Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

നേത്രരോഗങ്ങള്‍

വിവിധ നേത്രരോഗങ്ങള്‍

കാഴ്ചയെ മറയ്ക്കുന്ന രോഗങ്ങള്‍ നിരവധിയാണ്. ആണ്‍പെണ്‍വ്യത്യാസം കൂടാതെ പ്രായഭേദമില്ലാതെ ആര്‍ക്കും നേത്രരോഗം പിടിപെടാം. മറ്റെല്ലാ രോഗങ്ങളെപ്പോലെയും ജീവിതശൈലിയില്‍വന്ന മാറ്റങ്ങള്‍ നേത്രരോഗത്തിന്റെ വര്‍ദ്ധനവിനും കാരണമായിട്ടുണ്ട്. അതുകൊണ്ടുതന്നെ അല്‍പം ശ്രദ്ധയും പരിചരണവുമുണ്ടെങ്കില്‍ നേത്രരോഗങ്ങള്‍ക്ക് ഒരുപരിധിവരെ കടിഞ്ഞാണിട്ടുനിര്‍ത്താം.

ചെങ്കണ്ണ്

നേത്രരോഗങ്ങളില്‍ സര്‍വ്വസാധാരണമാണ് ചെങ്കണ്ണ്. അന്തരീക്ഷത്തിലെ പൊടിപടലങ്ങളും ഈച്ചകളും വഴി വേഗം പടരുന്ന ചെങ്കണ്ണ് കൂടുതലായും വേനല്‍ക്കാലത്താണ് കണ്ടുവരുന്നത്. എന്നാല്‍ ഇപ്പോള്‍ ഏതുകാലാവസ്ഥയിലും ചെങ്കണ്ണുരോഗം പിടിപെടുന്നുണ്ട്. കണ്ണ് പീളകെട്ടുകയും കരുകരുപ്പും വേദനയുമായിരിക്കും ചെങ്കണ്ണുരോഗത്തിന്റെ പ്രാരംഭലക്ഷണം.കണ്‍പോളയുടെ ഉള്‍ഭാഗത്തേയും നേത്രഗോളത്തിന്റെ വെള്ളഭാഗമായ സ്‌ക്ലീറയെയും ആവരണം ചെയ്യുന്ന സുതാര്യമായ പാടയെയാണ് ചെങ്കണ്ണുരോഗം ബാധിക്കുന്നത്. ബാക്ടീരിയയാണ് പ്രധാന കാരണം.

കണ്‍പോളയുടെ ഉള്‍ഭാഗത്തേയും നേത്രഗോളത്തിന്റെ വെള്ളഭാഗമായ സ്‌ക്ലീറയെയും ആവരണം ചെയ്യുന്ന സുതാര്യമായ പാടയെയാണ് ചെങ്കണ്ണുരോഗം ബാധിക്കുന്നത്. ബാക്ടീരിയയാണ് പ്രധാന കാരണം.

വളരെവേഗം പകരാന്‍ സാധ്യതയുള്ള രോഗമാണിത്. രോഗിയുമായി അടുത്തിടപഴകുന്നതിലൂടെ രോഗം പകരും. രോഗി ഉപയോഗിച്ച വസ്തുക്കള്‍ ഉപയോഗിച്ചാലോ രോഗിയുടെ അടുത്തുനിന്ന് സംസാരിച്ചാലോ രോഗം പകരും.

കണ്ണ് ചുവന്നിരിക്കും. എല്ലായ്‌പോഴും കണ്ണിലെ ചുവപ്പ് ചെങ്കണ്ണ് ആയിരിക്കണമെന്നില്ല. കണ്ണിന്റെ ഉള്ളിലുള്ള കേടുകൊണ്ട് വരുന്ന ഇറിറ്റിസ്, ഗ്ലോക്കോമ തുടങ്ങിയ രോഗങ്ങള്‍ മൂലം ചുവപ്പ് അനുഭവപ്പെടാം.

കണ്ണ് നന്നായി കഴുകിയതിനുശേഷം ദിവസവും പലപ്രാവശ്യം ആന്റിബയോട്ടിക് ലേപനങ്ങള്‍ ഉപയോഗിക്കണം. പൂര്‍ണ്ണ വിശ്രമമാണ് ചെങ്കണ്ണ് രോഗത്തിന് അത്യാവശ്യം. 
പൊടിയടിച്ച് കൂടുതല്‍ അണുബാധ ഉണ്ടാകാതിരിക്കാന്‍ ചിലര്‍ കൂളിംഗ് ഗ്ലാസ് ഉപയോഗിക്കാറുണ്ട്.

അഗ്‌സ്റ്റിസ് മാറ്റിസം


കണ്ണിന്റെ കോര്‍ണിയയുടെയോ ലെന്‍സിന്റെയോ ആകൃതിയിലെ വ്യത്യാസമാണ് അഗ്‌സ്റ്റിസ് മാറ്റിസം. ഈ രോഗമുള്ളവര്‍ക്ക് ദൂരേയും അടുത്തുമുള്ള വസ്തുക്കളെ വ്യക്തമായി കാണാന്‍ കഴിഞ്ഞെന്നു വരില്ല.

കണ്ണിന് കൂടുതല്‍ ആയാസമുണ്ടാക്കുന്നു. അതുകൊണ്ടുതന്നെ അഗ്‌സ്റ്റിസ് മാറ്റിസത്തിന്റെ പ്രശ്‌നമുള്ളവര്‍ക്ക് വിട്ടുമാറാത്ത തലവേദനയുണ്ടാകാനുള്ള സാധ്യതയുണ്ട്.

തലവേദനയ്‌ക്കൊപ്പം കാഴ്ചയില്‍ മങ്ങല്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ എത്രയും വേഗം നേത്രരോഗവിദഗ്ദ്ധനെ സമീപിക്കണം. ഉടന്‍ പരിശോധന നടത്തണം.

സിലിഡ്രിക്കല്‍ ലെന്‍സുള്ള കണ്ണടയോ കോണ്‍ടാക്ട് ലെന്‍സോ ഉപയോഗിച്ചാല്‍ കണ്ണിന്റെ ബുദ്ധിമുട്ടുകള്‍ മാറിക്കിട്ടും.കണ്ണാടിവച്ചാല്‍ തലവേദനയ്ക്കും ശമനം കിട്ടും. എന്നാല്‍ ചില രോഗികള്‍ക്ക് ഓപ്പറേഷന്‍തന്നെ വേണ്ടിവരും.

വെള്ളെഴുത്ത്


ഒരുപ്രായം കഴിഞ്ഞാല്‍ ബഹുഭൂരിപക്ഷം ആളുകളേയും പിടികൂടുന്ന രോഗമാണ്് വെള്ളെഴുത്ത്. പ്രസ്ബയോപിയ എന്നറിയപ്പെടുന്ന ഈ രോഗം നാല്‍പതുവയസിനുമുകളില്‍ പ്രായമുള്ളവരെയാണ് ബാധിക്കുന്നത്. എന്നാല്‍ സ്ത്രീകളില്‍ ഈ പ്രായത്തിന് മുന്‍പുതന്നെ വെള്ളെഴുത്ത് ബാധിക്കുന്നതായി കണ്ടുവരുന്നു.

കണ്ണിനുള്ളിലെ ലെന്‍സിന് കട്ടികൂടുന്നതും ചലനശേഷി നഷ്ടപ്പെടുന്നതുമാണ് വെള്ളെഴുത്തിന് കാരണം. ദൃഷ്ടി ഒരു ബിന്ദുവില്‍ കേന്ദ്രീകരിക്കാന്‍ പ്രയാസമുണ്ടാകും എന്നതാണ് ഈ രോഗത്തിന്റെ പ്രധാന പ്രത്യേകത. കാഴ്ചയില്‍ അവ്യക്തതയും തലവേദനയും കൂടെ കണ്ടുവരുന്നു.

അടുത്തും അകലെയുമുള്ള വസ്തുക്കളെ കാണാന്‍ ബൈഫോക്കല്‍ ലെന്‍സുള്ള കണ്ണാടി ഉപയോഗിച്ചാല്‍ കാഴ്ചയിലുള്ള ബുദ്ധിമുട്ടുകള്‍ ഒരു പരിധിവരെ ഒഴിവാക്കാനാവും. തലവേദനയും കുറഞ്ഞുകിട്ടും.

റെറ്റിനിറ്റിസ് പിഗ്‌മെന്റേസ


റെറ്റിനയിലെ അനുബന്ധകോശങ്ങള്‍ക്ക് നാശം സംഭവിക്കുന്നതാണ് ഈ രോഗത്തിന്റെ പ്രധാന കാരണം. റെറ്റിനയുടെ മേല്‍പാളിയില്‍നിന്നും തുടങ്ങുന്ന ഈ രോഗം ക്രമേണ ഉള്‍വശത്തേക്കും വ്യാപിക്കുന്നു.

നിശാന്ധതയാണ് ഈ രോഗത്തിന്റെ പ്രാരംഭ ലക്ഷണം. റെറ്റിനിറ്റിസ് പിഗ്‌മെന്റേസയ്ക്ക് പാരമ്പര്യം കൂടി കാരണമാണ്. കുടുംബത്തില്‍ മറ്റാര്‍ക്കെങ്കിലും രോഗമുണ്ടായാല്‍ അടുത്ത തലമുറയിലേക്കും രോഗം ബാധിക്കും.

കണ്‍വര്‍ജന്‍സ്


കൃഷ്ണമണിയെ ചലിപ്പിക്കുന്ന കണ്ണിലെ പേശീകളുടെ പ്രവര്‍ത്തനതകരാറുമൂലം കാഴ്ചയെ ബാധിക്കുന്ന രോഗമാണ് കണ്‍വര്‍ജന്‍സ്. കണ്ണിലെ പേശീകളുടെ ചലനത്തിന് ആയാസം നേരിടുന്നതിന്റെ ഫലമായി ദൃഷ്ടി ഒരു ബിന്ദുവിലേക്ക് കേന്ദ്രീകരിക്കാന്‍ കഴിയാതെ വരുന്നു.

കാഴ്ച വ്യക്തമാകാതെയും വരും. ഇങ്ങനെ വരുമ്പോള്‍ കണ്ണിന് കൂടുതല്‍ ജോലി ചെയ്യേണ്ടിവരുന്നു. ഇതിന്റെ ഫലമായി കണ്ണിന് ആയാസം കൂടി തലവേദനയുണ്ടാകും.

പേശികളുടെ ചലനം നേരെയാക്കാന്‍ ചില നേത്രവ്യായാമങ്ങള്‍ നിലവിലുണ്ട്. പെന്‍സില്‍ ടെക്്‌നിക് ആണ് അതിലൊന്ന്. കണ്ണിന് നേരെ മുന്‍ഭാഗത്ത് ഒരു പെന്‍സില്‍ പിടിക്കുക.

പെന്‍സില്‍മുനയിലേക്ക് ദൃഷ്ടി കേന്ദ്രീകരിക്കുക. പതുക്കെ പെന്‍സില്‍ മൂക്കിന്റെ തുമ്പിലേക്ക് അടുപ്പിക്കുക. അതിനനുസരിച്ച് നോട്ടവും ക്രമീകരിക്കണം. ഈ വ്യായാമം കുറേ നാള്‍ തുടര്‍ന്നാല്‍ കണ്‍വര്‍ജന്‍സ് പ്രശ്‌നത്തില്‍നിന്ന് രക്ഷനേടാനാവും.

പാപ്പിലെഡെമ


തലച്ചോറില്‍ കാന്‍സര്‍ ബാധിച്ചാല്‍ തലയോട്ടിയിലെ മര്‍ദ്ദം ക്രമാതീതമായി വര്‍ദ്ധിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന രോഗമാണ് പാപ്പിലോ എഡിമ. തലയോട്ടിയില്‍ ഉണ്ടാകുന്ന ഈ മര്‍ദ്ദം കണ്ണില്‍നിന്നും സന്ദേശങ്ങള്‍ തലച്ചോറിലെത്തിക്കുന്ന നാഡികളിലേല്‍ക്കുമ്പോള്‍ നീര്‍വീക്കമുണ്ടാകും.

ഇതാണ് പാപ്പിലോ എഡിമരോഗത്തിന്റെ കാരണം. നേത്രരോഗവിഗ്ദ്ധനെ സമീപിച്ച് രോഗം സ്ഥിരീകരിക്കണം. കാന്‍സര്‍ ചികിത്സിച്ച് ഭേദമാകുന്നതോടെ കണ്ണിനെ ബാധിക്കുന്ന രോഗവും മാറും.

ട്രക്കോമ


അന്ധതയിലേക്ക് നയിക്കാവുന്ന രോഗമാണ് ട്രക്കോമ. കണ്‍പോളയ്ക്കകത്തുള്ള പാടയില്‍ കുരുക്കളുണ്ടാകുന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത. രോഗം എത്രയും വേഗം കണ്ടെത്തി ചികിത്സ നടത്തേണ്ടതുണ്ട്. പഴകുംതോറും രോഗം കൂടുതല്‍ സങ്കീര്‍ണ്ണമാകും തുടര്‍ന്ന് കൃഷ്ണമണിയില്‍ വെളുപ്പുനിറം ബാധിക്കുന്നു. ചിലപ്പോള്‍ കാഴ്ച പൂര്‍ണ്ണമായും നഷ്ടമായെന്നും വരും.

കണ്‍കുരുവും കണ്‍വീക്കവും


കണ്‍പോളയില്‍ ഉണ്ടാകുന്ന കുരുവാണിത്. വേദനയോടെയും വേദനയില്ലാതെയും കുരു ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഇതിന് സമാനമായി കണ്‍പോളയില്‍ വേദനയില്ലാത്ത കുരുവുമുണ്ടാവും.

കണ്‍കുരു ക്രമേണ മാറിക്കിട്ടുമെങ്കിലും കണ്‍പോളക്കുരുവിന് ശസ്ത്രക്രിയ വേണ്ടിവരും. കണ്‍കുരു ആവി പിടിച്ചാല്‍ കുറയും. 
മൂക്ക്, തൊണ്ട, പല്ല് തുടങ്ങിയ ഭാഗങ്ങളില്‍ അണുബാധയുണ്ടാകുന്നതിന്റെ ഫലമായി വിഷാംശം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുന്നതുകൊണ്ട് ഈ രോഗം ഉണ്ടാകുന്നു. കണ്ണിലും നെറ്റിയിലും വേദനയുണ്ടാവും. കണ്ണില്‍ കൃഷ്ണമണിക്ക് ചുറ്റും നീലിമയാര്‍ന്ന ചുവപ്പും ഉണ്ടാകാന്‍ സാധ്യതയുണ്ട്.

കോര്‍ണിയല്‍ അള്‍സര്‍


കൃഷ്ണമണിയിലുണ്ടാകുന്ന വ്രണമാണ് കോര്‍ണിയല്‍ അള്‍സര്‍. കൃഷ്ണമണിയില്‍ വെള്ളപ്പൊട്ടായാണ് ഈ വ്രണം കണ്ടുതുടങ്ങുന്നത്. കടുത്ത വേദനയുമുണ്ടാവും. അടിയന്തിര ചികിത്സ ആവശ്യമാണ്. അല്ലാത്ത പക്ഷം കൃഷ്ണമണിയില്‍ ആകെ ബാധിച്ച് കാഴ്്ച നഷ്ടപ്പെടും. കണ്ണില്‍ കരടോ മറ്റോ വീണ് മുറിവേറ്റാല്‍ അള്‍സറായിത്തീരും.

വിവരങ്ങള്‍ക്ക് കടപ്പാട്: 
അനിറ്റാ ജബ്ബാര്‍ 
ലിറ്റില്‍ഫ്‌ളവര്‍ ഹോസ്പിറ്റല്‍, അങ്കമാലി

3.18421052632
അനഘ Aug 02, 2018 08:06 PM

* തിമിരം_ കണ്ണിയെ ലെൻസ് അതാര്യമാകുന്നതുമൂലം കാഴ്ച നഷ്ടപ്പെടുന്നു അവസ്ഥയാണിത്

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top