অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സൌന്ദര്യ സംരക്ഷണം

കോസ്മെറ്റിക്സ് വെളുക്കാന്‍ തേച്ചാല്‍ പാണ്ടായതു തന്നെ

ആവി പറക്കുന്ന ബിരിയാണിയും ഉള്ളു തണുപ്പിക്കുന്ന ഐസ്ക്രീമും മധുര പാനീയങ്ങളും വറുത്തതും പൊരിച്ചതും എന്നുവേണ്ട രുചിയുടെ രസമുകുളങ്ങളെ ഉത്തേജിപ്പിക്കുന്ന എന്തും ത്യജിച്ച് യുവത്വവും സൗന്ദര്യവും നേടുക എന്ന സ്വപ്നം ഇല്ലാത്തവര്‍ വളരെ കുറവായിരിക്കും. പ്രത്യേകിച്ച് അല്പം തടി കൂടുതലുള്ളവര്‍. ഊണിലും ഉറക്കത്തിലും പൊണ്ണത്തടിക്കെന്താണ് കാരണമെന്ന്‍ ആലോചിച്ച്, ഉറങ്ങാന്‍ കിടക്കുമ്പോഴും ഉണരുമ്പോഴും സ്വപ്നത്തിലെങ്കിലും നമ്മള്‍ ഉപയോഗിക്കുന്ന സൗന്ദര്യവര്‍ദ്ധക ലേപനങ്ങള്‍ക്ക് ഇതിലൊരു പങ്കുണ്ടെന്ന് തോന്നിയിട്ടുണ്ടോ ? മലയാളികള്‍ പിന്തുടര്‍ന്നിരുന്ന ഭക്ഷണ രീതി തന്നെ പിന്തുടര്‍ന്ന് കൂടെ അല്പം വ്യായാമം കൂടി ഉള്‍പ്പെടുത്തിയാല്‍ മതിയാകും യുവത്വം നിലനിര്‍ത്താന്‍. എന്നാല്‍ സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ പിന്നാലെ പായുമ്പോള്‍ ഫലത്തില്‍ പട്ടിണി മാത്രമായിരിക്കില്ല നമ്മെ കാത്തിരിക്കുന്നത്, ആരോഗ്യക്ഷയവും ആണ്.

പ്രായമുള്ളവര്‍ക്കും ന്യൂജനറേഷനും എന്നുവേണ്ട കൗമാരത്തിലേക്ക്‌ കടക്കുന്ന കുട്ടികള്‍ക്ക്‌ വരെ ശരീരത്തെ പേടിയാണ്. എല്ലും തോലുമായി എന്തോ ഒന്ന് വേണമെന്ന് മാത്രം. തടികൂടിയാല്‍ ജീവിതം തന്നെ അവസാനിപ്പിക്കേണ്ടിവരും എന്നാണിവരുടെ പക്ഷം. ഇക്കൂട്ടര്‍ക്ക്‌ ആത്മവിശ്വാസത്തിനായി സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ ഒരു നീണ്ട നിര തന്നെ ഉണ്ടാകും കൂട്ടിന്. പട്ടിണി കിടന്ന് മരിക്കുന്ന കോശങ്ങളെ മിനുക്കിയെടുക്കുക എന്നതാണ് ഇവയുടെ ധര്‍മം. കാക്ക കുളിച്ചാല്‍ കൊക്കാകുമെന്നും അഞ്ച് മിനിട്ടിനുളില്‍ അറുപത് വയസ്സുകാരിയെ മുപ്പത്‌ വയസ്സുകാരിയാക്കാമെന്നുള്ള പരസ്യം കൂടിയാകുമ്പോള്‍ പിന്നെതിന് താമസം. ശരീരം ഒരു പരീക്ഷണ ശാലയാകുമ്പോള്‍ ജീവിതകാലം മുഴുവന്‍ തടിയെപ്പേടിച്ച് പട്ടിണി കിടക്കേണ്ടിവരുമെന്നത് തീര്‍ച്ച.

പണ്ടുപണ്ട് വിക്ടോറിയ രാജ്ഞിയുടെ വൈദ്യനായിരുന്ന സര്‍ വില്ല്യം ഗള്‍ അനോറെക്സിയ (Anorexia) എന്ന രോഗത്തെ കുറിച്ച് 1873-ല്‍ പരാമര്‍ശിച്ചതില്‍ നിന്നാണ് കഥ തുടങ്ങുന്നത്. ന്യൂജനറേഷനെ മാത്രം കുറ്റം പറയാന്‍ കഴിയില്ലെന്നര്‍ത്ഥം. ഭക്ഷണത്തെ പേടിക്കുന്ന അവസ്ഥ പണ്ടുമുതല്‍ തന്നെ കണ്ടുവന്നിരുന്നു. സ്ത്രീകളിലാണ് ഇത കൂടുതല്‍ കണ്ടുവരുന്നതെങ്കിലും പുരുഷന്മാരിലും ഇല്ലാതില്ല. തടികൂടിയാല്‍ യൗവ്വനം വിട്ടകലുമോ അതോ സൗന്ദര്യത്തിന് കോട്ടം തട്ടുമോ എന്ന ഭയം ചെന്നെത്തിയിരിക്കുന്നത് സങ്കീര്‍ണ്ണമായ അനോറെക്സിയ നെര്‍വോസ (Anorexia Nervosa) എന്ന മാനസിക ശാരീരിക പ്രശ്നങ്ങളിലേക്കാണ്. സിയന്നയിലെ രാജകുമായി കാതറിനും, സ്കോട്ട്ലാന്റിലെ രാജ്ഞി മേരിയുമൊക്കെ ഈ അവസ്ഥയുടെ പ്രഹരം അനുഭവിച്ച പ്രശസ്തരില്‍ ചിലരാണ്. അധികമായാല്‍ ചികത്സ വേണ്ടിവരുന്ന ഒരു രോഗമായിത്തീരും ഈ അവസ്ഥ. 1983-ല്‍ അന്തരിച്ച പ്രശസ്ത ഗായകന്‍ കേരന്‍ കാര്‍ബന്റര്‍ (Karan Carbenter) അതിന്‍റെ പ്രത്യാഘാതം മരണത്തിലൂടെ ലോകത്തെ അറിയിച്ചു. പണ്ട് കൊട്ടാരത്തില്‍ വാണിരുന്ന രാജ്ഞിമാരിലും പ്രഭ്വിമാരിലുമാണ് ഈ അവസ്ഥ കണ്ടിരുന്നതെങ്കില്‍ ഇന്നത്‌ സര്‍വ്വ സാധാരണമാണെന്ന് മാത്രം ! ഇങ്ങനെ ജീവന്‍ കൊടുത്തും മെലിയാനുള്ള പോരാട്ടത്തിനിടയില്‍ വെളുക്കാന്‍ തേച്ചത് പാണ്ടായെന്ന് പറയും പോലെ മെലിയുന്നതിന് പകരം പൊണ്ണത്തടിയും, സുന്ദര ചര്‍മ്മത്തിന് പകരം വാര്‍ദ്ധക്യ സമമായ മാറ്റവുമാണ് ഫലമെങ്കില്‍ അതിന്‍റെ നിരാശ വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാനാവില്ല.

പട്ടിണി കിടന്നാലൊന്നും തടി കുറയില്ല. അതുറപ്പിക്കാം. എന്നാല്‍ പട്ടിണി കിടന്നു മരിക്കുന്ന നമ്മളുടെ ശരീരത്തേയും, ത്വക്കിനേയും മിനുക്കിയെടുത്ത് സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ അവയുടെ ജോലി ഭംഗിയായി നിര്‍വ്വഹിക്കുമെന്നത് പരമാര്‍ത്ഥം. ഇതെങ്ങനെ സംഭവിക്കുന്നു എന്നറിയാന്‍ നമ്മളുപയോഗിക്കുന്ന സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എന്തെല്ലാമാണെന്നും അവയിലടങ്ങിയിട്ടുള്ള ഘടകങ്ങള്‍ എന്തെല്ലാമാണെന്നും അറിയേണ്ടി വരും.

മുടി മിനുക്കാന്‍ ഷാംപൂ, ചര്‍മ്മത്തിന് ലോഷനുകള്‍, വിയര്‍പ്പ് നാറ്റം ഒഴിവാക്കാന്‍ ഡിയോഡറന്റുകള്‍, മുഖ ഭംഗിക്ക് ക്രീമുകള്‍, സുഗന്ധം പരത്താന്‍ പെര്‍ഫ്യൂമുകള്‍, നഖങ്ങള്‍ക്ക് നെയില്‍ പോളിഷ്, ഒടുവിലത്തെ മിനുക്ക് പണിക്ക് പൗഡറുകള്‍..ഇവയൊക്കെയാണ് സാധാരണ ഉപയോഗിക്കുന്ന സാധനങ്ങള്‍. ഫലമോ ? പട്ടിണി മാത്രമല്ല, ദീര്‍ഘകാല ആരോഗ്യ പ്രശ്നങ്ങളും അമിതവണ്ണവും ഉറപ്പാണ്. മറിച്ച്, മുടിയ്ക്ക് ചെമ്പരത്തി താളിയും മുഖം മിനുക്കാന്‍ കസ്തൂരി മഞ്ഞളും സുഗന്ധലേപനങ്ങളും, നഖങ്ങള്‍ക്ക് മൈലാഞ്ചിയും ഒക്കെയാണ് ഉപയോഗിക്കുന്നതെങ്കില്‍ നമ്മള്‍ സുരക്ഷിതരാണ്.

പലതരം കെമിക്കലുകളുടെ മിശ്രിതമായ കോസ്മെറ്റിക്സ് നമ്മളുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നത് എങ്ങനെയെന്നറിയാന്‍ ഈ ലേഖനം നമ്മളെ സഹായിച്ചേക്കും. കൂടെ ഒരു മത്സരവുമാകാം. ഒരിക്കല്‍ പുച്ഛത്തോടെ നമ്മളുപേക്ഷിച്ച പഴഞ്ചന്‍ സൗന്ദര്യവര്‍ദ്ധക വസ്തുക്കളും, ആത്മവിശ്വാസത്തോടെ പുതുതായി നമ്മള്‍ സ്വീകരിച്ച കോസ്മെറ്റിക്സും തമ്മിലുള്ള മത്സരം. ആര് വിജയിക്കുമെന്ന് നോക്കാം.

ഷാംപൂ, ലോഷന്‍ തുടങ്ങിയ സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലടങ്ങിയ പാരാബെന്‍സ്‌ (parabens) എന്ന കെമിക്കലുകള്‍ മൃദുല ചര്‍മ്മത്തെ വാര്‍ദ്ധക്യ തുല്യമാക്കാന്‍ അധികസമയമെടുക്കില്ല. സ്ത്രീഹോര്‍മോണായ ഈസ്ട്രജനെന്ന വ്യാജേനെ, ത്വക്കിലൂടെ ശരീരത്തിലെത്തുന്ന ഇവ ശരിയായ ദിശയില്‍ പ്രവര്‍ത്തിക്കുന്ന ഈസ്ട്രജന്റെ താളം തെറ്റിച്ച് ആര്‍ത്തവ തകരാറുകള്‍, അമിത വണ്ണം, നിരാശ, ഉത്ക, തുടങ്ങിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമാകുന്നു. മുറ്റത്ത്‌ നട്ടുവളര്‍ത്തുന്ന ചെമ്പരത്തി താളിയും, എണ്ണ  തേച്ചുള്ള കുളിയും ശീലമാക്കിയാല്‍ ഉത്കണ്ഠയകറ്റി ദോഷകാരികളായ വിഷവസ്തുക്കളെ നീക്കം ചെയ്ത് നല്ല ഉറക്കവും ഉന്മേഷവും തരും.

ഇനി പരിമളം പരത്തുന്ന പെര്‍ഫ്യൂമുകളുടേയും, വിയര്‍പ്പ് നാറ്റം ഒഴിവാക്കാനുള്ള ഡിയോഡറന്റിന്റേയും ഒക്കെ ആരാധകരാണ് നിങ്ങളെങ്കില്‍ പൊണ്ണത്തടിയെ നേരിടാന്‍ കരുതിയിരിക്കണം. കൊഴുപ്പിനെ സെല്ലുലൈറ്റ്‌ (cellulite) എന്ന പുതുരൂപത്തില്‍ അരയ്ക്ക് ചുറ്റും എത്തിക്കുന്നത് മാത്രമല്ല, അഞ്ഞൂറിലധികം ഹാനികരമായ കെമിക്കലുകളുടെ ഒരു നിര തന്നെയുണ്ട് നമ്മളെ ആക്രമിക്കാന്‍. ഇതില്‍ ത്വക്ക് രോഗങ്ങളും സോറിയാസിസ്‌, നേത്ര രോഗങ്ങള്‍ തുടങ്ങിയവ മുതല്‍ ക്യാന്‍സര്‍ വരെ ഉള്‍പ്പെടും. പകരം പ്രകൃതിയുടെ സുഗന്ധലേപനങ്ങള്‍ ഉപയോഗിച്ച് നോക്കൂ. ത്വക്കില്‍ കടന്നു കൂടിയിട്ടുള്ള രോഗാണുക്കളെ നശിപ്പിച്ച് ത്വക്കിനും ശരീരത്തിനും പുത്തനുണര്‍വേകും. ഇവയിലടങ്ങിയിട്ടുള്ള തൈലങ്ങള്‍ ചെടികളില്‍ നിന്നും സംസ്കരിച്ചെടുത്ത സുഗന്ധങ്ങളുടെ കലവറയാണ്.

നെയില്‍ പോളിഷ്, ഹാന്‍റ് വാഷ്‌ തുടങ്ങിയവയിലടങ്ങിയിട്ടുള്ള ഫ്താലേറ്റ് (phthalate) എന്ന കെമിക്കലുകള്‍ തന്നെയാണ് പെസ്റ്റിസൈഡിലും അടങ്ങിയിട്ടുള്ളത്‌. അപ്പോള്‍ തന്നെ ഊഹിക്കാം ഇവ എത്രമാത്രം അപകടകാരികളാണെന്ന്. ശരീരത്തിലെത്തിയാല്‍ ഈസ്ട്രജന്‍, തൈറോയ്ഡ് ഹോര്‍മോണുകളുടെ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തുകയും പൊണ്ണത്തടിക്ക് കാരണമാവുകയും ചെയ്യുന്നു. ഇതുകൂടാതെ പ്രത്യുല്പാദന വ്യവസ്ഥയേയും അപചയ പ്രവര്‍ത്തനങ്ങളേയും ഇവയുടെ ഇടപെടല്‍ പ്രതികൂലമായി ബാധിക്കും. മൈലാഞ്ചിയാണെങ്കില്‍ അത് നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ശരീരത്തെ തണുപ്പിച്ച് ഉന്മേഷം നിലനിര്‍ത്തുകയും ചെയ്യുന്നു.

രോഗാണുക്കളില്‍ നിന്ന് ത്വക്കിന്റെ സ്വാഭാവിക കഴിവിനെയാണ് സോഡിയം ലോറല്‍ സള്‍ഫേറ്റ്‌ (sodium lauryl sulphate) എന്ന കെമിക്കലുകള്‍ തകര്‍ക്കുന്നത്. ഒട്ടുമിക്ക കോസ്മെറ്റിക്സിലും ഇവ ഉപയോഗിക്കുന്നുണ്ട്. എഞ്ചിന്‍, ഗാരേജ് എന്നിവ വൃത്തിയാക്കാനുപയോഗിക്കുന്ന ഡിറ്റര്‍ജന്റുകളിലും മറ്റും കാണുന്ന ഈ കെമിക്കലുകള്‍ കുട്ടിയുടെ ചര്‍മത്തെ നേര്‍പ്പിച്ച് പ്രതിരോധശേഷി കുറയ്ക്കുകയും, അലര്‍ജി വര്‍ദ്ധിപ്പിച്ച് എക്സിമേ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു.

സണ്‍സ്ക്രീന്‍ ലോഷന്‍സ്‌, ആന്റി ഏജിംഗ് ക്രീം (anti aging cream) എന്നിവയിലടങ്ങിയിട്ടുള്ള കെമിക്കലുകള്‍ ചെയ്യുന്നത് എന്താണെന്നറിയേണ്ടേ ? നാനോസ്‌ (nanos) എന്ന പേരിലറിയപ്പെടുന്ന കെമിക്കല്‍സ്‌ ചേര്‍ത്ത ഇത്തരം സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ പുതുതായി ശരീരത്തിലുണ്ടാകുന്ന കോശങ്ങളെ നശിപ്പിച്ച് അകാല വാര്‍ദ്ധക്യത്തിന് കാരണമാകുന്നു. പകരം കസ്തൂരി മഞ്ഞള്‍ ഉപയോഗിച്ചോളൂ നശിച്ച് പോകുന്ന കോശങ്ങളെ ഇവ പുനരുജ്ജീവിപ്പിച്ച് യുവത്വം നിലനിര്‍ത്തും. അല്പം പാല്പാടയും കൂടി ചേര്‍ത്താല്‍ നശിച്ചുപോകുന്ന കോശങ്ങളെ (dead cells) നീക്കം ചെയ്ത് മുഖകാന്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

വളരെ പ്രധാനപ്പെട്ട ചില കെമിക്കലുകളെ മാത്രമേ നമ്മള്‍ ഇവിടെ പരിചയപ്പെട്ടുള്ളൂ. ഇത്തരം ആയിരത്തിലധികം കെമിക്കലുകളുടെ മിശ്രിതമാണ് സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എന്ന കോസ്മെറ്റിക്സ്. ഇവയെല്ലാം തേച്ചും പുരട്ടിയും യൗവ്വനം സംരക്ഷിക്കാം എന്നാണ് നമ്മള്‍ ധരിച്ച് വച്ചിരിക്കുന്നതെങ്കില്‍ രോഗങ്ങള്‍ ഉറപ്പിക്കാം. ആന്തരിക സൗന്ദര്യത്തില്‍ കൂടുതല്‍ വിശ്വസിക്കുകയും ചിട്ടയായ ഭക്ഷണവും ആവശ്യമായ വ്യായാമവുമായാല്‍ ആരോഗ്യത്തോടെ ജീവിക്കാം.

കോസ്മെറ്റിക്സ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടവ :

ചെമ്പരത്തിയും കസ്തൂരി മഞ്ഞളുമൊന്നും ഉപയോഗിക്കാന്‍ സമയവും സന്ദര്‍ഭവുമില്ലാതെ തിരക്ക്‌ പിടിച്ചു പായുന്നവര്‍ക്ക് ചിലപ്പോള്‍ ഇത്തരം ഉത്പന്നങ്ങള്‍ ഉപയോഗിക്കേണ്ടി വന്നേക്കാം. എങ്കിലും ചില കാര്യങ്ങള്‍ മനസ്സില്‍ വക്കുന്നത് നന്നായിരിക്കും.

ഉപയോഗിക്കേണ്ടവ ഏതെല്ലാം ?

ഏതു കോസ്മെറ്റിക്സ് ഉപയോഗിക്കാമെന്നതിനെക്കുറിച്ച് അവ മേടിക്കുന്നതിന് മുന്‍പ്‌ ഒരു പഠനം നടത്തേണ്ട ആവശ്യമില്ല. പകരം അവ തിരഞ്ഞെടുക്കുമ്പോള്‍ ഉത്പന്നം ഏതാണെന്ന് മനസ്സിലാക്കാന്‍ അല്പസമയം ചിലവഴിക്കുന്നത് നന്നാവും. സ്ഥിരം ബ്രാന്റിന്റെയോ, പരസ്യത്തിലെ ബ്രാന്റിന്റെയോ പുറകെ പോകാതെ അവ സുരക്ഷിതമാണോ എന്ന് കണ്ടെത്തുക. അതിനായി അവയിലടങ്ങിയിട്ടുള്ള ഘടകങ്ങള്‍ ഏതെല്ലാമാണെന്ന് വായിച്ചുനോക്കുക. phthalate, sulfate, parabens, triclosan, foulene എന്നിവ അടങ്ങിയിട്ടുള്ള കോസ്മെറ്റിക്സ് എത്ര പ്രിയപ്പെട്ടതാണെങ്കിലും ഉപേക്ഷിച്ചോളൂ. ചിലപ്പോള്‍ ഇതേ ഘടകങ്ങള്‍ മറ്റു പല കെമിക്കലുകളുടെയും മിശ്രിതമായും അച്ചടിച്ചേക്കാം. അതിനാല്‍ ശരിയായി വായിച്ച് നോക്കിയാ ശേഷം മാത്രം ഇവ തിരഞ്ഞെടുക്കുക.

അധികസുഗന്ധം പരത്തുന്ന ലേപനങ്ങളും പെര്‍ഫ്യൂമുകളും മറ്റു സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും നിര്‍ബന്ധമായും ഒഴിവാക്കേണ്ടതാണ്.

ഓര്‍ഗാനിക്‌ അഥവാ പ്രകൃതിദത്ത വസ്തുക്കള്‍ കൊണ്ട് (natural ingrediants) എന്ന തലക്കെട്ടോടുകൂടി വരുന്ന ഉല്‍പ്പന്നങ്ങളിലൊന്നും അവര്‍ അവകാശപ്പെടുന്നത് പോലെ യതാര്‍ത്ഥ ചേരുവകള്‍ അടങ്ങിയിട്ടുണ്ടാവില്ല. പകരം, അതിന്‍റെ അപരനായ കെമിക്കല്‍ അടങ്ങിയിട്ടുണ്ടാവും.

വളരെപ്പെട്ടെന്ന് വെളുപ്പിക്കാമെന്നും സുന്ദരിയക്കാമെന്നും അവകാശപ്പെടുന്നവ സംശയം കൂടാതെ തന്നെ ഉപേക്ഷിക്കാം.

സണ്‍സ്ക്രീന്‍ ലോഷന്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ സിങ്ക് ഓക്സൈഡ് (zinc oxide) അടങ്ങിയിട്ടുള്ളവ തിരഞ്ഞെടുക്കുകയും oxybense അടങ്ങിയിരിക്കുന്നവ ഉപേക്ഷിക്കുകയും ചെയ്യുക.

കുട്ടികള്‍ക്ക് കോസ്മെറ്റിക്സ് ഉപയോഗിക്കുമ്പോള്‍..

ഒരു കുഞ്ഞ് പിറന്നു വീണ് മുലപ്പാല്‍ നല്‍കി അധികം വൈകാതെ തന്നെ കോസ്മെറ്റിക്സ് പരീക്ഷണം തുടങ്ങുകയായി. ബാല്യവും കൌമാരവും യൗവ്വനവും പിന്നിട്ട് വാര്‍ദ്ധക്യം വരെ നീളും അതിന്‍റെ ഉപയോഗം. പക്ഷേ കുട്ടികള്‍ക്ക് ഉപയോഗിക്കുമ്പോള്‍ മുതിര്‍ന്നവരേക്കാള്‍ ശ്രദ്ധ ആവശ്യമാണ്‌.

പിഞ്ചു കുഞ്ഞുങ്ങളുടെ ചര്‍മ്മം അതീവ മൃദുലവും താരതമ്യേന കട്ടി കുറഞ്ഞതുമായിരിക്കും. ആല്‍ക്കഹോള്‍, ഡൈ, പെര്‍ഫ്യൂമുകള്‍ അടങ്ങിയ ലോഷനുകള്‍ എന്നിവ കുഞ്ഞിന്‍റെ ആരോഗ്യത്തെ ബാധിച്ചേക്കാം. അതിനാല്‍ നേര്‍ത്തതും തികച്ചും സുരക്ഷിതവുമായ കോസ്മെറ്റിക്സ് തിരഞ്ഞെടുക്കുക.

ഒരു വയസ്സുമുതല്‍ നാല് വയസ്സുവരെ പ്രായമുള്ള കുട്ടികളില്‍ കുരുക്കളോ, വൃണമോ, തടിപ്പോ ദീര്‍ഘകാലം നീണ്ടുനില്‍ക്കുകയാണെങ്കില്‍ അത് കോസ്മെറ്റിക്സോ മറ്റ് അണുനാശിനികളോ ഉപയോഗിച്ച് മാറ്റാന്‍ ശ്രമിക്കരുത്. ഇത് ത്വക്ക് രോഗങ്ങളുടെ സൂചനയാവാം. അതിനാല്‍ ഒരു ചര്‍മ്മ രോഗ വിദഗ്ദ്ധന്റെ ഉപദേശത്തോടെ ആവശ്യമെന്കില്‍ മാത്രം കോസ്മെറ്റിക്സ് ഉപയോഗിക്കുക.

കൗമാരത്തിലേക്ക്‌ കടക്കുന്ന പെണ്‍കുട്ടികളിലും, കൗമാരക്കാരിലും അമിതമായ കോസ്മെറ്റിക്സ് ഉപയോഗം ആര്‍ത്തവ തകരാറുകള്‍ മുതല്‍ ക്യാന്‍സറിന് വരെ കാരണമായേക്കാം.

യുവത്വം നിലനിര്‍ത്താന്‍ ഒമേഗ ഫാറ്റി ആസിഡ്‌ അടങ്ങിയ ഭക്ഷണങ്ങളായ ട്യൂണ മീന്‍, ബദാം, ഫ്ലാക്സ്‌ സീഡ്‌ തുടങ്ങിയവയൊക്കെ ശീലമാക്കുക.

USDA സാക്ഷ്യപ്പെടുത്തിയ അനുയോജ്യവും സുരക്ഷിതവുമായ ഓര്‍ഗാനിക്‌ കോസ്മെറ്റിക്സ് ഉപയോഗിക്കുക.

അല്പം ശ്രദ്ധയോടെ, സമയമെടുത്ത് വായിച്ചു മനസ്സിലാക്കി, ഉല്‍പ്പന്നത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഘടകങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രം കുഞ്ഞിനു വേണ്ടിയുള്ള കോസ്മെറ്റിക്സും മറ്റ് സൗന്ദര്യവര്‍ദ്ധക വസ്തുക്കളും വാങ്ങുക.

കൂടുതല്‍ തേച്ചാല്‍ വളരെ പെട്ടെന്ന് കുട്ടിയെ സുന്ദരിയാക്കാമെന്ന ധാരണ അബദ്ധമാണ്. പ്രശ്നം ഗുരുതരമാകുന്നതാകും ഫലം.

കുട്ടികളുടെ ശരീര ഭാഗങ്ങളിലും മുഖത്തും ഇവ തേക്കുമ്പോള്‍ കണ്ണിലും വായിലുമൊന്നും ആകാതെ ശ്രദ്ധിക്കുക.

ചെറിയ കുട്ടികളുള്ള വീടുകളില്‍ ഇവ സുരക്ഷിതമായ സ്ഥലത്ത്‌ സൂക്ഷിക്കാന്‍ മുതിര്‍ന്നവര്‍ പ്രത്യേകം ശ്രദ്ധിക്കുക.

മിഥില പദ്മന്‍

ചന്തത്തില്‍ ഒരു പൊട്ടുകുത്താം

പുത്തനുടിപ്പിട്ട്, മുല്ലപ്പൂവും ചൂടിയ സുന്ദരിക്കുട്ടിയെ കാണുമ്പോള്‍ ‘ പൊന്നും കുടത്തിനെന്തിനാ പൊട്ട്’ എന്ന് ചോദിച്ചാല്‍ എന്താ മറുപടി പറയുക ? അല്ലെങ്കില്‍ ഒന്നാലോചിച്ച് നോക്കിക്കേ, വാലിട്ട് എഴുതിയ ഇത്തിരിക്കണ്ണുകളില്‍ നിലാവ് പടര്‍ത്തുന്നത് നെറ്റിയില്‍ അമ്മ ചാര്‍ത്തിക്കൊടുത്ത ആ വട്ടപ്പൊട്ടല്ലേ ?

കുട്ടിയും പൊട്ടും

കുട്ടികള്‍ക്ക്‌ സാധാരണയായി കറുത്ത പൊട്ടുകളാണ് കുത്താറുള്ളത്‌. പക്ഷേ കന്നിപ്പൊട്ട് ‘ കണ്ണേറ് കൊല്ലാതെ കുഞ്ഞിനെ കാത്തോളണേ’ എന്ന പ്രാര്‍ത്ഥനയോടെയാണ് കുത്തുക. അതും ജനിച്ച് 28 മത്തെ ദിവസം കണ്ണെഴുതി പുരികം വയ്ക്കുന്നതോടൊപ്പം. പക്ഷേ സ്ഥാനം ഇടത് പുരികത്തിന് മുകളിലായിരിക്കുമെന്ന് മാത്രം. പിന്നീട് കുഞ്ഞിന് ആറുമാസം പ്രായമാകുന്നതോടെ ചോറൂണ് ചടങ്ങ് കഴിഞ്ഞാണ് രണ്ട് പുരികങ്ങള്‍ക്കും നടുവിലേക്ക് പൊട്ടിന്റെ സ്ഥാനം മാറുന്നത്. കുട്ടിക്ക് വലിപ്പം കൂടുമ്പോള്‍ പൊട്ടിന്റെ വലിപ്പം കുറയുന്നതാണ് പിന്നീടുള്ള കാഴ്ച.

സുന്ദരി എന്നര്‍ത്ഥം വരുന്ന ‘ബിന്ദു’ എന്ന സംസ്കൃത പടത്തില്‍ നിന്നാണ് പൊട്ടിന്റെ പിറവി. രണ്ട് പുരികങ്ങള്‍ക്ക് നടുവിലായി സ്ഥാനം പിടിക്കുന്ന പൊട്ടിന് മൂന്നാം കണ്ണ് എന്ന വിശേഷണവുമുണ്ട്. ശക്തിയുടെ പ്രതീകമെന്ന നിലയില്‍ ചുവപ്പിനാണ് പൊട്ടുകള്‍ക്കിടയില്‍ മേല്‍ക്കൈ. ആണും അണിയാറുണ്ടെങ്കിലും പെണ്ണഴകിനാവും നൂറഴക്.

ചുവന്ന മഞ്ഞളില്‍ നിന്ന് നിര്‍മ്മിക്കുന്ന കുങ്കുമവും, സിങ്ക് ഓക്സൈഡില്‍ നിന്ന് നിര്‍മ്മിക്കുന്ന സിന്ദൂരവും പൊട്ടിന്റെ വകഭേദങ്ങള്‍ തന്നെ. മലയാളിക്ക് ഏറെ പരിചിതമല്ലെങ്കിലും ഒരുകാലത്ത്‌ ആധിപത്യം ഇവര്‍ക്കായിരുന്നു. പക്ഷേ ഇന്നും സുമംഗലിമാരുടെ സിന്ദൂര രേഖയില്‍ അവ മായാതെ കിടപ്പുണ്ട്. സിന്ദൂരം സൂക്ഷിക്കാന്‍ മരത്തിലും ഓടിലും നിര്‍മ്മിച്ച കല്ലുകളും മുത്തുകളും പതിച്ച വിവിധ രൂപങ്ങളില്‍ ചെപ്പുകളുമുണ്ട്.

പൊട്ടിലെ വൈവിധ്യം

ചുവപ്പിനെ പിന്തള്ളി രൂപത്തിലും ഭാവത്തിലും വേറിട്ട്‌ നില്‍ക്കുന്ന പുതുപുത്തന്‍ ‘ട്രെന്റി’ ബഹുവര്‍ണ്ണ പൊട്ടുകള്‍ ഇന്ന് രംഗം കയ്യടക്കിയിട്ടുണ്ട്. സ്റ്റിക്കറുകളുടെ വരവാണ് പൊട്ടുകളുടെ തലക്കുറി മാറ്റി വരച്ചത് എന്ന് പറയാം. പിന്നെ എല്ലാവരും തൊട്ടത് വൈവിദ്ധ്യമാര്‍ന്ന പൊട്ടുകള്‍. ഇവയൊക്കെ നിര്‍മ്മിക്കുന്നത് പ്രധാനമായും വെല്‍വെറ്റിലാണ്. ചുവപ്പ്, കറുപ്പ്, മെറൂണ്‍ എന്നീ നിറങ്ങളാണ് ആദ്യകാലങ്ങളില്‍ ലഭ്യമായിരുന്നതെങ്കില്‍ ഇന്ന് വലിപ്പത്തിലും നിറത്തിലും ഡിസൈനുകളിലും വൈവിധ്യമേറെയാണ്.

വട്ടത്തിലുള്ള പൊട്ടുകളില്‍ കടുകുമണിയോളം വലിപ്പം തൊട്ട് 25 പൈസയുടെ വലിപ്പത്തേക്കാള്‍ കൂടിയവ വരെയുണ്ട്. (മെറൂണ്‍ നിറത്തിലുള്ള ഇവയ്ക്ക് ‘ഫെമിനിസ്റ്റ്‌ പൊട്ടുകള്‍’ എന്ന ഓമനപ്പേര് കൂടിയുണ്ട്). നെടുനീളന്‍ ‘ഗോപി’യും ചിലര്‍ നെറ്റി നിറച്ച് ചാര്‍ത്തുന്നു.

ദിവസേന ധരിക്കുന്ന വസ്തങ്ങള്‍ക്ക് മാച്ചാവുന്ന നിറങ്ങള്‍ ഒരൊറ്റ പായ്ക്കറ്റില്‍ ലഭ്യമാണിന്ന്. 20 രൂപ മുതല്‍ വിലപിടിപ്പുള്ള, മേന്മ കൂടിയ വജ്ര പൊട്ടുകള്‍ വരെ നമ്മുടെ ചോയ്സിന് അനുസരിച്ച് വാങ്ങി വയ്ക്കാം. മുത്തുകളും, കല്ലുകളും, ഇനാമലുകളും പതിച്ച പതിവ്‌ പൊട്ടുകളില്‍ നിന്ന് വജ്രം പതിച്ച പൊട്ടുകളിലേക്ക് വരെ വിപണി വലുതായിരിക്കുന്നു. 50 മുതല്‍ 75 രൂപയാണ് ഇവയുടെ വില. വളകൂടിയ ഇഷ്ടയിനം ഒറ്റത്തവണ തൊട്ടിട്ട് കളയേണ്ടി വരുന്നത്‌ സങ്കടമാണ്. അതിനുമുണ്ട് ഇപ്പോള്‍ പോംവഴി. പശപോയ പൊട്ടിനെ നെറ്റിയില്‍ ഒട്ടിച്ച് നിര്‍ത്താന്‍ ഇപ്പോള്‍ പശയും സുലഭം. മനസ്സിനിണങ്ങിയത് വീണ്ടും വീണ്ടും ഉപയോഗിക്കാം. സുന്ദരി അമ്മക്കാണെങ്കിലും മകള്‍ക്കാണെങ്കിലും.

കുങ്കുമത്തിലും ശിങ്കാറിലുമൊക്കെ മുക്കി അണിയാവുന്ന അച്ചുകളും ഇന്ന് പ്രചാരത്തിലുണ്ട്. പല ഡിസൈനുകളിലുള്ള അച്ചുകളും പൊടികളും അടങ്ങിയ പായ്ക്കറ്റുകള്‍ക്ക് 150 മുതല്‍ 300 രൂപവരെയാണ് വില. ജ്വല്ലറികളില്‍ ലഭ്യമാകുന്ന കുന്തന്‍, സ്വര്‍ണ്ണം പൂശിയ മീനാകാരി എന്നിവയൊക്കെയാണ് പൊട്ടുകളിലെ രാജ്ഞിമാര്‍. വില കേട്ട് ഞെട്ടണ്ട 500 മുതല്‍ 2000 വരെ കൊടുക്കണം ഒന്ന് കുത്തി നടക്കാന്‍.

ഫാഷന്‍ പൊട്ടുകള്‍

ന്യൂജനറേഷന് പൊട്ടിനോട് വലിയ കമ്പം പോര. സ്കൂളുകളിലും കോളേജിലും സ്കൂള്‍ യൂണിഫോം നിര്‍ബന്ധമുള്ളത് കൊണ്ട് വ്യത്യസ്ത നിറങ്ങളിലുള്ള പൊട്ടുകുത്തല്‍ നടക്കില്ല. പിന്നെയുള്ളത് അവധി ദിവസങ്ങളില്‍ ഒന്ന് പുറത്ത്‌ പോകുമ്പോഴോ അതല്ലെങ്കില്‍ കൂട്ടുകാരുടെയോ ബന്ധുകലുടെയോ കല്ല്യാണ ചടങ്ങുകളാണ്. കിട്ടുന്ന അവസരം മാക്സിമം മുതലെടുക്കുന്നവരാണ് ഈ പൊട്ട് ഫാന്‍സുകള്‍. എങ്കിലും യൂണിഫോമിന്റെ കളറിനൊപ്പിച്ച് വ്യത്യസ്ത മോഡലുകളില്‍ ഉള്ള പൊട്ടുകള്‍ പരീക്ഷിക്കുന്നവരുമുണ്ട്. ഒന്നുകില്‍ നീല അല്ലെങ്കില്‍ ചുവപ്പ് അതുമല്ലെങ്കില്‍ കറുപ്പോ കാപ്പിയോ. ഇത്തരക്കാര്‍ക്ക് ഡസന്‍ കണക്കിന് സ്റ്റിക്കര്‍ പൊട്ടുകള്‍ വീട്ടിലും ബാഗിലും സൂക്ഷിക്കുന്ന ശീലവുമുണ്ട്.

എണ്ണമറ്റ പൊട്ടുവിശേഷങ്ങള്‍ക്കിടയില്‍ പാകമായൊരു പൊട്ട് പോന്നോമാനയ്ക്ക് തിരഞ്ഞെടുക്കുവാന്‍ എന്താണ് വഴി ? അതിന് പൊട്ട് ശാസ്ത്രത്തിലെ ചില പൊതുതത്വങ്ങള്‍ മനസ്സിലാക്കുന്നത് ഉപകരിച്ചേക്കും. പൊട്ടക്കാര്യങ്ങളൊന്നുമല്ല, അല്പം കാര്യമുള്ളവ തന്നെ

വലിയ നെറ്റി, ചെറിയ നെറ്റി : വലിയ നെറ്റിയാണെങ്കില്‍ വലിപ്പത്തിലൊന്നാവാം. വൃന്ദാ കാരാട്ടിന്റെ പൊട്ട് കണ്ടിട്ടില്ലില്ലേ അങ്ങനൊന്ന്. കുഞ്ഞ് നെറ്റിയാണെങ്കില്‍ നീണ്ട പൊട്ടാകും അനുയോജ്യം.

വട്ടമുഖം : ഇവര്‍ക്ക്‌ കൂടുതല്‍ ചെറുക വണ്ണം കുറഞ്ഞ ഡിസൈനര്‍ പൊട്ടുകളോ നീണ്ട ഗോപിക്കുറിയോ ആണ്.

ത്രികോണ മുഖം : ത്രികോണത്തിന് കൂടുതല്‍ ചേരുക വലിപ്പമേറിയ, കടുത്ത നിറമുള്ള പൊട്ടുകളാണ്.

ചതുര മുഖം : ചതുരമാണ് മുഖരൂപമെങ്കില്‍ ത്രികോണപ്പൊട്ടുകള്‍ പൊന്നോമനയെ സുന്ദരിക്കുട്ടിയാക്കും.

ദീര്‍ഘ മുഖം : പലതരം പൊട്ടുകള്‍ ഒരുപോലെ ചേരുന്ന മുഖമാണ് ദീര്‍ഘ വൃത്തമുഖമെന്നാണ് വെയ്പ്പ്. ചെറുതും, ചിലപ്പോള്‍ വലുതും, മെലിഞ്ഞ് നീണ്ട പൊട്ടുമൊക്കെ കുട്ടി മുഖത്തിന് ഒരു തിലകക്കുറിയാകും തീര്‍ച്ച.

വെളുപ്പ്‌, കറുപ്പ്, ഇരുനിറം : ശരീരത്തിന്‍റെ നിറം പൊട്ട് തിരഞ്ഞെടുക്കുന്നതില്‍ ഒരു പ്രധാന ഘടകമാണ്. കുട്ടി വെളുപ്പാണെങ്കില്‍ ഏറ്റവും ഇണങ്ങുക ചുവപ്പ് പൊട്ടാണ്. ഇരുനിറത്തിന് ഇളം നിറം. ഇരുനിരക്കാര്‍ക്കും സമാനമായി ഇളം നിറങ്ങളും പ്രത്യേകിച്ച് ചന്ദനവും സുന്ദരമാകും.

പൊന്നോമനയ്ക്ക് അളവും അഴകുമൊത്തൊരു പൊട്ട് കണ്ടെത്തൂ. പിന്നാരും പറയില്ല ചോദിക്കുകയുമില്ല ‘പൊന്നും കുടത്തിനെന്തിനാ പൊട്ടെന്ന്’.

 

കടപ്പാട്-ourkidsindia.com

അവസാനം പരിഷ്കരിച്ചത് : 6/12/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate