Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / നേത്ര സംരക്ഷണം / കണ്ണും ജീവിതശൈലിയും
പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കണ്ണും ജീവിതശൈലിയും

കൂടുതല്‍ വിവരങ്ങള്‍

പ്രമേഹം ഇരുള്‍പരത്തുമ്പോള്‍

ശരീരത്തിലെ സങ്കീര്‍ണമായ അവയവങ്ങളിലൊന്നാണ് കണ്ണ്. പരിധികളില്ലാത്ത വിസ്മയക്കാഴ്ചകളാണ് കണ്ണ് നമുക്ക് പകര്‍ന്നുനല്‍കുന്നത്. കണ്ണ് പകരുന്ന ദൃശ്യസമൃദ്ധിയെ പൂര്‍വാനുഭവങ്ങളുടെയും, അറിവുകളുടെയും വെളിച്ചത്തില്‍ കാഴ്ചയാക്കി മാറ്റുന്നത് തലച്ചോറാണ്. മാറിയ ജീവിതശൈലിയുടെ സമ്മര്‍ദങ്ങള്‍ കണ്ണിനെയും കാഴ്ചയെയും ഏറെ ബാധിക്കാറുണ്ട്.പ്രമേഹം, രക്തസമ്മര്‍ദം, മാനസിക പിരിമുറുക്കം, കംപ്യൂട്ടറിന്റെ അമിതോപയോഗം തുടങ്ങി ജീവിതശൈലിയുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ പ്രധാനമായും വിവിധതരം കാഴ്ചാപ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നു.

വളരെ സാവധാനത്തിലാണ് പ്രമേഹം കാഴ്ച കവരുന്നത്. കാഴ്ചയ്ക്ക് കുഴപ്പമൊന്നുമില്ലാത്തതിനാലും, പ്രാരംഭലക്ഷണങ്ങള്‍ പ്രകടമല്ലാത്തതിനാലും കണ്ണിലെ ചെറുധമനികളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ പൊതുവെ പ്രമേഹരോഗികള്‍ തിരിച്ചറിയാറില്ല. കണ്ണില്‍ കാഴ്ചയെ നിര്‍ണയിക്കുന്ന ഏറ്റവും പ്രധാന ഭാഗങ്ങളിലൊന്നാണ് റെറ്റിന (ദൃഷ്ടിവിതാനം). നേത്രഗോളത്തിന്റെ പിന്‍ഭാഗത്തായി കാണുന്ന സുതാര്യസ്തരമാണിത്. വളരെ നേരിയ രക്തലോമികകളിലൂടെയും, നേര്‍ത്ത ധമനികളിലൂടെയുമാണ് റെറ്റിനയ്ക്ക് ആവശ്യമായ രക്തമെത്തുന്നത്. അനിയന്ത്രിതമായ പ്രമേഹം ഈ ചെറുരക്തധമനികള്‍ അടയാനും, ദുര്‍ബലമാകാനും ഇടയാക്കും. ഈ രോഗംമൂലം പ്രമേഹരോഗിയുടെ കാഴ്ച ഭാഗികമായോ, പൂര്‍ണമായോ നഷ്ടപ്പെടാറുണ്ട്.

പ്രമേഹം കണ്ണിനെ ബാധിക്കുമ്പോള്‍ തിരിച്ചറിയാന്‍ കഴിയുന്ന പ്രാരംഭലക്ഷണങ്ങള്‍ ഒന്നുംതന്നെ ആദ്യം ഉണ്ടാകാറില്ല.

$ കണ്ണിനു മുമ്പില്‍ ഒരുഭാഗം ഇരുട്ടായി തോന്നുക.

$ മൂടലുകളോ കാഴ്ചവൈകല്യങ്ങളോ തോന്നുക.

$ നല്ല വെളിച്ചത്തില്‍നിന്ന് മങ്ങിയ വെളിച്ചത്തിലേക്കു നീങ്ങുമ്പോള്‍ കടുത്ത അസ്വസ്ഥത ഉണ്ടാകുക.

$ രാത്രിക്കാഴ്ച തീരെ കുറയുക തുടങ്ങിയ ലക്ഷണങ്ങള്‍ രോഗം

ഗുരുതരാവസ്ഥയിലെത്തിയാല്‍ മാത്രമേ അറിയാറുള്ളു. അതിനാല്‍ പ്രമേഹംമൂലം കാഴ്ച നഷ്ടപ്പെടുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്. പ്രമേഹം കണ്ണിനെ ബാധിക്കുന്ന ആദ്യഘട്ടങ്ങളില്‍ കണ്ണിലെ രക്തലോമികകളില്‍ നേരിയ കുമിളകള്‍പോലെ നീര്‍വീക്കം ഉണ്ടാകുന്നു. ഇത് യഥാസമയം കണ്ടെത്തി ചികിത്സിക്കുന്നവരില്‍ കാഴ്ചയെ കാര്യമായി ബാധിക്കാറില്ല. എന്നാല്‍ ചികിത്സ തേടാത്തവരില്‍ രക്തക്കുഴലുകളില്‍ തടസ്സങ്ങളുണ്ടാവുക, രക്തക്കുഴലുകളില്‍നിന്ന് കൊഴുപ്പുഘടകങ്ങള്‍ പുറത്തുവരിക, കണ്ണില്‍ പുതിയ രക്തക്കുഴലുകള്‍ പൊട്ടിമുളയ്ക്കുക തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. തുടര്‍ന്ന് വേണ്ടത്ര രക്തം ലഭിക്കാത്തതിനാല്‍ റെറ്റിനയുടെ പ്രവര്‍ത്തനം മന്ദീഭവിക്കുകയും കാഴ്ച തകരാറിലാകുകയും ചെയ്യും.

ഗുരുതരാവസ്ഥയില്‍ റെറ്റിനയിലുണ്ടാകുന്ന പുതിയ രക്തക്കുഴലുകള്‍ പൊട്ടി രക്തം കണ്ണിലേക്ക് കിനിയാറുണ്ട്. ഹ്രസ്വദൃഷ്ടി, ദീര്‍ഘദൃഷ്ടി, തിമിരം തുടങ്ങിയവയും പ്രമേഹമുള്ളവരില്‍ കൂടുതലാണ്. പ്രമേഹാധിക്യത്താല്‍ ഉണ്ടാകുന്ന ബോധക്ഷയം നേത്രാന്തരമര്‍ദം കുറയാന്‍ ഇടയാക്കാറുണ്ട്.

കണ്ണും രക്തസമ്മര്‍ദവും

 

അനിയന്ത്രിത രക്തസമ്മര്‍ദം കണ്ണിലെ രക്തധമനികള്‍ കട്ടിപിടിക്കാനും, പെട്ടെന്ന് അടഞ്ഞുപോകാനും ഇടയാക്കും. അതുമൂലം കണ്ണിലെ കോശങ്ങള്‍ വേണ്ടത്ര ഓക്സിജനും പോഷകങ്ങളും കിട്ടാതെ നശിച്ചുപോകും. കാഴ്ചത്തകരാറും ശക്തമായ തലവേദനയും ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്. ചിലപ്പോള്‍ രക്തധമനികള്‍ പൊട്ടി കണ്ണില്‍ രക്തം പടരാറുണ്ട്.

മാനസികസമ്മര്‍ദം കണ്ണിനെ ബാധിക്കുമ്പോള്‍

കടുത്ത മാനസികസമ്മര്‍ദം തുടര്‍ച്ചയായി അനുഭവിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. ദീര്‍ഘനാളായുള്ള മാനസിക പിരിമുറുക്കം രക്തസമ്മര്‍ദം കൂട്ടുകയും കണ്ണിലെ സൂക്ഷ്മ രക്തക്കുഴലുകളെ നശിപ്പിച്ച് കാഴ്ചപ്രശ്നങ്ങള്‍ക്കിടയാക്കുകയും ചെയ്യും. ഇത്തരത്തിലുള്ള കാഴ്ചാപ്രശ്നങ്ങള്‍ താല്‍ക്കാലികമാണ്. ഔഷധങ്ങള്‍ക്കൊപ്പം വ്യായാമവും നല്ല ഫലം തരും.

കംപ്യൂട്ടറും കണ്ണുവരള്‍ച്ചയും

 

പതിവായും തുടര്‍ച്ചയായും കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവരില്‍ കണ്ണുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് വ്യാപകമായി കണ്ടുവരുന്നത്. കണ്ണ് വരളുക, തലവേദന, കാഴ്ച മങ്ങുക, ഹ്രസ്വദൃഷ്ടി, കണ്ണില്‍ വെള്ളം നിറയുക, ഇരട്ടയായി തോന്നുക തുടങ്ങിയവയാണ് പ്രധാനമായും കാണുന്ന ലക്ഷണങ്ങള്‍. രണ്ടു മൂന്നു മണിക്കൂര്‍ തുടര്‍ച്ചയായി കംപ്യൂട്ടര്‍ ഉപയോഗിക്കുന്നത് കണ്ണ് വരളാന്‍ ഇടയാക്കും. തൊഴിലുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരിലും കാണുന്ന പ്രശ്നവും കണ്ണുവരള്‍ച്ചയാണ്.

കണ്ണു വരളുമ്പോള്‍

കണ്ണിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമായ ഘടകമാണ് കണ്ണീര്. കണ്ണിന് ഈര്‍പ്പവും, സ്നിഗ്ദധയും, പ്രതിരോധശേഷിയും നല്‍കുന്നതിന് കണ്ണീര്‍ അനിവാര്യമാണ്. കണ്ണിമകള്‍ അടച്ചുതുറക്കുമ്പോഴാണ് കൃഷ്ണമണി കണ്ണീരില്‍ കുതിരുന്നത്. ഇങ്ങനെ കണ്ണീരില്‍ കുതിര്‍ന്നാല്‍ മാത്രമേ കണ്ണിന് തെളിമയോടെ പ്രവര്‍ത്തിക്കാനാകൂ. കംപ്യൂട്ടര്‍ ഉപഗോഗിക്കുമ്പോള്‍ മിനിറ്റില്‍ 3-4 തവണ മാത്രമേ ഇമ ചിമ്മല്‍ ഉണ്ടാകാറുള്ളു. ഇത് കണ്ണു വരളാന്‍ ഇടയാക്കും. കൂടാതെ വളരെനേരം കംപ്യൂട്ടറിനുമുമ്പില്‍ ഇരുക്കുന്നവരില്‍ കണ്ണീര്‍ വേഗം ബാഷ്പീകരിക്കുന്നതും കണ്ണു വരളാനിടയാക്കും. എയര്‍കൂളറില്‍നിന്ന് കാറ്റ് നേരിട്ട് കണ്ണിലടിക്കുന്നതും വരള്‍ച്ച കൂട്ടാറുണ്ട്. പ്രായമാകുമ്പോള്‍ പ്രത്യേകിച്ചു കാരണമൊന്നും ഇല്ലാതെയും കണ്ണു വരളാം. കണ്ണില്‍ കരട് വീണതുപോലെ തോന്നുക, ഇടയ്ക്കിടെ കണ്ണ് ചുവക്കുകയും, വേദനിക്കുകയും ചെയ്യുക, കാഴ്ച മങ്ങുക, കണ്ണില്‍ ചൊറിച്ചില്‍ അനുഭവപ്പെടുക എന്നിവയൊക്കെ കണ്ണിലെ വരള്‍ച്ചയുടെ ലക്ഷണങ്ങളാണ്.

ഇടയ്ക്ക് ഇരിപ്പിടങ്ങളില്‍നിന്ന് മാറി കണ്ണടച്ച് കണ്ണിന് വിശ്രമം നല്‍കുന്നതും, ബോധപൂര്‍വം ഇമകള്‍ ചിമ്മുന്നതും വരള്‍ച്ച തടയും. തണുത്ത ശദ്ധജലം ഇടയ്ക്ക് കണ്ണില്‍ തെറിപ്പിക്കുന്നതും ഏറെ ഗുണംചെയ്യാറുണ്ട്. ചില ഘട്ടങ്ങളില്‍ ഔഷധങ്ങള്‍ ഉപയോഗിക്കേണ്ടിയും വരും.

ചികിത്സ

 

നേത്രരോഗങ്ങള്‍ക്ക് സാമാന്യചികിത്സകള്‍ക്കു പുറമേ വിശേഷചികിത്സകളും ആയുര്‍വേദം നിര്‍ദേശിക്കുന്നു. പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങളെ നിയന്ത്രിക്കുന്ന ഔഷധങ്ങള്‍ക്കൊപ്പം തര്‍പ്പണം, ആശ്ച്യോതനം, ധാര, നസ്യം തുടങ്ങിയ വിശേഷചികിത്സകളും അവസ്ഥകള്‍ക്കനുസരിച്ച് നല്‍കാറുണ്ട്. പ്രമേഹംമൂലം ഉണ്ടാകുന്ന രക്തസ്രാവം നിയന്ത്രിക്കാന്‍ ശിരോവസ്തി, ധാര ഇവ ഏറെ ഫലപ്രദമാണ്.

കണ്ണും ഭക്ഷണവും

 1. ഇളനീര്‍, വേവിക്കാത്ത കാരറ്റ്, നെയ്യുചേര്‍ത്ത ചെറുപയര്‍, പാല്‍, തവിടുകളയാത്ത ധാന്യങ്ങള്‍, ബീന്‍സ്, ഇലക്കറികള്‍, തക്കാളി, കുരുമുളക്, അണ്ടിവര്‍ഗങ്ങള്‍, മുന്തിരി, മുട്ട ഇവ കണ്ണിന്റെ അഴകിനും ആരോഗ്യത്തിനും ഏറെ ഗുണകരമാണ്. ഇലക്കറികളില്‍ത്തന്നെ അടപതിയനില, ചീര, മുരിങ്ങയില ഇവ കണ്ണിന് ഏറെ പഥ്യമാണ്. കൃത്രിമനിറങ്ങള്‍ ചേര്‍ത്ത ഭക്ഷണങ്ങളും, ശീതളപാനീയങ്ങളും കണ്ണിന് ഗുണമല്ല.
 2. പകലുറക്കം, രാത്രി ഉറക്കമൊഴിയുക, ഉയരമുള്ള തലയണ ഉപയോഗിക്കുക, പുകവലി, മദ്യപാനം, ചൂടുവെള്ളം തലയിലൊഴിക്കുക തുടങ്ങിയവ വിവിധ നേത്രരോഗങ്ങള്‍ക്ക് ഇടയാക്കാറുണ്ട്.
 3. കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ കണ്ണും കംപ്യൂട്ടര്‍ സ്ക്രീനും തമ്മില്‍ 20-30 ഇഞ്ച് അകലം പാലിക്കണം. എല്ലാ 20 മിനിറ്റ് കൂടുമ്പോഴും കണ്ണിന് വിശ്രമം നല്‍കുകയും വേണം. കംപ്യൂട്ടര്‍ മോണിറ്ററിന്റെ തിളക്കം പരമാവധി കുറച്ചുവയ്ക്കുക. അതുപോലെ കംപ്യൂട്ടര്‍ ഉപയോഗിക്കുന്ന ആള്‍ ഇരിക്കുന്ന അതേദിശയില്‍ മുറിയിലെ വെളിച്ചം ക്രമീകരിക്കുന്നതാണ് കണ്ണിന്റെ ആരോഗ്യത്തിനു നല്ലത്.
 4. വ്യായാമക്കുറവ്, ടിവിയുടെയും കംപ്യൂട്ടറിന്റെയും അമിത ഉപയോഗം എന്നിവ കുട്ടികളില്‍ പലതരം കാഴ്ചാപ്രശ്നങ്ങള്‍ക്കിടയാക്കും. എന്നാല്‍ പുറത്തിറങ്ങി നടക്കുകയും കിടക്കുകയും ചെയ്യുന്നവരില്‍ കണ്ണുകളുടെ സ്വാഭാവിക പ്രവര്‍ത്തനശേഷി വര്‍ധിക്കാറുണ്ട്.
 5. കണ്ണിനും വേണം വ്യായാമങ്ങള്‍: കണ്ണിന്റെ ക്ഷീണവും തളര്‍ച്ചയും മാറ്റാന്‍ വ്യായാമങ്ങള്‍ക്ക് കഴിയും.

$ 3-5 സെക്കന്‍ഡ്വരെ കണ്ണ് മുറുക്കി അടയ്ക്കുക. അത്രനേരംതന്നെ തുറന്നുപിടിക്കുക. അഞ്ചുതവണ ഇത് ആവര്‍ത്തിക്കുക.

$ കണ്ണടച്ച് കൃഷ്ണമണി ഘടികാരദിശയിലും എതിര്‍ ഘടികാര ദിശിയിലും ചലിപ്പിക്കുക. അഞ്ചുതവണ ആവര്‍ത്തിക്കാം.

$ തിര്യക് ഭുജംഗാസനം, ത്രാടനം ഇവ കണ്ണിന് ഏറെ ഗുണംചെയ്യും.

ഡോ. പ്രിയ ദേവദത്ത്

ഡോ. പ്രിയ ദേവദത്ത്

കണ്ണിലെ രോഗങ്ങളെ തിരിച്ചറിയുക

കണ്ണിലെ കൃഷ്ണമണിപോലെ... എന്നാണ് നാം കരുതലിന്റെ തീവ്രത സൂചിപ്പിക്കുക. കണ്ണിന്റെ സംരക്ഷണം അത്രമാത്രം പ്രാധാന്യമുള്ളതാണെന്നു സാരം.കണ്ണിന്റെ ആരോഗ്യം തകര്‍ ക്കുന്ന നിരവധി ഘടകങ്ങളുള്ളതിനാലാകണം ആധുനിക കാലത്ത് കണ്ണുരോഗങ്ങള്‍ കൂടുന്നത്.

പുതിയ,പുതിയ ലക്ഷണ ങ്ങളോടു കൂടിയാണ് പല രോഗങ്ങളും പ്രത്യക്ഷപ്പെടുന്നത് തന്നെ. കണ്ണുരോഗങ്ങളെ തുടക്കത്തിലേ തിരിച്ചറിഞ്ഞു വേണ്ട ചികിത്സയെടുത്താല്‍ കൂടുതല്‍ സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കാ നാകും.

ഒരു കണ്ണിനു കാഴ്ചപോയാല്‍

ഒരു കണ്ണിന് പെട്ടെന്നു കാഴ്ച ഇല്ലാതാവുക, നിറങ്ങള്‍ തിരിച്ചറിയുവാനുള്ള കണ്ണുകളുടെ കഴിവു നഷ്ടപ്പെടുക എന്നീ ലക്ഷണങ്ങള്‍ ഒപ്റ്റിക് ന്യൂറോറൈറ്റിസ് എന്ന രോഗത്തിന്റെ ലക്ഷണങ്ങളാണ്. കണ്ണിനുള്ളില്‍ നിന്നും തലച്ചോറിലേക്കു വിവരങ്ങള്‍ അയയ്ക്കുന്ന ഒരു പ്രധാന ഞരമ്പാണ് ഒപ്റ്റിക് നെര്‍വ്. ഇതിനു പെട്ടെന്നുണ്ടാവുന്ന വീക്കമാണ് ഒപ്റ്റിക് ന്യൂറോറൈറ്റിസ്. സാധാരണ ഒരു കണ്ണിനാണ് ഈ രോഗം കാണുന്നതെങ്കിലും അപൂര്‍വമായി രണ്ടു കണ്ണിലും ഉണ്ടാ കാം. ഇതിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. ഉടനേ ചികിത്സ ആരംഭിച്ചില്ലെങ്കില്‍ കാഴ്ച നിശ്ശേഷം നഷ്ടപ്പെട്ടേക്കാം. ശാരീരികമായി നമുക്കുണ്ടാവുന്ന ചില രോഗങ്ങള്‍ ഈ അസുഖത്തിനു കാരണമായി പറയാവുന്നതാണ്. വൈറസ്, ഫംഗല്‍ബാധകള്‍, ഓട്ടോ-ഇമ്മ്യൂണ്‍ ഡിസീസ്, ലുപ്പസ് സാര്‍കോ ഡിസീസ്, ടി.ബി., മെനിജറ്റീസ്, റൂബെല്ല, ചിക്കന്‍ പോക്‌സ്, ഹെപ്പറ്റെറ്റീസ് എന്നീ രോഗങ്ങളും ഇതിനു കാരണമാകാറുണ്ട്. ആരംഭത്തില്‍ തന്നെ ഒരു കണ്ണുരോഗവിദഗ്ധ നെ കണ്ടു വേണ്ട പരിശോധനകള്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്. സാധാരണ ശരിയായ അളവില്‍ കോര്‍ട്ടിസോണ്‍ കുത്തിവയ്പ് എടുക്കേണ്ടി വരും.

മൈഗ്രേനും കണ്ണും

സ്ത്രീകളില്‍ പ്രത്യേകിച്ചു കൗമാരപ്രായമായവര്‍ക്ക് കൂടുതലായി കണ്ടുവരുന്ന ഒരു പ്രശ്‌നമാണ് ഒക്യുലാര്‍ മൈഗ്രേന്‍. ഒരു കണ്ണിനു പെട്ടെന്നു കാഴ്ചക്കുറവ്. തുടര്‍ന്ന് വെളിച്ചം ചിതറിപ്പോകുന്ന അനുഭവം. ഇതു കുറച്ചു മിനിട്ടുകള്‍ നില നില്‍ക്കും. ചിലപ്പോള്‍ തലവേദനയും അനുഭവപ്പെടുന്നു. മാസത്തില്‍ ഒരിക്കല്‍ ഇത് വരാം. ഈ അസുഖം ഉണ്ടാവുന്ന തിനു രണ്ടുമൂന്നു ദിവസം മുമ്പേ ഒരു അസ്വസ്ഥത, ക്ഷീണം എന്നിവ തോന്നും. ചില സ്ത്രീകളില്‍ ആര്‍ത്തവം തുടങ്ങു മ്പോഴാണ് ഇതുണ്ടാകുന്നത്. വളരെ ചെറിയ കാര്യങ്ങള്‍ക്കു പോലും പെട്ടെന്നു ക്ഷോഭിക്കുകയും വിഷമിക്കുകയും ചെയ്യുന്നവരില്‍ ഇതു കൂടുതലാണ്. കാപ്പി, ചോക്ലേറ്റ്, സിഗരറ്റ്, പെര്‍ഫ്യും, ഉറക്കമില്ലായ്മ, മാനസിക വിഷമം എന്നിവ ഒഴിവാക്കണം. യോഗ, മെഡിറ്റേഷന്‍, നല്ല ഉറക്കം ഇവയെല്ലാം ഈ അസുഖത്തിന് ഒരു പരിധിവരെ പ്രതിവിധിയാണ്.

വെളുത്തപാടും കാന്‍സറും

കണ്ണിന്റെ ഉള്ളിലുള്ള ചില പ്രത്യേക കോശങ്ങള്‍ കൊണ്ടാണു കണ്ണില്‍ മുഴകള്‍ ഉണ്ടാകുന്നത്. അവയെല്ലാം തന്നെ ഓപ്പറേറ്റ് ചെയ്തു മാറ്റാവുന്നതാണ്. ഇതു കൂടാതെ കാന്‍സര്‍ വളര്‍ച്ചകളായ ബേസല്‍ സെല്‍ കാര്‍സിനോമ, മെലനോമ ഇവയും കണ്ണിന്റെ പുറമെ ഉണ്ടാകാം. കണ്ണിന്റെ വെള്ളയിലും കൃഷ്ണമണിയിലും കണ്ണിനുള്ളിലും കാന്‍സര്‍ വരാം. ആരംഭത്തില്‍ കണ്ടുപിടിച്ചാല്‍ ലേസര്‍ കൊണ്ടോ റേഡിയേഷന്‍ കൊണ്ടോ ഇതു ചികിത്സിക്കാം. കണ്ണിലേക്കു നോക്കു മ്പോള്‍ തിളങ്ങുന്ന ഒരു വെളുത്ത പാട് കാണുന്നു എങ്കില്‍ ഉടനെ ഒരു കണ്ണുരോഗവിദഗ്ധനെ കാണേണ്ടതാണ്. ആരംഭത്തില്‍ അറിഞ്ഞാല്‍ റേഡിയേഷന്‍ ചികിത്സ കൊണ്ടു മാറ്റാനാകും. അല്ലെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ കണ്ണുമുഴുവനായും എടുത്തു മാറ്റേണ്ടി വരും.

കണ്‍പോളയുടെ രോഗങ്ങള്‍

കണ്ണിന്റെ പോളകളില്‍ ഉണ്ടാകുന്ന വീക്കം, കണ്ണുകടി, ചുവപ്പ്, കണ്ണിന്റെ വരള്‍ച്ച എന്നിവ ബ്ലെഫാറൈറ്റിസ് രോഗം കൊണ്ട് ഉണ്ടാകുന്നതാണ്. ഇതു നീണ്ടു നില്‍ക്കുന്ന രോഗമാണ്. തലയില്‍ താരനുള്ള ആളുകള്‍ക്ക് ഇത് ഉണ്ടാകാം. മുഖത്തു ധാരാളം ചുവന്നതടിപ്പു പോലുള്ള ത്വക്ക് രോഗമുള്ളവര്‍ക്കും ഈ രോഗം കണ്ടെന്നു വരാം. മൂന്നുതരം ബ്ലെഫാറൈറ്റിസ് ആണു കണ്ടു വരുന്നത്. പ്രതിരോധശക്തിയില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍. ഫംഗസ്, യീസ്റ്റ് എന്നിവ മൂലം സ്‌കാമസ് ബ്ലെഫാറൈറ്റിസ് വരാം. ബാക്ടീരിയല്‍ അണുക്കള്‍ കൊണ്ടാണ് അള്‍സറേറ്റീവ് ബ്ലെഫാറൈറ്റിസ് ഉണ്ടാകുന്നത്.

കണ്‍പോളകളില്‍ കാണുന്ന മെബോമിയന്‍ ഗ്രന്ഥിയുടെ സുഷിരങ്ങള്‍ അടഞ്ഞുപോകുന്നതു മൂലമാണ് പോസ്റ്റീരിയില്‍ ബ്ലെഫാറൈറ്റിസ് ഉണ്ടാകുന്നത്. പോളകളുടെ പരിചരണമാണു പ്രധാന ചികിത്സ. കിടക്കും മുമ്പ് ഒരു കഷണം പഞ്ഞി എടുത്തു ചെറു ചൂടുവെള്ളത്തില്‍ മുക്കി പിഴിഞ്ഞു കണ്ണടച്ചു രണ്ടു കണ്ണിലെയും പോളകള്‍ മൃദുലമായി മസാജ് ചെയ്യു ക. എന്നിട്ട് ആന്റിബയോട്ടിക് പുരട്ടുക. ഒരു ടീസ്പൂണ്‍ ബേബി ലോഷനില്‍ ഒരു ടീസ്പൂണ്‍ വെള്ളം ഒഴിച്ച് ജോണ്‍സണ്‍ സാബ് അതില്‍ മുക്കി പോളകളിലെ അഴുക്കും വെളുത്ത പൊടിയും തുടച്ചുമാറ്റുക. ശേഷം മരുന്ന് ഒഴിക്കുക. ഗുളികകളും ലഭ്യമാണ്.

കണ്‍കുരു പകരുമോ?

കണ്ണുനീര് പെട്ടെന്നു വറ്റിപ്പോകാതിരിക്കുവാന്‍ എണ്ണമയമായ ചില ദ്രാവകങ്ങള്‍ കണ്‍പോളകളിലുള്ള ഗ്രന്ഥികളിലുണ്ട്. ചില സമയങ്ങളില്‍ ഈ ഗ്രന്ഥികള്‍ അടഞ്ഞു പോവുകയും അണു സംക്രമണം ഉണ്ടാവുകയും ചെയ്യാം. അതിനെയാണു കണ്‍കുരു എന്നു പറയുന്നത്. ഇത് ഒരിക്കലും പകരുന്ന രോഗമല്ല. രണ്ടു തരത്തിലുള്ള കസസസസസസസസസണ്‍കുരുവാണ് ഉള്ളത്. വേദന യുള്ളതും (Stye) വേദനയില്ലാത്തതുമായ (Chalazion) കണ്‍കുരു ഉണ്ട്. പോളവീക്കം, വേദന, ഭാരം പ്രകാശത്തി ലേക്കു നോക്കുവാനുള്ള പ്രയാസം എന്നിവയാണ് രണ്ടു തരത്തിലുള്ള കണ്‍കുരുവിന്റെയും ലക്ഷണങ്ങള്‍. കുരുവില്‍ ചൂടുവയ്ക്കുക, കണ്ണു മസാജ് ചെയ്യുക, ആന്റി ബയോട്ടിക് തുള്ളിമരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ഒഴിക്കുക എന്നിവയാണ് പരിഹാരം. റിഫ്രാക്റ്റീവ് തകരാറുകള്‍ ഉള്ളവര്‍ക്കും പ്രമേഹ രോഗികള്‍ക്കും മൂത്രാശയ അണുബാധകളുള്ളവര്‍ക്കും കണ്‍കുരു പ്രധാനമായും കണ്ടു വരുന്നു. താരന്‍ കണ്‍കുരുവിന്റെ മറ്റൊരു കാരണമാണ്.

ഡ്രൈ ഐ തടയാന്‍ ഭക്ഷണം

കണ്ണിലെ ഗ്രന്ഥിയില്‍ നിന്ന് ഉല്‍പാദിപ്പിക്കപ്പെടുന്ന സ്രവമാണ് കണ്ണീര്. ഈ കണ്ണീരാണ് കണ്ണിനെ കഴുകി വൃത്തിയാ ക്കുന്നതും രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതും. അമിതമായി കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവരിലും ചില പ്രത്യേക മരുന്നുകള്‍ കഴിക്കുന്നവരിലും കണ്ണീരിന്റെ ഉല്‍പാദനം കുറയാം. ഇത് കണ്ണിന്റെ വരള്‍ച്ചയ്ക്കും കണ്ണു ചുവപ്പിനും തരുതരുപ്പിനും ഇടയാക്കും. ഇതാണ് ഡ്രൈ ഐ. പുതിയ പഠനങ്ങളനുസരിച്ച് മീനുകളിലും മറ്റുമുള്ള ഒമേഗ3, 6 ഘടക ങ്ങളുടെ കുറവും വരള്‍ച്ചയുണ്ടാക്കാം. ഡ്രൈ ഐ ഉള്ളവര്‍ക്ക് ഉപയോഗിക്കാന്‍ കണ്ണീരിനു പകരമുള്ള തുള്ളി മരുന്നുകളും ഓയിന്‍മെന്റുകളും ലഭ്യമാണ്.

കോങ്കണ്ണുള്ളവര്‍ക്ക് കാഴ്ച നഷ്ടമാകുമോ?

കോങ്കണ്ണിനെ പലരും ഒരു സൗന്ദര്യപ്രശ്‌നമായാണ് കാണുന്നത്. കുട്ടികളില്‍ കോങ്കണ്ണു കണ്ടാലും ഭയവും കാഴ്ചയ്ക്കു പ്രശ്‌നമുണ്ടാകില്ലെന്ന മിഥ്യാധാരണയും മൂലം ചികിത്സിക്കാന്‍ പോരാറില്ല. എന്നാല്‍ വേണ്ട സമയത്തു ചികിത്സിച്ചില്ലെ ങ്കില്‍ കോങ്കണ്ണുള്ള കണ്ണിന്റെ കാഴ്ച നഷ്ടമാകുമെന്ന സത്യം പലര്‍ക്കും അറിയില്ല. കോങ്കണ്ണുള്ള വ്യക്തി വസ്തുവിനെ നോക്കുമ്പോള്‍ ഒരു കണ്ണ് ആ വസ്തുവിലും മറ്റേ കണ്ണ് ദിശ മാറി മറ്റൊരു വസ്തുവിലും പതിക്കുന്നു. ഇത് രണ്ടു വസ്തു ക്കളുടെ ഇമേജ് ഉണ്ടാക്കുകയും അത് തലച്ചോറിന് ഉള്‍ക്കൊള്ളാന്‍ കഴിയാതെ വരികയും ചെയ്യുന്നു. കോങ്കണ്ണുള്ള കണ്ണിലെ കാഴ്ച തലച്ചോറ് അവഗണിക്കുന്നു. അങ്ങനെ പതിയെ ആ കണ്ണിലെ കാഴ്ച കുറഞ്ഞുവരും. കുട്ടിക്കാലത്തു വരുന്ന കോങ്കണ്ണ് ആ സമയത്തു ചികിത്സിച്ചില്ലെങ്കില്‍ മുതിരുമ്പോഴേക്കും ആ കണ്ണിന്റെ കാഴ്ച നഷ്ടമാകുമെന്നു സാരം. മുതിര്‍ന്നവരില്‍ പ്രമേഹം, ഉയര്‍ന്ന ബി പി, പരിക്കുകള്‍, തലച്ചോറിലെ ട്യൂമര്‍ എന്നിവ മൂലം കോങ്കണ്ണു വരാം. ഇവരില്‍ കോങ്കണ്ണിനു കാരണമായ അസുഖം തിരിച്ചറിഞ്ഞു ചികിത്സിക്കുകയും ഒരു കണ്ണ് അടച്ചുവച്ചുള്ള പരിശീലന ങ്ങള്‍ വിദഗ്ധസഹായത്തോടെ ചെയ്യുകയും വേണം. അസുഖം തുടങ്ങി ആറുമാസത്തിനു ശേഷവും ഭേദമായില്ലെങ്കില്‍ ശസ്ത്രക്രിയ വേണ്ടി വരാം

ഡോ. എസ് ടോണി ഫെര്‍ണാണ്ടസ്,

കണ്‍സള്‍ട്ടന്റ് ഒഫ്താല്‍മോളജിസ്റ്റ് + ചെയര്‍മാന്‍

ഡോ. ഫ്രെഡ്ഡി ടി. സൈമണ്‍

കണ്‍സള്‍ട്ടന്റ് ഒഫ്താല്‍മോളജിസ്റ്റ് +എം. ഡി

ടോണീസ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഐ ഇന്‍സ്റ്റിറ്റിയൂട്ട + ലാസിക് സെന്റര്‍, ആലുവ

കടുത്ത വെയില്‍ കാഴ്ചയെ മറയ്ക്കുന്നു

 

സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളും കാഴ്ചയ്ക്കു ഹാനികരമാണ്. സ്ഥിരമായി കടുത്ത വെയിലേല്‍ക്കുന്നവരില്‍ തിമിരവും റെറ്റിനയ്ക്കു നാശവും വരാനുള്ള സാധ്യത കൂടുത ലാണ്. കടുത്ത വെയിലില്‍ അധ്വാനിക്കുന്ന കൂലിവേലക്കാരില്‍ തിമിരം കൂടുവാനുള്ള ഒരു കാരണവും ഇതു തന്നെ. ഡോ. രാധാരമണന്‍ പറയുന്നു. യുവി പ്രോട്ടക്റ്റഡ് സണ്‍ഗ്ലാസുകള്‍ അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്നും കണ്ണിനെ സംരക്ഷിക്കും. പക്ഷേ, സാധാരണക്കാരെ സംബന്ധിച്ച് ഇതൊരു പ്രായോഗിക പരിഹാരമല്ല. കടുത്ത വെയിലില്‍ ജോലി ചെയ്യുന്നവര്‍ സൂര്യപ്ര കാശത്തിലെ ഹാനികരമായ കിരണങ്ങളില്‍ നിന്നും സംരക്ഷണം ലഭിക്കുന്ന രീതിയില്‍ ജോലി സാഹചര്യങ്ങള്‍ ക്രമീകരിക്കണം. ഇടയ്ക്കിടയ്ക്ക് ശുദ്ധജലത്തില്‍ കണ്ണു കഴുകണം. മുഖത്തേക്കു വെയിലേല്‍ക്കാത്ത തരം തൊപ്പികള്‍ ധരിക്കുന്നതും നല്ലതു തന്നെ.

വൈദ്യുതി ലാഭത്തിനായി നാമുപയോഗിക്കുന്ന സിഎഫ്എല്‍ ലാമ്പുകള്‍ കണ്ണിന് അപകടം സൃഷ്ടിക്കുമെന്നുള്ള ചില പഠനങ്ങള്‍ ആശങ്ക പരത്തിയിരുന്നു. ചില പഠനഫലങ്ങള്‍ സൂചിപ്പിക്കുന്നത് സിഎഫ്എല്‍ ലൈറ്റുകള്‍ കണ്ണിനു ദോഷ കരമാണെന്നാണ്, പക്ഷേ സിഎഫ്എല്‍ ലൈറ്റുകള്‍ സൃഷ്ടിക്കുന്ന അപകടം എത്രത്തോളമുണ്ടെന്നോ എന്താണെന്നോ വ്യക്തമായി ഉറപ്പിച്ചു പറയാന്‍ ഒരു ദീര്‍ഘകാല പഠനം കൂടിയേ തീരൂ. ഡോ. രാധാ രമണന്‍ പറയുന്നു. നാഷണല്‍ പെര്‍മിറ്റ് ലോറികളിലെ ഡ്രൈവര്‍മാരുടെയിടയില്‍ തിമിരം കൂടുതല്‍ കണ്ടു വരുന്നതായി നിരീക്ഷിച്ചിട്ടുണ്ട്. വാഹനങ്ങളിലുപയോഗിക്കുന്ന ലൈറ്റുകളാണ് ഇവിടെ വില്ലന്‍. അനുവദനീയമായതിലും ഉയര്‍ന്ന പവറുള്ളതോ എക്‌സ്ട്രാ ഹാലൊജന്‍ ആയിട്ടുള്ളതോ ആയ ലൈറ്റുകള്‍ പതിവായി കണ്ണിലടിക്കുന്നത് കാഴ്ച മങ്ങാനിടയാക്കും. പുകവലിയാണ് മറ്റൊരു വില്ലന്‍. പുകവലിക്കുന്നവര്‍ക്ക് ഏജ് റിലേറ്റഡ് മാക്യുലര്‍ ഡീ ജനറേഷനും തിമിരവും വരാമെന്ന് പഠനങ്ങള്‍ പറയുന്നു. നമ്മുടെ ജീവിതരീതിയുടെ പ്രതിഫലനമാണ് കണ്ണുകള്‍. അതുകൊണ്ട് ജീവിതശൈലി ആരോഗ്യപൂര്‍ണ മായാല്‍ കണ്ണും കാഴ്ചയും നന്നായിരിക്കും എന്നും.

പ്രതിരോധം ഭക്ഷണത്തിലൂടെ

പ്രായമാകുന്നവരില്‍ വരുന്ന കണ്ണുരോഗമായ ഏജ് റിലേറ്റഡ് മാക്യുലര്‍ ഡീ ജനറേഷന്‍ പ്രതിരോധിക്കാന്‍ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഭക്ഷണം സഹായിക്കും. യു എസ് ഡി എ ഹ്യൂമന്‍ ന്യൂട്രീഷന്‍ റിസര്‍ച്ച് സെന്റര്‍ ഓണ്‍ ഏജിങ് നടത്തിയ പഠനമനുസരിച്ച് അസ്‌കോര്‍ബേറ്റ്, ടോക്കോഫെറോള്‍, ചില തരം കരോട്ടിനോയ്ഡുകള്‍ എന്നിവ തിമിരം പ്രതിരോധിക്കും. ല്യൂട്ടിന്‍, സെസാന്തിന്‍ എന്നീ കരോട്ടിനോയ്ഡുകളാണ് ഏറ്റവും ഗുണകരം. പച്ചനിറമുള്ള പച്ചക്കറികള്‍, പച്ചിലക്കറികള്‍, മുട്ടയുടെ മഞ്ഞ, ചോളം, മുന്തിരി, സ്പിനാച്ച്, ഓറഞ്ച് എന്നിവ ഇവയുടെ കലവറയാണ്.

കുട്ടികളിലെ ടിവി കാഴ്ച അപകടം

ടിവി ഓണ്‍ ചെയ്തു വച്ച് കുട്ടിയെ അതിനു മുമ്പില്‍ ഇരുത്തുന്ന ശീലം പല അമ്മമാര്‍ക്കുമുണ്ട്. എന്നാല്‍ ഇതിന്റെ പ്രത്യാഘാതം വലുതാണ്. അമിതമായ ടിവി കാഴ്ച തലച്ചോറിന്റെ വികാസത്തെ മാത്രമല്ല, കണ്ണിന്റെ ആരോഗ്യത്തേയും ബാധിക്കും. ഡോ. സുശീല പ്രഭാകരന്‍ പറയുന്നു. ദിവസം മൂന്നു മണിക്കൂറിലധികം സമയം ടിവി, വീഡിയോ ഗെയിം, കംപ്യൂട്ടര്‍ എന്നിവ ഉപയോഗിക്കുന്ന കുട്ടികള്‍ക്ക് കാഴ്ച പ്രശ്‌നമുണ്ടാകാന്‍ സാധ്യതയേറെയാണ്. ഇത്തരം പ്രശ്‌നങ്ങള്‍ വന്നാലും തിരിച്ചറിയാത്തതുകൊണ്ട് കുട്ടികള്‍ പരാതിപ്പെടാറില്ല. സ്‌ക്രീനിനു മുന്നിലിരിക്കുന്ന സമയം കൂടുന്നതോടെ കളിയും കായികപ്രവര്‍ത്തനങ്ങളും കുറയുന്നു. ഇതും കണ്ണിന്റെ ആരോഗ്യം കുറയ്ക്കും. ഡോക്ടര്‍ പറയുന്നു. രണ്ടു വയസിനു മുകളിലുള്ള കുട്ടികള്‍ ദിവസം ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രം ടിവി കാണുന്നതാണ് അഭികാമ്യം.

കണ്ണു സംരക്ഷിക്കേണ്ടത് ഇങ്ങനെ

 • ഒന്നോ രണ്ടോ വര്‍ഷം കൂടുമ്പോള്‍ കണ്ണു പരിശോധിപ്പിക്കുക. സ്ത്രീകളില്‍ ആര്‍ത്തവവിരാമശേഷം നിര്‍ബന്ധമായും കണ്ണു പരിശോധന വേണം.
 • ഭക്ഷണത്തിലെ മാറ്റങ്ങള്‍ പ്രധാനം. ഫാസ്റ്റ് ഫുഡും, ജങ്ക് ഫുഡും ഒഴിവാക്കണം. കണ്ണു സംരക്ഷിക്കുന്ന ആന്റി ഓക്‌സിഡന്റുകളടങ്ങിയ ഡയറ്റ് കഴിക്കാം.
 • കൃത്യമായി വേണ്ട പവറുള്ള കണ്ണട മാത്രം ധരിക്കുക. പവര്‍ കൂടിയതോ കുറഞ്ഞതോ ആയ കണ്ണട ഒഴിവാക്കണം. ഇടയ്ക്കിടയ്ക്ക് കണ്ണിന്റെ പവര്‍ പരിശോധിക്കണം.
 • കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ജോലിക്കിടയില്‍ കണ്ണിനു റിലാക്‌സ് ചെയ്യാന്‍ അവസരം നല്‍കുക. ഇമ ചിമ്മല്‍ കൂട്ടുക. കഴിവതും ഏസി ഉപയോഗം കുറയ്ക്കുക.
 • വെറുതേയിരിക്കുന്ന സമയം കുറയ്ക്കുക. ദിവസവും വ്യായാമം ചെയ്യുക. സിഡ്‌നി യൂണിവേഴ്‌സിറ്റി പഠനമനുസരിച്ച് വ്യായാമമില്ലായ്മ കണ്ണിലെ രക്തക്കുഴലുകളെ ചുരുക്കുന്നു.
 • പുകവലി ഉപേക്ഷിക്കുക. പുകവലിക്കുന്നവര്‍ക്ക് കണ്ണിനു ഗുരുതരമായ രോഗങ്ങള്‍ വരാം. കാഴ്ച നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. മദ്യപാനവും അപകടകരം തന്നെ.
 • കണ്ണും തലച്ചോറുമായി അഭേദ്യമായ ബന്ധമുണ്ട്. അതിനാല്‍ വിഷാദവും പിരിമുറുക്കവും മൂലം നാഡീവ്യൂഹത്തില്‍ വരുന്ന മാറ്റങ്ങള്‍ കാഴ്ചയേയും ബാധിക്കാം.
 • പച്ചവെള്ളം കണ്ണിനു കണ്‍കണ്ട ഔഷധമാണ്. രാവിലേയും വൈകുന്നേരവും പ്രാര്‍ഥനാ സമയങ്ങളിലും കയ്യും മുഖവും കഴുകുന്ന ശീലം തിരികെ കൊണ്ടുവരാം.

ഡോ. ബി. രാധാരമണന്‍
ഹെഡ് ഒഫ് ഗ്ലോക്കോമ സര്‍വിസസ് ലിറ്റിര്‍ ഫ്‌ളവര്‍ ഹോസ്പിറ്റല്‍ അങ്കമാലി

കടപ്പാട്-http:www.gopur.in

3.09523809524
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top