ലോകാരോഗ്യസംഘടനയുടെ കണക്കുകൾ അനുസരിച്ച്, അകാലമരണങ്ങൾക്കുള്ള പ്രധാന കാരണങ്ങളിലൊന്നാണ് ഉയർന്ന രക്തസമ്മർദം (ഹൈപ്പർടെൻഷൻ). ഇന്ത്യയിലെ പ്രധാനപ്പെട്ട പൊതുജനാരോഗ്യ പ്രശ്നങ്ങളിലൊന്നുകൂടിയാണിത്. ഉയർന്ന രക്തസമ്മർദം ( രക്തസമ്മർദത്തിന്റെ റീഡിംഗ് 140 നും (സിസ്റ്റോളിക്) 90 നും (ഡയസ്റ്റോളിക്) ഉയരെ ആണെങ്കിൽ) മൂലം ഹൈപ്പർടെൻസീവ് എൻസെഫാലോപതി, റെറ്റിനോപ്പതി, ഹൈപ്പർടെൻസീവ് നെഫ്രോപതി തുടങ്ങിയ സങ്കീർണതകൾ ഉണ്ടാകാം. ഇത്തരം സങ്കീർണതകളിൽ പലതും ജീവിതത്തിന്റെ ഗുണനിലവാരത്തെ ബാധിച്ചേക്കാം. ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങളിലൂടെയും അത്തരം മാറ്റങ്ങളിൽ ഉറച്ചുനിൽക്കുന്നതിലൂടെയും ഇവയുടെ മുന്നേറ്റം സാവധാനത്തിലാക്കാൻ കഴിയും.
നേത്രഗോളത്തിന്റെ ഏറ്റവും ഉള്ളിലുള്ള പാളിയാണ് റെറ്റിന. കണ്ണിലേക്ക് കടന്നുവരുന്ന പ്രകാശരശ്മികൾ റെറ്റിനയിൽ പ്രതിബിംബങ്ങളാകുന്നു. ഈ പ്രതിബിംബങ്ങളെ റെറ്റിന നാഡീ സന്ദേശങ്ങളാക്കി മാറ്റുകയും അവ തലച്ചോറിലേക്ക് അയയ്ക്കുകയും ചെയ്യുന്നു. ഉയർന്ന രക്തസമ്മർദം മൂലം റെറ്റിനയിലെ ഞരമ്പുകൾക്ക് തകരാർ സംഭവിക്കാം. ഉയർന്ന രക്തസമ്മർദം മൂലം ഞരമ്പുകൾ ഇടുങ്ങുകയോ (വാസോകൺസ്ട്രിക്ഷൻ) ചോരുകയോ (ഹെമറേജ്) ചെയ്യാം. ഇത്തരത്തിൽ റെറ്റിനയുടെ ഘടനയിൽ വരുന്ന തകരാറുകൾ മൂലം കാഴ്ചയ്ക്ക് തകരാറ്, കാഴ്ചനഷ്ടം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകും. ഈ അവസ്ഥയാണ് ഹൈപ്പർടെൻസീവ് റെറ്റിനോപ്പതി (എച്ച് ആർ).
ഹൈപ്പർടെൻസീവ് റെറ്റിനോപ്പതി ഇനി പറയുന്ന കാരണങ്ങൾ മൂലം ഉണ്ടാകാം;
1. ഒരു വലിയ കാലയളവിൽ രക്തസമ്മർദം സ്ഥിരമായി ഉയർന്നു നിൽക്കുക.
2. രക്തപ്രവാഹം കുറയുന്നതു മൂലം റെറ്റിനയ്ക്ക് തകരാർ സംഭവിക്കുക (ഇസ്ക്കമിക് ഒപ്റ്റിക് ന്യൂറോപ്പതി), രക്തപ്രവാഹത്തിൽ തടസ്സം നേരിടുക (റെറ്റിനൽ ആർട്ടറി ഒക്ളൂഷൻ/റെറ്റിനൽ വെയിൻ ഒക്ളൂഷൻ).
ഉയർന്ന രക്തസമ്മർദം വഷളാക്കുന്ന എല്ലാ ഘടകങ്ങളും ഹൈപ്പർടെൻസീവ് റെറ്റിനോപ്പതിക്കുള്ള അപകടസാധ്യതാ ഘടകങ്ങൾ കൂടിയാണ്.
രക്താതിസമ്മർദം കൂടുതൽ വഷളാവുന്നത്, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ നില, പുകവലി തുടങ്ങിയവയാണ് പ്രധാനപ്പെട്ട അപകടസാധ്യതാ ഘടകങ്ങൾ. എന്നിരുന്നാലും, മദ്യപാനം, അധികമായി ഉപ്പ് ഉപയോഗിക്കൽ, അമിതവണ്ണം, പിരിമുറുക്കം, രോഗവുമായി ബന്ധപ്പെട്ട കുടുംബചരിത്രം തുടങ്ങിയ ഉയർന്ന രക്തസമ്മർദത്തിന്റെ അപകടസാധ്യതാ ഘടകങ്ങളെയും അവഗണിക്കാൻ കഴിയില്ല.
രോഗം പ്രകടമാവുന്നതു വരെ മിക്ക രോഗികളിലും പ്രകടമായ ലക്ഷണങ്ങൾ ഉണ്ടായിരിക്കില്ല. എന്നാൽ, ചിലർക്ക് ഡബിൾ വിഷൻ, മങ്ങിയ കാഴ്ച അല്ലെങ്കിൽ കാഴ്ച നഷ്ടം,തലവേദന തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായേക്കാം.
നേത്രപരിശോധനയിലൂടെ ഹൈപ്പർടെൻസീവ് റെറ്റിനോപ്പതി നിർണയിക്കാൻ സാധിക്കും.
1. റെറ്റിനയുടെ അല്ലെങ്കിൽ ഫണ്ടസിന്റെ പരിശോധന (Retinal or fundus examination):
നേത്രരോഗ വിദഗ്ധൻ/വിദഗ്ധ കൃഷ്ണമണി വലുതാക്കുകയും (ഡൈലേഷൻ) ഒഫ്താൽമോസ്കോപ്പ് ഉപയോഗിച്ച് നേത്രഗോളത്തിന്റെ പരിശോധന നടത്തുകയും ചെയ്യുന്നു. ഈ ഉപകരണത്തിൽ നിന്നുള്ള പ്രകാശത്തിന്റെ സഹായത്തോടെ പരിശോധിക്കുന്നയാൾക്ക് നേത്രഗോളത്തിന്റെ ഉൾ പാളികൾ നിരീക്ഷിക്കാൻ സാധിക്കും.
പരിശോധനയിലൂടെ രക്ത്തക്കുഴലുകളുടെ നിലവിലെ അവസ്ഥ മനസ്സിലാക്കാൻ സാധിക്കും. ഇവിടെ, രക്തക്കുഴലുകൾ ഇടുങ്ങിയതോ ചോർച്ചയുള്ളതോ തടസ്സമുള്ളതോ ആയിരിക്കാം.
2. ഫണ്ടസ് ഫ്ളൂറസിൻ ആഞ്ജിയോഗ്രാഫി (Fundus fluorescein angiography):
ഫ്ളൂറസിൻ ഡൈയുടെ സഹായത്തോടെ രക്തക്കുഴലുകളുടെ സ്ഥിതി വിലയിരുത്തുകയാണ് ഇവിടെ ചെയ്യുന്നത്.
ഇനി പറയുന്നവ ഹൈപ്പർടെൻസീവ് റെറ്റിനോപ്പതിയുടെ ചികിത്സയ്ക്ക് സഹായകമാവും:
റെറ്റിനയ്ക്ക് വരുത്തുന്ന തകരാറിന്റെ തീവ്രതയുടെ അടിസ്ഥാനത്തിൽ ഹൈപ്പർടെൻസീവ് റെറ്റിനോപ്പതിയെ നാലായി തരംതിരിച്ചിരിക്കുന്നു;
തരം 1: ലക്ഷണങ്ങൾ ഇല്ലാത്തത്
തരം 2, 3: രക്തക്കുഴലുകളിൽ മാറ്റം ദൃശ്യമായിരിക്കും (രക്തക്കുഴലുകളിലെ ചോർച്ചയും റെറ്റിനയുടെ മറ്റു ഭാഗങ്ങളിലെ വീക്കവും).
തരം 4: മാക്യുലയിലെ ഒപ്ടിക് നേർവിനും കാഴ്ചയുടെ കേന്ദ്ര ഭാഗത്തിനും (വിഷ്വൽ സെന്റർ) വീക്കം. വീക്കം ഉണ്ടാകുന്നത് കാഴ്ചശക്തി കുറയ്ക്കും.
റെറ്റിന സ്വയം സുഖപ്പെടും. എന്നാൽ, നാലാമത്തെ വിഭാഗത്തിലുള്ളവരുടെ മാക്യുലയ്ക്കോ അല്ലെങ്കിൽ ഒപ്ടിക് നേർവിനോ സ്ഥിരമായ തകരാറുണ്ടാകാം. ഇവർക്ക് ഹൃദയം, വൃക്ക സംബന്ധമായ തകരാറുകളും പക്ഷാഘാതവും പെരിഫെറൽ വാസ്കുലർ രോഗങ്ങളും ഉണ്ടാകാനുള്ള അപകടസാധ്യതയും കൂടുതലാണ്.
നിങ്ങൾ ഉയർന്ന രക്തസമ്മർദം ഉള്ള ആളാണെങ്കിൽ, പെട്ടെന്ന് കാഴ്ച മങ്ങുകയോ കാഴ്ച കുറയുകയോ ചെയ്താലുടൻ ഡോക്ടറെ സന്ദർശിക്കുക.
കടപ്പാട് : മോഡസ്റ്റ
അവസാനം പരിഷ്കരിച്ചത് : 3/13/2020