ആരോഗ്യമുള്ള ഒരു വ്യക്തിയില്‍ സാമാന്യേന ഒരു മിനിട്ടില്‍ 72 തവണയാണ് ഹൃദയം മിടിക്കുന്നത്. ഒരു ഹൃദയമിടിപ്പില്‍ 70 മില്ലി രക്തം പമ്പു ചെയ്യപ്പെടുന്നു. അതനുസരിച്ച് ഒരു മിനിട്ടില്‍ 5040 മില്ലി ലിറ്റര്‍ രക്തം പമ്പു ചെയ്യുന്നു
ശരീരത്തിലെ രക്ത ചംക്രമണവ്യവസ്ഥയിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. ഇടത്തും വലത്തുമുള്ള ശ്വാസകോശ അറകളുടെ ഏതാണ്ട് മധ്യഭാഗത്ത് അല്‍പം ഇടത്തോട്ടു മാറിയാണ് ഹൃദയം സ്ഥിതി ചെയ്യുന്നത്.
പ്രായപൂര്‍ത്തിയായ സ്ത്രീ ഹൃദയത്തിന് ഏകദേശം 250 ഗ്രാമും പുരുഷഹൃദയത്തിന് 300 ഗ്രാമും തൂക്കമുണ്ടാകും. ഹൃദയത്തിന് നാല് പ്രത്യേക അറികളുണ്ട്. ഇടതു ഭാഗത്തും വലതു ഭാഗത്തും മുകളിലും താഴെയുമാണ് ഈ നാല് അറകള്‍ സ്ഥിതി ചെയ്യുന്നത്.
ആരോഗ്യമുള്ള ഒരു വ്യക്തിയില്‍ സാമാന്യേന ഒരു മിനിട്ടില്‍ 72 തവണയാണ് ഹൃദയം മിടിക്കുന്നത്. ഒരു ഹൃദയമിടിപ്പില്‍ 70 മില്ലി രക്തം പമ്പു ചെയ്യപ്പെടുന്നു. അതനുസരിച്ച് ഒരു മിനിട്ടില്‍ 5040 മില്ലി ലിറ്റര്‍ രക്തം പമ്പു ചെയ്യുന്നു. ഇപ്രകാരം ഒരു ദിവസം കൊണ്ട് ഏകദേശം 7200 ലിറ്റര്‍ രക്തമാണ് ഹൃദയം പമ്പുചെയ്യുന്നത്.
ഹൃദയം ആയുര്‍വേദത്തില്‍
തല കീഴായി വച്ചിട്ടുള്ള കൂമ്പിയ ഒരു താമരമൊട്ടുപോലെയാണ് ഹൃദയം എന്ന് ആയുര്‍വേദ ശാസ്ത്രം പറയുന്നു. ശരീരത്തെ നിലനിര്‍ത്തുന്ന ശക്തി വിശേഷമായ ഓജസ് ഹൃദയത്തിലാണ്. ഓജസ് രക്തത്തിലൂടെ ശരീരം മുഴുവന്‍ വ്യാപിക്കുന്നു. ഹൃദയത്തെ ഏറ്റവും മുഖ്യമായ ഒരു മര്‍മ്മമായാണ് ആയുര്‍വേദം കണക്കാക്കുന്നത്.
ഹൃദയത്തെ ബാധിക്കുന്ന രോഗങ്ങള്‍ എല്ലാം തന്നെ വളരെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാറുണ്ട്. അതുകാരണം പലപ്പോഴും മരണകാരിയായിത്തീരുകയും ചെയ്യുന്നു.
വിവിധതരം ഹൃദ്രോഗങ്ങള്‍
ലോകത്ത് ആകെയുള്ള മരണങ്ങളില്‍ മൂന്നിലൊന്നുഭാഗവും ഹൃദ്രോഗം മൂലമാണ് സംഭവിക്കുന്നത്.
ജന്മനായുള്ളവ
ഹൃദയത്തിലെ തകരാറുകള്‍: - ജന്മനാ തന്നെ ഹൃദയവാല്‍വുകള്‍ക്ക് തകരാറുകള്‍ ഉണ്ടാകാം. കൂടാതെ റൂമാറ്റിക് ഫിവര്‍ തുടങ്ങിയ രോഗങ്ങള്‍ മൂലവും വാല്‍വുകള്‍ ചുരുങ്ങിപ്പോകാം.
ഹൃദയപേശികള്‍ക്ക് ഉണ്ടാകുന്ന തകരാറുകള്‍: - ഇതു സാധാരണ പ്രായപൂര്‍ത്തിയാവരിലാണ് കണ്ടുവരുന്നത്.
ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകള്‍ക്കുണ്ടാകുന്ന തകരാറുകള്‍: - രക്തപ്രവാഹം തീരെ ഇല്ലാതാകുമ്പോള്‍ ഹൃദയ പേശികളുടെ പ്രവര്‍ത്തനം നിലച്ചുപോകുന്നു. കൊറോണറി ഷോക്ക്, കാര്‍ഡിയാക് ഷോക്ക്, കാര്‍ഡിയാക് ഔട്ട്പുട്ട് ഫെയിലര്‍ തുടങ്ങില അവസ്ഥകള്‍ ഉണ്ടാകുന്നതിനെയാണ്.
ഗര്‍ഭാവസ്ഥയില്‍: - ഗര്‍ഭിണിയുടെയും ഗര്‍ഭസ്ഥ ശിശുവിന്റെയും ആരോഗ്യസംരക്ഷണം (ഗര്‍ഭിണീചര്യ) എത്രമാത്രം പ്രധാന്യമര്‍ഹിക്കുന്നുവെന്നുള്ള വസ്തുതയിലേക്കാണ് ജനിതക കാരണങ്ങള്‍ വിരല്‍ചൂണ്ടുന്നത്.
ആര്‍ജിതമായവ
അതീറോക്ലിറോസിസ് (ധമനീപ്രതിചയം): രക്തധമനികളില്‍ മാലിന്യമടിഞ്ഞുകൂടി സംഭവിക്കുന്ന ഒരു അവസ്ഥയകാണ് ധമനീപ്രതിചയം അഥവാ അതിറോക്ലിറോസിസ്.
ഒക്കുലൂഷന്‍ ഇന്‍ ബ്ലഡ് വെസല്‍സ് (ത്രോംബസ് എംബോളസ്): -
ധമനികളില്‍ പറ്റിപ്പിടിച്ചിട്ടുള്ള മാലിന്യങ്ങള്‍ അടര്‍ന്ന് രക്തക്കുഴലുകളില്‍ തടസമുണ്ടാക്കും വിധം ബ്ലോക്ക് സ്ഥിതി ചെയ്യുന്നത് ത്രോംബസ് എന്നു പറയുന്നു.
ഹൃദയത്തിലെ മര്‍ദവ്യതിയാനങ്ങള്‍ മൂലമുള്ള തകരാറുകള്‍: -
അതിയായ ചിന്ത, ഭയം, മാനസിക സംഘര്‍ഷങ്ങള്‍, പെട്ടെന്നുണ്ടാകുന്ന ആഘാതങ്ങള്‍ തുടങ്ങിയവയെല്ലാം നാഡീസംവേദനങ്ങളിലും ഹോര്‍മോണുകളിലും വ്യതിയാനങ്ങള്‍ ഉണ്ടാകുന്നതോടൊപ്പം തന്നെ രക്തസമ്മര്‍ദത്തേയും ബാധിക്കുന്നു. രക്തസമ്മര്‍ദം സാധാരണ നിലയില്‍ നിന്ന് കൂടുതലാകുന്നതും കുറയുന്നതും ഒരുപോലെ അപകടകരമാണ്.
ആഹാരരീതികള്‍: -
എരിവ്, ഉപ്പ് എന്നീ രസങ്ങളും കൂടുതല്‍ ചൂടുള്ള ആഹാര സാധനങ്ങളും നിത്യമായി ഉപയോഗിക്കുന്നത് രക്തത്തിന്റെ സ്വഭാവത്തിന് മാറ്റം വരുത്താന്‍ ഇടയാക്കുന്നു. ഈ രക്ത ദുഷ്ടി വിതരണ കേന്ദ്രമായ ഹൃദയത്തെ കേടുവരുത്തുന്നു.
വ്യായാമക്കൂടുതല്‍: -
വളരെ കൂടുതലായ വ്യായാമങ്ങള്‍ ഹൃദയത്തിന്റെ അധ്വാനം വര്‍ധിപ്പിക്കുന്നതിനാല്‍ രക്ത മര്‍ദത്തിന്റെ വ്യതിയാനത്തിനും ഹൃദയത്തിന്റെ ക്ഷീണത്തിനും ഇടയാക്കുന്നു.
ശരീരോത്തേജനങ്ങളെ തടഞ്ഞു നിര്‍ത്തുന്നതുമൂലം: -
ശരീരത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനത്തിന്റെ ഫലമായി ഉല്‍പ്പന്നങ്ങളും ഉപോല്‍പ്പന്നങ്ങളും ഉണ്ടാകുന്നതോടൊപ്പം തന്നെ മാലിന്യങ്ങളും രൂപപ്പെടുന്നു. ഇവ യഥാസമയം വിസര്‍ജിക്കപ്പെടാതെ ശരീരത്തില്‍ കെട്ടി നില്‍ക്കുന്നത് തടയുവാനായി ശരീരം പുറപ്പെടുവിക്കുന്ന ഉത്തേജനങ്ങളാണ് വേഗങ്ങള്‍. ഇത്തരത്തില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിനും തകരാറ് വരുന്നു.
പുകവലി: -
ഹൃദ്രോഗം മൂലം മരിക്കുന്ന 65 വയസിനു താഴെയുള്ളവരില്‍ 25 ശതമാനവും പുവലിക്കാരാണെന്നാണ് കണക്ക്. പുകയിലയില്‍ അടങ്ങിയിട്ടുള്ള നിക്കോട്ടിന്‍ എന്ന വിഷാംശം രക്തക്കുഴലുകളുടെ ഉള്‍ഭിത്തികളില്‍ കറപോലെ പറ്റിക്കിടക്കുന്നു. നിക്കോട്ടിന്‍ വരുത്തുന്ന തടസം ഹൃദയത്തിലേക്കുള്ള രക്ത ലഭ്യത കുറയ്ക്കുന്നു.
അമിത വണ്ണം: -
അമിതവണ്ണമുള്ളവരുടെ ആഹാര രീതി പരിശോധിച്ചാല്‍ കൊഴുപ്പു കൂടിയ പദാര്‍ഥങ്ങളുടെ അമിതോപയോഗമുള്ളതായി കാണാം. പാല്‍, മുട്ട, മാംസ വര്‍ഗങ്ങള്‍ തുടങ്ങിയവയുടെ പരിധിയില്‍ കവിഞ്ഞുള്ള ഉപയോഗം രക്തത്തിലെ കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കുന്നു.
ഹൃദ്രോഗ ലക്ഷണങ്ങള്‍
വേദന: -
നെഞ്ചിന്റെ മുകളില്‍ ഇടത്തേ ഭാഗത്തു നിന്നു തുടങ്ങി ഇടത്തേ കയ്യിലേക്ക് ബാധിക്കുന്ന വേദന ഹൃദ്രോഗത്തിന്റെ പ്രത്യേകതയാണ്. ഭ്രൂണാവസ്ഥയില്‍ തന്നെ ഹൃദയവും കൈകളും നെഞ്ചിന്റെ ഭാഗത്തു നിന്നാണുണ്ടാകുന്നത്.
ശ്വാസവൈഷമ്യം: -
ശ്വാസവൈഷമ്യം പലതരത്തില്‍ അനുഭവപ്പെടാം. കയറ്റം കയറുക, വേഗത്തില്‍ നടക്കുക, ഓടുക തുടങ്ങിയവ സാധാരണയില്‍ നിന്ന് വ്യത്യസ്തമായി ചെയ്യുമ്പോള്‍ ശ്വാസ വൈഷമുണ്ടാകുന്നത് ഹൃദ്രോഗം ചെറിയ തോതില്‍ തുടങ്ങുന്നതിന്റെ ലക്ഷണമാകാം. വിശ്രമിക്കുമ്പോഴും കിടക്കുമ്പോഴും ശ്വാസതടകമുണ്ടാകുന്നത് രോഗത്തിന്റെ ഗൗരവത്തെ കാണിക്കുന്നു.
കിതപ്പ്: -
ഹൃദയഭാഗത്ത് കൈവച്ച് നോക്കിയാല്‍ ഹൃദയസ്പന്ദനം അറിയാം. അതല്ലാതെ സാധാരണ നിലയില്‍ നമുക്ക് ഹൃദയസ്പന്ദനം പെട്ടെന്ന് അനുഭവിച്ചറിയാന്‍ പറ്റില്ല. എന്നാല്‍ ഹൃദ്രോഗം ബാധിച്ച ഒരാള്‍ക്ക് ശക്തമായ ഹൃദയമിടിപ്പ് അനുഭവപ്പെടുകയും ശ്വാസോച്ഛ്വാസം വേഗത്തിലാവുകയും ചെയ്യും. ഇതിന് കിതപ്പ് എന്നാണ് സാധാരണ പറയുക.
ചര്‍മ്മത്തിനടിയിലെ വീക്കം: -
കുറേ കാലമായി നീണ്ടു നില്‍ക്കുന്ന ഹൃദ്രോഗത്തിന്റെ ഒരു പ്രധാന ലക്ഷണമാണ് ചില പ്രത്യേക ഭാഗങ്ങളില്‍ കാണപ്പെടുന്ന വീക്കങ്ങള്‍. വിരല്‍ കൊണ്ട് അമര്‍ത്തിനോക്കിയാല്‍ തൊലിപ്പുറം കുറിഞ്ഞതായി കാണപ്പെടും. വൈകുന്നേരങ്ങളില്‍ അധികരിക്കുന്ന വീക്കം ഒരു പ്രധാന ലക്ഷണമാണ്.
നാഡീസ്പന്ദന വൈകല്യങ്ങള്‍: -
വൈദ്യപരിശോധനയില്‍ കാണുന്നത് ഹൃദയത്തിന്റെ കൃത്യതയിലെത്താതത് സ്പന്ദനങ്ങള്‍. സ്‌തെസ്‌കോപ്പ് ഉപയോഗിച്ച് സ്പന്ദനങ്ങള്‍ നോക്കുമ്പോള്‍ അസ്വാഭാവിക ശബ്ദങ്ങള്‍ കേള്‍ക്കാം.
മുന്‍ കരുതലുകള്‍
ഹൃദ്രോഗം പാരമ്പര്യമായും ഉണ്ടാകാം. അതിനാല്‍ കുടുംബാംഗങ്ങളില്‍ ആര്‍ക്കെങ്കിലും ഹൃദ്രോഗമുണ്ടെങ്കില്‍ മറ്റുള്ളവര്‍ ഒരു വിദഗ്ധ ഡോക്ടറുടെ ഉപദേശം തേടുകയും വേണ്ട പരിശോധനങ്ങള്‍ നടത്തി രോഗമില്ലെന്ന് ഉറപ്പു വരുത്തുകയും വേണം.
ഏതെങ്കി തരത്തില്‍ ഹൃദ്രോഗത്തിന് സാധ്യത കാണുന്നുണ്ട് എങ്കില്‍ അതിന് വേണ്ടുന്ന ചികിത്സകള്‍ നടത്തുകയും വേണ്ടതുണ്ട്. പ്രമേഹം, രക്തത്തിലെ മര്‍ദ വ്യതിയാനം, വൃക്കകളുടെ തകരാറുകള്‍, കൊളസ്‌ട്രോകള്‍ തുടങ്ങിയവ ഹൃദ്രോഗബാധക്കു കാരണമായേക്കാമെന്നുള്ളതിനാല്‍, ഇത്തരത്തിലുള്ള അസുഖങ്ങള്‍ ഉള്ളവര്‍ അതിനു വേണ്ട ചികിത്സകള്‍ കൃത്യമായി ചെയ്യുകയും ജീവിത രീതിയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുകയും വേണം.
മാനസിക സമ്മര്‍ദം കൂടുതലായി അനുഭവിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാധ്യത കൂടുതലായുള്ളതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍ അത്തരത്തിലുള്ള ജീവിത സാചര്യങ്ങളുള്ളവര്‍ ഹൃദ്രോഗ പ്രതിരോധ നടപടിയെന്ന നിലയ്ക്ക് വേണ്ട പരിശോധനകള്‍ നടത്തുകയും മാനസിക സമ്മര്‍ദം കുറയ്ക്കാനുതകുന്ന മാര്‍ഗങ്ങള്‍ ശീലിക്കുകയും വേണ്ടതാണ്.
നെഞ്ചു വേദന, ക്ഷീണം, ശ്വാസതടസം, തലചുറ്റല്‍ തുടങ്ങിയ പ്രയാസങ്ങള്‍ അടുപ്പിച്ചുമണ്ടാവുകയാണെങ്കില്‍ വിദഗ്‌ദോപദേശം തേടുകയും വേണ്ട ചികിത്സകള്‍ ചെയ്യുകയും വേണം. ഹൃദ്രോഗത്തിന്റെ തീവ്രതയനുസരിച്ച് ചികിത്സാക്രമം രൂപപ്പെടുത്തുക. ഒഴിച്ചു കൂടാനാവാത്ത സന്ദര്‍ഭങ്ങളില്‍ ശസ്ത്രക്രിയ വേണ്ടിവന്നേക്കാം.
ജീവിത ചര്യ
ഹൃദ്രോഗത്തെ തടയുന്നതിനായി ആഹാര രീതിയും ശാരീരിക വ്യായാമങ്ങളും ക്രമപ്പെടുത്തുന്നതിന് തുല്യമായ പ്രാധാന്യം മാനസിക സ്വസ്ഥത നിലനിര്‍ത്തുന്നതിനുമുണ്ട്. മാനസിക സമ്മര്‍ദങ്ങള്‍, ശാരീരിക പ്രശ്‌നങ്ങളായിട്ടാണ് അനുഭവപ്പെടുന്നത്. അമിതമായ സന്തോഷവും ദുഃഖവും രക്തസമ്മര്‍ദത്തില്‍ സാരമായ വ്യതിയാനങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.
ശാരീരികമായ പ്രവൃത്തികള്‍ വളരെ കുറവും മാനസിക സമ്മര്‍ദം ഏറെ കൂടുതലുള്ള ഒരു സാചര്യമാണ് ഇന്നുള്ളത്. അവനവനെ സ്വയം അറിയുന്നതിന് ഒരു ആത്മപരിശോധന നടത്തുവാന്‍ ഓരോ വ്യക്തിയും ശ്രമിക്കുകയാണെങ്കില്‍ പല മാത്സര്യങ്ങളും തല്‍ഫലമായ വിപത്തുക്കയും ഒഴിവാക്കുവാന്‍ സാധിക്കും.
കൃത്യസമയത്ത് ഉണരുകയും ഉറങ്ങുകയും ചെയ്യുന്നത് പതിവാക്കുക. പത്തുവയസില്‍ താഴെയുള്ള കുട്ടികള്‍ എട്ടു മണിക്കൂര്‍ ഉറങ്ങേണ്ടതാണ്. എന്നാല്‍ പ്രായപൂര്‍ത്തിയായവര്‍ക്ക് അഞ്ചുമണിക്കൂര്‍ സുഖമായി ഉറക്കം കിട്ടിയാല്‍ മതിയാവും. പകലുറക്കം ഒഴിവാക്കുന്നതാണ് നല്ലത്. രാത്രി ഉറക്കമിളയ്ക്കുകയുമരുത്.
അത്യാവശ്യ ഘട്ടത്തില്‍ ഉറക്കമൊഴിക്കേണ്ടി വന്നാല്‍ അതിന്റെ പകുതി സമയം പിറ്റേ ദിവസം ഭക്ഷണത്തിന് മുമ്പായി ഉറങ്ങുന്നതാണ് നല്ലത്. ദിനചര്യകള്‍ കൃത്യസമയത്ത് തന്നെ നിര്‍വഹിക്കുവാന്‍ ശ്രദ്ധിക്കുന്നത് ശരീരത്തിന്റെ മാലിന്യങ്ങള്‍ കെട്ടിക്കിടക്കാതിരിക്കാനും ശരിയായ ദഹനം, വിശപ്പ്, ഉറക്കം, ഉന്മേഷം ഇവ ലഭിക്കുന്നതിനും സഹായിക്കും.
ഇടയ്ക്കിടെ ചായയും കാപ്പിയും കുടിക്കുന്ന ശീലം നന്നല്ല. പുകയില, മദ്യം, പുകവലി ഇവയുടെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കണം. ഇക്കാര്യങ്ങള്‍ എല്ലാം ശ്രദ്ധിച്ചശേഷവും അമിത വണ്ണം ഉണ്ടാവുകയാണെങ്കില്‍ വൈദ്യനെ സമീപീച്ച് വേണ്ട ചികിത്സകള്‍ ചെയ്യേണ്ടതാണ്.
വ്യായാമം ചിട്ടപ്പെടുത്തുക
രോഗത്തിന്റെ സ്വഭാവമനുസരിച്ചുവേണം വ്യായാമം ചിട്ടപ്പെടുത്താന്‍. പരിപൂര്‍ണ വിശ്രമം നിര്‍ദേശിക്കപ്പെട്ടിട്ടുള്ളവര്‍ വ്യായാമം ചെയ്യുന്നത് രോഗം വര്‍ധിക്കുവാന്‍ ഇടയാക്കും. മാനകവും ഉത്കണ്ഠയുമുള്ള സാചര്യങ്ങളില്‍ മനസിന്റെ പിരിമുറുക്കം കുറയ്ക്കുന്നതിന് ശവാസനം, ദീര്‍ഘശ്വാസം, ലഘു വ്യായാമങ്ങള്‍ എന്നിവ സഹായിക്കും.
വ്യായാമങ്ങള്‍ ശീലിക്കുന്നത് ശരീരപ്രകൃതിക്കും അരോഗ്യസ്ഥിതിക്കും ഇണങ്ങിയ രീതിയിലാകണം. ദിവസവും രാവിലെ ഒരു മണിക്കൂര്‍ നേരം നിരപ്പായ സ്ഥലത്തു കൂടി മിതമായ വേഗത്തില്‍ നടക്കുന്നത് ശാരീരികവും മാനസികവുമായ ഉന്മേഷം ലഭിക്കുന്നതിന് സഹായകമാകും.
കുറേസമയം ഇരുന്നു ജോലി ചെയ്യുന്നവര്‍ക്ക് കൈകാലുകള്‍ ഇളക്കിയുള്ള നടത്തം രക്തപ്രവാഹം ശരിയാക്കുന്നതിന് ഏറെ സഹായകരമാണ്. വൃക്ഷങ്ങളും ചെടികളും ഉള്ള സ്ഥലങ്ങളിലൂടെ രാവിലെ നടക്കുന്നതുകൊണ്ട് ധാരാളം ശുദ്ധവായു ലഭിക്കുകയും ചെയ്യും.
ആഹാരം കരുതലോടെ
1. ഇളം ചൂടോടെയുള്ള ആഹാരം വിശപ്പുമാറുന്നതു വരെ മാത്രം കഴിക്കുക.
2. മുമ്പ് കഴിഞ്ഞ ആഹാരം ദഹിച്ച ശേഷം വിശപ്പുതോന്നുമ്പോള്‍ മാത്രം ആഹാരം കഴിക്കുക.
3. ആഹാരത്തില്‍ പഴങ്ങളും പച്ചക്കറികളും ഇലക്കറികളും കൂടുതലായി ഉള്‍പ്പെടുത്തുകയും എരിവ്, പുളി, ഉപ്പ് എന്നീ രസങ്ങള്‍ മിതമായി മാത്രം ഉപയോഗിക്കുകയും വേണം. പാല്‍, മുട്ട, മാസവര്‍ഗങ്ങള്‍, കൊഴുപ്പു കൂടുതലുള്ള സാധനങ്ങള്‍, എണ്ണയില്‍ വറുത്തവ എന്നിവ ഒഴിവാക്കണം.
4. വൃത്തിയുള്ളതും മനസിനിണങ്ങിയതുമായ സ്ഥലത്തുവച്ച് ആഹാരം കഴിക്കുക.
5. നന്നായുണ്ടാക്കിയ ഭക്ഷണം പോലും അമിതമായി ഉപയോഗിച്ചുകൂടാ.
6. തണുപ്പിച്ച ശേഷം വീണ്ടും ചൂടാക്കിയ ഭക്ഷണം ഒരിക്കലും ഉപയോഗിക്കരുത്
7. ഭക്ഷണം കഴിച്ചയുടനെ കുളിക്കുവാന്‍ പാടില്ല
പച്ചക്കറികള്‍ ധാരാളം ഉപയോഗിക്കാം. പാവയ്ക്ക, പടവലം, കുമ്പളങ്ങ, വെള്ളരിക്ക തുടങ്ങിയവ ദിവസേന ഉപയോഗിക്കാവുന്നതാണ്. അധികം എണ്ണ ചേര്‍ക്കാതെ പാകം ചെയ്യുന്നതാണ് ഉത്തമം. ചേമ്പ്, ചേന തുടങ്ങിയവ മിതമായി ഉപയോഗിക്കാം. പഴങ്ങള്‍ ധാരാളമായി ഉപയോഗപ്പെടുത്താം. പ്രമേഹമുള്ളവരാണെങ്കില്‍ പ്രമേഹപഥ്യമനുസരിച്ച് മാത്രമേ പഴങ്ങള്‍ ഉപയോഗിക്കാവൂ.
പപ്പായ, ഓറഞ്ച്, ആപ്പിള്‍, പേരയ്ക്ക, നെല്ലിക്ക എന്നിവ എല്ലാവര്‍ക്കും ഉപയോഗപ്പെടുത്താവുന്ന ഫലങ്ങളാണ്. പച്ചക്കറികള്‍ വേവിച്ചും വേവിക്കാതെയും സലാഡ് ആയിക്കും ഉപയോഗിക്കാവുന്നതാണ്. ചെറുപയര്‍, കടല തുടങ്ങിയ പയറുവര്‍ഗങ്ങള്‍ മുളിപ്പിച്ച് ഉപയോഗിക്കുന്നതാണ് നല്ലത്.
പാല്‍ ഉപയോഗിക്കുന്നത് തിളപ്പിച്ച് പാടനീക്കിയ ശേഷമായിരിക്കണം. അരി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങളുടെ അളവ് കുറച്ച് പച്ചക്കറികളും ഇലക്കറികളും കൂടുതല്‍ ഉള്‍പ്പെടുത്തി ആഹാരത്തിന്റെ അളവ് ക്രമീകരിക്കണം.
ഒറ്റമൂലികള്‍
നീര്‍മരുത് - പാര്‍ഥാദ്യരിഷ്ടത്തിലെ മുഖ്യമായ ഘടകം നീര്‍മരുതാണ്. ഹൃദയസ്പന്ദന നിരക്കും നാഡീ സ്പന്ദന നിരക്കും ക്രമീകരിക്കാന്‍ ഇതിന് പ്രത്യേക കഴിവുണ്ട്.
ഗുഗ്ഗുലു - കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഉപകരിക്കുന്നു
ബ്രഹ്മി - ആകാംഷ കുറയ്ക്കാന്‍ സഹായിക്കുന്നു
പാല്‍ കഷായം - പാല്‍ കഷായത്തിനുള്ള മരുന്ന് 15 ഗ്രാം വൃത്തിയായി കഴുകിച്ചതച്ച് ഒരു പരുത്തിയില്‍ കിഴികെട്ടുക. വൈദ്യ നിര്‍ദേശമരുസരിച്ച് 100 - 150 മില്ലി അതിന്റെ നാലിരട്ടി ശുദ്ധജലവും ചേര്‍ത്തി അതില്‍ കിഴിയിട്ട് തിളപ്പിച്ച് പാലളവാക്കി കുറുകിയെടുക്കുക.
കിഴി നന്നായി പാലിലേക്ക് ഞെക്കിപ്പിഴിഞ്ഞ് ചേര്‍ത്ത് ചെറു ചൂടോടെ രാത്രി കിടക്കാന്‍ നേരം സേവിക്കണം. ശരീരക്ഷീണമുണ്ടാക്കുന്ന തീഷ്ണമായ ശോധനചികിത്സകളൊന്നും ഹൃദ്രോഗത്തില്‍ ചെയ്തുവരുന്നില്ല.
ബാഹ്യപ്രയോഗങ്ങള്‍
ബലാതൈലം അല്ലെങ്കില്‍ ക്ഷീരബലാതൈലം, ധാന്വന്തരതൈലം, എന്നിവയുടെ ആവര്‍ത്തികളോ ചെറുചൂടോടെ നെഞ്ചില്‍ തേയ്ക്കുകയോ ശീലയില്‍ മുക്കി ഹൃദയഭാഗത്ത് കുറച്ച് സമയം വയ്ക്കുകയോ ചെയ്യുന്നത് നെഞ്ചു വേദനയ്ക്ക് ആശ്വാസമാകും. ഉരോവസ്തി ചെയ്യുന്നതിനും ഈ തൈലങ്ങള്‍ യുക്തിക്കനുസരിച്ച് ഉപയോഗപ്പെടുത്തി വരുന്നു.
ഹൃദയതാഗത്ത് ഒരു തടസമുണ്ടാക്കി തൈലം ചെറുചൂടില്‍ കുറച്ചു സമയം നിര്‍ത്തുന്ന ചികിത്സയാണിത്. ചുവന്നുള്ളിയും വെളുത്തുള്ളിയും ക്ഷീരബല ചേര്‍ത്ത് പോള്‍സീട്ടാക്കി ചെറു ചൂടോടെ നെഞ്ചത്ത് വയ്ക്കുന്നത് വേദനയെ ശമിപ്പിക്കും. ഈ മരുന്നുകള്‍ രക്തപ്രവാഹം വര്‍ധിപ്പിക്കുകയും ചെയ്യും.
ആഹാര സമയം
രാവിലെലല7 - 8 - പ്രാതല്‍
ഉച്ചകഴിഞ്ഞ് 11- 12 - ഉച്ചഭക്ഷണം
ഉച്ചകഴിഞ്ഞ് 3 - 4 - ഇളനീര്‍/ചായ/ജ്യൂസ്/വെജിറ്റബിള്‍ സൂപ്പ്
രാത്രിിി7 - 8 - രാത്രി ഭക്ഷണം
ഹൃദയധമനീ രോഗങ്ങള്‍, പ്രമേഹം, അര്‍ബുദം, പഴകിയ ശ്വാസകോശരോഗങ്ങള്‍ തുടങ്ങിയവയാണ് പ്രധാന അസാംക്രമിക രോഗങ്ങള്‍. ലോകത്തില്‍ മൂന്നില്‍ രണ്ട് മരണവും ഇവകൊണ്ടുതന്നെ.
അസാംക്രമിക രോഗങ്ങള്‍ മൂലം ഭൂമുഖത്ത് പ്രതിവര്‍ഷം 36 ദശലക്ഷം ആളുകളാണ് മൃതിയടയുന്നത്. ഹൃദയധമനീ രോഗങ്ങള്‍, പ്രമേഹം, അര്‍ബുദം, പഴകിയ ശ്വാസകോശരോഗങ്ങള്‍ തുടങ്ങിയവയാണ് പ്രധാന അസാംക്രമിക രോഗങ്ങള്‍. ലോകത്തില്‍ മൂന്നില്‍ രണ്ട് മരണവും ഇവകൊണ്ടുതന്നെ.
ഇപ്പോഴുള്ള സാഹചര്യം തുടര്‍ന്നാല്‍ വരും ദശകത്തില്‍ അസാംക്രമിക രോഗങ്ങള്‍ മൂലമുള്ള മരണസംഖ്യ 15 ശതമാനമായി ഉയര്‍ന്ന് പ്രതിവര്‍ഷം 44 ദശലക്ഷം പേര്‍ മൃത്യുവിനിരയാകുന്ന അവസ്ഥയിലെത്തും. ഈ അപകടാവസ്ഥ തരണം ചെയ്യാനുള്ള ദൃഢനിശ്ചയവുമായാണ് ജനീവയില്‍ നടന്ന 65 -ാം 'വേള്‍ഡ് ഹെല്‍ത്ത് അസംബ്ലി' അടിയന്തരതീരുമാനവുമായി മുന്നോട്ട്‌വരുന്നത്.
2025 -ഓടെ അസാംക്രമിക രോഗങ്ങള്‍ മൂലമുള്ള മരണസംഖ്യ 25 ശതമാനം കുറയ്ക്കണം. ആകെയുള്ള അസാംക്രമിക രോഗങ്ങളില്‍ പകുതിയും (17. 5 ദശലക്ഷം) ഹൃദയധമനീ രോഗങ്ങളാണ്. ഇതില്‍ 82 ശതമാനം പേരും സാമ്പത്തികമായി താഴെക്കിടയിലുള്ള, ഇന്ത്യപോലുള്ള വികസ്വരരാജ്യങ്ങളിലുള്ളവരാണ്. 2030 ആകുന്നതോടെ ഹൃദ്രോഗാനന്തര മരണനിരക്ക് 24 ദശലക്ഷമായി വര്‍ധിക്കും.
കരുത്ത് പങ്കുവയ്ക്കുക
തികച്ചും അപകടകരമായ ഈ അവസ്ഥയുടെ പശ്ചാത്തലത്തില്‍ 'വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്‍' ഹൃദയധമനീ രോഗങ്ങളെ സര്‍വശക്തിയുമെടുത്ത് പിടിയിലൊതുക്കാനുള്ള നൂതന പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയാണ്. ഹൃദ്രോഗ പരിശോധനയ്ക്കും ചികിത്സയ്ക്കും ഭാരിച്ച സാമ്പത്തിക ബാധ്യത താങ്ങാന്‍ പാവപ്പെട്ട രാജ്യങ്ങള്‍ക്ക് കഴിവില്ല.
ഇന്ത്യയിലെ സാധാരണക്കാരന്റെ കാര്യമെടുത്താല്‍ ഹൃദ്രോഗത്തിനടിമപ്പെടുന്നതോടെ 20 ശതമാനം അധികച്ചെലവാണ് കുടുംബത്തിലുണ്ടാകുന്നത്. ഇത് ചിലപ്പോള്‍ 40 ശതമാനം വരെയായെന്നുവരും. സാധാരണക്കാരന് ഇത് താങ്ങാനാവാത്ത ഭാരം തന്നെ.
ഈ സാഹചര്യത്തില്‍ ചികിത്സിച്ചു നശിക്കുന്നതിനേക്കാള്‍ ഭേദം രോഗം വരാതെ നോക്കുകതന്നെ. കൃത്യമായ പ്രതിരോധ നടപടികളിലൂടെ ഹൃദ്രോഗത്തെ 80 - 90 ശതമാനം വരെ തടയാന്‍ സാധിക്കുമെന്ന് ഗവേഷണങ്ങള്‍ അസന്നിഗ്ധം തെളിയിച്ചിട്ടുണ്ട്.
2000 - ല്‍ തുടങ്ങിയ 'ലോകഹൃദയദിനം' ഓരോ വര്‍ഷവും വിവിധ വിഷയങ്ങളെ അവലംബിച്ചാണ് പ്രവര്‍ത്തന പരിപാടികള്‍ സംവിധാനം ചെയ്യുന്നത്. നിങ്ങളുടെ ഹൃദയത്തിന് ശക്തിയും വീര്യവും നല്‍കാന്‍ നിങ്ങള്‍ അനുവര്‍ത്തിക്കുന്ന പ്രതിരോധ നടപടികളുടെ പ്രാധാന്യം മറ്റുള്ളവര്‍ക്കും പങ്കുവയ്ക്കണമെന്ന് ഈ വര്‍ഷത്തെ ലോകഹൃദയദിനം ആഹ്വാനം ചെയ്യുന്നു.
'കരുത്ത് പങ്കുവയ്ക്കുക' (ഷെയര്‍ യുവര്‍ പവര്‍) എന്നതാണ് ഈ വര്‍ഷത്തെ ഹൃദയദിന സന്ദേശം. ലോകത്ത് ഏറ്റവും ആളുകളെ മരണത്തിലേക്ക് വലിച്ചിഴക്കുന്ന ഈ മഹാമാരിയെ കൂട്ടായ്മയിലൂടെ പിടിയിലൊതുക്കണം. ഇതിനായി നാലു സംരംഭങ്ങളെ സജീവമായി പ്രവര്‍ത്തനപഥത്തിലെത്തിക്കണമെന്ന് പതിനെട്ടാം ലോകഹൃദയദിനം നിര്‍ദേശിക്കുന്നു.
1. ആരോഗ്യപൂര്‍ണമായ ഇന്ധനം ഹൃദയത്തിന് നല്‍കുക (Fuel your Heart)
2. വ്യായാമ പദ്ധതിയിലൂടെ ഹൃദയപ്രവര്‍ത്തനം സജീവമാക്കുക
3. പുകവലി പൂര്‍ണമായും നിര്‍ത്തലാക്കിക്കൊണ്ട് ഹൃദയത്തെ സ്‌നേഹിക്കുക
4. രക്തസമ്മര്‍ദവും കൊളസ്‌ട്രോളും ശരീരഭാരവും സന്തുലിതമാക്കി ഹൃദയത്തെ രോഗഭീഷണിയില്‍ നിന്നും പരിരക്ഷിക്കുക
ഭക്ഷണവേട്ട വേണ്ട
ഭക്ഷണം, ഭക്ഷണം, ഭക്ഷണം... ഇതാണ് ഇന്ന് മലയാളിയുടെ മനോമണ്ഡലത്തില്‍ ത്രസിച്ചു നില്‍ക്കുന്ന ചിന്ത. സന്തോഷകരവും സായൂജ്യവും ഭക്ഷണ ഭോജനത്തിലൂടെ എന്നതാണ് ഭൂരിപക്ഷം മലയാളികളുടെയും ജീവിത ലക്ഷ്യം.
അത്രമാത്രം പണം അവര്‍ ഭക്ഷണത്തിനായി ചെലവിടുകയാണ്. മൃഗങ്ങളെപ്പോലെ വിശക്കുമ്പോള്‍ മാത്രം 'ഭക്ഷണവേട്ട' എന്നതല്ല മനുഷ്യന്റെ
പ്രമാണം.
ഒരു ശീലം പോലെ വിശന്നാലും ഇല്ലെങ്കിലും മൂന്നോ നലോ പ്രാവശ്യം സുഭിക്ഷമായി ആഹരിച്ചുകൊണ്ടിരിക്കും. ഈ ഭക്ഷണക്കൊതി മലയാളിയെ രോഗാതുരതയിലേക്ക് തള്ളിവിടുകയാണ്.
അപഥ്യമായ ഭക്ഷണ ക്രമം, രക്താതിസമ്മര്‍ദം, പ്രമേഹം, വര്‍ധിത കൊളസ്‌ട്രോള്‍ എന്നിവയ്ക്ക് കാരണമാകുന്നു. ആവശ്യത്തിന് പഴങ്ങളും പച്ചക്കറികളും കഴിക്കാത്തതു കാരണം ഹൃദ്രോഗവും സ്‌ട്രോക്കും പിന്നെ കാന്‍സറും.
രോഗം വരുമോ
നിങ്ങള്‍ക്ക് സമീപഭാവിയില്‍ ഹാര്‍ട്ടറ്റാക്കുണ്ടാകാനുള്ള സാധ്യത ഉണ്ടോ എന്ന ചോദ്യത്തിന് ഉത്തരം തേടി അലയേണ്ടതില്ല. ഒരാളുടെ ആരോഗ്യവിവരണങ്ങളറിഞ്ഞാല്‍ ഉത്തരം എളുപ്പം.
അരക്കെട്ടിന്റെ ചുറ്റളവ്, ബി.എം.ഐ, ഉയരത്തിന്റെയും തൂക്കത്തിന്റെയും അനുപാതത്തിനതീതമായ കൊഴുപ്പിന്റെ അതിപ്രസരം, കുടവയര്‍, കൊളസ്‌ട്രോള്‍, പ്രഷര്‍, വ്യായാമ നിലവാരം, ഭക്ഷണ ശൈലി തുടങ്ങിയ ഘടകങ്ങള്‍ അസന്തിലിതമായാല്‍ നിങ്ങള്‍ അപകടരേഖ കടക്കുകയാണ്.
1960 - ല്‍ ലോകജനസംഖ്യയുടെ 43 ശതമാനം പേര്‍ 2200 ല്‍ കൂടുതല്‍ കലോറിയുള്ള ഭക്ഷണം കഴിച്ചിരുന്നുള്ളൂ. എന്നാല്‍ 2000 ല്‍ 90 ശതമാനം പേരും ദിവസേന 2200 കലോറിയില്‍ കൂടുതലുള്ള ആഹാര പദാര്‍ഥങ്ങള്‍ കഴിക്കുന്നു.
'ഏതാണ് ആരോഗ്യപൂര്‍ണമല്ലാത്ത ഭക്ഷണം?' എന്ന ചേദ്യം പ്രസക്തമാണ്. കൂടുതല്‍ പഞ്ചസാരയും മറ്റ് മധുര പദാര്‍ഥങ്ങളുമുള്ള ട്രാന്‍സ് ഫാറ്റുകളും പൂരിത കൊഴുപ്പും അധികമായുള്ള ഭക്ഷണവും, പഴങ്ങളും പച്ചക്കറികളും പ്രകൃതിയുടെ നാരുകളും കുറവുള്ള ആഹാരശൈലിക്കും ഇതാണ് അപകടം.
മാറണം ജീവിതശൈലി
ആഗോളമായി മുതിര്‍ന്നവരില്‍ 30 ശതമാനം പേരും ആവശ്യത്തിന് വ്യായാമം ചെയ്യുന്നില്ല. വ്യായാമ രാഹിത്യം മൂലം ലോകത്ത് 3.2 ദശലക്ഷം ആളുകള്‍ വര്‍ഷംതോറും മരണമടയുന്നു.
ദിവസേന 30 - 35 മിനിട്ട് എങ്കിലും ഊര്‍ജസ്വലമായി വ്യായാമം ചെയ്യാന്‍ സാധിച്ചാല്‍ ഹൃദ്രോഗവും സ്‌ട്രോക്കും നല്ലൊരു പരിധിവരെ തടയാം. ഇതിന് മാരത്തോണ്‍ ഓട്ടക്കാരനാവണമെന്നില്ല.
മിതമായ വേഗത്തില്‍ നടത്തം, ജോഗിംഗ്, സൈക്ലിങ്, നൃത്തം ഇവയെല്ലാം വലിയ ബുദ്ധിമുട്ടില്ലാതെ കൃത്യമായി ചെയ്യാം. വിവിധ യോഗാമുറകള്‍ അഭ്യസിക്കുന്നതും വളരെ നന്ന്.
'മെറ്റബോളിക് സിന്‍ഡ്രോം' എന്ന് വിളിക്കപ്പെടുന്ന രോഗശൃംഖല ഇന്ന് പ്രബലമായി വരികയാണ്. ഇന്‍സുലിന്‍ ഹോര്‍മോണിനോട് ശരീരം വേണ്ടരീതിയില്‍ പ്രതികരിക്കാത്ത അവസ്ഥയാണിത്.
കൂടാതെ കൊറോണറി ധമനികളുടെ ജരിതാവസ്ഥ, ദുര്‍മേദസ്, കൊഴുപ്പിന്റെ ആധിക്യം, വര്‍ധിത പ്രഷര്‍ ഇവയെല്ലാം കൂടി സമന്വയിപ്പിച്ച് രോഗാതുരത പതിന്മടങ്ങാകുന്നു.
ഹൃദയാരോഗ്യത്തെ തല്ലിത്തളര്‍ത്തുന്ന പ്രതിഭാസമാണ് പൊണ്ണത്തടി. അമിത വണ്ണമുള്ള കുട്ടികള്‍ വളര്‍ന്നു വലുതാകുമ്പോള്‍ ഹൃദ്രോഗമോ മസ്തിഷ്‌കാഘാതമോ ഉണ്ടാകാനുള്ള സാധ്യത അഞ്ച് ഇരട്ടിയാണ്.
പൊണ്ണത്തടി ഒരു സാമൂഹ്യ വിപത്താണെന്ന് മനസിലാക്കി കൂട്ടായിത്തന്നെ ഇതിനെ നേരിടണം.
ആഹാരക്രമീകരണവും വ്യായാമ ശീലവും ഊര്‍ജസ്വലമാക്കി ജീവിതഗതിയെ ആരോഗ്യപൂര്‍ണമായൊരു പാന്ഥാവിലൂടെ തിരിച്ചു വിട്ടാല്‍ ഹൃദ്രോഗത്തിന്റെ പിടിവിട്ട് നില്‍ക്കാമെന്ന യാഥാര്‍ഥ്യം ഏവര്‍ക്കും മനസിലാക്കിക്കൊടുക്കണം.
പ്രമേഹവും രക്തസമ്മര്‍ദവും
1995 നും 2025 നും ഇടയിലുള്ള കാലയളവില്‍ പ്രമേഹരോഗികളുടെ എണ്ണത്തിലുള്ള വര്‍ധന 170 ശതമാനമായിരിക്കുമെന്നത് മനുഷ്യരാശിക്ക് കൊടും ഭീഷണിയായി മാറുന്നു. 1995 - ല്‍ 84 ദശലക്ഷമായിരിക്കുന്ന പ്രമേഹരോഗികള്‍ 2025 ആകുമ്പോഴേക്കും 22.8 കോടിയായി മാറും.
2025 - ല്‍ ഭൂമുഖത്തുള്ള പ്രമേഹരോഗികളില്‍ 76 ശതമാനവും വികസ്വര രാജ്യങ്ങളിലായിരിക്കും. ഈ കാലയളവില്‍ വികസിത രാജ്യങ്ങളില്‍ പ്രമേഹ രോഗികളുടെ വര്‍ധന 41 ശതമാനമായിരിക്കും.
ഹൃദയാരോഗ്യത്തിന് ഭീഷണിയാകുന്ന മറ്റൊരു വില്ലന്‍ അമിത രക്തസമ്മര്‍ദമാണ്. ഹൃദയത്തിന് അമിത ഭാരമുണ്ടാക്കി സങ്കോചക്ഷമതയെ തളര്‍ത്തുന്ന രോഗാവസ്ഥയാണ് പ്രഷര്‍.
ലോകത്ത് നൂറുകോടിയിലധികം ആളുകള്‍ക്ക് രക്താതി സമ്മര്‍ദമുണ്ട്. ഇതില്‍ 71 ലക്ഷം ആളുകള്‍ പ്രഷറിനോടനുബന്ധിച്ച ഇതര രോഗങ്ങള്‍ക്ക് അടിമപ്പെട്ട് മരണത്തിനിരയാകുന്നു.
മലയാളികള്‍ ഹൃദ്രോഗത്തിന്റെ പിടിയിലാണ്. കേരളത്തിലെ ആളുകളുടെ മരണസംഖ്യയില്‍ 32 ശതമാനത്തിലേറെ ഹൃദ്രോഗാനന്തരമാണ്. ഹൃദയധമനി രോഗങ്ങള്‍കൊണ്ട് കേരളം പൊറുതിമുട്ടുകയാണ്.
ശരാശരി മലയാളിയുടെ ശരീരം ജീവിതശൈലി രോഗങ്ങളുടെ കലവറയായി മാറുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ മാംസം കഴിക്കുന്നവര്‍ മലയാളികള്‍ തന്നെ.
'രോഗം വരട്ടെ... എന്നിട്ട് നോക്കാം' എന്ന മലയാളിയുടെ മനസിലിരുപ്പ് അവരെ എവിടെ കൊണ്ടുചെന്ന് എത്തിക്കും? ഇതിന് ആരോഗ്യകേരളം വലിയ വില കൊടുക്കേണ്ടിവരും.
കടപ്പാട് : ഡോ. ജോര്‍ജ് തയ്യില്‍
സീനിയര്‍ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ്
ലൂര്‍ദ് ആശുപത്രി, എറണാകുളം
അവസാനം പരിഷ്കരിച്ചത് : 10/23/2019