অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ദന്തരോഗങ്ങളും സംരക്ഷണവും

ദന്തരോഗങ്ങളും സംരക്ഷണവും

  1. ദന്തരോഗങ്ങള്‍
  2. പ്രധാന ദന്തരോഗങ്ങളും അവയുടെ ചികിത്സാരീതികളും
  3. മോണരോഗങ്ങള്‍ (Periodontal diseases)
  4. വായ്പ്പുണ്ണ്
  5. വായ്നാറ്റം
  6. നാവിനുണ്ടാകുന്ന രോഗങ്ങള്‍
  7. സന്ധിവേദന
  8. ഉമിനീര്‍ഗ്രന്ഥികള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍
  9. സിസ്റ്റുകളും (cysts) മുഴകളും (tumours)
  10. ജന്മവൈകല്യങ്ങളും ജനിതക വൈകല്യങ്ങളും
  11. ഉന്തിയ പല്ലുകളും മറ്റു ദന്തവൈകല്യങ്ങളും
  12. കൃത്രിമ ദന്തങ്ങള്‍ (denture)
  13. ഓര്‍ത്തോഡോണ്‍ഷ്യ (Orthodontia)
  14. ദന്തസംരക്ഷണം
  15. ഗര്‍ഭിണികളുടെയും പാലൂട്ടുന്നവരുടെയും ദന്തസംരക്ഷണം
  16. ദന്തസംരക്ഷണം - ശൈശവത്തില്‍
  17. ദന്താരോഗ്യം കുട്ടികളില്‍
  18. ദന്തസംരക്ഷണം ബാല്യത്തിലും യൗവനത്തിലും
  19. ദന്തസംരക്ഷണം - വാര്‍ധക്യത്തില്‍
  20. ആഹാരക്രമം
  21. ദന്തധാവനം
  22. ദന്തസംരക്ഷണം പ്രായത്തിനനുസരിച്ച്‌‍
  23. ആറാം വയസിലെ അണപ്പല്ല് പറിച്ചുകളയരുത്

ദന്തരോഗങ്ങള്‍

ജനിതകമോ ആര്‍ജിതമോ ആയി ദന്തങ്ങള്‍ക്കും അനുബന്ധ ഘടനകള്‍ക്കും ഉണ്ടാകുന്ന വൈകല്യങ്ങളും രോഗങ്ങളും. സമീപകാലത്ത് ദന്തചികിത്സാരംഗത്ത് വളരെയധികം പുരോഗതി ഉണ്ടായിട്ടുണ്ട്. ശാസ്ത്രത്തിന്റെ എല്ലാ മേഖലകളിലും ഉള്ള പ്രയോജന പ്രദമായ പല കണ്ടുപിടിത്തങ്ങളും ദന്തചികിത്സയ്ക്കായി ഉപയോഗപ്പെടുത്തിവരുന്നു. എക്സ് റേ ഉപയോഗപ്പെടുത്തിയും ഇമേജിങ് വഴിയും സൂക്ഷ്മാണുശാസ്ത്രത്തിലെ കണ്ടുപിടിത്തങ്ങളിലൂടെയും ദന്തരോഗങ്ങളുടെ കാരണങ്ങള്‍ കണ്ടുപിടിക്കാനും ഫലപ്രദമായ ചികിത്സ നല്കാനും കഴിഞ്ഞിട്ടുണ്ട്. അക്രിലിക് പ്ലാസ്റ്റിക്കുകള്‍, കോംപസിറ്റ് റെസിനുകള്‍, ഗ്ളാസ് അയണോമര്‍, ടൈറ്റാനിയം എന്നിവ ദന്തചികിത്സയ്ക്ക് ഫലപ്രദമായി ഉപയോഗിച്ചുവരുന്നു. പല്ലിന്റെ ദ്രവിച്ച ഭാഗങ്ങളും എല്ലും എടുത്തുകളയാന്‍ വൈദ്യുതി ഉപയോഗിച്ചുള്ള പരമ്പരാഗത തുരപ്പുപ്രക്രിയയ്ക്കു പകരം വായുവിന്റെ മര്‍ദം കൊണ്ട് മിനിറ്റില്‍ രണ്ടുലക്ഷം മുതല്‍ നാലുലക്ഷം വരെ പ്രാവശ്യം കറങ്ങുന്ന വജ്രംകൊണ്ടു പൊതിഞ്ഞ ചെറിയ ഡ്രില്ലുകള്‍ (burs) ഉപയോഗത്തില്‍ വന്നിട്ടുണ്ട്.

രോഗിയുടെ പൊതുവായ ആരോഗ്യസ്ഥിതിയെക്കുറിച്ച് ദന്തഡോക്ടര്‍ക്ക് അറിവുണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഹൃദയസംബന്ധമായ രോഗങ്ങള്‍, ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, പിള്ളവാതം, സന്ധിവാതം, ആസ്ത്മ, ത്വഗ്രോഗങ്ങള്‍, വൃക്ക രോഗങ്ങള്‍, കരള്‍ രോഗങ്ങള്‍, മഞ്ഞപ്പിത്തം, ക്ഷയം, ലൈംഗിക രോഗങ്ങള്‍, പ്രതിരോധശേഷി ഇല്ലാതാക്കുന്ന രോഗങ്ങള്‍, ചുഴലി എന്നിവയുള്ള രോഗിയാണോ എന്നത് പ്രത്യേകമായി പരിഗണിക്കേണ്ടതാണ്. രക്തസ്രാവം ത്വരിപ്പിക്കുന്ന ഔഷധങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ എന്നതും പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്. രോഗിക്ക് അലര്‍ജി ഉണ്ടാക്കുന്ന ഔഷധങ്ങളെക്കുറിച്ചും ധാരണ ഉണ്ടായിരിക്കണം. അപകടസാധ്യതയുള്ള രോഗികളെ ചികിത്സിക്കുമ്പോള്‍ മറ്റു രോഗങ്ങള്‍ക്ക് അടിയന്തര വൈദ്യസഹായത്തിനുള്ള നടപടികള്‍ കൈക്കൊണ്ടിരിക്കേണ്ടതാണ്. ബോധക്ഷയം, ഹൃദയാഘാതം, അലര്‍ജി എന്നിവ ദന്തചികിത്സയ്ക്കിടയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അത്യാഹിതങ്ങളാണ്. അതിനാല്‍ ഓക്സിജന്‍ നല്കുന്നതിനും ഡ്രിപ്പ് കൊടുക്കുന്നതിനും മറ്റും ഉള്ള സൌകര്യം ഉണ്ടായിരിക്കണം. കൂടാതെ അടിയന്തര സാഹചര്യങ്ങളില്‍ ജീവന്‍രക്ഷാ ഔഷധങ്ങളായ അഡ്രിനാലിന്‍, അലര്‍ജി പ്രതിരോധ മരുന്നുകള്‍, സോര്‍ബിട്രേറ്റ്, കോര്‍ട്ടിക്കോസ്റ്റിറോയിഡ് എന്നിവ ഉപയോഗിച്ച് ചികിത്സ നടത്തുവാന്‍ ദന്തചികിത്സകന്‍ പ്രാപ്തനായിരിക്കണം.

പ്രധാന ദന്തരോഗങ്ങളും അവയുടെ ചികിത്സാരീതികളും

ദന്തക്ഷയവും തേയ്മാനവും

ദന്തക്ഷയം

കുട്ടികള്‍ക്ക് 6 മാസം പ്രായമാകുമ്പോള്‍ മുതല്‍ രണ്ടര വയസ്സുവരെ മുളയ്ക്കുന്ന പാല്‍പ്പല്ലുകളിലുള്‍പ്പെടെ എല്ലാ പ്രായക്കാരിലും ഉണ്ടാകുന്ന ഒരു രോഗമാണ് ദന്തക്ഷയം (dental caries). പല്ലുകളുടെ പ്രതലത്തില്‍ ചാരനിറത്തിലോ കറുപ്പുനിറത്തിലോ ഇളം നീലനിറത്തിലോ കാണപ്പെടുന്ന പാടുകള്‍ ക്രമേണ ചെറിയ കുഴികളോ പോടുകളോ ആയി മാറുന്നു. ഈ പോടുകളില്‍ ആഹാരസാധനങ്ങള്‍ അടിഞ്ഞുകൂടിയിരിക്കും. ഈ അവസ്ഥയില്‍ തണുത്ത വെള്ളമോ മധുരമോ ഉപയോഗിക്കുമ്പോള്‍ ചെറിയ പുളിപ്പ് അനുഭവപ്പെടും. ഈ പോടുകള്‍ക്ക് ആഴവും പരപ്പും ക്രമേണ വര്‍ധിക്കുന്നതോടെ പല്ലിന്റെ ഭാഗങ്ങള്‍ പൊട്ടിപ്പോകുന്നു. ദന്തശീര്‍ഷത്തിന്റെ ഇനാമലും ഡെന്റിനും കഴിഞ്ഞ് പല്ലിനുള്ളിലെ മൃദുകലയായ പള്‍പ്പിനെ ബാധിക്കുന്നതോടെ വേദന തോന്നിത്തുടങ്ങുന്നു.

വായ്ക്കുള്ളിലെ സൂക്ഷ്മാണുക്കളാണ് ദന്തക്ഷയത്തിനു കാരണമാകുന്നത്. സ്ട്രെപ്റ്റോകോക്കസ് മ്യൂട്ടന്‍സ് (Streptococcus mutans) പോലെയുള്ള ബാക്റ്റീരിയങ്ങള്‍ സുക്രോസ്, ഗ്ളുക്കോസ് തുടങ്ങിയ അന്നജങ്ങളുമായി ജീവസന്ധാരണത്തിനുള്ള രാസപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ചില അമ്ളങ്ങള്‍ - ബ്യൂട്ടറിക്, ലാക്റ്റിക്, ഫോര്‍മിക് അമ്ളങ്ങള്‍ - ഉണ്ടാകുന്നു. കൂടാതെ, അണുക്കള്‍ക്ക് വംശവര്‍ധന നടത്താനും കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും സഹായകമാകുന്ന വിധത്തിലുള്ള ഒരു പാട പല്ലിന്റെ പ്രതലത്തില്‍ പിടിക്കുകയും ചെയ്യുന്നു. അന്നജത്തിന്റെ ലഘു ഘടകങ്ങളും ലക്ഷക്കണക്കിന് അണുക്കളും ഉമിനീര് ഉണങ്ങുമ്പോള്‍ ശേഷിക്കുന്ന ഒട്ടുന്ന അവശിഷ്ടവും ചേര്‍ന്നാണ് ദന്തല്‍ പ്ലാക്ക് എന്ന ഈ പാട ഉണ്ടാകുന്നത്. ബാക്റ്റീരിയങ്ങള്‍ അന്നജവുമായി പ്രതിപ്രവര്‍ത്തിച്ചുണ്ടാകുന്ന അമ്ലങ്ങള്‍ പല്ലിനെ ദ്രവിപ്പിച്ച് സുഷിരങ്ങള്‍ ഉണ്ടാക്കുന്നു. പ്ലാക്കിനടിയില്‍ ഉണ്ടാകുന്ന അമ്ലങ്ങള്‍ക്ക് ഉമിനീരുമായി കലര്‍ന്ന് സാന്ദ്രത കുറയാനുള്ള സാഹചര്യം ഇല്ലാത്തതിനാല്‍ പല്ലിന്റെ പ്രതലത്തില്‍ ജന്മനാ സുഷിരങ്ങളോ വിള്ളലുകളോ (developmental pits and fissures) ഉണ്ടെങ്കില്‍ അണുക്കള്‍ക്ക് അതിനുള്ളിലിരുന്ന് അമ്ളങ്ങളുണ്ടാക്കി പല്ലിനെ ദ്രവിപ്പിക്കാന്‍ എളുപ്പമാണ്. സുഷിരങ്ങള്‍ ഉണ്ടായിക്കഴിഞ്ഞാല്‍ 2-3 ആഴ്ചകള്‍ക്കകംതന്നെ അണുക്കള്‍ പള്‍പ്പില്‍ എത്തിച്ചേരാനിടയുണ്ട്.

പല്ലുകളുടെ തേയ്മാനം

ഘര്‍ഷണം (attrition), പോറല്‍ (abrasion), ദ്രവീകരണം (erosion) എന്നീ കാരണങ്ങള്‍മൂലം പല്ലുകള്‍ക്ക് തേയ്മാനം ഉണ്ടാകുന്നു. പല്ലുകള്‍ നിരന്തരമായി കൂട്ടിമുട്ടിയുണ്ടാകുന്ന ഘര്‍ഷണം തേയ്മാനത്തിനു കാരണമാകുന്നു. പല്ലുകള്‍ തമ്മില്‍ മുട്ടുന്ന ഭാഗങ്ങള്‍ ഇത്തരത്തില്‍ തേഞ്ഞ് ഇനാമലും തുടര്‍ന്ന് ഡെന്റിനും തേയുന്നു. തേയ്മാനം പള്‍പ്പിലെത്തുന്നതോടെ വേദന ആരംഭിക്കുന്നു. ഇതിനു മുമ്പുതന്നെ അനുഭവപ്പെട്ടു തുടങ്ങുന്ന പുളിപ്പ് ക്രമേണ വര്‍ധിതമാവുകയും ചെയ്യുന്നു. ബ്രക്സിസം Bruxism) അഥവാ പല്ലുകടി എന്ന സ്വഭാവവൈകല്യമുള്ളവരുടെ പല്ലുകള്‍ പെട്ടന്നു തേഞ്ഞുപോകുന്നു. ബാഹ്യവസ്തുക്കളുമായി ഉരസിയാണ് പല്ലിന് പോറലുണ്ടാകുന്നത്. കടുപ്പമേറിയ വസ്തുക്കള്‍കൊണ്ട് പല്ല് തേക്കുക, തേക്കുമ്പോള്‍ അളവില്‍ കവിഞ്ഞ ശക്തി പ്രയോഗിക്കുക, തൊഴിലിന്റെ ഭാഗമായോ അല്ലാതെയോ കടുപ്പമുള്ള സാധനങ്ങള്‍ പതിവായി കടിക്കുക തുടങ്ങിയവ പല്ലുകളില്‍ പോറലുണ്ടാക്കുന്നു. ഇതില്‍നിന്നു വ്യത്യസ്തമായി രാസവസ്തുക്കള്‍ മൂലമുണ്ടാകുന്ന തേയ്മാനമാണ് ദ്രവീകരണം. 40 വയസ്സിനു മുകളില്‍ പ്രായമുള്ള ആളുകളില്‍ മോണയോടു ചേര്‍ന്ന ദന്തഗളത്തില്‍ തേയ്മാനം ഉണ്ടാകുന്നു. ഉമിനീരില്‍ അമ്ളത്തിന്റെ അംശം കൂടുതലുള്ളവരിലും ജഠരാമ്ളതയുള്ളവരിലും ഇത് കാണാം. ഇത്തരത്തിലുള്ള തേയ്മാനത്തിന് അസഹനീയമായ പുളിപ്പും തുടര്‍ന്ന് കടുത്ത വേദനയും ഉണ്ടാകും. ദ്രവീകരണംമൂലം പല്ലിനുണ്ടാകുന്ന തേയ്മാനം വാര്‍ധക്യവുമായും ബന്ധപ്പെട്ടിരിക്കുന്നു. തേയ്മാനം വര്‍ധിച്ച് പല്ലുകള്‍ ഒടിഞ്ഞുപോകുന്നു. അമ്ളതയുള്ള പാനീയങ്ങള്‍ (നാരാങ്ങാവെള്ളം, കോള മുതലായവ) പതിവായി കുടിക്കുന്നവര്‍ക്കും ആമാശയത്തില്‍നിന്ന് അമ്ളം പുളിച്ചു തികട്ടി വരുന്നവര്‍ക്കും ഈ ദ്രവങ്ങള്‍ സ്പര്‍ശിക്കുന്ന പല്ലിന്റെ ഭാഗങ്ങള്‍ ദ്രവിച്ചുപോകുന്നു.

പോടുവന്നതും തേയ്മാനമുണ്ടായതും പൊട്ടിപ്പോയതുമായ ദന്തഭാഗങ്ങള്‍ മുറിച്ചുമാറ്റി പകരം അനുയോജ്യമായ പൂരക പദാര്‍ഥങ്ങള്‍ ഉപയോഗിച്ച് പഴയ ഘടന വീണ്ടെടുക്കുന്ന ദന്തപുനര്‍നിര്‍മിതി (restorative densitry) എന്ന ചികിത്സാരീതിയാണ് ദന്തക്ഷയത്തിനും തേയ്മാനത്തിനും അനുവര്‍ത്തിച്ചുവരുന്നത്. ദന്തപുനര്‍നിര്‍മിതി രണ്ടു വിധത്തിലുണ്ട്: താത്കാലിക പൂരണ (temporary restoration)വും സ്ഥിര പൂരണ(permentant restoration)വും. സിങ്ക് ഓക്സൈഡ്-യൂജിനോള്‍ സിമന്റ് (Zinc oxide-engenolcement), ഗട്ടാ പെര്‍ച്ച (gutta percha) എന്നീ പദാര്‍ഥങ്ങള്‍ ഉപയോഗിച്ചുള്ള താത്കാലിക പൂരണം ഒരു മാസം മുതല്‍ അങ്ങേയറ്റം ഒരു കൊല്ലം വരെ നിലനില്ക്കും. സമയ പരിമിതി, പല്ല് സ്ഥിരമായ പൂരണത്തിനു യോഗ്യമല്ലാതിരിക്കുക, ദീര്‍ഘമായ ചികിത്സയ്ക്ക് രോഗിയുടെ ആരോഗ്യനില തൃപ്തികരമല്ലാതിരിക്കുക തുടങ്ങിയവ ഈ ചികിത്സ കൈക്കൊള്ളുന്നതിനുള്ള കാരണങ്ങളാണ്. സ്ഥിരമായ ദന്തപുനര്‍നിര്‍മിതിക്ക് കേടായ ഭാഗം വളരെ ശ്രദ്ധയോടെ പാകപ്പെടുത്തേണ്ടതുണ്ട്. കേടുവന്ന ഭാഗം മുഴുവന്‍ മാറ്റിയ ശേഷം നിര്‍മാണപദാര്‍ഥം ഇളകിപ്പോകാതെയിരിക്കാന്‍ സഹായകമായ ഒരു ആകൃതി ഈ ഭാഗത്തിനു നല്കുകയാണ് ആദ്യ പടി. ചവയ്ക്കുമ്പോള്‍ സമ്മര്‍ദം ഏല്ക്കുന്ന പ്രതലമാണോ എന്നതും പല്ലിന്റെ സ്ഥാനവും വശവും ഒക്കെ കണക്കിലെടുത്താണ് അനുയോജ്യമായ പൂരണ പദാര്‍ഥം തിരഞ്ഞെടുക്കുന്നത്. പരിശുദ്ധമായ സ്വര്‍ണലോഹം, 65%-ല്‍ കൂടുതല്‍ വെള്ളി അടങ്ങിയ ലോഹസങ്കരത്തിന്റെ അമാല്‍ഗം (Silver amalgam ), കോംപസിറ്റ് റെസിന്‍ (Composite resin),ഗ്ലാസ് അയണോമര്‍ (glass ionomer) എന്നിവ സ്ഥിരമായ പൂരണത്തിന് ഉപയോഗിക്കാം.

ശുദ്ധമായ തങ്കം മൃദുവായ ചെറിയ ഗോളങ്ങളായോ കടലാസ്സിനെക്കാള്‍ വളരെ കട്ടികുറഞ്ഞ ചെറുപാളികളായോ ലഭ്യമാണ്. ഇത് പല്ലില്‍ നേരിട്ട് നിറയ്ക്കാം. നിറം മങ്ങുകയോ ദ്രവിക്കുകയോ ചെയ്യാത്തതിനാല്‍ ഏറ്റവും സ്ഥായിയായി നില്ക്കുന്ന പൂരണപദാര്‍ഥം സ്വര്‍ണം തന്നെയാണെങ്കിലും ചെലവ് അധികമായതിനാല്‍ ഉപയോഗം പരിമിതമാണ്. അണപ്പല്ലുകള്‍ക്ക് ഏറ്റവും യോജിച്ചത് സില്‍വര്‍ അമാല്‍ഗമാണ്. താരതമ്യേന ചെലവ് കുറവാണെന്നു മാത്രമല്ല ഈ പുനര്‍നിര്‍മിതി 20-30 വര്‍ഷം വരെ ഈടു നില്ക്കും. കോംപസിറ്റ് റെസിനുപയോഗിച്ചുള്ള അണപ്പല്ലുകളുടെ പുനര്‍നിര്‍മിതിക്ക് സമീപകാലത്ത് കൂടുതല്‍ പ്രചാരം സിദ്ധിച്ചിട്ടുണ്ട്. സംസാരിക്കുമ്പോഴും ചിരിക്കുമ്പോഴും ദൃശ്യമാകുന്ന പല്ലുകളില്‍ നിറവ്യത്യാസം തോന്നാതിരിക്കാനും ശോഭ കിട്ടാനും ആണ് ഇത് ഉപയോഗിക്കുന്നത്.

മുന്‍നിരയിലെ പല്ലുകളില്‍ ചെറിയ കേടുകള്‍ മാറ്റുന്നതിനും തേയ്മാനം നികത്തുന്നതിനും ഗ്ളാസ് അയണോമര്‍ ആണ് ഉപയോഗിക്കുന്നത്. ഈ പദാര്‍ഥം പല്ലിന്റെ ധാതുക്കളുമായി രാസബന്ധം രൂപവത്കരിക്കുന്നതിനാല്‍ പല്ലിനോട് കൂടുതല്‍ ചേര്‍ന്നിരിക്കുകയും കാഴ്ചയ്ക്ക് സ്വാഭാവികത തോന്നിക്കുകയും ചെയ്യുന്നു. പല്ലിന്റെ കേടുകള്‍ മുറിച്ചു നീക്കി പാകപ്പെടുത്തിയശേഷം അതിന്റെ അളവുകള്‍ക്കനുസരിച്ച് ലോഹത്തിലോ സിറാമിക്കിലോ വാര്‍ത്തെടുക്കുന്ന ഇന്‍ലേ (പല്ലിന്റെ പോടിനുള്ളില്‍ കൃത്യമായി ഉറച്ചിരിക്കുന്ന വിധത്തിലുള്ള ലോഹം/സിറാമിക്ക് കഷണം), ഓണ്‍ലേ എന്നിവ പല്ലില്‍ ഒട്ടിച്ചുവയ്ക്കാവുന്നതാണ്.

ദന്തമജ്ജാ (പള്‍പ്പ്) രോഗങ്ങള്‍

ബാഹ്യപ്രകൃതിയുമായി ഒരിക്കലും സമ്പര്‍ക്കമുണ്ടാകാത്ത രീതിയിലാണ് പള്‍പ്പ് അഥവാ ദന്തമജ്ജ സ്ഥിതിചെയ്യുന്നത്. അനേകം രക്തക്കുഴലുകളും നാഡികളും കോശങ്ങളും അടങ്ങിയ ഈ കല, എല്ലിനകത്ത് മജ്ജ എന്നപോലെ, പല്ലിനകത്ത് സ്ഥിതി ചെയ്യുന്നു. ഏറ്റവും കടുപ്പമുള്ള ഇനാമലും ഡെന്റിനും പള്‍പ്പിനെ ആവരണം ചെയ്യുന്നു. ഈ ആവരണങ്ങളെ ഭേദിച്ച് അണുക്കള്‍ പള്‍പ്പില്‍ എത്തിയാല്‍ പള്‍പ്പുരോഗങ്ങള്‍ക്കു തുടക്കമായി. ദന്തക്ഷയവും തേയ്മാനവും കൂടാതെ അപകടങ്ങള്‍മൂലം പല്ലിനുണ്ടാകുന്ന ഒടിവും കീറലുകളും പള്‍പ്പിനെ വായിലെ അണുക്കള്‍ക്ക് തുറന്നു കൊടുക്കുന്നു. പള്‍പ്പിനുണ്ടാകുന്ന എല്ലാ മാറ്റങ്ങളും വേദനയായാണ് അനുഭവവേദ്യമാകുന്നത്. പ്രാരംഭഘട്ടത്തില്‍ ദന്തഡോക്ടറെക്കൊണ്ട് ചികിത്സിപ്പിച്ചാല്‍ പള്‍പ്പിനെ പൂര്‍വസ്ഥിതിയില്‍ ആക്കാം. അതുകൊണ്ട് ഇതിനെ റിവേര്‍സിബിള്‍ പള്‍പൈറ്റിസ് (reversible pulpitis) എന്നു വിളിക്കുന്നു. പള്‍പ്പിനെ ബാധിക്കുന്ന പഴുപ്പ് ക്രമേണ വേരിന്റെ അറ്റം വരെയുള്ള പള്‍പ്പിനെ നിര്‍ജീവമാക്കി അഴുകാനിടയാക്കുന്നു. വേരിന്റെ അറ്റത്തുകൂടി അണുക്കള്‍ താടിയെല്ലില്‍ എത്തുന്നു. അപ്പോള്‍ പല്ലുകള്‍ക്ക് ഇളക്കം തട്ടുകയും അതിന്റെ ഇരിപ്പിടസ്ഥാനത്തുനിന്ന് അല്പം പൊങ്ങിയതായി അനുഭവപ്പെടുകയും ചെയ്യുന്നു. താടിയെല്ലുകളില്‍ നീരും പഴുപ്പും ഉണ്ടായി വീങ്ങുന്നു. പഴുപ്പിന്റെ സമ്മര്‍ദം താടിയെല്ലിന്റെ അടുക്കുകളെ വികസിപ്പിക്കും. പഴുപ്പിന്റെ അമ്ലത്വം എല്ലിനെ ദ്രവിപ്പിച്ച് എല്ലിനെ പൊതിഞ്ഞിരിക്കുന്ന സ്നായുക്കള്‍, പേശികള്‍, തൊലി എന്നിവയെ ബാധിക്കുന്നു. ഇതിനെ പെരി എപിക്കല്‍ ആബ്സിസ് (Peri apical abscess) എന്നു വിളിക്കുന്നു. മേല്‍വായിലെ പല്ലുകള്‍ക്കാണ് പഴുപ്പ് ബാധിക്കുന്നതെങ്കില്‍ മുഖത്തുള്ള നീര്‍വീക്കം മേല്‍ത്താടിയുടെ പുറത്ത് വ്യാപിച്ച് കണ്ണിനെ മൂടാന്‍ സാധ്യതയുണ്ട്. ചിലപ്പോള്‍ വായയുടെ മേല്‍ത്തട്ടിലായിരിക്കും പഴുപ്പ് വലിഞ്ഞുകൂടുന്നത്. കീഴ്വായയിലെ പല്ലുകളിലാണെങ്കില്‍ വായയുടെ അടിത്തട്ടിലോ കീഴ്ത്താടിയുടെ പുറത്തോ കഴുത്തിലോ പഴുപ്പ് അടിഞ്ഞുകൂടും. ക്രമേണ വലിയ ഒരു പരു പോലെ ചുവന്നു പൊട്ടി പഴുപ്പ് വെളിയില്‍ ചാടുന്നു. പനി, തണുപ്പ്, ക്ഷീണം എന്നീ പൊതു ലക്ഷണങ്ങളും കഠിനമായ തലവേദന, ചെവിവേദന, കണ്ണുവേദന, കഴുത്തുവേദന, വായ് തുറക്കാന്‍ കഴിയായ്ക എന്നീ ലക്ഷണങ്ങളും ഉണ്ടാകുന്നു. അണുക്കള്‍ രക്തധമനിക്കുള്ളില്‍ പ്രവേശിച്ചാല്‍ രക്തത്തിലൂടെ സുപ്രധാന അവയവങ്ങളെ (സന്ധികള്‍, വൃക്ക, തൊലി, തലച്ചോറ്, ഹൃദയം) ബാധിക്കാനുള്ള സാധ്യതയും വിരളമല്ല.

റിവേഴ്സിബിള്‍ പള്‍പൈറ്റിസ് ബാധിച്ചാല്‍ ആഹാരസാധനങ്ങള്‍ തട്ടുമ്പോള്‍ മാത്രമേ വേദന അനുഭവപ്പെടുകയുള്ളൂ. താത്കാലിക പൂരണം ചെയ്ത് രണ്ടോ മൂന്നോ ആഴ്ചകള്‍ക്കുള്ളില്‍ സ്ഥിരപൂരണവും നടത്തി രോഗം നിശ്ശേഷം മാറ്റാനാവും. എല്ലായ്പ്പോഴും അതികഠിനമായ വേദന അനുഭവിച്ചുതുടങ്ങുന്നതോടെ ഇറിവേഴ്സിബിള്‍ പള്‍പൈറ്റിസ് എന്ന അവസ്ഥ സംജാതമായിരിക്കുന്നു എന്നു കരുതാവുന്നതാണ്. ഈ അവസ്ഥയില്‍ പോട് തുറന്ന് ദന്തമജ്ജ നീക്കം ചെയ്തശേഷം കാല്‍സിയം ഹൈഡ്രോക്സൈഡും മുകളിലായി സാധാരണ പൂരണ പദാര്‍ഥങ്ങളും വച്ച് പോട് അടയ്ക്കുകയാണ് ചെയ്യുന്നത്. പെരി ആപിക്കല്‍ ആബ്സിസിന് ദന്തമൂലനാളീ ചികിത്സ (root canal treatment)യാണ് ഫലപ്രദം. പ്രത്യേക ഉപകരണങ്ങള്‍കൊണ്ട് ദന്തമൂലനാളി വലുതാക്കി വിവിധ മരുന്നുകള്‍ മാറിമാറി പ്രയോഗിച്ച് അണുവിമുക്തമാക്കിയശേഷം ദന്തമൂലനാളി പൂരിതമാക്കുന്നു. പ്രത്യേക രീതിയില്‍ നിര്‍മിച്ച ഗട്ടാപര്‍ച്ച, സില്‍വര്‍ കോണ്‍ എന്നിവയാണ് ഇതിനായി ഉപയോഗിക്കുന്നത്.

അണുബാധമൂലം ദന്തമജ്ജ നിര്‍ജീവമാകുന്ന അവസ്ഥ(pulpnecrosis)യിലും ദന്തമൂല ചികിത്സ തന്നെയാണ് അനുയോജ്യം.

പല്ലിന്റെ നിറഭേദങ്ങള്‍

ശുദ്ധമായ വെളുപ്പ് അല്ല, മറിച്ച് ഇളം മഞ്ഞ കലര്‍ന്ന വെളുപ്പാണ് പല്ലിന്റെ സാധാരണ നിറം. ദന്തപദാര്‍ഥം അഥവാ ഡെന്റിനിന്റെ നിറം ഇനാമലില്‍ പ്രതിഫലിക്കുകയാണു ചെയ്യുന്നത്. അതിനാല്‍ ഇനാമലിന്റെ കട്ടിക്കനുസരിച്ച് ആളുകളില്‍ ആരോഗ്യകരമായ സ്ഥിതിയില്‍ത്തന്നെ നിറത്തിന് ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നു. പല്ലുകള്‍ മുളച്ചതിനുശേഷം ഇനാമലിനു പുറത്ത് ആഹാരപദാര്‍ഥങ്ങളില്‍നിന്നോ ലേഹ്യം, ടോണിക്ക്, പുകയില തുടങ്ങിയവയില്‍ നിന്നോ പറ്റിപ്പിടിക്കുന്ന കറ മൂലമുണ്ടാകുന്ന നിറഭേദങ്ങളും സ്വാഭാവികമായി പരിഗണിക്കാവുന്നതാണ്.

മാറ്റാന്‍ പറ്റാത്ത വിധത്തില്‍ പല്ലിന്റെ ഘടനയില്‍ കൂടെച്ചേര്‍ന്നു പോയവയോ പല്ലിനുള്ളില്‍ നിന്നുണ്ടായതോ ആയ നിറഭേദങ്ങള്‍ ആണ് രോഗമായി പരിഗണിക്കുന്നത്. ജന്മസിദ്ധ സിഫിലിസ് ഉള്ള കുട്ടികള്‍ക്ക് പല്ലില്‍ കറുത്ത പാടുകള്‍ ഉണ്ടാകും. അമ്മയുടേയും കുട്ടിയുടേയും രക്തഗ്രൂപ്പുകള്‍ക്ക് സമാനത ഇല്ലെങ്കില്‍ കുട്ടിയെ ബാധിക്കുന്ന എറിത്രോ ബ്ളാസറ്റോസിസ് ഫീറ്റാലിസ് എന്ന രോഗത്തിന്റെ ഫലമായി പല്ലുകള്‍ക്ക് ഇരുണ്ട നിറം ഉണ്ടാകും. ഗര്‍ഭിണികള്‍ ടെട്രാസൈക്ളിന്‍ പോലെയുള്ള ഔഷധങ്ങള്‍ ഉപയോഗിക്കുന്നത് കുഞ്ഞിന്റെ പല്ലിന് മഞ്ഞനിറം ഉണ്ടാകാന്‍ കാരണമായിത്തീരാറുണ്ട്. എട്ടുവയസ്സിനുള്ളില്‍ ഈ ഔഷധം ഉപയോഗിക്കുന്നവരിലും പല്ലിന് മഞ്ഞനിറം കണ്ടുവരുന്നു. ചിലതരം ജനിതക വൈകല്യങ്ങള്‍ ഇനാമലിന്റെയും ഡെന്റിനിന്റെയും നിര്‍മാണത്തെ തടസ്സപ്പെടുത്തും. തത്ഫലമായി പല്ലിന് ചാര നിറമോ തവിട്ടു നിറമോ ഉണ്ടാകും. കുടിവെള്ളത്തില്‍ ഉയര്‍ന്ന തോതില്‍ കാണുന്ന ചില ലവണങ്ങള്‍ (ഉദാ. ഫ്ളൂറൈഡ്) പല്ലിന് തവിട്ടു നിറമോ കറുത്ത നിറമോ നല്കുന്നു. പല്ലിനുള്ളില്‍ ഉള്ള പള്‍പ്പ് നശിച്ചുപോകുന്നത് (pulp necrosis) പല്ലിന് കറുത്ത നിറം ഉണ്ടാകാനുള്ള മറ്റൊരു കാരണമാണ്. അപകടം മൂലം പല്ലിന് ആഘാതമേല്ക്കുമ്പോള്‍ പള്‍പ്പിലേക്കുള്ള നാഡികള്‍ക്കും രക്തക്കുഴലുകള്‍ക്കും ക്ഷതം ഏല്ക്കുന്നതിനാല്‍ പള്‍പ്പ് ചീഞ്ഞ് രക്തക്കുഴലുകളില്‍നിന്ന് ചുവന്ന രക്താണുക്കള്‍ വെളിയില്‍ വരുകയും വിഘടിച്ച് ഇരുമ്പിന്റെ അംശം ഡെന്റിനിന്റെ അകത്തു പ്രവേശിക്കുകയും ചെയ്യുന്നു. ഇരുമ്പിന്റെ ലവണങ്ങള്‍ ആണ് പല്ലിന് കറുത്ത നിറം കൊടുക്കുന്നത്.

ഇനാമല്‍, ഡെന്റിന്‍ എന്നിവയുടെ പ്രതലം നേര്‍ത്ത അമ്ലംകൊണ്ട് തുടച്ച് മിനുസം മാറ്റിയശേഷം ഒട്ടിപ്പിടിക്കുന്ന ചിലയിനം ദ്രവപദാര്‍ഥങ്ങളുടെ സഹായത്തോടെ ദന്തപുനര്‍നിര്‍മിതി നടത്തുന്ന അഡ്ഹെസീവ് ദന്തിസ്ട്രി എന്ന സാങ്കേതികവിദ്യ നിറംമാറ്റം വന്ന പല്ലുകള്‍ക്ക് അനുയോജ്യമായ ചികിത്സയാണ്. ഇതുവഴി പല്ലുകള്‍ക്ക് തിളങ്ങുന്ന പ്രതലം ലഭിക്കുന്നു. അഡ്ഹെസീവുകള്‍ക്ക് പല്ലുമായി രാസയോഗം ഉണ്ട്. കോംപസിറ്റ് വെനീര്‍, സിറാമിക് വെനീര്‍ എന്നിവയാണിതിനുപയോഗിക്കുന്നത്.

മോണരോഗങ്ങള്‍ (Periodontal diseases)

പല്ലിനെ ഉറപ്പിച്ചു നിര്‍ത്തുന്ന ഊന്, പല്ലിന്റെ വേരിനെ പൊതിയുന്ന സിമന്റം, വേരിന്റെ ഭാഗത്തുള്ള താടിയെല്ല്, സിമന്റവും താടിയെല്ലുമായി യോജിക്കുന്ന സ്നായുക്കള്‍ (Periodontal ligament) എന്നിവ ചേര്‍ന്ന ഭാഗത്തെയാണ് 'മോണ' എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. അണുബാധയും പാരമ്പര്യവുമാണ് മോണരോഗങ്ങള്‍ക്ക് പ്രധാന കാരണം. ദന്തല്‍ പ്ലാക്കിലും ദന്തമാലിന്യ(calculus) ത്തിലും താവളമാക്കുന്ന അണുക്കള്‍ ഉത്പാദിപ്പിക്കുന്ന വിവിധതരം വിഷവസ്തുക്കള്‍ മോണയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പല മോണരോഗങ്ങളും ഉണ്ടാകുന്നു. പ്രമേഹരോഗികളില്‍ മോണരോഗം കൂടുതലാണ്. വായ് ശുചിയാക്കാന്‍ പറ്റാത്ത അവസ്ഥയില്‍ ശയ്യാവലംബരായവരിലും പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരിലും കടുത്ത അണുബാധ ഉണ്ടാകാറുണ്ട്. ചുഴലിദീനത്തിനു നല്കുന്ന ഔഷധം മോണയില്‍ തടിപ്പുണ്ടാക്കുന്നു. മറ്റു ചില ഔഷധങ്ങളുടെ അലര്‍ജികൊണ്ടും മോണയില്‍ പുണ്ണും രക്തസ്രാവവും ഉണ്ടാകാം. രക്താര്‍ബുദം, സ്കര്‍വി, കരള്‍ രോഗങ്ങള്‍, രക്തസ്രാവരോഗങ്ങള്‍ എന്നിവ മറ്റു കാരണങ്ങളാണ്.

ജിന്‍ജിവൈറ്റിസ് എന്ന മോണരോഗത്തില്‍ ഊന് തടിച്ചു ചുവക്കുന്നു. പല്ല് തേക്കുമ്പോഴും ആഹാരം കടിച്ചുതിന്നുമ്പോഴും മറ്റും ചോര വരും. വായ്നാറ്റവും ഉണ്ടാകും. ഗര്‍ഭിണികളില്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥമൂലം ജിന്‍ജിവൈറ്റിസ് ഉണ്ടാകാറുണ്ട്. ജിന്‍ജിവൈറ്റിസ് രൂക്ഷമാകുമ്പോള്‍ പല്ലിനെ ഉറപ്പിച്ചു നിര്‍ത്തുന്ന സ്നായുക്കള്‍ പഴുത്ത് പല്ലിനും മോണയ്ക്കും ഇടയില്‍ ചെറു അറകള്‍ (pockets) ഉണ്ടാകുന്നു. ഇതുമൂലം മോണവേദനയും മോണയില്‍ അമര്‍ത്തിയാല്‍ ദുര്‍ഗന്ധമുള്ള പഴുപ്പും ഉണ്ടാകും.

മോണയില്‍ ഉണ്ടാകുന്ന പരുക്കളെ പെരിയോഡോന്റല്‍ ആബ്സിസ് എന്നാണു പറയുന്നത്. മോണയിലെ പോക്കറ്റുകളില്‍ നീരും പഴുപ്പും കെട്ടിനിന്ന് അണുബാധ കൂടുന്നതോടെ രൂപംകൊള്ളുന്ന വലിയ പരുക്കള്‍ നാലുദിവസം കഴിയുമ്പോള്‍ പൊട്ടി ദുര്‍ഗന്ധത്തോടുകൂടിയ പഴുപ്പ് പുറന്തള്ളുന്നു. പല്ലുവേദനയും മുഖത്ത് നീരും ഉണ്ടാകും. ക്രമേണ പല്ല് കൊഴിഞ്ഞുപോവുകയും ചെയ്യുന്നു.

പതിനാലു വയസ്സുമുതല്‍ കണ്ടുവരുന്ന മോണരോഗമാണ് ജുവനൈല്‍ പെരിയോഡോണ്‍ടോസിസ്. ഈ രോഗത്തിന്റെ കാരണം വ്യക്തമല്ല. വലിയ വേദന ഉണ്ടായിരിക്കുകയില്ല. പല്ലിന് ആട്ടം അനുഭവപ്പെടുകയും നെടുകുകയും ചെയ്യുന്നതാണ് ലക്ഷണങ്ങള്‍. തുടര്‍ന്ന് ആറുവര്‍ഷത്തിനകം പല്ലുകള്‍ കൊഴിഞ്ഞുപോകുന്നു. ഇരുപതു വയസ്സാകുമ്പോഴേക്ക് മുഴുവന്‍ പല്ലും നീക്കം ചെയ്ത് കൃത്രിമപ്പല്ല് വയ്ക്കേണ്ടിവരും.

ഡിസ്ക്വാമേറ്റിവ് ജിന്‍ജിവൈറ്റിസ് (disquamative gingivites) എന്ന രോഗംമൂലം മോണയിലെയും വായിലെയും തൊലി ഉരിഞ്ഞുപോകുന്നു. എരിവും പുളിയും കഴിക്കുമ്പോള്‍ അസഹ്യമായ നീറ്റല്‍ അനുഭവപ്പെടും. തൊലി ഉരിഞ്ഞുപോയ ഭാഗം പലപ്പോഴും വ്രണമായി മാറുന്നു. ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥയാണ് രോഗത്തിനു കാരണമെന്ന് കരുതപ്പെടുന്നു. സ്ത്രീകള്‍ക്ക് ആര്‍ത്തവവിരാമസമയത്തും പുരുഷന്മാര്‍ക്ക് 65 വയസ്സ് കഴിഞ്ഞും ആണ് ഈ രോഗം സാധാരണ കണ്ടുവരുന്നത്.

മോണയിലെ കോശങ്ങള്‍ വിഭജിച്ച് വര്‍ധിക്കുന്നതുമൂലം ദന്തശീര്‍ഷത്തിന്റെ ഭാഗങ്ങള്‍ മൂടുന്ന അവസ്ഥയാണ് ജിന്‍ജിവല്‍ ഹൈപര്‍പ്ലാസിയ (gingival hyperplasia). ചുഴലിദീനത്തിന്റെ ഔഷധം കഴിക്കേണ്ടിവരുന്നവരിലും ചില ഗര്‍ഭിണികളിലും ഈ രോഗം കണ്ടുവരുന്നു. ഗുരുതരമായ~ഒരു മോണരോഗമാണ് അക്യൂട്ട് അള്‍സറേറ്റീവ് ജിന്‍ജിവൈറ്റിസ്. ബാസിലസ് ഫൂസിഫോര്‍മിസ് (Bacillus fusiformis), വിന്‍സെന്റ്സ് ബാക്റ്റീരിയ (Vincent's bacteria) എന്നീ രണ്ട് ബാക്റ്റീരിയങ്ങളുടെ കൂട്ടായ ആക്രമണം മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്. ശുചിത്വമില്ലായ്മ, മാനസിക പിരിമുറുക്കം, പുകവലി തുടങ്ങിയവ ഈ രോഗത്തിന് അനുകൂലമായ സാഹചര്യമൊരുക്കുന്നു. യുദ്ധത്തടവുകാര്‍, കിടങ്ങുകളിലും ഖനികളിലും കഴിയുന്നവര്‍, പ്രകൃതിദുരന്തങ്ങളിലും യുദ്ധദുരന്തങ്ങളിലുംപെട്ട് ആഹാരമില്ലാതെയും ശുചിത്വമില്ലാതെയും ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍ മുതലായവര്‍ ഈ രോഗത്തിന്റെ ഇരകളാകാറുണ്ട്. മോണ പഴുത്ത് ചീഞ്ഞ് രക്തം വരികയും പനി, കഴുത്തില്‍ നീര്, അസഹ്യമായ വായ്നാറ്റം, വായ് തുറക്കാനും ആഹാരം കഴിക്കാനുമുള്ള പ്രയാസം എന്നിവയാണ് രോഗലക്ഷണങ്ങള്‍. യഥാസമയം ചികിത്സിച്ചില്ലെങ്കില്‍ കവിളിന്റെ ഒരു ഭാഗം ദ്രവിച്ച് പല്ലുകള്‍ വെളിയില്‍ കാണാറാകുന്നു. കാന്‍ക്രം ഓറിസ് (Cancrum Oris) എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്.

മോണരോഗങ്ങളുടെ ചികിത്സയുടെ ആദ്യ ഘട്ടം പ്ലാക്കും ദന്തമാലിന്യവും അണുക്കളും നീക്കം ചെയ്യുകയാണ്. പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ച് പ്ലാക്കും ദന്തമാലിന്യങ്ങളും നീക്കം ചെയ്യുന്ന പ്രക്രിയയാണ് സ്കെയിലിങ് (scaling). മോണയില്‍ പുരട്ടാനും വായില്‍ കൊള്ളാനും ഉള്ള ഔഷധങ്ങള്‍ അണുക്കളെ നീക്കം ചെയ്യുവാനുപകരിക്കും. അള്‍ട്രാസോണിക സ്കെയിലറുകളും ക്യൂററ്റുകളും (curette) ഉപയോഗിച്ചാണ് മോണയ്ക്കും പല്ലിന്റെ വേരിനും ഇടയിലുള്ള പോക്കറ്റുകള്‍ വൃത്തിയാക്കുന്നത്. ഇതോടൊപ്പം വേര് ചീകി (root planing) വൃത്തിയാക്കുന്നു. രൂക്ഷമായ മോണരോഗങ്ങളില്‍ മോണ മുറിച്ചുമാറ്റല്‍ ശസ്ത്രക്രിയ (gingivectomy) ആവശ്യമായി വരാറുണ്ട്. പോക്കറ്റുകള്‍ വളരെ ആഴമുള്ളതായിത്തീര്‍ന്നാല്‍ ശസ്ത്രക്രിയ(flap surgery)യിലൂടെ മോണ പൊളിച്ചുവിടര്‍ത്തി ക്യൂറെറ്റിങ്ങും റൂട്ട് പ്ലെയിനിങ്ങും നടത്തി അണുനാശക ഔഷധങ്ങള്‍ പുരിട്ടയശേഷം മോണ തുന്നിച്ചേര്‍ക്കുന്നു. പല്ലിന്റെ അഗ്രഭാഗത്തിലെ വേര് ഒടിഞ്ഞു പോകുമ്പോഴോ റൂട്ട് കനാല്‍ ട്രീറ്റ്മെന്റ് പരാജയപ്പെടുമ്പോഴോ ക്രോണിക് പെരി ആപിക്കല്‍ ആബ്സിസ്, ദന്തല്‍ ഗ്രാനുലോമ, ദന്തല്‍ സിസ്റ്റ് എന്നീ രോഗങ്ങളുള്ളപ്പോഴോ ഈ ശസ്ത്രക്രിയ ആവശ്യമായി വരും. വേരിന്റെ തൊട്ടുമുന്‍ഭാഗത്തുള്ള മോണയുടെ ഭാഗം ശസ്ത്രക്രിയയിലൂടെ തുറന്ന് അസ്ഥി മുറിച്ച് വേരിന്റെ അറ്റം വെളിയില്‍ കൊണ്ടുവരുന്നു. ചീത്തയായ വേരിന്റെ അറ്റവും അസ്ഥിയുടെ ഭാഗവും സിസ്റ്റും പഴുപ്പും നീക്കം ചെയ്തശേഷം അനുയോജ്യമായ പദാര്‍ഥം കൊണ്ട് സീല്‍ ചെയ്ത് മോണ തുന്നിച്ചേര്‍ക്കുകയാണ് ചെയ്യുന്നത്.

വായ്പ്പുണ്ണ്

നാക്കിന്റെ വശവും അടിഭാഗവും, കവിളുകളുടെയും ചുണ്ടുകളുടെയും അകവശം, അണ്ണാക്ക്, തൊണ്ട എന്നീ ഭാഗങ്ങളില്‍ ആണ് പുണ്ണുകള്‍ ഉണ്ടാകുന്നത്. ഹെര്‍പിസ,് മീസില്‍സ്, ചിക്കന്‍പോക്സ്, രക്താര്‍ബുദം, എയ്ഡ്സ് എന്നീ രോഗങ്ങളുടെ ആദ്യ ലക്ഷണം ചിലപ്പോള്‍ വായ്പ്പുണ്ണായിരിക്കും. സ്വന്തം പല്ലിന്റെ മൂര്‍ച്ചയുള്ള ഭാഗങ്ങള്‍, ആഹാരത്തിലെ കടുപ്പമേറിയ വസ്തുക്കള്‍, കൃത്രിമ ദന്തങ്ങള്‍ എന്നിവ ഉരസ്സി പുണ്ണ് ഉണ്ടാകുന്നത് സാധാരണയാണ്. മാനസിക സംഘര്‍ഷവും പിരിമുറുക്കവും മൂലം ഉണ്ടാകുന്ന വായ്പ്പുണ്ണ് ആഫ്തസ് അള്‍സര്‍ (aphthous ucler) എന്ന് അറിയപ്പെടുന്നു. ആസ്പിരിന്‍ പോലെയുള്ള ചില ഔഷധങ്ങളും വായ്പ്പുണ്ണ് ഉണ്ടാക്കാറുണ്ട്. ഇത്തരത്തിലുള്ള വായ്പ്പുണ്ണുകള്‍ക്ക് തുടക്കത്തിലേ കടുത്ത വേദനയും അനുബന്ധ ഗ്രന്ഥികള്‍ക്ക് വീക്കവും ഉണ്ടായിരിക്കും. വായിലെ അര്‍ബുദത്തിന്റെ പ്രാരംഭ ലക്ഷണമായി ഉണ്ടാകുന്ന പുണ്ണിന് വേദന ഉണ്ടായിരിക്കില്ല.

പല്ലുകള്‍ ഉരസ്സി ഉണ്ടാകുന്ന വേദനയില്ലാത്ത വ്രണങ്ങള്‍, ല്യൂക്കോപ്ലാക്കിയ (Leukoplakia) അഥവാ വെളുത്ത പാടുകള്‍, എറിത്രോപ്ലാക്കിയ (Erythroplakia) അഥവാ ചുവന്ന തടിപ്പുകള്‍, ലൈക്കല്‍ പ്ലാനസ് (Lichel Planus) എന്ന കറുത്ത തടിപ്പുകള്‍ തുടങ്ങിയവയും തൊലിക്കും നാക്കിനും കട്ടികൂടുന്ന അസുഖമായ സബ്മ്യൂക്കസ് ഫൈബ്രോസിസും (Submucous fibrosis) അര്‍ബുദജനകമായ മാറ്റങ്ങളാണ്.

വായ്നാറ്റം

വായ്ക്കുള്ളിലുള്ള സൂക്ഷ്മാണുക്കളും ഫംഗസുകളും അമീബിയയും അഹാരാവശിഷ്ടങ്ങള്‍ വിഘടിപ്പിച്ചുണ്ടാകുന്ന വാതകങ്ങളും വായ്നാറ്റത്തിനു കാരണമാകുന്നു. പല്ലിലുള്ള പോടുകളില്‍ അടിയുന്ന ആഹാരപദാര്‍ഥങ്ങള്‍ ചീഞ്ഞുണ്ടാകുന്ന ദുര്‍ഗന്ധം, മോണപഴുപ്പ്, നാക്കില്‍ പറ്റിപ്പിടിക്കുന്ന ഫംഗസ്, സൈനസ്സുകളില്‍ ഉണ്ടാകുന്ന അണുബാധ, മൂക്കിനകത്തുണ്ടാകുന്ന രോഗങ്ങള്‍ തുടങ്ങിയവയും വായ്നാറ്റത്തിനുള്ള കാരണങ്ങളാണ്.

നാവിനുണ്ടാകുന്ന രോഗങ്ങള്‍

വളരെയധികം ചലനശേഷിയുള്ള ഒരു അവയവമാണ് നാവ്. നാവിന്റെ പ്രതലം പരുപരുത്തതാണ്. പരുപരുപ്പ് മാറി ഉപരിതലം മിനുസപ്പെടുന്നത് പല അസുഖങ്ങളെയും സൂചിപ്പിക്കുന്നു. ഉദരരോഗങ്ങള്‍, അരക്തത, ജീവകങ്ങളുടെ കുറവ്, മറ്റു മാരകരോഗങ്ങള്‍ എന്നിവ നാക്കില്‍ പ്രതിഫലിച്ചു കാണപ്പെടുന്നു. നാവിലുണ്ടാവുന്ന വെളുത്ത പൂപ്പല്‍ ആന്തരിക രോഗങ്ങളെ സൂചിപ്പിക്കുന്നു.

നാവിന്റെ അഗ്രഭാഗം വായയുടെ അടിഭാഗവുമായി ചരടുപോലുള്ള ഒരു തന്തുകൊണ്ട് ബന്ധിക്കപ്പെടുന്ന ജന്മവൈകല്യമാണ് നാവുകെട്ട് (Tongue tie).ശസ്ത്രക്രിയയിലൂടെ ഇത് ശരിയാക്കാനാവും. നാവിന്റെ അകം പാമ്പിന്റെ നാവുപോലെ രണ്ടായി പിരിഞ്ഞിരിക്കുന്നതാണ് ദ്വന്ദ്വനാവ് (Bifid tongue). നാവിന്റെ പ്രതലത്തില്‍ ആഴത്തിലുള്ള പൊഴികളുണ്ടാകാറുണ്ട്. വൃത്തിയായി ബ്രഷ് ചെയ്തില്ലെങ്കില്‍ ഈ പൊഴികളില്‍ അണുബാധയുണ്ടാകും. നാവിലെ പാപിലകള്‍ക്ക് നീളം കൂടുതലായിരിക്കുകയും അവയില്‍ അണുക്കള്‍ കറുത്ത നിറമുണ്ടാക്കുകയും ചെയ്താല്‍ നാവില്‍ മുടി പൊടിച്ചു നില്ക്കുന്നതുപോലെ തോന്നും. ഹെയറിടങ് (hairy tongue) എന്ന അവസ്ഥയാണിത്. അര്‍ബുദത്തിനു മുന്നോടിയായി നാവിന്റെ മൃദുത്വവും ചലനശേഷിയും കുറേശ്ശെയായി കുറഞ്ഞ് പ്രതലം മിനുസമായിത്തീരാറുണ്ട്.

സന്ധിവേദന

ചവയ്ക്കുമ്പോള്‍ കീഴ്ത്താടിക്കു മാത്രമേ തുറക്കാനും അടയ്ക്കാനും വശങ്ങളിലേക്കു ചലിക്കാനും സാധിക്കുകയുള്ളു. കീഴ്ത്താടി ഓരോ വശത്തും തലയോട്ടിയുമായി സന്ധിക്കുന്നു. ശരീരത്തിലെ മറ്റു സന്ധികളെ അപേക്ഷിച്ച് വളരെ കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഈ സന്ധി സംസാരിക്കാനും ആഹാരം കഴിക്കാനും മുഖത്തെ ഭാവപ്രകടനങ്ങള്‍ക്കും സഹായിക്കുന്നു. വേദന, സന്ധിവീക്കം, അണുബാധ, വാതരോഗം, സന്ധീ ദ്രാവകത്തിന്റെ കുറവു കൊണ്ടുണ്ടാകുന്ന ക്ലിക്ക് ശബ്ദം, വായ് തുറന്നാല്‍ സ്വയം അടയാതിരിക്കുക എന്നിവയാണ് ഈ സന്ധിയെ ബാധിക്കുന്ന രോഗങ്ങള്‍.

നഷ്ടപ്പെട്ട പല്ലുകള്‍ക്കു പകരം കൃത്രിമപ്പല്ലുകള്‍ വയ്ക്കാതിരുന്നാല്‍ സന്ധിവേദന ഉണ്ടാകും. മധ്യവയസ്സു കഴിഞ്ഞാല്‍ സന്ധികള്‍ക്കു തേയ്മാനം ഉണ്ടായി ശേഷി നഷ്ടപ്പെടാം. താടിയെല്ലിനെ ചലിപ്പിക്കുന്ന മാംസപേശികള്‍ക്ക് ബലക്ഷയം ഉണ്ടാകുന്നത് മറ്റൊരു കാരണമാണ്. ഈ പേശികളില്‍ നീര്‍വീക്കമുണ്ടായാല്‍ വായ് തുറക്കാന്‍ സാധിക്കുകയില്ല. ട്രിസ്മിസ് (trismis) എന്ന ഈ അവസ്ഥ ടെറ്റനസ്സിന്റെ പ്രാരംഭ ലക്ഷണമാണ്. അണപ്പല്ലുകളുടെ വേരിന്റെ അഗ്രഭാഗത്തുണ്ടാകുന്ന അണുബാധ പടരുന്നതുകൊണ്ടും അണപ്പല്ലുകള്‍ പറിച്ചശേഷമുണ്ടാകുന്ന നീര്‍വീക്കം കൊണ്ടും വായ് തുറക്കാന്‍ സാധിക്കാതെവരാം.

ഉമിനീര്‍ഗ്രന്ഥികള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍

ഭക്ഷണ പദാര്‍ഥങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ദഹനരസവും രോഗപ്രതിരോധശേഷിയുള്ള ഒരു സ്രവവും സംസാരിക്കാനും ചവയ്ക്കാനും ഉതകുന്ന ഒരു മെഴുക്കും ചേര്‍ന്ന ദ്രാവകമാണ് ഉമിനീര്‍. ഉമിനീര്‍ ചേര്‍ത്തു ചവയ്ക്കുമ്പോഴാണ് ഭക്ഷണത്തിന്റെ യഥാര്‍ഥ രുചി അറിയുന്നത്. വായയുടെ ഓരോ വശത്തും മൂന്നുവീതം ആറ് വലിയ ഉമിനീര്‍ഗ്രന്ഥികള്‍ ഉണ്ട്. വായിലെ തൊലിയുടെ അടിയില്‍ അനേകം ചെറിയ ഉമിനീര്‍ഗ്രന്ഥികളുണ്ട്.

ശരീരത്തില്‍ ജലാംശം കുറയുകയോ ഉത്കണ്ഠയും മാനസിക സംഘര്‍ഷവും ഉണ്ടാവുകയോ ചെയ്യുമ്പോള്‍ വായ് ഉണങ്ങി വരണ്ടുപോകാറുണ്ട്. ഉണങ്ങിയ വായ് (dry mouth) അര്‍ബുദം പോലെയുള്ള മാരകമായ അസുഖങ്ങളുടെയും ലക്ഷണമാണ്. ഔഷധങ്ങളുടെ അലര്‍ജി, പനി എന്നിവ വായ് ഉണങ്ങുന്നതിനുള്ള കാരണങ്ങളാണ്.

ഉമിനീര്‍ഗ്രന്ഥിയില്‍നിന്ന് ഉമിനീര്‍ വായിലെത്തിക്കുന്ന കുഴലില്‍ അണുബാധയോ പഴുപ്പോ അടവോ ഉണ്ടായാല്‍ ഗ്രന്ഥിവീക്കവും അസഹ്യമായ വേദനയും ഉണ്ടാകും. ചെവിയുടെ തൊട്ടു മുന്‍ഭാഗത്തുള്ള പരോട്ടിട് ഗ്രന്ഥിയെ ബാധിക്കുന്ന അണുബാധയാണ് മുണ്ടിനീരി(mumps)നു കാരണം. കുട്ടികള്‍ക്കാണ് ഈ രോഗം സാധാരണയായി ഉണ്ടാകുന്നത്. ചെറിയ പനിയും ഗ്രന്ഥിവീക്കവും വേദനയും അനുഭവപ്പെടുന്നു. മാരകവും അല്ലാത്തതുമായ പലവിധ അര്‍ബുദങ്ങളും ഉമിനീര്‍ഗ്രന്ഥികളെ ബാധിക്കാറുണ്ട്.

സിസ്റ്റുകളും (cysts) മുഴകളും (tumours)

ടിഷ്യു ദ്രാവകം അടങ്ങിയ സഞ്ചിപോലെയുള്ള വളര്‍ച്ചയെയാണ് സിസ്റ്റുകള്‍ എന്നു പറയുന്നത്. വായയിലും താടിയെല്ലിലുമായി ഉണ്ടാകുന്ന സിസ്റ്റുകളാണ് മ്യൂക്കോയിഡ് സിസ്റ്റ് (mucoid cyst), ദന്തല്‍ സിസ്റ്റ് (dental cyst), ഡെന്റിജിറസ് സിസ്റ്റ് തുടങ്ങിയവ. ചെറിയ ഉമിനീര്‍ഗ്രന്ഥികള്‍ അടഞ്ഞ് വായിലെ ചര്‍മത്തില്‍ വീര്‍ത്തു നില്ക്കുന്ന കുമിളയാണ് മ്യൂക്കോയിഡ് സിസ്റ്റ്. ഇത് താനെ പൊട്ടുമെങ്കിലും വീണ്ടും വളര്‍ന്നുവരാനുള്ള സാധ്യതയുണ്ട്. പള്‍പ്പിലുള്ള അണുബാധ ദന്തമൂലത്തില്‍ എത്തുമ്പോള്‍ ഉണ്ടാകുന്ന ഗ്രാനുലോമ രൂപാന്തരപ്പെട്ട് ദന്തല്‍ സിസ്റ്റായി മാറുന്നു. അസ്ഥിക്കുള്ളില്‍ പകുതി നിര്‍മിതമായ പല്ലിനു ചുറ്റും രൂപംകൊള്ളുന്നതാണ് ഡെന്റിജറസ് സിസ്റ്റുകള്‍.

അര്‍ബുദജന്യമല്ലാത്ത മുഴകള്‍ (benign tumours) നാലുവിധമാണ്. തൊലിയുടെ പ്രതലത്തില്‍ അരിമ്പാറ പോലെയുണ്ടാകുന്ന പാപ്പിലോമ, നാവിലോ വായുടെ മറ്റു ഭാഗങ്ങളിലോ നെല്ലിക്ക പോലെ വളര്‍ന്നുവരുന്ന മൃദു മുഴയായ എപുലിസ്, ചുവന്ന നിറത്തില്‍ രക്തക്കുഴലുകള്‍കൊണ്ടു നിര്‍മിതമായ ഹിമാന്‍ജിയോമ, എല്ലിലുണ്ടാകുന്ന മുഴകളായ ഓസ്റ്റിയോമ എന്നിവ.

മൃദുകലകളിലുണ്ടാകുന്ന ഈ മുഴകളെല്ലാം ശസ്ത്രക്രിയയിലൂടെ പൂര്‍ണമായും നീക്കം ചെയ്യാനാവും. മുഴ അര്‍ബുദജന്യമാണോ എന്ന് പരിശോധിക്കേണ്ടത് ആവശ്യമാണ്. അര്‍ബുദത്തിനു മുന്നോടിയായി ഉണ്ടാകുന്ന പാടുകള്‍-എറിത്രോപ്ലാക്കിയ, ല്യൂക്കോ പ്ലാക്കിയ, ലൈക്കല്‍ പ്ലാനസ്- ദൃശ്യമായാല്‍ പുകവലി, വെറ്റില മുറുക്ക്, മദ്യപാനം എന്നീ ശീലങ്ങള്‍ പാടേ ഉപേക്ഷിക്കണം. ഈ പാടുകളില്‍ ഉരസ്സി നില്ക്കുന്ന പല്ലുകള്‍ പറിച്ചു കളയണം. വായയുടെ ശുചിത്വം പരമപ്രധാനമാണ്. ജന്‍ഷ്യന്‍ വയലറ്റ്, മെര്‍ക്യൂറോ ക്രോം എന്നിവ പാടുകളില്‍ പുരട്ടുന്നത് ഗുണകരമാണ്.

ജന്മവൈകല്യങ്ങളും ജനിതക വൈകല്യങ്ങളും

വലിയ താടിയെല്ലുകള്‍ (Macrognathia), ചെറിയ താടിയെല്ലുകള്‍ (Agnathia), താടിയെല്ല് ഇല്ലാത്ത അവസ്ഥ (Cleft lip), മുച്ചുണ്ട് (Cleft palate), ദ്വന്ദ്വതാലു (Cleft mandible), കീഴ്ത്താടിയെല്ല് രണ്ടായി പിളര്‍ന്നിരിക്കുക (anadontia), പല്ലുകളില്ലാത്ത അവസ്ഥ (anadontia), ജനനസമയത്ത് പല്ലുണ്ടായിരിക്കുക (neonatal teeth)

എന്നിവയാണ് വായയിലെ അവയവങ്ങളിലുണ്ടാകുന്ന ജന്മസിദ്ധ വൈകല്യങ്ങള്‍. ഇവ കൂടാതെ പാല്‍പ്പല്ലുകള്‍ക്കുമുമ്പ് പല്ലുകള്‍ മുളയ്ക്കുക, സ്ഥിര ദന്തങ്ങള്‍ മുഴുവന്‍ ഉണ്ടായശേഷം വീണ്ടും പല്ലുകള്‍ ഉണ്ടാവുക, എണ്ണത്തില്‍ കൂടുതല്‍ പല്ലുകളുണ്ടായിരിക്കുക തുടങ്ങിയവയാണ് മറ്റു ജനിതക വൈകല്യങ്ങള്‍.

ഉന്തിയ പല്ലുകളും മറ്റു ദന്തവൈകല്യങ്ങളും

ഉന്തിയ പല്ലുകള്‍ മിക്കവാറും പാരമ്പര്യമായാണ് ലഭിക്കുന്നത്. മേല്‍വായയിലെ പല്ലുകളാണ് സാധാരണ തള്ളി നില്ക്കാറുള്ളത്. എന്നാല്‍ വിരളമായി കീഴ്വായയിലെ പല്ലുകളും ഉന്തി നില്ക്കാറുണ്ട്. പല്ല് മുളച്ചുവരുന്ന സമയത്ത് വിരല്‍ കുടിക്കുക, വായയിലൂടെ ശ്വാസോച്ഛ്വാസം ചെയ്യുക, മൂക്ക് അടഞ്ഞിരിക്കുക, ചുണ്ടു കടിക്കുക, മേല്‍ച്ചുണ്ടുകള്‍ക്ക് മതിയായ വളര്‍ച്ച ഇല്ലാതെവരിക എന്നിവ മറ്റു കാരണങ്ങളാണ്. താടിയെല്ലുകളില്‍ പല്ലുകള്‍ക്ക് നിരയൊത്ത് നില്ക്കാന്‍ ഇടമില്ലാത്തപ്പോള്‍ നിരതെറ്റി അകത്തും പുറത്തും ഒക്കെയായി പല്ലുകള്‍ പൊടിക്കുന്നു. പാല്‍പ്പല്ലുകള്‍ യഥാസമയം പൊഴിഞ്ഞുപോകാത്തതും മറ്റൊരു കാരണമാണ്.

താടിയെല്ലുകളുടെ ഉള്ളില്‍ പല്ലുകള്‍ രൂപം പ്രാപിച്ചാല്‍ നേരെ ലംബമായി വായിലേക്കു മുളച്ചു പൊങ്ങുന്നതിനു പകരം ചരിഞ്ഞു നീങ്ങി മറ്റു പല്ലുകളിലോ അസ്ഥിയിലോ മൃദുവായ കലകളിലോ ഇടിച്ച് സംഘര്‍ഷമുണ്ടാകുന്നതിനെ ഇംപാക്ഷന്‍ (Impaction)എന്നു പറയുന്നു. സാധാരണയായി അവസാനത്തെ അണപ്പല്ലുകളാണ് ചരിഞ്ഞോ തലകീഴായോ കിടക്കുന്നത്. അടുത്ത സ്ഥാനം കോമ്പല്ലുകള്‍ക്കാണ്. താടിയെല്ലിനു വേദന, തലവേദന, ചെവിവേദന എന്നിവയാണ് ലക്ഷണങ്ങള്‍. ട്രൈജമിനല്‍ നൂറാല്‍ജിയ (trigimnal neuralgia) എന്ന നാഡീരോഗത്തില്‍നിന്ന് ഇതിനെ വേര്‍തിരിച്ചറിയേണ്ടതുണ്ട്. എക്സ് റേയുടെ സഹായത്തോടെയാണ് രോഗനിര്‍ണയം നടത്തുന്നത്.

അപകടങ്ങള്‍മൂലം ദന്തങ്ങള്‍ക്ക് ഉണ്ടാകുന്ന ക്ഷതങ്ങളും പ്രധാനമാണ്. പല്ലിന്റെ മാത്രം ഒടിവ് നാലുവിധമാണ്: ഇനാമല്‍ ഫ്രാക്ചര്‍, ക്രൌണ്‍ ഫ്രാക്ചര്‍, വേരിന്റെ ഒടിവ്, പല്ലിന്റെ സ്ഥാനമാറ്റം. അസ്ഥികളുടെ ഒടിവ് മൂന്നുവിധമാണ്: ലഘു ഒടിവ് (രണ്ടായി ഒടിയുക), സങ്കീര്‍ണ ഫ്രാക്ചര്‍ (രണ്ടിലധികം കഷണങ്ങളായി ഒടിയുക), ചെറുതുണ്ടുകളായി നുറുങ്ങിപ്പോകല്‍.

കൃത്രിമ ദന്തങ്ങള്‍ (denture)

കൃത്രിമ ദന്തങ്ങളെ മൂന്നുവിധത്തില്‍ തരംതിരിച്ചിരിക്കുന്നു.

1. പൂര്‍ണ ഡെന്‍ചര്‍ (full denture)

2. ഭാഗിക ഡെന്‍ചര്‍ (partial denture)

i.എടുത്തു മാറ്റാനാവുന്നത് (removable)

ii.സ്ഥിരമായി ഉറപ്പിച്ചിട്ടുള്ളത് (fixed)

3. ക്രൌണ്‍ (crown)

ഒരു അണയിലെയോ രണ്ട് അണകളിലെയുമോ പല്ലുകള്‍ മുഴുവനായി കൃത്രിമ ദന്തങ്ങള്‍കൊണ്ടു പ്രതിസ്ഥാപിക്കുന്നതാണ് പൂര്‍ണ ഡെന്‍ചര്‍. മേല്‍ത്താടിയുടെയും കീഴ്ത്താടിയുടെയും കൃത്യമായ അടയാളം എടുക്കുകയാണ് ആദ്യ പടി. ഇതില്‍നിന്ന് താടിയുടെ മാതൃക ഉണ്ടാക്കുന്നു. ഈ മാതൃകകളുടെ സഹായത്തോടെയാണ് കൃത്രിമ ദന്തങ്ങള്‍ പിടിപ്പിക്കുന്നതിനുള്ള അടിസ്ഥാന പാളി നിര്‍മിക്കുന്നത്.

സ്വതവേ ഉള്ള പല്ലുകളില്‍ ചിലത് നിലനിര്‍ത്തിക്കൊണ്ട് നഷ്ടമായതോ കേടുവന്നതോ ആയ ചിലവ മാത്രം കൃത്രിമ ദന്തംകൊണ്ട് പ്രതിസ്ഥാപിക്കുന്നതാണ് ഭാഗിക ഡെന്‍ചര്‍. ഈ കൃത്രിമ ദന്തങ്ങള്‍ എടുത്ത് കഴുകി വൃത്തിയാക്കി തിരിച്ചുവയ്ക്കാന്‍ സാധിക്കുന്നതായിരിക്കും. വായില്‍ നിലനില്ക്കുന്ന സ്വതവേയുള്ള പല്ലുകള്‍ക്ക് വേണ്ടത്ര ബലമുണ്ടെങ്കില്‍ കൃത്രിമ ദന്തങ്ങള്‍ അവയോടു ചേര്‍ത്ത് സിമന്റു ചെയ്യാറുണ്ട്. ഇത്തരത്തില്‍ ഉറപ്പിച്ചിരിക്കുന്ന കൃത്രിമ ദന്തങ്ങളെ ബ്രിഡ്ജ് എന്നും പറയുന്നു. രണ്ടോ അതിലധികമോ സ്വതസ്സിദ്ധമായ പല്ലുകളുടെ ശീര്‍ഷം രാകി ചെറുതാക്കി ലോഹനിര്‍മിതമായ ക്രൌണ്‍ ഉറപ്പിച്ചശേഷം കൃത്രിമ ദന്തങ്ങള്‍ ഇതിനോട് ചേര്‍ത്തു ബന്ധിക്കുകയാണ് ചെയ്യുന്നത്.

ഒരു പല്ലിനു മാത്രം രൂപവ്യതിയാനം സംഭവിച്ചാല്‍ അതിനെ രാകി രൂപപ്പെടുത്തി ക്രൌണ്‍ ഉറപ്പിച്ച് പുനര്‍നിര്‍മിക്കുന്നതാണ് മറ്റൊരു രീതി. ലോഹസങ്കരങ്ങളും സിറാമിക്കും പോളിമറുകളും ഇതിനായി ഉപയോഗിക്കാറുണ്ട്.

ഓര്‍ത്തോഡോണ്‍ഷ്യ (Orthodontia)

ഉന്തിയും ക്രമംതെറ്റിയും നില്ക്കുന്ന പല്ലുകള്‍ ഉള്ളിലേക്കാക്കി ക്രമീകരിക്കുന്ന ചികിത്സാരീതിയാണിത്. സൗന്ദര്യ വര്‍ധനയ്ക്കു മാത്രമല്ല സംസാരിക്കാനും ചവയ്ക്കാനും ഉള്ള ശേഷി വര്‍ധിപ്പിക്കുന്നതിനും ഈ ചികിത്സ പ്രയോജനപ്പെടുത്തിവരുന്നു. മൂന്നു ഘട്ടമായാണ് ഈ ചികിത്സ നടത്തുന്നത്.

ക്രമാനുസൃതമായ പല്ലെടുക്കല്‍ പന്ത്രണ്ടു വയസ്സിനുമുമ്പ് തുടങ്ങേണ്ട ചികിത്സയാണ്. താടിയെല്ലുകളില്‍ സ്ഥിര ദന്തങ്ങള്‍ക്ക് ഞെരുങ്ങാതെ നില്ക്കാന്‍ സ്ഥലം തികയുകയില്ലെങ്കില്‍ താടിയില്‍ നില്ക്കാന്‍ യോഗ്യമല്ലാത്ത പല്ലുകളെ യഥാസമയം പറിച്ചുമാറ്റുന്നു. ഉന്തിനില്ക്കുന്ന പല്ലുകള്‍ കമ്പികെട്ടി താഴ്ന്നുവരുമ്പോള്‍ അവയ്ക്ക് ഞെരുങ്ങാതെ നില്ക്കുവാന്‍ ഇടം ഉണ്ടാക്കുവാന്‍വേണ്ടി രണ്ട് അണകളുടെയും ഇരുഭാഗങ്ങളില്‍ നിന്നുമായി നാല് പല്ലുകള്‍ എടുത്തു മാറ്റേണ്ടതായി വരാറുണ്ട്. വളരെ കനം കുറഞ്ഞ ഉരുക്കു കമ്പികള്‍ ഉപയോഗിച്ച് പല്ലിനെ ബന്ധിക്കുകയാണ് അടുത്ത ഘട്ടം. ഉപയോക്താവിന് ഈ കമ്പി സ്വയം എടുത്തുമാറ്റാന്‍ സാധിക്കുകയില്ല. പോളിമര്‍കൊണ്ടുള്ള അടിസ്ഥാന പാളിക്കു പകരമായി കമ്പികള്‍ നേരിട്ട് പല്ലില്‍ ഉറപ്പിക്കുന്ന രീതിയാണ് ഇന്ന് അനുവര്‍ത്തിച്ചുപോരുന്നത്. ബാന്‍ഡുകള്‍, ബ്രാക്കറ്റുകള്‍, റ്റ്യൂബുകള്‍ എന്നിവ കോംപസിറ്റ് റെസിനിന്റെയോ ഗ്ളാസ് അയണോമറിന്റെയോ സഹായത്തോടെ പല്ലുകളില്‍ ഉറപ്പിക്കുന്നു. തുടര്‍ന്ന് റ്റ്യൂബുകളിലൂടെ നേരിയ കമ്പികള്‍ കടത്തി ബന്ധിക്കുന്നു. അനുവദനീയമായ സമ്മര്‍ദം പല്ലുകളില്‍ ഏല്പിച്ച് അവയുടെ സ്ഥാനം ക്രമീകരിക്കുന്നു. ഇത്തരത്തില്‍ ഉറപ്പിച്ച കമ്പികള്‍ ഒന്ന്-ഒന്നര വര്‍ഷത്തോളം നിലനിര്‍ത്തേണ്ടിവരും. ഉപയോക്താവിന് സ്വയം എടുത്തു വൃത്തിയാക്കാനും തിരികെ വയ്ക്കാനും കഴിയുന്ന ഉപകരണം ഉപയോഗിച്ച് പല്ല് ബന്ധിക്കുന്നതാണ് അടുത്ത ഘട്ടം. അക്രിലിക് പോളിമര്‍ കൊണ്ടുള്ള അടിസ്ഥാന പാളികളില്‍ കനം കുറഞ്ഞ ഉരുക്കു കമ്പികള്‍ (0.4, 0.3, 0.2 മി.മീ.) ഘടിപ്പിച്ചുണ്ടാക്കുന്ന ഉപകരണങ്ങള്‍ ആണ് ഇതിനുപയോഗിക്കുന്നത്. ദന്തക്രമീകരണത്തിനു മാത്രമല്ല, നാക്കിട്ട് തള്ളുക, വിരലു കുടിക്കുക തുടങ്ങിയ സ്വഭാവവൈകല്യങ്ങള്‍ക്കു പരിഹാരമായും ഇളക്കിമാറ്റാവുന്ന ഇത്തരത്തിലുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കാറുണ്ട്.

ദന്തസംരക്ഷണം

പല്ലുകളെയും വായിലെ മറ്റ് അവയവങ്ങളെയും കുട്ടിക്കാലം മുതല്‍ വാര്‍ധക്യം വരെ ആരോഗ്യകരമായി സംരക്ഷിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍. പാരമ്പര്യം ഒരു പരിധിവരെ സ്വാധീനം ചെലുത്തുമെങ്കിലും വ്യക്തിപരമായ ദിനചര്യയും ആഹാരക്രമവും ശുചിത്വരീതികളും ദന്തപരിചരണവും ദന്തരോഗങ്ങളെ ഒഴിവാക്കുന്നതിനു സഹായകമാണ്. വാര്‍ധക്യത്തോട് അടുക്കുമ്പോള്‍ പൊതുവേ ഉണ്ടാകുന്ന ശോഷണം (degeneration) എല്ലാ അവയവങ്ങളെയും എന്നപോലെ പല്ലുകളെയും ബാധിക്കും.

ഗര്‍ഭിണികളുടെയും പാലൂട്ടുന്നവരുടെയും ദന്തസംരക്ഷണം

ഗര്‍ഭസ്ഥ ശിശുവിന് എല്ലുകളും പല്ലുകളും രൂപീകൃതമാകാന്‍ ആവശ്യമുള്ള പ്രോട്ടീന്‍, ധാതുലവണങ്ങള്‍, ജീവകങ്ങള്‍ എന്നിവ അമ്മയുടെ ശരീരത്തില്‍ നിന്നുതന്നെ ലഭിക്കണം. കഴിക്കുന്ന ആഹാരത്തില്‍ ഇവ വേണ്ടുവോളം ഇല്ലെങ്കില്‍, അമ്മയുടെ ശരീരത്തില്‍നിന്ന് ഗര്‍ഭസ്ഥശിശു ഇവ ആഗിരണം ചെയ്യുന്നു. കാരണം, ഇക്കാര്യത്തില്‍ പ്രകൃതി മുന്‍ഗണന കൊടുക്കുന്നത് ഭ്രൂണത്തിന്റെ വളര്‍ച്ചയ്ക്കാണ്. കുഞ്ഞിനെ പാലൂട്ടുന്ന സമയത്തും മാതാവിന്റെ സ്ഥിതി വ്യത്യസ്ഥമല്ല. ഈ കാലയളവില്‍ മാംസ്യം, കാല്‍സിയം, ഫോസ്ഫേറ്റുകള്‍, ഇരുമ്പ്, ജീവകങ്ങള്‍ എന്നിവ ആവശ്യത്തിന് മാതാവിനു ലഭ്യമാക്കണം. കുട്ടികള്‍ക്ക് ആരോഗ്യമുള്ള ദന്തങ്ങള്‍ ഉണ്ടാകാന്‍ ഇത് സഹായിക്കും.

ഇതുകൂടാതെ ഗര്‍ഭിണികള്‍ അവരവരുടെ വായുടെ ശുചിത്വം കര്‍ശനമായി പരിപാലിക്കേണ്ടതുണ്ട്. ഹോര്‍മോണുകളുടെ വ്യതിയാനംകൊണ്ട് മോണയില്‍ ചുവന്ന തടിപ്പുകളും ചെറിയ മുഴകളും ഉണ്ടാകാം. ആലസ്യവും പ്രത്യേക മാനസികാവസ്ഥയും കാരണം ഗര്‍ഭിണികള്‍ വായുടെ ശുചിത്വം അവഗണിക്കാനിടയുണ്ട്. ഇത് പല്ലുകളില്‍ പോടുണ്ടാകുന്നതിന് കാരണമാകും. പനിയോ മറ്റെന്തെങ്കിലും അണുബാധയോ ഉണ്ടായാല്‍ ടെട്രാസൈക്ളിന്‍, എറിത്രോമൈസിന്‍ എന്നിവ കഴിക്കുന്നത് ഒഴിവാക്കണം. ഈവക ഔഷധങ്ങള്‍ കുട്ടികളുടെ പല്ലിന് നിറഭേദം ഉണ്ടാക്കും.

വായുടെ ശുചിത്വം പാലിക്കാനായി ആഹാരത്തിനുശേഷം പല്ലും വായും നന്നായി ബ്രഷ് ചെയ്യണം. ശരിയായ ആഹാരക്രമവും പാലിക്കേണ്ടതുണ്ട്. ഗര്‍ഭാരംഭം മുതല്ക്കുതന്നെ ദന്തഡോക്ടറെ കണ്ട് ആവശ്യമെങ്കില്‍ പല്ല് വൃത്തിയാക്കിക്കുകയും സുഷിരങ്ങള്‍ അടപ്പിക്കുകയും ചെയ്യണം. ഗര്‍ഭധാരണത്തിന്റെ ആദ്യത്തെ മൂന്നുമാസവും അവസാനത്തെ മൂന്നുമാസവും ദന്തചികിത്സ ഒഴിവാക്കുകയാണ് ഉത്തമം.

ദന്തസംരക്ഷണം - ശൈശവത്തില്‍

ആറാം മാസം മുതല്‍ കുട്ടികള്‍ക്ക് പല്ല് മുളച്ചുതുടങ്ങും. ഇതോടെ ഖരരൂപത്തിലുള്ള ദക്ഷണപദാര്‍ഥങ്ങള്‍ ആഹരിച്ചുതുടങ്ങുകയും അവയുടെ അംശങ്ങള്‍ പല്ലില്‍ പറ്റിപ്പിടിച്ചിരുന്ന് പ്ളാക്കുകളും സുഷിരങ്ങളും ഉണ്ടാവുകയും ചെയ്യുന്നു. രണ്ടര വയസ്സാകുമ്പോള്‍ 20 പാല്‍പ്പല്ലുകളും വന്നുകഴിയും. മൂന്നുവയസ്സിലും അതിനുശേഷവും കുട്ടികള്‍ക്ക് പല്ലുകളില്‍ പോടും വേദനയും ഉണ്ടാകാറുണ്ട്. ദന്തരോഗങ്ങള്‍മൂലം നീര്, പഴുപ്പ്, പനി, ഉറക്കമില്ലായ്മ തുടങ്ങിയവ സാധാരണമാണ്.

ആറുമാസം മുതല്‍ ഒന്നരവയസ്സു വരെ പഞ്ഞി ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ് കുട്ടിയുടെ പല്ലുകള്‍ തുടച്ച് വൃത്തിയാക്കണം. ഒന്നരവയസ്സു മുതല്‍ മൂന്നുവയസ്സു വരെ പല്ലുകള്‍ ബ്രഷ് ചെയ്തുകൊടുക്കാവുന്നതാണ്. അല്പം ടൂത്ത് പേസ്റ്റ് ഉപയോഗിക്കാം. മൂന്നുവയസ്സാകുന്നതോടെ ചെറിയ ബ്രഷ് ഉപയോഗിച്ച് സ്വയം ബ്രഷ് ചെയ്യുവാന്‍ പരിശീലിപ്പിക്കുകയും വേണം. രാത്രിയില്‍ ആഹാരശേഷവും ബ്രഷ് ചെയ്യുന്നത് ദന്തക്ഷയം തടയുവാന്‍ ഫലപ്രദമാണ്.

കുട്ടികള്‍ക്കു കൊടുക്കുന്ന ഭക്ഷണത്തില്‍ ആവശ്യത്തിനുള്ള മാംസ്യം, ധാതുലവണങ്ങള്‍, ജീവകങ്ങള്‍ തുടങ്ങിയവ ഉണ്ടായിരിക്കണം. ആറുവയസ്സുവരെയെങ്കിലും ടെട്രാസൈക്ളിന്‍ വര്‍ഗത്തില്‍പ്പെട്ട മരുന്നുകള്‍ ഒഴിവാക്കണം. ഇല്ലെങ്കില്‍ പിന്നീട് ഉണ്ടാകുന്ന സ്ഥിരം പല്ലുകള്‍ക്ക് നിറഭേദം ഉണ്ടാകും. കുടിവെള്ളത്തില്‍ ഫ്ളൂറൈഡ് പോലുള്ള ലവണങ്ങള്‍ കൂടുതലായാലും നിറം മാറും.

കുട്ടികളുടെ പല്ലുകള്‍ യഥാസമയം മുളയ്ക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടതാണ്. പാല്‍പ്പല്ലുകള്‍ പൊഴിയേണ്ട സമയത്ത് പോകാതിരിക്കുക, സ്ഥിരദന്തങ്ങള്‍ മുറ തെറ്റിയും നിര തെറ്റിയും മുളയ്ക്കുക തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് ഒരു ദന്തഡോക്ടറുടെ ഉപദേശം തേടണം. സുഷിരങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പിറ്റ് ആന്‍ഡ് ഫിഷര്‍ സീലിങ്, ഫ്ളൂറൈഡ് പുരട്ടല്‍ തുടങ്ങിയ സംരക്ഷണമാര്‍ഗങ്ങള്‍ അവലംബിക്കാവുന്നതാണ്.

ദന്താരോഗ്യം കുട്ടികളില്‍

 

കുട്ടികളില്‍ പല്ലുകളുടെ ശരിയായ ക്രമം നിലനിര്‍ത്തി ദന്തപരിപാലനം നിര്‍വഹിക്കുന്നതിലൂടെ കൈവരുന്ന അവസ്ഥ. ലോകാരോഗ്യസംഘടനയുടെ 'എല്ലാവര്‍ക്കും ആരോഗ്യം' എന്ന ലക്ഷ്യം ഫലപ്രാപ്തിയില്‍ എത്തിക്കണമെങ്കില്‍ പ്രത്യേകപരിഗണന നല്കേണ്ട ഒന്നാണ് ദന്തപരിപാലനം എന്നത് അംഗീകരിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്. ഇതിന് ഉപോദ്ബലകമായി ചൂണ്ടിക്കാണിക്കപ്പെടുന്ന പ്രധാന കാര്യം ലോകജനസംഖ്യയില്‍ 90 ശതമാനത്തിലധികം പേര്‍ക്കും ഏതെങ്കിലും തരത്തിലുള്ള ദന്തരോഗബാധയുണ്ട് എന്നതാണ്. കുട്ടികള്‍ ഇക്കാര്യത്തില്‍ മുതിര്‍ന്നവരേക്കാള്‍ മുന്നില്‍ നില്ക്കുന്നു. 12 വയസ്സുവരെയുള്ള കുട്ടികളുടെ ദന്തരോഗചികിത്സയുമായി ബന്ധപ്പെട്ട് 'പിഡോഡോണ്‍ടിക്സ്' (Paedodontics) എന്ന പുതിയ ഒരു ദന്തശാസ്ത്രശാഖ ആഗോളതലത്തില്‍ പ്രചുരപ്രചാരം നേടിക്കഴിഞ്ഞിട്ടുണ്ട്.

ആമുഖം

നമ്മുടെ പൊതുവായ ആരോഗ്യം നിലനിര്‍ത്തുന്നതിന് വിവിധ ഘടകങ്ങളില്‍ സുപ്രധാനമായ സ്ഥാനം വായുടെ ആരോഗ്യസംരക്ഷണത്തിനുണ്ട്. ശരീരത്തിലേക്കുള്ള കവാടം എന്നാണ് വായ് വിശേഷിപ്പിക്കപ്പെടുന്നത്. ആരോഗ്യമുള്ള വായില്‍ ഉറച്ച പല്ലുകളും ദൃഢമായ മോണകളുമുണ്ടാകും. പല്ലിന്റെ വളര്‍ച്ച ഗര്‍ഭസ്ഥ ശിശുവില്‍നിന്ന് തുടങ്ങുന്നു. മുഖസൌന്ദര്യത്തില്‍ ഏറ്റവും വലിയ മുതല്‍ക്കൂട്ടായ പല്ലുകളാണ് മനോഹരമായ പുഞ്ചിരിയിലൂടെ ഒരു വ്യക്തിയെ ആകര്‍ഷണീയനാക്കുന്നത്. ഒപ്പം ആഹാരപദാര്‍ഥങ്ങള്‍ ചവച്ചരയ്ക്കുന്നതിലും ഉച്ചാരണശുദ്ധിയോടെ സംസാരിക്കുന്നതിലും പല്ലുകള്‍ വഹിക്കുന്ന പങ്ക് നിസ്തുലം തന്നെ. വായില്‍ ഉണ്ടാകുന്ന രോഗങ്ങളില്‍ കൂടുതലും പല്ലിനെ ബാധിക്കുന്നവയാണ്. കുട്ടികളില്‍ സര്‍വസാധാരണമായി കണ്ടുവരുന്ന രോഗങ്ങളാണ് പല്ലുദ്രവിക്കലും മോണരോഗങ്ങളും. ഇവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. കുട്ടികളില്‍ ഇത് ഗണ്യമായ അളവില്‍ ഉണ്ട്. അതിനാല്‍ ഇക്കാര്യത്തില്‍ അടിയന്തര ശ്രദ്ധ പതിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

പല്ലുകളുടെ നിര തെറ്റിയാല്‍ അത് അഭംഗിയാണ്. വികൃതമായ പല്ലുകള്‍ മോണരോഗം, ദന്തക്ഷയം എന്നിവയൊക്കെ ഉണ്ടാകാനും ഇടയാക്കുന്നു. ആഹാരം ചവച്ചരയ്ക്കുമ്പോള്‍ ക്രമം തെറ്റിയ പല്ലുകളിന്മേല്‍ അമിതബലം ഏല്ക്കുന്നതുകൊണ്ട് പല്ലുകള്‍ ഉറപ്പിച്ചുനിര്‍ത്തുന്ന അസ്ഥിക്കും മോണയ്ക്കും കേടുപറ്റുന്നു. ചുണ്ടുകള്‍ പരിധിവിട്ട് പുറത്തേക്ക് ഉന്തിനില്‍ക്കുന്നത് മനസ്സിന് വൈഷമ്യം ഉണ്ടാക്കുകയും ചെയ്യുന്നു.

ദന്തവൈകൃതത്തിനു കാരണം പലപ്പോഴും പാരമ്പര്യമാണ്. പല്ലുകള്‍ ഞെരുങ്ങി വളരുക, പല്ലുകള്‍ക്കിടയില്‍ വിടവുണ്ടാവുക, അധികം പല്ലുകള്‍ വരുക, അണ്ണാക്കിലും ചുണ്ടിലും വിടവും ദ്വാരവും ഉണ്ടാവുക തുടങ്ങി താടിയെല്ലുകളെയും മുഖത്തെയും ബാധിക്കുന്ന നിരവധി പ്രശ്നങ്ങള്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു.

കുട്ടികളില്‍ പല്ലിന്റെ ക്രമീകരണം

താടിയെല്ലിനുള്ളില്‍ പല്ലിന്റെ രൂപം പ്രാപിക്കല്‍

പല്ലിന്റെ വളര്‍ച്ച ശിശുഗര്‍ഭപാത്രത്തിനുള്ളിലായിരിക്കുമ്പോള്‍ത്തന്നെ തുടങ്ങുന്നു. ഗര്‍ഭസ്ഥശിശുവിന് ആറ് ആഴ്ച പ്രായമാകുമ്പോള്‍ താടിയെല്ലിനുള്ളില്‍ പല്ലുകള്‍ രൂപംകൊണ്ടു തുടങ്ങും. ഗര്‍ഭധാരണത്തിന്റെ ആറാം മാസത്തിലാണ് സ്ഥിരം പല്ലുകള്‍ രൂപംകൊള്ളാന്‍ ആരംഭിക്കുന്നത്. പല്ലിന്റെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും പോഷകാഹാരം, ധാതുലവണങ്ങള്‍, വൈറ്റമിന്‍ (A,C,D), കാല്‍സിയം, ഫോസ്ഫറസ്, ഫ്ലൂറൈഡ് എന്നിവ പ്രധാനമാണ്. കുഞ്ഞിന്റെ പല്ലുകള്‍ നല്ലതുപോലെ രൂപപ്പെടുന്നതിന് ആവശ്യമായ പോഷകാംശങ്ങള്‍ അമ്മയില്‍നിന്നാണ് ലഭിക്കേണ്ടത്. അതിനാല്‍ ഗര്‍ഭിണിയായിരിക്കുന്ന അമ്മ ധാരാളം പോഷകാഹാരങ്ങളും കാല്‍സിയം, ഫോസ്ഫറസ്, ഇരുമ്പ് തുടങ്ങിയവ അടങ്ങിയ ധാതുലവണങ്ങളും ഇലക്കറികളും ഉള്‍പ്പെട്ട ഭക്ഷണരീതി അവലംബിക്കേണ്ടത് അത്യാവശ്യമാണ്. കുഞ്ഞിന് പല്ല് മുളയ്ക്കാന്‍ വൈകുക, പല്ല് ക്രമം തെറ്റി വളരുക, കേടുണ്ടാവുക എന്നീ പ്രശ്നങ്ങള്‍ അമ്മയുടെ പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ടു കാണുന്ന ചില പ്രശ്നങ്ങളാണ്. അമ്മയ്ക്കുണ്ടാകുന്ന പോഷകാഹാരക്കുറവ്, മണ്ണന്‍, അഞ്ചാംപനി, റൂബെല്ലാ പോലുള്ള വൈറല്‍ അണുബാധ, ഗര്‍ഭകാലത്ത് കഴിക്കുന്ന ടെട്രാസൈക്ളിന്‍ പോലുള്ള ആന്റിബയോട്ടിക് മരുന്നുകള്‍ എന്നിവ കുഞ്ഞിന്റെ വായുടെയും പല്ലിന്റെയും ആരോഗ്യത്തെയും ഘടനയെയും നിറത്തെയും ബാധിക്കാറുണ്ട്.

പാല്‍പ്പല്ലിന്റെ ക്രമീകരണം

പാല്‍പ്പല്ലുകള്‍ ഇരുപത് എണ്ണം ആണ്. മേല്‍ത്താടിയിലും കീഴ്ത്താടിയിലും 10 എണ്ണം വീതമാണ് ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. പല്ലുകള്‍ താടിയെല്ലിനുള്ളില്‍ മുളച്ച്, എല്ലിനെ പൊതിഞ്ഞിരിക്കുന്ന മോണയിലൂടെ പുറത്തേക്കു വരുന്നു. ഈ പ്രക്രിയയെയാണ് ഇറപ്ഷന്‍ (eruption) എന്നു പറയുന്നത്. ആറുമാസം പ്രായമാകുമ്പോള്‍ കുട്ടികളില്‍ താഴത്തെ താടിയെല്ലിന്റെ മുന്‍ഭാഗത്ത് ആദ്യത്തെ പല്ല് മുളയ്ക്കും. അതിനുശേഷം 2 വയസ്സിനുള്ളില്‍ ഓരോന്നോരോന്നായി 20 പാല്‍പ്പല്ലുകളും മുളച്ചുവരും. പാല്‍പ്പല്ലുകളുടെ ഇടയിലെ വിടവ് പ്രകൃത്യാ ഉള്ളതാണ്. പാല്‍പ്പല്ലുകള്‍ക്കിടയില്‍ വിടവില്ലാതിരുന്നാല്‍ വലിയ സ്ഥിരം പല്ലുകള്‍ മുളയ്ക്കുമ്പോള്‍ അവയ്ക്ക് സ്ഥലക്കുറവുണ്ടാകും; സ്ഥിരം പല്ലുകള്‍ ക്രമം തെറ്റി മുളയ്ക്കാനുള്ള സാധ്യതയും ഏറും.

ദ്രവരൂപത്തിലുള്ള ഭക്ഷണക്രമത്തില്‍നിന്ന് കട്ടിയുള്ള ആഹാര രീതിയിലേക്കു മാറുന്നതിന് കുട്ടിയെ പരിശീലിപ്പിക്കുന്നതിനുവേണ്ടിയാണ് ചെറിയ രൂപത്തിലുള്ള പാല്‍പ്പല്ലുകള്‍ രൂപപ്പെട്ടുവരുന്നത്. ഘട്ടം ഘട്ടമായി താടിയെല്ലിനുള്ളില്‍ രൂപപ്പെടുന്ന സ്ഥിരം പല്ലുകള്‍ നേരായ രീതിയില്‍ പൊടിച്ചുവരാന്‍ വഴികാട്ടിയായും പാല്‍പ്പല്ലുകള്‍ സഹായകമാകുന്നു. പാല്‍പ്പല്ലുകള്‍ ആഹാരം ചവച്ചരയ്ക്കുന്നതിനും സംസാരശേഷി വികസനത്തിനും സഹായിക്കുന്നു. കുട്ടികളുടെ സമഗ്ര വികസനത്തില്‍ പാല്‍പ്പല്ലുകള്‍ക്ക് പ്രധാന സ്ഥാനമാണുള്ളത്.

മിശ്രദന്ത സംവിധാനം (Mixed dentitionperiod)

ആറുമുതല്‍ പന്ത്രണ്ടുവരെ വയസ്സുള്ള കുട്ടികളില്‍ പാല്‍പ്പല്ലുകളും സ്ഥിരം പല്ലുകളും കാണും. ഈ പ്രായത്തില്‍ പാല്‍പ്പല്ലുകള്‍ കൊഴിഞ്ഞുപോവുകയും തത്സ്ഥാനത്ത് സ്ഥിരം പല്ലുകള്‍ മുളച്ചു വരുകയും ചെയ്യുന്നു. ചില സന്ദര്‍ഭങ്ങളില്‍ പാല്‍പ്പല്ലുകള്‍ കൊഴിയാതിരിക്കുകയും അതിന്റെ വശത്തുകൂടി നിരതെറ്റി സ്ഥിരം പല്ലുകള്‍ മുളച്ചുവരുകയും ചെയ്യാറുണ്ട്. ഈ അവസരത്തില്‍ പാല്‍പ്പല്ലുകള്‍ തനിയെ പിഴുതുമാറ്റാന്‍ സാധിക്കാതെ വന്നാല്‍ ശിശുദന്തരോഗ ചികിത്സാവിദഗ്ധന്റെ നിര്‍ദേശം തേടണം. പാല്‍പ്പല്ലിനെ അവിടെത്തന്നെ നിലനില്ക്കാന്‍ അനുവദിച്ചാല്‍ സ്ഥിരം പല്ലുകള്‍ നിരതെറ്റി വളരുകയും ദന്ത ക്രമീകരണം തെറ്റുകയും കുട്ടിക്ക് അഭംഗിയുണ്ടാവുകയും പല്ലുകള്‍ ശരിയായി വൃത്തിയാക്കാന്‍ കഴിയാതെ വരുകയും തുടര്‍ന്ന് മോണരോഗങ്ങള്‍ ബാധിക്കാനുള്ള സാധ്യതയേറുകയും ചെയ്യുന്നു. പാല്‍പ്പല്ലുകള്‍ മാറി സ്ഥിരം പല്ലുകള്‍ വരുന്ന പ്രായത്തില്‍ (9 വയസ്സു മുതല്‍ 12-13 വയസ്സുവരെയുള്ള പ്രായം) പല്ലുകള്‍ ക്രമവും രൂപവും തെറ്റിക്കാണുന്ന അവസ്ഥയുണ്ടാകാം. മേല്‍ത്താടിയിലെ മുന്‍വരിപ്പല്ലുകള്‍ പൊങ്ങിയും വിടവുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. പല്ലുകള്‍ മുളയ്ക്കുകയും പുനഃക്രമീകരണം നടത്തുകയും ചെയ്തുകൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ പല്ലുകള്‍ കാണാന്‍ ഭംഗിക്കുറവുണ്ടാകും. ഇത് താത്കാലികമായ ഒരു അവസ്ഥയാണ്. അതിനാല്‍ ഇത്തരം രൂപത്തെക്കുറിച്ച് അസ്വസ്ഥരാകേണ്ടതില്ല. ഇതിന് പ്രത്യേക ചികിത്സയും ആവശ്യമില്ല. ഈ താത്കാലിക അവസ്ഥയെ 'ugly duckling stage' എന്നു പറയുന്നു. എന്നാല്‍ ഈ കാലഘട്ടത്തില്‍ മറ്റു ചിലതരം വൈകല്യങ്ങള്‍ കാണാറുണ്ട്. പല്ലിന്റെ ക്രമീകരണത്തില്‍ പ്രകടമായ അസ്വാഭാവികത കണ്ടാല്‍ ദന്തരോഗ ചികിത്സാവിദഗ്ധന്റെ സഹായം തേടണം.

സ്ഥിരം പല്ലുകളുടെ ക്രമീകരണം

കുട്ടിക്ക് 6 വയസ്സാകുമ്പോള്‍ ഒരു പാല്‍പ്പല്ലും കൊഴിഞ്ഞു പോകാതെതന്നെ ആദ്യത്തെ സ്ഥിരം അണപ്പല്ല് മുളയ്ക്കാന്‍ തുടങ്ങും. ഈ അവസരത്തില്‍ പാല്‍പ്പല്ലുകള്‍ ഓരോന്നായി കൊഴിഞ്ഞുതുടങ്ങുന്നു. കീഴ്ത്താടിയിലെ മുന്‍വശത്തെപല്ലുകളാണ്ആദ്യംകൊഴിയുന്നത്.തുടര്‍ന്ന് ആദ്യത്തെ അണപ്പല്ലും കോമ്പല്ലും, രണ്ടാമത്തെ അണപ്പല്ല് എന്ന ക്രമത്തില്‍ കൊഴിയുകയും തത്സ്ഥാനത്ത് സ്ഥിരം പല്ലുകള്‍ മുളച്ചു തുടങ്ങുകയും ചെയ്യുന്നു. ഈ പ്രക്രിയ 12 വയസ്സുവരെ നീണ്ടുനില്ക്കും. 12 വയസ്സാകുമ്പോള്‍ രണ്ടാമത്തെ സ്ഥിരം അണപ്പല്ലും 18 മുതല്‍ 25 വരെ വയസ്സിനിടയില്‍ മൂന്നാമത്തെ അണപ്പല്ലുകളും മുളയ്ക്കും. ആകെ 32 സ്ഥിരം പല്ലുകളാണ് ഉള്ളത്.

പല്ലുകള്‍ മുളയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍

സാധാരണയായി ശിശുക്കളില്‍ 6 മാസം പ്രായമാകുമ്പോള്‍ പല്ലുകള്‍ മുളയ്ക്കാന്‍ തുടങ്ങും. എന്നാല്‍ ചില കുഞ്ഞുങ്ങളില്‍ ജനിക്കുമ്പോള്‍ത്തന്നെ പല്ലുകള്‍ കണ്ടുവരാറുണ്ട്. ഇവ നേറ്റല്‍ പല്ലുകള്‍ (natal teeth) എന്ന് അറിയപ്പെടുന്നു. ചില കുഞ്ഞുങ്ങളില്‍, ജനിച്ച് 30 ദിവസത്തിനകം പല്ലുകള്‍ മുളച്ചുവരും. ഇവ നിയോനേറ്റല്‍ റ്റീത്ത് (neonatal teeth) എന്നറിയപ്പെടുന്നു. ചില അവസരങ്ങളില്‍ 6 മാസത്തിനുമുമ്പ് പല്ലുകള്‍ മുളച്ചു തുടങ്ങാറുണ്ട്. മറ്റു ചില അവസരങ്ങളില്‍ രണ്ടോ മൂന്നോ മാസംകൂടി താമസിച്ചേ പല്ലുകള്‍ മുളച്ചു തുടങ്ങുകയുള്ളൂ. ഇത് അത്ര ഗൌരവമായി കണക്കാക്കേണ്ടതില്ല.

ജനിക്കുമ്പോള്‍ത്തന്നെ മുളച്ച പല്ലുകള്‍ മുലയൂട്ടുമ്പോള്‍ അമ്മമാര്‍ക്ക് പ്രയാസം ജനിപ്പിക്കാറുണ്ട്. അതേസമയം, പൂര്‍ണമായും രൂപംപ്രാപിക്കാത്ത ഇത്തരം പല്ലുകള്‍ കുഞ്ഞുങ്ങളുടെ നാക്കിനടിയില്‍ വ്രണങ്ങള്‍ ഉണ്ടാകുന്നതിനും ഹേതുവാകും. ഇമ്മാതിരി തടസ്സങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇത്തരം പല്ലുകള്‍ എടുത്തു കളയുകയാണ് ഉത്തമം.

പല്ല് മുളയ്ക്കുമ്പോള്‍ മോണ ചുവന്നു തടിക്കുകയും പനിയും വയറിളക്കവും ഉണ്ടാവുകയും വായില്‍നിന്ന് ഉമിനീര്‍ ധാരാളമായി ഒലിക്കുകയും ചെയ്യുന്നു. കുട്ടിക്ക് അസ്വസ്ഥതയും വിശപ്പില്ലായ്മ, കരച്ചില്‍, ഉറക്കമില്ലായ്മ മുതലായവയും കണ്ടുവരുന്നു. ഇതിനെ റ്റീത്തിങ് സിക്നസ്സ് (Teething sickness) എന്നു പറയുന്നു. ഈ അസ്വസ്ഥതകളെ നിയന്ത്രിക്കുന്നതിന് പല മാര്‍ഗങ്ങള്‍ ഉണ്ട്. കടിക്കാന്‍ പറ്റുന്ന കളിപ്പാട്ടങ്ങള്‍ (റിങ്ങുകള്‍, താക്കോല്‍, കിലുക്കാംപെട്ടി) കൊടുക്കാം. പക്ഷേ, അവ ശുചിത്വമുള്ളതും സുരക്ഷിതവും രാസവസ്തുക്കള്‍ അടങ്ങിയിട്ടില്ലാത്തതും സാമാന്യം വലുപ്പം ഉള്ളതും ഇളകിവരുന്ന ഭാഗങ്ങള്‍ ഇല്ലാത്തതും ആയിരിക്കണം. കടിക്കുന്ന കൂട്ടത്തില്‍ വിഴുങ്ങിപ്പോകാനിടയുള്ള ചെറിയ കളിപ്പാട്ടങ്ങള്‍ കുഞ്ഞിനു കടിക്കാന്‍ കൊടുക്കുന്നത് ഒഴിവാക്കണം. വേദന ശമിപ്പിക്കുന്നതിനായി അനസ്തറ്റിക് ഓയിന്റ്മെന്റുകള്‍ മോണയില്‍ പുരട്ടാം. പനി കൂടുതല്‍ ഉണ്ടെങ്കില്‍ വേദനസംഹാരികള്‍ നല്കാവുന്നതാണ്. ഇതൊക്കെ ഒരു ശിശുദന്തരോഗ ചികിത്സാവിദഗ്ധന്റെ നിര്‍ദേശപ്രകാരം നടത്തണം.

പല്ലുകള്‍ വൈകി മുളയ്ക്കാനുള്ള കാരണങ്ങള്‍ പലതാണ്. പല്ലിന്റെ വളര്‍ച്ചാവഴിയിലുണ്ടാകുന്ന തടസ്സംമൂലമോ പാല്‍പ്പല്ലിന്റെ ദ്രവിച്ച ഭാഗം ഇരിക്കുന്നതുകൊണ്ടോ കട്ടിയുള്ള മോണയായതുകൊണ്ടോ പൊതുവായ വളര്‍ച്ചക്കുറവുകൊണ്ടോ എല്ലിന്റെ ക്രമക്കേടിനാലോ തൈറോയ്ഡ്, പാരാ തൈറോയ്ഡ് എന്നീ ഹോര്‍മോണുകളുടെ പ്രവര്‍ത്തനക്കുറവിനാലോ പല്ല് വൈകി മുളയ്ക്കാം. ചിലപ്പോള്‍ ഒന്നോ അതിലധികമോ പല്ലുകള്‍ മുളയ്ക്കാതിരിക്കാം. ഇത് മറ്റൊരു പല്ലിന്റെ സ്ഥാനം തെറ്റിയ വളര്‍ച്ച, വീക്കം, മുഴ, മുളയ്ക്കേണ്ട പല്ലിന്റെ സ്ഥാനത്തു തടസ്സം എന്നിവമൂലം സംഭവിക്കാം.

മേല്‍ത്താടിയിലും കീഴ്ത്താടിയിലും ആയി സാധാരണ 32 പല്ലുകളാണുള്ളത്. എന്നാല്‍ ചിലയാളുകളില്‍ ഇതിലുമധികം പല്ലുകള്‍ കാണും. അധികമുള്ള പല്ലിന്റെ ഇനം, സ്ഥാനം, അടുത്തുള്ള പല്ലിനുണ്ടായിരിക്കുന്ന പൊരുത്തക്കേട് എന്നിവ കണക്കാക്കി അധികമുള്ള പല്ലുകള്‍ എടുത്തുകളയേണ്ടതാണ്.

ചില കുഞ്ഞുങ്ങളില്‍ ഒരു പല്ലിന്റെ അഭാവവും ചിലപ്പോള്‍ ഒന്നിലധികം പല്ലുകള്‍ ഇല്ലാതെയിരിക്കുന്ന അവസ്ഥയും കാണാം. എന്നാല്‍ 'ഹെറിഡിറ്ററി എക്റ്റോഡേര്‍മല്‍ ഡിസ്പ്ളാസിയ' (Hereditary Ectodermal Dysplasia) എന്ന അസുഖമുള്ള കുട്ടികളില്‍ ഭാഗികമായോ പൂര്‍ണമായോ പാല്‍പ്പല്ലുകളും സ്ഥിരം പല്ലുകളും ഇല്ലാതെയിരിക്കുന്ന അവസ്ഥ കണ്ടുവരുന്നു.

പല്ലിന്റെ നിറവ്യത്യാസം

പല്ലുണ്ടാകുന്ന സമയത്തെ പ്രശ്നങ്ങള്‍മൂലം പല്ലിന്റെ ഘടനയില്‍ അസ്വാഭാവികത, വെള്ളപ്പാട്, തവിട്ടുപാട്, മഞ്ഞനിറം ഇവയൊക്കെ ഉണ്ടാകാം. ഗര്‍ഭിണിയായിരിക്കുമ്പോള്‍ അമ്മയ്ക്കുണ്ടാകുന്ന വൈറല്‍ പനികളും ടെട്രാസൈക്ലിന്‍ പോലുള്ള മരുന്നുകളുടെ ഉപയോഗവുംമൂലം കുഞ്ഞിന്റെ പല്ലിന് മഞ്ഞനിറം ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. മണ്ണനും അഞ്ചാംപനിയും പോലെയുള്ള വൈറല്‍ അണുബാധ, ജനിതക കാരണങ്ങള്‍, ഫ്ലൂറൈഡിന്റെ അധിക ആഗിരണം, എന്‍ഡോക്രൈന്‍ ഗ്ലാന്‍ഡിന്റെ കുഴപ്പങ്ങള്‍ മുതലായവ പല്ലിന്റെ ഘടനയെ പ്രതികൂലമായി ബാധിക്കാം. കൂടാതെ പാല്‍പ്പല്ലിനുണ്ടായ മുറിവ്, ആഘാതം, അണുബാധ ഇവ സ്ഥിരം പല്ലുകള്‍ക്ക് നിറവ്യത്യാസം ഉണ്ടാക്കും. മേല്‍പ്പറഞ്ഞ ഏതെങ്കിലും ഒരവസ്ഥയുണ്ടായാല്‍ പല്ലിന്റെ ഇനാമലിനും ഡെന്റിനിനും കുഴപ്പമുണ്ടാകാനുള്ള സാധ്യതയേറും. പല്ലുകള്‍ക്ക് ഇടി, വീഴ്ച എന്നിവ മൂലമുള്ള ആഘാതം ഉണ്ടാവുകയാണെങ്കില്‍ മുന്‍വരി പല്ലുകള്‍ നിര്‍ജീവമാവുകയും പല്ലിന് കറുത്തനിറമുണ്ടാകാനുള്ള സാധ്യത ഏറുകയും ചെയ്യുന്നു.

പാരമ്പര്യമായി കുഞ്ഞുങ്ങളുടെ പല്ലിന്റെ ഘടനയെയും നിറത്തെയും ബാധിക്കുന്ന അസുഖങ്ങളാണ് അമിലോജനെസിസ് ഇംപെര്‍ഫക്റ്റ(Amelogenesis imperfecta)യും ഡെന്റിനോജനെസിസ് ഇംപെര്‍ഫെക്റ്റ(Dentinogenesis)യും. ഇത്തരം രോഗാവസ്ഥകളില്‍ പല്ലുകള്‍ മഞ്ഞനിറത്തില്‍ കാണാം.

മുച്ചുണ്ടും അണ്ണാക്കിലെ വിള്ളലും (Cleft lip and palate)

ജനനസമയത്ത് ചില കുഞ്ഞുങ്ങളില്‍ കാണപ്പെടുന്ന വികസന പോരായ്മയാണ് മുച്ചുണ്ടും അണ്ണാക്കിലെ വിള്ളലും. ഏകദേശം ആയിരം ശിശുക്കളില്‍ ഒന്ന് എന്ന അനുപാതത്തില്‍ ഇതു കണ്ടുവരുന്നു. അണ്ണാക്കിലെ വിള്ളല്‍ ചെറിയ ദ്വാരമായോ വലിയ വിടവായോ കാണപ്പെടാം. ചില അവസരങ്ങളില്‍ മൂക്കും വായും തമ്മില്‍ ഒരു വഴി ഉണ്ടായിരിക്കുന്നതായി കാണാം. ഇതുമൂലം കുഞ്ഞുങ്ങള്‍ക്ക് ആഹാരം കൊടുക്കുന്നതിന് പ്രയാസം ഉണ്ടാകുന്നു. കുഞ്ഞ് ജനിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ ഫീഡിങ് പ്ലേറ്റ് (feeding plate) നിര്‍മിച്ചു നല്കാന്‍ ഒരു ശിശു ദന്തരോഗ ചികിത്സാവിദഗ്ധനു കഴിയും. അണ്ണാക്കില്‍ വിള്ളലുള്ള കുട്ടിയെ പരിചരിക്കുന്നതിന് പ്രത്യേക ശ്രദ്ധ വേണം. അണ്ണാക്കിലെ വിള്ളല്‍ പില്ക്കാലത്ത് സംസാരശേഷിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാനും കാരണമാകും. അണ്ണാക്കില്‍ വിള്ളലുള്ള കുട്ടികളില്‍ പല്ല് ശരിയായ സ്ഥാനത്തു മുളയ്ക്കണമെന്നില്ല. അധികം പല്ലോ, പല്ലിന്റെ അഭാവമോ ഉണ്ടാകാം. ഒരു വിദഗ്ധ ദന്തഡോക്ടറെ ക്രമമായി കാണിച്ചുകൊണ്ടിരിക്കണം. അണ്ണാക്കിലെ വിള്ളലിനുള്ള ശസ്ത്രക്രിയകള്‍ നടത്തി ഒരു പരിധിവരെ വിടവുകള്‍ നികത്താം. കുട്ടി ജനിച്ച ഉടന്‍തന്നെ ശിശുരോഗ ശസ്ത്രക്രിയാ വിദഗ്ധന്റെ ഉപദേശം തേടണം. ശസ്ത്രക്രിയ കഴിഞ്ഞതിനുശേഷമുള്ള വിടവുകള്‍ 'ഓബ്റ്റൂറേറ്റര്‍' (obturator) എന്ന അക്രിലിക് പ്ളേറ്റ് ഉപകരണം നിര്‍മിച്ച് വായില്‍ വച്ചാല്‍ അടച്ചെടുക്കാന്‍ സാധിക്കും. അതുവഴി സംസാരശേഷി വര്‍ധിക്കാനുള്ള സാധ്യത കൂടുന്നു; ആഹാരം കഴിക്കുമ്പോള്‍ മൂക്കില്‍ക്കൂടി വരുന്നത് തടയാനും സാധിക്കും. മുളച്ചുവരുന്ന പല്ലുകള്‍ നിരയല്ലാതെ വരുന്നത് സ്ഥിരം പല്ലുകള്‍ മുളച്ചതിനുശേഷം കമ്പിയിട്ടു ശരിയാക്കാനും സാധിക്കും. ഇത്തരം കുഞ്ഞുങ്ങളെ ചികിത്സിക്കുന്നതിന് വിവിധ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനം ആവശ്യമാണ് (Paediatrician,Paediatric Surgeon,Paedodontist,Plastic Surgen,Orthodontist,Anaesthetist).

ദന്തക്ഷയം (Dental caries)

ജലദോഷം കഴിഞ്ഞാല്‍ മനുഷ്യനെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന രോഗമാണ് ദന്തക്ഷയം അഥവാ പല്ലുദ്രവിക്കല്‍. തൊണ്ണൂറു ശതമാനത്തോളം ആളുകളെ ഏതെങ്കിലും തരത്തിലുള്ള ദന്തരോഗങ്ങള്‍ ബാധിച്ചിട്ടുണ്ട് എന്നാണ് ഗവേഷണ പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. കുട്ടികളിലാണ് പല്ലുദ്രവിക്കല്‍ കൂടുതലായി കണ്ടുവരുന്നത്. ഇത് വളരെക്കാലം നീണ്ടുനില്ക്കുന്ന രോഗമാണ്. ദന്തരോഗമുള്ളവര്‍ ആസ്ത്മാ രോഗമുള്ളവരുടെ അഞ്ചിരട്ടി വരുമെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. പല്ലിന് കേട് അഥവാ ദന്ത്രദ്രവമുള്ള കുട്ടികള്‍ക്ക് മറ്റു കുട്ടികളെ അപേക്ഷിച്ച് ഭാരം കുറഞ്ഞിരിക്കും. എന്നാല്‍ ഈ രോഗമുള്ള കുട്ടികള്‍ക്ക് ആദ്യമേതന്നെ ശരിയായ ചികിത്സ ലഭിച്ചാല്‍ രോഗം ഇല്ലാതാക്കാന്‍ കഴിയും; ആരോഗ്യക്കുറവ് പരിഹരിക്കാനുമാകും.

പല്ലുകളില്‍ കറുപ്പുനിറത്തിലോ തവിട്ടുനിറത്തിലോ ഉള്ള പാടുകള്‍ വീഴുക, പല്ലുകളുടെ പ്രതലത്തില്‍ ചെറിയ പോടുകള്‍ ഉണ്ടാകുക തുടങ്ങിയവ രോഗത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ ആണ്. വായില്‍ ധാരാളം രോഗാണുക്കളുടെ ശേഖരം ഉണ്ട്. പൊതുവേ ഇവ കുഴപ്പമൊന്നും ചെയ്യുകയില്ല. ഇക്കൂട്ടത്തിലുള്ള സ്ട്രെപ്റ്റോകോക്കസ് മ്യൂട്ടന്‍സ് എന്ന ബാക്റ്റീരിയ പല്ലിനു ചുറ്റും ഒട്ടിപ്പിടിച്ചിരിക്കുന്ന മധുര പദാര്‍ഥങ്ങളുമായി പ്രതിപ്രവര്‍ത്തിച്ച് അമ്ളങ്ങള്‍ ഉണ്ടാക്കുന്നു. ഇവ പല്ലിനെ ദ്രവിപ്പിക്കുന്നതിന് കാരണമാകും. ഉമിനീരിലെ മ്യൂസിനും ആഹാര അവശിഷ്ടങ്ങളും കൂടിച്ചേര്‍ന്ന് നേര്‍ത്ത സുതാര്യമായ ഡെന്റല്‍ പ്ളാക്ക് എന്ന പാടയുണ്ടായി പല്ലിന്മേല്‍ ഒട്ടിപ്പിടിക്കുന്നു. ഇത് അണുക്കള്‍ക്ക് സുഗമമായി വായില്‍ തങ്ങിനില്ക്കാനുള്ള സാഹചര്യം ഉണ്ടാക്കും. അന്നജവുമായി പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന അമ്ലം പ്ലാക്കില്‍ തങ്ങിനില്ക്കുന്നതിനാല്‍ അതിവേഗം പല്ലിന്റെ ഇനാമല്‍ ദ്രവിക്കുകയും അണുക്കള്‍ പള്‍പ്പില്‍ കടന്നുകൂടുകയും ചെയ്യുന്നു. അണുക്കളുടെ പ്രവര്‍ത്തനംമൂലം പള്‍പ്പില്‍ നീരും പഴുപ്പും ഉണ്ടാകുമ്പോള്‍ വേദന അനുഭവപ്പെടും. വായില്‍ ഒട്ടിപ്പിടിക്കുന്ന മിഠായികളിലും ചോക്കലേറ്റുകളിലും അടങ്ങിയിരിക്കുന്ന മധുരം സൂക്രോസ് ആണ്. ആഹാരവും മധുരപദാര്‍ഥങ്ങളും കഴിച്ചുകഴിഞ്ഞാല്‍ വായിലെ അമ്ലത രണ്ടോ മൂന്നോ മിനിറ്റുകൊണ്ട് കൂടുന്നതായി കാണുന്നു. ഏകദേശം അര മണിക്കൂര്‍ കഴിഞ്ഞു മാത്രമേ പൂര്‍വസ്ഥിതിയില്‍ ആവുകയുള്ളൂ. ആഹാരം കഴിച്ചതിനുശേഷം വായ് വൃത്തിയാക്കുന്നതും മുഖ്യാഹാരത്തോടൊപ്പമല്ലാതെ മധുരപലഹാരങ്ങള്‍ കഴിക്കുന്ന രീതി ഒഴിവാക്കുന്നതും ദന്തക്ഷയം വരാനുള്ള സാഹചര്യം ഇല്ലാതാക്കുന്നു. ഇനാമലിന്റെ ഉപരിതലത്തെ മാത്രമാണ് ദന്തക്ഷയം ബാധിച്ചതെങ്കില്‍ ഫ്ളൂറൈഡ് ലവണങ്ങള്‍ പുരട്ടുന്നതിലൂടെ രോഗബാധ തടയാന്‍ സാധിക്കും. ഇനാമലിനെ റെസിന്‍ ഉപയോഗിച്ച് സീല്‍ ചെയ്യാനും കഴിയും. പല്ലില്‍ കേട് പിടിച്ചുകഴിഞ്ഞാല്‍ പ്രസ്തുത ഭാഗങ്ങള്‍ നീക്കം ചെയ്തതിനുശേഷം തത്സ്ഥാനത്ത് 'അമാല്‍ഗം' പോലെയുള്ള ലോഹസങ്കരങ്ങളോ റെസിനുകളോ ഉപയോഗിച്ച് പുനഃസൃഷ്ടി നടത്തുകയാണ് വേണ്ടത്. പല്ലിന്റെ നിറത്തില്‍ തന്നെയുള്ള കോംപസിറ്റ് റെസിനുകളും ഉപയോഗിക്കപ്പെടുന്നു. എന്നാല്‍ ദന്തക്ഷയം പള്‍പ്പിനെ ബാധിച്ച് നീരും പഴുപ്പും വേദനയും ഉണ്ടായാല്‍ സാധാരണ രീതിയില്‍ പല്ല് അടയ്ക്കാന്‍ സാധിക്കുകയില്ല. കേടുപിടിച്ച പള്‍പ്പിനെ നീക്കം ചെയ്ത്, അണുനിബദ്ധമാക്കിയ പള്‍പ്പ്ചേംബറും റൂട്ട്കനാലും സീല്‍ ചെയ്യുന്നു. ഇതിനു മുകളില്‍ ലോഹസങ്കരം ഉപയോഗിച്ച് അടയ്ക്കാം. ഈ ചികിത്സാരീതിയെ എന്‍ഡോഡോന്റിക് ചികിത്സ എന്നാണ് പറയുന്നത്.

കുട്ടികളില്‍ പല്ലുകള്‍ക്കുണ്ടാകുന്ന കേടുകള്‍ ആരംഭത്തില്‍ ലക്ഷണങ്ങളൊന്നുമില്ലാതെയാണ് കാണപ്പെടുന്നത്. പിന്നീട് പല്ലിനു വേദനയുണ്ടാകുമ്പോഴാണ് കുട്ടിയുടെ പല്ലിനു കേടുണ്ടായ വിവരം മുതിര്‍ന്നവര്‍ അറിയുന്നത്. 'പൊഴിഞ്ഞുപോകുന്നവ' എന്ന കാരണത്താല്‍ പാല്‍പ്പല്ലുകള്‍ക്കുണ്ടാകുന്ന കേടുകള്‍ക്ക് പലരും വലിയ ശ്രദ്ധ കൊടുക്കാറില്ല. എന്നാല്‍ പാല്‍പ്പല്ലുകള്‍ അവശ്യം സംരക്ഷിക്കേണ്ടവയാണ് എന്നത് ഓര്‍ക്കേണ്ട വസ്തുതയാണ്.

നഴ്സിങ് ദന്തക്ഷയം (Nursing Caries). പാല്‍പ്പല്ലുകളില്‍ കണ്ടുവരുന്ന ഒരു തരം ദന്തക്ഷയമാണ് നഴ്സിങ് ദന്തക്ഷയം. ഇപ്പോള്‍ ഇത് 'ഏര്‍ലി ചൈല്‍ഡ്ഹുഡ് കാരിസ്' എന്ന പേരിലും അറിയപ്പെടുന്നുണ്ട്. കുഞ്ഞുങ്ങളിലുണ്ടാകുന്ന പല്ലുകളുടെ കേടാണിത്. ഉറക്കത്തില്‍ ഉമിനീര്‍ ഉത്പാദനം കുറവായതിനാല്‍ രാത്രിയില്‍ കുഞ്ഞു കുടിക്കുന്ന പാല്‍, പഴച്ചാറുകള്‍, മറ്റു മധുരപാനീയങ്ങള്‍ തുടങ്ങിയവ പാല്‍പ്പല്ലുകളില്‍ പറ്റിപ്പിടിച്ചിരിക്കുവാനുള്ള സാധ്യത കൂടുതലാണ്. വായില്‍ സാധാരണയായി ധാരാളം രോഗാണുക്കള്‍ കണ്ടുവരാറുണ്ട്. ചില രോഗാണുക്കള്‍ പല്ലിനുചുറ്റും ഒട്ടിപ്പിടിച്ചിരിക്കുന്ന പദാര്‍ഥങ്ങളുമായി പ്രവര്‍ത്തിച്ച് അമ്ലം അഥവാ ആസിഡ് ഉണ്ടാകുന്നു. ഇത് പല്ലിനെ ദ്രവിപ്പിക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളിലാണ് 'പല്ല് മുളച്ചുവന്നപ്പോള്‍ത്തന്നെ പൊടിഞ്ഞുപോയി' എന്ന് ആവലാതിപ്പെടാറുള്ളത്. മുകളിലത്തെ മുന്‍വരി പല്ലുകളിലാണ് ദ്രവിക്കല്‍ തുടങ്ങുന്നത്. പിന്നീട് പല്ലിനു ചുറ്റും വ്യാപിക്കുകയും പല്ലുകള്‍ പൊടിഞ്ഞുപോവുകയും ചെയ്യുന്നു. കുട്ടിക്ക് പല്ലു തേക്കുമ്പോഴും ആഹാരം കഴിക്കുമ്പോഴും വേദന അനുഭവപ്പെടാം. ചില അവസരങ്ങളില്‍ പല്ലുകള്‍ കുറ്റിപ്പല്ലുകളായി ബ്രൌണ്‍ നിറത്തില്‍ വേദനയില്ലാതെ വായില്‍ നിലകൊള്ളുന്നു. എന്നാല്‍ ചില കുട്ടികളില്‍ പഴുപ്പും വേദനയും നീരും അതോടനുബന്ധിച്ച് പനിയും വയറിളക്കവും ഉണ്ടാകുന്നു. ഇത് 'നഴ്സിങ് ബോട്ടില്‍ സിന്‍ഡ്രൊം' എന്ന് അറിയപ്പെടുന്നു.

മോണരോഗങ്ങള്‍

ദന്തക്ഷയം കഴിഞ്ഞാല്‍ ഏറ്റവും അധികം കാണപ്പെടുന്ന ദന്തരോഗം മോണരോഗങ്ങളാണ്. കുട്ടികളില്‍ ഈ രോഗം വര്‍ധിച്ചുവരികയാണ്. പല്ലിന്റെ ഭാഗങ്ങളെയും ദന്ത അസ്ഥികളെയും പൊതിഞ്ഞുസൂക്ഷിക്കുന്ന ചുവപ്പുനിറത്തിലുള്ള ഭാഗത്തെയാണ് മോണ എന്നു പറയുന്നത്. മോണയ്ക്ക് രോഗബാധയുണ്ടായാല്‍ മോണ ചുവന്നു തടിക്കുകയും അമര്‍ത്തുമ്പോള്‍ രക്തസ്രാവം ഉണ്ടാവുകയും ചെയ്യുന്നു. ഇതിനെത്തുടര്‍ന്ന് വേദനയുണ്ടാകും. ജിന്‍ജിവൈറ്റിസ് എന്നാണ് ഈ അവസ്ഥയെ പറയുന്നത്. മോണരോഗങ്ങള്‍ പല തരത്തിലുണ്ട്.

ഇറപ്ഷന്‍ ജിന്‍ജിവൈറ്റിസ്

കുട്ടികളില്‍ പാല്‍പ്പല്ലുകള്‍ മുളച്ചുവരുന്ന സമയത്ത് മോണയ്ക്ക് തടിപ്പും ചുവപ്പും പ്രത്യക്ഷപ്പെടാറുണ്ട്. പല്ല് പുറത്തേക്ക് വന്നുകഴിഞ്ഞാല്‍ ഇത്തരം ഇറപ്ഷന്‍ ജിന്‍ജിവൈറ്റിസ് സ്വതവേ മാറും. ഇതിനോട് അനുബന്ധിച്ച് മിക്ക കുട്ടികളിലും മോണയ്ക്കു വേദന, ഉമിനീര്‍ സ്രവം, പനി, വയറിളക്കം എന്നിവ കണ്ടുവരാറുണ്ട്. ഇതിനെ റ്റീത്തിങ് സിക്നെസ് (Teething sickness) എന്നു പറയുന്നു. പല്ല് മുളച്ചു കഴിയുന്നതോടെ ഈ ലക്ഷണങ്ങള്‍ കുറയും. കുറവ് കാണുന്നില്ലെങ്കില്‍ ശിശു ദന്തരോഗ ചികിത്സാവിദഗ്ധന്റെ ഉപദേശം തേടുന്നത് ഉചിതമായിരിക്കും. മിക്ക കുട്ടികളിലും ആദ്യത്തെ സ്ഥിരമായ അണപ്പല്ലുകള്‍ മുളച്ചുവരുന്ന പ്രായത്തില്‍ (6-7 വയസ്സിനിടയില്‍) പല്ലിനോടു ചേര്‍ന്ന മോണയ്ക്ക് ചുവപ്പും തടിപ്പും ചില അവസരങ്ങളില്‍ പഴുപ്പും നീരും അനുഭവപ്പെടാറുണ്ട്. ഇത് പെരികൊറോണൈറ്റിസ് (Pericoronitis) എന്നറിയപ്പെടുന്നു.

വായ വൃത്തിയായി സൂക്ഷിക്കാത്തതിനാലുണ്ടാകുന്ന ജിന്‍ജിവൈറ്റിസ്

(Gingivitis due to local deposits) വായ് വൃത്തിയാക്കുന്നതില്‍ കാണിക്കുന്ന അവഗണന കൊണ്ടുണ്ടാകുന്ന ഡെന്റല്‍ പ്ലാക്ക് (Dental plaque) ആണ് ഇത്തരം മോണരോഗത്തിന് കാരണം. കുട്ടികളിലും മുതിര്‍ന്നവരിലും ഒന്നുപോലെ കാണപ്പെടുന്നതാണിത്. മോണകളുടെയും പല്ലിന്റെയും ഇടയ്ക്ക് അണുക്കളുടെ ഒരു ശേഖരം ഉണ്ടാകും. ഈ വിവിധതരം അണുക്കള്‍ ചില രാസവസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നു. ഇതുമൂലം മോണയ്ക്ക് ചുവപ്പും തുടുപ്പും ഉണ്ടാകുന്നു. ചില അവസരങ്ങളില്‍ മോണയ്ക്ക് നീരും പഴുപ്പും ബാധിക്കാം. ഈ സന്ദര്‍ഭങ്ങളില്‍ വായ്നാറ്റം അനുഭവപ്പെടാം. ആഹാരം കഴിച്ചതിനുശേഷം ദന്തശുദ്ധി വരുത്തുന്നതില്‍ ശ്രദ്ധിച്ചാല്‍ ഈ രോഗം ഒരു പരിധിവരെ തടയാന്‍ സാധിക്കും. ഡെന്റല്‍ പ്ലാക്ക് നീക്കം ചെയ്ത് പല്ലുകള്‍ വൃത്തിയാക്കിയാല്‍ ഇത്തരം മോണരോഗം ഇല്ലാതാകുന്നു. എന്നാല്‍ ഇതിനെ വര്‍ധിപ്പിക്കുന്ന പല സാഹചര്യങ്ങളും മനുഷ്യ ശരീരത്തിലുണ്ടാകാറുണ്ട്. ചില കുട്ടികള്‍ വെറുതെയിരിക്കുമ്പോള്‍ ചുണ്ടുകള്‍ പൂട്ടി വയ്ക്കാറില്ല. മാത്രമല്ല, വായില്‍ക്കൂടി ശ്വസിക്കുകയും ചെയ്യുന്നു. ഇവരുടെ മോണ ഉണങ്ങിപ്പോകുന്നു. ഡെന്റല്‍ പ്ളാക്ക് ഉണ്ടാകുന്നതിനും അണുബാധമൂലം ജിന്‍ജിവൈറ്റിസ് ഉണ്ടാകുന്നതിനും ഇത് അനുകൂല സാഹചര്യം ഉണ്ടാക്കുന്നു.

ജുവനൈല്‍ പെരിയോഡോണ്‍ടൈറ്റിസ്

(Juvenile Periodontitis) കൗമാരപ്രായത്തില്‍ പ്രത്യേകിച്ച് കാരണം കണ്ടുപിടിക്കപ്പെടാനാകാതെ ഉണ്ടാകുന്ന മോണരോഗമാണിത്. വളരെ പെട്ടെന്ന് വര്‍ധിക്കുകയും മോണയ്ക്കു നാശമുണ്ടാക്കുകയും ചെയ്യുന്നുവെന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത. രോഗാരംഭത്തില്‍ പ്രത്യേക ലക്ഷണങ്ങള്‍ ഒന്നും കാണപ്പെട്ടില്ലെന്നുവരാം. എന്നാല്‍ ദന്ത അസ്ഥികള്‍ക്ക് നാശം സംഭവിക്കുകയും പല്ലിന് ആട്ടം സംഭവിക്കുകയും ചെയ്യുമ്പോഴാണ് ഇത്തരം മോണരോഗം ബാധിച്ചതായി അറിയുന്നത്. ഇതുമൂലം യൌവനാരംഭത്തില്‍ത്തന്നെ സ്ഥിരം പല്ലുകള്‍ നഷ്ടപ്പെടുന്നു. ചില കുടുംബങ്ങളില്‍ ഈ രോഗം പരമ്പരാഗതമായി കണ്ടുവരുന്നു.

അക്യൂട്ട് അള്‍സറേറ്റിവ് ജിന്‍ജിവൈറ്റിസ്

പ്രാചീന കാലം മുതല്‍ പടയാളികളില്‍ കണ്ടുവന്നിരുന്ന ഒരുതരം മോണരോഗമാണിത്. പ്രത്യേകതരം ബാക്റ്റീരിയകളുടെ (ബാസില്ലസ് ഫ്യൂസിഫോര്‍മിസ്, ബൊറീലിയ വിന്‍സെന്റൈ) അണുബാധ മൂലമാണ് ഇതുണ്ടാകുന്നത്. പനി, കഴുത്തിലെ കഴലവീക്കം, ക്ഷീണം, ദുര്‍ഗന്ധം, ചുവന്നു തുടുത്ത മോണ, രക്തസ്രാവം, പല്ലുകള്‍ക്കിടയിലെ മോണഭാഗത്ത് വ്രണങ്ങള്‍ ഉണ്ടാകുന്നത് എന്നിവയൊക്കെ ഈ രോഗത്തിന്റെ പ്രത്യേകതകളാണ്. കുട്ടികളിലും ഈ രോഗം ഇപ്പോള്‍ കണ്ടുവരുന്നു. ഈ രോഗമുള്ളവരിലെ ഉമിനീരിന് ലോഹരുചി അനുഭവപ്പെടാറുണ്ട്. പ്രത്യേകതരം വായ്നാറ്റവും ഈ രോഗികകള്‍ക്കുണ്ടാകും. രോഗലക്ഷണങ്ങള്‍ കണ്ടാലുടനെ വായ് വൃത്തിയാക്കി സൂക്ഷിക്കുകയും വിദഗ്ധോപദേശം നേടുകയും ചെയ്യണം. ഏകദേശം 10 ദിവസം കഴിയുമ്പോള്‍ ഈ അസുഖം താനെ കുറയുന്നതായി കാണാം.

പ്രൈമറി ഹെര്‍പ്പറ്റിക് ജിന്‍ജിവോസ്റ്റോമറ്റൈറ്റിസ്

(Herpetic Gingivostomatitis). മൂന്ന് വയസ്സിനുതാഴെ പ്രായമുള്ള കുട്ടികളില്‍ കണ്ടുവരുന്ന ഒരു വൈറസ് രോഗമാണിത്. അതിശക്തമായ പനി, താടിക്ക് അടിയിലെ വീക്കം, ക്ഷീണം മുതലായവയാണ് ആദ്യ ലക്ഷണം. തുടര്‍ന്ന് മോണ ചുവന്നു തുടുക്കുന്നു. കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെടുന്നു. വായിലെ ശ്ലേഷ്മ സ്തരത്തില്‍ ധാരാളം ചെറിയ കുമിളകള്‍ പ്രത്യക്ഷപ്പെടും. ഈ കുമിളകള്‍ ഒത്തുചേര്‍ന്ന് പൊട്ടുമ്പോള്‍ ആ ഭാഗത്ത് വ്രണങ്ങള്‍ ഉണ്ടാകുന്നു. 10 മുതല്‍ 14 വരെ ദിവസത്തിനകം ഈ വ്രണങ്ങള്‍ എല്ലാം ഉണങ്ങിപ്പോകും. ഒരു പാടുപോലും അവശേഷിക്കില്ല. ഈ രോഗത്തിന്റെ ആരംഭദശയില്‍ കുട്ടികളുടെ വായില്‍നിന്ന് ഉമിനീര്‍ കൂടുതലായി ഒഴുകുന്നു. കുഞ്ഞുങ്ങള്‍ക്ക് നീറ്റലും വേദനയും ഉണ്ടാകാനിടയുണ്ട്. ചില കുട്ടികളില്‍ നിര്‍ജലീകരണം (dehydration) ഉണ്ടാകാം. ചിലരില്‍ ഇതുമൂലം ശ്വാസകോശത്തിനും അണുബാധയുണ്ടാകാറുണ്ട്. എന്നാല്‍ ചില കുഞ്ഞുങ്ങളില്‍ ഈ അസുഖം വരുന്നതും പോകുന്നതും ആരും അറിയാറില്ല. ഒരിക്കല്‍ കുഞ്ഞുങ്ങളില്‍ ഈ അസുഖം ഉണ്ടായിക്കഴിഞ്ഞാല്‍ ഇതിനു കാരണമായ വൈറസ് അടുത്ത സെന്‍സറി നാഡി വഴി ഗാംഗ്ലിയോണില്‍ (sensory ganglion ) കടന്നുകൂടി നിദ്രാവസ്ഥയില്‍ കഴിയുന്നു. ശരീരത്തിന്റെ പ്രതിരോധശക്തി കുറയുമ്പോള്‍ ഈ വൈറസുകള്‍ നാഡികളിലൂടെ സഞ്ചരിച്ച് വായിലും ചുണ്ടിന്റെ പുറത്തും വ്രണങ്ങളുണ്ടാക്കുന്നു. അസഹനീയ വേദനയുള്ള ഈ വ്രണങ്ങള്‍ 10 ദിവസത്തിനകം ഉണങ്ങും. വ്രണങ്ങളിലുണ്ടാകുന്ന 'പൊരിക്ക' പ്രത്യേകതയാര്‍ന്നതാണ്. ഈ അസുഖം വര്‍ഷങ്ങളോളം ആവര്‍ത്തിച്ചു വരാറുണ്ട്. ലേബിയല്‍ ഹെര്‍പ്പിസ് (Labial Herpes) എന്നും ഈ അസുഖത്തെ വിളിക്കുന്നു.

ജിന്‍ജിവല്‍ എന്‍ലാര്‍ജ്മെന്റ്

(Gingival enlargement). കുട്ടികളില്‍ അപസ്മാര രോഗ ചികിത്സക്കായി ഉപയോഗിക്കുന്ന ഡയാലാന്റിന്‍ പോലുള്ള മരുന്നുകളുടെ പാര്‍ശ്വഫലമായി മോണയ്ക്ക് കട്ടിയും തടിപ്പും വളര്‍ച്ചയും ഉണ്ടാകുന്നു. ചിലരില്‍ മോണ വളര്‍ന്ന് പല്ലുകളെ പൂര്‍ണമായി മൂടുന്നതായി കണ്ടുവരാറുണ്ട്. ഇവരില്‍ ജിന്‍ജിവൈറ്റിസുണ്ടാകുന്നത് അപൂര്‍വമല്ല. ഇത്തരം കുട്ടികളില്‍ അപസ്മാര രോഗത്തിന് ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദേശം അനുസരിച്ച് മരുന്ന് മാറുന്നത് നല്ലതാണ്. ഈ കുഞ്ഞുങ്ങളില്‍ ക്ളീനിങ് ചികിത്സയ്ക്കുശേഷം ജിന്‍ജിവോ പ്ളാസ്റ്ററി എന്ന ചെറിയ ശസ്ത്രക്രിയയിലൂടെ മോണയിലെ വളര്‍ച്ചയെ നീക്കം ചെയ്യാന്‍ സാധിക്കും.

ആപ്തസ് വ്രണങ്ങള്‍

(Apthous ulcers). ഏകദേശം 3 മി.മീ. വ്യാസത്തിലുള്ള വ്രണങ്ങളാണ് ഇവ. ആവര്‍ത്തന സ്വഭാവമുള്ള ഈ രോഗം ഇടയ്ക്കിടെ വായിലും ചുണ്ടിലും കവിളിലും അണ്ണാക്കിലും നാക്കിലും നാക്കിനടിയിലും ഒക്കെ കാണപ്പെടുന്നു. കുട്ടികളിലും മുതിര്‍ന്നവരിലും സാധാരണയായി കണ്ടുവരുന്ന അവസ്ഥാവിശേഷമാണ് ഇത്. വ്രണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിനു മുമ്പുതന്നെ ആ ഭാഗത്ത് അസ്വാസ്ഥ്യം അനുഭവപ്പെടുക പതിവാണ്. നീറ്റലും വേദനയുമാണ് വ്രണങ്ങള്‍ മൂലമുള്ള അസ്വാസ്ഥ്യം. ഏകദേശം പത്തുദിവസം കഴിയുമ്പോള്‍ വ്രണങ്ങള്‍ ഉണങ്ങുന്നു. അവിടെ പാടുകള്‍ ഒന്നും അവശേഷിക്കുകയില്ല. ഏതാനു ആഴ്ചകള്‍ കഴിയുമ്പോള്‍ വ്രണങ്ങള്‍ വീണ്ടും പ്രത്യക്ഷപ്പെടുന്നു. കുട്ടികളില്‍ സാധാരണനിലയില്‍ പരീക്ഷാഭീതി ഉള്‍പ്പെടെയുള്ള മാനസിക പിരിമുറക്കവും ഉത്കണ്ഠയും ഇതിനു കാരണമാകുന്നു. ഇത് ഒരു സ്വയം പ്രതിരോധ രോഗം (autoimmune disease) ആണെന്ന അഭിപ്രായമുണ്ട്. സെപ്റ്റോകോക്കസ് പോലുള്ള ചില ബാക്റ്റീരിയകള്‍ ഉത്പാദിപ്പിക്കുന്ന രാസവസ്തുക്കള്‍ മ്യൂക്കസ് മെംബ്രയിനില്‍ പ്രതിപ്രവര്‍ത്തിച്ചും ഇത്തരം വ്രണങ്ങള്‍ ഉണ്ടാകാറുണ്ട്. വ്രണങ്ങളില്‍ ആന്റിസെപ്റ്റിക് മരുന്നുകള്‍, അനസ്തെറ്റിക് മരുന്നുകള്‍ എന്നിവ പുരട്ടുന്നത് നല്ലതാണ്. വ്രണങ്ങള്‍ പഴുക്കാതിരിക്കുന്നതിനും ആഹാരം കഴിക്കുമ്പോള്‍ വേദന കുറയ്ക്കുന്നതിനും ഇത് സഹായകമാകും. വൈറ്റമിന്‍ ബി അടങ്ങിയ ടോണിക് ഉപയോഗിക്കുന്നത് നല്ലതാണ്.

വൈറ്റമിനുകളുടെ അഭാവം മൂലമുണ്ടാകുന്ന ജിന്‍ജിവൈറ്റിസ്

വൈറ്റമിന്‍ സി-യുടെ കുറവും മോണ രോഗത്തിന് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നു. ചുവന്നു തുടുത്ത് സ്പോഞ്ച് പോലെയുള്ള വീക്കം മോണയില്‍ ഉണ്ടാകാറുണ്ട്. അതോടൊപ്പം രക്തസ്രാവമുണ്ടാവുക പതിവാണ്. വൈറ്റമിന്‍ സി-യുടെ കുറവുമൂലമുണ്ടാകുന്ന ഈ മോണവീക്കം സ്കര്‍വി (Scurvy) എന്നറിയപ്പെടുന്നു.

മുന്‍വരിപ്പല്ലുകള്‍ക്കുണ്ടാകുന്ന ദന്തക്ഷതം

(Traumatic injuries to anterior teeth).

കുട്ടികളില്‍ ഓട്ടത്തിനും ചാട്ടത്തിനും കളിക്കും ഇടയ്ക്ക് മറിഞ്ഞുവീഴലും മുന്‍വരിപല്ല്പൊട്ടലും ഒക്കെ സ്വാഭാവികമാണ്. അതിവേഗം ഓടുന്ന അത്ലറ്റുകളിലും സൈക്ളിങ് താരങ്ങളിലും മുന്‍വരിപ്പല്ലുകളുടെ പരിക്ക് കൂടുതലായി കാണാറുണ്ട്. മോണയിലുണ്ടാകുന്ന മുറിവില്‍നിന്ന് അമിത രക്തസ്രാവം ഉണ്ടായാല്‍ വൃത്തിയുള്ള പഞ്ഞിയോ തുണിയോ ഉപയോഗിച്ച് രക്തം വരുന്ന ഭാഗത്ത് അമര്‍ത്തി പിടിച്ചാല്‍ രക്തസ്രാവം തടയാന്‍ സാധിക്കും. അപകടം പിണയുമ്പോള്‍ ബോധക്ഷയം ഉണ്ടാകാനും സാധ്യതയുണ്ട്. ഈ അവസരത്തില്‍ തല ചരിച്ചുപിടിച്ച് കിടത്തുകയും വായ്ക്കകത്ത് രക്തം കട്ടപിടിച്ചു കിടക്കുന്നുവെങ്കില്‍ അത് നീക്കം ചെയ്യുകയും വേണം. ഈ അവസ്ഥ സംജാതമായാലുടന്‍തന്നെ പ്രാഥമിക വൈദ്യപരിചരണവും തുടര്‍ന്ന് ദന്തചികിത്സയും ആവശ്യമുണ്ട്.

പല്ലിനുണ്ടാകുന്ന ആഘാതംമൂലം പല്ലിന്റെ മുകള്‍ഭാഗത്തോ വേരിന്റെ ഭാഗത്തോ പല്ലിന് മൊത്തത്തിലോ പരിക്ക് സംഭവിക്കാം. പല്ലിന്റെ അനുബന്ധ കലകള്‍, പല്ലുമായി ചേര്‍ന്നിരിക്കുന്ന എല്ലുകള്‍, മോണ എന്നീ ഭാഗങ്ങള്‍ക്കും കേടുവരാം. താടിയെല്ലുകള്‍ക്കും മുന്‍വരി പല്ലുകള്‍ക്കും ഉണ്ടാകുന്ന ക്ഷതങ്ങള്‍ കൂടുതലും 6-12 വയസ്സ് പ്രായമുള്ള കുട്ടികളിലാണ് കണ്ടുവരുന്നത്. പെണ്‍കുട്ടികളേക്കാള്‍ ആണ്‍കുട്ടികളിലാണ് വീഴ്ച കൊണ്ടുള്ള അപകടങ്ങള്‍, പ്രത്യേകിച്ചും മുന്‍വരിയിലെ സ്ഥിരം പല്ലുകളുടെ പൊട്ടല്‍ കണ്ടുവരുന്നത്. കീഴ്ത്താടിയെല്ലിനും മിക്കപ്പോഴും പൊട്ടല്‍ സംഭവിക്കാറുണ്ട്.

1 മുതല്‍ 3 വരെ വയസ്സു പ്രായമുള്ള കുട്ടികളിലെ പാല്‍പ്പല്ലുകള്‍ക്കും താടിയെല്ലിനും ക്ഷതം ഉണ്ടാകാറുണ്ട്. പിച്ചവച്ചു നടക്കുമ്പോഴും ഓടിക്കളിക്കുമ്പോഴും ആണ് ഇതിനുള്ള സാധ്യത ഏറുന്നത്. ഇങ്ങനെയുണ്ടാകുമ്പോള്‍ നിര്‍ബന്ധമായും ശിശു ദന്തരോഗ ചികിത്സാവിദഗ്ധന്റെ ഉപദേശം തേടുകയും ആവശ്യമെങ്കില്‍ വിദഗ്ധചികിത്സ നടത്തുകയും വേണം. മുളച്ചുവരുന്ന സ്ഥിരം പല്ലുകള്‍ക്ക് കേടുപാടുണ്ടാകാതെ സൂക്ഷിക്കുന്നതിനുകൂടി വേണ്ടിയാണിത്.

മുന്‍വരിപ്പല്ലുകള്‍ക്ക് സംഭവിക്കുന്ന പൊട്ടലുകള്‍ പലതരത്തില്‍ ഉണ്ടാകാം. പല്ലിന്റെ ഒരറ്റം പൊട്ടിപ്പോവുകയോ പല്ലിന്റെ ക്രൌണ്‍ (ദന്തശീര്‍ഷം) പൂര്‍ണമായി പൊട്ടിപ്പോവുകയോ ആകാം. പല്ലിന്റെ പൊട്ടല്‍ ചിലപ്പോള്‍ ഇനാമലിനെ മാത്രം ബാധിക്കുന്നു. ചിലപ്പോള്‍ ഇനാമലും ഡെന്റിനും ചേര്‍ന്ന് ക്രൌണ്‍ പൊട്ടിപ്പോകും. പല്ലിന്റെ ജീവനുള്ള ഭാഗമായ പള്‍പ്പ് പുറത്തുവരുന്ന തരത്തിലുള്ള പൊട്ടലും ഉണ്ടാകാം. പല്ലിന്റെ ക്ഷതം ഇനാമലിനെ മാത്രമോ, ഇനാമലിനെയും ഡെന്റിനെയും ഒരുമിച്ചോ ബാധിച്ചാല്‍ പല്ലിന്റെ അതേ നിറത്തിലുള്ള കോമ്പോസിറ്റ് (composite) പോലുള്ള പദാര്‍ഥം ഉപയോഗിച്ച് പുനഃസൃഷ്ടി നടത്താനാവും. പൊട്ടല്‍ പള്‍പ്പിനെയുംകൂടി ബാധിച്ചാല്‍ വേരുചികിത്സയും തുടര്‍ന്ന് ക്യാപ് (Jacket crown) ഉള്‍പ്പെടെയുള്ള ചികിത്സാവിധികളും സ്വീകരിച്ച് പ്രശ്നം പരിഹരിക്കുകയും മുഖസൗന്ദര്യം നിലനിര്‍ത്തുകയും ചെയ്യാം. ആഘാതത്തിന്റെ വ്യാപ്തി അനുസരിച്ച് കുറേക്കാലത്തിനുശേഷം മുന്‍വരിപ്പല്ലുകള്‍ക്ക് നിറവ്യത്യാസം കണ്ടെന്നുവരാം.

കുട്ടികളുടെ പല്ലുകള്‍ക്ക് ക്ഷതം സംഭവിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുതയുണ്ട്. പല്ലിന്റെ പൊട്ടിപ്പോയ ഭാഗങ്ങള്‍ തൊണ്ടയില്‍ കുടുങ്ങാതെ വായ്ക്കുള്ളില്‍നിന്ന് നിശ്ശേഷം എടുത്തുമാറ്റന്‍ ശ്രദ്ധിക്കണം. വായ്ക്കുള്ളില്‍നിന്നും പരിസരത്തുനിന്നും എടുത്തു മാറ്റുന്ന പൊട്ടിപ്പോയ ഭാഗങ്ങള്‍ വൃത്തിയാക്കി നനഞ്ഞ പഞ്ഞിയില്‍ പൊതിഞ്ഞോ വെള്ളത്തിലിട്ടോ സൂക്ഷിച്ചുവയ്ക്കണം. എത്രയും പെട്ടെന്ന് ഒരു ശിശു ദന്തരോഗചികിത്സാവിദഗ്ധന്റെ സേവനം നേടുകയും വേണം. ചികിത്സയ്ക്കു പോകുമ്പോള്‍ പൊട്ടിയ പല്ലിന്റെ ഭാഗം നിര്‍ബന്ധമായും കൊണ്ടുപോകേണ്ടതുണ്ട്. ഇത് രണ്ടുതരത്തില്‍ പ്രയോജനപ്പെടും. തൊണ്ടയ്ക്കുള്ളിലോ മുറിവുകള്‍ക്കുള്ളിലോ പല്ലിന്റെ പൊട്ടിയ കഷണങ്ങള്‍ കുടുങ്ങികിടക്കാതെ പൂര്‍ണമായും പുറത്ത് എടുത്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്താന്‍ കഴിയുമെന്നതാണ് ഒന്നാമത്തെ പ്രയോജനം. ഒപ്പം ചില രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ച് ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനാകാത്തവിധം, പൊട്ടിപ്പോയ ഭാഗങ്ങള്‍ ഒട്ടിച്ചു ചേര്‍ക്കാനാകുമോ എന്നും പരിശോധിക്കാന്‍ കഴിയും.

ഇടിയുടെ ആഘാതംമൂലം പല്ലുകള്‍ താടിയെല്ലിനുള്ളിലേക്കോ പുറത്തേക്കോ നീങ്ങാനിടയുണ്ട് (displacement of teeth). പല്ലിനെ ഉറപ്പിച്ചുനിര്‍ത്തുന്ന ആല്‍വിയോളാര്‍ അസ്ഥിക്കുണ്ടാകുന്ന ഒടിവാണ് പല്ലിന്റെ നീക്കത്തിനു കാരണമാകാറുള്ളത്. ഇങ്ങനെ വന്നാല്‍ പല്ലിനെ പൂര്‍വസ്ഥിതിയിലാക്കി 'സ്പ്ളിന്റിങ്' (splinting) അല്ലെങ്കില്‍ കമ്പിയുപയോഗിച്ചു കെട്ടി (wiring) ദന്തമൂലം ഉറപ്പിച്ചുനിര്‍ത്തുന്ന ചികിത്സാവിധി നിലവിലുണ്ട്. ഇതുമൂലം നാല് മുതല്‍ ആറ് വരെ ആഴ്ചകൊണ്ട് പല്ലിനെ പൂര്‍ണമായി താടിയെല്ലില്‍ ഉറപ്പിക്കാന്‍ സാധിക്കും. എന്നാല്‍, ചില സന്ദര്‍ഭങ്ങളില്‍ മുന്‍വരിപ്പല്ലുകള്‍ പൂര്‍ണമായി താടിയെല്ലില്‍നിന്ന് ഇളകിപ്പോയി എന്നു വരാം. നഷ്ടപ്പെട്ട പല്ലുകള്‍ കണ്ടെടുത്താല്‍ ഈ പല്ലുകള്‍ തിരികെ തത്സ്ഥാനത്ത് പല്ലിന്റെ സോക്കറ്റില്‍ (socket) ഉറപ്പിക്കുവാന്‍ കഴിയും. ഈ ചികിത്സാവിധിയെ റീഇംപ്ലാന്റേഷന്‍ (Reimplantation) എന്നു പറയുന്നു. ഇതിനായി ഊരിപ്പോയ പല്ലുകള്‍ കഴുകിയെടുത്ത് നനഞ്ഞ പഞ്ഞിയില്‍ പൊതിഞ്ഞുവയ്ക്കുകയോ, ഉപ്പുകലര്‍ന്ന വെള്ളത്തിലോ പാലിലോ അപകടം സംഭവിച്ച കുട്ടിയുടെ ഉമിനീരിലോ മുക്കിവയ്ക്കുകയോ ചെയ്യേണ്ടതുണ്ട്. ഇത് പല്ലിന്റെ ജീവന്‍ നഷ്ടപ്പെടാതെ താടിയെല്ലില്‍ നിലനിര്‍ത്തുന്നതിന് സഹായകമാകും. ഇത്തരം ചികിത്സയുടെ വിജയസാധ്യത ഊരിപ്പോയ പല്ലുകള്‍ എത്രയുംവേഗം തത്സ്ഥാനത്ത് ഉറപ്പിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ഇളകിപ്പോയ പല്ലുകള്‍ മുപ്പതു മിനിറ്റുകള്‍ക്കകംതന്നെ താടിയെല്ലിനുള്ളില്‍ ഉറപ്പിച്ചു വയ്ക്കാന്‍ സാധിച്ചാല്‍ 90% വിജയസാധ്യതയുണ്ട്.

എന്നാല്‍ പാല്‍പ്പല്ലുകളാണ് താടിയെല്ലുകളില്‍നിന്ന് ഊരിപ്പോയത് എങ്കില്‍ അവ തത്സ്ഥാനത്ത് തിരിച്ച് ഉറപ്പിക്കേണ്ടതില്ല.

മേല്‍വിവരിച്ച ചികിത്സാവിധികളൊക്കെ കാലതാമസം കൂടാതെയും വിദഗ്ധോപദേശം തേടിയും നടത്താന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ വിജയം കൈവരിക്കാന്‍ സാധിക്കുകയുള്ളൂ.

കുട്ടികളില്‍ കാണുന്ന ചില ദുശ്ശീലങ്ങളും ദന്താരോഗ്യപ്രശ്നങ്ങളും

ശീലദുശ്ശീലങ്ങള്‍ ഒരു കുഞ്ഞിന്റെ പിറവിയോടൊപ്പംതന്നെ വളര്‍ന്നുവരും. ഇവയില്‍ വായ് സംബന്ധമായ ശീലക്കേടുകള്‍ അനവധിയാണ്. ചിലത് സഹജവും മൂന്ന് വയസ്സുവരെ സ്വാഭാവികവുമായിരിക്കും. മൂന്നുവയസ്സു കഴിഞ്ഞും ഇവ തുടര്‍ന്നുപോവുകയാണെങ്കില്‍ പല്ലുകളുടെ ക്രമീകരണത്തെയും മുഖകാന്തിയെയും ബാധിക്കാം. വിരല്‍ ഊറല്‍, വായില്‍ ക്കൂടിയുള്ള ശ്വസനം, നാക്ക് തള്ളല്‍, ചുണ്ട് കടിക്കല്‍, ചുണ്ട് ഊറല്‍, പല്ലിറുമ്മല്‍, നഖം കടിക്കല്‍ എന്നിവ കുട്ടികളില്‍ കാണുന്ന ചില ദുശ്ശീലങ്ങളാണ്. ഈ ശീലങ്ങളുടെ അടിസ്ഥാനകാരണങ്ങള്‍ എന്താണെന്നു കണ്ടുപിടിക്കേണ്ടതുണ്ട്.

വിരല്‍ ഊറല്‍ ശീലം

(Thumb sucking habit). ഊറുക എന്നത് ശിശുക്കളുടെ സഹജവാസനയാണ്. അതുകൊണ്ടാണ് അവര്‍ വിരലുകളും മറ്റു വസ്തുക്കളും ഊറാന്‍ താത്പര്യം കാണിക്കുന്നത്. ഈ ശീലം കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിതത്വവും സന്തോഷവും നല്കുന്നു. ആദ്യത്തെ ആറുമാസമെങ്കിലും കുഞ്ഞിന് മുലപ്പാല്‍ കൊടുക്കണം. മുലപ്പാല്‍ വലിച്ചെടുക്കുന്നത് മുഖത്തിന്റെയും വായുടെയും പേശികളുടെയും വളര്‍ച്ചയ്ക്കാവശ്യമാണ്. കുപ്പിപ്പാല്‍ ശീലിപ്പിക്കുന്ന കുഞ്ഞുങ്ങളില്‍ മുഖം വികലമാകാനിടയുണ്ട്. കുപ്പിപ്പാല്‍ കുടിക്കുന്ന ശീലം 2-3 വയസ്സുവരെ തുടരുന്ന കുഞ്ഞുങ്ങളില്‍ വിരല്‍ ഊറല്‍ ശീലവും നാക്ക് തള്ളല്‍ ശീലവും കണ്ടുവരുന്നു. കുട്ടിക്ക് അമ്മയുടെ പരിലാളനയും ചൂടും ലഭിക്കാതെ വരുന്നതുകൊണ്ടാണ് ഈ രീതിയിലുള്ള ദുശ്ശീലങ്ങള്‍ സംജാതമാകുന്നത്. മിക്ക കുട്ടികളും ഒന്നോ അതിലധികമോ വിരലുകള്‍ ഊറുന്നതും സാധാരണമാണ്. ഭൂരിഭാഗം കുട്ടികളും തള്ളവിരലുകളാണ് ഊറുന്നത്. ഉദ്യോഗസ്ഥകളായ അമ്മമാര്‍ തങ്ങളുടെ കുഞ്ഞുങ്ങളുടെ സംരക്ഷണം ആയമാരെ ഏല്പിക്കുന്ന രീതി സര്‍വസാധാരണമായിട്ടുണ്ട്. ഈ കുട്ടികള്‍ക്ക് അമ്മയുടെ ലാളനക്കുറവ് അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. ഇത് കുഞ്ഞിന് മാനസികമായി സുരക്ഷിതക്കുറവ് ഉണ്ടാക്കും. (വിരല്‍ ഊറല്‍ ശീലത്തിലേക്ക് വഴുതിമാറുന്നത് മുലപ്പാല്‍ കുടിക്കുമ്പോഴും ദൃശ്യമാകാറുണ്ട്.) സുരക്ഷിതത്വവും ആനന്ദവും ലഭിക്കാതെവരുമ്പോള്‍ കുഞ്ഞുങ്ങള്‍ സ്വയം അറിയാതെ വിരല്‍ ഊറിത്തുടങ്ങുന്നു. ഈ ശീലം 3-4 വയസ്സുവരെ സ്വാഭാവികമാകാം. ഇത് പിന്നീടും അനുസ്യൂതം തുടര്‍ന്നാല്‍ പല്ലിന്റെ ക്രമീകരണത്തെയും വായുടെ ശരിയായ വളര്‍ച്ചയെയും ബാധിക്കും. കുട്ടികളുടെ മുന്‍വരിപ്പല്ലുകള്‍ക്ക് തള്ളല്‍, പല്ലുകള്‍ക്കിടയില്‍ വിടവ്, ഉച്ചാരണശുദ്ധിക്കുറവ്, വായ് അടയ്ക്കുമ്പോള്‍ താഴത്തെ നിരയിലെയും മുകളിലത്തെ നിരയിലെയും പല്ലുകള്‍ കടിച്ചുപിടിക്കാന്‍ കഴിയാതെവരല്‍ തുടങ്ങിയവ കണ്ടുവരുന്നു. അതിനാല്‍ ഈ ശീലം മാറ്റിയെടുത്തില്ലെങ്കില്‍ കുട്ടിയുടെ മുഖത്തിന്റെ ആകൃതിയെത്തന്നെ പ്രതികൂലമായി ബാധിക്കും.

സാധാരണയായി 4 മുതല്‍ 5 വരെ വയസ്സിനകം വിരല്‍ ഊറല്‍ സ്വഭാവം സ്വതവേ നിന്നിരിക്കും. എന്നാല്‍ ഈ ശീലം പിന്നീടും തുടരുന്നുവെങ്കില്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. മാതാപിതാക്കള്‍ കുട്ടിക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കുകയും തങ്ങളുടെ വാത്സല്യം പ്രകടിപ്പിക്കുകയും ചെയ്യുന്നതിലൂടെ കുട്ടിയില്‍ സുരക്ഷിതത്വബോധം ഉളവാക്കുവാനും കുട്ടി വിരല്‍ ഊറുന്നത് നിര്‍ത്തുവാനും സാധിക്കും.

വായില്‍ ഇടുന്ന വിരലുകളില്‍ കയ്പുള്ള ചെന്നിക്കായം പോലെയുള്ള വസ്തുക്കള്‍ പുരട്ടുകയോ ബാന്‍ഡേജ് ചെയ്യുകയോ ചെയ്താല്‍ ഒരു പരിധിവരെ ഇതു തടയാം. മിക്ക കുട്ടികളിലും ഉറങ്ങുമ്പോഴാണ് ഈ ശീലം കൂടുതലായി കണ്ടുവരുന്നത്. ഉറങ്ങാന്‍ കിടക്കുന്ന സമയത്ത് വിരലുകള്‍ മറയത്തക്കവിധം നീണ്ട കൈയുള്ള ഉടുപ്പുകള്‍ ധരിപ്പിച്ചാല്‍ കുറച്ചു ദിവസത്തിനകം ഈ ശീലം പാടെ നിര്‍ത്തുന്നതായിട്ടാണ് നിരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നത്.

നാക്ക് തള്ളല്‍ ശീലം

(Tongue thrusting habit). കുട്ടികളില്‍ കാണപ്പെടുന്ന മറ്റൊരു ദുശ്ശീലമാണ് ഇത്. നവജാതശിശുക്കളില്‍ നാക്ക് കീഴ്ത്താടിയേക്കാള്‍ വലുതാകുന്നതു മൂലമാണ് ഇതു സംഭവിക്കുന്നത്. ഉമിനീര്‍ വിഴുങ്ങുമ്പോള്‍ നാക്ക് മുന്നോട്ടു തള്ളിവരുന്നത് സ്വാഭാവികമാണ്. പല്ലുകള്‍ മുളച്ചുവരുമ്പോള്‍ ഇത്താനേ ക്രമീകരിക്കപ്പെട്ടുകൊള്ളും. എന്നാല്‍ ചില കുട്ടികളില്‍ പല്ലുകള്‍ മുളച്ചുകഴിഞ്ഞതിനുശേഷം ഉമിനീര്‍ ഉള്‍പ്പെടെയുള്ളവ വിഴുങ്ങുമ്പോള്‍ നാക്ക് തള്ളിവരുന്നതായി കാണാറുണ്ട്. വിരലൂറല്‍ സ്വഭാവമുള്ള കുട്ടികളിലും നാക്ക് തള്ളല്‍ സ്വഭാവം കണ്ടുവരുന്നു. അസാധാരണമായി നാക്ക് തള്ളല്‍ ഉള്ള കുട്ടികളില്‍ മുന്‍വരിപ്പല്ലുകള്‍ക്ക് തള്ളല്‍, വിടവ്, ഉച്ചാരണശുദ്ധിക്കുറവ് തുടങ്ങിയവ കണ്ടുവരുന്നു. ഏതു തരത്തിലുള്ള നാക്ക് തള്ളലും പരിഹരിക്കാനാകും. നാക്ക് തള്ളല്‍ സ്വഭാവമുള്ള കുട്ടികളില്‍ നാക്കിന് ശരിയായ പരിശീലനം നല്കുകയാണ് ആവശ്യം. ഒപ്പം ചൂളംവിളി, കോട്ടുവായിടല്‍, കുലുക്കുഴിയല്‍ തുടങ്ങിയ വ്യായാമ മുറകളും അനുവര്‍ത്തിക്കേണ്ടിവരും. ദിനംപ്രതി 60-70 തവണ ഇത് ആവര്‍ത്തിച്ചു ചെയ്യണം. നാക്കിന്റെ പേശിബലം വര്‍ധിക്കാനാണിത്. ഈ പരിശീലനവും വ്യായാമ മുറകളുംകൊണ്ട് നാക്ക് തള്ളല്‍ ശീലം പരിഹരിക്കാനാകാതെവരുമ്പോള്‍ ഒരു വിദഗ്ധ ഡോക്ടറുടെ നിര്‍ദേശപ്രകാരം ഹാബിറ്റ് റിമൈന്‍ഡര്‍ (Habit reminder) എന്ന ഉപകരണം ഉപയോഗിക്കേണ്ടിവരും.

വായില്‍ക്കൂടി ശ്വസിക്കുന്ന ശീലം

(Mouth breathing habit). വായില്‍ക്കൂടി സ്ഥിരമായി ശ്വാസം വിടുന്നതാണ് കുഞ്ഞുങ്ങളില്‍ കാണുന്ന മറ്റൊരു ശീലം. ചില കുട്ടികളില്‍ മൂക്കിന്റെ പാലം വളഞ്ഞിരിക്കുക, മൂക്കില്‍ ദശ വളരുക, മൂക്കില്‍ക്കൂടിയുള്ള ശ്വസനരീതിക്ക് തടസ്സമുണ്ടാവുക തുടങ്ങിയവ മൂലമാണ് വായില്‍ക്കൂടി ശ്വസിക്കേണ്ടിവരുന്നത്. ഈ അവസരങ്ങളില്‍ ഒരു ഇ.എന്‍.ടി. സര്‍ജന്റെ ഉപദേശം തേടേണ്ടതുണ്ട്. എന്നാല്‍ ഈ പറഞ്ഞ തടസ്സങ്ങള്‍ ഒന്നുമില്ലാതെ വായില്‍ക്കൂടിയുള്ള ശ്വസനരീതി ശീലമാക്കിയ കുഞ്ഞുങ്ങളുമുണ്ട്. ചുണ്ട് കൂട്ടിപ്പിടിക്കാത്തതിനാല്‍ വായിലൂടെ ശ്വസിക്കുന്ന കുഞ്ഞുങ്ങളുടെ വായ് എളുപ്പത്തില്‍ ഉണങ്ങിവരണ്ടുപോകും. ഇത്തരം ദുശ്ശീലമുള്ള കുട്ടികളിലെ മുന്‍വരിപ്പല്ലുകള്‍ക്ക് തള്ളലും വിടവുമുണ്ടാകുന്നു. മുന്‍വരിപ്പല്ലുകളുടെ മോണ ചുവന്നുതടിച്ച് അണുബാധയുണ്ടാകുന്നതും സാധാരണമാണ്. കുട്ടിക്ക് മൂക്കിലൂടെയുള്ള ശ്വസനരീതിക്ക് ഒരു തടസ്സവുമില്ലെന്ന ഉറപ്പ് വരുത്തിയതിനുശേഷം ഓറല്‍ സ്ക്രീന്‍ പോലുള്ള ഉപകരണം നിര്‍മിച്ച് വിശ്രമസമയങ്ങളിലും രാത്രികാലങ്ങളിലും ഉപയോഗിക്കാനായി നല്കാന്‍ ഒരു വിദഗ്ധ ദന്തഡോക്ടര്‍ക്ക് കഴിയും. ഇത്തരം ഉപകരണങ്ങള്‍ വായിലൂടെയുള്ള ശ്വസനരീതിയെ തടഞ്ഞ് ചുണ്ടുകള്‍ കൂട്ടിപ്പിടിപ്പിക്കുന്നതിന് പരിശീലനം നല്കും.

ചുണ്ട് കടിക്കല്‍

(Lip biting). ചുണ്ട് കടിക്കല്‍ കുട്ടികളില്‍ ഒരു ദുഃസ്വഭാവമായി മാറാറുണ്ട്. സംസാരിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും ചുണ്ടുകളുടെ സന്തുലിതമായ പ്രവര്‍ത്തനം അനിവാര്യമാണ്. ചുണ്ട് കടിക്കുമ്പോള്‍ കിട്ടുന്ന സുഖാനുഭൂതി കുട്ടിക്ക് തുടര്‍ന്നുള്ള നാളുകളില്‍ ചുണ്ടുകള്‍ ആവശ്യത്തിന് പൂട്ടിവയ്ക്കാനാകാത്ത സ്ഥിതിവിശേഷം ഉണ്ടാക്കും. കീഴ്ച്ചുണ്ടിലോ മേല്‍ച്ചുണ്ടിലോ അസ്വാഭാവികത ജനിപ്പിക്കുകയും ചെയ്യും.

പല്ലിറുമ്മല്‍

(Bruxism). കുട്ടികളില്‍ കാണുന്ന മറ്റൊരു വൈകൃതമാണ് പല്ലിറുമ്മല്‍. മാനസിക പിരിമുറുക്കമുള്ളവരിലും വിരശല്യമുള്ളവരിലും ഈ ശീലം ഏറിയ തോതില്‍ കണ്ടുവരാറുണ്ട്. ഇത് പാല്‍പ്പല്ലുകളിലും സ്ഥിരം പല്ലുകളിലും തേയ്മാനം ഉണ്ടാക്കുന്നതിനിടയാക്കും. ഇത് ഏറെ വര്‍ഷം തുടരാന്‍ അനുവദിച്ചാല്‍ കീഴ്ത്താടിയെല്ലിന്റെ കുഴയ്ക്ക് തേയ്മാനം വരും. കുട്ടികളില്‍ പല്ലിറുമ്മല്‍ അസ്വാഭാവികമായി കണ്ടുതുടങ്ങിയാല്‍ താമസിയാതെ വിദഗ്ധ ഡോക്ടറുടെ നിര്‍ദേശം തേടണം.

നഖം കടിക്കല്‍

(Nail biting). കുട്ടികളില്‍ കണ്ടുവരുന്ന മറ്റൊരു ദുശ്ശീലമാണ് നഖം കടിക്കല്‍. ഇത് 4-6 വയസ്സില്‍ വര്‍ധിച്ച തോതിലായിരിക്കും. 7-10 വയസ്സില്‍ ഈ സ്വഭാവത്തിന് തെല്ലൊരു അറുതി വന്നേക്കാം. എന്നാല്‍ 10 വയസ്സ് കഴിയുന്നതോടെ ക്രമാതീതമായ അളവില്‍ ഇതു വര്‍ധിക്കുന്നു. പരീക്ഷ ഉള്‍പ്പെടെയുള്ള ഉള്‍ഭയം ജനിപ്പിക്കുന്ന സന്ദര്‍ഭങ്ങളിലും മാനസിക പിരിമുറുക്കമുള്ളപ്പോഴുമാണ് നഖം കടിക്കല്‍ സ്വഭാവം കൂടുതല്‍ വഷളാകുന്നത്. പല്ലുകള്‍ക്ക് വളവ്, തിരിവ് തുടങ്ങിയ പലവിധ പ്രശ്നങ്ങള്‍ നഖം കടിയിലൂടെ ഉണ്ടാകാം.

ചെറുപ്രായത്തില്‍ തുടങ്ങുന്ന ഇത്തരം ദുശ്ശീലങ്ങള്‍ തുടക്കത്തില്‍ത്തന്നെ മാറ്റുന്നതിന്റെ ഉത്തരവാദിത്വം മാതാപിതാക്കള്‍ക്കാണ്. ശൈശവകാലം മുതല്‍തന്നെ ദന്താരോഗ്യത്തിന് വേണ്ടത്ര ശ്രദ്ധ നല്കേണ്ടത് ആരോഗ്യമുള്ള പൗരന്മാരെ സൃഷ്ടിക്കാന്‍ അത്യന്താപേക്ഷിതമാണ്.

ദന്തരോഗത്തിന്റെ പ്രതിരോധ മാര്‍ഗങ്ങള്‍

കുട്ടികളുടെ ദന്തരോഗങ്ങള്‍ തടയുന്നതിന് പ്രധാനമായി അഞ്ച് കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തേണ്ടത് ആവശ്യമാണ്.

വായിലെ ശുചിത്വം

പല്ല് മുളയ്ക്കുന്നതിനു മുമ്പുതന്നെ ശിശുവിന്റെ മോണ വൃത്തിയാക്കിത്തുടങ്ങണം. വൃത്തിയും മാര്‍ദവവുമുള്ള നനഞ്ഞ തുണിയാണ് ഇതിനായി ഉപയോഗിക്കേണ്ടത്. കുഞ്ഞിന് പാല്‍ കൊടുത്തതിനുശേഷം മോണ വൃത്തിയാക്കുന്നതാണ് ഏറ്റവും ഉചിതം.

വായില്‍ പല്ല് മുളച്ചുവന്നുതുടങ്ങുമ്പോള്‍ കുട്ടികള്‍ക്കായി രൂപകല്പന ചെയ്തിട്ടുള്ള ചെറിയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കണം. ആദ്യത്തെ പല്ല് മുളച്ചുതുടങ്ങുമ്പോള്‍ മുതല്‍ ബ്രഷ് ചെയ്യല്‍ തുടങ്ങാം. ചെറിയ കുട്ടികള്‍ക്ക് (2 വയസ്സുവരെ) ബ്രഷ് ചെയ്തു കൊടുക്കണം. എന്നാല്‍ ആരംഭത്തില്‍ത്തന്നെ ഇത് കുട്ടിക്ക് ഇഷ്ടമില്ലാത്ത കാര്യമായി മാറാന്‍ അവസരമൊരുക്കരുത്. ചെറിയ കുട്ടികള്‍ സാധാരണയായി മുതിര്‍ന്നവരെ അനുകരിക്കാന്‍ താത്പര്യം കാണിക്കാറുണ്ട്. അതിനാല്‍ രക്ഷാകര്‍ത്താക്കള്‍ ശരിയായ രീതിയില്‍ ബ്രഷ് ചെയ്യുന്നത് കാണാനുള്ള അവസരം ഉണ്ടാക്കികൊടുക്കുകയും കുട്ടികളെ ബ്രഷ് ചെയ്യുവാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. 2 വയസ്സു മുതല്‍ 6-7 വയസ്സുവരെയുള്ള കുട്ടികള്‍ മാതാപിതാക്കളുടെ മേല്‍നോട്ടത്തിലായിരിക്കണം ബ്രഷ് ചെയ്യേണ്ടത്.

ടൂത്ത് പേസ്റ്റ് തീരെ കുറച്ച് ഉപയോഗിച്ചാല്‍ മതിയാകും. വെള്ളം കുലുക്കിത്തുപ്പാന്‍ കുട്ടി പഠിച്ചുകഴിഞ്ഞാല്‍ (ഏകദേശം 2-3 വയസ്സ് കഴിയുന്നതോടെ) ഒരു പയര്‍മണിയുടെ വലുപ്പത്തില്‍ ടൂത്ത് പേസ്റ്റ് ഉപയോഗിക്കാം. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്: പല്ലുകള്‍ വൃത്തിയാക്കുന്നത് പേസ്റ്റ് അല്ല; ശരിയായ രീതിയിലുള്ള ബ്രഷിങ് ആണ്. പല്ലുകളുടെമേല്‍ അടിഞ്ഞുകൂടുന്ന ഡെന്റല്‍ പ്ളാക്ക് നീക്കം ചെയ്യാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം പല്ലുകളുടെ അകവും പുറവും ചവയ്ക്കുന്ന ഭാഗവും ഓരോ പല്ലിന്റെ ഇടയും ബ്രഷ് ചെയ്യുക എന്നതാണ്. പല്ലുകളിന്മേല്‍ അല്പം ചരിച്ച് (45°) ബ്രഷ് വയ്ക്കുക; ഒരു ഭാഗത്തെ ഏതാനും പല്ലുകളുടെ മുകളില്‍ വട്ടത്തില്‍ ബ്രഷ് ചെയ്യുക. അങ്ങനെ എല്ലാ പല്ലുകളും വൃത്തിയാക്കണം. രാവിലേയും വൈകിട്ടും പല്ലുകള്‍ തേക്കണം. ഏകദേശം 2-3 മിനിറ്റ് എങ്കിലും ബ്രഷ് ചെയ്യണം. ബ്രഷിന്റെ നാരുകള്‍ ഉപയോഗമനുസരിച്ച് വളയാന്‍ സാധ്യതയുണ്ട്. അതിനാല്‍ രണ്ടുമാസത്തില്‍ ഒരിക്കല്‍ ബ്രഷ് മാറ്റേണ്ടതായി വരാം.

കുട്ടികളെ ചെറുപ്പത്തില്‍ത്തന്നെ ദന്തപരിചരണത്തിന്റെ പ്രാധാന്യം പറഞ്ഞുമനസ്സിലാക്കണം. അത് ശീലിപ്പിക്കുകയും വേണം. ശരിയായ രീതിയിലുള്ള ബ്രഷിങ്ങിലൂടെ വായിലും പല്ലിലും പറ്റിപ്പിടിച്ചിരിക്കുന്ന ആഹാര അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ സാധിക്കും. ഡെന്റല്‍ പ്ലാക്കിനെ നിയന്ത്രിക്കുന്നതുവഴി ദന്തക്ഷയവും പല്ല് വൃത്തിയാക്കുന്നതിലുള്ള അവഗണനമൂലമുണ്ടാകുന്ന ജിന്‍ജിവൈറ്റിസും തടയാന്‍ കഴിയും.

ആഹാര ക്രമീകരണം

പല്ലിനുണ്ടാകുന്ന കേട് ആഹാരശീലവുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടെക്കൂടെ മധുരപലഹാരങ്ങളും പഞ്ചസാരയും ഫെര്‍മെന്റബിള്‍ കാര്‍ബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്നവര്‍ക്ക് രോഗസാധ്യതയേറും. പല്ല് മുളച്ചുതുടങ്ങിയ കുട്ടിക്ക് ഒരു നിയന്ത്രണവുമില്ലാതെ കുപ്പിപ്പാല്‍ കൊടുക്കുന്നത് നല്ലതല്ല. രാത്രിയിലും പകലും മധുരപാനീയങ്ങളോ പാലോ അടങ്ങിയ കുപ്പിയുടെ നിപ്പിള്‍ വളരെയേറെ സമയം ഉറിഞ്ചാന്‍ അനുവദിക്കരുത്; ആഹാരം കൊടുത്തു കഴിഞ്ഞാല്‍ ഉടനെ മാറ്റണം. ആഹാരം കൊടുത്തതിനുശേഷം പല്ലും മോണയും വൃത്തിയാക്കണം. കൂടെക്കൂടെ മുലപ്പാല്‍ കൊടുക്കുന്ന ശീലം ഒഴിവാക്കണം. സദാ സമയവും കുപ്പിപ്പാല്‍ കൊടുക്കുന്ന കുഞ്ഞുങ്ങളില്‍ പല്ലുകള്‍ ദ്രവിക്കാനുള്ള സാധ്യത ഏറെയാണ്. രാത്രിയില്‍ കുപ്പിപ്പാല്‍ കൊടുത്ത് ശീലിപ്പിച്ചിട്ടുള്ള കുട്ടികളില്‍ പാലിനു പകരം വെള്ളം കൊടുത്ത് ശീലിപ്പിക്കുക. ആദ്യം കുട്ടിക്ക് പ്രയാസം അനുഭവപ്പെടുന്നുവെങ്കില്‍ വെള്ളവും ജൂസും കലര്‍ത്തികൊടുക്കുക. ക്രമേണ ജൂസിന്റെ അളവ് കുറച്ചുകൊണ്ടുവരികയും വെള്ളം മാത്രം ആക്കുകയും ചെയ്യുക. കേക്ക്, കാന്റി, ബിസ്ക്കറ്റ് തുടങ്ങിയ പഞ്ചസാര അധികമുള്ളവ നല്കുന്നതിനു പകരം പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പാല്‍ ഉത്പന്നങ്ങള്‍ എന്നിവ പ്രായമനുസരിച്ചു കൊടുക്കുക. കൂടുതല്‍ തവണ ലഘു ഭക്ഷണം കഴിക്കുന്ന കുട്ടിയാണെങ്കില്‍ ഓരോ തവണയും വായ് കുലുക്കുഴിയുന്നതിനും ലഘുഭക്ഷണം കഴിഞ്ഞ് പല്ല് ബ്രഷ് ചെയ്യുന്നതിനും ശീലിപ്പിക്കണം. പ്രധാന ആഹാരത്തോടൊപ്പം മാത്രം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ആഹാരം കൊടുക്കുന്നതാണ് ഉചിതം. കഴിക്കുന്ന കൊഴുപ്പും പ്രോട്ടീനുകളും കാര്‍ബോഹ്രൈഡേറ്റില്‍നിന്ന് ഉണ്ടാകുന്ന ആസിഡിനെ ഒരു പരിധിവരെ നിര്‍വീര്യമാക്കുന്നു.

ഫ്ലൂറൈഡുകളുടെ ഉപയോഗം

ഫ്ലൂറൈഡിന് പല്ലിന്റെ കേട് തടയാന്‍ കഴിവുണ്ട്. ഫ്ലൂറൈഡ് അടങ്ങിയ വെള്ളം, ഫ്ലൂറൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റ്, ഫ്ലൂറൈഡ് അടങ്ങിയ മൗത്ത് റിന്‍സസ് മുതലായവയുടെ ഉപയോഗം പല്ലിന്റെ ഇനാമല്‍ പ്രതലത്തിന് ആസിഡിനെ ചെറുത്തുനിര്‍ത്താനുള്ള ശേഷിയുണ്ടാക്കിയെടുക്കുന്നു. അതായത് ഇനാമലിലെ ഹൈഡ്രോക്സി ആപറ്റൈറ്റ് ക്രിസ്റ്റലുകളെ ഫ്ലൂറാപ്പിറൈറ്റ് ക്രിസ്റ്റലുകളാക്കി മാറ്റുന്നു. ഇതിന് പല്ലിന്റെ കേടിനെ തടയാനാകുന്നു. കുടിവെള്ളത്തിലൂടെ ഫ്ളൂറൈഡ് ലവണം നിരന്തരമായി ഉള്ളിലെത്തിയാല്‍ പല്ലുകളെയും എല്ലുകളെയും ഫ്ലൂറോസിസ് എന്ന വൈകല്യം ബാധിക്കാം.

ഫിഷര്‍ സീലിങ്

(Flssure sealing). പല്ലിന്റെ പ്രതലത്തില്‍ അനേകം വിടവുകളും കുഴികളും ഉണ്ട്. പല്ല് മുളച്ചുവരുന്ന ഉടന്‍തന്നെ ഇത്തരം വിടവുകളും കുഴികളും റെസിന്‍ പോലെയുള്ള പദാര്‍ഥം ഉപയോഗിച്ച് സീല്‍ ചെയ്താല്‍ ആഹാരപദാര്‍ഥങ്ങളും അവശിഷ്ടങ്ങളും അടിയാതിരിക്കാന്‍ സഹായിക്കുന്നു. അങ്ങനെ ദന്ത ദ്രവത്തെ തടയാന്‍ കഴിയും.

ക്രമമായ ദന്തപരിശോധന

പല്ല് മുളച്ചതിനുശേഷം ആറുമാസത്തിലൊരിക്കല്‍ കുട്ടികളെ ദന്തപരിശോധനയ്ക്കു വിധേയമാക്കണം. പല്ലുകള്‍ ദ്രവിക്കാന്‍ സാധ്യതയുണ്ടോ എന്ന് അറിയുവാനും പല്ലുകള്‍ സംരക്ഷിക്കുന്നതിനുവേണ്ട മുന്‍കരുതലുകള്‍ ഉപദേശിക്കുവാനും ഡോക്ടര്‍മാര്‍ക്കു കഴിയും. മാതാപിതാക്കള്‍ക്ക് ദന്തസംരക്ഷണത്തെക്കുറിച്ചുള്ള ശാസ്ത്രീയ അറിവ് പകര്‍ന്നു കൊടുക്കാന്‍ ഈ അവസരം ഉപകരിക്കുന്നു. ദന്തരോഗങ്ങള്‍ വന്നിട്ടുണ്ടെങ്കില്‍ ആരംഭദശയില്‍ത്തന്നെ ചികിത്സിച്ചു ഭേദമാക്കാന്‍ ക്രമമായ ദന്ത പരിശോധനമൂലം സാധിക്കും. കുട്ടികളില്‍ ദന്തസംരക്ഷണ മാര്‍ഗങ്ങളില്‍ താത്പര്യവും അറിവും ഉണ്ടാക്കിയെടുക്കാനും ഇതുവഴി കഴിയും.

ആധുനിക ഗവേഷണങ്ങള്‍

ടെസ്റ്റ് ട്യൂബ് പല്ലുകള്‍

ജനിതകരംഗത്തെ (Genetics) ഗവേഷണങ്ങളിലൂടെ കൃത്രിമപ്പല്ലുകളുടെ സ്ഥാനത്ത് സ്വാഭാവിക പല്ലുകള്‍ രൂപപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഈ സാങ്കേതികവിദ്യ പ്രയോഗത്തില്‍ വരുന്നതോടെ ഓരോ രോഗിയുടെയും വ്യക്തിഗത ജീന്‍ സവിശേഷതകള്‍ കണക്കിലെടുത്ത് രോഗിക്കാവശ്യമായ സേവനം പ്രദാനം ചെയ്യുന്നതിന് ദന്തഡോക്ടര്‍മാര്‍ക്ക് കഴിയും. സെല്‍ ബയോളജിയിലും ടിഷ്യുഎന്‍ജിനീയറിങ് ടെക്നോളജിയിലും കൈവന്ന പുരോഗതിയിലൂടെ പ്രകൃതിദത്തമായ പല്ലിനു പകരം അതേ സ്വഭാവ വിശേഷമുള്ള പല്ലുകളുടെ രൂപവത്കരണത്തിന് സാധ്യതയേറിയിരിക്കുന്നു. ഈ ദിശയിലുള്ള ഗവേഷണ നിരീക്ഷണങ്ങള്‍ ടെസ്റ്റ് ട്യൂബ് പല്ലുകളെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.

1980-കളുടെ അവസാനത്തോടെ ഹാര്‍വാഡ് മെഡിക്കല്‍ സ്കൂളിലെ ജോസഫ് പി. വക്കാന്റി എന്ന അവയവ മാറ്റിവയ്ക്കല്‍ സര്‍ജന്‍ ആണ് കൃത്രിമ അവയവങ്ങള്‍ക്കു പകരമായി ടെസ്റ്റ് ട്യൂബ് അവയവങ്ങള്‍ എന്ന സിദ്ധാന്തം പ്രയോഗത്തില്‍ വരുത്തുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. ഇതിന് തുടര്‍ച്ചയായി ബോസ്റ്റണിലെ പമീല സി. എലിക്, ജോണ്‍ പി. ബാര്‍ട്ട്ലര്‍ എന്നിവരാണ് ടെസ്റ്റ് ട്യൂബ് പല്ലുകളുടെ സാദ്ധ്യതകളെക്കുറിച്ച് ഗവേഷണം തുടങ്ങിവച്ചത്. പാല്‍പ്പല്ലുകളുടെയും സ്ഥിരം പല്ലുകളുടെയും രൂപാന്തരപ്രക്രിയകളില്‍ ഊന്നല്‍ നല്കിയാണ് ഈ രംഗത്തെ ഗവേഷണം പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യ പല്ലുകള്‍, തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ ചെറുതും സരളവുമായ ഒരു അവയവം എന്ന നിലയില്‍ സാധാരണക്കാര്‍ക്ക് തോന്നുമെങ്കിലും ഏകദേശം പതിനാലുമാസത്തെ വളര്‍ച്ചയിലൂടെ രൂപാന്തരപ്പെടുന്ന ഒന്നാണ്. ടിഷ്യു എന്‍ജിനിയര്‍മാര്‍ പല്ലുകളുടെ രൂപാന്തരപ്പെടലിനെക്കുറിച്ച് അതിസൂക്ഷ്മമായ നിരീക്ഷണ ഗവേഷണങ്ങള്‍ നടത്തുകയാണ്. 6-7 ആഴ്ച നീണ്ടുനില്ക്കുന്ന ആദ്യഘട്ടത്തില്‍ രൂപം പ്രാപിക്കുന്ന മുകുളങ്ങള്‍ അടുത്ത 6-7 ആഴ്ചകൊണ്ട് ബഡ്ഡ് രൂപത്തിലാകുന്നു. പിന്നീടുള്ള ഒന്‍പത് ആഴ്ചക്കാലത്തിനുള്ളില്‍ അതിന് ക്യാപ് ആകൃതി കൈവരുന്നു. വീണ്ടും പതിനാല് ആഴ്ചകള്‍ കഴിഞ്ഞിട്ടു മാത്രമേ അത് സാധാരണ പല്ലുകളുടെ രൂപം കൈവരിക്കുകയുള്ളൂ. ഇതില്‍ ആദ്യ ഘട്ടത്തിലുള്ള രൂപപരിണാമങ്ങള്‍ ഗര്‍ഭപാത്രത്തില്‍ വച്ചുതന്നെ നടക്കുന്നു. കുഞ്ഞ് ജനിച്ചതിനുശേഷം അവസാന ഘട്ടത്തിലാണ് വേരുകള്‍ രൂപംകൊള്ളുന്നത്. കുഞ്ഞിന് 6 മാസം പ്രായം ആകുമ്പോഴേക്ക് പാല്‍പ്പല്ലുകള്‍ മുളച്ചുതുടങ്ങും. ഈ ഘട്ടത്തില്‍ത്തന്നെ സ്ഥിരം പല്ലുകള്‍ താടിയെല്ലുകള്‍ക്കുള്ളില്‍ രൂപപ്പെട്ടുതുടങ്ങിക്കഴിഞ്ഞിരിക്കും. ഇക്കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ടെസ്റ്റ് ട്യൂബ് പല്ലുകള്‍ക്ക് രൂപംനല്കുന്നതിന് ഗവേഷണങ്ങള്‍ പുരോഗമിച്ചുവരുന്നത്.

നിലവിലുള്ള ദന്തകോശങ്ങളെ ഉപയോഗപ്പെടുത്തിയോ മറ്റു കോശങ്ങളെ ദന്തകോശങ്ങളായി രൂപാന്തരപ്പെടുത്തിയോ ആണ് ടിഷ്യു എന്‍ജിനീയറിങ്ങിലൂടെ ടെസ്റ്റ് ട്യൂബ് പല്ലുകള്‍ ഉണ്ടാക്കുന്നത്. രണ്ടു രീതികളും ഘടനാപരമായി മേന്മയാര്‍ന്ന സ്വാഭാവിക പല്ലുകളുടെ സൃഷ്ടിക്ക് പ്രയോജനപ്പെടുന്നുവെന്നു കണ്ടുവരുന്നു. ഇനിയുള്ള വെല്ലുവിളികള്‍ പല്ലുകള്‍ക്കാവശ്യമായ വേരുകള്‍ വികസിപ്പിക്കലും ബയോഎന്‍ജിനീയേര്‍ഡ് ആയിട്ടുള്ള ഈ പല്ലുകള്‍ വായില്‍ ഉറപ്പിക്കുന്നതിനുള്ള അസംസ്കൃതവിഭവങ്ങളെ കണ്ടെത്തലുമാണ്. ഈ ദിശയിലുള്ള പ്രവര്‍ത്തനം ധ്രുതഗതിയില്‍ പുരോഗമിച്ചുവരുകയാണ്. പല്ലുകളെ എല്ലുകളുമായി ബന്ധിപ്പിക്കുന്നതിന് ജനിതക എന്‍ജിനീയറിങ്ങില്‍ കൈവരിക്കുന്ന പുരോഗതി ഇക്കാര്യത്തില്‍ നിര്‍ണായകമാകും.

കൊഴിഞ്ഞ പാല്‍പ്പല്ലുകളും സ്റ്റെം സെല്‍ തെറാപ്പിയും

സ്റ്റെം സെല്‍ തെറാപ്പി (Stem cell therapy) എന്ന ഒരുതരം ചികിത്സാപദ്ധതി വൈദ്യശാസ്ത്രമേഖലയില്‍ വന്‍ പ്രാധാന്യം നേടിയെടുത്തിട്ടുണ്ട്. രോഗചികിത്സയ്ക്കും മുറിവുകള്‍ ഉണക്കുന്നതിനും ഉള്‍പ്പെടെ ശരീരത്തിലെ വിവിധ ഭാഗങ്ങളില്‍ പുതിയ കോശങ്ങള്‍ പ്രദാനം ചെയ്യുന്നതിന് സ്റ്റെം സെല്‍ ട്രാന്‍സ് പ്ലാന്റേഷന്‍ ഉപയോഗപ്പെടുത്താന്‍ തുടങ്ങിക്കഴിഞ്ഞു. രക്താര്‍ബുദം ബാധിച്ച രോഗികളില്‍ വിജയകരമായി ഈ ചികിത്സാരീതി പ്രയോഗിക്കുന്നു. എന്നാല്‍ ഇതിനാവശ്യമായ കോശസംഭരണത്തില്‍ പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ നിരവധിയാണ്. പാര്‍ക്കിന്‍സണ്‍സ് രോഗചികിത്സയ്ക്ക് ഈ ചികിത്സാപദ്ധതി പ്രയോജനപ്രദമായി മാറിയിട്ടുണ്ട്.

മൂന്നുതരത്തിലുള്ള സ്റ്റെം സെല്‍ തെറാപ്പിയുണ്ട്. (1) ഫീറ്റല്‍ സ്റ്റെം സെല്‍ തെറാപ്പി ഒന്നുമുതല്‍ മൂന്നുവരെ മാസം വളര്‍ച്ചയുള്ള ഗര്‍ഭം അലസിപ്പിച്ചു ശേഖരിക്കുന്ന കോശങ്ങളെയാണ് ഇതില്‍ ഉപയോഗപ്പെടുത്തുന്നത്. (2) അഡല്‍റ്റ് സ്റ്റെം സെല്‍ തെറാപ്പി എല്ലുകള്‍ക്കുള്ളിലെ മജ്ജയില്‍നിന്ന് (bone marrow) ശേഖരിക്കുന്ന കോശങ്ങളെയാണ് പ്രയോജനപ്പെടുത്തുന്നത്. (3) ഹോള്‍(Whole) കോര്‍ഡ് ബ്ലഡ് സ്റ്റെം സെല്‍ തെറാപ്പി നവജാതശിശുക്കളുടെ പൊക്കിള്‍ക്കൊടിയിലെ രക്തം ഉപയോഗപ്പെടുത്തിയാണ് ഈ ചികിത്സാപദ്ധതി പ്രയോഗിക്കുന്നത്.

ഈ മൂന്ന് സ്രോതസ്സുകളിലും കോശങ്ങള്‍ ശേഖരിക്കുന്നതിനും ഉപയോഗപ്പെടുത്തുന്നതിനും പലവിധ പ്രായോഗിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ട്. എന്നാല്‍ ഈ മേഖലകളില്‍ കുട്ടികളുടെ പാല്‍പ്പല്ലുകള്‍ക്ക് ഏറെ സഹായം നല്കാനാകും എന്ന സ്ഥിതിവിശേഷം സംജാതമായിരിക്കുന്നു. പാല്‍പ്പല്ലുകള്‍ കൊഴിയുന്ന മാത്രയില്‍ത്തന്നെ ശേഖരിച്ച് വേണ്ടവിധം സംസ്കരിച്ചാല്‍ സ്റ്റെം സെല്‍ തെറാപ്പിക്ക് പ്രയോജനപ്പെടുത്താനാകുമെന്ന് നൂതന ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇതിനായി കൊഴിയുന്ന പാല്‍പ്പല്ലുകള്‍ ഉടന്‍തന്നെ ശേഖരിച്ച് ശീതീകരിച്ച പാലില്‍ സൂക്ഷിക്കണം. ഓറല്‍ സര്‍ജറി രംഗത്ത് വിപ്ളവകരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഈ സ്രോതസ്സ് വന്‍രീതിയില്‍ പ്രയോജനപ്പെടുമെന്നാണ് കരുതപ്പെടുന്നത്

ദന്തസംരക്ഷണം ബാല്യത്തിലും യൗവനത്തിലും

മോണരോഗങ്ങളും പല്ലുകളില്‍ സുഷിരങ്ങള്‍, പുളിപ്പ്, തേയ്മാനം എന്നിവയും ഉണ്ടാകാതെ വായുടെ ശുചിത്വം കര്‍ശനമായി പാലിക്കേണ്ട കാലമാണ് ഇത്. ആഹാരത്തിനുശേഷം ഓരോ പ്രാവശ്യവും ബ്രഷ് ചെയ്യണം. 'വിസ്ഡം റ്റീത്ത്' മുളയ്ക്കുന്നതുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാനിടയുണ്ട്. പരസ്യങ്ങളില്‍ ആകൃഷ്ടരായി യോജ്യമല്ലാത്ത പേസ്റ്റുകളും ലേപനങ്ങളും ലോഷനുകളും മറ്റും ഉപയോഗിക്കുന്നത് പല്ലുകള്‍ക്ക് ഹാനികരമാകാം. പുകവലി, വെറ്റിലമുറുക്ക് തുടങ്ങിയ ദുശ്ശീലങ്ങള്‍ പല്ലുകളില്‍ കറ പിടിക്കുന്നതിനും ഇനാമല്‍ തേഞ്ഞുപോകുന്നതിനും കാരണമായിത്തീരാറുണ്ട്. രുചിഭേദങ്ങള്‍ തിരിച്ചറിയാനുള്ള നാവിന്റെ കഴിവും ഇതുമൂലം നഷ്ടമാകുന്നു.

ദന്തസംരക്ഷണം - വാര്‍ധക്യത്തില്‍

പലപ്പോഴായി പലവിധ അസുഖങ്ങള്‍ ബാധിച്ച് വാര്‍ധക്യമാകുമ്പോഴേക്കും പല്ലുകള്‍ മോശമായ സ്ഥിതിയില്‍ എത്തിയേക്കാം. പല്ലുകള്‍ തേയ്മാനംമൂലം കൂര്‍ത്ത് മൂര്‍ച്ചയുള്ളതാവുക, പുളിക്കുക, അവ ഉരസി മുറിവുകളും വ്രണങ്ങളും ഉണ്ടാവുക, വേരുവരെ ദ്രവിച്ച പല്ലുകളും മോണപഴുപ്പുംമൂലം വായ്ക്ക് ദുര്‍ഗന്ധം അനുഭവപ്പെടുക എന്നിവയൊക്കെ പ്രായമായവരില്‍ സാധാരണമാണ്. പല്ലിന്റെ കുറ്റികള്‍, മുറിവുണ്ടാക്കുന്ന പല്ലുകള്‍, ആടുന്ന പല്ലുകള്‍, പഴുപ്പുണ്ടാക്കുന്ന പല്ലുകള്‍, തേഞ്ഞ പല്ലുകള്‍ തുടങ്ങിയവ യഥാസമയം നീക്കംചെയ്ത് പകരം കൃത്രിമ ദന്തങ്ങള്‍ വയ്ക്കുകവഴി മറ്റു സങ്കീര്‍ണതകള്‍ ഒരു പരിധിവരെ ഒഴിവാക്കാനാവും. പുളിപ്പ് മാറ്റാനും വായയുടെ ദുര്‍ഗന്ധം അകറ്റാനും പല ഔഷധങ്ങളും ഇപ്പോള്‍ ലഭ്യമാണ്.

ആഹാരക്രമം

പല്ലില്‍ പോടുണ്ടാകുന്നതിനും മോണരോഗത്തിനും അടിസ്ഥാന കാരണം പ്ലാക്ക് ആണ്. മധുരമുള്ള ആഹാരസാധനങ്ങളാണ് പ്ലാക്ക് ഉണ്ടാകുന്നതിനുള്ള മുഖ്യ കാരണം. അതുകൊണ്ട് മധുരപാനീയങ്ങളും പലഹാരങ്ങളും കഴിയുന്നതും ഒഴിവാക്കുന്നതാണ് നല്ലത്. ആഹാരം സമീകൃതമായിരിക്കണം. ഇലവര്‍ഗങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍, മാംസ്യം, അന്നജം, ജീവകങ്ങള്‍, ധാതുലവണങ്ങള്‍ എന്നിവ ആവശ്യത്തിന് ഉണ്ടായിരിക്കണം. മുഖ്യാഹാരം കഴിഞ്ഞാല്‍ വായ് ബ്രഷ് ചെയ്തു വൃത്തിയാക്കുന്നത് മിക്കവാറുമുള്ള ദന്തരോഗങ്ങളെയെല്ലാം തടയാന്‍ ഉപകരിക്കും.

ദന്തധാവനം

ദന്തരോഗങ്ങള്‍ തടയാന്‍ ഏറ്റവും എളുപ്പമുള്ള മാര്‍ഗം ഓരോ തവണയും ആഹാരം കഴിഞ്ഞ് ബ്രഷ് ചെയ്യുകയാണ്. കടിച്ചു ചതച്ചെടുത്ത വേപ്പിന്‍കമ്പോ മാവിന്‍കമ്പോ മുന്‍കാലങ്ങളില്‍ ബ്രഷിനു പകരമായി ഉപയോഗിച്ചിരുന്നു. തടികൊണ്ടുള്ള ബ്രഷുകളുണ്ടാക്കിയപ്പോള്‍ മൃഗങ്ങളുടെ രോമമാണ് തന്തുക്കളായി ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ ബ്രഷുകള്‍ക്ക് നൈലോണ്‍ തന്തുക്കളും പ്ളാസ്റ്റിക്കിന്റെ പിടിയുമാണ് ഉള്ളത്. പല ആകൃതിയിലും വലുപ്പത്തിലുമുള്ള ബ്രഷുകള്‍ ലഭ്യമാണ്. വായുടെ വലുപ്പമനുസരിച്ച് എല്ലാ മൂലകളിലും എത്തുന്ന ബ്രഷാണ് തിരഞ്ഞെടുക്കേണ്ടത്. തീരെ പരുപരുത്ത തന്തുക്കള്‍ നല്ലതല്ല.

ശുദ്ധജലവും ബ്രഷും മാത്രം ഉപയോഗിച്ചു പല്ലുതേച്ചാല്‍ മതിയെങ്കിലും മിക്കവരും ദന്തചൂര്‍ണമോ ടൂത്ത് പേസ്റ്റുകളോ ഉപയോഗിക്കുന്നു. ഇവ കൂടിയ അളവില്‍ ഉപയോഗിക്കുന്നതുകൊണ്ട് കൂടുതല്‍ പ്രയോജനമൊന്നുമില്ല. പ്രത്യുത, ബ്രഷ് ചെയ്യുന്ന രീതിക്കാണ് പ്രാധാന്യം. ആഹാരത്തിന്റെ അവശിഷ്ടങ്ങള്‍, പറ്റിപ്പിടിച്ചിരിക്കുന്ന മൃദുവായ പാടകള്‍, പ്ളാക്ക് എന്നിവയെ നിര്‍മാര്‍ജനം ചെയ്യുകയാണ് ഉദ്ദേശ്യം.

മിതമായ ശക്തി ഉപയോഗിച്ച് മൂന്നുമിനിറ്റ് ബ്രഷ് ചെയ്യുന്നതാണ് ഉത്തമം. അല്ലെങ്കില്‍ പല്ലുകള്‍ തേഞ്ഞുപോകാനിടയുണ്ട്. വായ് തുറന്ന് മേല്‍വായയും കീഴ്വായയും പ്രത്യേകം തേയ്ക്കണം. പല്ലുകളുടെ കവിളിന്റെ വശം, നാക്കിന്റെ വശം, ചവയ്ക്കുന്ന വശം, പല്ലുകളുടെ ഇട ഇത്രയും ഓരോ ഭാഗമായി ശ്രദ്ധിച്ച് തേയ്ക്കേണ്ടതാണ്. ലംബമായിട്ടുള്ള വശങ്ങള്‍ തേയ്ക്കുമ്പോള്‍ തന്തുക്കള്‍ 45ത്ഥ ചരിച്ചുപിടിച്ച് മുകളിലേക്കും താഴേക്കും ഒരു ചെറിയ വിറയലോടുകൂടി ഉപയോഗിക്കണം. പല്ലുകള്‍ക്ക് ഇടകള്‍ വീഴുന്നത് സ്വാഭാവികമാണ്. പച്ച ഈര്‍ക്കിലിന്റെ അറ്റമോ നല്ല പുല്ലിന്റെ തണ്ടോ കടിച്ചു ചതച്ച് പല്ലിന്റെ ഇട സാവധാനം കുത്തി അഴുക്കുമാറ്റണം. അല്ലെങ്കില്‍ കമ്പോളങ്ങളില്‍ കിട്ടുന്ന മൃദുവായിട്ടുള്ള തടിയില്‍ നിര്‍മിച്ച ടൂത്ത് പിക്ക് ശ്രദ്ധയോടെ ഉപയോഗിക്കാം. സില്‍ക്ക്, നൈലോണ്‍ എന്നിവയുടെ നേരിയ തന്തുക്കള്‍കൊണ്ട് ഇട വൃത്തിയാക്കുന്ന പ്രക്രിയ ഫ്ളോസിങ് എന്നറിയപ്പെടുന്നു.

ദന്തസംരക്ഷണം: പുരുഷന്മാരുടെ 8 പിഴവുകള്‍

മനുഷ്യന്റെ സമ്പൂര്‍ണ്ണമായ ആരോഗ്യ സംരക്ഷണത്തില്‍ ദന്തസംരക്ഷണത്തിന്‌ വലിയ പ്രാധാന്യമുണ്ട്‌. എന്നാല്‍ നാം പലപ്പോഴും ഇക്കാര്യം ശ്രദ്ധിക്കാറില്ല. അതുകൊണ്ട്‌ പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ മിനക്കെടുന്നവര്‍ നമുക്കിടയില്‍ വളരെ കുറവാണ്‌. ഇവര്‍ക്ക്‌ തന്നെ ശരിയായ ദന്തസംരക്ഷണത്തെ കുറിച്ച്‌ അറിവുണ്ടാകണമെന്നില്ല. ദന്തസംരക്ഷണം വളരെ അനായാസം ചെയ്യാവുന്ന ഒരു കാര്യമാണെങ്കിലും പലപ്പോഴും അക്കാര്യത്തില്‍ പിഴവുകള്‍ വരാറുണ്ട്‌. ദന്തസംരക്ഷണവുമായി ബന്ധപ്പെട്ട ചില പിഴലുകള്‍ പരിചയപ്പെടാം.

1. പ്രാതലിന്‌ മുമ്പ്‌ പല്ലുതേയ്‌ക്കുക

ഓരോ തവണ പല്ലുതേയ്‌ക്കുമ്പോഴും പല്ലിന്റെ ഇനാമല്‍ വളരെ ചെറിയ അളവില്‍ നഷ്ടപ്പെടുന്നുണ്ട്‌. പല്ലുതേച്ച്‌ ഒരു മണിക്കൂറിനുള്ളില്‍ ആഹാരം കഴിച്ചാല്‍ പല്ലുകള്‍ ആസിഡുമായി സമ്പര്‍ക്കത്തിലേര്‍പ്പെടും. ഇത്‌ പല്ലുകളുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കും

2. പ്രാതലിന്‌ ശേഷം പല്ലുതേയ്‌ക്കുക

പ്രാതിലിന്‌ ശേഷവും പല്ലുതേയ്‌ക്കുന്നവരുണ്ട്‌. ഇത്‌ ബാക്ടീരിയ ബാധയുണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ബ്രഷ്‌ ചെയ്യുമ്പോള്‍ പല്ലുകളെ സംരക്ഷിക്കുന്ന ഇനാമലിന്റെ ആവരണം നഷ്ടപ്പെടുന്നത്‌ കൊണ്ട്‌ ബാക്ടീരിയകള്‍ക്ക്‌ കാര്യങ്ങള്‍ എളുപ്പമാകും.

3. മധുരത്തിന്‌ ശേഷം പല്ലുതേയ്‌ക്കാതിരിക്കുക

പഞ്ചസാര പല്ലുകളുടെ ആരോഗ്യം നശിപ്പിക്കും. ഇത്‌ ശരീരത്തിലെ അസിഡുമായി കലര്‍ന്ന്‌ പല്ലുകളുമായി പ്രതിപ്രവര്‍ത്തിക്കും. പല്ലുകളുടെ ആരോഗ്യം നശിക്കുന്നതിലേക്കായിരിക്കും ഇത്‌ നയിക്കുക.

4. വായ്‌നാറ്റം മാറ്റാന്‍ ബലപ്രയോഗം

വായ്‌നാറ്റത്തിനുള്ള പ്രധാനകാരണം നാക്കിലും മോണകളിലും പറ്റിപ്പിടിച്ചിരിക്കുന്ന അവശിഷ്ടങ്ങളാണ്‌, പല്ലുകളല്ല. അതിനാല്‍ നിങ്ങളുടെ ആരോഗ്യം മുഴുവന്‍ ഉപയോഗിച്ച്‌ പല്ലുതേയ്‌ച്ചത്‌ കൊണ്ട്‌ വായ്‌നാറ്റാം മാറില്ല. നാക്കിലും മോണയിലും പറ്റിപ്പിടിച്ചിരിക്കുന്ന ആഹാരാവശിഷ്ടങ്ങള്‍ നീക്കം ചെയ്യുക. വ്യത്യാസം നിങ്ങള്‍ക്ക്‌ തന്നെ ബോദ്ധ്യമാകും.
5. കിടക്കുംമുമ്പ്‌ പല്ലുതേയ്‌ക്കാതിരിക്കുക

രാത്രി കിടക്കുംമുമ്പ്‌ പല്ലുതേച്ച്‌ വൃത്തിയാക്കാന്‍ പലര്‍ക്കും മടിയാണ്‌. ഇതമൂലം 6-8 മണിക്കൂര്‍ നേരം ബാക്ടീരികള്‍ക്ക്‌ നിങ്ങളുടെ പല്ലുകള്‍ക്ക്‌ മുകളില്‍ താണ്ഡവനൃത്തമാടാന്‍ അവസരം ലഭിക്കും. ഇതിന്റെ ഫലം എന്തായിരിക്കുമെന്ന്‌ പറയേണ്ടതില്ലല്ലോ?

6. ഫ്‌ളോസ്‌ ചെയ്യാതിരിക്കുക

ഇന്ത്യയില്‍ ഫ്‌ളോസ്‌ ഇപ്പോഴും അത്ര വ്യാപകമല്ല. ഇതൊക്കെ അനാവശ്യമാണെന്ന്‌ ചിന്തിക്കുന്നവരാണ്‌ അധികവും. പല്ലിന്‌ ഇടയില്‍ കുടുങ്ങിയിരിക്കുന്ന വളരെ ചെറിയ അഹാരാവശിഷ്‌ഠം പോലും നിങ്ങളുടെ പല്ലുകളുടെ ആരോഗ്യത്തെ നശിപ്പിക്കുമെന്ന്‌ തിരിച്ചറിയുക. ഇത്തരം അവശിഷ്ടങ്ങളെല്ലാം നീക്കം ചെയ്യാന്‍ ഫ്‌ളോസ്‌ സഹായിക്കും.

7. ആഹാരം കഴിഞ്ഞുടന്‍ മൗത്ത്‌വാഷ്‌

ആഹാരം കഴിഞ്ഞുടന്‍ മൗത്ത്‌ വാഷ്‌ ഉപയോഗിക്കുന്നത്‌ സാധാരണയാണ്‌. വായ്‌നാറ്റം മാറ്റാനെന്ന പേരിലാണ്‌ പലരും ഇത്‌ ചെയ്യുന്നത്‌. മൗത്ത്‌ വാഷില്‍ അടങ്ങിയിരിക്കുന്ന ആസിഡ്‌ പല്ലുകളുമായി പ്രതിപ്രവര്‍ത്തിക്കും. അതിനാല്‍ ആഹാരം കഴിച്ച്‌ 45 മിനിറ്റിന്‌ ശേഷം മൗത്ത്‌ വാഷ്‌ ഉപയോഗിക്കുന്നതാണ്‌ അഭികാമ്യം.

8. ദന്തപരിശോധന ഒഴിവാക്കുക

ആറുമാസത്തില്‍ ഒരിക്കലെങ്കിലും ദന്തഡോക്ടറെ കാണാന്‍ ശ്രദ്ധിക്കണം. പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഇത്‌ സഹായിക്കും. നമുക്ക്‌ കാണാന്‍ കഴിയാത്ത ഭാഗങ്ങളില്‍ പ്ലാക്ക്‌ അടിഞ്ഞുകൂടാന്‍ സാധ്യതയുണ്ട്‌. പ്ലാക്കുകളുടെ പല്ലുകളുടെയും മോണയുടെയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കൃത്യമായ ഇടവേളകളിലുള്ള പരിശോനയിലൂടെ കഴിയും.

ദന്തസംരക്ഷണം

പല്ലുകള്‍ കേടാവുക, പിന്നെ പല്ലുവൈദ്യന്റെ അടുത്തു പോകുക, അതിന്റെ ബാക്കി ആയി മിക്ക സമയവും അവിടെ തന്നെ ചെലവഴിക്കേണ്ടി വരിക, അവസാനം അത്‌ പറിച്ചു കളയേണ്ടി വരിക, ഇതിനിടയിലുള്ള മിക്ക ദിവസവും വേദന സഹിക്കേണ്ടി വരിക, ആഹാരം കഴിക്കാന്‍ പറ്റാതിരിക്കുക

ഹൊ ഓര്‍ത്താല്‍ നരകം തന്നെ ആയിരിക്കും അല്ലെ?

പല്ലുവേദന ഇല്ലാത്തവര്‍ ഭാഗ്യവാന്മാര്‍

അല്ല - എല്ലാവര്‍ക്കും പല്ലുവേദന ഇല്ലാത്തവരായി ഇരിക്കാന്‍ പറ്റുമൊ?

ഒരാള്‍ക്കെങ്കിലും പറ്റും എങ്കില്‍ എല്ലാവര്‍ക്കും പറ്റേണ്ടതല്ലെ?

എന്തു കൊണ്ടാണ്‌ പല്ലുകള്‍ കേടാകുന്നത്‌?

പല്ലു തേക്കാഞ്ഞിട്ടാണോ?

വിലകൂടിയ പേസ്റ്റിട്ട്‌ പല്ലു തേക്കാഞ്ഞിട്ടണോ?

എങ്കില്‍ പിന്നെ മൃഗങ്ങളുടെ ഒന്നും വായില്‍ പല്ലേ കാണില്ലായിരുന്നു 

കാണുമൊ?

അപ്പൊ അതല്ല കാര്യം

മോണകള്‍ക്ക്‌ ബലം ഇല്ലാതിരിക്കുക, പല്ലുകളുടെ ഇടയില്‍ ആഹാരാവശിഷ്ടങ്ങള്‍ കുടുങ്ങി ഇരിക്കുക.

ഈ രണ്ട്‌ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

മോണകള്‍ക്ക്‌ ബലം വരുവാന്‍ വിറ്റമിന്‍ സി വളരെ അത്യാവശ്യം അതു കൊണ്ട്‌ ആഹാരത്തില്‍ നാരങ്ങ നെല്ലിക്ക ഇവ ഏതെങ്കിലും രീതിയില്‍ ദിവസവും ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

നാരങ്ങ അച്ചാര്‍ ആകാം , നാരങ്ങാവെള്ളം ആകാം. നെല്ലിക്ക അച്ചാര്‍ ആകാം, വെറുതെ നെല്ലിക തിന്നാം.

പുളി - വാളന്‍ പുളിയും വിറ്റമിന്‍ സിയുടെ ഒരു നല്ല ദാതാവാണ്‌. അതായാലും മതി.

മൊത്തത്തില്‍ പുളിരസം ഉള്ള വസ്തു 

ആഹാരാവശിഷ്ടങ്ങള്‍ പല്ലിനിടയില്‍ കുടുങ്ങുന്നത്‌ ശ്രദ്ധിച്ചിട്ടുണ്ടൊ?

കട്ടി ആഹാരം കഴിച്ചു കഴിഞ്ഞാല്‍ - പാകം ചെയ്ത ആഹാരപദാര്‍ത്ഥങ്ങള്‍ മിക്കവാറും എല്ലാം തന്നെ പല്ലുകളുടെ ഇടയില്‍ പറ്റിപ്പിടിക്കാന്‍ സാദ്ധ്യത വളരെ കൂടുതല്‍ ആണ്‌. അവയ്ക്ക്‌ പശ കൂടും.

എന്നാല്‍ പച്ചയായി കഴിക്കുന്നവ അങ്ങനെ ഒട്ടിപ്പിടിക്കുക കുറവാണ്‌.

അതു കൊണ്ടു തന്നെ സാലഡ്‌ - വെള്ളരിക്ക, കാരറ്റ്‌ തുടങ്ങിയവ ആഹാരാവസാനം ചവച്ച്‌ കഴിക്കുന്നത്‌ പല്ലിനിട വൃത്തിയാക്കാന്‍ സഹായിക്കും. 

അതുകൊണ്ടു തന്നെ ആഹാരം കഴിച്ച ശേഷം വായ വൃത്തിയായി കുലുക്കുഴിയുക, ടൂത്‌ പിക്ക്‌ പോലെ എന്തെങ്കിലും കൊണ്ട്‌ പല്ലിനിട വൃത്തിയാക്കുക വീണ്ടും കുലുക്കുഴിയുക ഇവ ഒരു ശീലമാക്കി എടുക്കുക.

അതെങ്ങനാ സായിപ്പ്‌ വായ കഴുകാത്തത്‌ കൊണ്ട്‌ നമ്മളും വായ കഴുകരുത്‌ എന്നല്ലെ പ്രമാണം

ചായ, കാപ്പി, മധുരമുള്ള നാരങ്ങവെള്ളം പോലെ ഉള്ളവ ഇവ കുടിച്ചാലും അതിനു ശേഷം വായ കുലുക്കുഴിയണം - പഞ്ചസാര പോലെ ഉള്ള വസ്തുക്കള്‍ വായ മുഴുവന്‍ പറ്റിയിരിക്കും ഇല്ലെങ്കില്‍.

കുട്ടികള്‍ തിന്നുന്ന ചോക്ലേറ്റ്‌ പകുതിയും പല്ലിന്മേല്‍ തന്നെ കാണും

ബിസ്കറ്റും അതുപോലെ തന്നെ. മിട്ടായിയുടെ അംശം ഉണ്ടാകും എന്നതില്‍ സംശയമില്ലല്ലൊ അല്ലെ?

കഴിയുമെങ്കില്‍ ഇതൊന്നും കൊടുക്കാതിരിക്കുക. അഥവാ കൊടൂക്കുന്നു എങ്കില്‍ അത്‌ കഴിച്ച ശേഷം വായ വൃത്തിയാക്കുന്നു എന്നുറപ്പു വരുത്തുക - മക്കളോട്‌ സ്നേഹം ഉണ്ടെങ്കില്‍ മതി കേട്ടൊ.

രാത്രി കിടക്കുന്നതിനു മുന്‍പും കാലത്ത്‌ എഴുനേല്‍ക്കുമ്പോഴും പല്ല് തേക്കുന്ന ശീലം വേണം.

പല്ലു തേക്കാന്‍ ഉമിക്കരി പൊടിച്ച്‌ അല്‍പം ഉപ്പും , കുരുമുളക്‌ പൊടിച്ചതും ചേര്‍ത്തായാല്‍ ഉത്തമം.

പല്ലിനിടയില്‍ വളരുവാന്‍ സാദ്ധ്യത ഉള്ള അനാവശ്യ കീടാണുക്കളെ കൊല്ലാന്‍ ഇവ ധാരാളം മതി.

പല്ലില്‍ കൊണ്ടു വച്ച്‌ കാല്‍സിയം ഇട്ടുരച്ചാല്‍ അത്‌ പല്ലിലേക്ക്‌ കയറി ബലപ്പെടുത്തുക ഒന്നും ഇല്ല - അത്തരം വിഡ്ഢിത്ത പരസ്യം വിശ്വസിച്ച്‌ അതിനായി കാശുകളയാതിരിക്കുക

മാവില പഴുത്തതോ പച്ചയോ പല്ലു തേക്കാന്‍ ഉപയോഗിക്കാം.

ഇതൊന്നും കിട്ടുന്നില്ല എങ്കില്‍ ത്രിഫല പൊടി പല്ലു തേക്കാന്‍ ഉത്തമം ആണ്‌.

അപ്പൊ ഇനി എല്ലാവരുടെയും പല്ലുകള്‍ വൃത്തിയായും ആരോഗ്യമായും ഇരിക്കും എന്ന് കരുതാം അല്ലെ

ആത്മവിശ്വാസത്തോടെ പുഞ്ചിരിക്കാന്‍ദന്തസംരക്ഷണം അനിവാര്യം

ദന്തക്ഷയം

കുട്ടി ആഹാരം കഴിച്ചശേഷം പല്ല്‌ വൃത്തിയായി കഴുകാറുണ്ടോ? ഇല്ലെങ്കില്‍ ദന്തക്ഷയത്തിലേക്ക്‌ വഴിതെളിക്കും. പല്ലില്‍ ഒട്ടിപ്പിടിക്കുന്ന ആഹാരം, ശരിയായ ദന്തശുചിത്വം ഇല്ലായ്‌മ എന്നിവയാണ്‌ ദന്തക്ഷയമുണ്ടാക്കുക്‌. പല്ലിന്‌ മൂന്ന്‌ പ്രധാന ഭാഗങ്ങളാണുള്ളത്‌. ഇനാമല്‍, ഡെന്റല്‍, പള്‍പ്പ്‌. ആദ്യഘട്ടത്തില്‍ ഇനാമലിനെയും ഡെന്റലിനെയും രോഗം ബാധിക്കുന്നു.അപ്പോഴാണ്‌ പല്ലു പുളിക്കുന്നത്‌. തണുത്ത ഭക്ഷണം കഴിക്കുമ്പോഴാകട്ടെ ഇവ പള്‍പ്പിലെത്തി പല്ലുവേദനയും ഉണ്ടാക്കുന്നു. ആഹാരശകലങ്ങള്‍ പല്ലില്‍ പറ്റിപ്പിടിച്ച്‌ ബാക്‌ടീരിയ ഉണ്ടായി പല്ലു കേടാവുന്നതു കൂടുതലും കുട്ടികളിലാണ്‌.

കുട്ടികളിലെ രോഗങ്ങള്‍

ഇന്നത്തെ ആഹാരശൈലിയും ഭക്ഷണശേഷം പല്ല്‌ വൃത്തിയാക്കാത്തതുമാണ്‌ കുട്ടികളിലെ ദന്തക്ഷയത്തിന്‌ മുഖ്യകാരണം. കുഞ്ഞുങ്ങളിലെ ദന്തരോഗങ്ങളില്‍ പ്രധാനം പല്ലിലെ പുഴുക്കുത്താണ്‌. ഭക്ഷണശേഷം അമ്മമാര്‍ കുഞ്ഞുങ്ങളുടെ വായ്‌ വൃത്തിയാക്കത്തതാണ്‌ കുഞ്ഞുങ്ങളിലെ ദന്തക്ഷയത്തിനു കാരണം. കുട്ടികളെ കഴിവതും രാത്രിയില്‍ പാലൂട്ടാതിരിക്കുക. വേണ്ടിവന്നാല്‍ പഞ്ഞി നനച്ച്‌ പല്ലുകള്‍ നന്നായി വൃത്തിയാക്കണം. പാല്‍ വായില്‍ തങ്ങി നിന്ന്‌ മുന്‍വശത്തെ പല്ലുകളെ കേടുവരുത്തും.

കുട്ടികളില്‍ ദന്തവൈകല്യമുണ്ടാകുന്ന മറ്റൊരു പ്രശ്‌നം വിരല്‍കുടിയാണ്‌. ഏകദേശം നാലരവയസുവരെ കുട്ടികള്‍ വിരല്‍ കുടിക്കും. അതുകഴിഞ്ഞും വിരല്‍ കുടിച്ചാല്‍ മോണ പൊങ്ങാം. മുകള്‍നിരയിലെ പല്ലുകള്‍ പൊങ്ങുകയും താഴത്തെ നിലയിലെ പല്ലുകള്‍ സ്‌ഥാനം തെറ്റി നാവിനു നേര്‍ക്കു വളയുകയും ചെയ്യുമെന്ന്‌ പഠനങ്ങള്‍ തെളിയിക്കുന്നു. മോണ പൊങ്ങിയാല്‍ പല്ല്‌ കമ്പിയിട്ട്‌ ശരിയാക്കാനാവില്ല. വിരല്‍കുടി ചീത്തശീലമാണെന്ന്‌ കുഞ്ഞിനെ ബോധ്യപ്പെടുത്തുന്നതാണ്‌ നല്ലത്‌.

മോണരോഗങ്ങള്‍

ദന്താരോഗ്യത്തിന്റെ അടിസ്‌ഥാനഘടകം ആരോഗ്യമുള്ള മോണയാണ്‌. മോണയിലുണ്ടാകുന്ന രോഗങ്ങളാണ്‌ മോണവീക്കവും മോണപഴുപ്പും. മോണയുടെ അരികുകളില്‍ നിന്നാണ്‌ വീക്കം തുടങ്ങുക. വായ്‌ വൃത്തിയാക്കുന്നതിലെ ശ്രദ്ധയില്ലായ്‌മയാണ്‌ കാരണം. പല്ലില്‍ അവശേഷിക്കുന്ന ഭക്ഷ്യാവശിഷ്‌ടവും ബാക്‌ടീരിയയും ഉമിനീര്‍ലവണവും ചേര്‍ന്ന്‌ കക്കായുണ്ടാകുന്നു. മോണവീക്കം ശ്രദ്ധിക്കാതെയും ദന്തശുചിത്വം പാലിക്കാതെയും ഇരുന്നാല്‍ മോണപഴുപ്പുണ്ടാകുന്നു. മോണ പഴുപ്പിനു വേദനയില്ലാത്തതിനാല്‍ പലരും അവഗണിക്കാറുണ്ട്‌.

സ്‌ത്രീകള്‍ ശാരീരികാരോഗ്യത്തിലെന്നപോലെതന്നെ പല്ലിന്റെയും മോണയുടെയും കാര്യത്തിലും പ്രാധാന്യം നല്‍കണം. സ്‌ത്രീശരീരത്തില്‍ വിവിധ ഘട്ടത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മോണരോഗങ്ങളുടെ സാധ്യത വര്‍ധിപ്പിക്കുന്നു. ഹൃദ്‌രോഗം, പ്രമേഹം, ശ്വാസകോശസംബന്ധമായ അസുഖം, അള്‍സര്‍, മാസം തികയാതെയുള്ള പ്രസവം തുടങ്ങിയ പ്രശ്‌നങ്ങള്‍ മോണരോഗങ്ങള്‍മൂലം സ്‌ത്രീകളില്‍ സംഭവിക്കാം. മോണരോഗങ്ങളെ വളരെ ഗൗരവമായി കാണേണ്ടതും യഥാസമയം ചികിത്സിച്ച്‌ ഭേദമാക്കേണ്ടതുമാണ്‌.

നിരതെറ്റിയ പല്ലുകള്‍

കൗമാരക്കാര്‍ക്കിടയിലെ പ്രധാന പ്രശ്‌നമാണ്‌ നിരതെറ്റിയ പല്ലുകള്‍. സൗന്ദര്യത്തിന്‌ നിരതെറ്റിയ പല്ലുകള്‍ കേടുവരുത്തുമോ എന്ന വ്യാകുലത പെണ്‍കുട്ടികള്‍ക്കിടയില്‍ കൂടുതലാണ്‌. ക്രമംതെറ്റിയും പൊങ്ങിയുമുള്ള പല്ലുകള്‍ക്ക്‌ കാരണം ചെറുപ്പത്തിലെ വിരല്‍കുടിയും വായ്‌ തുറന്നുറങ്ങലുമാണ്‌. യഥാസമയത്ത്‌ പാല്‍പ്പല്ലുകള്‍ നീക്കിയില്ലെങ്കില്‍ ക്രമംതെറ്റി മുടമ്പല്ലുകളുണ്ടാകും. പല്ലില്‍ കമ്പി ഇട്ടും ഓര്‍ത്തഡോണ്‍ഡിസറ്റ്‌ ചികിത്സകൊണ്ടും നിരതെറ്റിയ പല്ലു ശരിയാക്കാം. ജന്മവൈകല്യമാണെങ്കില്‍ എട്ടു വയസാകുമ്പോള്‍ ക്ലിപ്പിടാന്‍ മറക്കരുത്‌.

കുഞ്ഞുങ്ങളെ ശ്രദ്ധിക്കേണ്ടത്‌

1. ഓരോ ആറുമാസത്തിലും മുടങ്ങാതെ ദന്തപരിശോധന ചെയ്യണം.
2. മൂന്നു വയസ്‌ മുതല്‍ കുട്ടികളെ രാവിലെയും രാത്രിയിലും ബ്രഷ്‌ ചെയ്യാന്‍ പഠിപ്പിക്കണം. പോഷകാഹാരങ്ങള്‍ ഈ പ്രായത്തില്‍ കൂടുതല്‍ നല്‍കിയാല്‍ പല്ലുകളുടെ വളര്‍ച്ചയ്‌ക്ക് ഉത്തമമായിരിക്കും.
3. 6-8 വയസില്‍ അണപ്പല്ലു വന്നു തുടങ്ങും. മധുരമുള്ള പലഹാരങ്ങള്‍ ഒഴിവാക്കി പല്ല്‌ വൃത്തിയായി സൂക്ഷിക്കണം.

കൗമാരക്കാരുടെ ശ്രദ്ധയ്‌ക്ക്

1. ഈ പ്രായത്തില്‍ മോണവീക്കം വരികയും ബ്രഷ്‌ ചെയ്യുമ്പോള്‍ മോണയില്‍നിന്ന്‌ രക്‌തം വരികയും ചെയ്യാറുണ്ട്‌. ഹോര്‍മോ ണ്‍ വ്യതിയാനമാണ്‌ കാരണം. ബ്രഷിങിന്‌ പ്രാധാന്യം നല്‍കിയാല്‍ പരിഹരിക്കാം.
2. അണപ്പല്ലുകള്‍ ധാരാളമായി ഉണ്ടാകുന്ന പ്രായമാണിത്‌. വൃത്തിയില്‍ സൂക്ഷിച്ചില്ലെങ്കില്‍ അണപ്പല്ലുകള്‍ പെട്ടെന്ന്‌ കേടാകും. മോണകള്‍ക്ക്‌ കുഴപ്പം വരാത്തരീതിയില്‍ നൂലുപയോഗിച്ച്‌ പല്ലുകള്‍ക്കിടയിലുള്ള ഭാഗങ്ങള്‍ വൃത്തിയാക്കാന്‍ ശ്രമിക്കണം. ഇതിന്‌ ഫ്‌ളേസിംഗ്‌ എന്നാണ്‌ പറയുന്നത്‌.

മുതിര്‍ന്നവരുടെ ശ്രദ്ധയ്‌ക്ക്

1. ആരോഗ്യമുള്ള പല്ല്‌ വൃത്തിയുള്ളതും കേടില്ലാത്തതുമാണ്‌. പല്ലിന്റെയും മോണയുടെയും ആരോഗ്യം നിലനിര്‍ത്താന്‍ ദിവസവും രണ്ടുനേരം പല്ലുതേയ്‌ക്കുകയും ഫ്‌ളേസിംഗ്‌ ചെയ്യാനും മറക്കരുത്‌.
2. ആറു മാസം കൂടുമ്പോള്‍ മോണയും പല്ലും പരിശോധിപ്പിക്കുക.

വാര്‍ധക്യത്തില്‍ ശ്രദ്ധിക്കേണ്ടത്‌

1. വാര്‍ധക്യത്തില്‍ പ്രത്യേകം ദന്തസംരക്ഷണം ആവശ്യമാണ്‌. മറ്റ്‌ അസുഖങ്ങളെപ്പറ്റിയും കഴിക്കുന്ന മരുന്നുകളെപ്പറ്റിയും ദന്തഡോക്‌ടറെ അറിയിക്കണം.ചികിത്സയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടിവരും.
2. പല്‍പ്പൊടി, ഉമിക്കരി എന്നിവ കഴിവതും ഒഴിവാക്കുക. കാരണം ഇനാമല്‍ കൂടുതലായും തേഞ്ഞുപോകുന്നു.
3. വെപ്പുപല്ല്‌ രാത്രി മുഴുവന്‍ തണുത്ത വെള്ളത്തിലിട്ട്‌ വയ്‌ക്കണം. ഇത്‌ കീടാണുക്കള്‍വരാതിരിക്കാന്‍ സഹായിക്കും.

ചികിത്സകള്‍

1. പല്ല്‌ കേടായാല്‍ - റൂട്ട്‌കനാല്‍ ചികിത്സ
2. പല്ലുകള്‍ നിരതെറ്റുന്നതിന്‌ - ഓര്‍ത്തഡോണ്‍ഡിക്‌സ് ചികിത്സ
3. പല്ലിന്‌ നിറമകറ്റാന്‍ - വൈറ്റ്‌നിങ്‌
4. മോണയുടെ അസ്‌ഥികളുടെ തകരാറിന്‌ - ഓര്‍ത്തോഗ്നാതിക്‌ സര്‍ജറി
5. പല്ലുകളും മോണയും പുന:സൃഷ്‌ടിക്കല്‍ - മാക്‌സിലോ ഫേഷ്യല്‍ സര്‍ജറി

എങ്ങനെയൊക്കെ ശ്രദ്ധിക്കാം ?

ആരോഗ്യമുള്ള വായ്‌ ആരോഗ്യമുള്ള ശരീരത്തിന്റെ പ്രതിഫലനമാണ്‌. അതുകൊണ്ട്‌ പല്ലിനെവേണ്ടും വിധത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌. കേട്‌ പള്‍പ്പില്‍ കയറിയാല്‍ റൂട്ട്‌കനാല്‍ ചെയ്‌തടയ്‌ക്കണം. കടുത്ത വേദനയാണെങ്കില്‍ പല്ല്‌ പറിച്ചുകളയണം അല്ലാത്തപക്ഷം റൂട്ട്‌കനാല്‍ ചെയ്യണം. റൂട്ട്‌കനാല്‍ ചെയ്‌ത പല്ലടയ്‌ക്കുന്ന വസ്‌തുവാണ്‌ ക്യാപ്‌. പല്ലിന്റെ നിറത്തിലും മെറ്റലിലും ക്യാപ്‌ ഇടാം. പല്ലിന്റെ വിടവ്‌ നികത്താ ന്‍ ഇത്‌ സഹായിക്കുന്നു. മഞ്ഞനിറമകറ്റാന്‍ മഞ്ഞളുള്ള ഭക്ഷണം കഴിവതും ഒഴിവാക്കുക. ലഹരിപാനിയങ്ങള്‍ പല്ലിന്‌ മഞ്ഞനിറം നല്‍കുന്നു. ഭക്ഷണശേഷം വായ്‌ കഴുകാതിരുന്നാല്‍ മഞ്ഞനിറം ഉണ്ടാകും.

 

1. മസാല, മഞ്ഞള്‍ കലര്‍ന്ന ഭക്ഷണം, മുട്ട തുടങ്ങിയവ കഴിച്ചശേഷം നന്നായി പല്ല്‌ വൃത്തിയാക്കുക.
2. രണ്ടുനേരം ബ്രഷ്‌ ചെയ്യുക. തരിയില്ലാത്ത പല്‍പ്പൊടി ഉപയോഗിക്കുക.
3. ഭക്ഷണശേഷം വിരലുപയോഗിച്ച്‌ പല്ല്‌ വൃത്തിയാക്കുക.
4. ഏലയ്‌ക്ക, ഗ്രാമ്പു എന്നിവ ചവച്ചാല്‍ വായ്‌നാറ്റമകറ്റാം.
5. അമിതബലത്തില്‍ പല്ലുതേയ്‌ക്കരുത്‌.
6. അമ്ലത്വമുള്ള പാനീയങ്ങള്‍ ഒഴിവാക്കുക.
7. നിത്യവും ഒരു സ്‌പൂണ്‍ എള്ളെണ്ണകൊണ്ട്‌ വായുഴിയുക.
8. വിട്ട്‌ മാറാത്ത വായ്‌പ്പുണ്ണുകള്‍ക്ക്‌ വിദഗ്‌ദ്ധ ചികിത്സ തേടുക.

 

ദന്തസംരക്ഷണം പ്രായത്തിനനുസരിച്ച്‌‍

കേടുകളില്ലാതെ വെളുത്ത, നിരയൊത്ത പല്ലുകള്‍ എല്ലാവരുടേയും സ്വപ്‌നമാണ്‌. പലരിലും ഇത്‌ അപ്രാപ്യമായിത്തന്നെ അവശേഷിക്കുന്നു. മധുരത്തിന്റേയും പുകയിലയുടേയും മറ്റു ലഹരിവസ്‌തുക്കളുടേയും അമിതോപയോഗം പല്ലുകളെ നശിപ്പിക്കുന്നു. എല്ലാ രോഗത്തിനുമെന്നപോലെ ദന്തചികിത്സയിലും സ്‌പെഷലൈസേഷന്‍ ഉണ്ടെങ്കിലും വേദനയും കേടുപാടുകളും സംഭവിക്കുമ്പോള്‍ മാത്രമേ പലരും പല്ലുകളേക്കുറിച്ചു ചിന്തിക്കാറുള്ളൂ എന്നതാണു സത്യം. ദന്തസംരക്ഷണത്തില്‍ പ്രായത്തിനനുസരിച്ചു വ്യതിയാനം വരുത്തണമെന്നാണ്‌ ആധുനികചികിത്സാ രംഗത്തെ കാഴ്‌ചപ്പാട്‌. ഓരോ പ്രായക്കാര്‍ക്കും വ്യത്യസ്‌ത തരത്തിലുള്ള ദന്തസംരക്ഷണരീതികളാണുള്ളത്‌.

ശിശുക്കള്‍

*..ശിശുക്കളില്‍ ആറുമാസം കഴിയുമ്പോള്‍ പല്ലു മുളയ്‌ക്കാന്‍ തുടങ്ങും. കട്ടിയുള്ള തുണിയും മറ്റും ഈ സമയത്തു കുട്ടികള്‍ക്കു കടിക്കാന്‍ നല്‍കാം. എന്നാല്‍, മൂര്‍ച്ചയുള്ളതും ചായമിളകുന്നതുമായ വസ്‌തുക്കള്‍ നല്‍കരുത്‌.

*..സോഫ്‌റ്റ് ഡ്രിങ്കുകള്‍ നല്‍കുന്നതു പല്ലുകള്‍ക്കു കേടുവരുത്തും. ഭക്ഷണം കളിപ്പിക്കുന്ന വേളയില്‍ തിളപ്പിച്ചാറ്റിയ വെള്ളം കൊടുക്കുന്നതാണു നല്ലത്‌.

*..പാലും മറ്റ്‌ ആഹാരവും കൊടുത്തുകഴിഞ്ഞാല്‍ നനഞ്ഞ തുണി ഉപയോഗിച്ച്‌ പല്ല്‌ വൃത്തിയാക്കണം. എട്ടുമാസമെത്തിയാല്‍ കുപ്പിപ്പാല്‍ ഒഴിവാക്കി കപ്പില്‍ പാല്‍ നല്‍കാന്‍ തുടങ്ങണം.

*..പല്ല്‌ മുളയ്‌ക്കുന്നതിനനുസരിച്ച്‌ വൃത്തിയാക്കാനും തുടങ്ങണം. ചെറിയ ബ്രഷ്‌ ഉപയോഗിക്കാന്‍ ശീലിപ്പിക്കുന്നത്‌ നല്ലതാണ്‌.

*..ഒന്നര വയസെത്തുമ്പോഴേക്കു കുഞ്ഞിനെ ദന്തഡോക്‌ടറുടെ സമീപം കൊണ്ടുപോവുക.

*..ബ്രഷും പേസ്‌റ്റും ഉപയോഗിച്ച്‌ പല്ലുതേയ്‌ക്കാന്‍ പഠിപ്പിക്കണം. അച്‌ഛനോ അമ്മയോ പല്ലു തേച്ചുകൊടുക്കുകയും വേണം. ഒരു നെന്മണിയുടെ വലിപ്പത്തില്‍ പേസ്‌റ്റ് ഉപയോഗിച്ചാല്‍ മതി.

*ആഹാരസമയത്തല്ലാതെയുള്ള മിഠായിയും മധുരപലഹാരങ്ങളും ഒഴിവാക്കണം. പല പാനീയങ്ങളിലും അമ്ലാംശം കൂടുതലാണ്‌. ഇവ പല്ലിനെ ദ്രവിപ്പിക്കും.

*..പല്ലില്‍ പോടുണ്ടാകുക, വേദന അനുഭവപ്പെടുന്നുവെന്നു പറയുക, പല്ല്‌ ആടുക, പല്ലിന്റെ ഭാഗം പൊട്ടിപ്പോവുക എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ദന്തരോഗവിദഗ്‌ധന്റെ സഹായം തേടണം.

പ്രൈമറി സ്‌കൂള്‍ കുട്ടികള്‍

*..ശരിയായ രീതിയില്‍ ബ്രഷ്‌ ചെയ്യുന്നുണ്ടോ എന്നു ശ്രദ്ധിക്കണം. എല്ലാ പല്ലുകളും വൃത്തിയാക്കുന്ന കാര്യത്തില്‍ നിഷ്‌കര്‍ഷ പുലര്‍ത്തണം.

*..സ്‌കൂളില്‍ ഇന്റര്‍വെല്‍ സമയത്തു കഴിക്കാന്‍ മിഠായിയും ബിസ്‌കറ്റും നല്‍കുന്നതു നന്നല്ല. വെള്ളംകുടിക്കുന്ന കാര്യം നിഷ്‌കര്‍ഷിക്കണം.

*..കളിക്കുമ്പോഴും മറ്റും അപകടം സംഭവിച്ചാല്‍ പൊഴിഞ്ഞുപോയ പല്ലുമായി ദന്തഡോക്‌ടറെ കാണുന്നതാണ്‌ ഉചിതം.

*..പല്ല്‌ ഉന്തിവരുന്നതായി തോന്നിയാലും ദന്തഡോക്‌ടറെ കണ്ട്‌ പരിഹാരം തേടണം.

*..പല്ലുകളുടെ ക്രമവും നില്‍ക്കുന്ന രീതിയും പരിശോധിക്കേണ്ടത്‌ ഈ ഘട്ടത്തിലാണ്‌. പല്ലുകളുടെനിര തെറ്റാനുള്ള സാധ്യത ഈ അവസരത്തില്‍ തിരിച്ചറിയാം.

*..ദന്തക്ഷയത്തിനെതിരേ പല്ലുകളെ ദൃഡപ്പെടുത്താന്‍ ഫ്‌ളൂറൈഡ്‌ കലര്‍ന്ന ടൂത്ത്‌ പേസ്‌റ്റ് ഉപയോഗിക്കുകയോ ദന്തചികിത്സകന്റെ സഹായത്തോടെ ഫ്‌ളൂറൈഡ്‌ ചികിത്സ നടത്തുകയോ വേണം.

*..പല്ലുകള്‍ക്കിടയിലുള്ള പ്ലാക്കും മലിനവസ്‌തുക്കളും ഇടയ്‌ക്കിടെ നീക്കംചെയ്യണം. മോണരോഗം തടയാന്‍ ഇതു സഹായിക്കും.

*..പല്ലുകളില്‍ ദ്വാരമോ മറ്റോ ഉണ്ടായാല്‍ ഉടന്‍ ചികിത്സിക്കണം.

*..പല്ലുകളില്‍ ദന്തക്ഷയം മൂലമുള്ള ദ്വാരമുണ്ടാകുന്നുണ്ടോ എന്ന്‌ ഇടയ്‌ക്കിടെ പരിശോധിപ്പിക്കണം.

*..പല്ല്‌ ബ്രഷ്‌ ചെയ്യാന്‍ സോഫ്‌റ്റ് ബ്രഷ്‌ ഉപയോഗിക്കുക. ദിവസവും പല്ലുകള്‍ക്കിടയിലുള്ള ഭാഗം വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക.

*..കാലത്തും രാത്രിയിലും ബ്രഷ്‌ ചെയ്യുന്ന രീതി ശീലമാക്കണം.

*..മധുരവസ്‌തുക്കളും സോഫ്‌റ്റ് ഡ്രിങ്കുകളും ഒഴിവാക്കണം.

അമ്പതുവയസിനു മുകളിലുള്ളവര്‍

*..ദന്തരോഗങ്ങള്‍ തിരിച്ചറിയാനും രോഗാവസ്‌ഥ തിരിച്ചറിയാനും സ്‌ഥിരമായ ചെക്കപ്പ്‌ ആവശ്യമാണ്‌.

*..പൊതുവായ ആരോഗ്യസ്‌ഥിതിയും കഴിക്കുന്ന മരുന്നുകളും ദന്തചികിത്സകനുമായി ചര്‍ച്ചചെയ്യണം. ദന്തരോഗത്തിനും ചികിത്സയ്‌ക്കും പൊതുവായ ആരോഗ്യവുമായി ബന്ധമുണ്ട്‌.

*..പല്ലും മോണയും ചേരുന്ന ഭാഗത്ത്‌ പോടുണ്ടാകുന്നതും ഉടന്‍ ചികിത്സിപ്പിക്കണം.

*..പല്ലില്‍ പുളിപ്പുണ്ടാകുന്നെങ്കില്‍ അതു നിയന്ത്രിക്കാന്‍ ദന്തചികിത്സകനോടു പ്രത്യേക പേസ്‌റ്റുകള്‍ ആവശ്യപ്പെടാം.

*..മധുരപലഹാരങ്ങള്‍ ഒഴിവാക്കണം.

*..അധികമായുണ്ടാകുന്ന വായുണങ്ങല്‍ ഈ പ്രായത്തില്‍ സ്വാഭാവികമാണ്‌. വെള്ളം കൊണ്ട്‌ വായ ഇടയ്‌ക്കിടെ കഴുകണം. മധുരമില്ലാത്ത ച്യൂയിംഗം ചവയ്‌ക്കുകയാണു മറ്റൊരു മാര്‍ഗം.

*..പല്ലുവേദനയോ മോണവേദനയോ ഉണ്ടെങ്കില്‍ നിര്‍ബന്ധമായും ചികിത്സ തേടുക.

*..വെപ്പു പല്ല്‌ ഉപയോഗിക്കുന്നവര്‍ അതു വൃത്തിയായി സൂക്ഷിക്കണം.

ഗര്‍ഭിണികള്‍

*..ഗര്‍ഭകാലത്ത്‌ ഹോര്‍മോണുകളില്‍ വരുന്ന വ്യതിയാനം മൂലം മോണരോഗം വര്‍ധിക്കാം. മോണ ചുവന്നുതുടുക്കുകയും രക്‌തസ്രാവം ഉണ്ടാകുകയും ചെയ്യും. ഇതിനു ഡോക്‌ടറുടെ പ്രത്യേക പരിചരണം ആവശ്യമാണ്‌.

*..പുകവലിക്കുന്ന ശീലമുണ്ടെങ്കില്‍ ഒഴിവാക്കണം.

*..ബ്രഷും ഫ്‌ളോസും ഉപയോഗിച്ചുള്ള പല്ലുവൃത്തിയാക്കല്‍ കൃത്യമായി ചെയ്യണം.

*..ഇടയ്‌ക്കിടെയുള്ള മധുരപലഹാരം ഒഴിവാക്കുക.

കുഞ്ഞിപ്പല്ല്

പാല്‍ പല്ല് പോയിക്കഴിഞ്ഞുമതി പല്ലിനെ സംരക്ഷിക്കാന്‍ എന്നുകരുതരുത്. കുഞ്ഞിനെ ചവച്ചരക്കാന്‍ ശീലിപ്പിക്കുന്നതും സംസാരം സ്പുടമാക്കുന്നതും പുതിയപല്ലിനു വഴികാട്ടിയാകുന്നതും പല്ലിനുവരാന്‍ സ്ഥലം സംരക്ഷിക്കുന്നതും പാല്‍പല്ലാണ്.

നിങ്ങളുടെ മുഖത്ത് മനോഹരമായൊരു പുഞ്ചിരി വിടരാന്‍ മുന്നില്‍ നില്‍ക്കുന്നതാരാണ്? പല്ല്, അല്ലാതാര്. പല്ലിന് എത്ര ആരോഗ്യമുണ്ടോ അത്രയ്ക്ക് മനോഹരമായിരിക്കും നിങ്ങളുടെ ചിരി. പല്ലിനെ എത്രത്തോളം സ്നേഹിക്കുന്നോ അത്രത്തോളം പല്ലും നിങ്ങളെ സ്നേഹിക്കും. ചവച്ചരക്കാം, ഇഷ്ടമുള്ളതൊക്കെ കഴിക്കാം.

ദന്തസംരക്ഷണത്തിന്റെ പ്രാധാന്യം?

പഞ്ചസാരയില്‍ ഉറുമ്പരിക്കുന്നതുപോലെ ഭക്ഷണശേഷം പല്ലില്‍ ബാക്ടീരിയകള്‍ ഉണ്ടാകും. പല്ലിന്റെ ഇനാമല്‍ നശിപ്പിക്കാന്‍ ശേഷിയുള്ള ആസിഡുകള്‍ക്ക് ബാക്ടീരിയകള്‍ കാരണമാകും. ദന്തസംരക്ഷണം കുഞ്ഞിപ്പല്ലുകള്‍ വന്നുതുടങ്ങുമ്പോഴേ തുടങ്ങണം. പാല്‍പല്ലല്ലേ, അതുപോയി പുതിയതുവരുമ്പോള്‍ ശ്രദ്ധിക്കാം എന്നു വിചാരിക്കരുത്.

കുഞ്ഞിന്റെ ദന്തസംരക്ഷണം എപ്പോള്‍ മുതല്‍ തുടങ്ങണം?

ആദ്യ പല്ല് പുറത്തേക്ക് വരുന്നതിനു മുമ്പേ തുടങ്ങണം. ഗര്‍ഭസ്ഥ ശിശുവായിരിക്കുമ്പോള്‍തന്നെ കുഞ്ഞിന്റെ പല്ലുകള്‍ രൂപപ്പെട്ടുതുടങ്ങും. കുഞ്ഞു മോണയില്‍ നിന്ന് അത് പുറത്തേക്കുവരാന്‍ ആറുമാസമെങ്കിലും എടുക്കും. പല കുഞ്ഞുങ്ങള്‍ക്കും ആദ്യ പല്ലുവരുന്ന സമയം വ്യത്യസ്തമായിരിക്കും. മൂന്നു വയസ്സാകുമ്പോഴേക്കും ഇരുപത് പല്ലുകളെങ്കിലും കുഞ്ഞിനുണ്ടാകും. പല്ലു തേപ്പിക്കുന്ന പ്രായമാകുന്നതിനു മുമ്പേ നനഞ്ഞ ഒരു വൃത്തിയുള്ള തുണികൊണ്ട് കുഞ്ഞിന്റെ മോണ തുടക്കുന്നത് പല്ലിലെ ബാക്ടീരിയ ആക്രമണം തടയും.

ഒരു വയസ്സ് കഴിയുമ്പോള്‍ ദിവസം രണ്ടു പ്രാവശ്യം പല്ലുതേപ്പിക്കണം. രണ്ടു വയസ്സുവരെ കുട്ടികള്‍ക്കുള്ള പേസ്റ്റു മാത്രമേ ഉപയോഗിക്കാവൂ അതില്‍ ഫ്ളൂറൈഡിന്റെ 500 പി.പി.എം ആണ്. ഓരോ തവണ ഭക്ഷണത്തിനുശേഷവും, പ്രത്യേകിച്ച് മധുര പലഹാരങ്ങള്‍ കഴിച്ചതിനുശേഷം കുട്ടികള്‍ പല്ലു തേയ്ക്കുന്നത് നല്ലതാണ്.

കുട്ടിയായാല്‍ പുഴുപ്പല്ലുണ്ടാകും എന്ന ചിന്തയാണ് പലര്‍ക്കും. പുഴുപ്പല്ലിന്റെ പ്രധാനകാരണം അനാരോഗ്യകരമായ ഭക്ഷണശീലമാണ്. കുപ്പിയില്‍ ജ്യൂസോ പാലോ കൊടുത്ത് കുട്ടിയെ ഉറക്കാന്‍ കിടത്തുന്നത് ഒഴിവാക്കണം. പല്ലില്‍ ബാക്ടീരിയ വളര്‍ന്ന് ഇനാമല്‍ നഷ്ട്ടപ്പെടും. കിടക്കുന്നതിനു മുന്‍പ് അല്‍പം ചൂടുവെള്ളം കുടിക്കാന്‍ കൊടുത്താല്‍ ഈ പ്രശ്നം പരിഹരിക്കാം. കുട്ടികള്‍ വെള്ളത്തിനുപകരം ദിവസം മുഴുവന്‍ ജ്യൂസോ മറ്റ് മധുരമുള്ള വെള്ളമോ കുപ്പിയില്‍നിന്ന് കുടിക്കുന്നത് പല്ലിന് അനാരോഗ്യകരമാണ്. മുമ്പിലെ പല്ലുകള്‍ കേടുപിടിക്കാന്‍ ഇതുകാരണമാകും. കപ്പില്‍ നിന്നു തന്നെ വെള്ളം കുടിക്കാന്‍ ശീലിപ്പിക്കണം.

പല്ലുവേദനിക്കുന്നു

എന്ന് കുഞ്ഞ് പറയുന്നുണ്ടെങ്കില്‍ സമയം കളയാതെ കുഞ്ഞിനെ ഒരു ദന്തഡോക്ടറെ കാണിക്കണം. കേടായ പല്ലുകള്‍അടയ്ക്കാനും കേട് മറ്റ് പല്ലുകളിലേക്ക് വ്യാപിക്കുന്നത് തടയാനും സമയത്തുതന്നെ ചികിത്സിക്കുന്നത് സഹായിക്കും. 40% കുട്ടികളിലെയും ദന്തരോഗങ്ങള്‍ സമയത്ത് ചികിത്സിക്കാത്തതു കൊണ്ടുണ്ടാകുന്നതാണ്. വേദന ഇല്ലെങ്കില്‍കൂടി ഇടക്ക് ദന്തഡോക്ടറെ കാണുന്നത് ചികിത്സയുടെ ഭീമമായ തുകയും വേദനയും കുറക്കും. ഓടിക്കളിക്കുമ്പോള്‍ വീണും പല്ലുകള്‍ക്ക് ക്ഷതം സംഭവിക്കാം. കളിക്കുമ്പോള്‍ വായില്‍ ഡെന്റല്‍ കെയര്‍ വയ്ക്കാന്‍ കുട്ടികളെ ശീലിപ്പിക്കണം.

പാല്‍പല്ല്

പാല്‍ പല്ല് പോയിക്കഴിഞ്ഞുമതി പല്ലിനെ സംരക്ഷിക്കാന്‍ എന്നുകരുതരുത്. കുഞ്ഞിനെ ചവച്ചരക്കാന്‍ ശീലിപ്പിക്കുന്നതും സംസാരം സ്പുടമാക്കുന്നതും പുതിയപല്ലിനുവഴികാട്ടിയാകുന്നതും പല്ലിനുവരാന്‍ സ്ഥലം സംരക്ഷിക്കുന്നതും പാല്‍പല്ലാണ്. തനിയെ കൊഴിയുന്നതുവരെ പാല്‍ പല്ല് ആരോഗ്യത്തോടെ ഇരിക്കണം. പല്ലുതേക്കാന്‍ പ്രായമാകുമ്പോള്‍ ഫ്ളോറിന്‍ അടങ്ങിയ ടൂത്പേസ്റ്റുകള്‍ ഉപയോഗിച്ച് പല്ലുതേപ്പിക്കണം. കുട്ടികള്‍ ചിലപ്പോള്‍ ടൂത്ത് പേസ്റ്റിന്റെ പത വിഴുങ്ങാറുണ്ട്. അത് അധികമായാല്‍ പല്ലില്‍ വെള്ളയോ കറുപ്പോ നിറത്തിലുള്ള പാടുകള്‍ വരുത്തും. ഫ്ളൂറൈഡ് അടങ്ങിയ മരുന്നുകള്‍ കഴിക്കുന്നത് കുട്ടികളിലെ ദന്തക്ഷയം കുറയ്ക്കും. പല്ലിലെ പ്രശ്നങ്ങള്‍ പരിഹരിക്കാവുന്നതിലും അപ്പുറമാണെങ്കില്‍ പല്ലിന് സംരക്ഷണം നല്‍കുന്ന ഒരു തരം പ്ലാസ്റ്റിക്ക് കോട്ടിംഗ് ഉണ്ട് അതുപയോഗിക്കാം.

നല്ല പല്ല്

ആറ്ഏഴ് വയസ്സുമുതല്‍ പാല്‍ പല്ലുകള്‍ കൊഴിഞ്ഞ് പോയിത്തുടങ്ങും. കുറച്ചു നേരത്തെ ആയാലും വൈകിയാലും സാരമാക്കേണ്ട. 13 വയസ്സാകുമ്പോഴേക്കും ഭൂരിഭാഗം പല്ലുകളും വന്നിട്ടുണ്ടോ എന്നു നോക്കിയാല്‍ മതി. മോണയിലെ അവസാനത്തെ പല്ല് 17 വയസ്സിനും 21 വയസ്സിനും ഇടയില്‍ വരും.

എത്ര നന്നായി പല്ലുതേച്ചാലും പല്ലുകള്‍ക്കിടയില്‍ പറ്റിപ്പിടിക്കുന്ന അഴുക്ക് പൂര്‍ണമായി പോകില്ല. പല്ലില്‍ അടിയുന്ന അഴുക്ക് കളയുന്നതിനുള്ള നല്ല മാര്‍ഗം ഫ്ളോസ് ഉപയോഗിക്കുക എന്നതാണ്. പല്ലിനിടയിലെ അഴുക്ക് കളയാനായി ഉണ്ടാക്കിയ പ്രത്യേകതരം നൂലാണ് ഫ്ളോസ്. നാല് വയസ്സുമുതല്‍ കുട്ടികളെ ഇതുപയോഗിക്കാന്‍ ശീലിപ്പിക്കണം.

പല്ല് ഇളകിപ്പോയാല്‍

കളിക്കിടയില്‍ കുട്ടികളുടെ പല്ലിളകിപ്പോകുന്നത് സാധാരണമാണ്. പല്ല് ചെറുതായി പൊട്ടിപ്പോയതാണെങ്കിലും പൂര്‍ണമായി ഇളകിപോയതാണെങ്കിലും ഉടനെ ഡോക്ടറുടെ അടുത്തെത്തിക്കണം. പല്ല് പൂര്‍ണമായി ഇളകിപ്പോന്നെങ്കില്‍ അതും ഡോക്ടറുടെ അടുത്തെത്തിക്കണം. പല്ല് തുടക്കാന്‍ പാടില്ല. വെള്ളത്തിലോ പാലിലോ ഇട്ട് ഒരു കവറിലാക്കി ആശുപത്രിയില്‍ എത്തിക്കുക.

പല്ലാഹാരം

കാല്‍സ്യം, ഫോസ്ഫറസ്, ഫ്ളോറൈഡ് എന്നീ ഘടകങ്ങളടങ്ങുന്ന ആഹാരമാണ് പല്ലിന്റെ ആരോഗ്യത്തിനു വേണ്ടത്. പാല്‍, പച്ചക്കറി, ധാന്യങ്ങള്‍ തുടങ്ങിയവ ആഹാരത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തണം. മധുരം കൂടുതലായി അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും ഒഴിവാക്കുക.

കടപ്പാട്: ഡോ.തോമസ് നെച്ചുപ്പാടം

മൗത്ത് വാഷിന്റെ ഉപയോഗം വായിലെ അര്‍ബുദത്തിന് കാരണമായേക്കാമെന്ന് പഠനറിപ്പോര്‍ട്ട്; അമിത ദന്തസംരക്ഷണം വിനയായേക്കാം

ദന്തസംരക്ഷണത്തിന് വളരെ പ്രാധാന്യം കൊടുക്കുന്നവരാണ് നമ്മള്‍. ദിവസവും രണ്ട് നേരവും പല്ല് വൃത്തിയാക്കുന്നത് നമ്മുടെയൊക്കെ ശീലമാണ്. ടൂത്ത് ബ്രഷ് കൂടാതെ മൗത്ത് വാഷുകളും ഇപ്പോള്‍ സുലഭമായി മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. എന്നാല്‍ മൗത്ത് വാഷുകളുടെ അമിത ഉപയോഗം വായിലെ അര്‍ബുദത്തിന് കാരണമായേക്കാമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നത്. മൗത്ത് വാഷ് കൊണ്ട് വാ കഴുകിയാല്‍ വായ്‌നാറ്റം മാറുമെങ്കിലും പിന്നീടിത് വിനയാകുമെന്ന് ചുരുക്കം.

യൂണിവേഴ്‌സിറ്റ് ഓഫ് ഗ്ലാസ്‌ഗോവ് ദന്തല്‍ സ്‌കൂളിലെ ലക്ച്ചറര്‍ ഡോ. ഡേവിഡ് കോണ്‍വേ ആണ് പഠനത്തിന് നേതൃത്വം നല്കിയത്. ആരോഗ്യമില്ലാത്ത പല്ലുള്ളവരിലും മോണയില്‍ നിന്നും രക്തം വരുന്നവരിലും രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. ദന്തഡോക്ടര്‍മാര് നിര്‍ദ്ദേശിച്ചാല്‍ മാത്രമേ മൗത്ത് വാഷ് ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും ഇവര്‍ അറിയിച്ചു. ഒമ്പത് രാജ്യങ്ങളില്‍ നിന്നായി രണ്ടായിരത്തോളം കാന്‍സര്‍ രോഗികള്‍ക്കിടയിലും രോഗമില്ലാത്തവര്‍ക്കിടയിലുമാണ് പഠനം നടത്തിയത്.

ദന്താരോഗ്യവും സംരക്ഷണ മാര്‍ഗങ്ങളും

പല്ലിന്റെയും മോണകളുടെയും ആരോഗ്യം ഒരാളുടെ പൂര്‍ണആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. പല്ലുകള്‍ക്കുണ്ടാക്കുന്ന ക്ഷയം മറ്റ് ചില അസുഖങ്ങളിലേക്കും വഴിവെക്കും. ദന്തസംരക്ഷണം കൃത്യമായി ചെയ്യുന്നതിന് ഏറെ ചെലവോ സമയമോ ആവശ്യമില്ല. കൃത്യമായ പല്ലുതേപ്പ്, മധുരം കുറയ്ക്കല്‍, ഫ്‌ളോസിങ് തുടങ്ങിയവ ദന്താരോഗ്യം ഉറപ്പുവരുത്തും. പുകവലി ഒഴിവാക്കല്‍, ധാരാളം വെള്ളം കുടിക്കുക, കേട് വരുമ്പോള്‍തന്നെയുള്ള വൈദ്യസഹായം തേടുക ഇവയും പ്രധാനമാണ്.

പല്ലുകളെക്കുറിച്ചുള്ള ചില വസ്തുതകള്‍

പല്ലുകള്‍ ധാതുനിര്‍മിതമാണ്. ഇവയെ സംരക്ഷിക്കുന്ന ഉറച്ച ആവരണമാണ് ഇനാമല്‍. പല്ലിനുമേല്‍ ആവരണം തീര്‍ത്ത ബാക്ടീരിയയാണ് പ്ലേക്ക്. പഞ്ചസാരയുടെ സാന്നിധ്യത്തില്‍ പ്ലേക്ക് ആസിഡ് ഉത്പാദിപ്പിക്കുകയും ഇത് ഇനാമല്‍ നശിക്കാന്‍ ഇടവരുത്തുകയും ചെയ്യും. ഉമിനീര്‍ പല്ലിനെ സംരക്ഷിച്ച് കേടില്‍നിന്ന് രക്ഷിക്കുന്നു. അണുബാധയാണ് പല്ലുകള്‍ക്ക് കേടുവരാനുള്ള കാരണം.

പല്ലുതേക്കുമ്പോള്‍ ചോര വരുന്നത് മോണരോഗത്തിന്റെ ലക്ഷണമാണ്. പുകയില ഉപയോഗം മോണരോഗത്തിന് ഒരു പ്രധാന കാരണമാണ്. മധുരം കഴിച്ച് മൂന്നുമതല്‍ അഞ്ചുമിനിറ്റുകള്‍ക്കുള്ളില്‍ പല്ലുകളുടെ ധാതുക്കള്‍ക്ക് ക്ഷയമുണ്ടാകുന്ന രാസപ്രവര്‍ത്തനമുണ്ടാകും. ഊണിനുശേഷം മധുരമില്ലാത്തത് എന്തെങ്കിലും ചവയ്ക്കുന്നത് നല്ലതാണ്. പ്രമേഹമുള്ളവര്‍ക്ക് മോണരോഗത്തിന് കൂടുതല്‍ സാധ്യതയുണ്ട്. ജനിതകമായി കാരണങ്ങളും മോണദന്തരോഗങ്ങള്‍ പെട്ടെന്ന് പിടിപെടാന്‍ കാരണമാണ്.

നല്ല ഭക്ഷണശീലം

റൊട്ടി, നേന്ത്രപ്പഴം തുടങ്ങി പുളിക്കാവുന്ന അന്നജമടങ്ങിയ ഭക്ഷണങ്ങളും മധുരത്തിന് പുറമെ ദന്താരോഗ്യത്തിന് ഭീഷണിയാണ്. പഞ്ചസാരയും അന്നജവുമടങ്ങിയ ഭക്ഷണം ഇടയ്ക്കിടെ കഴിക്കുന്നത് ഒഴിവാക്കണം. കാരണം ഓരോതവണ ഇവ ചവച്ചുകഴിഞ്ഞാലും പല്ലിലുണ്ടാകുന്ന അമ്ലത ഇല്ലാതാകാന്‍ ഒരു മണിക്കൂറെങ്കിലും കഴിയണം.

പഴസത്തുകളും കോളകളും ഒരുപോലെ ദന്താരോഗ്യത്തിന് ഭീഷണിയാണ്. ആപ്പിള്‍, പീര്‍, കാരറ്റ് തുടങ്ങിയവ തിന്നുമ്പോള്‍ ധാരാളമായി ഉമിനീര്‍ ഉത്പാദിപ്പിക്കും. ഇത് പല്ലുകള്‍ക്ക് ഗുണകരമാണ്.

പല്ലുതേപ്പ്

രണ്ടുമിനിറ്റെങ്കിലും സമയമെടുത്ത് പല്ല് തേയ്ക്കണം. മോണയില്‍ മുകളിലോട്ടും താഴോട്ടുമായും വൃത്തത്തിലും ബ്രഷ് ചലിപ്പിച്ചുവേണം തേയ്ക്കാന്‍. പല്ല് തേപ്പുകഴിഞ്ഞ് 30 മിനിറ്റ് കഴിഞ്ഞ് ഭക്ഷണം കഴിക്കുന്നതാണ് നല്ലത്.

മൂന്നുമാസത്തിലൊരിക്കലെങ്കിലും ബ്രഷ് മാറ്റണം. ബ്രഷ് കൊണ്ട് വൃത്തിയാകാത്ത ഭക്ഷണാവശിഷ്ടങ്ങള്‍ നീക്കാന്‍ ഫ്‌ളോസ് ഉപയോഗിക്കാം.

അനുബന്ധ രോഗങ്ങള്‍

പ്രത്യക്ഷത്തില്‍ നിസ്സാരമാണെന്ന് തോന്നാമെങ്കിലും ദന്തരോഗങ്ങള്‍ മറ്റുചില രോഗങ്ങളിലേക്ക് വഴിതുറക്കുമെന്ന് ഒട്ടേറെ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ന്യൂയോര്‍ക്ക് സര്‍വകലാശാല നടത്തിയ ഒരു പഠനത്തില്‍ മോണരോഗം അല്‍ഷിമേഴ്‌സിന് കാരണമാകുമെന്ന് കണ്ടെത്തി.

അതുപോലെ പാന്‍ക്രിയാറ്റിക് കാന്‍സര്‍, ഹൃദ്രോഗം എന്നിവയുമായുമുള്ള ബന്ധവും പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. ദന്തരോഗത്താല്‍ പല്ല് നഷ്ടപ്പെടുന്നവര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട് കാരണം പോഷകാഹാരപ്രശ്‌നങ്ങളുണ്ടാകുമെന്നതും ശ്രദ്ധിക്കേണ്ടതാണ്.

പല്ലുവെളുത്താല്‍ ആരോഗ്യം ഉറപ്പ്‌

ദൈനംദിന ജീവിതത്തില്‍ ദന്തസംരക്ഷണം ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്ന് ആര്‍ക്കാണ് അറിയാത്തത്. എന്നാല്‍ ജീവിതത്തിലെ തിരക്കുകള്‍ കാരണം പലര്‍ക്കും ഇത് ഫലപ്രദമായി നിര്‍വ്വഹിക്കാനാകുന്നില്ല. പല്ലുകളുടെ ആരോഗ്യത്തിന് രണ്ടുനേരം ബ്രഷ് ചെയ്യണമെന്നൊക്കെ മിക്കവര്‍ക്കും അറിയാം. എന്നാല്‍ ദന്തസംരക്ഷണത്തെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത ചില കാര്യങ്ങളുണ്ട്. ചില പഴങ്ങള്‍ കഴിച്ചാല്‍ അത് പല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. പാല്‍ ഉള്‍പ്പടെയുള്ള ഡയറി ഉല്‍പന്നങ്ങള്‍ നിത്യേനയുള്ള ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തിയാല്‍ കാവിറ്റി കുറയ്‌ക്കുന്നത് ഉള്‍പ്പടെ പല്ലിന് ആരോഗ്യകരമായ ചില ഗുണങ്ങള്‍ ലഭിക്കും. ദിവസവും ധാരാളം വെള്ളം കുടിക്കുക, ഇടയ്‌ക്കിടെ ദന്തിസ്റ്റിനെ കണ്ടുള്ള പരിശോധന എന്നിവയൊക്കെ ദന്തസംരക്ഷണത്തില്‍ പ്രധാനമാണ്.

 

പല്ല് വൃത്തിയാക്കിയില്ലെങ്കില്‍ ഹൃദയത്തെ ബാധിക്കും

 

വായിലുണ്ടാകുന്ന അണുബാധ പെട്ടെന്ന് പ്രതികൂലമായി ബാധിക്കുക ഹൃദയത്തെയായിരിക്കുംപല്ലും ഹൃദയവും തമ്മില്‍ ബന്ധമുണ്ടോ? ഉണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. നല്ലവണ്ണം പല്ല് വൃത്തിയാക്കിയില്ലെങ്കില്‍ പ്രശ്‌നം ഗുരുതരമാകുമെന്നാണ് മുന്നറിയിപ്പ്.

ദന്തസംരക്ഷണം ഉറപ്പാക്കിയില്ലെങ്കില്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ കൂടുമെന്നാണ് പഠനം. വായിലുണ്ടാകുന്ന അണുബാധ പെട്ടെന്ന് പ്രതികൂലമായി ബാധിക്കുക ഹൃദയത്തെയായിരിക്കുമെന്നും ഫോര്‍സിത്ത് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഗവേഷകര്‍ പറയുന്നു. ഹാര്‍വാഡ് സ്‌കൂള്‍ ഓഫ് ഡെന്റല്‍ മെഡിസിനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഫോര്‍സിത്ത് ഇന്‍സ്റ്റിറ്റിയൂട്ട്.

ദന്തങ്ങള്‍ വൃത്തിയായി സൂക്ഷിച്ച് അണുബാധ ഒഴിവാക്കിയാല്‍ ഭാവിയിലെ ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഇല്ലാതാക്കാനാകുമെന്ന് ഫോര്‍സിത്ത് ഇന്‍സ്റ്റിറ്റിയൂട്ടിലെ എഴുത്തുകാരനും ഗവേഷകനുമായ തോമസ് വാന്‍ ഡിക് പറഞ്ഞു. വിവിധ ആരോഗ്യകേന്ദ്രങ്ങളില്‍ നടത്തിയ പഠനത്തിന്റെയും വിലയിരുത്തലിന്റെയും വെളിച്ചത്തിലാണ് ഗവേഷകര്‍ വായിലുണ്ടാകുന്ന അണുബാധ ഹൃദയത്തെയും ബാധിക്കുമെന്ന നിഗമനത്തിലെത്തിയത്. ഇത്തരം അസുഖങ്ങളുമായെത്തിയ മുതിര്‍ന്നവരെയും യുവാക്കളെയും നിരീക്ഷിച്ചായിരുന്നു പഠനം.

ആറാം വയസിലെ അണപ്പല്ല് പറിച്ചുകളയരുത്

പൊതുവേ മിഠായിക്കൊതിയൻമാർ, എല്ലാ പല്ലുകളും പുഴുക്കേടും. എന്നാൽ ആറാം വയസിൽ പല്ലുവേദനയുമായി വരുന്ന കുട്ടികളുടെ അണപ്പല്ല് പറിക്കും മുൻപ് ഒന്നോർക്കണം. ഇത്, പാൽപ്പല്ലല്ല. ജീവിതകാലം മുഴുവൻ വേണ്ട പല്ലാണെന്ന് ഇതു പറിച്ചുകളയാൻ നിർബന്ധം പിടിക്കുന്ന രക്ഷിതാക്കൾ മനസിലാക്കണം. ആറാം വയസാണ് ഒരു കുട്ടിയുടെ പല്ലിന്റെ വളർച്ചയുടെ നാഴികക്കല്ല്. ഈ സമയത്താണ് പാൽ പല്ലുകൾ പറിഞ്ഞു തുടങ്ങുന്നതും പുതിയ പല്ലുകൾ വന്നു തുടങ്ങുന്നതും.

ഈ സമയത്താണ് മുഖരൂപത്തെ തന്നെ ബാധിക്കപ്പെടുന്ന ഈ അണപ്പല്ലുകളും മുളയ്ക്കുന്നത്. മറ്റു പല്ലുകൾക്കൊപ്പം തന്നെ ഈ പല്ലും കേടുവരാൻ സാധ്യതയുണ്ട് . പക്ഷേ, ഇത് പറിച്ചു കളഞ്ഞാൽ പുതിയ പല്ലു വരില്ലെന്നു മാത്രമല്ല ധാരാളം ആരോഗ്യപ്രശ്നങ്ങളും ഭാവിയിൽ ഉണ്ടാകും.

ഈ പല്ലുകൾ ഇല്ലെങ്കിൽ നല്ലവണ്ണം ഭക്ഷണം കഴിക്കാൻ പോലും ഭാവിയിൽ തടസമുണ്ടാകും. കവിളുകളുടെ തുടിപ്പിനെയും മേൽതാടിയുടെയും കീഴ്താടിയുടെയും സ്ഥാനനിർണയത്തേയും ബാധിക്കും. മാത്രമല്ല മേൽഭാഗത്തെയും കീഴ്ഭാഗത്തെയും മറ്റു പല്ലുകളുടെ സ്ഥാനമാറ്റങ്ങൾ പ്രകടമാകുകയും ക്രമം തെറ്റിയ പല്ലുകൾ വരാനും സാധ്യതയുണ്ട്. ഒരു വശത്തെ അണപ്പല്ല് ഇല്ലെങ്കിൽ മറുവശം കൊണ്ട് മാത്രം ചവയ്ക്കുന്നത് മൂലം ഭാവിയിൽ തലയോടുകളോടു ചേർന്ന പേശികളുടെ വേദനയ്ക്കു സാധ്യതയുണ്ട്. ഇത് ഭാവിയിൽ മറ്റു രോഗങ്ങൾക്ക് വഴി വയ്ക്കും.

ആറു വയസിലെ പല്ല് വേദന ചില്ലറയായി കാണരുത്. ഉടൻ തന്നെ ദന്ത ഡോക്ടറെ കണ്ട് കൃത്യമായ ഉപദേശം തേടുകയും. ഈ പല്ലിന്റെ തകരാർ തീർക്കുകയും ഒപ്പം തന്നെ ഫ്ലൂറൈഡ് ഉള്ള ടൂത്ത് പോസ്റ്റ് തേച്ച് രണ്ടു നേരം കുട്ടികളെ പല്ലുതേയ്പ്പിക്കുകയും ചെയ്യണം

ഡോ. നൗഷാദ് പള്ളിയാൽ ചീഫ് ഡെന്റൽ സർജൻ, പള്ളിയാൽ ഡെന്റൽ ക്ലിനിക്, കൽപറ്റ

മധുരത്തിൽ അലിഞ്ഞാൽ രോഗങ്ങളും കൂടെപ്പോരും

മധുര പലഹാരങ്ങളോട് അമിതമായ ആസക്തി തോന്നുന്നുണ്ടെങ്കിൽ തീരുമാനിക്കാം നിങ്ങൾ ഒരു മധുരപ്രിയൻ തന്നെയെന്ന്. അതോടൊപ്പം ഒരുപിടി രോഗങ്ങളെയും സൂക്ഷിക്കാം. മധുരപ്രിയരുടെ കൂടെപ്പിറപ്പാണ് തലവേദനയെന്ന് ഗവേഷകർ.

തലവേദന മാത്രമല്ല പല്ലുവേദനയും സ്ഥിരമായി ഇവരെ അലട്ടുന്ന രോഗങ്ങളുടെ പട്ടികയിലുണ്ട്. മധുര പ്രിയർ എത്ര നന്നായി ബ്രഷ് ചെയ്താലും രക്ഷയില്ല. പല്ലിൽ പോടുകൾ ഉണ്ടായിക്കൊണ്ടേയിരിക്കും ഒപ്പം കടുത്ത പല്ലുവേദനയും. ഇതൊഴിവാക്കാൻ ഓരോ തവണയും മധുരം കഴിച്ച ശേഷം ബ്രഷ് ചെയ്യാം.

വരണ്ടതും ചുളുങ്ങിയതുമായ ചർമ്മമാണ് ഇവർ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം. മുഖക്കുരുവും സഥിരമായി ഇവരെ ശല്യപ്പെ‌ടുത്തും. ധാരാളം വെള്ളം കുടിച്ചാൽ ഒരു പരിധിവരെ ഈ രണ്ടു പ്രശ്നങ്ങളും ഒഴിവാക്കാൻ സാധിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു.

ഇനിമുതൽ ഉപ്പു തിന്നുന്നവർ മാത്രമല്ല മധുരം തിന്നുന്നവരും വെള്ളം കുടിക്കും

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate