ന്യൂയോര്‍ക്ക്: നേത്രരോഗികള്‍ക്ക് ആശ്വാസമേകാന്‍ പുതിയ കൃത്രിമ കോര്‍ണിയ രംഗത്തെത്തുന്നു. കണ്ണിലെ സുപ്രധാന ഭാഗമായ കോര്‍ണിയയ്ക്ക് രോഗം മൂലമോ അല്ലാതെയോ തകരാര്‍ പറ്റിയ ഒരു കോടി ആളുകള്‍ ഭൂമുഖത്തുണ്ടെന്നാണ് കണക്ക്. അത്തരക്കാര്‍ക്ക് സുരക്ഷിതമായ രീതിയില്‍ ഉപയോഗിക്കാവുന്ന കൃത്രിമ കോര്‍ണിയ, അടുത്തവര്‍ഷം മുതല്‍ മനുഷ്യരില്‍ പരീക്ഷിക്കുമെന്നാണ് റിപ്പോര്‍ട്ട്.
കോര്‍ണിയ മാറ്റിവെക്കുമ്പോഴുണ്ടാകുന്ന സങ്കീര്‍ണതകള്‍ കാര്യമായി കുറയ്ക്കുന്ന രീതിയിലാണ് പുതിയ കൃത്രിമ കോര്‍ണിയയുടെ രൂപകല്‍പ്പന. ജര്‍മനിയില്‍ പോട്ട്‌സ്ഡാമിലെ 'ഫ്രാന്‍ഹോഫര്‍ ഇന്‍സ്റ്റിറ്റിയൂട്ടി'ലെ ജൊവാച്ചിം സ്‌റ്റോര്‍സ്ബര്‍ഗും സംഘവുമാണ്, പ്രോട്ടീന്‍ പൂശിയ പോളിമര്‍ ഉപയോഗിച്ച് കൃത്രിമ കോര്‍ണിയ രൂപപ്പെടുത്തിയത്. ഇപ്പോള്‍ ലഭ്യമായ കൃത്രിമ കോര്‍ണിയകളിലെ പോരായ്മകള്‍ മിക്കതും ഇതില്‍ പരിമിതപ്പെടുത്തിയിട്ടുള്ളതായി, അമേരിക്കയില്‍ യേല്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ നേത്രരോഗ വിദഗ്ധനായ ഡോ.ജോണ്‍ ഹുവാങ് പറയുന്നു. മുയലുകളില്‍ ഇത് പരീക്ഷിച്ചപ്പോള്‍ നല്ല ഫലമാണ് ലഭിച്ചത്.
വലിയൊരു കഷണം പ്ലാസ്റ്റിക്കാണ് ഇപ്പോള്‍ കോര്‍ണിയ മാറ്റിവെക്കാന്‍ ഉപയോഗിക്കുന്നത്. രോഗിയുടെ കോര്‍ണിയ കോശഭാഗങ്ങള്‍ പ്ലാസ്റ്റിക്കിന് മുകളിലൂടെ വളര്‍ന്ന് കാഴ്ച തടസ്സപ്പെടുത്താതിരിക്കാനാണ് വലിയ പ്ലാസ്റ്റിക്ക് കഷണം ഉപയോഗിക്കുന്നത്. വലിപ്പക്കൂടുതല്‍ കൊണ്ട് അത് നേത്രത്തില്‍ നേരിട്ടു തുന്നിപ്പിടിപ്പിക്കുക ബുദ്ധിമുട്ടാണ്. അണുബാധയ്ക്കും നീര്‍വീക്കത്തിനും ചിലപ്പോള്‍ കണ്ണിന്റെ കാഴ്ച തന്നെ പൂര്‍ണമായി നഷ്ടപ്പെടാനും തുന്നലിലെ മുറിവുകള്‍ കാരണമാകാം.
എന്നാല്‍, വെള്ളം പിടിക്കാത്ത പോളിമറാണ് പുതിയയിനം കൃത്രിമ കോര്‍ണിയയില്‍ ഉപയോഗിച്ചിട്ടുള്ളത്. അതിനാല്‍ അത് നേത്രത്തിലെ സ്രവങ്ങള്‍ ആഗിരണം ചെയ്ത് വീര്‍ത്തുവരില്ല. മുകളിലൂടെ കോശപാളികള്‍ വളരാനും അനുവദിക്കില്ല. കൃത്രിമ കോര്‍ണിയയുടെ മധ്യഭാഗത്ത് ഇത് അനുഗ്രഹമാണ്. കാരണം കോശപാളികള്‍ വളരാത്തതിനാല്‍ കാഴ്ച മങ്ങില്ല്‌ള. അതേസമയം, കൃത്രിമ കോര്‍ണിയയുടെ അരികിലൂടെ കോശപാളികള്‍ മുകളിലേക്ക് വളര്‍ന്നില്ലെങ്കില്‍, അത് കണ്ണില്‍ ഉറച്ചിരിക്കില്ല. അതിന് കൃത്രിമ കോര്‍ണിയയായി ഉപയോഗിക്കുന്ന പോളിമര്‍ കഷണത്തിന്റെ അരികുകളില്‍, കോശങ്ങളെ ആകര്‍ഷിക്കാനായി പ്രത്യേക പ്രോട്ടീന്‍ പൂശിയിട്ടുണ്ട്.
'ടെക്‌നോളി റിവ്യു'വില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ സ്‌റ്റോര്‍സ്ബര്‍ഗ് പറയുന്നു. മുകളിലൂടെയുള്ള കോശവളര്‍ച്ച തടയുന്നതിന് വലിപ്പം കുറഞ്ഞ പോളിമര്‍ കഷണം മതിയായതിനാല്‍ അത് കണ്ണില്‍ സുരക്ഷിതമായി തുന്നിച്ചേര്‍ക്കാനും കഴിയും.
നിലവില്‍ ആവശ്യമുള്ളതുപോലെ, കോര്‍ണിയ മാറ്റിവെക്കാന്‍ ദാതാവില്‍ നിന്നുള്ള കോശപാളികളുട ആവശ്യവും വരുന്നില്ല-ഡോ. ഹുവാങ് അറിയിക്കുന്നു. കോര്‍ണിയ ദാതാക്കളുടെ എണ്ണം കുറവായതിനാല്‍ മോശപ്പെട്ട കോശപാളികള്‍ പലപ്പോഴും ഉപയോഗിക്കേണ്ടി വരും. പുതിയ മാര്‍ഗത്തില്‍ അതിന്റെ പ്രശ്‌നമില്ല-അദ്ദേഹം പറയുന്നു.
ആകാശത്തേക്കോ പച്ചപ്പിലേക്കോ വളരെ ദൂരത്തേക്കോ നോക്കിയിരിക്കുന്നത് കണ്ണുകള്‍ക്ക് ഗുണംചെയ്യും
കണ്ണിലെ കൃഷ്ണമണി പോലെ നോക്കിക്കൊള്ളാമെന്ന് ചിലര്‍ പറയാറുണ്ട്. സത്യത്തില്‍ കണ്ണിന്റെയും കൃഷ്ണമണിയുടെയും കാര്യത്തില്‍ നമുക്ക് അത്രയൊക്കെ സൂക്ഷ്മതയുണ്ടോ?
പുതിയ തലമുറയില്‍ കണ്ണട ഉപയോഗിക്കുന്നവരുടെ എണ്ണം ഏറെയാണ്. ടി.വി.യുടെയും കമ്പ്യൂട്ടറിന്റെയും നിരന്തരമായ ഉപയോഗമാണ് ഇതിന് പ്രധാന കാരണം. കാല്‍ വിരലുകളെ സംരക്ഷിക്കുവാന്‍ പോലും നാം ചില വ്യായാമങ്ങള്‍ ചെയ്യാറുണ്ട്. അപ്പോഴും കണ്ണിനെ ഒഴിവാക്കാറാണ് പതിവ്.
കണ്ണിലെ പേശികള്‍ക്ക് വേണ്ടത്ര വിശ്രമവും വ്യായാമവും ലഭിക്കാതിരുന്നാല്‍ പലതരത്തിലുള്ള അസുഖങ്ങളും നമ്മെ ബാധിക്കുമെന്ന വൈദ്യശാസ്ത്ര നിഗമനം വിസ്മരിക്കാതിരിക്കുക. നയനങ്ങളെ സംരക്ഷിക്കാന്‍ ചില ലളിതമായ വ്യായാമങ്ങള്‍ ഉണ്ട്.
കമ്പ്യൂട്ടറിലെയോ ടി.വി.യിലെയോ സ്‌ക്രീനിലേക്ക് കൂടുതല്‍ സമയം തുടര്‍ച്ചയായി നോക്കി ഇരിക്കുന്ന പ്രവണത നന്നല്ല. അഞ്ചോ പത്തോ മിനുട്ടു കൂടുമ്പോള്‍ കണ്ണ് നന്നായി ചിമ്മുകയും തിരിക്കുകയും ചെയ്യുക.
കണ്ണുകള്‍ നന്നായി അടച്ചശേഷം കൃഷ്ണമണി വട്ടംകറക്കുക. അതോടൊപ്പം ദീര്‍ഘമായി ശ്വാസോച്ഛ്വാസം ചെയ്യുക, ഇടയ്ക്കിടെ അനന്തതയിലേക്ക് നോക്കുക. ആകാശത്തേക്കോ പച്ചപ്പിലേക്കോ വളരെ ദൂരത്തേക്കോ നോക്കിയിരിക്കുന്നത് കണ്ണുകള്‍ക്ക് ഏറെ ഗുണംചെയ്യും.
കണ്ണ് തുറന്ന് പുരികത്തിലേക്കും നാസികാഗ്രത്തിലേക്കും മാറി മാറി നോക്കുക. ഇത് ഇടയ്ക്കിടെ ആവര്‍ത്തിക്കുക. കണ്ണ് അല്പസമയം ഇറുക്കി അടയ്ക്കുക. എന്നിട്ട് തുറക്കുക. ഈ പ്രക്രിയയും ഇടയ്ക്കിടയ്ക്ക് ആവര്‍ത്തിക്കുക. കണ്ണ് നന്നായി അടച്ചശേഷം രണ്ട് കൈപ്പത്തികളും പരസ്പരം ഉരുമ്മി ചൂട് പിടിപ്പിക്കുക. അതിന്ന് ശേഷം ഇരു കണ്ണുകളിലും മൃദുവായി താഴേയ്ക്ക് തടവുക. ഇപ്രകാരം ഇടയ്ക്കിടെ ആവര്‍ത്തിച്ചാല്‍ കണ്ണുകളുടെ ക്ഷീണം മാറ്റിയെടുക്കാം.
ശരിയായവിധത്തില്‍ ലഭിച്ചാല്‍ കണ്ണിന് ഏറെ ഗുണം ചെയ്യുന്നതാണ് സൂര്യപ്രകാശം.
വെള്ളത്തിലൂടെ സൂര്യനെ നോക്കുന്നത് നന്നായിരിക്കും. വെള്ളത്തിലൂടെ വരുന്ന പ്രകാശരശ്മി കണ്ണിന് ആരോഗ്യമേകും. സൂര്യന് അഭിമുഖമായി നിന്ന് കൈക്കുടന്നയിലോ പാത്രത്തിലോ വെള്ളമൊഴിച്ച് അതിലൂടെ സൂര്യനെ കാണുക.
അരയാലിന്റെ രണ്ട് പച്ചിലകള്‍ കണ്ണിനോടടുപ്പിച്ച് പിടിച്ച് അതിലൂടെ സൂര്യനെ നോക്കിയാലും മതി.
ഇരുണ്ടമുറിയില്‍ കത്തിച്ചുവെച്ച വിളക്ക് നോക്കിയിരിക്കുന്നത് കാഴ്ചശക്തിയും ഏകാഗ്രതയും വര്‍ധിപ്പിക്കാന്‍ സഹായിക്കും.
ഗീത ഹരിഹരന്‍
പുഷ്പ.എം
കാഴ്ചയുടെ ലോകം കംപ്യൂട്ടറില്‍ ഒതുക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കുക. നിങ്ങളുടെ കണ്ണുകള്‍ക്ക് 'വിഷ്വല്‍ ബ്രെയ്ക്' ആവശ്യമാണ്.
ദീര്‍ഘനേരം കംപ്യൂട്ടറില്‍ തന്നെ കണ്ണുംനട്ട് ജോലി ചെയ്യുമ്പോള്‍, കണ്ണുകള്‍ അടുത്തുള്ള വസ്തുവില്‍ മാത്രമേ ഫോക്കസ് ചെയ്യപ്പെടുന്നുള്ളു. അതുകൊണ്ട് ഇടയ്ക്ക് കുറച്ചുനേരം ദൂരെയുള്ള ഒരു വസ്തുവിലേക്ക് നോക്കണം. ഒരു മണിക്കൂറില്‍ അഞ്ച് മിനിറ്റെങ്കിലും ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്. പച്ചപ്പുള്ളിടത്തേയ്ക്കു നോക്കുന്നത്, മനസിനെന്നതുപോലെ കണ്ണുകള്‍ക്കും ഫ്രഷ്‌നെസ് പകരുന്നു.
തുടര്‍ച്ചയായി കംപ്യൂട്ടറിനു മുന്നിലിരുന്ന് ജോലി ചെയ്യുമ്പോള്‍, ഇടയ്ക്ക് അല്‍പനേരം കണ്ണടച്ചിരിക്കുന്നതും കണ്ണിന്റെ ആയാസം കുറയ്ക്കും. വെറുതെ ഇമ ചിമ്മുന്നതു പോലും കണ്ണുകളുടെ 'ഡ്രൈനസ്' കുറയ്ക്കും.
ആവശ്യത്തിന് പ്രകാശമുളളിടത്ത് കംപ്യൂട്ടര്‍ വയ്ക്കുക. കംപ്യൂട്ടറില്‍ ഗ്ലെയര്‍ അടിക്കാതെയും ശ്രദ്ധിക്കണം.
മോനിട്ടറില്‍ നിന്നും 20- 28 ഇഞ്ച് അകന്നിരിക്കുക.
ഇടയ്ക്ക് തണുത്ത വെള്ളം കൊണ്ട് കണ്ണുകള്‍ കഴുകണം.
കണ്ണുകള്‍ക്ക് ക്ഷീണം തോന്നുമ്പോള്‍, സീറ്റില്‍ നിവര്‍ന്നിരുന്ന ശേഷം ഉള്ളംകൈ രണ്ടും കൂട്ടിപ്പിടിച്ച് തിരുമ്മുക. കൈകളില്‍ ചൂട് അനഭവപ്പെടുമ്പോള്‍ ഉള്ളംകൈ കൊണ്ട് കണ്ണ് മെല്ലെ മൂടുക. ഒരു മിനിറ്റ് അങ്ങനെ ഇരിക്കുക. ഇങ്ങനെ ചെയ്താല്‍ കണ്ണുകളെ ക്ഷീണം കുറയും.
വൈകിട്ട് വീട്ടില്‍ വരുമ്പോള്‍, തണുപ്പിച്ച കട്ടന്‍ചായയില്‍ മുക്കിയ പഞ്ഞി കണ്ണുകള്‍ക്കു മുകളില്‍ വച്ച് 10 മിനിറ്റുനേരം വിശ്രമിക്കുന്നത് നല്ലതാണ്. അതുപോലെ, മുറിച്ച വെള്ളരിക്ക കണ്ണുകള്‍ക്കു മുകളില്‍ വയ്ക്കുന്നതും കണ്ണിന്റെ ക്ഷീണമകറ്റും.
ക്യാരറ്റ്, ഇലക്കറികള്‍, മുട്ട, പാല്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ കണ്ണിന്റെ ആരോഗ്യത്തിന് ഗുണപ്രദമാണ്.
കാഴ്ചക്കു മങ്ങല്‍, തലവേദന, കണ്ണുകള്‍ക്ക് അസ്വസ്ഥത, കംപ്യൂട്ടറില്‍ ജോലി ചെയ്തതിനു ശേഷം ദൂരെയുള്ള വസ്തുക്കളില്‍ നോക്കുമ്പോള്‍ ഫോക്കസ് ചെയ്യാന്‍ പ്രയാസം തോന്നുക തുടങ്ങിയ പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണാന്‍ മടിക്കരുത്.
ആരോഗ്യ സംരക്ഷണത്തില്‍ മറ്റേതൊരു അവയവത്തെക്കാളും സുപ്രധാനമാണ് നേത്രപരിചരണം. കമ്പ്യൂട്ടറും മറ്റും വ്യാപകമായതോടെ ഏറ്റവുമധികം പേര്‍ അനുഭവിക്കുന്ന ഒരു പ്രശ്‌നമാണ്'ഡ്രൈ ഐ'.
കണ്ണിന്റെ ആരോഗ്യത്തിന് ആവശ്യമായ ഒന്നാണ് കണ്ണുനീര്‍. കണ്ണിന് ഈര്‍പ്പവും രോഗങ്ങളില്‍ നിന്ന് പ്രതിരോധവും നല്‍കുന്നതിനൊപ്പം കണ്‍പോളകള്‍ക്കിടയില്‍ ലൂബ്രിക്കന്റായും ഇത് പ്രവര്‍ത്തിക്കുന്നു. കാഴ്ച ആയാസരഹിതമാക്കുന്നതിനൊപ്പം കണ്ണുകള്‍ക്ക് ആരോഗ്യം പ്രദാനം ചെയ്യുന്ന ഘടകവും കണ്ണുനീരാണ്. ചിലരുടെ കണ്ണുകളില്‍ ആവശ്യത്തിന് കണ്ണുനീര്‍ ഉത്പാദിപ്പിക്കുന്നില്ല. ചിലര്‍ക്കാകട്ടെ കണ്ണുനീര്‍ പെട്ടെന്ന് ബാഷ്പീകരിച്ചു പോകുന്നു. ഇത്തരം അവസ്ഥയെയാണ് 'ഡ്രൈ ഐ' എന്നു പറയുന്നത്.
കാരണങ്ങള്‍
പ്രായം കൂടുന്നതിനനുസരിച്ച് സ്വാഭാവികമായി ഉണ്ടാകാം.
ചില ഔഷധങ്ങളുടെ പാര്‍ശ്വഫലങ്ങള്‍ ആകാം.
വരണ്ടതും പൊടിപിടിച്ചതും ശക്തമായ കാറ്റടിക്കുന്നതുമായ അന്തരീക്ഷം അല്ലെങ്കില്‍, എയര്‍കണ്ടീഷന്‍, കണ്ണുനീര്‍ത്തുള്ളിയുടെ അമിതമായ ബാഷ്പീകരണം എന്നിവയെല്ലാം ഡ്രൈ ഐക്ക് കാരണമാകാം.
ദീര്‍ഘനാളത്തെ കോണ്‍ടാക്ട് ലെന്‍സ് ഉപയോഗം.
കമ്പ്യൂട്ടറിലേക്ക് അല്ലെങ്കില്‍, വീഡിയോ സ്‌ക്രീനിലേക്ക് തുടര്‍ച്ചയായി ഇമവെട്ടാതെ നോക്കിയിരിക്കുക.
കണ്‍പോളകള്‍ക്ക് മുകളില്‍ അല്ലെങ്കില്‍ ചുറ്റുമുള്ള ത്വക്‌രോഗങ്ങള്‍.
കണ്‍പോളകളിലുള്ള ഗ്രന്ഥിയെ ബാധിക്കുന്ന അസുഖങ്ങള്‍.
പ്രതിരോധശക്തിക്ക് വരുന്ന വ്യതിയാനം.
കണ്‍ജക്ടീവ സ്ഥിരമായി നീര് വന്ന്‌വീര്‍ക്കുക, കണ്‍പോളകള്‍ മുതല്‍ കണ്ണിന്റെ മുന്‍ഭാഗം വരെ കാണുന്ന കണ്ണിന്റെ പാളിക്ക് വരുന്ന രോഗങ്ങള്‍ അല്ലെങ്കില്‍ കണ്ണുനീര്‍ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിക്ക് വരുന്ന രോഗങ്ങള്‍.
കണ്ണില്‍ ചൊറിച്ചിലും പുകച്ചിലും അനുഭവപ്പെടുക.
കണ്ണില്‍ സദാ കരട് ഉള്ളതുപോലെ തോന്നുക.
വേദനയും കണ്ണുചുവക്കലും.
മ്യൂക്കസ് എന്ന ദ്രാവകം പുറന്തള്ളുക.
മങ്ങിയ കാഴ്ച.
എങ്ങനെ മനസ്സിലാക്കാം
കണ്‍പോളകളെ 20 സെക്കന്‍ഡ് നേരത്തേക്ക് പൂര്‍ണമായി വിടര്‍ത്തുക, കണ്ണില്‍ പുകച്ചില്‍ അല്ലെങ്കില്‍ വരണ്ട അവസ്ഥ അനുഭവപ്പെടുകയാണെങ്കില്‍ ഡ്രൈ ഐ ഉണ്ടെന്ന് മനസ്സിലാക്കാം. ഡ്രൈ ഐ കണ്ടുപിടിക്കാന്‍ വിവിധതരം ടെസ്റ്റുകള്‍ ഉണ്ട്. ഇത് ഡോക്ടറെ കണ്ട് ഡോക്ടറുടെ നിര്‍ദേശാനുസരണം ചെയ്യണം.
ശ്രദ്ധിക്കേണ്ടവ
കണ്ണ് ചിമ്മുന്ന വ്യായാമങ്ങള്‍ ചെയ്യുക.
കണ്‍പോളകള്‍ ചൂടുള്ള വെള്ളം ഉപയോഗിച്ച് കഴുകുക.
വശങ്ങളില്‍ കവറുള്ള ഗ്ലാസുകള്‍ ധരിക്കുക വഴി കണ്ണിലെ അമിതമായ ബാഷ്പീകരണം തടയാം.
പുക, പൊടി എന്നിവ ഒഴിവാക്കുക.
ധാരാളം വെള്ളം കുടിക്കുക.
പുകവലി, മദ്യപാനം ഉപേക്ഷിക്കുക.
കമ്പ്യൂട്ടര്‍ സ്‌ക്രീന്‍ കണ്‍നിരപ്പിനേക്കാള്‍ താഴ്ത്തിവെക്കുക.
ദീര്‍ഘസമയം കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ഇടയ്ക്ക് കണ്ണ് ചിമ്മുകയും കണ്ണിന് വ്യായാമം നല്‍കുകയും വേണം. ഇടയ്ക്കിടയ്ക്ക് സ്‌ക്രീനില്‍ നിന്ന് കണ്ണെടുത്ത് ദൂരേക്ക് നോക്കുന്നതും നന്നായിരിക്കും. എയര്‍ കണ്ടീഷണര്‍ ഉപയോഗിക്കാതിരിക്കുക.
വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. റോഷന്‍ ജോര്‍ജ്
റോഷന്‍ ഐ കെയര്‍ ആസ്പത്രി
തൃപ്പൂണിത്തുറ
കണ്ണിനുള്ളിലെ നേര്‍ത്തപടലത്തെ ബാധിക്കുന്ന നീര്‍വീക്കവും വേദനയുമാണ് ചെങ്കണ്ണ് എന്ന രോഗം. വേനല്‍ക്കാലത്താണ് ഈ രോഗം കൂടുതലായും പടര്‍ന്നുപിടിയ്ക്കുന്നത്. വൈറസുകളാണ് ചെങ്കണ്ണ് രോഗത്തിന് അടിസ്ഥാനകാരണം.
കണ്ണ് ചുവന്നിരിക്കുക, രാവിലെ എഴുന്നേല്ക്കുമ്പോള്‍ കൊഴുപ്പ് നിറഞ്ഞ് ഒട്ടിയിരിക്കുക, ചൊറിച്ചില്‍, കണ്ണില്‍ പൊടി വീണതുപോലെ തോന്നുക എന്നിവയൊക്കെയാണ് ചെങ്കണ്ണ് രോഗത്തിന്റെ സാധാരണ ലക്ഷണങ്ങള്‍. വൈറസ് ബാധമൂലവും ബാക്ടീരിയയുടെ പ്രവര്‍ത്തനത്താലും ഈ രോഗാവസ്ഥ ആരംഭിക്കാം.
രോഗി ഉപയോഗിച്ച തോര്‍ത്ത്, കര്‍ച്ചീഫ്, സോപ്പ് എന്നിവയില്‍ കൂടിയും രോഗിയുടെ കണ്ണുനീരിന്റെ അംശം മറ്റൊരാളുടെ കണ്ണുകളില്‍ പുരണ്ടാലും ചെങ്കണ്ണ് ഉണ്ടാകാവുന്നതാണ്.രോഗം വേഗത്തില്‍ സുഖപ്പെടുന്നതിനായി ചിലകാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കണ്ണുകള്‍ തിരുമ്മുകയോ കൂടുതല്‍ ചൂടും വെളിച്ചവും ഏല്‍ക്കുകയോ ചെയ്യതുത്. തുളസിയിലയിട്ട് തിളപ്പിച്ചാറിയ വെള്ളം കൊണ്ട് കണ്ണ് നിത്യവും രണ്ട് നേരം കഴുകുന്നത് നല്ലതാണ്. സാംക്രമിക രോഗമായതിനാല്‍ കൈകളും ഉപയോഗിച്ച തുണികളും അണുനാശിനി ചേര്‍ത്ത വെള്ളത്തില്‍ കഴുകണം. ചെങ്കണ്ണ് രോഗത്തിന് താഴെ പറയുന്ന ലഘുചികിത്സകള്‍ ഗുണകരമാണ്.
തുളസിയില ഇട്ട് തിളപ്പിച്ചാറിയ വെള്ളം രണ്ട് തുള്ളിവീതം കണ്ണില്‍ ഒഴിക്കുക.
വിറ്റാമിന്‍ സി അടങ്ങിയ ചെറുനാരങ്ങ, ഓറഞ്ച് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
കണ്ണില്‍ അമിതചൂട് അനുഭവപ്പെടുന്നുവെങ്കില്‍ ഇളനീര്‍ വെള്ളം അല്ലെങ്കില്‍ പനിനീര് രണ്ട് തുള്ളി കണ്ണില്‍ ഒഴിക്കുക.
യൂഫ്രേഷ്യ, ഐ.ബ്രൈറ്റ് തുടങ്ങിയ ഹോമിയോ മരുന്നുകള്‍ ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരം കണ്ണില്‍ ഒഴിക്കുക.
ഡോ. മനുകുമാര്‍,
ചെമ്പന്തൊട്ടി
കാഴ്ച്ച നഷ്ടപ്പെടുകയെന്നത് ആര്‍ക്കും അത്ര സന്തോഷകരമായ കാര്യമല്ല . കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വിലയറിയില്ല എന്ന ചൊല്ല് നമ്മുടെയൊക്കെ ജീവിതരീതിയുമായി ബന്ധപ്പെടുത്തി നോക്കുമ്പോള്‍ വളരെ ശരിയാണ്. കാഴ്ച്ചയ്ക്ക് മങ്ങലേല്‍ക്കുന്ന വരെ നാം കണ്ണുകളെ കുറിച്ചോര്‍ക്കുന്നില്ല എന്നുള്ളതാണ് സത്യം. പൂര്‍ണമായ കാഴ്ച്ചയുള്ളപ്പോഴും കണ്ണുകള്‍ക്ക് കൃത്യമായ പരിചരണം ലഭിക്കേണ്ടതുണ്ടെന്ന് നാം മനസ്സിലാക്കണം. ഇവിടെയിതാ കണ്ണുകളെ സംരക്ഷിക്കാനുള്ള പത്ത് നിര്‍ദ്ദേശങ്ങള്‍.
♦ പുകവലി ഒഴിവാക്കുക
നിങ്ങള്‍ പുകവലിക്കുന്ന ആളാണെങ്കില്‍ പ്രായസംബന്ധിതമായ കാഴ്ച്ചക്കുറവ് ഉണ്ടാവാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. 65 കഴിഞ്ഞവരിലെ അന്ധതയ്ക്കുള്ള മുഖ്യകാരണമായി വരുന്നതും പുകവലി തന്നെയാണ്. ഇതിന്റെ വേഗത കുറയ്ക്കാന്‍ സാധിക്കുമെങ്കിലും പരിഹാരമാര്‍ഗ്ഗമൊന്നുമില്ല. അതിനാല്‍ പുകവലി ഒഴിവാക്കുക തന്നെയാണ് വഴി.
♦ കാഠിന്യമേറിയ സൂര്യപ്രകാശത്തിലിറങ്ങുമ്പോള്‍ സണ്‍ഗ്ലാസ് ധരിക്കുകയോ വീതി കൂടിയ തൊപ്പി ധരിക്കുകയോ ചെയ്യുക
അള്‍ട്രാ വയലറ്റ് രശ്മികള്‍ കണ്ണുകള്‍ക്ക് ആഘാതമേല്‍പ്പിക്കുന്നത് കുറയ്ക്കാനുള്ള ലളിതമായ മാര്‍ഗ്ഗങ്ങളാണ് ഇവ. നിങ്ങള്‍ കോണ്ടാക്റ്റ് ലെന്‍സ് ധരിക്കുന്നവരാണെങ്കില്‍ നേത്രരോഗ വിദഗ്ദനെ സമീപിച്ച് ഇത് അള്‍ട്രാവയലറ്റ് പ്രോട്ടക്ഷന്‍ ഉള്ളതാണെന്ന് ഉറപ്പുവരുത്തുക.
♦ ശരീരഭാരം ശ്രദ്ധിക്കുക
ശരീരഭാരവും കണ്ണുകളും തമ്മിലെന്ത് ബന്ധം എന്നാവും അല്ലേ? എന്നാല്‍ ബന്ധമുണ്ട്. അമിതഭാരം എന്നത് ടൈപ് ടു ഡയബറ്റിസിനുള്ള കാരണങ്ങളിലൊന്നാണ്. കണ്ണുകളിലെ റെറ്റിനയെ ബാധിക്കുന്നത് 65 കഴിഞ്ഞവരിലെ അന്ധതയ്ക്കുള്ള ഒരു കാരണമാണ്. അതുമാത്രമല്ല, ഇത് ഭാരമേറിയ സ്ത്രീകളില്‍ 30 ശതമാനത്തോളം തിമിര സാധ്യതയുണ്ടാക്കുന്നുവെന്നും പഠനങ്ങളുണ്ട്. രക്തത്തിലെ അധിക ഗ്രൂക്കോസുമായി ബന്ധപ്പെട്ടാണ് ഈ പ്രശ്‌നമുണ്ടാവുന്നത്.
♦ മീനെണ്ണയടങ്ങിയ പദാര്‍ത്ഥങ്ങളോ മത്സ്യാഹാരമോ ശീലമാക്കുക
മത്സ്യങ്ങളിലും മറ്റ് ആഹാരങ്ങളിലുമടങ്ങിയിട്ടുള്ള ഓമേഗാ 3 ഫാറ്റി ആസിഡുകള്‍ കാഴ്ച്ചക്കുറവുണ്ടാവാനുള്ള സാധ്യത കുറയ്ക്കുന്നു. അതേ സമയം ആഹാരത്തിലെ വെജിറ്റബില്‍ എണ്ണയുടെ ഉപയോഗവും കുറയ്ക്കാന്‍ ശ്രദ്ധിക്കുക. കാരണം അത് കാഴ്ച്ച ശക്തിയെ ബാധിക്കാനുള്ള സാധ്യതയുണ്ടെന്ന് പഠനങ്ങളുണ്ട്.
♦ ദിവസവും മൂന്നോ അതിലധികമോ തവണ പഴങ്ങള്‍ കഴിക്കുക
ഇതുവഴി കാഴ്ച്ച ശക്തികുറയുന്ന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. പഴങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് കണ്ണുകളെ പോലെ തന്നെ ശരീരത്തിന്റെ മറ്റു അവയവങ്ങള്‍ക്കും ഗുണകരമാണ്.
♦ ചീര കഴിക്കുക
ലൂട്ടിന്‍, സീക്‌സാന്തിന്‍ എന്നീ പോഷകങ്ങളും ആന്റി ഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയ ചീര കാഴ്ച്ചയുമായി ബന്ധപ്പെട്ട രോഗങ്ങളെ ചെറുക്കുന്നു. മറ്റു ഇലക്കറികളിലും ഇത്തരം പോഷകങ്ങള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
♦ നേത്രരോഗ വിദഗ്ദനെ രണ്ടു വര്‍ഷത്തില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കുക
കണ്ണുകളുടെ സംരക്ഷണത്തിന് ഉചിതമായ മാര്‍ഗ്ഗങ്ങളിലൊന്നാണ് ഇത്. രണ്ടു വര്‍ഷത്തില്‍ ഒരിക്കലെങ്കിലും നേത്രരോഗ വിദഗ്ദനെ സന്ദര്‍ശിച്ച് കണ്ണു പരിശോധന നടത്തുക. ഇത് രോഗാവസ്ഥകളെ കുറിച്ച് മുന്‍കൂര്‍ വിവരങ്ങള്‍ ലഭിക്കാന്‍ സഹായകരമാകും.
♦ ദിവസവും 30 മിനിറ്റ് നടക്കുക
ദിവസേനയുള്ള വ്യായാമം ഗ്ലൂക്കോമയുള്ളവരില്‍ കണ്ണുകളിലേക്കെത്തുന്ന സമ്മര്‍ദ്ദത്തെ കുറയ്ക്കും. ഇതുവഴി ഗ്ലൂക്കോമ മരുന്നുകളുടെ ഉപയോഗം കുറയ്ക്കാനാവും.
♦ കണ്ണുകളുടെ മേക്കപ്പ് ആറ് മാസത്തിലൊരിക്കല്‍ മാറ്റുക
അതായത് മസ്‌കാര, ലൈനര്‍, പൗഡര്‍ തുടങ്ങിയവയില്‍ മാറ്റങ്ങള്‍ വരുത്തുക. മേക്കപ്പുകള്‍ വഴി ബാക്ടീരിയ കണ്‍പീലികളേയും കണ്‍പോളയെയും ബാധിക്കാം. ഇത് കണ്ണൂകള്‍ക്ക് ദോഷകരമായി മാറിയേക്കാം.
♦ ദിവസേന ധരിക്കുന്ന കോണ്ടാക്റ്റ് ലെന്‍സുകള്‍ ധരിച്ച് ഉറങ്ങിപോകാതിരിക്കുക
ഇത് മാത്രവുമല്ല നിര്‍ദ്ദേശിച്ചിരിക്കുന്ന സമയപരിധിക്കപ്പുറം കോണ്ടാക്റ്റ് ലെന്‍സ് ഉപയോഗിക്കാതിരിക്കുക. രാത്രിയിലും ധരിക്കാന്‍ സാധിക്കുന്ന കോണ്ടാക്റ്റ് ലെന്‍സുകള്‍ വേണമെങ്കില്‍ നേത്രരോഗ വിദഗ്ദനെ സമീപിച്ച് അനുയോജ്യമായത് സ്വന്തമാക്കുക.
കണ്ണുകള്‍ക്ക് അസ്വസ്ഥതയും മറ്റ് പ്രയാസങ്ങളും അനുഭവിക്കാത്തവര്‍ ഇപ്പോള്‍ വിരളമായിരിക്കും. മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ എന്നിവയുടെയെല്ലാം ദിവസേനയുള്ള ഉപയോഗം കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യുന്നുണ്ട്. പല അസ്വസ്ഥതകളും ഇതിന്റെ ഭാഗമായുണ്ടാകുന്നു. എന്നാല്‍ ഈ അസ്വസ്ഥതകള്‍ കുറയ്ക്കുന്നതിന് ചില ലളിതമായ വ്യായാമങ്ങളിലൂടെ സാധിക്കും.
ഇവിടെയിതാ കണ്ണുകള്‍ക്കായി ചില ലളിതമായ വ്യായാമങ്ങള്‍
കൈകള്‍ കൊണ്ട് ചൂട് പിടിക്കുക
നിങ്ങളുടെ കൈകള്‍ ഇളം ചൂടുവരുന്നതുരെ 10-15 മിനിറ്റ് കൂട്ടിയുരക്കുക. എന്നിട്ട് അവ നിങ്ങളുടെ കണ്ണുകള്‍ക്ക് മുകളില്‍ വെക്കുക. കൃഷ്ണമണിയില്‍ നേരിട്ട് കൈകള്‍ അമരാതെ കൈകള്‍ പതുക്കെ വേണം വെക്കാന്‍. ഇങ്ങനെ കണ്ണുകള്‍ക്ക് ചൂടൂ നല്‍കുന്നത് കണ്ണുകളിലെ പേശികള്‍ക്ക് ഗുണം ചെയ്യും.
കണ്ണുകള്‍ ആവര്‍ത്തിച്ച് അടയ്ക്കുക
ഓരോ മൂന്ന്-നാല് സെക്കന്‍ഡുകളിലും കണ്ണുകള്‍ ചിമ്മുന്നത് കണ്ണുകളിലെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സാധിക്കും. കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോഴും ടിവി കാണുമ്പോഴുമെല്ലാം നമ്മള്‍ കണ്‍ ചിമ്മാന്‍ മറന്നുപോവാറുണ്ട്. അല്‍പനേരമെങ്കിലും കണ്ണുകള്‍ ചിമ്മി കണ്ണുകള്‍ക്ക് വിശ്രമം നല്‍കുക.
ദൂരെയുള്ള വസ്തുവില്‍ ദൃഷ്ടി പതിപ്പിക്കുക
ആറ് മുതല്‍ പത്ത് മീറ്റര്‍ അകലെയുള്ള ഒരുവസ്തുവില്‍ ദൃഷ്ടിപതിപ്പിച്ച് തലയനക്കാതെ അല്‍പനേരം നോക്കി നില്‍ക്കുക. ഇത് കണ്ണുകളിലെ ചില പേശികളുടെ തളര്‍ച്ച കുറയ്ക്കാന്‍ സഹായിക്കും.
കണ്ണുകള്‍ ചുഴറ്റുക
കണ്ണുകള്‍ തുറന്നു പിടിച്ച്. കൃഷ്ണമണി വൃത്താകൃതിയില്‍ ചലിപ്പിക്കുക. ഇത് നാല് തവണയെങ്കിലും ആവര്ത്തിക്കുക എന്നിട്ട് കണ്ണുകളടച്ച് നിങ്ങളുടെ ശ്വാസോച്ഛാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അല്‍പനേരം വിശ്രമിക്കുക.
നിങ്ങളുടെ ശരീരത്തിന്റെ പൊതുവായ ആരോഗ്യസ്ഥിതി എന്താണെന്ന് നിങ്ങളുടെ കണ്ണുകളിലൂടെ വ്യക്തമാക്കും. ഇതാ നിങ്ങളുടെ കണ്ണുകള്‍ നിരീക്ഷിച്ച് നിങ്ങളുടെ ശരീരത്തിലെ അസുഖങ്ങളെ തിരിച്ചറിയാനുള്ള ചില വഴികള്‍
കണ്ണുകളില്‍ രക്തം: നിങ്ങളില്‍ രക്തസമ്മര്‍ദ്ദം ഉണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. നിങ്ങളിലുള്ള രക്തസമ്മര്‍ദ്ദം കണ്ണിലെ ധമനികളെ ചുരുട്ടുകയും അത് ധമനികളിലേക്ക് വഴിവെച്ചുവെന്നും കണ്ണുകളിലെ ധമനികള്‍ പൊട്ടി രക്തം വരുന്നതിലൂടെ മനസ്സിലാക്കാം. ഈ രക്ത സമ്മര്‍ദ്ദം ഹൃദയാഘാതത്തിനോ സ്‌ട്രോക്കിനോ കാരണമാക്കാം. രക്ത സമ്മര്‍ദ്ദം കുറയുക്കുവാന്‍ ആഹാരത്തില്‍ സോഡിയത്തിന്റ അളവ് പരമാവധി കുറയ്ക്കുക. പകരം പോട്ടാസ്യം ധാരാളം അടങ്ങിയ ആഹാരങ്ങള്‍ ശീലമാക്കുക.
കണ്ണുകളില്‍ വരള്‍ച്ച അനുഭവപ്പെടുന്നു: തുടര്‍ച്ചയായി കണ്ണില്‍ വരള്‍ച്ച അനുഭവപ്പെടുന്നുണ്ടെങ്കില്‍ അല്ലെങ്കില്‍ പ്രകാശത്തില്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കില്‍ പ്രശ്‌നം അല്‍പ്പം ഗുരുതരമാണ്. ഇത് ചിലപ്പോള്‍ ജോഗ്രിന്‍ (Sjogren) പോലുള്ള ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങളാവാന്‍ സാധ്യതയുണ്ട്.ശ്വേതരക്താണുക്കള്‍ ഈര്‍പ്പമുണ്ടാക്കുന്ന ഗ്രന്ഥികളെ നശിപ്പിക്കുകയും അതിന്റെ ഫലമായി കണ്ണില്‍ വരള്‍ച്ച അനുഭവപ്പെടുകയും ചെയ്യുന്നു എന്നതാണിതിന്റെ പ്രത്യേകത.
കണ്ണില്‍ ചോറിച്ചില്‍ അനുഭവപ്പെടുന്നു: ഇത് നിങ്ങളില്‍ അലര്‍ജ്ജിയുണ്ടെന്നാണ് കാണിക്കുന്നത്. ചൊറിച്ചിലിനു കാരണമാകുന്ന ഹിസ്റ്റാമിന്‍സ്( histamines) നിങ്ങളുടെ ശരീരം ഉല്പാദിപ്പിക്കുന്നുണ്ട്. കണ്ണിനു പുറമെ ചര്‍മ്മം, മൂക്ക്, തൊണ്ട എന്നിവയെയും ഇത് ബാധിക്കാം.
കണ്ണില്‍ മഞ്ഞ നിറം: ഇത് മഞ്ഞപ്പിത്തത്തിന്റെ ലക്ഷണമാണ്. രക്തത്തില്‍ ബിലിറുബിന്റെ (bilirubin) അളവ് വര്‍ദ്ധിക്കുന്നതാണ് ഈ മഞ്ഞ നിറത്തിനു കാരണം. കരളിന്റെ പ്രവര്‍ത്തനം തകരാറിലാവുമ്പോഴാണ് ഈ പ്രശ്‌നം ഉണ്ടാവുന്നത്.
നിങ്ങള്‍ നിങ്ങളുടെ കണ്ണട ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ കാഴ്ച്ചക്കുറവ് നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ? ഇതെല്ലാം പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങളാണെന്ന് നിങ്ങല്‍ കരുതുന്നുണ്ടാകും അല്ലേ? എന്നാല്‍ പേടിക്കണ്ട പരിഹാരമുണ്ട്. കാഴ്ച്ചശക്തി മികച്ചരീതിയില്‍ തിരിച്ചുകിട്ടാന്‍ സഹായിക്കുന്ന നിങ്ങള്‍ക്ക് നിങ്ങളുടെ വീട്ടില്‍ നിന്നുതന്ന ചെയ്യാവുന്ന ചില മാര്‍ഗ്ഗങ്ങളിതാ…
താഴെ തന്നിരിക്കുന്ന പരിഹാരമാര്‍ഗ്ഗങ്ങള്‍ സാധാരണവും ഫലപ്രദവുമാണ് . ക്രമേണ നിങ്ങളുടെ കാഴ്ച്ചശക്തിയെ തിരിച്ചുകൊണ്ടുവരാന്‍ ഇത് സഹായിക്കും…
1. ഉണങ്ങിയ പഴങ്ങള്‍ കഴിക്കുക
6-10 എണ്ണം ബദാം, 15 ഉണക്കമുന്തിരി, രണ്ട് അത്തിപ്പഴം എന്നിവ രാത്രി കുതിര്‍ത്തുവെക്കുക. പിറ്റേദിവസം കാലത്ത് വെറും വയറ്റില്‍ കഴിക്കുക. ഇതില്‍ അടങ്ങിയിരുക്കുന്ന നാരുകളും വിറ്റാമിനുകളും ശരീരത്തിന്റെ ദഹനപ്രവര്‍ത്തനങ്ങളെ മികച്ചതാക്കുകയും ശരീരത്തിലെ വീഷാംശങ്ങളെ ഉന്‍മൂലനം ചെയ്യുകയും ചെയ്യുന്നു. ഇത് കണ്ണിന്റെ ആരോഗ്യപ്രശ്‌നങ്ങളില്ലാതാക്കാനും സഹായിക്കും.
2. പഞ്ചസാരയും മല്ലിയും ചേര്‍ത്ത ഐ ഡ്രോപ്
13 എന്ന അനുപാതത്തില്‍ പഞ്ചസാരയും മല്ലിയുമെടുക്കുക. നല്ല കുഴമ്പ് പരുവം ആകുന്നതുവരെ ഇവ അരച്ചെടുക്കുക. ഈ മിശ്രിതം വെള്ളത്തിലിട്ട് തിളപ്പിച്ച് ഒരുമണിക്കുര്‍ മൂടി വെക്കുക. വൃത്തിയുള്ള പരുത്തി തുണി ഉപയോഗിച്ച് ഇത് അരിച്ചെടുക്കുക. ഈ ലായനി ഐ ഡ്രോപ് ആയി ഉപയോഗിക്കാവുന്നതാണ്.
3. കാരറ്റ്-നെല്ലിക്ക ജ്യൂസ്
ഒരു കപ്പ് കാരറ്റിന്റെയും നെല്ലിക്കയുടേയും ജ്യൂസ് വെറും വയറ്റില്‍ കഴിക്കുന്നത് നല്ലതാണ്. കാരറ്റും നെല്ലിക്കയും വിറ്റാമിന്‍ എ യുടെയും ആന്റിഓക്‌സിഡന്റുകളുടെയും വലിയോരു സ്രോതസാണ്.
4. ചെമ്പ് പാത്രത്തില്‍ സൂക്ഷിച്ച വെള്ളം കുടിക്കുക
ഒരു രാത്രി മുഴുവന്‍ ചെമ്പുപാത്രത്തില്‍ സൂക്ഷിച്ച വെളളം കാലത്ത് കുടിക്കുക. കണ്ണിനും മറ്റു പ്രധാപ്പെട്ട അവയവങ്ങള്‍ക്കും ഗുണപ്രദമായ അനേകം മൂലികകള്‍ ചെമ്പ് നല്കുന്നു.
5. തേനും ബദാമും ചേര്‍ത്ത് കഴിക്കുക
ബദാം ചൂടുവെള്ളത്തില്‍ കുതിര്‍ക്കുക . അതിന്റെ തൊലി ചുരണ്ടി കളയുക. ഇത് ഒരു ടീസ്പൂണ്‍ തേനില്‍ ചേര്‍ത്ത് ദിവസേന കഴിക്കുന്നത് കാഴിച്ച ശക്തി വര്‍ധിപ്പിക്കും.
6. കുരുമുളകും തേനും ചേര്‍ത്ത് കഴിക്കുക
ഒരല്‍പം കുരുമുളക് ഒരു ടീസ്പൂണ്‍ തേനില്‍ ചേര്‍ത്ത് ദിവസേന കഴിക്കുന്നത് കാഴ്ച്ചശക്തി മികച്ചതാക്കാന്‍ സഹായിക്കും.
7. മണ്‍കുഴമ്പ് പുരട്ടുക
കണ്ണിനെ ശാന്തമാക്കാനും ഉന്‍മേഷമുണ്ടാകുമാനും കണ്‍പോളകള്‍ക്കുമുകളില്‍ മണ്‍കുഴമ്പ് പുരട്ടുന്നത് നല്ലതാണ്. ഞരമ്പുകളെ അയക്കാനും സമ്മര്‍ദ്ദം
കുറക്കുവാനും ഇത് സഹായിക്കും.
8. ചീരയും അയമോദകവും ചേര്‍ന്ന പാനീയം
നല്ല ചീരയും അയമോദകവും ചേര്‍ത്ത പാനീയം ദിവസേന കഴിക്കുക. ചീരയിലടങ്ങിയിരിക്കുന്ന കരോട്ടിനോയിഡും അയമോദകത്തിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി,സി എന്നിവയും കാഴ്ച്ചശക്തി കുറയുന്നതിനെ തടയുന്നു.
9. തേനും ഏലയ്ക്കയും
അല്പം എലക്ക വിത്തിലേക്ക് ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് കഴിക്കുക. കാഴ്ച്ചയെ സഹായിക്കുന്ന മറ്റൊരു മാര്‍ഗ്ഗമാണ്.
ഈ മാര്‍ഗ്ഗങ്ങള്‍ക്കെല്ലാമപ്പുറം നിങ്ങള്‍ കൃത്യമായ പഥ്യവും വൃത്തിയും ഉറപ്പുവരുത്തേണ്ടതുണ്ട്
കണ്ണിന്റെ ആരോഗ്യം ചില പോഷകങ്ങളെ ആശ്രയിച്ചിരിക്കുന്നു. വിറ്റാമിനുകളായ എ,സി എന്നിവ, ബയോഫ്‌ളവനോയിഡുകള്‍, കരോട്ടിനോയിഡുകള്‍. ഒമേഗ-3 ഫാറ്റി ആസിഡ്‌സ്, എന്നിവയടങ്ങിയ ഭക്ഷണ രീതി നിങ്ങളുടെ കാഴ്ച്ച ശക്തിയെ ഏറെ മെച്ചപ്പെടുത്തുന്നു.
ചീര, മധുരക്കിഴങ്ങ്, കാബേജ്, മസ്റ്റാര്‍ഡ് ലീവ്‌സ്, എന്നിവയില്‍ വിറ്റമിന്‍ എ ധാരാളമായി അടങ്ങിയിരിക്കുന്നു. അള്‍ട്രാവയലറ്റ് രശ്മികളിസല്‍ നിന്നും കണ്ണുകളെ സംരക്ഷിക്കുന്നു. കാരറ്റ് കഴിക്കുന്നത് നിശാന്തതയെ തടയാന്‍ സഹായിക്കുന്നു. കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍ സി കുരുമുളകില്‍ അടങ്ങിയിരിക്കുന്നു.
വൃത്തിയും സംരക്ഷണവും
കമ്പൂട്ടര്‍ മോണിറ്ററിന്റെയും ടെലിവിഷന്‍ സ്‌ക്രീനിന്‌റെയും അടുത്തിരിക്കരുത്, ഇടക്കിടക്ക് ഇവയില്‍ നിന്ന് കണ്ണെടുക്കുക.
നീന്തുമ്പോള്‍ കണ്ണുളില്‍ സ്വിമ്മിംഗ് ഗോഗിള്‍സ് ധരിക്കുക
കൈകള്‍ നിരന്തരം വൃത്തിയാക്കുക, ഐ ഡ്രോപ് ഉപയോഗിക്കുന്നത്. കണ്ണിലെ വരള്‍ച്ച തടയും.
നല്ലവെളിച്ചമുള്ളിടത്തു നിന്ന് മാത്രം വായിക്കുകയും ജോലിചെയ്യുകയും ചെയ്യുന്നത് കണ്ണിന്റെ പ്രയാസമകറ്റും.
കണ്ണിനു വ്യായാമം നല്‍കുക, കണ്ണുകളടക്കുന്നതും . കണ്ണുകളില്‍ സാവധാനം തടവുന്നതും നല്ലതാണ്.
ഇത്തരം ചില മാര്‍ഗ്ഗങ്ങള്‍ പിന്തുടര്‍ന്നത് നിങ്ങളുടെ കാഴ്ച്ചയെ സഹായിക്കും. അതേസമയം ആരോഗ്യപരമായ ഭക്ഷണരാതിയും വൃത്തിയും സംരക്ഷണവും കണ്ണിന്റെ ആരോഗ്യത്തിന്‍ ആവശ്യമാണ്
കണ്ണിനുള്ളിലെ നേര്‍ത്തപടലത്തെ ബാധിക്കുന്ന നീര്‍വീക്കവും വേദനയുമാണ് ചെങ്കണ്ണ് എന്നറിയപ്പെടുന്ന രോഗം. സാധാരണയായി വേനല്‍ക്കാലത്താണ് ഇത്തരം രോഗങ്ങള്‍ കൂടുതലായി കാണുക.
മദ്രാസ് ഐ എന്നും അറിയപ്പെടുന്ന ചെങ്കണ്ണ് എന്ന അസുഖത്തിന്റെ ആംഗലേയ ശാസ്തീയ നാമം Conjunctivitis എന്നാണ്. വിദേശ രാജ്യങ്ങളില്‍ ‘പിങ്ക് ഐ’ എന്നും അറിയപ്പെടുന്നു.
ഇതു കണ്ണിന്റെ പുറത്തെ പാളിയായ കണ്‍ജങ്ക്‌റ്റൈവ എന്ന കോശ ഭിത്തിയില്‍ വൈറസോ, ബാക്ടിരിയയോ മറ്റു വസ്തുക്കളോ മൂലമോ വരാം. തല്‍ഫലമായി ഈ ഭാഗത്തേയ്ക്ക് കൂടുതല്‍ രക്തപ്രവാഹം ഉണ്ടാകുകയും അതു മൂലം കണ്ണ് ചുവന്നു കാണപ്പെടുകയും ചെയ്യുന്നു.
വൈറസുകളാണ് ചെങ്കണ്ണ് രോഗത്തിന് അടിസ്ഥാനകാരണം. കണ്ണ് ചുവന്നിരിക്കുക, രാവിലെ എഴുന്നേല്ക്കുമ്പോള്‍ കൊഴുപ്പ് നിറഞ്ഞ് ഒട്ടിയിരിക്കുക, ചൊറിച്ചില്‍, കണ്ണില്‍ പൊടി വീണതുപോലെ തോന്നുക എന്നിവയാണ് ചെങ്കണ്ണിന്റെ ലക്ഷണങ്ങള്‍.
ചെങ്കണ്ണ് രോഗബാധയുള്ളവര്‍ പരമാവധി പൊതുസ്ഥലങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് ഉത്തമം. പൊടിപടലങ്ങളും മറ്റും ഉള്ള സ്ഥലത്ത് ചെല്ലുന്നത് അസുഖം കൂടുതലാവാന്‍ കാരണമാകും.
രോഗി ഉപയോഗിച്ച തോര്‍ത്ത്, കര്‍ച്ചീഫ്, സോപ്പ് എന്നിവയില്‍ കൂടിയും രോഗിയുടെ കണ്ണുനീരിന്റെ അംശം മറ്റൊരാളുടെ കണ്ണുകളില്‍ എത്തിയാലും ചെങ്കണ്ണ് പകരും.
രോഗം വേഗത്തില്‍ സുഖപ്പെടുന്നതിനായി ചിലകാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കണ്ണുകള്‍ തിരുമ്മുകയോ കൂടുതല്‍ ചൂടും വെളിച്ചവും ഏല്‍ക്കുകയോ ചെയ്യതുത്.
തുളസിയിലയിട്ട് തിളപ്പിച്ചാറിയ വെള്ളം കൊണ്ട് കണ്ണ് നിത്യവും രണ്ട് നേരം കഴുകുന്നത് നല്ലതാണ്. സാംക്രമിക രോഗമായതിനാല്‍ കൈകളും ഉപയോഗിച്ച തുണികളും അണുനാശിനി ചേര്‍ത്ത വെള്ളത്തില്‍ കഴുകണം.
മഴയും വെയിലും മാറി മാറി വരുന്ന ഈ കാലാവസ്ഥയില്‍ പടര്‍ന്ന് പിടിക്കുന്ന രോഗമാണ് ചെങ്കണ്ണ്. വേണ്ടത്ര ജാഗ്രത പാലിച്ചില്ലെങ്കില്‍ വൈറസ്, ബാക്ടീരിയ എന്നിവ മൂലമുണ്ടാകുന്ന ഈ സാംക്രമികരോഗം നിങ്ങളെയും പിടി കൂടാം.
കണ്ണില്‍ ചുവപ്പ് നിറം, വേദന, ചൊറിച്ചിലും അസ്വസ്ഥതയും, കണ്‍പോളകളില്‍ വീക്കം, പീള അടിയുക, വെളിച്ചത്തേക്ക് നോക്കുമ്പോള്‍ കണ്ണില്‍നിന്നു വെള്ളം ഒഴുകുക, കണ്ണില്‍ നീരുവയ്ക്കുക, എന്നിവയാണ് സാധാരണ കണ്ടു വരുന്ന രോഗലക്ഷണങ്ങള്‍. രോഗം സ്ഥിരീകരിച്ചാലുടന്‍ സ്വയം ചികിത്സക്ക് നില്‍ക്കാതെ ഡോക്ടറെ കണ്ട് ചികിത്സ തേടണം.
പെട്ടെന്ന് പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ള രോഗമായതിനാല്‍ രോഗിയുമായുള്ള സമ്പര്‍ക്കം കഴിവതും ഒഴിവാക്കണം. ചെങ്കണ്ണ് ബാധിച്ചവര്‍ വ്യക്തി ശുചിത്വം പാലിക്കേണ്ടത് അനിവാര്യമാണ്. രോഗികള്‍ ഉപയോഗിച്ച തോര്‍ത്ത്, ടവ്വല്‍, സോപ്പ് എന്നിവ ഉപയോഗിക്കാതിരിക്കാന്‍ മറ്റുള്ളവര്‍ ശ്രദ്ധിക്കണം.
ചെങ്കണ്ണ് ബാധിച്ചവര്‍ മരുന്നുകള്‍ കൃത്യമായി കഴിക്കുകയും തിളപ്പിച്ചാറിയ വെള്ളം ഉപയോഗിച്ച് കണ്ണ് കഴുകുകയും ചെയ്യുന്നത് രോഗം ഭേദമാക്കാന്‍ സഹായിക്കും. രാവിലെ ഉറക്കമെഴുന്നേല്‍ക്കുമ്പോള്‍ പീളകെട്ടി കണ്‍പോളകള്‍ ഒട്ടിപ്പിടിച്ച നിലയിലാണെങ്കില്‍ ശുദ്ധജലം ഉപയോഗിച്ച് കണ്ണുകള്‍ കഴുകുകയോ വൃത്തിയുള്ള കോട്ടണ്‍ നനച്ച് കണ്ണുകള്‍ തുടക്കുകയോ ചെയ്യണം.
ചെങ്കണ്ണ് മാറാനായി ആയുര്‍വേദം നിര്‍ദേശിക്കുന്ന ചില ഒഷധക്കൂട്ടുകളുണ്ട്.പച്ചനെല്ലിക്കാനീരു കണ്ണില്‍ ഒഴിക്കുന്നതും വയമ്പ് മുലപ്പാലിലരച്ച് കണ്ണില്‍ ഇറ്റിക്കുന്നതും ഫലപ്രദമാണ്.
തുളസിയിലയിട്ട് തിളപ്പിച്ചാറിയ വെള്ളം കൊണ്ട് കണ്ണ് നിത്യവും രണ്ട് നേരം കഴുകുന്നതും ചെങ്കണ്ണിന് പരിഹാരമാണ്
കമ്പ്യൂട്ടര്‍ സ്‌ക്രീനുകളിലേക്കും മൊബൈല്‍ സ്‌ക്രീനിലേക്കും കൂടുതല്‍ നേരം നോക്കി നില്‍ക്കുന്നത് കണ്ണിന് തകരാറാണ്. ഇത് തലവേദനയ്ക്കും കണ്ണ് വേദനയ്ക്കും മറ്റും കാരണമാകും.
കണ്ണുകളും സ്‌ട്രെയിന്‍ കുറയ്ക്കാനും അതുവഴി ഈ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും ചില വ്യായാമങ്ങളിലൂടെ സാധിക്കും.
കൈതിരുമ്മല്‍
നിങ്ങളുടെ കൈകള്‍ ചെറുതായി ചൂടാവുന്നതുവരെ പത്ത് പതിനഞ്ച് മിനിറ്റോളം തിരുമ്മുക. ഇനിയത് കണ്ണിന് മുകളിലേക്ക് വയ്ക്കുക. കണ്ണിനുള്ളിലേക്ക് നേരിട്ട് തൊടുന്ന തരത്തിലല്ല. മറിച്ച് കണ്ണിന് പുറത്തെ പതുക്കെ പിടിക്കുക.
ഇടയ്ക്കിടെ ചിമ്മുക
മൂന്നോ നാലോ സെക്കന്റിനുള്ളില്‍ കണ്ണ് ചിമ്മുന്നത് സ്‌ട്രെയിന്‍ കുറയ്ക്കാന്‍ സഹായിക്കും. ടിവി കാണുമ്പോഴും, കമ്പ്യൂട്ടറില്‍ നോക്കുന്ന സമയത്തും കണ്ണ് ചിമ്മുന്നത് കുറവായിരിക്കും. ഇതൊഴിവാക്കി കണ്ണിനെ ഇടയ്ക്കിടെ ചിമ്മാന്‍ അനുവദിക്കുക.
അകലെയുള്ള വസ്തുവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക
നിങ്ങളില്‍ നിന്നും ആറോ പത്തോ മീറ്റര്‍ അകലെയുള്ള ഒരു വസ്തു തിരഞ്ഞെടുക്കുക. കുറച്ച് സെക്കന്റുകള്‍ തലയിളയ്ക്കാതെ അതില്‍ തന്നെ ഫോക്കസ് ചെയ്യുക. ഇതും സ്ട്രസ് കുറയ്ക്കാന്‍ സഹായിക്കും.
കണ്ണ് ഇളയ്ക്കുക
കണ്ണ് കഴിയാവുന്നത്ര വട്ടത്തില്‍ ഉരുട്ടുക. നാല് തവണ ആവര്‍ത്തിച്ചശേഷം കണ്ണടയ്ക്കുക. ശ്വാസം ശ്രദ്ധിക്കുകയും റിലാക്‌സ് ചെയ്യുകയും ചെയ്യാം.
സ്ഥിരമായി കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന മിക്കയാളുകളെയും പിടികൂടുന്ന രോഗമാണ് കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രം. ഈ രോഗം കാരണം പലര്‍ക്കും ജോലി ഉപേക്ഷിക്കേണ്ടിയും വരാറുണ്ട്. അതുകൊണ്ടുതന്നെ കമ്പ്യൂട്ടര്‍ ഉപയോഗം ആരോഗ്യത്തെ ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.
‘ദീര്‍ഘനേരം കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന സയത്ത് നമ്മള്‍ മിനുട്ടില്‍ നാലുമുതല്‍ ഏഴു തവണവരെയാണ് കണ്ണ് ചിമ്മാറുള്ളത്. അല്ലാത്ത സമയം 18-20 വരെ തവണയും. കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന സമയത്ത് കണ്ണു ചിമ്മുന്നതില്‍ വളരെയധികം കുറവു വരുന്നുണ്ടെന്നത് വ്യക്തമാണ്. ഇത് കണ്ണ് വരണ്ടുപോകാനും കാഴ്ച മങ്ങാനും ഇടയാക്കും.’ ലണ്ടന്‍ വിഷന്‍ ക്ലിനിക്കിലെ പ്രഫ. ഡാന്‍ റെയ്ന്‍സ്റ്റീന്‍ പറയുന്നു.
ചുവന്ന കണ്ണുകള്‍, സ്‌ട്രെയ്‌നും, തലവേദനും, രണ്ടായി കാണലുമെല്ലാം കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോമിന്റെ ലക്ഷണങ്ങളാണ്.
സി.വി.എസ് തടയാനുള്ള നിര്‍ദേശങ്ങള്‍:
തുടര്‍ച്ചയായി കമ്പ്യൂട്ടറിനു മുന്നിലിരിക്കാതെ മണിക്കൂറില്‍ ഒരു തവണയെങ്കിലും കണ്ണിനു വിശ്രമം കൊടുക്കുക.
കമ്പ്യൂട്ടര്‍ സ്‌ക്രീന്‍ വൃത്തിയായി സൂക്ഷിക്കുക.
ഇടയ്ക്കിടെ കണ്ണുകള്‍ അടയ്ക്കുകയും തുറക്കുകയും ചെയ്യുക.
കമ്പ്യൂട്ടര്‍ സ്‌ക്രീനും കണ്ണും തമ്മിലുള്ള അകലം വളരെ കുറയാനും അധികം കൂടാനോ പാടില്ല. തെറ്റായ അകലത്തില്‍ വയ്ക്കുന്നത് കണ്ണിന്റെ സ്‌ട്രെയ്ന്‍ വര്‍ധിപ്പിക്കും.
എ.സിയും ഫാനുകളും സി.വി.എസിനുള്ള സാധ്യത വര്‍ധിപ്പിക്കും.
കോണ്‍ടാക്ട് ലെന്‍സുകള്‍ കണ്ണുകള്‍ വരണ്ടതാക്കുന്നെങ്കില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന സമയങ്ങളില്‍ അവ ഉപയോഗിക്കാതിരിക്കുക.
കണ്ണിനെ ഈര്‍പ്പമുള്ളതായി നിലനിര്‍ത്താന്‍ ധാരാളം വെള്ളം കുടിക്കുക.
ഇടയ്ക്കിടെ നേത്ര പരിശോധന നടത്തുക.
അവസാനം പരിഷ്കരിച്ചത് : 2/15/2020
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
അസ്ഥികളെ ബാധിക്കുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളില്‍ ...
അപ്പൻഡിസൈറ്റിസ് - വിവരങ്ങൾ