অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

രക്താതിമർദ്ദം

രക്താതിമർദ്ദം

രക്താതിമർദ്ദം


രക്താതിമർദ്ദം ഒരു പ്രധാനപ്പെട്ട ദീർഘസ്ഥായീരോഗമാണ്‌. ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങി വിവിധ രോഗങ്ങൾക്ക്‌ അടിസ്ഥാനകാരണമായി രക്താതിമർദ്ദം പ്രവർത്തിക്കുന്നു. സാമൂഹ്യ സാമ്പത്തിക മാറ്റങ്ങൾ അനുഭവപ്പെടുന്ന സമൂഹത്തിൽ ഈ രോഗം വളരെ പ്രധാനപ്പെട്ട ഒരു വെല്ലുവിളിയാണ്‌ ഉയർത്തുന്നത്‌. പ്രധാനമായും രണ്ട്‌ തരത്തിലുള്ള രോഗികളാണ്‌ ഉള്ളത്‌. വ്യക്തമായ കാരണങ്ങൾ ചൂണ്ടിക്കാണിക്കാനില്ലാതെ ജീവിതശൈലിയുമായി ബന്ധപ്പെട്ട്‌ നിൽക്കുന്ന ഒരു കൂട്ടം. ഇവരെ പ്രൈമറി ഹൈപ്പർ ടെൻസിവ്‌സ്‌ എന്നും, വ്യക്തമായ ചില രോഗങ്ങളുടെ പശ്ചാത്തലത്തിൽ വരുന്ന ഹൈപ്പർ ടെൻസിവ്‌സ്‌ രോഗികളെ സെക്കൻഡറി ഹൈപ്പർ ടെൻസിവ്‌സ്‌ എന്നും വിളിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദത്തിന്‌ കാരണമാകുന്ന മറ്റ്‌ രോഗങ്ങളിൽ ചിലത്‌ ഇനി പറയുന്നവയാണ്‌.

വ്യക്കരോഗങ്ങൾ, അഡ്രിനൽ ഗ്രന്ഥിയുടെ ട്യൂമറുകൾ, പ്രധാനരക്തക്കുഴലായ അയോർട്ട ഇടുങ്ങിയിരിക്കുക, ഗർഭാവസ്ഥയുമായി ബന്ധപ്പെട്ടു നിൽക്കുന്ന രോഗങ്ങൾ എന്നിവയാണ്‌. ഇവയെല്ലാം കൂടി ഉയർന്ന രക്തസമ്മർദ്ദമുള്ള രോഗികളിൽ 5 മുതൽ 10% വരെ വരും. അതായത്‌ 90-95% രോഗികളും പ്രൈമറി ഹൈപ്പർ ടെൻസിവ്‌ ഗ്രൂപ്പിൽ ഉൾപ്പെടുന്നവരാണ്‌.

പ്രായപൂർത്തിയായവരിൽ (20 വയസ്സ്‌ കഴിഞ്ഞവർ) 20% മുതൽ 40% വരെയാണ്‌ ഉയർന്ന രക്താതിമർദ്ദപ്രാചുര്യം. സമൂഹത്തിന്റെ ജീവിതരീതി, സാമ്പത്തിക സ്ഥിതി എന്നിവ അനുസരിച്ച്‌ രോഗപ്രാചുര്യത്തിന്‌ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം. പ്രായാധിക്യമുള്ളവരുടെ എണ്ണം / ശതമാനം കൂടി കൂടി വരുന്ന നമ്മുടേതുപോലുള്ള സമൂഹത്തിൽ രോഗത്തിന്റെ പ്രാചുര്യം ഇനിയും വർദ്ധിക്കാനാണ്‌ സാദ്ധ്യത.

രോഗികളെ കണ്ടുപിടിക്കുന്നതിനുള്ള മാനദണ്ഡം വ്യത്യാസപ്പെടുന്നത്‌ അനുസരിച്ച്‌ പ്രാചുര്യത്തിന്‌ വലിയ ഏറ്റക്കുറച്ചിലുകൾ വരാം. ഇപ്പോൾ അനുവർത്തിക്കുന്ന രോഗനിർവചനം സിസ്റ്റോളിക്‌ ബി.പി.140 mm of Hg, ഡയസ്റ്റോളിക്‌ ബി.പി. 90 mm of Hg - എന്നിവയാണ്‌. എന്നാൽ ഡയസ്റ്റോളിക്‌ ബി.പി. 80-90 വരെയും സിസ്റ്റോളിക്‌ ബി.പി. 120-140 വരെയും ഉള്ളവർ വളരെ വേഗം തന്നെ രോഗികളാവാൻ സാദ്ധ്യതയുണ്ടെന്ന്‌ പഠനങ്ങളിൽ നിന്ന്‌ മനസ്സിലാക്കാൻ കഴിയുന്നു. അതുകൊണ്ടുതന്നെ ജീവിത ശൈലിമാറ്റങ്ങൾ ഇവരിൽ അത്യാവശ്യമാണുതാനും.

ഉയർന്ന രക്തസമ്മർദ്ദം പ്രധാനമായ രോഗലക്ഷണങ്ങൾ ഒന്നുമില്ലാത്ത രോഗമാണ്‌. അതുകൊണ്ടുതന്നെ രോഗികളെ കണ്ടെത്തുവാൻ പ്രയാസം നേരിടുന്നു. നിർഭാഗ്യവശാൽ തിരിച്ചറിഞ്ഞ രോഗികളിൽ വളരെ കുറച്ചുപേർ മാത്രമേ ശരിയായ അളവിൽ ചികിത്സ തേടാറുള്ളൂ ജീവിതശൈലി വ്യതിയാനവും കൃത്യമായ ചികിത്സയും ഒരു പക്ഷേ ജീവിതാന്ത്യത്തോളം ഈ രോഗത്തിന്‌ ആവശ്യമാണ്‌.

രോഗകാരണങ്ങൾ പ്രധാനമായും രണ്ടായി തരംതിരിക്കാം, മാറ്റാൻ കഴിയാത്തതും, മാറ്റാൻ കഴിയുന്നതും. മാറ്റാൻ കഴിയാത്തത്‌ വയസ്സ്‌ കൂടുന്തോറും രക്തസമ്മർദ്ദം വർദ്ധിക്കുന്നു. ഇതിന്റെ ഫലമായി രോഗത്തിന്റെ പ്രാചുര്യവും വർദ്ധിക്കുന്നു. വിവിധ സമൂഹങ്ങളിൽ ഈ പ്രതിഭാസം ദൃശ്യമാണ്‌. ഉയർന്ന രക്തസമ്മർദ്ദത്തിന്റെ പ്രാചുര്യത്തിന്‌ കാര്യമായി ലിംഗഭേദം ഇല്ല. സ്‌ത്രീകളിലും, പുരുഷന്മാരിലും ഏറെക്കുറെ ഒരേപോലെ തന്നെ രോഗം ബാധിക്കുന്നു. ജനിതകമായ ഘടകങ്ങൾ, കുടുംബപാരമ്പര്യം എന്നിവയും രോഗകാരണമായി ഉൾപ്പെടുത്താം. ഈ പറഞ്ഞ ഘടകങ്ങൾ മാത്രംകൊണ്ട്‌ ഒരാൾ രോഗിയാകുന്നില്ല. ഈ ഘടകങ്ങൾ രോഗസാദ്ധ്യത വർദ്ധിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. രോഗിയായി മാറുന്നതിന്‌ മറ്റു സാഹചര്യങ്ങൾ (ജീവിതശൈലി) കൂടി അത്യാവശ്യമാണ്‌.

അമിതവണ്ണം ആണ്‌ ഏറ്റവും പ്രധാനപ്പെട്ട രോഗനിദാനങ്ങളിൽ ഒന്ന്‌. തൂക്കം കൂടുന്തോറും ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാദ്ധ്യതയും വർദ്ധിക്കുന്നു. തൂക്കം കൂടുതലുള്ള രോഗികൾ തൂക്കം കുറച്ചാൽ രോഗവും കുറയുന്നു. ശരീരത്തിന്റെ മൊത്തം തൂക്കത്തിനോടൊപ്പം പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊരു ഘടകമാണ്‌ ``കുടവയർ നമ്മുടെ സമൂഹത്തിൽ ഇതിന്റെ പ്രധാന്യം വളരെയേറെയാണ്‌ എന്ന്‌ പ്രത്യേകിച്ച്‌ പറയേണ്ടതില്ലല്ലോ.

ഉയർന്ന ഉപ്പുപഭോഗം ഉയർന്ന രക്തസമ്മർദ്ദത്തിന്‌ കാരണമാകുന്നു എന്ന്‌ വിശ്വസിക്കുന്നു. ആഹാരം അമിതമായി കഴിക്കുന്നത്‌ അമിത വണ്ണത്തിനും, അതുവഴി ഉയർന്ന രക്തസമ്മർദ്ദത്തിനും കാരണമാകുന്നു. അമിതാഹാരം എന്ന്‌ ഉദ്ദേശിക്കുന്നത്‌ ശാരീരിക പ്രവർത്തനത്തിന്‌ ആവശ്യമുള്ളതിൽ കൂടുതൽ ഊർജ്ജം സംഭരിക്കുന്നു എന്നതാണ്‌. ആഹാരത്തിലൂടെ ലഭിക്കുന്ന ഊർജ്ജം വ്യായാമത്തിലൂടെ ചിലവിടുന്നില്ലാ എങ്കിൽ മിച്ചമുള്ള ഊർജ്ജം കൊഴുപ്പായി ശരീരത്തിന്റെ വിവിധ ഭാഗങ്ങൾ സംഭരിക്കപ്പെടും. ആഹാരത്തിൽ അമിതമായ കൊഴുപ്പുണ്ടെങ്കിൽ ഈ പ്രക്രിയ കൂടുതൽ വേഗത്തിൽ നടക്കും. കൂട്ടത്തിൽ പറയട്ടെ കൊഴുപ്പുകൾ ഊർജ്ജസാന്ദ്രത വളരെ കൂടിയ ആഹാരമാണ്‌. പൂരിത കൊഴുപ്പുകളുടെ അമിതമായ ഉപഭോഗം ദുർമേദസിന്‌ അടിസ്ഥാനപരമായ കാരണമാണ്‌. ചാരായത്തിന്റെ ഉപഭോഗവും ശരീരത്തിൽ പൂരിതകൊഴുപ്പുകളുടെ സംഭരണത്തിന്‌ സഹായിക്കുന്നവയാണ്‌. അതുകൊണ്ട്‌ ഏതു രൂപത്തിലുള്ള ചാരായമായാലും അത്‌ അമിതവണ്ണത്തിനും, ഹൈപ്പർ ടെൻഷനും കാരണമായേക്കാം.

വ്യായാമം ഇല്ലാത്ത ഒരു ജീവിതരീതി ഉയർന്ന രക്തസമ്മർദ്ദത്തിന്‌ ഒരു പ്രധാന കാരണമാണ്‌. തൊഴിൽപരമായോ, വിനോദത്തിനുവേണ്ടിയോ സ്ഥിരമായി വ്യായാമം നടത്തുന്നില്ലാ എങ്കിൽ പ്രമേഹം, രക്തസമ്മർദ്ദം ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങി വിവിധ പകർച്ചേതരവ്യാധികൾ ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്‌. ശരീരത്തിലെ അമിത കൊഴുപ്പ്‌ കൂടാതെ വ്യായാമം കൊണ്ടുമാത്രം നേരിട്ട്‌ ഈ രോഗങ്ങളിൽ നിന്നും സംരക്ഷണം ലഭിക്കുന്നതായി കണ്ടിട്ടുണ്ട്‌. ശരീരം അനങ്ങാതെയുള്ള ജീവിതം തീർച്ചയായും അനഭിലഷണീയവും രോഗം വിളിച്ചുവരുത്തുന്നതുമായ ജീവിതശൈലിയാണ്‌.

ആധുനിക ജീവിതത്തിലെ മാനസിക സംഘർഷങ്ങൾ നേരിട്ടോ, പരോക്ഷമായോ ഉയർന്ന രക്തസമ്മർദ്ദത്തിന്‌ കാരണമായേക്കാം. ഇത്‌ ശരീരത്തിലെ വിവധ ഹോർമോണുകളുടെ പ്രവർത്തനഫലമായാണ്‌ നടക്കുന്നത്‌. സാമൂഹ്യമായ കാരണങ്ങൾ മാനസിക സംഘർഷം വർധിക്കുന്നതിനോ കുറയ്‌ക്കുന്നതിനോ സഹായിക്കാം.

രോഗ നിയന്ത്രണത്തിന്‌ ഇനി പറയുന്ന മാർഗ്ഗങ്ങൾ സ്വീകരിക്കാം. 1. മുൻപറഞ്ഞ രോഗസാദ്ധ്യത കൂടിയ ജീവിതശൈലി തിരുത്തുക. 2. സാദ്ധ്യത കൂടിയ ആൾക്കാർ രണ്ട്‌ മൂന്ന്‌ മാസത്തിലൊരിക്കൽ എങ്കിലും രക്തസമ്മർദ്ദം പരിശോധിപ്പിക്കുക.

രോഗികളെ കണ്ടെത്തി ശരിയായ ചികിത്സ ലഭ്യമാക്കുക എന്നത്‌ ഈ രോഗം ഉണർത്തുന്ന സങ്കീർണതകൾ കുറയ്‌ക്കുവാൻ സഹായിക്കുന്ന നടപടിയാണ്‌. ഉയർന്ന രക്തസമ്മർദ്ദം ഉള്ളയാൾക്ക്‌ ജീവിതശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങളും, മരുന്നുകളും, ജീവിതാന്ത്യം വരെ വേണ്ടി വന്നേക്കാം. കാലാകാലമായി (ഒന്ന്‌ രണ്ട്‌ മാസത്തിലൊരിക്കൽ) രക്തസമ്മർദ്ദം പരിശോധിക്കുകയും, മരുന്നുകളിലും ജീവിതശൈലിയിലും ആവശ്യമായ മാറ്റം വരുത്തുകയും ചെയ്യേണ്ടതുണ്ട്‌. രോഗലക്ഷണങ്ങൾ കാര്യമായി ഒന്നും ഇല്ലാത്ത രോഗമായതിനാൽ രക്തസമ്മർദ്ദം അളന്നുമാത്രമേ രോഗാവസ്ഥ അറിയുവാൻ സാധിക്കുകയുള്ളൂ. രോഗികളെ നേരത്തേ കണ്ടുപിടിക്കുന്നതിനും ശാസ്‌ത്രീയമായ ചികിത്സ ലഭ്യമാക്കുന്നതിനും, ജിവിത~ശൈലി മാറ്റത്തിനും ആവശ്യമായ സാമൂഹ്യ സാഹചര്യങ്ങൾ ഒരുക്കുകയും ഇത്‌ സമൂഹ മദ്ധ്യത്തിൽ പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ്‌ രോഗനിയന്ത്രണത്തിന്‌ സ്വീകരിക്കാവുന്ന തന്ത്രം.© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate