অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

നേത്ര സംരക്ഷണവും സംശയങ്ങളും

നേത്ര സംരക്ഷണവും സംശയങ്ങളും

  1. കണ്ണില്‍ നേരിട്ട് സൂര്യപ്രകാശമേറ്റാല്‍ കാഴ്ച നഷ്ടപ്പെടുമെന്ന് പറയുന്നത് ശരിയാണോ? എന്തുകൊണ്ടാണ് കാഴ്ച ഇത്തരത്തില്‍ നഷ്ടപ്പെടുന്നത്?
  2. ചെങ്കണ്ണ് രോഗിയുടെ കണ്ണില്‍ നോക്കിയാല്‍ രോഗം പകരാന്‍ സാധ്യതയുണ്ടോ?
  3. തുളസിയില, നന്ത്യാര്‍വട്ടപ്പൂവ് മുതലായവ കണ്ണില്‍ പിഴിയുന്നതില്‍ തെറ്റുണ്ടോ?
  4. മുലപ്പാല്‍ കണ്ണില്‍ ഒഴിക്കുന്നത് കാഴ്ചയെ സഹായിക്കുമെന്നും കണ്ണിന് കുളിര്‍മകിട്ടുമെന്നും കേട്ടിട്ടുണ്ട്. ഇതിന് ശാസ്ത്രീയ അടിസ്ഥാനമുണ്ടോ?
  5. കണ്ണിന് പൊള്ളലേറ്റാല്‍ എന്തുചെയ്യണം?
  6. ആസിഡ്‌പോലുള്ള ലായനികള്‍ കണ്ണില്‍ വീണാല്‍ കാഴ്ച പൂര്‍ണമായും നഷ്ടപ്പെടുമോ? പ്രഥമ ശുശ്രൂഷ എങ്ങനെയാവണം?
  7. കണ്‍കുരു ഉണ്ടാകുന്നത് എന്തുകൊണ്ടാണ്? കണ്‍കുരുവിന് ചികിത്സ ലഭ്യമാണോ?
  8. കണ്‍പോളയ്ക്ക് ചുറ്റും കണ്‍പീലി സ്ഥിതിചെയ്യുന്ന ഭാഗം രക്തം നിറഞ്ഞതുപോലെ കാണപ്പെടുന്നു. ഇതൊരു രോഗമാണോ?
  9. കണ്ണിന് പ്രത്യേക അസുഖങ്ങള്‍ ഒന്നും ഇല്ലാത്ത സാഹചര്യത്തില്‍ കണ്ണട വയ്ക്കുന്നതില്‍ കുഴപ്പമുണ്ടോ? ഏതു തരത്തിലുള്ള കണ്ണടയാണ് തെരഞ്ഞെടുക്കേണ്ടത്?
  10. വെയില്‍ കൊള്ളുമ്പോള്‍ തലവേദനയുണ്ടാകുന്നത് കാഴ്ചയുടെ തകരാറാണോ? കണ്ണും തലവേദനയും തമ്മില്‍ എന്താണ് ബന്ധം?
  11. കോണ്‍ടാക്ട് ലെന്‍സ് ധരിച്ച് ഉറങ്ങുന്നത് കണ്ണിനോ ലെന്‍സിനോ ദോഷമാണോ?
  12. കണ്ണില്‍ സദാ വെള്ളം നിറയുന്നത് എന്തുകൊണ്ടാണ്? ഇത് രോഗമാണോ? പരിഹാരമുണ്ടോ?
  13. തിമിരശസ്ത്രക്രിയയ്ക്കുശേഷം കാഴ്ച വീണ്ടും മങ്ങാനുള്ള സാഹചര്യങ്ങള്‍ എന്തൊക്കെയാണ്?
  14. കണ്ണുകള്‍ തിരുമ്മരുത് എന്നു പറഞ്ഞുകേട്ടിട്ടുണ്ട്. കണ്ണ് തിരുമ്മിയാല്‍ കണ്ണിനെന്താണ് പ്രശ്‌നം?
  15. കണ്ണിനുചുറ്റും ഇരുണ്ടിരിക്കുന്നത് എന്തുകൊണ്ടാണ്? ഇത് ഏതെങ്കിലും രോഗത്തിന്റെ ലക്ഷണമാണോ?
  16. അമിതമായാല്‍ അമൃതും വിഷം എന്നു പറഞ്ഞപോലെ കണ്ണ് കൂടെക്കൂടെ കഴുകുന്നത് നന്നല്ലെന്നു കേള്‍ക്കുന്നു. എന്തുകൊണ്ടാണിത്?
  17. സയോപ്ടിക്‌സ് ചികിത്‌സ എന്നാല്‍ എന്താണ്? ഇത് ഏതു രോഗത്തിന് പ്രതിവിധിയായാണ്?
  18. വെള്ളെഴുത്ത് ഉണ്ടാകുന്നത് എന്തുകൊണ്ടാണ്? ഇതു വരാതിരിക്കാന്‍ എന്തു ചെയ്യണം?
  19. ഫ്രിഡ്ജില്‍വച്ച് തണുപ്പിച്ച വെള്ളത്തില്‍ കണ്ണ് കഴുകിയാല്‍ കണ്ണിന് ദോഷമുണ്ടോ?
  20. കണ്‍മഷി ഉപയോഗിച്ച് കണ്ണെഴുതുന്നത് നല്ലതല്ലെന്ന് ചിലര്‍ പറയുന്നു. കണ്‍മഷി കണ്ണിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമോ?
  21. ചിലപ്പോള്‍ ദൃശ്യങ്ങളെ രണ്ടായി കാണുന്നു. എന്തുകൊണ്ടാണിത്. ഇതിന് ചികിത്സയുണ്ടോ? ഇതു പൂര്‍ണമായും മാറ്റാനാകുമോ?
  22. കണ്‍പീലികള്‍ പൊഴിഞ്ഞുപോകുന്നത് രോഗമാണോ? എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? ഇതിന് മരുന്നുണ്ടോ?
  23. കാഴ്ചയ്ക്ക് തകരാറുണ്ടോ എന്ന് സ്വയം പരിശോധനയ്ക്ക് എന്തു ചെയ്യണം?
  24. കണ്‍പോളയ്ക്കുള്ളില്‍ ചെറിയ വെളുത്ത കുരുക്കള്‍ കാണുന്നു. ഇത് കണ്ണില്‍ കരുകരുപ്പും വേദനയുമുണ്ടാക്കുന്നു. എന്തുകൊണ്ടാണിത്?
  25. പോഷകാഹാരക്കുറവ് കണ്ണിന്റെ ആരോഗ്യത്തെ ബാധിക്കുമോ? ആഹാരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?
  26. ഐലൈനര്‍, മസ്‌കാര, ഐഷാഡോ തുടങ്ങിയവയുടെ ഉപയോഗം കണ്ണിനെ ഏതെങ്കിലും തരത്തില്‍ ബാധിക്കുമോ?
  27. വസ്തുക്കളെ നോക്കുമ്പോള്‍ കണ്ണിനുമുന്നില്‍ എന്തോ പാടുകള്‍ ഓടിനടക്കുന്നതായി തോന്നുന്നു. ഇത് ചിലപ്പോള്‍ കാഴ്ചയെ അലോസരപ്പെടുത്തുന്നു. കണ്ണില്‍ നോക്കിയാല്‍ ഒന്നും കാണാനുമില്ല. എന്താണിതിന് കാരണം?
  28. കണ്ണിന്റെ കോണില്‍, ഇടയ്ക്ക് രക്തം കട്ടപിടിചു കിടക്കുന്നതുപോലെ ചുവന്ന് കാണപ്പെടുന്നു. യാതൊരുവിധ വേദനയോ നീറ്റലോ ഇല്ല. ഇതു രോഗമാണോ? കൂടെക്കൂടെ ഉണ്ടാകുന്നത് എന്തുകൊണ്ടാണ്?
  29. തലകറങ്ങുമ്പോള്‍ കണ്ണടച്ചിരുന്നാല്‍ ശമനം കിട്ടുന്നു. തലകറക്കവും കണ്ണുകളും തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു?
  30. നടന്നുകൊണ്ടും ബസ് യാത്രയിലുമൊക്കെ വായിക്കുന്നത് കണ്ണിന് ദോഷം ചെയ്യുമോ?

കണ്ണിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളും തെറ്റിദ്ധാരണകളുമുണ്ട്. സാധാരണ ഉണ്ടാകാവുന്ന ചോദ്യങ്ങളും അവയ്ക്കുള്ള മറുപടിയും

കണ്ണിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളും തെറ്റിദ്ധാരണകളുമുണ്ട്. സാധാരണ ഉണ്ടാകാവുന്ന ചോദ്യങ്ങളും അവയ്ക്കുള്ള മറുപടിയുമാണ് ചുവടെ.

കണ്ണില്‍ നേരിട്ട് സൂര്യപ്രകാശമേറ്റാല്‍ കാഴ്ച നഷ്ടപ്പെടുമെന്ന് പറയുന്നത് ശരിയാണോ? എന്തുകൊണ്ടാണ് കാഴ്ച ഇത്തരത്തില്‍ നഷ്ടപ്പെടുന്നത്?


സൂര്യനുനേരെ നോക്കിയെന്നു കരുതി കാഴ്ച നഷ്ടപ്പെടില്ല. എന്നാല്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ കൂടുതലുള്ള സൂര്യഗ്രഹണസമയത്ത് നഗ്‌നനേത്രങ്ങള്‍കൊണ്ട് സൂര്യനെ നോക്കിയാല്‍ കാഴ്ച നഷ്ടപ്പെട്ടെന്നു വരാം. അള്‍ട്രാവയലറ്റ് രശ്മികള്‍ കണ്ണിലെ റെറ്റിനയെ പൊള്ളലേല്‍പ്പിക്കുന്നു. ഇതിന്റെ ഫലമായി കാഴ്ച നഷ്ടപ്പെടുന്നു. അതിനാലാണ് സൂര്യഗ്രഹണസമയത്ത് പ്രത്യേകതരം കണ്ണടകൂടാതെ സൂര്യനെ നോക്കരുത് എന്നു പറയുന്നത്.

ചെങ്കണ്ണ് രോഗിയുടെ കണ്ണില്‍ നോക്കിയാല്‍ രോഗം പകരാന്‍ സാധ്യതയുണ്ടോ?


തികച്ചും തെറ്റായ ധാരണയാണ് ഇത്. ചെങ്കണ്ണ് രോഗമുള്ള രോഗിയുടെ കണ്ണില്‍ നോക്കിയെന്നു കരുതി രോഗം മറ്റൊരാളിലേക്ക് പകരില്ല. നാട്ടിന്‍പുറങ്ങളില്‍ ഇത്തരത്തിലുള്ള വിശ്വാസം ഉപ്പോഴുമുണ്ട്. സ്പര്‍ശനത്തിലൂടെ മാത്രമേ ചെങ്കണ്ണ് രോഗം പകരുകയുള്ളൂ. രോഗി ഉപയോഗിച്ച ടവ്വല്‍, തോര്‍ത്ത്, സോപ്പ്, തലയിണ മുതലായവയിലൂടെ രോഗം വളരെ വേഗത്തില്‍ പകരും. രോഗാണുക്കള്‍ ഇവയില്‍ പറ്റിപ്പിടിക്കുന്നു. അതേസമയം രോഗിയോട് വളരെ ചേര്‍ന്നുനിന്ന് സംസാരിച്ചാല്‍ വായുവിലൂടെ രോഗാണുക്കള്‍ മറ്റൊരാളുടെ ശരീരത്തില്‍ കടന്നെന്നുവരാം.

തുളസിയില, നന്ത്യാര്‍വട്ടപ്പൂവ് മുതലായവ കണ്ണില്‍ പിഴിയുന്നതില്‍ തെറ്റുണ്ടോ?


തുളസിയിലയും നന്ത്യാര്‍വട്ടവുമൊക്കെ കണ്ണില്‍ പിഴിഞ്ഞൊഴിക്കുന്നത് ഏതെങ്കിലും വിധത്തില്‍ നല്ലതാണെന്ന് അലോപ്പതിയില്‍ തെളിഞ്ഞിട്ടില്ല. കണ്ണില്‍ പുറമേനിന്നുള്ള വസ്തു പ്രവേശിക്കുന്നതുമൂലമുണ്ടാകുന്ന അസ്വസ്ഥതകള്‍ മാത്രമാവും ഫലം. തുളസിനീരും നന്ത്യാര്‍വട്ടവും പിഴിഞ്ഞൊഴിക്കുമ്പോള്‍ കണ്ണില്‍ സ്വാഭാവികമായി കണ്ണുനീര്‍ കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഇവ പിഴിയുന്നതുകൊണ്ട് കണ്ണില്‍ അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ട്.

മുലപ്പാല്‍ കണ്ണില്‍ ഒഴിക്കുന്നത് കാഴ്ചയെ സഹായിക്കുമെന്നും കണ്ണിന് കുളിര്‍മകിട്ടുമെന്നും കേട്ടിട്ടുണ്ട്. ഇതിന് ശാസ്ത്രീയ അടിസ്ഥാനമുണ്ടോ?


മുലപ്പാല്‍ കാഴ്ചയെ സഹായിക്കുമെന്നും കണ്ണില്‍ കുളിര്‍മതരുമെന്നും ശാസ്ത്രീയമായി തെളിഞ്ഞിട്ടില്ല. എന്നാല്‍ മുലപ്പാലില്‍ അടങ്ങിയിരിക്കുന്ന ആന്റിബോഡികള്‍ കണ്ണിന് ഗുണം ചെയ്യാം. മുലപ്പാലില്‍ മറ്റ് വിഷാംശങ്ങള്‍ അടങ്ങിയിട്ടില്ലാത്തതിനാല്‍ കണ്ണില്‍ ഒഴിക്കുന്നതുകൊണ്ട് തെറ്റില്ല.

കണ്ണിന് പൊള്ളലേറ്റാല്‍ എന്തുചെയ്യണം?


കണ്ണില്‍ പൊള്ളലേറ്റുള്ള അപകടം സാധാരണമാണ്. പടക്കനിര്‍മ്മാണം, വെല്‍ഡിംഗ് തുടങ്ങിയ ജോലിയിലേര്‍പ്പെട്ടിട്ടുള്ളവര്‍ക്കാണ് കണ്ണിന് പൊള്ളലേറ്റുള്ള അപകടത്തിന് സാധ്യത. കണ്ണിന് പൊള്ളലേറ്റാല്‍ ഉടന്‍തന്നെ കണ്ണ് നല്ലതുപോലെ തണുത്ത വെള്ളത്തില്‍ കഴുകണം. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ആന്റിബയോട്ടിക് ഓയിന്‍മെന്റുകള്‍ ഉപയോഗിക്കാം.

ആസിഡ്‌പോലുള്ള ലായനികള്‍ കണ്ണില്‍ വീണാല്‍ കാഴ്ച പൂര്‍ണമായും നഷ്ടപ്പെടുമോ? പ്രഥമ ശുശ്രൂഷ എങ്ങനെയാവണം?


നേര്‍പ്പിച്ച ആസിഡ് കണ്ണില്‍ വീണാല്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാറില്ല. എന്നാല്‍ നേര്‍പ്പിക്കാത്ത ആസിഡ് കണ്ണില്‍ വീണാല്‍ കൃഷ്ണമണിക്ക് പൊള്ളലേല്‍ക്കുകയും കാഴ്ച നഷ്ടമാവുകയും ചെയ്യും. ആസിഡിനേക്കാള്‍ മാരകം ആല്‍ക്കലികളാണ്. ചുണ്ണാമ്പ്, കുമ്മായം മുതലായവ കണ്ണില്‍ വീണുള്ള പൊള്ളല്‍ താരതമ്യേന ഗുരുതരമാവും. കണ്ണ് ശുദ്ധവെള്ളത്തില്‍ നന്നായി കഴുകുക തന്നെയാണ് ആദ്യം ചെയ്യേണ്ടത്. എത്രയും വേഗം ഡോക്ടറുടെ സഹായം തേടണം.

കണ്‍കുരു ഉണ്ടാകുന്നത് എന്തുകൊണ്ടാണ്? കണ്‍കുരുവിന് ചികിത്സ ലഭ്യമാണോ?


കണ്‍പോളയില്‍ വേദനയും ചുവപ്പും വീക്കവുമാണ് കണ്‍കുരുവിന്റെ പ്രത്യേകത. കണ്‍പോളയില്‍ ഉണ്ടാകുന്ന പ്രത്യേകതരം ഇന്‍ഫെക്ഷനാണ് പ്രധാന കാരണം. കണ്‍പോളയിലെ മെയ്‌ബോമിയന്‍ ഗ്രന്ഥിക്ക് അണുബാധയുണ്ടാകുന്നതുമൂലമോ, ഈ ഗ്രന്ഥിയുടെ വായ്ഭാഗത്ത് തടസമുണ്ടായി ഉള്ളിലെ ദ്രവം പുറത്ത് കല്ലിച്ചുപോകുന്നതിനാലോ ആണ് കണ്‍കുരു ഉണ്ടാകുന്നത്. കണ്‍കുരു ഏതു പ്രായക്കാരിലും കണ്ടെന്നുവരാം. മുതിര്‍ന്നവരില്‍ കണ്‍കുരു പ്രമേഹത്തിന്റെ ലക്ഷണമായും കണ്ടുവരുന്നു. എല്ലാകണ്‍കുരുവിനും വേദനയുണ്ടാവില്ല. ഇത് ചികിത്സിച്ചു മാറ്റാനാകും.

കണ്‍പോളയ്ക്ക് ചുറ്റും കണ്‍പീലി സ്ഥിതിചെയ്യുന്ന ഭാഗം രക്തം നിറഞ്ഞതുപോലെ കാണപ്പെടുന്നു. ഇതൊരു രോഗമാണോ?


ബ്ലഫറൈറ്റിസ് എന്ന രോഗമാണിത്. കണ്‍പീലിയുടെ അരികുകളിലുണ്ടാകുന്ന ഒരുതരം അണുബാധയാണിത്. താരനാണ് ബ്ലഫറൈറ്റിസ് ഉണ്ടാകാന്‍ പ്രധാനകാരണം. തലയിലെ താരന്‍ പെടുമ്പോള്‍ അണുബാധയുണ്ടാകുന്നു. കണ്‍പീലിയുടെ ഭാഗം ചുവന്നുതുടുക്കുന്നു. കണ്ണിലെ രോമകൂപത്തില്‍ പൊറ്റന്‍പോലെ രൂപപ്പെടുകയും ചെയ്യുന്നു. ഈ രോഗത്തിന് ചികിത്സയുണ്ട്.

കണ്ണിന് പ്രത്യേക അസുഖങ്ങള്‍ ഒന്നും ഇല്ലാത്ത സാഹചര്യത്തില്‍ കണ്ണട വയ്ക്കുന്നതില്‍ കുഴപ്പമുണ്ടോ? ഏതു തരത്തിലുള്ള കണ്ണടയാണ് തെരഞ്ഞെടുക്കേണ്ടത്?


കണ്ണിന് പ്രത്യേക അസുഖമില്ലാത്തവര്‍ക്കും കണ്ണട വയ്ക്കുന്നതില്‍ തെറ്റില്ല. ആര്‍ക്കും ഉപയോഗിക്കാം. അള്‍ട്രാവയലറ്റ്് സംരക്ഷണംകൂടിയുണ്ടായാല്‍ കൂടുതല്‍ നന്ന്. നേത്രസുരക്ഷയ്ക്ക് കണ്ണട ഉപയോഗിക്കാം. എന്നാല്‍ കണ്ണട തെരഞ്ഞെടുക്കുമ്പോള്‍ പവര്‍ ഇല്ലെന്ന് ഉറപ്പുവരുത്തണം. കണ്ണടയുടെ ആവശ്യമുള്ള രോഗമുണ്ടെങ്കില്‍ അതിനനുയോജ്യമായ പവറുള്ള കണ്ണടവേണം തെരഞ്ഞെടുക്കാന്‍.

വെയില്‍ കൊള്ളുമ്പോള്‍ തലവേദനയുണ്ടാകുന്നത് കാഴ്ചയുടെ തകരാറാണോ? കണ്ണും തലവേദനയും തമ്മില്‍ എന്താണ് ബന്ധം?


കണ്ണട വയ്‌ക്കേണ്ട തകരാര്‍ ഉള്ളവര്‍ കണ്ണട ഉപയോഗിക്കാതിരുന്നാല്‍ തലവേദനയുണ്ടാവും. അതിനാല്‍ വെയിലത്ത് നടക്കുമ്പോള്‍ പതിവായി തലവേദനയുള്ളവര്‍ ഉടന്‍ ഒരു നേത്രരോഗ വിദഗ്ദ്ധനെ കണ്ട് പരിശോധിപ്പിക്കണം. അനുയോജ്യമായ കണ്ണട തെരഞ്ഞെടുത്ത് ഉപയോഗിച്ചാല്‍ തലവേദന ഒഴിവാക്കാം. തലവേദനയ്ക്ക് കണ്ണ് മാത്രമല്ല, നിരവധി കാരണങ്ങള്‍ ഉണ്ട്.

കോണ്‍ടാക്ട് ലെന്‍സ് ധരിച്ച് ഉറങ്ങുന്നത് കണ്ണിനോ ലെന്‍സിനോ ദോഷമാണോ?


കോണ്‍ടാക്ട് ലെന്‍സ് ധരിച്ചുകൊണ്ട് ഉറങ്ങരുത്. കൃഷ്ണമണിക്കുള്ള ഓക്‌സിജനേഷന്‍ കുറയാന്‍ ഇത് കാരണമാകും. ഇത് കണ്ണില്‍ നീര്‍ക്കെട്ട് ഉണ്ടാക്കി കടുത്തവേദനയും ചുവപ്പും ചിലപ്പോള്‍ കാഴ്ചത്തകരാര്‍ ഉണ്ടാവുകയും ചെയ്യുന്നു. അതിനാല്‍ ഉറങ്ങാന്‍ പോകുംമുമ്പ് കോണ്‍ടാക്ട് ലെന്‍സ് എടുത്തുമാറ്റണം.

കണ്ണില്‍ സദാ വെള്ളം നിറയുന്നത് എന്തുകൊണ്ടാണ്? ഇത് രോഗമാണോ? പരിഹാരമുണ്ടോ?


കണ്ണുനീര്‍ മൂക്കിലേക്ക് പ്രവഹിക്കുന്ന കുഴല്‍ തടസമുണ്ടാകുന്നതാണ് ഇതിനു കാരണം. ഗുരുതരമായ രോഗമല്ല. ചെറിയൊരു ഓപ്പറേഷന്‍കൊണ്ട് മാറ്റിയെടുക്കാവുന്നതേയുള്ളൂ.

തിമിരശസ്ത്രക്രിയയ്ക്കുശേഷം കാഴ്ച വീണ്ടും മങ്ങാനുള്ള സാഹചര്യങ്ങള്‍ എന്തൊക്കെയാണ്?


തിമിരശസ്ത്രക്രിയയ്ക്കുശേഷവും കാഴ്ച മങ്ങാനുള്ള സാധ്യതയുണ്ട്. മാറ്റിവയ്ക്കുന്ന ലെന്‍സിനു പിന്നില്‍ തടിപ്പുണ്ടാകുന്നതാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണം. ഇതിനെ ആഫ്ടര്‍ കാറ്ററാക്ട് (After cataract) എന്നു പറയുന്നു. ലേസര്‍ ചികിത്‌സയിലൂടെ ഇതു പരിഹരിക്കാനാകും.

കണ്ണുകള്‍ തിരുമ്മരുത് എന്നു പറഞ്ഞുകേട്ടിട്ടുണ്ട്. കണ്ണ് തിരുമ്മിയാല്‍ കണ്ണിനെന്താണ് പ്രശ്‌നം?


കണ്ണില്‍ ചൊറിച്ചില്‍ ഉണ്ടാകുമ്പോഴും അന്യവസ്തുക്കള്‍ കണ്ണില്‍ പോകുമ്പോഴും പലരും കണ്ണ് ശക്തിയായി തിരുമ്മും. കണ്ണ് തിരുമ്മുന്നത് നല്ലതല്ല. അത് കണ്ണിന് ദോഷമാണ്. ശക്തിയായി കണ്ണ് തിരുമ്മുമ്പോള്‍ കൃഷ്ണമണിയില്‍ മുറിവുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ കണ്ണില്‍ അസ്വസ്ഥതകള്‍ തോന്നുമ്പോള്‍ നല്ല വെള്ളത്തില്‍ പലവട്ടം കണ്ണുകള്‍ കഴുകുകയാണ് വേണ്ടത്.

കണ്ണിനുചുറ്റും ഇരുണ്ടിരിക്കുന്നത് എന്തുകൊണ്ടാണ്? ഇത് ഏതെങ്കിലും രോഗത്തിന്റെ ലക്ഷണമാണോ?


കണ്ണിനുചുറ്റും കറുത്തവലയം സാധാരണ ആളുകളില്‍ കണ്ടുവരുന്നുണ്ട്. ഇത് ഒരു രോഗമല്ല. സ്ത്രീകളില്‍ ഇതൊരു സൗന്ദര്യപ്രശ്‌നം കൂടിയാണ്. ഈ കറുപ്പുനിറം മാറാന്‍ പ്രത്യേക ചികിത്സ ലഭ്യമല്ല. ബ്യൂട്ടിപാര്‍ലറുകളിലും മറ്റും കറുപ്പ് നിറം കുറയ്ക്കാന്‍ സഹായിക്കുന്ന ഫേഷ്യല്‍ ഉണ്ടായേക്കാം. എന്നാല്‍ കണ്ണിനുചുറ്റുമുള്ള കറുത്തവലയം ചിലപ്പോള്‍ രോഗലക്ഷണമായും കണ്ടെന്നുവരും. കരളിന് തകരാര്‍ ഉള്ളവര്‍ക്ക് ഇത്തരത്തില്‍ കറുപ്പുവലയം ഉണ്ടാകാറുണ്ട്. ശാരീരിക അസ്വസ്ഥതകള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ ഡോക്ടറുടെ പരിശോധന ആവശ്യമാണ്. പ്രായാധിക്യംകൊണ്ട് കണ്ണിനുചുറ്റും കറുത്തപാട് ഉണ്ടാകാറുണ്ട്. ഇത് സ്വാഭാവികമാണ്.

അമിതമായാല്‍ അമൃതും വിഷം എന്നു പറഞ്ഞപോലെ കണ്ണ് കൂടെക്കൂടെ കഴുകുന്നത് നന്നല്ലെന്നു കേള്‍ക്കുന്നു. എന്തുകൊണ്ടാണിത്?


കണ്ണ് കൂടെക്കൂടെ കഴുകുന്നത് കണ്ണിന്റെ ആരോഗ്യത്തിന് നല്ലതുതന്നെ. പൊടിയും പുകയും നിറയുന്ന നമ്മുടെ കാലാവസ്ഥയില്‍, അന്തരീക്ഷത്തില്‍ നിറഞ്ഞുനില്‍ക്കുന്ന പൊടി കണ്ണില്‍ അടിഞ്ഞുകൂടി കണ്ണില്‍ അണുബാധ ഉണ്ടാകാനുളള സാധ്യത ഇല്ലാതാകും.

സയോപ്ടിക്‌സ് ചികിത്‌സ എന്നാല്‍ എന്താണ്? ഇത് ഏതു രോഗത്തിന് പ്രതിവിധിയായാണ്?


കണ്ണാടി ആവശ്യമുള്ള നേത്രരോഗങ്ങളില്‍, കണ്ണാടി ഒഴിവാക്കാനായി നടത്തുന്ന ലേസര്‍ ചികിത്സയാണ് ബയോപ്ടിക്.

വെള്ളെഴുത്ത് ഉണ്ടാകുന്നത് എന്തുകൊണ്ടാണ്? ഇതു വരാതിരിക്കാന്‍ എന്തു ചെയ്യണം?


പ്രായമായവരില്‍ സാധാരണ കണ്ടുവരുന്ന നേത്രരോഗമാണ് വെള്ളെഴുത്ത്. പ്രായമാകുന്തോറും കണ്ണിലെ പേശികള്‍ ദുര്‍ബലമാകുന്നതാണ് രോഗകാരണം. വെള്ളെഴുത്തിന് കണ്ണാടി ഉപയോഗിക്കുക മാത്രമാണ് പ്രതിവിധി. നാല്‍പ്പതു വയസിനുശേഷമാണ് വെള്ളെഴുത്ത് കണ്ടുവരുന്നത്. എന്നാല്‍ സ്ത്രീകളില്‍ ഈ പ്രായത്തിന് മുമ്പുതന്നെ വെള്ളെഴുത്ത് ബാധിക്കാം.

ഫ്രിഡ്ജില്‍വച്ച് തണുപ്പിച്ച വെള്ളത്തില്‍ കണ്ണ് കഴുകിയാല്‍ കണ്ണിന് ദോഷമുണ്ടോ?


ഫ്രിഡ്ജില്‍ തണുപ്പിച്ച വെള്ളം ഉപയോഗിച്ച് കണ്ണു കഴുകുന്നതുകൊണ്ട് കുഴപ്പമില്ല. ചൂട് അധികമുള്ള സമയത്ത് തണുത്തവെള്ളത്തില്‍ കണ്ണ് കഴുകുമ്പോള്‍ കണ്ണിന് കുളിര്‍മ്മ ലഭിക്കുന്നു. എന്നാല്‍ മുമ്പു പറഞ്ഞതുപോലെ അണുബാധയുണ്ടായാല്‍ ഇളംചൂടുവെള്ളത്തില്‍ കണ്ണ് കഴുകുന്നതാണ് ഉത്തമം.

കണ്‍മഷി ഉപയോഗിച്ച് കണ്ണെഴുതുന്നത് നല്ലതല്ലെന്ന് ചിലര്‍ പറയുന്നു. കണ്‍മഷി കണ്ണിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമോ?


ചികിത്സ ആവശ്യത്തിനല്ലാതെ കണ്ണില്‍ അന്യവസ്തുക്കള്‍ പുരട്ടുന്നത് നല്ലതല്ല. അതിനാല്‍ കണ്‍മഷി എഴുതുന്നത് നന്നല്ല. കണ്ണില്‍ അണുബാധയുണ്ടാകാന്‍ ഇത് ഇടയാകുന്നു.

ചിലപ്പോള്‍ ദൃശ്യങ്ങളെ രണ്ടായി കാണുന്നു. എന്തുകൊണ്ടാണിത്. ഇതിന് ചികിത്സയുണ്ടോ? ഇതു പൂര്‍ണമായും മാറ്റാനാകുമോ?


ദൃശ്യങ്ങളെ രണ്ടായി കാണുന്നതിന് പല കാരണങ്ങളുണ്ട്. ഇത്തരത്തില്‍ ദൃശ്യങ്ങളെ രണ്ടായി കാണുന്നതിനെ Diplopia എന്നു പറയുന്നു. കാഴ്ചയെ സഹായിക്കുന്ന കണ്ണിലെ ഞരമ്പുകളുടെ പ്രവര്‍ത്തനത്തകരാര്‍ മൂലമാണ് ഇങ്ങനെ വസ്തുക്കളെ രണ്ടായി കാണുന്നത്. ബ്രയിന്‍ പരാലിസിസ്‌കൊണ്ടും ഇങ്ങനെ സംഭവിക്കാം. ഈ പ്രശ്‌നത്തിന് വിദഗ്ദ്ധ ചികിത്സ ആവശ്യമാണ്.

കണ്‍പീലികള്‍ പൊഴിഞ്ഞുപോകുന്നത് രോഗമാണോ? എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? ഇതിന് മരുന്നുണ്ടോ?


കണ്ണിനുണ്ടാകുന്ന അണുബാധയാണ് പ്രധാന കാരണം. എന്നാല്‍ അണുബാധ കൂടാതെയും ഉണ്ടാകാം. എത്രയും വേഗം ഡോക്ടറുടെ സേവനം തേടണം. കാരണം കണ്ടെത്തി അടിയന്തിരചികിത്സ നല്‍കേണ്ടതുണ്ട്.

കാഴ്ചയ്ക്ക് തകരാറുണ്ടോ എന്ന് സ്വയം പരിശോധനയ്ക്ക് എന്തു ചെയ്യണം?


കാഴ്ചശക്തി പരിശോധിക്കുന്നതിന് കാലങ്ങളായി ഉപയോഗിച്ചുവരുന്നത് സ്‌നെല്ലന്‍ ചാര്‍ട്ട് ആണ്. അക്ഷരങ്ങളെ പല വലിപ്പത്തില്‍ എഴുതി ഒരു നിശ്ചിത അകലത്തില്‍ വായിപ്പിച്ചാണ് ചാര്‍ട്ട് ഉപയോഗിച്ച് കാഴ്ച പരിശോധന നടത്തുന്നത്. ഐ ക്ലിനിക്കില്‍ മാത്രം ഉപയോഗിക്കുന്ന ഇത്തരം ചാര്‍ട്ടിന്റെ സഹായം കൂടാതെ ഒരാള്‍ക്ക് കാഴ്ചപരിശോധന സ്വയം നടത്താം. ദൂരെയുള്ള ബോര്‍ഡും മറ്റും വായിച്ച് കാഴ്ചയ്ക്ക് കുഴപ്പമുണ്ടോ എന്ന് സ്വയം മനസിലാക്കാം. ഇതിനായി ഒരു സുഹൃത്തിന്റെ സഹായം തേടാവുന്നതാണ്.

കണ്‍പോളയ്ക്കുള്ളില്‍ ചെറിയ വെളുത്ത കുരുക്കള്‍ കാണുന്നു. ഇത് കണ്ണില്‍ കരുകരുപ്പും വേദനയുമുണ്ടാക്കുന്നു. എന്തുകൊണ്ടാണിത്?


ഇതിനെ കോണ്‍ക്രീഷന്‍സ് എന്നു പറയുന്നു. കണ്ണില്‍ ജലാംശം കുറയുന്നതാണ് ഇതിന് പ്രധാന കാരണം. കുരുക്കള്‍ എടുത്തുകളയുന്ന ചികിത്സാരീതി നിലവിലുണ്ട

പോഷകാഹാരക്കുറവ് കണ്ണിന്റെ ആരോഗ്യത്തെ ബാധിക്കുമോ? ആഹാരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?


പോഷകാഹാരക്കുറവ് കണ്ണിന്റെ ആരോഗ്യത്തെ, പ്രത്യേകിച്ച് കാഴ്ചയെ ബാധിക്കും. കണ്ണില്‍ പഴുപ്പ്, വേദന, വരള്‍ച്ച തുടങ്ങിയ ബുദ്ധിമുട്ടുകള്‍ പോഷകാഹാരക്കുറവുകൊണ്ട് ഉണ്ടാകും. കണ്ണിന്റെ ആരോഗ്യത്തിന് ആവശ്യമായ വിറ്റമിനുകള്‍ അടങ്ങിയിട്ടുള്ള ചാളമീന്‍, ഗ്രീന്‍ വെജിറ്റബിള്‍ തുടങ്ങിയ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തണം.

ഐലൈനര്‍, മസ്‌കാര, ഐഷാഡോ തുടങ്ങിയവയുടെ ഉപയോഗം കണ്ണിനെ ഏതെങ്കിലും തരത്തില്‍ ബാധിക്കുമോ?


സൗന്ദര്യവര്‍ദ്ധക വസ്തുക്കളാണ് ഇവയെല്ലാം. സ്ത്രീകള്‍ക്ക് ഒഴിച്ചുകൂടാനാവാത്തതുമാണ്. കണ്‍പോളയിലും മറ്റും ഉപയോഗിക്കുന്ന വസ്തുക്കള്‍ അലര്‍ജി ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. കണ്ണിനുള്ളില്‍ കലരാതിരിക്കാനും ശ്രദ്ധിക്കണം.

വസ്തുക്കളെ നോക്കുമ്പോള്‍ കണ്ണിനുമുന്നില്‍ എന്തോ പാടുകള്‍ ഓടിനടക്കുന്നതായി തോന്നുന്നു. ഇത് ചിലപ്പോള്‍ കാഴ്ചയെ അലോസരപ്പെടുത്തുന്നു. കണ്ണില്‍ നോക്കിയാല്‍ ഒന്നും കാണാനുമില്ല. എന്താണിതിന് കാരണം?


പ്രധാനമായും ഈ പ്രശ്‌നം പ്രായമായവരിലാണ് കണ്ടുവരുന്നത്. അതേസമയം റെറ്റിനല്‍ ഡിറ്റാച്ച്‌മെന്റ് എന്ന അസുഖത്തിന്റെ ലക്ഷണമായും ഇതു കണ്ടുവരുന്നു. കണ്ണിലെ ഞരമ്പ് വിട്ടുപോകുന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത. നേത്രരോഗവിദഗ്ദ്ധനെ കണ്ട് പരിശോധന നടത്തണം. ആവര്‍ത്തിച്ച് ഉണ്ടാവുകയാണെങ്കില്‍ വിദഗ്ദ്ധ പരിശോധന ആവശ്യമായി വരും.

കണ്ണിന്റെ കോണില്‍, ഇടയ്ക്ക് രക്തം കട്ടപിടിചു കിടക്കുന്നതുപോലെ ചുവന്ന് കാണപ്പെടുന്നു. യാതൊരുവിധ വേദനയോ നീറ്റലോ ഇല്ല. ഇതു രോഗമാണോ? കൂടെക്കൂടെ ഉണ്ടാകുന്നത് എന്തുകൊണ്ടാണ്?


കണ്ണിനുള്ളില്‍ രക്തം കട്ടപിടിച്ചു കിടക്കുന്നതുപോലെ കാണുന്നത് രക്തസ്രാവം തന്നെയാണ്. ഉറക്കത്തിലോ മറ്റോ അറിയാതെ കണ്ണില്‍ കൈവിരല്‍ കൊള്ളുകയോ തിരുമ്മുകയോ ചെയ്യുമ്പോള്‍ ബ്ലീഡിംഗ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. ബ്ലഡ്പ്രഷര്‍ കൂടുമ്പോഴും കണ്ണില്‍ കട്ടപിടിച്ചു കാണാറുണ്ട്. പ്രത്യേകിച്ച് വേദനയോ കരുകരുപ്പോ കാണണമെന്നില്ല. പത്തു മുതല്‍ മൂന്ന് ആഴ്ച കൊണ്ട് ചുവപ്പ് മാറിക്കിട്ടും.

തലകറങ്ങുമ്പോള്‍ കണ്ണടച്ചിരുന്നാല്‍ ശമനം കിട്ടുന്നു. തലകറക്കവും കണ്ണുകളും തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു?


കണ്ണു തുറന്നിരിക്കുന്നതുകൊണ്ടാണ് തലകറങ്ങുന്നതായി അനുഭവപ്പെടുന്നത്. തലകറക്കം ഉണ്ടാകുമ്പോള്‍ കണ്ണടകള്‍ അടച്ചാല്‍ തലകറക്കം നിലയ്ക്കുന്നത് അതുകൊണ്ടാണ്.

നടന്നുകൊണ്ടും ബസ് യാത്രയിലുമൊക്കെ വായിക്കുന്നത് കണ്ണിന് ദോഷം ചെയ്യുമോ?


നടന്നുകൊണ്ട് വായിക്കുക യാത്രയ്ക്കിടെ വായിക്കുക ഇവ കൊണ്ട് കണ്ണിന് ബുദ്ധിമുട്ട് ഉണ്ടാകാം. എന്നാല്‍ കണ്ണിനെ ഇത് ഏതെങ്കിലും തരത്തില്‍ ദോഷം ചെയ്യുന്നില്ല. ചിലര്‍ക്ക് തലവേദനയും മനംപുരട്ടലും കണ്ണിന് വേദനയും അനുഭവപ്പെട്ടേക്കാം.

വിവരങ്ങള്‍ക്ക്കടപ്പാട്: 
ഡോ. പ്രൊഫ. അലക്‌സ് ജോസഫ്

അവസാനം പരിഷ്കരിച്ചത് : 7/21/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate