অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കണ്ണ്‌-ചില വിവരങ്ങള്‍

കണ്ണ്‌-ചില വിവരങ്ങള്‍

കാഴ്‌ചകള്‍ മറയ്‌ക്കുന്ന രോഗങ്ങളും ചികിത്സയും

മറ്റെല്ലാ രോഗങ്ങളെപ്പോലെയും ജീവിതശൈലിയില്‍വന്ന മാറ്റങ്ങള്‍ നേത്രരോഗത്തിന്‍െറ വര്‍ധനയ്‌ക്കും കാരണമായിട്ടുണ്ട്‌. അല്‍പം ശ്രദ്ധയും പരിചരണവുമുണ്ടെങ്കില്‍ നേത്രരോഗങ്ങള്‍ ഒരു പരിധിവരെ നിയന്ത്രിക്കാം

കാഴ്‌ചയെ മറയ്‌ക്കുന്ന രോഗങ്ങള്‍ നിരവധിയാണ്‌. ആണ്‍പെണ്‍ വ്യത്യാസം കൂടാതെ പ്രായഭേദമില്ലാതെ ആര്‍ക്കും നേത്രരോഗം പിടിപെടാം. മറ്റെല്ലാ രോഗങ്ങളെപ്പോലെയും ജീവിതശൈലിയില്‍വന്ന മാറ്റങ്ങള്‍ നേത്രരോഗത്തിന്റെ വര്‍ധനയ്‌ക്കും കാരണമായിട്ടുണ്ട്‌. അല്‍പം ശ്രദ്ധയും പരിചരണവുമുണ്ടെങ്കില്‍ നേത്രരോഗങ്ങള്‍ ഒരു പരിധിവരെ നിയന്ത്രിക്കാം.

വെള്ളെഴുത്ത്‌

പ്രായമായവരില്‍ സര്‍വസാധാരണയായി കണ്ടുവരുന്ന നേത്രരോഗമാണ്‌ വെള്ളെഴുത്ത്‌. പ്രസ്‌ബയോപിയ എന്നറിയപ്പെടുന്ന ഈ രോഗം നാല്‍പതുവയസിനുമുകളില്‍ പ്രായമുള്ളവരെയാണ്‌ ബാധിക്കുന്നത്‌. എന്നാല്‍ സ്‌ത്രീകളില്‍ ഈ പ്രായത്തിന്‌ മുന്‍പുതന്നെ വെള്ളെഴുത്ത്‌ ബാധിക്കുന്നതായി കണ്ടുവരുന്നു.

കണ്ണിനുള്ളിലെ ലെന്‍സിന്‌ കട്ടി കൂടുന്നതും ചലനശേഷി നഷ്‌ടപ്പെടുന്നതുമാണ്‌ വെള്ളെഴുത്തിന്‌ കാരണം. ദൃഷ്‌ടി ഒരു ബിന്ദുവില്‍ കേന്ദ്രീകരിക്കാന്‍ പ്രയാസമുണ്ടാകുമെന്നതാണ്‌ ഈ രോഗത്തിന്റെ പ്രധാന പ്രത്യേകത. കാഴ്‌ചയില്‍ അവ്യക്‌തതയും തലവേദനയും കൂടെ കണ്ടുവരുന്നു. അടുത്തും അകലെയുമുള്ള വസ്‌തുക്കളെ കാണാന്‍ ബൈഫോക്കല്‍ ലെന്‍സുള്ള കണ്ണാടി ഉപയോഗിച്ചാല്‍ കാഴ്‌ചയിലുള്ള ബുദ്ധിമുട്ടുകള്‍ ഒരു പരിധിവരെ ഒഴിവാക്കാനാവും. തലവേദനയും കുറഞ്ഞുകിട്ടും.

ചെങ്കണ്ണ്‌

നേത്രരോഗങ്ങളില്‍ സര്‍വ്വസാധാരണമാണ്‌ ചെങ്കണ്ണ്‌. അന്തരീക്ഷത്തിലെ പൊടിപടലങ്ങളും ഈച്ചകളും വഴി വേഗം പടരുന്ന ചെങ്കണ്ണ്‌ കൂടുതലായും വേനല്‍ക്കാലത്താണ്‌ കണ്ടുവരുന്നത്‌. എന്നാല്‍ ഇപ്പോള്‍ ഏതു കാലാവസ്‌ഥയിലും ചെങ്കണ്ണുരോഗം പിടിപെടുന്നുണ്ട്‌. കണ്ണ്‌ പീളകെട്ടുകയും കരുകരുപ്പും വേദനയുമായിരിക്കും ചെങ്കണ്ണുരോഗത്തിന്റെ പ്രാരംഭ ലക്ഷണം.

കണ്‍പോളയുടെ ഉള്‍ഭാഗത്തെയും നേത്രഗോളത്തിന്റെ വെള്ളഭാഗമായ സ്‌ക്ലീറയെയും ആവരണം ചെയ്യുന്ന സുതാര്യമായ പാടയെയാണ്‌ ചെങ്കണ്ണുരോഗം ബാധിക്കുന്നത്‌. ബാക്‌ടീരിയയാണ്‌ പ്രധാന കാരണം. വളരെവേഗം പകരാന്‍ സാധ്യതയുള്ള രോഗമാണിത്‌. രോഗിയുമായി അടുത്തിടപഴകുന്നതിലൂടെ രോഗം പകരും.

രോഗി ഉപയോഗിച്ച വസ്‌തുക്കള്‍ ഉപയോഗിച്ചാലോ, രോഗിയുടെ അടുത്തുനിന്ന്‌ സംസാരിച്ചാലോ രോഗം പകരാം. കണ്ണ്‌ ചുവന്നിരിക്കും. എന്നാല്‍ എല്ലായ്‌പോഴും കണ്ണിലെ ചുവപ്പ്‌ ചെങ്കണ്ണ്‌ ആയിരിക്കണമെന്നില്ല. കണ്ണിന്റെ ഉള്ളിലുള്ള തകരാറുകൊണ്ട്‌ ഉണ്ടാകുന്ന ഇറിറ്റിസ്‌, ഗ്ലോക്കോമ തുടങ്ങിയ രോഗങ്ങള്‍ മൂലം ചുവപ്പ്‌ അനുഭവപ്പെടാം.

കണ്ണ്‌ നന്നായി കഴുകിയതിനുശേഷം ദിവസവും പലപ്രാവശ്യം ആന്റിബയോട്ടിക്‌ ലേപനങ്ങള്‍ ഉപയോഗിക്കണം. പൂര്‍ണ്ണ വിശ്രമമാണ്‌ ചെങ്കണ്ണ്‌ രോഗത്തിന്‌ അത്യാവശ്യം. പൊടിയടിച്ച്‌ കൂടുതല്‍ അണുബാധ ഉണ്ടാകാതിരിക്കാന്‍ ചിലര്‍ കൂളിംഗ്‌ ഗ്ലാസ്‌ ഉപയോഗിക്കാറുണ്ട്‌.

അഗ്‌റ്റിസ്‌ മാറ്റിസം

കണ്ണിന്റെ കോര്‍ണിയയുടെയോ, ലെന്‍സിന്റെയോ ആകൃതിയിലെ വ്യത്യാസമാണ്‌ അഗ്‌റ്റിസ്‌ മാറ്റിസം. ഈ രോഗമുള്ളവര്‍ക്ക്‌ ദൂരേയും അടുത്തുമുള്ള വസ്‌തുക്കളെ വ്യക്‌തമായി കാണാന്‍ കഴിഞ്ഞെന്നു വരില്ല. കണ്ണിന്‌ കൂടുതല്‍ ആയാസമുണ്ടാക്കുന്നു. അതുകൊണ്ടുതന്നെ അഗ്‌റ്റിസ്‌ മാറ്റിസത്തിന്റെ പ്രശ്‌നമുള്ളവര്‍ക്ക്‌ വിട്ടുമാറാത്ത തലവേദനയുണ്ടാകാനുള്ള സാധ്യതയുണ്ട്‌.

തലവേദനയ്‌ക്കൊപ്പം കാഴ്‌ചമങ്ങല്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ എത്രയും വേഗം നേത്രരോഗവിദഗ്‌ധനെ സമീപിക്കണം. ഉടന്‍ പരിശോധന നടത്തണം. സിലിഡ്രിക്കല്‍ ലെന്‍സുള്ള കണ്ണടയോ, കോണ്‍ടാക്‌ട് ലെന്‍സോ ഉപയോഗിച്ചാല്‍ കണ്ണിന്റെ ബുദ്ധിമുട്ടുകള്‍ മാറിക്കിട്ടും. കണ്ണാടിവച്ചാല്‍ തലവേദനയ്‌ക്കും ശമനം കിട്ടും. എന്നാല്‍ ചില രോഗികള്‍ക്ക്‌ ഓപ്പറേഷന്‍തന്നെ വേണ്ടിവരും.

റെറ്റിനിറ്റിസ്‌ പിഗ്‌മെന്റോസ

റെറ്റിനയിലെ അനുബന്ധകോശങ്ങള്‍ക്ക്‌ നാശം സംഭവിക്കുന്നതാണ്‌ ഈ രോഗത്തിന്റെ പ്രധാന കാരണം. റെറ്റിനയുടെ മേല്‍പാളിയില്‍നിന്നും തുടങ്ങുന്ന ഈ രോഗം ക്രമേണ ഉള്‍വശത്തേക്കും വ്യാപിക്കുന്നു. നിശാന്ധതയാണ്‌ ഈ രോഗത്തിന്റെ പ്രാരംഭ ലക്ഷണം. റെറ്റിനിറ്റിസ്‌ പിഗ്‌മെന്റോയ്‌ക്ക് പാരമ്പര്യം കൂടി കാരണമാണ്‌. കുടുംബത്തില്‍ മറ്റാര്‍ക്കെങ്കിലും രോഗമുണ്ടായാല്‍ അടുത്ത തലമുറയിലേക്കും രോഗം ബാധിക്കും.

കണ്‍വര്‍ജന്‍സ്‌

കൃഷ്‌ണമണിയെ ചലിപ്പിക്കുന്ന കണ്ണിലെ പേശീകളുടെ പ്രവര്‍ത്തനതകരാറുമൂലം കാഴ്‌ചയെ ബാധിക്കുന്ന രോഗമാണ്‌ കണ്‍വര്‍ജന്‍സ്‌. കണ്ണിലെ പേശികളുടെ ചലനത്തിന്‌ ആയാസം നേരിടുന്നതിന്റെ ഫലമായി ദൃഷ്‌ടി ഒരു ബിന്ദുവിലേക്ക്‌ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരുന്നു. കാഴ്‌ച വ്യക്‌തമാകാതെയും വരും. ഇങ്ങനെ വരുമ്പോള്‍ കണ്ണിന്‌ കൂടുതല്‍ ജോലി ചെയ്യേണ്ടി വരുന്നു. ഇതിന്റെ ഫലമായി കണ്ണിന്‌ ആയാസം കൂടി തലവേദനയുണ്ടാകും.

പേശികളുടെ ചലനം നേരെയാക്കാന്‍ ചില നേത്രവ്യായാമങ്ങള്‍ നിലവിലുണ്ട്‌. പെന്‍സില്‍ ടെക്‌്നിക്‌ ആണ്‌ അതിലൊന്ന്‌. കണ്ണിന്‌ നേരെ മുന്‍ഭാഗത്ത്‌ ഒരു പെന്‍സില്‍ പിടിക്കുക. പെന്‍സില്‍മുനയിലേക്ക്‌ ദൃഷ്‌ടി കേന്ദ്രീകരിക്കുക. പതുക്കെ പെന്‍സില്‍ മൂക്കിന്റെ തുമ്പിലേക്ക്‌ അടുപ്പിക്കുക. അതിനനുസരിച്ച്‌ നോട്ടവും ക്രമീകരിക്കണം. ഈ വ്യായാമം കുറേനാള്‍ തുടര്‍ന്നാല്‍ കണ്‍വര്‍ജന്‍സ്‌ പ്രശ്‌നത്തില്‍നിന്ന്‌ രക്ഷനേടാനാവും.

കോര്‍ണിയല്‍ അള്‍സര്‍

കൃഷ്‌ണമണിയിലുണ്ടാകുന്ന വ്രണമാണ്‌ കോര്‍ണിയല്‍ അള്‍സര്‍. കൃഷ്‌ണമണിയില്‍ വെള്ളപ്പൊട്ടായാണ്‌ ഈ വ്രണം കണ്ടുതുടങ്ങുന്നത്‌. കടുത്ത വേദനയുമുണ്ടാവും. അടിയന്തര ചികിത്സ ആവശ്യമാണ്‌. അല്ലാത്തപക്ഷം കൃഷ്‌ണമണിയില്‍ ആകെ ബാധിച്ച്‌ കാഴ്‌ച നഷ്‌ടപ്പെടും. കണ്ണില്‍ കരടോ മറ്റോ വീണ്‌ മുറിവേറ്റാല്‍ അള്‍സറായിത്തീരും.

പാപ്പിലോ എഡിമ

തലച്ചോറില്‍ കാന്‍സര്‍ ബാധിച്ചാല്‍ തലയോട്ടിയിലെ മര്‍ദ്ദം ക്രമാതീതമായി വര്‍ധിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന രോഗമാണ്‌ പാപ്പിലോ എഡിമ. തലയോട്ടിയില്‍ ഉണ്ടാകുന്ന ഈ മര്‍ദ്ദം കണ്ണില്‍നിന്നും സന്ദേശങ്ങള്‍ തലച്ചോറിലെത്തിക്കുന്ന നാഡികളിലേല്‍ക്കുമ്പോള്‍ നീര്‍വീക്കമുണ്ടാകും. ഇതാണ്‌ പാപ്പിലോ എഡിമ രോഗത്തിന്റെ കാരണം. നേത്രരോഗവിഗ്‌ദ്ധനെ സമീപിച്ച്‌ രോഗം സ്‌ഥിരീകരിക്കണം. കാന്‍സര്‍ ചികിത്സിച്ച്‌ ഭേദമാകുന്നതോടെ കണ്ണിനെ ബാധിക്കുന്ന രോഗവും മാറും.

കണ്‍കുരുവും കണ്‍വീക്കവും

കണ്‍പോളയില്‍ ഉണ്ടാകുന്ന കുരുവാണിത്‌. വേദനയോടെയും വേദനയില്ലാതെയും കുരു ഉണ്ടാവാന്‍ സാധ്യതയുണ്ട്‌. ഇതിന്‌ സമാനമായി കണ്‍പോളയില്‍ വേദനയില്ലാത്ത കുരുവുമുണ്ടാവും. കണ്‍കുരു ക്രമേണ മാറിക്കിട്ടുമെങ്കിലും കണ്‍പോളക്കുരുവിന്‌ ശസ്‌ത്രക്രിയ വേണ്ടിവരും. കണ്‍കുരു ആവിപിടിച്ചാല്‍ കുറയും.

മൂക്ക്‌, തൊണ്ട, പല്ല്‌ തുടങ്ങിയ ഭാഗങ്ങളില്‍ അണുബാധയുണ്ടാകുന്നതിന്റെ ഫലമായി വിഷാംശം ശരീരത്തിന്റെ മറ്റ്‌ ഭാഗങ്ങളിലേക്കും വ്യാപിക്കുന്നതുകൊണ്ട്‌ ഈ രോഗം ഉണ്ടാകുന്നു. കണ്ണിലും നെറ്റിയിലും വേദനയുണ്ടാവും. കണ്ണില്‍ കൃഷ്‌ണമണിക്ക്‌ ചുറ്റും നീലിമയാര്‍ന്ന ചുവപ്പും ഉണ്ടാകാന്‍ സാധ്യതയുണ്ട്‌.

കാഴ്‌ചയില്‍ ചെറിയ ബുദ്ധിമുട്ടുപോലും അനുഭവപ്പെട്ടാല്‍ ഉടന്‍ ഡോക്‌ടറെ കാണിക്കണം. ഗുരുതരമായേക്കാവുന്ന പ്രശ്‌നങ്ങള്‍ നേരത്തെ കണ്ടെത്തി പരിഹരിക്കുന്നതാണ്‌ ഉചിതം. വീട്ടിലുള്ള സ്വയം ചികിത്സകള്‍ക്ക്‌ കണ്ണ്‌ പരീക്ഷണ വസ്‌തുവാക്കുന്നത്‌ ഒഴിവാക്കണം.

വിവരങ്ങള്‍ക്ക്‌ കടപ്പാട്‌ :

അനിറ്റാ ജബ്ബാര്‍

ലിറ്റില്‍ഫ്‌ളവര്‍ ഹോസ്‌പിറ്റല്‍ ,അങ്കമാലി

പ്രമേഹം കാഴ്‌ച മറയ്‌ക്കുമ്പോള്‍

 

പ്രമേഹമുള്ള വ്യക്‌തിക്ക്‌ ഗ്ലൂക്കോസ്‌ ശരിയായ രീതിയില്‍ ശരീരത്തില്‍ സംഭരിച്ചുവയ്‌ക്കാനും ഉപയോഗപ്പെടുത്താനും കഴിയാതെ വരുന്നു. ഇങ്ങനെ രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌ കൂടിയും കുറഞ്ഞുമിരിക്കുന്നത്‌ കാഴ്‌ചശക്‌തിയെ ബാധിക്കും

അന്ധതയ്‌ക്കുള്ള മുഖ്യ കാരണങ്ങളില്‍ ഒന്നായി ഇന്ന്‌ പ്രമേഹം മാറിയിരിക്കുന്നു. പ്രമേഹം ശരീരത്തെ കീഴടക്കുന്നതിലും വേഗത്തിലും ആഴത്തിലും കണ്ണുകളെയും ബാധിക്കുന്നു. പ്രമേഹം മൂലം റെറ്റിനയ്‌ക്കും കണ്ണിലെ ചെറു രക്‌തക്കുഴലുകള്‍ക്കും ഉണ്ടാകുന്ന വൈകല്യങ്ങള്‍ക്ക്‌ ഡയബറ്റിക്‌ റെറ്റിനോപ്പതി (ഡി.ആര്‍.) എന്നു പറയുന്നു.

പ്രമേഹമുള്ള വ്യക്‌തിക്ക്‌ ഗ്ലൂക്കോസ്‌ ശരിയായ രീതിയില്‍ ശരീരത്തില്‍ സംഭരിച്ചുവയ്‌ക്കാനും ഉപയോഗപ്പെടുത്താനും കഴിയാതെ വരുന്നു. ഇങ്ങനെ രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌ കൂടിയും കുറഞ്ഞുമിരിക്കുന്നത്‌ കാഴ്‌ചശക്‌തിയെ ബാധിക്കും. സാധാരണയായി പ്രമേഹം രണ്ടുതരത്തിലുണ്ട്‌.

ടൈപ്പ്‌ 2- പ്രമേഹരോഗികളെ അപേക്ഷിച്ച്‌ ടൈപ്പ്‌ 1 പ്രമേഹരോഗികള്‍ക്കാണ്‌ ഡയബറ്റിക്‌ റെറ്റിനോപ്പതി അധികമായും വരുന്നത്‌. ടൈപ്പ്‌-2 രോഗികളില്‍ ഇത്‌ വരാനുള്ള സാധ്യത 20 ശതമാനം മാത്രമാണ്‌. പെട്ടെന്ന്‌ കാഴ്‌ചമങ്ങുക, കണ്ണില്‍ കറുത്ത വരകള്‍ ഓടിനടക്കുന്നത്‌ പോലെ കാണുക, വെളിച്ചത്തിന്‌ ചുറ്റും വൃത്തങ്ങള്‍ കാണുക, കാഴ്‌ച കുറഞ്ഞുവരിക തുടങ്ങിയവയാണ്‌ ഡയബറ്റിക്‌ റെറ്റിനോപ്പതിയുടെ ലക്ഷണങ്ങള്‍.

നിശബ്‌ദമായി എത്തുന്നു

പ്രമേഹം ബാധിച്ച ഉടന്‍തന്നെ ഡയബറ്റിക്‌ റെറ്റിനോപ്പതി പിടിപെടുന്നില്ല. കാലക്രമേണയാണ്‌ പ്രമേഹം കണ്ണുകളെ കീഴ്‌പ്പെടുത്തുന്നത്‌. 30 വയസിനു മുമ്പ്‌ പ്രമേഹം വന്ന ഒരാള്‍ക്ക്‌ 10 വര്‍ഷത്തിനുശേഷം ഡയബറ്റിക്‌ റെറ്റിനോപ്പതി വരാനുള്ള സാധ്യത 50 ശതമാനവും 30ന്‌ ശേഷം ഇതേ രോഗം വരാന്‍ 90 ശതമാനവുമാണ്‌ സാധ്യത.

അതിനാല്‍ പ്രമേഹം ബാധിച്ച വ്യക്‌തിയില്‍ ഡയബറ്റിക്‌ റെറ്റിനോപ്പതി തിരിച്ചറിയപ്പെടാതെ പോകുന്നു. 2025 ആകുമ്പോഴേക്കും ഇന്ത്യയില്‍ പ്രമേഹം മൂലമുള്ള നേത്രരോഗികളുടെ എണ്ണം 20 ദശലക്ഷം ആയിരിക്കുമെന്നാണ്‌ കണക്കുകള്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍.

കണ്ണിനെ കാക്കാം

ഏര്‍ലി ട്രീറ്റ്‌മെന്റ്‌ ഓഫ്‌ ഡയബെറ്റിക്‌ റെറ്റിനോപ്പതി സ്‌റ്റഡി (ഇ.ടി.ഡി.ആര്‍.എസ്‌), ഡയബെറ്റിസ്‌ റെറ്റിനോപ്പതി കണ്‍ട്രോള്‍ ആന്‍ഡ്‌ കോംപ്ലിക്കേഷന്‍ ട്രയല്‍ (ഡി.സി.സി) തുടങ്ങിയ പഠനങ്ങള്‍ തെളിയിക്കുന്നത്‌ ഡയബറ്റിക്‌ റെറ്റിനോപതിയുടെ തീവ്രതയും വ്യാപനവും ചികിത്സകൊണ്ട്‌ കുറയ്‌ക്കാന്‍ സാധിക്കുമെന്നാണ്‌. പ്രമേഹം നിയന്ത്രിച്ചുനിര്‍ത്താന്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ക്കു പ്രാധാന്യം കൊടുക്കണം.

പ്രായം കൂടുംതോറും രോഗത്തിന്റെ വ്യാപനവും വര്‍ധിച്ചേക്കാം. പ്രത്യേകിച്ച്‌ ടൈപ്പ്‌ 1 പ്രമേഹരോഗികളില്‍. ഡയബറ്റിക്‌ റെറ്റിനോപ്പതിയെ ആരംഭഘട്ടം എന്നും അവസാന ഘട്ടം എന്നും രണ്ടായി തരം തിരിക്കാം.

നോണ്‍ പ്ര?ലിഫറേറ്റീവ്‌ ഡയബറ്റിക്‌ റെറ്റിനോപതി എന്നറിയപ്പെടുന്ന ആദ്യ ഘട്ടത്തില്‍ റെറ്റിനയിലെ ചെറിയ രക്‌തക്കുഴലുകള്‍ക്ക്‌ കേടുണ്ടാകുകയും അവിടെനിന്നും രക്‌തമോ മറ്റു ദ്രാവകങ്ങളോ ഒലിക്കും. 25 ശതമാനം പ്രമേഹരോഗികളിലും ഈ അവസ്‌ഥ കാണാറുണ്ട്‌.
അവസാന ഘട്ടമായ 'പ്ര?ലിഫറേറ്റിവ്‌ ഡയബറ്റിക്‌ റെറ്റിനോപ്പതിയില്‍ റെറ്റിനയില്‍ വളരെയധികം രക്‌തക്കുഴലുകള്‍ക്ക്‌ കേടുണ്ടാക്കുന്നു.

രക്‌തക്കുഴലുകളുടെ പ്രവര്‍ത്തനം കുറയുന്നതോടെ റെറ്റിനയ്‌ക്ക് ആവശ്യത്തിന്‌ പോഷണം ലഭിക്കാതെ വരുന്നു. റെറ്റിനയുടെ ഉപരിതലത്തില്‍ നശിച്ചുപോയ ചെറിയ രക്‌തക്കുഴലുകള്‍ക്കു പകരം പുതിയ രക്‌തക്കുഴലുകള്‍ ഉണ്ടാകും. ഈ രക്‌തക്കുഴലുകള്‍ പൊട്ടി കണ്ണിനുള്ളില്‍ രക്‌തസ്രാവവും (വിട്രിയസ്‌ ഹെമറേജ്‌), റെറ്റിനയ്‌ക്ക് ചുളുക്കവും വലിവും സംഭവിക്കുന്നു. അവസാനഘട്ടത്തില്‍ വേദനയോടുകൂടിയ സമ്മര്‍ദ്ദം രക്‌തകുഴലുകള്‍ക്കുചുറ്റും ഉണ്ടായി കാഴ്‌ചശക്‌തി നശിക്കാം.

ഗര്‍ഭിണികളുടെ ശ്രദ്ധയ്‌ക്ക്

ഗര്‍ഭത്തിന്റെ ആദ്യഘട്ടത്തില്‍ കണ്ടുവരുന്ന പ്രമേഹം പ്രസവത്തോടെ മാറുന്നതായാണ്‌ കണ്ടുവരുന്നത്‌. എന്നാല്‍ പ്രമേഹമുള്ള സ്‌ത്രീകള്‍ ഗര്‍ഭം ധരിക്കുമ്പോള്‍ ഡയബറ്റിക്‌ റെറ്റിനോപ്പതി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്‌.

ഗര്‍ഭിണികളെ കൂടാതെ ഉയര്‍ന്നതോതിലുള്ള രക്‌തസമ്മര്‍ദ്ദം , അനീമിയ, നെേ്രഫാപതി എന്നിവയുള്ളവര്‍ക്കും ഡയബറ്റിക്‌ റെറ്റിനോപ്പതി വരാനുള്ള സാധ്യത കൂടുതലാണ്‌.

കാഴ്‌ചയും പ്രമേഹവും

കണ്ണിലെ നേത്രാന്തരപടലത്തേയും (റെറ്റിന) കേന്ദ്രഭാഗമായ മാക്കുലയെയും പ്രമേഹം തകരാറിലാക്കുന്നു. രക്‌തത്തിലെ പഞ്ചസാര കൂടുമ്പോള്‍ റെറ്റിനയിലെ രക്‌തക്കുഴലുകളില്‍നിന്ന്‌ രക്‌തം ചോര്‍ന്ന്‌ റെറ്റിനയ്‌ക്ക് വീക്കം സൃഷ്‌ടിക്കുന്നു.

തുടര്‍ന്ന്‌ പുതിയ രക്‌തക്കുഴലുകള്‍ വികസിച്ചുവരുമെങ്കിലും അവ ദുര്‍ബലവും പെട്ടെന്ന്‌ പൊട്ടി പോകുന്നവയും ആയിരിക്കും. ഇതാണ്‌ ഡയബറ്റിക്‌ റെറ്റിനോപ്പതിയുടെ ആദ്യഘട്ടം. തുടക്കത്തിലേയുള്ള ചികിത്സ രോഗം മൂര്‍ച്‌ഛിക്കാതെയിരിക്കാന്‍ സഹായിക്കും. യഥാര്‍ഥ കാരണം കണ്ടെത്തി ചികിത്സിക്കാന്‍ വൈകുംതോറും കണ്ണില്‍ രക്‌തസ്രാവം കൂടുകയും കാഴ്‌ചശക്‌തി പൂര്‍ണമായും നശിക്കുകയും ചെയ്യുന്നു.

റെറ്റിനയിലും നേത്രനാഡിയിലും ഉണ്ടാകുന്ന ചെറിയ പ്രശ്‌നം പോലും കാഴ്‌ചയെ തകരാറിലാക്കും. ഇതുമൂലം റെറ്റിനയില്‍ കൃത്യമായ പ്രതിബിംബങ്ങള്‍ രൂപപ്പെടുത്താന്‍ കഴിയാതെവരികയും പ്രതിബിംബങ്ങള്‍ കൃത്യമായി തലച്ചോറിലെത്തിക്കാന്‍ സാധിക്കാതെ വരികയും ചെയ്യുന്നു. റെറ്റിനയിലെ പ്രശ്‌നങ്ങളുടെ തോതനുസരിച്ച്‌ കാഴ്‌ചയ്‌ക്ക് വ്യതിയാനം സംഭവിക്കുകയും ചെയ്യുന്നു. നേര്‍ത്ത അവ്യക്‌തത മുതല്‍ പൂര്‍ണ്ണ അന്ധത വരെയാണ്‌ ഇതിന്റെ പരിണിത ഫലം.

മറ്റെല്ലാ ശാരീരികാവയവങ്ങളെയും പോലെ റെറ്റിനയും നേത്രനാഡിയും പോഷകങ്ങള്‍ സ്വീകരിക്കുന്നതും രക്‌തത്തില്‍നിന്നാണ്‌. പ്രമേഹത്തിന്റെ തോത്‌ വര്‍ദ്ധിക്കുന്നതോടെ ഈ ഭാഗത്തേക്കുള്ള രക്‌തക്കുഴലുകള്‍ സങ്കോചിക്കുകയും രക്‌തപ്രവാഹം കുറയുകയും ചെയ്യുന്നു, പിന്നീട്‌ രക്‌തചംക്രമണം പൂര്‍ണമായി നിലയ്‌ക്കുകയും കാഴ്‌ചയെ തകരാറിലുമാക്കുന്നു.

ചികിത്സ

ഡയബറ്റിക്‌ റെറ്റിനോപതി പൂര്‍ണ്ണമായും ചികിത്സിച്ചു മാറ്റാന്‍ സാധ്യമല്ല. രോഗം നിയന്ത്രിച്ചുനിര്‍ത്താനും ഭാവിയില്‍ റെറ്റിനയ്‌ക്ക് ഉണ്ടാകാന്‍ ഇടയുള്ള പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കണ്ടറിഞ്ഞ്‌ ചികിത്സിക്കാനും കഴിയും. ആരംഭത്തിലേയുള്ള ചികിത്സയാണ്‌ ഇതിന്‌ ആവശ്യം.

ഡയബറ്റിക്‌ റെറ്റിനോപ്പതിക്ക്‌് ലേസര്‍ ചികിത്സ ആവശ്യമായേക്കാം. ശക്‌തിയേറിയ പ്രകാശരശ്‌മികള്‍ ഉപയോഗിച്ച്‌ കേടുവന്ന കോശങ്ങള്‍ കരിയിച്ചുകളയുന്ന രീതിയാണിത്‌. വേദനയോ, മറ്റുപ്രശ്‌നങ്ങളോ ഉണ്ടാവുകയില്ല എന്നതിനൊപ്പം ആശുപത്രിയില്‍ കിടക്കേണ്ട എന്ന ഗുണവുമുണ്ട്‌.

കണ്ണിനുള്ളില്‍ രക്‌തസ്രാവം ഉണ്ടാവുകയോ റെറ്റിനയ്‌ക്ക് വലിവുണ്ടായി കാഴ്‌ചക്കുറവ്‌ സംഭവിക്കുകയോ ചെയ്‌താല്‍ വിട്രക്‌റ്റമി എന്ന ശസ്‌ത്രക്രിയയിലൂടെ പ്രശ്‌നം പരിഹരിക്കാവുന്നതാണ്‌. വിട്രിയസ്‌ നീക്കി ഫ്‌ളൂയിഡ്‌ നിറയ്‌ക്കുകയാണ്‌ ഈ ശസ്‌ത്രക്രിയയില്‍ ചെയ്യുന്നത്‌.

ശ്രദ്ധയും മുന്‍കരുതലും

പ്രമേഹം നിയന്ത്രിച്ചുനിര്‍ത്തുകയാണ്‌ രോഗം തടയാനുള്ള മാര്‍ഗം. ജനങ്ങള്‍ക്ക്‌ പ്രമേഹത്തെക്കുറിച്ച്‌ ആഴത്തിലുള്ള അറിവ്‌ ഉണ്ടായിരിക്കുക എന്നതാണ്‌ മുഖ്യം. രോഗമുണ്ടെന്ന്‌ കണ്ടാല്‍ ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും നിയന്ത്രിച്ചുനിര്‍ത്തുക. മുതിര്‍ന്നവരില്‍ ഉണ്ടാകുന്ന പ്രമേഹമായാലും കുട്ടികളില്‍ ഉണ്ടാകുന്ന പ്രമേഹമായാലും രോഗം നിയന്ത്രിക്കാന്‍ വൈകുംതോറും ഡയബറ്റിക്‌ റെറ്റിനോപ്പതിക്കുള്ള സാധ്യതയും വര്‍ദ്ധിക്കുന്നു.

പ്രമേഹത്തിനൊപ്പം രക്‌തസമ്മര്‍ദ്ദം അനീമിയ എന്നിവയുണ്ടെങ്കില്‍ അവയും നിയന്ത്രിച്ചുനിര്‍ത്തണം. പുകവലി ഉപേക്ഷിക്കുക. എല്ലാവര്‍ഷവും പ്രമേഹരോഗികള്‍ നേത്രപരിശോധന നടത്തണം. കാഴ്‌ചയ്‌ക്ക് മങ്ങല്‍ സംഭവിച്ചിട്ടില്ലെങ്കില്‍പോലും ഡയബറ്റിക്‌ റെറ്റിനോപ്പതിയുടെ ഭാഗമായ കാഴ്‌ചക്കുറവ്‌ ആരംഭത്തിലേ കണ്ടെത്തി തടയാന്‍ ഇത്‌ സഹായിക്കും.

രോഗം തിരിച്ചറിയാം

പ്രമേഹത്തിന്റെ ഫലമായി കണ്ണിനുണ്ടാകുന്ന പ്രശ്‌നങ്ങളെ തിരിച്ചറിയുകയെന്നതാണ്‌ പ്രധാനം. റെറ്റിന ഡയലേറ്റു ചെയ്യുന്നതിനുള്ള മരുന്ന്‌ കണ്ണില്‍ ഒഴിക്കും. അതിനുശേഷം ഒപ്‌താല്‍മാസ്‌ക്കോപ്പ്‌ എന്ന ഉപകരണം ഉപയോഗിച്ച്‌ നേത്രരോഗ വിദഗ്‌ദ്ധന്‍ റെറ്റിനയുടെ യഥാര്‍ഥ വൈകല്യം മനസിലാക്കുന്നു.

ഡയബറ്റിക്‌ റെറ്റിനോപതി ഉണ്ടെങ്കില്‍ ചില രോഗികള്‍ക്ക്‌ ഫ്‌ളൂറോ സീന്‍ ആന്‍ജിയോ ഗ്രാഫി ചെയ്യേണ്ടി വരും. സോഡിയം ഫ്‌ളൂറസിന്‍ എന്ന ഡൈ കുത്തിവച്ച്‌ റെറ്റിനയുടെ ചിത്രങ്ങള്‍ എടുക്കും. ഇതിലൂടെ രക്‌തക്കുഴലുകള്‍ക്കുണ്ടാകുന്ന മാറ്റം, രക്‌തസ്രാവം എന്നിവ മനസിലാക്കാന്‍ സാധിക്കും.

വിവരങ്ങള്‍ക്ക്‌ കടപ്പാട്‌:

ഡോ. തോമസ്‌ ജോസഫ്‌

കണ്‍സല്‍ട്ടന്റ്‌
ഓഫ്‌ത്താല്‍മോളജിസ്‌റ്റ്, കോട്ടയം

കാഴ്‌ച വൈകല്യങ്ങള്‍ക്ക്‌ ഹോമിയോപ്പതിക്‌ ചികിത്സ

 

കണ്ണിനെയും കാഴ്‌ചയെയും ബാധിക്കുന്ന എല്ലാ രോഗങ്ങള്‍ക്കും ഹോമിയോപ്പതിയില്‍ ചികിത്സയുണ്ട്‌. പഞ്ചേന്ദ്രിയങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഇന്ദ്രിയമാണ്‌ കണ്ണ്‌. കാഴ്‌ചയില്ലാത്ത ജീവിതത്തെ ക്കുറിച്ച്‌ ആര്‍ക്കും ചിന്തിക്കാന്‍ കഴിയില്ല. കാഴ്‌ച എന്നത്‌ കണ്ണില്‍ മാത്രം ഒതുങ്ങുന്നില്ല.

കണ്ണില്‍നിന്നും തലച്ചോറിലേക്കുള്ള ഞരമ്പുകളും തലച്ചോറും ഈ ഭാഗത്തെ രക്‌തക്കുഴലുകളും അവയുടെ പ്രവര്‍ത്തനങ്ങളുമെല്ലാം കാഴ്‌ചയെ സ്വാധീനിക്കുന്നു. അതിനാല്‍ തലച്ചോറിനും ഞരമ്പുകള്‍ക്കും ഉണ്ടാകുന്ന രോഗങ്ങളും ക്ഷതങ്ങളും കാഴ്‌ചക്കുറവിലേക്കും കാഴ്‌ചയില്ലായ്‌മയിലേക്കും നയിക്കുന്നതാണ്‌.

ഗോളാകൃതിയിലുള്ള കണ്ണിന്‌ ഇലാസ്‌തികതയില്ലാത്ത ഭിത്തിയും ദ്രാവകങ്ങള്‍ നിറഞ്ഞ ഉള്‍ഭാഗവുമാണുള്ളത്‌. ഈ ഭിത്തിക്ക്‌ മൂന്നു പാളികളുണ്ട്‌. ചെറിയ ഇലാസ്‌തികതയോടു കൂടിയ മുന്‍ഭാഗം (സ്‌ക്ലീറ), മധ്യപാളിയായ രക്‌ത പടലം, ഏറ്റവും ഉള്ളിലുള്ള ദൃഷ്‌ടിപടലം അഥവാ റെറ്റിന എന്നിവയാണവ. കണ്ണിന്‌ ദൃഢതയും ആകൃതിയും സംരക്ഷണവും നല്‍കുന്നത്‌ സ്‌ക്ലീറയാണ്‌. സ്‌ക്ലീറയുടെ മുന്‍ഭാഗം സുതാര്യമാണ്‌. ഇതിനെ 'കോര്‍ണിയ' എന്നു പറയുന്നു.

മധ്യപാളിയായ രക്‌തപടലത്തില്‍ ധാരാളം രക്‌ത ലോമികകള്‍ കാണപ്പെടുന്നു. ഇവ കണ്ണിലെ കലകള്‍ക്ക്‌ പോഷണവും, ഓക്‌സിജനും നല്‍കുന്നു. ഐറിസ്‌, കോറോയിഡ്‌, സിലിയറി ബോഡി എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി മധ്യപാളി തിരിച്ചിരിക്കുന്നു.

രക്‌തപടലത്തിന്റെ മുന്‍ഭാഗം കോര്‍ണിയയുടെ പിന്നിലായി വൃത്താകൃതിയിലുള്ള ഇരുണ്ട മറപോലെ കാണപ്പെടുന്ന ഭാഗമാണ്‌ 'ഐറിസ്‌'. ഇതിനു മധ്യഭാഗത്തായി ഏകദേശം 3 മില്ലീ മീറ്റര്‍ വ്യാസത്തോടു കൂടിയ ഒരു സുഷിരമുണ്ട്‌. ഇതിനെ പ്യൂപ്പിള്‍ എന്നു പറയുന്നു. ഐറിസിന്റെ പിന്നിലായാണ്‌ 'കോണ്‍വെക്‌സ്' ആകൃതിയിലുള്ള സുതാര്യമായ ലെന്‍സിന്റെ സ്‌ഥാനം.

ലെന്‍സിലെത്തുന്ന പ്രകാശരശ്‌മികള്‍ ദ്രാവകത്തിലൂടെ സഞ്ചരിച്ച്‌ മൂന്നാമത്തെ ഭാഗമായ ദൃഷ്‌ടിപടലത്തില്‍ കേന്ദ്രീകരിക്കുമ്പോഴാണ്‌ കാഴ്‌ച സാധ്യമാകുന്നത്‌. അതുകൊണ്ട്‌ കണ്ണിന്റെ മുന്‍ഭാഗത്തുള്ള ആവരണം മുതലുള്ള ഭാഗങ്ങളിലുണ്ടാകുന്ന ഘടനാപരമായ വ്യതിയാനങ്ങള്‍ 'എറേഴ്‌സ് ഓഫ്‌ റിഫ്‌ളക്ഷനി'ലേക്ക്‌ നയിക്കുന്നു. നേത്രവൈകല്യങ്ങളില്‍ സര്‍വസാധാരണയായി കാണപ്പെടുന്ന അവസ്‌ഥയാണിത്‌.

ദീര്‍ഘദൃഷ്‌ടി

ഈ അവസ്‌ഥയില്‍ അകലെയുള്ള വസ്‌തുവില്‍നിന്നുള്ള കിരണങ്ങള്‍ ദൃഷ്‌ടിപടലത്തില്‍ കേന്ദ്രീകരിക്കുന്നതിനു പകരം പിന്‍ഭാഗത്ത്‌ കേന്ദ്രീകരിക്കുന്നു. ഇതിന്റെ ഫലമായി അടുത്തുള്ള കാഴ്‌ചയ്‌ക്ക് മങ്ങല്‍ അനുഭവപ്പെടുന്നു. എന്നാല്‍ കണ്ണിലുണ്ടാകുന്ന മാറ്റങ്ങള്‍ ലഘുവാണെങ്കില്‍ കാഴ്‌ചക്കുറവുണ്ടാകുന്നില്ല.

കണ്ണിലുള്ള പേശികള്‍ തന്നെ ഈ കുറവ്‌ പരിഹരിക്കുന്നതു മൂലം പേശികള്‍ക്ക്‌ ബലക്ഷയം ഉണ്ടാകുകയും തന്മൂലം തലവേദന, കണ്ണിന്‌ വേദന, ചുവപ്പ്‌, കണ്‍പോളയ്‌ക്ക് ഭാരം എന്നിവ അനുഭവപ്പെടാം. കൃഷ്‌ണമണിയുടെ വലിപ്പക്കുറവ്‌, ലെന്‍സിന്റെ റിഫ്രാക്‌ടീവ്‌ ഇന്‍ഡക്‌സിന്റെ കുറവ്‌, കോര്‍ണിയയുടെ വക്രത കുറവ്‌ എന്നീ കാരണങ്ങാളാണ്‌ പ്രധാനമായും ദീര്‍ഘദൃഷ്‌ടിയിലേക്ക്‌ നയിക്കുക.

ഹ്രസ്വദൃഷ്‌ടി

ഹ്രസ്വദൃഷ്‌ടി അഥവാ മയോപിയ എന്നറിയപ്പെടുന്ന ഈ രോഗാവസ്‌ഥയില്‍ പ്രതിബിംബം ദൃഷ്‌ടി പടലത്തിനു മുന്നിലാണ്‌ പതിക്കുന്നത്‌. അതിനാല്‍ അകലെയുള്ള വസ്‌തുക്കള്‍ കാണാന്‍ ബുദ്ധിമുട്ട്‌ അനുഭവപെടുന്നു. കൃഷ്‌ണമണിയുടെ വലിപ്പം കൂടുന്ന 'അക്‌സില്‍ മയോപിയ'യാണ്‌ ഹ്രസ്വദൃഷ്‌ടിക്ക്‌ പ്രധാന കാരണം.

കൗമാരപ്രായത്തില്‍ കണ്ണിന്‌ അമിത വളര്‍ച്ച ഉണ്ടാകുന്നതിനാല്‍ സ്‌കൂള്‍ കാലഘട്ടത്തിലാണ്‌ ഈ അവസ്‌ഥകൂടുതലായി കാണുന്നത്‌. ലെന്‍സിന്റെ റിഫ്രാക്‌ടീവ്‌ ഇന്‍ഡക്‌സ് കൂടുക (ഇന്‍ഡക്‌സ് മയോപിയ), കോര്‍ണിയയുടെ വക്രത കൂടുക തുടങ്ങിയവയും ഹ്രസ്വദൃഷ്‌ടിക്ക്‌ കാരണമാണ്‌.

രോഗത്തിന്റെ തുടക്കത്തില്‍ ഇവര്‍ക്ക്‌ അടുത്തുള്ള വസ്‌തുക്കളെ കാണുവാന്‍ കഴിയുകയും അകലെയുള്ളവയെ കാണുവാന്‍ ബുദ്ധിമുട്ട്‌ അനുഭവപ്പെടുകയും ചെയ്യുന്നു. സ്‌കൂള്‍ കുട്ടികള്‍ക്ക്‌ ബോര്‍ഡിലെഴുതുന്നതു വായിക്കാന്‍ ബുദ്ധിമുട്ട്‌ അനുഭവപ്പെടുമ്പോള്‍ അധ്യാപകരാണ്‌ ഈ അവസ്‌ഥ തിരിച്ചറിയുന്നത്‌.

രോഗം മൂര്‍ച്‌ഛിക്കുമ്പോള്‍ മങ്ങിയ കാഴ്‌ചയ്‌ക്കൊപ്പം, വായിക്കുമ്പോള്‍ ശക്‌തിയായ തലവേദനയും അനുഭവപ്പെടാം. എന്നാല്‍ രോഗം അതിക്രമിച്ചാല്‍ അകലെയുള്ള വസ്‌തുക്കളെ മാത്രമല്ല അരികെയുള്ളവയെയും കാണാന്‍ കഴിയാതെ വരുന്നു. ഹ്രസ്വദൃഷ്‌ടിയുള്ള കുട്ടികള്‍ പുസ്‌തകം കണ്ണിനോട്‌ വളരെ അടുത്തുവച്ച്‌ വായിക്കുന്നതായി കാണാം.

ഹ്രസ്വദൃഷ്‌ടി മൂന്നുതരം

ഹ്രസ്വദൃഷ്‌ടി പ്രധാനമായും മൂന്നുതരത്തിലുണ്ട്‌. കണ്‍ജെനിറ്റല്‍ മയോപിയ, സിംപിള്‍ മയോപിയ, പ്രോഗ്രസീവ്‌ മയോപിയ എന്നിങ്ങനെ മൂന്നുവിധത്തിലാണ്‌ ഹ്രസ്വദൃഷ്‌ടി അനുഭവപ്പെടുന്നത്‌. ഒരു കണ്ണിലോ രണ്ട്‌ കണ്ണിലോ ജന്മനാതന്നെ ഹ്രസ്വദൃഷ്‌ടിയുണ്ടാകുന്ന അവസ്‌ഥയാണ്‌ കണ്‍ജെനിറ്റല്‍ മയോപിയ. സാധാരണ കോങ്കണ്ണിനോടൊപ്പമാണ്‌ ഈ അവസ്‌ഥ കണ്ടുവരുന്നത്‌.

സര്‍വസാധാരണമായി കാണുന്ന ഹ്രസ്വദൃഷ്‌ടിയാണ്‌ സിംപിള്‍ മയോപിയ. പഠനകാലത്തിന്റെ ആരംഭത്തില്‍ തുടങ്ങി തീവ്രത കൂടിയശേഷം ഏകദേശം 25 വയസിനു ശേഷം അതേ അവസ്‌ഥയില്‍ സ്‌ഥിരമായിത്തീരുന്നു എന്നതാണ്‌ സിംപിള്‍ മമോപിയയുടെ പ്രത്യേകത.
രോഗാവസ്‌ഥ പെട്ടെന്ന്‌ കൂടുകയും പ്രായപൂര്‍ത്തിയെത്തുന്നതിന്‌ മുമ്പുതന്നെ രോഗം മൂര്‍ച്‌ഛിക്കുകയും ചെയ്യുന്നതാണ്‌ മൂന്നാമത്തെ വിഭാഗമായ പ്രോഗ്രസീവ്‌ മയോപിയ.

ഈ രോഗാവസ്‌ഥയുള്ളവരുടെ കുട്ടികളെ വളരെ ചെറുപ്പം മുതല്‍ തുടര്‍ച്ചയായി നിരീക്ഷിക്കേണ്ടതാണ്‌. അതോടൊപ്പം കുട്ടികളുടെ ശുചിത്വകാര്യത്തിലും ഭക്ഷണകാര്യങ്ങളിലും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്‌. പോഷകാഹാരവും ശുദ്ധവായുവും ശരിയായ വ്യായാമവും കുട്ടികള്‍ക്ക്‌ ലഭിക്കണം. കാല്‍സ്യം, വൈറ്റമിന്‍ ഡി എന്നിവയും വളരുന്ന കുട്ടികള്‍ക്ക്‌ അത്യന്താപേക്ഷിതമാണ്‌.

അസ്‌റ്റിക്‌ മാറ്റിസം

കോര്‍ണിയയുടെ സ്‌ഥാനചലനം മൂലമോ, ലെന്‍സിന്റെയോ വക്രതയിലുണ്ടാകുന്ന വ്യത്യാസം മൂലമോ കാഴ്‌ചക്കുറവ്‌, തലവേദന, കണ്ണിന്‌ ചുവപ്പ്‌, വേദന, കണ്‍പോളകള്‍ക്ക്‌ ഭാരം എന്നിവ അനുഭവപ്പെടുന്ന രോഗാവസ്‌ഥയാണ്‌ അസ്‌റ്റിക്‌മാറ്റിസം. രോഗത്തിന്റെ തുടക്കത്തില്‍ ആസ്‌തെനോപ്പിക്‌ ലക്ഷണങ്ങള്‍ മാത്രമേ കാണുകയുള്ളൂ. എന്നാല്‍ രോഗം മൂര്‍ച്‌ഛിച്ച അവസ്‌ഥയില്‍ അടുത്തും അകലെയുമുള്ള വസ്‌തുക്കളെ കാണാന്‍ ബുദ്ധിമുട്ടുണ്ടാകുന്നു.

അനൈസോ മെട്രോപ്പിയ

രണ്ട്‌ കണ്ണിന്റെയും പ്രതിബിംബങ്ങളിലുണ്ടാകുന്ന അസന്തുലിതാവസ്‌ഥ മൂലമാണ്‌ ഈ രോഗം ഉണ്ടാകുന്നത്‌. വ്യത്യാസം ചെറിയതോതിലാണെങ്കില്‍ രണ്ട്‌ പ്രതിബിംബമായി വസ്‌തുവിനെ കാണുവാന്‍ കഴിയും.

മറ്റ്‌ രോഗാവസ്‌ഥകള്‍

1. ഡിപ്ലോപ്പിയ

ഒരുവസ്‌തുവിനെ രണ്ടായി കാണുന്ന അവസ്‌ഥയാണിത്‌. യുനിയോകുലര്‍, ബൈനോകുലാര്‍ എന്നിങ്ങനെ ഡിപ്ലോപ്പിയ രണ്ടുവിധമുണ്ട്‌.
ഒരു വസ്‌തുവില്‍ രണ്ട്‌ പ്രതിബിംബം റെറ്റിനയില്‍ പതിക്കുമ്പോഴാണ്‌ യുനിയോകുലര്‍ ഡിപ്ലോപ്പിയ ഉണ്ടാകുന്നത്‌. തിമിരം, റെറ്റിന വേര്‍പെടല്‍ എന്നിവ ഈ അവസ്‌ഥയ്‌ക്ക് കാരണമാകുന്നു.

2. ബൈനോകുലാര്‍

പ്രതിബിംബം കേന്ദ്രീകരിക്കേണ്ട ബിന്ദു റെറ്റിനയില്‍ പതിക്കാതെ വരുമ്പോഴാണ്‌ ബൈനോകുലാര്‍ എന്ന അവസ്‌ഥയുണ്ടാകുന്നത്‌. കണ്ണടയ്‌ക്കുമ്പോള്‍ ഈ അവസ്‌ഥ മാറുന്നു.

3. ഹെമി അനോപിയ

ഒരു കണ്ണിന്റെ ദൃശ്യപഥത്തിന്റെ പകുതി നഷ്‌ടപ്പെടുന്ന അവസ്‌ഥയാണിത്‌. സിഫിലിറ്റിക്‌ മെനിഞ്ചൈറ്റിസ്‌, തലച്ചോറിലെ രക്‌തസ്രാവം, അന്യൂറിസം, ത്രോംബോസിസ്‌, മുറിവുകള്‍, തലച്ചോറിലെ മുഴകള്‍ എന്നിവ രോഗത്തിന്‌ കാരണമാണ്‌.

4. നിശാന്ധത

മങ്ങിയ വെളിച്ചത്തില്‍ കാഴ്‌ചക്കുറവും പകല്‍ സമയത്ത്‌ നല്ല കാഴ്‌ചയും ഉണ്ടാകുന്ന അവസ്‌ഥയാണിത്‌. ജന്മനാ രോഗിയാവുകയോ, റെറ്റിനയിലുണ്ടാകുന്ന രോഗങ്ങളോ നിശാന്ധതയിലേക്ക്‌ നയിക്കാം. വിറ്റാമിന്‍ എ യുടെ അഭാവം മൂലവും നിശാന്ധതയുണ്ടാകാം.

5. വര്‍ണാന്ധത

ഈ രോഗമുള്ളവര്‍ക്ക്‌ നിറങ്ങള്‍ തിരിച്ചറിയാന്‍ കഴിയാതെ വരുന്നു. ജന്മനാരോഗിയാവുകയോ റെറ്റിനയുടേയും ഒപ്‌റ്റിക്‌ നേര്‍വിന്റെയോ രോഗത്തിന്റെ തുടര്‍ച്ചയായോ വര്‍ണാന്ധതയുണ്ടാകാം.

6. റെറ്റിനോപ്പതി

പ്രമേഹം, രക്‌തസമ്മര്‍ദ്ദം എന്നിവ അധികനാളായി ഉള്ളവരില്‍ കണ്ടുവരുന്ന രോഗമാണിത്‌. ഇതിന്റെ തീവ്രത കൂടിയ അവസ്‌ഥയില്‍ കാഴ്‌ച നഷ്‌ടപ്പെടാറുണ്ട്‌.

7. ഒപ്‌റ്റിക്‌ അറ്റ്‌റോഫി

വേദനയോ, നീരോ മറ്റ്‌ അസ്വസ്‌ഥതകളോ അനുഭവപ്പെടാതെ പെട്ടന്ന്‌ ഒരു കണ്ണിന്റെ കാഴ്‌ച നഷ്‌ടപെടുന്ന അവസ്‌ഥയാണിത്‌. പിന്നീട്‌ മറുകണ്ണിനും ഇതേ അവസ്‌ഥയുണ്ടാകുന്നതാണ്‌.

8. തിമിരം

ലെന്‍സിന്റെ സുതാര്യത നഷ്‌ടപ്പെടുന്നതു മൂലം കാഴ്‌ചക്കുറവുണ്ടാകുന്ന അവസ്‌ഥയാണിത്‌. ഇത്‌ ജന്മനാ ഉണ്ടാകുന്നതോ പിന്നീട്‌ മറ്റ്‌ രോഗങ്ങള്‍ മൂലമോ ഉണ്ടാകാം. പ്രമേഹം, ഡെര്‍മറ്റൈറ്റിസ്‌, ത്രെട്ടിനിസം, കണ്ണിനുണ്ടാകുന്ന രോഗങ്ങള്‍, റെറ്റിനൈറ്റിസ്‌, ഗ്ലോക്കോമ, കണ്ണിനുണ്ടാകുന്ന മുറിവുകള്‍, മരുന്നുകളുടെ ഉപയോഗം, വിറ്റാമിന്‍ ബി 2, സി എന്നിവയുടെ കുറവ്‌, മിന്നലേല്‍ക്കുക തുടങ്ങിയ രോഗാവസ്‌ഥകള്‍ തിമിര രോഗത്തിലേക്ക്‌ നയിക്കാം.

ഹോമിയോപ്പതിക്‌ ചികിത്സ

ഹോമിയോപ്പതിക്‌ ചികിത്സയില്‍ രോഗത്തേക്കാളുപരി രോഗം ബാധിച്ച വ്യക്‌തിയെയാണ്‌ ആഴത്തില്‍ പഠിക്കുന്നത്‌.
ആ രോഗിയുടെ മാനസിക ശാരീരിക പ്രത്യേകതകള്‍, വളര്‍ന്നുവന്ന സാഹചര്യങ്ങള്‍, ചുറ്റുപാടിനോടുള്ള പ്രതികരണങ്ങള്‍ അങ്ങനെ ഒരു വ്യക്‌തിയെ ഭിന്നിതമാക്കുന്നതായ എല്ലാ പ്രത്യേകതകളും കണക്കിലെടുത്ത്‌ ഏറ്റവും അനുയോജ്യമായ മരുന്ന്‌ തിരഞ്ഞെടുത്ത്‌ അതിന്റെ പൊട്ടന്‍സിയും, ഡോസും രോഗിയുടെ വയസും പ്രതിരോധശേഷിയും മറ്റ്‌ രോഗാവസ്‌ഥയും കണക്കിലെടുത്ത്‌ ശരിയായ അളവില്‍ തീരുമാനിച്ചാണ്‌ നല്‍കുന്നത്‌. അതിനാല്‍ ഒരേ രോഗമുള്ളവരാണെങ്കിലും മരുന്ന്‌ വ്യത്യസ്‌തമായിരിക്കും.

കണ്ണിനെയും കാഴ്‌ചയെയും ബാധിക്കുന്ന എല്ലാ രോഗങ്ങള്‍ക്കും ഹോമിയോപ്പതിയില്‍ ചികിത്സയുണ്ട്‌. കണ്ണിന്‌ കൂടുതല്‍ ആയാസമുണ്ടാകുന്നതുമൂലമുള്ള ഹ്രസ്വദൃഷ്‌ടി, വായിക്കുമ്പോള്‍ ബുദ്ധിമുട്ട്‌ ഉണ്ടാവുക, റെറ്റിനയില്‍ രക്‌തസ്രാവം മൂലമുണ്ടാകുന്ന ഡിപ്ലോപ്പിയ, തലവേദനയോടൊപ്പമുള്ള ഡിപ്ലോപ്പിയ, ഇടതുവശം കാഴ്‌ച മങ്ങുക, കീഴ്‌ഭാഗത്തെ കാഴ്‌ചക്കുറവ്‌, വലതു ഭാഗത്തെ കാഴ്‌ചക്കുറവ്‌, സ്‌ത്രീകള്‍ക്കും പ്രായമായവര്‍ക്കുമുള്ള തിമിരം എന്നിങ്ങനെ കണ്ണിന്റെ തകരാറുകള്‍ ഏതായാലും ഹോമിപ്പതി ഫലപ്രദമാണ്‌.
എന്നാല്‍ ഏതു രോഗത്തിനും ഡോക്‌ടറെ നേരില്‍ കണ്ട്‌ ചികിത്സ നിശ്‌ചയിച്ച ശേഷം അവരുടെ നിര്‍ദേശപ്രകാരം മാത്രം ഔഷധങ്ങള്‍ ഉപയോഗിക്കുക.

വെള്ളെഴുത്ത്‌

സാധാരണയായി 40 വയസിനു മേല്‍ പ്രായമായവരിലാണ്‌ ഈ രോഗാവസ്‌ഥ കണ്ടുവരുന്നത്‌. ഇവര്‍ക്ക്‌ അടുത്തുള്ള വസ്‌തുക്കളെ വ്യക്‌തമായി കാണുവാന്‍ സാധിക്കില്ല. വായിക്കുക, എഴുതുക, തയ്‌ക്കുക തുടങ്ങിയ, കണ്ണിനോട്‌ ചേര്‍ത്തുവച്ചു ചെയ്യുന്ന ജോലികള്‍ ചെയ്യുവാന്‍ പ്രയാസമായിരിക്കും. തുടക്കത്തില്‍ വസ്‌തുക്കള്‍ കണ്ണിന്‌ അകലെ പിടിച്ച്‌ ഈ അവസ്‌ഥ തരണം ചെയ്യുവാന്‍ കഴിയുമെങ്കിലും പ്രായം കൂടുന്നതനുസരിച്ച്‌ കാഴ്‌ചകുറഞ്ഞുവരുന്നു. ലെന്‍സിന്റെ ഇലാസ്‌തികത നഷ്‌ടപ്പെടുന്നതാണ്‌ ഈ അവസ്‌ഥയ്‌ക്ക് കാരണം.

വിവരങ്ങള്‍ക്ക്‌ കടപ്പാട്‌: ഡോ. പി.എം വിനിത

മെഡിക്കല്‍ ഓഫീസര്‍
ഗവ: ഹോമിയോ ഡിസ്‌പെന്‍സറി
കടപ്ലാമറ്റം, കോട്ടയം

 

കാഴ്‌ച തകരാറിന്‌ പരിഹാരം കണ്ണട മാത്രമോ?

 

നവലോകത്ത്‌ കണ്ണട ധരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു വരികയാണ്‌. ഏറ്റവും പുതിയ കണക്കനുസരിച്ച്‌ കണ്ണട ധരിച്ചാല്‍ കാഴ്‌ച കിട്ടുന്നവരുടെ എണ്ണം ആഗോളതലത്തില്‍ ഏകദേശം 5 മുതല്‍ 123 ദശലക്ഷത്തോളമുണ്ട്‌. ശതകോടി ജനങ്ങള്‍ കണ്ണട ധരിക്കുന്നവരായും ലോകത്തുണ്ട്‌.

കുട്ടികളിലാണ്‌ ഈ പ്രവണത കൂടുതലായി കണ്ടുവരുന്നത്‌. അതുകൊണ്ടുതന്നെ ഇത്‌ ചെറിയ പ്രായത്തില്‍ തന്നെ പരിഹരിക്കപ്പെടേണ്ടത്‌ ഭാവിയില്‍ കണ്ണട ആശ്രയിക്കേണ്ടി വരുന്നവര്‍ അനുഭവിക്കുന്ന സാമൂഹികവും ആരോഗ്യപരവുമായ പരാശ്രയത്തിന്‌ വിരാമമിടുന്നത്‌ സഹായകരമാകും.

ഇതിന്‌ ശക്‌തമായ ഒരു ബദല്‍ മാര്‍ഗം എന്നനിലയില്‍ ആയുര്‍വേദ നേത്രചികിത്സ ആശാവഹമായ പരിഹാര മാര്‍ഗങ്ങള്‍ നമ്മെ കണിച്ചു തരുന്നുണ്ട്‌. ലഘുവായ നേത്രവ്യായാമമുള്‍പ്പെടെ മറ്റ്‌ ചികിത്സാമുറകള്‍ വര്‍ഷാവര്‍ഷം ചെയ്യുന്നത്‌ കാഴ്‌ച മാത്രമല്ല നേത്രാരോഗ്യം മെച്ചപ്പെടുത്തുന്നതിനും തൊഴില്‍പരമായ മറ്റനേകം വിഷമതകള്‍ മറികടക്കുന്നിനും ഒരു വ്യക്‌തിയെ വളരെയധികം സഹായിക്കുന്നു.

എന്താണ്‌ കാഴ്‌ചതകരാര്‍?

പ്രധാനമായും മൂന്നു രീതിയിലുള്ള കാഴ്‌ച വൈകല്യങ്ങള്‍ക്കാണ്‌ കണ്ണടയെ ആശ്രയിക്കുന്നത്‌. കണ്ണടകള്‍ കൃത്യമായ കാഴ്‌ച ഉറപ്പു വരുത്തുന്നു എന്നതിലുപരി അവയെ ഒരിക്കലും ഒരു 'ചികിത്സ' എന്ന നിലയില്‍ കാണരുത്‌. കാലാന്തരത്തില്‍ ഭൂരിപക്ഷം കണ്ണടയുടേയും 'പവര്‍' വര്‍ധിച്ചു വരുന്നതായി മനസിലാക്കാം.

കൂടാതെ ചിലയവസരങ്ങളിലെങ്കിലും, തീവ്രമായ ഹ്രസ്വദൃഷ്‌ടിയിലേക്ക്‌ നയിക്കുകയും കണ്ണിനകത്തെ റെറ്റിനയെതന്നെ നശിപ്പിക്കുന്നതിന്‌ ഇടവരുത്തുകയും ചെയ്യുന്നു. പ്രധാനമായും ഹ്രസ്വദൃഷ്‌ടി (അടുത്തുള്ള വസ്‌തുക്കള്‍ മാത്രം കാണാന്‍ സാധിക്കുന്ന അവസ്‌ഥ) ആണ്‌ കുട്ടികളില്‍ കണ്ടുവരുന്നത്‌.

പതിറ്റാണ്ടുകളായി പുതിയ തലമുറയില്‍പ്പെട്ട കുട്ടികള്‍ കൂടുതല്‍ സമയവും വീടിനകത്ത്‌ പെരുമാറുകയോ, കൂടുതല്‍ സമയം കണ്ണിനെ അടുത്ത വസ്‌തുക്കള്‍ നോക്കുന്നതിനു മാത്രം ഉപയോഗിക്കുകയോ ചെയ്യുന്നതു കൊണ്ട്‌ കണ്ണിന്റെ ഫോക്കല്‍ പോയിന്റ്‌ റെറ്റിനയുടെ പിന്നിലേക്ക്‌ നീളുകയും അവ പരിഹരിക്കുന്നതിന്‌ കണ്ണട ആവശ്യമാകുകയും ചെയ്യുന്നു എന്നതാണ്‌. ഇത്‌ പഠനവിധേയമാക്കിയ വസ്‌തുതയാണ്‌.

ദീര്‍ഘദൃഷ്‌ടി അഥവാ ഹൈപ്പര്‍മെട്രോപിയ (ദൂരെയും അടുത്തും കാണുന്നതിനുള്ള അവ്യക്‌തത) ഇത്‌ പ്രധാനമായും നേത്രഗോളത്തിന്റെ കൃഷ്‌ണമണിയുടെ അല്ലെങ്കില്‍ ലെന്‍സ്‌ ക്രമീകരിക്കുന്ന പേശികളുടെ അപര്യാപ്‌തമായ വളര്‍ച്ച കൊണ്ടോ, ക്ഷീണം കൊണ്ടോ സംഭവിക്കുന്നതാണ്‌. പ്ലസ്‌ ലെന്‍സുകളാണ്‌ ഇതില്‍ ധരിക്കുന്നത്‌.

ഇവയും കാലാന്തരത്തില്‍ കണ്ണട മാറ്റാന്‍ സാധിക്കാതെ ആകുകയും ചിലപ്പോള്‍ വര്‍ധിച്ചു കൊണ്ടിരിക്കുകയും ചെയ്യും. മൂന്നാമത്‌ അസ്‌റ്റിഗ്‌ മാറ്റിസം എന്ന തകരാര്‍ ആണ്‌. പ്രധാനമായും കൃഷ്‌ണമണിയുടെ രൂപതകരാര്‍ കൊണ്ട്‌ ഒരു വസ്‌തുവിന്റെ ഫോക്കസ്‌ വിവിധ ദിശകളില്‍ വിവിധ സ്‌ഥലങ്ങളില്‍ പതിക്കുന്നതാണ്‌ ഇതില്‍ സംഭവിക്കുന്നത്‌.

ഇതും കണ്ണട ധരിച്ച്‌ മറികടക്കാമെങ്കിലും, ഈ മൂന്ന്‌ അവസ്‌ഥകളിലും ചെറുപ്രായത്തില്‍ തന്നെ കണ്ടുപിടിക്കപ്പെട്ട ഉടനെയുള്ള ആയുര്‍വേദ ചികിത്സയലൂടെ വലിയ ഒരളവുവരെ ഫലപ്രദമായി ഭേദമാക്കാം, കണ്ണടകൂടാതെ തന്നെ.

എന്താണ്‌ ആയുര്‍വേദ ചികിത്സാരീതി?

ആധുനിക നേത്രചികിത്സ ശാസ്‌ത്രക്രിയകളില്‍ അധിഷ്‌ഠിതമാണെങ്കില്‍ ഔഷധങ്ങളെ ആശ്രയിച്ചു കൊണ്ടുള്ള ചികിത്സയാണ്‌ ആയുര്‍വേദം അനുവര്‍ത്തിക്കുന്നത്‌. കേവലം അര്‍മ്മഛേദനം, തിമിരം എടുത്തുകളയല്‍ എന്നീ ചുരുക്കം ശസ്‌ത്രക്രിയകള്‍ നിഷ്‌കര്‍ഷിക്കുന്നതൊഴിച്ചാല്‍ ബഹുഭൂരിപക്ഷം അസുഖങ്ങളും ഔഷധങ്ങളാലും ചികിത്സാമുറകളാലുമാണ്‌ ഭേദമാക്കുന്നത്‌.

അര്‍ബുദം, അജക തുടങ്ങി അസാധ്യങ്ങളായ അസുഖങ്ങള്‍ പറയുന്നുണ്ടെങ്കിലും കാഴ്‌ച വൈകല്യങ്ങള്‍ വലിയ ഒരളവുവരെ ചികിത്സാസാധ്യങ്ങളായി ആയുര്‍വേദം കാണുന്നു. ത്രിഫല (കടുക്ക, നെല്ലിക്ക, താന്നിക്ക) ജീവന്തി (അടപതിയന്‍ കിഴങ്ങ്‌) തുടങ്ങിയ ഔഷധങ്ങള്‍ നേത്രസംരക്ഷണത്തിന്‌ അത്യുത്തമങ്ങളാണെന്ന്‌ ഏറെക്കുറെ പഴയ തലമുറക്കാര്‍ക്ക്‌ ഇന്നറിയാം. അതോടൊപ്പമോ, അതിലധികമോ ഉദ്ദിഷ്‌ട ഫലം തരുന്ന ചികിത്സാരീതികളാണ്‌ താഴെ പറയുന്നവ.

തര്‍പ്പണം

ഔഷധയോഗ്യമായ നെയ്യ്‌ നിശ്‌ചിത അളവില്‍ നേത്രഗോളത്തിന്മേല്‍ നിര്‍ത്തുന്നതാണ്‌ തര്‍പ്പണം. ഇതിനായി കണ്ണുകള്‍ക്ക്‌ ചുറ്റും ഉഴുന്നുമാവ്‌ കുഴച്ച്‌ വരമ്പ്‌ കെട്ടിവേണം നെയ്യ്‌ നിറയ്‌ക്കുവാന്‍. ഏഴുമുതല്‍ പരമാവധി പതിനാലു ദിവസം വരെയാണ്‌ തര്‍പ്പണം ചെയ്യാവുന്ന കാലാവധി.

പുടപാകം

തര്‍പ്പണം ഏഴുനാള്‍ ചെയ്‌ത ശേഷം നെയ്യ്‌ കൊണ്ടുണ്ടായ ഗുരുത്വം മാറ്റി കണ്ണിന്‌ ലഘുത്വവും, കാഴ്‌ചയ്‌ക്ക് തെളിവും പ്രധാനം ചെയ്യുന്ന ചികിത്സയാണ്‌ പുടപാകം. പേരു സൂചിപ്പിക്കുന്നപോലെ സ്‌ഫുടത്തില്‍ (മണ്ണുപൊതിഞ്ഞ്‌) പാകം ചെയ്‌ത കഷായം കണ്ണില്‍ നിര്‍ത്തുന്നതിന്‌ പുടപാകം എന്നുപറയുന്നു.

നസ്യം

നാസാദ്വാരങ്ങളില്‍ കൂടി ഔഷധതൈലമോ, നെയ്യ്‌, ചൂര്‍ണ്ണം, സ്വരസം എന്നിവ യോഗ്യമായ രീതിയില്‍ ഉള്ളില്‍ വലിക്കുന്നതാണ്‌ നസ്യം. ശിരസിനും, കണ്ണുകളുള്‍പ്പെടെ എല്ലാ ഇന്ദ്രിയങ്ങള്‍ക്കും പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിക്കുവാനും പ്രത്യേകിച്ച്‌ ഇക്കാലത്ത്‌ അലര്‍ജിയെന്നറിയപ്പെടുന്ന സൈനസ്‌ അടഞ്ഞ്‌ ഉണ്ടാകുന്ന അനവധി അസ്വസ്‌ഥതകള്‍ക്ക്‌ നല്ല പരിഹാരമാണ്‌ നസ്യം. 7 മുതല്‍ 14 ദിവസം വരെ ചെയ്യാവുന്നതാണ്‌.

കഷായധാര

കഷായം ഇളം ചൂടില്‍ തേന്‍ ചേര്‍ത്ത്‌ കണ്ണില്‍ ഒഴിക്കുന്നത്‌ ഒട്ടനവധി ബാഹ്യനേത്രരോഗങ്ങള്‍ക്ക്‌ നല്ലതാണ്‌. ചൊറിച്ചില്‍, ചുവപ്പ്‌, ചെറിയ അണുസംക്രമണം തുടങ്ങി കുരുക്കള്‍ ഉണ്ടാകുന്നത്‌, പീള അടിയുന്നത്‌, കൃഷ്‌ണമണിയിലെ ചെറിയ മുറിവുകള്‍, പാടുകള്‍ എന്നിവയ്‌ക്കും ഉത്തമ പ്രഥമശുശ്രൂഷയാണ്‌ ധാര.

ശിരോവസ്‌തി

ഞരമ്പ്‌ സംബന്ധമായ ശിരോരോഗങ്ങള്‍, നേത്രമുള്‍പ്പെടെയുള്ള ഇന്ദ്രിയങ്ങളെ വളരെക്കാലമായി അലട്ടുന്ന ക്ഷീണം ഇവ കുറയ്‌ക്കാന്‍ ശിരോവസ്‌തി നല്ലതാണ്‌. ഔഷധതൈലങ്ങള്‍ നിശ്‌ചിത സമയം തലയില്‍ കെട്ടിനിര്‍ത്തുകയാണ്‌ ചെയ്യുന്നത്‌.

ചാക്ഷുഷ്യവസ്‌തി

വളരെ വിശേഷമായി ചികിത്സയുടെ അര്‍ധഭാഗമായി വിശേഷിപ്പിക്കുന്നതാണ്‌ വസ്‌തി കര്‍മ്മം. 8, 15, 30 ദിവസം വരെ ചെയ്യാവുന്ന വസ്‌തി എനിമ പ്രയോഗിക്കുന്ന രീതിയിലാണ്‌ ചെയ്യുന്നത്‌. പക്ഷേ വളരെ നിഷ്‌കര്‍ഷയോടെയും രോഗാവസ്‌ഥ പരിഗണിച്ചുമാണ്‌ വസ്‌തി നിര്‍വഹിക്കേണ്ടത.്‌

ഒരു ദ്രവ്യം ഏറ്റവും അധികം ശരീരത്തിലേക്ക്‌ വലിച്ചെടുക്കുന്ന അവയവം വന്‍കുടലാണ്‌ എന്നതു കൊണ്ട്‌ ഈ ചികിത്സ നേത്രരോഗങ്ങളില്‍ വിശേഷിച്ചും ദീര്‍ഘകാലമായ രോഗങ്ങളില്‍ വളരെ പ്രയോജനം ചെയ്യും.

ഞവരക്കിഴി

നേത്രഗോളത്തിനു മുകളില്‍ നേര്‍ത്ത ചൂടില്‍ ചെറിയ ഞവരക്കിഴി തലോടുന്നത്‌ നേത്രപേശികളുടെ ബലത്തിനും കുട്ടികളില്‍ കൃഷ്‌ണമണിയുടെ ശരിയായ വികസനത്തിനും ഗുണകരമാണ്‌.

സുദര്‍ശനത്തില്‍ ഏകദേശം ഒന്നരപതിറ്റാണ്ടായി ആരംഭിച്ച ഈ പ്രത്യേക ചികിത്സാരീതി കുട്ടികളിലെ അസ്‌റ്റിഗ്മാറ്റിസം (അസമ ദൃഷ്‌ടി) മുതിര്‍ന്നവരിലെ നേത്രപേശികള്‍, കണ്‍പോള എന്നിവയിലെ ക്ഷീണം തുടങ്ങിയവയില്‍ വളരെ പ്രയോജനകരമായി കണ്ടിട്ടുണ്ട്‌.

ഇത്‌ കൂടാതെ ജളകാവചരണം, അശ്‌ച്യോതനം, അഞ്‌ജനം തുടങ്ങിയ മറ്റ്‌ ചികിത്സാ രീതികളും നേത്രരോഗികളില്‍ വിവിധ ഘട്ടങ്ങളില്‍ ചെയ്‌തു വരുന്നു. പാര്‍ശ്വഫലങ്ങള്‍ ഏതുമില്ലാതെ നേത്രാരോഗ്യം നിലനിര്‍ത്തുന്നതിനും ഏതൊരാള്‍ക്കും കാഴ്‌ച ശക്‌തി വര്‍ധിപ്പിക്കുന്നതിനും ആയുര്‍വേദ ചികിത്സകള്‍ കാലാകാലങ്ങളില്‍ ചെയ്യുന്നത്‌ പ്രയോജന പ്രദമായിട്ടാണ്‌ കാണുന്നത്‌.

വിവരങ്ങള്‍ക്ക്‌ കടപ്പാട്‌: ഡോ. ബി. ജി. ഗോകുലന്‍

ചീഫ്‌ ഫിസിഷ്യന്‍ ആന്‍ഡ്‌ കണ്‍സള്‍ട്ടന്റ്‌
സുദര്‍ശനം നേത്രചികിത്സാലയം
പഞ്ചകര്‍മ്മ സെന്റര്‍, തിരുവല്ല

കണ്ണടകള്‍ തിരഞ്ഞെടുക്കുമ്പോള്‍

 

വിവിധ വര്‍ണങ്ങളിലും ആകൃതിയിലും കണ്ണടകള്‍ സുലഭമാണ്‌. എന്നാല്‍ ശരിയായ രീതിയില്‍ ഓരോരുത്തരുടേയും മുഖത്തിനും കണ്ണിനും ചേരുന്ന കണ്ണടകള്‍ വേണം തിരഞ്ഞെടുക്കാന്‍. ഇല്ലെങ്കില്‍ അത്‌ കണ്ണിന്‌ ദോഷം ചെയ്യും

പഞ്ചേന്ദ്രിയങ്ങളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന അവയവമാണ്‌ കണ്ണ്‌. അതുകൊണ്ടു തന്നെ കണ്ണിനെ സംരക്ഷിക്കേണ്ടത്‌ അത്യാവശ്യമാണ്‌. ഒരു കാലത്ത്‌ കാഴ്‌ചക്കുറവിനാണ്‌ കൂടുതലായി കണ്ണട ഉപയോഗിച്ചിരുന്നത്‌. എന്നാല്‍ ഇന്ന്‌ കണ്ണിനെ സംരക്ഷിക്കുന്ന പലതരത്തിലുള്ള കണ്ണടകള്‍ വിപണിയില്‍ ലഭ്യമാണ്‌.

വിവിധ വര്‍ണങ്ങളിലും ആകൃതിയിലും കണ്ണടകള്‍ സുലഭമാണ്‌. എന്നാല്‍ ശരിയായ രീതിയില്‍ ഓരോരുത്തരുടേയും മുഖത്തിനും കണ്ണിനും ചേരുന്ന കണ്ണടകള്‍ വേണം തിരഞ്ഞെടുക്കാന്‍. ഇല്ലെങ്കില്‍ അത്‌ കണ്ണിന്‌ ദോഷം ചെയ്യും. നേത്രരോഗ വിദഗ്‌ധന്റെ നിര്‍ദേശപ്രകാരം മാത്രമേ കണ്ണട ഉപയോഗിക്കാവൂ.

കുട്ടികളിലെ കാഴ്‌ചക്കുറവ്‌

കാഴ്‌ചക്കുറവിനു മാത്രമല്ല കണ്ണട ഉപയോഗിക്കുന്നത്‌. ഐ സ്‌ട്രെയിന്‍ മൂലമുണ്ടാകുന്ന തലവേദനയ്‌ക്കും കണ്ണട വേണ്ടിവരും. കുട്ടികള്‍ കൂടുതലായും കാഴ്‌ചത്തകരാര്‍ മൂലമുള്ള തലവേദനയ്‌ക്ക് പരിഹാരമായാണ്‌ കണ്ണട ഉപയോഗിക്കുന്നത്‌. കാഴ്‌ചക്കുറവു മൂലമാണ്‌ കുട്ടികളില്‍ ഈ തലവേദന ഉണ്ടാകുന്നത്‌. ഓരോരുത്തര്‍ക്കും കാഴ്‌ചക്കുറവ്‌ പലതരത്തിലായിരിക്കും. അതിനാല്‍ കാഴ്‌ചക്കുറവിന്റെ സ്വഭാവം അനുസരിച്ച്‌ കണ്ണടയുടെ 'പവറി'ലും മാറ്റം വരുന്നു.

കാഴ്‌ച പരിശോധനയ്‌ക്കുള്ള സൗകര്യം കൂടികൊണ്ടിരിക്കുകയാണ്‌. അതുകൊണ്ടുതന്നെ കുട്ടികളുടെ കാഴ്‌ചക്കുറവുകള്‍ വേഗം കണ്ടെത്തുവാനും, അനുയോജ്യമായ കണ്ണടകള്‍ നിര്‍ദേശിക്കുവാനും കഴിയുന്നു. തുടക്കത്തിലെ തന്നെ കണ്ണിന്റെ കാഴ്‌ചക്കുറവ്‌ കണ്ടെത്തുവാന്‍ സാധിക്കുന്നതിനാല്‍ വളരെ വേഗം തന്നെ ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുന്നു.

മധ്യവയസില്‍ കാഴ്‌ച മങ്ങുമ്പോള്‍

നാല്‍പതുവയസിനുശേഷം സ്‌ത്രീപുരുഷഭേദമെന്യേ സ്വാഭാവികമായും കാഴ്‌ചക്കുറവ്‌ ഉണ്ടാകാറുണ്ട്‌. ഇതിനെ സാധാരണയായി വെള്ളെഴുത്ത്‌ എന്നുപറയുന്നു. നാല്‍പതുകളിലേക്ക്‌ അടുക്കുന്നവര്‍ക്കാണ്‌ ഈ പ്രശ്‌നം കണ്ടുവരുന്നത്‌. മധ്യവയസാകുന്നതോടെ കണ്ണിലെ 'ലന്‍ഡ്ര്‌' കട്ടപിടിക്കാന്‍ തുടങ്ങുന്നു. തന്മൂലം കണ്ണിന്‌ കാഴ്‌ചക്കുറവ്‌ അനുഭവപ്പെടുന്നു.

കണ്ണിന്‌ ഈ പ്രശ്‌നമുള്ളവര്‍ക്ക്‌ ചെറിയ അക്ഷരങ്ങള്‍ വായിക്കാന്‍ പ്രയാസമാകും. പ്രത്യേകിച്ചും അധ്യാപകര്‍ക്കും ഓഫീസില്‍ കണ്ണിന്‌ ആയാസമുള്ള ജോലിയിലേര്‍പ്പെടുന്നവര്‍ക്കും. നഴ്‌സറിയിലോ മറ്റോ പഠിക്കുന്ന കുട്ടികളുള്ള മാതാപിതാക്കളാണെങ്കില്‍ അവര്‍ക്ക്‌ കുട്ടികളെ പഠിപ്പിക്കുന്നതിനും മറ്റും ബുദ്ധിമുട്ടുണ്ടാകും.

പ്രായമായവരില്‍ തലവേദനയോ, മറ്റ്‌ പ്രശ്‌നങ്ങളോ അല്ല കാഴ്‌ചക്കുറവിനു കാരണമെങ്കില്‍ വെള്ളെഴുത്താവാം കാരണം. 'പ്ലസ്‌ ലെന്‍സ്‌' ആണ്‌ വെെള്ളഴുത്തിനുപയോഗിക്കുന്ന കണ്ണട. കണ്ണ്‌ പരിശോധന കൂടാതെ കാഴ്‌ചക്കുറവിനു കാരണം വെള്ളെഴുത്താണെന്നു സ്വയം കണ്ടെത്തി വഴിയോരങ്ങളില്‍ നിന്നുപോലും കണ്ണട വാങ്ങി ഉപയോഗിക്കുന്നവര്‍ ധാരാളമുണ്ട്‌. ഇത്‌ ശരിയായ പ്രവണതയല്ല.

കൂളിംഗ്‌ ഗ്ലാസുകളുടെ ഉപയോഗം

ടൂവീലര്‍ യാത്രക്കാരാണ്‌ കൂളിംഗ്‌ ഗ്ലാസുകള്‍ കൂടുതലായി ഉപയോഗിക്കുന്നത്‌. ന്യൂജനറേഷന്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും കൂളിംഗ്‌ ഗ്ലാസുകള്‍ ഉപയോഗിക്കുന്നത്‌ നമ്മുടെ നാട്ടില്‍ കൂടിവരുന്നു. പല നിറത്തിലും, ഓരോരുത്തരുടേയും അഭിരുചിക്കനുസരിച്ചും വിവിധ മോഡലുകളിലും കൂളിംഗ്‌ ഗ്ലാസുകള്‍ ഒപ്‌റ്റിക്കല്‍സുകളില്‍ ലഭ്യമാണ്‌.

ഇരുനൂറു രൂപമുതല്‍ ലക്ഷങ്ങള്‍ വിലവരുന്ന കൂളിംഗ്‌ ഗ്ലാസുകള്‍ വരെ ഇന്നു വിപണിയില്‍ ലഭ്യമാണ്‌. വെയിലിന്റെ ശക്‌തി കുറയ്‌ക്കാന്‍ വേണ്ട കൂളിംഗ്‌ ഗ്ലാസുകളാണ്‌ ടൂവീലര്‍ യാത്രക്കാര്‍ ഉപയോഗിക്കേണ്ട്‌. സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വേണ്ടിയുള്ള കൂളിംഗ്‌ ഗ്ലാസിന്റെ ഫ്രെയിമില്‍ വ്യത്യാസം ഉണ്ടാകും. അത്‌ ഓരോരുത്തരുടേയും ഇഷ്‌ടത്തിനും താല്‍പര്യത്തിനും അനുസരിച്ച്‌ തിരഞ്ഞെടുക്കാവുന്നതാണ്‌.

കൂളിംഗ്‌ ഗ്ലാസുകള്‍ക്ക്‌ സൂര്യതാപത്തില്‍നിന്നും കണ്ണിനെ സംരക്ഷിക്കുവാനുള്ള കഴിവുണ്ട്‌. കംപ്യൂട്ടറിന്റെ അമിതോപയോഗം മൂലം കണ്ണിന്‌ വേദന, കണ്ണില്‍നിന്നും വെള്ളം വരിക തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്‌. അതിനാല്‍ കംപ്യൂട്ടര്‍ സ്‌ഥിരമായി ഉപയോഗിക്കുന്നവര്‍ കണ്ണിന്‌ സംരക്ഷണം ലഭിക്കാന്‍ വളരെ കട്ടികുറഞ്ഞ നിറത്തിലുള്ള കൂളിംഗ്‌ ഗ്ലാസുകള്‍ ഉപയോഗിക്കുക.

കണ്ണട സ്‌ഥിരമായി ഉപയോഗിക്കുന്നവരുടെ കണ്ണുകള്‍ കുഴിയുമെന്നു പൊതുവെ ഒരു ധാരണയുണ്ട്‌. എന്നാല്‍ ഇത്‌ വെറും തെറ്റായ ധാരണയാണ്‌. കണ്ണട ഉപയോഗിക്കുന്നവര്‍ ഫ്രെയിം അഡ്‌ജസ്‌റ്റ് ചെയ്‌തു വാങ്ങിയാല്‍ കണ്ണിനു ചുറ്റും, മൂക്കിനിരുവശത്തും കറുത്തപാടുകള്‍ വീഴാനുള്ള സാധ്യത ഒഴിവാക്കാനാവും.

കംപ്യൂട്ടര്‍ പരിശോധനകളുടെ സഹായത്തോടെ ഓരോരുത്തര്‍ക്കും അനുയോജ്യമായ കണ്ണട തിരഞ്ഞെടുക്കാനാകും. ഒപ്പം തന്നെ ഫ്രെയിം വച്ചുനോക്കിയാല്‍ ഓരോ വ്യക്‌തിയുടെ മുഖത്തിന്റെ ആകൃതിക്കനുസരിച്ച്‌ മുഖത്തിനു ചേര്‍ന്ന കണ്ണടകള്‍ ഏതാണെന്നു തിരിച്ചറിഞ്ഞു വാങ്ങാന്‍ കഴിയും.

കോണ്‍ടാക്‌ട് ലെന്‍സിന്റെ ഉപയോഗം

കോണ്‍ടാക്‌ട് ലെന്‍സിന്റെ ഉപയോഗം കൂടിവരുന്നുണ്ട്‌. ഫാഷന്റെ ഭാഗമായും യുവതീയുവാക്കള്‍ക്കിടയില്‍ കോണ്‍ടാക്‌ട് ലെന്‍സ്‌ തരംഗമായി മാറിയിരിക്കുന്നു. ഇവര്‍ക്കുവേണ്ടി മാത്രം വിവിധ നിറങ്ങളില്‍ കോണ്‍ടാക്‌ട് ലെന്‍സ്‌ ഒപ്‌റ്റിക്കല്‍സുകളില്‍ ലഭ്യമാണ്‌. കൂടാതെ കാഴ്‌ചക്കുറവിനും കണ്ണട ഉപയോഗിക്കുന്നതു മൂലമുള്ള അസൗകര്യമൊഴിവാക്കാനായും കോണ്‍ടാക്‌ട് ലെന്‍സ്‌ ഉപയോഗിക്കാറുണ്ട്‌.

കണ്ണട ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക്‌ കോണ്‍ടാക്‌ട് ലെന്‍സ്‌ സഹായകരമാണ്‌. ചില സന്ദര്‍ഭങ്ങളില്‍ കാഴ്‌ച കൂടുതല്‍ വ്യക്‌തമായി കാണാന്‍ കോണ്‍ടാക്‌ട് ലെന്‍സ്‌ സഹായകരമാണ്‌. എന്നാല്‍ ഇതുകൊണ്ട്‌ കണ്ണടയേക്കാള്‍ നല്ലത്‌ കോണ്‍ടാക്‌ട് ലെന്‍സ്‌ ആണെന്നു പറയാനാവില്ല. കോണ്‍ടാക്‌ട് ലെന്‍സ്‌ ഉപയോഗിക്കുന്ന വ്യക്‌തി കണ്ണടയും ഉപയോഗിക്കാറുണ്ട്‌.

കാഴ്‌ചക്കുറവിന്‌ കോണ്‍ടാക്‌ട് ലെന്‍സ്‌ ഉപയോഗിക്കാറുണ്ടെങ്കിലും തിമിരം പോലെയുള്ള അസുഖത്തിന്‌ സാധാരണ ഇതുപയോഗിക്കാറില്ല. കണ്ണിന്റെ കൃഷ്‌ണമണിയിലോ മറ്റോ ചില പ്രത്യേകതരം വൃണം ഉണ്ടാകുമ്പോള്‍ അതിനു പരിഹാരമായി ഡോക്‌ടറുടെ നിര്‍ദേശപ്രകാരം കോണ്‍ടാക്‌ട് ലെന്‍സ്‌ ഉപയോഗിക്കാവുന്നതാണ്‌.

ചെറിയ കുട്ടികള്‍ കോണ്‍ടാക്‌ട് ലെന്‍സ്‌ ഉപയോഗിക്കാന്‍ പാടില്ല. കാരണം കുട്ടി കണ്ണു തിരുമുകയോ മറ്റോ ചെയ്‌താല്‍ കണ്ണിന്‌ മുറിവ്‌ സംഭവിക്കാം. അതിനാല്‍ അപകടരഹിതമായി കോണ്‍ടാക്‌ട് ലെന്‍സ്‌ ഉപയോഗിക്കാനുള്ള പ്രായമായാല്‍ മാത്രമേ കോണ്‍ടാക്‌ട് ലെന്‍സ്‌ നിര്‍ദേശിക്കാറുള്ളൂ.

കോണ്‍ടാക്‌ട് ലെന്‍സ്‌ ഉപയോഗിക്കുന്ന വ്യക്‌തിക്ക്‌ കൂളിംഗ്‌ ഗ്ലാസ്‌ ഉപയോഗിക്കാവുന്നതാണ്‌. ശരിയായി ടെസ്‌റ്റ് ചെയ്‌ത ശേഷം മാത്രമേ കോണ്‍ടാക്‌ട് ലെന്‍സ്‌ ഉപയോഗിക്കാന്‍ പാടുള്ളൂ.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കണ്ണില്‍ നേരിട്ട്‌ ഉപയോഗിക്കുന്നതുകൊണ്ട്‌ കോണ്‍ടാക്‌ട് ലെന്‍സ്‌ വൃത്തിയായി സൂക്ഷിക്കണം. ലെന്‍സ്‌ ഉപയോഗിക്കുമ്പോള്‍ കണ്ണില്‍ കരടോ, പൊടിയോ വീണാല്‍ ലെന്‍സ്‌ ഊരിമാറ്റുന്നതാണ്‌ നല്ലത്‌. ഉറങ്ങുന്ന സമയത്ത്‌ ലെന്‍സ്‌ കണ്ണില്‍ നിന്നും എടുത്തുമാറ്റുക. കണ്ണില്‍ അണുബാധയോ, അലര്‍ജിയോ ഉണ്ടെങ്കില്‍ കോണ്‍ടാക്‌ട് ലെന്‍സ്‌ ഉപയോഗിക്കാതിരിക്കുക.

വൃത്തിയായില്ലാത്തും കാലാവധി കഴിഞ്ഞതുമായ ലെന്‍സുകളുടെ ഉപയോഗം കണ്ണിന്‌ ഹാനികരമാണ്‌. കോണ്‍ടാക്‌ട് ലെന്‍സിന്‌ കീറലോ, പൊട്ടലോ, മറ്റ്‌ തകരാറുകളോ വന്നാല്‍ അതുപയോഗിക്കാന്‍ പാടുള്ളതല്ല. വിവിധതരം കോണ്‍ടാക്‌ട് ലെന്‍സുകള്‍ ഉണ്ട്‌. അതിനാല്‍ ലെന്‍സ്‌ ഉപയോഗിക്കുന്നതിന്റെ കാലാവധി ഓരോന്നിന്റെയും തരം അനുസരിച്ച്‌ വ്യത്യാസപ്പെട്ടിരിക്കും.

അതിനാല്‍ ഒരു നേത്രരോഗ വിദഗ്‌ധന്റെ നിര്‍ദേശപ്രകാരം മാത്രമേ കോണ്‍ടാക്‌ട് ലെന്‍സ്‌ ഉപയോഗിക്കാന്‍ പാടുള്ളൂ.

വിവരങ്ങള്‍ക്ക്‌ കടപ്പാട്‌: ഡോ. ഇ.എ ജയിംസ്‌

ആലപ്പി ഒപ്‌റ്റിക്കല്‍സ്‌, ആലപ്പുഴ

കണ്ണിനു കാവലായി ആയുര്‍വേദം

 

നേത്രരോഗങ്ങള്‍ പിടിപെടാതെ പ്രതിരോധമാര്‍ഗങ്ങള്‍ക്കാണ്‌ ആയുര്‍വേദം പ്രാധാന്യം കല്‌പിക്കുന്നത്‌. തെറ്റായ ആഹാരങ്ങള്‍ ശരീരത്തിന്‌ ഹാനികരമാകുന്നപോലെ നേത്ര ആരോഗ്യത്തെയും നശിപ്പിക്കും

പഞ്ചേന്ദ്രിയങ്ങളില്‍ ഏറ്റവും പ്രധാനമര്‍ഹിക്കുന്ന അവയവമാണ്‌ കണ്ണ്‌. ചുറ്റുപാടുകളെ മനസിലാക്കി പ്രതികരിച്ചാണ്‌ ജീവിതം മുന്നോട്ടുപോകുന്നത്‌. അപകടങ്ങളില്‍ നിന്നും രക്ഷനേടുന്നതിനും, അറിവ്‌ നേടുന്നതിനും, ആഹ്‌ളാദത്തിനും കാഴ്‌ച കൂടിയേതീരൂ. അതിനാല്‍ നേത്ര സംരക്ഷണത്തിന്‌ വേണ്ട അടിസ്‌ഥാന കാര്യങ്ങള്‍ മനസിലാക്കേണ്ടത്‌ അത്യാവശ്യമാണ്‌.

ആയുര്‍വേദ ചികിത്സാ ശാസ്‌ത്രത്തില്‍ നേത്രചികിത്സയെ ശാലാക്യ (ഇ.എന്‍.ടി) വിഭാഗത്തില്‍ ഉള്‍പെടുത്തിയിരിക്കുന്നു. കണ്ണിന്റെ ഓരോ ഭാഗത്തുമുള്ള രോഗങ്ങളെ വിശദമായി മനസിലാക്കി ശാസ്‌ത്രീയമായി ചികിത്സിക്കുന്നു.

കേരളത്തിലെ ഒട്ടുമിക്ക ആയുര്‍വേദ ആശുപത്രികളിലും നേത്രചികിത്സ ലഭ്യമാണ്‌. നേത്രരോഗങ്ങള്‍ പിടിപെടാതെ പ്രതിരോധ മാര്‍ഗങ്ങള്‍ക്കാണ്‌ ആയുര്‍വേദം പ്രാധാന്യം കല്‌പിക്കുന്നത്‌. തെറ്റായ ആഹാരങ്ങള്‍ ശരീരത്തിന്‌ ഹാനികരമാകുന്നപോലെ നേത്ര ആരോഗ്യത്തെയും നശിപ്പിക്കും.

കംപ്യൂട്ടര്‍ അധിഷ്‌ഠിത തൊഴില്‍, ടി.വി, മൊബൈല്‍ ഫോണ്‍, ഉറക്കമിളച്ചുള്ള ജോലികള്‍, നൈറ്റ്‌ ഡ്യൂട്ടി, അസമയത്തുള്ള ഉറക്കം, കുട്ടികളിലെ വ്യായാമക്കുറവ്‌, ഉഴുന്ന്‌, തൈര്‌, എണ്ണയില്‍ പൊരിച്ച ആഹാരം, മത്സ്യം, പഴകിയതും ദഹിക്കാന്‍ ബുദ്ധിമുട്ടുമുള്ള ആഹാരം, വിരുദ്ധാഹാരങ്ങള്‍, മസാലകള്‍ ചേര്‍ന്നതും ഉള്‍പ്പുഴുക്കുണ്ടാക്കുന്ന ആഹാരങ്ങളും, പൊടി, പുക, പ്രമേഹം, രക്‌തസമ്മര്‍ദം എന്നീ രോഗങ്ങളും നേത്രരോഗങ്ങള്‍ക്ക്‌ കാരണമാകുമെന്ന്‌ ആയുര്‍വേദം മുന്നറിയിപ്പു നല്‍കുന്നു. കണ്ണിനുണ്ടാകുന്ന തകരാറുകള്‍ പലതുണ്ട്‌. ലക്ഷണങ്ങളിലൂടെ ഇവ തിരിച്ചറിയാനാവും.

അഭിഷ്യന്ദ്യം

ചെങ്കണ്ണ്‌ എന്നറിയപ്പെടുന്ന അഭിഷന്ദ്യം സര്‍വസാധാരണ കണ്ടുവരുന്ന നേത്രരോഗമാണ്‌. കണ്ണിന്‌ ചുവപ്പു നിറവും, വീക്കവും, വേദനയും, കണ്ണുനീര്‍ സ്രാവവും കൂടിചേര്‍ന്ന്‌ വരുന്ന രോഗലക്ഷണമാണിത്‌. പൊടി, പുക ഇവയുടെ സമ്പര്‍ക്കംമൂലമോ, വിവിധതരം ബാക്‌ടീരിയ മൂലമോ ഈ രോഗം ഉണ്ടാകുന്നു.

രോഗകാരണം മനസിലാക്കി നേത്രരോഗ വിദഗ്‌ധന്റെ നിര്‍ദേശപ്രകാരം മാത്രമേ ചികിത്സിക്കാവൂ. വൈറസുകള്‍ മൂലമുണ്ടാകുന്ന രോഗത്തിന്‌ പൂര്‍ണവിശ്രമം വേണം. കണ്ണിനെ വൃത്തിയായി സൂക്ഷിക്കണം. ഉണക്കമുന്തിരി, പാച്ചോറ്റിത്തൊലി, മരമഞ്ഞള്‍, ഇരട്ടിമധുരം ഇവ ചേര്‍ത്ത്‌ തിളപ്പിച്ച വെള്ളം തണുത്ത ശേഷം കണ്ണില്‍ ധാര ചെയ്യാവുന്നതാണ്‌.

പൊടി, പുക എന്നിവ കൊണ്ടുള്ള അസ്വസ്‌ഥതയ്‌ക്ക് ത്രിഫല കഷായം ഉപയോഗിച്ച്‌ കണ്ണ്‌ വൃത്തിയാക്കാവുന്നതാണ്‌. ബാക്‌ടീരിയയുടെ സ്വഭാവം അനുസരിച്ചുള്ള ഔഷധങ്ങളും അകത്തു കഴിക്കാനുള്ള മരുന്നുകളും ആവശ്യമായി വരും.

ക്ഷതങ്ങളും മുറിവുകളും

ഷട്ടില്‍ കോക്ക്‌, ബോളുകള്‍, ആഘാതങ്ങള്‍ ഇവ മൂലം കണ്ണിനുണ്ടാകുന്ന ക്ഷതങ്ങള്‍ക്ക്‌ അവയുടെ തകരാറുകള്‍ കണക്കാക്കിയാണ്‌ ചികിത്സ നിശ്‌ചയിക്കുക. കനത്ത ആഘാതം നേത്രഗോളത്തിന്‌ ഗുരുതരമായ നാശത്തിനു കാരണമായേക്കാം. അങ്ങനെയെങ്കില്‍ അടിയന്തര ചികിത്സയ്‌ക്ക് ഉടന്‍ വൈദ്യസഹായം തേടേണ്ടതാണ്‌.

രക്‌തസ്രാവം

ക്ഷതം, ശക്‌തിയായ തുമ്മല്‍, രക്‌താതിസമ്മര്‍ദ്ദം എന്നിവ മൂലം കണ്ണിന്റെ വെളുത്ത ഭാഗത്തെ ചെറിയ രക്‌തക്കുഴലുകള്‍ പൊട്ടി രക്‌തം കെട്ടിനില്‍ക്കുന്ന അവസ്‌ഥയാണിത്‌. രണ്ട്‌ മൂന്നു ആഴ്‌ചയ്‌ക്കുള്ളില്‍ പ്രത്യേക ചികിത്സയില്ലാതെ ഈ പ്രശ്‌നം തനിയെ മാറുന്നതാണ്‌. നേത്രഗോളത്തിനകത്ത്‌ രക്‌തസ്രാവം ഉണ്ടായിട്ടുണ്ടോ എന്ന്‌ അറിയാന്‍ വിദഗ്‌ധ പരിശോധന ആവശ്യമാണ്‌.

ദൃഷ്‌ടിപടലത്തിലെ മുറിവുകള്‍

പത്രക്കടലാസ്‌, തുണി, മണല്‍തരികള്‍, പൊടികള്‍ ഇവയുടെ സ്‌പര്‍ശം കൊണ്ട്‌ കണ്ണിന്റെ കറുപ്പില്‍ മുറിവുണ്ടാകുന്നത്‌ സാധാരണയാണ്‌. തന്മൂലം കണ്ണിന്‌ വേദന, ചുവപ്പ്‌, കണ്ണു നീര്‍സ്രാവം, കാഴ്‌ച തെളിവ്‌ കുറവ്‌, വെളിച്ചത്തില്‍ നോക്കാന്‍ പ്രയാസം, കണ്ണടയുക തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. വിദഗ്‌ധ ചികിത്സ വേണ്ട സാഹചര്യമാണിത്‌. കണ്ണില്‍ അണുനാശക ശക്‌തിയുള്ള ഔഷധങ്ങള്‍ ഉപയോഗിക്കണം. ഏതാനും ദിവസങ്ങള്‍ കൊണ്ട്‌ ഇത്‌ ഭേതമാകും. മുറിവില്‍ അണുബാധയുണ്ടായാല്‍ കാഴ്‌ച മറക്കുന്ന വെളുത്ത പാടുകള്‍ ഉണ്ടായേക്കാം.

ഗ്ലക്കോമ

നേത്രഗോളത്തിനുള്ളില്‍ നിറഞ്ഞിരിക്കുന്ന ദ്രാവകം കെട്ടിനിന്ന്‌ നേത്രഗോളത്തിനുള്ളില്‍ സമ്മര്‍ദ്ദമുണ്ടാക്കി നേത്രപടലത്തിലെ നാഡികളെ നശിപ്പിച്ച്‌ കാഴ്‌ച നഷ്‌ടപ്പെടുത്തുന്ന ഗുരുതരമായ രോഗമാണ്‌ ഗ്ലക്കോമ. തിമിരം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അന്ധത ഉണ്ടാക്കുന്ന രോഗമാണിത്‌. സഹജമായി തന്നെ ജനനാന്തരം ചിലരില്‍ ഗ്ലക്കോമ ഉണ്ടാകാറുണ്ട്‌.

കാഴ്‌ച മങ്ങുക, ശക്‌തമായ വേദന, ചുവപ്പ്‌, കണ്ണുനീര്‍ സ്രാവം, വെളിച്ചത്തിലേക്കു നോക്കുവാനുള്ള ബുദ്ധിമുട്ട്‌, ഓക്കാനം, ഛര്‍ദ്ദി ഇവയാണ്‌ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. ആയുര്‍വേദത്തില്‍ 'അതിമന്ദം' എന്ന രോഗലക്ഷണവുമായി ചേര്‍ത്താണ്‌് ഗ്ലക്കോമയെ കണക്കാക്കുന്നത്‌. മരുന്നുവച്ചു കെട്ടല്‍ (പിണ്ഡി), ധാര, ഔഷധസേവ, ലീച്ച്‌ തെറാപ്പി എന്നിവ സംയോജിപ്പിച്ചുള്ള ചികിത്സ ഇതിന്‌ നല്‍കുന്നു.

കണ്‍കുരു

ആയുര്‍വേദത്തില്‍ 'അഞ്‌ജനപിടക' എന്നപേരില്‍ കണ്‍കുരുരോഗം അറിയപ്പെടുന്നു. വേദനയോടും, ചുവപ്പു നിറത്തോടും, ഉണ്ടാകുന്ന പഴുപ്പു നിറഞ്ഞ കുരുക്കളാണിത്‌. ഇത്‌ കുട്ടികളില്‍ കൂടുതലായി കാണുന്നു. കണ്‍പോളയിലെ രോമകൂപങ്ങളിലെ അണുബാധയാണിതിനു കാരണം.

കണ്ണ്‌ വൃത്തിയായി സൂക്ഷിക്കുക, അഴുക്കു പുരണ്ട കൈകൊണ്ട്‌ കണ്ണില്‍ സ്‌പര്‍ശിക്കാതിരിക്കുക, മത്സ്യം, മുട്ട, ഉഴുന്ന്‌, തൈര്‌, മുളക്‌ ഇവയുടെ ഉപയോഗം രോഗം വഷളാക്കിയേക്കാം. നീര്‍കെട്ടും വേദനയും അകറ്റാന്‍ കറുത്ത വട്ട്‌ അരച്ചു പുരട്ടാം. ഉള്ളില്‍ മരുന്നു കഴിക്കേണ്ടതാണ്‌. സ്‌ഥിരമായി ഈ രോഗം വരുന്നവര്‍ പ്രതിരോധത്തിനായി മരുന്നു കഴിച്ച്‌ കണ്‍കുരു മാറ്റിയെടുക്കാം.

കൃഛ്രോന്മീലനം

കണ്‍പോളയിലെ പേശികള്‍ക്ക്‌ ബലം നഷ്‌ടപ്പെട്ട്‌ അയഞ്ഞു തൂങ്ങി കണ്ണു തുറക്കാന്‍ കഴിയാത്ത അവസ്‌ഥയാണിത്‌. ഒരു കണ്ണില്‍ മാത്രമായോ, രണ്ട്‌ കണ്ണിലും ചേര്‍ന്നോ വരാവുന്നതാണ്‌. ജന്മനാതന്നെയോ വാര്‍ധക്ക്യം മൂലമോ രോഗം ഉണ്ടാകാം.

കൂടാതെ തലച്ചോറിയലുണ്ടാകുന്ന മുഴകള്‍, 'മയസ്‌തീനീയ ഗ്രാവിദ്ധ' എന്ന രോഗം ഇവയും രോഗകാരണമാണ്‌. നസ്യം, തൈലധാര, നെയ്‌ സേവ, വ്യായാമം ഇവകൊണ്ട്‌ പരിഹരിക്കാം. ചിലപ്പോള്‍ ശസ്‌ത്രക്രിയയിലൂടെ പരിഹരിക്കേണ്ടതായി വരും.

സിറോഫ്‌താല്‍മിയ

വൈറ്റമിന്‍ - എ യുടെ കുറവുകൊണ്ട്‌ കണ്ണിനുണ്ടാകുന്ന വരള്‍ച്ചയാണിത്‌. തന്മൂലം ദൃഷ്‌ടി പടലത്തിന്‌ അണുബാധ, പരുപരുപ്പ്‌, ദ്വാരം വീഴുക തുടങ്ങിയ കാരണങ്ങള്‍ മൂലം അന്ധതവന്നേക്കാം. ഇലക്കറികള്‍, കാരറ്റ്‌, പഴങ്ങള്‍ തവിടുള്ള ധാന്യങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

ശുഷ്‌കാന്ധത

കണ്ണിനുണ്ടാകുന്ന വരള്‍ച്ചയാണ്‌ ശുഷ്‌കാന്ധത. തുടര്‍ച്ചയായി വായിക്കുന്നവരിലും കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവരിലും രോഗം കൂടുതലായി കാണുന്നു. കണ്ണില്‍ കരുകരുപ്പ്‌, വെള്ളം നിറയുക, ചുവപ്പ്‌ തുടങ്ങിയവയാണ്‌ പ്രധാന ലക്ഷണങ്ങള്‍. കണ്ണിന്‌ ഇടയ്‌ക്കിടെ വിശ്രമം നല്‍കുക, ഇടവിട്ടിടവിട്ട്‌ കണ്ണുകള്‍ അടച്ചു തുറക്കുക, ഇടയ്‌ക്കിടെ കണ്ണ്‌ കഴുകുക, തലയില്‍ എണ്ണ തേക്കുക. ഉറങ്ങുന്നതിനു മുമ്പായി ജീവന്ത്യാദിഘൃതം തുടങ്ങിയ ഔഷധങ്ങള്‍ വൈദ്യ നിര്‍ദേശപ്രകാരം കഴിക്കാവുന്നതാണ്‌.

ഡയബെറ്റിക്‌ റെറ്റിനോപ്പതി

പ്രമേഹബാധയുടെ ഭാഗമായി കാലപഴക്കം കൊണ്ട്‌ നേത്രപടലത്തിലെ രക്‌തക്കുഴലുകള്‍ ഭേദിച്ച്‌ രക്‌തം പുറത്തുവന്ന്‌ കാഴ്‌ച മങ്ങുന്നതിനു കാരണമാകുന്നു. പ്രമേഹം കൃത്യമായി നീയന്ത്രിച്ചു നിര്‍ത്തുകയാണ്‌ പ്രതിവിധി. നേത്രരോഗങ്ങള്‍ വരാതിരിക്കാനുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കുക.

വര്‍ഷം തോറും കാഴ്‌ച പരിശോധന, നേത്രപടലം പരിശോധിക്കുക റെറ്റിനയിലെ രക്‌ത ധമനികള്‍ക്ക്‌ ആരോഗ്യം നില നിര്‍ത്താനായി ത്രിഫല, തേന്‍ ഇവ സ്‌ഥിരമായി കഴിക്കുക. നെല്ലിക്ക, പുഷ്‌കരമൂലം, നീര്‍മരുത്‌ ഇവയുടെ ഉപയോഗം രക്‌ത കുഴലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നു. ആഴ്‌ചയില്‍ മൂന്നു ദിവസമെങ്കിലും ഇളനീര്‍ കുളമ്പ്‌ കണ്ണിലെഴുതുക. തലയില്‍ ധാര, കണ്ണില്‍ ഔഷധങ്ങള്‍ ചേര്‍ത്ത നെയ്‌തളം കെട്ടിനിര്‍ത്തുക (തര്‍പ്പണം), ഔഷധസേവ തുടങ്ങിയ ചികിത്സകള്‍ ഫലപ്രദമാണ്‌.

തിമിരം

നേത്രകാചം അഥവാ ലെന്‍സിന്‌ പ്രകാശകിരണം കടത്തിവിടുവാന്‍ കഴിയാതെ വരുന്ന അവസ്‌ഥയാണിത്‌. വാര്‍ധക്യത്തിലാണ്‌ ഇതുണ്ടാകുന്നത്‌. അപൂര്‍വമായി ജന്മനാതന്നെ തിമിരം കാണാറുണ്ട്‌.

വ്യക്‌തത കുറഞ്ഞു കാണുക, ചെറിയതുപോലെ വെളിച്ചം കാണുക, നിറങ്ങള്‍ ചുവപ്പ്‌, മഞ്ഞ നിറത്തില്‍ കാണുക കടുത്തരോഗാവസ്‌ഥയില്‍ ദൃഷ്‌ടി കറുപ്പു നിറം മാറി വെളുപ്പു നിറത്തില്‍ കാണുക തുടങ്ങിയവ രോഗലക്ഷണങ്ങളാണ്‌.

ലെന്‍സിന്‌ പുകനിറം വന്നാല്‍ അതുമാറി കൃത്രിമ ലെന്‍സ്‌ വയ്‌ക്കുന്നതാണ്‌ ഇപ്പോഴത്തെ രീതി. തിമിരമുണ്ടാകാതിരിക്കാന്‍ മധ്യവയസിലെ ശ്രമിക്കുക എന്നതാണ്‌ ആയുര്‍വേദ സമീപനം.

40 വയസു മുതല്‍ ആഴ്‌ചയില്‍ മൂന്നു ദിവസമെങ്കിലും ഇളനീര്‍ കുഴമ്പ്‌ കണ്ണിലെഴുതി ചൂടുവെള്ളത്തില്‍ കഴുകുക, ത്രിഫല, നെയ്യ്‌, തേന്‍ ഇവയുടെ മിശ്രിതം രാത്രിയില്‍ കഴിക്കുക, അള്‍ട്രാവയലറ്റ്‌ രശ്‌മികള്‍ കണ്ണിലേല്‍കാതിരിക്കാന്‍ സണ്‍ഗ്ലാസ്‌ ഉപയോഗിക്കുക, കംപ്യൂട്ടര്‍, ടി.വി ഇവയുടെ ഉപയോഗം കുറയ്‌ക്കുക, പ്രമേഹം നിയന്ത്രിച്ചു നിര്‍ത്തുക.

കുംഭിക

കണ്‍പോളകളില്‍ വേദനയില്ലാതെ കാണുന്ന കുരുക്കളാണിത്‌. കണ്‍പോളകളിലുള്ള സ്‌നേഹഗ്രന്ധികളുടെ സ്രവങ്ങള്‍ക്ക്‌ തടസം നേരിടുന്നതുകൊണ്ട്‌ അവകെട്ടി നിന്ന്‌ വീര്‍ത്തുണ്ടാകുന്നതാണ്‌ ഈ രോഗം. കുംഭികപോളകളുടെ വക്കില്‍ നിന്നും അകത്തായിരിക്കും ഉണ്ടാകുക. പ്രത്യേകം ചികിത്സ ആവശ്യമില്ല.

ഏതാനും ദിവസങ്ങള്‍ കൊണ്ട്‌ അപ്രത്യക്ഷമാകും. കൈത്തലം കൊണ്ട്‌ ചൂടുപിടിപ്പിക്കുകയോ, കൈലേസോ, ചെറിയ തുണിയോ കൊണ്ട്‌ ചെറുതായി ചൂടു നല്‍കിയാല്‍ ഇവ ചുരുങ്ങിപ്പോകുന്നതാണ്‌. അപൂര്‍വമായി മാത്രമേ ശസ്‌ത്രക്രിയ വേണ്ടിവരുന്നുള്ളൂ.

വിവരങ്ങള്‍ക്ക്‌ കടപ്പാട്‌: ഡോ. കെ.ജി. ഷാജീവ്‌

കണ്‍സള്‍ട്ടന്റ്‌
കോട്ടക്കല്‍ ആര്യവൈദ്യശാല, ആലപ്പുഴ

നേത്ര സംരക്ഷണം ആയുര്‍വേദത്തില്‍

 

കാഴ്‌ചയുടെ ആസ്വാദ്യത അന്ധന്‌ അന്യമാണ്‌. എന്നാല്‍ ക്ഷണനേരത്തേക്കെങ്കിലും കാഴ്‌ച നഷ്‌ടപ്പെട്ടവനറിയാം അതിന്റെ വില. കണ്ണിന്റെ ഭംഗിക്കു നാം നല്‍കുന്ന പ്രാധാന്യം പലപ്പോഴും നേത്രാരോഗ്യത്തിനു നല്‍കാറില്ല

സങ്കീര്‍ണമാണ്‌ കാഴ്‌ചയും കണ്ണുകളും. അതീന്ദ്രമായ മനസിന്റെ ഇരിപ്പിടം മസ്‌തിഷ്‌കമാണെങ്കില്‍ അതിനോട്‌ ഏറ്റവും അടുത്ത്‌ നില്‍ക്കുന്നത്‌ കണ്ണുകള്‍തന്നെ. പ്രകാശകിരണങ്ങള്‍ കണ്ണിലെ കൃഷ്‌ണമണിയിലൂടെ കടന്ന്‌ പിന്നിലെ ദൃഷ്‌ടിപടലത്തില്‍ പതിക്കുന്നു.

കണ്ണിനുള്ളില്‍ പ്രവേശിക്കുന്ന പ്രകാശരശ്‌മികള്‍ നാഡീ സ്‌പന്ദനമായി മാറി തലച്ചോറിലെത്തുകയും കാഴ്‌ച സാധ്യമാവുകയും ചെയ്യുന്നു. നിമിഷനേരത്തിനുള്ളിലാണ്‌ സങ്കീര്‍ണമായ ഈ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്‌.

കാഴ്‌ചയുടെ ആസ്വാദ്യത അന്ധന്‌ അന്യമാണ്‌. എന്നാല്‍ ക്ഷണനേരത്തേക്കെങ്കിലും കാഴ്‌ച നഷ്‌ടപ്പെട്ടവനറിയാം അതിന്റെ വില. കണ്ണിന്റെ ഭംഗിക്കു നാം നല്‍കുന്ന പ്രാധാന്യം പലപ്പോഴും നേത്രാരോഗ്യത്തിനു നല്‍കാറില്ല. കാഴ്‌ചക്കുറവും അനുബന്ധ നേത്ര വൈകല്യങ്ങളും ചെറുപ്പത്തിലേ തിരിച്ചറിയണം. കണ്ണിന്റെ പല രോഗങ്ങളും നാം നിസാരമാക്കുകയാണ്‌ പതിവ്‌.

നേത്രവൈകല്യങ്ങള്‍ ചെറുപ്രായത്തില്‍ തിരിച്ചറിഞ്ഞ്‌ ചികിത്സ ലഭ്യമാക്കണം. അധ്യാപകര്‍ക്കാണ്‌ ഈ കാര്യത്തില്‍ പ്രധാന പങ്ക്‌ വഹിക്കാന്‍ സാധിക്കുക. സ്‌കൂള്‍ കുട്ടികളില്‍ കാഴ്‌ചയിലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പ്രത്യേകം ശ്രദ്ധിക്കണം.

1. വളരെ കുറച്ചു സമയം മാത്രമേ കുട്ടി വായിക്കാന്‍ ശ്രമിക്കുന്നുള്ളൂ.
2. വായിക്കുമ്പോള്‍ തലവേദന കണ്ണുവേദന മുതലായവ പറയുന്നു.
3. അക്ഷരങ്ങള്‍ മങ്ങിയതായി പറയുന്നു. അതുമൂലം തപ്പിയും തടഞ്ഞും വായിക്കുക.

4. പുസ്‌തകം വളരെ അടുപ്പിച്ചോ, അകലത്തിലോ പിടിച്ച്‌ വായിക്കുക.
5. ബ്ലാക്ക്‌ ബോര്‍ഡില്‍ എഴുതുന്നത്‌ ശരിക്ക്‌ എഴുതിയെടുക്കാതിരിക്കുക.
6. വായിക്കാന്‍ വേണ്ടി തലചരിക്കുകയോ, തിരിക്കുകയോ ചെയ്യുക.

7. ഒരുകണ്ണ്‌ അടച്ചു പിടിച്ചു വായിക്കുക.
8. എപ്പോഴും ഒരുഭാഗത്തേക്ക്‌ തല ചരിച്ചുവച്ച്‌ വായിക്കുക.
9. അടിക്കടി കണ്ണ്‌ അടയ്‌ക്കുകയും തുറക്കുകയും ചെയ്യുക.

10. നടക്കുമ്പോള്‍ പതിവായി തട്ടിവീഴുക.
11. സാധനങ്ങള്‍ മേശമേല്‍ വയ്‌ക്കുമ്പോള്‍ പതിവായി തറയില്‍ വീഴുക.
12. മറ്റ്‌ കുട്ടികളെപ്പോലെ പ്രവര്‍ത്തികള്‍ ചെയ്യാന്‍ പ്രയാസപ്പെടുക.

13. വായിക്കുമ്പോള്‍ വിരലുകള്‍ അക്ഷരങ്ങള്‍തൊട്ട്‌ വായിക്കുക. നെറ്റി ചുളിച്ചു വായിക്കുക.
14. കൂടെക്കൂടെ കണ്ണ്‌ തിരുമ്മുക.
15. പ്രഭാത പ്രദോഷ സമയങ്ങളില്‍ വായിക്കാന്‍ മടി കാണിക്കുക.

തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കില്‍ കുട്ടിക്ക്‌ കാഴ്‌ചക്കുറവുണ്ടെന്ന്‌ അനുമാനിക്കാം. ഉടന്‍ കുട്ടിയെ ചികിത്സയ്‌ക്ക് വിധേയമാക്കാം.

ആയുര്‍വേദ പരിഹാരം

കാഴ്‌ച തകരാര്‍ ഉണ്ടെന്ന്‌ സംശയിച്ചാല്‍ വൈകാതെ ഡോക്‌ടറെ കാണിക്കുക. കണ്ണിനുണ്ടാകുന്ന തകരാറുകള്‍ക്ക്‌ ആയുര്‍വേദത്തില്‍ ഫലപ്രദമായ ചികിത്സയുണ്ട്‌. എന്നാല്‍ വിദഗ്‌ധനായ ആയുര്‍വേദ ഡോക്‌ടറുടെ നിര്‍ദേശപ്രകാരം മാത്രമേ ആയുര്‍വേദ ചികിത്സ പാടുള്ളൂ. അതേസമയം ഔഷധസേവ ആരംഭിച്ചാല്‍ കൃത്യമായ പഥ്യക്രമങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കണം.

ത്രിഫലചൂര്‍ണം സേവിക്കുക, ദുഷ്‌ടരക്‌തം ഒഴുക്കി കളയുക, വമനവിരേചനാദി ശോധന കര്‍മ്മങ്ങള്‍ ചെയ്യുക, ദിനചര്യയില്‍ സൗകീരകാദിഅഞ്‌ജനം, അണുതൈലാദി നസ്യം എന്നിവ ഉള്‍പ്പെടുത്തുക. പദ്‌ഭ്യംഗം, പാദപ്രക്ഷാളനം എന്നിവയിലൂടെയുള്ള പാദസംരഷണം, മാംസ രസഭോജനം, ദിവസവും നെയ്യ്‌ കൂട്ടി ഉണ്ണുക എന്നിവ എല്ലായ്‌പ്പോഴും കണ്ണിന്‌ നല്ലതാണ്‌.

കൂടാതെ പഴകിയ യവം, ചെന്നെല്ല്‌, ഞവര, വരക്‌, ചെറുപയര്‍ മുതലായ കഫ പിത്ത ഹരങ്ങളായ ദ്രവ്യങ്ങളും പ്രസ്‌തവ്യമാണ്‌. മാതള നാരങ്ങ, പഞ്ചസാര, ഇന്തുപ്പ്‌, മുന്തിരിങ്ങ എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത്‌ കണ്ണിനു നല്ലതാണ്‌.

കണ്ണിനു മുറിവുണ്ടായാല്‍

1. വെള്ളമോ മറ്റ്‌ ദ്രാവകങ്ങളോ ഉപയോഗിച്ച്‌ കണ്ണ്‌ കഴുകാതിരിക്കുക.

2. കണ്ണില്‍ എന്തെങ്കിലും വസ്‌തു തറച്ചിരുന്നാല്‍ സ്വയമോ മറ്റ്‌ വിധത്തിലോ മാറ്റുവാന്‍ ശ്രമിക്കാതിരിക്കുക. ഉടനടി നേത്ര വിദഗ്‌ദ്ധന്റെ സഹായം തേടുക.

3. അണു വിമുക്‌തമായ ഏതെങ്കിലും കട്ടി തുണികൊണ്ട്‌ കണ്ണില്‍ മര്‍ദം ചെലുത്താതെ കെട്ടിവെക്കുക.

4. സമയം പാഴാക്കാതെ നേത്ര വിദഗ്‌ദ്ധനെ കാണുക.

കണ്ണിന്‌ പ്രഹരമേറ്റാല്‍

പന്ത്‌ കണ്ണില്‍ കൊള്ളുക, അറിയാതെ ബലമായി കൈതട്ടുക, ബാറ്റ്‌ കൊള്ളുക എന്നിങ്ങനെ കുട്ടികള്‍ക്ക്‌ കണ്ണിനു പരിക്കേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്‌.

1. പ്രഹരമേറ്റ കണ്ണിന്‌ തണുപ്പ്‌ വയ്‌ക്കുക
2. പൊടിച്ച ഐസ്‌ കഷണങ്ങള്‍ ചെറിയ പ്ലാസ്‌റ്റിക്ക്‌ ബാഗിലാക്കി കണ്ണിനു ചുറ്റും തണുപ്പിക്കുക.
3. തലവേദനയോ, കാഴ്‌ചവൈകല്യമോ അനുഭവപ്പെടുന്നു വെങ്കില്‍ അത്‌ കണ്ണിന്റെ ആന്തരിക തകരാറിനെ സൂചിപ്പിക്കുന്നു. ഉടനെ തന്നെ വൈദ്യസഹായം തേടുക.

വായിക്കുമ്പോള്‍ ശ്രദ്ധിക്കുക

1. ഓടുന്ന വാഹനങ്ങളിലിരുന്ന്‌ വായിക്കാതിരിക്കുക
2. കിടന്നുകൊണ്ടും വെളിച്ചക്കുറവ്‌ ഉള്ള സ്‌ഥലങ്ങളിലുമിരുന്ന്‌ വായിക്കാതിരിക്കുക.
3. പുസ്‌തകം ഏകദേശം ഒന്നര അടിദൂരത്തില്‍ 50 മുതല്‍ 70 ഡിഗ്രിവരെ ചരിച്ചുപിടിച്ചു വായിക്കുക.
4. കൂടുതല്‍ സമയം വായിക്കുകയോ മറ്റ്‌ ഏതെങ്കിലും ജോലി ചെയ്യുകയോ ആണെങ്കില്‍ ഒരു മിനിറ്റ്‌ നേരത്തേക്ക്‌ കണ്ണ്‌ അടച്ചു പിടിച്ച്‌ കണ്ണിന്‌ വിശ്രമം കൊടുക്കുക
5. ടെലിവിഷന്‍ കാണുമ്പോള്‍ കുറഞ്ഞത്‌ 10 മീറ്റര്‍ ദൂരത്തിലിരുന്ന്‌ കാണുക. ഇടയ്‌ക്ക് കണ്ണ്‌ അടച്ചു തുറക്കുക.

കടപ്പാട്‌: സഹസ്രനേത്രയോഗം

ഡോ. എന്‍.പി.പി നമ്പൂതിരി

തിമിര ശസ്‌ത്രക്രിയ വേദനയില്ലാതെ

 

പരമ്പരാഗത ശൈലിയില്‍ നിന്നും മാറി ആധുനിക രീതിയിലും, വേദനയില്ലാത്തതുമായ ശസ്‌ത്രക്രിയകള്‍ ഇന്ന്‌ ലഭ്യമാണ്‌.

പ്രായമായവരിലാണ്‌ തിമിരം കൂടുതലായി കണ്ടുവരുന്നത്‌. ചിലപ്പോഴൊക്കെ ജന്മനാതന്നെ ചിലരില്‍ തിമിരം കടന്നു കൂടാറുണ്ട്‌. കാഴ്‌ചക്കുറവാണ്‌ ഇതിന്റെ പ്രനാന ലക്ഷണം. എന്നാല്‍ ഇന്ന്‌ തിമിരത്തിന്‌ പ്രതിവിധിയായി ശസ്‌ത്രക്രിയ ഉണ്ട്‌. പരമ്പരാഗത ശൈലിയില്‍ നിന്നും മാറി ആധുനിക രീതിയിലും, വേദനയില്ലാത്തതുമായ ശസ്‌ത്രക്രിയകള്‍ ഇന്ന്‌ ലഭ്യമാണ്‌.

കണ്ണിനുള്ളിലെ ലെന്‍സ്‌ കണ്ണാടിപോലെ തെളിഞ്ഞാണിരിക്കുന്നത്‌. കണ്ണാടി പോലെ തെളിഞ്ഞിരിക്കുന്ന ഈ ലെന്‍സ്‌ കറുപ്പും, തവിട്ടും, വെള്ളയും, നിറമായി മാറുന്നു. ഈ അവസ്‌ഥയാണ്‌ തിമിരം. ഇതുമൂലം നേത്രപടലത്തിലേക്ക്‌ പ്രകാശം എത്താതെ വരികയും. കാഴ്‌ചയ്‌ക്ക് മങ്ങലേല്‍ക്കുകയും ചെയ്യുന്നു.

കണ്ണിന്റെ ലെന്‍സ്‌ വെളിച്ചത്തെ ഒട്ടും സ്വീകരിക്കാതെ വരുമ്പോള്‍ ഇത്‌ പൂര്‍ണ്ണമായ അന്ധതയ്‌ക്ക് ഇടയാക്കുന്നു. മരുന്നുകള്‍ കൊണ്ട്‌ തിമിരത്തെ നിന്ത്രിച്ചു നര്‍ത്താനാകില്ല. ശസ്‌ത്രക്രിയ മാത്രമാണ്‌ ഇതിനുള്ള പ്രതിവിധി. സുതാര്യത നഷ്‌ടപ്പെട്ട ലെന്‍സ്‌ ശസ്‌ത്രക്രിയയിലൂടെ നീക്കം ചെയ്‌ത് കൃത്രിമ ലെന്‍സ്‌ കണ്ണില്‍ വയ്‌ക്കുന്നു. ഇതുവഴി തിമിരത്തെ പൂര്‍ണ്ണമായും നീക്കം ചെയ്യാന്‍ സാധിക്കും.

ലക്ഷണങ്ങള്‍

തിമിരം ബാധിക്കുന്നതോടെ അതുവരെ സുഗമമായി ചെയ്‌തു കൊണ്ടിരുന്ന ജോലികളും ചെയ്യുന്നതിന്‌ തടസം നേരിടുന്നു. കാഴ്‌ച ശക്‌തിയിലുണ്ടാകുന്ന വ്യതിയാനമാണ്‌ കാരണം.
1. മങ്ങിയ, കാഴ്‌ച നിറങ്ങള്‍ കാണുമ്പോഴുള്ള മാറ്റങ്ങള്‍
2. രാത്രി കാഴ്‌ച കുറയുക
3. വെളിച്ചത്തിലും, വെയിലിലും നോക്കാനുള്ള ബുദ്ധിമുട്ട്‌
4. കണ്ണാടിയുടെ കുറിപ്പടി അടിക്കടി മാറ്റേണ്ടതായി വരിക. തിമിരം കൂടുന്തോറും കണ്ണാടി മാറ്റിയാലും തെളിച്ചം കിട്ടാതെ വരും
5. വായിക്കാന്‍ പ്രയാസം
6. ഹെഡ്‌ലൈറ്റില്‍ നിന്നുള്ള പ്രകാശം പല നിറത്തില്‍ കാണുക. തുടങ്ങിയവയാണ്‌ പ്രധാന ലക്ഷണങ്ങള്‍.

ചികിത്സ

ഒരുകാലത്ത്‌ തിമിരശസ്‌ത്രക്രിയ വളരെയധികം വേദനയുള്ളതും, കാലക്രമേണ മാത്രം കാഴ്‌ച ലഭിക്കുന്നതുമായിരുന്നു. അതിനാല്‍ ഈ ശസ്‌ത്രക്രിയ ചെയ്യാന്‍ പലരും മടിച്ചിരുന്നു. എന്നാല്‍ ഇന്ന്‌ കാലം മാറി അന്ധതയുടെ അടുത്തെത്തിയ തിമിരം പോലും ശസ്‌ത്രക്രിയയിലൂടെ ഭേതമാക്കാനാകും.

തിമിരം ബാധിച്ച കണ്ണില്‍ 810 മില്ലി മീറ്റര്‍ മുറിവുണ്ടാക്കി അതിലൂടെ തിമിരം ബാധിച്ച ലെന്‍സ്‌ എടുത്തുമാറ്റി പ്ലാസ്‌റ്റിക്‌ ലെന്‍സ്‌ എടുത്തുവയ്‌ക്കുന്ന രീതിയാണ്‌ കുറച്ചുനാള്‍ മുമ്പു വരെ ഉണ്ടായിരുന്നത്‌. വലിയ മുറിവായതിനാല്‍ ധാരാളം തുന്നലുകളും വേണ്ടിവരും. കാഴ്‌ചതെളിയുവാന്‍ കാലതാമസം എടുക്കുകയും ചെയ്യും. ആദ്യമൊക്കെ കണ്ണിലെ ലെന്‍സ്‌ കവചത്തോടെ എടുത്തുമാറ്റിയതിനുശേഷം തുന്നിക്കെട്ടി കണ്ണടവയ്‌ക്കുകയും ചെയ്യുമായിരുന്നു.

ഫോക്കോ സര്‍ജറി

ഏറ്റവും എളുപ്പവും ലളിതവുമായ ശസ്‌ത്രക്രിയയാണ്‌ ഇന്ന്‌ തിമിരത്തിനായി ചെയ്യുന്നത്‌. താക്കോല്‍ ദ്വാര (ഫോക്കോ സര്‍ജറി) ശസ്‌ത്രക്രിയയാണിത്‌. ഇത്‌ തികച്ചും വേദനരഹിതവും, തുന്നല്‍ ആവശ്യമില്ലാത്തതുമാണ്‌. കൂടാതെ ശസ്‌ത്രക്രിയയ്‌ക്ക് ശേഷം ആശുപത്രിയില്‍ തങ്ങേണ്ടതായി വരുന്നില്ല.

ഈ ശസ്‌ത്രക്രിയയ്‌ക്ക് കുത്തിവയ്‌പിന്റെ ആവശ്യമില്ല. തിമിരം ബാധിച്ച കണ്ണിന്റെ കൃഷ്‌ണമണിയില്‍ 13 മില്ലി മീറ്റര്‍ മുറിവുണ്ടാക്കി അതിലൂടെ ഫോക്കോമെഷീന്‍ ഉപയോഗിച്ച്‌ തിമിരം പൊടിച്ചു വലിച്ചെടുക്കുന്നു. അതിനുശേഷം കണ്ണില്‍ വയ്‌ക്കാനുള്ള സുതാര്യമായ ലെന്‍സ്‌ സിറിഞ്ച്‌ ഉപയോഗിച്ച്‌ കണ്ണില്‍ കുത്തിവയ്‌ക്കുന്നു. ഉള്ളിലെത്തി അത്‌ നിവര്‍ന്ന്‌ ലെന്‍സിന്റെ സ്‌ഥാനത്തിരിക്കും. ശസ്‌ത്രക്രിയ കഴിഞ്ഞ്‌ രണ്ട്‌ മൂന്നു മണിക്കൂറിനു ശേഷം രോഗിക്ക്‌ വീട്ടില്‍ പോകാം. ചെറിയ മുറിവായതിനാല്‍ കണ്ണാടിയുടെ സഹായമില്ലാതെ തന്നെ ദൂരക്കാഴ്‌ച സാധ്യമാകുന്നു.

തിമിര ശസ്‌ത്രക്രിയ എപ്പോള്‍ വേണം

തിമിര ശസ്‌ത്രക്രിയയ്‌ക്ക് പ്രത്യേക പ്രായപരിധിയോ, സമയമോ ഇല്ല. കാഴ്‌ചക്കുറവ്‌ തുടങ്ങുമ്പോള്‍ തന്നെ ശസ്‌ത്രക്രിയ നടത്താം. പ്രായമാകുന്തോറും ഈ ശസ്‌ത്രക്രിയയ്‌ക്ക് ആരോഗ്യപരമായ സങ്കീര്‍ണതകള്‍ ഉണ്ടാക്കാനിടയുണ്ട്‌. എത്രയും വേഗം സര്‍ജറി ചെയ്യുന്നുവോ അത്രയും നല്ലത്‌. ഡയബറ്റിക്‌ റെറ്റിനോപതി, മാകുലാര്‍ ഡി ജഷനറേഷന്‍ എന്നീ രോഗങ്ങള്‍ കണ്ണിനുണ്ടെങ്കില്‍ ശസ്‌ത്രക്രിയക്കുശേഷം കാഴ്‌ച പൂര്‍ണമായും കിട്ടിയില്ല എന്നുവരും.

വിവരങ്ങള്‍ക്ക്‌ കടപ്പാട്‌: ഡോ. പ്രിയ നായര്‍, കോട്ടയം

നേത്രദാനം കാഴ്‌ചയെന്ന മഹാ ദാനം

 

നേത്രദാനസമ്മതപത്രം ഒപ്പുവച്ചയാള്‍ മരിച്ചുകഴിഞ്ഞാല്‍ ബന്ധപ്പെട്ടവര്‍ ഐ ബാങ്കിനെ വിവരം ധരിപ്പിക്കുന്നു. പ്രത്യേകം സജ്‌ജമാക്കിയ വാഹനവുമായി ഐ- ബാങ്ക്‌ അധികൃതര്‍ വീട്ടിലോ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിയിലോ എത്തി കോര്‍ണിയ ശേഖരിക്കുന്നു

മാനവരാശിയുടെ വലിയ കണ്ടുപിടിത്തങ്ങളിലൊന്നായിരുന്നു നേത്രദാനം. കാഴ്‌ചയില്ലാത്ത ഒരാള്‍ക്ക്‌ കാഴ്‌ചയുള്ള ഒരാള്‍ മരണാനന്തരമോ അല്ലാതെയോ കണ്ണ്‌ അഥവാ കാഴ്‌ച നല്‍കുന്ന പ്രക്രിയ, ജീവിതം അന്ധതയില്‍ തള്ളിനീക്കേണ്ടിവരുന്നവര്‍ക്ക്‌ നേത്രദാനത്തിലൂടെ നഷ്‌ടപ്പെട്ടുവെന്നുകരുതിയ ജീവിതമാണ്‌ തിരികെ നല്‍കുന്നത്‌. നേത്രദാനം എന്നാല്‍ കണ്ണുമുഴുവനും നല്‍കുക എന്നതല്ല. മറിച്ച്‌ കണ്ണിലെ കോര്‍ണിയ (കൃഷ്‌ണമണി) മാത്രമാണ്‌ മാറ്റി വയ്‌ക്കുന്നത്‌.

ലളിതമായ നടപടികള്‍

നേത്രദാനസമ്മതപത്രം ഒപ്പുവച്ചയാള്‍ മരിച്ചുകഴിഞ്ഞാല്‍ ബന്ധപ്പെട്ടവര്‍ ഐ ബാങ്കിനെ വിവരം ധരിപ്പിക്കുന്നു. പ്രത്യേകം സജ്‌ജമാക്കിയ വാഹനവുമായി ഐ- ബാങ്ക്‌ അധികൃതര്‍ വീട്ടിലോ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിയിലോ എത്തി കോര്‍ണിയ ശേഖരിക്കുന്നു. ഡോക്‌ടര്‍ ഉള്‍പ്പെട്ട സംഘമാവും ഐ-ബാങ്കില്‍ നിന്നും എത്തുക. നേത്രദാതാവിന്റെ മരണപത്രം കണ്ട്‌ ബോധ്യപ്പെടുകയാണ്‌ ഇവര്‍ ആദ്യം ചെയ്യുക. അതിനുശേഷം അടുത്ത രണ്ടു ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ ഒപ്പും ആവശ്യമുണ്ട്‌.

ഏകദേശം മുപ്പതുമിനിട്ടുകൊണ്ട്‌ നേത്രദാനത്തിനുള്ള എഴുത്തുകുത്തുകള്‍ പൂര്‍ത്തിയാകും. പല നേത്ര ബാങ്കുകളും നേത്രദാതാവിന്റെ ബന്ധുക്കള്‍ക്ക്‌ പ്രത്യേക സര്‍ട്ടിഫിക്കറ്റ്‌ നല്‍കാറുണ്ട്‌. ചെറു ശസ്‌ത്രക്രിയയിലൂടെ പുറത്തെടുക്കുന്ന കോര്‍ണ്ണിയ ശീതികരിച്ച പ്രത്യേക ഗ്ലാസ്‌ ജാറില്‍ സൂക്ഷിക്കുന്നു.

ലഭിച്ച കോര്‍ണ്ണിയ നേരിട്ട്‌ രോഗിയുടെ കണ്ണില്‍ തുന്നിച്ചേര്‍ക്കുകയല്ല ചെയ്യുന്നത്‌. കോര്‍ണിയയുടെ ഗുണനിലവാരം, ഏതെങ്കിലും തരത്തിലുള്ള രോഗം ബാധിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പുവരുത്തുകയാണ്‌ ആദ്യം. ജാതി, മതം, ലിംഗം, വര്‍ണ്ണം, വര്‍ഗം, അങ്ങനെ യാതൊരു ഘടകങ്ങളും നേത്രദാനത്തിന്‌ തടസമാകുന്നില്ല.

രോഗിക്ക്‌ എങ്ങനെ ലഭിക്കുന്നു

കോര്‍ണിയ ആവശ്യമുള്ള വിവരം നേത്രബാങ്കിനെ അറിയിക്കണം. രോഗിയുടെ പ്രായം, ഏതുസാഹചര്യത്തില്‍ കോര്‍ണിയ മാറ്റിവയ്‌ക്കേണ്ടി വരുന്നു തുടങ്ങിയ കാര്യങ്ങളെക്കുറിച്ച്‌ വിവരങ്ങള്‍ ശേഖരിച്ചശേഷം മുന്‍ഗണനാക്രമത്തില്‍ ലിസ്‌റ്റ് തയാറാക്കുന്നു. അതിനാല്‍ ഇതിനെ കോര്‍ണിയല്‍ ട്രാന്‍സ്‌പ്ലാന്റ്‌ എന്നു പറയുന്നു.

വീട്ടിലെ ജനാലയുടെ ചില്ലു മാറ്റിവയ്‌ക്കുന്നതിന്‌ തുല്യമാണിത്‌. മറ്റ്‌ അവയവമാറ്റ ശസ്‌ത്രക്രിയകളെ അപേക്ഷിച്ച്‌ കണ്ണ്‌ മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ പൂര്‍ണ വിജയമാണ്‌. എന്നാല്‍ എല്ലായ്‌പോഴും നേത്രം മറ്റൊരാളില്‍നിന്ന്‌ സ്വീകരിക്കാന്‍ കഴിഞ്ഞെന്ന്‌ വരില്ല. കോര്‍ണിയയെ ബാധിക്കുന്ന ചില രോഗങ്ങള്‍ക്കേ ഈ രീതി ഗുണം ചെയ്യുകയുള്ളൂ.

കോര്‍ണിയയില്‍ ബാധിക്കുന്ന ചില അണുബാധകള്‍ മരുന്നുകൊണ്ട്‌ മാറ്റിയെടുക്കാന്‍ കഴിഞ്ഞെന്ന്‌ വരില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ കോര്‍ണിയ മാറ്റിവയ്‌ക്കുകയേ മാര്‍ഗമുള്ളു. ഇതുകൂടാതെ ശസ്‌ത്രക്രിയയെത്തുടര്‍ന്നോ അപകടത്തെത്തുടര്‍ന്നോ കോര്‍ണിയ തകരാറിലാകും. ഇത്തരം അവസരങ്ങളിലും കോര്‍ണിയ മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ നടത്തുന്നു.

നേത്രദാനം എങ്ങനെ?

നമ്മുടെ നാട്ടില്‍ ഐ - ബാങ്കുവഴിയാണ്‌ നേത്രദാനം നടക്കുന്നത്‌. നേത്രദാനത്തിന്‌ സന്നദ്ധത കാണിച്ചുകൊണ്ട്‌ സമ്മതപത്രം നേത്രബാങ്കില്‍ സമര്‍പ്പിക്കേണ്ടതുണ്ട്‌. സമ്മതപത്രത്തില്‍ കുടുംബാഗങ്ങളായ നോമിനികള്‍ ഒപ്പുവയ്‌ക്കണം. കോര്‍ണിയ ലഭ്യമാകുമ്പോള്‍ രോഗിയെ വിവരമറിയിക്കുന്നു. നേത്രദാനത്തിന്‌ നിരവധി യുവജനങ്ങള്‍ ഇന്ന്‌ മുന്നിട്ടിറങ്ങുന്നു. അവര്‍ സംഘമായി സമ്മതപത്രം ഒപ്പിട്ടു നല്‍കുന്നു.

രോഗിക്ക്‌ ലോക്കല്‍ അനസ്‌തേഷ്യ നല്‍കി ഓപ്പറേഷന്‌ തയ്യാറാക്കുന്നു. തുടര്‍ന്ന്‌ ഓപ്പറേറ്റിങ്ങ്‌ മൈക്രോസ്‌കോപ്പിന്റെ സഹായത്താല്‍ ശസ്‌ത്രക്രിയ നടത്തി കേടായ കോര്‍ണിയ നീക്കം ചെയ്‌ത് നേത്രാനം വഴി ലഭിച്ച കോര്‍ണിയ വച്ചു പിടിപ്പിക്കുന്നു. തലനാരിഴയുടെ പത്തിലൊന്നു വലിപ്പമുള്ള പ്രത്യേക നൂലുപയോഗിച്ചാണ്‌ കണ്ണില്‍ തുന്നലിടുന്നത്‌. കോര്‍ണിയ മാറ്റിവച്ചതിനുശേഷം യാതൊരുവിധത്തിലുമുള്ള തുന്നലോ പാടുകളോ അവശേഷിക്കുന്നില്ല.

കോര്‍ണിയ മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയക്കുശേഷം ഒന്നുരണ്ട്‌ ദിവസം കഴിഞ്ഞ്‌ ആശുപത്രി വിടാം. പ്രത്യേകിച്ച്‌ ബുദ്ധിമുട്ടുകള്‍ ഒന്നുമില്ലെങ്കില്‍ അന്നു വൈകുന്നേരംതന്നെ വീട്ടിലേക്ക്‌ മടങ്ങാം. ശസ്‌ത്രക്രിയക്കുശേഷം രോഗി അല്‍പംകൂടുതല്‍ ശ്രദ്ധ കണ്ണിന്റെ കാര്യത്തില്‍ നല്‍കേണ്ടതുണ്ട്‌.

അണുബാധ തടയുന്നതിന്‌ ആന്റിബയോട്ടിക്‌ ഐ ഡ്രോപ്പുകളും വച്ചുപിടിപ്പിച്ച കോര്‍ണിയ ശരീരം പുറംതള്ളാതിരിക്കാന്‍ സ്‌റ്റിറോയ്‌ഡ് ഐ ഡ്രോപ്പുകളും ഉള്ളിലെ പേശികളുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ സൈക്ലോപ്ലെജിക്‌ തുള്ളിമരുന്നുകളും കണ്ണിലൊഴിക്കണം. ആദ്യത്തെ ഒന്നുരണ്ടുദിവസത്തേക്ക്‌ വേദനസംഹാരി ഗുളികകള്‍ രോഗി കഴിക്കണം. കുറച്ചുകാലത്തേക്ക്‌ പൊടിയില്‍നിന്നും കടുത്ത വെളിച്ചത്തില്‍നിന്നും മാറ്റിവച്ച കോര്‍ണിയയെ സംരക്ഷിക്കുന്നതിനായി സണ്‍ഗ്ലാസ്‌ വയ്‌ക്കണം.

വിജയസാധ്യത

നേത്രദാനം അഥവാ കോര്‍ണിയ മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ സാധാരണഗതിയില്‍ നൂറുശതമാനവും വിജയമാണ്‌. എന്നാല്‍ രോഗിയുടെ പ്രായം, ലഭിച്ച കോര്‍ണിയയുടെ നിലവാരം, ശസ്‌ത്രക്രിയ എന്നീ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു വിജയസാധ്യത. അതേസമയം അവയവം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രിയക്രിയകളില്‍ ഏറ്റവും കൂടുതല്‍ വിജയസാധ്യതയുള്ളത്‌ നേത്രദാനത്തിലാണ്‌. അതിനു പ്രധാന കാരണം കോര്‍ണിയയില്‍ രക്‌തധമനികള്‍ ഇല്ല എന്നതുതന്നെ.

നിറമില്ലാത്ത കാഴ്‌ചകള്‍

 

അപൂര്‍വമായി കണ്ടുവരുന്ന ഈ കാഴ്‌ച തകരാറാണ്‌ വര്‍ണാന്ധത അഥവാ കളര്‍ ബ്ലൈന്‍ഡ്‌നെസ്‌. ഈ തകരാറിന്റെ ഫലമായി എല്ലാ നിറങ്ങളും കണ്ണു കൊണ്ട്‌ വ്യക്‌തമായി തിരിച്ചറിയാന്‍ കഴിയാതെ വരുന്നു

കാഴ്‌ചയുടെ ഭംഗി വര്‍ണങ്ങളിലാണ്‌. വര്‍ണങ്ങള്‍ തിരിച്ചറിയാനുള്ള കണ്ണിന്റെ കഴിവാണ്‌ കാഴ്‌ചയെ വേറിട്ടതാക്കുന്നത്‌. പ്രത്യേകിച്ച്‌ മനുഷ്യന്റെ. അതി സൂക്ഷ്‌മമായ വര്‍ണങ്ങള്‍പോലും കാഴ്‌ചയുടെ മാജിക്കിലൂടെ മനുഷ്യന്‌ വേര്‍തിരിച്ചറിയാന്‍ സാധിക്കുന്നു. അങ്ങനെ നോക്കുമ്പോള്‍ ലോകത്തേക്ക്‌ തുറന്നുവച്ച മനുഷ്യ നേത്രം ശക്‌തവും സങ്കീര്‍ണവുമാണെന്ന്‌ കാണാം. എന്നാല്‍ കാഴ്‌ചകളില്‍ നിന്നും വര്‍ണങ്ങള്‍ വാര്‍ന്നുപോകുന്ന അവസ്‌ഥയോ.

ചിലരില്‍ അങ്ങനെ സംഭവിക്കാറുണ്ട്‌. അപൂര്‍വമായി കണ്ടുവരുന്ന ഈ കാഴ്‌ച തകരാറാണ്‌ വര്‍ണാന്ധത അഥവാ കളര്‍ ബ്ലൈന്‍ഡ്‌നെസ്‌. ഈ തകരാറിന്റെ ഫലമായി എല്ലാ നിറങ്ങളും കണ്ണു കൊണ്ട്‌ വ്യക്‌തമായി തിരിച്ചറിയാന്‍ കഴിയാതെ വരുന്നു. അല്ലെങ്കില്‍ നിറങ്ങള്‍ തമ്മില്‍ മാറിപ്പോകുന്നു എന്നതാണ്‌ കളര്‍ ബ്ലൈന്‍ഡ്‌സിന്റെ പ്രത്യേകത.

വര്‍ണ്ണാന്ധത

വിവിധ തരം വര്‍ണങ്ങള്‍ തിരിച്ചറിയാന്‍ കണ്ണുകള്‍ നമ്മെ സഹായിക്കുന്നു. കണ്ണിന്റെ ഈ കഴിവിനെ 'വര്‍ണ്ണബോധം' എന്നു പറയുന്നു. ഇത്‌ കോണ്‍കോശങ്ങളുടെ സഹായത്തോടെയാണ്‌ സാധ്യമാകുന്നത്‌. ചുവപ്പ്‌, നീല, പച്ച ഈ നിറങ്ങളെ തിരിച്ചറിയാന്‍ വ്യത്യസ്‌ത കോശങ്ങളുണ്ട്‌. പോലീസ്‌, തുണിക്കടയില്‍ ജോലി ചെയ്യുന്നവര്‍, ആര്‍ട്ടിസ്‌റ്റ് തുടങ്ങിയ ജോലികളിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്‌ വര്‍ണാന്ധത ഒരു പ്രശ്‌നമായിത്തീരുന്നു. മറ്റ്‌ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഈ അസുഖം മൂലം ഉണ്ടാകുന്നില്ല. അതുകൊണ്ടു തന്നെ വര്‍ണാന്ധതയ്‌ക്കുള്ള ചികിത്സയ്‌ക്ക് ആരും മെനക്കെടാറില്ല.

പാരമ്പര്യം ഘടകമാണ്‌

കണ്ണുകള്‍ക്കു സംഭവിക്കുന്ന പരിക്കുകള്‍ക്കു പുറമേ പാരമ്പര്യവും വര്‍ണാന്ധതയ്‌ക്ക് കാരണമാകാറുണ്ട്‌. പരമ്പര്യം മുഖ്യഘടകമായതു കൊണ്ട്‌ എക്‌സ് ക്രോമസോമുകളാണ്‌ വര്‍ണാന്ധതയ്‌ക്കുള്ള കാരണക്കാരും. കൂടാതെ കോണ്‍കോശങ്ങളുടെ ചതവ്‌, നീര്‌ എന്നിവ കണ്ണിന്‌ നിറങ്ങള്‍ തിരിച്ചറിയാനുള്ള കഴിവ്‌ നഷ്‌ടപ്പെടുത്തുന്നു. ആണ്‍കുട്ടികളില്‍ ഒരു എക്‌സ് ക്രോമസോമുകള്‍ മാത്രമുള്ളതിനാല്‍ അവര്‍ക്കാണ്‌ രോഗം വരാന്‍ സാധ്യത കൂടുതല്‍. സ്‌ത്രീകളില്‍ രണ്ട്‌ എക്‌സ് ക്രോമസോമുകളുള്ളതിനാല്‍ ഇവ രണ്ടും തകരാറിലായാല്‍ മാത്രമേ രോഗം വരികയുള്ളൂ.

കാരണങ്ങള്‍ നിരവധി

ജന്മനായുള്ളത്‌, പിന്നീട്‌ സംഭവിക്കുന്നത്‌ എന്നിങ്ങനെ വര്‍ണാന്ധത രണ്ടു തരമുണ്ട്‌. പൂര്‍ണമായും ഭാഗികമായും ഇത്‌ വരാം. എന്നാല്‍ രോഗത്തിന്റെ സ്വഭാവമനുസരിച്ച്‌ ലക്ഷണങ്ങളില്‍ വ്യത്യാസം വരുന്നു. പച്ച, മഞ്ഞ, ചുവപ്പ്‌ എന്നീ നിറങ്ങള്‍ തിരിച്ചറിയാന്‍ ചിലര്‍ക്ക്‌ സാധിക്കാതെവരുന്നു. ഇതിനെ 'പ്രൈമറി കളര്‍ ബ്ലൈന്‍ഡ്‌നസ്‌' എന്നു പറയുന്നു. ഓറഞ്ച്‌, ബ്രൗണ്‍ തുടങ്ങിയ നിറങ്ങള്‍ ചുവപ്പായി കാണുന്നതാണ്‌ ചിലരുടെ പ്രശ്‌നം. ഇവരെ ഭാഗികമായി വര്‍ണാന്ധതയുള്ളവരെന്നു വിളിക്കാം.

പരിശോധന

നിരവധി നിറങ്ങളാല്‍ പൊട്ടുപോലുള്ള കുത്തുകളിട്ട ചര്‍ട്ട്‌ ഉപയോഗിച്ചാണ്‌ വര്‍ണാന്ധതയ്‌ക്കുള്ള പരിശോധന നടത്തുന്നത്‌. മറ്റു പരിശോധനകളും രോഗ നിര്‍ണയത്തിന്‌ ആവശ്യമായി വരും. ജന്മനായുള്ള വര്‍ണാന്ധത പരിഹരിക്കാന്‍ കഴിയില്ല. കോണ്‍സ്‌ കോശങ്ങളുടെ തകരാറുമൂലമുള്ള വര്‍ണാന്ധത ചികിത്സിച്ചു ഭേദമാക്കാവുന്നതാണ്‌. നേത്രരോഗ വിദഗ്‌ധന്റെ സഹായത്തോടെ ഇത്‌ സാധ്യമാണ്‌.

വിവരങ്ങള്‍ക്ക്‌ കടപ്പാട്‌: മംഗളം

അവസാനം പരിഷ്കരിച്ചത് : 3/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate