অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കണ്ണുകളുടെ സംരക്ഷണം

കണ്ണുകളുടെ സംരക്ഷണം

കണ്ണിന്റെ ആരോഗ്യത്തിന് വീട്ടില്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം?

കണ്ണുവേദന, തലവേദന, കണ്ണില്‍നിന്നും വെള്ളം വരിക, ചൊറിച്ചില്‍ തുടങ്ങിയ രൂപത്തിലായിരിക്കും അത് പ്രകടമാകുന്നത്. കൂടാതെ വായിക്കുമ്പോള്‍ വരികള്‍ മാറിപ്പോകുക, നോക്കുമ്പോള്‍ വസ്തുക്കള്‍ ചെറുതായിതോന്നുക, ഇതെല്ലാം കണ്ണിന്റെ ആയാസം വര്‍ധിക്കുന്നതുമൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ്'

 

കണ്ണിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് നിരവി സംശയങ്ങള്‍ ഉണ്ടാകാം. ഇത്തരം സംശയങ്ങള്‍ക്ക് പലപ്പോഴും വ്യക്തമായ മറുപടി ലഭിച്ചെന്നു വരില്ല. നിത്യ ജീവിതത്തില്‍ പലപ്പോഴായി സ്വയം ചോദിച്ചിട്ടുള്ള ആ ചോദ്യങ്ങള്‍.

1. പരീക്ഷാസമയത്തും സ്റ്റഡിലീവിലും കുട്ടികള്‍ തുടര്‍ച്ചയായിരുന്ന് വായിക്കുന്നത് കണ്ണിന് ആയാസം വര്‍ധിപ്പിക്കുമോ?


സാധാരണ ഏത് അവയവത്തിനും ഉണ്ടാകുന്നതുപോലെ കണ്ണിനുണ്ടാകുന്ന അമിത ജോലി ഭാരം പ്രശ്‌നങ്ങള്‍ക്കു കാരണമാകാം. കണ്ണുവേദന, തലവേദന, കണ്ണില്‍നിന്നും വെള്ളം വരിക, ചൊറിച്ചില്‍ തുടങ്ങിയ രൂപത്തിലായിരിക്കും അത് പ്രകടമാകുന്നത്. കൂടാതെ വായിക്കുമ്പോള്‍ വരികള്‍ മാറിപ്പോകുക, നോക്കുമ്പോള്‍ വസ്തുക്കള്‍ ചെറുതായിതോന്നുക, ഇതെല്ലാം കണ്ണിന്റെ ആയാസംവര്‍ധിക്കുന്നതുമൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ്. യഥാര്‍ത്ഥത്തില്‍ അടുത്തുള്ള വസ്തുക്കള്‍ കാണാന്‍ കണ്ണിന് കൂടുതലായി ഫോക്കസ് ചെേയ്യണ്ടി വരുന്നതുമൂലമുള്ള സമര്‍ദമാണ് ഇതിനു കാരണം. അതിനൊപ്പം പഠനകാലത്തെ മാനസികസമ്മര്‍ദങ്ങളും. മത്സരപ്രവണത കൂടിയേതാടെ സ്‌കൂള്‍, വീട്, ട്യൂഷന്‍സെന്റര്‍, സുഹൃത്തുക്കള്‍ എന്നിവിടങ്ങളില്‍നിന്നുള്ള സമ്മര്‍ദങ്ങളും വര്‍ധിച്ചു.

2. വായനാ മുറിയിലെ വെളിച്ച ക്രമീകരണം എങ്ങനെയായിരിക്കണം?


നല്ല വെളിച്ചമുള്ള മുറയിലിരുന്ന് വേണം വായിക്കുവാന്‍. അത് പുറകുവശത്തുനിന്നു വരത്തക്ക രീതിയില്‍വേണം വെളിച്ചം ക്രമീകരിക്കാന്‍. വെളിച്ചം നേേര വരത്തക്ക രീതിയിലിരുന്ന് വായിക്കുന്നത് നല്ലതല്ല. ഇതിനു കാരണം കൂടുതലായി കണ്ണിനു ഫോക്കസ് ചെയ്യേണ്ടിവരുമെന്നതാണ്്.

3. കണ്ണിന് ആയാസമില്ലാതെ വായിക്കുവാന്‍ ഏതു രീതിയാണ് നല്ലത്. കിടന്നുകൊണ്ട് വായിക്കുന്നത് കണ്ണിന് ദോഷം ചെയ്യുമോ?


കണ്ണില്‍നിന്ന് 12- 14 സെന്റീമീറ്റര്‍ പുസ്തകം അകറ്റിപ്പിടിച്ച് വായിക്കുന്നതാണ് നല്ലത്. മറ്റ് ഏത് രീതിയില്‍ വായിക്കുന്നതും എഴുതുന്നതും കണ്ണിന്റെ ആയാസം വര്‍ധിപ്പിക്കും. മലര്‍ന്നും കമിഴ്ന്നും കിടന്നു വായിക്കുന്നതും അടുത്തുപിടിച്ച് വായിക്കുന്നതും നല്ലതല്ല. ടി. വി കണ്ടുകൊണ്ട് വായിക്കുന്നതും ശരിയായ രീതി അല്ല. തുടര്‍ച്ചയായിരുന്ന് കംപ്യൂട്ടര്‍ ഉപയോഗിക്കുന്നതും ടെലിവിഷന്‍ കാണുന്നതും എഴുതുന്നതും വായിക്കുന്നതും കണ്ണിന്റെ ആയാസം വര്‍ധിപ്പിക്കും. ഒരേ കാര്യത്തില്‍തന്നെ സൂക്ഷ്മതയോടെ നോക്കിക്കൊണ്ടിരിക്കുമ്പോള്‍ കണ്ണു ചിമ്മുന്നതിന്റെ തവണകള്‍ കുറയുന്നു. ഇത് കണ്ണ് വരളുന്നതിന് കാരണമാകുന്നു.

4. കണ്ണിന് വിശ്രമം ആവശ്യമാണോ? കണ്ണിനു ചുറ്റും കറുത്ത അടയാളം ഉണ്ടാകാന്‍ കാരണമെന്താണ്?


ഉണര്‍ന്നിരിക്കുമ്പോള്‍ ശരീരത്തില്‍ ഏറ്റവും അധികം പ്രവര്‍ത്തിക്കുന്ന ഭാഗമാണ് കണ്ണുകള്‍. അതിനാല്‍ അവയ്ക്കു തീര്‍ച്ചയായും വിശ്രമം ആവശ്യമാണ്. കണ്ണട ഉപയോഗിക്കേണ്ടവര്‍ ഉപയോഗിക്കാതിരിക്കുക, സൂര്യപ്രകാശം ഏല്‍ക്കുന്നത് മുതലായ പല കാരണങ്ങള്‍ക്കൊണ്ടും കണ്ണിനു ചുറ്റും കറുത്തപാടുകള്‍ ഉണ്ടാകാം.

5. കണ്ണിന് ഉന്മേഷം നല്‍കി ഉള്‍പ്പേശികള്‍ക്ക് ബലം നല്‍കുന്ന വ്യായാമങ്ങള്‍?


കണ്ണുകളുടെ ആയാസം കുറയ്ക്കാന്‍ വ്യായാമം ചെയ്യുന്നത് നല്ലതാണ്. കണ്ണിന് ഉന്മേഷം നല്‍കാന്‍ ഈ ലളിത വ്യായാമങ്ങള്‍ സഹായിക്കും. തുടര്‍ച്ചയായിരിക്കാതെ അല്പ സമയം എഴുന്നേറ്റു നടക്കുക്കുക, ദൂരേയ്ക്കു നോക്കുക എന്നിവയെല്ലാം ചെയ്യാവുന്നതാണ്. കൃഷ്ണമണി എല്ലാവശങ്ങളിലേക്കും ചുറ്റിക്കുന്നത് നല്ലൊരു വ്യായാമമാണ്. കണ്ണിന്റെ ഉള്‍പ്പേശികള്‍ക്ക് ബലമേകാന്‍ ഇത് സഹായിക്കും. ഇടയ്ക്കിടെ തണുത്ത വെള്ളത്തില്‍ കണ്ണ് കഴുകുന്നതു നല്ലതാണ്.

6. മയോപ്പിയ കുട്ടികളില്‍ കാണപ്പെടുമോ? ലക്ഷണങ്ങളിലൂടെ ഇത് തിരിച്ചറിയാമോ?


കുട്ടികളില്‍ മയോപ്പിയമൂലമുള്ള കാഴ്ചത്തകരാറുകള്‍ പഠനത്തെ ബാധിക്കാം. ഈ പ്രശ്‌നമുള്ളവര്‍ക്ക് അകലെയുള്ള വസ്തുക്കള്‍ കാണാന്‍ വിഷമമായിരിക്കും. എന്നാല്‍ അടുത്തുള്ള വസ്തുക്കള്‍ കാണാന്‍ വിഷമമുണ്ടാവില്ല. കുട്ടി പുസ്തകം ചേര്‍ത്തുപിടിച്ചു വായിക്കുക, അടുത്തിരുന്നു ടി.വി കാണുക, താഴേയ്ക്കു നോക്കി നടക്കുക, അകലെനിന്നുള്ള കാഴ്ചകളോട് പ്രതികരിക്കാതിരിക്കുക ഇവയെല്ലാം മയോപ്പിയ അഥവാ ഹ്രസ്വദൃഷ്ടിയുടെ ചില ലക്ഷണങ്ങളാണ്. പിന്‍ബഞ്ചില്‍ ഇരിക്കുമ്പോള്‍ ബോര്‍ഡില്‍ എഴുതിയത് കാണാതെ പോകുന്നതിനു കാരണവും ഇതുതന്നെ.

7. കുട്ടികളിലെ കാഴ്ച്ചത്തകരാറുകള്‍ അധ്യാപകര്‍ക്കു തിരിച്ചറിയാന്‍ സാധിക്കുമോ?


തീര്‍ച്ചയായും കുട്ടികളിലെ കാഴ്ചത്തകരാറുകള്‍ അദ്ധ്യാപകര്‍ക്കു കണ്ടെത്താം. പഠനത്തില്‍ മിടുക്കരായ കുട്ടികള്‍ പെട്ടെന്ന് പഠനത്തില്‍ മോശമാകുക, ബോര്‍ഡില്‍ എഴുതിയത് കാണാതെ, പുസ്തകം ചേര്‍ത്തുപിടിച്ചു വായിക്കുക എന്നീ ലക്ഷണങ്ങളിലൂടെ അധ്യാപകര്‍ക്ക് കുട്ടികളുടെ കാഴ്ചത്തകരാറുകള്‍ മനസിലാക്കാവുന്നതാണ്്. ഒരു ക്ലാസിലെ കുട്ടികളുടെ കാഴ്ച പരിശോധന ടീച്ചര്‍മാര്‍ക്കു സ്വയം നടത്താവുന്നതാണ്. നല്ല വെളിച്ചുമുള്ള മുറിയില്‍ ബോര്‍ഡില്‍ വലിയ അക്ഷരത്തിലും ചെറിയ അക്ഷരത്തിലും എഴുതുക. ക്ലാസിന്റെ ഏറ്റവും പുറകിലായി കുട്ടിയെ നിര്‍ത്തി വായിപ്പിക്കുക. ഓരോ കണ്ണുകൊണ്ടും മാറി മാറി വായിപ്പിക്കണം. ഉള്ളം കൈകൊണ്ട് ഒരു കണ്ണ് നന്നായി പൊത്തിപ്പിടിച്ചു വായിപ്പിക്കുക. ഓരോ കണ്ണുകൊണ്ടും ബോര്‍ഡിലെ എല്ലാവരികളും വായിക്കാന്‍ കഴിയുന്നില്ലെങ്കില്‍ കുട്ടിക്ക് എന്തെങ്കിലും കാഴ്ചത്തകരാറുള്ളതായി മനസിലാക്കാം.

8. കണ്ണിന്റെ ആരോഗ്യത്തിന് വീട്ടില്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം?


കണ്ണിന്റെ ആയാസംമൂലമുള്ള തലവേദന, കണ്ണില്‍നിന്നു വെള്ളം വരിക എന്നീപ്രശ്‌നങ്ങള്‍ ഡോക്ടറെ കാണിച്ചു പരിശോധിക്കണം. ഡോക്ടര്‍ നിര്‍ദേശിക്കുകയാണെങ്കില്‍ നിര്‍ബന്ധമായും കണ്ണടകള്‍ ഉപയോഗിക്കണം. കുട്ടികള്‍ കണ്ണിന് ദോഷം ഉണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് മാതാപിതാക്കളും ഉറപ്പുവരുത്തണം. നല്ല വെളിച്ചമുള്ള മുറിയിലിരുന്ന് ടി. വി, കാണിക്കുക, കുട്ടികളുടെ ഭക്ഷണത്തില്‍ ധാരാളം ഇലക്കറികള്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.

9. അസ്റ്റിഗ്മാറ്റിസം എന്ന അവസ്ഥ എങ്ങനെ തിരിച്ചറിയാം. ചികിത്സയിലൂടെ ഇത് പരിഹരിക്കാമോ?


കാഴ്ചയ്ക്കു മങ്ങല്‍പ്പോലെ തോന്നുന്ന അവസ്ഥയാണിത്. അക്ഷരങ്ങള്‍ തമ്മിലുള്ള വ്യത്യാസം കുട്ടിക്കു കൃത്യമായി മനസിലാക്കാന്‍ കഴിയാതെ വരുന്നു. ദൂരെകാഴ്ച കുറവ്, കണ്ണിറുക്കിനോക്കുക, തലവേദന, കണ്ണുവേദന തുടങ്ങിയ ലക്ഷണങ്ങളും പ്രകടമാകാം. ലെന്‍സ് ഉപയോഗിച്ചും ലേസര്‍ ശസ്ത്രക്രിയയിലൂടെയും മറ്റും ഈ രപശ്‌നം പരിഹരിക്കാവുന്നതാണ്.

കടപ്പാട്:
ഫാമിലി ഐകെയര്‍

കണ്ണിന്റെ ആരോഗ്യത്തിന് ആയുര്‍വേദം

നേത്രരോഗങ്ങള്‍ പിടിപെടാതെ പ്രതിരോധമാര്‍ഗങ്ങള്‍ക്കാണ് ആയുര്‍വേദം പ്രാധാന്യം കല്പിക്കുന്നത്. തെറ്റായ ആഹാരങ്ങള്‍ ശരീരത്തിന് ഹാനികരമാകുന്നപോലെ നേത്ര ആരോഗ്യത്തെയും നശിപ്പിക്കും

 

ആയുര്‍വേദ ചികിത്സാ ശാസ്ത്രത്തില്‍ നേത്രചികിത്സയെ ശാലാക്യ (ഇ.എന്‍.ടി) വിഭാഗത്തില്‍ ഉള്‍പെടുത്തിയിരിക്കുന്നു. കണ്ണിന്റെ ഓരോ ഭാഗത്തുമുള്ള രോഗങ്ങളെ വിശദമായി മനസിലാക്കി ശാസ്ത്രീയമായി ചികിത്സിക്കുന്നു.

കേരളത്തിലെ ഒട്ടുമിക്ക ആയുര്‍വേദ ആശുപത്രികളിലും നേത്രചികിത്സ ലഭ്യമാണ്. നേത്രരോഗങ്ങള്‍ പിടിപെടാതെ പ്രതിരോധമാര്‍ഗങ്ങള്‍ക്കാണ് ആയുര്‍വേദം പ്രാധാന്യം കല്പിക്കുന്നത്. തെറ്റായ ആഹാരങ്ങള്‍ ശരീരത്തിന് ഹാനികരമാകുന്നപോലെ നേത്ര ആരോഗ്യത്തെയും നശിപ്പിക്കും.

കംപ്യൂട്ടര്‍ അധിഷ്ഠിത തൊഴില്‍, ടി.വി, മൊബൈല്‍ ഫോണ്‍, ഉറക്കമിളച്ചുള്ള ജോലികള്‍, നൈറ്റ് ഡ്യൂട്ടി, അസമയത്തുള്ള ഉറക്കം, കുട്ടികളിലെ വ്യായാമക്കുറവ്, ഉഴുന്ന്, തൈര്, എണ്ണയില്‍ പൊരിച്ച ആഹാരം, മത്സ്യം, പഴകിയതും ദഹിക്കാന്‍ ബുദ്ധിമുട്ടുമുള്ള ആഹാരം, വിരുദ്ധാഹാരങ്ങള്‍, മസാലകള്‍ ചേര്‍ന്നതും ഉള്‍പ്പുഴുക്കുണ്ടാക്കുന്ന ആഹാരങ്ങളും, പൊടി, പുക, പ്രമേഹം, രക്തസമ്മര്‍ദം എന്നീ രോഗങ്ങളും നേത്രരോഗങ്ങള്‍ക്ക് കാരണമാകുമെന്ന് ആയുര്‍വേദം മുന്നറിയിപ്പു നല്‍കുന്നു.

കണ്ണിനുണ്ടാകുന്ന തകരാറുകള്‍ പലതുണ്ട്. ലക്ഷണങ്ങളിലൂടെ ഇവ തിരിച്ചറിയാനാവും.

അഭിഷന്ദ്യം


ചെങ്കണ്ണ് എന്നറിയപ്പെടുന്ന അഭിഷന്ദ്യം സര്‍വസാധാരണ കണ്ടുവരുന്ന നേത്രരോഗമാണ്. കണ്ണിന് ചുവപ്പു നിറവും, വീക്കവും, വേദനയും, കണ്ണുനീര്‍ സ്രാവവും കൂടിചേര്‍ന്ന് വരുന്ന രോഗലക്ഷണമാണിത്. പൊടി, പുക ഇവയുടെ സമ്പര്‍ക്കംമൂലമോ, വിവിധതരം ബാക്ടീരിയ മൂലമോ ഈ രോഗം ഉണ്ടാകുന്നു.

രോഗകാരണം മനസിലാക്കി നേത്രരോഗ വിദഗ്ധന്റെ നിര്‍ദേശപ്രകാരം മാത്രമേ ചികിത്സിക്കാവൂ. വൈറസുകള്‍ മൂലമുണ്ടാകുന്ന രോഗത്തിന് പൂര്‍ണവിശ്രമം വേണം. കണ്ണിനെ വൃത്തിയായി സൂക്ഷിക്കണം.

ഉണക്കമുന്തിരി, പാച്ചോറ്റിത്തൊലി, മരമഞ്ഞള്‍, ഇരട്ടിമധുരം ഇവ ചേര്‍ത്ത് തിളപ്പിച്ച വെള്ളം തണുത്ത ശേഷം കണ്ണില്‍ ധാര ചെയ്യാവുന്നതാണ്. പൊടി, പുക എന്നിവ കൊണ്ടുള്ള അസ്വസ്ഥതയ്ക്ക് ത്രിഫല കഷായം ഉപയോഗിച്ച് കണ്ണ് വൃത്തിയാക്കാവുന്നതാണ്. ബാക്ടീരിയയുടെ സ്വഭാവം അനുസരിച്ചുള്ള ഔഷധങ്ങളും അകത്തു കഴിക്കാനുള്ള മരുന്നുകളും ആവശ്യമായി വരും.

ഷട്ടില്‍ കോക്ക്, ബോളുകള്‍, ആഘാതങ്ങള്‍ ഇവ മൂലം കണ്ണിനുണ്ടാകുന്ന ക്ഷതങ്ങള്‍ക്ക് അവയുടെ തകരാറുകള്‍ കണക്കാക്കിയാണ് ചികിത്സ നിശ്ചയിക്കുക. കനത്ത ആഘാതം നേത്രഗോളത്തിന് ഗുരുതരമായ നാശത്തിനു കാരണമായേക്കാം. അങ്ങനെയെങ്കില്‍ അടിയന്തര ചികിത്സയ്ക്ക് ഉടന്‍ വൈദ്യസഹായം തേടേണ്ടതാണ്.

രക്തസ്രാവം


ക്ഷതം, ശക്തിയായ തുമ്മല്‍, രക്താതിസമ്മര്‍ദ്ദം എന്നിവ മൂലം കണ്ണിന്റെ വെളുത്ത ഭാഗത്തെ ചെറിയ രക്തക്കുഴലുകള്‍ പൊട്ടി രക്തം കെട്ടിനില്‍ക്കുന്ന അവസ്ഥയാണിത്.

രണ്ട് മൂന്നു ആഴ്ചയ്ക്കുള്ളില്‍ പ്രത്യേക ചികിത്സയില്ലാതെ ഈ പ്രശ്‌നം തനിയെ മാറുന്നതാണ്. നേത്രഗോളത്തിനകത്ത് രക്തസ്രാവം ഉണ്ടായിട്ടുണ്ടോ എന്ന് അറിയാന്‍ വിദഗ്ധ പരിശോധന ആവശ്യ 
മാണ്.

ദൃഷ്ടിപടലത്തിലെ മുറിവുകള്‍


പത്രക്കടലാസ്, തുണി, മണല്‍തരികള്‍, പൊടികള്‍ ഇവയുടെ സ്പര്‍ശം കൊണ്ട് കണ്ണിന്റെ കറുപ്പില്‍ മുറിവുണ്ടാകുന്നത് സാധാരണയാണ്. തന്മൂലം കണ്ണിന് വേദന, ചുവപ്പ്, കണ്ണു നീര്‍സ്രാവം, കാഴ്ച തെളിവ് കുറവ്, വെളിച്ചത്തില്‍ നോക്കാന്‍ പ്രയാസം, കണ്ണടയുക തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. വിദഗ്ധ ചികിത്സ വേണ്ട സാഹചര്യമാണിത്.

കണ്ണില്‍ അണുനാശക ശക്തിയുള്ള ഔഷധങ്ങള്‍ ഉപയോഗിക്കണം. ഏതാനും ദിവസങ്ങള്‍ കൊണ്ട് ഇത് ഭേദമാകും. മുറിവില്‍ അണുബാധയുണ്ടായാല്‍ കാഴ്ച മറയ്ക്കുന്ന വെളുത്ത പാടുകള്‍ ഉണ്ടായേക്കാം.

ഗ്ലൂക്കോമ


നേത്രഗോളത്തിനുള്ളില്‍ നിറഞ്ഞിരിക്കുന്ന ദ്രാവകം കെട്ടിനിന്ന് നേത്രഗോളത്തിനുള്ളില്‍ സമ്മര്‍ദ്ദമുണ്ടാക്കി നേത്രപടലത്തിലെ നാഡികളെ നശിപ്പിച്ച് കാഴ്ച നഷ്ടപ്പെടുത്തുന്ന ഗുരുതരമായ രോഗമാണ് ഗ്ലൂക്കോമ. തിമിരം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അന്ധത ഉണ്ടാക്കുന്ന രോഗമാണിത്.

സഹജമായി തന്നെ ജനനാന്തരം ചിലരില്‍ ഗ്ലൂക്കോമ ഉണ്ടാകാറുണ്ട്. കാഴ്ച മങ്ങുക, ശക്തമായ വേദന, ചുവപ്പ്, കണ്ണുനീര്‍ സ്രാവം, വെളിച്ചത്തിലേക്കു നോക്കുവാനുള്ള ബുദ്ധിമുട്ട്, ഓക്കാനം, ഛര്‍ദ്ദി ഇവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.

ആയുര്‍വേദത്തില്‍ 'അതിമന്ദം' എന്ന രോഗലക്ഷണവുമായി ചേര്‍ത്താണ്് ഗ്ലക്കോമയെ കണക്കാക്കുന്നത്. മരുന്നുവച്ചു കെട്ടല്‍ (പിണ്ഡി), ധാര, ഔഷധസേവ, ലീച്ച് തെറാപ്പി എന്നിവ സംയോജിപ്പിച്ചുള്ള ചികിത്സ ഇതിന് നല്‍കുന്നു

കണ്‍കുരു


ആയുര്‍വേദത്തില്‍ 'അഞ്ജനപിടക' എന്നപേരില്‍ കണ്‍കുരുരോഗം അറിയപ്പെടുന്നു. വേദനയോടും, ചുവപ്പു നിറത്തോടും, ഉണ്ടാകുന്ന പഴുപ്പു നിറഞ്ഞ കുരുക്കളാണിത്. ഇത് കുട്ടികളില്‍ കൂടുതലായി കാണുന്നു.

കണ്‍പോളയിലെ രോമകൂപങ്ങളിലെ അണുബാധയാണിതിനു കാരണം. കണ്ണ് വൃത്തിയായി സൂക്ഷിക്കുക, അഴുക്കു പുരണ്ട കൈകൊണ്ട് കണ്ണില്‍ സ്പര്‍ശിക്കാതിരിക്കുക, മത്സ്യം, മുട്ട, ഉഴുന്ന്, തൈര്, മുളക് ഇവയുടെ ഉപയോഗം രോഗം വഷളാക്കിയേക്കാം.

നീര്‍കെട്ടും വേദനയും അകറ്റാന്‍ കറുത്ത വട്ട് അരച്ചു പുരട്ടാം. ഉള്ളില്‍ മരുന്നു കഴിക്കേണ്ടതാണ്. സ്ഥിരമായി ഈ രോഗം വരുന്നവര്‍ പ്രതിരോധത്തിനായി മരുന്നു കഴിച്ച് കണ്‍കുരു മാറ്റിയെടുക്കാം.

കൃഛ്രോന്മീലനം


കണ്‍പോളയിലെ പേശികള്‍ക്ക് ബലം നഷ്ടപ്പെട്ട് അയഞ്ഞു തൂങ്ങി കണ്ണു തുറക്കാന്‍ കഴിയാത്ത അവസ്ഥയാണിത്. ഒരു കണ്ണില്‍ മാത്രമായോ, രണ്ട് കണ്ണിലും ചേര്‍ന്നോ വരാവുന്നതാണ്. ജന്മനാതന്നെയോ വാര്‍ധക്യം മൂലമോ രോഗം ഉണ്ടാകാം.

കൂടാതെ തലച്ചോറിലുണ്ടാകുന്ന മുഴകള്‍, 'മയസ്തീനീയ ഗ്രാവിദ്ധ' എന്ന രോഗം ഇവയും രോഗകാരണമാണ്. നസ്യം, തൈലധാര, നെയ് സേവ, വ്യായാമം ഇവകൊണ്ട് പരിഹരിക്കാം. ചിലപ്പോള്‍ ശസ്ത്രക്രിയയിലൂടെ പരിഹരിക്കേണ്ടതായി വരും.

സിറോഫ്താല്‍മിയ


വൈറ്റമിന്‍ - എ യുടെ കുറവുകൊണ്ട് കണ്ണിനുണ്ടാകുന്ന വരള്‍ച്ചയാണിത്. തന്മൂലം ദൃഷ്ടി പടലത്തിന് അണുബാധ, പരുപരുപ്പ്, ദ്വാരം വീഴുക തുടങ്ങിയ കാരണങ്ങള്‍ മൂലം അന്ധതവന്നേക്കാം. ഇലക്കറികള്‍, കാരറ്റ്, പഴങ്ങള്‍ തവിടുള്ള ധാന്യങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

ശുഷ്‌കാന്ധത


കണ്ണിനുണ്ടാകുന്ന വരള്‍ച്ചയാണ് ശുഷ്‌കാന്ധത. തുടര്‍ച്ചയായി വായിക്കുന്നവരിലും കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവരിലും രോഗം കൂടുതലായി കാണുന്നു. കണ്ണില്‍ കരുകരുപ്പ്, വെള്ളം നിറയുക, ചുവപ്പ് തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.

കണ്ണിന് ഇടയ്ക്കിടെ വിശ്രമം നല്‍കുക, ഇടവിട്ടിടവിട്ട് കണ്ണുകള്‍ അടച്ചു തുറക്കുക, ഇടയ്ക്കിടെ കണ്ണ് കഴുകുക, തലയില്‍ എണ്ണ തേക്കുക. ഉറങ്ങുന്നതിനു മുമ്പായി ജീവന്ത്യാദിഘൃതം തുടങ്ങിയ ഔഷധങ്ങള്‍ വൈദ്യ നിര്‍ദേശപ്രകാരം കഴിക്കാവുന്നതാണ്.

കുംഭിക


കണ്‍പോളകളില്‍ വേദനയില്ലാതെ കാണുന്ന കുരുക്കളാണിത്. കണ്‍പോളകളിലുള്ള സ്‌നേഹഗ്രന്ധികളുടെ സ്രവങ്ങള്‍ക്ക് തടസം നേരിടുന്നതുകൊണ്ട് അവകെട്ടി നിന്ന് വീര്‍ത്തുണ്ടാകുന്നതാണ് ഈ രോഗം. കുംഭികപോളകളുടെ വക്കില്‍ നിന്നും അകത്തായിരിക്കും ഉണ്ടാകുക. പ്രത്യേകം ചികിത്സ ആവശ്യമില്ല.

ഏതാനും ദിവസങ്ങള്‍ കൊണ്ട് അപ്രത്യക്ഷമാകും. കൈത്തലം കൊണ്ട് ചൂടുപിടിപ്പിക്കുകയോ, കൈലേസോ, ചെറിയ തുണിയോ കൊണ്ട് ചെറുതായി ചൂടു നല്‍കിയാല്‍ ഇവ ചുരുങ്ങിപ്പോകുന്നതാണ്. അപൂര്‍വമായി മാത്രമേ ശസ്ത്രക്രിയ വേണ്ടിവരുന്നുള്ളൂ.

ഡയബെറ്റിക് റെറ്റിനോപ്പതി


പ്രമേഹബാധയുടെ ഭാഗമായി കാലപഴക്കം കൊണ്ട് നേത്രപടലത്തിലെ രക്തക്കുഴലുകള്‍ ഭേദിച്ച് രക്തം പുറത്തുവന്ന് കാഴ്ച മങ്ങുന്നതിനു കാരണമാകുന്നു. പ്രമേഹം കൃത്യമായി നിയന്ത്രിച്ചു നിര്‍ത്തുകയാണ് പ്രതിവിധി. നേത്രരോഗങ്ങള്‍ വരാതിരിക്കാനുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കുക.

വര്‍ഷം തോറും കാഴ്ച പരിശോധന, നേത്രപടലം പരിശോധിക്കുക റെറ്റിനയിലെ രക്ത ധമനികള്‍ക്ക് ആരോഗ്യം നിലനിര്‍ത്താനായി ത്രിഫല, തേന്‍ ഇവ സ്ഥിരമായി കഴിക്കുക. നെല്ലിക്ക, പുഷ്‌കരമൂലം, നീര്‍മരുത് ഇവയുടെ ഉപയോഗം രക്ത കുഴലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നു.

ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും ഇളനീര്‍ കുഴമ്പ് കണ്ണിലെഴുതുക. തലയില്‍ ധാര, കണ്ണില്‍ ഔഷധങ്ങള്‍ ചേര്‍ത്ത നെയ്തളം കെട്ടിനിര്‍ത്തുക (തര്‍പ്പണം), ഔഷധസേവ തുടങ്ങിയ ചികിത്സകള്‍ ഫലപ്രദമാണ്.

തിമിരം


നേത്രകാചം അഥവാ ലെന്‍സിന് പ്രകാശകിരണം കടത്തിവിടുവാന്‍ കഴിയാതെ വരുന്ന അവസ്ഥയാണിത്. വാര്‍ധക്യത്തിലാണ് ഇതുണ്ടാകുന്നത്. അപൂര്‍വമായി ജന്മനാതന്നെ തിമിരം കാണാറുണ്ട്.

വ്യക്തത കുറഞ്ഞു കാണുക, ചെറിയതുപോലെ വെളിച്ചം കാണുക, നിറങ്ങള്‍ ചുവപ്പ്, മഞ്ഞ നിറത്തില്‍ കാണുക കടുത്തരോഗാവസ്ഥയില്‍ ദൃഷ്ടി കറുപ്പു നിറം മാറി വെളുപ്പു നിറത്തില്‍ കാണുക തുടങ്ങിയവ രോഗലക്ഷണങ്ങളാണ്.

ലെന്‍സിന് പുകനിറം വന്നാല്‍ അതുമാറി കൃത്രിമ ലെന്‍സ് വയ്ക്കുന്നതാണ് ഇപ്പോഴത്തെ രീതി. തിമിരമുണ്ടാകാതിരിക്കാന്‍ മധ്യവയസിലെ ശ്രമിക്കുക എന്നതാണ് ആയുര്‍വേദ സമീപനം.

40 വയസു മുതല്‍ ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും ഇളനീര്‍ കുഴമ്പ് കണ്ണിലെഴുതി ചൂടുവെള്ളത്തില്‍ കഴുകുക, ത്രിഫല, നെയ്യ്, തേന്‍ ഇവയുടെ മിശ്രിതം രാത്രിയില്‍ കഴിക്കുക, അള്‍ട്രാവയലറ്റ് രശ്മികള്‍ കണ്ണിലേല്‍കാതിരിക്കാന്‍ സണ്‍ഗ്ലാസ് ഉപയോഗിക്കുക, കംപ്യൂട്ടര്‍, ടി.വി ഇവയുടെ ഉപയോഗം കുറയ്ക്കുക, പ്രമേഹം നിയന്ത്രിച്ചു നിര്‍ത്തുക.

കടപ്പാട്:
ഡോ. കെ.ജി. ഷാജീവ്
കണ്‍സള്‍ട്ടന്റ്
കോട്ടക്കല്‍ ആര്യവൈദ്യശാല, ആലപ്പുഴ

കണ്ണടകള്‍ തെരഞ്ഞെടുക്കുമ്പോള്‍

 

മധ്യവയസാകുന്നതോടെ കണ്ണിലെ ''ലെന്‍സ്' കട്ടപിടിക്കാന്‍ തുടങ്ങുന്നു. തന്മൂലം കണ്ണിന് കാഴ്ചക്കുറവ് അനുഭവപ്പെടുന്നു. കണ്ണിന് ഈ പ്രശ്‌നമുള്ളവര്‍ക്ക് ചെറിയ അക്ഷരങ്ങള്‍ വായിക്കാന്‍ പ്രയാസമാകും

പഞ്ചേന്ദ്രിയങ്ങളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന അവയവമാണ് കണ്ണ്. അതുകൊണ്ടു തന്നെ കണ്ണിനെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

ഒരു കാലത്ത് കാഴ്ചക്കുറവിനാണ് കൂടുതലായി കണ്ണട ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്ന് കണ്ണിനെ സംരക്ഷിക്കുന്ന പലതരത്തിലുള്ള കണ്ണടകള്‍ വിപണിയില്‍ ലഭ്യമാണ്.

വിവിധ വര്‍ണങ്ങളിലും ആകൃതിയിലും കണ്ണടകള്‍ സുലഭമാണ്. എന്നാല്‍ ശരിയായ രീതിയില്‍ ഓരോരുത്തരുടേയും മുഖത്തിനും കണ്ണിനും ചേരുന്ന കണ്ണടകള്‍ വേണം തിരഞ്ഞെടുക്കാന്‍. ഇല്ലെങ്കില്‍ അത് കണ്ണിന് ദോഷം ചെയ്യും. നേത്രരോഗ വിദഗ്ധന്റെ നിര്‍ദേശപ്രകാരം മാത്രമേ കണ്ണട ഉപയോഗിക്കാവൂ.

കുട്ടികളിലെ കാഴ്ചക്കുറവ്


കാഴ്ചക്കുറവിനു മാത്രമല്ല കണ്ണട ഉപയോഗിക്കുന്നത്. ഐ സ്‌ട്രെയിന്‍ മൂലമുണ്ടാകുന്ന തലവേദനയ്ക്കും കണ്ണട വേണ്ടിവരും. കുട്ടികള്‍ കൂടുതലായും കാഴ്ചത്തകരാര്‍ മൂലമുള്ള തലവേദനയ്ക്ക് പരിഹാരമായാണ് കണ്ണട ഉപയോഗിക്കുന്നത്.

കാഴ്ചക്കുറവു മൂലമാണ് കുട്ടികളില്‍ ഈ തലവേദന ഉണ്ടാകുന്നത്. ഓരോരുത്തര്‍ക്കും കാഴ്ചക്കുറവ് പലതരത്തിലായിരിക്കും. അതിനാല്‍ കാഴ്ചക്കുറവിന്റെ സ്വഭാവം അനുസരിച്ച് കണ്ണടയുടെ 'പവറി'ലും മാറ്റം വരുന്നു.

കാഴ്ച പരിശോധനയ്ക്കുള്ള സൗകര്യം കൂടികൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ കുട്ടികളുടെ കാഴ്ചക്കുറവുകള്‍ വേഗം കണ്ടെത്തുവാനും, അനുയോജ്യമായ കണ്ണടകള്‍ നിര്‍ദേശിക്കുവാനും കഴിയുന്നു.

തുടക്കത്തിലെ തന്നെ കണ്ണിന്റെ കാഴ്ചക്കുറവ് കണ്ടെത്തുവാന്‍ സാധിക്കുന്നതിനാല്‍ വളരെ വേഗം തന്നെ ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുന്നു.

മധ്യവയസില്‍ കാഴ്ച മങ്ങുമ്പോള്‍


നാല്‍പതുവയസിനുശേഷം സ്ത്രീപുരുഷഭേദമെന്യേ സ്വാഭാവികമായും കാഴ്ചക്കുറവ് ഉണ്ടാകാറുണ്ട്. ഇതിനെ സാധാരണയായി വെള്ളെഴുത്ത് എന്നുപറയുന്നു. നാല്‍പതുകളിലേക്ക് അടുക്കുന്നവര്‍ക്കാണ് ഈ പ്രശ്‌നം കണ്ടുവരുന്നത്. മധ്യവയസാകുന്നതോടെ കണ്ണിലെ 'ലെന്‍സ്' കട്ടപിടിക്കാന്‍ തുടങ്ങുന്നു.

തന്മൂലം കണ്ണിന് കാഴ്ചക്കുറവ് അനുഭവപ്പെടുന്നു. കണ്ണിന് ഈ പ്രശ്‌നമുള്ളവര്‍ക്ക് ചെറിയ അക്ഷരങ്ങള്‍ വായിക്കാന്‍ പ്രയാസമാകും. പ്രത്യേകിച്ചും അധ്യാപകര്‍ക്കും ഓഫീസില്‍ കണ്ണിന് ആയാസമുള്ള ജോലിയിലേര്‍പ്പെടുന്നവര്‍ക്കും.

നഴ്‌സറിയിലോ മറ്റോ പഠിക്കുന്ന കുട്ടികളുള്ള മാതാപിതാക്കളാണെങ്കില്‍ അവര്‍ക്ക് കുട്ടികളെ പഠിപ്പിക്കുന്നതിനും മറ്റും ബുദ്ധിമുട്ടുണ്ടാകും.

പ്രായമായവരില്‍ തലവേദനയോ, മറ്റ് പ്രശ്‌നങ്ങളോ അല്ല കാഴ്ചക്കുറവിനു കാരണമെങ്കില്‍ വെള്ളെഴുത്താവാം കാരണം. 'പ്ലസ് ലെന്‍സ്' ആണ് വെള്ളെഴുത്തിനുപയോഗിക്കുന്ന കണ്ണട.

കണ്ണ് പരിശോധന കൂടാതെ കാഴ്ചക്കുറവിനു കാരണം വെള്ളെഴുത്താണെന്നു സ്വയം കണ്ടെത്തി വഴിയോരങ്ങളില്‍ നിന്നുപോലും കണ്ണട വാങ്ങി ഉപയോഗിക്കുന്നവര്‍ ധാരാളമുണ്ട്. ഇത് ശരിയായ പ്രവണതയല്ല.

കൂളിംഗ് ഗ്ലാസുകളുടെ ഉപയോഗം


ടൂവീലര്‍ യാത്രക്കാരാണ് കൂളിംഗ് ഗ്ലാസുകള്‍ കൂടുതലായി ഉപയോഗിക്കുന്നത്. ന്യൂജനറേഷന്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും കൂളിംഗ് ഗ്ലാസുകള്‍ ഉപയോഗിക്കുന്നത് നമ്മുടെ നാട്ടില്‍ കൂടിവരുന്നു. പല നിറത്തിലും, ഓരോരുത്തരുടേയും അഭിരുചിക്കനുസരിച്ചും വിവിധ മോഡലുകളിലും കൂളിംഗ് ഗ്ലാസുകള്‍ ഒപ്റ്റിക്കല്‍സുകളില്‍ ലഭ്യമാണ്.

ഇരുനൂറു രൂപ മുതല്‍ ലക്ഷങ്ങള്‍ വിലവരുന്ന കൂളിംഗ് ഗ്ലാസുകള്‍ വരെ ഇന്നു വിപണിയില്‍ ലഭ്യമാണ്. വെയിലിന്റെ ശക്തി കുറയ്ക്കാന്‍ വേണ്ട കൂളിംഗ് ഗ്ലാസുകളാണ് ടൂവീലര്‍ യാത്രക്കാര്‍ ഉപയോഗിക്കേണ്ടത്്.

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വേണ്ടിയുള്ള കൂളിംഗ് ഗ്ലാസിന്റെ ഫ്രെയിമില്‍ വ്യത്യാസം ഉണ്ടാകും. അത് ഓരോരുത്തരുടേയും ഇഷ്ടത്തിനും താല്‍പര്യത്തിനും അനുസരിച്ച് തിരഞ്ഞെടുക്കാവുന്നതാണ്.

 

 

കൂളിംഗ് ഗ്ലാസുകള്‍ക്ക് സൂര്യതാപത്തില്‍നിന്നും കണ്ണിനെ സംരക്ഷിക്കുവാനുള്ള കഴിവുണ്ട്. കംപ്യൂട്ടറിന്റെ അമിതോപയോഗം മൂലം കണ്ണിന് വേദന, കണ്ണില്‍നിന്നും വെള്ളം വരിക തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. അതിനാല്‍ കംപ്യൂട്ടര്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ കണ്ണിന് സംരക്ഷണം ലഭിക്കാന്‍ വളരെ കട്ടികുറഞ്ഞ നിറത്തിലുള്ള കൂളിംഗ് ഗ്ലാസുകള്‍ ഉപയോഗിക്കുക.

കണ്ണട സ്ഥിരമായി ഉപയോഗിക്കുന്നവരുടെ കണ്ണുകള്‍ കുഴിയുമെന്നു പൊതുവെ ഒരു ധാരണയുണ്ട്. എന്നാല്‍ ഇത് വെറും തെറ്റായ ധാരണയാണ്. കണ്ണട ഉപയോഗിക്കുന്നവര്‍ ഫ്രെയിം അഡ്ജസ്റ്റ് ചെയ്തു വാങ്ങിയാല്‍ കണ്ണിനു ചുറ്റും, മൂക്കിനിരുവശത്തും കറുത്തപാടുകള്‍ വീഴാനുള്ള സാധ്യത ഒഴിവാക്കാനാവും.

കംപ്യൂട്ടര്‍ പരിശോധനകളുടെ സഹായത്തോടെ ഓരോരുത്തര്‍ക്കും അനുയോജ്യമായ കണ്ണട തിരഞ്ഞെടുക്കാനാകും. ഒപ്പം തന്നെ ഫ്രെയിം വച്ചുനോക്കിയാല്‍ ഓരോ വ്യക്തിയുടെ മുഖത്തിന്റെ ആകൃതിക്കനുസരിച്ച് മുഖത്തിനു ചേര്‍ന്ന കണ്ണടകള്‍ ഏതാണെന്നു തിരിച്ചറിഞ്ഞു വാങ്ങാന്‍ കഴിയും.

കോണ്‍ടാക്ട് ലെന്‍സിന്റെ ഉപയോഗം


കോണ്‍ടാക്ട് ലെന്‍സിന്റെ ഉപയോഗം കൂടിവരുന്നുണ്ട്. ഫാഷന്റെ ഭാഗമായും യുവതീയുവാക്കള്‍ക്കിടയില്‍ കോണ്‍ടാക്ട് ലെന്‍സ് തരംഗമായി മാറിയിരിക്കുന്നു.

ഇവര്‍ക്കുവേണ്ടി മാത്രം വിവിധ നിറങ്ങളില്‍ കോണ്‍ടാക്ട് ലെന്‍സ് ഒപ്റ്റിക്കല്‍സുകളില്‍ ലഭ്യമാണ്. കൂടാതെ കാഴ്ചക്കുറവിനും കണ്ണട ഉപയോഗിക്കുന്നതു മൂലമുള്ള അസൗകര്യമൊഴിവാക്കാനായും കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കാറുണ്ട്.

കണ്ണട ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് കോണ്‍ടാക്ട് ലെന്‍സ് സഹായകരമാണ്. ചില സന്ദര്‍ഭങ്ങളില്‍ കാഴ്ച കൂടുതല്‍ വ്യക്തമായി കാണാന്‍ കോണ്‍ടാക്ട് ലെന്‍സ് സഹായകരമാണ്. എന്നാല്‍ ഇതുകൊണ്ട് കണ്ണടയേക്കാള്‍ നല്ലത് കോണ്‍ടാക്ട് ലെന്‍സ് ആണെന്നു പറയാനാവില്ല.

കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കുന്ന വ്യക്തി കണ്ണടയും ഉപയോഗിക്കാറുണ്ട്. കാഴ്ചക്കുറവിന് കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കാറുണ്ടെങ്കിലും തിമിരം പോലെയുള്ള അസുഖത്തിന് സാധാരണ ഇതുപയോഗിക്കാറില്ല.

കണ്ണിന്റെ കൃഷ്ണമണിയിലോ മറ്റോ ചില പ്രത്യേകതരം വൃണം ഉണ്ടാകുമ്പോള്‍ അതിനു പരിഹാരമായി ഡോക്ടറുടെ നിര്‍ദേശപ്രകാരം കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കാവുന്നതാണ്. ചെറിയ കുട്ടികള്‍ കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കാന്‍ പാടില്ല.

കാരണം കുട്ടി കണ്ണു തിരുമുകയോ മറ്റോ ചെയ്താല്‍ കണ്ണിന് മുറിവ് സംഭവിക്കാം. അതിനാല്‍ അപകടരഹിതമായി കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കാനുള്ള പ്രായമായാല്‍ മാത്രമേ കോണ്‍ടാക്ട് ലെന്‍സ് നിര്‍ദേശിക്കാറുള്ളൂ.

കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കുന്ന വ്യക്തിക്ക് കൂളിംഗ് ഗ്ലാസ് ഉപയോഗിക്കാവുന്നതാണ്. ശരിയായി ടെസ്റ്റ് ചെയ്ത ശേഷം മാത്രമേ കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കാന്‍ പാടുള്ളൂ.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 

കണ്ണില്‍ നേരിട്ട് ഉപയോഗിക്കുന്നതുകൊണ്ട് കോണ്‍ടാക്ട് ലെന്‍സ് വൃത്തിയായി സൂക്ഷിക്കണം. ലെന്‍സ് ഉപയോഗിക്കുമ്പോള്‍ കണ്ണില്‍ കരടോ, പൊടിയോ വീണാല്‍ ലെന്‍സ് ഊരിമാറ്റുന്നതാണ് നല്ലത്. ഉറങ്ങുന്ന സമയത്ത് ലെന്‍സ് കണ്ണില്‍ നിന്നും എടുത്തുമാറ്റുക.

കണ്ണില്‍ അണുബാധയോ, അലര്‍ജിയോ ഉണ്ടെങ്കില്‍ കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കാതിരിക്കുക. വൃത്തിയില്ലാത്തതും കാലാവധി കഴിഞ്ഞതുമായ ലെന്‍സുകളുടെ ഉപയോഗം കണ്ണിന് ഹാനികരമാണ്. കോണ്‍ടാക്ട് ലെന്‍സിന് കീറലോ, പൊട്ടലോ, മറ്റ് തകരാറുകളോ വന്നാല്‍ അതുപയോഗിക്കാന്‍ പാടുള്ളതല്ല.

വിവിധതരം കോണ്‍ടാക്ട് ലെന്‍സുകള്‍ ഉണ്ട്. അതിനാല്‍ ലെന്‍സ് ഉപയോഗിക്കുന്നതിന്റെ കാലാവധി ഓരോന്നിന്റെയും തരം അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. അതിനാല്‍ ഒരു നേത്രരോഗ വിദഗ്ധന്റെ നിര്‍ദേശപ്രകാരം മാത്രമേ കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കാന്‍ പാടുള്ളൂ.

വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. ഇ.എ ജയിംസ്, ആലപ്പുഴ

കോങ്കണ്ണ് പരിഹരിക്കാം

 

കോങ്കണ്ണിന് പാരമ്പര്യം ഒരു പ്രധാന ഘടകമാകാറുണ്ട്. വളരെ ചെറുപ്പത്തിലേയുള്ള ചികിത്സയാണ് ഇതിന് ആവശ്യം. കോങ്കണ്ണുള്ളവരുടെ നോട്ടം എങ്ങോട്ടാണെന്ന് വ്യക്തമായി തിരിച്ചറിയാന്‍ സാധിക്കുന്നില്ല.

അകലെയുളള വസ്തുവിനെ നോക്കുമ്പോള്‍ രണ്ടു കണ്ണുകളില്‍നിന്നുള്ള കാഴ്ച സമാന്തരമായിരിക്കും. അടുത്തുള്ള വസ്തുവിലേക്ക് ദൃഷ്ടികള്‍ രണ്ടും ഏകോപിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ കോങ്കണ്ണുള്ളവരില്‍ ഈ പ്രവര്‍ത്തനം നടക്കുന്നില്ല.

സൗന്ദര്യ പ്രശ്‌നത്തെക്കാള്‍ ഉപരി കണ്ണിലെ പേശികളുടെ തകരാറായി വേണം ഈ അവസ്ഥയെ കാണാന്‍. കുട്ടിക്കാലത്തെ രോഗങ്ങള്‍, നാഡീസന്ദേശങ്ങളില്‍ വരുന്ന അപാകതകള്‍, കണ്ണിലെ ലെന്‍സിന്റെ കേടുപാടുകള്‍ എന്നിവയൊക്കെ കോങ്കണ്ണിന് കാരണമായേക്കാം.

കാഴ്ചയുടെ കേന്ദ്രസ്ഥാനമായ കൃഷ്ണമണിയുടെ പേശികള്‍ക്കുണ്ടാകുന്ന ഒത്തൊരുമ ഇല്ലായ്മയാണ് കോങ്കണ്ണിനുള്ള മറ്റൊരു കാരണം. നേരത്തെയുള്ള ചികിത്‌സയാണ് കോങ്കണ്ണ് പരിഹരിക്കുന്നതിനുള്ള മാര്‍ഗം. എത്രയും പ്രായം കുറയുന്നുവോ അത്രത്തോളം സുഗമമായിരിക്കും ചികിത്സാരീതി.

കോങ്കണ്ണ് തിരിച്ചറിയാം


കുട്ടി ജനിച്ച ഉടനെ കോങ്കണ്ണ് തിരിച്ചറിയപ്പെടണമെന്നില്ല. ഏതാനും ആഴ്ചകള്‍ക്കുശേഷം ഇത് വ്യക്തമായി മനസിലാക്കാന്‍ കഴിയും. നോട്ടത്തില്‍ ഉണ്ടാകുന്ന വ്യതിയാനമാണ് കാരണം. ജന്മനാലുള്ള കോങ്കണ്ണിന് പാരമ്പര്യം ഒരു മുഖ്യഘടകമാണ്.

എന്നാല്‍ കുട്ടികളില്‍ കാണുന്ന ചില കോങ്കണ്ണ് ആറുമാസത്തിനുശേഷം മാറാറുണ്ട്. ചെറിയ തകരാറുകള്‍മൂലം ഉണ്ടാകുന്ന കോങ്കണ്ണാണ് പ്രത്യേകിച്ച് ചികിത്സ ഒന്നും ഇല്ലാതെതന്നെ അപ്രത്യക്ഷമാകുന്നത്. ഏതുതരം കോങ്കണ്ണാണെങ്കിലും ശരി കുട്ടിക്ക് ഇങ്ങനെ ഒരു വൈകല്യം ഉണ്ടെന്ന് മനസിലായാല്‍ ഉടന്‍ ഡോക്ടറെ കാണേണ്ടതാണ്.

കോങ്കണ്ണിനു കാരണമാകുന്ന അവസ്ഥകള്‍


പാരമ്പര്യം ഒരു പ്രധാന ഘടകമാണെന്നിരിക്കെ, രോഗങ്ങള്‍മൂലവും കോങ്കണ്ണ് പ്രത്യക്ഷപ്പെടാം. ഇവ ജന്മനാല്‍ ഉണ്ടാകുന്ന കോങ്കണ്ണല്ലെന്നു മാത്രം.

കണ്ണിലെ പേശികള്‍ക്കുണ്ടാകുന്ന ക്ഷതം, പൊങ്ങന്‍പനി, വൈറല്‍പനി, അടുത്തുള്ള വസ്തുക്കളില്‍ ദൃഷ്ടി ശരിയായി പതിപ്പിക്കാനുള്ള പ്രയാസം എന്നിവയും ഈ അവസ്ഥയിലേക്ക് വഴിതെളിക്കും.

പ്രായമായവരും ചികിത്സയും


കുട്ടിക്കാലത്ത് ശരിയായ ചികിത്‌സ കിട്ടാത്തവരില്‍ മുതിര്‍ന്നശേഷം കോങ്കണ്ണിനുള്ള ചികിത്സ ഫലപ്രദമല്ല. എന്നാല്‍ പെട്ടെന്നുണ്ടാകുന്ന രോഗങ്ങള്‍ മുതിര്‍ന്നവരില്‍ കോങ്കണ്ണിന് ഇടയാക്കാറുണ്ട്. ഇത് ശസ്ത്രക്രിയയിലൂടെ പരിഹരിക്കാവുന്നതാണ്. മുതിര്‍ന്നവരില്‍ കാണുന്ന കോങ്കണ്ണിനെ രണ്ടായി തിരിക്കാം. 

പാരലിറ്റിക് നോണ്‍പാരലിറ്റിക്


കണ്ണിലെ പേശികളുടെ തകരാറോ ജന്മനാല്‍ സംഭവിക്കുന്നതോ ആയ കോങ്കണ്ണിനെ നോണ്‍പാരലിറ്റിക് വിഭാഗത്തില്‍പ്പെടുത്താം. പെട്ടെന്നുള്ള രോഗങ്ങള്‍ കാരണം ഉണ്ടാകുന്നവയാണ് പാരലിറ്റിക്.

പ്രമേഹം, രക്താതിസമര്‍ദം എന്നീ രോഗങ്ങള്‍ ഇവയില്‍പ്പെടുന്നു. മുതിര്‍ന്നവരില്‍ പെട്ടെന്ന് കോങ്കണ്ണ് കണ്ടാല്‍ ഉടന്‍ യഥാര്‍ഥ കാരണം കണ്ടെത്തി ചികിത്സ ആരംഭിക്കണം.

ശസ്ത്രക്രിയ


പാരലിറ്റിക് വിഭാഗത്തില്‍പ്പെടുന്ന കോങ്കണ്ണ് പരിഹരിക്കാന്‍ ശസ്ത്രക്രിയ ആവശ്യമായിവരുന്നു. കണ്ണിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും നിയന്ത്രിക്കുന്നത് ആറ് പേശികളാണ്. ഇതില്‍ ഒന്നോ അതില്‍ അധികമോ പേശികള്‍ അയച്ചുവിടുകയോ മുറുക്കുകയോ ആണ് ശസ്ത്രക്രിയയിലൂടെ ചെയ്യുന്നത്.

ഇത് വളരെ ലളിതമായ ഒരു ശസ്ത്രക്രിയയാണ്. ഇതിലൂടെ യഥാര്‍ഥ ദൃഷ്ടി തിരിച്ചുകൊണ്ടുവരാന്‍ സാധിക്കും. കോങ്കണ്ണിന്റെ പ്രത്യേകത അനുസരിച്ച് ചിലര്‍ക്ക് ഒന്നില്‍ കൂടുതല്‍ ശസ്ത്രക്രിയ ആവശ്യമായിവന്നേക്കാം. ഇത് കോങ്കണ്ണിനെ പൂര്‍ണമായും നീക്കം ചെയ്യുന്നതിനുവേണ്ടിയാണ്.

ശസ്ത്രക്രിയ മുഖാന്തിരം കണ്ണിനോ കാഴ്ചയ്‌ക്കോ യാതൊരു തകരാറും ഉണ്ടാകുന്നില്ല. ശസ്ത്രക്രിയയ്ക്കുശേഷം അടുത്ത ദിവസങ്ങളില്‍തന്നെ വീട്ടില്‍ പോകാവുന്നതാണ്. കണ്ണില്‍ ഒഴിക്കാനുള്ള തുള്ളിമരുന്നുകള്‍ മുടങ്ങാതെ ഒഴിക്കണമെന്നു മാത്രം.

കുട്ടികളില്‍


കോങ്കണ്ണിന്റെ പ്രത്യേകതയും കാരണവും മനസിലാക്കിയതിനുശേഷമാണ് ചികിത്സ നിര്‍ണയിക്കുന്നത്. കാഴ്ചയുടെ തകരാറുമൂലം ഉണ്ടാകുന്ന കോങ്കണ്ണ് പവര്‍ഗ്ലാസുകള്‍ ഉപയോഗിക്കുന്നതിലൂടെ പരിഹരിക്കാവുന്നതാണ്.

ദീര്‍ഘദൃഷ്ടിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന കോങ്കണ്ണിനാണ് സാധാരണയായി കണ്ണട ഉപയോഗിക്കുന്നത്. കണ്ണടവച്ചതിനുശേഷവും കുട്ടിയെ ഇടയ്ക്കിടെ ഡോക്ടറെ കാണിക്കണം. കോങ്കണ്ണിനു മാറ്റമുണ്ടോ, അതോ ശസ്ത്രക്രിയ ആവശ്യമാണോയെന്ന് കണ്ടെത്താന്‍ ഇത് സഹായിക്കും.

ഒരു കണ്ണിന്റെ പ്രവര്‍ത്തന വൈകല്യം കാരണം സംഭവിക്കുന്ന കോങ്കണ്ണിന് ഒക്യൂഷന്‍ തെറാപ്പി നല്‍കിയും പ്രശ്‌നം പരിഹരിക്കാവുന്നതാണ്. ഇത് ചെറിയപ്രായത്തില്‍ ചെയ്യുന്നതുകൊണ്ടേ ഫലമുള്ളൂ.

എന്നാലും ശസ്ത്രക്രിയയ്ക്കുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഏതുതരത്തിലുള്ള ചികിത്‌സയായാലും അത് പത്ത് വയസിനു മുമ്പായിരിക്കുന്നതാണ് ഏറ്റവും ഉത്തമവും ഗുണകരവും.

വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. തോമസ് ജോസഫ്
കോട്ടയം

കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം

കംപ്യൂട്ടറും കണ്ണും തമ്മില്‍ ചേരില്ലെന്ന് പൊതുവേ പറയാറുണ്ട്. അതിനു തെളിവുകളും നിരത്താറുണ്ട്. കണ്ണില്‍നിന്നും വെള്ളം വരിക, കണ്ണിനു വേദന, തലവേദന എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങള്‍.

എന്നാല്‍ കംപ്യൂട്ടറുകള്‍ ഉപയോഗിക്കുന്നതുകൊണ്ട് കണ്ണുകള്‍ക്ക് കേടുവരണമെന്നില്ല. വളരെനേരം ഇവ ഉപയോഗിക്കുമ്പോള്‍ കണ്ണുകള്‍ക്ക് ആയാസം വര്‍ധിക്കുന്നു. ഇതിനെ കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം എന്ന് വിളിക്കുന്നു.

കംപ്യൂട്ടര്‍ ഉപയോഗിക്കാം ശ്രദ്ധയോടെ


കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ ഈ പ്രശ്‌നങ്ങളെ മറികടക്കാവുന്നതാണ്. കണ്ണുകള്‍ക്ക് കൃത്യം മുമ്പില്‍ വേണം മോണിറ്റര്‍ സ്ഥാപിക്കാന്‍.

കണ്ണുകളില്‍നിന്നും മോണിറ്ററിലേക്ക് 20-25 ഇഞ്ച് വരെയെങ്കിലും അകലം ഉണ്ടായിരിക്കണം. ഒരിക്കലും കണ്ണുകള്‍ മുകളിലേക്ക് ഉയര്‍ത്തി നോക്കത്തക്കവിധം കംപ്യൂട്ടര്‍ വയ്ക്കരുത്. നേരെ നോക്കുമ്പോള്‍ കണ്ണുകള്‍ക്ക് 5-6 ഇഞ്ചുവരെ താഴെയായിരിക്കണം മോണിറ്ററിന്റെ സ്ഥാനം.

തുടര്‍ച്ചയായി കംപ്യൂട്ടറിനു മുന്നില്‍ ഇരിക്കുന്നത് ശരിയല്ല. ഒരു മണിക്കൂര്‍ കൂടുമ്പോള്‍ എഴുന്നേറ്റ് നടക്കുകയോ കണ്ണിനു ചെറിയ വ്യായാമങ്ങള്‍ നല്‍കുകയോ വേണം.

കുറച്ചു സമയം കണ്ണുകളടച്ച് ഇരിക്കുകയോ പത്ത് മിനിറ്റ് കണ്ണുകള്‍ അടക്കുകയും തുറക്കുകയും ചെയ്യുക എന്നിങ്ങനെ കണ്ണിന്റെ ആയാസം കുറയ്ക്കുന്ന വ്യായാമങ്ങളില്‍ ഏര്‍പ്പെടണം.

ലക്ഷണങ്ങള്‍


1. തലവേദന 
2. കാഴ്ചയ്ക്കു മങ്ങല്‍

3. കണ്ണുകള്‍ക്കു വേദന 
4. കണ്ണ് വരളുക

5. കഴുത്തിനും തോളിനും വേദന 
6. അധികമായി കണ്ണില്‍നിന്നും വെള്ളം വരിക

7. കണ്ണിനു പുകച്ചില്‍ 
8. കൈത്തണ്ട വേദന 
9. കണ്ണിന് ആയാസവും ക്ഷീണവും

'വിഷന്‍ സിന്‍ഡ്രോം' എന്തുകൊണ്ട്?


കംപ്യൂട്ടര്‍ സ്‌ക്രീനില്‍ കാണുന്ന അക്ഷരങ്ങള്‍ ചെറിയ കുത്തുകള്‍ അഥവാ പിക്‌സല്‍സ് ചേര്‍ന്നാണ് ഉണ്ടാകുന്നത്. നമ്മുടെ കണ്ണിന്റെ ഘടന പിക്‌സലുകള്‍ക്ക് അനുയോജ്യമായ രീതിയിലുള്ളതല്ല.

അതിനാല്‍ മോണിട്ടറിലെ അക്ഷരങ്ങളും ചിത്രങ്ങളും കാണുന്നതിന് കണ്ണുകളെ വീണ്ടും വീണ്ടും ഫോക്കസ് ചെയ്യേണ്ടതായി വരുന്നു. ഇത് കണ്ണിന്റെ ചുറ്റുമുള്ള പേശികളുടെ പ്രവര്‍ത്തനം വേഗത്തിലാക്കുകയും കണ്ണിന് ആയാസം നേരിടുകയും ചെയ്യുന്നു.

 


പ്രകൃതിദൃശ്യങ്ങളും അച്ചടിച്ച അക്ഷരവും കാണുമ്പോള്‍ ഈ പ്രശ്‌നം ഉണ്ടാകുന്നില്ല. അതിനാല്‍ കണ്ണിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുമില്ല.

കണ്ണിന് ഉണ്ടാകുന്ന വരള്‍ച്ചയാണ് മറ്റൊരു പ്രശ്‌നം. കംപ്യൂട്ടറിലേക്ക് സൂക്ഷ്മതയോടെ നോക്കിക്കൊണ്ടിരിക്കുമ്പോള്‍ കണ്ണു ചിമ്മുന്നതിന്റെ തവണകള്‍ കുറയുന്നു. അത് കണ്ണു വരളുന്നതിന് ഇടയാക്കുന്നു. ആര്‍ട്ടിഫിഷന്‍ കണ്ണീര്‍ ഉപയോഗിച്ച് ഈ പ്രശ്‌നം പരിഹരിക്കാവുന്നതാണ്.

എയര്‍ കണ്ടീഷന്‍ മുറികളിലാണ് കംപ്യൂട്ടര്‍ കൂടുതലായും വയ്ക്കാറുള്ളത്. ഇതും കണ്ണ് വരളുന്നതിന് കാരണമാകാം. എയര്‍കണ്ടീഷന്‍ മുറിയില്‍ ഈര്‍പ്പം കുറവായിരിക്കും എന്നതാണ് കാരണം.

കണ്ണിന്റെ പരിചരണം


കംപ്യൂട്ടര്‍ ഉപയോഗംമൂലം കണ്ണിനുണ്ടാകുന്ന പ്രശ്‌നങ്ങളെ അകറ്റിനിര്‍ത്താവുന്നതേയുള്ളൂ. 20 മിനിറ്റ് ജോലിക്കിടയില്‍ 20 സെക്കന്റ് കണ്ണിനു വിശ്രമം നല്‍കുക, എന്നിട്ട് 20 അടി ദൂരത്തിലുള്ള വസ്തുക്കളെ കുറച്ചു സമയം നോക്കിയിരിക്കണം എന്നതാണ് കണ്ണും കംപ്യൂട്ടറും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാര്‍ഗം.

കംപ്യൂട്ടര്‍ ഒരു പ്രതലത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതിനാല്‍ കാഴ്ചയും ഒരു വശത്തേകു മാത്രമായി ഒതുങ്ങിപ്പോകുന്നു. അതിനാല്‍കണ്ണിന്റെ ആയാസം പരമാവധി കുറയ്ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയെന്നതാണ് 'ത്രിപിള്‍ 20'കൊണ്ട് ഉദ്ദേശിക്കുന്നത്.

കംപ്യൂട്ടര്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നവര്‍ ഓര്‍ത്തിരിക്കാന്‍


1. സ്‌ക്രീനിലെ ഗ്ലെയര്‍ പരമാവധി കുറയ്ക്കുക. 
2. നട്ടെല്ലു നിവര്‍ത്തിവേണം കംപ്യൂട്ടറിനു മുന്നിലിരിക്കാന്‍

3. ഇടയ്ക്കിടയ്ക്ക് കണ്ണ് ചിമ്മുക. 
4. ഒരു മണിക്കൂര്‍ കൂടുമ്പോള്‍ തണുത്ത വെള്ളംകൊണ്ട് മുഖം കഴുകുക

5. മുറിയില്‍ ഒരേ രീതിയില്‍ പ്രകാശം ക്രമീകരിക്കുക 
6. അരമണിക്കൂര്‍കൂടുമ്പോള്‍ കണ്ണിന് വിശ്രമം നല്‍കുക.

7. ഫ്‌ളാറ്റ് മോണിറ്റര്‍, ലോ റേഡിയേഷന്‍ മോണിറ്റര്‍ ഇവ വേണം തെരഞ്ഞെടുക്കാന്‍
8. ചെടിച്ചട്ടികള്‍, അക്വേറിയം എന്നിവ വയ്ക്കുന്നത് മുറിയില്‍ ഈര്‍പ്പം കൂടുകയും കണ്ണിന്റെ വരള്‍ച്ച തടയുകയും ചെയ്യും.

എക്‌സ്‌പെര്‍ട്ട് ഡെസ്‌ക്

കാഴ്ച്ചത്തകരാറുണ്ടാക്കുന്ന തലവേദന

 

കാഴ്ചയെ ബാധിക്കുന്ന ചെറിയ തകരാറുകള്‍പോലും ആരംഭത്തിലെ കണ്ടെത്താന്‍ ഇതുമൂലം കഴിഞ്ഞു. എല്ലാ തലവേദനയും കണ്ണിന്റെ തകരാറുകള്‍ മൂലമാകണമെന്നില്ല. ഇത്തരം തലവേദന ചില ലക്ഷണങ്ങളിലൂടെ തിരിച്ചറിയാം

തലവേദന അല്പമൊന്നു നീണ്ടുപോയാല്‍ ഉടന്‍ സംശയിക്കുന്നത് കണ്ണിനെയാണ്. ആ ധാരണ പലപ്പോഴും തെറ്റാറുമില്ല. എന്നാല്‍ കണ്ണിന്റെ തകരാറുകള്‍ മൂലമുണ്ടാകുന്ന തലവേദനയ്ക്കു കണ്ണടയാണ് പരിഹാരം എന്ന ചിന്ത ശരിയല്ല.

കാലം മാറിയതോടെ ചികിത്സ പിന്നീടാകാമെന്ന മലയാളിയുടെ മനോഭാവത്തില്‍ മാറ്റം വന്നിട്ടുണ്ട്. കാഴ്ചയെ ബാധിക്കുന്ന ചെറിയ തകരാറുകള്‍പോലും ആരംഭത്തിലെ കണ്ടെത്താന്‍ ഇതുമൂലം കഴിഞ്ഞു. എല്ലാ തലവേദനയും കണ്ണിന്റെ തകരാറുകള്‍ മൂലമാകണമെന്നില്ല. ഇത്തരം തലവേദന ചില ലക്ഷണങ്ങളിലൂടെ തിരിച്ചറിയാം.

കോങ്കണ്ണ് മൂലവും കാഴ്ചക്കുറവുമൂലം വസ്തുവിന്റെ പ്രതിബിംബം നേത്രാന്തരപടലത്തില്‍ ശരിയായി പതിക്കാത്തതുമൂലം വ്യക്തമായി മനസിലാക്കാന്‍ കണ്ണിനു ചുറ്റുമുള്ള പേശീകള്‍ക്ക് കൂടുതലായി ആയാസപ്പെടേണ്ടിവരുന്നു. സ്വയം ഇഷ്ടപ്രകാരം ഗ്ലാസുകള്‍ തിരഞ്ഞെടുക്കരുത്.

കാഴ്ചക്കുറവ്


കാഴ്ചക്കുറവുള്ളവരില്‍ തലവേദന ഒരു പ്രധാന ലക്ഷണമാണ്. അടുത്തോ ദൂരയോയുള്ള വസ്തുക്കളെ വ്യക്തമായി കാണാന്‍ സാധിക്കാതെ വരുന്ന അവസ്ഥയാണിത്. സ്‌കൂളില്‍ പോകുന്ന കുട്ടികളില്‍ ബോര്‍ഡില്‍ എഴുതിയത് ശരിയായി എഴുതികൊണ്ടുവരാതിരിക്കുകയും (അകലെയുള്ള കാഴ്ചകള്‍ കാണാന്‍ പ്രയാസം)തലവേദന അനുഭവപ്പെടുകയും ചെയ്യുന്നുണ്ടെങ്കില്‍ കാഴ്ചതകരാറാകാം കാരണം.

അതുപോലെ കണ്ണിന് ആയാസം ഉണ്ടാക്കുന്ന അമിത വായന, ടെലിവിഷന്‍ കാഴ്ച, അമിത കംപ്യൂട്ടര്‍ ഉപയോഗം എന്നിവയും തലവേദനയ്ക്കു കാരണമാകും. കണ്ണിന് എന്തെങ്കിലും ചെറിയ തകരാറുകള്‍ ഉള്ളവരില്‍ ഇത്തരം അസ്വസ്ഥതകള്‍ കൂടുതലായി കാണപ്പെടുന്നു.

കാരണം വസ്തുവിന്റെ പ്രതിബിംബം നേത്രാന്തര പടലത്തില്‍ ശരിയായി പതിക്കാത്തതാണ് കാഴ്ച്ചക്കുറവ് അനുഭവപ്പെടുന്നത്. അക്ഷരങ്ങളും ചിത്രങ്ങളും കണ്ണുകളെ വീണ്ടും വീണ്ടും ഫോക്കസ് ചെയ്യേണ്ടിവരും. ഇതുമൂലം കണ്ണിനു ചുറ്റുമുള്ള പേശീകള്‍ക്ക് ആയാസം കൂടുന്നു. ഇത്തരത്തിലുള്ള തലവേദന ഡോക്ടറെ കണ്ട് ഗ്ലാസ് വാങ്ങിവയ്ക്കുന്നതിലൂടെ പരിഹരിക്കാവുന്നതാണ്.

കണ്ണിന്റെ പ്രശ്‌നങ്ങള്‍മൂലമുള്ള തലവേദന മിക്കവാറും വൈകുന്നേരമാണ് ഉണ്ടാകുന്നത്്. തലയുടെ പുറകുവശത്ത് അനുഭവപ്പെടുന്ന വേദനയാണിതിന്റെ പ്രധാന ലക്ഷണം.

ഗ്ലോക്കോമ


കണ്ണിനുള്ളിലെ ദ്രാവകത്തിന്റെ മര്‍ദം അധികരിക്കുന്നതുമൂലം ഉണ്ടാകുന്ന ഒന്നാണ് ഗ്ലോക്കോമ. ഇതിനെ അക്യൂട്ട്, ക്രോണിക് എന്നിങ്ങനെ രണ്ടായി തിരിക്കാം. തലയുടെ ഏതെങ്കിലും ഒരു ഭാഗത്ത് അനുഭവപ്പെടുന്ന അസഹ്യമായ വേദനയാണ് അക്യൂട്ട് ഗ്ലേക്കോമയുടെ പ്രധാന ലക്ഷണം.

അടിയന്തിര ചികിത്സ ആവശ്യമായി വരുന്ന ഗുരുതരമായ അവസ്ഥയാണിത്. തലവേദനകൂടി ഛര്‍ദിക്കാനുള്ള സാധ്യതയും ഉണ്ട്. അതിനാല്‍ മറ്റെന്തെങ്കിലും മാരകരോഗമായി ഇത് തെറ്റിദ്ധരിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്.

ഏത് കണ്ണിന്റെ മര്‍ദമാണോ കൂടുന്നത് ആ ഭാഗത്തായിരിക്കും വേദന അനുഭവപ്പെടുന്നത്. 40 വയസ് കഴിഞ്ഞവരിലാണ് ഗ്ലോേക്കാമ കാണപ്പെടുന്നത്. ഇവരെ അടിയന്തിരമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് കണ്ണിന്റെ സമ്മര്‍ദം കുറയ്ക്കാനുള്ള ചികിത്സകള്‍ ചെയ്യണം.

ക്രോണിക് ഗ്ലോക്കോമയില്‍ തലവേദന മുഖ്യ ലക്ഷണമല്ല. കണ്ണില്‍നിന്നും വെള്ളം വരുക, കണ്ണിനു ചുവപ്പ്, കണ്ണിന് വേദന എന്നിവയാണ് ലക്ഷണങ്ങള്‍. കണ്ണിന് ആയാസം കൂടുമ്പോള്‍ ചെറിയ തലവേദന അനുഭവപ്പെടാം. പാരമ്പര്യം ഘടകമാണ്.

കോങ്കണ്ണ്


രണ്ടു കണ്ണുകളും ഒരേ രീതിയില്‍ ഉപയോഗിക്കാനുള്ള ബുദ്ധിമുട്ടാണ് കോങ്കണ്ണ് എന്ന അവസ്ഥ. ഇത് രണ്ടു തരത്തില്‍ കാണപ്പെടാം. ഒന്നാമത്തേത് സ്ഥിരമായി ഒരു കണ്ണ് ഉള്ളിലേക്കോ പുറത്തേക്കോ തിരിഞ്ഞിരിക്കുന്ന അവസ്ഥയാണ്. രണ്ടാമത്തേത് ചില പ്രത്യേക സമയത്തു മാത്രം പ്രത്യക്ഷപ്പെടുന്ന കോങ്കണ്ണും.

രണ്ടാമത്തെ അവസ്ഥ കുട്ടികളിലെ തലവേദനയുടെ മുഖ്യ കാരണമാകാം. പ്രത്യേ സമയത്തുമാത്രം കോങ്കണ്ണ് ഉണ്ടാകുന്നതിനാല്‍ മുതിര്‍ന്നവര്‍ ഇത് തിരിച്ചറിയപ്പെടണമെന്നില്ല. രണ്ടുകണ്ണുകളും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയാതെ വരികയും പേശീകളുടെ ആയാസം വര്‍ധിക്കുകയും ചെയ്യുന്നു.

ഇത് തലവേദനയ്ക്കു കാരണമാകാം. തലമൊത്തത്തിലുള്ള വേദനയാണ് ഇത്തരം തലവേദനയുടെ ലക്ഷണം. കോങ്കണ്ണിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെകണ്ട് ചികിത്സ ലഭ്യമാക്കണം.

പാപ്പിലോ എഡിമ


തലച്ചോറിലുണ്ടാകുന്ന ട്യൂമറുകള്‍ കണ്ണില്‍നിന്നും സന്ദേശങ്ങള്‍ തലച്ചോറിലെത്തിക്കുന്ന നാഡികള്‍ക്ക് നീര്‍വീക്കം ഉണ്ടാക്കുന്ന അവസ്ഥയാണ് പാപ്പിലോ എഡിമ. അമിതരക്തസമ്മര്‍ദം, മസ്തിഷ്‌ക ജ്വരം എന്നിവയെല്ലാം നീര്‍ക്കെട്ടിനു കാരണമാകാം.

തലയോട്ടിക്കകത്തെ സമ്മര്‍ദം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ തലവേദന അനുഭവപ്പെടാം. ഇത് പലപ്പോഴും ഒരു നേത്രരോഗവിദഗ്ധനായിരിക്കും കണ്ടെത്തുന്നത്.

മൈഗ്രേന്‍


വളരെ സാധാരണമായി കാണപ്പെടുന്ന ഒന്നാണ് മൈഗ്രേന്‍ അഥവാ കൊടിഞ്ഞി. ഇത് നാഡീസംബന്ധമായ രോഗമാണെങ്കിലും മിക്കവരും കണ്ണിന്റെ തകരാറാണെന്നു കരുതി നേത്രരോഗവിദഗ്ധനെയാണ് ആദ്യം സമീപിക്കുക. ഇടവിട്ടുള്ള വിങ്ങുന്നതുപോലുള്ള തലവേദനയാണ് പ്രധാന ലക്ഷണം.

ചിലര്‍ക്ക് തലവേദനയോടൊപ്പം കണ്ണില്‍ ഇരുട്ടുകയറുക, കാഴ്ചക്കുറവ് എന്നീ പ്രശ്‌നങ്ങളും അനുഭവപ്പെടാം. തലയുടെ ഏതെങ്കിലും ഒരുവശത്തുനിന്നു തുടങ്ങുന്നതും ഛര്‍ദി, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങളും ഇത്തരം തലവേദനയുടെ ലക്ഷണമാണ്.

1. വൈകുന്നേരം അനുഭവപ്പെടുന്ന തലവേദന 
2. കണ്ണ് കൂടുതല്‍ ആയാസപ്പെടുമ്പോള്‍ ഉണ്ടാകുന്ന തലവേദന (അമിത വായന, ടെലിവിഷന്‍ കാണുക) 
3. കുട്ടികളില്‍ സ്‌കൂള്‍വിട്ടുവന്നശേഷം തലവേദന അനുഭവപ്പെടുക. 
4. തലയുടെ പുറകുവശത്തായി അനുഭവപ്പെടുന്ന വേദന. 
5. സ്‌കൂളില്‍ അയക്കുന്നതിനുമുമ്പ് കുട്ടികളില്‍ കണ്ണ് പരിശോധന നിര്‍ബന്ധമാക്കണം.

കാഴ്ചദാനം മഹാദാനം

 

ഏകദേശം മുപ്പതുമിനിട്ടുകൊണ്ട് നേത്രദാനത്തിനുള്ള എഴുത്തുകുത്തുകള്‍ പൂര്‍ത്തിയാകും. പല നേത്ര ബാങ്കുകളും നേത്രദാതാവിന്റെ ബന്ധുക്കള്‍ക്ക് പ്രത്യേക സര്‍ട്ടിഫിക്കറ്റ് നല്‍കാറുണ്ട്

കാഴ്ചയില്ലാത്ത ഒരാള്‍ക്ക് കാഴ്ചയുള്ള ഒരാള്‍ മരണാനന്തരമോ അല്ലാതെയോ കണ്ണ് അഥവാ കാഴ്ച നല്‍കുന്ന പ്രക്രിയ, ജീവിതം അന്ധതയില്‍ തള്ളിനീക്കേണ്ടിവരുന്നവര്‍ക്ക് നേത്രദാനത്തിലൂടെ നഷ്ടപ്പെട്ടുവെന്നുകരുതിയ ജീവിതമാണ് തിരികെ നല്‍കുന്നത്.

നേത്രദാനം എന്നാല്‍ കണ്ണുമുഴുവനും നല്‍കുക എന്നതല്ല. മറിച്ച് കണ്ണിലെ കോര്‍ണിയ (കൃഷ്ണമണി) മാത്രമാണ് മാറ്റി വയ്ക്കുന്നത്.

ലളിതമായ നടപടികള്‍


നേത്രദാനസമ്മതപത്രം ഒപ്പുവച്ചയാള്‍ മരിച്ചുകഴിഞ്ഞാല്‍ ബന്ധപ്പെട്ടവര്‍ ഐ ബാങ്കിനെ വിവരം ധരിപ്പിക്കുന്നു. പ്രത്യേകം സജ്ജമാക്കിയ വാഹനവുമായി ഐ- ബാങ്ക് അധികൃതര്‍ വീട്ടിലോ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിയിലോ എത്തി കോര്‍ണിയ ശേഖരിക്കുന്നു.

ഡോക്ടര്‍ ഉള്‍പ്പെട്ട സംഘമാവും ഐ-ബാങ്കില്‍ നിന്നും എത്തുക. നേത്രദാതാവിന്റെ മരണപത്രം കണ്ട് ബോധ്യപ്പെടുകയാണ് ഇവര്‍ ആദ്യം ചെയ്യുക. അതിനുശേഷം അടുത്ത രണ്ടു ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ ഒപ്പും ആവശ്യമുണ്ട്.

ഏകദേശം മുപ്പതുമിനിട്ടുകൊണ്ട് നേത്രദാനത്തിനുള്ള എഴുത്തുകുത്തുകള്‍ പൂര്‍ത്തിയാകും. പല നേത്ര ബാങ്കുകളും നേത്രദാതാവിന്റെ ബന്ധുക്കള്‍ക്ക് പ്രത്യേക സര്‍ട്ടിഫിക്കറ്റ് നല്‍കാറുണ്ട്.

ചെറു ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുന്ന കോര്‍ണിയ ശീതികരിച്ച പ്രത്യേക ഗ്ലാസ് ജാറില്‍ സൂക്ഷിക്കുന്നു. ലഭിച്ച കോര്‍ണിയ നേരിട്ട് രോഗിയുടെ കണ്ണില്‍ തുന്നിച്ചേര്‍ക്കുകയല്ല ചെയ്യുന്നത്.

കോര്‍ണിയയുടെ ഗുണനിലവാരം, ഏതെങ്കിലും തരത്തിലുള്ള രോഗം ബാധിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പുവരുത്തുകയാണ് ആദ്യം. ജാതി, മതം, ലിംഗം, വര്‍ണം, വര്‍ഗം, അങ്ങനെ യാതൊരു ഘടകങ്ങളും നേത്രദാനത്തിന് തടസമാകുന്നില്ല.

രോഗിക്ക് എങ്ങനെ ലഭിക്കുന്നു


കോര്‍ണിയ ആവശ്യമുള്ള വിവരം നേത്രബാങ്കിനെ അറിയിക്കണം. രോഗിയുടെ പ്രായം, ഏതുസാഹചര്യത്തില്‍ കോര്‍ണിയ മാറ്റിവയ്‌ക്കേണ്ടി വരുന്നു തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചശേഷം മുന്‍ഗണനാക്രമത്തില്‍ ലിസ്റ്റ് തയാറാക്കുന്നു. അതിനാല്‍ ഇതിനെ കോര്‍ണിയല്‍ ട്രാന്‍സ്പ്ലാന്റ് എന്നു പറയുന്നു.

വീട്ടിലെ ജനാലയുടെ ചില്ലു മാറ്റിവയ്ക്കുന്നതിന് തുല്യമാണിത്. മറ്റ് അവയവമാറ്റ ശസ്ത്രക്രിയകളെ അപേക്ഷിച്ച് കണ്ണ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ണ വിജയമാണ്.

എന്നാല്‍ എല്ലായ്‌പോഴും നേത്രം മറ്റൊരാളില്‍നിന്ന് സ്വീകരിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. കോര്‍ണിയയെ ബാധിക്കുന്ന ചില രോഗങ്ങള്‍ക്കേ ഈ രീതി ഗുണം ചെയ്യുകയുള്ളൂ.

കോര്‍ണിയയില്‍ ബാധിക്കുന്ന ചില അണുബാധകള്‍ മരുന്നുകൊണ്ട് മാറ്റിയെടുക്കാന്‍ കഴിഞ്ഞെന്ന് വരില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ കോര്‍ണിയ മാറ്റിവയ്ക്കുകയേ മാര്‍ഗമുള്ളൂ. ഇതുകൂടാതെ ശസ്ത്രക്രിയയെത്തുടര്‍ന്നോ അപകടത്തെത്തുടര്‍ന്നോ കോര്‍ണിയ തകരാറിലാകും. ഇത്തരം അവസരങ്ങളിലും കോര്‍ണിയ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്നു.

 

ലളിതമായ പ്രക്രിയ


നമ്മുടെ നാട്ടില്‍ ഐ - ബാങ്കുവഴിയാണ് നേത്രദാനം നടക്കുന്നത്. നേത്രദാനത്തിന് സന്നദ്ധത കാണിച്ചുകൊണ്ട് സമ്മതപത്രം നേത്രബാങ്കില്‍ സമര്‍പ്പിക്കേണ്ടതുണ്ട്. സമ്മതപത്രത്തില്‍ കുടുംബാഗങ്ങളായ നോമിനികള്‍ ഒപ്പുവയ്ക്കണം.

കോര്‍ണിയ ലഭ്യമാകുമ്പോള്‍ രോഗിയെ വിവരമറിയിക്കുന്നു. നേത്രദാനത്തിന് നിരവധി യുവജനങ്ങള്‍ ഇന്ന് മുന്നിട്ടിറങ്ങുന്നു. അവര്‍ സംഘമായി സമ്മതപത്രം ഒപ്പിട്ടു നല്‍കുന്നു.

രോഗിക്ക് ലോക്കല്‍ അനസ്‌തേഷ്യ നല്‍കി ഓപ്പറേഷന് തയ്യാറാക്കുന്നു. തുടര്‍ന്ന് ഓപ്പറേറ്റിങ്ങ് മൈക്രോസ്‌കോപ്പിന്റെ സഹായത്താല്‍ ശസ്ത്രക്രിയ നടത്തി കേടായ കോര്‍ണിയ നീക്കം ചെയ്ത് നേത്രാനം വഴി ലഭിച്ച കോര്‍ണിയ വച്ചു പിടിപ്പിക്കുന്നു.

തലനാരിഴയുടെ പത്തിലൊന്നു വലിപ്പമുള്ള പ്രത്യേക നൂലുപയോഗിച്ചാണ് കണ്ണില്‍ തുന്നലിടുന്നത്. കോര്‍ണിയ മാറ്റിവച്ചതിനുശേഷം യാതൊരുവിധത്തിലുമുള്ള തുന്നലോ പാടുകളോ അവശേഷിക്കുന്നില്ല.

കോര്‍ണിയ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കുശേഷം ഒന്നുരണ്ട് ദിവസം കഴിഞ്ഞ് ആശുപത്രി വിടാം. പ്രത്യേകിച്ച് ബുദ്ധിമുട്ടുകള്‍ ഒന്നുമില്ലെങ്കില്‍ അന്നു വൈകുന്നേരംതന്നെ വീട്ടിലേക്ക് മടങ്ങാം. ശസ്ത്രക്രിയക്കുശേഷം രോഗി അല്‍പംകൂടുതല്‍ ശ്രദ്ധ കണ്ണിന്റെ കാര്യത്തില്‍ നല്‍കേണ്ടതുണ്ട്.

അണുബാധ തടയുന്നതിന് ആന്റിബയോട്ടിക് ഐ ഡ്രോപ്പുകളും വച്ചുപിടിപ്പിച്ച കോര്‍ണിയ ശരീരം പുറംതള്ളാതിരിക്കാന്‍ സ്റ്റിറോയ്ഡ് ഐ ഡ്രോപ്പുകളും ഉള്ളിലെ പേശികളുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ മരുന്ന് കണ്ണിലൊഴിക്കണം.

ആദ്യത്തെ ഒന്നുരണ്ടുദിവസത്തേക്ക് വേദനസംഹാരി ഗുളികകള്‍ രോഗി കഴിക്കണം. കുറച്ചുകാലത്തേക്ക് പൊടിയില്‍നിന്നും കടുത്ത വെളിച്ചത്തില്‍നിന്നും മാറ്റിവച്ച കോര്‍ണിയയെ സംരക്ഷിക്കുന്നതിനായി സണ്‍ഗ്ലാസ് വയ്ക്കണം.

ഇനി കാഴ്ചയുടെ ലോകത്തേക്ക്


നേത്രദാനം അഥവാ കോര്‍ണിയ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സാധാരണഗതിയില്‍ നൂറുശതമാനവും വിജയമാണ്. എന്നാല്‍ രോഗിയുടെ പ്രായം, ലഭിച്ച കോര്‍ണിയയുടെ നിലവാരം, ശസ്ത്രക്രിയ എന്നീ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു വിജയസാധ്യത.

അതേസമയം അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രിയക്രിയകളില്‍ ഏറ്റവും കൂടുതല്‍ വിജയസാധ്യതയുള്ളത് നേത്രദാനത്തിലാണ്. അതിനു പ്രധാന കാരണം കോര്‍ണിയയില്‍ രക്തധമനികള്‍ ഇല്ല എന്നതുതന്നെ.

കണ്ണും കാഴ്ചയും

 

നിത്യജീവിതത്തില്‍ കണ്ണിനുള്ള പ്രാധാന്യം എത്രത്തോളം വലുതാണെന്ന് എല്ലാവരും മനസിലാക്കിയിരിക്കുന്നു. അതിനുള്ള തെളിവു തന്നെയാണ് ഒപ്റ്റിക്കല്‍സിലും മറ്റും കണ്ണ് പരിശോധനയ്ക്കായി ഡോക്ടറെയും മറ്റു യന്ത്രസംവിധാനങ്ങളും ഏര്‍പെടുത്തിയിരിക്കുന്നത്

എട്ടു വയസുമുതല്‍ 80 വയസു വരെയുള്ളവരില്‍ 90 ശതമാനം ആള്‍ക്കാരെങ്കിലും കണ്ണിന്റെ തകരാറുള്ളവരാണ്. ഇന്ന് ആധുനിക ചികിത്സാ സംവിധാനത്തിന്റെ കടന്നുവരവോടെ കണ്ണിന്റെ തകരാര്‍ വേഗം തന്നെ കണ്ടുപിടിച്ച് അതിനുവേണ്ട ചികിത്സകള്‍ ചെയ്യാന്‍ നമുക്കു കഴിയുന്നുണ്ട്.

അതുകൊണ്ടുതന്നെ കാഴ്ചയ്ക്ക് സംഭവിക്കുന്ന ബുദ്ധിമുട്ട് അത് ഏതുരോഗത്തിന്റെ ലക്ഷണമാണെന്നു കണ്ടുപിടിച്ച് രോഗത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഉടനെ ഡോക്ടറെ സമീപിക്കാനും മലയാളിക്കു കഴിയുന്നു.

തകരാറുകള്‍ കണ്ടെത്തണം


കണ്ണില്‍ ഒരു കരടു വീണാലോ, കണ്ണൊന്നു ചുവന്നാലോ അതു സാരമാക്കാത്ത ഒരു കാലമുണ്ടായിരുന്നു. കണ്ണിനുണ്ടാകുന്ന ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം അക്കാലത്ത് നാടന്‍ ചികിത്സയാണ് ചെയ്തിരുന്നത്. എന്നാല്‍ അത് കഴിഞ്ഞകാലം.

കണ്ണിനുണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും ഡോക്ടറെ കണ്ട് അതിനു വേണ്ട ചികിത്സ നടത്താന്‍ ഇന്ന് എല്ലാവരും ശ്രമിക്കുന്നുണ്ട്. നിത്യജീവിതത്തില്‍ കണ്ണിനുള്ള പ്രാധാന്യം എത്രത്തോളം വലുതാണെന്ന് എല്ലാവരും മനസിലാക്കിയിരിക്കുന്നു.

അതിനുള്ള തെളിവു തന്നെയാണ് ഒപ്റ്റിക്കല്‍സിലും മറ്റും കണ്ണ് പരിശോധനയ്ക്കായി ഡോക്ടറെയും മറ്റു യന്ത്രസംവിധാനങ്ങളും ഏര്‍പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ കണ്ണിനുണ്ടാകുന്ന ചെറിയ ന്യൂനതകള്‍ പോലും പരിഹരിക്കാനാകുന്നു. ഇത് നേത്രരോഗങ്ങളുടെ വര്‍ധനവ് തടയാന്‍ ഒരുപരിധി വരെ കഴിഞ്ഞിട്ടുണ്ട്.

പോഷകാഹാരക്കുറവ്


പോഷകാഹാരത്തിന്റെ കുറവ്‌കൊണ്ട് നേത്രരോഗങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ പണ്ടത്തെ അത്രയും നേത്രരോഗികള്‍ ഈ പ്രശ്‌നം മൂലം ഇന്ന് ഉണ്ടാകാറില്ല. വിറ്റാമിന്‍ എയും, റൈബോഫ്ളോവിന്‍ എന്ന വിറ്റാമിനും കണ്ണുകളുടെ ആരോഗ്യത്തിന് ആവശ്യമാണ്. പോഷകക്കുറവുകൊണ്ട് നിശാന്ധത, മാലക്കണ്ണ് എന്നീ അസുഖങ്ങള്‍ ഉണ്ടാകാം.

 

രോഗികള്‍ കൂടുന്നു


കൊച്ചു കുട്ടികള്‍ പോലും കാഴ്ചക്കുറവു മൂലം കണ്ണാടി വെക്കുന്നുണ്ട്. പത്ത് കുട്ടികളെ നോക്കിയാല്‍ അവരില്‍ കുറഞ്ഞത് ആറ് പേരെങ്കിലും കാഴ്ച കുറവിനായി കണ്ണാടി വച്ചവരായിരിക്കും. എന്നാല്‍ കൂടുതല്‍ പേര്‍ക്കും നേത്രരോഗം ഉണ്ടെന്നല്ല അര്‍ഥമാക്കുന്നത്.

നേത്രരോഗത്തിന്റെ വലിയ ഒരളവും പ്രായാധിക്യത്താലുണ്ടാകുന്നതാണ്. കേരളത്തിലെ പ്രയമായവരുടെ എണ്ണം കൂടുന്നു എന്നതാണ് നേത്രരോഗികളുടെ എണ്ണത്തിലെ വര്‍ധനവിനു കാരണം. ഇവരില്‍ തിമിരമാണ് ഭൂരിഭാഗം പേരെയും അലട്ടിയിരുന്ന പ്രശ്‌നം.

പ്രായമാകുമ്പോള്‍ ഞരമ്പുകളും, പേശികളും ദുര്‍ബലമാകുകയും കാഴ്ചയ്ക്ക് മങ്ങലുണ്ടാകുകയും ചെയ്യുന്നു. കൂടാതെ ഞരമ്പുകളിലെ രക്തയോട്ടം കുറയുന്നു. ഇതുമൂലം മാകുലോപ്പതി, രക്താതി സമ്മര്‍ദ്ദം കൊണ്ടുള്ള രക്തസ്രാവം എന്നിവയും ഉണ്ടാകുന്നു. ജീവിതരീതിയിലുണ്ടായ മാറ്റങ്ങള്‍ കൊണ്ട് ഉണ്ടായ പ്രഷറും, പ്രമേഹവും കാഴ്ചത്തകരാറിന് കാരണമാകുന്നു.

പ്രമേഹത്തെ തുടര്‍ന്ന് റെറ്റിനയ്ക്കുണ്ടാകുന്ന വൈകല്യങ്ങളാണ് തിമിരത്തിനു ശേഷമുള്ള അന്ധതയ്ക്ക് കാരണം. സ്‌കുളില്‍ പഠിക്കുന്ന കുട്ടികള്‍ക്കും കാഴ്ചത്തകരാറുകള്‍ ഉണ്ടാകുന്നുണ്ട്. പ്രധാനമായും കുട്ടികളില്‍ ഹ്രസ്വദൃഷ്ടിയും, ദീര്‍ഘദൃഷ്ടിയും ആണ് കൂടുതലായി കണ്ടുവരുന്നത്.

പതിയിരിക്കുന്ന അപകടങ്ങള്‍


പല തൊഴില്‍ മേഖലകളും അപകടം നിറഞ്ഞതാണ്. സ്വഭാവികമായി ഉണ്ടാകാറുള്ള കാഴ്ചത്തകരാറിനു പുറമേയാണ് അപകടങ്ങള്‍ മൂലം കാഴ്ച തകരാറുകള്‍ ഉണ്ടാകുന്നത്. ഓരോ ദിവസം ചെല്ലുന്തോറും അപകടങ്ങള്‍ നിറഞ്ഞ തൊഴില്‍ മേഖലകള്‍ കൂടിക്കൊണ്ടിരിക്കുന്നു.

അതിനാല്‍ ശ്രദ്ധിക്കേണ്ട ഇത്തരം ജോലികളില്‍ ചെറിയ അശ്രദ്ധ കൊണ്ടു പോലും ഗുരുതരമായ അപകടങ്ങള്‍ സംഭവിക്കാം. ജീവനു തന്നെ ഭീക്ഷണിയാകുന്ന പല തൊഴില്‍ സംരംഭങ്ങളും ഇന്ന് കേരളത്തിലുണ്ട.്

വെല്‍ഡിംഗ്, പെയിന്റിംഗ്, മാര്‍ബിള്‍ ജോലികള്‍, കെട്ടിടം പണിക്കാര്‍, രാസവസ്തു നിര്‍മ്മാണം, സിമന്റ് ചാക്ക് ചുമക്കുന്നവര്‍ തുടങ്ങിയ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്കാണ് കണ്ണിന് കൂടുതലും പരിക്കേല്‍ക്കുന്നത്.

വെല്‍ഡിംഗ് സമയത്ത് പ്രത്യേക കണ്ണട ധരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. എന്നാല്‍ പലരും ഇതനുസരിക്കാറില്ല. വെല്‍ഡിംഗ് സമയത്തുണ്ടാകുന്ന സ്പാര്‍ക്കിന്റെ ഫലമായി ഉരുകിയ ലോഹക്കഷണങ്ങള്‍ കണ്ണിലേക്ക് തെറിച്ച് അപകടമുണ്ടാകാം. വെല്‍ഡിംഗ് ചെയ്യുന്ന സമയത്തുണ്ടാകുന്ന ശക്തിയേറിയ പ്രകാശം കണ്ണിലടിക്കുന്നതും ഹാനികരമാണ്.

രാസ ലായനികള്‍ കൈകാര്യം ചെയ്യുന്ന ജോലി ചെയ്യുന്നവര്‍ക്കും കണ്ണില്‍ അപകടമുണ്ടാകാം. ഈ രാസ ലായനികള്‍ കൈകാര്യം ചെയ്യുമ്പോഴോ മറ്റോ കണ്ണില്‍ വീഴുകയോ അതിലെ ആസിഡ് പോലെയുള്ള വാതകം മുഖത്തടിക്കുകയോ ചെയ്യുമ്പോള്‍ കണ്ണിന് അപകടമുണ്ടാകുന്നു. മറ്റൊരു അപകടമാണ്.

സിമന്റ് ചാക്ക് ചുമക്കുന്നവര്‍ക്ക് കുറച്ചു സിമെന്റ് കൈകളില്‍ പറ്റിയാല്‍ തന്നെ അവിടം പൊള്ളാറുണ്ട്. അപ്പോള്‍ അത് കണ്ണില്‍ വീണാലുള്ള അവസ്ഥ പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഇങ്ങനെയുള്ള അപകടങ്ങള്‍ എറ്റവും അധികം ബാധിക്കുന്നത് കണ്ണിനെയാണ്. ഇതുമൂലം കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടെന്നു വരാം. ദിനംപ്രതി നിരവധി ആളുകള്‍ കണ്ണിനപകടം പറ്റി ആശുപത്രികളില്‍ എത്തിച്ചേരുന്നു.

 

വാഹനാപകടങ്ങള്‍


പുതിയ വാഹനങ്ങളുടെ കടന്നുകയറ്റം നഗരത്തിലെ റോഡുകളില്‍ നിറഞ്ഞു കവിഞ്ഞൊഴുകുന്ന വാഹനങ്ങളുടെ വര്‍ധനവിനെ സൂചിപ്പിക്കുന്നു. തന്മൂലം വാഹനാപകടങ്ങളും പെരുകുന്നു. അപകടങ്ങള്‍ മൂലം തലയ്ക്കുണ്ടാകുന്ന പരിക്ക് പലപ്പോഴും കാഴ്ചയെ ബാധിക്കാറുണ്ട്.

വാഹനാപകടങ്ങളില്‍ പെടുന്നവരില്‍ ഏറിയ പങ്കും കണ്ണിന് അപകടം പറ്റാറുണ്ട്. വാഹനത്തിന്റെ കമ്പിയോ, ചില്ലു കഷണങ്ങളോ കണ്ണില്‍ തറച്ചു കയറി അപകടമുണ്ടാകാം. വാഹനാപകടങ്ങളില്‍ വലിയ ഒരു ശതമാനം ആള്‍ക്കാര്‍ക്കും കണ്ണിന് തകരാര്‍ സംഭവിക്കാറുണ്ട്.

ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്കാണ് വാഹനാപകടങ്ങളില്‍ കൂടുതലും തലയ്ക്ക് പരിക്കേല്‍ക്കുന്നത്. തലയ്ക്ക് ഉണ്ടാകുന്ന പരിക്ക് കാഴ്ചയ്ക്ക് തകരാറുണ്ടാക്കുന്നതിനൊപ്പം തന്നെ ഞരമ്പുകള്‍ക്കും ക്ഷതമേല്‍പിക്കുന്നു.

ജനിതക വൈകല്യങ്ങള്‍


ജനിതകപരമായ കാഴ്ചത്തകരാര്‍ ഇക്കാലത്ത് കുറവല്ല. പ്രധാനമായും മാതാപിതാക്കളുടെ അല്ലെങ്കില്‍ ഗര്‍ഭകാലത്തെ അശ്രദ്ധയും ജന്മനായുള്ള കാഴ്ച തകരാറിന് കാരണമാകുന്നു.

ഗര്‍ഭത്തിന്റെ ആദ്യ മൂന്നുമാസത്തില്‍ ജര്‍മന്‍ മീസില്‍സ്, കടുത്ത പനി, വൈറല്‍ രോഗങ്ങള്‍ എന്നിവ ബാധിച്ച ആളുകളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തരുത്.

കഴിയുന്നതും ഈ അസുഖമുള്ളവരില്‍ നിന്നും ഗര്‍ഭിണികള്‍ അകന്നു നില്‍ക്കുന്നതാണ് നല്ലത്. ഗര്‍ഭകാലത്ത് ഈ അസുഖങ്ങള്‍ വന്നാല്‍ ജനിക്കുന്ന കുഞ്ഞിന് തിമിരം പോലെയുള്ള പല ജന്മവൈകല്യങ്ങളും ഉണ്ടാകുന്നു. അതിനാല്‍ ജര്‍മ്മന്‍ മീസില്‍സ് പോലെയുള്ള അസുഖത്തിനെതിരെയുള്ള പ്രതിരോധ കുത്തിവയ്പുകള്‍ എടുക്കേണ്ടതാണ്.

ജര്‍മ്മന്‍ മീല്‍സ് വന്നാല്‍ ഗര്‍ഭം അലസിപ്പിക്കുന്നതാണ് ഉത്തമം. അമ്മയ്ക്ക് പ്രസവസമയത്ത് സിഫിലസ്, മൂത്രത്തില്‍ അണുബാധ എന്നിവയുണ്ടെങ്കില്‍ കുഞ്ഞിന്റെ കാഴ്ചയെ അതുബാധിക്കും.

പോഷകാഹാരക്കുറവുമൂലവും കുഞ്ഞിന്റെ ആരോഗ്യത്തിനും കാഴ്ചയ്ക്കും തകരാര്‍ സംഭവിക്കാം. മറുപിള്ളയിലുണ്ടാകുന്ന മുറിവ് മൂലം ഭ്രൂണത്തിനുവേണ്ട ഓക്‌സിജന്‍ കിട്ടാതെ വരുന്നു. ഇത് കുഞ്ഞിന്റെ കാഴ്ചയെ ബാധിച്ചേക്കാം.

ഗര്‍ഭിണിയായ സ്ത്രീകള്‍ വീര്യം കൂടിയ മരുന്നുകള്‍ ഉപയോഗിച്ചാല്‍ കുഞ്ഞിന്റെ കാഴ്ചശക്തി ജന്മനാതന്നെ നഷ്ടമാകാന്‍ കാരണമാകും. അതിനാല്‍ ഏതെങ്കിലും അസുഖത്തിന് മരുന്നു വാങ്ങാനായി ഡോക്ടറെ കാണാന്‍ ചെല്ലുന്ന സ്ത്രീ ഗര്‍ഭിണിയാണെങ്കില്‍ അത് ഡോക്ടറോട് മുന്‍കൂട്ടി പറയണം.

കടപ്പാട്: ഡോ. ടോണി ഫെര്‍ണാണ്ടസ്

നേത്രരോഗങ്ങള്‍

 

കാഴ്ച എന്നത് കണ്ണില്‍ മാത്രം ഒതുങ്ങുന്നില്ല. കണ്ണില്‍നിന്നും തലച്ചോറിലേക്കുള്ള ഞരമ്പുകളും തലച്ചോറും ഈ ഭാഗത്തെ രക്തക്കുഴലുകളും അവയുടെ പ്രവര്‍ത്തനങ്ങളുമെല്ലാം കാഴ്ചയെ സ്വാധീനിക്കുന്നു.

അതിനാല്‍ തലച്ചോറിനും ഞരമ്പുകള്‍ക്കും ഉണ്ടാകുന്ന രോഗങ്ങളും ക്ഷതങ്ങളും കാഴ്ചക്കുറവിലേക്കും കാഴ്ചയില്ലായ്മയിലേക്കും നയിക്കുന്നതാണ്.

കാഴ്ച എന്ന അത്ഭുതം


ഗോളാകൃതിയിലുള്ള കണ്ണിന് ഇലാസ്തികതയില്ലാത്ത ഭിത്തിയും ദ്രാവകങ്ങള്‍ നിറഞ്ഞ ഉള്‍ഭാഗവുമാണുള്ളത്. ഈ ഭിത്തിക്ക് മൂന്നു പാളികളുണ്ട്. ചെറിയ ഇലാസ്തികതയോടു കൂടിയ മുന്‍ഭാഗം (സ്‌ക്ലീറ), മധ്യപാളിയായ രക്ത പടലം, ഏറ്റവും ഉള്ളിലുള്ള ദൃഷ്ടിപടലം അഥവാ റെറ്റിന എന്നിവയാണവ.

കണ്ണിന് ദൃഢതയും ആകൃതിയും സംരക്ഷണവും നല്‍കുന്നത് സ്‌ക്ലീറയാണ്. സ്‌ക്ലീറയുടെ മുന്‍ഭാഗം സുതാര്യമാണ്. ഇതിനെ 'കോര്‍ണിയ' എന്നു പറയുന്നു. മധ്യപാളിയായ രക്തപടലത്തില്‍ ധാരാളം രക്ത ലോമികകള്‍ കാണപ്പെടുന്നു.

ഇവ കണ്ണിലെ കലകള്‍ക്ക് പോഷണവും, ഓക്‌സിജനും നല്‍കുന്നു. ഐറിസ്, കോറോയിഡ്, സിലിയറി ബോഡി എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി മധ്യപാളി തിരിച്ചിരിക്കുന്നു.

രക്തപടലത്തിന്റെ മുന്‍ഭാഗം കോര്‍ണിയയുടെ പിന്നിലായി വൃത്താകൃതിയിലുള്ള ഇരുണ്ട മറപോലെ കാണപ്പെടുന്ന ഭാഗമാണ് 'ഐറിസ്'. ഇതിനു മധ്യഭാഗത്തായി ഏകദേശം 3 മില്ലീ മീറ്റര്‍ വ്യാസത്തോടു കൂടിയ ഒരു സുഷിരമുണ്ട്.

ഇതിനെ പ്യൂപ്പിള്‍ എന്നു പറയുന്നു. ഐറിസിന്റെ പിന്നിലായാണ് 'കോണ്‍വെക്‌സ്' ആകൃതിയിലുള്ള സുതാര്യമായ ലെന്‍സിന്റെ സ്ഥാനം. ലെന്‍സിലെത്തുന്ന പ്രകാശരശ്മികള്‍ ദ്രാവകത്തിലൂടെ സഞ്ചരിച്ച് മൂന്നാമത്തെ ഭാഗമായ ദൃഷ്ടിപടലത്തില്‍ കേന്ദ്രീകരിക്കുമ്പോഴാണ് കാഴ്ച സാധ്യമാകുന്നത്.

അതുകൊണ്ട് കണ്ണിന്റെ മുന്‍ഭാഗത്തുള്ള ആവരണം മുതലുള്ള ഭാഗങ്ങളിലുണ്ടാകുന്ന ഘടനാപരമായ വ്യതിയാനങ്ങള്‍ 'എറേഴ്‌സ് ഓഫ് റിഫ്‌ളക്ഷനി'ലേക്ക് നയിക്കുന്നു. നേത്രവൈകല്യങ്ങളില്‍ സര്‍വസാധാരണയായി കാണപ്പെടുന്ന അവസ്ഥയാണിത്.

ദീര്‍ഘദൃഷ്ടി


ഈ അവസ്ഥയില്‍ അകലെയുള്ള വസ്തുവില്‍നിന്നുള്ള കിരണങ്ങള്‍ ദൃഷ്ടിപടലത്തില്‍ കേന്ദ്രീകരിക്കുന്നതിനു പകരം പിന്‍ഭാഗത്ത് കേന്ദ്രീകരിക്കുന്നു. ഇതിന്റെ ഫലമായി അടുത്തുള്ള കാഴ്ചയ്ക്ക് മങ്ങല്‍ അനുഭവപ്പെടുന്നു.

എന്നാല്‍ കണ്ണിലുണ്ടാകുന്ന മാറ്റങ്ങള്‍ ലഘുവാണെങ്കില്‍ കാഴ്ചക്കുറവുണ്ടാകുന്നില്ല. കണ്ണിലുള്ള പേശികള്‍ തന്നെ ഈ കുറവ് പരിഹരിക്കുന്നതു മൂലം പേശികള്‍ക്ക് ബലക്ഷയം ഉണ്ടാകുകയും തന്മൂലം തലവേദന, കണ്ണിന് വേദന, ചുവപ്പ്, കണ്‍പോളയ്ക്ക് ഭാരം എന്നിവ അനുഭവപ്പെടാം.

കൃഷ്ണമണിയുടെ വലിപ്പക്കുറവ്, ലെന്‍സിന്റെ റിഫ്രാക്ടീവ് ഇന്‍ഡക്‌സിന്റെ കുറവ്, കോര്‍ണിയയുടെ വക്രത കുറവ് എന്നീ കാരണങ്ങാളാണ് പ്രധാനമായും ദീര്‍ഘദൃഷ്ടിയിലേക്ക് നയിക്കുക.

ഹ്രസ്വദൃഷ്ടി


ഹ്രസ്വദൃഷ്ടി അഥവാ മയോപിയ എന്നറിയപ്പെടുന്ന ഈ രോഗാവസ്ഥയില്‍ പ്രതിബിംബം ദൃഷ്ടി പടലത്തിനു മുന്നിലാണ് പതിക്കുന്നത്. അതിനാല്‍ അകലെയുള്ള വസ്തുക്കള്‍ കാണാന്‍ ബുദ്ധിമുട്ട് അനുഭവപെടുന്നു.

കൃഷ്ണമണിയുടെ വലിപ്പം കൂടുന്ന 'അക്‌സില്‍ മയോപിയ'യാണ് ഹ്രസ്വദൃഷ്ടിക്ക് പ്രധാന കാരണം. കൗമാരപ്രായത്തില്‍ കണ്ണിന് അമിത വളര്‍ച്ച ഉണ്ടാകുന്നതിനാല്‍ സ്‌കൂള്‍ കാലഘട്ടത്തിലാണ് ഈ അവസ്ഥകൂടുതലായി കാണുന്നത്.

ലെന്‍സിന്റെ റിഫ്രാക്ടീവ് ഇന്‍ഡക്‌സ് കൂടുക (ഇന്‍ഡക്‌സ് മയോപിയ), കോര്‍ണിയയുടെ വക്രത കൂടുക തുടങ്ങിയവയും ഹ്രസ്വദൃഷ്ടിക്ക് കാരണമാണ്.

രോഗത്തിന്റെ തുടക്കത്തില്‍ ഇവര്‍ക്ക് അടുത്തുള്ള വസ്തുക്കളെ കാണുവാന്‍ കഴിയുകയും അകലെയുള്ളവയെ കാണുവാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്നു. സ്‌കൂള്‍ കുട്ടികള്‍ക്ക് ബോര്‍ഡിലെഴുതുന്നതു വായിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോള്‍ അധ്യാപകരാണ് ഈ അവസ്ഥ തിരിച്ചറിയുന്നത്.

രോഗം മൂര്‍ച്ഛിക്കുമ്പോള്‍ മങ്ങിയ കാഴ്ചയ്‌ക്കൊപ്പം, വായിക്കുമ്പോള്‍ ശക്തിയായ തലവേദനയും അനുഭവപ്പെടാം. എന്നാല്‍ രോഗം അതിക്രമിച്ചാല്‍ അകലെയുള്ള വസ്തുക്കളെ മാത്രമല്ല അരികെയുള്ളവയെയും കാണാന്‍ കഴിയാതെ വരുന്നു. ഹ്രസ്വദൃഷ്ടിയുള്ള കുട്ടികള്‍ പുസ്തകം കണ്ണിനോട് വളരെ അടുത്തുവച്ച് വായിക്കുന്നതായി കാണാം.

ഹ്രസ്വദൃഷ്ടി മൂന്നുതരം


ഹ്രസ്വദൃഷ്ടി പ്രധാനമായും മൂന്നുതരത്തിലുണ്ട്. കണ്‍ജെനിറ്റല്‍ മയോപിയ, സിംപിള്‍ മയോപിയ, പ്രോഗ്രസീവ് മയോപിയ എന്നിങ്ങനെ മൂന്നുവിധത്തിലാണ് ഹ്രസ്വദൃഷ്ടി അനുഭവപ്പെടുന്നത്.

ഒരു കണ്ണിലോ രണ്ട് കണ്ണിലോ ജന്മനാ തന്നെ ഹ്രസ്വദൃഷ്ടിയുണ്ടാകുന്ന അവസ്ഥയാണ് കണ്‍ജെനിറ്റല്‍ മയോപിയ. സാധാരണ കോങ്കണ്ണിനോടൊപ്പമാണ് ഈ അവസ്ഥ കണ്ടുവരുന്നത്.

സര്‍വസാധാരണമായി കാണുന്ന ഹ്രസ്വദൃഷ്ടിയാണ് സിംപിള്‍ മയോപിയ. പഠനകാലത്തിന്റെ ആരംഭത്തില്‍ തുടങ്ങി തീവ്രത കൂടിയശേഷം ഏകദേശം 25 വയസിനു ശേഷം അതേ അവസ്ഥയില്‍ സ്ഥിരമായിത്തീരുന്നു എന്നതാണ് സിംപിള്‍ മയോപിയയുടെ പ്രത്യേകത.

രോഗാവസ്ഥ പെട്ടെന്ന് കൂടുകയും പ്രായപൂര്‍ത്തിയെത്തുന്നതിന് മുമ്പുതന്നെ രോഗം മൂര്‍ച്ഛിക്കുകയും ചെയ്യുന്നതാണ് മൂന്നാമത്തെ വിഭാഗമായ പ്രോഗ്രസീവ് മയോപിയ. ഈ രോഗാവസ്ഥയുള്ളവരുടെ കുട്ടികളെ വളരെ ചെറുപ്പം മുതല്‍ തുടര്‍ച്ചയായി നിരീക്ഷിക്കേണ്ടതാണ്.

അതോടൊപ്പം കുട്ടികളുടെ ശുചിത്വകാര്യത്തിലും ഭക്ഷണകാര്യങ്ങളിലും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പോഷകാഹാരവും ശുദ്ധവായുവും ശരിയായ വ്യായാമവും കുട്ടികള്‍ക്ക് ലഭിക്കണം. കാല്‍സ്യം, വൈറ്റമിന്‍ ഡി എന്നിവയും വളരുന്ന കുട്ടികള്‍ക്ക് അത്യന്താപേക്ഷിതമാണ്.

അസ്റ്റിക് മാറ്റിസം


കോര്‍ണിയയുടെ സ്ഥാനചലനം മൂലമോ, ലെന്‍സിന്റെയോ വക്രതയിലുണ്ടാകുന്ന വ്യത്യാസം മൂലമോ കാഴ്ചക്കുറവ്, തലവേദന, കണ്ണിന് ചുവപ്പ്, വേദന, കണ്‍പോളകള്‍ക്ക് ഭാരം എന്നിവ അനുഭവപ്പെടുന്ന രോഗാവസ്ഥയാണ് അസ്റ്റിക്മാറ്റിസം.

രോഗത്തിന്റെ തുടക്കത്തില്‍ ആസ്‌തെനോപ്പിക് ലക്ഷണങ്ങള്‍ മാത്രമേ കാണുകയുള്ളൂ. എന്നാല്‍ രോഗം മൂര്‍ച്ഛിച്ച അവസ്ഥയില്‍ അടുത്തും അകലെയുമുള്ള വസ്തുക്കളെ കാണാന്‍ ബുദ്ധിമുട്ടുണ്ടാകുന്നു.

അനൈസോ മെട്രോപ്പിയ


രണ്ട് കണ്ണിന്റെയും പ്രതിബിംബങ്ങളിലുണ്ടാകുന്ന അസന്തുലിതാവസ്ഥ മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്. വ്യത്യാസം ചെറിയതോതിലാണെങ്കില്‍ രണ്ട് പ്രതിബിംബമായി വസ്തുവിനെ കാണുവാന്‍ കഴിയും.

മറ്റ് രോഗാവസ്ഥകള്‍

1. ഡിപ്ലോപ്പിയ


ഒരുവസ്തുവിനെ രണ്ടായി കാണുന്ന അവസ്ഥയാണിത്. യുനിയോകുലര്‍, ബൈനോകുലാര്‍ എന്നിങ്ങനെ ഡിപ്ലോപ്പിയ രണ്ടുവിധമുണ്ട്. ഒരു വസ്തുവില്‍ രണ്ട് പ്രതിബിംബം റെറ്റിനയില്‍ പതിക്കുമ്പോഴാണ് യുനിയോകുലര്‍ ഡിപ്ലോപ്പിയ ഉണ്ടാകുന്നത്. തിമിരം, റെറ്റിന വേര്‍പെടല്‍ എന്നിവ ഈ അവസ്ഥയ്ക്ക് കാരണമാകുന്നു.

2. ബൈനോകുലാര്‍


പ്രതിബിംബം കേന്ദ്രീകരിക്കേണ്ട ബിന്ദു റെറ്റിനയില്‍ പതിക്കാതെ വരുമ്പോഴാണ് ബൈനോകുലാര്‍ എന്ന അവസ്ഥയുണ്ടാകുന്നത്. കണ്ണടയ്ക്കുമ്പോള്‍ ഈ അവസ്ഥ മാറുന്നു.

3. ഹെമി അനോപിയ


ഒരു കണ്ണിന്റെ ദൃശ്യപഥത്തിന്റെ പകുതി നഷ്ടപ്പെടുന്ന അവസ്ഥയാണിത്. സിഫിലിറ്റിക് മെനിഞ്ചൈറ്റിസ്, തലച്ചോറിലെ രക്തസ്രാവം, അന്യൂറിസം, ത്രോംബോസിസ്, മുറിവുകള്‍, തലേച്ചാറിലെ മുഴകള്‍ എന്നിവ രോഗത്തിന് കാരണമാണ്.

4. നിശാന്ധത


മങ്ങിയ വെളിച്ചത്തില്‍ കാഴ്ചക്കുറവും പകല്‍ സമയത്ത് നല്ല കാഴ്ചയും ഉണ്ടാകുന്ന അവസ്ഥയാണിത്. ജന്മനാ രോഗിയാവുകയോ, റെറ്റിനയിലുണ്ടാകുന്ന രോഗങ്ങളോ നിശാന്ധതയിലേക്ക് നയിക്കാം. വിറ്റാമിന്‍ എ യുടെ അഭാവം മൂലവും നിശാന്ധതയുണ്ടാകാം.

5. വര്‍ണാന്ധത


ഈ രോഗമുള്ളവര്‍ക്ക് നിറങ്ങള്‍ തിരിച്ചറിയാന്‍ കഴിയാതെ വരുന്നു. ജന്മനാരോഗിയാവുകയോ റെറ്റിനയുടേയും ഒപ്റ്റിക് നേര്‍വിന്റെയോ രോഗത്തിന്റെ തുടര്‍ച്ചയായോ വര്‍ണാന്ധതയുണ്ടാകാം.

6. റെറ്റിനോപ്പതി


പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവ അധികനാളായി ഉള്ളവരില്‍ കണ്ടുവരുന്ന രോഗമാണിത്. ഇതിന്റെ തീവ്രത കൂടിയ അവസ്ഥയില്‍ കാഴ്ച നഷ്ടപ്പെടാറുണ്ട്.

7. ഒപ്റ്റിക് അറ്റ്‌റോഫി


വേദനയോ, നീരോ മറ്റ് അസ്വസ്ഥതകളോ അനുഭവപ്പെടാതെ പെട്ടന്ന് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപെടുന്ന അവസ്ഥയാണിത്. പിന്നീട് മറുകണ്ണിനും ഇതേ അവസ്ഥയുണ്ടാകുന്നതാണ്.

8. തിമിരം


ലെന്‍സിന്റെ സുതാര്യത നഷ്ടപ്പെടുന്നതു മൂലം കാഴ്ചക്കുറവുണ്ടാകുന്ന അവസ്ഥയാണിത്. ഇത് ജന്മനാ ഉണ്ടാകുന്നതോ പിന്നീട് മറ്റ് രോഗങ്ങള്‍ മൂലമോ ഉണ്ടാകാം.

പ്രമേഹം, ഡെര്‍മറ്റൈറ്റിസ്, ത്രെട്ടിനിസം, കണ്ണിനുണ്ടാകുന്ന രോഗങ്ങള്‍, റെറ്റിനൈറ്റിസ്, ഗ്ലോക്കോമ, കണ്ണിനുണ്ടാകുന്ന മുറിവുകള്‍, മരുന്നുകളുടെ ഉപയോഗം, വിറ്റാമിന്‍ ബി 2, സി എന്നിവയുടെ കുറവ്, മിന്നലേല്‍ക്കുക തുടങ്ങിയ രോഗാവസ്ഥകള്‍ തിമിര രോഗത്തിലേക്ക് നയിക്കാം.

വെള്ളെഴുത്ത്


സാധാരണയായി 40 വയസിനു മേല്‍ പ്രായമായവരിലാണ് ഈ രോഗാവസ്ഥ കണ്ടുവരുന്നത്. ഇവര്‍ക്ക് അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണുവാന്‍ സാധിക്കില്ല. വായിക്കുക, എഴുതുക, തയ്ക്കുക തുടങ്ങിയ, കണ്ണിനോട് ചേര്‍ത്തുവച്ചു ചെയ്യുന്ന ജോലികള്‍ ചെയ്യുവാന്‍ പ്രയാസമായിരിക്കും.

തുടക്കത്തില്‍ വസ്തുക്കള്‍ കണ്ണിന് അകലെ പിടിച്ച് ഈ അവസ്ഥ തരണം ചെയ്യുവാന്‍ കഴിയുമെങ്കിലും പ്രായം കൂടുന്നതനുസരിച്ച് കാഴ്ചകുറഞ്ഞുവരുന്നു. ലെന്‍സിന്റെ ഇലാസ്തികത നഷ്ടപ്പെടുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണം.

കാഴ്ചശക്തിയും പ്രമേഹവും

 

അന്ധതയ്ക്കുള്ള മുഖ്യ കാരണങ്ങളില്‍ ഒന്നായി ഇന്ന് പ്രമേഹം മാറിയിരിക്കുന്നു. പ്രമേഹം ശരീരത്തെ കീഴടക്കുന്നതിലും വേഗത്തിലും ആഴത്തിലും കണ്ണുകളെയും ബാധിക്കുന്നു. പ്രമേഹം മൂലം റെറ്റിനയ്ക്കും കണ്ണിലെ ചെറു രക്തക്കുഴലുകള്‍ക്കും ഉണ്ടാകുന്ന വൈകല്യങ്ങള്‍ക്ക് ഡയബറ്റിക് റെറ്റിനോപ്പതി (ഡി.ആര്‍.) എന്നു പറയുന്നു.

പ്രമേഹമുള്ള വ്യക്തിക്ക് ഗ്ലൂക്കോസ് ശരിയായ രീതിയില്‍ ശരീരത്തില്‍ സംഭരിച്ചുവയ്ക്കാനും ഉപയോഗപ്പെടുത്താനും കഴിയാതെ വരുന്നു. ഇങ്ങനെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയും കുറഞ്ഞുമിരിക്കുന്നത് കാഴ്ചശക്തിയെ ബാധിക്കും.

സാധാരണയായി പ്രമേഹം രണ്ടുതരത്തിലുണ്ട്. ടൈപ്പ് 2- പ്രമേഹരോഗികളെ അപേക്ഷിച്ച് ടൈപ്പ് 1 പ്രമേഹരോഗികള്‍ക്കാണ് ഡയബറ്റിക് റെറ്റിനോപ്പതി അധികമായും വരുന്നത്. ടൈപ്പ്-2 രോഗികളില്‍ ഇത് വരാനുള്ള സാധ്യത 20 ശതമാനം മാത്രമാണ്.

പെട്ടെന്ന് കാഴ്ചമങ്ങുക, കണ്ണില്‍ കറുത്ത വരകള്‍ ഓടിനടക്കുന്നത് പോലെ കാണുക, വെളിച്ചത്തിന് ചുറ്റും വൃത്തങ്ങള്‍ കാണുക, കാഴ്ച കുറഞ്ഞുവരിക തുടങ്ങിയവയാണ് ഡയബറ്റിക് റെറ്റിനോപ്പതിയുടെ ലക്ഷണങ്ങള്‍.

നിശബ്ദമായി എത്തുന്നു


പ്രമേഹം ബാധിച്ച ഉടന്‍തന്നെ ഡയബറ്റിക് റെറ്റിനോപ്പതി പിടിപെടുന്നില്ല. കാലക്രമേണയാണ് പ്രമേഹം കണ്ണുകളെ കീഴ്‌പ്പെടുത്തുന്നത്. 30 വയസിനു മുമ്പ് പ്രമേഹം വന്ന ഒരാള്‍ക്ക് 10 വര്‍ഷത്തിനുശേഷം ഡയബറ്റിക് റെറ്റിനോപ്പതി വരാനുള്ള സാധ്യത 50 ശതമാനവും 30ന് ശേഷം ഇതേ രോഗം വരാന്‍ 90 ശതമാനവുമാണ് സാധ്യത.

അതിനാല്‍ പ്രമേഹം ബാധിച്ച വ്യക്തിയില്‍ ഡയബറ്റിക് റെറ്റിനോപ്പതി തിരിച്ചറിയപ്പെടാതെ പോകുന്നു. 2025 ആകുമ്പോഴേക്കും ഇന്ത്യയില്‍ പ്രമേഹം മൂലമുള്ള നേത്രരോഗികളുടെ എണ്ണം 20 ദശലക്ഷം ആയിരിക്കുമെന്നാണ് കണക്കുകള്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍.

കണ്ണിനെ കാക്കാം


ഏര്‍ലി ട്രീറ്റ്‌മെന്റ് ഓഫ് ഡയബെറ്റിക് റെറ്റിനോപ്പതി സ്റ്റഡി (ഇ.ടി.ഡി.ആര്‍.എസ്), ഡയബെറ്റിസ് റെറ്റിനോപ്പതി കണ്‍ട്രോള്‍ ആന്‍ഡ് കോംപ്ലിക്കേഷന്‍ ട്രയല്‍ (ഡി.സി.സി) തുടങ്ങിയ പഠനങ്ങള്‍ തെളിയിക്കുന്നത് ഡയബറ്റിക് റെറ്റിനോപതിയുടെ തീവ്രതയും വ്യാപനവും ചികിത്സകൊണ്ട് കുറയ്ക്കാന്‍ സാധിക്കുമെന്നാണ്. പ്രമേഹം നിയന്ത്രിച്ചുനിര്‍ത്താന്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ക്കു പ്രാധാന്യം കൊടുക്കണം.

പ്രായം കൂടുംതോറും രോഗത്തിന്റെ വ്യാപനവും വര്‍ധിച്ചേക്കാം. പ്രത്യേകിച്ച് ടൈപ്പ് 1 പ്രമേഹരോഗികളില്‍. ഡയബറ്റിക് റെറ്റിനോപ്പതിയെ ആരംഭഘട്ടം എന്നും അവസാന ഘട്ടം എന്നും രണ്ടായി തരം തിരിക്കാം.

നോണ്‍ പ്രൊലിഫറേറ്റീവ് ഡയബറ്റിക് റെറ്റിനോപതി എന്നറിയപ്പെടുന്ന ആദ്യ ഘട്ടത്തില്‍ റെറ്റിനയിലെ ചെറിയ രക്തക്കുഴലുകള്‍ക്ക് കേടുണ്ടാകുകയും അവിടെനിന്നും രക്തമോ മറ്റു ദ്രാവകങ്ങളോ ഒലിക്കും. 25 ശതമാനം പ്രമേഹരോഗികളിലും ഈ അവസ്ഥ കാണാറുണ്ട്.

അവസാന ഘട്ടമായ 'പ്രൊലിഫറേറ്റിവ് ഡയബറ്റിക് റെറ്റിനോപ്പതിയില്‍ റെറ്റിനയില്‍ വളരെയധികം രക്തക്കുഴലുകള്‍ക്ക് കേടുണ്ടാക്കുന്നു. രക്തക്കുഴലുകളുടെ പ്രവര്‍ത്തനം കുറയുന്നതോടെ റെറ്റിനയ്ക്ക് ആവശ്യത്തിന് പോഷണം ലഭിക്കാതെ വരുന്നു.

റെറ്റിനയുടെ ഉപരിതലത്തില്‍ നശിച്ചുപോയ ചെറിയ രക്തക്കുഴലുകള്‍ക്കു പകരം പുതിയ രക്തക്കുഴലുകള്‍ ഉണ്ടാകും. ഈ രക്തക്കുഴലുകള്‍ പൊട്ടി കണ്ണിനുള്ളില്‍ രക്തസ്രാവവും (വിട്രിയസ് ഹെമറേജ്), റെറ്റിനയ്ക്ക് ചുളുക്കവും വലിവും സംഭവിക്കുന്നു. അവസാനഘട്ടത്തില്‍ വേദനയോടുകൂടിയ സമ്മര്‍ദ്ദം രക്തകുഴലുകള്‍ക്കുചുറ്റും ഉണ്ടായി കാഴ്ചശക്തി നശിക്കാം.

ഗര്‍ഭിണികളുടെ ശ്രദ്ധയ്ക്ക്


ഗര്‍ഭത്തിന്റെ ആദ്യഘട്ടത്തില്‍ കണ്ടുവരുന്ന പ്രമേഹം പ്രസവത്തോടെ മാറുന്നതായാണ് കണ്ടുവരുന്നത്. എന്നാല്‍ പ്രമേഹമുള്ള സ്ത്രീകള്‍ ഗര്‍ഭം ധരിക്കുമ്പോള്‍ ഡയബറ്റിക് റെറ്റിനോപ്പതി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ഗര്‍ഭിണികളെ കൂടാതെ ഉയര്‍ന്നതോതിലുള്ള രക്തസമ്മര്‍ദ്ദം , അനീമിയ, നെേ്രഫാപതി എന്നിവയുള്ളവര്‍ക്കും ഡയബറ്റിക് റെറ്റിനോപ്പതി വരാനുള്ള സാധ്യത കൂടുതലാണ്.

 

കാഴ്ചയും പ്രമേഹവും


കണ്ണിലെ നേത്രാന്തരപടലത്തേയും (റെറ്റിന) കേന്ദ്രഭാഗമായ മാക്കുലയെയും പ്രമേഹം തകരാറിലാക്കുന്നു. രക്തത്തിലെ പഞ്ചസാര കൂടുമ്പോള്‍ റെറ്റിനയിലെ രക്തക്കുഴലുകളില്‍നിന്ന് രക്തം ചോര്‍ന്ന് റെറ്റിനയ്ക്ക് വീക്കം സൃഷ്ടിക്കുന്നു.

തുടര്‍ന്ന് പുതിയ രക്തക്കുഴലുകള്‍ വികസിച്ചുവരുമെങ്കിലും അവ ദുര്‍ബലവും പെട്ടെന്ന് പൊട്ടി പോകുന്നവയും ആയിരിക്കും. ഇതാണ് ഡയബറ്റിക് റെറ്റിനോപ്പതിയുടെ ആദ്യഘട്ടം.

തുടക്കത്തിലേയുള്ള ചികിത്സ രോഗം മൂര്‍ച്ഛിക്കാതെയിരിക്കാന്‍ സഹായിക്കും. യഥാര്‍ഥ കാരണം കണ്ടെത്തി ചികിത്സിക്കാന്‍ വൈകുംതോറും കണ്ണില്‍ രക്തസ്രാവം കൂടുകയും കാഴ്ചശക്തി പൂര്‍ണമായും നശിക്കുകയും ചെയ്യുന്നു.

റെറ്റിനയിലും നേത്രനാഡിയിലും ഉണ്ടാകുന്ന ചെറിയ പ്രശ്‌നം പോലും കാഴ്ചയെ തകരാറിലാക്കും. ഇതുമൂലം റെറ്റിനയില്‍ കൃത്യമായ പ്രതിബിംബങ്ങള്‍ രൂപപ്പെടുത്താന്‍ കഴിയാതെവരികയും പ്രതിബിംബങ്ങള്‍ കൃത്യമായി തലച്ചോറിലെത്തിക്കാന്‍ സാധിക്കാതെ വരികയും ചെയ്യുന്നു.

റെറ്റിനയിലെ പ്രശ്‌നങ്ങളുടെ തോതനുസരിച്ച് കാഴ്ചയ്ക്ക് വ്യതിയാനം സംഭവിക്കുകയും ചെയ്യുന്നു. നേര്‍ത്ത അവ്യക്തത മുതല്‍ പൂര്‍ണ്ണ അന്ധത വരെയാണ് ഇതിന്റെ പരിണിത ഫലം.

മറ്റെല്ലാ ശാരീരികാവയവങ്ങളെയും പോലെ റെറ്റിനയും നേത്രനാഡിയും പോഷകങ്ങള്‍ സ്വീകരിക്കുന്നതും രക്തത്തില്‍നിന്നാണ്. പ്രമേഹത്തിന്റെ തോത് വര്‍ദ്ധിക്കുന്നതോടെ ഈ ഭാഗത്തേക്കുള്ള രക്തക്കുഴലുകള്‍ സങ്കോചിക്കുകയും രക്തപ്രവാഹം കുറയുകയും ചെയ്യുന്നു, പിന്നീട് രക്തചംക്രമണം പൂര്‍ണമായി നിലയ്ക്കുകയും കാഴ്ചയെ തകരാറിലുമാക്കുന്നു.

ചികിത്സ


ഡയബറ്റിക് റെറ്റിനോപതി പൂര്‍ണ്ണമായും ചികിത്സിച്ചു മാറ്റാന്‍ സാധ്യമല്ല. രോഗം നിയന്ത്രിച്ചുനിര്‍ത്താനും ഭാവിയില്‍ റെറ്റിനയ്ക്ക് ഉണ്ടാകാന്‍ ഇടയുള്ള പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കണ്ടറിഞ്ഞ് ചികിത്സിക്കാനും കഴിയും. ആരംഭത്തിലേയുള്ള ചികിത്സയാണ് ഇതിന് ആവശ്യം.

ഡയബറ്റിക് റെറ്റിനോപ്പതിക്ക്് ലേസര്‍ ചികിത്സ ആവശ്യമായേക്കാം. ശക്തിയേറിയ പ്രകാശരശ്മികള്‍ ഉപയോഗിച്ച് കേടുവന്ന കോശങ്ങള്‍ കരിയിച്ചുകളയുന്ന രീതിയാണിത്. വേദനയോ, മറ്റുപ്രശ്‌നങ്ങളോ ഉണ്ടാവുകയില്ല എന്നതിനൊപ്പം ആശുപത്രിയില്‍ കിടക്കേണ്ട എന്ന ഗുണവുമുണ്ട്.

കണ്ണിനുള്ളില്‍ രക്തസ്രാവം ഉണ്ടാവുകയോ റെറ്റിനയ്ക്ക് വലിവുണ്ടായി കാഴ്ചക്കുറവ് സംഭവിക്കുകയോ ചെയ്താല്‍ വിട്രക്റ്റമി എന്ന ശസ്ത്രക്രിയയിലൂടെ പ്രശ്‌നം പരിഹരിക്കാവുന്നതാണ്. വിട്രിയസ് നീക്കി ഫ്‌ളൂയിഡ് നിറയ്ക്കുകയാണ് ഈ ശസ്ത്രക്രിയയില്‍ ചെയ്യുന്നത്.

ശ്രദ്ധയും മുന്‍കരുതലും


പ്രമേഹം നിയന്ത്രിച്ചുനിര്‍ത്തുകയാണ് രോഗം തടയാനുള്ള മാര്‍ഗം. ജനങ്ങള്‍ക്ക് പ്രമേഹത്തെക്കുറിച്ച് ആഴത്തിലുള്ള അറിവ് ഉണ്ടായിരിക്കുക എന്നതാണ് മുഖ്യം. രോഗമുണ്ടെന്ന് കണ്ടാല്‍ ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും നിയന്ത്രിച്ചുനിര്‍ത്തുക.

മുതിര്‍ന്നവരില്‍ ഉണ്ടാകുന്ന പ്രമേഹമായാലും കുട്ടികളില്‍ ഉണ്ടാകുന്ന പ്രമേഹമായാലും രോഗം നിയന്ത്രിക്കാന്‍ വൈകുംതോറും ഡയബറ്റിക് റെറ്റിനോപ്പതിക്കുള്ള സാധ്യതയും വര്‍ദ്ധിക്കുന്നു.

പ്രമേഹത്തിനൊപ്പം രക്തസമ്മര്‍ദ്ദം അനീമിയ എന്നിവയുണ്ടെങ്കില്‍ അവയും നിയന്ത്രിച്ചുനിര്‍ത്തണം. പുകവലി ഉപേക്ഷിക്കുക. എല്ലാവര്‍ഷവും പ്രമേഹരോഗികള്‍ നേത്രപരിശോധന നടത്തണം. കാഴ്ചയ്ക്ക് മങ്ങല്‍ സംഭവിച്ചിട്ടില്ലെങ്കില്‍പോലും ഡയബറ്റിക് റെറ്റിനോപ്പതിയുടെ ഭാഗമായ കാഴ്ചക്കുറവ് ആരംഭത്തിലേ കണ്ടെത്തി തടയാന്‍ ഇത് സഹായിക്കും.

വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. തോമസ് ജോസഫ്
കണ്‍സല്‍ട്ടന്റ് ഓഫ്ത്താല്‍മോളജിസ്റ്റ്, കോട്ടയം

 

വിവരങ്ങള്‍ക്ക് കടപ്പാട്: മംഗളം

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate