Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

വേദന സംഹാരികള്‍

കൂടുതല്‍ വിവരങ്ങള്‍

ആമുഖം

തലവേദനയും കൈകാല്‍ തരിപ്പും മുതല്‍ ക്യാന്‍സര്‍ വരെയുള്ള പലതരം വേദനകള്‍ക്ക് ഉപയോഗിക്കുന്ന സര്‍വ്വസാധാരണയായ വേദനസംഹാരികള്‍ ആളെക്കൊല്ലികള്‍ ആകാമെന്ന സൂചനയാണ് സ്വിറ്റ്സര്‍ലന്റിലെ ബേണ്‍ യൂണിവേഴ്സിറ്റിയുടെ സാമൂഹിക വൈദ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന ഒരു പഠനം കാണിക്കുന്നത്.സ്റ്റീറോയിഡേതര പ്രതിവീക്ക മരുന്നുകള്‍ (നോണ്‍ സ്റ്റീറോയ്ഡല്‍ ആന്റി-ഇന്‍ഫ്ലമേയ്റ്ററി ഡ്രഗ് - NSAIDs) എന്നുവിളിക്കപ്പെടുന്ന ഒരുകൂട്ടം വേദനസംഹാരികളെയാണു ക്ലിനിക്കല്‍ എപ്പിഡീമിയോളജി പ്രഫസറായ പീറ്റര്‍ യൂനിയുടെ മേല്‍നോട്ടത്തില്‍, റീസേര്‍ച്ച് ഫെലോ സ്വെന്‍ ട്രെലേയും സംഘവും പഠനവിധേയമാക്കിയിരിക്കുന്നത്.

വേദനസംഹാരി മരുന്നുകള്‍ മിക്കതും ചെറിയൊരു ശതമാനം ആളുകളിലെങ്കിലും ഹൃദയാഘാതമോ ഹൃദയത്തകരാറുമൂലമുള്ള മരണമോ ഉണ്ടാക്കാന്‍ പോന്നതാണെന്ന് ഏറെക്കാലമായി വൈദ്യശാസ്ത്രലോകത്തിനു പരിചിതമാണ്. എന്നാല്‍ പുതിയ പഠനത്തിന്റെ പ്രാധാന്യം, ഇതില്‍ ഏതേത് വേദനസംഹാരികളാണ് ഇക്കാര്യത്തില്‍ മുന്‍പില്‍ നില്‍ക്കുന്നതെന്നും ഏതൊക്കെയാണ് അപകടം കുറഞ്ഞതെന്നും ചൂണ്ടിക്കാട്ടുന്നതിലാണ്.

ശ്രദ്ധേയമായ സംഗതി, ഈ പഠനം നേരിട്ട് ആളുകളില്‍ മരുന്നു നല്‍കിയോ, മരുന്നു കഴിക്കുന്നവരെ നിരീക്ഷിച്ചോ നടത്തിയ ട്രയല്‍ (drug trial) അല്ല, മറിച്ച് അങ്ങനെ പലകാലങ്ങളിലായി നടത്തപ്പെട്ട 31 ട്രയലുകളുടെ ഫലങ്ങളെ ആകെത്തുകയില്‍ അവലോകനം ചെയ്തുകൊണ്ടുള്ള ഒരു മെറ്റാ അനാലിസിസ് ആണ് എന്നതാണ്. നെറ്റ് വര്‍ക്ക് മെറ്റാ അനാലിസിസ് എന്ന താരതമ്യേന നവീനമായ സ്ഥിതിവിവര സാങ്കേതികതയിലൂടെ ഏകദേശം 1.16 ലക്ഷം രോഗികളില്‍ നടന്ന പഠനങ്ങളെ ഒറ്റ വിശകലനത്തിനു കീഴില്‍ കൊണ്ടുവരാന്‍ സ്വിസ് സംഘത്തിനു കഴിഞ്ഞു. പലപഠനങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ സ്വീകരിച്ച് ക്രോഡീകരിക്കുകവഴി മുന്‍പ് താരതമ്യപഠനങ്ങള്‍ നടത്താത്ത വേദനസംഹാരികളെപ്പോലും താരതമ്യം ചെയ്യാന്‍ ഇവര്‍ക്കായി എന്നതും ഈ നെറ്റ്‌വര്‍ക്ക് മെറ്റാ അനാലിസിസിന്റെ മികവായി പറയാം.

വേദന സംഹാരികള്‍ പലതരം

ആധുനികവൈദ്യം ഉപയോഗിക്കുന്ന വേദനസംഹാരികളെ രണ്ട് വലിയ ഗണങ്ങളായി തിരിക്കാം. ഒന്ന് മോര്‍ഫീന്‍, പെഥിഡീന്‍, കൊഡീന്‍, ഹെറോയിന്‍ എന്നിങ്ങനെയുള്ള “മയക്കുമരുന്നു” വിഭാഗത്തിലുള്ളവയും മറ്റേത് സ്റ്റീറോയിഡേതര പ്രതിവീക്ക മരുന്ന് (നോണ്‍ സ്റ്റീറോയ്ഡല്‍ ആന്റി-ഇന്‍ഫ്ലമേയ്റ്ററി ഡ്രഗ് - NSAIDs) എന്ന വിഭാഗത്തിലുള്ളവയും. ഇതില്‍ ആദ്യം പറഞ്ഞ “മയക്കുമരുന്നു”ഗണത്തെ ഓപ്പിയേറ്റുകള്‍ എന്നാണു വിളിക്കുക. ഇവ നമ്മുടെ ശരീരത്തിലെ വേദനയെ അറിയാന്‍ സഹായിക്കുന്ന ഓപ്പിയോയിഡ് സ്വീകരിണികളെ ബന്ധിച്ച് നാഡികളിലൂടെയുള്ള വേദനാ സംവേദനത്തെ തടയുന്നു.

ഓപ്പിയം ചെടിയില്‍ (‘കറുപ്പ്’) നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഇവ അമിതോപയോഗം മൂലം അടിമത്തമുണ്ടാക്കാനും മറ്റ് അപകടങ്ങളുണ്ടാക്കാനും പോന്നവയായതിനാല്‍ ഈ വേദനസംഹാരികള്‍ വൈദ്യാവശ്യങ്ങള്‍ക്ക് അത്യാവശ്യസന്ദര്‍ഭങ്ങളിലേ ഉപയോഗിക്കാറുള്ളൂ; ഉദാഹരണത്തിനു ക്യാന്‍സറിന്റെയോ ഹൃദയാഘാതത്തിന്റെയോ ശസ്ത്രക്രിയയുടെയോ കടുത്ത വേദന ഒഴിവാക്കാന്‍. സര്‍വ്വസാധാരണയായി നാമുപയോഗിക്കുന്ന വേദനസംഹാരികള്‍ രണ്ടാമതുപറഞ്ഞ NSAID ഗണത്തിലുള്‍പ്പെട്ടവയാണ്.

നമ്മുടെ ശരീരത്തില്‍ മുറിവുകളോ ക്ഷതങ്ങളോ ഉണ്ടാകുമ്പോള്‍ ആഘാതം ഉണ്ടായിടത്തെ കോശങ്ങളില്‍ നിന്നും പ്രോസ്റ്റഗ്ലാന്റിനെന്നും (Prostaglandin) ത്രോമ്പോക്സേയ്ന്‍ (Thromboxane) എന്നും രണ്ട് പ്രധാന രാസവസ്തുക്കള്‍ ഉല്പാദിപ്പിക്കപ്പെടുന്നു. പ്രോസ്റ്റഗ്ലാന്റിനും ത്രോമ്പോക്സേയ്നും ചേര്‍ന്ന് പലവിധ പ്രതികരണങ്ങളിലൂടെ ക്ഷതമേറ്റിടത്ത് വേദനയും നീര്‍ക്കെട്ടും വീക്കവും ഉണ്ടാക്കുന്നു. ഈ രാസവസ്തുക്കളുടെ നിര്‍മ്മാണത്തിനു അത്യാവശ്യമായി വേണ്ട ഒരു രാസാഗ്നി (enzyme) ആണ് സൈക്ലോ ഓക്സിജനേയ്സ് (Cyclo-Oxygenase). കോക്സ് (COX) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മൂന്നുതരം സൈക്ലോ ഓക്സിജനേയ്സ് രാസാഗ്നികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ “കോക്സ്” രാസാഗ്നികളെ തടയുന്ന മരുന്നുകളാണ് NSAIDകള്‍. ഓരോ കോക്സ് രാസാഗ്നിയെയും തടയുന്നതിനനുസരിച്ച് COX-1 inhibitor, COX-2 inhibitor എന്നിങ്ങനെ പേരും മാറുന്നു.

സാധാരണയായി ഉപയോഗിക്കുന്ന മിക്ക NSAID വേദനസംഹാരികളും COX- 1, 2 എന്നിവയെ ഒരുപോലെ തടയും. അതുവഴി പ്രോസ്റ്റഗ്ലാന്റിന്‍ - ത്രോമ്പോക്സേയ്ന്‍ ഉല്പാദനത്തെ തടഞ്ഞ് വേദനയുണ്ടാക്കുന്ന രാസപ്രക്രിയയെത്തന്നെ നിര്‍വീര്യമാക്കുന്നു. ഇത്തരം “കോക്സ്”-നിരോധക പ്രവര്‍ത്തനം കാണിക്കുന്ന വേദനസംഹാരികളാണ് ആസ്പിരിന്‍, ബ്രൂഫന്‍, വോവറാന്‍ എന്നിങ്ങനെയുള്ള പേരുകളില്‍ പ്രശസ്തിയാര്‍ജ്ജിച്ച മരുന്നുകളില്‍ പലതും.

കോക്സ്-നിരോധകങ്ങളും ആമാശയ അള്‍സറും

സ്റ്റീറോയിഡേതര പ്രതിവീക്ക മരുന്നുകള്‍ കഴിക്കുന്ന ഒരാളുടെ ശരീരത്തില്‍ കോക്സ് രാസാഗ്നി പാടെ നിരോധിക്കപ്പെടുന്ന അവസ്ഥയുണ്ടാകാം. അതുമൂലം ശരീരത്തില്‍ പ്രൊസ്റ്റഗ്ലാന്റിന്‍ അത്യാവശ്യമായി വേണ്ടയിടങ്ങളിലും അവ ഉല്പാദിപ്പിക്കാതെ വരും. ഇത് ചില പാര്‍ശ്വഫലങ്ങള്‍ക്ക് വഴിവയ്ക്കുന്നു.

ഉദാഹരണത്തിനു വയറ്റിനുള്ളില്‍ ദഹനം നടക്കുന്നിടത്ത് കടുത്ത ആസിഡ് ഉണ്ടാകുന്നുണ്ട്. ഈ ആസിഡിലും ദഹനരസങ്ങളിലും നിന്ന് ആമാശയത്തെ സംരക്ഷിക്കുന്നത് ശരീരത്തിന്റെ തന്നെ സംരക്ഷണ സങ്കേതമായി പ്രവര്‍ത്തിക്കുന്ന “നല്ല” പ്രോസ്റ്റഗ്ലാന്റിനുകള്‍ ആണ്. പ്രതിവീക്ക മരുന്ന് ഗുളികയായി കഴിക്കുന്ന ആളില്‍ വേദനയുണ്ടാക്കുന്ന “ചീത്ത” പ്രോസ്റ്റഗ്ലാന്റിനുകള്‍ മാത്രമല്ല നിരോധിക്കപ്പെടുന്നത്, അതോടൊപ്പം ആമാശയത്തിലും മറ്റും വേണ്ടുന്ന ഉപകാരപ്രദമായ പ്രോസ്റ്റഗ്ലാന്റിനുകള്‍ കൂടിയാണ്. ഏറെക്കാലം ഇങ്ങനെയുള്ള മരുന്നുകള്‍ കഴിക്കുന്ന ആളുകളില്‍ ആമാശയ അള്‍സര്‍, അസിഡിറ്റി മൂലമുള്ള വയറുവേദന, നീറ്റല്‍, പുളിച്ചുതികട്ടല്‍ എന്നിങ്ങനെയുള്ള രോഗങ്ങളുണ്ടാവുന്നു. മരുന്നുമൂലം വരുന്ന ഗ്യാസ്ട്രൈറ്റിസിന്റെ വകഭേദങ്ങളാണ് ഇവയെല്ലാം. വേദന സംഹാരിമരുന്നുകള്‍ മിക്കവയും വയറെരിച്ചിലുണ്ടാക്കുന്നതിന്റെ പിന്നിലെ രസതന്ത്രം ഇതാണ്.

ഈ വയറെരിച്ചില്‍ ഒഴിവാക്കാനാണു ഡോക്ടര്‍ സാധാരണ വേദനസംഹാരികള്‍ കഴിക്കാന്‍ കുറിക്കുമ്പോള്‍ അതിനൊപ്പം ‘അസിഡിറ്റി’ കുറയ്ക്കാനായി ചില മരുന്നുകള്‍ (ഉദാ: റാനിറ്റിഡിന്‍, പാന്റോപ്രസോള്‍) കൂടി എഴുതിനല്‍കുന്നത്.

എന്നാല്‍ എല്ലാത്തരം കോക്സ് രാസാഗ്നികളെയും നിരോധിക്കുന്നതും നിര്‍ധാരണക്ഷമത (selectivity) കാണിക്കാത്തതുമായ വേദനസംഹാരികള്‍ക്ക് പകരം വേദനയുണ്ടാക്കുന്ന പ്രോസ്റ്റാഗ്ലാന്റന്റെ ഉല്പാദനത്തെ മാത്രം തെരഞ്ഞുപിടിച്ച് നിരോധിക്കാന്‍ കഴിവുള്ളതരം പ്രതിവീക്ക മരുന്നുകള്‍ക്കായി പില്‍ക്കാലത്ത് ഊര്‍ജ്ജിതമായ അന്വേഷണങ്ങള്‍ നടന്നു. അതിന്റെ ഉല്പന്നമായിരുന്നു കോക്സ്-2 (COX-2) എന്ന രാസാഗ്നിയെ മാത്രമായി തെരഞ്ഞെടുത്ത് നിരോധിക്കാന്‍ കെല്പുള്ള കോക്സ്-2 നിരോധകങ്ങള്‍ ഇറങ്ങിയത്.

ആമാശയത്തിലെ “നല്ല” പ്രോസ്റ്റഗ്ലാന്റിനുകളെ ഉല്പാദിപ്പിക്കാന്‍ സഹായിക്കുന്ന കോക്സ്-1 രാസാഗ്നിയെ ഇവ വെറുതേ വിടുകയും അതേസമയം വേദനയുണ്ടാക്കുന്ന പ്രോസ്റ്റഗ്ലാന്റിനുകളെ ഉല്പാദിപ്പിക്കാന്‍ സഹായിക്കുന്ന കോക്സ്-2 രാസാഗ്നിയെ തേടിപ്പിടിച്ച് നിരോധിക്കുകയും ചെയ്യുന്നു. ഇതുവഴി വേദനസംഹാരികളെ കൂടുതല്‍ നിര്‍ധാരണക്ഷമമാക്കി ആമാശയസംബന്ധിയായ പാര്‍ശ്വഫലങ്ങളെ ഒഴിവാക്കാനാവും എന്ന് വന്നു.

1988-ലാണ് കോക്സ്-2 രാസാഗ്നിയുടെ ഘടനാക്രമം കണ്ടെത്തപ്പെട്ടത്. തുടര്‍ന്ന് 1991ല്‍ ഈ രാസാഗ്നിയെ ക്ലോണ്‍ ചെയ്തെടുക്കാനായി. തുടര്‍ന്നുള്ള പത്തുവര്‍ഷം നടന്ന കൊണ്ടുപിടിച്ച ഗവേഷണങ്ങള്‍ക്കു ശേഷം 1998 - 99 കാലഘട്ടത്തില്‍ ആദ്യ കോക്സ്-2 നിരോധകങ്ങള്‍ ഇറങ്ങി. കോക്സ്-2 നിരോധകം ആണെന്ന സൂചന പേരില്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടായിരുന്നു അവയുടെയെല്ലാം വരവ് - സെലിക്കോക്സിബ്, വാല്‍ഡികോക്സിബ്, റോഫിക്കോക്സിബ്, പേയറികോക്സിബ്, എറ്റോറികോക്സിബ് എന്നിങ്ങനെ.

ഹൃദയാഘാതവും കോക്സ്-2 നിരോധകങ്ങളും

2000 മുതല്‍ക്കുള്ള ദശകത്തിന്റെ ആദ്യപാദത്തില്‍ കോക്സ്-2 നിരോധകങ്ങളുടെ മാര്‍ക്കറ്റ് വളര്‍ച്ചയുടെ കൊടുമുടികള്‍ കയറി. റൂമറ്റോയ്ഡ് വാതവും എല്ലുരോഗങ്ങളും മുതല്‍ സാധാരണ വേദനകള്‍ക്കും പനിക്കും വരെ ഇവ ഉപകാരപ്പെടുമെന്നായതോടെ വയറെരിച്ചിലും മറ്റും ഉണ്ടാക്കുന്ന മറ്റ് വേദനസംഹാരികളെ പിന്തള്ളി ഇവ പെട്ടെന്നുതന്നെ പ്രാക്റ്റീഷനര്‍മാരുടെ പ്രിയപ്പെട്ട വേദനാഹാരിയായി. എന്നാല്‍ അതേ കാലഘട്ടത്തില്‍ തന്നെ ഇവയുടെ പതനത്തിന്റെ ആദ്യ ലക്ഷണങ്ങളും വൈദ്യശാസ്ത്രലോകത്തു കണ്ടു തുടങ്ങിയിരുന്നു.

ഒരു രോഗത്തിനു നിലവില്‍ ഒന്നോ അതില്‍ക്കൂടുതലൊ മരുന്നുകള്‍ ഉള്ളപ്പോള്‍ പുതിയൊരു മരുന്ന് ഇറക്കണമെങ്കില്‍ പഴയമരുന്നുകളുമായി താരതമ്യം ചെയ്തുകൊണ്ട് പുതിയതിനെ പഠിക്കേണ്ടത് ഔഷധ ഗവേഷണത്തില്‍ അത്യാവശ്യമാണ്. പഴയ മരുന്നിനെ അപേക്ഷിച്ച് പുതിയതിന് എത്രമാത്രം മെച്ചമുണ്ട് എന്നും പാര്‍ശ്വഫലങ്ങള്‍ എത്രമാത്രം വ്യത്യസ്തമാണു എന്നുമൊക്കെ കണ്ടെത്തുന്നത് ഇത്തരം താരതമ്യങ്ങള്‍ വഴിയാണ്.

കോക്സ്-2 മരുന്നുകളെയും ഇങ്ങനെ പഴയ തലമുറയിലെ വേദനസംഹാരികളിലൊന്നായ നാപ്രോക്സന്‍ എന്ന മരുന്നുമായി താരതമ്യം ചെയ്തു പഠിച്ചപ്പോള്‍ ആശങ്കാജനകമായ ഒരു നിരീക്ഷണം റിപ്പോട്ട് ചെയ്യപ്പെട്ടു - വേദനയ്ക്ക് നാപ്രോക്സന്‍ കഴിക്കുന്നവരെ അപേക്ഷിച്ച് പുതിയ കോക്സ്-2 കഴിച്ച ആളുകളില്‍ നാലിരട്ടിവരെ കൂടുതല്‍ ഹൃദയാഘാതം കാണുന്നു!

ആകപ്പാടെ നോക്കുമ്പോള്‍ ഇത് ചെറിയൊരു ശതമാനം ആളുകളില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും പ്രധാനപ്പെട്ട ഒരു നിരീക്ഷണമായിരുന്നു ഇത്. നേരത്തേ തന്നെ ഹൃദ്‌രോഗം, മസ്തിഷ്കാഘാതം, ഹൃദയസംബന്ധിയായ നെഞ്ചുവേദനകള്‍, എന്നിവയുണ്ടായിരുന്നവരിലും ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞിരുന്ന ആളുകളിലുമാണു ഈ വര്‍ധിച്ച അപകടസാധ്യത (risk) കണ്ടെത്തിയത്.

വയോക്സ് (Vioxx) എന്ന ബ്രാന്‍ഡ് നാമത്തില്‍ ഇറക്കിയ റോഫികോക്സിബ് എന്ന കോക്സ്-2 നിരോധക മരുന്നിനെ നാപ്രോക്സനുമായി താരതമ്യം ചെയ്തുകൊണ്ട് 2000-2001 കാലത്തു നടന്ന പഠനമായിരുന്നു ഇതില്‍ ഏറ്റവും പ്രസിദ്ധം. ഈ നിരീക്ഷണങ്ങളെ ആദ്യം നിസ്സാരമായി തള്ളിക്കളയാനാണു മെര്‍ക്ക് എന്ന മരുന്നുനിര്‍മ്മാണ കുത്തകയും മറ്റ് പല ശാസ്ത്രജ്ഞരും ശ്രമിച്ചത്. എന്നാല്‍ ശാസ്ത്രലോകത്തുനിന്നും കമന്ററികളുടെ ഒരു ഒഴുക്കുതന്നെയുണ്ടായി. തുടര്‍ന്ന് അമേരിക്കയില്‍ മരുന്നുകള്‍ക്ക് അനുമതിനല്‍കുന്ന ഉന്നത കേന്ദ്രമായ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേയ്ഷന്റെ (FDA) നിബന്ധനകള്‍ പ്രകാരം മെര്‍ക്ക് കമ്പനിക്ക് വയോക്സിന്റെ ലേബലില്‍ “ഹൃദയാഘാത അപായസൂചന” ഒട്ടിച്ച് ഇറക്കേണ്ടി വന്നു.

എങ്ങനെയാണു കോക്സ്-2 നിരോധകങ്ങള്‍ ഹൃദയാഘാതത്തിനു കാരണമാകുന്നത് എന്നതിന്റെ രസതന്ത്രതലം പൂര്‍ണമായി മനസ്സിലാക്കാനായിട്ടില്ല. കോക്സ്-2 നിരോധക മരുന്നുകള്‍ മൂലം ഹൃദയരക്തധമനികളിലെയും മറ്റും പ്രോസ്റ്റാസൈക്ലിന്‍ - ത്രോമ്പോക്സേയ്ന്‍ അനുപാതത്തില്‍ മാറ്റം വരുന്നു. ഈ അനുപാത മാറ്റം മൂലം ധമനികള്‍ക്കുള്ളില്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യതയേറുന്നുവത്രെ. മുന്‍പേ തന്നെ ഹൃദ്‌രോഗമുള്ള ആള്‍ക്കാരില്‍ ബ്ലോക്കും മറ്റുമായി സ്വതവേ ചുരുങ്ങിയ കൊറോണാറി ധമനികള്‍ക്ക് ഇത് അപകടകരമായി ഭവിക്കാം. ഇതോടൊപ്പം കോക്സ്-2 നിരോധകങ്ങള്‍ മൂലമുണ്ടാകുന്ന ഓക്സീകരണ പ്രതികരണങ്ങളും, ഹൃദയധമനികളെ സ്വാഭാവികമായി വികസിക്കാന്‍ സഹായിക്കുന്ന നൈട്രിക് ഓക്സൈഡിന്റെ പ്രവര്‍ത്തനം ഏശാതെയാക്കുന്നതും ഒക്കെ പ്രശ്നകാരിയായേക്കാം.

മറ്റൊരു പ്രധാന പ്രശ്നം ആസ്പിരിനുമായി ബന്ധപ്പെട്ടതാണ്. പഴയതലമുറ വേദനസംഹാരികളില്‍ ഏറ്റവും ആദ്യത്തെ മരുന്നാണ് ആസ്പിരിന്‍. ക്ഷതം സംഭവിക്കുന്നിടത്തെ ത്രോമ്പോക്സേയ്ന്‍, പ്രൊസ്റ്റഗ്ലാന്റിന്‍ എന്നിവയുടെ ഉല്പാദനം തടയുന്ന ആസ്പിരിന്‍ ഇന്ന് ഉപയോഗിക്കപ്പെടുന്നത് വേദനസംഹാരിയായല്ല, മറിച്ച് രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നെന്ന നിലയിലാണ്.

മുറിവു പറ്റുന്നിടത്ത് ത്രോമ്പോക്സേയ്ന്‍ ഉല്പാദിപ്പിക്കുമ്പോള്‍ അത് രക്തകോശങ്ങളായ പ്ലേറ്റ്‌ലെറ്റുകളെ അങ്ങോട്ട് വിളിച്ചുവരുത്തുകയും രക്തം കട്ടയായി മുറിവിനെ ഉണക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇതേ പ്രക്രിയ തന്നെയാണു ഹൃദയധമനികളില്‍ ബ്ലോക്കുകള്‍ ഉള്ളിടത്തും സംഭവിക്കുന്നത്. ഈ ബ്ലോക്കുകളെ പൂര്‍ണമായും അടച്ചുകൊണ്ട് രക്തം കട്ടപിടിച്ചാല്‍ അവിടെ രക്തയോട്ടം നിന്ന് ഹൃദയാഘാതം വരും. തലച്ചോറിലാണിതു സംഭവിക്കുന്നതെങ്കില്‍ മസ്തിഷ്കാഘാതവും. ഇതിനെ തടയാനാണു ഇന്ന് ഹൃദ്‌രോഗികളിലും സ്ട്രോക്കോ മറ്റ് ധമനീരോഗങ്ങളോ ഉള്ളവരിലും ആസ്പിരിന്‍ 75 മുതല്‍ 150 മില്ലീഗ്രാം വരെയുള്ള ഡോസുകളില്‍ ദിവസവും കഴിക്കാന്‍ കൊടുക്കുന്നത്.

കോക്സ്-2 നിരോധകമരുന്നുകള്‍ ആസ്പിരിന്റെ ഈ ആക്ഷന്റെ പ്രയോജനത്തെക്കൂടി ഇല്ലാതാക്കുന്നു എന്നും സംശയിക്കപ്പെടുന്നു. ഹൃദ്‌രോഗികളിലും മസ്തിഷ്കധമനീരോഗികളിലും ഇത് അപകടകരമാണ്.

പുതിയ പഠനത്തിന്റെ പ്രധാന കണ്ടെത്തലുകള്‍

നാപ്രോക്സെന്‍, ഐബു പ്രൂഫന്‍, ഡൈക്ലോഫിനാക്ക് എന്നീ ‘പഴയതലമുറ’ വേദന സംഹാരികളും സെലിക്കോക്സിബ്, എറ്റോറികോക്സിബ്, റോഫികോക്സിബ്, ലുമാറികോക്സിബ് എന്നീ പുതുതലമുറ വേദനസംഹാരികളും ആണു പഠനത്തിലുള്‍പ്പെട്ടവ. ഇതില്‍ പഴയ തലമുറ വേദനാഹാരികള്‍ കോക്സ് രാസാഗ്നിയെ വകഭേദം നോക്കാതെ നിരോധിക്കാന്‍ കെല്പുള്ളവയാണെങ്കില്‍, പുതിയതലമുറ വേദനാഹാരികള്‍ കോക്സ്-2 എന്ന വകഭേദത്തിലെ രാസാഗ്നിയെ മാത്രമായി തെരഞ്ഞുപിടിച്ച് നിരോധിക്കുന്നവയാണ്.

റോഫികോക്സിബ് (പഴയ വയോക്സ്) ആണു കൂട്ടത്തിലെ വില്ലന്‍ ആയി ശ്രദ്ധനേടിയത്. 1.26 മുതല്‍ 3.56 ഇരട്ടിവരെ ഹൃദയാഘാത സാധ്യത ഈ വേദനസംഹാരി ഉപയോഗിക്കുന്നതുമൂലം ഉണ്ടാകുന്നതായി കണ്ടെത്തപ്പെട്ടു. ബ്രൂഫന്‍ എന്ന പേരില്‍ സര്‍വ്വസാധാരണയായി ഉപയോഗിച്ചുവരുന്നതും ലോകമെങ്ങും വൈദ്യക്കുറിപ്പടിയില്ലാതെ കിട്ടുന്നതുമായ ഐബു പ്രൂഫന്‍ മൂലം മസ്തിഷ്കാഘാത (സ്ട്രോക്ക്) സാധ്യതയാണു വര്‍ധിക്കുന്നതായി കണ്ടത് – ഏതാണ്ട് 3.36 ഇരട്ടി വരെ. ഇതേ പ്രശ്നം കാണിക്കുന്ന, മറ്റൊരു മരുന്ന് ഡൈക്ലോഫീനാക്ക് ആണ്. ഇതാകട്ടെ വോവറാന്‍ എന്ന പേരിലും മറ്റും ഇന്ത്യയില്‍ സര്‍വ്വ സാധാരണവും. ഈ മരുന്ന് ദീര്‍ഘകാലമുപയോഗിക്കുന്നത് ആമാശയ അള്‍സറുകള്‍ക്കും വൃക്കത്തകരാറിനും ഒക്കെ കാരണമാകുമെന്ന് മുന്‍പേ തന്നെ പഠനങ്ങളുള്ളതാണ്.

ഹൃദയാഘാതമോ ഹൃദ്‌രോഗമോ മൂലമുള്ള മരണം ഉണ്ടാകാനുള്ള സാധ്യതയെ അളന്നപ്പോള്‍ മുന്നില്‍ വന്നത് ഡൈക്ലോഫീനാക്കും എറ്റോറികോക്സിബും ആണ് എന്നതും ശ്രദ്ധേയമാണ്. അതീവ പ്രാധാന്യമുള്ളതും ഭാവിഗവേഷകര്‍ക്ക് തലവേദനയാകാവുന്നതുമായ മറ്റൊരു കാര്യം, കോക്സ്-2 രാസാഗ്നിയെ തെരഞ്ഞുപിടിച്ച് നിരോധിക്കുന്ന തരം വേദനസംഹാരികള്‍ മാത്രമല്ല ഹൃദ്‌രോഗത്തിനു കാരണമാകുന്നത് എന്നതാണ്. എന്നുവച്ചാല്‍ കോക്സ്-2 രാസാഗ്നിയും ഹൃദയധമനികളിലെ രക്തം കട്ടപിടിക്കല്‍ സാധ്യതയും തമ്മിലുണ്ടെന്ന് കരുതപ്പെടുന്ന കാര്യകാരണബന്ധത്തിന്റെ വിശദീകരണം തെറ്റാവാന്‍ സാധ്യതയുണ്ടെന്ന്. ഇതുവരെ ശ്രദ്ധിക്കാതെ പോയ ഏതെങ്കിലും ജൈവരാസപ്രക്രിയ ഇതിനു പിന്നിലുണ്ടോ എന്ന് അന്വേഷിക്കേണ്ട തലവേദന കൂടി ബാക്കിയാക്കുകയാണ് സ്വിസ് സംഘത്തിന്റെ കണ്ടെത്തലുകള്‍.

വിവാദങ്ങള്‍

ആധുനിക ശാസ്ത്രത്തിന്റെ രീതിശാസ്ത്രത്തിനകത്തുതന്നെ അതിനെ നവീകരിക്കാനും തെറ്റുതിരുത്താനുമുള്ള ഉപകരണങ്ങളും വ്യവസ്ഥകളും നിലനില്‍ക്കുന്നുണ്ട്. ഏത് അവകാശവാദവും മൂന്നാമതൊരാള്‍ക്ക് സ്വതന്ത്രമായി പരീക്ഷിച്ച് വസ്തുനിഷ്ഠമെന്നു ബോധ്യപ്പെടാനായില്ലെങ്കില്‍ ഏത് അവകാശവാദങ്ങളും പൊളിയും. കോക്സ്-2 നിരോധകമരുന്നുകളുടെ കാര്യത്തിലും ഇതു സംഭവിച്ചു.

2002ല്‍ വയോക്സ് മരുന്നിനു ഹൃദ്‌രോഗികളില്‍ കൂടുതല്‍ ഹൃദയാഘാതസാധ്യതയുണ്ട് എന്ന് ന്യൂ ഇംഗ്ലന്റ് ജേണല്‍ ഒഫ് മെഡിസിന്‍ (NEJM) എന്ന പ്രശസ്ത അമേരിക്കന്‍ വൈദ്യശാസ്ത്ര വാരികയിലൂടെ പുറത്തു വന്നെങ്കിലും പഠനത്തിന്റെ പൂര്‍ണവിവരങ്ങള്‍ വാരികയുടെ എഡിറ്റര്‍മാരില്‍ നിന്നും ഗവേഷകരും അവരെ പിന്തുണച്ച മരുന്നുകമ്പനിയും മറച്ചുപിടിച്ചു എന്ന ഗുരുതരമായ തെറ്റ് 2005ല്‍ പുറത്തുവന്നു. ന്യൂ ഇംഗ്ലന്റ് ജേണലിന്റെ എഡിറ്റര്‍മാര്‍ തന്നെ ഈ ആരോപണമുന്നയിച്ചുകൊണ്ട് എഡിറ്റോറിയല്‍ പ്രസിദ്ധീകരിക്കുകയും വലിയൊരു വിവാദത്തിനു തുടക്കമിടുകയും ചെയ്തു. വയോക്സ് മരുന്നുമൂലം ഹൃദ്‌രോഗികളിലെ ഹൃദയാഘാത സാധ്യത യഥാര്‍ത്ഥത്തില്‍ 5 ഇരട്ടിയോളമാണെന്ന വിവരം മറച്ചുപിടിക്കാനായി ചില വിവരങ്ങള്‍ വാരികയ്ക്ക് നല്‍കിയ പഠനത്തിന്റെ പതിപ്പില്‍ നിന്നു വിട്ടുകളഞ്ഞു എന്നതായിരുന്നു ആരോപണത്തിന്റെ കാതല്‍.

വൈദ്യശാസ്ത്രത്തിന്റെ പ്രയോഗത്തെ സംബന്ധിച്ചു പൊതുവേ സോഷ്യലിസ്റ്റു കാഴ്ചപ്പാട് വച്ചുപുലര്‍ത്തുന്ന ന്യു ഇംഗ്ലന്റ് ജേണലും പക്കാ മുതലാളിത്തത്തിന്റെ പ്രയോക്താക്കളായ വാള്‍സ്ട്രീറ്റ് ജേണലും തമ്മില്‍ ഒരു “യുദ്ധ”ത്തിനും ഈ സംഭവങ്ങള്‍ പിന്നീട് വഴിവച്ചു.

ആദ്യ വയോക്സ് പഠനത്തോടൊപ്പം നടന്നതും പിന്നീട് നടന്നതുമായ പലപഠനങ്ങളും ഹൃദയാഘാത അപകട സാധ്യതയുടെ കാര്യം ശരിവയ്ക്കുന്നതായിരുന്നു. 2001, 2004, 2005 വര്‍ഷങ്ങളില്‍ വന്ന അനവധി പഠനങ്ങളില്‍ ഇക്കാര്യം മുഴച്ചുനിന്നു. ഇതില്‍ അമേരിക്കന്‍ എഫ്.ഡി.ഏ തന്നെ മുന്‍‌കൈ എടുത്തു നടത്തിയ പഠനങ്ങളും പെടും. ഹൃദയാഘാതം മാത്രമല്ല, ഹൃദയതാളം തെറ്റല്‍, പക്ഷാഘാതസാധ്യത എന്നിവയൊക്കെ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇവയിലൂടെയെല്ലാം ചൂണ്ടിക്കാണിക്കപ്പെട്ടത്.

നിലവിലെ ഈ സ്വിസ്സ് പഠനത്തിന്റെ തലവനായ പീറ്റര്‍ യൂനിയുടെ ഒരു പഠനം 2004ല്‍ ലാന്‍സെറ്റ് എന്ന ബ്രിട്ടിഷ് വൈദ്യശാസ്ത്ര ജേണലില്‍ വന്നതോടെ മെര്‍ക്ക് കമ്പനിയും എഫ്.ഡി.ഏയും പ്രതിക്കൂട്ടിലായി. വയോക്സ് (റോഫികോക്സിബ്) നിരോധിക്കാനും മാര്‍ക്കറ്റില്‍ നിന്ന് പിന്‍‌വലിക്കാനും ശക്തമായ സമ്മര്‍ദ്ദമാരംഭിച്ചു കഴിഞ്ഞിരുന്നു അപ്പോഴേക്ക്. അമേരിക്കന്‍-കനേഡിയന്‍ ഉപദേശകസമിതികള്‍ വയോക്സിനെതിരായ തെളിവുകള്‍ പരിശോധിച്ചശേഷം ഇവയെ മാര്‍ക്കറ്റില്‍ തിരികെ വില്‍ക്കാനിറക്കുന്നതിനു പ്രശ്നമില്ലെന്ന് വിധിയെഴുതിയെങ്കിലും മെര്‍ക്ക് കമ്പനി മരുന്ന് പൂര്‍ണമായും പിന്‍‌വലിക്കുകയാണു ചെയ്തത്.

വയോക്സിന്റെ ശവപ്പെട്ടിയില്‍ അവസാന ആണിയടിച്ചുകൊണ്ട് 2009ല്‍ മാസച്ച്യൂസെറ്റ്സ് ബേയ് സ്റ്റേറ്റ് മെഡിക്കല്‍ സെന്ററിലെ അനസ്തീഷിയ പ്രഫസറും വേദനസംഹാരി ഗവേഷകനുമായ പ്രഫസര്‍ സ്കോട്ട് റൂബന്‍ ഒരു ഡിപ്പാര്‍ട്ട്മെന്റുതല പരിശോധനയില്‍ പിടിയിലായി. തുടര്‍ന്ന് ടിയാന്‍ കുമ്പസാരവുമായി രംഗത്തെത്തി - താന്‍ വയോക്സും മറ്റ് ചില കോക്സ്-2 നിരോധക മരുന്നുകളും ഉള്‍പ്പടെ പല മരുന്നുകളുടെയും പ്രചരണാര്‍ത്ഥം 20-ല്പരം പഠനങ്ങള്‍ കെട്ടിച്ചമച്ചു എന്ന് ! ഫൈസര്‍, മെര്‍ക്ക് ലിറിക്കാ, സെലിബ്രെക്സ് തുടങ്ങിയ അന്താരാഷ്ട്ര മരുന്നുകുത്തകകളുടെ ഫണ്ട് ധാരാളമായി പറ്റിയിട്ടുള്ള ഡോ: റൂബന്‍ ഇപ്പോള്‍ ആരോഗ്യരംഗത്തെ കള്ളരേഖചമയ്ക്കലിനും വഞ്ചനാക്കുറ്റത്തിനും ജയില്‍ ശിക്ഷയനുഭവിക്കുകയാണ്.

നിങ്ങളുടെ ചികിത്സയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വലിയ പഠനങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത് വലിയൊരു ജനസംഖ്യയെയാണ്. ജനസംഖ്യാപഠനങ്ങളില്‍ നിന്നും ലഭിക്കുന്ന ശതമാനക്കണക്കുകളെയും അനുപാതക്കണക്കുകളെയും അങ്ങനെ തന്നെ എടുത്ത് ഒരു രോഗിയുടെ അപകടസാധ്യതയായോ രോഗസാധ്യതയായോ ഒക്കെ കണക്കാക്കുന്നത് ഒട്ടും ശാസ്ത്രീയമല്ല. അതുകൊണ്ടുതന്നെ ഇത്തരം പഠനങ്ങളെ പ്രായോഗികതലത്തില്‍ സമീപിക്കുന്നത് അവധാനതയോടെ വേണം. നിലവിലെ സ്വിസ് ഗവേഷണസംഘത്തിന്റെ പഠനമാകട്ടെ നേരിട്ടുള്ള ഒരു ജനസംഖ്യാപഠനമോ മരുന്നു പരീക്ഷണമോ അല്ല, മറിച്ച് ഇതുവരെ വന്ന പലപഠനങ്ങളുടെയും ഫലങ്ങളെ അവയുടെ ആകെത്തുകയില്‍ വിശകലനം ചെയ്യുന്നതാണ്.

എല്ലാ വേദനസംഹാരികളും ഹൃദയാഘാതമുണ്ടാക്കുമെന്നല്ല പഠനം സൂചിപ്പിക്കുന്നത്. ഹൃദയാഘാതമോ, ഉയര്‍ന്ന രക്തസമ്മര്‍ദ്ദമോ, മസ്തിഷ്കാഘാതമോ, മറ്റ് ഹൃദയ/ധമനീസംബന്ധ രോഗങ്ങളോ ഉള്ളവരില്‍ ഈ വേദനസംഹാരി മരുന്നുകള്‍ ഹൃദ്‌രോഗസാധ്യത വര്‍ദ്ധിപ്പിക്കുന്നു എന്നാണ് കൃത്യമായി പറഞ്ഞാല്‍ പുതിയ പഠനത്തിന്റെയും ഫലശ്രുതി. അപ്പോള്‍ ഇത്തരം രോഗങ്ങളുള്ളവരില്‍ വേദനസംഹാരികള്‍ ഉപയോഗിക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം.

വേദന സംഹാരിമരുന്നുകള്‍ കുറിപ്പടിയില്ലാതെ മരുന്നുകടയില്‍ നിന്ന് വാങ്ങിക്കഴിക്കരുത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമോ ഹൃദ്‌രോഗമോ ഉള്ളവര്‍ കോക്സ്-2 നിരോധക മരുന്നുകള്‍ പൂര്‍ണമായും ഒഴിവാക്കുക. ഇത്തരം രോഗങ്ങളുള്ളവര്‍ തങ്ങളുടെ ഡോക്ടറുമായി തുറന്ന് സംസാരിക്കുക. ഇത്തരം മരുന്നുകള്‍ കുറിപ്പടിയില്ലാതെ വില്‍ക്കുന്നത് ഒഴിവാക്കാനുള്ള നിയമനിര്‍മ്മാണം സര്‍ക്കാരിന്റെ ഭാഗത്തു നിന്നും വേണമെന്ന് ആവശ്യപ്പെടാനും ഇത്തരം പഠനങ്ങള്‍ മതിയായ കാരണങ്ങളാണ്.

കടപ്പാട്-മെഡിസിന്‍ അറ്റ് ബൂലോകം

2.54166666667
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top