Nasal Diseases
മൂക്കിനെ ബാധിക്കുന്ന രോഗങ്ങള്‍. ആധുനിക വൈദ്യശാസ്ത്രത്തില്‍ ചെവി, മൂക്ക്, തൊണ്ട എന്നിവയ്ക്കുണ്ടാകുന്ന രോഗങ്ങളെ ഇ.എന്‍.ടി. Ear,Nose,Throat) എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. നാസികാരോഗങ്ങളെ ബാഹ്യനാസികാരോഗങ്ങള്‍, ആന്തര നാസികാരോഗങ്ങള്‍ എന്നിങ്ങനെ രണ്ടായി ത്തിരിക്കാം.
ബാഹ്യഭാഗത്തുണ്ടാകുന്ന രോഗങ്ങള്‍
അണുബാധ
രോഗകാരികളായ ബാക്റ്റീരിയങ്ങള്‍ നാസികയുടെ പുറത്തുള്ള ത്വക്കില്‍ വളര്‍ന്നു പെരുകിയാല്‍ സെല്ലുലൈറ്റിസ് (cellulites) എന്ന അവസ്ഥയുണ്ടാകാം. മൂക്കിനു പുറമേയുള്ള ത്വക്ക് ചുമന്നു തടിച്ചിരിക്കുകയും തീവ്രമായ വേദന അനുഭവപ്പെടുകയും ചെയ്യും.
ഘടനാവൈകല്യങ്ങള്‍
ബാഹ്യനാസികയില്‍ ജന്മസിദ്ധമായും അപകടങ്ങളും രോഗങ്ങളും വഴിയും പലവിധവൈകല്യങ്ങള്‍ രൂപപ്പെടാറുണ്ട്. മൂക്കിന്റെ പാല(nasal septum)ത്തിനുണ്ടാകുന്ന അപാകതകളാണ് പ്രധാനമായും വൈകല്യങ്ങളായി ശ്രദ്ധിക്കപ്പെടുന്നത്. പാലം അകത്തേക്കു കുഴിഞ്ഞിരിക്കുക (saddle nose), പാലത്തില്‍ കൂനുകള്‍ രൂപപ്പെടുക (hump nose), പാലം 'ട' ആകൃതിയില്‍ വളയുക (crooked nose), ഒരു വശത്തേക്കു ചരിഞ്ഞിരിക്കുക(deviated nose) മുതലായ വൈകല്യങ്ങളാണ് സാധാരണയായി കണ്ടുവരുന്നത്.
മുഴകള്‍
Tumours
മുഴകള്‍ ജന്മനാ രൂപപ്പെടുന്നവയോ, അര്‍ബുദങ്ങളോ നിരുപദ്രവകാരികളായവയോ ആകാം.
ഡെര്‍മോയിഡ് മുഴകള്‍ (Dermoid). നാസികയ്ക്കു മുന്നില്‍ ത്വക്കിനു താഴെയായി കാണപ്പെടുന്ന ഇത്തരം മുഴകള്‍ ചിലപ്പോള്‍ പുറത്തേക്ക് ഒരു നാളിവഴി തുറന്നിരിക്കുകയോ തലച്ചോറിന്റെ ആവരണവുമായി ബന്ധപ്പെട്ടിരിക്കുകയോ ചെയ്യാം. ഇതുവഴി തലച്ചോറില്‍ അണുബാധയുണ്ടാകാനും സാധ്യതയുണ്ട്.
എന്‍സെഫലോസീല്‍ (encephalocoele), മെനിന്‍ജോ എന്‍സെഫലോസീല്‍ (meningo encephalocoele). തലച്ചോറും അതിന്റെ ബാഹ്യാവരണമായ മെനിഞ്ചസും പുറത്തേക്കു തള്ളിവരുന്ന അവസ്ഥയാണിത്. ഇത്തരം മുഴകള്‍ നാസികാസ്ഥിക്കു മുന്നിലോ, വശത്തോ കണ്ണിന്റെ ഉള്‍വശത്തോടു ചേര്‍ന്നോ കാണപ്പെടുന്നു. ചിലപ്പോള്‍ ഭ്രൂണവികാസസമയത്തുതന്നെ എന്‍സെഫലോസീല്‍ തലച്ചോറില്‍ നിന്നും വിട്ടുമാറി, മറ്റൊരു മുഴയായി കാണപ്പെടാം, ഇതിനെ ഗ്ലയോമ (Glioma) എന്നു വിളിക്കുന്നു.
a.ബേസല്‍ കോശാര്‍ബുദം (Basal cell carcinoma). മൂക്കിനുപുറമേയുള്ള ത്വക്കിന്റെ ഭാഗമാണ് ബേസല്‍ കോശങ്ങള്‍. ഇവയില്‍ നിന്നു രൂപപ്പെടുന്നവയാണ് ബേസല്‍കോശാര്‍ബുദങ്ങള്‍. മൂക്കിന് തുമ്പത്തും വശത്തുമായാണ് ഇവ സാധാരണയായി കാണപ്പെടുന്നത്. കട്ടിയുള്ള ചെറിയ മുഴയായോ വ്രണങ്ങളായോ ആണ് ഇവ പ്രത്യക്ഷപ്പെടുന്നത്.
b.സ്ക്വാമസ് കോശാര്‍ബുദം (Squamous cell carcinoma). ഇവയും ത്വക്കില്‍ നിന്നു രൂപംകൊള്ളുന്നവയാണ്. സാധാരണയായി മൂക്കിനു താഴ്ഭാഗത്തും വശങ്ങളിലും രൂപപ്പെടുന്നു.
c.മെലനോമ(Melanoma) ത്വക്കിലെ വര്‍ണവസ്തുവായ മെലാനിന്‍ നിര്‍മിക്കുന്ന കോശങ്ങള്‍ക്കുണ്ടാകുന്ന അര്‍ബുദം.
നിരുപദ്രവകാരികളായ മുഴകള്‍
a.റൈനോഫൈമോമ (Rhinophymoma). ഉരുളക്കിഴങ്ങ് ആകൃതിയിലുള്ള ഇത്തരം മുഴകള്‍ സെബേഷ്യസ് ഗ്രന്ഥികളുടെ അമിതവളര്‍ച്ചയാല്‍ ഉണ്ടാകുന്നവയാണ്.
b.അരിമ്പാറ (wart). അരിമ്പാറകള്‍, മറുകുകള്‍, രക്തക്കുഴലുകളുടെ അമിതവളര്‍ച്ച (Haemangioma), ന്യൂറോ ഫൈബ്രോമ മുതലായ മുഴകളും മൂക്കില്‍ രൂപപ്പെടാറുണ്ട്. ഇവയെ കരിച്ചുകളയുകയോ മുറിച്ചുമാറ്റുകയോ ചെയ്യുകയാണ് പതിവ്.
വെസ്റ്റിബ്യൂളി
(Vestibule)ല്‍ ഉണ്ടാകുന്ന അസുഖങ്ങള്‍. മൂക്കിന്റെ ഏറ്റവും താഴ്ഭാഗത്തുള്ള ത്വക്കിനെയും തരുണാസ്ഥിയെയും ചേര്‍ത്തു വിവരിക്കാന്‍ ഉപയോഗിക്കുന്ന പദമാണ് വെസ്റ്റിബ്യൂള്‍. ഈ ഭാഗത്ത് അണുബാധ, നാസാദ്വാരം അടഞ്ഞുപോകുക, മുഴകള്‍ രൂപപ്പെടുക തുടങ്ങിയ രോഗങ്ങള്‍ കണ്ടുവരുന്നു.
മൂക്കിന്റെ പാലത്തിനു മൂന്നു ഭാഗങ്ങളാണുള്ളത്. താഴെനിന്നു മുകളിലേക്ക് യഥാക്രമം കോളുമെല്ലാര്‍ (columellar) സെപ്റ്റം, സ്തര (membranous) സെപ്റ്റം, പ്രധാന സെപ്റ്റം എന്നിങ്ങനെയാണ് അവ ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. പ്രധാന സെപ്റ്റം അഥവാ പാലം നിര്‍മിക്കപ്പെട്ടിരിക്കുന്നത് അസ്ഥികളാലും തരുണാസ്ഥികളാലുമാണ്. പാലത്തിന് പലതരം വൈകല്യങ്ങള്‍ ഉണ്ടാകാറുണ്ട്.
1. പൊട്ടലുകള്‍. മൂക്കിനു മുന്നിലോ താഴെയോ വശങ്ങളിലോ ഏല്ക്കുന്ന പ്രഹരങ്ങള്‍ മൂലം പൊട്ടലുകള്‍ രൂപപ്പെടാം. ഇവ ലംബമായോ തിരശ്ചീനമായോ പൊട്ടലുകള്‍ സൃഷ്ടിക്കുന്നു. വളരെ ഗുരുതരമായ പ്രഹരങ്ങള്‍ പാലം പൊടിഞ്ഞുപോകുന്നതിനു തന്നെയോ കാരണമാകും.
മൂക്കിന്റെ പാലത്തിലെ പൊട്ടലുകള്‍ എത്രയും പെട്ടെന്നുതന്നെ കണ്ടുപിടിക്കുകയും ചികിത്സിക്കുകയും ചെയ്യാത്തപക്ഷം രൂക്ഷമായ വൈകല്യങ്ങള്‍ക്കും ശ്വാസതടസം, സൈനസൈറ്റിസ് മുതലായ രോഗങ്ങള്‍ക്കും കാരണമായേക്കാം.
2. വളവുകള്‍. സര്‍വസാധാരണമായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് മൂക്കിന്റെ പാലത്തിനുണ്ടാകുന്ന വളവുകള്‍. മൂക്കിനേല്ക്കുന്ന പ്രഹരങ്ങള്‍, ജന്മനായുള്ള തകരാറുകള്‍, പാരമ്പര്യം മുതലായവ ഇതിനുള്ള കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രധാനമായും അഞ്ചുതരം വളവുകളാണ് കണ്ടുവരുന്നത്. പാലത്തിന്റെ താഴ്ഭാഗം മുഴുവനായി ഒരു നാസാദ്വാരത്തിലേക്കു തള്ളി നില്ക്കുക, 'ഇ' ആകൃതിയിലും 'ട' ആകൃതിയിലുമുള്ള വളവുകള്‍, പാലം ഒരു വശത്തേക്കു മുള്ളുപോലെ തള്ളിനില്ക്കുക, പാലത്തിന്റെ കട്ടികൂടുക എന്നിങ്ങനെയാണ് അവയെ തരംതിരിച്ചിരിക്കുന്നത്. ഇത്തരം വളവുകള്‍ മൂലം മൂക്കടപ്പ്, തലവേദന, സൈനസൈറ്റിസ്, മൂക്കില്‍നിന്നു രക്തസ്രാവം, മൂക്കിനു പുറമേയുള്ള വൈകല്യം, മധ്യകര്‍ണത്തില്‍ ആവര്‍ത്തിച്ചുണ്ടാകുന്ന അണുബാധ എന്നീ രോഗലക്ഷണങ്ങള്‍ കണ്ടുവരുന്നു. ശസ്ത്രക്രിയ വഴി വളവു നേരെയാക്കുകയാണ് പ്രധാന ചികിത്സാരീതി.
3. രക്തക്കെട്ട് (Haematoma). മൂക്കിന് ഏല്ക്കുന്ന പ്രഹരങ്ങള്‍, മൂക്കിലെ ശസ്ത്രക്രിയകള്‍, രക്തം കട്ടപിടിക്കാത്ത അവസ്ഥയുണ്ടാക്കുന്ന രോഗങ്ങള്‍ എന്നിവ നിമിത്തം മൂക്കിനുള്ളില്‍ അണുബാധയുണ്ടായി തരുണാസ്ഥിക്കും ശ്ളേഷ്മസ്തരത്തിനുമിടയില്‍ രക്തം കെട്ടിക്കിടക്കുകയും ശ്വാസതടസ്സം ഉണ്ടാക്കുകയും ചെയ്യുന്നു.
4. പഴുപ്പുകെട്ട് (Abscess). കെട്ടിക്കിടക്കുന്ന രക്തത്തിലുണ്ടാകുന്ന അണുബാധ, മൂക്കിലുണ്ടാകുന്ന മറ്റു ബാക്റ്റീരിയല്‍ രോഗങ്ങള്‍ എന്നിവ പാലത്തിലെ പഴുപ്പുകെട്ടായി രൂപപ്പെടാം. ഒപ്പംതന്നെ പനിയും തലവേദനയും ഉണ്ടാകാം. ആന്റീബയോട്ടിക് മരുന്നുകള്‍ നല്കിയശേഷം പഴുപ്പ് നീക്കം ചെയ്യുകയാണ് ചികിത്സാരീതി.
5. സുഷിരങ്ങള്‍. ശസ്ത്രക്രിയകള്‍ നടത്തുക മൂലവും, മുറിവുകള്‍, അണുബാധ, ക്ഷയം, കുഷ്ഠം എന്നിവമൂലവും പാലത്തില്‍ സുഷിരങ്ങളുണ്ടാകാറുണ്ട്. രോഗകാരണം കണ്ടെത്തി ചികിത്സിക്കുകയാണ് പ്രധാനപ്രതിവിധി. ശസ്ത്രക്രിയയിലൂടെ സുഷിരം അടയ്ക്കാവുന്നതാണ്.
(Rhinitis). മൂക്കിനുള്ളിലെ ശ്ലേഷ്മസ്തരത്തിനുണ്ടാകുന്ന വീക്കം. ഇതുമൂലം മൂക്കിലൂടെ വായുസഞ്ചാരം പൂര്‍ണമായോ ഭാഗികമായോ തടസ്സപ്പെടുന്നു. ശ്ലേഷ്മസ്തരത്തിലെ ഗ്രന്ഥികളുടെ അമിതപ്രവര്‍ത്തനം വഴി മൂക്കൊലിപ്പ് ഉണ്ടാകുന്നു. വൈറസ്, ബാക്റ്റീരിയ എന്നിവ നിമിത്തമോ ചില വസ്തുക്കളോട് ശരീരത്തിന്, വിശിഷ്യാ ശ്വാസപര്യയന വ്യവസ്ഥയ്ക്കുണ്ടാകുന്ന അമിതപ്രതികരണമോ (allergy) ഇതിനു കാരണമാകാം.
വൈറസ് ബാധയാല്‍ ഉണ്ടാകുന്ന ജലദോഷമാണ് സര്‍വസാധാരണം. വായുവിലൂടെയാണ് രോഗം പകരുന്നത്. അഡിനോ (Adeno), പികോര്‍ണ (Picorna), റൈനോ (Rhino), കോക്സക്കി (Coxsackie), എക്കോ (Echo) തുടങ്ങിയ വൈറസുകളാണ് പ്രധാനമായും ജലദോഷമുണ്ടാക്കുന്നത്. ഒന്നു മുതല്‍ മൂന്ന് വരെ ആഴ്ച രോഗം നീണ്ടുനില്ക്കാം. മൂക്കെരിച്ചില്‍, മൂക്കടപ്പ്, തുമ്മല്‍, ചെറിയ പനി, മൂക്കൊലിപ്പ് തുടങ്ങിയ അസ്വാസ്ഥ്യങ്ങള്‍ ഇതോടനുബന്ധിച്ചുണ്ടാകാം. ചിലപ്പോള്‍ വൈറസിനോടൊപ്പം ബാക്റ്റീരിയയും നാസികയില്‍ വളര്‍ന്നുപെരുകി രോഗലക്ഷണങ്ങള്‍ വര്‍ധിപ്പിക്കാറുണ്ട്. പ്രത്യേകിച്ചു ചികിത്സയൊന്നും തന്നെ വൈറല്‍ ജലദോഷത്തിന് ആവശ്യമില്ല. വിശ്രമം, ശരിയായ രീതിയിലുള്ള ആഹാരക്രമം, ആവിപിടിക്കല്‍ എന്നിവകൊണ്ടുതന്നെ രോഗം ഭേദമാകാറുണ്ട്. വളരെ അപൂര്‍വമായി ടോണ്‍സിലൈറ്റിസ്, ബ്രോങ്കൈറ്റിസ്, ന്യൂമോണിയ, ചെവിപഴുപ്പ് മുതലായ പ്രശ്നങ്ങള്‍ ജലദോഷത്തിന്റെ തുടര്‍ച്ചയായി ഉണ്ടാകാറുണ്ട്. ഇന്‍ഫ്ളുവെന്‍സാ വൈറസിന്റെ ബാധമൂലമുണ്ടാകുന്ന ജലദോഷം പലപ്പോഴും ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഇതിനെതിരായ വാക്സിന്‍ ഇപ്പോള്‍ ലഭ്യമാണ്. എന്നാല്‍ വൈറസിന്റെ തുടര്‍ച്ചയായ രൂപമാറ്റം നിമിത്തം പ്രതിരോധകുത്തിവയ്പിന്റെ ഫലപ്രാപ്തി അത്ര തൃപ്തികരമല്ല.
റൈനൈറ്റിസിന്റെ പലവിധ കാരണങ്ങളില്‍ ഒന്നുമാത്രമാണ് വൈറല്‍, ബാകറ്റീരിയല്‍ അണുബാധകള്‍. മറ്റു കാരണങ്ങളാലും ഈ രോഗം ഉണ്ടാകാം. തുടര്‍ച്ചയായുണ്ടാകുന്ന അണുബാധ മൂലം മൂക്കിനുള്ളില്‍ കലകള്‍ അമിതമായി വളര്‍ന്നു മൂക്കടപ്പും മൂക്കൊലിപ്പും ചിലപ്പോള്‍ തലവേദനയും ഉണ്ടാകാം. ഇതിനെ ഹൈപ്പര്‍ട്രോഫിക് റൈനൈറ്റിസ് (Hypertrophic rhinitis) എന്നു വിളിക്കുന്നു. മൂക്കിന്റെ ഉള്ളില്‍ പാര്‍ശ്വഭാഗങ്ങളിലായി കാണപ്പെടുന്ന അമിതവളര്‍ച്ചയുള്ള ഭാഗങ്ങള്‍ മുറിച്ചുമാറ്റി വായുസഞ്ചാരം സുഗമമാക്കുകയാണ് പ്രധാനപ്രതിവിധി.
ഈ രോഗത്തിനു നേര്‍വിപരീതമായുണ്ടാകുന്ന മറ്റൊരവസ്ഥയാണ് അട്രോഫിക് റൈനൈറ്റിസ് (Atrophic rhinitis). മൂക്കിനുള്ളിലെ കോശങ്ങളും കലകളും പതിയെ ദ്രവിച്ച് ഇല്ലാതാവുകയും നാസാഗഹ്വരം വലുപ്പമേറിയതായി കാണപ്പെടുകയും ചെയ്യും. ഇതോടൊപ്പമുണ്ടാകുന്ന അണുബാധ, ദുര്‍ഗന്ധമേറിയ മൂക്കൊലിപ്പിനും പഴുപ്പിനും കാരണമാകുന്നു. കൌമാരപ്രായത്തിലാണ് രോഗം ആരംഭിക്കുന്നത്; പ്രധാനമായും സ്ത്രീകളെയാണ് രോഗം ഗ്രസിക്കുന്നത്. ഗന്ധമറിയാനുള്ള കഴിവ് നഷ്ടപ്പെടുകയും ചില സമയത്തു മൂക്കില്‍നിന്നു രക്തസ്രാവമുണ്ടാകുകയും ചെയ്യുന്നു. വര്‍ഷങ്ങളോളം നീണ്ടുനില്ക്കുന്ന ഈ രോഗം ചിലപ്പോള്‍ സ്വയം തന്നെ സുഖപ്പെടാറുണ്ട്. ഫലപ്രദമായി ചികിത്സാരീതികള്‍ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. ബാക്റ്റീരിയ, ഫംഗസ് എന്നിവ മുഖേനയുണ്ടാകുന്ന നാസികാരോഗങ്ങള്‍ പ്രത്യേകപരാമര്‍ശമര്‍ഹിക്കുന്ന ഒന്നാണ്.
റൈനോ സ്ക്ളീറോമ
Rhino scleroma
ക്ലെബ്സിയെല്ല എന്ന ബാക്റ്റീരിയയാണ് രോഗകാരി. വടക്കേ ഇന്ത്യയില്‍ കൂടുതലായി കാണപ്പെടുന്ന ഈ രോഗം തുടക്കത്തില്‍ ദുര്‍ഗന്ധത്തോടുകൂടിയ മൂക്കൊലിപ്പായി പ്രത്യക്ഷപ്പെട്ട് പിന്നീട് മൂക്കില്‍ ചെറിയ ചെറിയ മുഴകളായും ഒടുവില്‍ മൂക്കുമുതല്‍ മേല്ച്ചുണ്ടുവരെ നീളുന്ന വലിയ മുഴകളായും മാറുന്നു.
റൈനോസ്പോറിഡിയോസിസ്
Rhinosporidiosis
ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ കാണപ്പെടുന്ന 'റൈനോ സ്പോറിഡിയം സീബെറി' എന്ന ഫംഗസ് ആണ് രോഗകാരി. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ വളരുന്ന ഇവ തുറസായ കുളങ്ങളില്‍ കുളിക്കുന്നതുവഴിയും മറ്റും മൂക്കില്‍ കടന്നുകൂടുന്നു. മൂക്കിനുള്ളില്‍ ദശപോലെ വളരുകയും തൊട്ടാല്‍ രക്തം പൊടിയുകയും ചെയ്യും. പൂര്‍ണമായും ചികിത്സിച്ചു മാറ്റാന്‍ ബുദ്ധിമുട്ടാണ്. ദശ മുറിച്ചുമാറ്റുകയും കരിച്ചു കളയുകയുമാണ് പോംവഴി.
ആസ്പര്‍ഗില്ലോസിസ്
(Aspergillosis). ആസ്പര്‍ഗില്ലസ് എന്ന ഫംഗസ് മൂലം ഉണ്ടാകുന്ന രോഗം.
മ്യൂക്കര്‍ മൈക്കോസിസ്
(Mucor Mycosis).
പ്രമേഹരോഗികളിലും സ്റ്റിറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവരിലും കണ്ടുവരുന്ന ഗുരുതരമായ ഒരുതരം പൂപ്പല്‍ബാധ.
മൂക്കിനുള്ളിലെ ദശ
മൂക്കിനു ചുറ്റുമായി കാണപ്പെടുന്ന സൈനസുകള്‍ക്കും ഉള്ളിലെ സ്തരാവരണത്തിനും (mucosa) ഉണ്ടാകുന്ന വീക്കമാണ് ദശകളായി രൂപാന്തരം പ്രാപിക്കുന്നത്. പ്രധാനമായും രണ്ടുതരം ദശകള്‍ കാണപ്പെടുന്നു.
എഥ്മോയിഡല്‍ ദശകള്‍
(Ethmoidal polypi). നാസാഗഹ്വരത്തിന് സമീപം കാണപ്പെടുന്ന എഥ്മോയിഡ് സൈനസുകളുടെ ഉള്ളില്‍ നിന്നും രൂപംകൊള്ളുന്ന ഇവ സ്തരാവരണത്തിന്റെ വീക്കവും അമിതവളര്‍ച്ചയും മൂലമാണ് ഉണ്ടാകുന്നത്. ഇരുനാസികകളുടെയും ഉള്ളില്‍ മുന്തിരിക്കുലകള്‍ പോലെ തള്ളിനില്ക്കുന്ന ഇവയുടെ ഉപരിതലം മൃദുവും തിളക്കമുള്ളതുമായിരിക്കും. മൂക്കടപ്പ്, ശ്വാസതടസ്സം, ഗന്ധമറിയാനുള്ള കഴിവ് നഷ്ടമാകല്‍, തുമ്മല്‍, മൂക്കൊലിപ്പ്, ഇടയ്ക്കിടെയുണ്ടാകുന്ന ജലദോഷം, സൈനസൈറ്റിസ് തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍.
സി.ടി. സ്കാന്‍ തുടങ്ങിയ ആധുനിക സംവിധാനങ്ങളുടെ സഹായത്താല്‍ വളരെ നേരത്തെ തന്നെ ഈ രോഗം കണ്ടുപിടിക്കാനും ശസ്ത്രക്രിയയിലൂടെ ഭേദമാക്കാനും സാധിക്കും.
ആന്‍ട്രോകൊയാനല്‍ ദശകള്‍
Antrochoanal polypi
മാക്സിലറി സൈനസുകളില്‍ നിന്നും രൂപപ്പെടുന്ന ഇവ നാസികയുടെ പിന്‍ഭാഗത്തുനിന്നും മാത്രമേ, വ്യക്തമായി കാണാന്‍ സാധിക്കൂ. സാധാരണയായി ഒരു നാസികയില്‍ മാത്രം കാണപ്പെടുന്ന ഇവ മൂക്കടപ്പ് (ഒരു വശത്തുമാത്രം), ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമാക്കുന്നു. ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാവുന്നതാണ്.
Sinusitis മനുഷ്യശരീരത്തില്‍ മുഖത്തും തലയിലും കാണപ്പെടുന്ന ചില അസ്ഥികളുടെ ഉള്ള് പൊള്ളയാണ്. ഇത്തരം പൊള്ളയായ അസ്ഥിഭാഗങ്ങളെ 'സൈനസ്' (sinus) എന്നു വിളിക്കുന്നു. ഇവയുടെ ഉള്‍വശം കോശനിര്‍മിതമായ ഒരു സ്തരപാളിയാല്‍ മൂടപ്പെട്ടിരിക്കുന്നു. ഈ ആവരണത്തിനുണ്ടാകുന്ന അണുബാധയാണ് സൈനസൈറ്റിസ് എന്നറിയപ്പെടുന്നത്. ഈ സൈനസുകള്‍ ഓരോന്നും മൂക്കിനുള്ളിലെ സുഷിരങ്ങള്‍ വഴി പുറത്തേക്കു തുറന്നിരിക്കുന്നു. ആയതിനാല്‍ ഇവയ്ക്കുള്ളിലുണ്ടാകുന്ന ദ്രവരൂപത്തിലുള്ള എന്തും തന്നെ നാസികയിലൂടെ പുറത്തേക്കൊഴുകും.
മാക്സിലറി (ഇരുകവിളുകളിലുമായി മൂക്കിനോടു ചേര്‍ന്നു കാണപ്പെടുന്നു), ഫ്രോണ്ടല്‍ (നെറ്റിയില്‍ ഉള്ളവ), എഥ്മോയിഡല്‍ (കണ്ണിനും നാസികയ്ക്കും ഇടയില്‍), സ്ഫീനോയ്ഡ് (കണ്ണിനു പുറകില്‍ തലച്ചോറിനു ചുവട്ടിലായി കാണപ്പെടുന്നു) എന്നിവയാണ് പ്രധാന സൈനസുകള്‍. ഇവയില്‍ ആദ്യത്തെ മൂന്നെണ്ണം നാസികയുടെ മധ്യഭാഗത്തായും സ്ഫീനോയ്ഡ് സൈനസും ചില എഥ്മോയ്ഡ് സൈനസുകളും മുകള്‍ഭാഗത്തായും പുറത്തേക്കു തുറക്കുന്നു. ചെറിയ കുട്ടികളില്‍ മാക്സിലറി, എഥ്മോയ്ഡ് എന്നീ സൈനസുകള്‍ മാത്രമേ വികസിച്ചിട്ടുണ്ടാവുകയുള്ളൂ.
മൂക്കിലുണ്ടാകുന്ന അണുബാധ, പരിക്കുകള്‍, പല്ലിനുണ്ടാകുന്ന അണുബാധകള്‍, സൈനസുകളുടെ പുറത്തേക്കു തുറക്കുന്ന സുഷിരങ്ങള്‍ അടഞ്ഞുപോകുന്ന വിധത്തിലുള്ള ദശകള്‍, വളഞ്ഞ പാലം, അലര്‍ജി മുതലായവ സൈനസൈറ്റസിനു കാരണമാകാം.
പനി, ക്ഷീണം, തലവേദന, മുഖത്തുണ്ടാകുന്ന വേദന, കവിളുകള്‍ ചുമന്നു തടിക്കുക, മൂക്കിലൂടെ കട്ടിയുള്ള പഴുപ്പ് ഒലിക്കുക, കണ്‍പോളകളില്‍ തടിപ്പ്, നീര് മുതലായവ സൈനസൈറ്റിസിന്റെ ലക്ഷണമാകാം. ഏതു സൈനസിനാണു രോഗബാധ എന്നതിനനുസരിച്ചു രോഗലക്ഷണങ്ങളും വ്യത്യാസപ്പെടാം. ഫ്രോണ്ടല്‍ സൈനസിന്റെ തലവേദന നെറ്റിയിലും എഥ്മോയിഡ് സൈനസ് ബാധയില്‍ മൂക്കിന്റെ മേലറ്റത്തും മാക്സിലറി സൈനസ് രോഗം കവളിലും സ്ഫീനോയ്ഡ് കണ്ണിനു പുറകിലും ആണ് വേദനയുണ്ടാക്കുക.
ആന്റീബയോട്ടിക്കുകള്‍, മൂക്കിലെ സ്തരപാളിയിലെ നീരു കുറയ്ക്കാനുളള മരുന്നുകള്‍ മുതലായവ നല്കി രോഗം ഭേദമാക്കാവുന്നതാണ്. എന്നാല്‍ ദീര്‍ഘകാലം നീണ്ടുനില്ക്കുന്ന രോഗങ്ങളില്‍ ശസ്ത്രക്രിയ വേണ്ടിവന്നേക്കാം. എന്‍ഡോസ്കോപ്പു പോലുള്ള ആധുനിക ഉപകരണങ്ങള്‍ ശസ്ത്രക്രിയ ലഘുവും സരളവുമാക്കുന്നതിന് സഹായിക്കുന്നു.
സൈനസൈറ്റിസിന് മതിയായ രീതിയില്‍ ചികിത്സ ലഭിച്ചില്ലെങ്കില്‍ മ്യൂക്കോസീല്‍ (mucocoel) (സൈനസ് ദ്രവങ്ങള്‍ കെട്ടിക്കിടക്കുന്ന അവസ്ഥ) പയോസീല്‍ (പഴുപ്പു കെട്ടിക്കിടക്കുക) എന്നിവയാണ് സാധാരണയായി ഉണ്ടാകുക. എല്ലിന് അണുബാധയുണ്ടാവാ(Osteomyelitis)നും കണ്‍പോളകള്‍ നീരുവന്നു വിങ്ങി കണ്ണിനുള്ളിലോ ചുറ്റുമായോ പഴുപ്പുകെട്ടാനും സാധ്യതയുണ്ട്. (Orbital abscess sub periosteal abscess) ശിരോനാഡികള്‍ (Cranial Nerves) തളര്‍ന്നുപോവുക (പ്രധാനമായും VI,III,IV,V എന്നീ ശിരോനാഡികള്‍), മെനിഞ്ചൈറ്റിസ്, തലച്ചോറില്‍ പഴുപ്പുകെട്ട്, തലച്ചോറിലെ സിരകളില്‍ രക്തം കട്ടപിടിക്കുക തുടങ്ങിയ സങ്കീര്‍ണങ്ങളായ പ്രശ്നങ്ങളും ഉണ്ടാകാം.
പലവിധ അര്‍ബുദങ്ങള്‍ നാസികയ്ക്കുള്ളില്‍ രൂപപ്പെടാറുണ്ട്. സ്ക്വാമസ് കോശങ്ങളുടെ അര്‍ബുദം (squamous cell carcinoma) അഡിനോ കാന്‍സറുകള്‍ തുടങ്ങിയവ നേരിട്ടു നാസികകളുടെ ആന്തരാവരണത്തില്‍ നിന്നും രൂപപ്പെടുന്നു. മെലനോമ എന്ന അര്‍ബുദം വര്‍ണവസ്തുവായ മെലനിന്‍ ഉത്പാദിപ്പിക്കുന്നതിനാല്‍ കറുത്ത നിറത്തിലോ ചാരനിറത്തിലോ കാണപ്പെടുന്നു. ഇവ കൂടാതെ ഗന്ധഗ്രാഹികളായ നാഡികളില്‍ നിന്നും രക്തക്കുഴലുകളില്‍ നിന്നും ലിംഫ് കോശങ്ങളില്‍ നിന്നും പേശീഭാഗങ്ങളില്‍ നിന്നും അര്‍ബുദങ്ങള്‍ (olfactory neuroblastoma,hemangioma,lymphoma,sarcoma) രൂപപ്പെടാം.
സൈനസുകളില്‍ നിന്നും രൂപംകൊള്ളുന്ന അര്‍ബുദങ്ങളും നാസികയില്‍ പ്രത്യക്ഷപ്പെടുന്നു. ഇവയില്‍ ഭൂരിഭാഗവും സ്ക്വാമസ് കോശനിര്‍മിതങ്ങളാണ്. മരപ്പൊടി, നിക്കല്‍, ക്രോമിയം, മസ്റ്റാര്‍ഡ് വാതകം മുതലായവ അര്‍ബുദം ഉണ്ടാക്കാന്‍ കാരണമായ വസ്തുക്കളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
അര്‍ബുദം മൂലം മൂക്കടപ്പു മുതല്‍ മൂക്കില്‍നിന്നുള്ള രക്തസ്രാവം വരെയുള്ള പലവിധത്തിലുള്ള രോഗലക്ഷണങ്ങള്‍ പ്രകടമാകാറുണ്ട്. ശസ്ത്രക്രിയ, റേഡിയേഷന്‍ എന്നിവയിലൂടെ രോഗലക്ഷണങ്ങള്‍ നിയന്ത്രിച്ചു നിര്‍ത്തുവാന്‍ സാധിക്കും.
മൂക്കില്‍ നിന്നുള്ള രക്തസ്രാവം (Epistaxis)
സര്‍വസാധാരണമായി കണ്ടുവരുന്ന ഒരു പ്രശ്നമാണിത്. അനേകം രക്തക്കുഴലുകളാല്‍ സമ്പന്നമാണ് നാസികകള്‍. അതുകൊണ്ടുതന്നെ രക്തസ്രാവത്തിനുള്ള സാധ്യതയും ഏറും. മൂക്കിന്റെ പാലത്തില്‍ നിന്നോ പാര്‍ശ്വഭാഗങ്ങളില്‍ നിന്നോ രക്തസ്രാവമുണ്ടാകാം.
മുറിവുകള്‍, അണുബാധ, അന്യദ്രവ്യങ്ങള്‍, അര്‍ബുദങ്ങള്‍, അന്തരീക്ഷമര്‍ദത്തിലെ വ്യതിയാനങ്ങള്‍, പാലത്തിലെ വളവ്, ഗ്രന്ഥിയിലുണ്ടാകുന്ന മുഴകള്‍ മുതലായ മൂക്കിനുള്ളില്‍ തന്നെയുള്ള കാരണങ്ങള്‍മൂലം രക്തസ്രാവം ഉണ്ടാകാം.
അമിത രക്തസമ്മര്‍ദം, രക്തക്കുഴല്‍ സങ്കോചം, അനീമിയ, രക്താര്‍ബുദം, പ്ലേറ്റ്ലറ്റുകളുടെ കുറവ്, രക്തം കട്ടപിടിക്കാത്ത അസുഖങ്ങള്‍ (ഹിമോഫീലിയ), സ്കര്‍വി, ജീവകം കെ-യുടെ അഭാവം, കരള്‍ രോഗങ്ങള്‍, വൃക്ക രോഗങ്ങള്‍ എന്നിവയുടെ അനുബന്ധമായി മൂക്കില്‍ നിന്നും രക്തസ്രാവം ഉണ്ടാകാറുണ്ട്. മൂക്കില്‍ നിന്നുള്ള രക്തസ്രാവം ഒരു രോഗലക്ഷണം മാത്രമാണ്. രോഗകാരണം കണ്ടുപിടിച്ചു ചികിത്സിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ഇത്തരം രോഗികള്‍ക്ക് പ്രഥമശുശ്രൂഷ നല്കേണ്ടത് അത്യാവശ്യമാണ്. മൂക്ക് അടച്ചുപിടിച്ച് വായിലൂടെ ശ്വാസമെടുക്കുകയാണ് പ്രഥമശുശ്രൂഷയില്‍ ചെയ്യേണ്ടത്.
സിഫിലിസ് (Syphilis)
അസുരക്ഷിതമായ ലൈംഗികവേഴ്ചയിലൂടെ പകരുന്ന ഈ രോഗം ശരീരത്തിലെ ഏതാണ്ട് എല്ലാ അവയവങ്ങളെയുമെന്നപോലെ മൂക്കിനെയും ബാധിക്കുന്നു. ഗര്‍ഭവതിയായ അമ്മയില്‍ നിന്നും കുഞ്ഞിലേക്കും ഈ രോഗം പകരാം. മൂക്കിന്റെ പാലം (septum) ദ്രവിച്ചുപോവുകയും വൈകല്യങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു.
ക്ഷയം (Tuberculosis)
ശ്വാസകോശത്തെ ബാധിക്കുന്ന ക്ഷയരോഗാണു മൂക്കിനെയും ആക്രമിക്കാം. രോഗാണുസാന്നിധ്യം ഉറപ്പാക്കിയാല്‍ ചികിത്സ സാധ്യമാണ്.
കുഷ്ഠരോഗം (Leprosy)
മൂക്കിനെ ബാധിച്ച രോഗാണു (മൈകോ ബാക്ടീരിയം ലെപ്രേ) മൂക്കിന്റെ പാലം നശിപ്പിക്കുകയും സുഷിരങ്ങള്‍ രൂപപ്പെടുവാന്‍ കാരണമാകുകയും ചെയ്യുന്നു.
ആയുര്‍വേദത്തില്‍
നാസാരോഗങ്ങളെയും അവയുടെ ചികിത്സയെയും സംബന്ധിക്കുന്ന പഠനങ്ങള്‍ ശാലാക്യതന്ത്രത്തിന്റെ ഭാഗമായാണ് ആയുര്‍വേദത്തില്‍ കണക്കാക്കുന്നത്. പ്രാചീനവൈദ്യഗ്രന്ഥമായ സുശ്രുതസംഹിതയിലാണ് ക്രമീകൃതമായ രീതിയില്‍ നാസാരോഗങ്ങളെപ്പറ്റിയുള്ള വിവരണം ആദ്യമായി കാണാന്‍ കഴിയുക.
മിക്കരോഗങ്ങളും തദ്സമാനമായ ആധുനികരോഗങ്ങളുടെ വിവരണങ്ങളുമായി മിക്കവാറും ഒത്തുപോകുന്നവയാണ്. ഔഷധപ്രയോഗം, ശസ്ത്രക്രിയ എന്നീ രണ്ടു ചികിത്സാരീതികളും യുക്ത്യനുസരണം ഈ പ്രകരണത്തില്‍ വിധിക്കപ്പെടുന്നുണ്ട്.
മൊത്തം 31 നാസാരോഗങ്ങളാണ് സുശ്രുതസംഹിതയില്‍ കാണുന്നത്. പില്ക്കാല ഗ്രന്ഥങ്ങളില്‍ ചില രോഗങ്ങള്‍ ഒഴിവാക്കുകയും ചിലവ കൂട്ടിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. അഷ്ടാംഗസംഗ്രഹം, അഷ്ടാംഗഹൃദയം, ശാര്‍ങ്ഗധരസംഹിത എന്നിവയില്‍ 18-ഉം യോഗരത്നാകരം, ഭാവപ്രകാശം എന്നിവയില്‍ 34-ഉം നാസാരോഗങ്ങളാണുള്ളത്. ചരകസംഹിതയിലാകട്ടെ നിശ്ചിതസംഖ്യ സൂചിപ്പിക്കുന്നില്ല. എന്നാല്‍ 11-ഓളം രോഗങ്ങളും അവയുടെ ചികിത്സയും പറഞ്ഞുപോകുന്നുണ്ട്. സുശ്രുതമതപ്രധാനമായ വിവരണമാണ് ഇവിടെ നല്കുന്നത്. ഈ പ്രകരണത്തില്‍ പറയുന്ന മിക്ക വ്യാധികളും ആധുനികമതവുമായി താരതമ്യം ചെയ്ത് മനസ്സിലാക്കാന്‍ കഴിയുന്നവയാണ്. ഇവ കൂടാതെ ഇവിടെ പരാമര്‍ശിക്കപ്പെടുന്ന ചില അവസ്ഥകള്‍ ഇന്നത്തെ രീതിയനുസരിച്ച് രോഗലക്ഷണങ്ങള്‍ മാത്രമാണ്.
പ്രതിശ്യായം (Acute rhinitis)
മൂക്കില്‍ നിന്നും സ്രാവം, മൂക്കു വീര്‍ത്തിരിക്കല്‍, മൂക്കടപ്പ്, നാസാദ്വാരം മുതല്‍ അണ്ണാക്കുവരെ വേദന, പുകച്ചില്‍, ഒച്ചയടപ്പ് എന്നിവ പ്രതിശ്യായം അഥവാ പീനസത്തിന്റെ ലക്ഷണങ്ങളാണ്. പ്രകടമാകുന്ന ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ വാതികം, പൈത്തികം, കഫജം, സന്നിപാതജം, രക്തജം എന്ന് അഞ്ച് ഉപവിഭാഗങ്ങളായി ഈ രോഗത്തെ തിരിച്ചിട്ടുണ്ട്. പീനസം ചികിത്സിക്കാതിരുന്നാല്‍, ദുഷ്ടപീനസം (Secondary infection/Sinus infection) ആയിത്തീരും. ശ്വാസംമുട്ടല്‍, ചുമ, ഉരോഭാഗത്തു വേദന, ജ്വരം, വായ്ക്കകത്തു ദുര്‍ഗന്ധം, മൂക്കില്‍ നിന്നും കട്ടപിടിച്ച കഫം രക്തത്തിന്റെ അംശം കലര്‍ന്നോ അല്ലാതെയോ ഒഴുകുക എന്നിവ ദുഷ്ടപീനസത്തിന്റെ ലക്ഷണങ്ങളാണ്.
അപീനസം (Atrophic rhinitis)
പ്രതിശ്യായ (പീനസ) രോഗത്തിന്റെ ലക്ഷണങ്ങളുമായി അപീനസലക്ഷണങ്ങള്‍ക്കു സാമ്യമുണ്ട്. പുക കയറിയാലെന്നവണ്ണം മൂക്കടപ്പുണ്ടാകും, വീര്‍ത്തിരിക്കുകയും ചെയ്യും. മൂക്ക് നനഞ്ഞൊലിച്ചു കൊണ്ടിരിക്കുകയോ ഉണങ്ങിയിരിക്കുകയോ ചെയ്യും. മണവും രുചിയും അറിയാനുള്ള കഴിവ് നഷ്ടപ്പെടുന്നു. പീനസത്തെക്കാള്‍ നീണ്ടുനില്ക്കുന്ന അവസ്ഥയാണ് ഇത്.
നാസാപാകം (Boil/abscess inside nasal cavity)
നാസാദ്വാരത്തില്‍ പിഡകകള്‍ പ്രത്യക്ഷപ്പെടും. ഇവിടം പഴുത്ത് സ്രവമോ ചലമോ ഉണ്ടാകുകയും ചെയ്യുന്നു.
ക്ഷവഥു (Allergic rhinitis)
ശക്തമായ തുമ്മലാണ് ഈ രോഗത്തിന്റെ മുഖ്യലക്ഷണം. പൊടിപടലങ്ങള്‍, പുല്ലിന്റെ അംശം, തീക്ഷ്ണമായ വസ്തുക്കള്‍ തുടങ്ങിയവ നാസാദ്വാരത്തില്‍ പ്രവേശിക്കുക എന്നതാണ് രോഗകാരണം.
പൂതിനസ്യം (Severe nasopharyngeal infection)
മൂക്കില്‍ നിന്ന് അണ്ണാക്കിന്റെ അടിയിലും കണ്ഠത്തിലും വരെ രോഗദുഷ്ടിയുണ്ടായി മൂക്കിലൂടെയും വായിലൂടെയും ദുര്‍ഗന്ധത്തോടെ വായുവും കഫവും പുറത്തു പോകുന്നു. പനി, കഫത്തിന് മഞ്ഞയും ചുവപ്പും നിറം എന്നിവ ഉണ്ടാകുമെന്ന് ചിലര്‍ പറയുന്നുണ്ട്.
പൂയരക്തം (Epistaxis)
നെറ്റി, നാസികാമൂലം എന്നിവിടങ്ങളില്‍ ക്ഷതം സംഭവിച്ചിട്ടോ, നിജരോഗങ്ങള്‍ കാരണമായോ രക്തം കലര്‍ന്ന സ്രവം മൂക്കിന്‍ദ്വാരത്തിലൂടെ ഒഴുകുന്നു. ശക്തമായ തലവേദന ഇതോടൊപ്പം ഉണ്ടാകാം.
നാസാര്‍ബുദം (Nasal Neoplasm)
നാസാദ്വാരത്തില്‍ വളര്‍ന്നുവരുന്ന മാംസാങ്കുരങ്ങളാണ് അര്‍ബുദം. മൊത്തം ഏഴു തരമായി ആയുര്‍വേദഗ്രന്ഥങ്ങളില്‍ പറയുന്നു. ഇവയില്‍ ചിലവ ചികിത്സിച്ചു മാറ്റാന്‍ കഴിയുന്നവയല്ല എന്ന് വിശദീകരിക്കുന്നുണ്ട്.
നാസാര്‍ശസ് (Nasal polyp)
മലദ്വാരത്തില്‍ ഉണ്ടാകുന്ന അര്‍ശസ്സിനെപ്പോലെ നാസാദ്വാരത്തിലുണ്ടാകുന്ന മാംസാങ്കരങ്ങള്‍ ആണ് നാസാര്‍ശസ്. ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ നാലു വിധം.
നാസാശോഷം
മൂക്കിനുള്ളിലുള്ള ശ്ളേഷ്മകകഫം വരണ്ടുപോയി ശ്വാസോച്ഛ്വാസം ബുദ്ധിമുട്ടാകുന്ന രോഗാവസ്ഥ.
ദീപ്തം
മൂക്കിനുള്ളില്‍ ശക്തമായ പുകച്ചില്‍ തോന്നുന്ന അവസ്ഥ. ശ്വാസത്തിന് നല്ല ചൂടുണ്ടാകും.
ഭ്രംശഥു
ശിരസ്സില്‍ കെട്ടിനില്ക്കുന്ന കൊഴുത്ത കഫം മൂക്കിന്‍ ദ്വാരത്തിലൂടെ പുറത്തുവരുന്ന അവസ്ഥ.
നാസാപരിസ്രാവം
മൂക്കൊലിപ്പ്-തെളിഞ്ഞതും വെള്ളം പോലെയുള്ളതുമായ സ്രവം മൂക്കിന്‍ ദ്വാരത്തിലൂടെ ഒഴുകുന്നു.
നാസാനാഹം
മൂക്കടപ്പ്, മൂക്കിന്‍ദ്വാരങ്ങള്‍ അടഞ്ഞതുപോലെ ആയിരിക്കുന്നതിനാല്‍ ശ്വാസോച്ഛ്വാസത്തിനു തടസ്സം നേരിടുന്നു.
നാസാഗതരക്തപിത്തം
മൂക്കിന്‍ദ്വാരത്തിലൂടെ രക്തം പോകുന്ന അവസ്ഥ. രക്തപിത്തം ഒരു സ്വതന്ത്രരോഗമായിട്ടാണ് ആയുര്‍വേദത്തില്‍ പറയപ്പെടുന്നത്. പ്രത്യേക ഒരധ്യായമായി ഇതിനെ വിവരിക്കുന്നതിനാലോ, പൂയരക്തം എന്നൊരവസ്ഥ പറയപ്പെടുന്നതിനാലോ ആകണം അഷ്ടാംഗഹൃദയത്തില്‍ നാസാരോഗങ്ങളില്‍ നിന്നും ഇതിനെ ഒഴിവാക്കിയിരിക്കുന്നു.
നാസാശോഥം
നാസികയിലുണ്ടാകുന്ന നീര്‍ക്കെട്ട്. നാലുവിധം എന്ന് സുശ്രൂതത്തില്‍ പറയുന്നുണ്ട്. നാസാരോഗങ്ങളില്‍പ്പെടത്തക്ക പ്രാധാന്യം ഇല്ലാത്താതിനാലാവണം വാഗ്ഭടന്‍ ഈ അവസ്ഥയെ ഒഴിവാക്കിയിരിക്കുന്നു.
ചികിത്സ
ഔഷധപ്രയോഗം, ശസ്ത്രക്രിയ, ക്ഷാരകര്‍മം, അഗ്നികര്‍മം എന്നീ ചതുര്‍വിധ ഔഷധപ്രയോഗങ്ങളില്‍ സ്നേഹനം, വിയര്‍പ്പിക്കല്‍, വമനം, നസ്യം, ധൂമപാനം, കവിള്‍കൊള്ളല്‍ മുതലായവയാണ് കൂടുതലായി നിര്‍ദേശിക്കപ്പെടുന്നത്. അര്‍ബുദം, അര്‍ശസ് എന്നീ അവസ്ഥകളിലാണ് ശസ്ത്രാദി ഇതരക്രിയകള്‍ പ്രാധാന്യമര്‍ഹിക്കുന്നത്.
അവസാനം പരിഷ്കരിച്ചത് : 7/2/2020
മൂക്കിനെ ബാധിക്കുന്ന എല്ലാ തരം രോഗങ്ങളെയും കുറിച്ച...