Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കണ്ണിന് ആരോഗ്യം

കണ്ണിന്റെ ആരോഗ്യത്തെ സംബന്ധിക്കുന്ന വിവരങ്ങൾ

കണ്ണിനെ ബാധിക്കുന്ന 10 പ്രധാന ആരോഗ്യ പ്രശ്നങ്ങളും അവയുടെ പരിഹാരങ്ങളും അറിയുക.കണ്ണിനുണ്ടാകുന്ന അസ്വസ്ഥതകളുടെ കാരണങ്ങൾ പലപ്പോഴും ആദ്യഘട്ടത്തിൽ നമ്മള്‍ തിരിച്ചറിയാറില്ല. അസ്വസ്ഥതകൾ വര്‍ധിച്ച് കാര്യങ്ങൾ ഗുരുതരമായിക്കഴിയുമ്പോഴാണ് പലരും ആശുപത്രിയിലെത്തുക. കണ്ണിനെ ബാധിക്കുന്ന പ്രശ്നങ്ങൾ നേരത്തെ തിരച്ചറിയാം. ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് കണ്ണിനെ രക്ഷിക്കാനും അസ്വസ്ഥതകള്‍ അകറ്റാനും ശ്രദ്ധയും പരിചരണവും നൽകാം.

കണ്ണില്‍ കുരു വന്നാൽ എന്തു ചെയ്യണം ?

കൺപോളയിലെ ഗ്രന്ഥിയിൽ ഉണ്ടാകുന്ന അണുബാധയാണ് നമ്മൾ കൺകുരു എന്നു വിളിക്കുന്നത്. കുരുവുണ്ടാകാൻ പല കാരണങ്ങളുണ്ടാകാം.. സ്ഥിരമായി കണ്ണട ഉപയോഗിക്കേണ്ടവർ കണ്ണട വയ്ക്കാതിരുന്നാലും തലയിലെ താരനും പ്രമേഹം നിയന്ത്രിക്കാത്തതുമെല്ലാം കുരുവിന് കാരണമാകാറുണ്ട്. കുരു ഒരിക്കലും കൈ കൊണ്ട് ഞെക്കിയോ അമർത്തിയോ പൊട്ടിക്കരുത്. കണ്ണിലേക്കും തലച്ചോറിലേക്കുമുള്ള രക്ത പ്രവാഹം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നത് കൊണ്ട് കുരു പൊട്ടിച്ചാലുണ്ടാകുന്ന അണുബാധ തലച്ചോറിലേക്കു പടരാനും ബ്രയിൻ ഫീവർ വരെ ആകാനും സാധ്യതയുണ്ട്. അതു കൊണ്ട് കുരു കണ്ടു തുടങ്ങുമ്പോള്‍ തന്നെ നേർത്ത തുണി ചൂടുവെള്ളത്തിൽ മുക്കി കുരുവിന് മീതെ വയ്ക്കാം. കുരുവിനകത്തെ ദ്രാവകം തനിയെ പുറത്തു പോകും. അതിനു ശേഷം ആവശ്യമുണ്ടെങ്കിൽ ആന്റീബയോട്ടിക് ഐ ഡ്രോപ്പ് ഒഴിക്കാം. രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഓയിന്റ്മെന്റു പുരട്ടുകയും ആവാം. ഒന്നു രണ്ട് ആഴ്ചയ്ക്കു ശേഷവും കൺകുരു മാറിയില്ലെങ്കിൽ കണ്ണിന് സർജറി (Incision and Curettage or I&C) വേണ്ടി വരും. ചൂടു കാലത്ത് കൈയിൽ അഴുക്കു പറ്റുന്നത് കൂടുമെന്നതു കൊണ്ട് കൈ കൊണ്ട് കണ്ണു തിരുമ്മുകയും മറ്റും ചെയ്യുന്നത് കഴിയുന്നതും ഒഴിവാക്കണം. ‍

കടുത്ത ചൂടിൽ നിന്ന് കണ്ണിനെ രക്ഷിക്കാൻ എന്തൊക്കെ ചെയ്യണം ?

ചൂടിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് അൾട്രാ വയലറ്റ് രശ്മികൾ ഏൽക്കാതെ നോക്കാനാണ്. പ്രായമേറിയവർ അൾട്രാവയലറ്റ് രശ്മികളേറ്റാൽ കണ്ണിലെ ഞരമ്പുകൾ കേടു വരാം. അതുകൊണ്ട് വേനൽക്കാലത്ത് നട്ടുച്ചകളിലും മറ്റും വെയിലത്തിറങ്ങുന്നതും കണ്ണിൽ വെയിലു കൊള്ളുന്നതും കഴിയുന്നതും ഒഴിവാക്കണം.

പൊതുവേ നമ്മുടെ നാട്ടിൽ സൺഗ്ലാസ് ഉപയോഗിക്കുന്നവർ കുറവാണ്. സണ്‍ഗ്ലാസ് ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ് എന്നറിയാവുന്നവർ പോലും അതുപയോഗിക്കാൻ മടിക്കുന്നതു കാണാം. വേനൽക്കാലത്ത് ശുദ്ധ ജലത്തിൽ ഇടയ്ക്കിടെ കണ്ണുകൾ കഴുകുന്നത് നല്ലതാണ്.

വെയിലത്ത് കുട പിടിക്കുന്നത് 90 % പ്രശ്നങ്ങളും ഇല്ലാതാക്കും. തൊപ്പി കൂടി വച്ചാൽ കൂടുതൽ സുരക്ഷിതമാകും. ഹെൽെമറ്റ് ധരിച്ച് വണ്ടിയോടിക്കുമ്പോഴും സ്ക്രീൻ താഴ്ത്തിയിട്ടാൽ കണ്ണിൽ വെയിൽ തട്ടില്ല. സൺഗ്ലാസിനു പകരം പ്ലെയിൻ ഗ്ലാസ് ധരിച്ചാൽ പോലും 70-80% അൾട്രാവയലറ്റ് രശ്‍മികളിൽ നിന്ന് സംരക്ഷണം കിട്ടും. കറുത്തഗ്ലാസ് കൂടുതൽ ഫലം നൽകുമെന്ന് മാത്രം.

കോങ്കണ്ണ് മാറ്റാൻ പറ്റുമോ ?

ത്രിമാനരീതിയിൽ കാണാൻ രണ്ടു കണ്ണും ഒരേ സമയത്ത് പ്രവർത്തിക്കണം. തലച്ചോറിന്റെയും നാഡികളുടെയും സഹായമുണ്ടെങ്കിലേ കണ്ട കാര്യങ്ങളെ തിരിച്ചറിയാൻ കഴിയൂ. എട്ട് വയസ്സിനുള്ളിൽ കണ്ണിന്റെ വളർച്ചയും വികാസവും പൂർത്തിയാകും . അങ്ങനെയല്ലാതെ വന്നാൽ തലച്ചോറിന് ത്രിമാനരീതിയിൽ‍ കാണാൻ കഴിയില്ല. അതുകൊണ്ട് കോങ്കണ്ണുണ്ടെന്ന് സംശയം തോന്നിയാൽ കുഞ്ഞിന് നാലു വയസ്സു മുതൽ ചികിത്സ തുടങ്ങണം. എട്ടു വയസ്സിനകം പൂർത്തിയാക്കുകയും വേണം. കോങ്കണ്ണു ഭാഗ്യമാണെന്നു കരുതി ചികിത്സിക്കാതിരുന്നാൽ വലുതാകുമ്പോൾ കുട്ടിക്ക് കണ്ണിന് പ്രാധാന്യമുള്ള പല ജോലികളും ചെയ്യാനാകാതെ വരും. കാലക്രമത്തിൽ കാഴ്ച നഷ്ടപ്പെട്ടെന്നും വരാം.

എല്ലാത്തരം കോങ്കണ്ണിനും സർജറി വേണ്ടി വരില്ല. കണ്ണട മാത്രം ഉപയോഗിച്ചും കോങ്കണ്ണ് ശരിയാക്കാം. മുതിർന്നവരിൽ പ്രമേഹം, ഉയര്‍ന്ന ബി.പി, തലച്ചോറിലെ ട്യൂമർ ഇവയുടെ ലക്ഷണമായി കോങ്കണ്ണ് പ്രത്യക്ഷപ്പെടാറുണ്ട്. കോങ്കണ്ണ് തിരിച്ചറിഞ്ഞാൽ എത്രയും പെട്ടെന്ന് ചികിത്സ തേടാൻ മടിക്കരുത്.

കണ്ണിൽ പൊടി പെട്ടാൽ എങ്ങനെ നീക്കാം?

കണ്ണു തുറന്നു പിടിച്ച് ശുദ്ധമായ വെള്ളം കൊണ്ട് കഴുകുന്നതാണ് പൊടിയോ കരടോ പ്രാണികളോ പെട്ടാൽ ഏറ്റവും ആദ്യം ചെയ്യേണ്ട ശുശ്രൂഷ. ശുദ്ധമായ വെള്ളമാണോ എന്നു പ്രത്യേകം ശ്രദ്ധിക്കണം. കണ്ണിന്റെ വെളുത്ത ഭാഗത്താണ് പൊടി പെട്ടതെങ്കിൽ വൃത്തിയുള്ള തൂവാല കൊണ്ട് പതിയെ തൊട്ട് നീക്കാം. കഴുകിയിട്ടും പൊടി പോയില്ലെങ്കിൽ മാത്രമേ ഇതു ചെയ്യാവൂ. ഒരിക്കലും കൈ കൊണ്ട് കണ്ണിൽ തൊടരുത്. കൃഷ്ണമണിയിലാണ് പൊടി പറ്റിയതെങ്കിൽ ഇങ്ങനെ ചെയ്യുന്നത് അപകടമാണ്. കൃഷ്ണമണിക്ക് പെട്ടെന്ന് ക്ഷതം സംഭവിക്കാം എന്നതാണ് കാരണം. കൃഷ്ണമണിയിലെ കരട് മാറ്റാൻ ഡോക്ടറുടെ സഹായം തേടുക. കണ്ണിൽ രക്തം പൊടിഞ്ഞിട്ടുണ്ടെങ്കിൽ ഒരിക്കലും സ്വയം ചികിത്സ ചെയ്യരുത്. കണ്ണിനുള്ളിൽ ഉറുമ്പാണ് പെട്ടെതെങ്കിലും സ്വയം എടുക്കരുത്. ഉറുമ്പ് കണ്ണിനകത്ത് കടിച്ചിരിക്കുകയാണെങ്കിൽ സ്വയമെടുക്കുമ്പോൾ രണ്ടായി മുറിഞ്ഞു പോകാം. പല്ലുള്ള മുൻഭാഗം കണ്ണിൽത്തന്നെ പറ്റിയിരിക്കുന്നത് അണുബാധയുണ്ടാക്കും..

തിമിരം സര്‍ജറിയില്ലാതെ മാറ്റാൻ പറ്റുമോ ?

കണ്ണിനുള്ളിലെ ലെൻസിന്റെ സുതാര്യത നഷ്ടപ്പെട്ട് മങ്ങിത്തുടങ്ങുന്നതാണ് തിമിരത്തിന്റെ തുടക്കം. 55വയസ്സു കഴിഞ്ഞാൽ ആരേയും തിമിരം ബാധിക്കാം. ചിലപ്പോൾ വെളിച്ചത്തിലേക്ക് നോക്കിയാൽ ചിന്നിച്ചിതറിയും പ്രകാശവളയം പോലെ കാണുകയും ചെയ്യാം. തിമിരം ഇല്ലാതാക്കാൻ ഇതുവരെ തുള്ളി മരുന്നുകളൊന്നും കണ്ടുപിടിച്ചിട്ടില്ല. തിമിരത്തിന്റെ‍ തുടക്കമാണെങ്കിൽ ചികിത്സ കൊണ്ട് കാഴ്ച തി‌രിച്ചെടുക്കാം. തിമിരം ദൈനംദിന ജീവിതത്തെ ബാധിക്കുന്നുണ്ടെങ്കിലേ അതായത് കണ്ണിന് പ്രാധാന്യമുള്ള ജോലികൾ ചെയ്യുന്നവർക്കേ തുടക്കത്തിൽ ശസ്ത്രക്രിയ ചെയ്യാറുള്ളൂ. അല്ലാത്തവർക്ക് സർജറിയില്ലാതെ കഴിയുന്നിടത്തോളം കാലം മുന്നോട്ടു പോകാം. വളരെ ലളിതമാണ് തിമിര ശസ്ത്രക്രിയ. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ചെയ്യുന്നതും വിജയിക്കുന്നതും ഈ ശസ്ത്രക്രിയയാണ്. താക്കോൽദ്വാര ശസ്ത്രക്രിയ വഴി തിമിരം പരിഹരിക്കാം. കൃഷ്ണമണിയിൽ ചെറിയ ദ്വാരമുണ്ടാക്കി അതിലൂടെ തിമിരം ബാധിച്ച ലെൻസ് പൊടിച്ചു കളയുകയാണ് ചെയ്യുന്നത്. തുടർന്ന് സിറിഞ്ച്കൊണ്ട് കൃത്രിമ ലെൻസ് കണ്ണിനുള്ളിൽ കടത്തി വയ്ക്കും. സ്കാനിങ് വഴി കണ്ണിന്റെ ലെൻസിന്റെ പവർ മനസ്സിലാക്കി അനുയോജ്യമായ ലെൻസാണ് കണ്ണിനുള്ളിൽ വയ്ക്കുന്നത്. ശസ്ത്രക്രിയയ്ക്കുശേഷം തുന്നൽ ഉണ്ടാവില്ല. രോഗിക്ക് അന്നുതന്നെ വീട്ടിലേക്കു മടങ്ങുകയും ചെയ്യാം.

കണ്ണിലെ വരൾച്ചയ്ക്ക് പരിഹാരമുണ്ടോ ?

കംപ്യൂട്ടർ ഉപയോഗിക്കുന്നവരിലും എസി മുറികളിൽ ജോലി ചെയ്യുന്നവരിലും ചില പ്രത്യേക രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവരിലും കണ്ണീരിന്റെ ഉദ്പാദനം കുറയുകയും കണ്ണിൽ വരൾച്ച അനുഭവപ്പെടുകയും ചെയ്യാറുണ്ട്. കണ്ണിലെ ഗ്രന്ഥിയിൽ ഉണ്ടാകുന്ന കണ്ണുനീരാണ് കണ്ണിനെ കഴുകി സംരക്ഷിക്കുന്നതും രോഗങ്ങളിൽ നിന്ന് രക്ഷിക്കുന്നതും. കണ്ണുനീർ ഇല്ലാതായാൽ കണ്ണിനു ചുവപ്പും തരുതരുപ്പും അനുഭവപ്പെടാം. ഡ്രൈ ഐ ഉള്ളവർക്ക് കണ്ണീരിനു പകരം ഉപയോഗിക്കാൻ തുള്ളിമരുന്നുകൾ ലഭിക്കും.

കുട്ടികളിലെ കാഴ്ചക്കുറവിന് കാരണം എന്ത്?

തിമിരം, ഗ്ലോക്കോമ തു‍ടങ്ങി മുതിർന്നവ‌രുടെ കണ്ണിനെ ബാധിക്കുന്ന എല്ലാ അസുഖങ്ങളും കുട്ടികൾക്കും വരാം. അതിൽ കാഴ്ചക്കുണ്ടാകുന്ന മങ്ങൽ കണ്ണടകൾ കൊണ്ട് പരിഹരിക്കാം. 5 മുതൽ 8 വയസ്സിനകം കാഴ്ചയുടെ വ്യക്തമായ ചിത്രം തലച്ചോറിലെത്തിയാലേ കാഴ്ചകളെ വേർതിരിച്ചറിയാനാവും വിധം തലച്ചോറ് വികസിച്ച് കാഴ്ചയുടെ വ്യാപ്‌തി കൂടുകയുള്ളൂ. ഇതിനു കഴിയാതെ വരുന്ന അവസ്ഥയാണ് അംബ്ലയോപിയ അഥവാ ലേസി ഐ. പന്ത്രണ്ട് വയസ്സിനകം ഇതിന് ആവശ്യമായ ചികിത്സ ചെയ്തില്ലെങ്കിൽ ആജീവനാന്തം പ്രശ്നം പിന്തുടരാം. ഹ്രസ്വദൃഷ്ടി, ദീർഘ ദ‌ൃഷ്ടി തുടങ്ങിയ കാഴ്ചത്തകരാറുകൾ കുട്ടികൾക്ക് ഉണ്ടാവുന്നത് ജനിതകമായ കാരണങ്ങളാലാണ്. എത്ര കുറഞ്ഞ പവറാണ് എങ്കിലും ആവശ്യമായ ലെൻസ് ഉപയോഗിച്ച് കാഴ്ചത്തകരാർ പരിഹരിക്കണം. വൈറ്റമിൻ എ അടങ്ങിയ ഇലക്കറികൾ, പപ്പായ, മുന്തിരി, മുട്ട.....തുടങ്ങിയ ഭക്ഷണം കുട്ടികൾക്ക് നൽകുന്നത് കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്.

കണ്ണിന് മാത്രമായി സ്ട്രോക്ക് അഥവാ പക്ഷാഘാതം വരാറുണ്ടോ ?

തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറയുന്നതാണ് പക്ഷാഘാതം. കണ്ണ് തലച്ചോറിന്റെ തുടർച്ചയായതുകൊണ്ട് തലച്ചോറിലെ കാഴ്ചയുമായി ബന്ധപ്പെട്ട ഭാഗത്തെ രക്തപ്രവാഹവും കുറഞ്ഞാൽ കാഴ്ച നഷ്ടപ്പെടാം. കണ്ണിന് നൂറു ശതമാനം ആരോഗ്യമുണ്ടെങ്കിലും തലച്ചോർ നന്നായി പ്രവർത്തിച്ചില്ലെങ്കിൽ കണ്ണുകൾക്ക് കാണാൻ പറ്റില്ല. കണ്ണിനെ ബാധിക്കുന്ന സ്ട്രോക്ക് മങ്ങലായി തുടങ്ങി അപൂർവമായി ബ്രെയിൻ ട്യൂമർ വരെയായി മാറാം. രക്തസമ്മർദ്ദം ഉയർന്നാലോ കോളസ്ട്രോളിന്റെ കൂടുതൽ കൊണ്ടോ രക്തധമനികൾ കട്ടപിടിക്കുകയും പെട്ടെന്ന് അടഞ്ഞു പോവുകയും ചെയ്യാം. അപ്പോൾ കണ്ണിനകത്തെ കോശങ്ങൾക്ക് പോഷകങ്ങൾ കിട്ടാതെ നശിക്കാം. ഇങ്ങനെ കാഴ്ച നശിക്കുന്നതാണ് ഒക്യുലാർ സ്ട്രോക്ക്. തലച്ചോറിലെ കാഴ്ചയുമായി ബന്ധമുള്ള ഭാഗത്തേക്കുള്ള രക്തപ്രവാഹം മാത്രമേ നിലച്ചിട്ടുള്ളൂ എങ്കിൽ കണ്ണിന് മാത്രമായും സ്ട്രോക്ക് വരാം. കണ്ണിലേക്കുള്ള രക്തയോട്ടം നാലു രക്തക്കുഴലുകൾ വഴിയാണ് നടക്കുന്നത്. ഇതിലേതിനെങ്കിലും തടസ്സമുണ്ടായാലും കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാം

പ്രമേഹം കണ്ണിനെ ബാധിച്ചാൽ എന്തു ചെയ്യണം ?

പ്രമേഹം റെറ്റിനയിലെ രക്തധമനികൾക്ക് തകരാറുണ്ടാക്കുന്നു. സാധാരണ ഒരാൾക്ക് തിമിരം ബാധിക്കുന്നതിന് 10 വർഷം മുമ്പേ പ്രമേഹ രോഗികളെ തിമിരം ബാധിക്കാം. മാത്രമല്ല തിമിരം വരാൻ രണ്ടിരട്ടി സാധ്യതയുമുണ്ട്. കണ്ണിന്റെ മർദ്ദം കൂടാം, ഞരമ്പുകളെ ബാധിക്കുന്ന ഡയബറ്റിക് റെറ്റിനോപ്പതി എന്ന അസുഖമുണ്ടാകാനും 50% സാധ്യതയുണ്ട്. ഈ അസുഖം മൂലം കാഴ്ച നഷ്ടപ്പെട്ടാൽ തിരിച്ചുകിട്ടാൻ പ്രയാസമാണെന്ന കാര്യം പ്രത്യേകം ഓർക്കുക. ഡയബറ്റിക് റെറ്റിനോപ്പതിക്ക് ലേസർ ചികിത്സ ചെയ്യുമ്പോൾ കാഴ്ച തിരിച്ചു കിട്ടാതെയും വരാം. അപ്പോൾ പലരും ചികിത്സയിലെ പിഴവെന്നു പറയാറുണ്ട്. പക്ഷേ, അത് ചികിത്സയുടെ കുഴപ്പം കൊണ്ടല്ല, മറിച്ച് പ്രമേഹം വേണ്ട പോലെ നിയന്ത്രിക്കാത്തതും തക്ക സമയത്ത് ലേസർ ചികിത്സ ചെയ്യാത്തതുമാണ് കാരണം. പ്രമേഹം നിയന്ത്രിക്കുക എന്നത് ഇക്കാര്യത്തിൽ വളരെ പ്രധാനമാണ്.

കണ്ണിന്റെ അലർജിക്കുള്ള പ്രതിവിധികൾ എന്തൊക്കെയാണ് ?

കണ്ണിനകത്ത് പൊടി പോകുന്നത് ഇല്ലാതായാൽ നല്ലൊരു പങ്ക് അലർജികളും മാറും. മുറിയിലെ ഫാനും ജനലുമെല്ലാം എപ്പോഴും തുടച്ചു വൃത്തിയാക്കണം. കിടക്കയിലെ ചെറുപ്രാണികൾ വരെ അലർജിയുണ്ടാക്കുമെന്നതു കൊണ്ട് കിടക്ക നല്ലതുപോലെ വെയിലത്തിട്ട് ഉണക്കണം. അലർജിയുണ്ടെങ്കിൽ തണുത്ത വെള്ളം കൊണ്ട് കഴുകാം. കണ്ണിലെ ഈർപ്പം കൂട്ടാനായി ദിവസം എട്ടു ഗ്ലാസ് വെള്ളം കുടിക്കണം.

സൈനസൈറ്റിസ് ഉള്ളപ്പോൾ കണ്ണിനു വേദനയും ചുവപ്പും അലർജിയും ഉണ്ടാകാറുണ്ട്. അലർജിക് ആയ ശരീരമുള്ളവർക്കാണ് പൊതുവെ സൈനസൈറ്റിസ് വരാറുള്ളത്. സൈനസൈറ്റിസിന് ചികിത്സിച്ചാൽ കണ്ണിന്റെ അസ്വസ്ഥതകൾ മാറണമെന്നില്ല. കണ്ണു ചുവക്കലും അലർജിയും മാറാൻ പ്രത്യേക ചികിത്സ ചെയ്യണം.

സദാ ടെൻഷൻ നിറഞ്ഞ ജോലിചെയ്യുന്നത് കണ്ണിന്റെ ആരോഗ്യത്തെ ബാധിക്കാം. ദീർഘനാൾ പിരിമുറുക്കത്തിന് അടിമപ്പെടുന്നവരുടെ ശരീരത്തിൽ എമർജന്‍സി ഹോർമോണുകളുടെ നിരക്ക് ഉയർന്ന തോതിലായിരിക്കും. ഇത് രക്തസമ്മർദ്ദം കൂട്ടുകയും കണ്ണിലെ ചെറിയ രക്തക്കുഴലുകൾ നശിക്കുകയും ചെയ്യാം.

വിവരങ്ങൾക്കു കടപ്പാട് ഡോ.ദേവിൻ പ്രഭാകർ ഡയറക്ടര്‍, ദിവ്യപ്രഭ ഐ ഹോസ്പിറ്റൽ, തിരുവനന്തപുരം

3.04545454545
ആര്യ Jan 02, 2020 06:07 PM

എന്റെ ഒര് കണ്ണിന്റെ പ്രഷർ 12mmhg, 13.5 mm hg എന്നിങ്ങനെ മാറി കൊണ്ടിരിക്കുന്നു. പക്ഷേ ഇതുവരെ നോർമൽ റേഞ്ചിനും മുകളിൽ പോയിട്ടില്ല. പക്ഷേ എനിക്ക് ഗ്ലോക്കോമ ആണെന്ന് ഡോക്ടർ പറയുന്നു. തുള്ളിമരുന്ന് ഇടുകയാണ് ഇപ്പോൾ നോർമൽ റേഞ്ചിന് മുകളിൽ ആയാലല്ലേ അത് ഗ്ലോക്കോമ ആവുകയുള്ളൂ? സാധാ റേഞ്ചിൽ പ്രഷർ ഗിൽക്കുന്ന എനിക്ക് മരുന്നിന്റെ ആവശ്യം ഉണ്ടോ?

ശ്രീജിത്ത് Feb 11, 2019 02:01 PM

കണ്ണിന്റെ റെറ്റിനയിൽ കുരുപ്പ് വരുന്നത് എന്ത് കൊണ്ട്

noufal mk Dec 12, 2016 02:38 PM

എനിക്ക് മൊബൈലിലും മറ്റു ചെറിയ ലൈറ്റിലുമൊക്കെ നോക്കിയാൽ സൂര്യനെ നോക്കിയാൽ അതിന്റെ എഫ്ഫക്റ്റ് കുറച്ചു നേരം ഉണ്ടാകാറില്ലേ അത് പോലെ തോന്നുന്നു..അത് എന്ത് കൊണ്ടാണ് അതിനുള്ള പ്രതിവിധി എന്താണ്

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top