অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാല്‍

കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങുന്നതിലൂടെ അപകടം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. എങ്കിലും കുട്ടികള്‍ക്കും പ്രായമായവര്‍ക്കുമാണ് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങാനുള്ള സാധ്യത കൂടുതല്‍.

അശ്രദ്ധകൊണ്ടും വേഗത്തില്‍ ഭക്ഷണം കഴിക്കുന്നത് മൂലവും ആഹാരപദാര്‍ഥങ്ങള്‍ തൊണ്ടയില്‍ കുടുങ്ങാം. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങുന്നതിലൂടെ അപകടം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

എങ്കിലും കുട്ടികള്‍ക്കും പ്രായമായവര്‍ക്കുമാണ് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങാനുള്ള സാധ്യത കൂടുതല്‍. നാല് വയസില്‍ താഴെയുള്ള കുട്ടികളിലാണ് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയുള്ള അപകടങ്ങള്‍ ഏറെയും ഉണ്ടാകുന്നത്. ചെറിയ കുട്ടികള്‍ക്ക് ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കണമെന്ന് അറിയാത്തതുകൊണ്ട് അപകടം സംഭവിക്കുന്ന സാഹചര്യങ്ങളുമുണ്ട്.

കാരണങ്ങള്‍


ഭക്ഷണസാധനങ്ങള്‍ വിഴുങ്ങുന്നത് കുട്ടികളില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുന്നതിന് ഇടയാക്കും. എന്നാല്‍ മുതിര്‍ന്നവരില്‍ അമിത വേഗത്തില്‍ ഭക്ഷണം കഴിക്കുന്നതിലൂടെ തൊണ്ടയില്‍ കുടുങ്ങാം. അമിത മദ്യപാനവും ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുന്നതിന് കാരണമാകാറുണ്ട്.

മദ്യപിക്കുന്നവരില്‍ തൊണ്ടയിലെ ലാരിങ്‌സില്‍ സ്പര്‍ശശേഷി കുറവായിരിക്കും. ലാരിങ്‌സിന്റെ സ്പര്‍ശനശേഷി കുറയുന്നത് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുന്നതിന് ഇടയാക്കും.

ചെറിയ കുട്ടികള്‍ക്ക് കിടത്തികൊണ്ട് പാല്‍ കൊടുത്താല്‍ അത് ശ്വാസകോശത്തില്‍ എത്തി അതേത്തുടര്‍ന്ന് അപകടങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. കുട്ടികള്‍ക്ക് മുലപ്പാല്‍ നല്‍കുമ്പോള്‍ കിടത്തി കൊടുക്കുന്നത് ഒഴിവാക്കണം. തല അല്‍പം ഉയര്‍ത്തി വച്ച് വേണം കുട്ടികള്‍ക്ക് പാല്‍ നല്‍കാന്‍.

ലക്ഷണങ്ങള്‍


1. ഭക്ഷണം തൊണ്ടയില്‍ തടഞ്ഞ് സംസാരിക്കാന്‍ കഴിയാതെ വരിക
2. നിര്‍ത്താതെയുള്ള ചുമ
3. ശരീരം നന്നായി വിയര്‍ക്കുക
4. കൈകാലുകള്‍ നീലനിറമാകുക
5. അബോധാവസ്ഥയിലാകുക

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാല്‍


തൊണ്ടയിലെ ലാരിങ്‌സ്, ട്രക്കിയ, ബ്രോങ്കസ് തുടങ്ങിയ ഭാഗങ്ങളില്‍ എവിടെയും ഭക്ഷണം തടയാം. കുട്ടികളില്‍ സാധാരണഗതിയില്‍ കടല, കശുവണ്ടി, പഴങ്ങളുടെ കുരു തുടങ്ങിയവയാണ് തൊണ്ടയില്‍ തടയുന്നത്.

പ്രായമായവരില്‍ ഭക്ഷണം മാത്രമല്ല, വായിലെ കൃത്രിമ പല്ല് പോലും കുടുങ്ങിയേക്കാം. ഉറങ്ങുമ്പോള്‍ ഇത്തരത്തില്‍ പല്ലുകള്‍ കുടുങ്ങുന്നത് നിരന്തരം സംഭവിക്കാറുണ്ട്.

തൊണ്ടയില്‍ ഭക്ഷണം കുടുങ്ങുന്ന അവസരത്തില്‍ വ്യക്തി ബോധാവസ്ഥയില്‍ ആണെങ്കില്‍ ചുമയ്ക്കാന്‍ പറയുക. ഭക്ഷണം ലാരിങ്‌സിലാണ് കുടുങ്ങിയതെങ്കില്‍ ചുമയ്ക്കുമ്പോഴുണ്ടാകുന്ന മര്‍ദ്ദം മൂലം കുടുങ്ങിയ ഭക്ഷണ പദാര്‍ഥം പുറത്ത് വരും.

തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയ വ്യക്തിയോട് കുനിഞ്ഞ് നില്‍ക്കാന്‍ ആവശ്യപ്പെടുക, അതിനുശേഷം പുറത്ത് ശക്തിയില്‍ തട്ടുക. തട്ടുമ്പോള്‍ ഉണ്ടാകുന്ന മര്‍ദത്തിലൂടെ തൊണ്ടയില്‍ കുടുങ്ങി വസ്തു പുറത്തേക്ക് വരും. ബോധാവസ്ഥയിലുള്ള മുതിര്‍ന്നവര്‍ക്ക് ഈ രീതികള്‍ പരീക്ഷിക്കാവുന്നതാണ്.

കുട്ടികളാണെങ്കില്‍ കയ്യില്‍ കമഴ്ത്തി കിടത്തുക. അതിനു ശേഷം പുറത്ത് സാവധാനം തട്ടികൊടുക്കുക. ഇവയെല്ലാം വ്യക്തി ബോധാവസ്ഥയില്‍ ആണെങ്കില്‍ വീട്ടില്‍ ചെയ്യാവുന്ന പ്രഥമ ശുശ്രൂഷകളാണ്. അതോടൊപ്പം ആശുപത്രിയില്‍ കൊണ്ടുപോകേണ്ട സാഹചര്യമുണ്ടായാല്‍ ആംബുലന്‍സിന്റെ സഹായം തേടാവുന്നതാണ്്.

അബോധാവസ്ഥയില്‍ ആണെങ്കില്‍ തീര്‍ച്ചയായും ആശുപത്രിയില്‍ കൊണ്ടുപോകേണ്ടതുണ്ട്. ചെറിയ കുട്ടികളെ സംബന്ധിച്ച് ആശുപത്രിയില്‍ എത്തിച്ച് വിദഗ്ദ്ധ പരിശോധന നല്‍കുന്നതാണ് ഉചിതം.

അപകട സാധ്യത


ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുമ്പോള്‍, തൊണ്ട പൂര്‍ണമായും അടഞ്ഞുപോകുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. തൊണ്ട അടഞ്ഞുപോകുന്നത് കുറച്ച് സമയത്തേക്ക് ഓക്‌സിജന്‍ പ്രവാഹത്തിന് തടസം സൃഷ്ടിക്കും. ഈ സമയം ഓക്‌സിജന്‍ സര്‍ക്കുലേഷന്‍ കുറഞ്ഞാല്‍ മസ്തിഷ്‌കത്തിലേക്കും ഹൃദയത്തിലേക്കുമുള്ള രക്തപ്രവാഹം കുറയും.

ഇത് അബോധാവസ്ഥയിലേക്കും തുടര്‍ന്ന് മരണം സംഭവിക്കാനും ഇടയാക്കും. തൊണ്ട പൂര്‍ണമായും അടഞ്ഞുപോകുന്ന അവസ്ഥയില്‍ ഇത്തരത്തില്‍ സംഭവിക്കാറുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ തൊണ്ട പകുതി അടഞ്ഞ അവസ്ഥയില്‍ ആയിരിക്കും.

കുട്ടികള്‍ക്ക് കുറെ കാലമായി ശ്വാസകോശത്തിന്റെ ചെറിയ ബ്രോങ്കസ് അടഞ്ഞിട്ടുണ്ടെങ്കില്‍ ചില ലക്ഷണങ്ങള്‍ പ്രകടമാകാം. നിര്‍ത്താതെയുള്ള ചുമ, ന്യുമോണിയ തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


1. കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുമ്പോള്‍ ഇരുത്തി ഭക്ഷണം കൊടുക്കുക. കിടത്തി ഭക്ഷണം കൊടുക്കുന്നത് ഒഴിവാക്കണം.
2. മുതിര്‍ന്നവരും കുട്ടികളും ഭക്ഷണം കഴിക്കുമ്പോള്‍ സംസാരിക്കുന്ന ശീലം കുറയ്ക്കുക.
3. ഭക്ഷണം വിഴുങ്ങാതെ, നന്നായി ചവച്ചരച്ച് കഴിക്കുക. ഇല്ലെങ്കില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങാന്‍ ഇടയാകും.
4. സാവധാനത്തില്‍ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. പതിയെ ഭക്ഷണം കഴിക്കാന്‍ കുട്ടികളെ പഠിപ്പിക്കുക. ധൃതിയില്‍ ഭക്ഷണം കഴിക്കരുത്.
5. മദ്യപാനം ഒഴിവാക്കുക.
6. എരിവും പുളിയും കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക.

ഡോ. ഡയാന ആന്റണി

കണ്‍സള്‍ട്ടന്റ് ഇ.എന്‍.ടി സര്‍ജന്‍ 
കാരിത്താസ് ഹോസ്പിറ്റല്‍, കോട്ടയം

തയാറാക്കിയത്: 
നീതു സാറാ ഫിലിപ്പ്

അവസാനം പരിഷ്കരിച്ചത് : 3/3/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate