശ്രദ്ധിക്കണം.

2. സുരക്ഷ ജീവിതചര്യയുടെ ഭാഗമാക്കുക.

കുട്ടികളെ അന്തസ് കൂടിയ സ്കൂളുകളിൽ ചേർക്കുമ്പോൾ കുതിരയോട്ടവും മറ്റും പഠിപ്പിക്കുന്നുവെന്ന് അഭിമാനത്തോടെ പറയുന്നത് കേട്ടിട്ടുണ്ട്. കുതിരയോടിക്കാനും കുതിര കയറാനും പഠിച്ചാലും ഇല്ലെങ്കിലും വെള്ളത്തിൽ വീണാൽ കുതിർന്ന് മുങ്ങാതെ കയറാൻ നിശ്ചയമായും പഠിച്ചിരിക്കണം. നീന്തൽ പോലുള്ള അതിജീവന പാഠങ്ങൾ സ്കൂൾ പാഠ്യ പദ്ധതിയുടെ തന്നെ ഭാഗമാക്കാൻ ഒട്ടും വൈകികൂടാ. നാലു വയസ്സിന് മുമ്പ് നീന്തൽ പഠിച്ചാൽ കുട്ടികളിലെ മുങ്ങി മരണം എൺപത് ശതമാനത്തിൽ കൂടുതൽ കുറയ്ക്കാമെന്നാണ് പഠനങ്ങൾ. ഒരു വയസിൽ തന്നെ നീന്തൽ പഠിപ്പിക്കാൻ കഴിയുമെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകൾ കാരണം 6 വയസിലാണ് മിക്കയിടങ്ങളിലും നീന്തൽ പഠിപ്പിക്കാൻ തുടങ്ങുന്നത്.

നീന്തൽ പഠിച്ചത് കൊണ്ടായില്ല.

കുത്തിയൊലിക്കുന്ന നീരൊഴുക്കുള്ള സ്ഥലങ്ങൾ, അടിയൊഴുക്കുള്ള സ്ഥലങ്ങൾ എന്നിങ്ങനെ എവിടെയെല്ലാം നീന്തരുത് എന്ന് പഠിപ്പിക്കണം. മുന്നറിയിപ്പുകളെ ബഹുമാനിക്കാൻ പഠിപ്പിക്കണം.

കടത്തുവള്ളങ്ങൾ, ബോട്ടുകൾ തുടങ്ങിയവ കൃത്യമായ സുരക്ഷാ പരീക്ഷകൾക്ക് യഥാസമയം വിധേയമാക്കിയാൽ വൻ ദുരന്തങ്ങൾ ഒഴിവാക്കാം.

അപകട സാധ്യതയുള്ളിടത്ത് പരിശീലനം സിദ്ധിച്ച ജീവരക്ഷാപ്രവർത്തകരുടെ സാന്നിധ്യം ഉറപ്പു വരുത്തലാണ് മറ്റൊരു പ്രധാന നടപടി.

3. അവബോധം സൃഷ്ടിക്കുക.

കുട്ടികളെ മേൽ എപ്പോഴൊക്കെ കണ്ണ് വേണം എന്നതിനെ പറ്റി മാതാപിതാക്കൾക്ക് നല്ല ധാരണ ഉണ്ടാകണം. ഇതിനായി സർക്കാർ സന്നദ്ധ സംഘടനകൾ എന്നിവ ശ്രമിക്കണം.

ഇതെഴുതുന്നയാൾ കോളേജ് കാലത്ത് ഒരു സഞ്ചാര വേളയിൽ ഒരു അരുവിയിൽ കുളിക്കാൻ ഇറങ്ങുമ്പോൾ ഒരു നാട്ടുകാരൻ പറഞ്ഞതോർക്കുന്നു. "നിങ്ങൾ പുതിയ സ്ഥലത്ത് വെള്ളത്തിൽ കാലു കുത്തുമ്പോൾ നാട്ടുകാരോട് ചോദിക്കുക .ഈ വെള്ളത്തിൽ ഇറങ്ങാമോ എന്ന്". വളരെ ശരിയാണ്; ശാന്തമായ പ്ഉപരിതല പോലാകണമെന്നില്ല ജലത്തിന്റെ യഥാർത്ഥ സ്വഭാവം. മുന്നറിയിപ്പുകൾ അവഗണിക്കാതിരിക്കുക എന്നത് ശീലമാക്കുക. പണ്ടാരോ പറഞ്ഞ മട്ട് വിഡ്ഡിയുടെ സാഹസമല്ല ധൈര്യം.

അത് പോലെ പ്രധാനമാണ് ജലസമ്പർക്കം ഒഴിവാക്കേണ്ട അവസരങ്ങളെ കുറിച്ച് അറിവ് ഉണ്ടാകുക എന്നത്.

അകത്തും പുറത്തും വെള്ളമെന്ന മട്ടിൽ മദ്യപിച്ച് ജലക്രീഡക്കിറങ്ങരുത്. നീന്തലറിയാവുന്നവരുടെ മേൽനോട്ടത്തിൽ, രക്ഷാകവചങ്ങൾ അണിഞ്ഞ് മാത്രം അപസ്മാര രോഗമുള്ളവർ വെള്ളത്തിലറങ്ങുക എന്നതും പ്രധാനമാണ്. അപസ്മാരം ഉള്ളവർ നീന്തുമ്പോൾ കൂടെയുള്ളവർ കുറച്ചൊരു ശ്രദ്ധ നൽകുക.

4. അപകടമുണ്ടായാൽ എന്ത് ചെയ്യും.

മറ്റു പല അപകടങ്ങളേക്കാൾ മരണസാധ്യത കൂടുതലാണ് മുങ്ങലിന്. പരമാവധി ഒഴിവാക്കാൻ ശ്രമിച്ചാലും അപകടങ്ങൾ ഉണ്ടാകും. ഒരാൾ വെള്ളത്തിൽ വീഴുമ്പോഴുള്ള നമ്മുടെ പ്രതികരണം പലതും സിനിമകളെയും മറ്റു അടിസ്ഥാനപ്പെടുത്തിയാണ്.

ഉദാഹരണത്തിന് മിക്കവാറും സിനിമകളിൽ മുങ്ങുന്ന വ്യക്തി കൈകൾ പൊക്കി രക്ഷിക്കൂ എന്ന് കരയും .

ജീവിതത്തിൽ മിക്കപ്പോഴും ശ്വാസമെടുക്കാനുള്ള പരവേശത്തിൽ ശബ്ദമുണ്ടാക്കാനാകാതെ കൈകൾ താഴോട്ടൂന്നിയാണ് പലപ്പോഴും നിലകൊള്ളുക. അത് കണ്ട് സ്വജീവൻ അവഗണിച്ചു മുൻപിൻ നോക്കാതെ ചാടി അപകടം വരുത്തുന്നതും അസാധാരണമല്ല.

ഇയ്യിടെയാണ് ഒരു IAS ഉദ്യോഗസ്ഥൻ സഹപ്രവർത്തകനെ രക്ഷിക്കാൻ ശ്രമിച്ചും IIT പ്രൊഫസർ മകനെ രക്ഷിക്കാൻ ശ്രമിച്ചും മരിച്ച വാർത്ത നാം വായിച്ചത്.

കരയിലേക്ക് എത്തിച്ചാൽ സ്വീകരിക്കേണ്ട അടിസ്ഥാന ജീവരക്ഷാ നടപടികളിൽ സാധാരണക്കാർക്ക് പരിശീലനം നൽകുന്നത് വളരെ പ്രയോജനപ്രദമായിരിക്കും. അത് പിന്നീടൊരു പോസ്റ്റിൽ വിശദമായി പ്രതിപാദിക്കാം.

വളർച്ചയുടെ ഒരു ഘട്ടത്തിൽ നാം തറയിൽ കമിഴ്ന്നു നീന്തുമെങ്കിലും മനുഷ്യന് സ്വാഭാവികമായുള്ള സിദ്ധിയല്ല ജലത്തിൽ നീന്തൽ. നാം അത് ആർജിച്ചെടുക്കണം. ജലസുരക്ഷയിലൂടെ നമുക്ക് സ്വരക്ഷ ഉറപ്പാക്കാം.

ജലം നമ്മെ മുറിവേൽപ്പിക്കാതിരിക്കട്ടെ

എഴുതിയത്: Dr. Purushothaman K. K, Dr. Anjit Unnini & Dr. Jinesh PS
കടപ്പാട് : Info Clinic

അവസാനം പരിഷ്കരിച്ചത് : 6/11/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate