অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കര്‍ക്കടകത്തിലെ ആരോഗ്യപരിപാലനം

കര്‍ക്കടകത്തിലെ ആരോഗ്യപരിപാലനം

കര്‍ക്കടകത്തിലെ ആരോഗ്യപരിപാലനം
കടുത്തവേനലും കോരിച്ചൊരിയുന്ന ഇടവപ്പാതിയും കഴിഞ്ഞെത്തുന്നതാണ് കര്‍ക്കടകമാസം. അന്തരീക്ഷം പൊതുവേ ശാന്തമായിരിക്കും. എന്നാല്‍, ചൂടും തണുപ്പും സഹിച്ച ശരീരത്തിന്റെ രോഗപ്രതിരോധശേഷി കര്‍ക്കടകമാകുമ്പോഴേക്കും വളരെയധികം കുറഞ്ഞിരിക്കും. ഇക്കാരണങ്ങളാലാണ് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനായും വരുന്ന വര്‍ഷത്തേക്ക് ശരീരത്തെ ഊര്‍ജസ്വലമാക്കാനും കര്‍ക്കടമാസത്തെ ആരോഗ്യരക്ഷാകാലമായി ആചരിച്ചുവരുന്നത്. ആരോഗ്യപ്രധാനമായ ഭക്ഷണം, ഔഷധയുക്തമായ കഞ്ഞി, ആയുര്‍വേദ ചികിത്സാ പദ്ധതികള്‍ ദശപുഷ്പധാരണം, ഒപ്പം മാനസികമായ പരിവര്‍ത്തനത്തിനായി രാമായണപാരായണം. ഇത്രയുമാകുമ്പോള്‍ കര്‍ക്കടകമാസമായി.
ഭക്ഷണരീതി: ഇലക്കറികള്‍ ധാരാളമായി കഴിക്കണം. എന്നാല്‍, കര്‍ക്കടകമാസത്തില്‍ മുരിങ്ങയില കഴിക്കരുത്. ദഹനശക്തിയെ പ്രദാനംചെയ്യുകവഴി ശരീരത്തിന്റെ ചയാപചയപ്രവര്‍ത്തനങ്ങളെ ഊര്‍ജസ്വലമാക്കുന്ന ഔഷധങ്ങള്‍ചേര്‍ന്ന കഞ്ഞി കുടിക്കുക.
ഭക്ഷണരീതി: ഇലക്കറികള്‍ ധാരാളമായി കഴിക്കണം. എന്നാല്‍, കര്‍ക്കടകമാസത്തില്‍ മുരിങ്ങയില കഴിക്കരുത്. ദഹനശക്തിയെ പ്രദാനംചെയ്യുകവഴി ശരീരത്തിന്റെ ചയാപചയപ്രവര്‍ത്തനങ്ങളെ ഊര്‍ജസ്വലമാക്കുന്ന ഔഷധങ്ങള്‍ചേര്‍ന്ന കഞ്ഞി കുടിക്കുക.
വീട്ടില്‍ നിര്‍മിക്കാവുന്ന ഔഷധക്കഞ്ഞി: പത്തോ പതിനഞ്ചോ ദിവസമോ ഒരു മാസമോ അത്താഴമായി ഔഷധക്കഞ്ഞി കുടിക്കണം.
  • തേങ്ങാപ്പാലില്‍ ഉണക്കലരി വേവിക്കുക. പകുതി വേവാകുമ്പോള്‍ ജീരകവും ആശാളിയും 100 ഗ്രാം വീതം ചേര്‍ത്ത് കടുകും വറുത്തിടുക. ഗുണം: രോഗപ്രതിരോധശേഷി വര്‍ധിക്കും, വിശപ്പുണ്ടാകും.
  • നുറുക്ക് ഗോതമ്പ് 50 ഗ്രാം, ഉലുവ കുതിര്‍ത്തത് 50 ഗ്രാം, പെരിഞ്ചീരകം, ജീരകം, ഇഞ്ചി, പച്ചമഞ്ഞള്‍, വെളുത്തുള്ളി 50 ഗ്രാം വീതം, അല്പം കായം. ഈ കൂട്ടങ്ങള്‍ ചതച്ചിട്ട് കഞ്ഞിവെച്ചശേഷം നെയ്യും ചേര്‍ക്കുക. ഗുണം: പ്രമേഹത്തിന് ഫലപ്രദമാണ്. കര്‍ക്കടകമാസത്തില്‍ എന്നല്ല ദിവസവും ഈ കഞ്ഞി അല്പമായ അളവില്‍ കുടിക്കാവുന്നതാണ്.
  • ചങ്ങലംപരണ്ട 5 ഗ്രാം, കാരറ്റ് 2 എണ്ണം, ചെറുപയര്‍ 25 ഗ്രാം, തക്കാളി 4 എണ്ണം. ബീന്‍സ് 25 ഗ്രാം. ഇവ അഞ്ചുഗ്ലാസ് വെള്ളത്തിലിട്ട് തിളപ്പിച്ച് രണ്ടരഗ്ലാസാക്കുക. ഇതില്‍ കടുക് വറുത്ത് ഉള്ളി മൂപ്പിച്ചിടുക. ഇതില്‍ 50 ഗ്രാം ഉണക്കലരിയിട്ട് വേവിച്ച് തേങ്ങാപ്പാലും ചേര്‍ത്ത് കഞ്ഞിയുണ്ടാക്കുക. ഗുണം: അസ്ഥിതേയ്മാനമുള്ളവര്‍ സേവിക്കുന്നത് ഗുണകരമാണ്.
ദശപുഷ്പധാരണം: ദശപുഷ്പങ്ങള്‍ ഓരോന്നും വിവിധരോഗങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവയാണ്.
മുക്കുറ്റി: വയറിളക്കം, പനി എന്നിവയ്ക്ക് ശമനം നല്‍കും. മുറിവിനെ ഉണക്കും. കയ്യൂന്ന്യം: തലമുടി തഴച്ചുവളരാന്‍ ഉത്തമം. കരളിന്റെ പ്രവര്‍ത്തനത്തെ ത്വരപ്പെടുത്തും.
നിലപ്പന: ലൈംഗികശേഷി വര്‍ധിപ്പിക്കും. മൂത്രാശയ, യോനീരോഗങ്ങള്‍ക്ക് ഗുണകരമാണ്.
വിഷ്ണുകാന്തി: ഓര്‍മശക്തി വര്‍ധിപ്പിക്കും. തലമുടി വളരാന്‍ ഫലപ്രദമാണ്. സന്താനോല്പാദനശക്തി വര്‍ധിപ്പിക്കും. പൂവാംകുറുന്നല്‍: ശരീരതാപം കുറയ്ക്കും. രക്തശുദ്ധി ഉണ്ടാകും. മുയല്‍ച്ചെവി: ടോണ്‍സിലൈറ്റിസ് കുറയ്ക്കാന്‍ വളരെ ഫലപ്രദമാണ്. കണ്ണിന് കുളിര്‍മയേകും. കറുക: കഫരോഗങ്ങളെ ശമിപ്പിക്കും. അധികമായ രക്തപ്രവാഹത്തെ നിര്‍ത്തും. തിരുതാളി: ആര്‍ത്തവത്തെ ക്രമമാക്കും. ഗര്‍ഭം അലസിപ്പോവാതെ ഉറയ്ക്കാന്‍ ഉപയോഗിച്ചുവരുന്നു. ചെറൂള: മൂത്രത്തെ വര്‍ധിപ്പിക്കും, മൂത്രാശയക്കല്ലിനെ ക്രമേണ ദ്രവിപ്പിച്ച് കളയും. ഉഴിഞ്ഞ: തലമുടിയിലെ അഴുക്കുകളയാനും മുടി തഴച്ചുവളരാനും സഹായിക്കും.
കേരളീയ ആയുര്‍വേദചികിത്സകള്‍: ഉഴിച്ചില്‍: ദേഹം മുഴുവനായും ധന്വന്തരതൈലം, കര്‍പ്പൂരാദിതൈലം തുടങ്ങിയ ഔഷധയുക്തമായ ഏതെങ്കിലും തൈലംതേച്ച് കൈകൊണ്ട് ഉഴിഞ്ഞുകൊണ്ടിരിക്കുന്ന രീതിയാണിത്. 'മസാജ്' എന്നറിയപ്പെടുന്നതും ഉഴിച്ചിലിന്റെ ഒരു വകഭേദമാണ്. ഗുണം: വാതരോഗങ്ങള്‍, ത്വഗ്രോഗങ്ങള്‍ തുടങ്ങിയവ അകറ്റിനിര്‍ത്തും. പ്രതിരോധശേഷി വര്‍ധിക്കാനും ശരീരത്തെ ദൃഢമാക്കാനും അംഗലാവണ്യം വരുത്താനും വര്‍ഷത്തിലൊരിക്കല്‍ ഉഴിച്ചില്‍ നല്ലതാണ്.
പിഴിച്ചില്‍: നിശ്ചിതവലിപ്പത്തിലുള്ള തുണിക്കഷ്ണങ്ങള്‍ സഹിക്കാവുന്ന ചൂടിലുള്ള തൈലത്തിലോ കുഴമ്പിലോ മുക്കിയെടുത്ത് ശരീരത്തില്‍ നിശ്ചിതഉയരത്തില്‍നിന്ന് പിഴിഞ്ഞുവീഴ്ത്തുന്ന പ്രക്രിയ. ഗുണം: പക്ഷാഘാതം, നട്ടെല്ലിലെ കശേരുക്കള്‍ക്ക് സ്ഥാനംതെറ്റുന്ന അവസ്ഥ, സന്ധിവാതം തുടങ്ങി വിവിധരോഗങ്ങള്‍ക്ക് ഫലപ്രദമാണ്.
നവരക്കിഴി: നവരയരി (നവരനെല്ല് എന്ന പ്രത്യേകതരം നെല്ല് പുഴുങ്ങി എടുക്കുന്നതാണ് നവരയരി) ആവശ്യമായ അളവില്‍ മൂന്നിരട്ടിവീതം പാലുംകുറുന്തോട്ടിക്കഷായവും ചേര്‍ത്ത് വേവിച്ച് വറ്റിക്കണം. ഇപ്രകാരം വേവിച്ച നവരയരിച്ചോറ് ഉപയോഗിച്ച് ചെയ്യുന്ന കിഴിയാണ് നവരക്കിഴി.
ഗുണം: ശരീരം തടിക്കാനും ശരീരബലം വര്‍ധിക്കാനും പ്രയോജനപ്രദം. അമിതവണ്ണമുള്ളവര്‍ക്ക് യോജിച്ചതല്ല.
ധാര: നിശ്ചിത ഉയരത്തില്‍നിന്ന് ആവശ്യമായസമയം ഔഷധയുക്തമായ മിശ്രിതം ഇടമുറിയാതെ പ്രവേശിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു ചികിത്സാക്രമം. ശരീരം മുഴുവനായോ ഏതെങ്കിലും ഒരു ഭാഗത്തുമാത്രമായോ ചെയ്യാം. വിവിധതരം ധാരയുണ്ട്. പ്രധാനം ശിരോധാരയാണ്.
ശിരസ്സില്‍മാത്രമായി ചെയ്യുന്ന ധാരയാണ് ശിരോധാര. മൂന്നുവിധമുണ്ട്. തൈലധാര: ധന്വന്തരംതൈലം, ക്ഷീരബലതൈലം തുടങ്ങി രോഗാവസ്ഥയ്ക്കും ശരീരാവസ്ഥയ്ക്കും അനുയോജ്യമായ ഔഷധയുക്തമായ തൈലം ഉപയോഗിച്ച് ചെയ്യുന്ന ധാര. തക്രധാര: തക്രം എന്ന വാക്കിന്റെ അര്‍ഥം മോര്. ഔഷധങ്ങള്‍ ചേര്‍ത്ത് നിര്‍മിച്ച മോരുകൊണ്ട് ചെയ്യുന്ന ധാരയാണിത്. ക്ഷീരധാര: ഔഷധങ്ങള്‍ചേര്‍ത്ത് സംസ്‌കരിച്ച പാലുകൊണ്ട് ചെയ്യുന്ന ധാര.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: പുറമെ ചെയ്യുന്ന ധാര, പിഴിച്ചില്‍ തുടങ്ങിയ ചികിത്സകള്‍ ആന്തരികമായും പല വ്യതിയാനങ്ങളും ഉണ്ടാക്കും. അതുകൊണ്ട് ഉള്ളിലേക്ക് ഔഷധം കഴിക്കാതെ ഒരുവിധത്തിലുള്ള ചികിത്സകള്‍ക്കും വിധേയമാവരുത്. അത് ശരീരത്തെ പ്രതികൂലമായി ബാധിക്കും.
കര്‍ക്കടകചികിത്സയുടെ പ്രധാനലക്ഷ്യം ശരീരമാലിന്യത്തെ നിര്‍മാര്‍ജനംചെയ്യുകയാണ്. അതുകൊണ്ട് ഏഴുദിവസം പിഴിച്ചില്‍, നവരക്കിഴി തുടങ്ങിയ ചികിത്സകള്‍ചെയ്താല്‍ പൂര്‍ണമായ മാലിന്യബഹിഷ്‌കരണത്തിനുവേണ്ടി 8-ാം ദിവസം വിരേചനം(വയറിളക്കല്‍)ചെയ്യേണ്ടത് ഒഴിച്ചുകൂടാനാവാത്തതാണ്. എല്ലാവരിലും ചെയ്യാവുന്നതല്ല കിഴി, പിഴിച്ചില്‍ തുടങ്ങിയ ചികിത്സകള്‍. യോഗ്യതയുള്ള ഡോക്ടറുടെ ഉപദേശപ്രകാരമേ ഇത്തരം ചികിത്സകള്‍ക്ക് വിധേയരാകാവൂ.
കടപ്പാട്:മാതൃഭൂമി

അവസാനം പരിഷ്കരിച്ചത് : 7/27/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate