অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വെപ്പുപല്ലുകളും നൂതന മാര്‍ഗ്ഗങ്ങളും

ആമുഖം

അത്യാധുനിക ഇമ്മീഡിയേറ്റ് ലോഡിംഗ് ചികിത്സ ഉപയോഗിച്ച് ഏതാനും മണിക്കൂര്‍ സമയംകൊണ്ട് ഡെന്‍റല്‍ ഇംപ്ലാന്‍റോളജിസ്റ്റ് നിങ്ങള്‍ക്ക് ഉറപ്പുള്ള പല്ലുകള്‍ നല്‍കും.

പ്രായത്തോടൊപ്പം പല്ലുകളും കൊഴിഞ്ഞുപോകുമെന്നുള്ള ഒരു തെറ്റിധാരണ പരക്കെ നിലനില്‍ക്കുന്നുണ്ട്. വാര്‍ധക്യത്തിലെ പല്ലുകൊഴിച്ചില്‍ അനിവാര്യമായ ഒരു ജീവിതസത്യമായി കണക്കാക്കപ്പെടുന്നു, യഥാര്‍ത്ഥത്തില്‍, പല്ലുകൊഴിച്ചിലിന്‍റെ ശരിയായ കാരണം പ്രായമേറുന്നതല്ല. മറിച്ച്, പല്ലുകള്‍ക്കു സംഭവിക്കുന്ന ക്ഷയം, മോണവീക്കം തുടങ്ങിയ രോഗകാരണങ്ങളാണതിനു കാരണമാകുന്നത്. കൃത്യസമയത്തു ചികിത്സ നല്‍കാതിരുന്നാല്‍ ഈ രോഗങ്ങള്‍ ദന്തനാശത്തിനു കാരണമാകുകയും വ്യക്തിയുടെ ആരോഗ്യത്തെ തന്നെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇക്കാരണത്താല്‍, ദന്തപരിപാലനത്തിലെ പ്രധാന ഘടകം ദന്തങ്ങളുടെ ആരോഗ്യവും ശുചിത്വവും നന്നായി സംരക്ഷിക്കുക എന്നതാണ്.

ഏതെങ്കിലും കാരണങ്ങളാല്‍ പല്ലുകള്‍ നഷ്ടമാകുന്നപക്ഷം ചവയ്ക്കല്‍ പ്രക്രിയയുടെ സന്തുലിതാവസ്ഥ നഷ്ടമാകുകയും ബാക്കിയുള്ള പല്ലുകളേയും മോണയേയും താടിയെല്ലുകളേയും പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. കുറെ കഴിയുമ്പോള്‍, നഷ്ടപ്പെട്ട പല്ലുകള്‍ മൂലം താടിയെല്ലിന്‍റെ രൂപത്തിനു ഹാനി സംഭവിക്കുകയും കവിളും മുഖവും ചുരുങ്ങി വികലമായി പ്രായം തോന്നിക്കുകയും ചെയ്യുന്നു. പല്ലുകളുടെ അഭാവംമൂലം ചവയ്ക്കലും ഭക്ഷണം കഴിക്കലും പ്രയാസമേറിയതായിത്തീരുകയും പോഷകാഹാരക്കുറവുമൂലം വേഗത്തില്‍ വാര്‍ധക്യത്തിനു കീഴ്പ്പെടുകയും ചെയ്യുന്നു. അതിനാല്‍, പലവിധ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ കൊഴിഞ്ഞ പല്ലിനു പകരം എത്രയും പെട്ടെന്ന് പുതിയ പല്ല് വച്ചുപിടിപ്പിക്കണം.

കൊഴിഞ്ഞ പല്ലിനു പകരം പുതിയ പല്ല്

നഷ്ടപ്പെട്ട പല്ല് രണ്ടുവിധത്തില്‍ മാറ്റിവയ്ക്കാവുന്നതാണ്. ഊരിയെടുക്കാവുന്ന തരത്തിലുള്ള വെപ്പുപല്ലുകള്‍ വഴിയും, ഉറപ്പിച്ചുവയ്ക്കാവുന്ന ഫിക്സഡ് പ്രോസ്തസിസ് വഴിയും. മാറ്റിവെയ്ക്കേണ്ട പല്ലുകളുടെ എണ്ണമനുസരിച്ച് വെപ്പു പല്ലുകള്‍ പൂര്‍ണമായതോ ഭാഗികമായതോ ആകാം. പല്ലുകള്‍ നഷ്ടപ്പെട്ട അനേകായിരം പേര്‍ക്കു വെപ്പുപല്ലുകള്‍ അനുഗ്രഹമായിട്ടുണ്ട്. അനേകം ദശാബ്ദങ്ങളായി ഇതു മാത്രമായിരുന്നു അതിനു ഏക പോംവഴി.

വെപ്പുപല്ലുകളുടെ ന്യൂനതകള്‍

നൂതന സാങ്കേതികതയുടെ സഹായത്താല്‍ സമീപകാലത്ത് വെപ്പുപല്ലുകള്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് രോഗികള്‍ക്കു കൂടുതല്‍ സൗകര്യപ്രദമായി തീര്‍ന്നിട്ടുണ്ടെങ്കിലും പലവിധ കാരണങ്ങളാല്‍ ഈരിയെടുക്കാവുന്ന തരത്തിലുള്ള വെപ്പുപല്ലുകളില്‍ പലരും തൃപ്തരല്ലെന്നതിനു ചില കാരണങ്ങള്‍ താഴെപ്പറയുന്നു:

* ചവയ്ക്കാന്‍ ഇതുവഴി ഏറെ പ്രയാസം നേരിടുന്നു. (യഥാര്‍ഥ പല്ലുകള്‍ നല്‍കുന്ന സൗകര്യത്തിന്‍റെ പകുതിയില്‍ താഴെ മാത്രമേ ചവയ്ക്കലിനു വെപ്പുപല്ലുകള്‍ സഹായകമാകൂ). രുചിയും ഊഷ്മാവും വ്യത്യസ്തമായി അനുഭവപ്പെടുകയും ഭക്ഷണത്തിന്‍റെ ആസ്വാദ്യത കുറയുകയും ചെയ്യുന്നു.

* ദുഷിച്ച ശ്വാസം, സംസാരിക്കുന്നതിനുള്ള പ്രയാസം.... പ്രത്യേകിച്ച് ആദ്യമായി ഉപയോഗിക്കുന്നവരില്‍ അസുഖകരമായ ശബ്ദങ്ങള്‍ ഉപയോക്താവിനു അലോരസമുണ്ടാക്കുംവിധമുള്ള ശബ്ദങ്ങള്‍ക്കു വെപ്പു പല്ലുകള്‍ കാരണമാകും.

* ചവയ്ക്കുന്നതിനുള്ള പ്രയാസംമൂലം ഭക്ഷണം കഴിക്കുന്നതിനെ ബാധിക്കുകയും അതുവഴി പോഷകാഹാരക്കുറവ് സംഭവിക്കുകയും ചെയ്യുന്നു. അതിന്‍റെ ഫലമായി ആരോഗ്യം കുറയുന്നു. അളവ് തെറ്റിയതും, ന്യൂനതകളുള്ളതുമായ വെപ്പു പല്ലുകള്‍ ഉപയോക്താവിന്‍റെ ദൈനംദിന പ്രവര്‍ത്തികള്‍ക്ക് തടസം സൃഷ്ടിക്കുന്നു. സമൂഹത്തെ അഭിമുഖീകരിക്കുന്നതിനും, ശാരീരിക- കായിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നതിനും അവര്‍ക്കു തടസം അനുഭവപ്പെടുന്നു. വ്യക്തിബന്ധങ്ങളെപ്പോലും അതു പ്രതികൂലമായി ബാധിക്കുന്നു. പല്ലുകള്‍ ഉറപ്പിക്കാന്‍ ഉപയോഗിക്കുന്ന പശകള്‍ പലപ്പോഴും ഉപകാരത്തേക്കാള്‍ ദോഷമാണ് ഉളവാക്കുന്നത്.

* താടിയെല്ലുകള്‍ ചുരുങ്ങി ക്രമേണ വെപ്പുപല്ലുകള്‍ ചേരാതെ വരുന്നതു തടയാന്‍ മാര്‍ഗമില്ല. തത്ഫലമായി മുഖത്തിനു വൈരൂപ്യം സംഭവിക്കുകയും  പ്രായമേറിയ പ്രതീതി ജനിപ്പിക്കുകയും ചെയ്യുന്നു. അപൂര്‍വം ചില സന്ദര്‍ഭങ്ങളില്‍, രോഗികളുടെ മുഖം ചുരുങ്ങി വികൃതമാകുകയും തുടര്‍ന്നു വെപ്പുപല്ല് ഉപയോഗിക്കാനാവാത്ത വിധമാകുകയും ചെയ്യുന്നു.

* ഫിക്സ് ചെയ്ത കൃത്രിമ ദന്തങ്ങളെ അപേക്ഷിച്ചു വെപ്പുപല്ലുകള്‍ക്കുള്ള ഏക മേന്മ അവയ്ക്കു ചിലവു കുറവാണെന്നുള്ളതാണ്. എന്നാല്‍ അത്യാധുനിക സാങ്കേതികതയുപയോഗിച്ച് നിര്‍മിച്ച ഏറ്റവും മികച്ച വെപ്പുപല്ലുകള്‍ക്കുപോലും ഫിക്സ് ചെയ്ത ദന്തങ്ങള്‍ നല്‍കുന്ന സുഖവും സൗകര്യവും നല്‍കാനാവില്ല.

ആധുനിക ഇമ്മീഡിയറ്റ് ലോഡിംഗ് ചികിത്സ

വെപ്പുപല്ലുകളും നൂതന മാര്‍ഗങ്ങളും

ഇമ്മീഡിയറ്റ് ലോഡിംഗ് എന്നാല്‍ ഇംപ്ലാന്‍റ് ചെയ്തതിനുശേഷം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പല്ല് ഉറപ്പിക്കുവാന്‍ സാധിക്കുന്നു എന്നുള്ളതാണ്. ആധുനിക ഇമ്മീഡിയറ്റ് ലോഡിംഗ് ഇംപ്ലാന്‍റ് ചികിത്സയുടെ മേന്മകള്‍ അനവധിയാണ്. വളരെ മോശപ്പെട്ട ദന്തരോഗ അവസ്ഥകളില്‍പോലും പല്ലുകള്‍ എടുത്ത ഉടനെ ഇംപ്ലാന്‍റ് ഘടിപ്പിക്കുവാന്‍ സാധിക്കുന്നു. പലപ്പോഴും ബോണ്‍ ഗ്രാഫ്റ്റിംഗ് മുതലായ സങ്കീര്‍ണ ചികിത്സകള്‍ ഇല്ലാതെതന്നെ എല്ലുകള്‍ തീരെ കുറവുള്ള അവസ്ഥകളില്‍വരെ ഇംപ്ലാന്‍റ് ചെയ്യുവാന്‍ സാധിക്കുന്നു. തുറന്ന ശസ്ത്രക്രിയകള്‍ക്കുപകരം കീഹോള്‍ ശസ്ത്രക്രിയയിലൂടെ ഇംപ്ലാന്‍റ് ചെയ്യുന്നതിനാല്‍ പാര്‍ശ്വഫലങ്ങള്‍ കുറയുന്നു. പെരി ഇംപ്ലാന്‍റ് ഐറ്റിസ് എന്ന അവസ്ഥ മൂലം ഇംപ്ലാന്‍റുകള്‍ പരാജയപ്പെടുന്ന സാഹചര്യം ഈ ആധുനിക ചികിത്സാ സമ്പ്രദായത്തില്‍ വളരെ വിരളമാണ്. താടിയെല്ലിന്‍റെ ബലമേറിയ ഭാഗമായ ബേസല്‍ ബോണല്‍ ഇംപ്ലാന്‍റ് ഘടിപ്പിക്കുന്നതിനാല്‍ വളരെയധികം മേന്മകള്‍ ഈ ചികിത്സാ സമ്പ്രദായത്തിനുണ്ട്.

ഫിക്സ് ചെയ്ത പല്ലുകളുടെ മേന്മകള്‍

* ഉപയോഗംകൊണ്ടും, സൗന്ദര്യപരമായും, മാനസീകമായും സ്വാഭാവിക ദന്തങ്ങള്‍ പോലെ തന്നെ അനുഭവപ്പെടുന്നു.

* സ്വാഭാവിക ദന്തങ്ങള്‍കൊണ്ടന്നതുപോലെ അനായാസമായി ചവയ്ക്കാന്‍ കഴിയുന്നു. ഭക്ഷണത്തിന്‍റെ രുചിയും ഊഷ്മാവും കൃത്യമായി അനുഭവപ്പെടുന്നു. രോഗികള്‍ക്കു രുചികള്‍ നന്നായി ആസ്വദിക്കാന്‍ കഴിയുന്നു.

കൃത്രിമ ദന്തം ഉറപ്പിച്ചുനിര്‍ത്താന്‍ ഉപയോഗിക്കുന്ന ഡെന്‍റല്‍ ഇംപ്ലാന്‍റുകള്‍ എല്ലിന്‍റെ തേയ്മാനം തടയുകയും മുഖത്തിന്‍റെ രൂപഭംഗി സംരക്ഷിച്ച് ഫേഷ്യല്‍ കൊളാപ്സും പ്രായമേറുന്ന പ്രതീതിയും ഒഴിവാക്കുന്നു.

മോണകളിലെ രക്തസ്രാവം, ദന്തത്തിലെ പഴുപ്പുകള്‍, വായ്ുണ്ണുകള്‍, ദുഷിച്ച ശ്വാസം എന്നിവ ഇല്ലാതാക്കുന്നു. ആരോഗ്യമുള്ളവരും പ്രായമേറിയവരുമായ ദമ്പതികളില്‍ ലൈംഗികബന്ധം ഉള്‍പ്പെടെയുള്ള വ്യക്തിബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നു. പ്രായം കുറഞ്ഞതായും സമൂഹത്തില്‍ അംഗീകരിക്കപ്പെടുന്നതായും ഉപയോക്താവിന് അനുഭവപ്പെടുന്നു. കായിക പ്രവര്‍ത്തനങ്ങളില്‍ കാര്യക്ഷമമായി പങ്കെടുക്കാന്‍ സാധിക്കുകയും ആരോഗ്യം അനുഭവപ്പെടുകയും ചെയ്യുന്നു.

ക്രൗണ്‍, ബ്രിഡ്ജസ്, ഡെന്‍റല്‍ ഇംപ്ലാന്‍റ് തുടങ്ങിയ ആധുനിക ദന്തചികിത്സകളുടെ വിപ്ലവകരമായ പുതിയ സാധ്യതകള്‍ വേദനാജനകമായതും കൃത്യതയില്ലാത്തതുമായ വെപ്പുപല്ലുകളുടെ പ്രശ്നം പരിഹരിക്കാന്‍ സഹായകരമാകുന്നു.

നിങ്ങളുടെ യഥാര്‍ത്ഥ പല്ലുകള്‍ കഴിഞ്ഞാല്‍ ഏറ്റവും മികച്ച പരിഹാരമാണ് ഡെന്‍റല്‍ ഇംപ്ലാന്‍റ്. അത്യാധുനികമായ ഇമ്മീഡിയേറ്റ് ലോഡിംഗ് ചികിത്സ ഉപയോഗിച്ച് ഏതാനും മണിക്കൂര്‍ സമയംകൊണ്ട് ഡെന്‍റല്‍ ഇംപ്ലാന്‍റോളജിസ്റ്റ് നിങ്ങള്‍ക്കു ഉറപ്പുള്ള പുതിയ പല്ലുകള്‍ നല്‍കും

കടപ്പാട് :

ഡോ. പ്രശാന്ത് പിള്ള

ഓറോ- മാക്സിലോഫേഷ്യല്‍ സര്‍ജന്‍ & ഇംപ്ലാന്‍റോളജിസ്റ്റ്,

ദി സ്മൈല്‍ സെന്‍റര്‍.ഇന്‍, എറണാകുളം

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate