കുട്ടിക്കാലം മുതല്‍ ദന്തസംരക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികളില്‍ ദന്തരോഗങ്ങള്‍ സാധാരണമാണ്. എന്നാല്‍ അല്‍പമൊന്ന് ശ്രദ്ധവച്ചാല്‍
അവ ഒഴിവാക്കാവുന്നതാണ്
കുട്ടികളുടെ പല്ല് ആരോഗ്യത്തോടെയിരിക്കാന്‍ ഗര്‍ഭിണി ആയിരിക്കുമ്പോള്‍ മുതല്‍ അമ്മമാര്‍ വേണം ശ്രദ്ധിക്കാന്‍. ശിശു ജനിക്കുന്നതിനുമുമ്പ് കുഞ്ഞിന്റെ പല്ലുകള്‍ സുന്ദരമായിരിക്കാനായി അമ്മമാര്‍ പോഷകാഹാരങ്ങള്‍ കഴിക്കണം.
ചില മാതാപതാക്കള്‍ കുട്ടികള്‍ക്കുണ്ടാകുന്ന ദന്തരോഗങ്ങള്‍ ഗൗരവമായി കാണാറില്ല. എന്നാല്‍ കുട്ടികള്‍ക്കുണ്ടാകുന്ന ദന്തരോഗങ്ങള്‍ക്ക് അടിയന്തിര ചികിത്സയും പരിചരണവും ആവശ്യമാണ്.
കുട്ടികള്‍ക്കുണ്ടാകുന്ന ഒരു പ്രധാന ആരോഗ്യപ്രശ്‌നമാണ് ദന്തക്ഷയം. പല്ല് ദ്രവിച്ചുപോവുകയാണിവിടെ സംഭവിക്കുന്നത്. മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളിലാണ് ഈ രോഗം കൂടുതലായും കണ്ടുവരുന്നത്.
ഈ രോഗമുള്ള കുട്ടികളുടെ ശരീരം മെലിയുന്നതായി കാണുന്നു. എന്നാല്‍ ആരംഭത്തിലെ ചികിത്സ ലഭ്യമാക്കിയാല്‍ പല്ല് കേടാകാതെ സൂക്ഷിക്കാവുന്നതാണ്. ദന്തക്ഷയം പല തരത്തിലുണ്ട്.
പാല്‍പല്ലുകളില്‍ കണ്ടുവരുന്ന ദന്തക്ഷയമാണ് നേഴ്‌സിംഗ് ദന്തക്ഷയം. എന്നാല്‍ പാല്‍പല്ലുകള്‍ പൊഴിഞ്ഞുപോകേണ്ടവയാണ് എന്ന ധാരണയില്‍ അവയ്ക്കുണ്ടാകുന്ന കേടുപാടുകള്‍ ആരും ശ്രദ്ധിക്കാറില്ല. പാല്‍പല്ലുകള്‍ക്ക് ഏറെ ശ്രദ്ധ ആവശ്യമാണ്.
ഉറക്കത്തില്‍ ഉമിനീര്‍ ഉത്പാദിപ്പിക്കുന്നതിന്റെ അളവ് വളരെ കുറവായതിനാല്‍ രാത്രിയില്‍ കുഞ്ഞ് കുടിക്കുന്ന പാനീയങ്ങളും പാലും പാല്‍പല്ലില്‍ പറ്റിപ്പിടിച്ചിരിക്കും. ഇവയെ വായിലുള്ള രോഗാണുക്കള്‍ കടന്നാക്രമിക്കുന്നു.
എന്നാല്‍ അവ പ്രത്യേകിച്ച് പ്രശ്‌നങ്ങളൊന്നും സൃഷ്ടിക്കാറില്ല. അവയില്‍ ഉള്‍പ്പെടുന്ന സ്‌ട്രെപ്‌റ്റോകോക്കസ് മ്യൂട്ടന്‍സ് എന്ന ബാക്ടീരിയ പല്ലിനു ചുറ്റും ഒട്ടിപ്പിടിച്ചിരിക്കുന്ന മധുര പാനീയങ്ങളുടെയും പാലിന്റെയും അവശിഷ്ടവുമായി പ്രതിപ്രവര്‍ത്തിച്ച് ആസിഡുകള്‍ ഉണ്ടാകുന്നു.
ഈ ആസിഡാണ് പല്ലുകളെ ദ്രവിപ്പിക്കുന്നത്. മുകളിലത്തെ മുന്‍വരി പല്ലുകളിലാണ് സാധാരണ ഈ രോഗം കാണുന്നത്.
പല്ല് ദ്രവിക്കാന്‍ തുടങ്ങുന്നതും ഇവിടെത്തന്നെയാണ്. പിന്നീട് പല്ലിന് ചുറ്റുമായി ഇത് വ്യാപിക്കുകയും പല്ലുകള്‍ പൊടിഞ്ഞുപോകുകയും ചെയ്യുന്നു.
കുട്ടികള്‍ക്ക് ആഹാരം കൊടുക്കുമ്പോഴും പല്ലുകള്‍ വൃത്തിയാക്കുമ്പോഴും ഈ രോഗമുള്ളവര്‍ക്ക് വേദന ഉണ്ടാകും.
ചില കുട്ടികളുടെ പല്ല് തവിട്ടു നിറത്തില്‍ കാണപ്പെടും. കുറച്ച് ദിവസം കഴിയുമ്പോള്‍ ഈ പല്ലില്‍ പഴുപ്പും വേദനയും നീരും അനുഭവപ്പെടും. പാല്‍കുപ്പി കൂടുതല്‍ നേരം വായില്‍വച്ച് ഉറങ്ങുന്നതുമൂലമാണ് ഈ പ്രശ്‌നമുണ്ടാകുന്നത്.
ഇതിനെ നഴ്‌സിംഗ് ബോട്ടില്‍ സിന്‍ഡ്രോം എന്നാണ് പറയുന്നു. പാല്‍കുപ്പി വളരെക്കാലം ഉപയോഗിക്കുന്ന കുട്ടികള്‍ക്ക് ഈ രോഗം കാണാറുണ്ട്.
പല്ലിന് നിറവ്യത്യാസം, പുളിപ്പ് എന്നിവയാണ് ദന്തക്ഷയത്തിന്റെ ആദ്യലക്ഷണങ്ങള്‍. പല്ലില്‍ ദ്വാരമോ വിടവോ ഉണ്ടാകുന്നതുവരെ ഇതാരും ശ്രദ്ധിക്കാറില്ല.
പല്ലിന്റെ ക്ഷയം പള്‍പ്പിനെ ബാധിക്കുന്ന അവസ്ഥയില്‍ എത്തുമ്പോഴാണ് കുട്ടികള്‍ക്ക് വേദന, നീര്, പഴുപ്പ് എന്നിവ ഉണ്ടാകുന്നത്. റൂട്ട്കനാല്‍ ചികിത്സയാണ് ഈ രോഗത്തിനുള്ള ചികിത്സ.
മോണയില്‍ രോഗബാധ ഉണ്ടാകുന്നതിന്റെ ഫലമായി മോണ ചുവന്നു തടിക്കുകയും അമര്‍ത്തുമ്പോള്‍ രക്തസ്രാവം ഉണ്ടാവുകയും ചെയ്യുന്നതാണ് ജിന്‍ജിവൈറ്റിസിന്റെ ലക്ഷണം.
കുട്ടികളില്‍ പാല്‍പല്ലുകള്‍ മുളച്ചുവരുന്ന സമയത്ത് മോണയ്ക്ക് ചുവന്ന നിറത്തിലുള്ള തടിപ്പുകള്‍ ഉണ്ടാകാറുണ്ട്. ഇതിനോട് ചേര്‍ന്ന് മോണയ്ക്ക് വേദന, ഉമിനീര്‍സ്രവം എന്നിവയും കണ്ടുവരുന്നു.
ഇതിനെ ടീത്തിംഗ് സിക്‌നെസ് എന്നാണറിയപ്പെടുന്നത്. പല്ല് മുളച്ചുകഴിയുമ്പോള്‍ ഈ പ്രശ്‌നം ഒരു പരിധിവരെ പരിഹരിക്കപ്പെടുന്നതായി കാണാറുണ്ട്.
ചില കുട്ടികളില്‍ ആദ്യത്തെ സ്ഥിരമായ അണപ്പല്ലുകള്‍ മുളച്ചുവരുന്ന പ്രായമായ 6 - 7 വയസിനിടയില്‍ പല്ലിനോട് ചേരുന്ന മോണയ്ക്ക് ചുവന്ന തടിപ്പും പഴുപ്പും നീരും വരാറുണ്ട്. ഇതിനെയാണ് പെരികൊറോണൈറ്റിസ് എന്നറിയപ്പെടുന്നത്.
വായ വൃത്തിയാക്കുന്നതില്‍ കുട്ടികള്‍ കാണിക്കുന്ന അശ്രദ്ധകൊണ്ടുണ്ടാകുന്ന ഡെന്റല്‍ പ്ലാക് ആണ് ജിന്‍ജിവൈറ്റിസ് ഉണ്ടാക്കുന്നത്. ബാക്ടീരിയകളാണ് ഈ രാസവസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നത്.
ഇതു മൂലമാണ് മോണയ്ക്ക് ചുവപ്പും തടിപ്പും ഉണ്ടാകുന്നത്. ചിലപ്പോള്‍ രക്തസ്രാവവും ഉണ്ടാകാറുണ്ട്. ആഹാരത്തിനുശേഷം നന്നായി ബ്രഷ് ചെയ്താല്‍ ഈ പ്രശ്‌നം ഒഴിവാക്കാവുന്നതാണ്.
വായില്‍കൂടി ശ്വസിക്കുന്ന ശീലമുള്ള കുട്ടികള്‍ക്ക് ചുണ്ടുകള്‍ രണ്ടുംകൂടി കൂട്ടിയടയ്ക്കാന്‍ കഴിയാതെ വരുന്നതിനാല്‍ മുകളിലത്തെ മുന്‍വരി പല്ലുകളുടെ മോണ ഉണങ്ങിപ്പോകുന്നതായി കാണാറുണ്ട്. ഇത് അണുബാധ ഉണ്ടാകാനുള്ള പ്രധാന കാരണമാണ്
കൗമാര പ്രായക്കാര്‍ക്കുണ്ടാകുന്ന ഒരു മോണരോഗമാണിത്. ഇത് പെട്ടെന്ന് പടര്‍ന്ന് പിടിച്ച് മോണയ്ക്ക് നാശമുണ്ടാകുന്നു. ആരംഭത്തില്‍ രോഗലക്ഷണങ്ങള്‍ ഒന്നും കാണപ്പെടുന്നില്ലെങ്കിലും പല്ലിന് ഇളക്കം തട്ടുമ്പോഴാണ് ഈ പ്രശ്‌നം കണ്ടെത്തുന്നത്.
യൗവനാരംഭത്തിലേ ഈ പ്രശ്‌നമുള്ളവരുടെ സ്ഥിരം പല്ലുകള്‍ നഷ്ടമാകുന്നതായി കാണാറുണ്ട്. ഇതൊരു പാരമ്പര്യ രോഗംകൂടിയാണ്.
ചില പ്രത്യേകതരം ബാക്ടീരിയകളുടെ അണുബാധ മൂലമുണ്ടാകുന്ന രോഗമാണിത്. വായില്‍നിന്നു ദുര്‍ഗന്ധം, ചുവന്നു തുടുത്ത മോണ, രക്തസ്രാവം, പല്ലുകള്‍ക്കിടയിലെ മോണഭാഗത്ത് വൃണങ്ങള്‍ മുതലായവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍.
ഈ രോഗമുള്ള കുട്ടികളുടെ ഉമിനീരിന് ലോഹരുചി അനുഭവപ്പെടാറുണ്ട്. വായ്‌നാറ്റവും ഈ രോഗികള്‍ക്കുണ്ടാകാറുണ്ട്. തക്ക സമയത്തുതന്നെ വിദഗ്ദ്ധ ചികിത്‌സ നേടിയാല്‍ പത്ത് ദിവസത്തിനകം ഈ രോഗം പൂര്‍ണമായി ഭേദമാകുന്നത് കാണാറുണ്ട്.
മൂന്ന് വയസിന് താഴെയുള്ള കുട്ടികളില്‍ കണ്ടുവരുന്ന വൈറസ് രോഗമാണിത്. താടിക്ക് അടിഭാഗത്തായി വേദനയിലാണ് തുടക്കമെങ്കിലും തുടര്‍ന്ന് മോണ ചുവന്ന് തടിക്കുന്നതായി കാണുന്നു.
വായില്‍ നീറ്റലും വേദനയും ഉണ്ടാകുന്നു. ഈ കുട്ടികള്‍ക്ക് അസുഖം ഉണ്ടായതിനുശേഷം ഇതിനു കാരണമായ ഹെര്‍പിസ് ഡിംപ്ലക്‌സ് വൈറസ് നാഡികള്‍വഴി ഗ്ലാംഗ്ലിയോണില്‍ കടക്കുന്നു.
ഇത് പ്രവര്‍ത്തിക്കുന്നതുമൂലം ശരീരത്തിന്റെ പ്രതിരോധശക്തി കുറയുന്നു. ഈ വൈറസിന്റെ പ്രവര്‍ത്തനഫലമായി വായിലും ചുണ്ടിന്റെ പുറത്തും വ്രണങ്ങള്‍ ഉണ്ടാകുന്നു.
കൗമാരപ്രായത്തില്‍ ചില ഹോര്‍മോണുകളുടെ പ്രവര്‍ത്തനംമൂലം മോണയ്ക്ക് വളര്‍ച്ചയും തടിപ്പും ഉണ്ടാകാറുണ്ട്. ഡയലാന്റില്‍ പോലുള്ള അപസ്മാരരോഗത്തിനുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നവരിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്.
മോണ വളര്‍ന്ന് പല്ല് പുറത്തുകാണാത്ത രീതിയില്‍ മോണ മൂടിപ്പോകാറുണ്ട്. ഈ പ്രശ്‌നമുള്ള കുട്ടികള്‍ക്ക് ക്ലീനിംഗ് ചികിത്‌സയ്ക്കുശേഷം ജിന്‍ജിവോപ്ലാസ്റ്റി എന്ന ശസ്ത്രക്രിയയിലൂടെ മോണയുടെ വളര്‍ച്ച മാറ്റാവുന്നതാണ്.
ദന്തരോഗങ്ങളെക്കാള്‍ കുട്ടികളില്‍ കാണപ്പെടുന്ന പ്രധാന ദന്തപ്രശ്‌നങ്ങള്‍ ദന്തവൈകൃതങ്ങളാണ്. പല്ലുകള്‍ തമ്മിലുള്ള അനുപാതം തെറ്റാനും പല്ലുകളുടെ നിരതെറ്റുന്നതിനും ഇടയാകാറുണ്ട്.
പാല്‍പല്ലുകള്‍ യഥാസമയത്ത് കൊഴിഞ്ഞുപോകാതിരുന്നാലും അവ നേരത്തെ പിഴുതുകളഞ്ഞാലും സ്ഥിരം പല്ലുകള്‍ നിരതെറ്റി വളരാറുണ്ട്. നഖം കടിക്കുന്നത് ശീലമാക്കുക, നാക്ക്‌കൊണ്ട് പല്ല് നിരന്തരമായി തള്ളുക, വായില്‍കൂടി ശ്വസിക്കുക എന്നിവയും പല്ലുകള്‍ ഉന്തിവരുന്നതിനും വിടവുകള്‍ ഉണ്ടാകുന്നതിനും ഇടവരുത്തുന്നു.
താടിയെല്ലുകള്‍ തമ്മില്‍ ചേരാതിരുന്നാലും മോണകള്‍ യോജിക്കാതെ വരാറുണ്ട്. അങ്ങനെ വന്നാലും പല്ലുകളുടെ സ്ഥാനം തെറ്റും. ഇതിനെയാണ് ദന്തവൈകൃതം എന്നു പറയുന്നത്.
പല്ലുകള്‍ക്ക് തേയ്മാനം സംഭവിക്കുക, വളവുകള്‍ ഉണ്ടാകുക, പല്ലിന്റെ ക്രമീകരണത്തില്‍ തെറ്റുണ്ടാകുക എന്നിവയാണെങ്കിലും ദന്തവൈകൃതങ്ങള്‍ ഉണ്ടാകുന്നു.
താടിയെല്ലുകള്‍ വളരുന്ന പ്രായം 6 വയസ് മുതല്‍ 10 വയസുവരെയാണ്. ദന്തവളര്‍ച്ചയിലെ വൈകൃതങ്ങള്‍ ശരിയാക്കാന്‍ ഏറ്റവും യോജിച്ച സമയവും ഈ പ്രായംതന്നെയാണ്.
പല്ലിന് കേടുണ്ടാകുമ്പോള്‍ മാത്രം ശ്രദ്ധിച്ചിട്ട് കാര്യമില്ല. കുഞ്ഞോമനയുടെ കുഞ്ഞിരി പല്ലുകള്‍ വൃത്തിയോടെ സൂക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ടത് മാതാപിതാക്കളാണ്. തിരക്കേറിയ ജീവിതത്തിനിടയില്‍ നമ്മുടെ അമൂല്യസ്വത്തായ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ശ്രദ്ധ അല്പം കൂടുതല്‍തന്നെ വേണം.
ഗര്‍ഭാവസ്ഥയില്‍ തുടങ്ങുന്ന ശീലമാണ് കുട്ടികളുടെ പല്ലിന്റെ ആകര്‍ഷണത്വം. മുല്ലമൊട്ടുപോലുള്ള പല്ലുമായി നിങ്ങളുടെ പിഞ്ചോമന പുഞ്ചിരിക്കുമ്പോള്‍ കാണുന്നവരുടെ മനം കുളിര്‍ക്കണമെങ്കില്‍ കുഞ്ഞിന്റെ പല്ലുകള്‍ക്ക് അല്പം ശ്രദ്ധ ഏറെ നല്‍കുക.
കുഞ്ഞുങ്ങളുടെ ദന്താരോഗ്യ സംരക്ഷണത്തില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട വസ്തുത പല്ലും വായ്ക്കകവും വൃത്തിയായി സൂക്ഷിക്കുക, പോഷകസമ്പുഷ്ടമായ ആഹാരം കഴിക്കുക, ദാന്തരോഗങ്ങള്‍ക്ക് തുടക്കത്തിലേ വേണ്ട പ്രതിവിധികള്‍ സ്വീകരിക്കുക എന്നിവയാണ്. പല്ല് നന്നായാല്‍ പകുതി നന്നായി. പക്ഷേ അതിനായി പല്ല് മുളക്കുമ്പോള്‍ തന്നെ ശ്രദ്ധിച്ച് തുടങ്ങണം. പല്ലിന്റെ ശുചിത്വത്തിലെ ശ്രദ്ധ മുലയൂട്ടുന്ന കാലം മുതല്‍ തുടങ്ങണം. വായില്‍ തളം കെട്ടി നില്‍ക്കുന്ന പാലിന്റെ അംശം, കുറുക്കുകളുടെ അവശിഷ്ടം ഇവ വൃത്തിയാക്കുവാന്‍ തിളപ്പിച്ചാറ്റിയ വെള്ളം ആഹാരശേഷം കൊടുക്കുകയും, മൃദുവായ തുണി വെള്ളത്തില്‍ മുക്കി തുടപ്പിച്ചെടുക്കുകയും വേണം. ഒട്ടിപ്പിടിക്കുന്ന മധുരമുള്ള ഭക്ഷണസാധനങ്ങള്‍ കഴിവതും ഒഴിവാക്കണം. കുഞ്ഞുങ്ങള്‍ തനിയെ വായ് കഴുകാന്‍ പ്രായമായാല്‍, ഭക്ഷണം കഴിച്ചാല്‍ വായ് കഴികുന്നതും, ശരിയായ രീതിയിലുള്ള ടൂത്ത് ബ്രഷിന്റെ ഉപയോഗവും ശീലിപ്പിക്കാം. കുട്ടികളുടെ ടൂത്ത് ബ്രഷ് മൃദുവായതും, മോണകളെ സംരക്ഷിക്കുന്നതും ആയിരിക്കണം. ആരോഗ്യമുള്ള പല്ലുകള്‍ക്ക് മോണകളുടെ ആരോഗ്യം അത്യന്താപേക്ഷിതമാണ്. പല്ല്തേയ്ക്കുമ്പോള്‍ വിരലുകള്‍കൊണ്ട് മോണകള്‍ മസ്സാജ് ചെയ്യുന്നത് രക്തചംക്രമണം വര്‍ദ്ധിപ്പിച്ച് മോണകളെ ബലപ്പെടുത്തുവാനും, പല്ലിന്റെ നിര തെറ്റി വന്ന് പൊങ്ങി അഭംഗി ഉണ്ടാകുന്നത് തടയുവാനും, മോണകളെ ശുചിയാക്കുവാനും സഹായിക്കും. പല്ല് തേയ്ക്കാന്‍ ദശനകാന്തി ചൂര്‍ണ്ണം, പഴുത്ത മാവില ഇവ നല്ലതാണ്. പല്ലിന് ബലക്കുറവ്, ഇളക്കം, അണുബാധ ഇവ തടയാന്‍ ഉപ്പുവെള്ളം, പഴുത്ത മാവില കഷായം, അരിമേദണ്ഡ തൈലം ഇവ കവിള്‍ കൊള്ളുന്നത് നല്ലതാണ്. കറുത്ത എള്ള് ചവച്ചരച്ച് കഴിക്കുന്നത് പല്ലിനെ ബലപ്പെടുത്തും.
ദന്താരോഗ്യത്തില്‍ ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യം പോഷകസമ്പുഷ്ടമായ ആഹാരമാണ്. ഗര്‍ഭകാലത്തും മുലയൂട്ടുമ്പോഴും അമ്മയുടേയും കുഞ്ഞിന്റേയും ആഹാരത്തില്‍ കാത്സ്യം, ഫോസ്ഫറസ്, സിങ്ക് എന്നീ ധാതുക്കള്‍ ശരിയായ അളവില്‍ ഉള്‍പ്പെടുത്തണം. ശരിയായ സമയത്തും ആരോഗ്യത്തോടെയും ഉള്ള ദാന്തോത്പത്തിക്കും വളര്‍ച്ചയ്ക്കും ഇതാത്യാവശ്യമാണ്. മുത്താറി, ഏത്തപ്പഴം, പാല്‍, പാലുത്പന്നങ്ങള്‍, മുട്ട, ഇലക്കറികള്‍ എന്നിവ ധാരാളം ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. കുട്ടികള്‍ വ്യായാമം ലഭിക്കുന്ന കളികളില്‍ ഏര്‍പ്പെടുകയും വേണം. ഇത് ശരീരത്തിന് വിറ്റാമിന്‍ ഡി ആവശ്യത്തിന് ലഭിക്കാനും, ആഗിരണം ചെയ്ത കാത്സ്യം എല്ലിന്റെയും പല്ലിന്റെയും വളര്‍ച്ചയ്ക്ക് ഉപയോഗപ്പെടുത്തുവാനും ശരീരത്തെ സഹായിക്കും. കേടുവന്ന പല്ലുകള്‍ ഉടനടി ചികിത്സിക്കുന്നത് കേട് മറ്റുപല്ലുകളിലേക്ക് വ്യാപിക്കുന്നത് തടയും. മോണ പഴുപ്പ് പല്ലിന് ബലക്ഷയവും, പോടുകള്‍ ഉണ്ടാവാനും കാരണമാകും. കൂടാതെ മേല്‍പ്പറഞ്ഞ രോഗങ്ങള്‍ അവഗണിച്ചാല്‍ വായില്‍ പെരുകുന്ന ബാക്ടീരിയ തൊണ്ടയിലേക്ക് കടന്ന് ടോണ്‍സലൈറ്റിസ് മുതലായ രോഗങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. ഇത്തരം സ്ട്രേപ്റ്റോകോക്കൈ അണുബാധകള്‍ അപൂര്‍വ്വമായെങ്കിലും റുമാറ്റിക് ഫീവര്‍ ഉണ്ടാക്കാം. ഇടയ്ക്കിടെ പണിയും സന്ധിവേദനയും ഇതിന്റെ ലക്ഷണമാവാം. ഇത് ശരിയായി ചികിത്സിക്കാതിരുന്നാല്‍ റുമാറ്റിക് ഹാര്‍ട്ട് ഡിസീസ് എന്ന അവസ്ഥയിലേക്ക് നയിക്കാം. തുടക്കത്തിലേ രോഗം നിര്‍ണ്ണയിച്ച് ആവശ്യമുള്ള ചികിത്സകള്‍ ചെയ്യുക. വായ്ക്കകത്ത് ശുചിത്വം നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക ഇതാണ് പരിഹാരം. രണ്ടുനേരം പല്ല് തേപ്പിക്കുക, ഉപ്പുവെള്ളം കവിള്‍ കൊള്ളുക, പല്ലിലെ പോടുകള്‍ മോണപഴുപ്പ് ഇവ ഉടന്‍ ചികിത്സിച്ച് മാറ്റുക എന്നതാണ് പ്രധാനം. നേര്‍ത്ത പനിയുള്ളപ്പോള്‍ മരുന്നുകള്‍ വൈദ്യനിര്‍ദ്ദേശപ്രകാരം നല്‍കാം.
വായില്‍ പുണ്ണ്, പ്ലേക്ക്, ദുര്‍ഗന്ധം എന്നീ ലക്ഷണങ്ങളും കുട്ടികളില്‍ കാണാറുണ്ട്. പ്രതിരോധശേഷിക്കുറവ്, ദഹനം ശരിയാകാതിരിക്കുക, ശരിയായ പോഷകാഗിരണം നടക്കാതിരിക്കുക എന്നിവയാണ് കാരണം. ഇത് പരിഹരിക്കാന്‍ വായില്‍ കവിള്‍ കൊള്ളുവാനും പല്ലും മോണയും വൃത്തിയാക്കുവാനും അനുയോജ്യമായ ആയുര്‍വ്വേദ ഔഷധങ്ങള്‍ ഉപയോഗിക്കാം. ഈ ഔഷധങ്ങള്‍ നിലവിലുള്ള പ്രശ്നങ്ങള്‍ പരിഹരിച്ച് ഭാവിയില്‍ പ്രശ്നങ്ങള്‍ വരാതെ നോക്കും. ചില കുട്ടികള്‍ക്ക് വായ്നാറ്റം, പുണ്ണില്‍ വേദന ഇവയുണ്ടെങ്കില്‍ വൈദ്യനിര്‍ദ്ദേശാനുസരണം മരുന്ന് അകത്ത് കഴിക്കുക, ഉപ്പുവെള്ളം കവിള്‍കൊള്ളുകയും ചെയ്യുക. വായ്നാറ്റം ചില കുട്ടികളില്‍ ദാഹനതകരാര്‍ മൂലവും കണ്ടുവരാറുണ്ട്. ഇവര്‍ക്ക് ശരിയായ് വിശപ്പും ശോധനയും ഉണ്ടാകില്ല. ഇവര്‍ക്ക് ചൂര്‍ണ്ണം, ആസവം, അരിഷ്ടം ഇവയില്‍ അനുയോജ്യമായത് വൈദ്യനിര്‍ദ്ദേശപ്രകാരം കൊടുക്കുകയും ഭക്ഷണം ക്രമീകരിക്കുകയും ചെയ്‌താല്‍ പരിഹരിക്കപ്പെടും. പ്രതോരോധശേഷിക്കുറവും, പോഷകക്കുറവും പരിഹരിക്കാനുതകുന്ന രസായന ഔഷധങ്ങള്‍ വിധിയാം വണ്ണം സേവിക്കുന്നത് കുഞ്ഞിന്റെ ആരോഗ്യവും, ചുറുചുറുക്കും വര്‍ദ്ധിപ്പിക്കാന്‍ ഉതകും. ആയുര്‍വ്വേദം ദാന്തോദ്‌ഭവകാലത്ത് കുട്ടികളുടെ ആരോഗ്യവും ഭക്ഷണവും പ്രത്യേകം ശ്രദ്ധിക്കണം എന്ന് നിഷ്കര്‍ഷിക്കുന്നു. പല്ല് വരുന്നതിനോടനുബന്ധമായി കുട്ടികളില്‍ കൂടുതലായി ഉമിനീരൊലിപ്പ്, മോണകള്‍ക്ക് വീക്കം, വേദന, വിശപ്പില്ലായ്മ, വയറിളക്കം, പനി, ശ്വാസം മുട്ടല്‍, ചുമ എന്നീ ലക്ഷണങ്ങള്‍ കാണപ്പെടാറുണ്ട്. സ്വാഭാവികമായി ശമിക്കുന്നില്ലെങ്കില്‍, കൂടുതലുണ്ടെങ്കില്‍ ഇവയ്ക്ക് ചികിത്സ ചെയ്യാം. രാജന്യാദി ചൂര്‍ണ്ണം തേന്‍ ചേര്‍ത്ത് ഈ കാലയളവില്‍ സ്ഥിരമായി കൊടുക്കുന്നത് വളരെ ഫലപ്രദമാണ്. കഫം കുറയുകയും വിശപ്പും ശോധനയും ശരിയാവുകയും ചെയ്യും. പനി, ശ്വാസം മുട്ടല്‍, ചുമ ഇവ അധികമുണ്ടെങ്കില്‍ അരി, ഗുളികകള്‍ എന്നിവ ഫലപ്രദമാണ്. ദഹനസംബന്ധമായ അസ്വസ്ഥതകള്‍ക്ക് ലേഹ്യം, ചൂര്‍ണ്ണം, അരിഷ്ടം ഇവ വൈദ്യ നിര്‍ദ്ദേശപ്രകാരം സേവിക്കാം.
പല്ല് മുളക്കുമ്പോള്‍ മുതല്‍ ശൈശവത്തില്‍ നല്‍കുന്ന ദന്തപരിചരണം പല്ലുകളുടെ ആരോഗ്യത്തിനും വ്യക്തിയുടെ തന്നെ ആരോഗ്യത്തിനും ആജീവനാന്തം സഹായകമാകും.
അവസാനം പരിഷ്കരിച്ചത് : 5/14/2020