অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പ്രഥമശുശ്രൂഷ പ്രധാനം

ജീവിതത്തിൽ എന്തെങ്കിലും ഒരു അപകടം നടക്കാത്തവർ വളരെ വിരളമാണ്. വീഴ്ചയിൽ തുടങ്ങി പെള്ളൽ, മുറിവ്, ഏതെങ്കിലും ജിവികളുടെ ആക്രമണം ഇങ്ങനെ നീളും ആ നിര. സാധാരണയായി ഉണ്ടാകാവുന്ന അപകടങ്ങളിൽ സ്വീകരിക്കാവുന്ന ചില പ്രഥമശുശ്രൂഷകൾ ലോക പ്രഥമ ശുശ്രൂഷാ ദിനത്തോടനുബന്ധിച്ച് അറിയാം.

ഒടിവും ചതവും

വീണു കിടക്കുന്ന കുട്ടിയെ ഒരു കാരണവശാലും തലയിലും കാലിലും മാത്രം പിടിച്ച് എടുക്കരുത്. നടുവു ഭാഗത്തിനു കൂടി താങ്ങ് നൽകി എടുക്കണം. ഇല്ലെങ്കിൽ ബഞ്ചിൽ നിവർത്തി കിടത്തി കൊണ്ടുപോകാം.

ചെറിയ പൊട്ടലുകളാണെങ്കിൽ പൊട്ടിയ ഭാഗത്തു കൂടുതൽ അനക്കം തട്ടാതിരിക്കാൻ ഇരുവശത്തും സ്കെയിൽ വച്ചു കെട്ടുക.

എല്ലു പുറത്തേയ്ക്കു തള്ളി നിൽപ്പുണ്ടെങ്കിൽ അനക്കം തട്ടാതെ ഉടൻ ആശുപത്രിയിലെത്തിക്കുക.

ചതവുണ്ടായാൽ തണുത്ത വെള്ളം കൊണ്ടു കഴുകി ഐസ് പായ്ക്ക് വയ്ക്കാം.

മുറിവ് ഉണ്ടായാൽ

ചെറിയ മുറിവുകൾ ചൂടുവെള്ളത്തിൽ മുക്കിയ പഞ്ഞികൊണ്ട് വൃത്തിയാക്കി മുറിവുണങ്ങാനുള്ള ഓയിൽ മെന്റുകൾ പുരട്ടാം.

മുറിവിൽ നിന്നു രക്തം വരുന്നുണ്ടെങ്കിൽ മുറിവേറ്റ ഭാഗത്തിനു മുകളിലായി മൂന്നു മിനിറ്റ് അമർത്തിപ്പിടിക്കാം. അമിതരക്തസ്രാവമുണ്ടെങ്കിൽ ആശുപത്രിയിലെത്തിക്കണം.

തലകറക്കം

തലകറങ്ങി വീണാൽ ഉടൻ നല്ലവായു സഞ്ചാരമുള്ള സ്ഥലത്തു കിടത്തുക. ചുറ്റും ആളുകൾ കൂടിനിൽക്കാൻ അനുവദിക്കരുത്.

സാധാരണ ഗതിയിൽ ഒരുപാടുനേരം ഒരേ നിൽപു നിന്നു തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം കുറയുന്നതാണു തലകറങ്ങാൻ കാരണമാകുക. പാദം തലയിണയോ മറ്റോ ഉപയോഗിച്ച് അൽപം ഉയർത്തിവയ്ക്കണം.

ഇറുകിക്കിടക്കുന്ന വസ്ത്രങ്ങൾ അയച്ചുകൊടുക്കണം.

മുഖത്തു വെള്ളം തളിക്കുക. അൽപസമയം കഴിഞ്ഞശേഷം മാത്രം എഴുന്നേൽപിക്കുക.

പൊള്ളലേറ്റാൽ

പൊള്ളലേറ്റ ഭാഗം ശുദ്ധജലം ധാരയായി ഒഴിച്ചു കഴുകുക.

പൊള്ളലിന്റെ ചൂടു മുഴുവനും മാറി സുഖപ്പെട്ടു എന്നുറപ്പു വരുന്നതു വരെ തണുത്ത വെള്ളത്തിൽ മുക്കി പൊള്ളലേറ്റ ഭാഗത്തു വെയ്ക്കുക.

അത്ര ഗുരുതരമല്ലാത്ത പൊള്ളലാണെങ്കിൽ മാത്രം ഐസ്കട്ട വയ്ക്കാം

വെള്ളത്തിൽ മുങ്ങിയാൽ

കമിഴ്ത്തി കിടത്തി കൈ രണ്ടും ശരീരത്തിന്റെ ഇരുവശത്തും വച്ചു തല ഒരുവശത്തേക്കു ചരിച്ചു വയ്ക്കണം. വായിൽ നിന്നു, കല്ല്, മണ്ണ് ചെളി എന്നിവയുണ്ടെങ്കിൽ മാറ്റണം.

കിടക്കുന്നയാളുടെ ഇടതു വശത്തു മുട്ടു കുത്തി നിന്നു രണ്ടു കൈകളും വാരിയെല്ലിന്റെ ഇടതുവശത്തും ചേർത്തു വിടർത്തിപ്പിടിച്ച് നെഞ്ച് തറയോടു ചേർത്ത് അമർത്തണം. ശരീരത്തിന്റെ ഭാരം മുഴുവൻ കൈകളിൽ നൽകി വേണം ചെയ്യാൻ. ഇങ്ങനെ 16,20 പ്രാവശ്യം ചെയ്യാം.

മലർത്തി കിടത്തി വായോടു വായ് ചേർത്തു വച്ചു ശക്തിയായി ഊതി ശ്വാസം കൊടുക്കാം.

തുടർന്ന് ഒരാൾ നെഞ്ചിന്റെ ഇരുവശത്തും ശക്തിയായി അമർത്തുക. ഇതു നാലു പ്രാവശ്യം ചെയ്തു കഴിഞ്ഞ് അടുത്തയാൾ ഒരു പ്രാവശ്യം വായോടു വായ് ചേർത്തു ശ്വാസം നൽകാം. 4:1 എന്ന അനുപാതത്തിൽ ഇതു തുടരാം.

ശരീരം തിരുമ്മി ചൂടാക്കുക, രക്തസ്രാവം ഉണ്ടെങ്കിൽ തടയാൻ വേണ്ടതു ചെയ്യുക, മുഷ്ടി ചുരുട്ടി നെഞ്ചിന്റെ നടുവിലായി കുത്തുക എന്നിവയും ചെയ്യാം.

വിവരങ്ങൾക്കു കടപ്പാട് :

ഡോ. എം. മുരളീധരൻ

അവസാനം പരിഷ്കരിച്ചത് : 5/13/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate