പല്ലുകൾക്കിടയിലോ മോണക്കിടയിലോ പഴുപ്പ് അടിഞ്ഞുകൂടുന്നതിനെ ദന്തൽ ആബ് സസ് എന്നു വിളിക്കുന്നു. ദന്തക്ഷയത്തോടനുബന്ധിച്ചാണ് ഇത് സാധാരണ കണ്ടുവരുന്നത്. കടുത്ത പല്ലുവേദനയോടുകൂടി ആയിരിക്കും പലരും ദന്തിസ്റ്റിനെ സമീപിക്കുക. പല്ലിന്റെ മുകളിലെ മോണയിൽ കുമിളപോലെ വന്നു പൊട്ടി ഇടയ്ക്കിടെ വേദന വരുന്നതും കാണാറുണ്ട്. സ്വയം മരുന്നുവാങ്ങി കഴിക്കുകയാണ് പലരും ചെയ്യുന്നത്. അവസാനം പല്ല് എടുത്തുകളയേണ്ട സ്ഥിതിവരുന്നു. പ്രധാനമായും നാലു തരത്തിലുള്ള ആബ്സസാണുള്ളത്.
1. പെരി എപ്പിക്കൽ ആബ്സസ്
പല്ലിലെ ദന്തക്ഷയം വളർന്ന് പല്ലുകൾക്കുള്ളിലെ ഞരന്പുകളും രക്തക്കുഴലുകളും അടങ്ങുന്ന പൾപ്പ് എന്ന ഭാഗത്തിന് ഉണ്ടാകുന്ന പഴുപ്പ് വേരിന്റെ അടിയിൽ എത്തി ആബ്സസായി മാറുന്നു. വേരുമായി ബന്ധപ്പെട്ട് മോണയുടെ ഭാഗത്ത് ഇത് നീരായി വരുന്നു. ഇതോടൊപ്പം പഴുപ്പ് പൊട്ടി പുറത്തേക്ക് വരികയും വേദനയുണ്ടാകുകയും ചെയ്യുന്നു.
ചികിത്സ: പല്ലിന്റെ ഉള്ളിലെ പഴുപ്പ് നീക്കംചെയ്യുന്ന ചികിത്സയാണ് റൂട്ട് കനാൽ ചികിത്സ. ഇതു ചെയ്ത് കടാപ്പ് ഇട്ട് പല്ലിനെ സംരക്ഷിക്കാവുന്നതാണ്. ഈ ചികിത്സയ്ക്കുശേഷം വായ വൃത്തിയായി സൂക്ഷിക്കണം. ബ്രഷിംഗ്, ഫ്ളോസിംഗ് തുടങ്ങിയവ ശീലമാക്കുക. ഡോക്ടർ പറയുന്ന ഇടവേളയിൽ പരിശോധന നടത്തുക. എക്സ്റേയുടെ സഹായത്തോടെ അണുബാധ കുറഞ്ഞോ എന്ന് ഡോക്ടർ ഉറപ്പുവരുത്തുന്നു.
2. ജിഞ്ചൈവൻ ആബസസ്
ഇതിന്റെ തുടക്കം മോണപഴുപ്പിൽനിന്നാണ്. ശക്തമായ ബ്രഷിംഗ്, ടൂത്ത് പിക് കൊണ്ടുള്ള മുറിവുകൾ, ഭക്ഷണപദാർഥം മോണയ്ക്കുള്ളിൽ തങ്ങിനിൽക്കുക എന്നിവ വഴി ബാക്ടീരിയ മോണയ്ക്കുള്ളിൽ കയറുകയും ഇൻഫെക്്ഷൻ ഉണ്ടാകുകയും പിന്നീട് ആബ്സസായി മാറുകയും ചെയ്യും. ഇത് മോണയിൽ മാത്രമായി കാണുന്നു. പല്ലിനെയും പല്ലുമായി ബന്ധപ്പെട്ട ലിഗമെന്റിനെയും ഇത് ബാധിക്കുന്നില്ല.
ചികിത്സ: സാധാരണയായി മുഴുവൻ പല്ലുകളും ക്ലീൻ ചെയ്യുന്നതോടുകൂടി രോഗം സുഖമാകും. ചികിത്സയുടെ പൂർണമായ വിജയത്തിന് കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കണം. ആറുമാസം കൂടുന്പോൾ ചെക്കപ്പ്, ബ്രഷിംഗ്, ഫ്ളോസിംഗ് നിർബന്ധമായി ചെയ്തിരിക്കണം. പുകവലി ഒഴിവാക്കണം.
3. പെരിയോഡോണ്ഡൽ ആബ്സസ്
പല്ലിന്റെ ചുറ്റും ഉണ്ടാകുന്ന കറുത്ത നിറത്തിലുള്ള കക്കയിൽ ബാക്ടീരിയ അടങ്ങിയിരിക്കുന്നു. ഇവ മോണയ്ക്കുള്ളിലേക്ക് ഇറങ്ങി വീക്കവും പഴുപ്പും ഉണ്ടാകുന്നു. ക്രമേണ പല്ലിന്റെ അടിത്തറയായ എല്ലിനെയും ലിഗമെന്റിനെയും ഇത് ബാധിക്കുന്നു.
പല്ലിൽ തൊടുന്പോൾ ഇളക്കം അനുഭവപ്പെടും. പല്ലിന്റെയും മോണക്കിടയിലും ഭക്ഷണം കയറുകയും രോഗബാധ ഉണ്ടാകുകയും ചെയ്യുന്നു.
ചികിത്സ: പെരിയോഡോണ്ഡൽ ഫ്ലാപ്പ് സർജറിയാണ് ഇതിന്റെ ചികിത്സ. മോണയും പല്ലുമായി കൂടുന്ന സ്ഥലത്തെ അഴുക്കുകളും കട്ടിയായി പിടിച്ചിരിക്കുന്ന കാൽക്കുലസും ക്ലീൻ ചെയ്യുന്നത് മരവിപ്പിച്ചതിനുശേഷമാണ് ഈ ചികിത്സ തുടങ്ങുന്നത്. വേര് തുടങ്ങുന്ന ഭാഗത്ത് ചെത്തലും അഴുക്കും പിടിക്കാനുള്ള സാധ്യതയുണ്ട്. ഈ സാധ്യത പൂർണമായും ഇല്ലാതാക്കാൻ ഈ ചികിത്സ വഴി സാധിക്കുന്നു. എന്നാൽ ഈ ചികിത്സയ്ക്കുശേഷമുള്ള ദന്തപരിചരണം വളരെ പ്രാധാന്യമുള്ളതാണ്. അതിനുശേഷം വായ ശുചിയായി സൂക്ഷിച്ചാൽ മാത്രമേ പൂർണമായും പ്രയോജനം ലഭിക്കുകയുള്ളൂ.
4. പെരികൊറോണൽ ആബ്സസ്
ഭാഗികമായി മുളച്ച പല്ലിന്റെ ചുറ്റുമുള്ള മോണയിൽ വരുന്ന വീക്കം പിന്നീട് ആബ്സസായി മാറുന്നു. ഭാഗികമായി മുളച്ചുനിൽക്കുന്ന പല്ലുകളിലും താഴത്തെ നിരയിലെ എല്ലിൽ കുടുങ്ങിക്കിടക്കുന്ന പല്ലുകളിലുമാണ് ഇതു കാണുന്നത്.
ചികിത്സ: ഭാഗികമായി മുളച്ചുനിൽക്കുന്ന പല്ലിനു ചുറ്റും കാണപ്പെടുന്ന ദശ നീക്കംചെയ്യുകയാണ് ഇതിന്റെ ചികിത്സ.
നിങ്ങൾ പല്ലുവേദനയുമായി ദന്തിസ്റ്റിനെ സമീപിക്കുന്പോൾ നിങ്ങളുടെ വായും പല്ലും മോണയും പരിശോധിച്ചശേഷം ഏതു പല്ലിനാണ് പ്രശ്നമെന്ന് കണ്ടുപിടിക്കുന്നു. പല്ലിൽ തട്ടുന്പോൾ നിങ്ങൾക്ക് വേദന അനുഭവപ്പെടാം. നിങ്ങളുടെ മോണയിൽ വീക്കം ഉണ്ടാകുകയും പഴുപ്പും ചോരയും വരുന്നതും കാണപ്പെടാം. വേണമെങ്കിൽ ഒരു എക്സ്റേയുടെ സഹായത്തോടെ ഏതു പല്ലിനാണ് പ്രശ്നം എന്നു സ്ഥിരീകരിക്കുന്നു.
ചികിത്സകൾ
ചികിത്സയുടെ ഉദ്ദേശ്യം അണുബാധ നിയന്ത്രിച്ച് പല്ലിനെ സംരക്ഷിക്കാനും അനന്തരഫലങ്ങൾ തടയാനുമാണ്.
അണുബാധ തടയാനായി ആന്റിബയോട്ടിക്സും വേദനയ്ക്ക് വേദനസംഹാരിയും നൽകുന്നു.കടുത്ത അണുബാധയാണെങ്കിൽ സർജറിയിലൂടെ ആബ്സസ് നീക്കംചെയ്യുന്നു.
അവഗണിക്കരുത് മുഖത്തെ നീർക്കെട്ട്
പല്ലിന്റെ പലതരത്തിലുള്ള പഴുപ്പുകൾ കാരണം നീരുവയ്ക്കുന്നത് വളരെ സാധാരണമായി കാണുന്ന അവസ്ഥയാണ്. മുകളിൽ പറഞ്ഞവയിൽ ഏതെങ്കിലുമാകാം നീർക്കെട്ടിന്റെയും പഴുപ്പിന്റെയും കാരണം. ഇതല്ലാതെയും മുഖത്തിന് നീർക്കെട്ട് കാണാറുണ്ട്. പല്ലിന്റെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അല്ല, അതിനു കാരണം എന്ന് പരിശോധന നടത്തി ഉറപ്പിച്ചതിനുശേഷം ജനറൽ ഡോക്ടറെ കണ്ടു മറ്റു പ്രശ്നങ്ങൾ എന്തെങ്കിലുമാണ് എന്നു കണ്ടാൽ അതു പരിഹരിക്കുക. ഏതു കാരണത്താലാണെങ്കിലും ഇത്തരത്തിൽ ഉണ്ടാകുന്ന നീർക്കെട്ട് അവഗണിക്കാൻ പാടില്ല.
ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല.)
മുളമൂട്ടിൽ ദന്തൽ ക്ലിനിക്,
പോലീസ് ക്വാർട്ടേഴ്സ് റോഡ്,
ഡിവൈഎസ്പി ഓഫീസിനു സമീപം,
തിരുവല്ല. ഫോണ് 9447219903
drvinod@dentalmulamoottil.com
www.dentalmulamoottil.com
കടപ്പാട് :ദീപിക
അവസാനം പരിഷ്കരിച്ചത് : 6/7/2020