অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മൈഗ്രേന്‍ തലവേദന: കാരണങ്ങള്‍, ചികിത്സ, പ്രതിരോധം (Migraine Headache: Causes, Relief And Prevention)

മൈഗ്രേന്‍ തലവേദന: കാരണങ്ങള്‍, ചികിത്സ, പ്രതിരോധം (Migraine Headache: Causes, Relief And Prevention)

മൈഗ്രേന്‍ തലവേദന - കാരണങ്ങളും അപകടസാധ്യതകളും

അപകടസാധ്യതാ ഘടകങ്ങള്‍;

മൈഗ്രേന്‍ - ലക്ഷണങ്ങളും ഘട്ടങ്ങളും

മൈഗ്രേന്‍-രോഗനിര്‍ണയം

മൈഗ്രേന്‍ - ചികിത്സയും പ്രതിരോധവും

മൈഗ്രേന്‍ "വെറുമൊരു തലവേദനയല്ല". ശരീരത്തിനെ മൊത്തത്തില്‍ ബാധിക്കുന്നതും വിങ്ങുന്ന അനുഭവമുണ്ടാക്കുന്നതുമായ തലവേദനയും ഓക്കാനം, ഛര്‍ദി, പ്രകാശത്തോടുള്ള സൂക്ഷ്മസംവേദക്ഷമത തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ചേക്കാവുന്നതുമായ സങ്കീര്‍ണമായ ഒരു ന്യൂറോളജിക്കല്‍ അവസ്ഥയാണത്. ഇത് മറ്റ് ആരോഗ്യപ്രശ്നങ്ങളായി തെറ്റിദ്ധരിക്കാന്‍ സാധ്യതയുള്ളതിനാല്‍ രോഗികളെ പ്രതികൂലമായി ബാധിച്ചേക്കാം.

മൈഗ്രേന്‍ തലവേദന - കാരണങ്ങളും അപകടസാധ്യതകളും

കാരണങ്ങള്‍ (Causes):

മൈഗ്രേന്റെ കൃത്യമായ കാരണമെന്തെന്ന് വ്യക്തമല്ല. എന്നാല്‍, തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ക്കും തലച്ചോറില്‍ ഉണ്ടാകുന്ന രാസമാറ്റങ്ങള്‍ക്കും പുറമേ, ജനിതകവും പാരിസ്ഥിതികവുമായ ഘടകങ്ങളും ഇതിനു കാരണമാവുമെന്ന് കരുതുന്നു.

മൈഗ്രേന് കാരണമാവുന്ന ചില പ്രേരകങ്ങള്‍ ഉണ്ടെന്നാണ് കരുതുന്നത്. എന്നാല്‍, ഇവയെ തിരിച്ചറിയുക അത്ര എളുപ്പമുള്ള കാര്യമല്ല.

ചില പ്രേരകങ്ങളില്‍ ഇനി പറയുന്നവയും ഉള്‍പ്പെടുന്നു;

പിരിമുറുക്കം

ഭക്ഷണം കഴിക്കാതിരിക്കുക അല്ലെങ്കില്‍ ആവശ്യത്തിനു ഭക്ഷണം കഴിക്കാതിരിക്കുക

ഉറക്കത്തിന്റെ രീതിയില്‍ ഉണ്ടാകുന്ന മാറ്റം

കടുത്ത ചൂട് അല്ലെങ്കില്‍ തണുപ്പ്

ആര്‍ത്തവ സമയത്ത് അല്ലെങ്കില്‍ ആര്‍ത്തവവിരാമ സമയത്ത് ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍

തീവ്രപ്രകാശം അല്ലെങ്കില്‍ ഉച്ചത്തിലുള്ള ശബ്ദം

കഠിനാധ്വാനം അല്ലെങ്കില്‍ ക്ഷീണം

മദ്യപാനം, പ്രത്യേകിച്ച്‌ ചുവന്ന വീഞ്ഞ്

പെട്രോള്‍, പെര്‍ഫ്യൂം തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്ന രാസപദാര്‍ത്ഥങ്ങളുടെ രൂക്ഷഗന്ധം

പഴക്കമുള്ള ചീസ്, കാപ്പി, നട്സ്, ചോക്കളേറ്റ്, തക്കാളി തുടങ്ങിയവ

മോണോസോഡിയം ഗ്ളൂട്ടമേറ്റ് (എം‌എസ്ജി), അസ്പാര്‍ടേം തുടങ്ങിയ പ്രിസര്‍വേറ്റീവുകളും ഫൂഡ് അഡിറ്റീവുകളും

കോപം, അതിശയം, ദു:ഖം തുടങ്ങിയ വികാരങ്ങള്‍

അപകടസാധ്യതാ ഘടകങ്ങള്‍;

ഇനി പറയുന്നവ ഉള്‍പ്പെടെ നിരവധി ഘടകങ്ങള്‍ മൈഗ്രേനുള്ള അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു;

പ്രായം (Age): ഏത് പ്രായത്തില്‍ വേണമെങ്കിലും മൈഗ്രേന്‍ ആരംഭിക്കാം. എന്നാല്‍, സാധാരണയായി കൗമാരപ്രായത്തില്‍ ആരംഭിക്കുകയും 30 കളില്‍ എത്തുമ്ബോള്‍ പാരമ്യത്തിലെത്തുകയും തുടര്‍ന്നുവരുന്ന ദശകങ്ങളില്‍ ഇടവേളകള്‍ക്ക് ദൈര്‍ഘ്യം വര്‍ദ്ധിക്കുകയും ചെയ്യുന്നതായാണ് കണ്ടുവരുന്നത്.

കുടുംബത്തിന്റെ രോഗചരിത്രം (Family history): കുടുംബത്തില്‍ ആര്‍ക്കെങ്കിലും മൈഗ്രേന്‍ ഉണ്ടെങ്കില്‍, നിങ്ങള്‍ക്കും മൈഗ്രേന്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

ലിംഗം (Sex): സ്ത്രീകള്‍ക്ക് മൈഗ്രേന്‍ ഉണ്ടാകാനുള്ള സാധ്യത സ്ത്രീകളെക്കാള്‍ മൂന്ന് മടങ്ങ് കൂടുതലാണ്.

മൈഗ്രേന്‍ - ലക്ഷണങ്ങളും ഘട്ടങ്ങളും

സാധാരണഗതിയില്‍ മൈഗ്രേന്‍ തുടങ്ങുന്നത് കൗമാരപ്രായത്തിലോ യൗവനത്തിന്റെ ആരംഭദശയിലോ ആയിരിക്കും . ഇത് വിവിധ ഘട്ടങ്ങളിലൂടെയാവും പുരോഗമിക്കുന്നത്;

രോഗലക്ഷണങ്ങളുടെ സൂചന (പ്രോഡ്രോം)

തലവേദനയുടെ പൂര്‍വലക്ഷണം (ഓറ)

തലവേദന

കടുത്ത തലവേദനയ്ക്കു ശേഷമുള്ള വേദനയും ക്ഷീണമുള്ള അവസ്ഥ (പോസ്റ്റ്ഡ്രോം)

പൂര്‍വാവസ്ഥയിലേക്കുള്ള മടക്കം

അതേസമയം, എല്ലാവര്‍ക്കും ഈ ഘട്ടങ്ങള്‍ അനുഭവപ്പെട്ടുവെന്നുവരില്ല.

പ്രോഡ്രോം അഥവാ മുന്നറിയിപ്പ് ഘട്ടം (Prodrome or warning stage)

മൈഗ്രേന്‍ ഉണ്ടാകുന്നതിനു ഒന്നോ രണ്ടോ ദിവസം മുമ്ബ്, രോഗിക്ക് മൈഗ്രേന്‍ ഉണ്ടാകുമെന്നതിന്റെ ചെറിയ സൂചനകള്‍ അനുഭവിച്ചറിയാന്‍ സാധിക്കും;

മാനസികാവസ്ഥയിലുണ്ടാകുന്ന മാറ്റം

ഭക്ഷണത്തോടുള്ള അമിതാസക്തി

ക്ഷീണം

കഴുത്തുവേദന

ദാഹം കൂടുക, കൂടുതല്‍ തവണ മൂത്രശങ്കയുണ്ടാവുകഓറ (Aura)

മൈഗ്രേന്‍ തലവേദയ്ക്ക് മുമ്ബോ അതിനൊപ്പമോ ഓറ ഉണ്ടാകാം. തരംഗിത കാഴ്ച അല്ലെങ്കില്‍ മിന്നലുകള്‍ പോലെയുള്ള കാഴ്ചപ്രശ്നങ്ങള്‍ ഇതിലുള്‍പ്പെടുന്നു. ചിലയവസരങ്ങളില്‍, ചലനപരമോ സംവേദനപരമോ സംസാരവുമായി ബന്ധപ്പെട്ടതോ ആയ ബുദ്ധിമുട്ടുകളും ഉണ്ടായേക്കാം. ഇത്തരം ലക്ഷണങ്ങള്‍ സാവധാനം ആരംഭിക്കുകയും 20 മിനിറ്റു മുതല്‍ ഒരു മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുകയും ചെയ്യും. മൈഗ്രേന്‍ ഓറയുടെ ഉദാഹരണങ്ങള്‍ ഇനി പറയുന്നു;

വ്യത്യസ്ത രൂപങ്ങള്‍ അല്ലെങ്കില്‍ പ്രകാശമുള്ള പൊട്ടുകള്‍ കാണുന്ന വിധത്തിലുള്ള കാഴ്ച പ്രശ്നങ്ങള്‍

മുഖത്ത് അല്ലെങ്കില്‍ ശരീരത്തിന്റെ ഒരു വശത്ത് ബലക്ഷയം അല്ലെങ്കില്‍ മരവിപ്പ്

സംഗീതസ്വരം അല്ലെങ്കില്‍ ശബ്ദങ്ങള്‍ കേള്‍ക്കുന്നതായി തോന്നുക

കൈത്തണ്ടയിലും കാലുകളിലും സൂചികൊണ്ട് കുത്തുന്നതുപോലെയുള്ള അനുഭവം

സംസാരിക്കുന്നതിനുള്ള ബുദ്ധിമുട്ട്

ശരീരചലനം നിയന്ത്രിക്കാന്‍ ബുദ്ധിമുട്ട് അല്ലെങ്കില്‍ ഇടര്‍ച്ച

ചിലയവസരങ്ങളില്‍, കൈകാലുകള്‍ക്ക് തളര്‍ച്ചയനുഭവപ്പെട്ടേക്കാം

മൈഗ്രേനിന്റെ ആക്രമണം (Attack)

ചികിത്സിച്ചില്ലെങ്കില്‍, മൈഗ്രേന്‍ തലവേദന 4 മണിക്കൂര്‍ മുതല്‍ 72 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കാം. തലവേദന അനുഭവപ്പെടുന്ന ഇടവേള ഓരോ വ്യക്തികളിലും വ്യത്യസ്തമായിരിക്കും.

തലയുടെ ഒരു വശത്തോ ഇരുവശങ്ങളിലുമോ കടുത്ത വേദന

വിങ്ങുന്ന തരത്തിലുള്ള വേദന

ഓക്കാനവും ഛര്‍ദിയും

പ്രകാശത്തിലേക്ക് നോക്കാന്‍ ബുദ്ധിമുട്ട്, ശബ്ദവും ഗന്ധങ്ങളും ചിലപ്പോള്‍ സ്പര്‍ശനവും ബുദ്ധിമുട്ടുണ്ടാക്കുക

കാഴ്ചയ്ക്ക് മങ്ങല്‍

പോസ്റ്റ് ഡ്രോം (Post-drome)

കടുത്ത തലവേദനയ്ക്കുശേഷമുള്ള അവസ്ഥയാണിത്. ഈ ഘട്ടത്തില്‍, വേദന കുറയുകയോ ഇല്ലാതാവുകയോ ചെയ്യും. എന്നാല്‍, രോഗി പൂര്‍ണമായും തകര്‍ന്ന നിലയിലായിരിക്കും. അടുത്ത 24 മണിക്കൂര്‍ സമയത്തേക്ക് ഇനി പറയുന്ന ബുദ്ധിമുട്ടുകളും ഉണ്ടാകാം;

ആശയക്കുഴപ്പം

തലചുറ്റല്‍

വിഷണ്ണത

ദുര്‍ബലത

പ്രകാശം, ശബ്ദം എന്നിവയോടുള്ള അസ്വസ്ഥത

പൂര്‍വസ്ഥിതി പ്രാപിക്കല്‍ (Recovery Phase)

പൂര്‍ണമായും പൂര്‍വസ്ഥിതിയിലാവാന്‍ ഏതാനും ദിവസമെടുത്തേക്കും. എന്നാല്‍, ചിലര്‍ക്ക് ഉടന്‍ തന്നെ പൂര്‍വാവസ്ഥയിലേക്ക് മടങ്ങാന്‍ സാധിക്കും.

മൈഗ്രേന്‍-രോഗനിര്‍ണയം

രോഗചരിത്രം, ലക്ഷണങ്ങള്‍, ശാരീരികവും നാഡീപരവുമായ പരിശോധനകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍, തലവേദനകള്‍ക്ക് ചികിത്സ നല്‍കുന്ന ഒരു വിദഗ്ധ ഡോക്ടര്‍ക്ക് (ന്യൂറോളജിസ്റ്റ്) മൈഗ്രേന്‍ രോഗനിര്‍ണയം നടത്താന്‍ സാധിക്കും.

തലവേദനയ്ക്ക് മറ്റു കാരണങ്ങളൊന്നുമില്ല എന്ന് ഉറപ്പുവരുത്തുന്നതിന് ഇനി പറയുന്ന പരിശോധനകള്‍ നടത്തുന്നതിന് ഡോക്ടര്‍ നിര്‍ദേശിച്ചേക്കാം;

രക്തപരിശോധനകള്‍ (Blood tests): അണുബാധകള്‍ ഉണ്ടോയെന്നറിയുന്നതിന്

എം‌ആര്‍ഐ (MRI): ട്യൂമറുകള്‍, തലച്ചോറിലെ രക്തസ്രാവം, പക്ഷാഘാതം, തലച്ചോറിനെയും നാഡികളെയും ബാധിക്കാവുന്ന മറ്റ് പ്രശ്നങ്ങള്‍ എന്നിവയെക്കുറിച്ച്‌ മനസ്സിലാക്കുന്നതിന്.

സിടി സ്കാന്‍ (CT) : ട്യൂമറുകള്‍, തലച്ചോറിന്റെ തകരാര്‍, രക്തസ്രാവം, മറ്റ് രോഗാവസ്ഥകള്‍ എന്നിവയെക്കുറിച്ച്‌ മനസ്സിലാക്കുന്നതിന്.

മൈഗ്രേന്‍ - ചികിത്സയും പ്രതിരോധവും

Treatment (ചികിത്സ):

മൈഗ്രേന്‍ ചികിത്സയ്ക്കായി നിരവധി മരുന്നുകള്‍ ലഭ്യമാണ്. ഇതിനുള്ള മരുന്നുകള്‍ പ്രധാനമായും രണ്ട് വിഭാഗങ്ങളില്‍പ്പെടുന്നവയാണ്;

വേദനയ്ക്ക് ശമനം നല്‍കുന്നവ (Pain-relieving medication): ഇത് 'അക്യൂട്ട്' അല്ലെങ്കില്‍ 'അബോര്‍ട്ടീവ്' ചികിത്സ എന്നും അറിയപ്പെടുന്നു. മൈഗ്രേന്‍ ഉണ്ടാകുന്നയവസരങ്ങളില്‍ കഴിക്കുന്നവയാണ് ലക്ഷണങ്ങളെ പ്രതിരോധിക്കുന്ന ഇത്തരം മരുന്നുകള്‍. ഇവയില്‍ ഇനി പറയുന്നവ ഉള്‍പ്പെടുന്നു;

ട്രിപ്റ്റന്‍സ്

ഓപിയോയിഡുകള്‍

എര്‍ഗോറ്റാമിനും കഫീനും ചേരുന്ന മരുന്നുകള്‍

ഓക്കാനത്തിനെതിരെ ആന്റി-നോസീ മരുന്നുകള്‍

പ്രതിരോധ മരുന്നുകള്‍ (Preventive medicines): മൈഗ്രേനിന്റെ രൂക്ഷതയും ആവര്‍ത്തനവും കുറയ്ക്കുന്നതിനായി സ്ഥിരമായി ഉപയോഗിക്കുന്ന തരം മരുന്നുകളാണിവ. ഇവയില്‍ ഇനി പറയുന്നവയും ഉള്‍പ്പെടുന്നു;

കാര്‍ഡിയോവാസ്കുലര്‍ മരുന്നുകള്‍

ആന്റിഡിപ്രസന്റുകള്‍

ആന്റി-സീഷര്‍ മരുന്നുകള്‍

കഴുത്തിലും നെറ്റിയിലും ബോട്ടോക്സ് കുത്തിവയ്പ്പ്

സ്റ്റിറോയിഡുകളില്ലാത്ത ആന്റി-ഇന്‍ഫ്ളമേറ്ററി മരുന്നുകള്‍

ജീവിതശൈലിയും വീട്ടുചികിത്സയും (Lifestyle and home remedies)

ഇനി പറയുന്ന തരത്തിലുള്ള ചില സ്വയം‌പരിചരണ രീതികളിലൂടെ മൈഗ്രേന്‍ വേദന കുറയ്ക്കാന്‍ സാധിക്കും;

വിശ്രമവും ലാഘവത്വവും : തലവേദന ആരംഭിക്കുന്നു എന്ന് തോന്നുന്ന അവസരത്തില്‍, വെളിച്ചമില്ലാത്തതും ശാന്തവുമായ ഒരു മുറിയില്‍ വിശ്രമിക്കാന്‍ ശ്രമിക്കുക. കഴുത്തിനു പിന്നില്‍ കോള്‍ഡ് പായ്ക്ക് വയ്ക്കുകയും വേദനയുള്ള സ്ഥലങ്ങളില്‍ പതിയെ സമ്മര്‍ദം നല്‍കുകയും ചെയ്യുക.

മസിലിനു ലാഘവത്വം നല്‍കുന്ന വ്യായാമങ്ങള്‍: യോഗ, പ്രോഗ്രസീവ് മസില്‍ റിലാക്സേഷന്‍ രീതികള്‍ അല്ലെങ്കില്‍ മെഡിറ്റേഷന്‍ ചെയ്യുന്നത് വേദന കുറയ്ക്കാന്‍ സഹായിക്കും.

പ്രതിരോധം (Prevention):

അടുത്തകാലംവരെ, മൈഗ്രേന്റെ പൊതുവായ പ്രേരകങ്ങളെ ഒഴിവാക്കണമെന്നായിരുന്നു ഡോക്ടര്‍മാര്‍ ശുപാര്‍ശചെയ്തിരുന്നത്. എല്ലാ പ്രേരകങ്ങളെയും ഒഴിവാക്കുക അസാധ്യമാണല്ലോ. അതേസമയം, ജീവിതശൈലിയില്‍ വരുത്തുന്ന ചില മാറ്റങ്ങളിലൂടെയും ബോധപൂര്‍വം ചില നടപടികള്‍ കൈക്കൊള്ളുന്നതിലൂടെയും മൈഗ്രേന്‍ ആക്രമണങ്ങളുടെ എണ്ണവും രൂക്ഷതയും കുറയ്ക്കാന്‍ കഴിയും.

ഒരു ഡയറി സൂക്ഷിക്കുക (Make a diary) : മൈഗ്രേന്‍ ഉണ്ടാകുന്നതിനു മുമ്ബ് എന്താണ് കഴിക്കുന്നതെന്നും കുടിക്കുന്നതെന്നും ഡയറിയില്‍ രേഖപ്പെടുത്തുക. പ്രേരകങ്ങളെന്തെന്ന് മനസ്സിലായാല്‍ അവ ഒഴിവാക്കാന്‍ എളുപ്പമായിരിക്കും.

ഭക്ഷണപാനീയങ്ങള്‍ ഒഴിവാക്കരുത് (Eat and drink regularly) : ഡയറ്റിംഗ് അല്ലെങ്കില്‍ ഉപവസിക്കല്‍ മൈഗ്രേന്റെ പ്രേരകമായേക്കാം. ദിവസവും കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നത് മൈഗ്രേനുള്ള സാധ്യതകള്‍ കുറയ്ക്കും.

ഉറക്കത്തിനും സമയക്രമം വേണം (Follow a sleep routine): എല്ലാ ദിവസവും കൃത്യസമയത്ത് ഉറങ്ങാന്‍ കിടക്കുകയും കൃത്യസമയത്ത് എഴുന്നേല്‍ക്കുകയും ചെയ്യണം. മതിയായ രീതിയില്‍ ഉറങ്ങുക, ഉറക്കം അധികമാവുകയുമരുത്.

വ്യായാമം (Exercise): ജോഗിങ്ങിനു പോവുകയോ ജിമ്മില്‍ ചേരുകയോ ചെയ്യുക. ശരീരം ആരോഗ്യമുള്ളതാക്കി നിലനിര്‍ത്തുന്നത് മൈഗ്രേന്‍ കുറയ്ക്കാന്‍ നല്ലൊരു വഴിയാണ്.

പിരിമുറുക്കം കുറയ്ക്കുക (Reduce stress): സ്ഥിരമായി വ്യായാമത്തില്‍ ഏര്‍പ്പെടുന്നതും യോഗ ചെയ്യുന്നതും ശ്വസന വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നതും പിരിമുറുക്കം കുറയ്ക്കാന്‍ സഹായിക്കും.

ഇന്ദ്രിയങ്ങളെ കൂടുതല്‍ ഉത്തേജിപ്പിക്കാതിരിക്കുക (Avoid overstimulation of senses): കടുത്ത പ്രകാശത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുക. നല്ല സൂര്യപ്രകാശമുള്ള ദിവസങ്ങളില്‍ സണ്‍ഗ്ളാസുകള്‍ ഉപയോഗിക്കുക. സുഗന്ധസോപ്പുകള്‍ സുഗന്ധതൈലങ്ങള്‍ എന്നിവയില്‍ നിന്ന് അകലം പാലിക്കുക.

മാനസിക പിന്തുണ (Psychological support) : അവബോധപെരുമാറ്റ ചികിത്സപോലെയുള്ള മാനസികാരോഗ്യ ചികിത്സകള്‍ മൈഗ്രേന്‍ ആക്രമണത്തെ കൈകാര്യംചെയ്യുന്നതിനും അതിജീവിക്കുന്നതിനുമുള്ള കഴിവ് നല്‍കും.

എപ്പോഴാണ് ഡോക്ടറെ സന്ദര്‍ശിക്കേണ്ടത് (When to consult a doctor)?

ചിലയവസരങ്ങളില്‍, മൈഗ്രേന്‍ നിര്‍ണയിക്കപ്പെടാതെയും ചികിത്സിക്കപ്പെടാതെയും പോകാറുണ്ട്. നിങ്ങള്‍ക്ക് സ്ഥിരമായി മൈഗ്രേന്‍ ഉണ്ടാകാറുണ്ടെങ്കില്‍, എപ്പോഴാണ് തലവേദനയുണ്ടാകുന്നതെന്നും എങ്ങനെയാണ് ശമനമുണ്ടാകുന്നതെന്നും രേഖപ്പെടുത്തുക. ഇതിന്റെ അടിസ്ഥാനത്തില്‍, നിങ്ങള്‍ക്ക് ഡോക്ടറുടെ സേവനം തേടാവുന്നതാണ്.

കടപ്പാട്  Modastaആരോഗ്യ ജീവനം© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate