অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കുട്ടികളിലെ ചെവി രോഗങ്ങള്‍

കുട്ടികളിലെ ചെവി രോഗങ്ങള്‍

സംസാരപ്രായം എത്താത്ത കുട്ടികള്‍ ചിലപ്പോള്‍ നിര്‍ത്താതെ കരയുന്നത് കാണുമ്പോള്‍ അത് വാശിക്കരച്ചിലാണ് എന്നുപറഞ്ഞു നമ്മള്‍ തള്ളിക്കളയുകയോ ചിലപ്പോള്‍ അടികൊടുത്ത് കരച്ചില്‍ നിര്‍ത്താനോ ശ്രമിക്കാറുണ്ട്. പക്ഷേ ഈ കരച്ചില്‍ അവരെ ബാധിച്ചിരിക്കുന്ന ചില ആരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണവുമാകാം. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ചെവിയെ ബാധിക്കുന്ന രോഗങ്ങള്‍. മുതിര്‍ന്നവരെക്കാള്‍ കുട്ടികളിലാണ് ചെവിയെ ബാധിക്കുന്ന പ്രശ്നങ്ങള്‍ കൂടുതല്‍. ചെവിയുടെ ഘടനയും തുടരെയുണ്ടാകുന്ന ജലദോഷവുമാണ് ഇതിന് കാരണം. ചെറുപ്രായത്തില്‍, മുലപ്പാല്‍ കുടിക്കാത്ത കുട്ടികളില്‍ താരതമ്യേന ഇവ കൂടുതലായി കണ്ടുവരുന്നുമുണ്ട്. മുതിര്‍ന്നവരേക്കാള്‍ കുട്ടികളിലാണ് ചെവിയ ബാധിക്കുന്ന പ്രശ്നങ്ങള്‍ കൂടുതല്‍. കുട്ടികളെ ബാധിക്കുന്ന ചില പ്രധാന ചെവി രോഗങ്ങളും കേള്‍വി പ്രശ്നങ്ങളും ഏതൊക്കെയെന്ന് പരിശോധിക്കാം.

പ്രീഓറിക്കുലര്‍ സൈനസ് (Preauricular sinus)

ഇത് ജന്മനാ കുട്ടികളില്‍ കണ്ടുവരുന്ന ഒരു അസുഖമാണ്. ചെവിയുടെ മുന്‍ഭാഗത്തായി ഒരു കുഴിപോലെയാണ് ഇത് കാണപ്പെടുന്നത്. ചില കുട്ടികളില്‍ ഇതില്‍ പഴുപ്പ്‌ കാണാറുണ്ട്‌. സാധാരണ ഗതിയില്‍ മരുന്നുകൊണ്ട് ഭേദമാകാറുണ്ടെങ്കിലും തുടര്‍ച്ചയായി അണുബാധയുണ്ടാവുകയോ അസാധാരണമായി വീക്കമുണ്ടാവുകയോ ചെയ്യുകയാണെങ്കില്‍ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം.

ഫറങ്കില്‍ (Furuncle)

ചെവിക്കുള്ളിലെ രോമാകൂപത്തില്‍ അണുബാധ കൊണ്ടുണ്ടാകുന്ന ഒരു രോഗമാണിത്. ഒറ്റത്തവണയോ അടുപ്പിച്ചോ അസുഖം ബാധിച്ച് കുട്ടികള്‍ക്ക്‌ നല്ല വേദന അനുഭവപ്പെടാറുണ്ട്. ഇതിന്റെ കൂടെ ചെവിയുടെ പുറകില്‍ കഴലവീക്കവും ഉണ്ടാകുന്നു. അണുബാധ കുറയ്ക്കാനുള്ള മരുന്നുകള്‍ കൊണ്ടും, ഒയിന്റ്റ്‌മെന്റുകള്‍ കൊണ്ടും, ചെവിക്കുള്ളില്‍ പായ്ക്ക് വച്ചും ഇതിനെ ചികിത്സിക്കാം. കുട്ടികള്‍ ഇടയ്ക്കിടെ ചെവിയില്‍ വിരലിടുന്നത് ഒഴിവാക്കിയാല്‍ ഒരു പരിധിവരെ ഫറുങ്കുലോസിസ്‌ നമുക്ക്‌ തടയാനാകും.

ഓട്ടോമൈക്കോസിസ് അഥവാ ചെവിയിലെ പൂപ്പല്‍ബാധ (Otomycosis)

സാധാരണയായി വേനല്‍ക്കാലത്തും ഈര്‍പ്പം കൂടുതലുള്ള കാലാവസ്ഥയിലുമാണ് ഓട്ടോമൈക്കോസിസ് കണ്ടുവരാറുള്ളത്. കുട്ടികള്‍ക്ക് ചെവിയില്‍ കലശലായ ചൊറിച്ചില്‍, അസ്വസ്ഥത, വേദന, ചെവിയില്‍ നിന്നും വെള്ളം പോലുള്ള സ്രവം വരിക എന്നിവയാണ് രോഗലക്ഷണങ്ങള്‍. ചെവിയുടെ കനാല്‍ വൃത്തിയാക്കി, പൂപ്പല്‍ബാധ തടയുന്ന തുള്ളിമരുന്നുകൊണ്ട് ഇത് നമുക്ക് ചികിത്സിക്കാവുന്നതാണ്. ചില കുട്ടികളില്‍ അണുബാധ കുറയാനുള്ള മരുന്നുകള്‍ കൂടി ആവശ്യമായി വന്നേക്കും. സ്ഥിരമായി ചെവിയില്‍ ഇയര്‍ബഡ്സ്, ചെപ്പിത്തോണ്ടി, പെന്‍സില്‍, പിന്‍ തുടങ്ങിയവ ഇടുന്നത് ഒഴിവാക്കിയാല്‍ ഒരു പരിധിവരെ ഈ അസുഖം വരുന്നത് ഒഴിവാക്കാവുന്നതാണ്.

ചെപ്പി

ചെവിയിലെ വിയര്‍പ്പ് ഗ്രന്ഥികളും ചെവിയിലെ അഴുക്കും എല്ലാം കലര്‍ന്ന ഒന്നാണ് ചെപ്പി. സാധാരണ ഗതിയില്‍ ചെപ്പി ചെവിയിലെ വരള്‍ച്ച ഇല്ലാതാക്കുകയും ചെവിക്കകത്ത് ചെറിയ പ്രാണികളോ മറ്റോ പോയാല്‍ അതിനെ പിടിച്ചുവയ്ക്കുകയും ചെയ്യുന്നു. വളരെക്കുറച്ച് ചെപ്പി മാത്രമേ ദിനംപ്രതി ചെവിയില്‍ ഉണ്ടാവുന്നുള്ളൂ. ചിലര്‍ക്ക അമിതമായി വിയര്‍ക്കുന്നതുപോലെ ചിലര്‍ക്ക് അമിതമായി ചെപ്പിയും ഉത്പാദിപ്പിക്കപ്പെടുന്നു. ചിലരുടെ ചെവിയുടെ ആകൃതിയിലുള്ള വ്യത്യാസവും, ചെവിയുടെ ചെറിയ ദ്വാരവും കാരണം ഈ ചെപ്പി എളുപ്പത്തില്‍ പുറത്തേക്ക് പോകാതെ അവിടെത്തന്നെ തങ്ങിനില്‍ക്കാം. ഇവരില്‍ ചെപ്പി ഉറച്ചുപോകാനും ചെവിയില്‍ വേദന, അടപ്പ്‌, കേള്‍വിക്കുറവ് എന്നിവ ഉണ്ടാകാനും കാരണമാകുന്നു. ഇതുകാരണം ചെവിയില്‍ കരകരപ്പ്‌, അസാധാരണമായ ശബ്ദം, തുടങ്ങി തലകറക്കം വരെയുണ്ടാകാം. ഉറച്ചിരിക്കുന്ന ചെപ്പി ചെവിയില്‍ നിന്നും നീക്കം ചെയ്യാന്‍ ബഡ്സ് ചെവിയില്‍ ഇടുന്നത് ചിലപ്പോള്‍ ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും. ഇത് ചെപ്പി കൂടുതല്‍ ഉള്ളിലേക്ക് പോകുവാന്‍ ഇടയാക്കിയേക്കും. ഒരു ഇഎന്‍ടി ഡോക്ടറെ കണ്ട് ഇത് നീക്കം ചെയ്യുന്നതാകും ഉത്തമം.

ചെവിക്കകത്ത് പ്രാണികള്‍ പോയാല്‍

സാധാരണ ഗതിയില്‍ ചെവിക്കകത്ത് പോകാറുള്ള ഉറുമ്പ്‌, വണ്ട്‌, കൂറ, പാറ്റ, കൊതുക് തുടങ്ങിയ ജീവികളും പ്രാണികളുമാണ്. കുഞ്ഞിന് ചെവിക്കകത്ത്‌ വേദനയും ചിലപ്പോള്‍ ചെവിക്കകത്ത് ചിറകടി ശബ്ദവും കേള്‍ക്കാം. ഇങ്ങനെയുള്ള അവസരങ്ങളില്‍ പ്രാണിയെ ജീവനോടെ പുറത്തെടുക്കാന്‍ ശ്രമിക്കുന്നത് ദോഷം ചെയ്യും. വീട്ടില്‍ വച്ചാണ് ഇത്തരം പ്രാണികള്‍ ചെവിക്കകത്ത് കടന്നത് എങ്കില്‍ വെളിച്ചെണ്ണ ചെറുതായി ചൂടാക്കി മൂന്ന്‍ തുള്ളി ചെവിയില്‍ ഒഴിച്ചു കൊടുത്താല്‍ മതിയാകും. പ്രാണി ചത്തുകഴിഞ്ഞ് ഒരു ഡോക്ടറെ സമീപിച്ച് അത് നീക്കം ചെയ്യുകയാവും ഉത്തമം. അതുപോലെത്തന്നെ കൊച്ചുകുട്ടികള്‍ ചിലപ്പോള്‍ മുത്ത്‌, മഞ്ചാടി, കുരുമുളക്, കല്ല്‌, ചോക്ക് കഷ്ണം, ചെടികളുടെ വിത്ത്‌ ഇവയൊക്കെ ചെവിയില്‍ ഇടാറുണ്ട്. മഞ്ചാടി, ചെടികളുടെ വിത്ത്‌ മുതലായവ സമയം കഴിയും തോറും ജലം വലിച്ചെടുത്ത്‌ വികസിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഉടന്‍ തന്നെ ഡോക്ടറെ കണ്ട് അവ നീക്കം ചെയ്യുന്നതാവും നല്ലത്. മാതാപിതാക്കള്‍ കൂര്‍ത്ത സാധനങ്ങള്‍ക്കൊണ്ട് ഇവ നീക്കം ചെയ്യാന്‍ ശ്രമിക്കുന്നത് ചെവിയില്‍ നീരുവരാനും ഡോക്ടറുടെ ജോലി ക്ലേശകരമാക്കാനും കാരണമായേക്കാം. ചെവിക്കുള്ളിലെ അസ്വസ്ഥത കാരണമാകാം ചില കുട്ടികള്‍ അവരുടെ ചെവിയില്‍ ഇതുപോലുള്ള സാധനങ്ങള്‍ ഇടുന്നത്. ചെവിക്കുള്ളില്‍ ഉണ്ടാകുന്ന പഴുപ്പ്‌ (Acute suppurative otitis media) ഉള്ളവരിലും തുടക്കത്തില്‍ ഈ പ്രവണത കണ്ടുവരുന്നുണ്ട്. അതിനാല്‍ ചെവിക്കുള്ളിലെ വസ്തു നീക്കം ചെയ്തു കഴിഞ്ഞാല്‍ Acute suppurative otitis media യുടെ ലക്ഷണങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കുന്നത് ഉചിതമായിരികും.

കര്‍ണ്ണപടത്തിലെ മുറിവ്

സാധാരണയായി കര്‍ണ്ണപടത്തില്‍ മുറിവുണ്ടാകുന്നത് അറ്റം കൂര്‍ത്തിരിക്കുന്ന വസ്തുക്കള്‍ ചെവിയില്‍ ഇടുന്നത് കൊണ്ടാണ്. ചെവിയില്‍ അകപ്പെട്ടുപോയ ഹെയര്‍പിന്‍, തീപ്പെട്ടിക്കൊള്ളി പോലുള്ള വസ്തുക്കള്‍ എടുക്കാന്‍ ശ്രമിക്കുമ്പോഴും ഇങ്ങനെ സംഭവിക്കാം. ചെവിക്കുമേല്‍ ഉള്ള ശക്തമായ അടി മുതല്‍ കുഞ്ഞുങ്ങളുടെ ചെവികളില്‍ നമ്മള്‍ അമര്‍ത്തി നല്‍കുന്ന ഉമ്മ പോലും കര്‍ണ്ണപടം പൊട്ടാന്‍ കാരണമായേക്കും. ഇങ്ങനെയുള്ള അവസരങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക്‌ ചെവിയിലൂടെ കാറ്റ് കയറുന്ന ഒരു തോന്നല്‍ ഉണ്ടായേക്കാം. ഉടന്‍ തന്നെ ഡോക്ടറെ സമീപിച്ച് ചികിത്സ സ്വീകരിക്കേണ്ടതാണ്. ഇത്തരം സാധനങ്ങള്‍ ചെവിയില്‍ ഇടുമ്പോഴുള്ള അപകടങ്ങളെക്കുറിച്ച് കുട്ടികളെ രക്ഷിതാക്കള്‍ ബോധ്യപ്പെടുത്തുകയും അതില്‍ നിന്ന് അവരെ പിന്തിരിപ്പിക്കുകയും വേണം.

അക്യൂട്ട് സുപ്പുറെറ്റീവ് ടൈറ്റിസ് മീഡിയ (Acute suppurative otitis media ASOM)

കുഞ്ഞുങ്ങള്‍ക്ക്‌ ചെവിക്കകത്ത് അണുബാധയും നീരും ഉണ്ടാവുന്ന അസുഖമാണിത്\. ജലദോഷപ്പനി ഉള്ളപ്പോള്‍ അതിന്റെ കൂടെയും ഇത് കാണപ്പെടുന്നു. ചെവിക്കകത്തെ കലശലായ വേദന, ചില ശബ്ദങ്ങള്‍ കേള്‍ക്കുന്നത് പോലെയുള്ള തോന്നല്‍, കേള്‍വിക്കുറവ്‌ എന്നിങ്ങനെയാണ് രോഗലക്ഷണങ്ങള്‍. രാത്രിയിലാണ് സാധാരണ ചെവി വേദന കലശലാകാറ്. ചെവിക്കകത്തെ നീര് ചിലപ്പോള്‍ കര്‍ണ്ണപടത്തില്‍ സുഷിരമുണ്ടാക്കി പുറത്തേക്ക് ഒലിച്ചുവരുന്നതായി കാണാറുണ്ട്. ആന്റിബയോട്ടിക്ക്‌ മരുന്നുകളും തുള്ളിമരുന്നുകളും കൊണ്ട് ഇത് ചികിത്സിക്കാവുന്നതെയുള്ളൂ.

ക്രോണിക് സുപ്പുറെറ്റീവ് ഓട്ടിറ്റിസ് മീഡിയ (Chronic suppurative otitis media)

ചിലപ്പോള്‍ കര്‍ണ്ണപടത്തിലുണ്ടാകുന്ന സുഷിരം തനിയെ അടയാതെ നിന്നേക്കാം. അങ്ങനെയെങ്കില്‍ ചെവിയില്‍ നിന്നും ഇടയ്ക്കിടക്ക് പഴുപ്പ്‌ വരാനും കേള്‍വിക്കുറവ് സംഭവിക്കാനും സാധ്യതയുണ്ട്. ഇങ്ങനെയുള്ള ചില കുട്ടികളില്‍ അസുഖത്തിന്റെ ഭാഗമായി ചെവിക്കകത്തെ അസ്ഥികളിലേക്കും രോഗം വ്യാപിക്കുന്നതായി കാണാറുണ്ട്‌. അങ്ങനെയെങ്കില്‍ ചെവി ശസ്ത്രക്രിയ ചെയ്ത് പഴുപ്പ്‌ ബാധിച്ച അസ്ഥിഭാഗങ്ങള്‍ നീക്കം ചെയ്ത് കര്‍ണ്ണപടലം പുതുതായി വച്ചു പിടിപ്പിക്കേണ്ടി വരും. ഇങ്ങനെയുള്ള കുട്ടികളുടെ ചെവി വളരെയധികം സൂക്ഷമതയോടെ കൈകാര്യം ചെയ്യേണ്ടതാണ്. ചെവിയില്‍ വെള്ളം കടക്കാതെ നോക്കുക, കുളിക്കുമ്പോള്‍ ചെവിയില്‍ ഇയര്‍ പ്ലഗ്ഗുകള്‍ വെക്കുക, മുങ്ങിക്കുളി ഒഴിവാക്കുക, ചെവിയില്‍ ബഡ്സ്, പിന്‍ ഇവയൊന്നും ഇട്ടു തിരിക്കാതിരിക്കുക എന്നീ മുന്‍കരുതലുകള്‍ മാതാപിതാക്കള്‍ തന്നെ മുന്‍കൈ എടുത്ത്‌ സ്വീകരിക്കേണ്ടതാണ്.

കുട്ടികളിലെ കേള്‍വിക്കുറവ്

കുട്ടികളെ ജന്മനായുള്ള കേള്‍വിക്കുറവ്‌ കണ്ടുപിടിക്കുന്നതിനുള്ള OAE (Oto Acoustic Emission) എന്ന ടെസ്റ്റ്‌ ഇപ്പോള്‍ മിക്ക ആശുപത്രികളിലും കുഞ്ഞുങ്ങളെ ജനിച്ച ഉടന്‍ ചെയ്യുന്നുണ്ട്. അതുകൊണ്ട് കുട്ടികളിലെ ജന്മനായുള്ള കേള്‍വിക്കുറവ് കണ്ടെത്താന്‍ നമുക്ക് കഴിയുന്നുണ്ട്. ഇതുപക്ഷേ ഒരു സ്ക്രീനിംഗ് ടെസ്റ്റ്‌ മാത്രമാണ്. ഇതില്‍ വല്ല പ്രശ്നവുമുണ്ടെങ്കില്‍ BERA (Brainstem Evoked Response Audiomtery) എന്ന ടെസ്റ്റ്‌ ചെയ്ത് നോക്കേണ്ടാതായി വന്നേക്കാം. അഞ്ചു വയസ്സില്‍ കൂടുതലുള്ള കുട്ടികളാണെങ്കില്‍ Puretone audiomtery എന്ന ടെസ്റ്റ്‌ ചെയ്യുന്നതിലൂടെ കേള്‍വിക്കുറവുണ്ടെങ്കില്‍ അതിന്റെ അളവ് നമുക്ക്‌ മനസ്സിലാക്കാം.

ചികിത്സിച്ച് ഭേദമാക്കാവുന്ന കേള്‍വിക്കുറവാണെങ്കില്‍ (ചെപ്പി, ചെവിയിലെ നീരിറക്കം, കര്‍ണ്ണപടത്തിലെ നീരിറക്കം, കര്‍ണ്ണപടത്തിലെ സുഷിരം) അതിന് തനതായ ചികിത്സ സ്വീകരിച്ചാല്‍ മതിയാകും. എന്നാല്‍ ഞരമ്പുകളെ ബാധിച്ച കേള്‍വിക്കുറവാണെങ്കില്‍ അത് തിരിച്ചു കിട്ടാന്‍ സാധ്യതകള്‍ കുറവാണ്. അങ്ങനെയുള്ള അവസരങ്ങളിലാണ് ഇപ്പോഴുള്ള കൊക്ലിയര്‍ ഇംപ്ലാന്റ് സര്‍ജറിയുടെ പ്രാധാന്യം. ചിലവേറുമെങ്കിലും ശാസ്ത്രക്രിയക്കും സ്പീച്ച് തെറാപ്പിക്കും ശേഷം കുഞ്ഞിന് ശ്രവണ ശേഷി തിരിച്ചു കിട്ടുന്നു എന്നത് മഹത്തായ ഒരു കാര്യം തന്നെയാണ്. ഈ ശസ്ത്രക്രിയ കുഞ്ഞിന്റെ സംസാരശേഷി ആര്‍ജ്ജിച്ച് വരുന്നതിന് മുന്‍പ് തന്നെ ചെയ്യുന്നതാവും ഉചിതം.

കടപ്പാട് : ഡോ. രമ്യ വിനോദ്
ജൂനിയര്‍ കണ്‍സള്‍ട്ടന്റ്
ഇഎന്‍ടി, CHC, പാനൂര്‍

അവസാനം പരിഷ്കരിച്ചത് : 5/21/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate