Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / സ്വപ്നം, സ്മൃതി, ബോധം
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

സ്വപ്നം, സ്മൃതി, ബോധം

കൂടുതല്‍ വിവരങ്ങള്‍

ആമുഖം

സ്വപ്നങ്ങളെ ആദ്യമായി ശാസ്ത്രീയ വിശകലനത്തിനു വിധേയമാക്കിയത് നമ്മുടെ സിഗ്മണ്ട് ഫ്രോയിഡ് അപ്പൂപ്പനാണ്. ഫ്രോയിഡിന്റെ മന:ശാസ്ത്ര വിശകലനമനുസരിച്ച് സ്വപ്നം എന്നത് പൂർത്തിയാവാത്തതോ തീവ്രമായതോ ആയ അബോധ ചോദനകളുടെ സഫലീകരണമാണ്. എല്ലാ സ്വപ്നത്തിനും ഉപബോധ തലത്തിൽ അർത്ഥമുണ്ടെന്നും ഒരുതരം സിംബോളിക് സംവേദനമാണു സ്വപ്നങ്ങളിലൂടെ മനസ്സ് നടത്തുന്നതെന്നും ഫ്രോയിഡ് വിശദീകരിച്ചു. ഇന്നും തത്വ ചിന്തകർ ഫ്രോയിഡിയൻ ചിന്താ രീതിയാണ് ഉപയോഗിക്കുന്നത് ; ഒരുപക്ഷേ അതിന്റെ കാല്പനിക സൌന്ദര്യമാവാം കാരണം.

എന്നാൽ മസ്തിഷ്കശാസ്ത്രം വികസിച്ചപ്പോൾ ആ കാഴ്ചാപ്പാട് തിരുത്തപ്പെടുകയോ പുതുക്കി എഴുതപ്പെടുകയോ ചെയ്തു. ഇന്നത്തെ വിശദീകരണമനുസരിച്ച് സ്വപ്നങ്ങൾ ഓർമ്മയുമായി ബന്ധപ്പെട്ടതാണ്. വൈകാരികമായ അർത്ഥതലങ്ങൾ അതിനു തീരെയില്ല എന്നല്ല, പക്ഷേ ആദ്യമായും അവസാനമായും അവ തലച്ചോറിലെ ഓർമച്ചീളുകളുടെ ഒരു പെറുക്കിക്കൂട്ടലാണ്.
നമ്മുടെ സ്മൃതിയെ/ഓർമ്മയെ നിർണ്ണയിക്കുന്ന മസ്തിഷ്ക പ്രക്രിയയ്ക്ക് പ്രധാനമായും രണ്ട് വിഭാഗങ്ങളുണ്ട് - വ്യവഹാര സ്മൃതി മണ്ഡലം (working memory), സ്മൃതി സംഭരണ മണ്ഡലം (memory storage).

ഇതിൽ വ്യവഹാര സ്മൃതി മണ്ഡലമെന്നത് ബോധവും അബോധവുമായ എല്ലാ അറിവുകളുടെയും ആദ്യ പ്രോസസിംഗ് നടക്കുന്ന സ്ഥലമാണ്. പരിതസ്ഥിതിയിൽ നിന്ന് കണ്ണുകളും കാതുകളും ഉൾപ്പടെയുള്ള 11 ഇന്ദ്രിയങ്ങളിലൂടെ * തലച്ചോറിനു ലഭിക്കുന്ന അറിവുകളാണ് ഇവിടെ പ്രോസസ് ചെയ്യപെടുന്നത്. ഇന്ദിയങ്ങളിൽ നിന്നും പുത്തനായി വരുന്ന അറിവുകളെ ആദ്യം ഇന്ദ്രിയ സ്മരണ എന്നൊരു മണ്ഡലത്തിൽ സ്വീകരിച്ചിട്ട് അവയെ പിന്നെ വ്യവഹാര സ്മൃതി മണ്ഡലത്തിലേയ്ക്കു മാറ്റുകയാണു മസ്തിഷ്കം ചെയ്യുന്നത് എന്നൊരു കാഴ്ചപ്പാടുമുണ്ട്. അതെന്തുതന്നെയായാലും സജീവ സ്മൃതി മണ്ഡലമെന്നത് നമ്മുടെ ഉണർവിന്റെയും ബോധത്തിന്റെയും മുഖമുദ്രയാണെന്ന് ഉറപ്പിച്ചുപറയാം

ബോധ സ്മൃതിയും അബോധ സ്മൃതിയും

ഓർമ്മകളുടെ സ്വഭാവം അനുസരിച്ച് രണ്ട് വിശാല വിഭാഗങ്ങളുണ്ടെന്നു പറയാം - ബോധ സ്മൃതിയും (conscious memory) അബോധ സ്മൃതിയും (non conscious memory). ഇന്ദ്രിയങ്ങളിൽ നിന്നു വരുന്ന വിവരങ്ങളിൽ വിവരണാത്മകമായ വസ്തുതകൾ ബോധതലത്തിൽ തന്നെ മസ്തിഷ്കത്തിൽ സൂക്ഷിക്കപ്പെടേണ്ടവയാണ്. എഴുത്ത് , വര, ചിഹ്നങ്ങൾ, ആംഗ്യം എന്നിവയുപയോഗിച്ച് മറ്റൊരാൾക്ക് വിവരിച്ചുകൊടുക്കാവുന്ന ഓർമ്മകളാണ് ബോധസ്മൃതി വിഭാഗത്തിലുള്ളത്. നമ്മുടെ ചുറ്റുപാടുകളിൽ നിന്നും നമുക്കു കിട്ടുന്ന അറിവുകളിൽ വളരെ ചെറിയൊരു ഭാഗമേ ബോധസ്മൃതിയായി രൂപപ്പെടുന്നുള്ളൂ. ബാക്കിയത്രയും അബോധ തലത്തിൽ ശേഖരിക്കപ്പെടുന്ന വിവരങ്ങളാണ്. ഉദാഹരണത്തിനു അറിയാത്ത ഒരു വഴിയിലൂടെ നിങ്ങൾ ഡ്രൈവ് ചെയ്ത് ഒരു സുഹൃത്തിന്റെ വീട് തേടി പോകുന്നുവെന്നിരിക്കട്ടെ. വഴിയരികിൽ മേയുന്ന പശു മുതൽ സൈൻ പോസ്റ്റുകളും ട്രാഫിക് ലൈറ്റുകളും വരെ നിങ്ങളുടെ വ്യവഹാര സ്മൃതിമണ്ഡലത്തിൽ പ്രവേശിക്കുന്നുണ്ട്. അതിൽ നിങ്ങൾക്ക് വഴിയോർത്ത് വയ്ക്കാൻ ആവശ്യമെന്ന് നിങ്ങൾ ബോധപൂർവ്വം ചിന്തിച്ചു വയ്ക്കുന്ന കാര്യങ്ങൾ മിക്കതും ബോധസ്മൃതിയുടെ ഭാഗത്ത് താത്കാലികമായി ശേഖരിക്കപ്പെടുന്നു. എന്നാൽ അങ്ങനെയോർത്തുവയ്ക്കുന്ന കാര്യങ്ങളുടെ മുന്നോ നാലോ ഇരട്ടി കാര്യങ്ങൾ അബോധസ്മൃതിയായി ശേഖരിക്കപ്പെടുന്നുണ്ട് - ഗിയർ മാറ്റുന്ന പ്രവർത്തി, ബ്രേക്ക് ചവിട്ടുന്നത്, സ്റ്റീരിയോയിൽ നിന്നും വരുന്ന പാട്ട്, റോഡ് മുറിച്ചു കടക്കുന്ന വൃദ്ധ, വഴിവക്കിൽ മേയുന്ന പശു ദൂരെ പട്ടം പറത്തുന്ന കുട്ടി - ഇതൊക്കെ അങ്ങനെ നിങ്ങളുടെ മസ്തിഷ്കത്തിന്റെ ഒരു കോണിൽ പെറുക്കി വയ്ക്കപ്പെടുന്നുണ്ട് ! എന്നാൽ (വഴി ഓർത്തുവയ്ക്കുക എന്ന) നമ്മുടെ ‘ആവശ്യത്തിനു’ ഉപകരിക്കാവുന്ന ഓർമ്മത്തുണ്ടുകൾ വീണ്ടും വീണ്ടും ചിന്താരൂപത്തിൽ ആവർത്തിക്കപ്പെടുന്നതിലൂടെ ഒരു മൂർത്ത ഓർമ്മയായി മാറുന്നു. മറ്റ് ‘അനാവശ്യ’ വസ്തുതകൾ ഡിലീറ്റ് ചെയപ്പെടുകയോ പുനർചിന്തനം എന്ന വ്യായാമം ഇല്ലാതെ നശിച്ചു പോകുകയോ ചെയ്യുന്നു. അബോധ സ്മൃതികളാണ് സ്വപ്നങ്ങളുണ്ടാവുന്നതിന്റെ പിന്നിൽ. അതേ കുറിച്ച് താഴെ പറയുന്നുണ്ട് . ഇപ്പോൾ ഒരു കാര്യം മാത്രം ഓർത്തുവയ്ക്കുക : സ്മൃതികൾ തലച്ചോറിൽ എവിടെയായിരുന്നാലും അതിനെ ബോധ/അബോധ വിഭാഗങ്ങളായി വർഗ്ഗീകരിക്കാം; അതായത് സ്മൃതികൾ ഉണ്ടാവുന്നതിന്റെ രീതിക്കനുസൃതമായല്ല മറിച്ച് അതിന്റെ ഉള്ളടക്കത്തിന്റെ സ്വഭാവമനുസരിച്ചാണു ഈ വർഗ്ഗീകരണം

ഓർമ്മകൾ ഉണ്ടാകുന്നത്

വ്യവഹാര സ്മൃതി മണ്ഡലം എന്നത് ഒരു ഓർമ്മ ശേഖരണ മണ്ഡലമല്ല. അവിടെ ഇന്ദ്രിയങ്ങൾ മനസിലെത്തിക്കുന്ന അറിവുകളുടെ പ്രൊസസ്സിംഗും വർഗ്ഗീകരണവുമൊക്കെയാണ് നടക്കുക. ഈ അറിവുകളെ ഓർമ്മകളാക്കി ശേഖരിക്കാൻ മനസിനു മറ്റൊരു ഭാഗമുണ്ട്. അതാണു സ്മൃതി ശേഖരണ മണ്ഡലം. ഇതിനെ വീണ്ടും രണ്ടായി വിഭജിക്കാം : ഹ്രസ്വകാല സ്മൃതി (temporary memory) എന്നും ദീർഘകാല സ്മൃതി (long term memory) എന്നും. ഏതാണ്ട് 1 മണിക്കൂർ വരെ ഓർമ്മ തങ്ങി നിൽക്കുന്ന മനസിന്റെ ഭാഗമാണ് ഹ്രസ്വകാല സ്മൃതി മണ്ഡലം. 1 മണിക്കൂർ മുതൽ ഒരായുഷ്കാലം വരെ ഓർമ്മകളെ സംഭരിക്കുന്നയിടമോ ? ദീർഘകാലസ്മൃതി മണ്ഡലവും.

ഇന്ദ്രിയ സ്മൃതിമണ്ഡലത്തിൽ സ്വീകരിക്കപ്പെടുന്ന അസംഖ്യം അറിവുകളിൽ എതെങ്കിലുമൊന്നിലേക്ക് നാം ശ്രദ്ധതിരിക്കുന്നുവെന്നിരിക്കട്ടെ; മുകളിലത്തെ ഉദാഹരണത്തിൽ : ഡ്രൈവ് ചെയ്ത വഴി ഓർക്കാൻ വഴിവക്കിലെ ഒരു പരസ്യപ്പലക ഓർത്തുവയ്ക്കാനുള്ള ശ്രമം. ഈ ‘ശ്രമം’ മൂലം ആ പരസ്യപ്പലകയുടെ ദൃശ്യവും സ്ഥാനവും നിങ്ങളുടെ സജീവ സ്മൃതിമണ്ഡലത്തിൽ പ്രോസസ് ചെയപ്പെടുകയും അവിടെ നിന്ന് ഒരു ഹ്രസ്വകാല സ്മൃതി ഫയൽ ആയി മാറ്റപ്പെടുന്നു (വലതു വശത്തെ ചിത്രം 1 ** വലുതാക്കി കാണുക). ഒന്നുരണ്ടു വട്ടം പരസ്യപ്പലകയെക്കുറിച്ചുള്ള ചിന്ത നാം മനസ്സിലിട്ട് റിഹേഴ്സ് ചെയ്യുന്നതോടെ ഈ ഓർമ്മ ഹ്രസ്വകാലസ്മൃതിയിൽ നിന്നും ഒരു ദീർഘകാല ഓർമ്മയായി മാറ്റപ്പെടുന്നു. സ്ഥിരമായി ചെയ്യുന്ന ജോലികൾ ഓർത്തു നോക്കൂ : ഡ്രൈവിംഗ് പഠിക്കുന്ന നാളുകളിൽ ‘വേണം’ എന്നു വച്ചു ചെയ്യുന്ന സംഗതികളായ ഗിയർ മാറ്റലും ക്ലച്ച് പ്ലേയുമെല്ലാം പിന്നീട് അബോധതലത്തിൽ തന്നെ (കൂടെയിരിക്കുന്നവരോട് വർത്തമാനം പറഞ്ഞുകൊണ്ടോ പാട്ടു കേട്ട് താളം പിടിച്ചുകൊണ്ടോ ഒക്കെ) ചെയ്യാൻ നമുക്ക് കഴിയുന്നു. ഇങ്ങനെ ദീർഘകാല സ്മൃതിയായി ഉറപ്പിക്കപ്പെടുന്ന പല കാര്യങ്ങളും അബോധ സ്മൃതികളാണ്. ഹ്രസ്വകാലാടിസ്ഥാനത്തിൽ മസ്തിഷ്കത്തിൽ വന്നു വീഴുന്ന ഇത്തരത്തിലുള്ള ചില അബോധസ്മൃതികൾ പെട്ടെന്ന് ഉണർത്തപ്പെടുമ്പോഴാണു പലപ്പോഴും ദേയ്ഷാ വൂ (Deja vu) - “ശ്ശടാ, ഞാനിവിടെ മുൻപ് വന്നിട്ടുണ്ടല്ലൊ” എന്നൊരു തോന്നൽ ഉണ്ടാവുന്നത് . അതേക്കുറിച്ച് പിന്നീടൊരിക്കൽ പറയാം.

ഉറങ്ങാൻ കിടക്കുമ്പോൾ

ഉറക്കത്തിനു 2 പ്രധാന ഘട്ടങ്ങളുണ്ട് - ദ്രുത നേത്ര ചലന ഘട്ടവും (Rapid Eye Movement Stage), ദ്രുത നേത്ര ചലനമില്ലാ ഘട്ടവും (Non-Rapid Eye Movement Stage). ഉറക്കത്തിലായ വ്യക്തിയുടെ കണ്ണുകൾ ദ്രുതഗതിയിൽ ചലിക്കുന്നതിനെ അടിസ്ഥാനമാക്കിയാണ് ഈ വിഭജനം. തലച്ചോറിന്റെ പ്രവർത്തനങ്ങളെ അളക്കുന്ന ഇ.ഇ.ജി തരംഗങ്ങളിലും ഇവതമ്മിൽ വ്യത്യാസങ്ങൾ കാണാം.
ഉറക്കത്തിലേക്ക് വീഴുന്ന ആദ്യ ഒന്നരമണിക്കൂറിനുള്ളിൽ നിങ്ങൾ REM നിദ്രാഘട്ടത്തിലെത്തുന്നു. ഈ ഘട്ടത്തിന്റെ പ്രത്യേകതയെന്താണ് ? നിങ്ങളുടെ തലച്ചോർ പൂർണ്ണമായും ‘ഉണർന്നിരി’ക്കുകയും ശരീരം ‘സ്തംഭനാവസ്ഥ’യിൽ ആയിരിക്കുകയും ചെയ്യും ! അതായത് മനസ് ഉണർന്നു പ്രവർത്തിക്കുന്നു. സ്വപ്നങ്ങൾ ഈ ഘട്ടത്തിലാണുണ്ടാവുന്നത്. അതിലെ സംഭവങ്ങളോടൊക്കെ നിങ്ങളുടെ മനസ്സ് കൃത്യമായി പ്രതികരിക്കുന്നുണ്ട്. നിങ്ങൾ മനസ്സിൽ നിലവിളിക്കുന്നു, കരയുന്നു, പൊട്ടിച്ചിരിക്കുന്നു ... പക്ഷേ... ശരീരം - അത് സ്തംഭിച്ചിരിക്കും. നിങ്ങൾക്ക് ഭയം മൂലം ‘ഓടാൻ’ തോന്നിയാലും കാലുകൾ അനങ്ങുന്നില്ല, നിലവിളിക്കാൻ തോന്നിയാലും തൊണ്ട അടഞ്ഞിരിക്കുന്നു... എന്താണിങ്ങനെ ?

നമ്മുടെ 8 മണിക്കൂർ ഉറക്കത്തിൽ ഏഴോ എട്ടോ തവണയെങ്കിലും നാം REM നിദ്രാഘട്ടത്തിൽ എത്താറുണ്ട്. ഈ അവസരങ്ങളിലെല്ലാം സ്വപ്നവും കാണും. എങ്കിലും ഉറക്കമുണരുന്ന നേരത്തോടടുത്തു കിട്ടുന്ന REM നിദ്രാഘട്ടത്തിലെ സ്വപ്നം - അവസാനം കണ്ട സ്വപ്നം - ആണ് നാം ഓർത്തിരിക്കുന്നത് എന്നു മാത്രം. REM നിദ്രാഘട്ടത്തിൽ മനസ്സിൽ വരുന്ന സംഗതികളോടെല്ലാം ശരീരം പ്രതികരിക്കാൻ തുടങ്ങിയാൽ ഭേഷായി :) ഒരു രാത്രി കൊണ്ട് നാലഞ്ചു ഒടിവും എട്ടുപത്തു ചതവും നിശ്ചയം ! അതു തടയാനുള്ള ഉപാധിയാണ് REM നിദ്രയിലെ ‘ശരീര സ്തംഭനം’.

നമ്മുടെ ഉറക്കത്തിന്റെ 75% സമയവും നാം NREM നിദ്രാഘട്ടത്തിലാണ്. ഇതിനു പിന്നെയും 4 അവാന്തര ഘട്ടങ്ങളുണ്ട്. അതേക്കുറിച്ച് പറഞ്ഞാൽ ഇതു വായിക്കുന്ന നിങ്ങൾ ഉറക്കത്തിലാകുമെന്നതിനാൽ വിടുന്നു :). ഈ NREM സമയത്ത് ‘മരവിച്ച’ മനസ്സും ‘ഉണർന്ന’ ശരീരവുമാണു നമുക്ക് എന്നു പറയാം. ഈ ഘട്ടത്തിൽ സ്വപ്നങ്ങൾ തീരേ ഇല്ല എന്നുപറയാനാവില്ല. എന്നാൽ ഒന്നും ഓർക്കാനാവില്ല.

സ്വപ്ന സമാനം ഈ അനുഭവം

സ്വപ്നം കാണുക 99% വും REM നിദ്രയിലാണെന്ന് പറഞ്ഞല്ലൊ. ഈ അവസ്ഥയിൽ തലച്ചോറിൽ നടക്കുന്ന ഓർമ്മ സംശോധനവും സംഭരണവുമാണു സ്വപ്നങ്ങൾക്ക് കാരണം. ഉറക്കം തുടങ്ങുമ്പോൾ തന്നെ ഇന്ദ്രിയങ്ങളിൽ നിന്നുമുള്ള അറിവിന്റെ ഒഴുക്ക് തടയപ്പെടുന്നു. ഓഫീസ് അടച്ചിട്ടിട്ട് പണിയെടുക്കുമ്പോലെ :) ഇങ്ങനെ data in-put തടഞ്ഞുകഴിഞ്ഞാൽ തലച്ചോർ ജോലി തുടങ്ങുകയായി.

REM നിദ്രയിൽ ആകുന്ന സമയം തലച്ചോറിൽ അന്നന്ന് എത്തിയ ‘അബോധസ്മൃതികളെ’ വ്യവഹാര സ്മൃതി മണ്ഡലം (working memory) എഡിറ്റു ചെയ്യാനാരംഭിക്കുന്നു. ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങൾ മനസ്സിൽ ഉണ്ടാക്കിയെടുത്ത രൂപങ്ങളും ആശയങ്ങളും ചിന്തകളുമൊക്കെ ഇതിനായി ഉപയോഗിക്കപ്പെടുന്നു. ഇങ്ങനെ പൂർവ്വസ്മരണകളുമായി ഒത്തുനോക്കി പുതിയ അറിവുകളെ ദീർഘകാല സ്മൃതിമണ്ഡലത്തിലേക്ക് സംഭരിക്കുന്നു (ഇടതു വശത്ത് കൊടുത്ത ചിത്രം 2*** -ലെ ദീർഘകാല സ്മൃതി മണ്ഡലത്തിൽ നിന്നുമുള്ള ഇരട്ട arrows ശ്രദ്ധിക്കുക).

ഈ പ്രക്രിയ നടക്കുമ്പോൾ മറുവശത്ത് ‘ബോധ’ സ്മൃതികളെയും പരിശോധിക്കുന്നുണ്ട്. പക്ഷേ, ഒത്തു നോക്കലിനായി ഫയലുകൾ തുറക്കുന്നുണ്ടെങ്കിലും അവയുടെ സംഭരണം നടക്കുന്നില്ല. മനസ്സിന്റെ ശ്രദ്ധ ആ ഭാഗത്തേക്ക് കേന്ദ്രീകരിക്കപ്പെടുന്നുമില്ല.
അങ്ങനെ REM നിദ്രയിൽ അബോധസ്മൃതികളുടെ ‘അസംബന്ധ’ ചിത്രങ്ങളാണ് മനസ്സിൽ ഓടിക്കളിക്കുന്നത്. ഇത് നാം മുൻ അനുഭവങ്ങളിലൂടെ ഉണ്ടാക്കി വച്ചിട്ടുള്ള ‘ലോജിക്കി’ന് വിരുദ്ധമാകാം. അപ്പോൾ സംഭരിക്കപ്പെടുന്ന ഡേറ്റയിൽ വൈരുദ്ധ്യങ്ങൾ ഉണ്ടാവാനും സാധ്യതയുണ്ട്. ഇതു തടയാൻ മനസ്സ് കാണിക്കുന്ന ‘പൊടിക്കൈ’ ആണ് ഈ അസംബന്ധ ചിത്രങ്ങളെ’ ഒരു സീക്വൻസിൽ കഥ പോലെ ആക്കി മാറ്റുക എന്നത് . ഇതാ ഒരു സ്വപ്നം തയ്യാർ !

തലേന്ന് പറമ്പിൽ ഒരു കയർ കണ്ട് ഒരു മില്ലി സെക്കന്റ് നേരം അതു വല്ല ഇഴജന്തുവുമായിരുന്നോ എന്ന് നിങ്ങൾ സംശയിക്കുന്നു. ആ സംശയം ഉണ്ടായി എന്ന കാര്യം പോലും നിങ്ങൾ വൈകുന്നേരമായപ്പോഴേക്കും മറന്നു പോകുന്നു. എന്നാൽ അബോധ സ്മൃതിയായി അത് തലച്ചോറിലുണ്ട്. നിദ്രയുടെ ഒരു ഘട്ടത്തിൽ ‘പറമ്പിലെ കയർ’ പൊങ്ങിവരുന്നു. മനസ്സ് ആ ‘അസംബന്ധത്തെ’ ഒരു പാമ്പാക്കി മാറ്റുന്നു. അല്പം ഭാവന ചേർത്ത് ഒരു കഥ അതിനു ചുറ്റും മെനഞ്ഞെന്നും വരാം - പാമ്പ് നിങ്ങളുടെ കട്ടിലിനടിയിൽ, പാമ്പ് നിങ്ങളുടെ കുളിമുറിയിൽ, പാമ്പ് നിങ്ങളുടെ കുഞ്ഞിനരികിൽ - നിങ്ങൾ വടിയെടുക്കാനായി തപ്പുന്നു - ഇല്ല, കൈകൾ സ്തംഭിച്ചിരിക്കുന്നു, ഉറക്കെവിളിക്കാൻ പോലുമാകുന്നില്ല.... കട്ട് ! സ്വപ്നം മാറിക്കഴിഞ്ഞു. നിങ്ങൾ ഏതോ ബന്ധുവിന്റെ കല്യാണ വീട്ടിലാണിപ്പോൾ. ബന്ധുവിനെ നിങ്ങൾക്കറിയാം, എന്നാൽ മുഖം മനസ്സിലാവുന്നില്ല. . . അല്പനേരം കഴിയുമ്പോൾ അത് കല്യാണവീടല്ല മരണവീടാണെന്ന് മനസിലാകുന്നു ..! കട്ട്..!!

ഇങ്ങനെ കാടുകയറുന്നു സ്വപ്നങ്ങൾ. ഇതിനിടെ നിങ്ങൾ ഉണർന്നാൽ അവസാനം കണ്ട സ്വപ്ന സീൻ ചിലപോൾ ഓർത്തെന്നു വരാം. ചിലപ്പോൾ എറ്റവും ഭയപ്പെടുത്തിയ സ്വപ്നം ഓർത്തു എന്നു പോലും വരില്ല. ഉണരുന്ന സമയമാണു മുഖ്യം, സ്വപ്നത്തിലെന്തായിരുന്നു എന്നതല്ല.
അബോധസ്മൃതികളാണു സ്വപ്നകാരകം എന്നു പറഞ്ഞു. അപ്പോൾ ബോധസ്മൃതികളോ ?

NREM നിദ്രാ ഘട്ടത്തിലാണു ബോധസ്മൃതികളെ പ്രധാനമായും സംശോധനം ചെയ്യുന്നതും ശേഖരിക്കുന്നതും. ബോധസ്മൃതികൾ നമ്മുടെ മനസ്സിനെ സംബന്ധിച്ചിടത്തോളം ലോജിക്കലും അർത്ഥ സമ്പൂർണ്ണവുമാണ്. അതിനാൽ അവയെ ബന്ധിപ്പിക്കാൻ കഥ മെനയേണ്ട കാര്യവുമില്ല. അത്നാൽ NREM നിദ്രയിൽ സ്വപ്നങ്ങൾക്ക് സാധ്യത കുറവാണ് - തീരേയില്ലെന്നല്ല. ഈ നിദ്രാഘട്ടത്തിൽ ശരീരത്തിന്റെ പേശീ ബലവും മറ്റും സാധാരണ പോലെയാണ്. അതിനാൽ നാം ഉറക്കത്തിൽ തിരിയുകയും അടുത്ത് കിടക്കുന്നവർക്കിട്ട് തൊഴിക്കുകയും മറിയുകയുമൊക്കെ ചെയ്യും. പക്ഷേ ആ ചലനങ്ങൾ തലച്ചോറിലേക്ക് തിരികെ സിഗ്നലുകളായി വരുന്നത് ഇന്ദ്രിയ സ്മൃതീതലത്തിൽ തന്നെ തടഞ്ഞിരിക്കുന്നതിനാൽ അതൊന്നും നാം അറിയുന്നില്ല, ഉണർന്നാൽ ഓർക്കാറുമില്ല. ഉറക്കത്തിൽ നടക്കുന്ന അസുഖമുള്ളവർ അതു ചെയ്യുന്നത് NREM നിദ്രയിലാണ്. അപ്പോൾ അവരെ ഉണർത്തിയാൽ തങ്ങൾ എവിടെയാണെന്നോ എങ്ങനെ അവിടെ എത്തിയെന്നോ ഒന്നും അറിയാതെ കൺഫ്യൂഷനടിച്ചിരിക്കും. ഇതു തന്നെയാണു കിടക്കപ്പായിൽ മുള്ളുന്നവരും ചെയ്യുന്നത് :)

11 ഇന്ദ്രിയങ്ങൾ

അഞ്ചിന്ദ്രിയങ്ങളേ സാധാരണ പറയാറുള്ളൂ എങ്കിലും അതു ശാസ്ത്രീയമായി ശരിയല്ല. പ്രധാനപ്പെട്ട ഇന്ദ്രിയ സംവേദന രീതികൾ ഇവയാണ്: ലഘു സ്പർശം (fine touch), ഗുരുസ്പർശം (crude touch), വേദന (pain), താപം (temperature), കമ്പനം (vibration) , ശരീര/അവയവ ചലനം (positional & movement), കാഴ്ച (vision), കേൾവി (hearing), ശരീര സന്തുലനം (balance), മണം (olfaction), രുചി(gustation). ഇവയോരൊന്നിനും അവാന്തരവിഭാഗങ്ങളുമുണ്ട്.

ബുദ്ധിശക്തിയും പാരമ്പര്യവും


ബുദ്ധിശക്തിയുടെ വര്‍ഗ്ഗപരമായ വ്യത്യാസങ്ങളെക്കുറിച്ച് നിരുത്തരവാദപരമായി കമന്റിയതിന് ജനിതക ശാസ്ത്രകാരന്‍ ജെയിംസ് വാട്ട്സണ്‍ പഴികേട്ടുകൊണ്ടിരിക്കുന്ന വേളയിലാണ് ജൂതന്മാരുടെ വര്‍ഗ്ഗം ബുദ്ധിപരമായി മറ്റു ജാതികളില്‍നിന്നും വേറിട്ടു നില്‍ക്കുന്നതെങ്ങനെയെന്ന വിശകലനങ്ങളുമായി ചാള്‍സ് മുറെ മുന്നോട്ടുവന്നത്. ഡോ.മുറെ 19994ല്‍ റിചാര്‍ഡ് ഹേണ്‍സ്റ്റീനുമായി ചേര്‍ന്നു രചിച്ച The Bell Curve അതിന്റെ ‘വര്‍ഗ്ഗീയ‘പരാമര്‍ശങ്ങളുടെ പേരില്‍ വലിയൊച്ചപ്പാടുണ്ടാക്കിയിരുന്നു. അതുകൊണ്ടുതന്നെ മുറേയുടെ പുതിയ വാദങ്ങള്‍ സൈക്കോളജി/ജനിതക ശാസ്ത്രരംഗത്തെ താപനിലയുയര്‍ത്താന്‍ പോന്നതുമായിരുന്നു. ജോണ്‍ എന്റൈന്‍ രചിച്ച Abraham's Children: Race, Identity and the DNA of the Chosen People എന്ന പുസ്തകത്തിനെ അടിസ്ഥാനമാക്കി അമേരിക്കന്‍ എന്റര്‍പ്രൈസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പബ്ലിക് പോളിസി റിസേര്‍ച്ച് സംഘടിപ്പിച്ച ചര്‍ച്ചയിലാണ് ചാള്‍സ് മുറെ തന്റെ വാദഗതികള്‍ നിരത്തിയത്. ‘അബ്രഹാമിന്റെ സന്തതികള്‍’ എന്ന പുസ്തകത്തില്‍ എന്റൈന്‍, ജൂതര്‍ എന്നു വിളിക്കപ്പെടുന്ന വര്‍ഗ്ഗം എങ്ങനെ ജനിതകമായി മറ്റു സെമിറ്റിക് മതാനുയായികളില്‍ നിന്നു വേറിട്ടു നില്‍ക്കുന്നുവെന്നും അവരുടെ കേള്‍വികേട്ട ‘ബുദ്ധിശക്തി’യുടെ ജനിതക ഉറവിടങ്ങളേതെന്നും അത് അവര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ജനിതകരോഗങ്ങളെന്തൊക്കെയെന്നും ചര്‍ച്ചചെയ്യുന്നു. മറ്റു വിഷയങ്ങളുണ്ടെങ്കിലും പുസ്തകത്തെ വിവാദമാക്കിയത് ജൂതന്മാര്‍ ജനിതകപരമായിത്തന്നെ ബുദ്ധിശാലികളായ വര്‍ഗ്ഗമാണെന്നതരത്തിലുള്ള പ്രസ്താവനകളായിരുന്നു.

The Bell Curve ലും മറ്റു പലയിടത്തുമായി വിവിധപഠനങ്ങളെ അടിസ്ഥാനമാക്കി സ്ഥാപനവല്‍ക്കരിച്ചിരിക്കുന്ന ചില ‘വസ്തുത‘കളുണ്ട് ഐ.ക്യൂ അഥവാ ഇന്റലിജന്‍സ് കോഷ്യന്റിനെപ്പറ്റി. അവയില്‍ പ്രധാനം ഐ.ക്യൂവിന്റെ ജാതീയമായ വ്യത്യാസം തന്നെ. ഇതു പ്രകാരം ആഷ്കെനാസി ജൂതന്മാര്‍ ലോകത്തിലേക്കും ഏറ്റവും വല്യ ബുദ്ധിമാന്മാരത്രെ (ശരാശരി ഐ.ക്യു: 115). പിന്നാലെയുണ്ട് മംഗളോയിഡ് വര്‍ഗ്ഗക്കാരായ ചൈന/ജപ്പാന്‍/സിംഗപ്പൂര്‍/മലേഷ്യാ ജനത (ശരാശരി ഐക്യു: 105). പിന്നെ അമേരിക്കന്‍/യൂറോപ്പ്യന്‍ വെള്ളക്കാരുടെ വര്‍ഗ്ഗമായ കോക്കേഷ്യനുകള്‍ (100). പിന്നെ റെഡ് ഇന്‍ഡ്യനുകള്‍, ലാറ്റിനമേരിക്കനുകള്‍....ഏറ്റവും പുറകിലായി ദക്ഷിണേഷ്യയിലെ നമ്മളും പിന്നെ നമ്മളുമായി ഏറ്റവുമധികം ജനിതകസാമ്യം ഉള്ള ആഫ്രിക്കന്മാരും (ശരാശരി ഐ.ക്യൂ : 80-70). ആഗോളതലത്തിലെ സാംസ്കാരിക ചരിത്രം, രാജ്യങ്ങളുടെയും ജനതകളുടെയും സമ്പന്നത, ശരാശരി അക്കാദമിക നിലവാരം എന്നിവ കൂടി ഈ ഐ.ക്യൂ കണക്കുകള്‍ക്ക് ഉപോല്‍ബലകമായി ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്റലിജന്‍സ് കോഷ്യന്റിന്റെ സത്യാവസ്ഥ

ഐ.ക്യൂ ടെസ്റ്റുകള്‍ യഥാര്‍ത്ഥത്തില്‍ മനുഷ്യമനസ്സിന്റെ ഏത് വിശേഷത്തെയാണ് അളക്കുന്നത് ? സത്യത്തില്‍ ഐ.ക്യൂ ടെസ്റ്റ് എന്നതു ബുദ്ധിശക്തിയുടെ അളവ്കോലാണോ ? ഏറ്റവും വലിയ മെറ്റാ അനാലിസിസുകള്‍ ഈ കാര്യങ്ങളെപ്പറ്റി നമ്മോടു പറയുന്നതെന്തെന്നു നോക്കാം:

  • ഐ.ക്യൂ പരീക്ഷകള്‍ മനുഷ്യ മനസ്സിന്റെ 4 പ്രധാന കഴിവുകളെയാണ് അളക്കാന്‍ ശ്രമിക്കുന്നത് : ആശയവിനിമയം, സ്ഥല/ദൃശ്യപരമായ ധാരണകള്‍, ചിന്തയുടെ വേഗത, ഓര്‍മ്മശക്തി എന്നിവയാണ് ആ നാലു കഴിവുകള്‍.

ഈ നാലു കഴിവുകളില്‍ ഏതെങ്കിലുമൊന്നില്‍ നിപുണനായൊരാള്‍ സാധാരണ നാലിലും മിടുക്കനായിരിക്കും.

  • സാംസ്കാരിക, സാമൂഹിക, ഭാഷാപര, സാന്ദര്‍ഭിക ചായ്‌വുകള്‍ ഏതാണ്ടെല്ലാ ഐക്യൂ പരീക്ഷകളിലും ഉണ്ട്. ഇത് ഐ ക്യൂ പരീക്ഷകളുടെ സാര്‍വ്വലൌകികമായ ഉപയോഗത്തിനു വിഘാതമാകാം.
  • സൃഷ്ടിപരത, വ്യക്തിത്വം, പ്രായോഗികബുദ്ധി, നേതൃഗുണം, പരോപകാരപ്രവണത, സാമൂഹികപ്രതിബദ്ധത തുടങ്ങിയ ഒരു കാര്യവും അളക്കാന്‍ ഐ.ക്യൂ ടെസ്റ്റുകള്‍ക്ക് സാധിക്കില്ല.
  • ഐ.ക്യൂ പരീക്ഷയിലെ സ്കോറുകള്‍ വളരെ ഉയര്‍ന്നതോ (120നൊക്കെ മുകളില്‍) തീരെ താഴ്ന്നതോ (70 ലും താഴെ) ആകുമ്പോള്‍ മാത്രമേ നമുക്കു വളരെ കൃത്യവും വസ്തുനിഷ്ഠവുമായ വിലയിരുത്തലുകള്‍ ഒരാളുടെ ബിദ്ധിശക്തിയെക്കുറിച്ചു നടത്താനാവൂ.
  • ജെനറല്‍ ഇന്റലിജന്‍സ് അഥവാ പൊതുവായ ബുദ്ധിശാലിത്വം എന്നത് തലച്ചോറിന്റെ പ്രത്യേകതയെന്നു പറയുന്നതിനേക്കാള്‍ മാനസിക നിലയുടെ പ്രത്യേകത എന്നു പറയുന്നതാവും ശാസ്ത്രീയാര്‍ഥത്തില്‍ ശരി.
  • ഐ.ക്യൂ ടെസ്റ്റുകളിലെ മാര്‍ക്ക് ഇരട്ട സഹോദരങ്ങളിലും രക്തബന്ധമുള്ളവരിലും സാമ്യങ്ങള്‍ കാണിക്കുന്നു. അതിനാല്‍ ഐ.ക്യൂ ടെസ്റ്റുകളില്‍ അളക്കപ്പെടുന്ന കഴിവുകള്‍ ജനിതകമായി ഓരോ വ്യക്തിക്കും ലഭിക്കുന്നവയാവാനാണു സാധ്യത.
  • ഐ.ക്യൂ ടെസ്റ്റുകളില്‍ ലഭിക്കുന്ന സ്കോറുകളിന്മേല്‍ ഒരു വ്യക്തിയുടെ കുടുംബ/സാമൂഹിക പശ്ചാത്തലം ചെലുത്തുന്ന സ്വാധീനം ആ വ്യക്തിയുടെ പ്രായമേറി വരുംതോറും കുറഞ്ഞു കുറഞ്ഞു വരും. അതായത് ഒരു ഏഴു വയസ്സുകാരന്റെ ഐ.ക്യൂ ടെസ്റ്റ് സ്കോറ് അവന്റെ ചുറ്റുപാടുകളുടെ സ്വാധിനത്താല്‍ മാറാന്‍ സാധ്യതയുണ്ടെങ്കിലും ഒരു 30 വയസ്സുകാരന്റെ മേല്‍ അത്തരം സ്വാധീനങ്ങള്‍ തീര്‍ത്തും ഇല്ലാതാകുന്നതായി കാണാം. പ്രായമേറുംതോറും പാരമ്പര്യമായി (ജീനുകളിലൂടെ) കിട്ടിയ കഴിവുകളാണ് കൂടുതല്‍ തെളിഞ്ഞു വരിക.
  • തലച്ചോറിന്റെ വലിപ്പവുമായോ, ഏതെങ്കിലും ഭാഗവുമായോ, ഏതെങ്കിലുമൊരു ജീനുമായോ ഐ.ക്യൂ റ്റെസ്റ്റുകളിലെ സ്കോറുകള്‍ക്കു ബന്ധമുണ്ടെന്ന് ഇന്നേവരെ വസ്തുനിഷ്ഠമായ തെളിവുകള്‍ ഒന്നുമില്ല. (എന്നിട്ടും ബുദ്ധിശക്തിക്കു ബന്ധമുണ്ടെന്നു സംശയിക്കപ്പെടുന്ന ഏതെങ്കിലുമൊരു ജീനിന്റെ കഥയില്ലാതെ ഇന്ന് ഒറ്റ ശാസ്ത്രവാരികയും പുറത്തിറങ്ങുന്നില്ല എന്നത്, ഇക്കാര്യത്തില്‍ ആളുകള്‍ക്കുള്ള ‘രാഷ്ട്രീയ/സാമൂഹിക’ താല്പര്യങ്ങളെയാണു കാണിക്കുന്നത്).

ഐ.ക്യൂ ടെസ്റ്റിലെ സ്കോറുകള്‍ നിരന്തരമായ പരിശീലനം വഴി നല്ലൊരു പരിധി വരെ ഉയര്‍ത്താനാവും.

ബുദ്ധിയുടെ ജനിതക പാരമ്പര്യം

മനുഷ്യനടക്കമുള്ള ഏതൊരു ജന്തുവിന്റെയും തലച്ചോറ് ഒരു ഹാര്‍ഡ് വെയര്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. അതിലെ ദശലക്ഷക്കണക്കിനുവരുന്ന ന്യൂറോണുകള്‍ (നാഡീ കോശങ്ങള്‍) തങ്ങളില്‍ കൈമാറുന്ന ശതകോടി സിഗ്നലുകള്‍ ചേര്‍ന്നാണ് മനസ്സ് എന്ന എറെക്കുറേ അതീന്ദ്രീയമെന്നു തന്നെ വിളിക്കാവുന്ന പ്രതിഭാസം ഉണ്ടായിത്തീരുന്നത്. തലച്ചോറിന്റെ അവസ്ഥാന്തരങ്ങള്‍ മനസ്സിനേയും മനസ്സിന്റെ അവസ്ഥകള്‍ തിരിച്ചു തലച്ചോറിനേയും തിര്‍ച്ചയായും ബാധിക്കുന്നു. എന്നാല്‍ അതുകൊണ്ടുമാത്രം ഒരു വ്യക്തിയുടെ ഓരോ ചേഷ്ടക്കും തലച്ചോറില്‍ ഒരു ഇരിപ്പിടമുണ്ടെന്നു വാദിക്കുന്നവര്‍ ന്യൂറോസയന്‍സിനെ തലകീഴായി നിര്‍ത്തുകയാണു ചെയ്യുന്നത്. കാരണം ഫങ്ഷണല്‍ എം.ആര്‍.ഐ സ്കാനും പെറ്റ് സ്കാനുമടക്കമുള്ള സകല അത്യന്താധുനിക സങ്കേതങ്ങളുപയോഗിച്ചാലും “മനസ്സിനെ” യല്ല മസ്തിഷ്കത്തെയെ കാണാനും പഠിക്കാനുമാവൂ.

ഐ.ക്യൂ എന്നതു ഭാഗികമായെങ്കിലും ജനിതകമായി നിര്‍ണ്ണയിക്കപ്പെടാൻ സാധ്യതയുണ്ടെന്നതില്‍ തര്‍ക്കമില്ല. പക്ഷേ അതുകൊണ്ട് ബുദ്ധിശക്തി മുഴുവനും ജനിതകമാണെന്നു പരത്തി പറയാനാവില്ല. കാരണം, നേരത്തേ പറഞ്ഞതു പോലെ, ഐ.ക്യൂ കൊണ്ട് അളക്കാനാവാത്ത പലതും “ബുദ്ധിശക്തി” യില്‍ ഉണ്ട് എന്നതു തന്നെ.

ഓരോ ജീനിനും ഒരു പരമാവധി ‘പൊട്ടന്‍ഷ്യല്‍’ ഉണ്ട്. അതിനുതക്ക പോഷണവും വളവും ലഭിക്കുമ്പോള്‍ ആ ജീനുകള്‍ പരമാവധി ഫലവും തരുന്നു. ഇതിനു മികച്ച ഉദാഹരണമാണു മനുഷ്യജാതികളില്‍ പല തലമുറകളിലായി വര്‍ദ്ധിച്ചു വരുന്ന പൊക്കം. നല്ല ആഹാരവും അനുകൂല പരിതസ്ഥിതിയും ലഭ്യമാകുമ്പോള്‍ ജീനുകള്‍ അവയുടെ പരമാവധി ‘പൊട്ടന്‍ഷ്യ’ലിലേക്കുയരുന്നു. നമുക്കു ചുറ്റുമുള്ള പല സംസ്കാരങ്ങളിലും ശ്രദ്ധിച്ചാല്‍ കാണാവുന്ന ഒന്നാണ് കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ കൂടുതല്‍ ഊന്നല്‍ കൊടുക്കുന്ന സമുദായങ്ങള്‍ക്കുണ്ടാകുന്ന വളര്‍ച്ച. ഒരുപക്ഷേ ജൂതരുടെ ഈ “ബുദ്ധിശാലിത്വവും” പിന്‍ തലമുറകള്‍ക്ക് മേല്‍ നിഷ്കര്‍ഷിക്കപ്പെടുന്ന അക്കാദമിക മികവിനായുള്ള നിര്‍ബന്ധങ്ങളുടെ ഫലമാവും.

ബുദ്ധിശാലിത്വവും ജന്തുകുലങ്ങളുടെ പരിണാമവും

ബൌദ്ധികമായ ഉയര്‍ച്ചയും നേട്ടങ്ങളും യഥാര്‍ത്ഥത്തില്‍ പരിണാമപരമായ നേട്ടമൊന്നും മനുഷ്യനോ മറ്റു ജന്തുക്കള്‍ക്കോ വലുതായി നല്‍കിയിട്ടില്ല എന്നു ജീവികുലങ്ങളുടെ ഭൂമിയിലെ പരിണാമത്തിന്റെ ചരിത്രമെടുത്താല്‍ കാണാം. കൂടുതല്‍ ബൌദ്ധികനേട്ടങ്ങള്‍ കൈവരിക്കുമ്പോഴും മനുഷ്യന് ഒരു ജന്തുജാതിയെന്നനിലയ്ക്ക് പ്രകൃതിയോടും പരിതസ്ഥിതിയോടും ഇണങ്ങാനുള്ള കഴിവ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മനുഷ്യന്റെ ശരാശരി ആയുസ്സ് 35-ഓ 45-ഓ വയസ്സായിരുന്നത് ഇന്ന് 60ഉം 70ഉമൊക്കെ എത്തിയങ്കില്‍ അത് മനുഷ്യന്‍ ഒരു വിധത്തിലുമുള്ള രോഗപ്രതിരോധശേഷിയും നേടിയിട്ടല്ലല്ലോ. ഭുകമ്പം, അണുവികിരണം, സുനാമി, കടുത്ത കാലാവസ്ഥാമാറ്റങ്ങള്‍, മഹാരോഗങ്ങള്‍ എന്നിവയ്ക്കെതിരേ ജനിതകമായ യാതൊരു പാരിണാമിക കഴിവും നാം ഇക്കണ്ട കാലത്തിനിടയ്ക്കു നേടിയിട്ടില്ല.

പാര്‍ട്ടിക്കിള്‍ ആക്സലറേറ്ററുകള്‍ നിര്‍മ്മിച്ച് ക്വാര്‍ക്കുകളുടെ സാധുതപരീക്ഷിക്കാനും മാത്രം വളര്‍ന്ന മനുഷ്യന്‍ പക്ഷേ ജലദോഷവൈറസ്സിനു മുന്‍പില്‍ ഇന്നും മുട്ടുകുത്തുന്നില്ലേ ?

കടപ്പാട്-മെഡിസിന്‍ അറ്റ് ബൂലോകം

3.0
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ