অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സമ്പൂര്‍ണ്ണ ആരോഗ്യം

സമ്പൂര്‍ണ്ണ ആരോഗ്യം

മനസിനെ എങ്ങനെ മാനേജ്‌ ചെയ്യാം

മാനസികാവസ്ഥയ്ക്ക്‌ ഏറെ പ്രാധാന്യം

ഒരു വ്യക്തിയുടെ ജീവിതത്തില്‍ മനസിന്റെ അവസ്ഥയ്ക്ക്‌ വലിയ പങ്കുണ്ട്‌. വികാരങ്ങളേയും പ്രവര്‍ത്തികളേയും നിയന്ത്രിക്കുന്നത്‌ മാനസികാവസ്ഥയാണ്‌. മനോനില ശരിയല്ലെങ്കില്‍ പല കുഴപ്പങ്ങള്‍ക്കും കാരണമാകുന്നു. ഇത്‌ മനസിനെ വിഷാദത്തിലേക്കും മറ്റ്‌ പല മാനസിക തകരാറുകളിലേക്കും കൊണ്ടുചെന്നെത്തിക്കും. പ്രശസ്‌ത മന:ശാസ്‌ത്രജ്ഞനായ റോബര്‍ട്ട്‌ തായറിന്റെ അഭിപ്രായത്തില്‍ മനോഭാവം മാനസികോര്‍ജത്തിന്റെയും മാനസിക സംഘര്‍ഷത്തിന്റെയും ഉല്‌പന്നമാണ്‌. വളരെ ശാന്തമായ ഊര്‍ജാവസ്ഥയില്‍ ആയിരിക്കുമ്പോഴാണ്‌ മനുഷ്യന്‍ വളരെ നല്ല അവസ്ഥയില്‍ ആയിരിക്കുന്നത്‌. സംഘര്‍ഷം കൊണ്ട്‌ തളര്‍ന്ന അവസ്ഥയിലാകുമ്പോള്‍ മനുഷ്യന്‍ വളരെ മോശമായ മാനസികഭാവത്തിലേക്ക്‌ മാറുന്നു. മനസില്‍ ദേഷ്യവും വൈകാരിക അസന്തുലിതാവസ്ഥയും സൃഷ്‌ടിക്കുന്നതില്‍ ശരീരത്തിലെ ഹോര്‍മോണുകളും ഒരുപ്രധാന പങ്കു വഹിക്കുന്നുണ്ട്‌.

വ്യായാമവും ഭക്ഷണവും മാനസികോന്മേഷം വര്‍ധിപ്പിക്കുന്നു.

മനസിന്റെ താഴ്‌ന്ന ഊര്‍ജാവസ്ഥയില്‍ പിരിമുറുക്കം കുറയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗം നടത്തമാണ്‌. സന്തോഷം ലഭിക്കുന്നതിനുവേണ്ടി നടത്തമാണ്‌ മന:ശാസ്‌ത്രജ്ഞനായ റോബര്‍ട്ട്‌ തായര്‍ നിര്‍ദേശിക്കുന്നത്‌. സര്‍ഗശക്തി വര്‍ധിപ്പിക്കാന്‍ സന്തോഷം നിറഞ്ഞ ചിന്തകളും പോസിറ്റീവ്‌ മാനസികഭാവങ്ങളും വേണം. ചില ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ മനസിന്‌ ഉന്മേഷവും ചുറുചുറുക്കുമുണ്ടാകുന്നു. കോഫി കളറുളള ചോക്ലേറ്റുകള്‍ സന്തോഷം പകര്‍ന്നുതരുന്നവയാണ്‌. രോഗപ്രതിരോധശേഷിയെ വര്‍ധിപ്പിക്കുന്നതും നിരോക്‌സീകാരകമായി പ്രവര്‍ത്തിക്കുന്നതുമായ “റെസ്‌വെരാട്രോണ്‍” (Resveratron) എന്ന സംയുക്തമാണ്‌ ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്നത്‌. മസ്‌തിഷ്‌കത്തിന്റെ പ്രവര്‍ത്തനശേഷിയെ വര്‍ധിപ്പിക്കുന്ന എന്‍ഡോര്‍ഫിനുകളുടെയും, സീറോടോണിന്റെയും രക്തത്തിലെ നില വര്‍ധിക്കാന്‍ ചോക്ലേറ്റുകള്‍ സഹായിക്കുന്നു. മനസിന്റെ വിഷാദാവസ്ഥയെ മാറ്റുന്നതിനുളള രാസവസ്‌തുക്കളാണ്‌ എന്‍ഡോര്‍ഫിനുകളും സീറോടോണിനും.

വെളുത്തുളളി മാനസികോര്‍ജം വര്‍ധിപ്പിക്കുന്നു

കൊളസ്‌ട്രോള്‍ ഇല്ലാതാക്കുന്നതിന്‌ വെളുത്തുളളിക്കുളള സ്വാധീനത്തെക്കുറിച്ച്‌ പഠിച്ചിരുന്ന ജര്‍മനിയിലെ ഗവേഷകര്‍, വെളുത്തുളളി മാനസികോര്‍ജം വര്‍ധിപ്പിക്കുന്ന ഒരു ഭക്ഷ്യവസ്‌തുവാണെന്ന്‌ കണ്ടെത്തുകയുണ്ടായി. വെളുത്തുളളി കഴിക്കുന്നവര്‍ പെട്ടെന്ന്‌ പ്രകോപിതരാകുന്നതായി മനസിലാക്കി. വിമാനം പറത്തുന്നതിന്‌ മുമ്പ്‌ 72 മണിക്കൂറിനുളളില്‍ വെളുത്തുളളി കഴിക്കരുതെന്ന്‌ നിര്‍ദേശമുണ്ട്‌. വെളുത്തുളളി കഴിക്കുമ്പോള്‍ ഏകാഗ്രത കുറയുകയും പെട്ടെന്നുളള പ്രതികരണശേഷി മൂന്നുമടങ്ങ്‌ വര്‍ധിക്കുകയും ചെയ്യുന്നു.

സംഗീതവും, ധ്യാനചിന്തകളും, യോഗയും

സംഗീതം മനസിനെ സാന്ത്വനപ്പെടുത്തുന്നു. എന്നാല്‍ ദു:ഖത്തിന്റെ അലകളുയര്‍ത്തുന്ന സംഗീതം നെഗറ്റീവ്‌ മാനസികാവസ്ഥയാണ്‌ സൃഷ്‌ടിക്കുന്നത്‌. മനസിന്റെ തേജോവലയത്തെ നിഷ്‌പ്രഭമാക്കുന്ന ദു:ഖസംഗീതം ശ്രവിക്കാതെ മനസ്സിനെ ഉണര്‍ത്തുന്ന സംഗീതം സന്തോഷത്തിന്റെ അലയടികള്‍ സൃഷ്‌ടിക്കാന്‍ സഹായകമാകും. ധ്യാന ചിന്തകളിലൂടെയും, യോഗയിലൂടെയും മനസിനെ പരുവപ്പെടുത്താനും സന്തോഷചിത്തരായി തീരാനും സാധിക്കുന്നു.

മനസിനെ നിയന്ത്രിച്ചുനിറുത്താന്‍ ശീലിക്കുക

എപ്പോഴും വൈകാരികസ്ഥിതി മോശമായ വ്യക്തികളോടൊപ്പം ജോലിചെയ്യുന്നത്‌ വളരെ പ്രയാസമുളള കാര്യമാണ്‌. ഇവര്‍ ശുണ്‌ഠിയുളളവരും, സ്വാര്‍ത്ഥരും, എപ്പോഴും മൂര്‍ച്ചയുളള വാക്കുകള്‍ ഉപയോഗിക്കുന്നവരും ആയിരിക്കും. എങ്ങനെ പ്രതികരിക്കും എന്ന്‌ നിശ്ചയമില്ലാത്തതിനാല്‍ ദുര്‍മുഖമുളള വ്യക്തികളോടൊത്ത്‌ ജോലിചെയ്യാന്‍ ആരും ഇഷ്‌ടപ്പെടുകയില്ല. സ്ഥിരമാനസരും, അഭിപ്രായസ്ഥിരതയും ഉളളവരാണ്‌ നല്ല നേതാക്കന്മാരായി തീരുന്നത്‌. ചെയ്യുന്ന ജോലിയെക്കുറിച്ച്‌ അവബോധവും ഭാവിയെപ്പറ്റി നല്ല വീക്ഷണവും ഇവര്‍ക്കുണ്ടായിരിക്കും. ശരീരത്തിന്റെയും മനസിന്റെയും പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ മനസിലാക്കുന്നത്‌ മനസിന്റെ വിഷാദഭാവമകറ്റാന്‍ നമ്മെ സഹായിക്കും. രോഗവും അനാരോഗ്യവും ഒരു വ്യക്തിയെ ദേഷ്യമുളളവനും, മറ്റുളളവര്‍ പറയുന്നത്‌ സഹിക്കാന്‍ പ്രയാസമുളളവനുമാക്കുന്നു. ശരീരം ദുര്‍ബലമാകുമ്പോഴും രോഗാവസ്ഥയിലാകുമ്പോഴും മനസിനെ നിയന്ത്രിച്ചുനിര്‍ത്താന്‍ നാം പഠിക്കണം.

മനസിനെ സ്വയം പഠിക്കുക

രാവിലെ വീട്ടില്‍ ഭാര്യയുമായി വഴക്കുണ്ടാക്കിയ ശേഷം ഓഫീസിലെത്തുമ്പോള്‍ റിസപ്‌ഷനിസ്റ്റ്‌ മനോഹരമായ പുഞ്ചിരിയോടുകൂടി സ്വീകരിക്കുന്നു. പക്ഷേ ഈ പുഞ്ചിരി സ്വീകരിക്കുവാന്‍ ആ വ്യക്തിക്ക്‌ കഴിയുന്നില്ല. വീട്ടിലെ വഴക്കും അതേതുടര്‍ന്നുണ്ടായ മനസിലെ ദേഷ്യവുമായിരിക്കും ആ വ്യക്തിയുടെ മനസില്‍ നിലനില്‍ക്കുന്നത്‌. ഇങ്ങനെയുളള സാഹചര്യങ്ങളുണ്ടാകുമ്പോള്‍ മനോനിലയെ ശരിയായി മാനേജ്‌ ചെയ്യുവാന്‍ നാം പഠിക്കണം. പളളിയിലും ആശുപത്രിയിലും ഷോപ്പിംഗ്‌ മാളുകളിലും പോകുമ്പോള്‍ മാനസികനില പെട്ടെന്ന്‌ മാറുന്നതായി നമുക്ക്‌ അനുഭവപ്പെട്ടിട്ടില്ലേ ? മനസിന്റെ വൈകാരികഭാവം മാറ്റിമറിക്കുന്നതില്‍ പ്രധാനപങ്കു വഹിക്കുന്ന സാഹചര്യങ്ങളെപ്പറ്റി സ്വയം പഠിക്കുകയും, വിലയിരുത്തുകയും ചെയ്യുക. സന്തോഷത്തോടുകൂടി ഭക്ഷണം കഴിക്കുക.

മഞ്ഞപ്പിത്തം : മനസ്സിലാക്കേണ്ട കാര്യങ്ങള്‍

മഞ്ഞപ്പിത്തം ആര്‍ക്കും വരാം. ശ്രദ്ധിച്ചില്ലെങ്കില്‍ മാരകമാകും. തുടര്‍ന്ന് മരണം വരെ നിശ്ചയം. ലോകത്തെ അര ശതമാനം പേര്‍ക്ക് വര്‍ഷം തോറും ഈ രോഗം പിടിപെടുന്നു. കാമല, മഞ്ഞനോവ്, ജോണ്ടിസ് എന്ന പേരിലൊക്കെ അറിയപ്പെടുന്ന ഈ വ്യാധി ഗര്‍ഭിണികളിലും നവജാതശിശുക്കളിലും വേഗം പടരുന്നു. പലപ്പോഴും കാലാവസ്ഥ മാറി ജീവിക്കുമ്പോഴും, പരിചിതമല്ലാത്ത ആഹാരസാധനങ്ങള്‍ കൂടുതല്‍ ഉപയോഗിക്കേണ്ടി വരുമ്പോഴും ഇത് പിടിപെടാരുണ്ട്. ചില പ്രത്യേക സ്ഥലങ്ങളില്‍ രോഗം കൂടുതല്‍ പ്രത്യക്ഷപ്പെട്ടുകാണുന്നു. ആയുര്‍വേദത്തില്‍ പാണ്ഡുജന്യം ശാഖാത്രയം, കോഷ്ഠാശ്രയം എന്നിങ്ങനെ മൂന്നായി അസുഖത്തെ തിരിച്ചിരിക്കുന്നു. ആധുനിക വൈദ്യശാസ്ത്രവും ഒബ്സ്ട്രാക്ടീവ്, ലിവര്‍സെല്‍, ഹൈറിയോലിറ്റിക് ജോണ്ടിസുകള്‍ എന്നിങ്ങനെയാണ് കണ്ടെത്തിയിട്ടുള്ളത്. രക്തത്തിലുള്ള ബിലിറൂബിന്‍ എന്ന വര്‍ണ്ണകം സാധാരണ അളവില്‍ കവിയുമ്പോഴാണ് മഞ്ഞപ്പിത്തം എന്ന രോഗാവസ്ഥ സംജാതമാകുന്നത്. പിത്തനീരിലുള്ള ചുവന്ന വര്‍ണ്ണകമാണ് ബിലുറൂബിന്‍. ചുവന്ന രക്താണുക്കള്‍ വിഘടിച്ചിട്ടുണ്ടാകുന്ന പദാര്‍ത്ഥങ്ങളിലൊന്നാണത്.

കാരണങ്ങള്‍

മഞ്ഞപ്പിത്തത്തിന്റെ കാരണങ്ങളെ മൂന്നായി തരം തിരിക്കാം. പിത്തരസ വാഹികളായ നാളികള്‍ക്കുണ്ടാകുന്ന തടസ്സം നിമിത്തം പിത്തരസം കെട്ടിനിന്ന് രക്തത്തില്‍ വ്യാപിച്ച് മൂത്രം, ത്വക്ക്, കണ്ണ് ഇവയില്‍ മഞ്ഞനിറമുണ്ടാകുന്ന അവസ്ഥയുണ്ട്. ഇതില്‍ മലം വെളുത്തനിറത്തിലോ, മൂത്രം തവിട്ടുനിറത്തിലുള്ളതായോ കാണപ്പെടുന്നു. ആയൂര്‍വ്വേദത്തില്‍ പറയുന്ന ശാഖാശ്രയകാമല അല്ലെങ്കില്‍ ഒബ്സ്ട്രാക്ടീവ് എന്ന് മോഡേണ്‍ മെഡിസിന്‍ വിലയിരുത്തുന്നത് ഇതിനെയാണ്. രക്തത്തിലെ ചുവന്ന രക്താണുക്കള്‍ക്ക് അമിതമായി നാശം സംഭവിക്കുന്നതാണ് മറ്റൊരു പ്രശ്നം. മലമ്പനി പോലുള്ള ചില രോഗങ്ങളുടെ അണുക്കള്‍ ശരീരത്തില്‍ നിലനില്‍ക്കുന്നതുകൊണ്ട് അത് സംഭവിക്കാം. ഇതുമൂലം കരളില്‍ പിത്തരസം ധാരാളം ഉണ്ടാവുകയും അതു മുഴുവന്‍ പിത്തരസത്തിലൂടെ പുറംതള്ളാന്‍ കരളിന് കഴിയാതെ വരുകയും ചെയ്യും. അങ്ങനെ പിത്തരസം രക്തത്തില്‍ കെട്ടികിടക്കുന്നു. തുടര്‍ന്ന് പ്ളീഹ വലുതാകുകയും മലം തവിട്ടോ, ഓറഞ്ചുനിറത്തിലോ കാണപ്പെടുകയും ചെയ്യും. ഹൈറിയോലിറ്റിക് ജോണ്ടിസ് ഇതാണ്. പാണ്ഡ്യജന്യകാമല എന്ന ആയൂര്‍വേദത്തിന്റെ വീക്ഷണം ഇതിന് സമാനമാണ്.

ശരീരത്തില്‍ അകപ്പെടുന്ന പലതരത്തിലുള്ള വിഷാംശങ്ങള്‍, വിഷവാതകശ്വസനം, ചില മനോരോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍, അമിതമദ്യപാനം, കരളിന്റെ പ്രവര്‍ത്തനവൈകല്യം ഇവ മൂലം മഞ്ഞപ്പിത്തമുണ്ടാകാം. ഇത് കരളിനും പ്ളീഹയ്ക്കും വീക്കമുണ്ടാക്കും. അതിയായ പനി, ഛര്‍ദ്ദി, ഓക്കാനം, ശരീരക്ഷീണം, കണ്ണ്, മൂക്ക്, നഖം, തുടങ്ങിയവയ്ക്ക് മഞ്ഞനിറം ഇവയെല്ലാം പ്രകടമായ ലക്ഷണങ്ങളാണ്. ലിവര്‍സെന്‍ ജോണ്ടിസ് (കോശജന്യകാമല)ആണിത്.

രക്തത്തിലെ ബിലുറൂബിന്റെ അളവ് സാധാരണഗതിയില്‍ 0.2-0.8 മില്ലി ഗ്രാം / 100 മില്ലി ലിറ്റര്‍ രക്തം എന്നുള്ളതാണ്. ഇത് കവിയുമ്പോള്‍ തന്നെ രോഗിയുടെ ചര്‍മ്മവും കൃഷ്ണമണിയുടെ ശ്വേതമണ്ഡലവും മഞ്ഞനിറത്തിലാകും. രോഗം തുടങ്ങിയെന്ന് പെട്ടെന്ന് അറിയാന്‍ കഴിയും. തുടര്‍ന്ന് മൂത്രത്തിനും മഞ്ഞനിറം പ്രകടമാകും. ഭക്ഷണം, വെള്ളം എന്നിവയിലൂടെ രോഗം പകരാം. രക്തദാനം, മറ്റൊരു രോഗിക്ക് കുത്തിവെയ്ക്കുന്ന സൂചിയുടെ ഉപയോഗം, മാതാപിതാക്കളുടെ രക്തഗ്രൂപ്പുകളുടെ വ്യത്യാസം ഇതൊക്കെ രോഗത്തിന് കാരണമായി തീരുന്നു. മേല്‍പ്പറഞ്ഞവയ്ക്ക് പുറമെ ചിലരുടെ രക്തത്തില്‍ ജന്മനാ ബിലുറൂബിന്റെ അളവ് സാധാരണഗതിയില്‍ കവിഞ്ഞിരിക്കും. അതുപോലെ ബിലുറൂബിനെ പരിവര്‍ത്തനവിധേയമാക്കുന്ന രാസപദാര്‍ത്ഥങ്ങളും, എന്‍സൈമുകളും കരളില്‍ ജന്മനാ ഇല്ലാതിരുന്നേക്കാം. ഈ അവസ്ഥകളിലും മഞ്ഞപ്പിത്തം പിടിപെടുന്നു.

ചികിത്സ


മഞ്ഞപ്പിത്തത്തിന്റെ ചികിത്സ രോഗകാരണങ്ങളെ ആശ്രയിച്ചിരിക്കുന്നു. കാരണങ്ങള്‍ വിവിധങ്ങളായതിനാല്‍ പരിശോധനകളും, പരീക്ഷണങ്ങളും രോഗനിര്‍ണ്ണയത്തിന് അത്യാവശ്യമാണ്. ഔഷധങ്ങള്‍ മുതല്‍ ശസ്ത്രക്രിയകള്‍ വരെ ചികിത്സാവിധിയില്‍ ഉള്‍പ്പെടാറുണ്ട്. രോഗം കണ്ടാല്‍ ഉടന്‍ ചികിത്സ ലഭ്യമാക്കണം. ഹൃദയം, മസ്തിഷ്കം, എന്നിവയുടെ പ്രവര്‍ത്തനത്തെ ഇത് ബാധിക്കാം. വെന്ത ചോറ് അല്‍പ്പമെടുത്ത് മൂത്രത്തില്‍ 6 മണിക്കൂറോളമിട്ട് പരീക്ഷിച്ച് മഞ്ഞപ്പിത്തം തിരിച്ചറിയാം. ചോറിന് നല്ല മഞ്ഞനിറമുണ്ടെങ്കില്‍ രോഗമുണ്ടെന്ന് അര്‍ത്ഥം. നിരവധി കാരണങ്ങള്‍ കൊണ്ട് ഈ അസുഖം ബാധിക്കാമെന്നുള്ളതുകൊണ്ടുതന്നെ മലയാളത്തില്‍ ആ വാക്കുപയോഗിക്കുന്നത് വൈറസുകള്‍ മുഖേനയുണ്ടാകുന്ന കരള്‍ വീക്കത്തെ (Infective Hepatitis) ഉദ്ദേശിച്ചാണ്. രക്തപരിശോധനകൊണ്ട് മഞ്ഞപ്പിത്തത്തിന്റെ ഏതവസ്ഥയും തിരിച്ചറിയാവുന്നതാണ്. ശ്വേതരക്താണുക്കളുടെ എണ്ണം അധികരിച്ചുകണ്ടാല്‍ അസുഖം ഉറപ്പിക്കാം. അതുപോലെ കരള്‍ക്രിയാ പരിശോധന, അള്‍ട്രാസോണോഗ്രഫി എന്നിങ്ങനെയുള്ള പരിശോധന രീതികളുമുണ്ട്.

ജലം തിളപ്പിച്ചുപയോഗിക്കുക എന്നതാണ് മുഖ്യമായുള്ള പ്രതിരോധമാര്‍ഗ്ഗം. കിണറ്റിലേയോ കുഴല്‍ക്കണറുകളിലേയോ വെള്ളം ശുദ്ധമെന്ന് കരുതി കുടിക്കുന്നത് അപകടകരമാകും. പലപ്പോഴും കൃത്യമായ രീതിയില്‍ അണുനാശിനികള്‍ ഉപയോഗിക്കാത്തതിനാല്‍ നമ്മുടെ ജലസ്രോതസുകളെല്ലാം രോഗാണുനിബിഡമായിരിക്കും. അതിനാല്‍ ജലം ഉപയോഗിക്കുന്നതിന് മുമ്പ് ഒരു മിനിറ്റെങ്കിലും വെട്ടിതിളക്കാന്‍ ശ്രദ്ധിക്കണം. പാത്രങ്ങള്‍ കഴുകുന്നത് ചൂടുവെള്ളമുപയോഗിച്ച് തന്നെ ശീലമാക്കണം. പ്രത്യേകിച്ച് രോഗം പടരാനുള്ള സാധ്യതകളുള്ളപ്പോള്‍. രക്തദാന സമയങ്ങളിലും ശ്രദ്ധിക്കണം. സ്വീകരിക്കുന്നയാളും, ദാതാവും രോഗിയോ, രോഗാണുവാഹകരോ അല്ലെന്ന് ഉറപ്പുവരുത്തി രക്തദാനം നടത്തണം. നമ്മുടെ ആശുപത്രികളിലെ ചികിത്സാ ഉപകരണങ്ങള്‍ യഥാവിധം വൃത്തിയാക്കിയതാവണം. കുത്തിവെയ്പിന് സിറിഞ്ച് ഉപയോഗിച്ചശേഷം വേണ്ടവിധം വൃത്തിയാക്കിയില്ലെങ്കില്‍ രോഗം പകരാനുള്ള സാധ്യത നൂറുശതമാനമാണ്. മഞ്ഞപ്പിത്തം പിടിപെടുമ്പോള്‍ ആഹാരകാര്യങ്ങളിലും ശ്രദ്ധവേണം. മധുരരസമുള്ളതും, ശീതഗുണമുള്ളതുമായ ഭക്ഷണമാണ് രോഗാവസ്ഥയില്‍ ഗുണകരം. ഇറച്ചി, മീന്‍, എണ്ണയില്‍ വറുത്തത് തുടങ്ങിയവ ഉപേക്ഷിക്കണം. നെയ്യും, നെയ്യ് ഉപയോഗിച്ച് മറ്റ് പലഹാരങ്ങളും ഇക്കാലയളവില്‍ വര്‍ജ്ജിക്കണം. പുകയിലയും മദ്യവും ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക. രോഗം മൂര്‍ഛിക്കാന്‍ അത് വഴിയൊരുക്കും.

ആയുര്‍വേദപ്രകാരം ഫലത്രികാദികഷായം, ആരോഗ്യവര്‍ദ്ധിനി വടി, ഗുളുഛ്യാദികഷായം, എന്നിവ ഔഷധങ്ങളാണ്. കീഴാര്‍നെല്ലി പാലില്‍ അരച്ച് സേവിക്കുന്ന രീതിയുമുണ്ട്. ആവണക്കിന്റെ കുരുന്നിലയും ഗുണകരമാണെന്ന് പറയുന്നു. ഇളനീരും, നെല്ലിക്കാനീരും, കരിമ്പിന്‍നീരും മഞ്ഞപ്പിത്ത രോഗികള്‍ക്ക് ആശ്വാസകരം തന്നെ. മുന്തിരിച്ചാറും, കഴിക്കാം. കഴിക്കുന്ന ആഹാരസാധനങ്ങള്‍ മൂടിവെച്ച് ഉപയോഗിക്കണം. ശരിയായ ശൌചപരിപാലനവും പരിസരശുചിത്വവും സൂക്ഷിക്കുന്നത് രോഗപ്പകര്‍ച്ചയെ തടയും.
മഞ്ഞപ്പിത്തത്തെ കുറിച്ച് നിരവധി അന്ധവിശ്വാസങ്ങള്‍ നിലവിലുള്ളത് ശ്രദ്ധിക്കണം. പലപ്പോഴും ഒറ്റമൂലികള്‍ ഇതിനൊരു പരിഹാരമായി കാണപ്പെടുന്നു. നല്ല വിശ്രമവും പഥ്യവും കാത്തുസൂക്ഷിച്ചാല്‍ സുഖപ്പെടുന്ന രോഗാവസ്ഥയ്ക്ക് മാത്രമേ ഇത്തരം ഒറ്റമൂലികള്‍ ഫലിച്ചതായി തോന്നുകയുള്ളു. രോഗത്തിന് നിരവധി കാരണങ്ങളും, ഫലങ്ങളും ഉള്ളതിനാല്‍ രക്തപരിശോധന, അനുബന്ധപരിശോധനകള്‍ ഇവ നിര്‍ബന്ധമാണ്. ശരിയായ രോഗനിര്‍ണ്ണയം നടത്താതെ ലക്ഷണങ്ങള്‍ മാത്രം കണ്ട് ചികിത്സിച്ചാല്‍ അപകടകരമാകും. എങ്കിലും ശരിയായ ശുചിത്വബോധത്തിലൂന്നിയ രോഗപ്രതിരോധ മാര്‍ഗ്ഗം തന്നെയാണ് ഈ രോഗത്തെയും തടയാനുള്ള ക്രിയാത്മകമായ മാര്‍ഗ്ഗം

ചായ

ചായയ്ക്ക് സംസ്കൃതത്തില്‍ 'അത്ഭുതോന്‍ മേഷഃ' എന്നാണ് പറയുന്നത്. പുരാതന കാലം മുതലേ ഈ ഉണര്‍വ്വിന്റെ പാനീയത്തെ തിരിച്ചറിഞ്ഞിരുന്നു. ചൈനയില്‍ നിന്നാണ് ഇതിന്റെ ഉത്ഭവമെന്ന് കരുതുന്നു. എഡി 800ല്‍ ബുദ്ധസന്യാസിയായ ലു.യു. ചായയെക്കുറിച്ച് വിശദമായ ഒരു പുസ്തകം തന്നെ എഴുതിയിട്ടുണ്ട്. ഏഴുശതമാനം മുതല്‍ 24 ശതമാനം വരെ തിയോടിനും അഞ്ചുശതമാനം കഫീനും അടങ്ങിയിട്ടുള്ള ഒരു കപ്പ് ചായയില്‍ പ്രകൃതിദത്തമായ ധാരാളം മഗ്നീഷ്യവുമുണ്ട്. പലതരം തൈലങ്ങളുടെ ഘടകങ്ങള്‍ കൂടിയുള്ളതിനാല്‍ അമിതമായ ഉറക്കവും മൂത്രക്കുറവും പരിഹരിക്കപ്പെടുന്നു. ഹൃദ്രോഹികള്‍ക്കും ഈ പാനീയം ഗുണപ്രദമാണ്. ഇതിലെ 'ടാനിന്‍' വയറുകടിക്ക് കാരണമായ സൂക്ഷ്മാണുവിനെ നശിപ്പിക്കുന്നു. കട്ടന്‍ ചായ, വിത്ത് ഔട്ട് ചായ, ലൈറ്റ് ചായ. ചെറുനാരങ്ങ ചേര്‍ത്തകട്ടന്‍, ഐസ് ടീ അങ്ങനെ മൂവായിരത്തോളം വിവിധ ഇനങ്ങളില്‍ ഈ പാനീയം അസ്വാദ്യകരമാണ്. സാധാരണഗതിയില്‍ പാലും പഞ്ചയാരയും തേയിലയുമാണ് ചായയ്ക്ക് ഉപയോഗിക്കുന്നത്. അസ്വസ്ഥതയും, ആലസ്യവും അകറ്റുന്ന അതിന്റെ ചേരുവ ഓരോരുത്തര്‍ക്കും വ്യത്യസ്തമായേക്കാം. ഓറഞ്ച് ടീ, വാനില ടീ, ജാസ്മിന്‍ ടീ എന്നിങ്ങനെ ഫ്ളേവറുകളുടെ ഇഷ്ടക്കാരുമുണ്ട്. ചിലര്‍ക്കാവട്ടെ അരിയും, ഗോതമ്പും കൊണ്ടുള്ള പലഹാരങ്ങള്‍ ചായക്കൊപ്പം കഴിക്കുന്നതാണിഷ്ടം. ചായയില്‍ പാല്‍ ചേര്‍ക്കുന്നത് മുമ്പ് കൊഴുപ്പ് നീക്കിയോ, അല്ലാതെയോ ഇഷ്ടാനുസരണം ഉപയോഗിക്കാം. ദിവസവും പഞ്ചസാര ഉപയോഗിക്കുന്നവര്‍ക്ക് തുല്യഅളവില്‍ ഗുണപ്രദമായ തേന്‍ ചേര്‍ക്കാം. പ്രമോഗരോഗികള്‍ മധുരം ഉപേക്ഷിക്കുന്നതാണ് ഉത്തമം. ചായയില്‍ മുന്തിരി ജൂസ് ചേര്‍ക്കുമ്പോള്‍ വെള്ള മുന്തിരിയാണ് വേണ്ടത്. രുചിയേറും. കറുവത്തണ്ട് ഉപയോഗിച്ചാല്‍ കറുവപ്പൊടിയും ചേര്‍ക്കാം. കോള്‍ഡ് ടീ റഫ്രിജേറ്ററില്‍ കുറച്ചുദിവസം സുക്ഷിക്കാമെങ്കിലും പരമാവധി ഫ്രഷായിത്തന്നെ കുടിക്കണം

നെഞ്ചെരിച്ചില്‍ പരിഹാരമാര്‍ഗങ്ങള്‍

നെഞ്ചെരിച്ചില്‍ കാരണം പ്രയാസമനുഭവിക്കുന്ന കുട്ടികളും മുതിര്‍ന്നവരുമായ ധാരാളംപേര്‍ നമ്മുടെ സമൂഹത്തിലുണ്ട്. ആമാശയം പുറപ്പെടുവിക്കുന്ന അമ്ളരസത്തിന്റെ അസന്തുലിതാവസ്ഥ കൊണ്ടാണ് അസിഡിറ്റി എന്ന രോഗമുണ്ടാകുന്നത്. ഇതുമൂലം നെഞ്ചെരിച്ചില്‍ (Heart burn) ഉണ്ടാകുന്നു.

നെഞ്ചെരിച്ചില്‍ ഒരു സാധാരണ രോഗമാണ്. ആമാശയരസങ്ങള്‍ അന്നനാളത്തിലേക്ക് പ്രവേശിക്കുന്നതിനാലാണ് നെഞ്ചെരിച്ചില്‍ അനുഭവപ്പെടുന്നത്. “ഗ്യാസ്ട്രോ ഈസോ ഫാഗല്‍ റിഫളക്സ് ഡിസീസ്” (ജി.ഇ.ആര്‍.ഡി) എന്നാണിതിന് പേര്‍. ആകെക്കൂടി അസ്വസ്ഥതയനുഭവപ്പെടുന്നതു മാത്രമല്ല, ദിവസേന ചെയ്യേണ്ട ജോലികള്‍ ചെയ്തു തീര്‍ക്കുന്നതിന് രോഗിക്ക് പ്രയാസമനുഭവപ്പെടുകയും ചെയ്യുന്നു. “വേണ്ടത്ര ശ്രദ്ധിക്കാതെയും, ചികിത്സ ചെയ്യാതെയുമിരുന്നാല്‍ ഈ രോഗം അന്നനാളത്തിന് കേടുവരുത്തി അര്‍ബുദത്തിന് വരെ കാരണമാവുകയും ചെയ്യും”. "ഹാര്‍വാര്‍ഡ് മെന്‍സ് ഹെല്‍ത്ത് വാച്ച്'' എന്ന പ്രസിദ്ധീകരണത്തിന്റെ ചീഫ് എഡിറ്ററും, മാസച്യൂസെറ്റ്സ് ജനറല്‍ ഹോസ്പിറ്റലിലെ ഫിസിഷ്യനുമായ ഡോ. വില്യം കോര്‍മോസ് അഭിപ്രായപ്പെടുന്നു. നെഞ്ചെരിച്ചില്‍ ശമിപ്പിക്കുന്നതിന് പല വഴികളുണ്ട്.

1. ഭക്ഷണക്രമീകരണം വേണം

നെഞ്ചെരിച്ചില്‍ ഉണ്ടാകാത്ത രീതിയില്‍ ഭക്ഷണം ക്രമീകരിക്കുന്നതാണ് ഏറ്റവും പ്രധാനം. ലഘുഭക്ഷണം ഇടവിട്ട് കഴിക്കുകയും, മൊത്തമായി വിഴുങ്ങുന്ന രീതി ഒഴിവാക്കുകയും ചെയ്യുക.

2. രാത്രി വൈകിയുളള ഭക്ഷണം ഒഴിവാക്കുക.

രാത്രി വളരെ വൈകി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് മൂന്ന് മണിക്കൂറിനുളളില്‍ ഭക്ഷണം കഴിക്കുന്നത് ദഹനം പൂര്‍ത്തിയാകാതെ വരുന്നതിന് കാരണമാകും. ഉറങ്ങുന്നതിന് മുമ്പ് വൈകിട്ട് കഴിച്ച ഭക്ഷണം പൂര്‍ണ്ണമായും ദഹിച്ച് ആമാശയത്തില്‍ ഒന്നുമവശേഷിക്കാന്‍ പാടില്ല.

3. ഭക്ഷണത്തിന് ശേഷം ഉടന്‍ വ്യായാമം പാടില്ല.

ഭക്ഷണം കഴിച്ചതിന് ശേഷം ഉടന്‍ വ്യായാമം ചെയ്യരുത്. ഭക്ഷണം കഴിച്ച് രണ്ടു മണിക്കൂറെങ്കിലും കഴിഞ്ഞ് ദഹനം പൂര്‍ത്തിയായതിന് ശേഷം മാത്രമേ വ്യായാമത്തിന് ശ്രമിക്കാവൂ.

4. എങ്ങനെ കിടന്നുറങ്ങണം.

രാത്രിയില്‍ കിടന്നുറങ്ങുമ്പോള്‍ ഉടല്‍ഭാഗം അല്‍പം ഉയര്‍ത്തിവെയ്ക്കുന്നത് നെഞ്ചെരിച്ചില്‍ കുറയ്ക്കുന്നതിന് സഹായകമാണ്. കുഷ്യന്‍ ഉപയോഗിച്ച് തലയും തോള്‍ഭാഗവും ഉയര്‍ത്തിവെച്ച് ഉറങ്ങരുത്.

5. നെഞ്ചെരിച്ചിലുണ്ടാക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക.

നെഞ്ചെരിച്ചില്‍ ഉണ്ടാക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ തിരിച്ചറിഞ്ഞ് അത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുവാന്‍ ശ്രമിക്കേണ്ടതാണ്. കൊഴുപ്പുളള ഭക്ഷണം, കൂടുതല്‍ ഉപ്പും എരിവും ചേര്‍ന്ന ഭക്ഷണം , ചായ, കോഫി, പാല്, കോള, ചോക്കലേറ്റുകള്‍ ഇവ നെഞ്ചെരിച്ചില്‍ ഉണ്ടാക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളാണ്. കാര്‍ബണേറ്റഡ്പാനീയങ്ങള്‍ ഏമ്പക്കമുണ്ടാക്കുന്നതിന് കാരണമാകുന്നതിനാല്‍ നെഞ്ചെരിച്ചിലുണ്ടാക്കുന്നവയാണ്.

6. ഉമിനീര്‍ഉല്പാദനം കൂട്ടി നെഞ്ചെരിച്ചിലിന് ശമനം

മധുരം ചേര്‍ക്കാത്ത ച്യൂയിംഗം ചവയ്ക്കുന്നത് ഉമിനീര്‍ ഉല്പാദനം വര്‍ധിപ്പിക്കുകയും അന്നനാളത്തിലെ ആസിഡിനെ നേര്‍പ്പിച്ച് തിരിച്ച് ആമാശയത്തിലേക്ക് പോകാന്‍ സഹായിക്കുകയും ചെയ്യുന്നു. എന്നാല്‍ പെപ്പര്‍മിന്റ്ഗം ചവയ്ക്കുന്നത് നെഞ്ചെരിച്ചിലിന് കാരണമാകും എന്നറിഞ്ഞിരിക്കുക.

7. പാര്‍ശ്വഫലങ്ങളില്ലാത്ത മരുന്നുകള്‍ കഴിക്കുക
കഴിക്കുന്ന മരുന്നുകള്‍ക്ക് നെഞ്ചെരിച്ചില്‍ പോലെ വേദനയുണ്ടാകുന്നതോ അല്ലാത്തതോ ആയ പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തുക.

8. ശരീരത്തിന്റെ തൂക്കം കുറയ്ക്കുക.
ശരീരത്തിന്റെ തൂക്കം വര്‍ദ്ധിക്കുന്നതു മൂലം ആമാശയത്തില്‍ കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാകുകയും ആഹാരം ആമാശയത്തില്‍ നിന്നും അന്നനാളത്തിലേക്ക് തിരികെ വരാന്‍ കാരണമാവുകയും ചെയ്യുന്നു. ഇറുകിയ വസ്ത്രങ്ങളും ബല്‍റ്റും ഒഴിവാക്കുന്നതാണ് നല്ലത്.

നെഞ്ചെരിച്ചില്‍ അനുഭവപ്പെടുന്ന വ്യക്തി എപ്പോഴാണ് മരുന്നിന്റെ ഉപയോഗം തുടങ്ങേണ്ടത്.

ജീവിത രീതികളിലുണ്ടാക്കിയ മാറ്റം കൊണ്ടു നെഞ്ചെരിച്ചില്‍ നിയന്

ത്രണ വിധേയമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഏറ്റവും ഫലപ്രാപ്തിയുള്ള ചികിത്സ പ്രോട്ടോണ്‍ പമ്പ് ഇന്‍ഹിബിറ്റര്‍ മരുന്നുപയോഗിക്കുകയാണ്. ഈ മരുന്ന് ആമാശയം പുറപ്പെടുവിക്കുന്ന അമ്ളരസത്തിന്റെ സ്രവം വളരെ കുറയ്ക്കുന്നു. പ്രോട്ടോണ്‍ പമ്പ് ഇന്‍ഹിബിറ്ററുകളായ "ലാന്‍സോപ്രസോള്‍'' (Lansoprazole) അല്ലെങ്കില്‍ "പ്രിവാസിഡ്'' (Prevacid), “ഒമിപ്രസോള്‍” (Omiprazole) അഥവാ "പ്രിലോസെക്'' (Prilosec)തുടങ്ങിയ മരുന്നുകള്‍ ഡോക്ടറുടെ മരുന്നുകുറിപ്പ് ഇല്ലാതെ തന്നെ മെഡിക്കല്‍ ഷോപ്പില്‍ നിന്നും ലഭ്യമാണ്. പ്രോട്ടോണ്‍പമ്പ് ഇന്‍ഹിബിറ്റര്‍ മരുന്നുകള്‍ കഴിച്ച് നെഞ്ചെരിച്ചില്‍ കുറഞ്ഞാലും പല രോഗികളും തുടര്‍ച്ചയായി മരുന്ന് കഴിച്ചു കൊണ്ടേയിരിക്കും. നെഞ്ചെരിച്ചില്‍ കുറഞ്ഞതിന് ശേഷം വീണ്ടും വരാതിരിക്കുന്നതിന് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മറ്റ് മരുന്നുകള്‍ കഴിക്കുകയാണ് വേണ്ടത്

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍

കഴിഞ്ഞ ഒരു ദശകക്കാലമായി മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെപ്പറ്റി ധാരാളം പഠനങ്ങള്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നടന്നുവരികയായിരുന്നു. കാന്‍സറിനെ സംബന്ധിച്ച ഗവേഷണങ്ങള്‍ നടത്തുന്ന അന്തര്‍ദേശീയസമിതി മൊബൈല്‍ഫോണില്‍ നിന്നുളള റേഡിയേഷനെ കാന്‍സറിന്‌ കാരണമായേക്കാവുന്ന രശ്‌മികള്‍ എന്ന രീതിയില്‍ ഗ്രൂപ്പ്‌ 2 ബി–യിലാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. റേഡിയോഫ്രീക്വന്‍സി തരംഗങ്ങളാണ്‌ മൊബൈലില്‍ നിന്നും സന്ദേശങ്ങള്‍ കൈമാറുന്നതിനായി ഉപയോഗപ്പെടുത്തുന്നത്‌. സെല്‍ഫോണില്‍ നിന്നുമുണ്ടാകുന്ന ഇലക്‌ട്രോമാഗ്നറ്റിക്‌ഫ്രീക്വന്‍സി റേഡിയേഷന്‍ രക്തസമ്മര്‍ദ്ദവും ക്ഷീണവും നിദ്രാഹാനിയും തലവേദനയും മാത്രമല്ല മസ്‌തിഷ്‌കട്യൂമറുകള്‍ക്കും അര്‍ബുദത്തിനും കാരണമായേക്കാമെന്ന്‌ അടുത്തയിടെ നടന്ന പഠനങ്ങളില്‍ കൂടി സ്ഥിരീകരിക്കുകയുണ്ടായി. തീരെ ചെറിയ കുട്ടികള്‍ വളരെയധികം അപായമേഖലയിലാണുളളതെന്ന്‌ മനസിലാക്കണം. കൊച്ചുകുട്ടികളുടെ തലയോട്ടിയുടെ കനം വളരെ കുറവായതിനാല്‍ റേഡിയോതരംഗങ്ങള്‍ക്ക്‌ വേഗം മസ്‌തിഷ്‌കത്തിലേക്ക്‌ കടക്കാന്‍ കഴിയും. ലോകമൊട്ടാകെ നോക്കിയാല്‍ 20 ശതമാനം മുതല്‍ 30 ശതമാനം വരെ മസ്‌തിഷ്‌കകാന്‍സറിന്‌ വര്‍ധനവുണ്ടായി.

സ്‌പെസിഫിക്‌ അബ്‌സോര്‍പ്‌ഷന്‍ റേറ്റ്‌

മൊബൈല്‍ഫോണ്‍ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ടതായ നിരവധി കാര്യങ്ങളുണ്ട്‌. സെല്‍ഫോണ്‍ തിരഞ്ഞെടുക്കുമ്പോള്‍ ഏറ്റവും കുറഞ്ഞ ‘എസ്‌എആര്‍’ (ടഅഞ) അഥവാ “സ്‌പെസിഫിക്‌ അബ്‌സോര്‍പ്‌ഷന്‍ റേറ്റ്‌” (ടുലരശളശര അയ¨ീൃുശേീി ഞമലേ) ഉളള സെറ്റുകള്‍ തിരഞ്ഞെടുക്കുവാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌. സ്‌പെസിഫിക്‌ അബ്‌സോര്‍പ്‌ഷന്‍ റേറ്റ്‌ എന്നു പറഞ്ഞാല്‍ റേഡിയോതരംഗങ്ങള്‍ ശരീരത്തിലെ കോശങ്ങള്‍ ആഗിരണം ചെയ്യുന്ന നിരക്കാണ്‌. കുറഞ്ഞ ‘എസ്‌എആര്‍’ നിരക്ക്‌ താഴ്‌ന്ന റേഡിയേഷന്‍ആഗിരണത്തെ കാണിക്കുന്നു. മൊബൈല്‍ സെറ്റുകളുടെ മാനുവലില്‍ ‘എസ്‌എആര്‍’ നിരക്ക്‌ രേഖപ്പെടുത്തിയിരിക്കും. ഇലക്‌ട്രോമാഗ്നറ്റിക്‌ഫ്രീക്വന്‍സി തരംഗങ്ങളില്‍ നിന്നും ശരീരത്തെ സുരക്ഷിതമാക്കുന്ന ചില ഡിവൈസുകള്‍ കമ്പോളത്തില്‍ ലഭ്യമാണ്‌. ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ട ഇത്തരം ഡിവൈസുകള്‍ മൊബൈലുകളോടൊപ്പം ഉപയോഗിക്കുന്നത്‌ റേഡിയോരശ്‌മികളില്‍ നിന്നും ഒരു പരിധിവരെ രക്ഷനേടാന്‍ നമ്മെ സഹായിക്കുന്നു.

മൊബൈലില്‍ വിളിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വയറുകള്‍ ഘടിപ്പിച്ച ഹെഡ്‌സെറ്റുകള്‍ ഉപയോഗിച്ചാല്‍ അത്‌ ആന്റിന ആയി പ്രവര്‍ത്തിക്കുകയും കൂടുതല്‍ റേഡിയോതരംഗങ്ങള്‍ ചെവിക്കുളളിലേക്ക്‌ എത്തിച്ചേരുവാന്‍ കാരണമാവുകയും ചെയ്യുന്നു. ഒരാളെ വിളിക്കുമ്പോള്‍ കണക്‌ട്‌ ചെയ്യുന്നതിനുമുമ്പ്‌്‌ ഫോണ്‍ ചെവിയില്‍ വെയ്ക്കരുത്‌. കണക്‌ട്‌ ചെയ്യുന്ന സമയം കൂടുതല്‍ റേഡിയോഫ്രീക്വന്‍സി തരംഗങ്ങള്‍ സെല്‍ഫോണിലേക്ക്‌ എത്തും. ബെല്‍റ്റിലും പോക്കറ്റിലും സെല്‍ഫോണ്‍ സൂക്ഷിക്കാന്‍ പാടില്ല. ഹൃദ്രോഗത്തിനും സന്താനോല്‍പാദനശേഷി നശിക്കുന്നതിനും മൊബൈലില്‍ നിന്നുളള റേഡിയോഫ്രീക്വന്‍സി തരംഗങ്ങള്‍ കാരണമായേക്കാമെന്ന്‌ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌. ശരീരത്തിന്റെ മേല്‍ഭാഗത്തേക്കാളേറെ താഴെയുളള ഭാഗത്ത്‌ കൂടുതല്‍ കണ്‍ണ്ടക്‌ടിവിറ്റിയും ആഗിരണശേഷിയും ഉളളതിനാല്‍ സ്വിച്ച്‌ ഓണ്‍ ചെയ്‌തിരിക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ ശരീരത്തിന്റെ താഴ്‌ഭാഗത്ത്‌ സൂക്ഷിക്കരുത്‌. മൊബൈല്‍ഫോണ്‍ ചാര്‍ജ്‌ ചെയ്‌തുകൊണ്‍ണ്ടിരിക്കുമ്പോള്‍ സംസാരിക്കുന്നത്‌ അപകടകരമാണ്‌. ചാര്‍ജ്‌ ചെയ്‌തുകൊണ്‍ണ്ടിരിക്കുമ്പോള്‍ സ്വിച്ച്‌ ഓഫ്‌ ചെയ്‌തതിനുശേഷം മാത്രം സംസാരിക്കാന്‍ ശ്രദ്ധിക്കുക.

മൊബൈല്‍ ചാര്‍ജ്‌ ചെയ്യുമ്പോള്‍ സൂക്ഷിക്കണം

വളരെ വിലകുറഞ്ഞ ബാറ്ററി ഉപയോഗിക്കുന്ന സെറ്റുകള്‍ വാങ്ങാതിരിക്കുന്നതാണ്‌ നല്ലത്‌. ബ്രാന്‍ഡഡും അംഗീകാരമുളളതുമായ മൊബൈല്‍സെറ്റുകള്‍ മാത്രമേ വാങ്ങാവൂ. നല്ല നിലവാരമുളള ചാര്‍ജറുകള്‍ തന്നെ വാങ്ങണം. ചാര്‍ജ്‌ ചെയ്‌തുകൊണ്ടിരിക്കുമ്പോള്‍ ബാറ്ററിയുടെ ചാര്‍ജിംഗ്‌പോയിന്റുകളില്‍ നമ്മുടെ ശരീരത്തിലെ സ്വര്‍ണാഭരണങ്ങള്‍ സ്‌പര്‍ശിക്കരുത്‌. വെളളത്തില്‍ വീണ മൊബൈല്‍ ഫോണുകള്‍ എടുത്ത്‌ ഉടന്‍ ചാര്‍ജ്‌ ചെയ്യുവാനും ശ്രമിക്കരുത്‌. മൊബൈല്‍ഫോണ്‍ കൂടുതല്‍ ചാര്‍ജ്‌ ചെയ്യുന്നത്‌ ബാറ്ററിയുടെ ആയുസ്‌ നഷ്‌ടപ്പെടുന്നതിന്‌ കാരണമാകും എന്നറിയുക. പവറും നഷ്‌ടമാകും.

വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ സംസാരം വേണ്ട

വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നത്‌ നാലിരട്ടി അപകടസാധ്യത വര്‍ധിപ്പിക്കുന്നു. സാധ്യമാവുന്ന സമയങ്ങളിലെല്ലാം സ്‌പീക്കര്‍ ഫോണ്‍ മോഡില്‍ സംസാരിക്കുക. ഇലക്‌ട്രോമാഗ്നറ്റിക്‌ റേഡിയേഷന്റെ അളവ്‌ നൂറിലൊന്നായി കുറയ്ക്കുവാന്‍ ഇതുമൂലം സാധിക്കും. തിരക്കുളള റോഡില്‍കൂടി നടക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കാതിരിക്കുക. ഫോണിലെ സംസാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ വാഹനങ്ങളെ ശ്രദ്ധിക്കാതെ അപകടങ്ങളുണ്ടാവാന്‍ സാധ്യതയേറെയാണ്‌. സുരക്ഷിതമായ ഒരു സ്ഥലം കണ്ടുപിടിച്ച്‌ അവിടെ നിന്ന്‌ മാത്രം മൊബൈല്‍ഫോണില്‍ കൂടി സംസാരിക്കുക.

അമിതമായ റേഡിയേഷന്‍ മൂലമുളള അപകടങ്ങള്‍

പല രാജ്യങ്ങളിലെയും പ്രത്യുല്‌പാദനഗവേഷണ കേന്ദ്രങ്ങളില്‍ നടന്ന പഠനങ്ങളില്‍കൂടി പുരുഷ•ാരില്‍ മൊബൈല്‍ഫോണിന്റെ അമിതമായ ഉപയോഗം കാരണം ബീജത്തിന്റെ എണ്ണം കുറയുന്നതായി നിരീക്ഷിക്കുകയുണ്ടായി. ബീജങ്ങളുടെ എണ്ണം കുറയുക, ചലനശേഷി കുറയുക, ബീജങ്ങള്‍ നിലനില്‍ക്കാനുളള ശേഷി കുറയുക തുടങ്ങിയവ മൊബൈല്‍ഫോണിന്റെ അമിതമായ റേഡിയേഷന്‍ മൂലം സംഭവിക്കാവുന്ന അപകടങ്ങളാണ്‌. മൊബൈല്‍ഫോണ്‍ പുറത്തുവിടുന്നത്‌ താഴ്‌ന്ന ലെവലിലുളള റേഡിയേഷനായ റേഡിയോഫ്രീക്വന്‍സി ഊര്‍ജ്ജമാണ്‌. എങ്കിലും കൂടുതല്‍ നേരം സംസാരിക്കുമ്പോള്‍ കഴിയുന്നതും ശരീരത്തോട്‌ ചേര്‍ത്തു പിടിക്കാതെ സംസാരിക്കുക. 30 മുതല്‍ 40 സെ.മീ. വരെ അകലത്തില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ച്‌ മെസേജ്‌ ചെയ്യുമ്പോള്‍ ചെവിയോട്‌ ചേര്‍ത്ത്‌ വെച്ച്‌ മൊബൈലില്‍ കൂടി വിളിക്കുന്നതിനേക്കാള്‍ റേഡിയോഫ്രീക്വന്‍സി തരംഗങ്ങളുടെ എഫക്‌ട്‌ കുറച്ച്‌ മാത്രമേ ഉണ്ടാവുകയുളളൂ. ഗര്‍ഭിണികളായ യുവതികള്‍ മൊബൈല്‍ഫോണ്‍ കൈയില്‍ കൊണ്ട്‌ നടക്കരുത്‌. രാത്രിയില്‍ കിടക്കുമ്പോള്‍ തലയിണയുടെ അടിയിലോ കിടക്കുന്ന കട്ടിലിന്റെ അടുത്തോ സൂക്ഷിക്കുവാനും പാടില്ല.

ശരീരകോശങ്ങളിലെ ഊഷ്‌മാവിന്‌ വ്യതിയാനം

ശരീരകോശങ്ങള്‍ ചൂട്‌ പിടിക്കുകയാണ്‌ മൊബൈല്‍ഫോണ്‍ ഉപയോഗം മൂലം ഉണ്ടാകുന്നത്‌. തീരെ ചെറുതായ ഊഷ്‌മാവിന്റെ വ്യതിയാനം മസ്‌തിഷ്‌കകോശങ്ങളിലും ശരീരത്തിലെ മറ്റ്‌ കോശങ്ങളിലും ഉണ്ടാവുന്നുണ്ട്‌ എന്ന്‌ പഠനങ്ങളില്‍ക്കൂടി കണ്ടെത്തിയിട്ടുണ്ട്‌. ഇത്‌ വളരെ നിസാരമായ വര്‍ധനവ്‌ ആണെങ്കിലും സെല്‍ഫോണിന്റെ നിരന്തരമായ ഉപയോഗം ശരീരത്തിന്‌ ദൂഷ്യഫലങ്ങള്‍ സൃഷ്‌ടിക്കുന്നതിനുളള സാധ്യത വര്‍ധിപ്പിക്കുന്നു

മുടി സ്‌ട്രെയ്റ്റന്‍ ചെയ്താല്‍ എന്തു സംഭവിയ്ക്കും

മുടി സ്ത്രീകളുടെ സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കുന്ന ഒരു പ്രധാന ഘടകമാണെന്നു പറയാം. സ്ത്രീകളുടെ മാത്രമല്ല, ഒരു പരിധി വരെ പുരുഷന്മാരുടേയും. മുടിയില്‍ ഇന്ന പല ഫാഷനകളും പരീക്ഷിയ്ക്കാറുണ്ട്. ഇതില്‍ തന്നെ മുടി സ്‌ട്രെയ്റ്റന്‍ ചെയ്യുക, കളര്‍ ചെയ്യുക തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നു. മുടി സ്‌ട്രെയ്റ്റന്‍ ചെയ്യുന്നത് കുറച്ചു കാലമായി പരീക്ഷിച്ചു പോരുന്ന ഒരു ഫാഷനാണ്. നീണ്ടു തിളങ്ങിക്കിടക്കുന്ന മുടി എല്ലാ സ്ത്രീകളേയും മോഹിപ്പിയ്ക്കുന്നതു തന്നെ കാരണം. മുടി സ്‌ട്രെയ്റ്റന്‍ ചെയ്യുന്ന സൗന്ദര്യം നല്‍കുമെങ്കിലും ഇതു കൊണ്ട് ചില ദൂഷ്യ വശങ്ങളുമുണ്ട്. ഇവയെക്കുറിച്ചറിയൂ, 

മുടി കൊഴിച്ചില്‍

മുടി കൊഴിച്ചിലാണ് മുടി നീട്ടുന്നതിന്റെ ഒരു ദൂഷ്യഫലം. മുടി സ്‌ട്രെയ്‌റ്റെന്‍ ചെയ്യുന്നതു വഴി മുടിയുടെ കട്ടി കുറയുന്നു. ഇത് പെട്ടെന്നുള്ള മുടി കൊഴിച്ചിലിന് ഇട വരുത്തുകയും ചെയ്യുന്നു.

മുടി വേരുകള്‍ക്ക് കട്ടി കുറയുന്നു

മുടിയുടെ വേരുകള്‍ക്ക് മുടി നീട്ടുന്നത് ദോഷം ചെയ്യുന്നു. മുടിയുടെ വേരുകള്‍ക്ക് കട്ടി കുറയുകയാണ് സ്‌ട്രെയ്റ്റിനിംഗ് വഴിയുണ്ടാകുന്നത്.

മുടി വരളും

മുടി സ്‌ട്രെയ്റ്റന്‍ ചെയ്തയുടനെ മുടികള്‍ക്ക് തിളക്കമുണ്ടാകുമെങ്കിലും ഇതിന് ഉപയോഗിക്കുന്ന ക്രീം മുടിയ്ക്കു നല്ലതല്ല. ഇത് മുടി വരണ്ടുപോകാന്‍ ഇടയാക്കും.

മുടിത്തുമ്പു പിളരും

മുടിയുടെ തുമ്പു പിളരുന്നതാണ് മുടി സ്‌ട്രെയ്റ്റന്‍ ചെയ്യുന്നതിന്റെ ഒരു ദോഷം. മുടിത്തുമ്പു പിളരുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതല്ല.

താരന്‍

ശിരോചര്‍മം വല്ലാതെ വരളുന്നതാണ് മുടി സ്‌ട്രെയ്റ്റന്‍ ചെയ്യുന്നതു കൊണ്ടുണ്ടാകുന്ന മറ്റൊരു ദൂഷ്യം. ഇത് താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ വരുത്തി വയ്ക്കും.

തിളക്കം കുറയും

മുടി സ്‌ട്രെയ്‌റ്റെന്‍ ചെയ്യുന്നത് മുടിയ്ക്ക് താല്‍ക്കാലിക തിളക്കം നല്‍കുമെങ്കിലും മുടിയുടെ സ്വാഭാവികമായുള്ള തിളക്കത്തെ കുറയ്ക്കുകയാണ് ചെയ്യുന്നത്.

കെട്ടി വയ്ക്കാന്‍

മുടി സ്‌ട്രെയ്റ്റന്‍ ചെയ്താല്‍ ആഗ്രഹിയ്ക്കുന്ന രീതിയില്‍ കെട്ടി വയ്ക്കാന്‍ സാധിക്കില്ല. മുടി മെടഞ്ഞിടുകയോ മറ്റു രീതികളില്‍ കെട്ടുകയോ ചെയ്താല്‍ മുടി അതേ രീതിയില്‍ വളയാന്‍ സാധ്യതയുണ്ട്. മുടി അഴിച്ചിടുകയാണ് ഏക പോംവഴി. മുടി എപ്പോഴും അഴിച്ചിടുന്നത് നല്ലതുമല്ല.

ജട പിടിയ്ക്കാനുള്ള സാധ്യത

മുടി സ്‌യ്രെ്‌റ്റെന്‍ ചെയ്താല്‍ മുടി ജട പിടിയ്ക്കാനുള്ള സാധ്യതയും കൂടുതലാണ്. ഇത് മുടികൊഴിച്ചിലിനും ഇട വരുത്തും.

ഉറങ്ങും മുമ്പ് ശ്രദ്ധിക്കാന്‍

ഉറങ്ങും മുമ്പ് പല്ലുകള്‍ തേക്കാനും വായ കഴുകാനും ആരും മറക്കാറില്ല. ശരീരത്തിലെ തൊലിയെയും മുടിയെയും ഉറക്കത്തിനായി ഒരുക്കമാണോയെന്ന് ശ്രദ്ധിക്കുന്നവര്‍ ചുരുക്കമായിരിക്കും. ഉറങ്ങും മുമ്പ് തൊലിയിലും മുടിയിലും ശ്രദ്ധിക്കേണ്ട സൗന്ദര്യവത്കരണ കാര്യങ്ങള്‍...

അഴുക്ക് പിടിച്ച മുടിയുമായി കിടന്ന് ഉറങ്ങാതിരിക്കുക. കഴുകി കളയാത്ത പക്ഷം തലയോടിലെ സുഷിരങ്ങളില്‍ അഴുക്ക് അടിയും. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കുറേ സമയം ലാഭിക്കുകയും ചെയ്യാം.

 • നനഞ്ഞ മുടിയുമായി കിടക്കരുത്. ഏതാണ്ട് ഉണങ്ങാതെ ഉറങ്ങുന്ന പക്ഷം രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുടി പല ഭാഗത്ത് തെറിച്ച് നില്‍ക്കുന്നത് കാണാം.
 • മുടിയില്‍ ആ ദിവസം ഉപയോഗിച്ചിട്ടുള്ള വസ്തുക്കള്‍ നീക്കുക.
 • മുടി കെട്ടുകളെല്ലാം അഴിച്ച് സ്വതന്ത്ര്യമാക്കുക.
 • വൈറ്റമിന്‍ ഇ ആണ് മുടിയുടെയും തൊലിയുടെയും ഭക്ഷണം. മുടികൊഴിച്ചിലും താരനും മുടി പിളരലുമൊക്കെ ഉള്ളവര്‍ വൈറ്റമിന്‍ ഇ ടാബ്ലെറ്റ് മുറിച്ച് പ്രശ്നമുള്ള സ്ഥലത്ത് പുരട്ടുക
 • കിടക്കും മുമ്പ് മുടി ഉയരത്തില്‍ പോണി ടെയില്‍ മാതൃകയില്‍ കെട്ടിവെക്കുക. അധികം മുറുക്കിയും അധികം അയച്ചും കെട്ടരുത്.
 • മുഖം വൃത്തിയാക്കുകയും മോയിസ്ചറൈസറുകള്‍ ഉപയോഗിക്കുകയും സൂര്യ വെളിച്ചത്തില്‍ നിന്ന് സംരക്ഷണം നല്‍കുകയും ചെയ്യുക.
 • അവസാന കണിക മേക്ക്അപ്പ് വരെ ക്ളീന്‍സിംഗ് ലോഷന്‍ ഉപയോഗിച്ച് കഴുകുക.
 • വെയില്‍ കൊണ്ട് തൊലി കറുക്കാതിരിക്കാന്‍ സ്കിന്‍ ലൈററ്നിംഗ് ഏജന്‍റ് ഉപയോഗിക്കുക.

ക്യാന്‍സര്‍ തടയാന്‍ ഇരുപത് വഴികള്‍

ഇന്ന് ലോകമെങ്ങും വ്യാപകമായി പടര്‍ന്ന് പിടിച്ചിരിക്കുന്ന രോഗമാണ് ക്യാന്‍സര്‍. ക്യാന്‍സര്‍ എന്ന വാക്ക് തന്നെ ഭയാശങ്കകളോടെയേ പലര്‍ക്കും ഉച്ചരിക്കാനാവൂ. ദേശഭേദമില്ലാതെ വ്യാപകമായിരിക്കുന്ന ക്യാന്‍സറിന് വിധേയരാകുന്നവരില്‍ സ്ത്രീപുരുഷന്മാരും, നവജാത ശിശുക്കളും വരെയുണ്ട്. ഭീതിജനകമായ ഈ രോഗത്തെ ചെറുക്കാന്‍ പ്രായോഗികവും, ഫലപ്രദവുമായ ഒരു മാര്‍ഗ്ഗമെന്നത് ശരീരത്തെയും, മനസിനെയും ക്രിയാത്മകമായും, ആരോഗ്യപൂര്‍ണ്ണമായും പരിപാലിക്കുകയാ​ണെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. പ്രോട്ടീനുകളും, മിനറലുകളും, പോഷകങ്ങളുമടങ്ങിയ ഭക്ഷണക്രമം ആരോഗ്യപൂര്‍ണ്ണമായ ജീവിതം സാധ്യമാക്കും. ഇന്ന് മിക്കവരും ശരീരഭാരം കുറയ്ക്കാനും, രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന ആഹാരസാധനങ്ങള്‍ കഴിക്കാന്‍ ശ്രദ്ധവെയ്ക്കുന്നവരാണ്. ക്യാന്‍സറിനെ തടയാനുള്ള ഒരു പ്രധാന മാര്‍ഗ്ഗം ക്യാന്‍സര്‍ കോശങ്ങളെ ഇല്ലാതാക്കുകയും, പെരുകുന്നതില്‍ നിന്ന് തടയുകയും ചെയ്യുന്ന ഭക്ഷണ സാധനങ്ങള്‍ കഴിക്കുകയാണ്. ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ച് ക്യാന്‍സര്‍ ബാധ എങ്ങനെ തടയാമെന്ന് മനസിലാക്കുക. ഇവയൊന്നും നിങ്ങള്‍ ജീവിതത്തില്‍ ഇതുവരെയും നടപ്പിലാക്കിയിട്ടില്ലെങ്കില്‍‌ ഇന്ന് തന്നെ ആരംഭിക്കുക.

 • അമിതമായ സൂര്യപ്രകാശം

വലിയൊരുവിഭാഗം ആളുകള്‍ ക്യാന്‍സറിന് ഇരയായി മാറുന്നത് അമിതമായ സൂര്യപ്രകാശമേല്‍ക്കുന്നതിലൂടെയാണ്. തുറന്ന സ്ഥലങ്ങളില്‍ ഉയര്‍ന്ന അളവില്‍ സൂര്യപ്രകാശമേല്‍ക്കേണ്ടി വരുന്നവര്‍ അതിനെതിരെ മുന്‍കരുതലെടുക്കാന്‍ ശ്രദ്ധിക്കുക.

 • പുകവലി

ക്യാന്‍സറിന് ബാധക്ക് ഇടയാക്കുന്ന ഒരു പ്രധാന കാരണമാണ് പുകവലി. ശ്വാസകോശത്തിലുണ്ടാകുന്ന ക്യാന്‍സറിന് പിന്നിലെ പ്രധാന കാരണം പുകവലിയാണ്.

 • ബ്രസീല്‍ നട്ട്

സൗത്ത് അമേരിക്കയില്‍ വിപുലമായി കൃഷി ചെയ്യപ്പെടുന്ന ഒരിനം സസ്യമാണ് ബ്രസീല്‍ നട്ട്. സെലെനിയം ധാരാളമായി അടങ്ങിയ ബ്രസീല്‍ നട്ടിന് ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാനുള്ള കഴിവുണ്ട്. ബ്രസീല്‍ നട്ട് ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ക്യാന്‍സര്‍ അകറ്റി നിര്‍ത്താന്‍ സഹായിക്കും.

 • കോളിഫ്ലവര്‍

പലരും ഇഷ്ടപ്പെടാത്ത ഒരു പച്ചക്കറിയിനമാണ് കോളിഫ്ലവര്‍. എന്നാല്‍ ക്യാന്‍സറിനെ തടയാന്‍ കരുത്തുള്ള ഈ പച്ചക്കറി ആഴ്ചയിലൊരിക്കലെങ്കിലും ഉപയോഗിക്കുന്നത് ശീലമാക്കുക.

 • കുടുംബചരിത്രം

ക്യാന്‍സര്‍ പാരമ്പര്യമായി ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കുടുംബത്തില്‍ മുന്‍പ് ആര്‍ക്കെങ്കിലും ക്യാന്‍സര്‍ വന്നിട്ടുണ്ടെങ്കില്‍ അത് മനസിലാക്കി വേണ്ടുന്ന മുന്‍കരുതലുകളെടുക്കണം.

 • തൊഴില്‍

പഠനങ്ങളനുസരിച്ച് തൊഴില്‍ സാഹചര്യങ്ങള്‍ ചിലപ്പോള്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് ഇടയാക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. പുക, രാസവസ്തുക്കള്‍, മാലിന്യങ്ങള്‍ തുടങ്ങിയവയുമായി ഇടപഴകേണ്ടി വരുന്ന ജോലി ചെയ്യുന്നവര്‍ക്ക് ക്യാന്‍സര്‍ വരാനുള്ള സാധ്യതയുണ്ട്.

 • വ്യായാമം

ഇന്ന് ഏറിയ പങ്ക് ആള്‍ക്കാരും വ്യായാമങ്ങളുടെ പ്രധാന്യം മനസിലാക്കി അവ കൃത്യമായി ചെയ്യുന്നവരാണ്. ഹൃദയാരോഗ്യത്തിനും, ശരീരഭാരം കുറയ്ക്കാനും, തുടങ്ങി ക്യാന്‍സറിനെ ചെറുക്കാന്‍ സഹായിക്കുന്ന വ്യായാമങ്ങളുമുണ്ട്. നടത്തം, നീന്തല്‍ എന്നിവയൊക്കെ ഇതിന് സഹായിക്കും.

 • കാന്തിക തരംഗങ്ങള്‍

എക്സ്-റേ, മാമോഗ്രാം, തുടങ്ങിയ തരത്തിലുള്ള തരംഗങ്ങള്‍ സ്ഥിരമായേല്‍ക്കുന്നത് ക്യാന്‍സറിന് ഇടവരുത്തും. ഇത്തരം തരംഗങ്ങള്‍ ശരീരത്തിലേല്‍ക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുക.

 • ഗര്‍ഭനിരോധന ഗുളികകള്‍

സ്ത്രീകളിലെ സ്തനാര്‍ബുദവും, കരളിലെ ക്യാന്‍സറിനും ഇടയാക്കുന്നതാണ് ഗര്‍ഭനിരോധന ഗുളികകള്‍. അണ്ഡവിസര്‍ജ്ജനത്തെ തടയുന്ന ഈസ്ട്രജന്‍, പ്രൊജെസ്റ്റിന്‍ എന്നിവ അടങ്ങിയ ഈ ഗുളികകള്‍ ആരോഗ്യത്തിന് ദോഷകരമാണ്.

 • ശരീരഭാരം

ശരീരത്തിന്‍റെ അമിത വണ്ണം കിഡ്നി, വന്‍കുടല്‍, മലാശയം എന്നിവിടങ്ങളിലെ ക്യാന്‍സറുമായി ബന്ധപ്പെട്ട് കിടക്കുന്നു. അമിതവണ്ണത്തെക്കുറിച്ച് ബോധ്യമുള്ളവരായിരിക്കുന്നതിനൊപ്പം ശരീരം സജീവമായി നിര്‍ത്താനും ശ്രദ്ധിക്കണം.

 • ഉറക്കം

8-10 മണിക്കൂര്‍ നീളുന്ന ഉറക്കം ക്യാന്‍സറിനെ തടയാന്‍ ഒരു പരിധി വരെ സഹായിക്കുന്നതാണെന്നാണ് കണ്ടെത്തല്‍. ആഴത്തിലുള്ളതും, പതിവ് സമയക്രമത്തിലുള്ളതുമായ ഉറക്കം ശരീരത്തിന്‍റെ സമയക്രമത്തെ ശക്തിപ്പെടുത്തുന്നു. ഇത് എന്‍ഡോക്രൈന്‍ സിസ്റ്റവുമായി ഏറെ ഗാഡമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. കൃത്യമായ ഉറക്കശീലം ക്യാന്‍സര്‍ തടയാന്‍ സഹായിക്കും.

 • വൈകാരിക സന്തുലനം

വൈകാരിക സംഘര്‍ഷങ്ങള്‍ മാനസികാവസ്ഥയെ തകരാറിലാക്കുന്നതാണ്. ഇത് ക്യാന്‍സറിനും കാരണമാകാം. ഇതിനുള്ള സാധ്യത ഇല്ലാതാക്കാന്‍ വൈകാരികമായ സന്തുലനം ജീവിതത്തില്‍ പിന്തുടരാന്‍ ശ്രമിക്കുക.

 • ഉപ്പ് ഉപയോഗം

ഉപ്പ് അമിതമായി ഉപയോഗിക്കുന്നത് വയറിലെ ക്യാന്‍സറിന് ഇടയാക്കും. ഉപ്പ് ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്നത് വഴി ഇതിനുള്ള സാധ്യത കുറയ്ക്കാം.

 • മദ്യം

മദ്യത്തിന്‍റെ സ്ഥിരമായ ഉപയോഗം അകറ്റി നിര്‍ത്തേണ്ടുന്ന ഒരു ദുശീലമാണ്. മദ്യപാന ശീലം ശരീരത്തില്‍ ക്യാന്‍സര്‍ കോശങ്ങള്‍ രൂപപ്പെടാന്‍ കാരണമാകും.

 • ഡ്രൈ ക്ലീനിങ്ങ്

പതിവായി ഡ്രൈക്ലീന്‍ ചെയ്ത വസ്ത്രങ്ങള്‍ ധരിക്കുന്നത് ക്യാന്‍സറുണ്ടാകാന്‍ ഇടയാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ഡ്രൈ ക്ലീന്‍ ചെയ്യുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ വാങ്ങുന്നത് കഴിയുന്നിടത്തോളം ഒഴിവാക്കുക.

 • ജൈവ ഭക്ഷണം

ക്യാന്‍സര്‍ തടയാന്‍ ഏറ്റവും നല്ലൊരു മാര്‍ഗ്ഗമാണ് ജൈവഭക്ഷ്യോത്പന്നങ്ങള്‍ കഴിക്കുകയെന്നത്. ജൈവരീതിയില്‍ കൃഷിചെയ്യുന്ന പച്ചക്കറികളില്‍ വിഷാംശങ്ങളില്ലാത്തതിനാല്‍ അവ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

 • ചായ

ക്യാന്‍സര്‍ തടയാന്‍‌ ഏറെ സഹായിക്കുന്നതാണ് ഗ്രീന്‍ ടീ. ദിവസവും ഓരോ കപ്പ് ഗ്രീന്‍ ടീ കഴിക്കുന്നത് രോഗബാധയെ ചെറുക്കാന്‍ സഹായിക്കും.

 • ചുവന്ന ജ്യൂസ്

മാതളനാരകത്തിന്‍റേത് പോലുള്ള ചുവന്ന ജ്യൂസുകള്‍ ക്യാന്‍സര്‍ തടയുന്നതാണ്. ഇവയില്‍ പോളിഫെനോല്‍സ്, ഐസോഫ്ലേവനോസ്, ഇലാജിക് ആസിഡ് തുടങ്ങി ക്യാന്‍സറിനെ തടയുന്ന ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

 • അണുബാധ

ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷി കുറയുമ്പോള്‍ അത് വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗം ആരോഗ്യപ്രദമായ ഭക്ഷണങ്ങള്‍ കഴിക്കുകയെന്നതാണ്. ആരോഗ്യം കുറഞ്ഞ അവസ്ഥയില്‍ എളുപ്പം അണുബാധയുണ്ടാകുന്നതിനാല്‍ രോഗങ്ങള്‍ ബാധിച്ചാലുടന്‍ തന്നെ വൈദ്യസഹായം തേടുക.

 • പൂരകാഹാരങ്ങള്‍

ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷി കുറയുമ്പോള്‍ അത് വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗം ആരോഗ്യപ്രദമായ ഭക്ഷണങ്ങള്‍ കഴിക്കുകയെന്നതാണ്. ആരോഗ്യം കുറഞ്ഞ അവസ്ഥയില്‍ എളുപ്പം അണുബാധയുണ്ടാകുന്നതിനാല്‍ രോഗങ്ങള്‍ ബാധിച്ചാലുടന്‍ തന്നെ വൈദ്യസഹായം തേടുക.

നല്ല ശീലങ്ങള്‍ പഠിക്കാം രോഗങ്ങളെ അകറ്റിനിറുത്താം

നാലുവയസ്സുളള റിയാസ്‌ എന്ന കുട്ടിയുടെ അമ്മയാണ്‌ റംല. വീട്ടുകാര്യങ്ങള്‍ നടത്തുന്നതില്‍ ബഹുമിടുക്കി. വാതോരാതെ സംസാരിക്കുന്നതും റംലയുടെ ഒരു പ്രകൃതമായിരുന്നു. റംലയോട്‌ പത്തുമിനിറ്റുനേരം ഒന്നു സംസാരിച്ചുനോക്കണം. പത്തുമിനിറ്റിനുളളില്‍ പതിനഞ്ചുപ്രാവശ്യമെങ്കിലും റംല നഖം കടിച്ചിരിക്കും. അമ്മയുടെ സ്വഭാവം മോനും കണ്ടുപഠിച്ചു. യു.കെ.ജി. വിദ്യാര്‍ത്ഥിയായ റിയാസ്‌ ക്ലാസിലിരുന്നാല്‍ എപ്പോഴും നഖം കടിച്ചുകൊണ്ടേയിരിക്കും. ടീച്ചര്‍ റിയാസിനോട്‌ നഖം കടിക്കരുത്‌ മോനേ എന്നുപറഞ്ഞ്‌ കൈ പിടിച്ചു മാറ്റിയാല്‍ അഞ്ചുമിനിറ്റു കഴിയുമ്പോഴേക്കും വീണ്ടും റിയാസ്‌ നഖംകടി ആരംഭിച്ചിരിക്കും. കുട്ടികള്‍ ഒപ്പുകടലാസുകളാണ്‌. മാതാപിതാക്കള്‍ റോള്‍ മോഡലുകളും. അച്ഛനമ്മമാര്‍ കാണിച്ചുകൊടുക്കുന്ന ഏതുകാര്യങ്ങളും കുട്ടികള്‍ അതേപടി പകര്‍ത്തും.

കുട്ടികളെ ശീലങ്ങള്‍ പരിശീലിപ്പിക്കുക

കുട്ടികള്‍ വളര്‍ന്നുവരുമ്പോള്‍ ശീലങ്ങള്‍ പരിശീലിപ്പിക്കേണ്ടത്‌ മാതാപിതാക്കളുടെ ചുമതലയാണ്‌. ആരോഗ്യകരമായ ശീലങ്ങള്‍ ജീവിതത്തില്‍ അനേകം നേട്ടങ്ങള്‍ക്ക്‌ സഹായകമാവും. നല്ലശീലങ്ങള്‍ പരിചയിച്ചുകഴിഞ്ഞാല്‍ പിന്നെ യാതൊന്നും ചിന്തിക്കാതെ കുട്ടികള്‍ അതേപടി അവ തുടര്‍ന്നുകൊളളും. കുട്ടികളുടെ ആരോഗ്യശീലങ്ങളെപ്പറ്റി പറയുമ്പോള്‍ ഏറ്റവും പ്രധാനം കൈ വൃത്തിയായി കഴുകി സൂക്ഷിക്കുന്നതാണ്‌. എന്നും രാവിലെ പല്ല്‌ വൃത്തിയാക്കുന്നതു പോലെ കൈ വൃത്തിയായി കഴുകുന്നതും ഒരു ശീലമാക്കണം. കുഞ്ഞുങ്ങളുടെ കൈ വൃത്തിയാക്കിക്കൊടുക്കുകയും മുതിര്‍ന്ന കുട്ടികള്‍ അത്‌ സ്വയം ചെയ്യുന്നുണ്ടോ എന്ന്‌ അച്ഛനമ്മമാര്‍ നിരീക്ഷിക്കുകയും വേണം. ഡേകെയറിലോ, പ്രീസ്‌കൂളിലോ ചെല്ലുമ്പോഴും ഭക്ഷണം കഴിക്കുന്നതിനു മുമ്പും, ടോയ്‌ലറ്റില്‍ പോയതിനുശേഷവൂം, പ്ലേ ഗ്രൌണ്ടില്‍ നിന്ന്‌ തിരിച്ചെത്തുമ്പോഴും പെട്ടെന്നുതന്നെ കൈകഴുകി വൃത്തിയാക്കുന്ന ശീലം കുട്ടികളിലുണ്ടാവണം. ശീലങ്ങള്‍ പരിചയിച്ചുകഴിഞ്ഞാല്‍ എപ്പോഴെങ്കിലും മാതാപിതാക്കള്‍ മറന്നുപോയാലും അങ്ങനെ ചെയ്യണമെന്നു പറഞ്ഞ്‌ കുട്ടികള്‍ അവരെ ഓര്‍മ്മപ്പെടുത്തും.

സോപ്പും ചെറിയചൂടുളള വെളളവും ഉപയോഗിക്കാം
ചെറിയചൂടുളള വെളളവും, സോപ്പും ഉപയോഗിച്ചാണ്‌ കൈ കഴുകേണ്ടത്‌. വൃത്തിയായി കൈ കഴുകുക എന്നതാണ്‌ പ്രധാനം. 15 മുതല്‍ 20 സെക്കന്റുകള്‍വരെ സമയം എടുത്ത്‌ കൈ വൃത്തിയാക്കുക. ആല്‍ക്കഹോള്‍ അടങ്ങിയിട്ടുളള ജെല്‍ കൊണ്ടും കൈ വൃത്തിയാക്കാം. കൈയില്‍ ജെല്‍ തേച്ചുപിടിപ്പിച്ചശേഷം 20 സെക്കന്റുനേരം കുട്ടികളെ കൈ കഴുകാന്‍ അനുവദിക്കുക.

ശീലങ്ങള്‍ പഠിപ്പിക്കാനായി ചില വിദ്യകള്‍
കൈ വൃത്തിയാക്കുന്നതിന്‌ വിസമ്മതിക്കുകയും മടി കാണിക്കുകയും ചെയ്യുന്ന കുട്ടികളുണ്ട്‌. ഇവരെ ശീലങ്ങള്‍ പഠിപ്പിക്കാനായി ചില വിദ്യകളുണ്ട്‌. സിങ്കില്‍ കളിക്കുന്നത്‌ കുട്ടികളുടെ ഒരു വിനോദമാണ്‌. ഒരു ചെറിയ കസേരയിട്ട്‌ കുട്ടിയെ സിങ്കില്‍ ഇരുത്തിയശേഷം സോപ്പും ഡിഷും കഴുകുവാനായി കൊടുക്കുക. കുറച്ചുസമയം കഴിയുമ്പോഴേക്കും കുട്ടികള്‍ താനേ അവരുടെ കൈകള്‍ വൃത്തിയാക്കിയിരിക്കും. കുട്ടികളെ ആകര്‍ഷിക്കുന്ന നിറവും ഗന്ധവുമുളള സോപ്പാണെങ്കില്‍ ഏറെ നല്ലത്‌. കുട്ടികള്‍ക്കായി ഉപയോഗിക്കുന്ന സോപ്പ്‌ ഒരിടത്ത്‌ മാറ്റിവെച്ചിട്ട്‌ അവര്‍ക്കായി മാത്രം ഉപയോഗിക്കുക.

രോഗാണുക്കള്‍ പകരുന്നത്‌ തടയാം
രോഗാണുക്കള്‍ പകരുന്നത്‌ തടയാനുമുണ്ട്‌ ചില വിദ്യകള്‍. ഫ്‌ളൂ, ജലദോഷം തുടങ്ങിയ രോഗങ്ങളുടെ വൈറസുകളില്‍നിന്ന്‌ രക്ഷനേടാന്‍ നല്ലശീലങ്ങള്‍ നമ്മെ സഹായിക്കുന്നു. മൂക്ക്‌ ശക്തിയായി ചീറ്റുകയോ, തുമ്മുകയോ ചെയ്യുമ്പോള്‍ കൈകൊണ്ട്‌ വായ്‌ പൊത്തിപ്പിടിക്കണമെന്നാണ്‌ സാധാരണ നാം കുട്ടികളോട്‌ പറയാറുളളത്‌. ഇതുകാരണം ഉളളംകൈയിലേക്ക്‌ രോഗാണുക്കള്‍ വ്യാപിക്കുന്നതിനും കുട്ടിയുടെ കൈ സ്‌പര്‍ശിക്കുന്ന സ്ഥലങ്ങളിലെല്ലാം രോഗാണുക്കള്‍ പകരുകയും ചെയ്യുന്നു. കുട്ടികളും മുതിര്‍ന്നവരും കൈവെളള അമര്‍ത്തിപ്പിടിച്ച്‌ തുമ്മുന്നതിനേക്കാള്‍ കൈമുട്ടിന്റെ വളവിലേക്ക്‌ തുമ്മുന്നതാണ്‌ കുറച്ചുകൂടി നല്ലത്‌. തുമ്മുമ്പോള്‍ ടിഷ്യൂപേപ്പര്‍ ഉപയോഗിച്ച്‌ മൂക്ക്‌ തപ്പിപ്പിടിക്കുന്നതും അത്രകണ്ട്‌ ഗുണം ചെയ്യുകയില്ല. പ്രീസ്‌കൂള്‍ കുട്ടികളാണെങ്കില്‍ അവരുപയോഗിച്ച ടിഷ്യൂ കടലാസുകള്‍ ചിലപ്പോള്‍ ഡസ്റ്റ്‌ബിന്നിലും അല്ലെങ്കില്‍ നിലത്തുമായിരിക്കും ഇടുന്നത്‌.

സ്വയം ചെയ്‌തു കാണിച്ചുകൊടുക്കുക
കുഞ്ഞുങ്ങളെ ശീലം പഠിപ്പിക്കുന്നത്‌ വളരെ പ്രയാസമുളള കാര്യമാണ്‌. കുട്ടികളെ രോഗങ്ങളുടെ ശാസ്‌ത്രം ക്ലാസില്‍ പഠിപ്പിക്കുന്നതുകൊണ്ട്‌ പ്രയോജനമില്ല. പ്രീസ്‌കൂളില്‍ പഠിക്കുന്ന ഒരു കുട്ടിയോട്‌, മറ്റൊരു കുട്ടി തുമ്മുമ്പോള്‍ മാറി നില്‍ക്കണം എന്ന്‌ എങ്ങനെ പറയാന്‍ സാധിക്കും ? ആരോഗ്യശീലങ്ങളെപ്പറ്റി പറയുന്നതും, ചെയ്യുവാന്‍വേണ്ടി സ്‌നേഹത്തോടെ കുട്ടികളോട്‌ യാചിക്കുന്നതും, ആജ്ഞാപിക്കുന്നതും ഒക്കെ ചിലപ്പോള്‍ ഫലവത്തായി എന്നുവരില്ല. ശീലങ്ങള്‍ പറഞ്ഞുകൊടുക്കുന്നതിനുപകരം മാതാപിതാക്കള്‍ സ്വയം ചെയ്‌തു കാണിച്ചുകൊടുക്കുന്നതാണ്‌ ഏറ്റവും ഫലപ്രദമായ മാര്‍ഗം. ഓഫീസില്‍പോയി വൈകുന്നേരം വീട്ടിലെത്തിയാലുടന്‍ കുട്ടികളുടെ മുമ്പില്‍ വച്ച്‌ 20 സെക്കന്റു നേരത്തേക്ക്‌ അച്ഛനമ്മമാര്‍ കൈ വൃത്തിയാക്കുക.

ശുചിത്വശീലങ്ങള്‍ ചെറുപ്പത്തില്‍തന്നെ പഠിപ്പിക്കുക
“ശുചിത്വശീലങ്ങള്‍ ചെറുപ്പത്തില്‍തന്നെ പഠിപ്പിക്കുന്നതാണ്‌ ഏറ്റവും എളുപ്പം”. “ഹെഡിങ്‌ ഹോം വിത്ത്‌ യുവര്‍ ന്യൂബോണ്‍ ആന്‍ഡ്‌ ഫുഡ്‌ ഫൈറ്റ്‌സ്‌” എന്ന ഗ്രന്ഥത്തിന്റെ സഹഗ്രന്ഥകാരിയായ ലോറ എ. ജാന പറയുന്നു. “ആരോഗ്യശീലങ്ങള്‍ ചെറുപ്പത്തില്‍ത്തന്നെ പഠിക്കുകയാണെങ്കില്‍ മുതിരുമ്പോള്‍ അവര്‍ക്ക്‌ രോഗങ്ങള്‍ വരുന്നതും കുറഞ്ഞിരിക്കും”. പ്രശസ്‌ത ശിശുരോഗവിദഗ്‌ദ്ധനായ ഡോക്‌ടര്‍ ടാന്യ റെമര്‍ അള്‍ട്ട്‌മാന്‍ പറയുന്നു

സ്മാര്‍ട്ട്‌ഫോണിനെ സ്നേഹിച്ച് വയസ്സരാവല്ലേ!

ചെറിയ സ്ക്രീനിലെ രാജാക്കന്‍‌മാരായ സ്മാര്‍ട്ട്‌ഫോണുകളെ ആരാണ് സ്നേഹിക്കാത്തത്. കീശയ്ക്ക് കനമുണ്ടെങ്കില്‍ ആരായാലും ഒരു സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിച്ചുപോകും. എന്നാല്‍, ഈ ‌സ്മാര്‍ട്ട് ഫോണ്‍ പ്രണയം നിങ്ങളെ അകാലത്തില്‍ വൃദ്ധരാക്കുമെന്നും ലൈംഗിക ബലഹീനത തുടങ്ങിയ ഗുരുതരമായ രോഗാവസ്ഥകളിലേക്ക് കൈപിടിച്ച് നടത്തുമെന്നും പറഞ്ഞാല്‍ അക്കാര്യം ഒന്ന് ശ്രദ്ധിക്കുക തന്നെ വേണം.

ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണിന് ആവശ്യക്കാര്‍ ഏറുന്നത് അനുസരിച്ച് അതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളും കൂടിവരുന്നതായി റിപ്പോര്‍ട്ടുകള്‍. ഐഫോണും ബ്ലാക്‍ബെറിയും അടക്കമുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ ഉപയോഗം കാഴ്ചത്തകരാറുകള്‍ക്കും കണ്ണിനു ചുറ്റുമുള്ള ചുളിവുകള്‍ക്കും കാരണമാകുന്നുണ്ട് എന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്.

ഇന്ത്യയില്‍ ഒമ്പതു ദശലക്ഷത്തോളം ആളുകളാണ് സ്മാര്‍ട്ട്‌ഫോണിന്റെ ഉപയോക്താക്കള്‍. ദിവസം ശരാശരി ഒമ്പത് മണിക്കൂര്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവരാണ് ഉപയോക്താക്കളിലധികവും. കൂടുതല്‍ സമയം സ്മാര്‍ട്ട്‌ഫോണിന്റെ ചെറിയ സ്ക്രീനിലേക്ക് ഉറ്റുനോക്കിയിരിക്കുന്നതാണ് പ്രശ്നം സൃഷ്ടിക്കുന്നത്. ഇത് കാലക്രമേണ ത്വക്കിന്റെ തിളക്കം തന്നെ നഷ്ടപ്പെടുത്താന്‍ കാരണമാവുന്നു. ചികിത്സയിലൂടെ ഈ പ്രതിസന്ധി പരിഹരിക്കാന്‍ വൈദ്യശാസ്ത്രത്തിന്റെ സഹായം തേടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്.

ഇത്രയും പറഞ്ഞത് ത്വക്കിന്റെ മാത്രം കാര്യം. ഇനി പറയാനുള്ളത് സ്മാര്‍ട്ട്‌ഫോണിലൂടെയുള്ള അധിക റേഡിയേഷന്റെ കാര്യമാണ്. സാധാരണ ഫോണുകളെക്കാള്‍ 2.5 മടങ്ങ് കൂടുതല്‍ റേഡിയേഷനാണ് ഇവ പുറപ്പെടുവിക്കുന്നത്. ഇത് ബ്രയിന്‍ ട്യൂമര്‍, അകാല വാര്‍ദ്ധക്യം, ലൈംഗിക ബലഹീനത എന്നിവയ്ക്കും കാരണമായേക്കാമെന്നാണ് വിദഗ്ധ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്.

എന്തായാലും, ഫോണ്‍ നിര്‍മ്മാതാക്കളും ഇക്കാര്യത്തില്‍ ആശങ്കാകുലരാണ്. ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ശരീരത്തില്‍ നിന്ന് 25 എം‌എം എങ്കിലും അകലെയായിരിക്കണമെന്നാണ് ബ്ലാക്‍ബെറി നിര്‍ദ്ദേശിക്കുന്നത്. അതേസമയം, ആപ്പിള്‍ പറയുന്നത് ഉപയോഗത്തിലായിരിക്കുമ്പോള്‍ ഐഫോണ്‍ ശരീരത്തില്‍ നിന്ന് 15 എം‌എം എങ്കിലും അകലെയാവണമെന്നാണ്.

കാര്യമിതൊക്കെയാണെങ്കിലും, സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ പ്രത്യേക മൊബൈല്‍ കവറുകളും ആന്റി റേഡിയേഷന്‍ ചിപ്പുകളും ഉപയോഗിക്കുന്നതിലൂടെ പ്രശ്നത്തിന്റെ കാഠിന്യം കുറയ്ക്കാമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

കടപ്പാട്-malayalamhealthcenter.blogspot.in© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate