অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മുഖസൗന്ദര്യത്തിന് പുതുവഴികള്‍

ആമുഖം

സൗന്ദര്യപൂര്‍ണമായ വദനവും ആകാരവടിവൊത്ത മുഖചേഷ്ടയും ആഗ്രഹിക്കാത്ത ആള്‍ക്കാര്‍ ആരുംതന്നെ ഉണ്ടാവില്ല. വ്യക്തി മുദ്രക്കും ആകര്‍ഷണതക്കും മുഖസൗന്ദര്യം മുതല്‍കൂട്ട് തന്നെയാണ്. മുഖത്ത് സ്ഥിതി ചെയ്യുന്ന അവയവങ്ങളുടെ അനുപാതപൂര്‍ണമായ സംയോജനമാണ് സൗന്ദര്യ നിര്‍വചനത്തിനുള്ള പ്രധാന ഘടകം. ഇതിനെ 'ഫേഷ്യല്‍ എസ്‌തെറ്റിക്‌സ്' എന്നണ് വിശേഷിപ്പിക്കപ്പെടുന്നത്. മുഖത്തെ ചര്‍മ്മകാന്തി മുതല്‍ മുഖഘടന നിര്‍ണായിക്കുന്ന അവയവങ്ങളുടെ ആകാരഭംഗിവരെ മുഖസൗന്ദര്യത്തിന് അനിവാര്യമായ ഘടകങ്ങള്‍ ആണ്

മുഖത്തെ ചര്‍മ്മ രക്ഷണം

വെളുത്ത്, പാടുകളില്ലാത്ത നിര്‍മ്മലമായ ചര്‍മ്മം മുഖസൗന്ദര്യത്തിന് തീര്‍ത്തും അഭികാമ്യമാണ്. മുഖത്തെ ചര്‍മ്മത്തിലുണ്ടാവുന്ന കറുത്ത പാടുകളും കരുവാളിപ്പും ചുളിവുകളും മുഖകാന്തിയെ പ്രതികൂലമായി ബാധിക്കുന്നു. പതിവായി സണ്‍ സ്‌ക്രീന്‍ ക്രീമുകള്‍ മുഖത്ത് ആലേപനം ചെയ്താല്‍ വെയിലേറ്റ് ഉണ്ടാവുന്ന കരുവാളിപ്പും, ചര്‍മ്മ വളര്‍ച്ചയും അകാലത്തിലുള്ള ചുളിവുകളും പ്രതിരോധിക്കാവുന്നതാണ്.

ചര്‍മ്മത്തിന് ഉത്തമമായ ഭക്ഷണം

ത്വക്കിന്റെ ആരോഗ്യത്തിന് സന്തുലിതമായ ഭക്ഷണരീതി അത്യാവശ്യമാണ്. പഴവര്‍ഗ്ഗങ്ങള്‍, പരിപ്പുകള്‍, മലക്കറികള്‍ തുടങ്ങിയ പോഷകമൂല്യമുള്ള ഭക്ഷണങ്ങള്‍ ചര്‍മ്മത്തെ പരിസംരക്ഷിക്കുന്നതാണ്. പാലും, തൈരും മറ്റും ത്വക്കിന് മയം നല്‍കും. എന്നാല്‍ മുഖത്ത് എണ്ണമയം കൂടിയവര്‍ക്ക് ഇത് അത്രനന്നല്ല. ദിവസവും കുറഞ്ഞത് പത്ത് ഗ്ലാസെങ്കിലും വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിലെ ജലാംശം നിലനിറുത്താനും ചുളിവുകള്‍ അകറ്റുന്നതിനും സഹായിക്കുന്നു.
മുഖക്കുരുവിന്റെ പ്രശ്‌നമുള്ളവര്‍ മധുരപലഹാരങ്ങള്‍, ചോക്ലേറ്റുകള്‍, എണ്ണയില്‍ വറുത്ത പലഹാരങ്ങള്‍, പാല്, ഐസ്‌ക്രീം തുടങ്ങിയ കൊഴുപ്പുള്ള ആഹാരങ്ങള്‍ വര്‍ജ്ജിക്കേണ്ടതാണ്.

മുഖക്കുരുവിന്റെ പാടുകള്‍

കൗമാരപ്രായക്കാരെയും യുവാക്കളെയും അലട്ടുന്ന പ്രശ്‌നമാണ്.  മുഖക്കുരുക്കള്‍ വന്ന് അവ പൊട്ടിയുണ്ടാകുന്ന അനാകര്‍ഷകമായ പാടുകള്‍ പ്രധാനമായും കവിളുകളിലും, നെറ്റിത്തടത്തിലും അവശേഷിക്കുന്നു. ഇത്തരം പാടുകളെ അദൃശ്യമാക്കാന്‍ 'ലേസര്‍' ചികിത്സവഴിയോ, ത്വക്ക് ഉരച്ച് കളയുന്ന 'ഡെര്‍മാബ്രേഷന്‍'  വഴിയോ കഴിയുന്നു. കുഴിഞ്ഞ പാടുകളിലേക്ക് 'ഫില്ലേഴ്‌സ്' കുത്തിവെച്ചും പാടുകള്‍ നികത്താവുന്നതാണ്

പ്രായത്തെ ചെറുക്കാന്‍

പ്രായമേറുമ്പോള്‍ മുഖത്തെ ചര്‍മ്മത്തിന് അയവ് ഉണ്ടാവുകയും ചുളിവുകള്‍ വീഴുകയും ചെയ്യുന്നു. 'കെമിക്കല്‍ പീലിംഗ്' , 'മൈക്രോഡെര്‍മാബ്രേഷന്‍' , ലേസര്‍ , 'ഡെര്‍മല്‍ റോളര്‍'  തുടങ്ങിയ ഉത്തേജക ചികിത്സകള്‍ വഴി മുഖകാന്തിയും ഓജസ്സും വീണ്ടെടുക്കാവുന്നതാണ്. 'ബോട്ടോക്‌സ്'   'ഫില്ലേഴ്‌സ്'  തുടങ്ങിയ കുത്തിവെപ്പുകള്‍ മുഖത്ത് കുത്തിവെച്ചും യൗവ്വനം വീണ്ടെടുക്കാന്‍ കഴിയും. മേല്‍പറഞ്ഞ ലഘുവായ ചികിത്സാ രീതികള്‍ വഴി ചുളിവുകള്‍ മാറാതെ വരുമ്പോള്‍ 'ഫേസ് ലിഫ്റ്റ്'  ശസ്ത്രക്രിയകള്‍ വഴി അയവുവന്ന അധിക ചര്‍മ്മം നീക്കം ചെയ്ത് മുഖത്തെ പേശികളെ മുറുക്കി മുഖത്തെ ദൃഢമാക്കാന്‍ സാധിക്കും.

മുഖഘടനമാറ്റാന്‍ പ്രക്രിയകള്‍

മൂക്കിന് സൗന്ദര്യവര്‍ധന

മുഖഘടനക്ക് മാറ്റ് കൂട്ടുന്നതും, മുഖത്ത് ആദ്യം ശ്രദ്ധിക്കപ്പെടുന്നതുമായ അവയവമാണ് മൂക്ക്. മൂക്കിന്റെ സൗന്ദര്യവര്‍ധനക്കായി ചെയ്തു വരുന്ന ശസ്ത്രക്രിയയാണ് 'റൈനോപ്ലാസി' ഈ ശസ്ത്രക്രിയ വഴി മൂക്കിന്റെ രൂപം മാറ്റിയെടുക്കാനാകും. വലിപ്പമേറിയ മൂക്ക് ചെറുതാക്കാനും, പതിഞ്ഞമൂക്ക് ഉയര്‍ത്തി എഴുന്നതാക്കാനും, ഉരുണ്ടതും വളഞ്ഞതുമായ മൂക്കുകള്‍ അനുരൂപ്യമാക്കാനും മൂക്കിന്റെ അഗ്രം കൂര്‍മ്മമാക്കാനും എല്ലാം തന്നെ 'റൈനോപ്ലാസി' ശസ്ത്രക്രിയ വഴി സാധിക്കും.

മനോഹരമായ കണ്ണുകള്‍
കണ്ണുകളുടെ ചൈതന്യവും പ്രസരിപ്പും മുഖത്തെ ഓജസുറ്റതാക്കുന്നു. വീക്കം സംഭവിച്ച കണ്‍പോളകളും താഴ്ന്നിറങ്ങിയ പുരികകൊടികളും നയന സൗന്ദര്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇത്തരം അപചയം സംഭവിച്ച കണ്‍പോളകളുടെ സൗന്ദര്യം വീണ്ടെടുക്കാന്‍ ചെയ്യുന്ന ഓപ്പറേഷനാണ് 'ബീഫറോപ്ലാസ്റ്റി'  ഈ ശസ്ത്രക്രിയ വഴി പോളകളുടെ വീക്കം മാറ്റാനും ചുളിഞ്ഞു മടങ്ങിയ കണ്‍പോളകളുടെ അധിക ചര്‍മ്മം കളയാനും കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറ്റാനും പോളകളെ ദൃഡപ്പെടുത്താനും സാധിക്കുന്നു. കീഴ്‌പ്പോട്ടേക്കിറങ്ങിയ പുരികങ്ങളെ മുകളിലേക്ക് ഉയര്‍ത്തി യുവത്വം വീണ്ടെടുക്കാന്‍ 'ബ്രോലിഫ്റ്റ്' സര്‍ജറി വഴി സാധിക്കും.

കവിളുകള്‍ തുടുപ്പിക്കാന്‍
കവിളുകള്‍ തുടുപ്പിക്കാന്‍ 'പെര്‍ലേന്‍' കുത്തിവെപ്പുകള്‍ ഉപയോഗിക്കുന്നു. ഒട്ടിയ കവിളുകളുടെ വലിപ്പ വര്‍ധനക്കായി സിലിക്കോണ്‍ ഇംപ്ലാന്റുകളും ഉപയോഗിച്ചു വരുന്നു.

അധര ഭംഗിക്കായി
ഭംഗിയുള്ള ചുണ്ടുകള്‍ മുഖത്തിന്റെ ആകര്‍ഷണത വര്‍ധിപ്പിക്കുന്നു. അധരങ്ങളുടെ ആകൃതിയും വലിപ്പവും മാറ്റാന്‍ ഇന്ന് കോസ്‌മെറ്റിക്ക് ശസ്ത്രക്രിയകള്‍ വഴി സാധ്യമാണ്. ഉന്തി നില്‍ക്കുന്ന മോണയും താടിയും എല്ലിന്റെ വൈകൃതങ്ങളും ശരിപ്പെടുത്താന്‍ ഉള്ള ഫലവത്തായ ചികിത്സകളും ഇന്ന് ലഭ്യമാണ്.

കണ്ഠ ഭംഗിക്കായി
പ്രായാധിക്യം പലപ്പോഴും മുഖത്തിനെക്കാള്‍ കഴുത്തിനെയാണ് ഏറെ ബാധിച്ചു കാണുന്നത്. പ്രായമേറുമ്പോള്‍ കഴുത്തിലെ ചര്‍മ്മത്തിന് അയവുണ്ടായി, മടക്ക് വീണ് വികൃതമാവുമ്പോള്‍ കണ്ഠത്തിന്റെ രൂപഭംഗിക്കായി വീണ്ടെടുക്കാന്‍ ചെയ്യുന്ന ശസ്ത്രക്രിയയാണ് 'നെക്ക് ലിഫ്റ്റ്'ഭ കീഴ്താടിക്ക് താഴെയായി ലഘുവായ ശസ്ത്രക്രിയ വഴി ചുളിവ് വീണടഞ്ഞ അധിക ചര്‍മ്മത്തെ ഉന്മൂലനം ചെയ്ത് കഴുത്ത് ദൃഢമാക്കുന്ന ചികിത്സയാണിത്. രോഗങ്ങള്‍ മൂലവും, പുരുഷ ലക്ഷണമായ കഷണ്ടി ബാധമൂലവും ശിരസ്സിലെ മുടികള്‍ നഷ്ടപ്പെട്ടവര്‍ക്ക്, ശിരസ്സിന്റെ പിന്‍ഭാഗത്ത് നിന്ന് മുടി നാരുകള്‍ വേര്‍തിരിച്ചെടുത്ത് ശിരസ്സിന്റെ മുന്‍ഭാഗത്തും ഉച്ചിയിലും മറ്റും വച്ചുപിടിപ്പിക്കുന്ന 'ഹെയര്‍ട്രാന്‍സ്പ്ലാന്റ്'  ശസ്ത്രക്രിയ ഇന്ന് ഫലപ്രദമായി ചെയ്തു വരുന്നുണ്ട്.

കടപ്പാട്-kabanirakesh.blogspot.in© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate