অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ചെങ്കണ്ണ്

എന്താണ് കൺജക്റ്റിവൈറ്റിസ് അഥവാ ചെങ്കണ്ണ്?

കണ്ണിന്റെ വെളുത്ത ഭാഗം ചുവപ്പ് അല്ലെങ്കിൽ പിങ്ക് നിറത്തിലാകുന്ന തരം അണുബാധയാണ് ചെങ്കണ്ണ്അഥവാ കൺജക്റ്റിവൈറ്റിസ്. ‘പിങ്ക് ഐ’, ‘മദ്രാസ് ഐ’ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. കണ്ണിന്റെ വെളുത്ത നിറമുള്ള ഭാഗത്തെ (സ്ക്ളീറ) പൊതിയുന്ന കൺജക്റ്റീവ എന്ന പാളിയെ ബാധിക്കുന്ന കോശജ്വലനമാണ് സാധാരണയായി ഇതിനു കാരണമാകുന്നത്. ശരിയായ ശുചിത്വം പാലിക്കാത്തതിനാലും ശരിയായി കൈകൾ വൃത്തിയാക്കാത്തതിനാലും സ്കൂൾ കുട്ടികളിലും മറ്റും ഇത് സാധാരണമായി കാണപ്പെടുന്നു.

ചെങ്കണ്ണിന്റെ കാരണങ്ങൾ

സാധാരണഗതിയിൽ വൈറസ് മൂലമായിരിക്കും ഈ അവസ്ഥയുണ്ടാകുന്നത്. എന്നാൽ, ബാക്ടീരിയ മൂലവും അലർജി മൂലവും ഉണ്ടാകാം.

  • വൈറസ് (അഡിനോവൈറസ്), ഫംഗസ്, ബാക്ടീരിയ (സ്റ്റാഫിലോകോക്കസ് എപിഡെർമിഡിസ്, സ്റ്റാഫിലോകോക്കസ് ഓറിയസ്, സ്ട്രെപ്റ്റോകോക്കസ് ന്യൂമോണിയ), പരാദങ്ങൾ എന്നിവയും ചെങ്കണ്ണിനു കാരണമാകാം
  • മരുന്നിലും സൗന്ദര്യവർധക സാമഗ്രികളിലും കാണപ്പെടുന്ന അസ്വസ്ഥതയുളവാക്കുന്ന വസ്തുക്കൾ മൂലവും ചെങ്കണ്ണ് ഉണ്ടാകാം.
  • ഓട്ടോഇമ്മ്യൂൺ തകരാർ, കണ്ണിലെ രക്തസമ്മർദം അധികമാവുന്നത്, രക്തചംക്രമണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവയും ഇതിനു കാരണമാകുന്ന മറ്റു ഘടകകങ്ങളാണ്.
  • ബാക്ടീരിയ ബാധ മൂലവും ചെങ്കണ്ണ് ഉണ്ടാകാം. ഇതിന് അടിയന്തിരമായി ചികിത്സ നൽകേണ്ടതാണ്.

പിങ്ക് ഐ – ലക്ഷണങ്ങൾ

ചെങ്കണ്ണിന്റെ സാധാരണ ലക്ഷണങ്ങളിൽ ഇനി പറയുന്നവയും ഉൾപ്പെടുന്നു;

കണ്ണുകൾക്ക് അസ്വസ്ഥത, ചുവപ്പുനിറം, ചൊറിച്ചിൽ

കണ്ണീരൊലിക്കുക

മഞ്ഞ നിറത്തിലുള്ളതോ നിറമില്ലാത്തതോ ആയ സ്രവങ്ങൾ മൂലം രാവിലെ കൺപോളകൾ തമ്മിൽ ഒട്ടിപ്പിടിച്ചിരിക്കുന്ന അവസ്ഥ

കൺപോളകൾക്ക് വീക്കം

കണ്ണുകൾക്ക് കടുത്ത വേദന, ചൊറിച്ചിൽ, പുകച്ചിൽ

മങ്ങിയ കാഴ്ച

പ്രകാശത്തിലേക്ക് നോക്കുന്നതിനുള്ള ബുദ്ധിമുട്ട്

ചെങ്കണ്ണ് – രോഗനിർണയം

കണ്ണിന്റെ വ്യവസ്ഥാനുസൃതമായ പരിശോധനയിലൂടെ ചെങ്കണ്ണ് സ്ഥിരീകരിക്കാൻ സാധിക്കും. അണുബാധയുണ്ടാകാവുന്ന പ്രതലവുമായോ വ്യക്തികളുമായോ സമ്പർക്കത്തിലായിട്ടുണ്ടോ എന്നും കണ്ണിൻ നിന്നുണ്ടാകുന്ന സ്രവം, കോണ്ടാക്ട് ലെൻസ് ഉപയോഗം, കാഴ്ച മങ്ങൽ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവയും ഡോക്ടർ ചോദിച്ചറിയും.

ഉയർന്ന രക്തസമ്മർദം, ഓട്ടോഇമ്മ്യൂൺ തകരാറുകൾ എന്നിവ ഉണ്ടോ എന്നും ചോദിച്ചറിയും. കണ്ണിൽ ബാഹ്യവസ്തുക്കളുടെ സാന്നിധ്യം, വീക്കം, പോറൽ എന്നിവ ഉണ്ടോയെന്ന് പരിശോധിക്കും. അണുബാധയുണ്ടെങ്കിൽ കാരണമെന്തെന്ന് മനസ്സിലാക്കുന്നതിന് കൾച്ചർ നടത്തും.

ചികിത്സയും പ്രതിരോധവും

ചികിത്സ

  • വൈറസ് മൂലമുള്ള ചെങ്കണ്ണ് പ്രത്യേക മരുന്നുകൾ ഒന്നുമില്ലെങ്കിലും രണ്ടാഴ്ചയ്ക്കുള്ളിൽ ഭേദമാകും. എന്നാൽ, ഹെർപ്സ് വൈറസ് കോർണിയയെ ബാധിക്കുകയാണെങ്കിൽ മരുന്നുകൾ ശുപാർശചെയ്യും.
  • എസ്റ്റിഡി അണുബാധ ഉൾപ്പെടെ ബാക്ടീരിയ അണുബാധകൾക്ക് ഐ ഡ്രോപ്പുകൾ, ഓയിന്മെന്റുകൾ, ഗുളികകൾ എന്നീ രൂപങ്ങളിൽ ആന്റിബയോട്ടിക്കുകൾ നിർദേശിക്കും.
  • ചൊറിച്ചിൽ ഉണ്ടാക്കുന്ന വസ്തുക്കളുമായി സമ്പർക്കത്തിൽ ആകുന്നതു മൂലം ചെങ്കണ്ണ് ഉണ്ടായാൽ അഞ്ച് മിനിറ്റ് നേരം ശുദ്ധജലത്തിൽ കണ്ണ് കഴുകുക. അമ്ലങ്ങൾ, ക്ഷാരങ്ങൾ തുടങ്ങിയവയുമായി സമ്പർക്കത്തിലായെങ്കിൽ കണ്ണ് കഴുകിയ ശേഷം ഉടൻ ഡോക്ടറെ സന്ദർശിക്കുക.
  • അലർജി – അലർജിക്കു കാരണമാകുന്ന വസ്തുക്കൾ നീക്കം ചെയ്യുന്നതിലൂടെ അലർജിയുമായി ബന്ധപ്പെട്ട ചെങ്കണ്ണിനു വ്യത്യാസം വന്നുതുടങ്ങും.

അവസ്ഥയുടെ കാരണം, രൂക്ഷത എന്നിവയുമായി ബന്ധപ്പെട്ടായിരിക്കും സാധാരണഗതിയിൽ ചികിത്സ നിശ്ചയിക്കുന്നത്.

പൊതുവായി പിന്തുടരാൻ സാധിക്കുന്ന നടപടികളാണ് ഇനി പറയുന്നത്; ശുദ്ധജലത്തിൽ കണ്ണു കഴുകുക, അലർജിക്ക് കാരണമാകുന്ന വസ്തുക്കൾ ഒഴിവാക്കുക, കോണ്ടാക്ട് ലെൻസ് ഉപയോഗിക്കുമ്പോൾ ശരിയായ ശുചിത്വശീലങ്ങൾ പിന്തുടരുക, ദീർഘസമയം ടിവി, കമ്പ്യൂട്ടർ സ്ക്രീനിൽ ഉറ്റുനോക്കിയിരിക്കാതിരിക്കുക.

കണ്ണിലുണ്ടാകുന്ന കോശജ്വലനത്തിന്റെ ചികിത്സയ്ക്കായി ചിലയവസരങ്ങളിൽ സ്റ്റിറോയിഡുകളും ഉപയോഗിക്കാറുണ്ട്.

പ്രതിരോധം

  • അടിക്കടി കൈ ശുചിയാക്കുന്നതാണ് ചെങ്കണ്ണിനെ പ്രതിരോധിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ വഴി.
  • കണ്ണുകൾ തിരുമ്മുന്നത് ഒഴിവാക്കുക, തലയിണ കവർ, ടവ്വലുകൾ എന്നിവ അടിക്കടി മാറ്റുക.
  • ഉപയോഗിച്ച ടിഷ്യൂകൾ നിർമാർജനം ചെയ്യുക. കണ്ണ് തുടയ്ക്കാൻ ഓരോ തവണയും പുതിയ ടിഷ്യൂ ഉപയോഗിക്കുക.
  • കുട്ടിയുടെ കണ്ണുകൾ തുടച്ച ശേഷം നിങ്ങൾ സ്വയം കൈകൾ വൃത്തിയാക്കുക.
  • കുട്ടികളുടെ വസ്തുക്കളും കളിപ്പാട്ടങ്ങളും അണുനാശനം നടത്തുക.

പിങ്ക് ഐ – കൂടുതൽ വായിക്കൂ

സങ്കീർണതകൾ

അലർജി മൂലമാണോ അണുബാധ മൂലമാണോ എന്നുള്ളതിനെ അടിസ്ഥാനപ്പെടുത്തിയിരിക്കും ചെങ്കണ്ണിന്റെ സങ്കീർണതകൾ. ക്ളെമിഡിയ മൂലമുള്ള ചെങ്കണ്ണ് മാസങ്ങളോളം നിലനിൽക്കും.

മാസം തികയാതെ ജനിക്കുന്ന കുട്ടികളിൽ ബാക്ടീരിയ മൂലമുള്ള ചെങ്കണ്ണ് മൂലം മെനിഞ്ജൈറ്റിസ്, ഓട്ടിട്ടിസ് മീഡിയ, സെല്ലുലൈറ്റിസ്, നിയോനേറ്റൽ കൺജക്റ്റിവൈറ്റിസ് തുടങ്ങിയ സങ്കീർണതകൾക്ക് കാരണമായേക്കാം.

ചിലപ്പോൾ കോർണിയയ്ക്ക് വീക്കമുണ്ടായി കെരാറ്റൈറ്റിസ് എന്ന അവസ്ഥയിലേക് നയിച്ചേക്കാം. ഇതു മൂലം ഉണ്ടാകുന്ന അൾസറുകൾ കാഴ്ചശക്തി നഷ്ടപ്പെടാൻ കാരണമായേക്കാം.

അടുത്ത നടപടികൾ

നിങ്ങൾക്ക് അല്ലെങ്കിൽ കുട്ടികൾക്ക് ചെങ്കണ്ണ് ഉണ്ടെങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ ഉറപ്പാക്കുക;

  • കണ്ണുകളിൽ സ്പർശിച്ച ശേഷം കൈകൾ കഴുകുക
  • മറ്റുള്ളവരെ സ്പർശിക്കാതിരിക്കുക
  • കണ്ണുകൾക്ക് മേക്കപ്പ് ഉപയോഗിക്കാതിരിക്കുക.
  • ചികിത്സയ്ക്കായി ഡോക്ടറുടെ സഹായം തേടുക
  • തുമ്മുമ്പോൾ മൂക്കും വായയും പൊത്തിപ്പിടിക്കുക.
  • പകരുന്ന രോഗമായതിനാൽ സുഖപ്പെടുന്നതു വരെ കുട്ടികളെ സ്കൂളിൽ വിടാതിരിക്കുക.

അപകടസൂചനകൾ

ഇനി പറയുന്ന സാഹചര്യങ്ങളിൽ ഉടനടി വൈദ്യസഹായം തേടുക;

  • കണ്ണുകൾക്ക് ചുവപ്പും കടുത്ത ചൊറിച്ചിലും.
  • രണ്ട് അല്ലെങ്കിൽ മൂന്ന് ദിവസങ്ങൾക്ക് ശേഷവും ലക്ഷണങ്ങൾ ഭേദമാകാതിരിക്കുക
  • കൊഴുത്ത സ്രവം
  • കടുത്ത അണുബാധ
കടപ്പാട് : മോഡസ്റ്റ

അവസാനം പരിഷ്കരിച്ചത് : 3/13/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate