തിളക്കത്തോടെ പുഞ്ചിരിക്കുന്ന കണ്ണുകള്‍ ആരോഗ്യത്തെ സൂചിപ്പിക്കുന്നു. കണ്ണിന്റെ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കാന്‍ ആയുര്‍വേദ പരിഹാരങ്ങള്‍.

പഞ്ചേന്ദ്രിയങ്ങളില്‍ വച്ച് ഏറ്റവും മനോഹരമായ അവയവമാണ് കണ്ണുകള്‍. ഒരു വ്യക്‌തിയുടെ മനസ് അയാളുടെ കണ്ണുകളില്‍ വായിച്ചറിയാം. തിളക്കത്തോടെ പുഞ്ചിരിക്കുന്ന കണ്ണുകള്‍ ആരോഗ്യത്തെ സൂചിപ്പിക്കുന്നു.

കണ്ണുകളില്ലാത്ത ഒരവസ്‌ഥയെക്കുറിച്ച് ചിന്തിക്കാനേ സാധ്യമല്ല. ഈ ലോകത്തിന്റെ മനോഹാരിത മുഴുവന്‍ ഒപ്പിയെടുക്കാന്‍ മനുഷ്യനേത്രങ്ങള്‍ക്കാകും.

ആധുനിക ജീവിത ശൈലിയിലെ സമ്മര്‍ദങ്ങള്‍, ഉത്‌ക്കണ്‌ഠ, മാനസികപിരിമുറുക്കം, ഭക്ഷണക്രമം, മദ്യപാനം, പുകവലി, പൊടിയും പുകയും നിറഞ്ഞ വഴികളിലൂടെയുള്ള യാത്ര തുടങ്ങിയ പ്രതികൂല ഘടകങ്ങളോട് പോരാടി നമ്മുടെ കാഴ്‌ചയെ കാക്കുന്ന കണ്ണുകളുടെ പരിപാലനത്തിന് പ്രത്യേക ശ്രദ്ധയും പരിചരണവും വേണം.

വീട്ടുമുറ്റത്തെ ഔഷധക്കൂട്ട്

1. മൂന്ന് അല്ലെങ്കില്‍ നാല് നന്ത്യാര്‍വട്ടപ്പൂക്കള്‍ ശുദ്ധജലത്തിലിട്ട് രാത്രി മുഴുവന്‍ വയ്‌ക്കുക. പിറ്റേന്ന് പൂവ് മാറ്റിയ ശേഷം ഈ വെള്ളം കൊണ്ട് കണ്ണ് കഴുകുക. നേത്രരോഗങ്ങള്‍ തടയാനും കണ്ണിന്റെ തിളക്കവും ആരോഗ്യവും നിലനിര്‍ത്താനും സാധിക്കും.
2. വെള്ളരി, ഉരുളക്കിഴങ് ഇവയിലേതെങ്കിലും മുറിച്ച് കണ്ണിന് മീതെ വച്ച് പതിനഞ്ച് മിനിറ്റ് നേരം കിടക്കുക. കണ്ണിനു കുളിര്‍മ ലഭിക്കും.
3. കാരറ്റും ഉരുളക്കിഴങ്ങും സമം അരച്ച് കുഴമ്പു രൂപത്തിലാക്കി കണ്ണിനു ചുറ്റും പുരട്ടുക. കണ്‍തടങ്ങളുടെ സൗന്ദര്യം വര്‍ധിക്കും.

4. പാണലിന്റെ ഇളം കുരുന്ന് തിരുമി കുളിക്കുന്ന വെള്ളത്തിലിടുക. നേത്രരോഗങ്ങള്‍ക്ക് നന്ന്.
5. കാരറ്റ് നീര് തേന്‍ ചേര്‍ത്ത് പതിവായി കണ്ണിനടിയില്‍ പുരട്ടി പത്ത് മിനിറ്റിനു ശേഷം കഴുകിക്കളയുക.
6. പച്ചമല്ലി ചതച്ചിട്ട് തിളപ്പിച്ച വെള്ളം ആറിയ ശേഷം അരിച്ചെടുത്ത് കണ്ണിലൊഴിക്കുക.
7. കണ്ണിനു താഴെയായി പ്രത്യക്ഷപ്പെടുന്ന സഞ്ചിപോലുള്ള ഭാഗത്ത് ഉരുളക്കിഴങ്ങ് നീര് പുരട്ടുക. വീക്കം മാറുവാനും കണ്ണുകളുടെ ക്ഷീണമകറ്റാനും ഇത് പ്രയോജനപ്പെടും.

8. ദിവസവും കരിക്കിന്‍ വെള്ളം കൊണ്ട് കണ്ണു കഴുകുക.
9. ഓരോ തുള്ളി ഓറഞ്ച് നീര് കണ്ണില്‍ വീഴ്‌ത്തുക.
10. തണുത്ത പാലില്‍ പഞ്ഞി മുക്കി കണ്ണിനു മീതെ വയ്‌ക്കുക. കണ്ണിനു കുളിര്‍മ ലഭിക്കും.
11. ദിവസം നാലോ, അഞ്ചോ പ്രാവശ്യം ശുദ്ധമായ തണുത്ത ജലം ഉപയോഗിച്ച് കണ്ണുകള്‍ കഴുകുക.

12. എന്നും രാവിലെ ശുദ്ധമായ പനിനീരോ, തുളസിനീരോ ഓരോ തുള്ളി വീതം കണ്ണിലിറ്റിക്കുന്നത് കാഴ്‌ചയ്‌ക്ക് നല്ലതാണ്.
13. മുരിങ്ങത്തളിര് പിഴിഞ്ഞ നീര് തേന്‍ ചേര്‍ത്ത് കണ്ണെഴുതുക. കാഴ്‌ച ശക്‌തി വര്‍ധിക്കും.
14. രണ്ട് ടീസ്‌പൂണ്‍ മുരിങ്ങയില നീര് അല്ലെങ്കില്‍ ഉലുവ പതിവായി കഴിക്കുക.
15. കിടക്കാന്‍ നേരം ത്രിഫലപ്പൊടി തേനും നെയ്യും ചേര്‍ത്ത് കഴിക്കുക.

16. ഇളനീര്‍ കുഴമ്പ് പുരട്ടിയാല്‍ കണ്ണിലെ മാലിന്യങ്ങള്‍ നീങ്ങി കണ്ണ് ശുദ്ധമാകും.
17. പാദങ്ങളിലെ ചില നാഡികള്‍ കണ്ണുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ കുളിക്കുന്നതിനു മുമ്പായി കാലിനടിയില്‍ എണ്ണ പുരട്ടി മൃദുവായി മസാജ് ചെയ്യുന്നത് കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്. കാലുകള്‍ കഴുകി വൃത്തിയായി സൂക്ഷിക്കുക. പാദങ്ങള്‍ക്ക് ആഘാതം ഏല്‍ക്കാതെ ശ്രദ്ധിക്കുക.
18. നിത്യവും കണ്ണെഴുതുക. നേത്രത്തില്‍ അടിഞ്ഞുകൂടി ക്രമേണ നേത്രരോഗത്തിന് കാരണമായേക്കാവുന്ന അഴുക്കുകളെ ഫലപ്രദമായി പുറത്തുകളഞ്ഞ് കണ്ണ് ശുദ്ധമാക്കുന്നു.
19. അണുതൈലം ഒരോ തുള്ളി വീതം ദിവസവും മൂക്കിലൊഴിച്ചാല്‍ കണ്ണിന്റെ ആരോഗ്യം വര്‍ധിക്കും.

കണ്ണിനു ചുറ്റും കറുപ്പു നിറം

1. മൂക്കാത്ത വെള്ളരി മുറിച്ച് തണുപ്പിച്ച് ദിവസവും പത്ത് മിനിറ്റ് നേരം കണ്ണിനു മേല്‍ വച്ച് വിശ്രമിക്കുക.
2. ഒലിവ് ഓയിലും പുതിനയിലയും തേനും ചേര്‍ത്തരച്ച് രാത്രി കണ്ണിനു താഴെ പുരട്ടുക.
3. കുമ്പളങ്ങയുടെ വിത്ത് നന്നായി ഉണക്കിപ്പൊടിച്ച് ഉണക്കമുന്തിരി ചേര്‍ത്തരച്ച് കണ്ണിനു ചുറ്റും പുരട്ടുക.

4. തക്കാളിനീരും നാരങ്ങാനീരും തമ്മില്‍ കലര്‍ത്തി കണ്ണിനു ചുറ്റും പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക.
5. പാലും നേന്ത്രപ്പഴവും അരച്ച് കണ്‍തടങ്ങളില്‍ പുരട്ടുക.
6. തേന്‍ പുരട്ടുക.
7. കസ്‌തൂരി മഞ്ഞളും രക്‌തചന്ദനവും തുല്യമായി അരച്ച് പുരട്ടുക.

8. ഇളം ചൂടുവെള്ളത്തില്‍ മുക്കിയ തുണി ചൂട് മാറും വരെ കണ്ണിനു മുകളില്‍ വയ്‌ക്കുക.
9. താമരപ്പൂവിനകത്തെ അരി അരച്ച് കണ്ണിനു ചുറ്റും പുരട്ടുക.
10. പശുവിന്‍ നെയ്യ് പുരട്ടുക.
11. ഉരുളക്കിഴങ്ങ് നീര് പഞ്ഞിയില്‍ മുക്കി കണ്‍തടങ്ങളില്‍ പുരട്ടുക.

കണ്ണിന് നിറവും തിളക്കവും

1. നാല് ടേബിള്‍ സ്‌പൂണ്‍ മഞ്ഞള്‍പ്പൊടി 4 ഗ്ലാസ് വെള്ളത്തില്‍ തിളപ്പിക്കുക. ആറിയ ശേഷം അരിച്ചെടുത്ത് പലപ്രാവശ്യം കണ്ണ് കഴുകുക. പതിവായി ചെയ്‌താല്‍ കണ്ണിന്റെ തിളക്കം വര്‍ധിക്കും.
2. ആവണക്ക് തൊലി, ഇല, ഞെട്ട്, വേര് ഇവ സമം എടുത്ത് നീരെടുക്കുക. ഇതില്‍ ആട്ടിന്‍ പാലും വെള്ളവും ചേര്‍ത്ത് കഷായം വച്ച് കണ്ണുതുറന്ന് പിടിച്ച് മുഖം കഴുകുക.

3. കണ്‍തടങ്ങളില്‍ ബദാം എണ്ണ പുരട്ടി മൃദുവായി മസാജ് ചെയ്‌താല്‍ ചുളിവുകള്‍ അകറ്റാം.
4. രാത്രി കിടക്കാന്‍ നേരം ആവണക്കെണ്ണ കണ്‍പീലിയില്‍ പുരട്ടിയാല്‍ കൊഴിച്ചില്‍ മാറിക്കിട്ടും. പീലി വളരുകയും ചെയ്യും.

പുരികത്തിന്റെ ഭംഗിക്ക്

1. ആര്യവേപ്പില അരച്ചെടുത്ത് പുരികത്തില്‍ പുരട്ടുക. ഈ ഇലയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് തല കഴുകുക.
2. പാല്‍പ്പാടയും ആവണക്കെണ്ണയും ചേര്‍ത്ത് പുരികത്തില്‍ പുരട്ടുക.
3. രാവിലെ വെറുംവയറ്റില്‍ പത്ത് ആര്യവേപ്പില കഴിക്കുക.
4. രാത്രി കിടക്കും മുമ്പ് ചെറുതായി ചൂടാക്കിയ ആവണക്കെണ്ണ അല്ലെങ്കില്‍ നല്ലെണ്ണ പുരികങ്ങളില്‍ പുരട്ടുക. പുരികത്തിന്റെ കട്ടി കൂടി നന്നായി തഴച്ച് വളരും.

കണ്‍കുരു മാറാന്‍

1. കടുക്ക തേനിലരച്ച് പുരട്ടുക.
2. പൂവാം കുറുന്തല്‍ പൂവ് ഇട്ട് വെള്ളം തിളപ്പിച്ച് ഏഴു ദിവസം കണ്ണു കഴുകുക.
3. മാവിലയുടെ ഞരമ്പ് ഒരു കലത്തിലിട്ട് മൂടി തീ കത്തിച്ച് ഭസ്‌മമാക്കി വെള്ളത്തില്‍ കുഴച്ച് പുരട്ടുക.
4. ഇരട്ടി മധുരം തേനില്‍ ചാലിച്ച് പുരട്ടുക.
5. തഴുതാമവേര് തേനിലരച്ച് കണ്‍പോളയില്‍ പുരട്ടുക.

കണ്ണിന്റെ വേദന

1. നന്ത്യാര്‍വട്ടത്തിന്റെ കായ ഇടിച്ചു പിഴിഞ്ഞ നീര് കറിവേപ്പില നീരില്‍ ചാലിച്ച് കണ്ണിലെഴുതാം. വേദന മാറും.
2. നന്ത്യാര്‍വട്ട നീര് മുലപ്പാല്‍ ചേര്‍ത്ത് കണ്ണിലൊഴിക്കുക.
3. ചെത്തിമൊട്ട് ചതച്ചു പിഴിഞ്ഞ നീര് മുലപ്പാലില്‍ ചേര്‍ത്ത് കണ്ണെഴുതുക.

4. മുരിങ്ങ നീരും തേനും ചേര്‍ത്ത് കണ്ണെഴുതുക.
5. ഒരു ഗ്ലാസ് വെള്ളത്തില്‍ മൂന്ന് ഗ്രാം പടിക്കാരം പൊടിച്ച് കലക്കി അരിച്ച് നിത്യവും രണ്ടുനേരം രണ്ടു തുള്ളിവീതം കണ്ണിലൊഴിക്കുക.
6. പച്ചമല്ലി ചതച്ചിട്ട് വെള്ളം തിളപ്പിച്ച് ആറിയശേഷം അരിച്ചെടുത്ത് കണ്ണിലൊഴിക്കുക.

കണ്ണില്‍ കരട് വീണാല്‍

1. ഒരു തുള്ളി ആവണക്കെണ്ണ കണ്ണിലൊഴിക്കുക.
2. ത്രിഫല കാഷായം കൊണ്ട് കഴുകുക.
3. മുലപ്പാല്‍ കണ്ണിലിറ്റിക്കുക.
4. കണ്ണില്‍ കരട് പോയാല്‍ തിരുമ്മരുത്. മൃദുവായി ഊതുക. ശുദ്ധമായ തുണികൊണ്ട് ഒപ്പിയെടുക്കുകയോ, ശുദ്ധജലം ഉപയോഗിച്ച് കഴുകുകയോ ചെയ്യുക.

അല്‍പം ശ്രദ്ധ

1. കണ്ണിന്റെ തിളക്കവും അഴകും നിലനിര്‍ത്താന്‍ ദിവസവും ആറ്, എട്ട് മണിക്കൂര്‍ ഉറങ്ങണം. പകലുറക്കം, രാത്രി ഉറക്കമിളയ്‌ക്കല്‍ എന്നിവ ഒഴിവാക്കുക.
2. ഉത്‌ക്കണ്‌ഠ, മാനസിക പിരിമുറുക്കം, മദ്യപാനം, പുകവലി ഇവ ഒഴിവാക്കുക.
3. വെയിലത്തുനിന്നും വന്നയുടനെ തണുത്ത വെള്ളത്തില്‍ കുളിക്കരുത്. തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നതും ഒഴിവാക്കുക.

4. പുസ്‌തകം വായിക്കുമ്പോള്‍ മുറിയില്‍ ആവശ്യത്തിന് വെളിച്ചം ഉണ്ടായിരിക്കാന്‍ ശ്രദ്ധിക്കണം. പുസ്‌തകം കണ്ണില്‍ നിന്നും കുറഞ്ഞത് പതിനഞ്ച് പതിനാറ് ഇഞ്ച് അകലത്തില്‍ പിടിക്കുക. മങ്ങിയ വെളിച്ചത്തിലും യാത്ര ചെയ്യുമ്പോഴും വായിക്കരുത്.
5. കമ്പ്യൂട്ടറില്‍ ജോലി ചെയ്യുന്നവര്‍ സ്‌ക്രീനിന്റെ വെളിച്ചം കണ്ണിന് അനുയോജ്യമായ രീതിയില്‍ ക്രമീകരിക്കുക. സ്‌ക്രീന്‍ മുഖത്തിന് നേരെ അല്ലെങ്കില്‍ ഒരല്‍പം താഴ്‌ത്തി വയ്‌ക്കുക. കണ്ണട ഉപയോഗിക്കുക.
6. അരമണിക്കൂര്‍ കഴിയുമ്പോള്‍ കണ്ണുകള്‍ക്ക് വിശ്രമം കൊടുക്കുക.

7. മുഖത്തു പുരട്ടുന്ന സൗന്ദര്യ വസ്‌തുക്കള്‍ കണ്ണിനടിയില്‍ പുരട്ടരുത്. ഇവ ഉണങ്ങി വലിഞ്ഞാല്‍ കണ്ണിനടിയിലെ ചര്‍മത്തില്‍ പാടുകള്‍ വീഴാം.
8. യാത്ര ചെയ്യുമ്പോള്‍ സണ്‍ഗ്ലാസ് ഉപയോഗിക്കുക. കണ്ണില്‍ പൊടിയും വെയിലും ഏല്‍ക്കാതെ സംരക്ഷിക്കുക.
9. കണ്ണിന്റെ സൗന്ദര്യ വര്‍ധനവിനായി നിരവധി വസ്‌തുക്കള്‍ വിപണിയില്‍ ലഭ്യമാണ്. ഇവ ഉപയോഗിക്കുമ്പോള്‍ ഗുണമേന്മയുള്ള ബ്രാന്‍ഡ് ഉത്‌പന്നങ്ങള്‍ വാങ്ങിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

10. മറ്റുള്ളവരുടെ സോപ്പ്, തോര്‍ത്ത്, സൗന്ദര്യവര്‍ധക വസ്‌തുക്കള്‍ എന്നിവ ഉപയോഗിക്കാതിരിക്കുക.
11. ആഹാരദഹനത്തിന്റെ ക്രമക്കേട് നേത്രരോഗങ്ങള്‍ക്ക് കാരണമാകാം. അതിനാല്‍ വിരുദ്ധാഹാരം, സമയം തെറ്റിയ ആഹാരരീതി ഇവ ഒഴിവാക്കി ചിട്ടയായ ആഹാരക്രമം ശീലിക്കുക.

കണ്ണിന്റെ സൗന്ദര്യത്തിന് ശരിയായ ഭക്ഷണം

1. വെള്ളരി നീര് ഒരു ഗ്ലാസ് പതിവായി കഴിക്കുക.
2. ദിവസവും ഇരുപത് മില്ലി ലിറ്റര്‍ നെല്ലിക്കാനീര് കുടിക്കുകവഴി കണ്ണുകള്‍ തിളക്കമുള്ളതാകും.
3. കാരറ്റ് അരിഞ്ഞുണങ്ങി പൊടിച്ച്‌് ഒരു ടേബിള്‍ സ്‌പൂണ്‍ വീതം പതിവായി കഴിക്കുക.

4. മുരിങ്ങയില തോരന്‍ പതിവായി കഴിക്കുക.
5. വിറ്റാമിന്‍ എ, ഇ, സി അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം ഉപയോഗിക്കുക.
6. ചീര, പച്ച ബീന്‍സ്, കാരറ്റ്, പച്ചക്കറികള്‍, ചെറുപയര്‍, തക്കാളി, കാബേജ്, മുട്ട, പാല്‍, വെണ്ണ, മുന്തിരി, ചോളം, ഓറഞ്ച്, ആപ്പിള്‍, ഉണങ്ങിയ ആപ്രിക്കോട്ട്, മാതളനാരങ്ങ ഇവ ധാരാളം കഴിച്ചാല്‍ കണ്ണുകള്‍ക്ക് നല്ല തിളക്കവും നിറവും കിട്ടും.

7. കൂടുതല്‍ ഉപ്പ്, പുളി, എരിവ് എന്നിവ ഒഴിവാക്കുക. കൃത്രിമ പാനീയങ്ങള്‍, ഫാസ്‌റ്റ് ഫുഡ്, ജങ്ക് ഫുഡ് ഇവ ഒഴിവാക്കുക. ദിവസവും തവിട് കഴിച്ചാല്‍ കണ്‍പീള അടിയുന്നത് ഒഴിവാക്കാം. തഴുതാമ നീര് അരിച്ചെടുത്ത് മുലപ്പാല്‍ ചേര്‍ത്ത് കണ്ണിലെഴുതിയാല്‍ ചൊറിച്ചില്‍ മാറും.
8. നെയ്യ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
കണ്ണിനുള്ളില്‍ ഒഴിക്കുന്ന ഔഷധങ്ങള്‍ ഒരു വിദഗ്‌ധനായ ആയുര്‍വേദ ഡോട്‌റുടെ നിര്‍ദേശപ്രകാരം മാത്രം ഉപയോഗിക്കുക.

കടപ്പാട് : ഡോ. സന്ധ്യ ബിസ്
ഗുപ്‌താസ് ആയുര്‍വേദ സെന്റര്‍, വൈക്കം