Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ചെങ്കണ്ണ്

കുട്ടികളിലെ ചെങ്കണ്ണ് വിവരങ്ങള്‍

കാണുമ്പോള്‍ പേടിയും അല്പം അറപ്പും തോന്നുന്ന ചെങ്കണ്ണിനെ പക്ഷേ അത്രയൊന്നും പേടിക്കേണ്ടതില്ല. അല്പം ശ്രദ്ധ വേണമെന്ന് മാത്രം.കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ മറ്റു ചില പാരിസ്ഥിതിക ഘടകങ്ങളും പല സാംക്രമിക രോഗങ്ങള്‍ക്കും കാരണമാകാറുണ്ട്. പൊട്ടിപ്പുറപ്പെടല്‍ (outbreak) എന്ന വാക്കിനെ അന്വര്‍ത്ഥമാക്കുന്ന വിധത്തില്‍ തന്നെയാണ് സംക്രമിക്കുന്നത്. വിവിധതരം പണികള്‍, മഞ്ഞപ്പിത്തം തുടങ്ങി നിരവധി രോഗങ്ങള്‍ ഉണ്ട്. ഈ കൂട്ടത്തില്‍ പെടുത്താവുന്ന ഇപ്പോള്‍ വ്യാപകമായി പടര്‍ന്നു കൊണ്ടിരിക്കുന്ന കണ്ണിനെ ബാധിക്കുന്ന ഒരു രോഗമാണ് ചെങ്കണ്ണ്. ഇത് കൂടുതലായി കുട്ടികളിലാണ് കണ്ടുവരുന്നത്. വുട്യാലയങ്ങള്‍, അംഗനവാടികള്‍, നേഴ്സറികള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ പരസ്പരം അടുത്തിടപഴകുന്നത് ചെങ്കണ്ണ് വേഗം പടര്‍ന്ന് പിടിക്കുന്നതിന് കാരണമാകുന്നു.

രോഗകാരണം

രണ്ടുതരത്തിലുള്ള രോഗാണുക്കളാണ് പ്രധാനമായും ചെങ്കണ്ണിന് കാരണമാകുന്നത്. വൈറസും ബാക്ടീരിയയും. ചില സമയങ്ങളില്‍ പ്രകൃതിയിലെ പെട്ടെന്നുള്ള ചില മാറ്റങ്ങള്‍ ഇവ പെട്ടെന്ന് പെരുകുന്നതിനും പടര്‍ന്ന്‍ പിടിക്കുന്നതിനും കാരണമാകുന്നു. അന്തരീക്ഷത്തിലെ ഉയര്‍ന്ന ചൂടും പെട്ടെന്ന് പെയ്യുന്ന മഴയും രോഗാണുക്കള്‍ പെരുകുന്നതിന് അനുക്കൂല സാഹചര്യമൊരുക്കുന്നു. രോഗം ബാധിച്ചവരുടെ കണ്ണുനീര്, കണ്ണിലെ സ്രവം, രോഗി ഉപയോഗിക്കുന്ന തൂവാല, തോര്‍ത്ത്‌ തുടങ്ങിയവായിലൂടെയുമാണ് രോഗം സംക്രമിക്കുന്നത്.

രോഗലക്ഷണങ്ങള്‍

പേര് സൂചിപ്പിക്കുന്നത് പോലെ ‘കണ്ണിലെ ചുവപ്പ്’ ആണ് മുഖ്യ ലക്ഷണം. കൂടാതെ ചെറിയ വേദന, ചൊറിച്ചില്‍, വീക്കം, കൂടുതലായി കണ്ണുനീരൊലിക്കുക, കണ്ണില്‍ പീളയടിയുക തുടങ്ങിയവയും പ്രധാന ലക്ഷണങ്ങളാണ്. ഉറങ്ങി എഴുനേല്‍ക്കുമ്പോള്‍ കണ്‍പോളകള്‍ തമ്മില്‍ ഒട്ടിച്ചേര്‍ന്നിരിക്കുന്നത് കാണാം. ബാക്ടീരിയ മൂലമുണ്ടാകുന്ന ചെങ്കണ്ണ് രോഗത്തിലാണ് കട്ടിയുള്ള പഴുപ്പ്‌, പീള എന്നിവ കാണുന്നത്. വൈറസ്‌ ബാധ കൊണ്ടുള്ള ചെങ്കണ്ണിന് കണ്ണുനീര്‍ ഒലിക്കുന്നതും വേദനയുമാണ് ലക്ഷണങ്ങള്‍. ഇത് അലര്‍ജി കൊണ്ടാണെന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്. ചെറിയ കുട്ടികളിലാണെങ്കില്‍ കണ്‍പോളകള്‍ വീര്‍ത്തിരിക്കുന്നതായും കാണാറുണ്ട്‌. ചികിത്സിച്ചാല്‍ മൂന്ന്‍ മുതല്‍ ഏഴ് ദിവസം കൊണ്ട് രോഗശമനം ലഭിക്കും. അപ്പോര്രമായി ചിലരില്‍ ഇത് കൂടുതല്‍ നീണ്ടുനില്‍ക്കാറുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • കണ്ണുകള്‍ക്കും ശരീരത്തിനും വിശ്രമം ആവശ്യമാണ്. ടിവി കാണുക, പുസ്തക വായന തുടങ്ങിയവ നിര്‍ബന്ധമായും ഒഴിവാക്കുക.
  • കണ്ണുകള്‍ കൂടെകൂടെ തണുത്ത വെള്ളത്തില്‍ കഴുകുക. തീരെ ചെറിയ കുട്ടികള്‍ക്കാണെങ്കില്‍ പഞ്ഞിയോ തുണിയോ നനച്ച് കണ്ണുകള്‍ ഒപ്പിക്കൊടുക്കാവുന്നതാണ്.
  • കുട്ടികള്‍ ഉപയോഗിക്കുന്ന തൂവാല, തോര്‍ത്ത്‌, ബെഡ്ഷീറ്റ് തുടങ്ങിയവ മറ്റാരും ഉപയോഗിക്കാതെ ശ്രദ്ധിക്കുക. ഇവ തിളച്ച ചൂടുവെള്ളത്തില്‍ കഴുകിയെടുക്കാന്‍ ശ്രദ്ധിക്കുക.
  • വെയില്‍ കൊള്ളുന്നതും, പുക, പൊടി തുടങ്ങിയവയും ഒഴിവാക്കുക. കുട്ടികള്‍ വെയിലത്ത്‌ കളിക്കുന്നത് ഈ അവസരത്തില്‍ നിരുത്സാഹപ്പെടുത്തണം.

പ്രത്യാഘാതങ്ങള്‍

കണ്ണിലെ ഏറ്റവും പുറമെയുള്ള നേര്‍ത്ത ഒരു പാടയായി കാണപ്പെടുന്ന Conjunctiva യെയാണ് ഈ രോഗം ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത് Conjunctivitis എന്നറിയപ്പെടുന്നു. പക്ഷേ ചിലപ്പോള്‍ ഇത് കണ്ണിലെ കൃഷ്ണമണിയെ (cornea) കൂടി ബാധിച്ച് കൂടുതല്‍ വേദന, വെളിച്ചത്തിലേക്ക്‌ നോക്കാനുള്ള ബുദ്ധിമുട്ട്, കാഴ്ചയ്ക്ക് മങ്ങള്‍ തുടങ്ങിയവയും ഉണ്ടാകാറുണ്ട്. കേരടൈറ്റിസ് (keratitis) എന്ന ഈ അവസ്ഥയില്‍ എത്തിയാല്‍ കണ്ണുകള്‍ക്ക്‌ കൂടുതല്‍ ശ്രദ്ധയും പരിചരണവും ആവശ്യമായി വരും. ഇത് പൂര്‍ണ്ണമായും മാറിക്കിട്ടാന്‍ ചിലപ്പോള്‍ കൂടുതല്‍ ദിവസങ്ങള്‍ ആവശ്യമായി വന്നേക്കാം.

ആയുര്‍വേദ ചികിത്സ

കണ്ണിന് കുളിര്‍മയും സുഖവും പ്രദാനം ചെയ്യുന്നതും, നീര്‍ക്കെട്ടും പഴുപ്പും കുറയ്ക്കുന്നതുമായ ചില മരുന്നുകളിട്ട് തിളപ്പിച്ചാറിയ വെള്ളം കൊണ്ട് കണ്ണ് കഴുകുന്നതും, ധാരയും, കണ്ണില്‍ ഇറ്റിക്കാവുന്ന ചില മരുന്നുകളുമാണ് പ്രധാന പരിഹാരം. ഈ സമയത്ത്‌ ചൂട് കഴിവതും ഒഴിവാക്കേണ്ടതാണ്. നേത്ര രോഗങ്ങള്‍ക്ക് ആളുകള്‍ പൊതുവായി ഉപയോഗിക്കുന്ന ഇളനീര്‍ കുഴമ്പ് ചെങ്കണ്ണിന് നല്ലതല്ല. ഇത് രോഗാവസ്ഥ വര്‍ദ്ധിക്കുവാനും ചിലപ്പോള്‍ കാരണമായേക്കാം.

കൃത്യമായി മരുന്നുകള്‍ ഉപയോഗിക്കുകയും, കണ്ണുകള്‍ക്ക്‌ വിശ്രമം കൊടുക്കുകയും ചെയ്‌താല്‍ പെട്ടെന്ന് തന്നെ മാറ്റിയെടുക്കാവുന്നതേയുള്ളൂ ചെങ്കണ്ണ്.

ഡോ. ജീന. എന്‍. ജെ,
എം.ഡി (ആയുര്‍വേദ)
ആസോസിയേറ്റ് പ്രൊഫസര്‍
വി പി എസ് വി ആയുര്‍വേദ കോളേജ്‌, കോട്ടയ്ക്കല്‍
3.20833333333
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top