രക്തസമ്മര്‍ദം, പ്രമേഹം, പാരമ്പര്യം, പുകവലി എന്നിവയ്ക്ക് പുറമേ മനസിനേല്‍ക്കുന്ന ഷോക്കുകളും ഹൃദയസ്തംഭനത്തിലേക്ക് നയിക്കാം. പ്രഥമ ശുശ്രൂഷയ്ക്ക് കൂടുതല്‍ പ്രാധാന്യം കിട്ടേണ്ട ഒരു രോഗാവസ്ഥയാണ് ഹൃദയസ്തംഭനം.
ശരിയായ രീതിയിലുള്ള പ്രഥമശുശ്രൂഷയുടെ അഭാവം ഹൃദയസ്തംഭനം മൂലമുള്ള അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നു. ഒരാള്‍ക്ക് ഹൃദയസ്തംഭനം ഉണ്ടാകുമ്പോള്‍ അവസരോചിതമായ ഇടപെടലിലൂടെ ആ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞേക്കാം. ഇവിടെയാണ് ഹൃദയസ്തംഭനത്തില്‍ പ്രഥമ ശുശ്രൂഷയുടെ പങ്ക്.
നെഞ്ചിന് നടുവില്‍ രണ്ട് ശ്വാസകോശങ്ങള്‍ക്കും ഇടയിലായി കാണപ്പെടുന്ന വെറും ഒരവയവം മാത്രമല്ല നമുക്ക് ഹൃദയം. വേദനകള്‍, സന്തോഷങ്ങള്‍, നിരാശകള്‍, വെറുപ്പുകള്‍, പ്രണയം എന്നിങ്ങനെ എല്ലാം ഈ കൊച്ച് അവയവത്തിലൂടെയാണ് അനുഭവിക്കുന്നത് എന്നാണ് നമ്മുടെ ധാരണ.
ഈ ധാരണ തെറ്റാണെങ്കിലും ജനനം മുതല്‍ മരണം വരെ അവിശ്രമം പണിയെടുക്കുന്ന ഹൃദയത്തോടുള്ള ബഹുമാനമാകാം ഈ ചിന്തയില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നത്.
രക്തസമ്മര്‍ദം, പ്രമേഹം, പാരമ്പര്യം, പുകവലി എന്നിവയ്ക്ക് പുറമേ മനസിനേല്‍ക്കുന്ന ഷോക്കുകളും ഹൃദയസ്തംഭനത്തിലേക്ക് നയിക്കാം. പ്രഥമ ശുശ്രൂഷയ്ക്ക് കൂടുതല്‍ പ്രാധാന്യം കിട്ടേണ്ട ഒരു രോഗാവസ്ഥയാണ് ഹൃദയസ്തംഭനം. ഭക്ഷണരീതി, ജീവിതശൈലി, ടെന്‍ഷന്‍ എന്നിവയൊക്കെ ഭരിക്കുന്ന ഈ വേഗതയേറിയ ലോകത്തില്‍ ചെറുപ്പക്കാര്‍ക്കുള്‍പ്പെടെ ഹൃദയസ്തംഭന സാധ്യത ഏറുന്നതില്‍ അത്ഭുതമില്ല.
ഹൃദയസ്തംഭന പ്രഥമശുശ്രൂഷകളില് സമയമാണ് പ്രാധാന്യമര്‍ഹിക്കുന്ന ഘടകം. എത്രയും വേഗം പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും അനുബന്ധപ്രവര്‍ത്തനങ്ങള്‍ ആശുപത്രിയിലെത്തുംവരെ തുടരുകയും കഴിയുന്നത്ര വേഗത്തില്‍ രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കുകയും വേണം.
ഈ മൂന്ന് കാര്യങ്ങളിലെ വേഗത രോഗി മരണപ്പെടാതിരിക്കാനുള്ള സാധ്യതയെ മാത്രമല്ല. പിന്നീടുള്ള ഹൃദയപ്രവര്ത്തനക്ഷമതയേയും ബാധിക്കുന്നുണ്ട്്.
ഏതുതരം ഹൃദയസ്തംഭനമായാലും നെഞ്ചുവേദനയിലാവും തുടങ്ങുന്നത്. ചിലപ്പോള്‍ നെഞ്ചുവേദനയ്ക്കൊപ്പം ഛര്‍ദിയും കാണപ്പെടാം. ഒരാള്‍ പെട്ടെന്ന് കുഴഞ്ഞ് വീഴുകയോ അബോധാവസ്ഥയിലാവുകയോ ചെയ്താല്‍ അയാള്‍ക്ക് ഹൃദയസ്തംഭനം ഉണ്ടായതായി സംശയിക്കാം.
ബോധം മറയുന്നതിന് മുന്‍പ് നെഞ്ചുവേദനയുടെയോ കൈകാല്‍ കഴപ്പിന്റെയോ സൂചനകളെന്തെങ്കിലും രോഗി പ്രകടിപ്പിക്കുകയാണെങ്കില്‍ മുന്‍പ് ഹൃദയസ്തംഭനം ഉണ്ടായിട്ടുള്ള ആളാണെങ്കിലും ഹൃദയസ്തംഭന സാധ്യത വളരെക്കൂടുതലാണ്.
ഏതുതരം അപകടാവസ്ഥയായാലും ബോധരഹിതനായ വ്യക്തിയില്‍ ആദ്യം പുനരുജ്ജീവനപ്രവര്ത്തനങ്ങളാണ് ചെയ്തുതുടങ്ങുക. വളരെ വേഗതയില്‍ത്തന്നെ എയര്‍വേ, ശ്വാസോച്ഛ്വാസം, രക്തചംക്രമണം അഥവാ പള്‍സ് തുടങ്ങിയവ ശരിയായവിധമാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. താടിഭാഗം പിന്നിലേക്ക് ഉയര്‍ത്തി തല പിന്നിലേക്ക് ചരിയുന്ന രീതിയില്‍ വയ്ക്കുമ്പോഴാണ് എയര്‍വേ കൃത്യമായി തുറക്കുന്നത്.
നെഞ്ചുവേദനയ്ക്കൊപ്പം ഛര്‍ദിയും ഉണ്ടായ ശേഷമാണ് ബോധക്ഷയം സംഭവിച്ചതെങ്കില്‍ വായില്‍ ഛര്‍ദിയുടെ അവശിഷ്ടങ്ങളും അപകടം മൂലം ഇളകിയ പല്ലോ മറ്റോ ശ്വാസകോശത്തില്‍ കടക്കാനിടയുണ്ട്. അതിനാല്‍ തല പിറകിലേക്ക് ചരിച്ചുവയ്ക്കുന്നതിന് പകരം രോഗിയെ ചരിച്ചു കിടത്തണം.
രണ്ടാമത്തെ പരിശോധനയായ ശ്വാസോച്ഛ്വാസ പരിശോധനയി ല്‍ ശ്വാസോച്ഛ്വാസം നടക്കുന്നുണ്ടോ എന്ന് മൂക്കിനടിയില്‍ വിരലുകള്‍ ചേര്‍ത്തുവച്ച് പരിശോധിക്കണം. ശ്വാസോച്ഛ്വാസം നിലച്ചിരിക്കുകയാണെങ്കില് പുനരുജ്ജീവനത്തിനായി കൃത്രിമ ശ്വാസോച്ഛ്വാസം കൊടുക്കണം.
കൃത്രിമ ശ്വാസോച്ഛ്വാസം കൊടുക്കുന്നതിന് മുന്‍പായി വായ് പരിശോധിച്ച് വായില്‍ കടന്നിരിക്കുന്ന ഛര്ദിയുടെയോ മറ്റോ അവശിഷ്ടങ്ങള്‍ എടുത്തുമാറ്റണം. കൃത്രിമശ്വാസോച്ഛ്വാസം വായിലൂടെയോ മൂക്കിലൂടെയോ മറ്റൊരാള്‍ ശ്വാസം ഊതിക്കയറ്റുന്നതുപോലെയാണ് ചെയ്യുന്നത്.
വായിലൂടെയാണ് ശ്വാസം നല്കുന്നതെങ്കില് മൂക്കും, മൂക്കിലൂടെയാണെങ്കില് വായും അടച്ചുപിടിച്ചിട്ടുവേണം കൃത്രിമമായി ശ്വാസം ഉള്ളിലേക്ക് ഊതാന്‍. രോഗി മറ്റു പല രോഗങ്ങളുമുള്ള വ്യക്തിയാവാം.
മറ്റു ചിലപ്പോള്‍ ഹൃദയസ്തംഭന ലക്ഷണങ്ങളുടെ ഭാഗമായി ഛര്ദിച്ചുകഴിഞ്ഞ വ്യക്തിയോ ആകാം. കൃത്രിമശ്വാസോച്ഛ്വാസം കൊടുക്കുന്ന ആള്‍ക്ക് വായ വഴി രോഗങ്ങള്‍ പകരാന്‍ സാധ്യത കൂടുതലുള്ളതിനാല്‍ ഒരു മാസ്കോ, കര്‍ച്ചീഫോ മറ്റോ ഉപയോഗിച്ച് വായ മൂടിയതിനു ശേഷം ശ്വാസം നല്‍കുക.
രക്തചംക്രമണം ശരിയായ രീതിയിലാണോ എന്നു പരിശോധിക്കുന്നതാണ് പുനരുജ്ജീവന പ്രവര്‍ത്തനങ്ങളില്‍ അവസാന പരിശോധന.
ഹൃദയമിടിപ്പ്, തല നെഞ്ചില്വച്ചോ അല്ലെങ്കില്‍ താടിയെല്ലിന് അടിയിലായുള്ള കരോട്ടിന്‍ പള്‍സോ അല്ലെങ്കില്‍ കൈത്തണ്ടയിലെ മിടിപ്പ് പരിശോധിച്ചോ ഹൃദയം രക്തം പമ്പ് ചെയ്യുന്നുണ്ടോ എന്ന് മനസിലാക്കാം.
ഹൃദയം രക്തം പമ്പ് ചെയ്യുന്നില്ലെങ്കില്‍ ഹൃദയത്തിന് പുറത്തുനിന്ന് മര്‍ദം ചെലുത്തി പ്രവര്‍ത്തിക്കേണ്ടതാണ്. ആശുപത്രിയിലെത്തുന്നതുവരെ മര്‍ദം ചെലുത്തുന്നത് തുടര്‍ന്നുകൊണ്ടിരിക്കണം.
കാരണം ഹൃദയസ്തംഭനം നടന്നതിനുശേഷം ഉണ്ടാകാവുന്ന പേശീത്തകരാറുകള് എത്ര വലിയ ചികിത്സ ചെയ്താലും പൂര്‍വസ്ഥിതി പ്രാപിക്കാറില്ല. ഒരിക്കല്‍ ഹൃദയസ്തംഭനം നടന്ന ആളിന്റെ ഹൃദയത്തിന് പഴയതുപോലെ രക്തം പമ്പ് ചെയ്യാനാവില്ല. ഇത്തരത്തിലുള്ള അവസ്ഥകള്‍ വീണ്ടും ഹൃദയസ്തംഭനം ഉണ്ടാകുന്നതിനും കാരണമാകാം.
അരിത്മാ കാര്‍ഡിയാക് അറസ്റ്റ്, ഇന്ഫീരിയോവോളമി അങ്ങനെ പല രൂപങ്ങളാവാം ഹാര്‍ട്ട് അറ്റാക്കിന്. ചില ഹൃദയസ്തംഭനം ഉണ്ടാകുമ്പോള്‍ ഹൃദയത്തില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്റ്റെബിലിറ്റി ഉണ്ടാവുകയും അതിനെത്തുടര്‍ന്ന് അത് ഒരു പ്രത്യേക താളത്തില്‍ ഹൃദയം മിടിക്കുകയും ചെയ്യും. ഇതിന് ഫിബ്രിലേഷന്‍ എന്നാണ് പറയുക. ഈ സമയത്ത് ഷോക്ക് നല്കിയാല് ഹൃദയത്തെ പൂര്‍വസ്ഥിതിയിലേക്ക് മടക്കിക്കൊണ്ടുവരാനാവും.
ഹൃദയമിടിപ്പ് നിലച്ചിരിക്കുകയാണെന്ന് ബോധ്യപ്പെട്ടാല്‍ ഉടന്‍തന്നെ ഷോക്ക് കൊടുക്കുക ശരിയായ രീതിയില്‍ ഡയറക്ട് കറണ്ട് ഉപയോഗിച്ച് ഫിബ്രിലേറ്റര്‍ എന്ന ഒരുപകരണത്തിലൂടെയാണ് ഷോക്ക് നല്‍കേണ്ടത്്.
വിദേശരാജ്യങ്ങളില്‍ മിക്ക ആംബുലന്‍സുകളിലും ഫിബ്രിലേറ്ററോടുകൂടിയ സജ്ജീകരണങ്ങളുണ്ട്. പക്ഷേ നമ്മുടെ നാട്ടില്‍ അത്തരം സൗകര്യങ്ങളുടെ പരിമിതിയും സമയക്കുറവും കാരണം ഫിബ്രിലേറ്ററിന് തത്തുല്യമായ പ്രവര്‍ത്തനങ്ങളാണ് ചെയ്യാറുള്ളത്.
മുഷ്ടിചുരുട്ടിയോ നടുവിരലുകൊണ്ടോ നെഞ്ചിന്റെ ഒത്തനടുക്കായി ശക്തിയായി ഒരിടിവച്ചു കൊടുക്കുന്നത് ഇലക്ട്രിക്കല്‍ ഇന്‍സ്റ്റെബിലിറ്റി.
ഭൂരിഭാഗം ഹൃദയസ്തംഭനവും ഉണ്ടാകുന്നത് കാര്‍ഡിയാക് അറസ്റ്റ് മൂലമാണ്. കാര്‍ഡിയാക് അറസ്റ്റിന്റെ തോത് വ്യത്യാസപ്പെട്ടിട്ടാണ് കാണപ്പെടുന്നത്.
ചിലരില്‍ ഉടന്‍തന്നെ ഇത് മരണകാരണമാകുന്നു. അത്തരക്കാരില്‍ പെട്ടെന്നുതന്നെ ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും നിലയ്ക്കുകയും മുഖം വശങ്ങളിലേക്ക് കോടിയതുപോലുള്ള ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യും.
ഏത് തോതിലാണ് കാര്‍ഡിയാക് അറസ്റ്റ് ഉണ്ടായത് എന്ന് പ്രാഥമിക ലക്ഷണങ്ങളിലൂടെ അറിയാന്‍ കഴിയാത്തതിനാല്‍ വളരെ പെട്ടെന്നുതന്നെ കൃത്രിമ ശ്വാസോച്ഛ്വാസത്തിലേക്കും, ഒരു മിനിട്ടില്‍ നൂറുതവണ എന്ന നിരക്കിലുള്ള കാര്‍ഡിയാക് മസാജിലേക്കും പ്രഥമശുശ്രൂഷയ്ക്ക് എത്തിച്ചേരേണ്ടതാണ്.
ഇന്ഫീരിയോവോളമി എന്നറിയപ്പെടുന്ന ഹാര്‍ട്ട് അറ്റാക്കില്‍ ഹൃദയമിടിപ്പ് പെട്ടെന്ന് കുറയുകയും മിനുട്ടില്‍ 20 മുതല്‍ 40 മിടിപ്പുകള്ക്കുള്ളിലേക്ക് ചുരുങ്ങുകയും ചെയ്യും. ഈ സമയത്തും കാര്ഡിയാക്മസാജും ശ്വാസോച്ഛ്വാസവുമാണ് പ്രധാനമായും ചെയ്യേണ്ടത്്.
പ്രമേഹരോഗമുള്ളവരെ ഹാര്‍ട്ട് അറ്റാക്ക് വന്നവരെപ്പോലെതന്നെ പരിഗണിക്കണം എന്നതാണിപ്പോഴത്തെ ചികിത്സാനിര്‍ദേശം. പ്രമേഹമില്ലാത്ത ഒരാളെ അപേക്ഷിച്ച് പ്രമേഹരോഗിക്ക് ഹൃദ്രോഗസാധ്യത മൂന്നിരട്ടിയോളമാണ്. ആര്‍ത്തവവിരാമം കഴിഞ്ഞ് പ്രമേഹമുള്ള സ്ത്രീകളില്‍ ഹൃദയാഘാതസാധ്യത ആര്‍ത്തവവിരാമം കഴിഞ്ഞ് പ്രമേഹമില്ലാത്തവരെ അപേക്ഷിച്ച് നാലിരട്ടിയാണ്.
ഒരിക്കല്‍ ഹാര്‍ട്ട് അറ്റാക്കോ, അതിന് മുന്‍പുള്ള വാണിംഗ് അറ്റാക്കുകളോ വന്നിട്ടുള്ള ആളാണെങ്കില്‍ ആസ്പിരിന്‍ ഗുളികകള്‍ കൂടെക്കൊണ്ടു നടക്കണം. മരുന്നിനെക്കുറിച്ച് വിശദമായി എഴുതിയ കവറിനുള്ളില്‍ കൂടെക്കൊണ്ടു നടക്കുകയോ എല്ലാവരും കാണുന്ന സ്ഥലങ്ങളില്‍ വീട്ടിനുള്ളില്‍ വയ്ക്കുകയും ചെയ്യണം.
രോഗം വരുന്നതിനേക്കാള്‍ നല്ലതാണ് വരാതെ തടയുന്നത് എന്ന ചൊല്ല് ഹൃദയസ്തംഭനത്തിന്റെ കാര്യത്തിലും ഒരളവുവരെ സത്യമാണ്. ശരിയായ രീതിയിലുള്ള ഭക്ഷണക്രമീകരണവും ജീവിതരീതിയും മാനസികാരോഗ്യവും ഒക്കെ നിലനിര്‍ത്തുന്നതിലൂടെ ഒരു പരിധിവരെ ഇതിനെ തടഞ്ഞുനിര്‍ത്താം.
ചില ആളുകളില്‍ വലിയ ഹാര്‍ട്ട് അറ്റാക്കിന് മുന്‍പ് ചെറിയ തോതിലുള്ളവ കണ്ടുവരാറുണ്ട്. സാധാരണ വര്‍ണിംഗ് അറ്റാക്കുകള്‍ എന്നറിയപ്പെടുന്ന ഇവയെ ഗ്യാസ്ട്രബിളായി തെറ്റിദ്ധരിച്ച് അവഗണിക്കാറാണ് പതിവ്. ഇത്തരം അവഗണനകള്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.
വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. ടി.പി. അഭിലാഷ് നായര്‍
സീനിയര്‍ കാര്‍ഡിയോളജിസ്റ്റ്, കരുനാഗപ്പള്ളി
അവസാനം പരിഷ്കരിച്ചത് : 2/15/2020
അപകടം പിണഞ്ഞയാളെ രക്ഷിക്കാനായി ചെയ്യേണ്ടിവരുന്ന പ്...
ശരീരത്തിൽ വ്യാപിക്കുന്ന വിഷത്തിന്റെ അളവു പരമാവധി ക...