എന്താണ് അസ്റ്റിഗ്മാറ്റിസം
കോർണിയയുടെയോ ലെൻസിന്റെയോ വക്രത മൂലം ഉണ്ടാകുന്ന ഒരു സാധാരണ കാഴ്ചത്തകരാറാണ് അസ്റ്റിഗ്മാറ്റിസം അഥവാ വിഷമദൃഷ്ടി. കുട്ടികളിലും മുതിർന്നവരിലും ഇത് ഉണ്ടാകാം.
കാരണങ്ങൾ
- കോർണിയ അല്ലെങ്കിൽ ലെൻസ് നിരപ്പുള്ളതും മിനുസമുള്ളതുമല്ലെങ്കിൽ, റെറ്റിനയിലേക്ക് പ്രകാശകിരണങ്ങൾ ശരിയായ രീതിയിൽ പതിക്കാതെയും കേന്ദ്രീകരിക്കാതെയും വരും.
- മിക്കപ്പോഴും ഇത് ജന്മനാ ഉള്ളതായിരിക്കും
അസ്റ്റിഗ്മാറ്റിസത്തിന്റെ മറ്റു കാരണങ്ങളിൽ ഇനി പറയുന്നവയും ഉൾപ്പെടുന്നു
- കോർണിയയിൽ ഉണ്ടാകുന്ന പരുക്ക് അല്ലെങ്കിൽ അണുബാധ മൂലം വടുക്കൾ ഉണ്ടാകുന്നത്.
- കെരാട്ടോകോണസ്, കെരാറ്റോഗ്ളോബസ്: കോർണിയയുടെ ആകൃതിയിൽ വ്യത്യാസം വരുന്നതിനും ഉന്തിവരുന്നതിനും കട്ടി കുറയുന്നതിനും കാരണമാവുന്ന നേത്ര രോഗങ്ങൾ.
- നേത്രശസ്ത്രക്രിയ മൂലം കോർണിയയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ
- കൺപോളകളെ ബാധിക്കുന്ന രോഗങ്ങൾ മൂലം കോർണിയയ്ക്കോ ലെൻസിനോ രൂപവ്യത്യാസം വരിക.
ലക്ഷണങ്ങൾ
സാധാരണയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ലക്ഷണങ്ങൾ ഇനി പറയുന്നു;
- അടുത്തും അകലെയും ഉള്ള വസ്തുക്കൾ വ്യക്തമായി കാണാൻ കഴിയാതിരിക്കുക (കാഴ്ചമങ്ങൽ)
- കോങ്കണ്ണും കണ്ണുകൾക്കുള്ള അസ്വസ്ഥതയും
- ചെറിയ അക്ഷരങ്ങൾ വായിക്കാൻ കഴിയാതിരിക്കുക
- തലവേദന
- കണ്ണുകഴപ്പ്
രോഗനിർണയം
നിങ്ങളുടെ നേത്രരോഗവിദഗ്ധൻ/വിദഗ്ധ സമഗ്രമായ ഒരു നേത്രപരിശോധന നടത്തും. ഇതിൽ ഇനി പറയുന്നവയും ഉൾപ്പെടുന്നു;
- വിഷ്വൽ അക്വിറ്റി പരിശോധന: മാനദണ്ഡങ്ങൾക്ക് അനുസൃതമായി, അൽപ്പം ദൂരത്തിൽ സ്ഥാപിച്ചിരിക്കുന്ന ഒരു ചാർട്ടിലെ അക്ഷരങ്ങൾ വായിക്കാൻ നിങ്ങളോട് ആവശ്യപ്പെടും. വിഷ്വൽ അക്വിറ്റി ഭിന്നസംഖ്യയിലാണ് കണക്കാക്കുന്നത് (ഉദാഹരണം 20/40). ഇതിൽ, അംശം, ചാർട്ടുമായുള്ള അകലത്തെയും (20 അടി) ഛേദം, വായിക്കാൻ സാധിക്കുന്ന ഏറ്റവും ചെറിയ അക്ഷരത്തിന്റെ വലിപ്പത്തെയും സൂചിപ്പിക്കുന്നു. 20/40 വിഷ്വൽ അക്വിറ്റിയുള്ള ഒരാൾക്ക്, സ്വാഭാവിക രീതിയിൽ 40 അടി അകലെ വച്ച് വ്യക്തമായി കാണാൻ സാധിക്കുന്ന ഒരു അക്ഷരം 20 അടി അകലത്തിൽ വച്ചു മാത്രമേ വ്യക്തമാവുകയുള്ളൂ.
- റിഫ്രാക്ഷൻ: ഇതിനായി ഫൊറോപ്റ്റർ എന്ന ഉപകരണം ഉപയോഗിക്കുന്നു. നിങ്ങളുടെ കണ്ണുകൾക്ക് മുന്നിൽ ഒന്നിലധികം ലെൻസുകൾ വയ്ക്കുകയും അവ എങ്ങനെയാണ് റെറ്റിനയിലേക്ക് പ്രകാശരശ്മികൾ കേന്ദ്രീകരിക്കുന്നതെന്നും കണക്കാക്കുന്നു. റെറ്റിനോസ്കോപ്പ് അല്ലെങ്കിൽ ഫോക്കസ് ചെയ്യാനുള്ള കണ്ണിന്റെ കഴിവ് കണക്കുകൂട്ടാൻ സഹായിക്കുന്ന, സ്വയം പ്രേരിതമായി പ്രവർത്തിക്കുന്ന, ഒരു ഉപകരണമായിരിക്കും ഇതിനുപയോഗിക്കുക. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ, കാഴ്ചയ്ക്ക് ഏറ്റവും സഹായകമായ ലെൻസുകൾ ഏതെന്ന് നിശ്ചയിക്കുന്നു.
- കെരാറ്റോമെട്രി: കോർണിയയുടെ വളവ് മനസ്സിലാക്കുന്നതിനായി ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് കെരാറ്റോമീറ്റർ. കോർണിയയിൽ പ്രകാശത്തിന്റെ ഒരു വൃത്തം കേന്ദ്രീകരിക്കുകയും അതിന്റെ പ്രതിഫലനം അളക്കുകയും ചെയ്യുന്നു. ഇത് കോർണിയയുടെ വളവ് കൃത്യമായി നിശ്ചയിക്കാൻ സഹായിക്കുന്നു. പാകത്തിനുള്ള കോണ്ടാക്ട് ലെൻസുകൾ ഏതെന്നു നിശ്ചയിക്കാൻ ഇത് സഹായിക്കും. കോർണിയയുടെ അതിരുകൾ അടയാളപ്പെടുത്തിയ ഒരു രേഖാചിത്രം സൃഷ്ടിക്കുന്നത് കോർണിയയുടെ ആകൃതി സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കാൻ സഹായകമാവും.
ചികിത്സ
അസ്റ്റിഗ്മാറ്റിസത്തിനുള്ള ചികിത്സാനടപടികളിൽ ഇനി പറയുന്നവയും ഉൾപ്പെടുന്നു;
- ലെൻസുകൾ: ഈ അവസ്ഥയിലുള്ള ആളുകൾ കണ്ണട വയ്ക്കുന്നത് വലിയൊരളവു വരെ സഹായകരമായിരിക്കും. ഓരോവ്യക്തികൾക്കും അനുയോജ്യമായ ലെൻസുകളായിരിക്കും നൽകുക. ചിലർക്ക് കണ്ണടകളെക്കാൾ കോണ്ടാക്ട് ലെൻസുകളായിരിക്കും ഗുണപ്രദമാവുക. മിക്കപ്പോഴും, പ്രത്യേക ടോറിക് കോണ്ടാക്ട് ലെൻസുകളായിരിക്കും ഇതിനായി നിർദേശിക്കുക.
- ഓർത്തോകെരാറ്റോളജി: കോർണിയ വീണ്ടും രൂപപ്പെടുത്തുന്നതിനായി കട്ടിയുള്ള കോണ്ടാക്ടുലെൻസുകൾ ഉപയോഗിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. രാത്രി കാലത്ത്, അല്ലെങ്കിൽ അതുപോലെ ചുരുങ്ങിയ സമയത്തു മാത്രം കോണ്ടാക്ട് ലെൻസ് ധരിച്ച ശേഷം എടുത്തുമാറ്റുന്നു. ഇടത്തരം തീവ്രതയുള്ള അസ്റ്റിഗ്മാറ്റിസം ഉള്ളവർക്ക് അവരുടെ ദൈനം ദിന പ്രവർത്തനങ്ങൾക്ക് വേണ്ട വ്യക്തമായ കാഴ്ചശക്തി ലെൻസുകളുടെ സഹായമില്ലാതെ താൽക്കാലികമായി ലഭ്യമാക്കാൻ സാധിക്കും. എന്നാൽ, കാഴ്ചശക്തി സംരക്ഷിക്കുന്ന ലെൻസുകൾ ഉപയോഗിക്കുന്നത് അവസാനിപ്പിച്ചാൽ കാഴ്ച വീണ്ടും പഴയനിലയിലാവും.
- കെരാറ്റോറ്റമി: കോർണിയയിലെ അസ്വാഭാവികമായ കോശകലകൾ നീക്കംചെയ്ത് കോർണിയ വീണ്ടും രൂപപ്പെടുത്താൻ ഇനി പറയുന്ന രീതികളിലൂടെ സാധിക്കും;
- ലാസിക്: കോർണിയയുടെ ഉൾഭാഗത്തെ കോശകലകൾ നീക്കംചെയ്യുന്നു
- ഫോട്ടോറിഫ്രാക്റ്റീവ് കെരാക്റ്റമി (പിആർകെ): കോർണിയയുടെ ഉപരിതല പാളിയിലെയും ഉൾപാളിയിലെയും കോശകലകൾ നീക്കംചെയ്യുന്നു.
പ്രതിരോധം
അസ്റ്റിഗ്മാറ്റിസത്തിന്റെ കൃത്യമായ കാരണങ്ങൾ വ്യക്തമല്ലാത്തതിനാൽ ഇത് പൂർണമായും പ്രതിരോധിക്കുക വിഷമകരമാണ്.
സങ്കീർണതകൾ
കുട്ടികളുടെ ഒരു കണ്ണിനു മാത്രം അസ്റ്റിഗ്മാറ്റിസം ബാധിക്കുകയും ചികിത്സ നൽകാതിരിക്കുകയും ചെയ്യുന്നത് ലേസി ഐ അഥവാ ആംബ്ളിയോപിയയ്ക്ക് കാരണമാവും.
അടുത്ത നടപടികൾ
ഡോക്ടർ നിർദേശിക്കുന്ന കോണ്ടാക്ട് ലെൻസുകൾ അല്ലെങ്കിൽ കണ്ണട ഉപയോഗിക്കുക. കാഴ്ച സംബന്ധമായി വീണ്ടും പ്രശ്നങ്ങൾ അനുഭവപ്പെടുന്നുവെങ്കിൽ ഡോക്ടറുടെ ഉപദേശം സ്വീകരിക്കുക
കടപ്പാട് : മോഡസ്റ്റ
അവസാനം പരിഷ്കരിച്ചത് : 3/13/2020
0 റേറ്റിംഗുകൾ ഒപ്പം 0 അഭിപ്രായങ്ങൾ
നക്ഷത്രങ്ങളുടെ മുകളിലൂടെ നീങ്ങി റേറ്റ് ചയ്യുന്നതിനായി ക്ലിക്ക് ചെയ്യുക
© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.