অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വളര്ത്തു മൃഗങ്ങളെ ഇന്ഷ്വര്‍ ചെയ്യാം

വളര്‍ത്തുമൃഗങ്ങളെ ഇന്‍ഷ്വര്‍ ചെയ്യാം

പ്രളയം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ, രോഗങ്ങൾ, ഇടിമിന്നൽ, സൂര്യാഘാതം, വൈദ്യുതാഘാതം, തീപിടിത്തമടക്കമുള്ളവയെല്ലാം കർഷകരെ അലട്ടുന്നുണ്ട്. ഇത്തരം ദുരന്തങ്ങളിൽ പശുക്കളെടക്കമുള്ള വളർത്തുമൃഗങ്ങളെ നഷ്ടപ്പെടാനുള്ള സാധ്യത ഏറെയാണ്. ഓർക്കാപ്പുറത്തുള്ള നാശനഷ്ടങ്ങളെ അതിജീവിക്കാനും സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാനുമുള്ള മികച്ച വഴിയാണ് വളർത്തുമൃഗങ്ങളെ ഇൻഷ്വർ ചെയ്യുകയെന്നത്.

പ്രളയകാലത്ത് കാർഷിക, ക്ഷീരമേഖലകളിലുണ്ടായ നഷ്ടങ്ങൾ ചെറുതല്ല. വളർത്തുമൃഗങ്ങൾ, തൊഴുത്ത്, കാർഷിക ഉപകരണങ്ങൾ, തീറ്റപ്പുൽകൃഷി തുടങ്ങിയവയെല്ലാം പ്രളയം കവർന്നു. കർഷകരെ പ്രതിസന്ധിയിൽ നിന്നു കരകയറ്റാനും അവർക്ക് നഷ്ടപരിഹാരം നൽകാനുമുള്ള ശ്രമത്തിലാണ് സർക്കാരും മിൽമയടക്കമുള്ള സഹകരണ സ്ഥാപനങ്ങളും. എങ്കിലും ഓരോ കർഷകനും സംഭവിച്ച ഭീമമായ നഷ്ടം, നഷ്ടപരിഹാരമായി നൽകാൻ പരിമിതികളുണ്ട്. ഈ അവസരത്തിലാണ് ഇൻഷ്വറൻസ് കർഷകർക്ക് സഹായകമാകുന്നത്. ഇൻഷ്വർ ചെയ്തു മൃഗങ്ങളുടെ മൂല്യത്തിനൊത്ത തുക നഷ്ടപരിഹാരമായി ലഭിക്കും.

ഇൻഷ്വർ ചെയ്ത വളർത്തുമൃഗങ്ങൾ ചത്താൽ പോളിസി പ്രകാരമുള്ള പൂർണ തുകയും ലഭിക്കും. അവയുടെ ഉത്പാദന-പ്രത്യുത്പാദനശേഷി നഷ്ടമാക്കുന്ന രോഗാവസ്ഥകൾക്ക് പോളിസിയുടെ 75 ശതമാനം തുകയും കർഷകനു ലഭിക്കും. ഇതിനായി രണ്ടു തരത്തിലുള്ള ഇൻഷ്വറൻസ് പദ്ധതികൾ നിലവിലുണ്ട്. തീരെ കുറഞ്ഞ പ്രീമിയമാണ് ആകര്‍ഷണീയത. വളര്‍ത്തുമൃഗങ്ങളുടെ പ്രായം, ഉത്പാദനക്ഷമത എന്നിവയുടെയെല്ലാം അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടർ നിശ്ചയിക്കുന്ന വിപണി വിലയ്ക്ക് ആനുപാതികമായാണ് വാർഷിക പ്രീമിയം കണക്കാക്കുന്നത്. വളർത്തുമൃഗങ്ങളെ ഒന്നൊന്നായും ഫാമുകളിലെ മൃഗങ്ങളെ മൊത്തത്തിലായുമൊക്കെ ഇൻഷ്വർ ചെയ്യാം. ഒന്നു മുതൽ അഞ്ചുവർഷം വരെ കാലാവധിയുള്ള പദ്ധതികളുണ്ട്. കിടാവ്, കിടാരികൾ, പശുക്കൾ തുടങ്ങി ഏതു വിഭാഗത്തേയും ഇൻഷ്വർ ചെയ്യാം. എന്നാൽ പ്രായമുള്ളതും ആരോഗ്യമില്ലാത്തതുമായ മൃഗങ്ങളെ ഇൻഷ്വറൻസിനായി പരിഗണിക്കാറില്ല.

നായ, പൂച്ച തുടങ്ങിയ വളർത്തു മൃഗങ്ങളെയും, അരുമപ്പക്ഷികളെയും വരെ ഇൻഷ്വർ ചെയ്യാം. തീറ്റപ്പുൽക്കുഷി, കാർഷിക ഉപകരണങ്ങൾ, ഡയറിഫാം കെട്ടിടങ്ങൾ, അനുബന്ധ ഘടകങ്ങൾ എന്നിവയെല്ലാം മൊത്തത്തിൽ ഇന്‍ഷ്വര്‍ ചെയ്യാനുള്ള പദ്ധതികളും നിലവിലുണ്ട്. മൃഗങ്ങളുടെ ഇൻഷ്വറൻസും അർഹമായ പ്രായവും ചുവടെ:

ഇൻഷ്വറൻസ് പദ്ധതികൾ

സർക്കാർ, സ്വകാര്യ മേഖലകളിൽ നടപ്പാക്കുന്ന സമഗ്ര കന്നുകാലി ഇൻഷ്വറൻസ് പദ്ധതിയാണ് ഗോസമൃദ്ധി. ഉരുവിന്റെ വിപണി വിലയുടെ മൂന്നു ശതമാനം പ്രതിവർഷ പ്രീമിയത്തിൽ ഒരു വർഷത്തേക്കോ മൂന്നു വർഷത്തേക്കോ ഇൻഷ്വർ ചെയ്യാം. അതാത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ മൃഗാശുപത്രികൾ വഴിയാണ് അപേക്ഷിക്കേണ്ടത്.

മൂന്നു ശതമാനമാണ് പ്രീമിയം തുകയെങ്കിലും സബ്സിഡി കഴിച്ച് ജനറൽ വിഭാഗത്തിൽപെട്ടവർ ആകെ പ്രീമിയത്തിന്റെ 50 ശതമാനവും എസ്.സി/എസ്.ടി വിഭാഗത്തിൽപെട്ട ഗുണഭോക്താക്കൾ 30 ശതമാനവും നൽകിയാൽ മതി. ഉദാഹരണമായി 50,000 രൂപ വിപണി വിലയുള്ള പശുവിനെ ഇൻഷ്വർ ചെയ്യുന്ന പൊതുവിഭാഗത്തില്‍പ്പെട്ട ഗുണഭോക്താവ് പ്രതിവർഷം 750 രൂപയും, എസ്.സി/എസ്.ടി വിഭാഗത്തിൽപ്പെട്ടവർ 450 രൂപയും അടച്ചാൽ മതി. പരമാവധി 50,000 രൂപയ്ക്കു മാത്രമേ ഒരു പശുവിനെ ഇൻഷ്വർ ചെയ്യാൻ സാധിക്കു എന്നത് പദ്ധതിയുടെ പരിമിതിയാണ്.

പൊതുമേഖല (ഇൻഷ്വറൻസ്) സ്ഥാപനമായ യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനിയാണ് ഗോസമൃദ്ധി പദ്ധതി നടപ്പിലാക്കുന്നത്. ഇന്‍ഷ്വര്‍  ചെയ്ത പശുവിനെ വില്പന നടത്താം. പുതിയ ഉടമയിലേക്ക് പോളിസി കൈമാറ്റം ചെയ്യാം, കർഷകർക്കൊപ്പം ഡയറിഫാമുകൾക്കും പദ്ധതിയിൽ പങ്കാളികളാകാം.

ഗോസമൃദ്ധി പദ്ധതിക്കു കീഴിൽ ക്ഷീരകർഷകനും കുടുംബത്തിനും ഇൻഷ്വറൻസ് പരിരക്ഷ ലഭ്യമാണ്. പ്രത്യേക സോഫ്റ്റ്വെയർ സംവിധാനം വഴി കർഷക രജിസ്ട്രേഷൻ പൂർത്തീകരിച്ച് ഓൺലൈൻ വഴി തികച്ചും സുതാര്യമായാണ് പദ്ധതി നടത്തുന്നത്. പദ്ധതിയിൽ കർഷകരെ പൂർണമായും ജിയോ മാപ്പിംഗ് നടത്താനും ലക്ഷ്യമിടുന്നു. പദ്ധതിയുടെ വിപുലീകരണത്തിനായി ഗോസമൃദ്ധി പ്ലസ് എന്ന പുതിയ കർമപരിപാടിയും ആവിഷ്കരിക്കുന്നുണ്ട്.

സർക്കാർ പദ്ധതികൾക്ക് പുറമെ നിരവധി പൊതുമേഖലാ സ്വകാര്യ ഇൻഷ്വറൻസ് കമ്പനികളും പശുക്കൾക്കായി ഇൻഷ്വറൻസ് പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഉയർന്ന വിപണിമൂല്യം കണക്കാക്കുന്ന പശുക്കളെയും കൂടുതൽ എണ്ണം പശുക്കളെയുമൊക്കെ ഇൻഷ്വർ ചെയ്യാൻ ഈ കമ്പനികളെ ആശ്രയിക്കാം. പൊതുമേഖലയിൽ യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ്, ന്യൂ ഇന്ത്യ അഷ്വറൻസ്, ഓറിയന്റൽ ഇൻഷറൻസ്, നാഷണൽ ഇൻഷ്വറൻസ് തുടങ്ങിയ കമ്പനികളാണ് പശുക്കൾക്കായി ഇൻഷ്വറൻസ് പദ്ധതികൾ ആവിഷ്കരിച്ചിട്ടുള്ളത്. റോയൽ സുന്ദരം, ശ്രീറാം ഇൻഷ്വറൻസ്, എച്ച്ഡിഎഫ്സി എർഗോ, ഐസിഐസിഐ ലംബാർഡ്, എസ്ബിഐ ജനറൽ, ഇൻഷ്വറൻസ്, ബജാജ് അലയൻസ് തുടങ്ങിയ ഒട്ടനവധി സ്വകാര്യ ഇൻഷ്വറൻസ് കമ്പനികളും പരിമിതമായ പ്രീമിയത്തിൽ ക്ഷീരമേഖലക്കായി ഇൻഷ്വറൻസ് പോളിസികൾ അവതരിപ്പിച്ചിട്ടുണ്ട്.

നടപടിക്രമങ്ങൾ

സർക്കാർ പദ്ധതികൾക്ക് കീഴിൽ ഇൻഷ്വറൻസ് നേടാൻ ആഗ്രഹിക്കുന്ന കർഷകർ പഞ്ചായത്തിലെ മൃഗാശുപത്രിയുമായി ബന്ധപ്പെട്ടാൽ മതി. പൊതുമേഖല / സ്വകാര്യ ഇൻഷ്വറൻസ് സ്ഥാപനങ്ങൾ മുഖാന്തിരം പോളിസി എടുക്കുന്നവർ അതാത് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പോളിസികൾ തെരഞ്ഞെടുക്കണം. ശേഷം ഗുണഭോക്താവിന്റെ പഞ്ചായത്തിലെ വെറ്ററിനറി ഡോക്ടറുടെ സഹായത്തോടെ മൃഗത്തിന്റെ കാതിൽ തിരിച്ചറിയുന്നതിനായുള്ള കമ്മൽ അടിക്കുന്നതടക്കമുള്ള പ്രാഥമിക നടപടികൾ പൂർത്തിയാക്കണം. മൃഗത്തിന്റെ ഫോട്ടോ, വെറ്ററിനറി ഡോക്ടർ പൂരിപ്പിച്ച് സാക്ഷ്യപ്പെടുത്തിയ അപേക്ഷ, ആരോഗ്യസർട്ടിഫിക്കറ്റ് എന്നിവ പിന്നീട് ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ സമർപ്പിക്കണം. ഇൻഷ്വറൻസിന് ആനുപാതികമായ പ്രീമിയം തുക ഈ വേളയിൽ അടച്ചാൽ മതിയാവും.

ഇൻഷ്വറൻസുള്ള പശുവിന് അപകടം സംഭവിക്കുകയോ ചാവുകയോ ചെയ്താൽ ഉടൻ തൊട്ടടുത്ത മൃഗാശുപത്രിയിലെ ഡോക്ടറെ വിവരം അറിയിക്കണം. സ്വകാര്യസ്ഥാപനങ്ങൾ വഴിയാണ് ഇൻഷ്വറൻസ് എങ്കിൽ ബന്ധപ്പെട്ട സ്ഥാപനങ്ങളെയും വിവരം നേരിട്ടോ, എഴുതിയോ അറിയിക്കണം. ശേഷം ഡോക്ടറുടെ സഹായത്തോടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കണം. ചിലപ്പോൾ ഇത് നിരീക്ഷിക്കുന്നതിനും പരിശോധിക്കുന്നതിനുമായി തങ്ങളുടെ പ്രതിനിധിയെ കൂടി കമ്പനി അയക്കും. തിരിച്ചറിയൽ അടയാളമായ കാതിലെ കമ്മൽ, ചത്ത പശുവിന്റെ കാതിലെ കമ്മലോടു കൂടിയ ഫോട്ടോ, പോസ്റ്റുമോർട്ടം നടപടികളുടെ ഫോട്ടോ, പൂരിപ്പിച്ച അപേക്ഷാ ഫോറം, മറ്റ് അനുബന്ധരേഖകൾ, ഡോക്ടർ നൽകുന്ന ചികിത്സാരേഖ, മരണ സർട്ടിഫിക്കറ്റ് / പോസ്റ്റുമോർട്ടം റിപ്പോർട്ട് എന്നിവ സഹിതം ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നഷ്ടപരിഹാരത്തിന് അപേക്ഷ സമർപ്പിക്കണം.

പേവിഷബാധ  പോലുള്ള പോസ്റ്റുമോർട്ടം നടപടികൾ ആവശ്യമില്ലാത്ത സാഹചര്യങ്ങളിൽ രോഗാവസ്ഥയുമായി ബന്ധപ്പെട്ട

ഡോക്ടറുടെ സാക്ഷ്യപത്രം, പ്രത്യുത്പാദന ഉത്പാദനശേഷി നഷ്ടപ്പെട്ടതാണെങ്കിൽ പരിശോധന, ചികിത്സാ റിപ്പോർട്ട് എന്നിവ സമർപ്പിച്ചാൽ മതിയാവും. ഉത്പാദന ശേഷി നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട ക്ലെയിമുകൾ തീർപ്പാക്കുന്നതിനു മുമ്പായി ഡോക്ടറെ കൂടാതെ കമ്പനി അധികാരപ്പെടുത്തിയ വിദഗ്ധൻകൂടി പശുക്കളെ പരിശോധിക്കാറുണ്ട്.

ഇക്കാര്യങ്ങൾ ഓർത്തുവയ്ക്കാം

  • ഇൻഷ്വറൻസ് എടുക്കുന്ന മൃഗങ്ങൾ പൂർണ ആരോഗ്യമുള്ളവയായിരിക്കണം.
  • തൊഴുത്തും കുടിവെള്ളവും പോഷകാഹാരവുമെല്ലാം ഉറപ്പു വരുത്തണം.
  • പ്രതിരോധകുത്തിവയ്പ്പുകൾ ലഭ്യമായിട്ടും ഇവ നൽകാതെ രോഗം ബാധിച്ച് പശു ചത്താൽ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കില്ല.
  • ഉരുക്കൾക്ക് പ്രതിരോധ കുത്തിവയ്പുകൾ കൃത്യമായെടുക്കാനും ആന്തര- ബാഹ്യപരാദങ്ങൾക്കെതിരെ മരുന്നുകൾ നൽകാനും ശ്രദ്ധിക്കണം.
  • വളർത്തുമൃഗങ്ങളുടെ അസുഖങ്ങൾക്ക് വെറ്ററിനറി ഡോക്ടറിൽ നിന്ന് കൃത്യമായ ചികിത്സ തേടാൻ ശ്രദ്ധിക്കണം.
  • സ്വയം ചികിത്സിക്കുകയോ, മതിയായ യോഗ്യതയില്ലാത്തവരെ ചികിത്സക്ക് ആശ്രയിക്കുകയോ ചെയ്യരുത്.
  • അശാസ്ത്രീയ ചികിത്സാരീതികൾ അവലംബിച്ച് പശു ചത്താലും ഇൻഷ്വറൻസ് ലഭിക്കില്ല.
  • അംഗീകൃത ഡോക്ടറുടെ ചികിത്സാ രേഖയും സാക്ഷ്യ പത്രവും ക്ലെയിം തീർപ്പാക്കാൻ നിർബന്ധമാണ്. മരുന്നുകളുടെ ബില്ലുകളും ചികിത്സാ വിവരങ്ങളും സൂക്ഷിച്ചു വയ്ക്കാൻ ശ്രദ്ധിക്കണം.

"കമ്മലില്ലെങ്കിൽ പോളിസിയില്ല

എതെങ്കിലും കാരണവശാൽ തിരിച്ചറിയൽ അടയാളമായ കാതിലെ കമ്മൽ നഷ്ടപ്പെടുകയാണെങ്കിൽ ഉടനെ വിവരം ഇൻഷ്വറൻസ് കമ്പനിയെ അറിയിക്കണം, ഡോക്ടറുടെ സഹായത്തോടെ പശുവിനു പുതിയ കമ്മൽ അടിച്ച് കമ്പനിയിൽ അപേക്ഷ പുതുക്കി നൽകണം. ഇൻഷ്വറൻസിനായുള്ള അപേക്ഷയോടൊപ്പം കാതിലെ കമ്മലും ഹാജരാക്കേണ്ടത് പ്രധാനമാണ്.

പ്രകൃതിദുരന്തങ്ങൾ, അത്യാഹിതങ്ങൾ തുടങ്ങിയവ നേരിട്ട് ശസ്ത്രക്രിയ നടത്തി, ഇതിനിടെ അപകടം സംഭവിച്ചാൽ ഇൻഷ്വറൻസ് ലഭിക്കും. മോഷണം, മോഷണമെന്ന വ്യാജേന കച്ചവടം നടത്തൽ, ശത്രുക്കളോ, ഉടമ മനഃപൂർവമോ മൃഗങ്ങളെ അപകടത്തിൽപ്പെടുത്തുകയോ പരിക്കേൽപ്പിക്കുകയോ, കൊലപ്പെടുത്തുകയോ ചെയ്യുക, കാതിലെ കമ്മലിൽ കൃത്രിമം നടത്തുക തുടങ്ങിയ സാഹചര്യങ്ങളിൽ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കില്ല.

ഇൻഷ്വറൻസ് പരിരക്ഷയുള്ള മൃഗത്തെ കൈമാറ്റം ചെയ്യുകയോ വിൽക്കുകയോ ചെയ്താൽ വിവരം ഇൻഷ്വറൻസ് ദാതാവിനെ അറിയിച്ച്, ക്ലെയിം പുതിയ ഉടമയുടെ പേരിലേക്കു മാറ്റണം.

പോളിസിയെടുക്കുന്ന സമയത്തു ലഭിക്കുന്ന ക്ലെയിംയിം ഫോമും മറ്റു രേഖകളും സുരക്ഷിതമായി സൂക്ഷിച്ചുവയ്ക്കണം. അപകടങ്ങൾ സംഭവിച്ചാൽ ധനസഹായത്തിനുള്ള അപേക്ഷ പൂർണമായ രേഖകൾ സഹിതം 30 ദിവസത്തിനുള്ളിൽ കമ്പനിയിൽ സമർപ്പിക്കണം. തൃപ്തികരമാണെങ്കിൽ 15 ദിവസത്തിനകം പണം കർഷകന്റെ ബാങ്ക് അക്കൗണ്ടിൽ ലഭിക്കും. ഇൻഷ്വറൻസ് പരിരക്ഷ എടുത്തതിനുശേഷം ചുരുങ്ങിയത് പതിനഞ്ച് ദിവസമെങ്കിലും കഴിഞ്ഞു നടക്കുന്ന അത്യാഹിതങ്ങൾക്കു മാത്രമേ ക്ലയിമിന് അർഹത ഉണ്ടായിരിക്കുകയുള്ളൂ. പോളിസികൾ സംബന്ധമായ പരാതികൾ ഉണ്ടെങ്കിൽ കമ്പനി നിയമിക്കുന്ന പരാതി പരിഹാര ഓഫീസറെയോ, ഇൻഷ്വറൻസ് ഓംബ്ഡുസ്മാനെയോ സമീപിക്കാം. പോളിസി ഉടമകളുടെ താത്പര്യ സംരക്ഷണ നിയമം- 2002 പ്രകാരം - ഇതിനായി വ്യക്തമായ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

കടപ്പാട്: കര്‍ഷകന്‍

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate