অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വന്ധ്യത - കൂടുതൽ വിവരങ്ങൾ

വന്ധ്യത - കൂടുതൽ വിവരങ്ങൾ

വന്ധ്യതയ്‌ക്ക് ആധുനിക ചികിത്സ

മരുന്നുകള്‍ പരാജയപ്പെടുമ്പോള്‍ മാത്രമാണ്‌ ഐ. യു. ഐ, ഐ. വി. എഫ്‌, ഐ. സി. എസ്‌. ഐ തുടങ്ങിയ ചികിത്സകളുടെ ആവശ്യം വരുന്നത്‌. കൗണ്ട്‌ കുറഞ്ഞവര്‍ക്ക്‌ ഏറ്റവും ഫലപ്രദം ഇക്‌സിയാണ്‌.

മരുന്നുകൊണ്ടുള്ള ചികിത്സ, കൗണ്‍സലിംഗ്‌, ലാപ്രോസ്‌കോപ്പി ചികിത്സ, കൃത്രിമ ബീജ സങ്കലന ചികിത്സ എന്നിങ്ങനെ വന്ധ്യതാ ചികിത്സയ്‌ക്ക് വിവിധ ഘട്ടങ്ങളുണ്ട്‌.

വന്ധ്യത ദാമ്പത്യജീവിതത്തില്‍ ഒരു വെല്ലുവിളിയാണ്‌. ഭാരിച്ച ചെലവാണ്‌ വന്ധ്യതാ ചികിത്സയ്‌ക്ക് വേണ്ടിവരുന്നത്‌. ചികിത്സകളെക്കുറിച്ചുള്ള അജ്‌ഞതകൊണ്ട്‌ പലരും കബളിപ്പിക്കപ്പെടാനും ചികിത്സയ്‌ക്ക് എന്നപേരില്‍ വലിയതോതില്‍ പണം നഷ്‌ടപ്പെടുത്തിയെന്നും വരും.

ഇതിന്റെ ചികിത്സാ സാധ്യതകളെക്കുറിച്ചു അറിവുള്ളവര്‍ വളരെ ചുരുക്കമാണ്‌. വന്ധ്യതയ്‌ക്ക് ഫലപ്രദമായ ചികിത്സാരീതികള്‍ ഇന്ന്‌ ലഭ്യമാണ്‌. എന്നാല്‍ ചുരുക്കം ചിലര്‍ക്കുമാത്രമേ ചിലവേറിയ ചികിത്സ ആവശ്യമായി വരുന്നുള്ളൂ. വന്ധ്യത അത്ര ഗുരുതരമല്ലെങ്കില്‍ മരുന്നു കൊണ്ട്‌ തന്നെ മാറാവുന്നതേയുള്ളൂ.

മരുന്നുകള്‍ പരാജയപ്പെടുമ്പോള്‍ മാത്രമാണ്‌. ഐ. യു. ഐ, ഐ. വി. എഫ്‌, ഐ. സി. എസ്‌. ഐ തുടങ്ങിയ ചികിത്സകളുടെ ആവശ്യം വരുന്നത്‌. കൗണ്ട്‌ കുറഞ്ഞവര്‍ക്ക്‌ ഏറ്റവും ഫലപ്രദം ഇക്‌സി യാണ്‌.

മരുന്നുകൊണ്ടുള്ള ചികിത്സ, കൗണ്‍സലിംഗ്‌, ലാപ്രോസ്‌കോപ്പി ചികിത്സ, കൃത്രിമ ബീജ സങ്കലന ചികിത്സ എന്നിങ്ങനെ വന്ധ്യതാ ചികിത്സയ്‌ക്ക് വിവിധഘട്ടങ്ങളുണ്ട്‌. സാധാരണ ആര്‍ത്തവ ക്രമീകരണം മുതല്‍ ടെസ്‌റ്റ്യൂബ്‌ ബേബി (ഐ. വി. എഫ്‌) വരെയുള്ള ചികിത്സാരീതിയും നിലവിലുണ്ട്‌.

ഐ. യു. ഐ

പുരുഷവന്ധ്യതയില്‍ ബീജാണുക്കളുടെ ഗുണനിലവാരമോ എണ്ണമോ മോശമായി വരുമ്പോള്‍ ബീജം ലാമ്പില്‍ കഴുകി (സ്‌പേം വാഷ്‌) ബീജാണുക്കളുടെ സാന്ദ്രതയും സഞ്ചാരശേഷിയും വര്‍ധിപ്പിച്ച്‌ ഗര്‍ഭപാത്രത്തിനകത്തേക്ക്‌ നിക്ഷേപിക്കുന്ന ചികിത്സയാണിത്‌.

വളരെ ചിലവു കുറഞ്ഞ ചികിത്സാ രീതിയാണിത്‌. വൃത്തിയും ആധുനിക സൗകര്യങ്ങളുള്ള ലാമ്പില്‍ വേണം ചികിത്സ നടത്താന്‍ അല്ലെങ്കില്‍ ചിലപ്പോള്‍ ഗര്‍ഭപാത്രത്തില്‍ ഇന്‍ഫക്ഷന്‍ വരാന്‍ സാധ്യതയുണ്ട്‌.

അണ്ഡവിസര്‍ജനം അള്‍ട്രാസൗണ്ട്‌ സ്‌കാനിംഗ്‌ ഉപയോഗിച്ച്‌ തീര്‍ച്ചപ്പെടുത്തിയതിനുശേഷമാണ്‌ ഐ. യു. ഐ ചെയ്യുന്നത്‌. ബീജ നിലവാരം മോശമാണെങ്കില്‍ ഐ. സി. എസ്‌. ഐ ചികിത്സ വേണ്ടിവരാറുണ്ട്‌.

ഇക്‌സി/ഐ. വി. എഫ്‌

ചില സമയങ്ങളില്‍ വന്ധ്യതാ ചികിത്സയ്‌ക്കെത്തുന്നവരില്‍ ആധുനിക ചികിത്സയായ ടെസ്‌റ്റ്യൂബ്‌ ചികിത്സ ആവശ്യമായി വരാം. ചിലവേറിയ ചികിത്സയാണിത്‌.

കൃത്യമായ കാരണം കണ്ടുപിടിക്കാനാകാത്ത അവസ്‌ഥ, സ്‌ത്രീകളിലെ ബീജ സങ്കലനത്തിന്‌ പ്രശ്‌നം നേരിടുമ്പോള്‍, പോളിസിസ്‌റ്റിക്ക്‌ ഓവറിക്ക്‌ മറ്റു ചികിത്സകള്‍ ഫലിക്കാതെ വരുമ്പോള്‍, എന്‍ഡോമെട്രിയോസിസ്‌ കൂടുതലുള്ളവര്‍ എന്നിവര്‍ക്കാണ്‌ ഈ ചികിത്സ വേണ്ടി വരുന്നത്‌.

പുരുഷവന്ധ്യതയില്‍ ബീജാണുക്കളുടെ എണ്ണക്കുറവ്‌, സഞ്ചാരശേഷിയില്ലയ്‌മ, ബീജം പുറത്തുവരാത്ത അവസ്‌ഥ എന്നിവയ്‌ക്ക് 'ഇക്‌സി' വളരെ ഫലപ്രദമാണ്‌. ആധുനിക സാങ്കേതിക ഉപകരണങ്ങളുപയോഗിച്ച്‌ കൃത്രിമമായി ബീജ സങ്കലനം നടത്തുന്ന രീതിയാണ്‌ ഇക്‌സി.

അള്‍ട്രാസൗണ്ട്‌ സ്‌കാനിംഗ്‌ നിയന്ത്രണത്തില്‍ പുറത്തെടുത്ത അണ്ഡാണുവിലേക്ക്‌ അതി സൂക്ഷ്‌മമായ സൂചി ഉപയോഗിച്ച്‌ ബീജം കുത്തിവച്ചാണ്‌ ഇക്‌സി നടത്തുന്നത്‌. ഇത്‌ ഫലപ്രദമായ ബീജ സങ്കലനം സാധ്യമാക്കുന്നു.

ടെസ്‌റ്റ്യൂബ്‌ ശിശു ചികിത്സ

ഇതൊരു ചെലവേറിയ ചികിത്സാരീതിയാണ്‌. ദമ്പതികളുടെ പ്രായം, ചികിത്സ നടത്തുന്ന സെന്ററിലെ സൗകര്യങ്ങള്‍, ഡോക്‌ടറുടെ അനുഭവപരിചയം എന്നീ ഘടകങ്ങള്‍ മൂലം വിജയ സാധ്യത 5 മുതല്‍ 60 ശതമാനം വരെ വര്‍ധിക്കാനും സാധ്യതയുണ്ട്‌. ഇക്‌സി ചികിത്സയുടെ വിജയശതമാനം വര്‍ധിപ്പിക്കുന്ന പുതിയ രീതികള്‍ ഇന്ന്‌ നിലവിലുണ്ട്‌.

ഇംസി ചികിത്സ

ഇംസിയില്‍ പലപ്പോഴും അണ്ഡത്തിന്റെ ഗുണമേന്മ കൃത്യമായി മനസിലാക്കാന്‍ കഴിയില്ല. ഇക്‌സി ചെയ്യുന്ന മൈക്രോമാനിപ്പുലേറ്ററില്‍ ഒരു സോഫ്‌റ്റ് വെയര്‍ ഘടിപ്പിച്ച്‌ ബീജത്തെ വലുതാക്കി കാണിക്കുന്നു.

നല്ല ബീജത്തെ ഇക്‌സിക്കായി ഉപയോഗിക്കുന്ന രീതിയാണ്‌ ഇംസി. ഇതുവഴി എംബ്രിയോളജിസ്‌റ്റിന്‌ ആരോഗ്യമുള്ള ബീജാണുക്കള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കുന്നു.

കാരണങ്ങള്‍ കണ്ടുപിടിക്കാന്‍ കഴിയാത്ത വന്ധ്യതയില്‍ പോലും ഇംസി സഹായകമാണ്‌. പുരുഷവന്ധ്യതയില്‍ വിജയസാധ്യതയുള്ള ചികിത്സയാണിത്‌. ബ്ലാസ്‌റ്റോസൈസ്‌ ഫോര്‍മേഷന്‍, ഗര്‍ഭസാധ്യത തുടങ്ങിയവ ഇംസി യിലൂടെ സാധ്യമാണ്‌.

ഐ. വി. എം

അണ്ഡോല്‌പാദനം കൂട്ടാന്‍ ഇഞ്ചക്ഷന്‍ നല്‍കുമ്പോള്‍ വളരെക്കുടുതല്‍ അണ്ഡം ഉണ്ടാകുന്നു എന്നതാണ്‌് 'ഹൈപ്പര്‍ സ്‌റ്റിമുലേഷന്‍ സിന്‍ഡ്രോം' എന്ന അവസ്‌ഥയ്‌ക്ക് കാരണം. പലപ്പോഴും ഇക്‌സി ചികിത്സ നിര്‍ത്തി വെക്കേണ്ടി വരും.

ഇതിനൊരു പരിഹാരമാണ്‌ ഐ. വി. എം ചികിത്സ. ഇഞ്ചക്ഷനുകള്‍ നല്‍കി അണ്ഡം പാകപ്പെടുന്നതിനു മുമ്പുതന്നെ പുറത്തെടുത്ത്‌ ലാമ്പില്‍ വെച്ച്‌ വളര്‍ത്തി ഇക്‌സി ചികിത്സ ചെയ്യുന്നതാണ്‌ ഈ രീതി.

പി. ജി. ഡി

വളരെ ലളിതമായ ചികിത്സാരീതിയാണിത്‌. ഇക്‌സി ചികിത്സയില്‍ ഭ്രൂണം ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്നതിനു മുമ്പ്‌ തന്നെ ഭ്രൂണത്തില്‍ നിന്നും ഒരു കോശമെടുത്ത്‌ 'ഫിഷ്‌ ടെക്‌നോളജി' ഉപയോഗിച്ച്‌ തകരാറുകളൊന്നുമില്ലെന്ന്‌ ഉറപ്പുവരുത്തി ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്ന രീതിയാണിത്‌.

ശുക്ലദാനം

പുരുഷന്റെ വൃഷണത്തില്‍ നിന്ന്‌ തീരെ ബീജം ഉല്‍പ്പാദിപ്പിക്കപ്പെടാത്ത സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്‌. ഈ അവസ്‌ഥയില്‍ ഒരു ദാതാവിന്റെ ബീജം കഴുകി ഗര്‍ഭപാത്രത്തിനകത്തേക്ക്‌ നിക്ഷേപിക്കുന്നതാണ്‌ ശുക്ലദാനം എന്നുപറയുന്നത്‌.

രോഗങ്ങളൊന്നും തന്നെയില്ലാത്തതും ആരോഗ്യമുള്ളതുമായ ദാതാവിന്റെ ബീജം ശേഖരിച്ച്‌ പകര്‍ച്ച വ്യാധികളൊന്നുമില്ലെന്ന്‌ ഉറപ്പുവരുത്തിയ ശേഷം ശീതസംഭരണികളില്‍ സൂക്ഷിച്ചു വച്ചാണ്‌ ഇത്‌ ചെയ്യുന്നത്‌.

നൂറുശതമാനം വൃത്തിയുള്ള ലബോറട്ടറികളില്‍ വച്ചാണ്‌ ശുക്ലശീതീകരണവും ബീജം തയാറാക്കലും നടക്കുന്നത്‌. ഇക്‌സിയേക്കാള്‍ ചിലവു കുറവാണിതിന്‌.

ഗര്‍ഭാശയം വാടകയ്‌ക്കെടുക്കല്‍

ഗര്‍ഭപാത്രം വാടകയ്‌ക്ക് എടുക്കുക എന്നത്‌ ശരാശരി മലയാളിയെ സംബന്ധിച്ച്‌ ബുദ്ധിമുട്ടുള്ളകാര്യമാണ്‌. എങ്കിലും ഏറ്റവും ഗുരുതരമായ വന്ധ്യതാ കേസുകളില്‍ ഗര്‍ഭപാത്രം വാടകയ്‌ക്കെടുക്കല്‍ മാത്രമാണ്‌ പരിഹാരം എന്ന അവസ്‌ഥ വരാറുണ്ട്‌.

മുകളില്‍ പറഞ്ഞ രീതി അനുസരിച്ച്‌ 90 ശതമാനം വന്ധ്യതയും ചികിത്സിച്ചു ഭേദമാക്കാവുന്നതാണ്‌. അപൂര്‍വം കേസുകളില്‍ ഗര്‍ഭപാത്രം തീരെ അനുകൂലമല്ലാത്ത അവസ്‌ഥയില്‍ സ്വന്തം കുഞ്ഞിനെ ലഭിക്കാന്‍ സറോഗസി അഥവാ ഗര്‍ഭപാത്രം വാടകയ്‌ക്കെടുക്കല്‍ വേണ്ടിവരും.

ഭ്രൂണം ഉണ്ടായാലും ചിലപ്പോള്‍ അത്‌ ഗര്‍ഭപാത്രത്തില്‍ പറ്റിപ്പിടിച്ച്‌ വളരാനുള്ള പ്രവണത കാണിക്കാറില്ല. ഇത്തരം അപൂര്‍വ്വം കേസുകളില്‍ മാത്രമാണ്‌ വന്ധ്യത ചികിത്സിച്ച്‌ ഭേദമാക്കാന്‍ കഴിയാതെ പോകുന്നത്‌.

എ. ആര്‍. ടി

കുട്ടികള്‍ ഉണ്ടാകാന്‍ യാതൊരു സാധ്യതയു മില്ലാത്തവര്‍ക്കാണ്‌ ഈ രീതി സാധാരണ ഉപയോഗിക്കുന്നത്‌. അണ്ഡവാഹിനിക്കുഴല്‍ അടഞ്ഞുപോയവര്‍ക്കും അണ്‍എക്‌ സ്‌പ്ലെയ്‌ന്‍ഡ്‌ ഇന്‍ഫെര്‍ട്ടിലിറ്റി കേസുകളിലുമൊക്കെ ഫലപ്രദമായ മാര്‍ഗമാണിത്‌.

അണ്ഡം പുറത്തെടുത്ത്‌ ബീജ സങ്കലനത്തിനു ശേഷം തിരികെ ഗര്‍ഭപാത്രത്തില്‍ വയ്‌ക്കുന്ന രീതിയാണിത്‌. എന്‍ഡോമെട്രിയോസിസ്‌ രോഗം മൂലം ശരിയായ ബീജസങ്കലനം നടക്കാത്തവര്‍ക്കും ടെസ്‌റ്റ്യൂബ്‌ ചികിത്സ ഫലപ്രദമാണ്‌.

വന്ധ്യത ഒഴിവാക്കാന്‍ ശരിയായ ലൈംഗികത

 

ലൈംഗിക അജ്‌ഞത വന്ധ്യതയിലേക്ക്‌ വഴിതെളിക്കാം. ശരിയായ ലൈംഗികതയെക്കുറിച്ച്‌ അറിയുക.

വന്ധ്യതാ ചികിത്സയ്‌ക്കായി ഇറങ്ങിത്തിരിക്കുംമുമ്പ്‌ സ്വയം പരിശോധന നടത്തണം. സെക്‌സ് ഗര്‍ഭധാരണത്തിനുതകുന്ന വിധമല്ലെങ്കില്‍ ഗര്‍ഭധാരണം സംഭവിച്ചെന്നു വരില്ല. വിവാഹം കഴിഞ്ഞിട്ട്‌ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുഞ്ഞുങ്ങളുണ്ടാകാത്തത്‌ വന്ധ്യതാ പ്രശ്‌നംകൊണ്ടു മാത്രം ആവണമെന്നില്ല.

ശരിയായ രീതിയിലും ശരിയായ സമയത്തും ലൈംഗികബന്ധത്തിലേര്‍പ്പെടാതിരുന്നാല്‍ പ്രത്യുല്‍പാദനം സാധ്യമാവണമെന്നില്ല. ഒരുപക്ഷേ, ലൈംഗികമായി സംതൃപ്‌തി ലഭിക്കുന്നുണ്ടെങ്കിലും ഇതുകൊണ്ടു മാത്രം പ്രത്യുല്‍പാദനം നടക്കണമെന്നില്ല. വന്ധ്യതയ്‌ക്ക് ചികിത്സതേടി ആശുപത്രിയിലെത്തുന്ന ഒരു വിഭാഗം ദമ്പതിമാരുടെയും പ്രശ്‌നം ശരിയായ ലൈംഗികബന്ധത്തിന്റെ അഭാവമായിരിക്കും.

ഉത്‌കണ്‌ഠ ഒഴിവാക്കുക

ലൈംഗികതയോടുള്ള കടുത്ത ഉത്‌കണ്‌ഠ പുരുഷന്മാരില്‍ പ്രത്യുല്‍പാദനത്തിന്‌ തടസമാകാറുണ്ട്‌. സെക്‌സിനെക്കുറിച്ച്‌ കുട്ടിക്കാലം മുതല്‍ മനസില്‍ കുടിയേറിയ തെറ്റിദ്ധാരണകള്‍ വിവാഹശേഷവും വിടാതെ കൂടുന്നതാണ്‌ ഉത്‌കണ്‌ഠയ്‌ക്ക് കാരണം. ഇത്‌ ലൈംഗികതയെ താറുമാറാക്കുന്നു.

ലൈംഗിക താല്‍പര്യത്തോടെ ഭാര്യയെ സമീപിക്കുകയും എന്നാല്‍ അമിത ഉത്‌കണ്‌ഠമൂലം ഉദ്ധാരണം സാധ്യമാവാത്തവരുണ്ട്‌. മതപരവും മാതാപിതാക്കളുടെ കര്‍ശന ചുറ്റുപാടില്‍ ജീവിച്ചതുകൊണ്ട്‌ ഉണ്ടാകുന്ന പാപബോധം, ഭയം, കുട്ടിക്കാലത്തെ തെറ്റായ ലൈംഗികാനുഭവം തുടങ്ങിയവയൊക്കെ ഉത്‌കണ്‌ഠയ്‌ക്ക് കാരണമാകാം. ഇത്തരത്തിലുള്ള ഉത്‌കണ്‌ഠ ഒഴിവാക്കിയാല്‍ മാത്രമേ ശരിയായ ലൈംഗികബന്ധം സാധ്യമാവുകയുള്ളൂ.

എപ്പോള്‍ ബന്ധപ്പെടണം

സ്‌ത്രീകളില്‍ അണ്ഡവിസര്‍ജനത്തോട്‌ അടുത്ത ഏതാനും ദിവസങ്ങളില്‍ ബന്ധപ്പെട്ടാലാണ്‌ ഗര്‍ഭധാരണം സാധ്യമാവുകയുള്ളൂ. അതുകൊണ്ട്‌ ഒന്നോ, രണ്ടോ മാസം ഒന്നിച്ചു കഴിഞ്ഞിട്ടും ഗര്‍ഭധാരണം സംഭവിക്കാത്തതില്‍ പരിഭ്രമിക്കേണ്ടതില്ല. ഗര്‍ഭാശയകവാടത്തില്‍ പ്രത്യേകതരം ശ്ലേഷ്‌മ പദാര്‍ഥം നിറഞ്ഞാണിരിക്കുന്നത്‌.

സാധാരണ ദിവസങ്ങളില്‍ ഈ ശ്ലേഷ്‌മ പദാര്‍ഥം കട്ടപിടിച്ച്‌ അടഞ്ഞിരിക്കും. എന്നാല്‍ അണ്ഡവിസര്‍ജത്തോട്‌ അടുത്ത ദിവസങ്ങളില്‍ ഈ ശ്ലേഷ്‌മവസ്‌തു അലിഞ്ഞ്‌ മൃദുവായിത്തീരുന്നു. മറ്റ്‌ ദിവസങ്ങളില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ യോനിയില്‍ നിക്ഷേപിക്കപ്പെടുന്ന ബീജം ഗര്‍ഭപാത്രത്തിലെത്താതെ തടയുന്നത്‌ ഈ ശ്ലേഷ്‌മ സംവിധാനമാണ്‌.

അണ്ഡവിസര്‍ജനം അടുത്ത ദിവസങ്ങളില്‍ ശ്ലേഷ്‌മവസ്‌തു കൂടുതല്‍ മൃദുവായിരിക്കുന്നതിനാല്‍ ബീജം അവിടെ തങ്ങിനില്‍ക്കുകയും ഓവുലേഷന്‍ സമയത്ത്‌ പുറത്തുവരുന്ന അണ്ഡവുമായി ചേര്‍ന്ന്‌ ഭ്രൂണം രൂപപ്പെടുകയും ചെയ്യുന്നു. പുരുഷബീജത്തിന്‌ 72 മണിക്കൂര്‍ വരെ ഗര്‍ഭായത്തിനു മുന്നില്‍ സജീവമായിരിക്കാനുള്ള കഴിവുണ്ട്‌.

കണക്കുകള്‍ സൂക്ഷിക്കുക

ആര്‍ത്തവവുമായി ബന്ധപ്പെട്ട്‌ ഗര്‍ഭധാരണത്തിന്‌ സാധ്യതയുള്ള ദിവസങ്ങള്‍ കണക്കുകൂട്ടുക. ആ ദിവസങ്ങളില്‍ അതായത്‌ അണ്ഡവിസര്‍ജനത്തോട്‌ അടുത്തദിവസങ്ങള്‍ തിരിച്ചറിഞ്ഞ്‌ ബന്ധപ്പെടണം.

കൃത്യമായ ആര്‍ത്തവചക്രമുള്ള സ്‌ത്രീകള്‍ക്ക്‌ അണ്ഡവിസര്‍ജനം എന്നായിരിക്കുമെന്ന്‌ എളുപ്പം കണക്കാക്കാം. 28 ദിവസമുള്ള ആര്‍ത്തവചക്രത്തില്‍ 14 -ാം ദിവസമാണ്‌ സാധാരണ അണ്ഡവിസര്‍ജനമുണ്ടാവുക. ഈ ദിവസം കണക്കുകൂട്ടി ബന്ധപ്പെടാം.

എന്നാല്‍ ഈ ദിവസം കൃത്യമായി കണക്കുകൂട്ടി ബന്ധപ്പെടുമ്പോള്‍ പുരുഷന്‍ മാനസിക പിരിമുറുക്കത്തിലാവാതിരിക്കാന്‍ ശ്രമിക്കണം. അണ്ഡവിസര്‍ജനത്തോട്‌ അടുത്ത ദിവസങ്ങള്‍ കണക്കുകൂട്ടി ഒന്നിടവിട്ട ദിവസങ്ങളില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ശ്രമിക്കുക.

പുരുഷ വന്ധ്യത കാരണങ്ങള്‍ പലത്‌

പരിശോധനയില്‍ സ്‌ത്രീയുടെ തകരാറല്ല വന്ധ്യതയ്‌ക്ക് കാരണമെങ്കില്‍ പുരുഷനെ വിശദമായി പരിശോധിക്കേണ്ടിവരും. ഇതിനായി പല ടെസ്‌റ്റുകളും നടത്തേണ്ടിവരും. അതിനു ശേഷമാണ്‌ കൃത്യമായ നിഗമനത്തിലെത്തിച്ചേരാന്‍ സാധിക്കുകയുള്ളൂ.

ജീവിതശൈലി പ്രശ്‌നങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ പുരുഷവന്ധ്യതയ്‌ക്ക് ശാരീരികമായ കാരണങ്ങള്‍ നിരവധിയാണ്‌. ചികിത്സ ആവശ്യമായിവരുന്നത്‌ ശാരീരിക കാരണങ്ങള്‍കൊണ്ടുള്ള വന്ധ്യതയ്‌ക്കാണ്‌. പരിശോധനയില്‍ സ്‌ത്രീയുടെ തകരാറല്ല വന്ധ്യതയ്‌ക്ക് കാരണമെങ്കില്‍ പുരുഷനെ വിശദമായി പരിശോധിക്കേണ്ടിവരും.

ഇതിനായി പല ടെസ്‌റ്റുകളും നടത്തേണ്ടിവരും. അതിനു ശേഷമാണ്‌ കൃത്യമായ നിഗമനത്തിലെത്തിച്ചേരാന്‍ സാധിക്കുകയുള്ളൂ. മാനസിക പ്രശ്‌നമല്ല കാരണമെന്ന്‌ തെളിഞ്ഞാല്‍ ശുക്ലപരിശോധന ഉള്‍പ്പെടെയുള്ള മറ്റ്‌ പരിശോധനകള്‍ നടത്താം.

ബീജസംഖ്യ കുറവ്‌, ബീജത്തിന്റെ ചലനശേഷിയില്ലായ്‌മ, ബീജവാഹിനിയിലെ തടസങ്ങള്‍, ബീജത്തെ നശിപ്പിക്കുന്ന ആന്റിബോഡിയുടെ സാന്നിധ്യം, ലിംഗത്തിന്റെ തകരാറുകള്‍, ലൈംഗിബന്ധത്തിലെ ബുദ്ധിമുട്ടുകള്‍, ഹോര്‍മോണ്‍ തകരാറുകള്‍, വെരിക്കോസില്‍, കൗമാരപ്രായത്തിലെ മുണ്ടിനീര്‌ തുടങ്ങിയവയാണ്‌ പുരുഷവന്ധ്യവന്ധ്യതയിലേക്ക്‌ നയിക്കുന്നത്‌. ഇവയില്‍ ഒരു തകരാര്‍ മാത്രമായോ ഒന്നിലധികം തകരാറുകളോ ഒരു വ്യക്‌തിയില്‍ കണ്ടെന്നുവരാം.

ബീജസംഖ്യയുടെ കുറവ്‌

കൗണ്ട്‌ അഥവാ സ്‌പേം കൗണ്ട്‌ എന്നാണ്‌ ബീജസംഖ്യയെക്കുറിച്ച്‌ പറയുന്നത്‌. ഒരുപക്ഷേ, വന്ധ്യതയുമായി ബന്ധപ്പെട്ട്‌ ഏറ്റവും കൂടുതല്‍ കേട്ടിട്ടുള്ളതും ഈ വാക്കുകള്‍ തന്നെയാവും. സാധാരണയായി ഒരു മില്ലി ലിറ്റര്‍ ശുക്ലത്തില്‍ 100 ദശലക്ഷം അല്ലെങ്കില്‍ പത്തുകോടി ബീജങ്ങള്‍ വരെ ഉണ്ടായിരിക്കും.

ശരാശരി കണക്ക്‌ അനുസരിച്ച്‌ ഒരു സ്‌ഖലനത്തില്‍ 60 കോടി ബീജങ്ങള്‍ പുറത്തുവരുന്നതായി കരുതുന്നു. ബീജസംഖ്യയും വന്ധ്യതയുമായി വളരെ അടുത്ത ബന്ധമാണുള്ളത്‌. ബീജത്തിന്റെ എണ്ണം ഒരു നിശ്‌ചിത പരിധിയില്‍താഴുന്നത്‌ വന്ധ്യതയിലേക്ക്‌ നയിച്ചെന്നു വരാം.

പ്രത്യുല്‍പാദനം സാധ്യമാകുന്നതിന്‌ ഒരു സ്‌ഖലനത്തില്‍ കുറഞ്ഞത്‌ 2 കോടി ബീജങ്ങള്‍ വേണമെന്നാണ്‌ ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌.

സംഭോഗ സമയത്ത്‌ യോനിയില്‍ നിക്ഷേപിക്കപ്പെടുന്ന കോടിക്കണക്കിനു ബീജങ്ങളില്‍ അയ്യായിരത്തില്‍ ഒന്നുമാത്രമാണ്‌ ഗര്‍ഭാശയഗള കവാടമായ സെര്‍വിക്കല്‍ മ്യൂക്കസിനടുത്തെത്തുന്നത്‌. നല്ല ബീജത്തെ മാത്രമേ മ്യൂക്കസ്‌ കടത്തിവിടുകയുള്ളു. മ്യൂക്കസും പിന്നിട്ട്‌ ഫലോപിയന്‍ നാളിയില്‍ എത്തുന്നത്‌ 14 മില്യണില്‍ ഒരുബീജവും.

ആധുനിക ചികിത്സാ സംവിധാനങ്ങള്‍ അനുസരിച്ച്‌ ആരോഗമുള്ള ഒരു ബീജമുണ്ടായാല്‍ പോലും കൃത്രിമ മാര്‍ഗത്തിലൂടെ ഗര്‍ഭധാരണം സാധ്യമാകും. അതേസമയം ഒറ്റ ബീജം പോലും ഇല്ലാതെ വന്നാല്‍ മറ്റ്‌ പോംവഴികളൊന്നുമില്ല.

ചലനശേഷി കുറഞ്ഞ ബീജങ്ങള്‍

ശുക്ല പരിശോധന നടത്തിയാണ്‌ ബീജത്തിന്റെ ചലനശേഷി നിശ്‌ചയിക്കുന്നത്‌. മൈക്രോസ്‌കോപിന്റെ സഹായത്തോടെയാണ്‌ ബീജത്തിന്റെ ചലനശേഷി മനസിലാക്കാന്‍ സാധിക്കുന്നത്‌. ഇന്ന്‌ നൂതന സാങ്കേതിക വിദ്യകള്‍ ഇതിനായി ഉപയോഗിക്കുന്നുണ്ട്‌.

നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്നതാണ്‌ ബീജങ്ങള്‍. എന്നാല്‍ വാല്‍ ചലിപ്പിച്ച്‌ മുന്നോട്ട്‌ കുതിക്കുന്ന ബീജങ്ങളാണ്‌ പ്രത്യുല്‍പാദനത്തിന്‌ ആവശ്യം. 50 ശതമാനം ബീജം ഇത്തരത്തില്‍ മുന്നോട്ടു കുതിക്കാന്‍ കഴിയുന്നവ ആയിരിക്കണം. ഇതില്‍ അതിവേഗത്തില്‍ നീങ്ങുന്ന 25 ശതമാനം ബീജങ്ങള്‍ ഉണ്ടായിരിക്കുകയും വേണം.

ബീജത്തിന്റെ ചലന വേഗത നിശ്‌ചയിക്കുന്നതില്‍ അതിന്റെ രൂപഘടനയും മുഖ്യ പങ്കുവഹിക്കുന്നുണ്ട്‌. മുന്നോട്ട്‌ കുതിക്കാന്‍ കഴിയുന്ന മുകളില്‍ പറഞ്ഞ 50 ശതമാനം ബീജത്തിനും ശരിയായ രൂപഘടന വേണം.

പല കാരണങ്ങള്‍കൊണ്ട്‌ ബീജത്തിന്റെ രൂപത്തില്‍ വ്യത്യാസം ഉണ്ടാകും. രൂപവൈകല്യമുള്ള ബീജങ്ങളെ ആരോഗ്യമുള്ള ബീജങ്ങളായി കരുതാനാവില്ല. ശരിയായ രൂപഗുണമുള്ള ബീജത്തിനു മാത്രമേ അണ്ഡത്തെ കീഴ്‌പ്പെടുത്താന്‍ സാധിക്കുകയുള്ളു.

ബീജവാഹിനികുഴലിലെ തടസങ്ങള്‍

വൃഷണത്തില്‍ ബീജോല്‍പാദനം ശരിയായ നിലയില്‍ നടക്കുന്നുണ്ടെങ്കിലും പുറത്തേക്കുള്ള കുതിപ്പിന്‌ തടസം നേരിടാം. അപൂര്‍വമായി ഉണ്ടാകുന്ന ഈ പ്രശ്‌നത്തിന്‌ കാരണം ബീജവാഹിനിക്കുഴലിലെ തടസമാണ്‌ കാരണം. വൃഷണകോശങ്ങളില്‍ നിന്ന്‌ എപ്പിഡിഡിമസിലൂടെ ശുക്ലനാളിയിലെത്തിയാണ്‌ ബീജങ്ങള്‍ പുറത്തുവരുന്നത്‌.

ഈ യാത്രയ്‌ക്ക് തടസം നേരിട്ടാല്‍ ബീജങ്ങള്‍ക്ക്‌ പുറത്തു കടക്കാനാവില്ല. ഇത്‌ വന്ധ്യതയ്‌ക്ക് കാരണമാകും. ശുക്ലപരിശോധനയില്‍ ബീജസംഖ്യ കുറവാണെന്നും വൃഷണത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാണെന്നും കണ്ടെത്തിയാല്‍ ബീജവാഹിനിക്കുഴലിലെ തടസമാണെന്ന്‌ സംശയിക്കാം.

പരിശോധനയില്‍ ബീജവാഹിനക്കുഴലിലെ തടസമാണ്‌ കാരണമെങ്കില്‍ ബീജം വൃഷണത്തില്‍ നിന്നോ ബീജസംഭരണിയില്‍ നിന്നോ നേരിട്ട്‌ കുത്തിയെടുത്ത്‌ അണ്ഡത്തില്‍ നിക്ഷേപിച്ച്‌ ഗര്‍ഭധാരണം സാധ്യമാക്കാം.

ആന്റിബോഡിയുടെ സാന്നിധ്യം

ബീജത്തെ നശിപ്പിക്കുന്ന ആന്റിബോഡിയുടെ സാന്നിധ്യം വന്ധ്യതയ്‌ക്ക് കാരണമാകാം. വന്ധ്യതാ ചികിത്സതേടിയെത്തുന്ന 10 ശതമാനം പുരുഷന്മാരുടെയും പ്രശ്‌നം ഇതാണ്‌. ആന്റിബോഡിയുടെ തീവ്രത കൂടുന്നതിന്‌ അനുസരിച്ചു വന്ധ്യതയ്‌ക്കുള്ള സാധ്യതയും കൂടുന്നു.

വൃഷണത്തിന്‌ ഏതെങ്കിലും തരത്തിലുള്ള ആഘാതമേറ്റിട്ടുള്ളവര്‍, വെരിക്കോസില്‍ ശസ്‌ത്രക്രിയ ചെയ്‌തിട്ടുള്ളവര്‍, വൃഷണത്തിന്‌ തകരാര്‍ സംഭവിച്ചവര്‍, വൃഷണത്തില്‍ നിന്ന്‌ ബയോപ്‌സി എടുത്തിട്ടുള്ളവര്‍, വൃഷണങ്ങള്‍ വൃഷണസഞ്ചിയിലേക്ക്‌ ഇറങ്ങാതിരിക്കുന്നവര്‍, പ്രോസ്‌റ്റേറ്റിസ്‌ തുടങ്ങി അണുബാധ പ്രശ്‌നമുള്ളവര്‍ എന്നിവര്‍ക്കൊക്കെ ബീജത്തെ നശിപ്പിക്കുന്ന ആന്റിബോഡിയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്‌. ഈ പ്രശ്‌നം ഒഴിവാക്കാന്‍ ചില പ്രത്യേക മരുന്നുകള്‍ നല്‍കാറുണ്ട്‌. എന്നാല്‍ ഈ മരുന്നുകള്‍ക്ക്‌ പാര്‍ശ്വഫലം ഉണ്ടാകാനുള്ള സാധ്യതയുണ്ട്‌.

ഹോര്‍മോണ്‍ തകരാറുകള്‍

ഹോര്‍മോണ്‍ തകരാര്‍ മൂലവും വന്ധ്യത സംഭവിക്കാം. ജീവിത രീതിയിലുണ്ടായ മാറ്റമാണ്‌ ഇതിന്‌ പ്രധാന കാരണമായി കരുതുന്നത്‌. രക്‌തപരിശോധനയിലൂടെയാണ്‌ ഹോര്‍മോണ്‍ വ്യതിയാനം തിരിച്ചറിയാന്‍ സാധിക്കുന്നത്‌. ഹോര്‍മോണ്‍ വ്യതിയാനം ബീജത്തിന്റെ ഗുണനിലവാരത്തില്‍ കുറവുവരുത്താം.

ലൈംഗികതയിലും ടെസ്‌റ്റോസ്‌റ്റിറോണ്‍ ഉല്‍പദനത്തിലും താളപ്പിഴകള്‍ സംഭവിക്കാം. പുറമേ നിന്നും ഹോര്‍മോണ്‍ നല്‍കിയുള്ള പരിഹാരമുണ്ട്‌. ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ്‌ തെറാപ്പിയുംസാധ്യമാണ്‌. എന്നാല്‍ ഈ ചികിത്സകള്‍ക്ക്‌ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാം.

അവയവത്തിന്റെ പ്രശ്‌നങ്ങള്‍

ലൈംഗികാവയവത്തിന്റെ തകരാര്‍ മൂലം വന്ധ്യത സംഭവിക്കാം. എന്നാല്‍ ഇത്‌ അത്യ അപൂവമാണ്‌. ലൈംഗികബന്ധത്തിന്‌ കഴിയാത്ത വിധം ലിംഗത്തിന്‌ വളവ്‌ ഉണ്ടായിരിക്കുക, ഉദ്ദരിക്കാതിരിക്കുക, മൂത്രനാളി ലിംഗത്തിനു ചുവട്ടില്‍ തുറക്കുക, ശുക്ലനാളിയില്‍ നിന്നും ശുക്ലം സ്‌ഖലനത്തിലൂടെ പുറത്തേക്ക്‌ വരാതെ മൂത്രസഞ്ചിയിലേക്ക്‌ തിരികെ പോവുക തുടങ്ങിയ പ്രശ്‌നങ്ങള്‍ ചിലരില്‍ കണ്ടുവരാറുണ്ട്‌. അവയവങ്ങള്‍ക്കുണ്ടാകുന്ന ഇത്തരം പ്രശ്‌നങ്ങള്‍ക്ക്‌ ശസ്‌ത്രക്രിയയിലൂടെ പരിഹാരം കണ്ടെത്താം.

ചികിത്സ തുടങ്ങും മുമ്പ്‌ വന്ധ്യത തിരിച്ചറിയണം

 

ദമ്പതികളെ ഇരുവരേയും ബാധിക്കുന്ന പ്രശ്‌നമാണ്‌ വന്ധ്യത. പങ്കാളികള്‍ ഇരുവരുടേയും സഹകരണം വന്ധ്യതാ നിര്‍ണ്ണയത്തിന്‌ ആവശ്യമാണ്‌. മാനസിക പ്രശ്‌നങ്ങളും വന്ധ്യതയ്‌ക്ക് ഒരു കാരണമാണ്‌

ദമ്പതികളെ ഇരുവരേയും ബാധിക്കുന്ന പ്രശ്‌നമാണ്‌ വന്ധ്യത. പങ്കാളികള്‍ ഇരുവരുടേയും സഹകരണം വന്ധ്യതാ നിര്‍ണ്ണയത്തിന്‌ ആവശ്യമാണ്‌. മാനസിക പ്രശ്‌നങ്ങളും വന്ധ്യതയ്‌ക്ക് ഒരു കാരണമാണ്‌. അതിനാല്‍ ഇരുവരും വിദഗ്‌ധരായ ഡോക്‌ടറുടെ സഹായം തേടേണ്ടത്‌ അത്യാവശ്യമാണ്‌. കൂടാതെ എല്ലാവിവരങ്ങളും ഡോക്‌ടറോട്‌ തുറന്നു സംസാരിക്കുകയും വേണം.

ഓരോരുത്തരും അവരുടെ ശാരീരികവും മാനസികവുമായ വിഷമതകള്‍ ഡോക്‌ടറെ അറിയിക്കുക എന്നതാണ്‌ രോഗ നിര്‍ണ്ണയത്തിന്റെ ആദ്യപടി. ചികിത്സാരീതികളോട്‌ രണ്ട്‌ പേരും ആത്മാര്‍ഥമായി സഹകരിച്ചെങ്കില്‍ മാത്രമേ അതുകൊണ്ട്‌ പ്രയോജനമുള്ളൂ.

പരിശോധനകളിലാണ്‌ തുടക്കം. വന്ധ്യത തിരിച്ചറിയുന്നതിന്‌ പലതരത്തിലുള്ള പരിശോധനകളുണ്ട്‌. ഡോക്‌ടറുടെ നിര്‍ദേശപ്രകാരമുള്ള പരിശോധനകള്‍ക്കു ശേഷമാണ്‌ വന്ധ്യത സ്‌ഥിരീകരിക്കുന്നത്‌.

അടിസ്‌ഥാന ശരീരതാപനിലാനിര്‍ണ്ണയം

സ്‌ത്രീകള്‍ ദിവസവും രാവിലെ സ്വന്തം ശരീരതാപനില കടലാസിലോ, കലണ്ടറിലോ അടയാളപ്പെടുത്തുക. ഋതുചക്രത്തിന്റെ രണ്ടാം പകുതിയില്‍ ശരീരതാപ നില വര്‍ദ്ധിക്കുന്നതായി കണ്ടാല്‍ അത്‌ അണ്ഡോല്‍പ്പാദനം കഴിഞ്ഞശേഷമുള്ള പ്രോജസ്‌റ്റ്റോണ്‍ വര്‍ദ്ധനവിനെയാണ്‌ സൂചിപ്പിക്കുന്നത്‌.

രക്‌ത പരിശോധന

സാധാരണ രക്‌ത പരിശോധനകളും, ഹോര്‍മോണ്‍ വിതാനങ്ങളും, ആന്റിബോഡികളുടെ സാന്നിധ്യവും മറ്റും മനസ്സിലാക്കുന്ന പരിശോധനകളും, സിഫിലിസ്‌, മറ്റ്‌ ലൈംഗിക പ്രസരിത രോഗങ്ങള്‍ മുതലായവയുടെ സാന്നിധ്യം മനസ്സിലാക്കുന്ന പരിശോധനകളും ആവശ്യമാണ്‌.

ബയോപ്‌സി പരിശോധന

ഗര്‍ഭാശയാന്തര്‍സ്‌തരത്തിന്റെ ഭാഗമെടുത്തുള്ള ബയോപ്‌സി പരിശോധന വേണ്ടത്ര ഹോര്‍മോണ്‍ ഉല്‌പാദനം നടക്കുന്നുണ്ടോ എന്നു മനസിലാക്കുവാന്‍ സാധിക്കും.

ഗര്‍ഭാശയ പരിശോധന

ഗര്‍ഭാശയ നിരീക്ഷണത്തിനായുള്ള ഹിസ്‌റ്ററോസ്‌കോപ്പ്‌് എന്ന ഉപകരണം യോനിയിലൂടെ ഗര്‍ഭാശയഗളംവഴി കടത്തി ഗര്‍ഭാശയത്തിന്റെ അന്തര്‍ഭാഗം നിരീക്ഷിച്ചു പഠിക്കുന്ന പ്രത്യേക പരിശോധനയാണിത്‌. ഗര്‍ഭാശയത്തിന്റെ ഉള്ളിലെ തകരാറുകളെ കണ്ടു പിടിക്കുവാന്‍ ഇതുമൂലം സാധിക്കുന്നു.

ഗര്‍ഭാശയത്തിന്റെ എക്‌സ്റേ പരിശോധന

ഗര്‍ഭാശയത്തിലേക്ക്‌ പ്രത്യേകതരം ഡൈ കുത്തിവച്ച ശേഷം എടുക്കുന്ന എക്‌സ്റേ, ഗര്‍ഭാശയത്തിന്റെ അന്തര്‍ഭാഗത്തുള്ള തകരാറുകള്‍, മുഴകള്‍, സെപ്‌റ്റം അണ്ഡവാഹിനിക്കുഴലിലെ തടസങ്ങള്‍ എന്നിവ കണ്ടെത്താന്‍ സാധിക്കുന്നു.

ഉദരാന്തര്‍വീക്ഷണ പരിശോധന

ഉദരത്തില്‍ ചെറിയ ഒരു പഴുതുണ്ടാക്കി അതിലൂടെ ലാപ്പറോസ്‌കോപ്പ്‌ എന്ന ഉപകരണം കടത്തി ഗര്‍ഭാശയവും, അണ്ഡാശയവും, അണ്ഡനാളിയും മറ്റും പരിശോധിക്കുന്നതാണിത്‌.

അള്‍ട്രാസൗണ്ട്‌ സ്‌കാന്‍ പരിശോധന

അള്‍ട്രാ സൗണ്ട്‌ സ്‌കാനിംഗ്‌ പരിശോധന എളുപ്പവും ലളിതവുമാണ്‌. ഈ പരിശോധന ഇന്ന്‌് വ്യാപകമായി ഉപയോഗിച്ചു വരുന്നു. യോനി വഴി ഉപയോഗിക്കാവുന്ന പ്രോബ്‌ ഇന്ന്‌ ലഭ്യമാണ്‌. ഈ പരിശോധന വഴി ഗര്‍ഭാശയത്തെ പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുന്നു.

ശുക്ലപരിശോധന

ശുക്ലത്തിന്റെ ബീജത്തിന്റെ എണ്ണം, പ്രകൃതി അതിന്റെ ചലനശേഷി ഇവയെല്ലാം പരിശോധിക്കുന്നു. ലൈംഗികവേഴ്‌ചയും മറ്റും 3 ദിവസത്തേക്ക്‌ ഉപേക്ഷിച്ചശേഷം ശേഖരിക്കുന്ന ശുക്ലം 2 മണിക്കൂറിനുള്ളില്‍ പരിശോധിക്കണം. ഉറ ഉപയോഗിക്കാതെ ശേഖരിച്ചതായിരിക്കണം ശുക്ലം. ഉറ ഉപയോഗിച്ചു ശേഖരിച്ചാല്‍ അതിലെ പൗഡര്‍ ബീജത്തിന്റെ ചലനശേഷിയെ കുറയ്‌ക്കും.

സ്‌ഖലനത്തില്‍ ശുക്ലത്തിന്റെ അളവ്‌ 3 മില്ലി ലിറ്ററും ഒരു മില്ലി മീറ്ററില്‍ ബീജത്തിന്റെ എണ്ണം 20 ദശലക്ഷത്തില്‍ കൂടും. അവയില്‍ സാധാരണ ആകൃതിയിലുള്ളവ 50 ബീജത്തില്‍ കൂടുതലും കാണപ്പെടും. ശുക്ലപരിശോധനയില്‍ ബീജത്തിന്റെ എണ്ണം കുറവാണെങ്കില്‍ മദ്യപാനം, മയക്കുമരുന്നുപയോഗം, പുകവലി, പരിസ്‌ഥിതിയില്‍ നിന്നുള്ള വിഷാംശം ഉള്ളില്‍ കയറുവാനുള്ള സാഹചര്യം ഇവയെല്ലാം വിലയിരുത്തേണ്ടതാണ്‌.

ലൈംഗികവേഴ്‌ചയ്‌ക്ക് ശേഷമുള്ള ഗര്‍ഭാശയഗള ദ്രാവകം പരിശോധന

ലൈംഗിക വേഴ്‌ചയ്‌ക്ക് ശേഷം 6 മണിക്കൂറിനുള്ളില്‍ ഗര്‍ഭാശയഗള ഭാഗത്തുനിന്നും ശേഖരിക്കുന്ന സ്രാവത്തിന്റെ പരിശോധനയാണിത്‌്. അണ്ഡോല്‍പാദന സമയത്താണ്‌ ഈ പരിശോധന നടത്തേണ്ടത്‌. ദ്രാവകത്തിന്റെ നിറവും പ്രകൃതിയും പരിശോധിക്കുന്നതു കൂടാതെ ബീജത്തിന്റെ എണ്ണവും പരിശോധിക്കുന്നു. ഈ ദ്രാവകത്തില്‍ ചലനശേഷിയുള്ള അഞ്ചോ അതിലധികമോ ബീജം സൂഷ്‌മദര്‍ശിനിയുടെ ഒരു വലിയ നിരീക്ഷണ തലത്തില്‍ കാണപ്പെടണം.

ബീജ ആന്റിബോഡി ടെസ്‌റ്റ്

പുരുഷന്റെശുക്ലവും, സ്‌ത്രീയുടെ ഗര്‍ഭാശയഗള സ്രാവദ്രാവകവും രക്‌തവും മറ്റും പരിശോധിച്ച്‌ ബീജാണുനാശകാരികളായ വസ്‌തുക്കള്‍ ഉണ്ടോ എന്നുള്ള പരിശോധനയാണിത്‌.

മൂത്രപരിശോധന

സ്‌ത്രീയുടെ മൂത്രപരിശോധനയില്‍ നിന്നും അണ്ഡോല്‍പാദനത്തെ ത്വരിതപ്പെടുത്തുന്ന പ്രത്യേക ഹോര്‍മോണിന്റെ സാന്നിധ്യം ഉണ്ടോയെന്നു മനസിലാക്കുവാന്‍ സാധിക്കും. അതും വന്ധ്യതാ നിര്‍ണയത്തിനുപകാരപ്പെടുന്ന ഒരു പ്രത്യേക മൂത്രപരിശോധനയാണ്‌.

ഒരാളില്‍ വന്ധ്യതാ നിര്‍ണ്ണയത്തിനായി ചെയ്യേണ്ടി വരുന്നത്‌ മേല്‍പറഞ്ഞ പരിശോധനകളില്‍ ഏതാനും ചിലതു മാത്രമായിരിക്കും. ഇവയിലേതു വേണമെന്ന്‌ ഒരു വിദഗ്‌ധ ഡോക്‌ടര്‍ ദമ്പതികളുമായി നടത്തുന്ന ചര്‍ച്ചയ്‌ക്കും ശരീര പരിശോധനയ്‌ക്കു ശേഷമാണ്‌ നിശ്‌ചയിക്കുന്നത്‌.

സ്‌ത്രീ വന്ധ്യത ഒഴിവാക്കാന്‍ ആയുര്‍വേദം

 

കുട്ടികളുണ്ടാവാത്തതിനാല്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്ന സ്‌ത്രീകളുടെ എണ്ണം വര്‍ധിച്ചുവരികയാണ്‌. വന്ധ്യത നിവാരണത്തിനായി ഡോക്‌ടര്‍മാരെ സമീപിക്കുന്ന രോഗികള്‍ നിരവധിയാണ്‌ .

'ഓമനത്തിങ്കല്‍ കിടാവോ നല്ല കോമള താമരപ്പൂവോ....' പത്തുമാസം തന്റെ ഉദരത്തില്‍ സംരക്ഷിച്ച്‌ നൊന്തു പ്രസവിച്ച കുഞ്ഞിനെ മാറോടു ചേര്‍ത്ത്‌ ഇങ്ങനെ താരാട്ട്‌ പാടുമ്പോള്‍ ഒരു അമ്മയ്‌ക്കുണ്ടാകുന്ന അനുഭൂതി അനിര്‍വചനീയമാണ്‌.

മാതൃത്വം ഒരു വരദാനവും അമ്മയാവുക എന്നത്‌ ഒരു സ്‌ത്രീയുടെ ജന്മസാഫല്യവും സ്വപ്‌നസാക്ഷാത്‌ക്കാരവുമാണ്‌. നമ്മുടെ ജീവിതം അര്‍ഥപൂര്‍ണമാകുന്നത്‌ സ്വന്തം രക്‌തത്തില്‍ കുഞ്ഞു പിറക്കുമ്പോഴാണ്‌.

കുട്ടികളുണ്ടാവാത്തതിനാല്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്ന സ്‌ത്രീകളുടെ എണ്ണം വര്‍ധിച്ചുവരികയാണ്‌. വന്ധ്യത നിവാരണത്തിനായി ഡോക്‌ടര്‍മാരെ സമീപിക്കുന്ന രോഗികള്‍ നിരവധിയാണ്‌. ലോകാരോഗ്യ സംഘടന 2008 ല്‍ ആണ്‌ വന്ധ്യതയെ ഒരു രോഗമായി പ്രഖ്യാപിച്ചത്‌.

വന്ധ്യതയുടെ കാരണങ്ങളില്‍ സ്‌ത്രീക്കും പുരുഷനും തുല്യ പങ്കാളിത്തമാണ്‌ ഉള്ളത്‌. ആധുനിക ജീവിത ശൈലിയില്‍ വന്നിട്ടുള്ള മാറ്റങ്ങളാണ്‌ വന്ധ്യതാ നിരക്ക്‌ കൂടാനുള്ള പ്രധാന കാരണം.

എന്താണ്‌ വന്ധ്യത

ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഒന്നും സ്വീകരിക്കാതെ ഒരു വര്‍ഷമെങ്കിലും സാധാരണ ദാമ്പത്യജീവിതം നയിച്ചിട്ടും ഗര്‍ഭം ധരിക്കാത്ത അവസ്‌ഥയാണ്‌ വന്ധ്യത്വം. വിവാഹശേഷം ഒരു വര്‍ഷം കഴിഞ്ഞിട്ടും കുട്ടികള്‍ ഉണ്ടാകുന്നില്ലെങ്കില്‍ മാത്രമേ ചികിത്സ നേടേണ്ടതുള്ളൂ.

കാരണങ്ങള്‍

പ്രായം - 22 വയസ്‌ മുതല്‍ 27 വയസ്‌ വരെയാണ്‌ ഗര്‍ഭധാരണത്തിനും പ്രസവത്തിനും അനുയോജ്യമായ സമയം. 30 വയസിനപ്പുറം നീട്ടിക്കൊണ്ട്‌ പോകുന്നത്‌ വന്ധ്യതാ സാധ്യത കൂട്ടും.

ആര്‍ത്തവ തകരാറുകള്‍

ആയൂര്‍വേദ ശാസ്‌ത്രമനുസരിച്ച്‌ എട്ട്‌ പ്രകാരത്തിലുള്ള ആര്‍ത്തവ ദുഷ്‌ടികളാണ്‌ വന്ധ്യതയുടെ പ്രധാന കാരണങ്ങള്‍. അതായത്‌ വാതജ, പിത്തജ, കഫജ, കുണച, ഗ്രന്ഥി, പൂയ, ക്ഷീണ, മലാര്‍ത്തവ എന്നിവയാണവ . ഇങ്ങനെ ദുഷിച്ചിരിക്കുന്ന ആര്‍ത്തവ ചക്രത്തിലുണ്ടാകുന്ന അണ്ഡം സന്താന ഉല്‍പാദനത്തിന്‌ യോഗ്യമല്ല.

ക്രമം തെറ്റിയ ആര്‍ത്തവം , രണ്ട്‌ അല്ലെങ്കില്‍ മൂന്ന്‌ മാസം കൂടുമ്പോള്‍ മാത്രം ആര്‍ത്തവം ഉണ്ടാവുക. അമിത രക്‌തസ്രാവം, കഠിനമായ വയറു വേദന ഇവയെല്ലാം ഭാവിയിലെ വന്ധ്യതയുടെ ലക്ഷണങ്ങളാകാം.

പോളിസ്‌റ്റിക്‌ ഒവേറിയന്‍ സിന്‍ഡ്രോം

അണ്ഡാശയത്തിനുള്ളില്‍ അനേകം സിസ്‌റ്റുകള്‍ ഉണ്ടാകുന്ന അവസ്‌ഥയാണിത്‌. പുരുഷ ഹോര്‍മോണായ ആന്‍ഡ്രോജന്റെ അളവ്‌ രക്‌തത്തില്‍ കൂടുന്നത്‌ മൂലം അമിത രോമ വളര്‍ച്ച ഉണ്ടാകും. അണ്ഡവിസര്‍ജനം നടക്കാത്തതുമൂലം ആര്‍ത്തവമില്ലായ്‌മ, ക്രമം തെറ്റിയ ആര്‍ത്തവം എന്നീ അവസ്‌ഥകളുണ്ടാകുന്നു. കഴുത്തിന്‌ പിന്‍ഭാഗം, ഗുഹ്യഭാഗം, കക്ഷം എന്നിവിടങ്ങളില്‍ കറുപ്പു നിറം കാണപ്പെടാം.

ഗര്‍ഭാശയ, അണ്ഡാശയ തകരാറുകള്‍

ഗര്‍ഭാശയത്തിന്റെയും അണ്ഡാശയത്തിന്റെയും ഘടനാ വൈകല്യങ്ങള്‍ വന്ധ്യതയ്‌ക്ക് കാരണമാകും. ഇത്‌ ജന്മനാ തന്നെയുള്ളതും പ്രായത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഈ അവയവങ്ങള്‍ക്ക്‌ സംഭവിക്കാത്തതിനാലും ആകാം.

അണ്ഡോല്‍പാദന ശേഷിക്കുറവ്‌, ഫലോപ്പിയന്‍ നാളിയിലെ തകരാറുകള്‍, ഗര്‍ഭാശയ മുഴകള്‍, ഭ്രൂണത്തിന്‌ ഗര്‍ഭപാത്രത്തില്‍ പറ്റിപ്പിടിച്ച്‌ വളരാന്‍ കഴിയാത്ത അവസ്‌ഥ, പുരുഷബീജത്തെ അന്യവസ്‌തുവായി കണ്ട്‌ പുറത്തേയ്‌ക്ക് തള്ളുക എന്നിവയും ഗര്‍ഭധാരണത്തിന്‌ തടസങ്ങളാണ്‌.

അണുബാധയും ലൈംഗിക തകരാറുകളും

യോനീവലയം, ഗര്‍ഭാശയ മുഖം എന്നിവിടങ്ങളിലെ അണുബാധ സ്‌ത്രീ വന്ധ്യതയ്‌ക്ക് കാരണമാകും. ലൈംഗീകതയെക്കുറിച്ചുള്ള അറിവില്ലായ്‌്മ കാരണം വന്ധ്യതയുണ്ടാകാം. ശരിയായ വിധത്തില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയാത്തത്‌, അണ്ഡാഗമനത്തോട്‌ അടുത്ത ദിവസങ്ങളില്‍ ബന്ധപ്പെടാതിരിക്കുക തുടങ്ങിയ കാരണങ്ങള്‍ക്കൊണ്ട്‌ ഗര്‍ഭധാരണം നടക്കാതെ വരുന്നു.

മാനസിക പ്രശ്‌നങ്ങള്‍

പങ്കാളികള്‍ തമ്മിലുള്ള മാനസിക ഐക്യമില്ലായ്‌മ. ജോലി സ്‌ഥലത്തെയും വീട്ടിലെയും ടെന്‍ഷന്‍ ലൈംഗീകതയെ ബാധിക്കുന്നു.

തൈറോയിഡ്‌

തൈറോയിഡ്‌ ഗ്രന്ഥിയുടെ പ്രവര്‍ത്തനം ശരിയായി നടക്കാത്തത്‌ മൂലമുണ്ടാകുന്ന ഹൈപ്പോ തൈറോയിഡിസവും ഹൈപ്പര്‍ തൈറോയിഡിസവും വന്ധ്യതയ്‌ക്ക് കാരണമാകുന്നു. ജനനേന്ദ്രിയങ്ങളുടെ രോഗാവസ്‌ഥകള്‍, ആര്‍ത്തവ ദുഷ്‌ടി, മാനസിക സമ്മര്‍ദങ്ങള്‍, ആഹാര രീതി തുടങ്ങിയവയെല്ലാം ഒരിക്കല്‍ ഗര്‍ഭം ധരിച്ച്‌ പ്രസവിച്ചവര്‍ക്കു പോലും പിന്നീട്‌ വന്ധ്യതയുണ്ടാക്കാം.

മദ്യപാനം, പുകവലി. രക്‌തക്കുറവ്‌, മലബന്ധം. വെള്ളപ്പോക്ക്‌ തുടങ്ങി വന്ധ്യതയുടെ കാരണങ്ങള്‍ ഒട്ടനവധിയാണ്‌. ഇവ യഥാസമയം ചികിത്സിച്ചു ഭേദപ്പെടുത്തേണ്ടതാണ്‌്.

ശ്രദ്ധിക്കാം ചില കാര്യങ്ങള്‍

1. പ്രായം കൂടുന്നതനുസരിച്ച്‌ വന്ധ്യതയ്‌ക്കുള്ള സാധ്യതയും കൂടുമെന്നതിനാല്‍ ആദ്യ ഗര്‍ഭധാരണം മുപ്പത്‌ വയസിനുള്ളില്‍ ആകാന്‍ ശ്രദ്ധിക്കുക.

2. ലൈംഗീകത, ജീവിതരീതികള്‍, ഗര്‍ഭനിരോധനം എന്നിവയെക്കുറിച്ചുള്ള പ്രാഥമിക വിദ്യാഭ്യാസം വിവാഹത്തിന്‌ മുമ്പേ നല്‍കുക.
3. പ്രത്യുല്‍പാദനത്തിന്‌ സ്‌ത്രീയെ പ്രാപ്‌തയാക്കുന്ന പ്രതിഭാസമാണ്‌ ആര്‍ത്തവം. അതിനാല്‍ ആര്‍ത്തവാരംഭം മുതല്‍ തന്നെ അമ്മമാര്‍ കുട്ടികളുടെ ആഹാരരീതിയിലും വ്യായാമത്തിലും പ്രത്യേക ശ്രദ്ധ കൊടുക്കണം. ആര്‍ത്തവ ക്രമക്കേടുകള്‍ ഉണ്ടെങ്കില്‍ ചികിത്സിച്ചു ഭേദപ്പെടുത്തുക.

4. സ്‌ത്രീശരീരത്തിന്റെ രോഗ പ്രതിരോധശേഷി കുറയുകയും ശാരീരികവും മാനസികവുമായ അസ്വസ്‌ഥതകള്‍ കൂടുകയും ചെയ്യുന്ന സമയമാണ്‌ ആര്‍ത്തവ കാലം. അതുകൊണ്ട്‌ ഈ സമയം വിശ്രമത്തിന്‌ പ്രാധാന്യം നല്‍കുക. ആര്‍ത്തവ കാലത്തെ ലൈംഗികബന്ധം ഒഴിവാക്കുക. മലമൂത്രവേഗങ്ങള്‍ തടഞ്ഞു നിര്‍ത്താതിരിക്കുക.

5. ചിട്ടയായ ജീവിത ശൈലി ഉണ്ടാക്കിയെടുക്കുക. മാനസിക സഘര്‍ഷങ്ങളും ആകാംക്ഷകളും ഒഴിവാക്കി മാനസിക ഉല്ലാസം നല്‍കുന്ന വ്യയാമങ്ങളും യോഗ പ്രാണായാമം എന്നി മാര്‍ഗങ്ങളും സ്വീകരിക്കുക.

6. ജനനേന്ദ്രിയങ്ങളിലും പരിസര പ്രദേശത്തും ചൂടു നിലനില്‍ക്കുന്ന രീതിയിലുള്ള വസ്‌ത്രങ്ങള്‍ ഒഴിവാക്കുകയും ശുചിത്വം പാലിക്കുകയും വഴി അണുബാധ തടയാം.

7. ഒരുമിച്ചുള്ള വ്യയാമം, നടത്തം, ടെന്‍ഷന്‍ പങ്കുവയ്‌ക്കല്‍ എന്നിവ ദമ്പതികള്‍ തമ്മിലുള്ള മാനസിക ഐക്യം വളര്‍ത്തും.
8. പങ്കാളിക്ക്‌ ഏതെങ്കിലും തരത്തിലുള്ള അണുബാധ ഉണ്ടെങ്കില്‍ അത്‌ ചികിത്സിച്ചു മാറ്റിയ ശേഷം മാത്രം ലൈംഗിക ബന്ധത്തിലേര്‍പ്പെടുക.

ആഹാരത്തില്‍ ശ്രദ്ധിക്കാം

കൃത്രിമ നിറവും മധുരവും നിറഞ്ഞ ആഹാരങ്ങളും പാനീയങ്ങളും റെഡിമെയ്‌ഡ്, ഫാസ്‌റ്റ് ഫുഡ്‌, ചായ, കാപ്പി എന്നിങ്ങനെ കഫീനുള്ള പാനീയങ്ങളും ഒഴിവാക്കണം.

ആഹാരരീതിയില്‍ ഉള്ള മറ്റങ്ങളാണ്‌ പി. സി. ഒ. എസ്‌ കൂടാനുള്ള പ്രധാന കാരണം. അതിനാല്‍ ഈ രോഗമുള്ളവര്‍ വണ്ണം കൂടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മത്സ്യമാംസാദികള്‍ കുറയ്‌ക്കുക. ധാരാളം വെള്ളം കുടിക്കുക. ഏത്തപ്പഴം, വെണ്ടയ്‌ക്കാ സൂപ്പ്‌, ബദാം, വെണ്ണ, പാല്‍ എന്നിവ ധാരാളമായി കഴിക്കണം.

രോഗ നിര്‍ണയം

രോഗിയുമായുള്ള സംഭാഷണത്തിലൂടെ രോഗ ചരിത്രവും വ്യക്‌തിയുടെ മാനസിക അവസ്‌ഥയും വിശദമായി മനസിലാക്കുക. ഹോര്‍മോണിന്റെ അളവ്‌ പരിശോധിക്കുക. രക്‌ത പരിശോധന സ്‌കാനിങ്‌, എക്‌സ്റേ, ലാപ്രോസ്‌ കോപ്പി, ഹിസ്‌റ്ററോസ്‌കോപി, അള്‍ട്രാസോണോ ഗ്രാഫി എന്നീ പരിശോധനകളിലൂടെ കൃത്യമായി രോഗകാരണം കണ്ടെത്തി ചികിത്സ ആരംഭിക്കാം.

ചികിത്സ

ജീവിതരീതികള്‍, ലൈംഗീകത, ഗര്‍ഭം, ഗര്‍ഭ നിരോധനം എന്നിവയെക്കുറിച്ചുള്ള അടിസ്‌ഥാന വിവരണം ദമ്പതികള്‍ക്ക്‌ നല്‍കുകയാണ്‌ ആദ്യം വേണ്ടത്‌. രോഗിയുടെ ശാരീരിക മാനസികാവസ്‌ഥകള്‍ വിശകലനം ചെയ്‌ത് രോഗകാരണം കണ്ടെത്തി അതിനനുസരണമായി ചികിത്സ ആരംഭിക്കണം.

ആര്‍ത്തവ ദുഷ്‌ടി ചികിത്സിച്ചുമാറ്റുന്നതിലൂടെ അതുമൂലമുള്ള വന്ധ്യത തടയാം. ഇതിനായി നെയ്യ്‌ സേവിക്കുക, വിയര്‍പ്പിക്കുക, ഛര്‍ദിപ്പിക്കുക, വയറിളക്കുക, വസ്‌തി എന്നീ ചികിത്സകള്‍ ചെയ്യുന്നു. സ്‌ത്രീകളില്‍ മാത്രം ചെയ്യുന്ന ചികിത്സാ കര്‍മ്മാണ്‌ ഉത്തര വസ്‌തി.

ഗര്‍ഭാശയത്തിന്‌ അകത്തേയ്‌ക്ക് ഔഷധം പ്രയോഗിക്കുന്ന ഈ ചികിത്സാരീതീ ആര്‍ത്തവ ക്രമക്കേടുകള്‍ മാറ്റുന്നതിനും ഗര്‍ഭാശയയത്തിന്റെ പ്രവര്‍ത്തന ക്ഷമത കൂട്ടന്നതിനും ഫലപ്രദമാണ്‌. ഇങ്ങന ശോധന ക്രീയകള്‍ ചെയ്‌ത് ശരീരശുദ്ധി വരുത്തുകയും ചയ്യണം.

പി. സി. ഒ. എസ്‌, അണ്ഡ വിസര്‍ജനം നടക്കാത്ത അവസ്‌ഥ, എന്‍ഡോമെട്രിയോസിസ്‌ എന്നീ പ്രശ്‌നങ്ങള്‍ കൃത്യമായ ഔഷധസേവയിലൂടെയും പത്ഥ്യാചരണത്തിലൂടെയും പരിഹരിക്കാവുന്നതാണ്‌. ഇതിനായി ഗുഗ്ഗുലു പഞ്ചപലചൂര്‍ണം, ദ്രാക്ഷാദി കഷായം, മധുകാസവം, അശ്വഗന്ധാരിഷ്‌ടം, വരുണാദി കഷായം, കന്മദഭസ്‌മം, ശൃംഗഭസ്‌മം എന്നീ മരുന്നുകള്‍ ഉപയോഗിക്കാം.

ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കാന്‍

പ്രത്യുല്‍പാദന അവയവങ്ങള്‍ക്കുണ്ടാകുന്ന ചില ഘടനാപരമായ വൈകല്യങ്ങള്‍ ചികിത്സിച്ച്‌ ഭേദമാക്കാന്‍ പ്രയാസമാണ്‌. ഇത്തരം അവസ്‌ഥകളില്‍ അതുമായി പൊരുത്തപ്പെട്ട്‌ മുന്നോട്ടുള്ള ജീവിതം ഒരുമിച്ച്‌ സന്തോഷത്തോടെ നയിക്കാന്‍ ദമ്പതികള്‍ ശ്രമിക്കേണ്ടതാണ്‌.

ശാരീരികമായും മാനസികമായും ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കുന്നതിനായി ഗര്‍ഭധാരണത്തിന്‌ മുന്‍പ്‌ തന്നെ ചില തയ്യാറെടുപ്പുകള്‍ നടത്തണമെന്ന്‌ ആയൂര്‍വേദം നിഷ്‌കര്‍ശിക്കുന്നു. ഒരുമാസം മുന്‍പ്‌ തന്നെ ബ്രഹ്‌മചര്യം അനുഷ്‌ഠിച്ച്‌ പത്ഥ്യാഹാരം ശീലിക്കുക.

സ്‌ത്രീകള്‍ പഞ്ചകര്‍മ ചികിത്സയിലൂടെ ശരീരശുദ്ധി വരുത്തണം. ഇതിനടുത്ത മാസമാണ്‌ ഗര്‍ഭധാരണത്തിനായി ശ്രമിക്കേണ്ടത്‌. ഈ സമയത്ത്‌ എള്ള്‌, ഉഴുന്ന്‌ എന്നിവ ധാരാളമായി ആഹാരത്തില്‍ ഉള്‍പ്പെടുത്തണം.

വന്ധ്യതയുടെ പേരില്‍ ആശുപത്രികള്‍ കയറിയിറങ്ങാതെ ഒരു വിദഗ്‌ധ ചികിത്സകനെ കണ്ടെത്തി വന്ധ്യതയുടെ കാരണമെന്താണെന്നും അത്‌ ചികിത്സിച്ചു മാറ്റാന്‍ കഴിയുന്നതാണോ എന്നും കൃത്യമായി മനസിലാക്കി ചികിത്സ ആരംഭിക്കാന്‍ ദമ്പതികള്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഗൃഹവൈദ്യം

1. കദളി വാഴ നീര്‌ തേന്‍ ചേര്‍ത്ത്‌ കഴിക്കുക.
2. തഴുതാമ നീര്‌ നല്ലെണ്ണ ചേര്‍ത്ത്‌ കഴിക്കുക.
3. ശതാവരി ഉണക്കി പൊടിച്ച്‌ ഒരു ഗ്ലാസ്‌ പാലില്‍ ചേര്‍ത്ത്‌ രാത്രി കിടക്കാന്‍ നേരം കഴിക്കുക.
4. അരയാലിന്റെ വേര്‌ ഉണക്കി പൊടിച്ച്‌ പാലില്‍ ചേര്‍ത്ത്‌ കഴിക്കുക.
5. നാലോ അഞ്ചോ ഈന്തപ്പഴവും ഉണക്ക മുന്തിരിയും ദിവസവും കഴിക്കുക.
6. കാട്ടുലന്തയുടെ ഇലകള്‍ പറിച്ച്‌ പത്ത്‌ കുരുമുളകും നാലു വെളുത്തുള്ളിയും ചേര്‍ത്തരച്ച്‌ ഋതുവായ മൂന്നുദിവസങ്ങളില്‍ വെറും വയറ്റില്‍ കഴിച്ചാല്‍ ഗര്‍ഭപാത്ര ദോഷം മാറി ഗര്‍ഭധാരണ ശക്‌തി കൈവരും.

7. അമുക്കുരം പെടിച്ച്‌ ഒരു ടീസ്‌പൂണ്‍ വീതം പാലില്‍ കുറുക്കി കഴിച്ചാല്‍ വെള്ളപോക്ക്‌, ആര്‍ത്തവ ക്രമക്കേട്‌, മൂത്ര സംബന്ധമായ അസുഖങ്ങള്‍ എന്നിവ മാറി സന്താനോത്‌പാദന ശേഷി ഉണ്ടാകുന്നതാണ്‌.

ഡോ. സന്ധ്യ ബിസ്‌

ഗുപ്‌താസ്‌ ആയുര്‍വേദ ക്ലിനിക്‌, വൈക്കം

ഐ. വി. എഫ്‌ ചികിത്സാ പരാജയങ്ങള്‍ കാരണങ്ങളും പ്രതിവിധികളും

 

ഇന്ത്യയില്‍ തന്നെ ഐ.വി.എഫ്‌ ചികിത്സയില്‍ മികച്ച വിജയശതമാനത്തോടെ മുന്നില്‍ നില്‍ക്കുന്ന കൊടുങ്ങല്ലൂരിലെ ക്രാഫ്‌റ്റ് ഹോസ്‌പിറ്റല്‍ ആന്‍ഡ്‌ റിസര്‍ച്ച്‌ സെന്ററില്‍ എത്തുമ്പോള്‍ നിരവധി വായനക്കാര്‍ ഞങ്ങളോട്‌ ചോദിച്ച ചോദ്യങ്ങളെല്ലാം ഞങ്ങളുടെ മനസ്സില്‍ ഉണ്ടായിരുന്നു. അവയ്‌ക്കെല്ലാം കൃത്യവും ശാസ്‌ത്രീയവുമായ ഉത്തരങ്ങളാണ്‌ ഞങ്ങള്‍ക്ക്‌ ക്രാഫ്‌റ്റിലെ പ്രഗത്ഭരായ ഡോക്‌ടര്‍മാരില്‍നിന്നു ലഭിച്ചത്‌

വന്ധ്യത ഒരു തീരാദുഃഖമായിത്തീരുന്ന ദമ്പതികള്‍ക്ക്‌ അനുഗ്രഹദായകമായ ചികിത്സാരീതിയാണ്‌ ഐ.വി.എഫ്‌. എന്നാല്‍ പലരും വളരെ ആശങ്കകളോടെയാണ്‌ ഐ.വി.എഫ്‌. ചികിത്സയെ സമീപിക്കുന്നത്‌. ഐ.വി.എഫ്‌. ചികിത്സാരീതി പലവട്ടം ആവര്‍ത്തിച്ചാലും ചിലരിലെങ്കിലും ഫലപ്രദമായിത്തീരുന്നില്ല എന്നതാണ്‌ ഇത്തരം ആശങ്കകള്‍ക്ക്‌ അടിസ്‌ഥാനം. വന്ധ്യതാ തകരാറുകള്‍ക്ക്‌ പ്രതിവിധിയായി ഐ.വി.എഫ്‌ നിര്‍ദേശിക്കപ്പെടുമ്പോള്‍ തന്നെ മിക്കവരും ആശയക്കുഴപ്പങ്ങളിലും സമ്മര്‍ദങ്ങളിലും അകപ്പെടുന്നു.

ഇന്ത്യയില്‍ തന്നെ ഐ.വി.എഫ്‌ ചികിത്സയില്‍ മികച്ച വിജയശതമാനത്തോടെ മുന്നില്‍ നില്‍ക്കുന്ന കൊടുങ്ങല്ലൂരിലെ ക്രാഫ്‌റ്റ് ഹോസ്‌പിറ്റല്‍ ആന്‍ഡ്‌ റിസര്‍ച്ച്‌ സെന്ററില്‍ എത്തുമ്പോള്‍ നിരവധി വായനക്കാര്‍ ഞങ്ങളോട്‌ ചോദിച്ച ചോദ്യങ്ങളെല്ലാം ഞങ്ങളുടെ മനസ്സില്‍ ഉണ്ടായിരുന്നു. അവയ്‌ക്കെല്ലാം കൃത്യവും ശാസ്‌ത്രീയവുമായ ഉത്തരങ്ങളാണ്‌ ഞങ്ങള്‍ക്ക്‌ ക്രാഫ്‌റ്റിലെ പ്രഗത്ഭരായ ഡോക്‌ടര്‍മാരില്‍നിന്നു ലഭിച്ചത്‌. ചോദ്യങ്ങളും ഉത്തരങ്ങളുമാണ്‌ താഴെ.

എന്താണ്‌ ഐ. വി. എഫ്‌?

ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ അഥവാ ടെസ്‌്റ്റ്‌ട്യൂബ്‌ സാങ്കേതിക വിദ്യ എന്നറിയപ്പെടുന്ന ഈ രീതിയില്‍ സ്‌ത്രീയുടെ അണ്ഡവും പങ്കാളിയുടെ ബീജവും ഒരു പരീക്ഷണ ശാലയില്‍ സംയോജിപ്പിച്ച്‌ ബീജ സങ്കലനത്തിനിടയാക്കുന്നു. അടഞ്ഞ അണ്ഡനാളിയോടുകൂടിയ സ്‌ത്രീക്കും ദുര്‍ബലമായ ബീജാണുക്കളുള്ള പുരുഷനും ഈ ചികിത്സാരീതി നിര്‍ദേശിക്കപ്പെടുന്നു.

ഐ.വി.എഫ്‌. ചികിത്സയുടെ വിജയശതമാനമെത്ര?

25 മുതല്‍ 30 വരെ വിജയശതമാനമാണ്‌ ആഗോളതലത്തില്‍ ഐ.വി.എഫ്‌ ചികിത്സയ്‌ക്കുള്ളത്‌. ക്രാഫ്‌റ്റ് പോലെ അത്യുന്നത നിലവാരമുള്ള സെന്ററുകളില്‍ ഇത്‌ 30 മുതല്‍ 35 വരെ കാണുന്നുണ്ട്‌. അമേരിക്കപോലെയുള്ള പാശ്‌ചാത്യരാജ്യങ്ങളില്‍ ആകെ പ്രസവങ്ങളില്‍ 1 ശതമാനം ഐ. വി. എഫ്‌ ചികിത്സയിലൂടെയാണ്‌ എന്നാണ്‌ കണക്ക്‌. എന്നാല്‍ ഇന്ത്യയില്‍ നിന്ന്‌ കൃത്യമായ കണക്കുകള്‍ ലഭ്യമല്ല.

ഐ. വി. എഫ്‌ ചികിത്സ പരാജയപ്പെടുന്നതെന്തു കൊണ്ട്‌?

പ്രധാനമായും രണ്ട്‌ വിഭാഗങ്ങളായി പരാജയകാരണങ്ങള്‍ അടയാളപ്പെടുത്താം. രോഗീഘടകങ്ങളും ചികിത്സാകേന്ദ്ര ഘടകങ്ങളുമാണവ.

രോഗീഘടകങ്ങളെക്കുറിച്ച്‌ ചിന്തിക്കുമ്പോള്‍ പുരുഷ തകരാറുകളും സ്‌ത്രീ തകരാറുകളും ഏകദേശം 50 ശതമാനം വീതം വരുമെന്ന്‌ കാണാം. രോഗികള്‍ ശ്രദ്ധിച്ചാല്‍ പരിഹരിക്കാന്‍ കഴിയുന്ന കുഴപ്പങ്ങള്‍ മാത്രമാണ്‌ പലതും. ഭക്ഷണരീതി, ജീവിതശൈലി, ലൈംഗികശീലങ്ങള്‍ മുതലായവയാണ്‌ ഇങ്ങനെ പരിഹരിക്കാന്‍ കഴിയുന്നവ. മദ്യപാനം പുകവലി എന്നീ ദുശീലങ്ങള്‍ പുരുഷന്മാരായ രോഗികള്‍ ഉപേക്ഷിച്ചാല്‍ ചികിത്സയില്‍ ഫലം കിട്ടും. ഗുരുതരമായ പ്രത്യാഘാതങ്ങളാണ്‌ ബീജോല്‍പാദന പ്രക്രിയയില്‍ ഈ ദുശീലങ്ങള്‍ വരുത്തിവയ്‌ക്കുന്നത്‌. അതുകൊണ്ട്‌ ഇവ നിര്‍ബന്ധമായും ഉപേക്ഷിക്കുകതന്നെ വേണം.

''അമിതമായി മദ്യപിക്കുന്ന പുരുഷന്മാര്‍ക്ക്‌ ഉദ്ധാരണ തകരാറുകള്‍ ഉണ്ടാകാം. ദീര്‍ഘനാളുകളായുള്ള ആല്‍ക്കഹോളിസം സ്‌ഥിര വന്ധ്യതയ്‌ക്ക് കാരണമാകാം. മദ്യപാനം പുരുഷശരീരത്തില്‍ സൃഷ്‌ടിക്കുന്ന ഗുരുതരമായ ആരോഗ്യതകരാറുകളും ഹോര്‍മോണ്‍ പ്രശ്‌നങ്ങളുമെല്ലാം ഐ.വി.എഫ്‌ ചികിത്സയുടെ ഫലപ്രാപ്‌തിയെ ബാധിക്കും. മദ്യപാനം ശീലമാക്കിയ സ്‌ത്രീകള്‍ക്ക്‌ ആര്‍ത്തവവിരാമം ഉള്‍പ്പെടെയുള്ള ആര്‍ത്തവ തകരാറുകള്‍ ഉറപ്പായും ഉണ്ടാകും.''

ക്രാഫ്‌റ്റിലെ ആന്‍ഡ്രോളജി വിഭാഗതലവനായ ഡോ. ധര്‍മ്മരാജ്‌ പറയുന്നു. ഐ.വി.എഫ്‌. ചികിത്സ സ്വീകരിക്കുന്ന ദമ്പതികള്‍ തങ്ങളുടെ ശരീരഭാരം അമിതമാകാതെ സൂക്ഷിക്കേണ്ടതും അത്യാവശ്യമാണ്‌. ശരീരഭാരം തീരെ കുറയുന്നതും അഭികാമ്യമല്ല.

എന്തുകൊണ്ട്‌ ഉന്നതനിലവാരമുള്ള ചികിത്സാകേന്ദ്രം തിരഞ്ഞെടുക്കണം?

ചികിത്സാകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട ചില വസ്‌തുതകളും ഐ.വി.എഫ്‌ ചികിത്സാ പരാജയത്തിനു കാരണമാകുന്നുണ്ട്‌. ഐ.വി.എഫ്‌. ചികിത്സ തേടി എത്തുന്ന പല ദമ്പതികളും നിരവധി വര്‍ഷങ്ങളിലെ ചികിത്സയ്‌ക്കു ശേഷം അവസാന അഭയമായി അത്‌ തെരഞ്ഞെടുക്കുന്നവരായിരിക്കാം. പെട്ടെന്ന്‌ ചികിത്സാഫലം കിട്ടണമെന്ന മാനസികാവസ്‌ഥയിലായിരിക്കും ദമ്പതികള്‍.

ലാഭേച്‌ഛമാത്രം ലക്ഷ്യമാക്കുന്ന ചില ചികിത്സാകേന്ദ്രങ്ങള്‍ ദമ്പതികളെ സമ്പൂര്‍ണമായ നിരീക്ഷണത്തിനും വിശകലനത്തിനും വിധേയമാക്കാതെ ഉടനടി ചികിത്സ ആരംഭിക്കും. ഐ.വി.എഫ്‌ ചികിത്സയ്‌ക്ക് വിധേയരാകുന്ന ദമ്പതികളുടെ പതോളജിക്കലും ജെനറ്റിക്കലുമായ എല്ലാ ഘടകങ്ങളും പരിശോധിച്ചറിഞ്ഞ്‌ മാത്രമേ ക്രാഫ്‌റ്റ് പോലെയുള്ള ചികിത്സാകേന്ദ്രങ്ങള്‍ ഐ.വി.എഫ്‌. ചികിത്സ ആരംഭിക്കൂ.

സ്‌റ്റമൈസ്‌ഡ് പ്രോട്ടോക്കോള്‍ എന്നാല്‍ എന്താണ്‌?

''വ്യക്‌തികേന്ദ്രീകൃതമായ ചികിത്സയാണ്‌ ക്രാഫ്‌റ്റില്‍ നല്‍കുന്നത്‌. ഓരോ വ്യക്‌തികളുടേയും സവിശേഷ ശാരീരിക സാഹചര്യങ്ങള്‍ മനസിലാക്കി ആവശ്യമായ മാത്രയില്‍ മാത്രമാണ്‌ ഞങ്ങള്‍ ഔഷധങ്ങള്‍ നല്‍കുന്നത്‌. ഇത്‌ ചികിത്സാ ചെലവ്‌ കുറയ്‌ക്കുകയും ഫലപ്രാപ്‌തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.'' ക്രാഫ്‌റ്റിലെ റീ പ്ര?ഡക്‌ടീവ്‌ മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌ തലവനായ ഡോ. സങ്കല്‍പ്‌ പറയുന്നു.

എംബ്രിയോളജിയുടെ പ്രാധാന്യമെന്ത്‌?

അമേരിക്കല്‍ ബോര്‍ഡ്‌ ഓഫ്‌ ബയോ അനാലിസിസിന്റെ സര്‍ട്ടിഫിക്കറ്റ്‌ ലഭിച്ചിട്ടുള്ള ഇന്ത്യയിലെ ഏക എംബ്രിയോളജിസ്‌റ്റായ ഡോ. സുജാത എം. എസ്‌. സി, പി.എച്ച്‌.ഡി (എ ബി ബി) ആണ്‌ ക്രാഫ്‌റ്റിലെ എംബ്രിയോളജി വിഭാഗം നയിക്കുന്നത്‌. ഐ.വി.എഫ്‌ ചികിത്സയില്‍ ഏറ്റവും നിര്‍ണ്ണായകമായ ഘടകമാണ്‌ ഐ.വി.എഫ്‌. ലാബിന്റെ ഗുണമേന്മ. അതില്‍ ഉപയോഗിക്കുന്ന ആധുനിക ഉപകരണങ്ങള്‍ അവ പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദഗ്‌ധരുടെ പ്രാഗത്ഭ്യം, പരിജ്‌ഞാനം എന്നിവയാണ്‌ ഈ ഗുണമേന്മയെ നിര്‍ണ്ണയിക്കുന്നത്‌.

രാജ്യത്തെ ഏത്‌ ഐ.വി.എഫ്‌ സെന്ററിനെക്കാളും ഐ.വി.എഫ്‌ ലാമ്പിന്റെ കാര്യത്തില്‍ ക്രാഫ്‌റ്റ് ഒരുപടി മേലെ നില്‍ക്കുകയാണ്‌. മറ്റ്‌ സെന്ററുകളില്‍ പലതവണ ഐ.വി.എഫ്‌ ചികിത്സ നടത്തി പരാജയപ്പെട്ട ദമ്പതിമാര്‍ക്കുപോലും ക്രാഫ്‌റ്റിലെ ഐ.വി.എഫ്‌. ചികിത്സ ഫലപ്രദമായിത്തീരുന്നത്‌ അതുകൊണ്ടാണ്‌.

ക്രാഫ്‌റ്റ് ഐ.വി.എഫ്‌. സുരക്ഷാപദ്ധതി എന്താണ്‌്?

ലോകപ്രശസ്‌തനായ ഫെര്‍ട്ടിലിറ്റി സ്‌പെഷ്യലിസ്‌റ്റ് പ്ര?ഫ. ഡോ. സി. മുഹമ്മദ്‌ അഷ്‌റഫാണ്‌ ക്രാഫ്‌റ്റിലെ വിദഗ്‌ധ ടീമിനെ നയിക്കുന്നത്‌. ദീര്‍ഘവീഷണത്തോടെയുള്ള അദ്ദേഹത്തിന്റെ നേതൃത്വപാടവമാണ്‌ സമാനതകളില്ലാത്ത വിജയത്തിലേക്ക്‌ ക്രാഫ്‌റ്റിനെ നയിച്ചത്‌.
ലോകത്തിലാദ്യമായി ഒരു ഐ.വി.എഫ്‌. ഇന്‍ഷ്വറന്‍സ്‌ പദ്ധതിക്ക്‌ രൂപം നല്‍കുവാനും അദേഹത്തിന്‌ സാധിച്ചത്‌ ഐ.വി.എഫ്‌ ചികിത്സയില്‍ ക്രാഫ്‌റ്റിന്‌ നേടുവാന്‍ കഴിഞ്ഞ ഉന്നത വിജയശതമാനത്തിന്റെ പിന്‍ബലത്തോടെയാണ്‌.

ഐ.വി.എഫ്‌. ചികിത്സയുടെ ഫല പ്രാപ്‌തി ഉറപ്പാക്കിയാല്‍ മാത്രമല്ലേ ഇത്തരമൊരു ഇന്‍ഷുറന്‍സ്‌ പദ്ധതി നടപ്പിലാക്കാനുള്ള ധൈര്യം ഏതൊരു ചികിത്സാകേന്ദ്രത്തിനും ലഭിക്കൂ..?

ചുരുക്കിപ്പറഞ്ഞാല്‍ മൂന്നോ, നാലോ തവണ ഐ.വി.എഫ്‌. ചികിത്സ എന്ന മട്ടിലുള്ള സമീപനമല്ല ദമ്പതികള്‍ സ്വീകരിക്കേണ്ടത്‌. ഫലപ്രാപ്‌തിയുള്ള ഐ.വി.എഫ്‌. ചികിത്സ നല്‍കുന്ന, ഗുണമേന്മയില്‍ വിട്ടുവീഴ്‌ച ചെയ്യാത്ത സമഗ്രവും സമ്പൂര്‍ണ്ണവുമായ വന്ധ്യതാ ചികിത്സ ലഭ്യമായ ഒരു വന്ധ്യതാ നിവാരണ കേന്ദ്രം തിരഞ്ഞെടുക്കുകയാണ്‌ വേണ്ടത്‌. ദമ്പതികളുടേതല്ലാത്ത അണ്ഡമോ, ബീജമോ ഉപയോഗിച്ചുള്ള ഐ.വി.എഫ്‌ ചികിത്സ നിരോധിച്ചിട്ടുള്ള ക്രാഫ്‌റ്റ് നിങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍, സ്വന്തം കുഞ്ഞ്‌ എന്ന സ്വപ്‌നമാണ്‌ യാഥാര്‍ഥ്യമായിത്തീരുന്നത്‌.

പുരുഷ വന്ധ്യത ഉത്തരം തേടുന്ന 20 ചോദ്യങ്ങള്‍

 

ചെറുപ്പക്കാര്‍ പുറത്തു ചോദിക്കാന്‍ മടിക്കുന്ന ചോദ്യങ്ങളും അവയ്‌ക്കുള്ള ഉത്തരങ്ങളും.

ആധുനിക കാലത്ത്‌ സ്‌ത്രീ വന്ധ്യതയ്‌ക്ക് ഒപ്പമാണ്‌ പുരുഷ വന്ധ്യതയും. ജീവിത ശൈലിയിലെ മാറ്റത്തിനൊപ്പം പ്രത്യുത്‌പാദന സംവിധാനത്തെക്കുറിച്ചുള്ള പുതിയ തലമുറയുടെ അജ്‌ഞതയും വര്‍ധിച്ചുവരുന്ന വന്ധ്യതയ്‌ക്ക് കാരണമാണ്‌. ചെറുപ്പക്കാര്‍ പുറത്തു ചോദിക്കാന്‍ മടിക്കുന്ന ചോദ്യങ്ങളും അവയ്‌ക്കുള്ള ഉത്തരങ്ങളും.

1. മാറിയ സാഹചര്യത്തില്‍ വിവാഹത്തിനു മുമ്പ്‌ ശുക്ല പരിശോധന നടത്തേണ്ടതുണ്ടോ?

വിവാഹത്തിനു മുമ്പ്‌ ശുക്ല പരിശോധന നടത്തേണ്ടതില്ല. എന്നാല്‍ നടത്തുന്നതിന്‌ യാതൊതു തടസവുമില്ല.

2. അമിതമായ സ്വയംഭോഗശീലം വന്ധ്യതയ്‌ക്ക് കാരണമാകുമോ? സ്വയംഭോഗം ചെയ്യാത്തവരില്‍ വന്ധ്യതയ്‌ക്ക് സാധ്യത കുറവാണോ?

അമിതമായ സ്വയംഭോഗം ഒരുകാരണവശാലും വന്ധ്യതയ്‌ക്ക് കാരണമാകുന്നില്ല. സ്വയംഭോഗവും വന്ധ്യതയും തമ്മില്‍ യാതൊരു ബന്ധവുമില്ല.

3. ഗുഹ്യഭാഗത്തും മുഖത്തും രോമവളര്‍ച്ച കുറഞ്ഞവരില്‍ വന്ധ്യതയ്‌ക്കുള്ള സാധ്യത കൂടുതലാണെന്ന്‌ പറയുന്നത്‌ ശരിയാണോ?

ഗുഹ്യഭാഗത്തും മുഖത്തും രോമവളര്‍ച്ചകുറഞ്ഞ പുരുഷന്മാര്‍ ഹോര്‍മോണ്‍ നിലയില്‍ കുറവ്‌ കാണാറുണ്ട്‌. ഇത്തരക്കാരില്‍ ബീജത്തില്‍ ശുക്ലത്തില്‍ ബീജാണുക്കളുടെ കുറവ്‌ കണ്ടുവരുന്നുണ്ട്‌. ഇവര്‍ ഹോര്‍മോണ്‍നില പരിശോധിക്കേണ്ടതും ചികിത്സ തേടേണ്ടതുമാണ്‌.

4. വൃഷണങ്ങള്‍ക്ക്‌ ഏല്‍ക്കുന്ന ക്ഷതം വന്ധ്യതയിലേക്ക്‌ നയിക്കുമോ?

വൃഷണങ്ങള്‍ക്ക്‌ ഏല്‍ക്കുന്ന ക്ഷതം ഹെമറ്റോസീല്‍ അഥവാ രക്‌തം കട്ടപിടിച്ചു കിടക്കുന്നതിന്‌ കാരണമാകുന്നു. എന്നാല്‍ ഇത്‌ വന്ധ്യതയിലേക്ക്‌ നയിക്കണമെന്നില്ല. എങ്കിലും വേദനയും നീരും ഉണ്ടാകുന്നുണ്ടെങ്കില്‍ സ്വാഭാവിക ലൈംഗികബന്ധത്തിന്‌ തടസമാകും. എങ്കിലും കാലക്രമേണ ഇതു മാറുന്നതാണ്‌.

5. ലിംഗത്തിന്‌ സംഭവിക്കുന്ന ഏതൊക്കെ തകരാറുകളാണ്‌ പുരുഷവന്ധ്യതയ്‌ക്ക് കാരണമാകുന്നത്‌?

ലിംഗത്തിന്‌ സംഭവിക്കുന്ന തകരാറുകള്‍ പല വിധത്തിലുണ്ട്‌. പ്രമേഹം നിയന്ത്രണാതീതമാകുമ്പോള്‍ രക്‌തത്തിലുള്ള പഞ്ചസാരയുടെ അളവ്‌ കൂടുകയും (ബ്ലഡ്‌ ഷുഗര്‍) ലിംഗത്തിന്മേലുള്ള നിയന്ത്രണം കുറയുകയും ഉദ്ധാരണശേഷി ഇല്ലാതാവുകയും ചെയ്യുന്നു. ഇത്‌ പുരുഷ വന്ധ്യതയ്‌ക്ക് കാരണമാകും.

6. ജന്മനാല്‍ ഒരു വൃഷണം മാത്രമുള്ളവര്‍ക്ക്‌ വന്ധ്യത ഉണ്ടാകുമോ? ഇതിന്‌ എന്താണ്‌ പോംവഴി?

ജന്മനാ ഒരു വൃഷണം മാത്രമുള്ളവരില്‍ വന്ധ്യത ഉണ്ടാകണമെന്നില്ല. ഒരു വൃഷണം സ്വാഭാവികമായ നിലയില്‍ പ്രവര്‍ത്തനക്ഷമമാണെങ്കില്‍ ബീജോത്‌പാദനം നടക്കുന്നതാണ്‌. എന്നാല്‍ ആ വൃഷണത്തിന്‌ ക്ഷതമോ മറ്റ്‌ പരിക്കുകളോ ഏല്‍ക്കുന്നതുവഴി വന്ധ്യതയിലേക്കു നയിക്കുന്നു.

ജനിക്കുന്ന കഞ്ഞിനെ വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കേണ്ടതാണ്‌. കാണാത്ത വൃഷണത്തെ വൃഷണസഞ്ചിയിലേക്ക്‌ എത്തിക്കാവുന്നതുമാണ്‌. അല്ലാത്തപക്ഷം വയറിനുള്ളില്‍ കാണപ്പെടുന്ന ഈ വൃഷണം കാലക്രമേണ പ്രവര്‍ത്തനരഹിതമായി പോകുന്നു.

7. ദീര്‍ഘകാലം സ്‌ഖലനം നടക്കാതിരുന്നാല്‍ ബീജത്തിന്റെ ചലനശേഷി കുറയുമെന്ന്‌ പറയുന്നത്‌ ശരിയാണോ? എന്തുകൊണ്ടാണിത്‌?

നാലഞ്ചുദിവസം സ്‌ഖലിക്കാതിരിക്കുന്ന ശുക്ലത്തില്‍ ബീജാണുക്കളുടെ ചലനശേഷി ഗണ്യമായി കുറഞ്ഞുകാണുന്നു. ഇതിനാല്‍ അണ്‌ഡോല്‍പാദനം നടക്കുന്ന ദിവസങ്ങളില്‍ ഇടവിട്ട ദിനങ്ങളില്‍ ബന്ധപ്പെടുന്നത്‌ ഗര്‍ഭധാരണത്തിനു സാധ്യത ഏറുന്നു.

8. പതിവായി ചൂടുവെള്ളത്തില്‍ കുളിക്കുന്നതുകൊണ്ട്‌ വന്ധ്യത ഉണ്ടാകുമോ? ഉണ്ടെങ്കില്‍ എന്താണ്‌ ഇതിനു കാരണം?

സാധാരണ ചൂടുവെള്ളത്തില്‍ കുളിക്കുന്നതുകൊണ്ട്‌ വന്ധ്യത ഉണ്ടാകും. ശുക്ലത്തില്‍ ബീജാണുക്കളുടെ എണ്ണം കുറഞ്ഞവര്‍ തണുത്ത വെള്ളത്തില്‍ കുളിക്കുന്നതാണ്‌ ഉത്തമം. ഒട്ടിച്ചേര്‍ന്ന അടിവസ്‌ത്രങ്ങളും ജീന്‍സും ധരിക്കുക, പുകവലി, മദ്യപാനം മുതലായവ ബീജാണുക്കളുടെ എണ്ണം കുറയ്‌ക്കുന്നതായി കണ്ടുവരുന്നു.

9. ഏതെല്ലാം സാഹചര്യത്തിലാണ്‌ ബീജത്തിന്റെ എണ്ണവും ചലനശേഷിയും കുറയുന്നത്‌?

വൃഷണങ്ങളിലെ ഞരമ്പുവീക്കം, ബീജത്തിലുള്ള അണുബാധ, ബീജത്തില്‍ ആന്റിബോഡികളുടെ സാന്നിധ്യം എന്നിവ സാധാരണയായി ബീജാണുക്കളുടെ ചലനശേഷിയെ ബാധിക്കുന്നു.

10. പ്രായം കൂടുന്തോറും വന്ധ്യതയ്‌ക്കുള്ള സാധ്യത വര്‍ധിക്കാന്‍ കാരണമെന്ത്‌? വന്ധ്യത ഒഴിവാക്കുന്നതിനായി വിവാഹം കഴിക്കാന്‍ ഏറ്റവും അനുയോജ്യമായ കുറഞ്ഞ പ്രായവും കൂടിയ പ്രായവും എന്ത്‌?

പുരുഷന്റെ പ്രായം കൂടുന്നതനുസരിച്ച്‌ ശുക്ലത്തിലെ ബീജാണുക്കളുടെ എണ്ണം ഗണ്യമായി കുറയുക മാത്രമല്ല അവയുടെ ചലനശേഷി കുറയുന്നതിനാല്‍ പ്രായമേറിയവരില്‍ വന്ധ്യതാസാധ്യത ഏറുന്നു. മുപ്പതു വയസിനു താഴെ പ്രായം തന്നെയാണ്‌ പുരുഷന്‌ വിവാഹം കഴിക്കാന്‍ ഉചിതം.

11. ലിംഗാഗ്രചര്‍മം പിന്നിലേക്ക്‌ മാറാത്ത അവസ്‌ഥ വന്ധ്യതയ്‌ക്ക് കാരണമാകുമോ?

അഗ്രചര്‍മ്മം പിന്നോട്ടു മാറാത്ത അവസ്‌ഥ വന്ധ്യതയിലേക്ക്‌ നയിക്കുന്നില്ല. എന്നാല്‍ ലിംഗാഗ്രചര്‍മ്മം പിന്നോട്ടു മാറാത്തവരില്‍ പലര്‍ക്കും ബന്ധപ്പെടുന്നതില്‍ ബുദ്ധിമുട്ട്‌ അനുഭവപ്പെടാറുണ്ട്‌. പലരും ഇത്തരം പ്രശ്‌നം തുറന്നു പറയുന്നതില്‍ വൈമുഖ്യം കാണിക്കാറുണ്ട്‌. ഒരു ഡോക്‌ടറുമായി സംസാരിക്കുകയും വളരെ ലഘുവായ ഒരു ശസ്‌ത്രക്രിയയാല്‍ പരിപൂര്‍ണമായും പരിഹാരം കാണാവുന്നതാണ്‌.

12. പുരുഷ വന്ധ്യത പാരമ്പര്യമായി ഉണ്ടാകാന്‍ കാരണമെന്താണ്‌? ഇതൊഴിവാക്കാന്‍ എന്താണ്‌ മാര്‍ഗം?

പുരുഷവന്ധ്യത പലരിലും പാരമ്പര്യമായി കണ്ടുവരാറുണ്ടെങ്കിലും ഇതിനുള്ള അടിസ്‌ഥാനകാരണങ്ങള്‍ പൂര്‍ണമായും മനസിലാക്കിയിട്ടില്ല. പാരമ്പര്യമായി നേരിടുന്ന ഇത്തരം പ്രശ്‌നങ്ങള്‍ ജീനുകളുടെ പ്രശ്‌നമായതിനാല്‍ പരിഹരിക്കാന്‍ സാധാരണ കഴിയാറില്ല.

13. പൊണ്ണത്തടി വന്ധ്യതയ്‌ക്ക് കാരണമാകുമോ? പാരമ്പര്യമായി പൊണ്ണത്തടിയുള്ളവര്‍ എന്തുചെയ്യും.?

പൊണ്ണത്തടിയുള്ളവരില്‍ വന്ധ്യത കണ്ടുവരുന്നു. അടിവയര്‍ കൂടുതലുള്ള ഇത്തരക്കാരില്‍ വൃഷണങ്ങള്‍ക്ക്‌ ചൂടു കൂടുതല്‍ അനുഭവപ്പെടാന്‍ സാധ്യത ഏറെയാണ്‌. അതിനാല്‍ വൃഷണങ്ങളുടെ ബീജോല്‍പ്പാദനത്തെ സ്വാധീനിക്കുന്നു. പൊണ്ണത്തടിയുള്ളവര്‍ അവരുടെ ഭാരം കുറയ്‌ക്കുകയാണ്‌ ഏക മാര്‍ഗം. കൃത്യമായ വ്യായാമം, ആഹാരക്രമീകരണം എന്നിവകൊണ്ട്‌ പൊണ്ണത്തടി തീര്‍ച്ചയായും കുറയ്‌ക്കാനും അതുമൂലം വന്ധ്യത ഒഴിവാക്കാനും കഴിയും.

14. പതിവായി മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്ന പുരുഷന്മാരില്‍ വന്ധ്യതയുണ്ടാകുമോ?

പതിവായി ദീര്‍ഘദൂരം മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്നവരുടെ വൃഷണങ്ങളുടെ താപനില കൂടുകയും ബീജോല്‍പ്പാദനം കുറയ്‌ക്കുകയും ചെയ്യുന്നു. ഇത്‌ ചിലപ്പോള്‍ ബീജങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. ചിലരില്‍ ഇത്‌ വന്ധ്യതയ്‌ക്ക് കാരണമായേക്കാം.

15. വൈറ്റ്‌ റം കഴിക്കുന്ന പുരുഷന്മാരില്‍ വന്ധ്യത കൂടുതലായി കണ്ടുവരുന്നു എന്നു പറയുന്നത്‌ ശരിയാണോ? വോഡ്‌ക ബീജത്തിന്റെ എണ്ണം കുറയ്‌ക്കുമോ?

വൈറ്റ്‌ റം അഥവാ വോഡ്‌ക ഉപയോഗിക്കുന്ന പുരുഷന്മാരില്‍ വന്ധ്യത വര്‍ധിക്കുന്നതായി ഒരു പഠനവും തെളിയിച്ചിട്ടില്ല. എന്നാലും അമിത മദ്യപാനം അത്‌ ഏതുപേരിലുള്ളതാണെങ്കില്‍പോലും പുരുഷന്റെ ഉദ്ധാരണശേഷിയെ ക്രമേണ ബാധിക്കുകയും ഇതുമൂലം വന്ധ്യതയിലേക്കു നയിക്കുകയും ചെയ്യുന്നു

16. ചിലരുടെ ശുക്ലത്തിന്‌ രൂക്ഷ ഗന്ധമുണ്ടാകാറുണ്ട്‌. ശുക്ലത്തിന്‌ അസഹ്യമായ ഗന്ധമുണ്ടെങ്കില്‍ ബീജം ആരോഗ്യകരമല്ലെന്ന്‌ സംശയിക്കാമോ? ഇത്‌ വന്ധ്യതയിലേക്ക്‌ വഴിതെളിക്കുമോ?

ശുക്ലത്തിന്‌ സ്‌ഥായിയായ ഒരു ഗന്ധം ഉണ്ട്‌. എന്നാല്‍ അസഹ്യമായ ഗന്ധം അനുഭവപ്പെടുന്നു എങ്കില്‍ തീര്‍ച്ചയായും ഏതെങ്കിലും തരത്തിലും അണുബാധ പിടിപെട്ടിരിക്കുന്നു എന്ന്‌ അനുമാനിക്കാം. വൈദ്യസഹായം തേടി ബീജപരിശോധനയില്‍ തകരാര്‍ കണ്ടെത്തിയാല്‍ എത്രയും വേഗം ചികിത്സ ആരംഭിക്കേണ്ടതാണ്‌. ശുക്ലത്തിലെ അണുബാധ തീര്‍ച്ചയായും വന്ധ്യതയ്‌ക്ക് കാരണമാണ്‌.

17. ദീര്‍ഘകാലം ഏതെങ്കിലും രോഗത്തിനുള്ളമരുന്ന്‌ കഴിച്ചവരില്‍ പിന്നീട്‌ വന്ധ്യത ഉണ്ടാകുമോ? ഇങ്ങനെയുണ്ടാകുന്ന വന്ധ്യത പരിഹരിക്കാന്‍ എന്താണ്‌ മാര്‍ഗം?

ഏതുതരത്തിലുള്ള രോഗം വന്നാലും വൈറല്‍ഫീവര്‍ ആയാല്‍പോലും ശുക്ലത്തില്‍ ബീജാണുക്കളുടെ എണ്ണം ഗണ്യമായി കുറയുന്നു. അതിനാല്‍ അസുഖം പരിപൂര്‍ണമായി ഭേദപ്പെട്ട്‌ ഒന്നുരണ്ടാഴ്‌ച കഴിഞ്ഞുവേണം ശുക്ലപരിശോധന നടത്താന്‍. അസുഖം മാറി ദിവസങ്ങള്‍ കഴിയുമ്പോള്‍ ശുക്ലത്തിന്റെ അളവ്‌ പൂര്‍വസ്‌ഥിതിയിലാവും. അതിനാല്‍ ദീര്‍ഘകാലം മരുന്നു കഴിച്ചവരില്‍ വന്ധ്യത ഉണ്ടാകാനുള്ള സാധ്യതയില്ല.

18. കുട്ടിക്കാലത്ത്‌ മൂത്രാശയ രോഗമുണ്ടായിട്ടുള്ളവരില്‍ വന്ധ്യതയ്‌ക്ക് സാധ്യത കൂടുതലാണെന്ന്‌ പറഞ്ഞു കേള്‍ക്കുന്നു. ഇതു ശരിയാണോ?

കുഞ്ഞുന്നാളിലേ മൂത്രാശയരോഗങ്ങള്‍ സാധാരണഗതിയില്‍ വന്ധ്യതയ്‌ക്കു കാരണമാകുന്നില്ല. എന്നാല്‍ വൃക്കകള്‍, പ്രോസ്‌റ്റേറ്റ്‌ മുതലായവ ജനനേന്ദ്രിയവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ചിലരിലെങ്കിലും പ്രശ്‌നങ്ങള്‍ കാണാറുണ്ട്‌.

19. ദിവസേന പാലും പാലുല്‍പ്പന്നങ്ങളും കഴിക്കുന്നതുകൊണ്ടും ബദാം ഇൗന്തപ്പഴം മുതലായവ കഴിക്കുന്നതുകൊണ്ടും വന്ധ്യത ഒഴിവാക്കാന്‍ സാധിക്കുമോ?

ദിവസേന പാലും പാലുല്‍പ്പന്നങ്ങളും കഴിക്കുന്നതുകൊണ്ടും ബദാം, ഈത്തപ്പഴം ഇവ ഉപയോഗിക്കുന്നതുകൊണ്ടും ഇവയിലുള്ള പ്രോട്ടീന്‍സാന്നിധ്യം കൊണ്ട്‌ ബീജോല്‍പ്പാദനത്തിനും ബീജാണുക്കളുടെ ചലനശേഷി വര്‍ധിക്കുന്നതിനും സഹായകമാകാറുണ്ട്‌. എന്നാല്‍ ഈ ആഹാരക്രമം വന്ധ്യതയ്‌ക്ക് ഒരു പരിഹാരമാവണമെന്നില്ല.

20. ശുക്ലത്തിന്റെ അളവും വന്ധ്യതയും തമ്മില്‍ ബന്ധമുണ്ടോ? ശുക്ലം വര്‍ധിക്കാന്‍ ചികിത്സയുണ്ടോ?

ശുക്ലത്തിന്റെ അളവ്‌ കുറഞ്ഞവരില്‍ റിട്രോഗ്രേഡ്‌ ഇജാക്കുലേഷന്‌ സാധ്യത കൂടുതലാണ്‌. ഇത്തരക്കാരില്‍ ശുക്ല സ്‌ഖലനം ഉണ്ടാകുമ്പോള്‍ മുന്നോട്ട്‌ പോകുന്നതിനു പകരം യൂറിനറി ബ്ലാഡറിലേക്ക്‌ പോകുന്നു. ശുക്ലത്തിന്റെ അളവ്‌ വര്‍ധിപ്പിക്കുന്നതിന്‌ ഇന്ന്‌ ചികിത്സാമാര്‍ഗങ്ങള്‍ ഏറെയുണ്ട്‌.

കടപ്പാട് :ഡോ. കെ. ജയകൃഷ്‌ണന്‍

വന്ധ്യത ചികിത്സാവിദഗ്‌ദ്ധന്‍
കെ.ജെ.കെ. ആശുപത്രി, തിരുവനന്തപുരം

 

കടപ്പാട് : മംഗളം

അവസാനം പരിഷ്കരിച്ചത് : 1/29/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate