കുടുംബത്തിന് സാമ്പത്തിക സ്വയംപര്യാപ്തതയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ അനിവാര്യമാണ്. എന്നാല്‍, ഒരു കുടുംബത്തിന് എന്തെല്ലാം ഇന്‍ഷുറന്‍സ് നിര്‍ബന്ധമായും ഉണ്ടാവണം. തൊട്ടതിനെല്ലാം ഇന്‍ഷുറന്‍സ് പോളിസി ലഭിക്കുന്ന ഇക്കാലത്ത് നിര്‍ബന്ധമായും ഉണ്ടാകേണ്ടത് ഏതെല്ലാം പോളിസികള്‍ എന്ന ചോദ്യം പ്രസക്തമാണ്.
കുടുംബാംഗങ്ങളുടെ ആരോഗ്യ പരിരക്ഷയ്ക്കായി ആരോഗ്യപോളിസിയോ, ഫാമിലി ഫ്ളോട്ടര്‍ പോളിസിയോ നിര്‍ബന്ധമാണ്. അതുപോലെത്തന്നെ പ്രധാനപ്പെട്ടതാണ് വീട്ടിലെ വരുമാനമുള്ള അംഗത്തിന് പെട്ടെന്ന് ജീവഹാനി സംഭവിക്കുകയാണെങ്കില്‍ കുടുംബത്തിന് സാമ്പത്തികസുരക്ഷിതത്വം ഉറപ്പുനല്‍കുന്ന ടേം ഇന്‍ഷുറന്‍സ് പോളിസിയും. ഇതു രണ്ടുമാണ് കുടുംബത്തിന് അനിവാര്യമായി ഉണ്ടാകേണ്ട അടിസ്ഥാന സംരക്ഷണം നല്‍കുന്ന പോളിസികളെന്ന് ലളിതമായി പറയാം.
കുടുംബത്തെ സംബന്ധിച്ച് സംരക്ഷണത്തിനാണ് ഇന്‍ഷുറന്‍സിലൂടെ പ്രാധാന്യം നല്‍കേണ്ടത്. വരുമാനം ഉള്ളവര്‍ക്ക് അവിചാരിതമായി എന്തെങ്കിലും സംഭവിച്ചാല്‍ സാമ്പത്തികബാധ്യത, കൊടുത്തുതീര്‍ക്കാനുള്ള കടങ്ങള്‍ തുടങ്ങിയവയ്ക്കു പുറമെ ദൈനംദിന ജീവിതം മുന്നോട്ടുകൊണ്ടുപോകുക തുടങ്ങിയ യാഥാര്‍ഥ്യങ്ങള്‍ക്കൊക്കെ പരിരക്ഷ ലഭിച്ചേ മതിയാകൂ.
ടേം ഇന്‍ഷുറന്‍സ് പദ്ധതി
കുറഞ്ഞ പ്രീമിയം നിരക്കില്‍ കൂടുതല്‍ സംരക്ഷണം ഉറപ്പാക്കുകയാണ് ബുദ്ധിപൂര്‍വമുള്ള നടപടി. പ്രീമിയം നിര്‍ണായക ഘടകമാണ്. റിസ്ക്കിനനുസരിച്ചാണ് പ്രീമിയം കൂടുന്നത്. നിശ്ചിത തുകയ്ക്ക് പരിരക്ഷ നല്‍കുന്ന ഫിക്സഡ് ടേം ഇന്‍ഷുറന്‍സ്, വായ്പയെടുക്കുന്നതിനനുസരിച്ച് ഇന്‍ഷുറന്‍സ് തുക കുറഞ്ഞുവരുന്ന രീതിയിലുള്ള ഡിക്രീസ്ഡ് സം അഷ്വേര്‍ഡ്, പണപ്പെരുപ്പം മറികടക്കാന്‍ ഓരോ വര്‍ഷവും നിശ്ചിതശതമാനം കൂടുതല്‍ അടയ്ക്കുന്ന ഇന്‍ക്രീസ്ഡ് സം അഷ്വേര്‍ഡ്, വരുമാനദായകനായ പോളിസിയുടമയ്ക്ക് ജീവഹാനി സംഭവിച്ചാല്‍ പ്രതിമാസ വരുമാനം നല്‍കുന്ന മന്ത്ലി ഇന്‍കം പ്ളാന്‍ നല്‍കുന്ന പോളിസി തുടങ്ങിയ വ്യത്യസ്തങ്ങളായ ടേം പ്ളാനുകള്‍ ലഭ്യമാണ്. ടേം ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ വരുമാനം, പ്രായം, കാലാവധി എന്നിവയാണ് ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങള്‍. ശ്രദ്ധിക്കേണ്ട കാര്യം, ഇത്തരം പോളിസികള്‍ എടുക്കുമ്പോള്‍ പല കമ്പനികളുടെ പോളിസി താരതമ്യം ചെയ്തശേഷം മാത്രമേ തെരഞ്ഞെടുക്കാവൂ എന്നതാണ്.
ചെലവുകുറഞ്ഞ രീതിയില്‍ ഓണ്‍ലൈനായും ഇത്തരം പോളിസികള്‍ ലഭ്യമാണ്. ഇങ്ങനെ ഓണ്‍ലൈനായി വാങ്ങുമ്പോള്‍ നല്‍കുന്ന പ്രസ്താവനകള്‍ തികച്ചും സത്യസന്ധമാകണം. വിവിധ അസുഖങ്ങള്‍, പുകവലി, മദ്യപാനം തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങളെല്ലാം കൃത്യമായി പൂരിപ്പിക്കണം. കാരണം, ഓണ്‍ലൈന്‍ പോളിസികളില്‍ ക്ളെയിം നിഷേധിക്കാനുള്ള പ്രവണത ഏറെയാണ്.
അതേസമയം, ഇന്‍ഷുറന്‍സ് ഉപദേശകര്‍വഴി വാങ്ങുന്ന പോളിസികളില്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് ആധികാരിക രേഖയായി പരിഗണിച്ചാണ് ക്ളെയിം നല്‍കുക. ഐആര്‍ഡിഎയുടെ സൈറ്റില്‍ പോയി ക്ളെയിം തീര്‍പ്പാക്കല്‍ അനുപാതം ഏറ്റവും കൂടുതലുള്ള 10 കമ്പനികളില്‍ ഒരു കമ്പനി തെരഞ്ഞെടുക്കുന്നതാകും നല്ലത്. ഇന്‍ഷുറന്‍സില്‍നിന്നു ലഭിക്കേണ്ട സേവനമായ ക്ളെയിം കൃത്യമായി ലഭിക്കുന്ന പോളിസിയാകണം ലക്ഷ്യം. പ്രീമിയം മാത്രം പരിഗണനയിലെടുത്താല്‍ അവസാനം പരിരക്ഷ ലഭിക്കാതെവരും. മെഡിക്കല്‍ റിപ്പോര്‍ട്ടുകൂടിയുള്ള പോളിസി ആധികാരികത ഉറപ്പാക്കുന്നവയുമാണ്.
ഒരാള്‍ക്ക് എത്ര തുകയുടെ ടേം പരിരക്ഷ ആവശ്യമാണെന്നതും പലപ്പോഴും അറിയില്ലാത്ത കാര്യമാണ്. വ്യക്തിയുടെ പ്രതിമാസ വരുമാനത്തിന്റെ 100–120 ഇരട്ടി തുകവരെ സം അഷ്വേര്‍ഡ് ലഭിക്കുന്ന പോളിസി എടുക്കുന്നതാകും ഉചിതം.
നിലവില്‍ പോളിസിയുള്ള ആള്‍ പുതിയ പോളിസി എടുക്കുമ്പോള്‍ പഴയതിന്റെ വിശദാംശങ്ങള്‍ കാണിച്ച് ബാക്കി തുകയ്ക്കുള്ള പോളിസി എടുക്കുകയാണ് നല്ലത്. ഇവിടെയുള്ള മറ്റൊരു കാര്യം പ്രായംകൂടുന്തോറും സം അഷ്വേര്‍ഡ് തുക കുറയും. ചെറുപ്പക്കാര്‍ക്ക് 120 ഇരട്ടിവരെ സം അഷ്വേര്‍ഡ് കൊടുക്കുമ്പോള്‍ 50 വയസ്സുള്ളവര്‍ക്ക് അത്രയും കിട്ടില്ല. കമ്പനികള്‍ പോളിസി ഉടമയുടെ പ്രായം, വരുമാനം, റിസ്ക് എന്നീ ഘടകങ്ങള്‍ പരിഗണിച്ചശേഷം നിശ്ചയിക്കുന്ന തുക മാത്രമേ സം അഷ്വേര്‍ഡ് നല്‍കു. ഇക്കാര്യത്തില്‍ പോളിസി ഉടമയ്ക്ക് ഒന്നും ചെയ്യാനാകില്ല.
ആരോഗ്യ ഇന്‍ഷുറന്‍സ്
അച്ഛന്‍, അമ്മ, മക്കള്‍, പ്രായമായ മാതാപിതാക്കള്‍ ഇവരടങ്ങുന്ന കുടുംബത്തിന് ചികിത്സാചെലവുകള്‍ താങ്ങാനാവാത്ത അവസ്ഥവരുന്നത് നേരിടുകയാണ് ഇത്തരം പോളിസികളുടെ ലക്ഷ്യം. ഫാമിലി ഫ്ളോട്ടര്‍ പോളിസിയും ഇക്കൂട്ടത്തില്‍പ്പെടുന്നു. നിശ്ചിതതുക തെരഞ്ഞെടുത്താല്‍ ആ വര്‍ഷം മുഴുവന്‍ ആ പരിധിക്കുള്ളിലുള്ള തുക ചികിത്സക്കായി ഉപയോഗപ്പെടുത്താനാകും. 35–45 വയസ്സുവരെയുള്ളവര്‍ക്ക് ആരോഗ്യപരിശോധന കൂടാതെത്തന്നെ പോളിസിയെടുക്കാം.
നിലവിലുള്ള അസുഖങ്ങള്‍ക്ക് മിക്കവാറും പോളിസികളിലും പരിരക്ഷ ലഭ്യമല്ല. നിലവിലുള്ള അസുഖമെന്നതിന്റെ നിര്‍വചനം പോളിസി എടുക്കുമ്പോള്‍ 48 മാസത്തിനുള്ളില്‍ വന്ന അസുഖമോ ചികിത്സിച്ചു ഭേദമാക്കിയ അസുഖമോ എന്നതാണ്. ജന്മനാ ഉള്ള അസുഖം ഇതിന്റെ പരിധിയില്‍വരില്ല. പോളിസി എടുത്ത് 30 ദിവസത്തിനുള്ളില്‍ അസുഖംവന്നാലും പരിരക്ഷ കിട്ടില്ല. എന്നാല്‍,അപകടമാണെങ്കില്‍ പോളിസി എടുത്ത അന്നുമുതല്‍ പരിരക്ഷ ലഭിക്കും. നാലുവര്‍ഷം കഴിഞ്ഞാല്‍ നിലവിലുള്ള അസുഖങ്ങള്‍ക്കും പരിരക്ഷ ലഭിക്കും.
ആരോഗ്യ പോളിസിയുടെയും സം അഷ്വേര്‍ഡ് തുക വ്യക്തിയുടെ വരുമാനത്തിനനുസരിച്ച് തെരഞ്ഞെടുക്കുക. അത് ചെറിയതോതില്‍ വര്‍ധിപ്പിക്കുകയുമാകാം. ഇത്തരം പോളിസികളില്‍ ക്ളെയിമില്ലെങ്കില്‍ ആര്‍ജിത ബോണസ് സൌകര്യം പ്രയോജനപ്പെടുത്താം. കാരണം ഒരുലക്ഷം രൂപയ്ക്ക് അഞ്ചുശതമാനം ആര്‍ജിത ബോണസ് ലഭിക്കുമെങ്കില്‍ നാലുവര്‍ഷം കഴിയുമ്പോള്‍ 1.2 ലക്ഷം രൂപയുടെ ക്ളെയിം ലഭിക്കും. എപ്പോഴും അസുഖം വന്നുകഴിഞ്ഞ് പോളിസി എടുക്കുന്നതിലും നല്ലത് ആരോഗ്യത്തോടെ, പണിചെയ്ത് വരുമാനമുണ്ടാക്കുമ്പോള്‍ പോളിസി എടുക്കുന്നതാണ്. കാരണം, ഇന്നത്തെ ജീവിതരീതി, ഭക്ഷണശൈലി, മാനസികസമ്മര്‍ദങ്ങള്‍, മലിനീകരണം തുടങ്ങിയവ കാരണം എപ്പോള്‍ വേണമെങ്കിലും ആര്‍ക്കും അസുഖം പിടിപെടാം. മറുവശത്ത് ചികിത്സാചെലവ് റോക്കറ്റ്പോലെ കുതിച്ചുയരുകയുമാണ്.
ഫാമിലി ഫ്ളോട്ടര്‍ പോളിസി
ഒരു പോളിസികൊണ്ട് കുടുംബത്തിലെ കൂടുതല്‍ പേര്‍ക്ക് കവറേജ് ഉറപ്പാക്കാന്‍ സഹായിക്കുന്ന പോളിസിയാണ് ഫാമിലി ഫ്ളോട്ടര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി.
പോളിസിയുടമ, ജീവിതപങ്കാളി, രണ്ട് അല്ലെങ്കില്‍ മൂന്നു മക്കള്‍ എന്നിവര്‍ക്കാണ് ഫ്ളോട്ടര്‍ പോളിസി സാധാരണ ലഭ്യമാക്കുക. പോളിസി ഉടമയുടെ ആശ്രിതരായ മാതാപിതാക്കള്‍ക്ക് ഈ പോളിസിവഴി കവറേജ് നേടാന്‍കഴിയില്ലെങ്കിലും എക്സ്റ്റന്‍ഡ് ഫാമിലി ഫ്ളോട്ടര്‍ പ്ളാനിലൂടെ ആശ്രിതരായ മാതാപിതാക്കളടക്കം ആറംഗ കുടുംബത്തിന് കവറേജ് ഉറപ്പാക്കാനാകും. പോളിസി ഉടമയുടെ സ്വന്തം മാതാപിതാക്കളെയോ ജീവിതപങ്കാളിയുടെ മാതാപിതാക്കളെയോ ഇത്തരത്തില്‍ കവറേജില്‍ ഉള്‍പ്പെടുത്താം.
ഒരു പോളിസിയില്‍ ഒരു നിശ്ചിത സം അഷ്വേര്‍ഡാകും ഉണ്ടാകുക. അത് കുടുംബത്തിലുള്ള മൊത്തം അംഗങ്ങള്‍ക്കും ഉപയോഗപ്പെടുത്താം. അതായത്, നാല് അംഗങ്ങളുള്ള ഒരു കുടുംബം ഒരുലക്ഷം രൂപയുടെ കവറേജ് ഒരു നിശ്ചിത പ്രീമിയത്തില്‍ എടുത്തുവെന്നിരിക്കട്ടെ. നാലുപേരില്‍ ആര്‍ക്ക് രോഗംവന്നാലും കവറേജ് ഉറപ്പാക്കാം. അതല്ല, ഒരുവര്‍ഷം രണ്ടോ മൂന്നോ, അതല്ല നാലു പേര്‍ക്കും രോഗചികിത്സ വേണ്ടിവന്നാല്‍ കവറേജ് എല്ലാവര്‍ക്കുമായി ഉപയോഗിക്കാം. പക്ഷേ, പരമാവധി ഒരുലക്ഷം രൂപവരെയേ ഇത്തരത്തില്‍ ലഭിക്കൂ. ബാക്കി തുക കൈയില്‍നിന്ന് നല്‍കേണ്ടിവരും.
മൂന്നുമാസം പ്രായമുള്ള കുട്ടിക്കുമുതല്‍ ഈ പോളിസിയില്‍ അംഗമാകാം. 76 വയസ്സുവരെ കവറേജ് നേടാം. എന്നാല്‍, കുട്ടികള്‍ക്ക് 25 വയസ്സുവരെ മാത്രമേ ഫാമിലി ഫ്ളോട്ടറില്‍ തുടരാനാകൂ.
കടപ്പാട് : പി ജി സുജ
Read more: http://www.deshabhimani.com/index.php/news/business/news-business-05-06-2016/565778
വാഹനങ്ങളുടെ തേഡ്പാര്‍ടി ഇന്‍ഷുറന്‍സ് പ്രീമിയത്തിലെ നേരിട്ടുള്ള ഡിസ്കൌണ്ട് കുറച്ച് ഇന്‍ഷുറന്‍സ് കമ്പനികളുടെ കൊള്ളയടി. ഉപയോക്താവിന് നേരിട്ട് ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിച്ച് 80 ശതമാനംവരെ കിഴിവ് നേടാമായിരുന്ന അവസ്ഥയാണ് ഇല്ലാതാക്കിയത്. വാഹനക്കമ്പനികള്‍ വഴിയുള്ള ഇന്‍ഷുറന്‍സ് വേണ്ടെന്നുവയ്ക്കുന്ന സാധാരണക്കാര്‍ക്കുമേല്‍ വന്‍ സാമ്പത്തികബാധ്യത അടിച്ചേല്‍പ്പിക്കുന്നതാണ് നടപടി.
വാഹന ഇന്‍ഷുറന്‍സ് രംഗത്തുള്ള പൊതുമേഖലാ സ്ഥാപനങ്ങളായ നാഷണല്‍, ഓറിയന്റല്‍, യുണൈറ്റഡ്, ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനികള്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താതെ ദുരൂഹമായാണ് പുതിയ വ്യവസ്ഥ നടപ്പാക്കുന്നതെന്നാണ് ഉപയോക്താക്കളുടെ പരാതി. പുതിയ തീരുമാനം നടപ്പാക്കുന്നതുസംബന്ധിച്ച് രേഖാമൂലമുള്ള സര്‍ക്കുലറൊ ഉത്തരവുകളൊ ഉണ്ടായിട്ടില്ല. ഏപ്രില്‍ 27ന് തേഡ്പാര്‍ടി പ്രീമിയം ഡിസ്കൌണ്ട് കുറച്ചുകൊണ്ട് ഡെപ്യൂട്ടി ജനറല്‍ മാനേജരുടെ ഇ–മെയില്‍ സന്ദേശമാണ് ഓഫീസുകളില്‍ ലഭിച്ചത്. ഇതനുസരിച്ച് ഡിസ്കൌണ്ട് 50 ശതമാനമായി കുറച്ചു. കൂടിയ ഡിസ്കൌണ്ട് 55 ശതമാനംവരെയാണ്.
മൂന്നുലക്ഷം രൂപ വിലയുള്ള കാറിന് യഥാര്‍ഥ ഇന്‍ഷുറന്‍സ് പ്രീമിയം 15,338 രൂപയാണ്. ഇതിന് 60 ശതമാനം ഡിസ്കൌണ്ട് ലഭിച്ചാല്‍ ഉപയോക്താവ് 7,775 രൂപ അടച്ചാല്‍ മതി. എന്നാല്‍ ഡിസ്കൌണ്ട് 50 ശതമാനമായി കുറയ്ക്കുന്നതോടെ പ്രീമിയം 9,035 രൂപയാകും. 1,260 രൂപയോളമാണ് ഉപയോക്താവ് അധികമായി നല്‍കേണ്ടത്. വാഹനങ്ങളുടെ വില അനുസരിച്ച് പ്രീമിയം നിരക്കിലും വ്യത്യാസം വരും. പ്രീമിയം നിരക്കില്‍ വ്യത്യാസം വരുത്താതെതന്നെ കോടിക്കണക്കിന് രൂപയാണ് കമ്പനികള്‍ കൊള്ളയടിക്കുന്നത്.
ഇതേസമയം, വാഹനക്കമ്പനികള്‍ക്കുള്ള പ്രീമിയത്തിന്റെ ഡിസ്കൌണ്ട് കുറയ്ക്കുന്നതിനെക്കുറിച്ച് ഡെപ്യൂട്ടി ജനറല്‍ മാനേജരുടെ ഇ–മെയില്‍ സന്ദേശത്തില്‍ പരാമര്‍ശമില്ല. സാധാരണക്കാരനെ പിഴിയുകയും കോര്‍പറേറ്റുകള്‍ക്ക് പരമാവധി സൌകര്യം ചെയ്തുകൊടുക്കുകയുമാണ് കമ്പനികള്‍ ചെയ്യുന്നത്. നേരത്തെ മെഡിക്ളെയിം പോളിസികളുടെ പ്രീമിയം വര്‍ധിപ്പിച്ചും കമ്പനികള്‍ കൊള്ളയടി നടത്തിയിരുന്നു. 50 ശതമാനത്തോളമാണ് വിവിധ പോളിസികളില്‍ ഒറ്റയടിക്ക് പ്രീമിയം വര്‍ധിപ്പിച്ചത്.
കടപ്പാട് :അഞ്ജുനാഥ്
നമ്മുടെ നാട്ടില്‍ റോഡപകടങ്ങളുടെ എണ്ണം പെരുകുന്നത് ഭയാനകമാംവിധമാണ്. ഇന്ത്യയില്‍ ഓരോ മിനിറ്റിലും ഒരു റോഡപകടം സംഭവിക്കുകയും ഓരോ നാലു മിനിറ്റിലും അപകടംമൂലം ഒരാള്‍ മരിക്കുകയും ചെയ്യുന്നു. റോഡ്സുരക്ഷ വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാരുകള്‍ വിവിധ നടപടികള്‍ സ്വീകരിക്കുമ്പോഴും അപകടങ്ങള്‍ വര്‍ധിച്ചുവരുന്നത് ആശങ്കാജനകമാണ്. അപകടംമൂലം സംഭവിക്കുന്ന മരണങ്ങളുടെ എണ്ണത്തെക്കാള്‍ ഗുരുതരമായ പരിക്കുകള്‍ നേരിടുന്നവരുടെ എണ്ണം കൂടുതലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
സര്‍ക്കാരുകള്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമ്പോഴും നമ്മുടെ സുരക്ഷയും പരിരക്ഷയുമൊക്കെ സ്വന്തം ഉത്തരവാദിത്തംകൂടിയായി കാണേണ്ടതുണ്ട്. അത്തരം ദുരന്തങ്ങള്‍ നമ്മെ സാമ്പത്തികമായ കെണിയില്‍ എത്തിക്കാതിരിക്കാന്‍ നാം മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്. അപകടത്തിനുശേഷം ഉണ്ടാകുന്ന ആശുപത്രിച്ചെലവുകള്‍ക്ക് കവറേജ് നല്‍കുകയും അപകടത്തിനുശേഷം ജോലി ചെയ്യാനാകാത്തവിധം ശരീരത്തിന് അവശത ബാധിക്കുകയാണെങ്കില്‍ അതിന് പരിരക്ഷ നല്‍കുകയും ചെയ്യുന്ന ഒരു പേഴ്സണല്‍ ആക്സിഡന്റ് ഇന്‍ഷുറന്‍സ് പോളിസിയെടുക്കുക എന്നത് ഇത്തരം മുന്‍കരുതലുകളുടെ ഭാഗമാകണം.
പോളിസി ഉടമയ്ക്ക് മരണം സംഭവിക്കുകയാണെങ്കില്‍ മാത്രമാണ് ശുദ്ധമായ ലൈഫ് ഇന്‍ഷുറന്‍സ് എന്ന ലക്ഷ്യത്തോടെയുള്ള ടേം പോളിസികള്‍ പരിരക്ഷ നല്‍കുന്നത്. അതേസമയം ജോലിചെയ്യാനാകാത്തവിധത്തില്‍ ശാരീരിക അവശത നേരിടുകയാണെങ്കില്‍ ടേം പോളിസി പ്രയോജനപ്പെടില്ല. ഇത്തരം സാഹചര്യങ്ങളിലാണ് പേഴ്സണല്‍ ആക്സിഡന്റ് ഇന്‍ഷുറന്‍സ് പോളിസികളുടെ പരിരക്ഷ തുണയാകുന്നത്. അപകടത്തിനുശേഷമുള്ള സ്ഥിരമോ താല്‍ക്കാലികമോ ആയ ശാരീരിക അവശതമൂലം വരുമാനം ഇല്ലാതാകുന്ന സാഹചര്യങ്ങളിലാണ് പേഴ്സണല്‍ ആക്സിഡന്റ് ഇന്‍ഷുറന്‍സ് പോളിസികള്‍ പരിരക്ഷ നല്‍കുന്നത്. അപകടംമൂലം മാസങ്ങളോളം ജോലിചെയ്യാനാകാതെ വരുന്നവര്‍ക്ക് ഇത്തരം പോളിസികള്‍ വരുമാനം നല്‍കുന്നു.
ജീവിതസുരക്ഷയ്ക്ക് ടേം പോളിസിയെടുക്കുന്നതിനൊപ്പം അപകടങ്ങള്‍മൂലം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യം ഒഴിവാക്കാന്‍ പേഴ്സണല്‍ ആക്സിഡന്റ് ഇന്‍ഷുറന്‍സും എടുക്കേണ്ടത് ഇന്നത്തെ സാഹചര്യത്തില്‍ ഒഴിച്ചുകൂടാനാവാത്തതാണ്. ഒരാളുടെ വരുമാനത്തിന്റെ ആറും എട്ടും ഇരട്ടിവരെ കവറേജ് നല്‍കുന്ന പേഴ്സണല്‍ ആക്സിഡന്റ് ഇന്‍ഷുറന്‍സ് പോളിസികളുണ്ട്. അപകടംമൂലം മരണം സംഭവിക്കുകയാണെങ്കില്‍ ഇന്‍ഷുറന്‍സ് തുക വര്‍ധിപ്പിക്കാനും പേഴ്സണല്‍ ആക്സിഡന്റ് ഇന്‍ഷുറന്‍സ് പോളിസി ഉപകരിക്കുന്നു. സ്ഥിരമായി താമസിക്കുന്ന നഗരത്തിനു പുറത്തേക്കും സംസ്ഥാനത്തിനു പുറത്തേക്കും യാത്രചെയ്യുന്നവര്‍ക്ക് പേഴ്സണല്‍ ആക്സിഡന്റ് ഇന്‍ഷുറന്‍സ് പോളിസി ഒഴിച്ചുകൂടാനാകാത്തതാണ്.
പേഴ്സണല്‍ ആക്സിഡന്റ് കവറേജ് നല്‍കുന്ന പ്രത്യേക പോളിസികളും റൈഡറുകളുമുണ്ട്. ഓരോരുത്തരുടെയും ആവശ്യത്തിനനുസരിച്ച് ഇത് തെരഞ്ഞെടുക്കാവുന്നതാണ്. അടിസ്ഥാനപരമായ പരിരക്ഷ മാത്രമാണ് ലക്ഷ്യമാക്കുന്നതെങ്കില്‍ റൈഡറുകള്‍ മതിയാകും. ചെറിയ തുക അധിക പ്രീമിയമായി നല്‍കിയാല്‍ ടേം പോളിസിക്കൊപ്പം ഇത്തരം റൈഡറുകള്‍ ലഭ്യമാണ്.
അതേസമയം സമഗ്രമായ പരിരക്ഷയ്ക്ക് പ്രത്യേക പോളിസിതന്നെ വേണ്ടിവരും. റൈഡറുകളുടേതിനെക്കാള്‍ പ്രത്യേക പോളിസിക്ക് പ്രീമിയം കൂടുതലാകും. ഇത് സംഅഷ്വേഡ് തുക, തെരഞ്ഞെടുക്കുന്ന കവറേജ്, ഭാവി വരുമാനസാധ്യത എന്നിവയെ ആശ്രയിച്ചിരിക്കും. ചില കമ്പനികള്‍ പേഴ്സണല്‍ ആക്സിഡന്റ് പോളിസിയില്‍ കുടുംബാംഗങ്ങളെക്കൂടി ഉള്‍പ്പെടുത്തുകയാണെങ്കില്‍ പ്രീമിയത്തില്‍ 10 ശതമാനം കിഴിവു നല്‍കുന്നുണ്ട്.
ടേം ഇന്‍ഷുറന്‍സ് എന്തെന്നു ചോദിച്ചാല്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ ഏറ്റവും ലളിതമായ മാതൃകയാണതെന്നു പറയാം. ഒരു വ്യക്തി നിശ്ചിത തുക പ്രീമിയമായി നല്‍കുകയും ആ വ്യക്തിക്ക് അത്യാഹിതം സംഭവിക്കുകയാണെങ്കില്‍ കുടുംബത്തിന് ലൈഫ് ഇന്‍ഷുര്‍ചെയ്ത സ്ഥാപനം മൊത്തമായ ഒരു തുക നല്‍കുകയുമാണിവിടെ ചെയ്യുന്നത്. ടേം ഇന്‍ഷുറന്‍സ് സംബന്ധിയായി പൊതുവായുയരുന്ന ചില ചോദ്യങ്ങള്‍ താഴെ കൊടുക്കുന്നു.
എന്തിനാണ് ടേം ഇന്‍ഷുറന്‍സ്?
കുടുംബത്തിലെ വരുമാനമുള്ള വ്യക്തിക്ക് അത്യാഹിതം സംഭവിച്ചാല്‍ ആ കുടുംബം സാമ്പത്തിക അനിശ്ചിതത്വത്തിലേക്കു വീഴുന്നില്ലെന്ന് പരിരക്ഷയിലൂടെ ഉറപ്പാക്കാനാവും. ബാധ്യതകള്‍ മറികടക്കാനും ‘ഭാവിയിലെ വരുമാനം സംരക്ഷിക്കാനും ഈ ടേം ഇന്‍ഷുറന്‍സ് സഹായിക്കും. ഇതിനെല്ലാം പുറമെ, ഇപ്പോള്‍ പല ടേം ഇന്‍ഷുറന്‍സ് പദ്ധതികളിലും മാരകരോഗങ്ങളും അംഗവൈകല്യവും പോലുള്ള സന്ദര്‍ഭങ്ങളില്‍ ആരോഗ്യപരിരക്ഷ ലഭ്യമാക്കുകയും അപകടമരണത്തിന് ഇന്‍ഷുറന്‍സ് ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്.
ടേം ഇന്‍ഷുറന്‍സ് വാങ്ങുന്നതുകൊണ്ടുള്ള നേട്ടങ്ങള്‍ എന്തെല്ലാമാണ്?
ഇന്ത്യക്കാരുടെ ജീവിതശൈലികള്‍ മാറിക്കൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം ജീവിതശൈലീരോഗങ്ങളും ഏറിവരികയാണ്. കുടുംബത്തിലെ വരുമാനമുള്ള വ്യക്തി മാരകരോഗത്തിന്റെ പിടിയിലകപ്പെടുന്നു എന്നുവച്ചാല്‍ ആ കുടുംബത്തിന്റെ ഭാവിതന്നെ പ്രശ്നത്തിലേക്കു നീങ്ങുന്നു എന്നാണ് അര്‍ഥം. മാരകരോഗങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ ഉടന്‍തന്നെ മൊത്തത്തില്‍ ഒരു തുക ലഭ്യമാക്കുന്നതരം പുതിയ പദ്ധതികള്‍ അധിക സാമ്പത്തികബാധ്യതകള്‍ ഇല്ലാതെ മുന്നോട്ടുപോകാന്‍ കുടുംബത്തെ സഹായിക്കും.
പതിനഞ്ചുവര്‍ഷം മുമ്പുണ്ടായിരുന്ന അവസ്ഥയില്‍നിന്നു മാറി താങ്ങാവുന്ന രീതിയിലുള്ള ടേം ഇന്‍ഷുറന്‍സുകള്‍ ഇന്നു ലഭ്യമാണ്. പദ്ധതികളുടെ നിരക്കുകള്‍ 50 ശതമാനത്തിലേറെ കുറഞ്ഞിട്ടുമുണ്ട്. ഇതിലെല്ലാം ഉപരിയായി അപകടമരണങ്ങള്‍, മാരകരോഗങ്ങള്‍ തുടങ്ങിയവയ്ക്കെല്ലാം പരിരക്ഷ നല്‍കുന്ന സമഗ്രമായ പദ്ധതികളും ഇന്നു ലഭ്യമാണ്. തങ്ങളുടെ സാമ്പത്തികസാഹചര്യങ്ങള്‍ ആസൂത്രണംചെയ്യാനുതകുംവിധം ക്ളെയിം തുക ഒറ്റയടിക്കോ സ്ഥിരമായ വരുമാനത്തിന്റെ രീതിയിലോ സ്വീകരിക്കാനുള്ള അവസരം ഇന്നു പല ലൈഫ് ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളും നോമിനികള്‍ക്കു നല്‍കുന്നുണ്ട്.
എത്ര ഇന്‍ഷുറന്‍സ് വേണം?
ഓരോ വ്യക്തിയുടെയും വരുമാനം, ചെലവ്, ബാധ്യതകള്‍ എന്നിവയ്ക്കനുസരിച്ചാണ് ഇതു തീരുമാനിക്കേണ്ടത്. 30 വയസ്സുള്ള വിവാഹിതനും ഒരു കുട്ടിയുള്ളതുമായ ഒരു വ്യക്തിയുടെ കാര്യം നമുക്കു പരിഗണിക്കാം. പ്രതിമാസം 25,000 രൂപ വരുമാനമുള്ള ഇയാള്‍ക്ക് 10 ലക്ഷം രൂപയുടെ ഭവനവായ്പയുമുണ്ട്. ഇദ്ദേഹത്തിന് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ ഈ ഭവനവായ്പ തിരിച്ചടയ്ക്കാനും ജീവിതം മുന്നോട്ടുകൊണ്ടുപോകാനും കുടുംബം വഴി കണ്ടെത്തേണ്ടിവരും. കുടുംബത്തിന് ഈ വായ്പ തിരിച്ചടയ്ക്കാനും അതോടൊപ്പം സാമ്പത്തികസ്ഥിതി നിലനിര്‍ത്താനും സഹായിക്കുന്ന രീതിയിലെ പരിരക്ഷയാണ് ഈ വ്യക്തിയെ സംബന്ധിച്ച് അഭികാമ്യം. 25,000 രൂപ 12 മാസംവീതം 28 വര്‍ഷത്തേയ്ക്കുള്ള തുകയും വായ്പയുടെ 10 ലക്ഷം രൂപയുമടക്കംവരുന്ന 94 ലക്ഷം രൂപയുടെ പരിരക്ഷയാണ് ഇവിടെ അഭികാമ്യം. ജോലിയില്‍നിന്നു വിരമിക്കുന്നതുവരെ ഈ വ്യക്തി ഈ പരിരക്ഷ തുടരണം.
ടേംഇന്‍ഷുറന്‍സ് വാങ്ങുമ്പോള്‍ പരിഗണിക്കേണ്ട മറ്റു ഘടകങ്ങള്‍ എന്തൊക്കെയാണ്?
കഴിയുന്നതും നേരത്തെ മുതല്‍ പരിരക്ഷ ലഭ്യമാക്കുന്നതാണ് നല്ലത്. പ്രായം കൂടുന്നതനുസരിച്ച് ഇതിനായുള്ള ചെലവുകൂടും. ക്ളെയിമുകള്‍ തീര്‍പ്പാക്കുന്നതിന്റെ കാര്യത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ലൈഫ് ഇന്‍ഷുറന്‍സ് സ്ഥാപനത്തെവേണം തെരഞ്ഞെടുക്കാന്‍. കൃത്യമായ നോമിനിയെ തെരഞ്ഞെടുത്തിരിക്കണം. നിങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും, പ്രത്യേകിച്ച് വൈദ്യശാസ്ത്രപരമായ വിവരങ്ങള്‍, സത്യസന്ധമായി നല്‍കുക എന്നതും ഏറെ പ്രധാനപ്പെട്ടതാണ്. ക്ളെയിമുകള്‍ ഉണ്ടായാല്‍ അവ സുഗമമായി തീര്‍പ്പാക്കാന്‍ ഇതു സഹായിക്കും. വൈദ്യപരിശോധനയില്‍ എന്തെങ്കിലും രോഗം കണ്ടെത്തിയാല്‍ പ്രീമിയം ഉയര്‍ന്നേക്കും. എന്നാല്‍, ഇതിന്റെ പേരില്‍ ഇന്‍ഷുറന്‍സ് തേടുന്നതില്‍നിന്നു പിന്മാറരുത്. കാരണം ഇതു നിങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാനുള്ള മാര്‍ഗമാണെന്ന് അറിയുക.
കടപ്പാട് :സത്യന്‍ ജംബുനാഥന്‍
ക്ളെയിം നിഷേധിക്കുന്ന പ്രവണത ജനറല്‍ ഇന്‍ഷുറന്‍സ് രംഗത്ത് വര്‍ധിച്ചുവരികയാണ്. യഥാര്‍ഥ ക്ളെയിമുകളും നിഷേധിക്കുന്ന സാഹചര്യം പോളിസി ഉടമകളെ വലയ്ക്കുന്നു. ഈ സാഹചര്യത്തില്‍ ക്ളെയിം നേടിയെടുക്കുന്നതിന് എന്തൊക്കെ ചെയ്യാമെന്ന കാര്യത്തില്‍ പോളിസി ഉടമകള്‍ ബോധവാന്മാരാകണം.
ഒരു ക്ളെയിം ഇന്‍ഷുറന്‍സ് കമ്പനി നിഷേധിച്ചാല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഗ്രീവന്‍സ് റിഡ്രസല്‍ സെല്ലില്‍ പരാതിപ്പെടാവുന്നതാണ്. ക്ളെയിം നിഷേധിച്ചതിന് കമ്പനി ചൂണ്ടിക്കാട്ടിയ കാരണങ്ങള്‍ ശരിയല്ലെങ്കില്‍ അത് ബോധ്യപ്പെടുത്തുന്നവിധം ഒരു കത്തു തയ്യാറാക്കി ഗ്രീവന്‍സ് റിഡ്രസല്‍ സെല്ലിന് അയക്കുകയാണു ചെയ്യേണ്ടത്. ഈ കത്തിന്റെ പകര്‍പ്പ് പോളിസി ഉടമ സൂക്ഷിക്കണം.
രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ കമ്പനിയുടെ ഭാഗത്തുനിന്ന് അനുകൂലമായ അറിയിപ്പോ നടപടിയോ ഉണ്ടാകുന്നില്ലെങ്കില്‍ പോളിസി ഉടമയ്ക്ക് ഇന്‍ഷുറന്‍സ് ഓംബുഡ്സ്മാനെ സമീപിക്കാവുന്നതാണ്. ഇന്‍ഷുറന്‍സ് കമ്പനിയുടെ ഗ്രീവന്‍സ് റിഡ്രസല്‍ സെല്ലിന് അയച്ച കത്തിന്റെ പകര്‍പ്പുസഹിതമാണ് ഇന്‍ഷുറന്‍സ് ഓംബുഡ്സ്മാന് പരാതി നല്‍കേണ്ടത്.
ഓംബുഡ്സ്മാന്റെ തീരുമാനത്തില്‍ തൃപ്തനല്ലെങ്കില്‍ ജില്ലാ കമീഷനെയും സംസ്ഥാന കമീഷനെയും ദേശീയ കമീഷനെയും സമീപിക്കാവുന്നതാണ്. ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎ)ക്കും പരാതി നല്‍കാവുന്നതാണ്. ഐആര്‍ഡിഎയുടെ വെബ്സൈറ്റ്വഴി പരാതി സമര്‍പ്പിക്കാനുള്ള സംവിധാനവുമുണ്ട്.
ജീവിതകാലം മുഴുവന്‍ വരുമാനമുണ്ടാക്കാന്‍ നമുക്കു കഴിയില്ല. പക്ഷേ, ജീവിതകാലം മുഴുവന്‍ നമ്മുടെ ചെലവുകള്‍ നേരിടാന്‍ പണം ആവശ്യമായിവരും. അതുകൊണ്ടുതന്നെ കൃത്യമായ സാമ്പത്തികാസൂത്രണം നമുക്കെല്ലാവര്‍ക്കും ആവശ്യമായിവരും. എന്നാല്‍ ഇത്തരത്തില്‍ സാമ്പത്തികാസൂത്രണം നടത്തുക ഏറെ ബുദ്ധിമുട്ടുള്ള ഒന്നാണെന്നാണ് പലരുടെയും അഭിപ്രായം തങ്ങളുടെ സാമ്പത്തിക സാഹചര്യങ്ങളെക്കുറിച്ച് യാഥാര്‍ഥ്യബോധത്തോടെയുള്ള ചിത്രമുണ്ടാക്കുകയും ലഭ്യമായ അവസരങ്ങളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും അവബോധം ഉണ്ടാക്കുകയും ചെയ്താല്‍ സാമ്പത്തികാസൂത്രണം താരതമ്യേന എളുപ്പമാകും.
ഇതിനിടെ വിശകലനംചെയ്യേണ്ട മറ്റൊരു സാഹചര്യമുണ്ട്. തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാനാകുംവിധം വരുമാനം ഉണ്ടാക്കുകയും നിക്ഷേപങ്ങള്‍ നടത്തുകയും ചെയ്യുന്നവരുണ്ടാകും. സ്ഥിര നിക്ഷേപങ്ങള്‍, ഓഹരികള്‍, സ്ഥലം തുടങ്ങിയവയിലാകും ഈ നിക്ഷേപങ്ങളില്‍ പലതും. ഇവിടെ ശ്രദ്ധേയമായൊരു വസ്തുത, പലരുടെയും നിക്ഷേപങ്ങള്‍ ഹ്രസ്വകാല ലക്ഷ്യങ്ങളോടും കാഴ്ചപ്പാടോടുംകൂടിയാകും. 30–35 വര്‍ഷത്തോളം വരുമാനം ഉണ്ടാക്കിയശേഷം പിന്നീടുള്ള 25–30 വര്‍ഷങ്ങളിലെ ചെലവുകള്‍ നേരിടുന്നതിനെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കാറുണ്ടോ? പഴയ കാലത്ത് ഇതെല്ലാം മക്കള്‍ നോക്കിക്കോളും എന്ന ചിന്താഗതിയായിരുന്നു. എന്നാല്‍ അണുകുടുംബങ്ങളുടെ ഇക്കാലത്ത് ഇത് അത്ര പ്രായോഗികമല്ല. ചെലവുകളാണെങ്കില്‍ കുതിച്ചുയര്‍ന്നുകൊണ്ടുമിരിക്കുന്നു. ജോലിയില്‍നിന്നു വിരമിച്ചശേഷമുള്ള കാലത്തെക്കുറിച്ച് വളരെ നേരത്തെത്തന്നെ ആസൂത്രണം നടത്തേണ്ടതിന്റെ ആവശ്യകതയാണ് ഇവയെല്ലാം ചൂണ്ടിക്കാട്ടുന്നത്.
സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കെതിരെ നിങ്ങളുടെ കുടുംബത്തിന് നിങ്ങള്‍ സംരക്ഷണം നല്‍കിയിട്ടുണ്ടോ എന്നത് ഇവിടെ ഏറെ പ്രസക്തമാണ്. നിങ്ങള്‍ നടത്തിയ നിക്ഷേപങ്ങള്‍ അവയില്‍നിന്ന് വരുമാനം നല്‍കിയേക്കും. എന്നാല്‍ എന്തെങ്കിലുമൊരു അത്യാഹിതം സംഭവിച്ചാല്‍ കുടുംബത്തിന് നിലവിലുള്ള നിലയിലെ വരുമാനം തുടര്‍ന്നും ലഭിക്കുന്നുവെന്ന് എങ്ങിനെ ഉറപ്പാക്കാനാവും? ഇതോടൊപ്പംതന്നെ ഉയരുന്ന മറ്റൊരു ചോദ്യമാണ് നിങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസവും വിവാഹവും സംബന്ധിച്ച ആവശ്യങ്ങള്‍. ഇതിനു വേണ്ടിവരുന്ന വന്‍ തുകകള്‍ കണ്ടെത്താനായുള്ള എന്തെങ്കിലും ആസൂത്രണം നടത്തിയിട്ടുണ്ടോ എന്നതും വിലയിരുത്തേണ്ടതുണ്ട്. വരുന്ന 10–15 വര്‍ഷംകൊണ്ട് കൃത്യതയോടെ നിക്ഷേപം നടത്തി ഇവയ്ക്കുള്ള പണം കണ്ടെത്താനാവുമോ? ഇവയ്ക്കെല്ലാം മികച്ച മാര്‍ഗമെന്ന നിലയില്‍ ലൈഫ് ഇന്‍ഷുറന്‍സ് പ്രയോജനപ്പെടുത്താനാവും.
ഇത്തരം തീരുമാനങ്ങളെല്ലാം കൈക്കൊള്ളുന്നതിനു മുന്നോടിയായി നിങ്ങളുടെ സാമ്പത്തികസ്ഥിതിയെയും സാഹചര്യത്തെയും കുറിച്ച് യാഥാര്‍ഥ്യബോധത്തോടെയുള്ള കാഴ്ചപ്പാടുണ്ടാകണം. നിങ്ങളുടെ വരുമാനം ഏതുരീതിയിലുള്ളതാണ് എന്നതാണ് ആദ്യം വിലയിരുത്തേണ്ടത്. അത് ഓരോ തവണയും മാറിക്കൊണ്ടിരിക്കുന്നതാണോ അതോ സ്ഥിരതയോടെ തുടര്‍ച്ചയായുള്ളതാണോ? ഇതിനുശേഷം വിലയിരുത്തേണ്ടത് നിങ്ങളുടെ സമ്പാദ്യത്തെക്കുറിച്ചാണ്. അത് സ്ഥിരതയും കൃത്യതയും ഉള്ളതാണോ, അല്ലെങ്കില്‍ ഓരോ മാസത്തിന്റെയും അവസാനമെത്തുമ്പോള്‍ പണമില്ലാതെ ബുദ്ധിമുട്ടുന്ന അവസ്ഥയിലാണോ നിങ്ങള്‍ തുടങ്ങിയവ മനസ്സിലാക്കേണ്ടത് ഇവിടെ അത്യാവശ്യമാണ്.
ഓഹരി, കടപ്പത്ര വിപണികളെക്കുറിച്ച് നിങ്ങള്‍ക്കുള്ള ഗ്രാഹ്യം എങ്ങിനെയാണ്? അതേക്കുറിച്ചു മനസ്സിലാക്കാന്‍ കഴിവുള്ള വ്യക്തിയാണോ നിങ്ങള്‍. അതിനനുസരിച്ച് ഫണ്ടുകള്‍ കൈകാര്യംചെയ്യാനുള്ള കഴിവും സമയവും ഉണ്ടോ? അതോ ഇതിനായുള്ള ഗവേഷണങ്ങള്‍ നടത്താന്‍ മടിയോ സമയക്കുറവോ ഉള്ളയാളാണോ നിങ്ങള്‍? ഇവ വിലയിരുത്തിയാകണം നിങ്ങളുടെ സാമ്പത്തിക ചിത്രം തയ്യാറാക്കേണ്ടത്.
ഇതിനുശേഷം വേണ്ടത് നിങ്ങളുടെ ആവശ്യങ്ങള്‍ കണ്ടെത്തുക എന്നതാണ്. അതിനു സഹായിക്കുന്ന ചില ലളിതമായ ചോദ്യങ്ങളുണ്ട്. നിങ്ങളുടെ ആശ്രിതര്‍ എത്രപേരുണ്ട്, എന്തൊക്കെ വലിയ ചെലവുകളാണ് നിങ്ങള്‍ സമീപഭാവിയില്‍ പ്രതീക്ഷിക്കുന്നത് എന്നിവയ്ക്ക് ഉത്തരംകണ്ടെത്തണം. വീടുവാങ്ങല്‍പോലുള്ള ലക്ഷ്യങ്ങളുണ്ടെങ്കില്‍ അവയെല്ലാം ഇവിടെ കണക്കിലെടുക്കാം. അടുത്തത് കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള ചെലവുകളെക്കുറിച്ചുള്ള ധാരണയാണ്. കുട്ടികളുടെ വിവാഹവുമായി ബന്ധപ്പെട്ട ചെലവുകള്‍, പ്രായമായ മാതാപിതാക്കള്‍ക്കുവേണ്ടിയുള്ള ആവശ്യങ്ങള്‍, അവരുടെ വൈദ്യസഹായ ചെലവുകള്‍ തുടങ്ങിയവയും ഇവിടെ വിലയിരുത്തണം.
എപ്പോഴാണ് നിങ്ങള്‍ ജോലിയില്‍നിന്നു വിരമിക്കുന്നത് എന്നതാണ് ഇവിടെ വിലയിരുത്തേണ്ട അടുത്ത ചോദ്യം. ഇതിനുശേഷമുള്ള ചെലവുകള്‍ നേരിടാനായുള്ള പണം നിങ്ങള്‍ക്കുണ്ടോ? നിലവിലുള്ള ജീവിതനിലവാരം തുടര്‍ന്നുപോകാനായി വിരമിച്ചശേഷം പ്രതിമാസം എത്ര തുക വേണം എന്നതും കണക്കാക്കണം.
നിനച്ചിരിക്കാത്ത ചെലവുകള്‍ നേരിടാനുള്ള മാര്‍ഗം നിങ്ങള്‍ക്കു മുന്നിലുണ്ടോ എന്നതാണ് അടുത്ത ചോദ്യം. അപ്രതീക്ഷിത വൈദ്യ ചെലവുകള്‍ നിങ്ങള്‍ എങ്ങിനെ നേരിടും? ഇവയെല്ലാം വിലയിരുത്തിയാല്‍ നിങ്ങള്‍ക്കുതന്നെ നിങ്ങളുടെ സാമ്പത്തിക ചിത്രം തയ്യാറാക്കാനാവും. അത്തരമൊരു സാമ്പത്തിക ചിത്രം സമാനമായ മറ്റുള്ളവരുടേതുപോലെ ആകുകയില്ല. നിങ്ങളുടെ മാത്രമായ സവിശേഷമായ സാമ്പത്തിക ചിത്രമാകും ഇതിലൂടെ തയ്യാറാക്കാനാവുക. ഇതിന്റെ സഹായത്തോടെ നിങ്ങളുടെ ആവശ്യങ്ങള്‍ക്കനുസൃതമായ സാമ്പത്തിക പരിഹാരങ്ങള്‍ കണ്ടെത്താനാവും.
കടപ്പാട് :ആര്‍ എം വിശാഖ
അവസാനം പരിഷ്കരിച്ചത് : 2/15/2020
ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതികള്‍
വിവിധ കാര്‍ഷിക ഇന്‍ഷ്വറന്‍സ് പദ്ധതികളെ പറ്റി വിവര...